‘സീറോ കോവിഡ്​’: പ്രശ്​നം വഷളാക്കിയ ഒരു ചൈനീസ്​ മോഡൽ

പ്രായാധിക്യമുള്ളവർക്കുപോലും ചൈനയിൽ വേണ്ടത്ര വാക്‌സിനേഷൻ നൽകിയിരുന്നില്ല. ഡിസംബർ ആദ്യം ലഭിച്ച വിവരമനുസരിച്ച് 60 വയസ്സിന് മുകളിലുള്ള 250 ദശലക്ഷം പേരിൽ 68 ശതമാനം പേർക്കും 30 ദശലക്ഷം വരുന്ന 80 വയസ്സിനുമുകളിലുള്ളവരിൽ 40 ശതമാനം പേർക്കും മാത്രമാണ് മൂന്ന് ഡോഡ് വാക്‌സിനേഷനും ലഭിച്ചത്. ചൈനീസ് വാക്‌സിന്റെ ഫലസിദ്ധിയെക്കുറിച്ചും സംശയങ്ങൾ ഉയർത്തപ്പെട്ടിട്ടുണ്ട്

ഹാമാരികളുടെ ചരിത്രം പരിശോധിക്കുമ്പോൾ ശാസ്ത്രീയസമീപനവും ഭരണകൂട നിലപാടുകളും തമ്മിൽ വൈരുദ്ധ്യങ്ങൾ ഉണ്ടായതിന്റെ നിരവധി അനുഭവങ്ങൾ ചൂണ്ടിക്കാണിക്കാനാവും. അതിന്റെ മറ്റൊരു ഉദാഹാരണമാണ് ചൈനയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ എയ്ഡ്‌സ് വൻതോതിൽ വ്യാപിച്ചിരുന്ന കാലത്ത് പ്രസിഡണ്ട് തംബോ എംബക്കി, എയ്ഡ്‌സ്, വൈറസ് മൂലം പകരുന്ന രോഗമാണെന്ന ശാസ്​ത്രീയസത്യം തള്ളിക്കളയുകയാണുണ്ടായത്. എയ്ഡ്‌സ് വംശീയവാദികൾ പ്രചരിപ്പിക്കുന്ന വെറുമൊരു യൂറോകേന്ദ്രീകൃത കെട്ടുകഥ മാത്രമാണെന്നാണ് എംബക്കി വാദിച്ചത്. രാജ്യത്ത് ഒരാൾ പോലും എയ്ഡ്‌സ് വന്ന് മരിച്ചിട്ടില്ലെന്നുപറഞ്ഞ്, മരണകാരണമായി എയ്ഡ്‌സ് രേഖപ്പെടുത്താൻ പാടില്ലെന്ന് എംബക്കി ഉത്തരവ് പുറപ്പെടുവിച്ചു. എയ്ഡ്‌സ് രോഗികളെ സർക്കാർആശുപത്രികളിൽ അഡ്മിറ്റ് ചെയ്യാൻ പാടില്ലെന്ന് നിർബന്ധിച്ച എംബക്കി അതിന് വിസമ്മതിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എംബക്കിയുടെ നിഷേധാത്മക സമീപനമൂലം കുറഞ്ഞത് അഞ്ചുലക്ഷം പേരെങ്കിലും എയ്ഡ്‌സ് മൂലം മരിച്ചിരിക്കാമെന്ന് കണക്കാക്കുന്നു.

തംബോ എംബക്കി

കോവിഡ് കാലത്ത് ആദ്യഘട്ടത്തിൽ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും സമാന അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. തന്റെ ശാസ്‌ത്രോപദേശകരുടെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ് കോവിഡിനെ ചൈനീസ് സൃഷ്ടിയെന്നുപറഞ്ഞ്​ ലഘൂകരിച്ച് കാണുകയുകയും പൊതുപരിപാടികളിൽ മാസ്‌ക് ധരിക്കാതെ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഏറ്റവുമധികം രോഗവ്യാപനവും മരണവും നടന്ന രാജ്യമായി, വൈദ്യമേഖല ഏറ്റവുമധികം വികാസം പ്രാപിച്ച, അമേരിക്ക മാറി.

ചൈനയിൽ നിന്ന്​ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് വാർത്തകളും ഏതാണ്ടിതേ പാതയിലൂടെ ഭരണാധികാരികൾ സഞ്ചരിക്കുന്നതിന്റെ ഉദാഹരണങ്ങളിൽ അവസാനത്തേതായി കരുതേണ്ടിയിരിക്കുന്നു. യാതൊരു ശാസ്​ത്രീയാടിത്തറയുമില്ലാത്ത ‘സീറോ കോവിഡ്’ എന്ന ലക്ഷ്യം മുന്നോട്ടുവച്ച് ചൈനയിലെ ജനങ്ങളെ ദുരിതത്തിലാഴ്​ത്തുകയും നിരവധി നഗരങ്ങൾ ലോക്ക് ഡൗണിനു വിധേയമാക്കുകയും നിർബന്ധിത ടെസ്റ്റിംഗ് നടത്തിയതുമാണ് പ്രശ്‌നം വഷളാക്കിയത്. പ്രാദേശിക രോഗമായി (Endemic Disease) മാറിക്കഴിഞ്ഞ കോവിഡിന്റെ ഈ ഘട്ടത്തിൽ വാക്‌സിനേഷൻ ത്വരിതഗതിയിലാക്കുകയും മാസ്‌ക് ധാരണവും മറ്റു പെരുമാറ്റചട്ടങ്ങളും പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ഭരണകർത്താക്കൾ ചെയ്യേണ്ടിയിരുന്നത്. അതിനു ശ്രമിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി ലോക്ക് ഡൗൺ വ്യാപകമായി നടപ്പിലാക്കിയതാണ് രോഗവ്യാപനത്തിന്​ കാരണമായത്.

മനുഷ്യർ സ്ഥിരാതിഥേയരായ (Definitive Host) രോഗാണുക്കളെ മാത്രമേ നമുക്ക് വാക്‌സിനേഷനിലൂടെ പൂർണമായും നിർമാർജ്ജനം ചെയ്യാൻ കഴിയൂ. വസൂരി, പോളിയോ എന്നീ വൈറസുകൾ മാത്രമാണ് ഈ വിഭാഗത്തിൽ പെടുന്നത്. അതുകൊണ്ടാണ്​ വസൂരിരോഗം 1980 കളിൽ നിർമാർജ്ജനം (Zero Pox) ചെയ്യപ്പെട്ടത്. ഇപ്പോൾ പോളിയോ അഫ്ഗാനിസ്​താന്റെ ചില ഭാഗങ്ങളിൽ നിന്നൊഴികെ നിർമാജ്ജനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം രോഗങ്ങൾ പോലെ ‘സീറോ’ പദവി കൈവരിക്കാൻ കഴിയാത്ത രോഗമാണ് കോവിഡ് എന്ന പ്രാഥമിക ശാസ്​ത്രീയതത്വം നിരാകരിച്ചുകൊണ്ടുള്ള നയങ്ങളാണ് ചൈനീസ് അധികൃതർ പിന്തുടർന്നത്. അതുപോലെ വാക്‌സിൻ ലഭ്യമല്ലാതിരുന്ന കാലത്തെ വ്യാപകമായ ലോക്ക്​ഡൗൺ, ടെസ്റ്റിംഗ് തുടങ്ങിയ നടപടികൾക്ക് ഈ ഘട്ടത്തിൽ യാതൊരു പ്രസക്തിയുമില്ലായിരുന്നു. വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാതെ ലോക്ക്​ഡൗണിലും നിർബന്ധിത ടെസ്റ്റിംഗിലുമാണ് ചൈനീസ് ഭരണാധികാരികൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രായാധിക്യമുള്ളവർക്കുപോലും ചൈനയിൽ വേണ്ടത്ര വാക്‌സിനേഷൻ നൽകിയിരുന്നില്ല. ഡിസംബർ ആദ്യം ലഭിച്ച വിവരമനുസരിച്ച് 60 വയസ്സിന് മുകളിലുള്ള 250 ദശലക്ഷം പേരിൽ 68 ശതമാനം പേർക്കും 30 ദശലക്ഷം വരുന്ന 80 വയസ്സിനുമുകളിലുള്ളവരിൽ 40 ശതമാനം പേർക്കും മാത്രമാണ് മൂന്ന് ഡോഡ് വാക്‌സിനേഷനും ലഭിച്ചത്. ചൈനീസ് വാക്‌സിന്റെ ഫലസിദ്ധിയെക്കുറിച്ചും സംശയങ്ങൾ ഉയർത്തപ്പെട്ടിട്ടുണ്ട്.

ഡോ. ബി. ഇക്​ബാലുമായി കെ. കണ്ണൻ നടത്തിയ അഭിമുഖം വായിക്കാം
ചൈനയിലെ ‘കോവിഡ്​ സംഘർഷം’ - ശാസ്ത്രീയ സമീപനവും ഭരണകൂട നിലപാടും തമ്മിലെ വൈരുദ്ധ്യങ്ങൾ

Comments