ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള
അവകാശം: പൊരുതുന്ന
സ്ത്രീകളുടെ എണ്ണം കൂടുന്നു
ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം: പൊരുതുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു
അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കുക എന്ന മൗലികാവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ വിവിധ സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പരാതിയുമായി രംഗത്ത് വരുന്നുണ്ട്. ദേശീയ വനിതാ കമീഷനില്‍ 2022 ല്‍ ലഭിച്ച 30,957 പരാതികളില്‍ 31 ശതമാനവും അന്തസ്സോടെ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശലംഘനവുമായി ബന്ധപ്പെട്ടതായിരുന്നു. കേരളത്തിലും കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലും ഈ വിഭാഗത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരാതി. അവകാശനിഷേധത്തിനെതിരെ പൊരുതുന്ന സ്ത്രീകളും ആക്റ്റിവിസ്റ്റുകളും സ്ത്രീപക്ഷ പ്രവർത്തകരും സംസാരിക്കുന്നു.
21 Jan 2023, 09:38 AM
ദേശീയ വനിതാ കമീഷനില്‍ 2022 ല്‍ ലഭിച്ച 30,957 പരാതികളില്‍ 31 ശതമാനവും അന്തസ്സോടെ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശലംഘനവുമായി ബന്ധപ്പെട്ടതായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം 9,736 കേസുകളാണ് ഈ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദേശീയ വനിതാ കമീഷന്റെ പ്രതിവര്‍ഷ റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ്.
കേരളത്തിലും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നല്‍കപ്പെടുന്ന പരാതികളിലേറെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ലംഘന വിഭാഗത്തിലാണ്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലും ഈ വിഭാഗത്തിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പരാതി.
മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍, അവര്‍ നേരിടുന്ന അതിക്രമങ്ങളെയും അവകാശ നിഷേധങ്ങളെയും സംബന്ധിച്ച് കൂടുതല്‍ ജാഗ്രത കൈവരിച്ചിട്ടുണ്ട്. അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കുക എന്ന മൗലികാവകാശവുമായി ബന്ധപ്പെട്ട വിചിന്തനങ്ങള്‍ സ്ത്രീകള്‍ക്കിടയില്‍ ശക്തിപ്പെട്ടുവരുന്നു എന്നതിന്റെ സൂചനയാണ്, വിവിധ സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അവര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വരുന്നു എന്ന വസ്തുത. കുടുംബത്തില്‍, തൊഴിലിടങ്ങളില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, രാഷ്ട്രീയപാര്‍ട്ടികളില്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ സ്ത്രീകള്‍ അവരുടെ കര്‍തൃത്വവും അവകാശങ്ങളുമായി ബന്ധപ്പെട്ട ഗൗരവമായ ചോദ്യങ്ങളുയര്‍ത്തുന്നതിന് നാം സാക്ഷിയാകുന്നുണ്ട്. വിവിധ സാമൂഹിക മണ്ഡലങ്ങളില്‍ സ്ത്രീമുന്നേറ്റങ്ങള്‍ ശക്തിപ്പെട്ടുവരുന്നുമുണ്ട്.
സ്ത്രീ അവകാശങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ / സര്‍ക്കാര്‍ ഇതര പദ്ധതികള്‍, കാമ്പയിനുകള്‍, സംരംഭങ്ങള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് പൊതുസമൂഹത്തില്‍ പ്രതിഫലിച്ചത്, വിവിധ പശ്ചാത്തലത്തില്‍ നിന്നുള്ള സ്ത്രീകള്‍ അവരുടെ സാമൂഹിക അന്തസ്സുമായി ബന്ധപ്പെട്ട ചോദ്യത്തെ എങ്ങനെയാണ് അഭിമുഖീകരിക്കുന്നത്, മുഖ്യധാരാ സ്ത്രീമുന്നേറ്റങ്ങള്‍ക്ക് പുറത്തുനിര്‍ത്തപ്പെട്ട സാമൂഹ്യവിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായി, സ്ത്രീകളുടെ സാമൂഹിക പദവിയുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ ഏതെല്ലാം വിധത്തിലാണ് വികസിച്ചുകൊണ്ടിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഈ വിഷയത്തോട് ചേര്‍ത്ത് പറയേണ്ടതുണ്ട്.
സമൂഹവും സ്വന്തവും തമ്മിലുള്ള ഇടർച്ചകൾ
കാലഹരണപ്പെട്ട സദാചാര ബോധങ്ങളില്‍ ഇരയാക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ്, നിയമപോരാട്ടങ്ങളിലൂടെ ആത്മാഭിമാനത്തിനായി കലഹിക്കേണ്ടി വരുന്ന സ്ത്രീകള്‍ നമുക്കുചുറ്റിലുമുണ്ട്. ജനിച്ച്, ജീവിച്ച്, മരിക്കുക എന്നതിനപ്പുറം അന്തസ്സോടെ ജീവിക്കുക എന്ന തീരുമാനത്തിലേക്കാണ് സ്ത്രീകളെത്തുന്നത്. കുടുംബത്തിന്റെയും ചുറ്റുമുള്ളവരുടെയും ശരികളില്‍ ഒതുക്കപ്പെടാതെ ‘എനിക്ക് ഞാനായി തന്നെ അന്തസ്സോടെ ജീവിക്കാനായി ഒറ്റയ്ക്ക് പോരാടുക’ എന്നത് അത്ര എളുപ്പമല്ല. വീടുകളിലും തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസമൂഹത്തിലും അവര്‍ ആത്മാഭിമാനത്തിനും അവകാശ ലംഘനങ്ങള്‍ക്കുമെതിരെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിര്‍വചനങ്ങളിലും കാലാനുസൃതമായി വലിയ മാറ്റം വരുന്നുണ്ട്. ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കണമെന്ന ‘കുസാറ്റി’ന്റെയും കേരള സാങ്കേതിക സർവകലാശാലയുടെയും തീരുമാനവും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റൽ വിദ്യാര്‍ഥികള്‍ സമയ നിയന്ത്രണത്തിനെതിരെ നടത്തിയ നിയമപോരാട്ടവുമെല്ലാം സ്ത്രീകള്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഊന്നിപ്പറയുന്നതായിരുന്നു. പരമ്പരാഗത കുടുംബവ്യവസ്ഥയില്നിന്ന് പുറത്തുവന്നിട്ടില്ലാത്ത സമൂഹത്തിനെയും വ്യക്തിസ്വാതന്ത്രവും ലിംഗ സമത്വവും ആഗ്രഹിക്കുന്ന സ്വന്തത്തെയും ഒരുപോലെ ഉള്‍ച്ചേര്‍ത്ത് മുന്നോട്ടുപോവുകയെന്ന വെല്ലുവിളിയാണ് ഇന്ന് ഓരോ സ്ത്രീയും അഭിമുഖീകരിക്കുന്നത്.

ഭരണഘടനയുടെ 21-ാം അനുഛേദത്തിലാണ് പൗരന്‍മാര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം (right to live with dignity) ഉറപ്പുനല്‍കുന്നത്. ജാതി, ലിംഗഭേദങ്ങളില്ലാതെ എല്ലാവര്‍ക്കും ജീവനും വ്യക്തിസ്വാതന്ത്രത്തിനും അവകാശമുണ്ടെന്ന് അനുശാസിക്കുന്ന ഈ നിയമപരിരക്ഷ ഭരണഘടനാ മൂല്യങ്ങളില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഭരണഘടന അനുശാസിക്കുന്ന ഏതു തരം അവകാശ ലംഘനങ്ങളെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ലംഘനങ്ങളില്‍ ഉള്‍പ്പെടുത്താം. ഇഷ്ടപ്പെട്ട രീതിയില്‍ ജീവിക്കുന്നതില്‍ നിന്നോ, ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യുന്നതില്‍ നിന്നോ, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതില്‍ നിന്നോ തുടങ്ങി വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന എല്ലാത്തിനെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശലംഘന വിഭാഗത്തില്‍ ഉള്‍പ്പെടുത്താം. ചൂഷണങ്ങളും അതിക്രമങ്ങളുമില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാനും തൊഴിലിടത്തില്‍ തുല്യമായി ബഹുമാനിക്കപ്പെടാനുമുള്ള അവകാശം ഈ നിയമപരിരക്ഷയിലൂടെ ലഭിക്കുന്നു. സ്വകാര്യത, ശരിയായ ആരോഗ്യ പരിരക്ഷ, തുല്യമായി ബഹുമാനിക്കപ്പെടാനുള്ള അവകാശം തുടങ്ങിയവ മാനദണ്ഡമാക്കിയാണ് അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ലംഘന വിഭാഗത്തില്‍ ദേശീയ വനിതാ കമീഷന്‍ കേസ് ഫയല്‍ ചെയ്യുന്നത്. ജോലിസ്ഥലങ്ങളിലെ അതിക്രമങ്ങളെയും ലിംഗവിവേചനങ്ങളെയും സംബന്ധിച്ച പരാതികളാണ് അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ലംഘന വിഭാഗത്തില്‍ കേരളത്തിലെ വനിതാ കമീഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മിക്ക കേസുകളും.
മാനസിയുടെ പോരാട്ടം
നഗരപ്രദേശങ്ങളില്‍ നിന്നാണ്, അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ലംഘന വിഭാഗത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് വനിതാ കമ്മീഷനില്‍ നിന്ന് അറിയാനായത്. അന്തസ്സോടെ ജീവിക്കാന്‍ എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഘടനപരമായി ചരിത്രാതീത കാലം മുതലേ സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെയും വിവേചനങ്ങളെയും തിരിച്ചറിഞ്ഞ് അതിനെതിരെ പോരാടാന്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ സാധിക്കുന്നുള്ളൂ. അത്തരത്തില്‍ സാമൂഹിക-സാഹചര്യങ്ങളോടെല്ലാം ഒറ്റയ്ക്ക് പോരാടി, പരിശ്രമങ്ങളിലൂടെ സംരംഭക മേഖലയില്‍ വിജയം കൈവരിച്ച സ്ത്രീയാണ് മാനസി.
സാമ്പത്തികമായി സ്വതന്ത്രയല്ലാത്തതിന്റെ പേരില്‍ സ്ത്രീകള്‍ വീടുകളില്‍ അനുഭവിക്കുന്ന വിവേചനങ്ങളെയും അരക്ഷിതാവസ്ഥകളെയും തിരിച്ചറിഞ്ഞാണ് മാനസി വളര്‍ന്നത്. സ്ത്രീയെന്ന നിലയില്‍ പരമ്പരാഗത കുടുംബവ്യവസ്ഥിതികളില്‍ അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങളെല്ലാം വിവാഹത്തിലൂടെ മറികടക്കാമെന്നാഗ്രഹിച്ചിരുന്നു. പക്ഷേ വിവാഹത്തിനു ശേഷവും ഇടങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെടുകയാണെന്ന തിരിച്ചറിവിലാണ് വീട്ടിൽ നിന്ന് മാറി താമസിക്കാൻ മാനസി തീരുമാനിക്കുന്നത്. ആത്മാഭിമാനത്തോടെ ജീവിക്കാന്‍ ആരുടെയും ആശ്രയത്തിന് കാത്തിരിക്കേണ്ടതില്ലെന്ന് ജീവിതത്തെ തിരുത്തിയെഴുതാനുള്ള ശ്രമങ്ങളും അന്വേഷണങ്ങളുമാണ് ഇന്ന് ബൊട്ടിക്ക് മേഖലയില്‍ സ്വന്തമായ മേല്‍വിലാസം നേടിയെടുക്കാന്‍ മാനസിയെ പ്രാപ്തയാക്കിയത്. സമര്‍ദ്ദങ്ങളില്‍ വഴങ്ങാതെ കൈക്കുഞ്ഞുമായി ആത്മാഭിമാനത്തിനായി നടത്തിയ പോരാട്ടങ്ങളൊന്നും മാനസി എളുപ്പത്തിലല്ല മറികടന്നത്. കഷ്ടപ്പെട്ടാണെങ്കിലും സ്വന്തം തീരുമാനങ്ങള്‍ ശരിയാണെന്ന് സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാനാകുമെന്നാണ് ജീവിതത്തിലൂടെ ബോധ്യപ്പെട്ടതെന്ന് മാനസി പറയുന്നു:

""ആത്മാഭിമാനത്തിന് വില നല്‍കാത്ത ഒരിടത്തും നിന്ന് സമയം കളയരുതെന്നാണ് ജീവിതത്തിലൂടെ പഠിച്ചത്. നമുക്ക് അര്‍ഹിച്ച ബഹുമാനം കിട്ടാത്ത ഇടങ്ങളില്‍ നിന്നെല്ലാം ഇറങ്ങിപ്പോരാന്‍ കഴിയണം. ബാല്യത്തിലെ അരക്ഷിതാവസ്ഥകള്‍, വിവാഹത്തിലൂടെ രക്ഷപ്പെടാനാകുമെന്ന സാധ്യതയാണ് തന്നത്. പക്ഷേ ഒരു രക്ഷകനെ പ്രതീക്ഷിച്ചിരിക്കുന്നതിനെക്കാള്‍ സ്വയം പര്യാപ്തതയിലേക്ക് എത്തുന്നതാണ് വഴിയെന്ന് മനസ്സിലായി. ഒറ്റയ്ക്ക് മുന്നോട്ടുപോവുക എന്നതിനെ വെല്ലുവിളിയായി തിരിച്ചറിഞ്ഞ് പൊരുതണം. പോരാടുന്ന സ്ത്രീകളെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പുതിയ മനുഷ്യര്‍ തന്നെയാണ് എനിക്കെന്നും ധൈര്യം നല്‍കിയത്. ''
അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ലംഘനം ആഴത്തിലുള്ള പ്രശ്‌നമാണന്ന് തിരിച്ചറിഞ്ഞ് സ്ത്രീകള്‍ നിയമപരമായി പോരാടുന്നതിനെ പോസിറ്റീവായി കാണണമെന്നാണ്, സ്ത്രീപ്രശ്നങ്ങളിൽ ഇടപെടുന്ന അഡ്വ. മായ കൃഷ്ണനും അഡ്വ. പി.എം. ആതിരയും പറയുന്നത്. സ്ത്രീപ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാനും നിയമപരമായി മുന്നോട്ടുപോകാനും തയ്യാറാകുമ്പോഴാണ് പരാതികള്‍ കൂടുന്നത്. ഇമോഷണലും ഇക്കണോമിക്കലും ഫിസിക്കലും സെക്ഷ്വലുമായ അതിക്രമങ്ങൾക്കെതിരെ നിരവധി സ്ത്രീകള്‍ നിയമപരമായി പോരാടാൻ മുന്നോട്ടുവരുന്നുണ്ട്. തങ്ങള്‍ നേരിടുന്ന ചൂഷണങ്ങളും അവകാശ നിഷേധങ്ങളും അവർ തന്നെ തിരിച്ചറിയുകയെന്നത് പ്രധാനമാണന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അനുപമയുടെ കുടുംബപോരാട്ടങ്ങൾ
അന്തസ്സോടെ ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അടിസ്ഥാനപരമായി കുടുംബങ്ങളില്‍ നിന്നാണ് സംസാരിച്ച് തുടങ്ങേണ്ടത്.
നിയമപരിരക്ഷകള്‍ക്കുപോലും പരിഹരിക്കാനാകാത്ത വിധം സൂക്ഷമാര്‍ത്ഥത്തിലാണ് കുടുംബങ്ങളില്‍ ലിംഗവിവേചനം നിലനില്‍ക്കുന്നത്. എന്തു കാര്യം ചെയ്യണമെങ്കിലും എങ്ങോട്ട് പോകണമെങ്കിലും അനുവാദങ്ങള്‍ക്ക് കാത്തിരിക്കേണ്ട സ്ത്രീകളാണ് ഓരോ വീടുകളിലുമുള്ളത്ഇത്തരത്തിൽ വീട്ടിൽ പോലും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ബന്ധുക്കളുടെ അനുവാദ സർട്ടിഫിക്കറ്റ് കിട്ടേണ്ട അവസ്ഥയ്ക്കെതിരെയായിരുന്നു അനുപമയുടെ നിയമപോരാട്ടം. വീട്ടിൽ ഷോർട്സ് ധരിക്കുന്നതിനെതിരെ ഒരു ബന്ധു വീട്ടിലെത്തി ബഹളമുണ്ടാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഇയാളുടെ ഭീഷണികളും തെറിവിളികളും പേഴ്‌സണല്‍ സ്‌പേസിലേക്കുള്ള നിരന്തരം ഇടപെടലുകളും തുടർന്നതോടെ പോലീസിലും വനിതാ കമ്മീഷനിലും പരാതിപ്പെടുകയായിരുന്നു. പരാതി നൽകിയതോടെ ആരുടെയും പിന്തുണയില്ലാത്ത വിധം അനുപമ കുടുംബത്തിൽ ഒറ്റപ്പെട്ടു. സ്വന്തം താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം കുടുംബത്തിന്റെ സകല ഇടങ്ങളില്‍ പുറത്താക്കപ്പെടുകയും അവരെ സദാചാരം പഠിപ്പിക്കാന്‍ ഇറങ്ങുന്നവരെല്ലാം സ്വീകരിക്കപ്പെടുകയും ചെയ്യുന്ന വിരോധാഭാസമാണ് നമ്മുടെ കുടുംബങ്ങളെ ഇന്നും നിയന്ത്രിക്കുന്നതെന്ന് അനുപമ പറയുന്നു:

‘‘ആത്മാഭിമാനമുള്ള, സ്വതന്ത്ര്യബോധമുള്ള സ്ത്രീകള്‍ എന്നും കുടുംബത്തിനകത്ത് പാകമാവാത്ത ഉടലുകളാണെന്ന് ഞാന്‍ മനസ്സിലാക്കി. എന്റെ ദേഹത്തെ കുറിച്ച് ചുറ്റുമുള്ളവര്‍ ജാഗരൂഗരാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് പാകമായ ഉടുപ്പുകള്‍ അവരുടെ സദാചാരബോധത്തെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ ‘വേശ്യ’ എന്ന പേരിട്ടുവിളിക്കാന്‍ അവര്‍ എല്ലാ സമയവും തയ്യാറായിരുന്നു. സ്വന്തം താത്പര്യമനുസരിച്ച് ഉടുത്തൊരുങ്ങുന്ന, ആണ്‍സുഹൃത്തുക്കളുള്ള സ്ത്രീകളെ അവര്‍ക്കെളുപ്പം ‘വേശ്യ’ എന്നു വിളിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അതിന് കുടുംബത്തിനകത്തുനിന്ന് ലഭിക്കുന്ന പിന്തുണ വലുതായിരിക്കും. സുരക്ഷിതമായി, സ്വതന്ത്രമായി ജീവിക്കാന്‍ പറ്റുന്ന ഇടം വീടും കുടുംബവുമാണെന്ന് പറയുന്ന സ്ത്രീകള്‍ വളരെ കുറവായിരിക്കും. നിരന്തരം അപമാനിക്കപ്പെടാന്‍ പാകത്തിലാണ് അവര്‍ പലരും വീടുകളില്‍ കഴിയുന്നത്.''
കപടസദാചാരബോധങ്ങളില്‍ നിന്ന് പുറത്തുവരേണ്ടതുണ്ട്
സ്ത്രീയുടെ ആത്മാഭിമാനത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്ത കുടുംബങ്ങളിലെ അധികാര ഘടനകളെക്കുറിച്ച് സ്ത്രീകള്‍ തിരിച്ചറിയണം. സമൂഹത്തിന്റെയും കുടുംബത്തിന്റെയും തീരുമാനങ്ങളെ പിന്തുടര്‍ന്ന് ജീവിക്കാന്‍ ഇന്നും നിരവധി സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നുണ്ട്. സമൂഹം വരച്ചുവെച്ചിരിക്കുന്ന കുലസ്ത്രീ മാതൃകകളില്‍നിന്ന് പുറത്തുവരാനാണ് സ്ത്രീകള്‍ ആദ്യം ശ്രമിക്കേണ്ടതെന്നാണ് ആദ്യകാല സ്വതന്ത്ര സ്ത്രീവിമോചനപ്രസ്ഥാനങ്ങളില്‍ ഒന്നായ പ്രചോദനയില്‍ തുടങ്ങി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ.എ.കെ. ജയശ്രീ പറയുന്നത്.
ഉള്ളില്‍ വേരാഴ്ന്നു നില്‍ക്കുന്ന കപട സദാചാരബോധങ്ങളില്‍നിന്ന് പുറത്തുവന്നാല്‍ മാത്രമേ അന്തസ്സിനെക്കുറിച്ച് സ്ത്രീകള്‍ക്ക് ചിന്തിച്ച് തുടങ്ങാനാവൂകയുള്ളു. കണ്‍വെന്‍ഷലായ കാര്യങ്ങളില്‍ നിന്ന്വ്യതിചലിക്കുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ സമൂഹത്തില്‍നിന്ന് നേരിടേണ്ടി വരാം. പക്ഷേ അതിനോടൊക്കെ എതിര്‍ത്തുനില്‍ക്കാനുള്ള ധൈര്യം സ്ത്രീകള്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്. സ്ത്രീകള്‍ സ്വയം സംഘടിച്ച് തന്റെ അവകാശ നിഷേധങ്ങള്‍ക്കെതിരെ പോരാടുമ്പോഴാണ് ശാക്തീകരണം സാധ്യമാകുന്നതെന്നും ജയശ്രീ കൂട്ടിച്ചേര്‍ത്തു.
വർഗപ്രശ്നം കൂടിയാണ്, സ്ത്രീപ്രശ്നം
തന്റെ ജീവിതത്തിനുമേലുള്ള സമഗ്രാധികാരം തനിക്കുമാത്രമാണെന്ന തിരിച്ചറിവില്‍ നിന്നാണ് സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുന്നത്. സ്ത്രീകള്‍ സ്വാഭിമാനികളായി ഉയര്‍ന്നുവരണമെന്നുതന്നെയാണ് ശാക്തീകരണ പ്രക്രിയയുടെ പ്രധാന ഉദ്ദേശ്യം. സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ- മത മേഖലകളില്‍ നവീകരണം സാധ്യമായാല്‍ മാത്രമേ ശാക്തീകരണത്തിലേക്ക് സ്ത്രീകള്‍ക്ക് എത്താനാവുകയുള്ളൂ. അതിന് സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ലിംഗനീതി ഉറപ്പുവരുത്തി, പൊതുജീവിതം നയിക്കാനുള്ള അവസരം സ്ത്രീകള്‍ക്ക് ലഭിക്കേണ്ടതുണ്ട്. സ്വന്തമായി തീരുമാനങ്ങളെടുക്കാനും അധികാര പങ്കാളിത്തത്തിനും ശാക്തീകരണം വഴി സ്ത്രീകള്‍ പ്രാപ്തരാകുന്നുണ്ട്. സ്ത്രീകള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത്, സംഘടിച്ച് ഉയര്‍ന്നുവന്നതിന്റെ ഒരു വലിയ പങ്ക് സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കുമുണ്ട്. ഇരുപതാം നുറ്റാണ്ടിന്റെ ആദ്യ കാലങ്ങളില്‍ സ്ത്രീകളുടെ പത്രാധിപത്യത്തില്‍ ആരംഭിച്ചിരുന്ന സ്ത്രീമാസികകളിലൂടെയാണ് കേരളത്തില്‍ സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്രങ്ങളെയും സംബന്ധിച്ച ബൗദ്ധികമായ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. 1930കളോടെ രൂപീകരിച്ച അന്തർജ്ജന സമാജങ്ങളും മഹിളാ സമാജവും മുസ്ലിം മഹിളാ സമാജവും പോലുള്ള നവോത്ഥാന ആശയങ്ങൾ ഉൾക്കൊണ്ട് വിവിധ സമുദായങ്ങളിൽ രൂപപ്പെട്ട സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങൾ യാഥാസ്ഥിതികതയെ പൊളിച്ചെഴുതാൻ സഹായിച്ചു. ഇതിന് തുടർച്ചയായി ആധുനിക കാലത്ത് രൂപം കൊണ്ട ഫെമിനിസ്റ്റ് മൂവ്മെൻറുകൾ സ്ത്രീജീവിതത്തിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾക്കുള്ള വഴി തുറന്നു. 1980കളിലെ അന്താരാഷ്ട്ര വനിതാ ദശകത്തിന്റെ ഭാഗമായുണ്ടായിരുന്ന പ്രചരണപരിപാടികള്‍ക്ക് കേരളത്തിലും പിന്‍തുടര്‍ച്ചകളുണ്ടായി. എണ്‍പതുകളിലും തൊണ്ണൂറുകളിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തിയും സമരം ചെയ്തും കേരളത്തിലെ ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ അവകാശ സംരക്ഷണത്തിന് വേണ്ടി പോരാടിയിരുന്നു. ലൈംഗികതൊഴിൽവിഭാഗങ്ങളിലേതുപോലെ അരികുവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ആത്മാഭിമാന പോരാട്ടങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടി.
1985ല്‍ എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തില്‍ അദ്ധ്യാപികന്മാരും വിദ്യാര്‍ഥിനികളും രൂപം നല്‍കിയ മാനുഷി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങൾക്കും പീഡനങ്ങള്‍ക്കും എതിരെ ശബ്ദമുയര്‍ത്തിയ വനിതാ സംഘടനയായിരുന്നു. തൃശൂരിലെ മായന്നൂരില്‍ സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ ഊരുവിലക്ക് കല്‍പ്പിക്കപ്പെട്ട ബാലാമണിക്കുവേണ്ടിയുള്ള സംഘടനയുടെ ഇടപെടല്‍ പൊതുശ്രദ്ധ നേടി. 1986 ല്‍ മേഴ്‌സി അലക്‌സാണ്ടര്‍, ഏലിയാമ്മ വിജയന്‍, ജയശ്രീ, ഗംഗ, ജെ.ഗീത തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സ്വാതന്ത്ര സ്ത്രീവിമോചന സംഘടനയായ പ്രചോദന, സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കും സ്ത്രീധനം പോലുള്ള സാമൂഹിക അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി പോരാടിയ സംഘടനയായിരുന്നു. 1987ല്‍ രൂപം കൊണ്ട ബോധന, മലപ്പുറംകാരി കുഞ്ഞീബിയുടെ ലോക്കപ്പ് കൊലപാതകത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് ശ്രദ്ധേയമാകുന്നത്. മലബാറിലെ സ്ത്രീകള്‍ നേരിട്ട പ്രധാന പ്രശ്‌നങ്ങളിലെല്ലാം ഇവര്‍ ഇടപെട്ടിരുന്നു.
ചര്‍ച്ചാവിഷയമായ സൂര്യനെല്ലി, വിതുര ലൈംഗികപീഡന കേസുകളില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ പ്രസ്ഥാനമായിരുന്നു അന്വേഷിയും കേരളസ്ത്രീവേദി പോലുള്ള സംഘടനളും. സാധാരണ കൂടുംബങ്ങളില്‍ നിന്നു വരുന്ന സ്ത്രീകള്‍ക്കും സംസാരിക്കാൻ ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ അജിത, വിജി, ലളിത, സാവിത്രി, അംബുജം തുടങ്ങിയവരാണ് അന്വേഷി ആരംഭിക്കുന്നത്. വ്യക്തിനിയമങ്ങളില്‍ ജനാധിപത്യപരമായ മാറ്റം ആവശ്യപ്പെട്ട് മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ സ്വാതന്ത്രത്തിനും സാമൂഹികമായ ഉന്നമനത്തിനുമായി 1997ല്‍ ഉയര്‍ന്നുവന്ന സംഘടനയാണ് നിസ.
2002- ല്‍ അട്ടപ്പാടിയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, കുട്ടികള്‍ക്കെതിരായ പീഡനം തടയുക, ലഹരി വിമുക്തമാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ ആരംഭിച്ച അട്ടപ്പാടിയിലെ ആദിവാസി പെണ്‍കൂട്ടായ്മയാണ് തായ്ത്തല സംഘം. ദീപ വാസുദേവന്റെ നേതൃത്വത്തില്‍ സ്ത്രീകളിലെ ലൈംഗിക സ്വത്വങ്ങളെയും ,സാമൂഹിക സാഹചര്യങ്ങളെയും തിരിച്ചറിഞ്ഞ് മനുഷ്യാവകാശ ഇടപെടല്‍ നടത്തുന്ന സംഘടനയാണ് സഹയാത്രിക. ഇതുകൂടാതെ തിരുവല്ലയിലെ ദലിത് വുമണ്‍ സൊസൈറ്റി, ജ്വാലാമുഖി, ഗ്രാമീണ വനിതാ സംഘം തുടങ്ങിയ ചെറുതും വലുതുമായ നിരവധി കൂട്ടായ്മകളും ഇതിൽ ഉള്‍പ്പെടുന്നുണ്ട്
ഈ കൂട്ടായ്മകളെ കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും ലഘൂകരിക്കാന്‍ കേന്ദ്ര- സംസ്ഥാന തലങ്ങളില്‍ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ സവിശേഷമായി പഠിച്ച് ശാസ്ത്രീയമായ പരിഹാരമാർഗങ്ങള്‍ നിർദ്ദേശിക്കാനുതകുന്ന രീതിയിൽ പദ്ധതികള്‍ ആവിഷ്കരിച്ചാൽ മാത്രമേ വിജയിക്കുകയുള്ളു. വനിതാ സെല്ലുകളും സ്ത്രീസുരക്ഷക്കായി നയങ്ങളും രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം അടിത്തട്ടിലെ മനുഷ്യരെ കൂടി പരിഗണിക്കുന്ന വിധത്തില്‍ ഉയര്‍ന്നിട്ടുണ്ടോയെന്നത് സംശയമാണ്.
കേരളത്തിലെ ആദ്യകാല സ്ത്രീപോരാട്ടങ്ങളായി അവകാശപ്പെടാവുന്ന മാറുമറയ്ക്കല്‍ സമരവും മേല്‍മുണ്ട് സമരവും രൂപംകൊണ്ടത് കീഴാളവിഭാഗങ്ങളില്‍ നിന്നായിരുന്നെങ്കിലും പിന്നീട് പ്രബലമായ സ്ത്രീവിമോചന പ്രസ്ഥാനങ്ങള്‍ക്ക് പാര്‍ശ്വവത്കൃത വിഭാഗക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിഞ്ഞില്ലെന്നത് പോരായ്മയായിരുന്നു. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് മധ്യവര്‍ഗ വിഭാഗങ്ങളിലെ സ്ത്രീകളാണ് കടന്നുവരുന്നത് എന്നതുകൊണ്ടു തന്നെ സംഘടനകളും ശാക്തീകരണ പ്രവര്‍ത്തനങ്ങളും പലപ്പോഴും മധ്യവര്‍ഗ സ്ത്രീകളുടെ ഉന്നമനത്തിനും പ്രശ്നപരിഹാരങ്ങൾക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീശാക്തീകരണത്തിന് ഇത്ര പദ്ധതികളും പരിപാടികളുമുണ്ടായിട്ടും എന്തുകൊണ്ട് കേരളത്തില്‍ ആത്മാഭിമാനത്തിനു വേണ്ടി സ്ത്രീകള്‍ക്ക് പോരാടേണ്ടി വരുന്നു എന്നതിനെ, വിവിധ വര്‍ഗ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി തിരിച്ചറിയേണ്ടതുണ്ട്.
മുക്കുവ, ആദിവാസി സ്ത്രീകളെ മാറ്റിനിർത്തുന്ന സമൂഹം
അസമത്വവും സമ്പത്തിന്റെ വിവേചനപൂർണമായ വിതരണവും ലിംഗ- വര്‍ഗ വിവേചനം രൂക്ഷമാക്കുന്നു. പാട്രിയാര്‍ക്കി സിസ്റ്റത്തിനകത്ത് സ്ത്രീകള്‍ രണ്ടാംകിടക്കാരായി മാത്രമേ കണക്കാക്കപ്പെടുകയുള്ളൂ. അതുകൊണ്ടുതന്നെ, വര്‍ഗപരായ അസമത്വത്തിലൂടെ വീണ്ടും ബഹിഷ്കൃതരാക്കപ്പെടുന്ന പാര്‍ശവത്കൃത വിഭാഗങ്ങളെക്കുറിച്ചും സംസാരിക്കേണ്ടതുണ്ട്. വീടുകളില്‍ ലിംഗസമത്വമുള്ളവർക്കും പൊതുസമൂഹത്തില്‍ വ്യക്തിയെന്ന നിലയില്‍ അന്തസ്സോടെ ജീവിക്കാനും തുല്യരായി ബഹുമാനിക്കപ്പെടാനുമുള്ള അവകാശത്തിനായി നിരന്തരം പോരാടേണ്ടിവരുന്നുണ്ട്. അത്തരമൊരു വിഭാഗമാണ് മത്സ്യത്തൊഴിലാളി സ്ത്രീകള്‍. മുക്കുവ സ്ത്രീകള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനും അവരുമായി ഇടപഴകുന്നതിനും പൊതുസമൂഹം എന്നും വിമുഖത കാണിച്ചിരുന്നു. വ്യാപാര ആവശ്യങ്ങള്‍ക്കായി ആത്മാഭിമാനത്തോടെ സഞ്ചരിക്കാൻ ബസും ലോക്കല്‍ ട്രെയിന്‍ ബോഗികളും നിയമപരമായി നേടിയെടുത്തിന്റെ ചരിത്രവും അവര്‍ക്ക് മുന്നിലുണ്ട്. ഐ.ടി സെക്റ്റര്‍ ജോലികളില്‍പ്പെടാത്തവരെല്ലാം രണ്ടാംകിടക്കാരാണെന്ന പൊതുബോധം, മത്സ്യത്തൊഴിലാളികളെ രണ്ടാം വിഭാഗക്കാരായി മുദ്ര കുത്തുന്നുവെന്ന് മത്സ്യത്തൊഴിലാളി അവകാശപ്രവര്‍ത്തക മാഗ്ലീന്‍ പീറ്റര്‍ പറയുന്നു:

‘‘മുക്കുവ സ്ത്രീകളാണെന്ന് പറഞ്ഞ് ഇന്നും പല ഇടങ്ങളില്‍ നിന്നും ഞങ്ങളെ മാറ്റിനിര്‍ത്താറുണ്ട്. പുരോഗമനക്കരാണെന്ന് സ്വയം പറയുന്നവര്‍ പോലും നമ്മളെ തുല്യരായി അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഞങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമാണ് അവര്‍ക്ക് പ്രശ്‌നമാകുന്നത്. എന്നാല്‍ ഞങ്ങള്‍ വില്‍ക്കുന്ന മീൻ കഴിക്കുന്നതിന് അവര്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഇനിയും സമൂഹത്തിന്റെ അവഗണനകളില്‍ ഉള്‍വലിഞ്ഞ് ജീവിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല. പൊതുഇടങ്ങളെല്ലാം ഞങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണല്ലോ. '' സ്ത്രീകളെന്നും മുക്കുവത്തികളെന്നുമുള്ള സമൂഹത്തിന്റെ ഇരട്ട പിന്തള്ളലിനെക്കുറിച്ച് ഉറക്കെ സംസാരിച്ചുകൊണ്ടുതന്നെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതേ വര്‍ഗപരമായ പ്രശ്‌നമാണ് ആദിവാസി വിഭാഗങ്ങളിലെ സ്ത്രീകളും അനുഭവിക്കുന്നത്. അന്തസ്സോടെ ജീവിക്കാൻ ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന ആവശ്യങ്ങള്‍ പോലും ആദിവാസികള്‍ക്ക് ലഭിക്കുന്നില്ല. സാമുഹിക- സാമ്പത്തിക- ആരോഗ്യ പ്രശ്‌നങ്ങളൊടൊപ്പം ആദിവാസിയെന്ന പിന്തള്ളലുകളും പൊതുസമൂഹത്തില്‍നിന്ന് നേരിടേണ്ടി വരുന്നുണ്ട്. ആദിവാസി സ്ത്രീകളുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം അംഗീകരിക്കാന്‍ പോലും പൊതുസമൂഹവും സര്‍ക്കാരും തയ്യാറായിട്ടില്ലെന്നാണ് ആദിവാസി ആക്ടിവിസ്റ്റായ ചിത്ര പറയുന്നത്:

""കേരളത്തിലെ നിയമവും സര്‍ക്കാരുമൊന്നും ആദിവാസി സ്ത്രീകളുടെ ആത്മാഭിമാനത്തിന് യാതൊരു പരിഗണനയും നല്‍കാറില്ല. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന് നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും അത് പരിഗണിക്കാന്‍ പോലും പൊലീസുകാര്‍ തയ്യാറാകാറില്ല. സംഘടനാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്ന ആദിവാസി സ്ത്രീകളെ പോലും പരപുരുഷ ബന്ധം ആരോപിച്ച് പരിഹസിക്കാനാണ് പൊതുസമൂഹം ശ്രമിക്കുന്നത്. അനുഭവങ്ങളില്‍ നിന്നാണ് സംസാരിക്കുന്നത്. ആദിവാസി അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന എല്ലാ സ്ത്രീകളും ഇത്തരം നിരവധി പരിഹാസങ്ങൾ നേരിട്ടുതന്നെയാണ് മുന്നോട്ട് പോകുന്നത്. ഞങ്ങളുടെ ആത്മാഭിമാനത്തിനൊന്നും ആരും ഒരു വിലയും തരാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.’’
ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ പാവസ്ഥാപനമായി പ്രവര്‍ത്തിക്കുന്ന വനിതാകമീഷനുകള്‍ക്കും വനിതാ സെല്ലുകള്‍ക്കും ആദിവാസി സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കില്ലെന്നാണ് ചിത്ര പറയുന്നത്. ഇതേ അഭിപ്രായം തന്നെയാണ് ആദിവാസി ആക്ടിവിസ്റ്റ് അമ്മിണി വയനാടും പങ്കുവെക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള നിയമപരിരക്ഷ ആദിവാസി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ നേരിടുന്ന മാനസികവും ശാരീരികവുമായ ചൂഷണങ്ങള്‍ക്കെതിരെ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ സര്‍ക്കാറിന് മേല്‍ സമര്‍ദ്ധം ചെലുത്തിയിരുന്നു. ഈ ആവശ്യങ്ങളുടെ ഫലമായാണ് കേരളത്തില്‍ വനിതാ നയങ്ങളും വനിതാ കമ്മീഷനുകളും സ്‌പെഷ്യല്‍ കോടതികളും രൂപീകരിക്കുന്നതെന്നും എല്ലാം വര്‍ഗവിഭാഗങ്ങളിലെയും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാനും നീതി നടപ്പാക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് മുന്‍കൈയ്യെടുക്കേണ്ടതെന്നുമാണ് സ്ത്രീവിമോചന പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സി.എസ് ചന്ദ്രിക പറയുന്നത്:

""വനിത കമീഷനിലും മറ്റും ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചാൽ, പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ പ്രശ്നങ്ങളിലുള്ള പരാതികള്‍ കുറവാണെന്ന് കാണാം. പരാതികളുമായി മുന്നോട്ടു പോകാനുള്ള സപ്പോർട്ട് സിസ്റ്റം ഇവരെ അപേക്ഷിച്ച് മധ്യവർഗ- ഉന്നത വിഭാഗങ്ങളിലെ സ്ത്രീകൾക്കാണ് കൂടുതലായും ലഭിക്കുന്നത്. ഫെമിനിസ്റ്റ് ഗ്രൂപ്പുകളിലെ ജാതി വിഭാഗീയത യാഥാര്‍ത്ഥ്യമാണ്. സിവിക്ക് ചന്ദ്രനെതിരെ മീറ്റു ആരോപണം വന്നപ്പോള്‍ പോലും ഫെമിനിസ്റ്റ് ഗ്രൂപ്പുകളില്‍ ഈ ധ്രൂവീകരണം വ്യക്തമായിരുന്നു. സ്തീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ ഇതിനെ മറികടക്കാൻ ശ്രമിക്കണം. നിയോലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെയും കമ്പോളത്തിന്റെ അക്രമാസക്തമായ ഇടപെടലുകളുടെയും ഭാഗമായി ഇന്ന് സ്ത്രീകള്‍ ഒരു സംഘടിത പ്രസ്ഥാനങ്ങളില്‍ നിന്ന് വ്യതിചലിച്ച് സ്വതന്ത്രചിന്തകളുള്ള വ്യക്തികളായി മാറികൊണ്ടിരിക്കുകയാണ്. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കിന്ന് ഒരു രൂപമില്ല. പ്രസ്ഥാനങ്ങളെക്കാള്‍ ഫെമിനിസ്റ്റ് ഇന്‍ഡിവിജ്വലുകളാണുള്ളത്. സാമൂഹിക മാധ്യമങ്ങള്‍ക്ക് അതില്‍ വലിയൊരു പങ്കുണ്ട്. പക്ഷേ ഇതിന് ഒരു പോലെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഉദാഹരണത്തിന് ആര്‍ത്തവ അവധിയെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ടുതരം വാദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നങ്ങളിലും ഇത്തരത്തില്‍ സ്ത്രീകളിൽ നിന്ന് തന്നെ രണ്ട് വിഭാഗങ്ങളുണ്ടാകുന്നത് ഫെമിനിസ്റ്റ് കളക്റ്റീവ് വോയ്സിനെ ചിലപ്പോള്‍ ബാധിക്കാറുണ്ട്.''
നവോത്ഥാനമുന്നേറ്റങ്ങളിലൂടെ കേരളത്തിലെ സ്ത്രീകള്‍ തുടങ്ങിവെച്ച പരിഷ്കരണ പ്രവർത്തനങ്ങളാണ് ഇന്നത്തെ സ്വാതന്ത്ര- അവകാശ ബോധങ്ങളുള്ള ആധുനിക സ്ത്രീയിലേക്ക് എത്തി നിൽക്കുന്നതെന്നും സി.എസ്. ചന്ദ്രിക കൂട്ടിച്ചേർത്തു. ഇന്ന് കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും സമൂഹത്തിലും സ്ത്രീകള്‍ നിരന്തരം സംഘര്‍ഷം നേരിടുന്നുണ്ട്. തന്റെ ജീവിതം തന്റെ ജീവിതം മാത്രമാണെന്ന് എത്ര ഉറച്ച ശബ്ദത്തോടെ പറയാന്‍ സാധിക്കുമെന്ന് സ്ത്രീകള്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണ്. സ്വതന്ത്രയാണെന്ന് വിശ്വസിക്കുമ്പോഴും ചില കരുതലുകളില്‍, സ്‌നേഹങ്ങളില്‍, ശാസനകളിലേക്ക് തഴയപ്പെടുന്ന ഒന്നിനെയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന വലിയ യാഥാര്‍ത്ഥ്യവും അവർ തിരിച്ചറിയുകയാണ്. സമൂഹം കല്‍പിച്ചുവെച്ച രൂപങ്ങളില്‍ ജീവിക്കാതെ തനിക്ക് ഞാനായി തന്നെ ജീവിക്കണമെന്നും ഇത് തന്റെ ജീവിതമാണെന്നും അടിവരയിട്ട് പറയുന്ന സ്ത്രീകളുടെ പോരാട്ടത്തെ ചെറുതായി കാണാനാവില്ല.
ഇത്ര പുരോഗമിച്ചിട്ടും സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കാന്‍ കഴിയാത്ത ഇടങ്ങളായി ഇന്നും രാജ്യവും സംസ്ഥാനവും തുടരുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാലങ്ങളായി തുടരുന്ന നിയമപരിരക്ഷകള്‍ക്ക് ഈ വിവേചനങ്ങളില്‍ കുറവുവരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് തുടര്‍ച്ചയായ ഏഴു വര്‍ഷങ്ങളിലും അന്തസ്സോടെ ജീവിക്കാനുള്ള അവകാശ ലംഘന വിഭാഗത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികൾ വ്യക്തമാക്കുന്നത്.
കാലാനുസൃതമായി സമൂഹത്തിലെ എല്ലാം വിഭാഗക്കാരെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍, സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍, സാമൂഹിക വ്യവസ്ഥിതിയിൽ ഒരു രാഷ്ട്രീയ മാറ്റം നടക്കേണ്ടതുണ്ട്. വീടുകളിലും തൊഴിലിടങ്ങളിലും സാമൂഹികമായും നേരിടേണ്ടിവരുന്ന വിവേചനങ്ങളെ തിരിച്ചറിഞ്ഞ് സ്ത്രീകള്‍ മുന്നോട്ടുവരുന്ന സന്ദര്‍ഭത്തില്‍, അവരെ മാതൃകകളായി തിരച്ചറിഞ്ഞുകൊണ്ടുതന്നെ പ്രവര്‍ത്തിക്കാന്‍ എല്ലാ സ്ത്രീകള്‍ക്കും സാധിക്കേണ്ടതുണ്ട്. വര്‍ഗപരമായ വേര്‍തിരിവുകളില്ലാതെ എല്ലാ സ്ത്രീകളുടെയും ഉന്നമനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് കൂട്ടായ്മകളും പദ്ധതികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും എത്തേണ്ടതുണ്ട്. സ്വാതന്ത്ര്യം ആരും അനുവദിച്ച് തരേണ്ടതല്ലെന്നും സ്ത്രീകള്‍ തിരിച്ചറിയണം. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് തങ്ങള്‍ സമ്പാദിക്കുന്ന പണം ഇഷ്ടാനുസരണം ചെലവഴിക്കാനുള്ള അവസരം ലഭിക്കുമ്പോള്‍ മാത്രമേ സ്വാതന്ത്ര്യം പൂര്‍ണമാകുന്നുള്ളൂ എന്ന തിരിച്ചറിവ് നേടേണ്ടതുണ്ട്. ദൈനംദിന ജീവിതത്തില്‍ അനുഭവിക്കേണ്ട വരുന്ന വിവേചനങ്ങൾ തിരിച്ചറിയാനും അവയെ വിചാരണ ചെയ്യാനും സ്ത്രീകള്‍ തയ്യാറാകേണ്ടതുണ്ട്. അവകാശങ്ങളെക്കുറിച്ച് ബോധ്യമുളളവര്‍ക്കേ അതിനെതിരെ പ്രതികരിക്കാന്‍ കഴിയുകയുള്ളൂ.
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
റിദാ നാസര്‍
Jan 22, 2023
2 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
റിദാ നാസര്‍
Dec 24, 2022
5 Minutes Read
Think
Dec 21, 2022
4 Minutes Read
റിദാ നാസര്‍
Dec 07, 2022
10 Minutes Read
റിദാ നാസര്‍
Dec 01, 2022
4 minutes read
റിദാ നാസര്‍
Nov 23, 2022
4 Minutes Watch
എം.സുല്‍ഫത്ത്
Nov 22, 2022
7 Minutes Read