truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
k rail

Deep Report

കെ- റെയില്‍ പായുക
ജനവാസ കേന്ദ്രങ്ങളിലൂടെ, നഷ്ടമേറെയും
അഞ്ചു സെന്റുകാര്‍ക്ക്

കെ- റെയില്‍ പായുക ജനവാസ കേന്ദ്രങ്ങളിലൂടെ, നഷ്ടമേറെയും അഞ്ചു സെന്റുകാര്‍ക്ക്

കുടിയൊഴിപ്പിക്കലിന്റെ വ്യാപ്തിയില്‍ കെ-റെയില്‍ പദ്ധതി മറ്റ് പദ്ധതികളില്‍ നിന്ന് വ്യത്യസ്തമാണ്. തീരദേശ, മലയോര വ്യത്യാസമില്ലാതെ കേരളത്തിലങ്ങോളമിങ്ങോളം കുടിയൊഴിപ്പിക്കല്‍ ആവശ്യമായി വരും. അഞ്ചില്‍ താഴെ സെന്റ് മാത്രം ഭൂമിയുള്ളവരെയാണ് ഇത് കൂടുതലായും ബാധിക്കുക. അവര്‍ക്ക് സ്വന്തമായുള്ള മുഴുവന്‍ ഭൂമിയും നഷ്ടമാകും. വാഗ്ദാനം ചെയ്യുന്ന നഷ്ടപരിഹാരം കൊടുത്താലും അവര്‍ എവിടെ ജീവിതം വച്ചുപിടിപ്പിക്കും എന്ന പതിറ്റാണ്ടുകളായുള്ള ചോദ്യം വീണ്ടും ഉയരും; കെ- റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് മേഖലകളിലെ ജനങ്ങള്‍ എന്തു പറയുന്നു? വിദഗ്ധര്‍ എന്തു പറയുന്നു? ആഴത്തിലുള്ള ഒരു അന്വേഷണം.

29 Jul 2021, 10:59 AM

അരുണ്‍ ടി. വിജയന്‍

​തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് നാലുമണിക്കൂര്‍ യാത്ര ലക്ഷ്യമിട്ട് വിഭാവനം ചെയ്ത കെ-റെയില്‍ സില്‍വര്‍ ലൈന്‍ വേഗപാതാ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച സജീവമായിരിക്കുകയാണ്. കേരളത്തില്‍ നിലവിലുള്ള റെയില്‍വേ ദൂരം 560 കിലോമീറ്ററാണ്. നിലവിലുള്ള കൊടുംവളവുകളും ലെവല്‍ക്രോസിംഗുകളുമെല്ലാം കടന്ന് ഈ ദൂരം താണ്ടാന്‍ ഏറ്റവും വേഗമേറിയ ട്രെയിന് പോലും 12 മണിക്കൂര്‍ എടുക്കുമെന്ന് കെ-റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു. മാത്രമല്ല, തിരുവനന്തപുരത്തിനും കാസര്‍കോടിനുമിടയിലുള്ള ഇരട്ടപ്പാതയിലെ ട്രെയിന്‍ ഗതാഗതം പലമടങ്ങ് വര്‍ധിക്കുകയും ചിലയിടങ്ങളില്‍ അത് 115 ശതമാനത്തിലധികമായിട്ടുണ്ടെന്നും ഈ സൈറ്റില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും സംയുക്തമായി കെ-റെയില്‍ പദ്ധതിയുടെ പ്രാധാന്യം മുന്നോട്ടുവയ്ക്കുന്നത്.
എന്നാല്‍, പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള ആശങ്ക ഏറെ പ്രധാനമാണ്. എത്രത്തോളം ജനവാസ കേന്ദ്രങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നും കൃഷിഭൂമി ഇല്ലാതാകുമെന്നതുമാണ് പ്രധാന ആശങ്ക. 

ALSO READ

കെ. റെയില്‍ കേരളത്തെ വന്‍ കടക്കെണിയിലാക്കുമെന്ന് പരിഷത്ത്

ആകെ പദ്ധതി ചെലവ് 64,941 കോടി രൂപ കണക്കാക്കുന്ന കെ-റെയിലിന്റെ ആകെ ദൂരം 529.45 കിലോമീറ്ററാണ്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ് വരെ 529 കിലോമീറ്ററാണ് ഇതെന്നതിനാല്‍ കേരളത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേയറ്റം വരെയുള്ള ഭൂമിയേറ്റെടുക്കലിലൂടെ മാത്രമേ പദ്ധതി നിര്‍വ്വഹിക്കാന്‍ സാധിക്കൂ. ആകെ 1,383 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കുന്നതെങ്കിലും ഭൂമി വിട്ടുനല്‍കേണ്ടി വരുന്ന ആളുകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ ഭൂമി ഏറ്റെടുക്കലായിരിക്കും പദ്ധതിക്ക് നടക്കുകയെന്ന് ഉറപ്പ്.

ജനവാസകേന്ദ്രങ്ങളിലൂടെ, കൃഷിയിടങ്ങളിലൂടെ

പദ്ധതിയുടെ ഡീറ്റെയ്ല്‍ പ്രൊജക്ട് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെങ്കിലും കെ-റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralarail.com ആ റിപ്പോര്‍ട്ട് അനുസരിച്ചുള്ള സില്‍വര്‍ ലൈന്‍ കോറിഡോറിന്റെ അലൈന്‍മെന്റ് പുറത്തുവിട്ടിട്ടുണ്ട്. ഗൂഗിള്‍ മാപ്പ് വഴി രേഖപ്പെടുത്തിയിരിക്കുന്ന ഈ അലൈന്‍മെന്റില്‍ നിന്ന് കെ-റെയിലിന്റെ ഏകദേശ ഭൂപടം വ്യക്തമാണ്. തിരുവനന്തപുരത്ത് ദേശീയപാത 66നു സമീപത്തായി കരിക്കകത്താണ് കെ-റെയിലിന്റെ ആരംഭം. അവിടെ നിന്ന് പാര്‍വ്വതി പുത്തനാറിനു സമീപത്തുകൂടി ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും കടന്നാണ് റെയില്‍പ്പാത നീങ്ങുന്നത്. വേളി, കൊച്ചുവേളി ഭാഗങ്ങളിലെ കൃഷിഭൂമിയിലൂടെ കടന്നുപോകുന്ന കെ-റെയില്‍ ആക്കുളം കായല്‍ വരെയും പൂര്‍ണമായും കൃഷിയിടങ്ങളിലൂടെ തന്നെ സഞ്ചരിക്കുന്നു. കഴക്കൂട്ടത്തെ ടെക്നോപാര്‍ക്ക് ഭാഗങ്ങളില്‍ ദേശീയപാതക്കെതിര്‍വശത്തുള്ള ജനവാസ കേന്ദ്രങ്ങളാണ് റെയിലിന് കണ്ടുവച്ചിരിക്കുന്നത്. 

field
തിരുവനന്തപുരത്ത് ദേശീയപാത 66നു സമീപത്തായി കരിക്കകത്താണ് കെ-റെയിലിന്റെ ആരംഭം. അവിടെ നിന്ന് പാര്‍വ്വതി പുത്തനാറിനു സമീപത്തുകൂടി ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും കടന്നാണ് റെയില്‍പ്പാത നീങ്ങുന്നത്. / Photos: Jino Sam

ആറ്റിങ്ങലില്‍ നിന്ന് കല്ലമ്പലം വഴി കൊല്ലം ജില്ലയിലേക്ക് കടക്കുന്ന പദ്ധതി പുതുശ്ശേരിമുക്ക്, കപ്പാംവിള, തോളൂര്‍, കാട്ടുപുതുശ്ശേരി, വേളമാനൂര്‍, കാരംകോട്, ചിറക്കര, മീനാട്, കൊട്ടിയം, താഴ്​ത്തല വഴി മുഖത്തലയിലെത്തുമ്പോള്‍ കൊല്ലത്തെ സ്റ്റേഷന്‍ ആകുന്നു. തൃക്കോവില്‍വട്ടം, മാമ്പുഴ, കൊറ്റങ്കര, കുണ്ടറ, മുളവന, പവിത്രേശ്വരം, നെടിയവിള, കടമ്പനാട് എത്തുമ്പോള്‍ റെയില്‍പ്പാത ആലപ്പുഴയിലേക്ക് പ്രവേശിക്കുന്നു. തെങ്ങമം വഴി നൂറനാട് എത്തുമ്പോള്‍ ആലപ്പുഴയിലേക്കും. മുതുകാട്ടുകര, പൂന്തല, മുളക്കുഴ വഴി പിരളശ്ശേരി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപം നിശ്ചയിച്ചിരിക്കുന്ന ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ എത്തുന്നു. കോയിപ്പുറം, ഇരവിപേരൂര്‍, കല്ലൂപ്പാറ, മാമൂട്, വാകത്താനം വഴി കോട്ടയത്ത് കോടൂര്‍പ്പുഴ കടന്ന് കഞ്ഞിക്കുഴി, മുട്ടമ്പലത്തിനടുത്തുള്ള സ്റ്റേഷനില്‍ എത്തിച്ചേരുന്നു. കോട്ടയം നഗരത്തിലൂടെ തിരുവഞ്ചൂര്‍, പൂവത്തുംമൂട്, വെട്ടിമുകള്‍, പട്ടിത്താനം, കാണക്കാരി, കളത്തൂര്‍, തോട്ടുവ, നീരലക്കോട്ടില്‍, കുന്നപ്പിള്ളി, പെരുവ വഴി കോട്ടയം, എറണാകുളം ജില്ലകളിലായി കിടക്കുന്ന മുളക്കുളം പഞ്ചായത്തിലൂടെ മൂവാറ്റുപുഴയാറ് കടന്ന് പാത എറണാകുളം ജില്ലയിലെത്തുന്നു. നിലവിലെ അലൈന്‍മെന്റ് അനുസരിച്ച് ഈ പാതയേറെയും കടന്നുപോകുന്നത് നെല്‍കൃഷി നടക്കുന്ന പാടങ്ങളിലൂടെയാണ്. പാടങ്ങളില്‍ ഭൂമി അധികം നഷ്ടമാക്കാതെ ബീമുകള്‍ സ്ഥാപിച്ച് ഫ്ലൈ ഓവറായാണ് പാത നിര്‍മിക്കുകയെന്നാണ് കെ-റെയില്‍ അധികൃതര്‍ പറയുന്നത്. 

വിനു കുര്യാക്കോസിന്റെ വീട്ടുമുറ്റത്തുകൂടെ...

കെ-റെയിലിന് രണ്ട് സ്റ്റേഷനുകളുള്ള ഒരേയൊരു ജില്ലയാണ് എറണാകുളം. ആദ്യത്തേത് കാക്കനാടും രണ്ടാമത്തേത് നെടുമ്പാശേരി വിമാനത്താവളത്തിനടുത്തും. ജില്ലയില്‍ കെ-റെയില്‍ പദ്ധതി പ്രധാനമായും കടന്നുപോകുന്ന രണ്ട് പഞ്ചായത്തുകളാണ് തിരുവാണിയൂരും മണീടും. കോട്ടയം ജില്ലയില്‍ നിന്ന് ചാലാശേരില്‍ വഴി പാഴൂരിലേക്കും അവിടെനിന്ന് മണീട് പഞ്ചായത്തിലേക്കും പോകുന്നയിടങ്ങളിലൂടെയുള്ള നെല്‍പ്പാടങ്ങളിലൂടെയാണ് നിലവിലെ അലൈന്‍മെന്റ് അനുസരിച്ച് റെയില്‍പ്പാത വരുന്നത്. മണീട് പഞ്ചായത്തില്‍ പദ്ധതി കടന്നുപോകുന്നത് പുത്തന്‍നടയിലുള്ള വിനു കുര്യാക്കോസിന്റെ വീട്ടുമുറ്റത്തുകൂടിയാണ്. റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനും കെ-റെയില്‍ വിരുദ്ധ സമിതി എറണാകുളം ജില്ലാ സെക്രട്ടറിയുമായ വിനുവിന്റെ വീട് ഏതാണ്ട് പൂര്‍ണമായും നഷ്ടമാകുകയും ചെയ്യും. മണീട് പഞ്ചായത്തില്‍ ചെറുതും വലുതുമായ ഏകദേശം മുപ്പത് വീടുകളാണ് ഈ വിധത്തില്‍ തകര്‍ക്കേണ്ടി വരുന്നത്. 
കാക്കനാടുനിന്ന് കോട്ടയത്തേക്ക് പോകാന്‍ ഇത്രയും വളയ്ക്കേണ്ട കാര്യമില്ലെന്നും പാത ഇത്രമാത്രം വളയ്ക്കുന്നതിനാലാണ് ഇത്രയേറെ വീടുകള്‍ നഷ്ടപ്പെടുന്നതെന്നും വിനു കുര്യാക്കോസ് ചൂണ്ടിക്കാട്ടുന്നു. തൃപ്പൂണിത്തുറയില്‍ നിന്ന് നേരെ കോട്ടയത്തേക്കാണ് പോകുന്നതെങ്കില്‍ ഇത്രയേറെ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ല. അതിന് പകരം തൃപ്പൂണിത്തുറയില്‍ നിന്നും കിഴക്കോട്ട് തിരിഞ്ഞ് പോകുന്നതിനാലാണ് ഇത്രയേറെ വീടുകള്‍ നഷ്ടമാകുന്നത്.

vinu
വിനു കുര്യാക്കോസ്

ആരക്കുന്നത്ത് സി.പി.എമ്മിന്റെ ഉടമസ്ഥതയിലുള്ള എ.പി. വര്‍ക്കി ആശുപത്രിയുടെ 27 ഏക്കര്‍ സ്ഥലം നഷ്ടമാകാതിരിക്കാനാണ് റെയില്‍ പാതയുടെ അലൈന്‍മെൻറ്​ ഇത്തരത്തില്‍ വളച്ചതെന്നാണ് താൻ കരുതുന്നതെന്നും വിനു ആരോപിക്കുന്നു. തന്റെ ആയുസ്സിന്റെ സമ്പാദ്യമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്നതാണ് അദ്ദേഹത്തിന്റെ ആശങ്ക. നാലിരട്ടി വില നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയുടെ നാലിരട്ടി മാത്രമാണെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ പ്രദേശത്ത് സെന്റിന് മൂന്ന് ലക്ഷം രൂപക്കുമുകളിലാണ് നിലവിലുള്ള വില. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില 80,000 രൂപ മാത്രമാണ്. അതിന്റെ 2.40 ഇരട്ടി വിലയേ കിട്ടൂവുള്ളൂവെന്നാണ് പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി പറഞ്ഞ നാലിരട്ടിയെ തള്ളിപ്പറഞ്ഞായിരുന്നു ഇത്. അങ്ങനെ നോക്കിയാല്‍ രണ്ട് ലക്ഷം രൂപ മാത്രമാണ് സെന്റിന് ലഭിക്കുക. മാത്രമല്ല, ഓരോ മനുഷ്യരുടെയും സ്വപ്നമാണ് ഒരു വീട് എന്നത്. അത് നശിപ്പിച്ചുകൊണ്ടാണ് തന്റെ ഭൂമിക്ക് മുകളിലൂടെ റെയില്‍പ്പാത വരുന്നതെന്നും അദ്ദേഹം പറയുന്നു. 20,000 കുടുംബങ്ങളെങ്കിലും ഇത്തരത്തില്‍ വഴിയാധാരമാകുമെന്നാണ് സര്‍ക്കാര്‍ തന്നെ പറയുന്നത്. ഒരു ലക്ഷത്തോളം പേര്‍ക്ക് കൃഷിഭൂമി നഷ്ടമാകുകയും ചെയ്യും. 

ALSO READ

കെ- റെയിൽ: പരിഷത്തിന്റെ വിമർശനങ്ങൾക്ക്​ ഒരു മറുപടി

റോഡ് വരുന്നത് പോലെയല്ല, ഒരു റെയില്‍പ്പാത വരുന്നതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു-  ‘‘കെ-റെയില്‍ പോലൊരു അതിവേഗ റെയില്‍പ്പാതക്ക് രണ്ട് വശവും വലിയ മതില്‍ കെട്ടേണ്ടതുണ്ട്. അതോടെ നമ്മുടെ ഭൂമി രണ്ട് തുണ്ടാകും. ചിലപ്പോള്‍ രണ്ട് തുണ്ടിനും വിലയില്ലാതെ വരുന്ന സാഹചര്യവും ഉണ്ടാകും. ഈ പ്രദേശത്തുകൂടെ പോകുമ്പോള്‍ എന്റെ വീട് പോകുന്നത് കൂടാതെ ബാക്കിയാകുന്ന ഭൂമിക്ക് യാതൊരു വിലയും കിട്ടാത്ത അവസ്ഥയും ഉണ്ടാകും. കാരണം പിന്നെയങ്ങോട്ട് വഴിയൊന്നുമുണ്ടാകാത്ത അവസ്ഥയിലായിരിക്കുമെന്നാണ് മനസ്സിലാകുന്നത്. ഇത് എന്റെ മാത്രം അവസ്ഥയല്ല, ഈ പദ്ധതിയില്‍ ഭൂമി നഷ്ടപ്പെടുന്ന എല്ലാവരുടെയും അവസ്ഥയാണ്. മണീട് പള്ളിയുടെ എതിര്‍വശത്തും എനിക്ക് കുറച്ച് ഭൂമിയുണ്ട്. അതിന്റെ കൃത്യം നടവിലൂടെയാണ് മുറിച്ച് പോകുന്നത്. അങ്ങനെ ആകെയുള്ള രണ്ട് സ്ഥലവും വരുന്ന സാഹചര്യത്തിലാണ് താന്‍ പദ്ധതിക്കെതിരെ ഇറങ്ങിത്തിരിച്ചത്''; അദ്ദേഹം പറഞ്ഞു. 

vinu
വിനു കുര്യക്കോസിന്റെ വീടും സ്ഥലവും

ഭൂമിയേറ്റെടുക്കുമ്പോള്‍ അടഞ്ഞുപോകുന്ന നിരവധി ഇടവഴികളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലരും സ്വന്തം വീടുകളിലേക്ക് വഴി സൗകര്യം ഒരുക്കാന്‍ മറ്റുള്ളവരില്‍ നിന്ന് പണം കൊടുത്താണ് ഈ വഴികള്‍ പണിതിരിക്കുന്നത്. ഇടവഴികള്‍ അടയുന്നതോടെ പലര്‍ക്കും പ്രധാന റോഡുകളിലേക്കെത്താന്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടിവരും. ഇടവഴികള്‍ ധാരാളമുള്ള സംസ്ഥാനമാണ് കേരളം. ബോംബൈ-ഹൈദ്രാബാദ് ഹൈസ്പീഡ് റെയില്‍പ്പാത വരുന്നതിനെതിരെ അവിടെ സി.പി.എം സമരം ചെയ്യുകയാണ്. ഇവിടെ സെമി സ്പീഡ് ആണ് വരുന്നത്. അതാകട്ടെ സി.പി.എമ്മിന്റെ ഡ്രീം പ്രൊജക്ട് ആയും. 500 മീറ്ററിനിടയില്‍ ആളുകള്‍ക്ക് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയാകും പാത പണിയുക എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അതേക്കുറിച്ചൊന്നും യാതൊരു വ്യക്തതയും കൈവന്നിട്ടില്ലെന്നും വിനു കുര്യാക്കോസ്  ചൂണ്ടിക്കാട്ടുന്നു.

പ്രതീക്ഷയോടെ ജെയ്‌മോന്‍

അതേസമയം 2014ലെ പരിഷ്‌കരിച്ച കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് കെ-റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ നാലിരട്ടി വില നല്‍കുമെന്നാണ് തിരുവാണിയൂര്‍ പഞ്ചായത്തിലെ മുരിയമംഗലം സ്വദേശിയായ ജെയ്മോന്‍ പ്രതീക്ഷിക്കുന്നത്. മുരിയമംഗലത്ത് ജെയ്മോന്റെ ഉടമസ്ഥതയിലുള്ള ഭൂമി വലിയ തോതിലാണ് കെ-റെയില്‍ പദ്ധതിക്ക് ഏറ്റെടുക്കപ്പെടുന്നത്. നിയമം പരിഷ്‌കരിച്ചതിനുശേഷം കേരളത്തില്‍ നടക്കുന്ന ആദ്യത്തെ വലിയ ഭൂമി ഏറ്റെടുക്കല്‍ ഇതായതിനാല്‍ സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിക്കാമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുമ്പ് ഭൂമി ഏറ്റെടുക്കുമ്പോള്‍ പൊന്നുംവില എന്ന് പറഞ്ഞ് വളരെ നിസ്സാരവിലയാണ് തന്നുകൊണ്ടിരുന്നത്. പണ്ട് ഇതുവഴി ഹൈവേ വന്നപ്പോള്‍ സെന്റിന് 2000 രൂപ മാത്രമാണ് നല്‍കിയത്. എന്നിട്ട് പറഞ്ഞിരുന്നത് പൊന്നുംവിലയെന്നും. ഈ പ്രദേശത്ത് സെന്റിന് 10,000 രൂപ വിലയുള്ളപ്പോഴാണ് ഇത്. 2013ല്‍ യു.പി.എ സര്‍ക്കാരാണ് ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവന്നത്. വളരെ നല്ല പാക്കേജാണ് അത്. ആ പാക്കേജ് ഉള്ളതിനാലാണ് ഈ പദ്ധതി വരണമെന്ന് താന്‍ ആഗ്രഹിക്കുന്നതെന്നും ജെയ്മോന്‍ പറഞ്ഞു. 2014ല്‍ നരേന്ദ്ര മോദിയുടെ എന്‍.ഡി.എ സര്‍ക്കാര്‍ അത് പരിഷ്‌കരിച്ചു. സാമൂഹികാഘാത പഠനവും പരിസ്ഥിതി ആഘാത പഠനവും നടത്തിയാണ് ഇതുപ്രകാരം ഭൂമി ഏറ്റെടുക്കുക. ആ പഠനങ്ങള്‍ക്ക് അനുസരിച്ച് ഭൂമിക്ക് നാലിരട്ടിയോളം വില നിശ്ചയിക്കുകയും ചെയ്യും. ഭൂമി നഷ്ടപ്പെടുന്നവന് ഒരിക്കലും ദുഃഖിക്കേണ്ടി വരില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ഉദ്യോഗസ്ഥന്മാര്‍ നിയമത്തെ വളച്ചൊടിക്കുന്നത് ഒരുപക്ഷേ തിരിച്ചടിയായേക്കാമെന്നും ഇദ്ദേഹം സമ്മതിക്കുന്നു. 
അതേസമയം പാടങ്ങള്‍ നികത്തിപോകല്‍ പോലുള്ള ബുദ്ധിമുട്ടുകള്‍ പദ്ധതിക്കുണ്ടെന്ന് ജെയ്മോന്‍ സമ്മതിക്കുന്നു. എന്നാല്‍ വികസനം വരുമ്പോള്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ എല്ലാവരും സഹിക്കേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം. കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കണമെങ്കില്‍ യാത്രാ സൗകര്യം വികസിക്കണമെന്നും ജെയ്മോന്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ പാടങ്ങളിലൂടെ പില്ലറുകള്‍ പണിത് ഫ്ളൈ ഓവറായാണ് പാത പോകുന്നതെന്നാണ് അലൈന്‍മെന്റില്‍ നിന്ന് മനസ്സിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ തന്നെ കൃഷിയെ ഇത് കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം വാദിക്കുന്നു. മാത്രമല്ല, പദ്ധതി വരുന്നത് തിരുവാണിയൂര്‍ പഞ്ചായത്തിനെ ഒരു രീതിയിലും ബാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. കെ-റെയില്‍ പദ്ധതിയില്‍ ഉപയോഗിക്കുന്നത് ഇലക്ട്രിക് ട്രെയിനുകളായതിനാല്‍ പാരിസ്ഥിതിക പ്രശ്നങ്ങളൊന്നുമുണ്ടാകുന്നില്ലെന്നും മലിനീകരണം കുറയുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതുമൂലം പാറ പൊട്ടിക്കുന്നതുള്‍പ്പെടെയുള്ള പാരിസ്ഥിതിക ആഘാത പ്രവര്‍ത്തനങ്ങളും നടത്തേണ്ടി വരുമെന്നും അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍ ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് മികച്ച അവസരമായിരിക്കും ഈ പദ്ധതിയെന്നാണ് അദ്ദേഹം പറയുന്നത്. 

പറയുന്ന തുകയിലും സമയത്തും പണി നടക്കുമോ?

നാലര മണിക്കൂറുകൊണ്ട് കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ എത്താമെന്ന സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന നേട്ടം അംഗീകരിക്കുന്നുണ്ടെങ്കിലും അതില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിനു കുര്യാക്കോസ് ജെയ്മോന്റെ വാദങ്ങളെ എതിര്‍ക്കുന്നത്. പക്ഷേ, അതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കാന്‍ ഉദ്ദേശിക്കുന്നതായി പറയുന്നത് 63,000 കോടിയാണെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ നീതി ആയോഗ് പറയുന്നത് 1,25,000 കോടി രൂപയെങ്കിലുമുണ്ടെങ്കിലേ പണി പൂര്‍ത്തിയാകൂ എന്നാണ്. കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ അഞ്ച് വര്‍ഷമെന്ന് പറയുന്നുണ്ടെങ്കിലും അത് 15 വര്‍ഷം കൊണ്ടെങ്കിലും തീരുമോയെന്ന് സംശയമാണ്. കൊച്ചി മെട്രോയുടെ നിര്‍മാണം ഡി.എം.ആര്‍.സി ഏറ്റെടുത്തിട്ടുപോലും പേട്ട വരെ എത്തിക്കുന്നതിന് അഞ്ച് വര്‍ഷത്തിലേറെ എടുത്തു. കാര്യമായ ഭൂമി ഏറ്റെടുക്കല്‍ ആ പദ്ധതിക്ക് ആവശ്യമുണ്ടായിരുന്നില്ലെങ്കില്‍ പോലുമാണ് ഇത്രയും കാലം എടുത്തത്. അപ്പോള്‍ പിന്നെ കേരളത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ പണി തീര്‍ത്തെടുക്കാന്‍ എത്രകാലം വേണ്ടിവരുമെന്ന് ആലോചിക്കേണ്ടതാണ്. പല ആളുകള്‍ക്കായി ടെന്‍ഡര്‍ കൊടുത്ത് ഒരുമിച്ച് നിര്‍മ്മാണം നടത്തിയാലും സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന തുകയേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടി വരിക. 

foundation
30 വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചി-മധുര ബൈപ്പാസിനായി ഇന്ദിര-അയ്യപ്പന്‍ ദമ്പതികളുടെ വീടിരിക്കുന്ന സ്ഥലം ഏറ്റെടുത്തതിനെ തുടർന്ന് കെട്ടിയ അടിത്തറ

കോട്ടയം മുതല്‍ തിരുവനന്തപുരം വരെ റെില്‍വേയുടെ ഡബിള്‍ ലൈന്‍ നിര്‍മ്മാണം 1800 കോടിക്കോ മറ്റോ ആണ് പദ്ധതിയിട്ടിരുന്നത്. ഇപ്പോള്‍ അറിയുന്നത് അതിന് 3000 കോടിയെങ്കിലും വേണ്ടിവരുമെന്നാണ്. ശബരിമല റെയില്‍പ്പാത പ്രഖ്യാപിച്ചിട്ട് 20 വര്‍ഷത്തോളമായി. അങ്കമാലിയില്‍ നിന്ന് കാലടി വരെ റെയില്‍പ്പാത ഉണ്ടാക്കിയിട്ടുവെന്നത് മാത്രമാണ് നടന്നിരിക്കുന്നത്. സ്ഥലം ഏറ്റെടുത്തശേഷവും പദ്ധതി ഇഴയുകയാണ്. കെ-റെയില്‍ പദ്ധതിയിലും ഏറ്റവും വലിയ പേടി അതാണ്. ഈ പദ്ധതി പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ ഇല്ല. പക്ഷെ നമ്മുടെ സ്ഥലം ഏറ്റെടുത്ത് വെറുതെയിട്ടേക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇതുവരെയുള്ള ചരിത്രം വച്ച് നമ്മുടെ ഭൂമി നാളെ ആര്‍ക്കും പ്രയോജനമില്ലാതെ കിടക്കുന്നത് കാണേണ്ട അവസ്ഥയുണ്ടാകും. അതുപോലെ കൂത്താട്ടുകുളത്ത് ഒരു ബൈപ്പാസ് വരാനായി സ്ഥലമേറ്റെടുത്തിട്ട് മുപ്പത് വര്‍ഷമായി. തിരുവനന്തപുരത്ത് നിന്നും അരൂര്‍ വരെയുള്ള റോഡ് നാലുവരിപ്പാതയാക്കാന്‍ സ്ഥലമേറ്റെടുത്തിട്ട് അമ്പത് വര്‍ഷത്തോളമാകുന്നു. ഇതുവരെയും അതിനുവേണ്ടി യാതൊന്നും ചെയ്തിട്ടില്ല.

ഒരു ഭൂമിയിലൂടെ രണ്ട് പ്രൊജക്റ്റ്!
ഇന്ദിരയും അയ്യപ്പനും എന്തുചെയ്യും?

മുരിയമംഗലം എടച്ചേരില്‍ അയ്യപ്പന്റെയും ഭാര്യ ഇന്ദിരയുടെയും വാക്കുകള്‍ വിനുവിന്റെ വാദം ശരിവയ്ക്കുന്നതാണ്. ഇവരുടെ ഭൂമിയിലൂടെ നിശ്ചയിച്ചിരിക്കുന്ന പദ്ധതി അലൈന്‍മെന്റില്‍ നിന്ന് ഏതാനും ചുവടുകള്‍ മാറി ഒരു കോണ്‍ക്രീറ്റ് കുറ്റി സ്ഥാപിച്ചിട്ടുണ്ട്. കൊച്ചി-മധുര ബൈപ്പാസിന് ഏറ്റെടുക്കാന്‍ 30 വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തി സ്ഥാപിച്ചതാണ് ഈ കോണ്‍ക്രീറ്റ് കുറ്റി. ബൈപ്പാസ് വരുമ്പോള്‍ വീട് പോകുമെന്ന് ഉറപ്പായതിനാല്‍ പറമ്പിന്റെ ഒരു മൂലക്ക് പുതിയ വീടിന് അടിത്തറ കെട്ടിയിട്ടുണ്ടെങ്കിലും ഭൂമി ഏറ്റെടുത്തിട്ടില്ല. അപ്പോഴാണ് കൂനിന്‍മേല്‍ കുരു എന്ന പോലെ പുതിയതായി കെട്ടിയ അടിത്തറയ്ക്ക് മുകളിലൂടെ പുതിയെ കെ-റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് വരുന്നതെന്നത്. കെ-റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ ഒരു ഉറപ്പ് ലഭിക്കാതെ ഇവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ആകില്ല. ഒരു പദ്ധതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തന്നെ അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. പാടത്തിനരികില്‍ലായതിനാല്‍ മണ്ണെടുത്ത് മാറ്റി അടിഭാഗം കോണ്‍ക്രീറ്റ് ചെയ്താണ് ഈ അടിത്തറ കെട്ടിയത്. ബൈപ്പാസ് വരുമ്പോള്‍ നിലവിലെ വീട് പോകുമെന്ന് കരുതിയായിരുന്നു അത്- അയ്യപ്പന്‍ വ്യക്തമാക്കി. ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ ചെറിയ മാറ്റം വരുമെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് വീട് പണിയാതിരുന്നത്. 

family
അയ്യപ്പനും ഇന്ദിരയും

റെയിലിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കെ-റെയില്‍ പുറത്തുവിട്ട അലൈന്‍മെൻറ്​ മാപ്പില്‍ നിന്നാണ് തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് പ്രദേശത്ത് സര്‍ക്കാര്‍ നിശ്ചയിച്ച വിലയുടെ നാലിരട്ടി കിട്ടിയതുകൊണ്ട് പ്രയോജനമില്ലെന്നും അയ്യപ്പന്‍ അറിയിച്ചു. നിലവില്‍ അഞ്ച് ലക്ഷം രൂപ മാര്‍ക്കറ്റ് വിലയുള്ള ഈ പ്രദേശത്ത് സര്‍ക്കാര്‍ വില ഏകദേശം ഒരു ലക്ഷം രൂപയാണ്. അതുകൊണ്ട് മറ്റൊരിടത്ത് ഭൂമി വാങ്ങാനാകില്ല. വാങ്ങാന്‍ ചെല്ലുമ്പോള്‍ സര്‍ക്കാര്‍ വില കൊടുത്താല്‍ മതിയാകില്ല. നാല് മണിക്കൂറുകൊണ്ട് കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്ത് എത്തുകയെന്നത് നല്ല കാര്യമാണെങ്കിലും സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയുള്ള ഈ വികസനം ഇപ്പോള്‍ ആവശ്യമാണോയെന്നും അദ്ദേഹം ചോദിക്കുന്നു. എങ്കിലും പദ്ധതി നടപ്പാക്കുകയാണെങ്കില്‍ എത്രയും വേഗം ഭൂമി ഏറ്റെടുക്കണമെന്നും അദ്ദേഹം മുന്‍കാല അനുഭവത്തില്‍ പറയുന്നു. ഒരു പ്രോജക്ടിന്റെ പേരില്‍ ഒരു വശത്ത് ഭൂമി മാറ്റിയിട്ടിരിക്കുമ്പോഴാണ് മറ്റൊരു പ്രോജക്ട് എന്റെ തന്നെ ഭൂമിയിലൂടെ വരുന്നത്. ആദ്യത്തെ പ്രോജക്ട് അനുസരിച്ച് നിലവിലെ വീടിന്റെ മുക്കാല്‍ ഭാഗം പോകുമെങ്കില്‍ രണ്ടാമത്തെ പ്രോജക്ടിന്റെ അലൈന്‍മെന്റ് അനുസരിച്ച് ബാക്കിയും പോകും- അയ്യപ്പന്‍ കൂട്ടിച്ചേര്‍ത്തു.

പാത വിജയന്റെ പുതിയ വീട്ടിലൂടെ

കെ-റെയില്‍ പദ്ധതിയുടെ അലൈന്‍മെൻറ്​ അനുസരിച്ച് അയ്യപ്പന്റെ അയല്‍വാസിയായ വിജയന്റെ വീട് പൂര്‍ണമായും പോകും. പദ്ധതിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയെക്കുറിച്ച് തന്നെയാണ് ഈ കുടുംബത്തിനും പറയാനുള്ളത്. 2004ല്‍ ആരംഭിച്ച വീടുനിര്‍മ്മാണം 2020ലാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് വിജയന്റെ ഭാര്യ മിനി അറിയിച്ചു. വളരെയധികം കഷ്ടപ്പെട്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രണ്ട് പെണ്‍മക്കള്‍ക്കും വിവാഹ പ്രായമെത്തിയതോടെയാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. നിര്‍മാണം പൂര്‍ത്തിയായതിനു പിന്നാലെയാണ് കെ-റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് ഇതുവഴിയാണെന്ന് തങ്ങള്‍ അറിഞ്ഞതെന്നും മിനി വ്യക്തമാക്കി.

mini
16 വർഷങ്ങള്‍ കൊണ്ട് പണി തീർത്ത തന്റെ വീടിനു മുന്നില്‍ മിനി

പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്നും റെയില്‍ വരികയാണെങ്കില്‍ എത്രയും വേഗം നഷ്ടപരിഹാരം നല്‍കി ഒഴിവാക്കിത്തരണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബൈപ്പാസ് പദ്ധതി ഇതുവഴിയായതിനാല്‍ സ്ഥലം വില്‍ക്കാനോ ബാങ്ക് വായ്പ്പയെടുക്കാനോ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും അവര്‍ അറിയിച്ചു. എല്ലാവരും പറയുന്നത് റെയില്‍വേയുടെ പദ്ധതിയായതിനാല്‍ ആറ് മാസത്തിനകം സ്ഥലം ഏറ്റെടുത്ത് പണം ലഭിക്കുമെന്നാണ്. ഇത് വല്ലതും നടക്കുമോയെന്ന് അവര്‍ ചോദിക്കുന്നു.

വന്‍ യാത്രാ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങുമോ?

വളരെ കുറച്ചുപേര്‍ക്കുമാത്രം പ്രയോജനം ലഭിക്കുന്ന ഒരു പദ്ധതിക്കുവേണ്ടിയാണ് ഇത്രയേറെ ആളുകളില്‍ നിന്ന് സ്ഥലമേറ്റെടുത്ത് അവരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുന്നതെന്നാണ് വിനു കുര്യാക്കോസിന്റെ പരാതി. കണ്ണൂരില്‍ നിന്നുള്ള കുറച്ച് രാഷ്ട്രീയക്കാര്‍ക്ക് മാത്രമായിരിക്കും കെ-റെയില്‍ കൊണ്ട് പതിവായ ഉപയോഗം ഉണ്ടാകുക. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് എറണാകുളത്തുള്ള ജോലിക്കാരെ തിരുവനന്തപുരത്ത് പോയി ജോലി ചെയ്ത് ദിവസവും തിരികെ വീട്ടിലെത്താന്‍ സഹായിക്കുന്ന പദ്ധതിയാണ് ഇതെന്നാണ്. എന്നാല്‍ അത് ആളുകളെ കബളിപ്പിക്കാന്‍  പറയുന്നതാണിതെന്നും വിനു കുര്യാക്കോസ് ആരോപിക്കുന്നു. 63,000 കോടി രൂപയാണ് പദ്ധതിക്ക് നിക്ഷേപിക്കുന്നതെങ്കില്‍ യാത്രക്കാരില്‍ നിന്ന് ഒരു കിലോമീറ്ററിന് 2.75 രൂപയായിരിക്കും ഈടാക്കേണ്ടി വരികയെന്നാണ് പ്രൊപ്പോസലില്‍ പറയുന്നത്. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് 200 കിലോമീറ്ററാണ്. അതായത് ഒരു വശത്തേക്ക് മാത്രം 550 രൂപ. ഒരുദിവസം 1100 രൂപ മുടക്കി യാത്ര ചെയ്ത് ജോലിക്ക് പോകാന്‍ എങ്ങനെയാണ് സാധാരണക്കാരെക്കൊണ്ട് സാധിക്കുക?. ഈ കണക്ക്, പദ്ധതി 63,000 കോടിയില്‍ അവസാനിച്ചാല്‍ മാത്രമാണ്. രണ്ട് ലക്ഷം കോടിയോളം പദ്ധതിക്ക് ചെലവായാല്‍ യാത്രാനിരക്കും മൂന്നിരട്ടിയോളം വര്‍ധിക്കും. മാത്രമല്ല, കാക്കനാടുള്ള കെ-റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പിന്നെയും എത്രയോ കിലോമീറ്റര്‍ ആളുകള്‍ക്ക് യാത്ര ചെയ്താലാണ് സ്വന്തം വീടുകളിലെത്താന്‍ സാധിക്കുക. 37 സര്‍വ്വീസുകളിലായി 80,000 യാത്രക്കാര്‍ ദിനംപ്രതിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അതിന് യാതൊരു സാധ്യതയുമില്ലെന്നും പ്രതീക്ഷിച്ച യാത്രക്കാര്‍ ഇല്ലാതെ വരുന്നതോടെ പദ്ധതി നഷ്ടമാകുമെന്നുമാണ് വിനുവിന്റെ വാദം. 

ALSO READ

കെ റെയില്‍ പദ്ധതി: ജനങ്ങളുമായി സർക്കാർ ചർച്ച ചെയ്യാത്തത്​ എന്തുകൊണ്ട്​?

എന്തായാലും പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പ്രധാനമായും ആശങ്കപ്പെടുന്നത് അതിവേഗ റെയില്‍പ്പാത നടപ്പാക്കുന്നതിലെ വേഗതയെക്കുറിച്ച് തന്നെയാണ്. 1997-98 കാലത്തെ റെയില്‍വേ ബജറ്റില്‍ 550 കോടി രൂപക്ക് പ്രഖ്യാപിച്ച ശബരി റെയില്‍ പദ്ധതി വൈകിയത് മൂലം 2017 ആയപ്പോഴേക്കും 1566 കോടി രൂപയായി വിലയിരുത്തിയിരുന്നു. 2019ല്‍ പദ്ധതി തന്നെ മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. അതിനകം പദ്ധതിക്കായി പലയിടങ്ങളിലും ഭൂമി ഏറ്റെടുക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ നിരവധി പദ്ധതികള്‍ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലങ്ങള്‍ കാടുപിടിച്ച് കിടക്കുന്നത് അവരുടെ ആശങ്കയെ ശരിവയ്ക്കുന്നതാണ്. 

രാഷ്​ട്രീയ പാർട്ടികൾ എന്തു പറയുന്നു?

പദ്ധതി നടത്തിപ്പിനെക്കുറിച്ച് പലര്‍ക്കും വിയോജിപ്പുണ്ടെങ്കിലും കോണ്‍ഗ്രസ് ഒഴികെയുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും പദ്ധതി വേണ്ട എന്ന അഭിപ്രായമില്ല. അതേസമയം ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയെ ശക്തമായി എതിര്‍ക്കുന്നുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ വലിയ തോതില്‍ ഭൂമി ഏറ്റെടുത്ത് കേരളത്തില്‍ അതിവേഗ റെയില്‍പ്പാതയുടെ ആവശ്യമില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇന്നത്തെ നമ്മുടെ ആവശ്യങ്ങളെ മാത്രം മനസ്സില്‍ കണ്ടുകൊണ്ടല്ല സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ട്രൂ കോപ്പി വെബ്​സീനിന്​ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്-  ‘‘അത് നമ്മുടെ ഭാവിയെ കൂടി മനസ്സില്‍ കണ്ടുകൊണ്ടുള്ള പദ്ധതിയാണ്. നാലാമത്തെ വിമാനത്താവളം കേരളത്തിന് ആവശ്യമുണ്ടോ എന്നു ചോദിച്ചവരില്ലേ? എന്നാലിന്ന് നാലും നല്ല നിലക്ക് പ്രവര്‍ത്തിക്കുന്നില്ലേ? അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത, മധ്യ വരുമാന രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ അവിടങ്ങളില്‍ ഉള്ളതിനു സമാനമായ അടിസ്ഥാന സൗകര്യങ്ങള്‍ - ഗതാഗത മേഖലയില്‍ ഉള്‍പ്പെടെ - നമ്മുടെ നാട്ടില്‍ ഉണ്ടാവേണ്ടതുണ്ട്’’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

ALSO READ

കേരളത്തിന്റെ പ്രശ്​നങ്ങളിൽ ​​​​​​​പിണറായി വിജയന്റെ മറുപടി

അടിസ്ഥാന സൗകര്യ വികസനത്തിന് അതിവേഗ ഗതാഗതം വളരെ ആവശ്യമാണ് എന്നാണ് സി.പി.എം നിലപാട്. റോഡ് ഗതാഗതത്തിന് ഇനി പരിമിതികളുണ്ടെന്നും ലോകം വളരുന്നതിനനുസരിച്ച് കേരളവും വളരണമെന്ന മനോഭാവമാണ് വേണ്ടതെന്നുമാണ് പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞിരുന്നു. അതോടൊപ്പം റെയിലിനായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് വിപണി വിലയുടെ നാലിരട്ടി വരെ നഷ്ടപരിഹാരമാണ് ചര്‍ച്ചകളില്‍. ഇപ്പോള്‍ ഇതുചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് ഉണ്ടാകണമെന്നില്ലെന്നും അദ്ദേഹം പറയുന്നു. അതിവേഗ റെയില്‍ എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനമാണെന്നും അത് പ്രാവര്‍ത്തികമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നുമായിരുന്നു മുഖ്യഘടകകക്ഷിയായ സി.പി.ഐയുടെ നിലപാട്. കൊച്ചി മെട്രോ, ഗെയ്ല്‍ പൈപ്പ് ലൈന്‍ എന്നിവയുടെ കാര്യത്തിലും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായതാണെന്നും എന്നാല്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പൊതുസമീപനം എല്ലാവരും സ്വീകരിക്കുകയാണുണ്ടായതെന്നും സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

വിദഗ്ധര്‍ എന്തു പറയുന്നു?

കേരളത്തെ സംബന്ധിച്ച് ഒരു നല്ല പദ്ധതിയല്ല ഇതെന്നാണ് ഡൽഹി മെ​ട്രോ റെയിൽ കോർപറേഷൻ എം.ഡിയും കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ മുഖ്യ ഉപദേഷ്​ടാവുമായിരുന്ന ഇ. ശ്രീധരന്റെ അഭിപ്രായം. ഇതിന്റെ അലൈന്‍മെന്റും ടെക്നിക്കല്‍ പരാമീറ്ററുകളും തെറ്റാണ്. ഇത് സംസ്ഥാനത്തിന് യാതൊരു ഗുണവും ചെയ്യില്ല. എന്നാല്‍ ഇതുമൂലം ധാരാളം കൃഷിഭൂമിയും ഒരുപാട് വീടുകളും നഷ്ടമാകും. മാത്രമല്ല, പല ദിക്കിലും ഗ്രൗണ്ടിലൂടെ തന്നെയാണ് ഇത് ഓടുന്നത്. ആളുകളും കന്നുകാലികളുമൊന്നും ഈ ലൈനില്‍ പ്രവേശിക്കാതിരിക്കാന്‍ പത്തടി ഉയരത്തില്‍ ഭിത്തി കെട്ടി മറയ്ക്കേണ്ടതായി വരും. അത് സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നതിന് തുല്യമാകും. അതുകൊണ്ടാണ് താന്‍ ഈ പദ്ധതിയെ എതിര്‍ക്കുന്നതെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ അധികമൊന്നും പറയാനാകില്ലെന്നും അദ്ദേഹം "തിങ്കി'നോട് പ്രതികരിച്ചു. 
കെ-റെയില്‍ പദ്ധതി കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണെന്നാണ് കേരള പരിസ്ഥിതി ഐക്യവേദി നേതാവ്​ പ്രൊഫ. എം. കെ. പ്രസാദ്​ പറയുന്നത്. 

വളരെ ചുരുക്കം പേര്‍ക്കുമാത്രം പ്രയോജനം ചെയ്യുന്ന ഒരു പദ്ധതിക്കുവേണ്ടി ഇത്ര ഭൂമി ഏറ്റെടുക്കുയും ലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും പരിസ്ഥിതിയുടെ സംതുലനം തകരാറിലാക്കുകയും ചെയ്യേണ്ടതുണ്ടോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. അതേസമയം വികസന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചുകൊണ്ടുപോകണം എന്ന അടിസ്ഥാനപരമായ കാഴ്ചപ്പാടാണ് ഇടതുപക്ഷത്തിനുള്ളതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനുദാഹരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്, 2019 ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് ആണ്. അതുപ്രകാരം, മുമ്പ് നടത്തിയ കണക്കെടുപ്പിനെ അപേക്ഷിച്ച് വനവിസ്തൃതി വര്‍ധിച്ച സംസ്ഥാനമാണ് കേരളം. 2017നെ അപേക്ഷിച്ച് കേരളത്തിന്റെ വനവിസ്തൃതി 823 ചതുരശ്ര കിലോമീറ്റര്‍ കണ്ട് വര്‍ധിച്ചതായാണ് കേന്ദ്ര സര്‍ക്കാരിന്റെ തന്നെ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ രാജ്യത്തിനുതന്നെ മാതൃകയാവാന്‍ നമ്മുടെ നാടിനു കഴിയുന്നു. ഇതില്‍ നിന്നും വികസന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചുകൊണ്ടുപോകാന്‍ നമുക്കു സാധിക്കുന്നുവെന്ന് വ്യക്തമല്ലേയെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. 

PRASAD
ഇ. ശ്രീധരന്‍, എം.കെ. പ്രസാദ്

അതേസമയം കേരളത്തിലെ മുന്‍വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരുപാട് വ്യത്യാസമുണ്ട് കെ-റെയില്‍ പദ്ധതിക്ക്. ഒന്നാമതായി ചോദ്യം ചെയ്യപ്പെടുന്ന അതിന്റെ ആവശ്യകത തന്നെ കണക്കിലെടുക്കണം. 11 ജില്ലകളിലൂടെ കടന്നുപോകുന്ന കെ-റെയില്‍ അടിയന്തര ആശുപത്രി ആവശ്യങ്ങള്‍ക്കും മറ്റും പ്രയോജനം ചെയ്യുമെന്നാണ് ഇതിനുള്ള മറുവാദം. എന്നാല്‍ കെ-റെയില്‍ പദ്ധതിക്ക് ചെലവഴിക്കുന്ന 64,000 കോടി രൂപ കൊണ്ട് ഓരോ ജില്ലകളിലും ചികിത്സാസൗകര്യം എത്രയോ മെച്ചപ്പെടുക്കാമെന്ന മറുചോദ്യവും ഉയരുന്നു. കൂടാതെ ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന കൊച്ചി മെട്രോയില്‍ ജനജീവിതം സാധാരണഗതിയിലായിരുന്ന പ്രീ-കോവിഡ് കാലത്തുപോലും പ്രതീക്ഷിച്ചത്ര യാത്രക്കാരുണ്ടായിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളും കണക്കിലെടുക്കേണ്ടതുണ്ട്. ജനസംഖ്യയില്‍ നാമമാത്രമായ ഒരു വിഭാഗത്തിന് മാത്രം ഉപകാരപ്പെടുന്ന പദ്ധതി മൂലം കൃഷി ഭൂമി ഉള്‍പ്പെടെ വലിയ തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുന്നതാണ് മറ്റൊരു വ്യത്യാസം. അതിനുപകരം ആഭ്യന്തര വിമാന സര്‍വീസുകള്‍ കാര്യക്ഷമമാക്കാമെന്ന പരിഹാരവും നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. എന്തായാലും ഈ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മുടെ തന്നെ മലമ്പ്രദേശങ്ങള്‍ ഇടിച്ചു നിരത്തുന്ന മണ്ണും കല്ലുമാണ് വേണ്ടിവരികയെന്നതിന് സംശയമില്ല. വിഴിഞ്ഞം, വല്ലാര്‍പ്പാടം പദ്ധതികളുടെ പേരില്‍ കേരളത്തില്‍ നടന്നിട്ടുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ അത് ശരിവയ്ക്കുന്നു. മണ്ണെടുപ്പും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മൂലം പരിസ്ഥിതി ലോലപ്രദേശങ്ങളിലുണ്ടാകുന്ന ആഘാതങ്ങളാണ് തുടര്‍ച്ചയായി നേരിടുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്ക് കാരണമെന്ന ആരോപണം ഉയര്‍ന്നിട്ടുള്ളതിനാല്‍ ഈ ചോദ്യം പ്രസക്തവുമാണ്. 

കുടിയൊഴിപ്പിക്കലിന്റെ വ്യാപ്തിയിലും കെ-റെയില്‍ പദ്ധതി മറ്റ് പദ്ധതികളില്‍ നിന്ന് വ്യത്യസ്തമാണ്. തീരദേശ, മലയോര വ്യത്യാസമില്ലാതെ കേരളത്തിലങ്ങോളമിങ്ങോളം കുടിയൊഴിപ്പിക്കലുകള്‍ പദ്ധതിക്ക് ആവശ്യമായി വരും. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനായിരിക്കും കെ-റെയില്‍ കാരണമാകുന്ന ആശങ്ക ഉയരുന്നുണ്ട്. നിലവിലെ അലൈന്‍മെന്റ് അനുസരിച്ച് ജനവാസ കേന്ദ്രങ്ങളിലൂടെയാണ് പദ്ധതി കടന്നുപോകുന്നതെന്ന പരാതി ശക്തമാണ്. പതിനഞ്ച് മീറ്റര്‍ മുതല്‍ ഇരുപത്തിയഞ്ച് മീറ്റര്‍ വരെ വീതിയിലാണ് ഭൂമി ഏറ്റെടുക്കേണ്ടി വരിക. അഞ്ചില്‍ താഴെ സെന്റ് മാത്രം ഭൂമിയുള്ളവരെയാണ് ഇത് കൂടുതലായും ബാധിക്കുക. അവര്‍ക്ക് സ്വന്തമായുള്ള മുഴുവന്‍ ഭൂമിയും നഷ്ടമാകുമെന്നതാണ് ആശങ്കയ്ക്ക് മുഖ്യകാരണം. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുന്ന നഷ്ടപരിഹാരം കൊടുക്കാന്‍ സാധിച്ചാലും അവര്‍ എവിടേക്ക് പോകുമെന്ന പതിറ്റാണ്ടുകളായുള്ള ചോദ്യം വീണ്ടും ഉയരും. മുമ്പ്, പല വികസന പദ്ധതികളുടെയും പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഇപ്പോള്‍ എവിടെയാണ്, അവര്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന സാമൂഹികശാസ്ത്രപരമായ ഒരു അന്വേഷണം കൂടി നടത്തിയാല്‍,  ‘തൃപ്തികരമായ' നഷ്ടപരിഹാരം എന്ന സര്‍ക്കാര്‍ അവകാശവാദത്തിന്റെ മുനയില്ലാതാകുമെന്ന് ഉറപ്പാണ്.

ഇത്ര റിസ്‌കെടുത്ത് കേരളത്തില്‍ എന്തിന് ഇത്തരമൊരു റെയില്‍പ്പാത?- സി.പി. രാജേന്ദ്രന്‍

cp-rajendran.jpg
സി.പി. രാജേന്ദ്രന്‍

ഒരു റെയില്‍വേ ലൈനിന്റെ കൂടി പ്രസക്തി കേരളത്തില്‍ ഇല്ലെന്നതാണ് തന്റെ നിഗമനമെന്ന് ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് പ്രൊഫസറും പ്രമുഖ ജിയോളജിസ്റ്റുമായ സി. പി. രാജേന്ദ്രന്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ പ്രധാനപ്പെട്ട ഒരു റെയില്‍പ്പാത നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലേക്ക് വരുന്ന കെ-റെയില്‍ പദ്ധതിയുടെ സാമ്പത്തിക വിജയവും സംശയകരമാണ്. വളരെ ചെലവേറിയ യാത്രയാകും അതിലൂടെ ലഭിക്കുകയെന്നതാണ് അതില്‍ പ്രധാനം. അതിനാല്‍, യാത്രക്കാര്‍ സാമ്പത്തിക ശേഷി കൂടിയവരായിരിക്കുമെന്നത് ഉറപ്പാണ്. അതൊരു പോരായ്മയാണ്. കൂടാതെ റെയില്‍പ്പാത പോകുന്ന വഴിയില്‍ വളരെ പരിമിതമായ സ്റ്റേഷനുകളേയുള്ളൂ. പോകുന്നവര്‍ കൊച്ചിയില്‍ വിമാനമിറങ്ങി തിരുവനന്തപുരത്ത് പോകുന്നവരൊക്കെ ആയിരിക്കും. ഇടയ്ക്ക് എവിടെയും നില്‍ക്കുന്നില്ലല്ലോ? കേരളത്തില്‍ ഏറ്റവും കൂടുതലുള്ളത് ഇടയ്ക്ക് ഓടുന്ന യാത്രക്കാരാണ്. തിരുവനന്തപുരം-എറണാകുളം റൂട്ട് നോക്കിയാല്‍ തന്നെ ഇടയ്ക്കുള്ള സ്റ്റേഷനുകളിലേക്ക് പോകുന്ന ജോലിക്കാരാണ് പ്രധാന യാത്രക്കാര്‍. ആ ഒരു വിഭാഗം യാത്രക്കാരെ പൂര്‍ണമായും മാറ്റിനിര്‍ത്തിക്കൊണ്ടാണ് ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കേണ്ട സാമ്പത്തിക വിജയം ഉണ്ടാകില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. കെ-റെയിലിനെ ആശ്രയിക്കാനിടയുള്ള യാത്രക്കാര്‍ക്കായി കേരളത്തില്‍ അതിനുമാത്രം വിമാനത്താവളങ്ങളും ഉണ്ട്. അങ്ങനെ നോക്കിയാല്‍ ഈ പദ്ധതി സാമ്പത്തികമായി എങ്ങനെയാണ് ഓടിക്കാന്‍ പറ്റുകയെന്നത് സംശയത്തിലാകുന്നു. 
പദ്ധതിയുടെ പാരിസ്ഥിതിക ആഘാതവും പരിഗണിക്കേണ്ടതുണ്ട്. പാതയുടെ അലൈന്‍മെന്റ് പരിശോധിച്ചതില്‍ നിന്ന്, മനസ്സിലാകുന്നത് നെല്‍പ്പാടങ്ങളിലൂടെയും ജലസ്രോതസ്സുകളിലൂടെയുമാണ് ഇത് കടന്നുപോകുന്നതെന്നാണ്. കൂടാതെ വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും പലയിടങ്ങളിലും ജൈവവൈവിധ്യ പാര്‍ക്കുകളും സ്ഥിതിചെയ്യുന്നുണ്ട്. ഇതിലൂടെയൊക്കെയാണ് കെ-റെയില്‍ പദ്ധതിയും കടന്നുപോകുന്നത്. പദ്ധതി മൂലമുണ്ടാകുന്ന പാരിസ്ഥിതികാഘാതം എന്തായിരിക്കുമെന്നതിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. സര്‍ക്കാര്‍ ഏജന്‍സി അല്ലാതെ ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് ഇതിന് പഠനം നടത്തേണ്ടതാണ്. ആ പഠനത്തിന്റെ വിലയിരുത്തലില്‍ നിന്ന് മാത്രമേ എന്തെങ്കിലും തീരുമാനമെടുക്കാവൂ. ഇനി അത്തരമൊരു പഠനം നടത്തിയിട്ടുണ്ടെങ്കില്‍ തന്നെയും അതിന്റെ വിവരങ്ങള്‍ നമുക്ക് ലഭ്യമല്ല. അത് ലഭ്യമാക്കേണ്ടതുണ്ട്. ഇത്രയും റിസ്‌കെടുത്ത് കേരളത്തില്‍ ഇത്തരമൊരു റെയില്‍പ്പാത കൊണ്ടുവരേണ്ട ആവശ്യമെന്താണ് എന്നതാണ് ചോദ്യം. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തില്‍ ഭൂമിയുടെ ലഭ്യതയും സംശയമാണ്. അതുകൊണ്ടൊക്കെയാണ് പാരിസ്ഥിതികമായും സാമ്പത്തികമായും ഈ പദ്ധതിയുടെ ആവശ്യമെന്താണെന്ന് മനസ്സിലാകാത്തതെന്നും അദ്ദേഹം  ‘തിങ്കി'നോട് പറഞ്ഞു.

1
  • Tags
  • #K-Rail
  • #Arun T. Vijayan
  • #Kerala Economy
  • #Developmental Issues
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 Adani-Pinarayi-Vijayan-Oomman-chandy-narendra-modi.jpg

Environment

പ്രമോദ് പുഴങ്കര

വിഴിഞ്ഞം: അദാനിയുടെ പോരിശയുള്ള വാല്യക്കാരും ചെഞ്ചൊടി മാരനും

Aug 23, 2022

12 Minutes Read

 Valiyathathura.jpg

Documentary

ഷഫീഖ് താമരശ്ശേരി

സെക്രട്ടറിയേറ്റില്‍ നിന്ന് 6 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ സ്ഥിതി

Jun 16, 2022

15 Minutes Watch

KV Thomas Interview

Interview

ടി.എം. ഹര്‍ഷന്‍

തൃക്കാക്കര, കെ-റെയില്‍; ഇടതുമുന്നണി അഭ്യര്‍ഥിച്ചാല്‍ അപ്പോള്‍ തീരുമാനം

May 06, 2022

39 Minutes Watch

cpim

Politics

അശോക് മിത്ര

സി.പി.എമ്മിനോട്​ അശോക്​ മിത്ര പറഞ്ഞു; ‘നിങ്ങളെങ്ങനെയായിരുന്നോ, അങ്ങനെയല്ല നിങ്ങളിപ്പോള്‍’

Apr 06, 2022

9 Minutes Read

MV Govindan Master

Short Read

അരുണ്‍ ടി. വിജയന്‍

മദ്യനയം: തീരുമാനങ്ങൾ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളുമായി ചർച്ച ചെയ്​ത​ശേഷം എടുത്തത്​- മന്ത്രി എം.വി. ഗോവിന്ദൻ

Apr 01, 2022

2 Minutes Read

k rail

Developmental Issues

ഷഫീഖ് താമരശ്ശേരി

കല്ല് പിഴുതതിന്റെ കാരണം ഞങ്ങള്‍ പറയാം മുഖ്യമന്ത്രീ... കേള്‍ക്കണം

Mar 27, 2022

10 Minutes Watch

Azmeri Haque.

Interview

അസ്​മരി ഹഖ് ബാധോന്‍

അസ്​മരി: ആക്രമിക്കപ്പെടുന്ന പെണ്ണ്​ സിനിമയിലെ നായികയാകുമ്പോള്‍

Mar 24, 2022

4 Minutes Read

 K Kannan on K Rail Protest

K-Rail

കെ. കണ്ണന്‍

ബലപ്രയോഗം നിര്‍ത്തി സര്‍ക്കാര്‍ ജനങ്ങളോട് സംസാരിക്കുകയാണ് വേണ്ടത്

Mar 23, 2022

5 Minutes Watch

Next Article

സര്‍ക്കാര്‍ സാന്നിധ്യമില്ല, കേരളത്തിലെ ആദിവാസി മേഖലയില്‍ 

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster