കേരളത്തെ മാറ്റിമറിക്കും, ഗെയിൽ പൈപ്പ്​ലൈൻ പദ്ധതി

കൊച്ചി- കൂറ്റനാട്- മംഗലാപുരം ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ജനുവരി അഞ്ചിന് പ്രധാനമന്ത്രി ഔദ്യോഗികമായി നാടിനുസമർപ്പിക്കുകയാണ്. 2009 ൽ തുടങ്ങി 2013 ൽ തീരേണ്ടിയിരുന്ന പദ്ധതിയാണ് ഏറെ വിവാദങ്ങൾക്കും വെല്ലുവിളികൾക്കു ശേഷം പൂർത്തിയാകുന്നത്. ഇന്ത്യൻ വ്യാവസായിക സമ്പദ്‌വ്യവസ്ഥ, പ്രകൃതി വാതക കേന്ദ്രീകൃത സമ്പദ് വ്യസ്ഥയായി പരിണമിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, ഈ പദ്ധതിയുടെ ദേശീയവും അന്തർദേശീയവുമായ പ്രാധാന്യം വിശദീകരിക്കുകയാണ്, എണ്ണ- പ്രകൃതിവാതക മേഖലയിൽ ഗവേഷകനായ ലേഖകൻ

കാലാവസ്ഥ വ്യതിയാനങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുടെ പ്രവർത്തനങ്ങളെ വിലയിരുത്തി German watch, New Climate Institute, Climate Action Network എന്നീ സംഘടനകൾ ചേർന്ന് വർഷാവർഷം CCPI (Climate Change Performance Index) എന്ന സൂചിക പുറത്തിറക്കുന്നുണ്ട്. പാരീസ് ഉടമ്പടിയിൽ അംഗീകരിച്ച NDC (Nationally Determined Contributions) യിൽ രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ ഇതിൽ വിലയിരുത്തപ്പെടുന്നു. ഈ വർഷത്തെ പട്ടികയിൽ ഇന്ത്യ 63.98 പോയിന്റ് നേടി പത്താം സ്ഥാനത്താണ്. ആദ്യ പത്തിൽ രണ്ടേ രണ്ടു G-20 രാജ്യങ്ങൾ (ഇന്ത്യയും യു.കെയും) മാത്രമേ ഇടം നേടിയിട്ടുള്ളൂ. ഏതാനും വർഷങ്ങളായി ഇന്ത്യ റാങ്കിങ് മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഹരിതഗൃഹ വാതക പ്രസരണം, പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ, കാലാവസ്ഥ വ്യതിയാന നയങ്ങൾ, ഊർജ ഉപയോഗം എന്നീ നാല് മേഖലകളിലെ പ്രവർത്തനമാണ് ഈ സൂചികക്ക് ആധാരമായി പരിഗണിക്കുന്നത്. ഇന്ത്യ പാരീസ് ഉടമ്പടിയിൽ അംഗീകരിച്ച ഏറ്റവും പ്രധാന ഭാഗം, 2030 ആകുമ്പോഴേക്കും GDP അടിസ്ഥാനമായ പ്രസരണ തീവ്രത (emission intensity) 2005നേക്കാളും 33-35 ശതമാനം കുറയ്ക്കും എന്നതാണ്. ഇപ്പോഴത്തെ കണക്കനുസരിച്ചു ഇന്ത്യ ഈ ലക്ഷ്യം 2030നു മുന്നേ നേടും എന്നാണ് വിലയിരുത്തപ്പെടുന്നത്. പാരീസ് ഉടമ്പടിയുടെ ഭാഗമായി കാർബൺ ഡൈ ഓക്‌സൈഡ് (CO2) പ്രസരണവുമായി ബന്ധപ്പെട്ട കൃത്യമായ ഒരു ലക്ഷ്യവും ഇന്ത്യ ഏറ്റെടുത്തിട്ടില്ലെങ്കിലും, കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും പ്രധാന കാരണമായ CO2 പ്രസരണത്തിൽ കാര്യമായ കുറവ് വരുത്താതെ ഇന്ത്യക്കു അതിന്റെ മറ്റു ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ സാധിക്കില്ല. നിലവിൽ ഒരു വർഷം 3 GT (Giga Ton ) CO2 ആണ് ഇന്ത്യ പുറന്തള്ളുന്നത്. ലോകത്തിലെ ആകെ CO2 പ്രസരണത്തിന്റെ 7 ശതമാനമോളം ഇതുവരും. കോവിഡ് കാരണം സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം കൊണ്ട് ഈ വർഷം 36 GT ആയി ലോക സൂചിക കുറയുമെങ്കിലും വലിയ രീതിയിലുള്ള കുറവ് വരുത്താതെ ആഗോള താപനിലയിൽ ഉണ്ടാവാൻ പോകുന്ന വർദ്ധനവ് പിടിച്ചു നിർത്താൻ സാധിക്കില്ല. IPCC (Intergovernmental Panel on Climate Change) പുറത്തിറക്കിയ പതിനഞ്ചാം സ്‌പെഷ്യൽ റിപ്പോർട്ട് പ്രകാരം ആഗോള താപനില വർദ്ധനവ് 1.5 ഡിഗ്രി യിൽ നിലനിർത്തണമെങ്കിൽ ലോകവ്യാപകമായി CO2 പുറംതള്ളുന്ന അളവ് 420 GTക്കുള്ളിൽ നിലനിർത്തണം. അതായത്, നിലവിലുള്ള രീതിയിൽ പുറംതള്ളൽ തുടർന്നാൽ വെറും പത്തു വർഷത്തിനുള്ളിൽ നമ്മുടെ ലഭ്യമായ ഗ്ലോബൽ കാർബൺ ബജറ്റ് മുഴുവൻ തീരുകയും, ആഗോള താപനില 1.5 ഡിഗ്രി ഉയരുന്നത് കൊണ്ടുള്ള വ്യാപക പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടതായും വരും.

ചിത്രം ഒന്ന്​: ഇന്ത്യയുടെ CO2 പ്രസരണത്തിൽ 60 ശതമാനത്തോളം കൽക്കരി മൂലമാണ് സംഭവിക്കുന്നത് എന്ന സൂചിപ്പിക്കുന്ന ഗ്രാഫ്​

ഇന്ത്യയുടെ CO2 പ്രസരണത്തിൽ 60 ശതമാനത്തോളം കൽക്കരി മൂലമാണ് സംഭവിക്കുന്നത് (ചിത്രം ഒന്ന്). ഊർജോൽപാദനത്തിനും മറ്റു വ്യാവസായികാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന കൽക്കരി ആണ് ഇതിന്റെ പ്രധാന കാരണം. അടുത്ത ഏറ്റവും പ്രധാന ഘടകം എണ്ണയും പെട്രോളിയം ഉത്പന്നങ്ങളുമാണ്. (25 -27 ശതമാനം വരെ). ഇന്ത്യയുടെ ഊർജ ഉപയോഗത്തിനിൽ നിന്ന് ഘട്ടം ഘട്ടമായി ഈ രണ്ടു സ്രോതസ്സുകളും കുറച്ചു കൊണ്ടുവരുന്നതിലൂടെ മാത്രമേ ഇന്ത്യക്കു അതിന്റെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളെ നേടാൻ സാധിക്കൂ.

പ്രകൃതിവാതകത്തിന്റെ പ്രസക്തി

അന്തർദേശീയ പ്രാധാന്യമുള്ള ഇത്തരം ലക്ഷ്യങ്ങളിലേക്കെത്തുന്നതിന് ഏറ്റവും പ്രധാനമാണ് നമ്മുടെ ഊർജ സ്രോതസ്സുകളുടെ പുനക്രമീകരണം. ഇന്ത്യയുടെ പ്രാഥമിക ഊർജ വിതരണം (TPES - Total Primary Energy Supply) പരിശോധിച്ചാൽ മനസിലാകുന്നത്, 44% ഇപ്പോഴും കൽക്കരി (Coal) മൂലമാണ് എന്നാണ്. ഊർജ ഉപയോഗത്തിൽ 33% എണ്ണയിൽ നിന്നും 17% കൽക്കരിയിൽ നിന്നുമാണ്. ഈ രണ്ടു സൂചികയിലും വെറും 6% മാത്രമാണ് പ്രകൃതി വാതകത്തിന്റെ സംഭാവന.

പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കുറവ് കാർബൺ ഡൈഓക്‌സൈഡ് പ്രസരണം ഉണ്ടാക്കുന്ന ഊർജ സ്രോതസ്സ് എന്ന നിലയിലാണ് (117 Pounds/ MMBTU against 228 Pounds/ MMBTU of Coal) പ്രകൃതി വാതകം ഇവിടെ പ്രസക്തമാകുന്നത്. കാലാവസ്ഥ വ്യതിയാന രംഗത്ത് ഇന്ത്യയുടെ മുന്നേറ്റങ്ങൾ നിലനിർത്താനും തുടർന്നുകൊണ്ടുപോകാനുമുള്ള നടപടികളിൽ ഏറ്റവും പ്രധാനമാണ് ഇന്ത്യൻ ഊർജമേഖലയിൽ പ്രകൃതി വാതകത്തിന്റെ ഓഹരി ഉയർത്തുക എന്നത്. അത് മുന്നിൽ വച്ചുകൊണ്ടാണ് ഇന്ത്യ ഗവൺമെന്റ് 2025 ആകുമ്പോഴേക്കും പ്രകൃതി വാതക ഓഹരി 15% ആക്കി ഉയർത്തും എന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. (Global average - 23.4%)

ഇന്ത്യയിലെ സാധ്യതകളും വെല്ലുവിളികളും

ഇന്ത്യൻ പ്രകൃതി വാതക മേഖല 10 വർഷമായി ആഭ്യന്തര ഉൽപാദന രംഗത്ത് വലിയ രീതിയിൽ പുറകോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. രണ്ടു വർഷമായി നേരിയ വർദ്ധനവ് ഉണ്ടെങ്കിലും 2010 ലെ റെക്കോർഡ് ഉൽപാദനത്തിന്റെ 60 ശതമാനം മാത്രമാണ് കഴിഞ്ഞ വർഷം ഉൽപാദിപ്പിക്കാൻ സാധിച്ചത്. വലിയ പ്രതീക്ഷ ഉണ്ടായിരുന്ന കൃഷ്ണ ഗോദാവരി (KG) ബേസിനിൽ നിന്നുള്ള ഉൽപാദനത്തിന്റെ ക്രമാനുഗതമായ കുറവ് ഇന്ത്യൻ പ്രകൃതി വാതക ആഭ്യന്തര ഉൽപാദനത്തിന്റെ വളർച്ചയെ കുറിച്ചുള്ള എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ചു. ഈ കുറവ് പരിഹരിക്കാൻ റിലയൻസ്, ബ്രിട്ടീഷ് പെട്രോളിയവുമായി സഹകരിച്ച് Deep Water Drilling സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷ്ണ ഗോദാവരി ബേസിനിലെ 3 ക്ലസ്റ്ററുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ആദ്യ ഘട്ടമായ R- ക്ലസ്റ്ററിന്റെ ഉത്പാദനം ഈ മാസം ആരംഭിച്ചു കഴിഞ്ഞു. അടുത്ത 2 ക്ലസ്റ്ററുകളും (Satelite & MJ) 2023 ആകുമ്പോഴേക്കും പൂർണമായും പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സാധിച്ചാൽ ഇന്ത്യയുടെ മൊത്തം ആവശ്യകതയുടെ 15 %, KG-D6 ൽ നിന്നുള്ള ഉൽപാദനം കൊണ്ടായിരിക്കും നിവർത്തിക്കപ്പെടുന്നത്. ഇന്ത്യയിലെ വാതക ആവശ്യകതയുടെ വളർച്ച കൂടി പരിഗണിച്ചാൽ ആഭ്യന്തര ഉൽപാദത്തിൽ പ്രതീക്ഷിക്കുന്ന വളർച്ചകൊണ്ട് മാത്രം ഈ വിടവ് നികത്താൻ സാധിക്കില്ല. ഇന്ന് നിലനിൽക്കുന്നതു പോലെ 50 ശതമാനമോ അതിൽ അധികമോ വാതക ഇറക്കുമതിയെ ഇന്ത്യക്കു ആശ്രയിക്കേണ്ടതായി വരും. ഈ സാഹചര്യത്തിൽ ആണ് ഇന്ത്യയിലെ LNG ടെർമിനലുകളും അതിനോടനുബന്ധിച്ചുള്ള പൈപ്പ്‌ലൈൻ ശൃംഖലയും നിർണായകമാകുന്നത്.

ചിത്രം രണ്ട്​: ഇന്ത്യ മറ്റ്​ രാജ്യങ്ങളിൽനിന്ന്​ ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതിവാതകത്തിന്റെ അളവ്​

നിലവിൽ ഇന്ത്യ 33.8 BCM (Billion Cubic Meter) പ്രകൃതി വാതകം ദ്രവീകരിച്ച രീതിയിൽ (LNG ) ഇറക്കുമതി ചെയ്യുന്നുണ്ട്. 2011-12 കാലഘട്ടത്തിൽ ഇതിലെ 80 ശതമാനവും ഖത്തറിൽ നിന്നായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഇന്ന് ഈ മേഖലയിൽ നയപരമായ വൈവിധ്യ വത്കരണം നടത്തിയതിന്റെ ഫലമായി മറ്റു 7-10 രാജ്യങ്ങളിൽ നിന്ന് കൂടി ഇന്ത്യ LNG ഇറക്കുമതി ചെയ്യുന്നുണ്ട് (ചിത്രം രണ്ട്​). പശ്ചിമ തീരത്തുള്ള അഞ്ചും കിഴക്കൻ തീരത്തുള്ള ഒന്നും അടക്കം ആറ് LNG ടെർമിനലുകളിലൂടെ ആണ് ഈ ഇറക്കുമതികൾ സാധ്യമാക്കുന്നത്. ഈ ടെർമിനലുകൾ എല്ലാം അടക്കം 42.5 MTPA (Million Tons Per Annum) സംഭരണ ശേഷി നിലവിൽ ഇന്ത്യക്കുണ്ട്. ഇപ്പോൾ നിർമാണം നടന്നുകൊണ്ടിരിക്കുന്നതും വിഭാവനം ചെയ്തിരിക്കുന്നതുമായ എല്ലാ പദ്ധതികളും പരിഗണിച്ചാൽ ഇത് 71.5 MTPA ആകും (ചിത്രം മൂന്ന്​). പ്രകൃതി വാതകത്തിന്റെ ആവശ്യകതാകേന്ദ്രങ്ങൾ ആയ വ്യാവസായിക മേഖലയിലേക്കും നഗരങ്ങളിലേക്കും ഈ ടെർമിനലുകളെ ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈൻ ശൃംഖല കൂടി യാഥാർഥ്യമായാൽ മാത്രമേ ഇത്തരം പദ്ധതികളുടെ പൂർണ ഗുണം രാജ്യത്തിന് ലഭ്യമാകൂ. അത് വ്യക്തമാക്കുന്ന ഏറ്റവും നല്ല ഉദാഹരണം ആണ് കൊച്ചി LNG ടെർമിനൽ.

നഷ്ടക്കണക്കുമായി പോകുന്ന കൊച്ചി LNG ടെർമിനൽ

2013 സെപ്റ്റംബറിലാണ് കൊച്ചി LNG ടെർമിനൽ പ്രവർത്തന ക്ഷമമായത്. 5 MTPA കപ്പാസിറ്റിയുള്ള ഈ ടെർമിനൽ ഏഴു വർഷം പൂർത്തിയായിട്ടും വെറും 10-15 % കാര്യക്ഷമതയോടെ മാത്രമാണ് പ്രവർത്തിക്കുന്നത്. 4200 കോടി ചെലവഴിച്ചുനിർമിച്ച ടെർമിനലാണ് ഉപഭോക്താക്കളുടെ അടുത്തേക്ക് പ്രകൃതി വാതകം എത്തിക്കാനുള്ള പൈപ്പ്‌ലൈൻ ശൃംഖല നിലവിലില്ലാത്തതിന്റെ പേരിൽ നഷ്ടകണക്കുകൾ മാത്രം രേഖപ്പെടുത്തി മുന്നോട്ടുപോകുന്നത്.

ചിത്രം മൂന്ന്​: ഇന്ത്യയിൽ നിലവിലുള്ള പൈപ്പ്​ലൈൻ പദ്ധതികൾ

ഒരു വ്യാവസായിക നിക്ഷേപത്തിന്റെ മുകളിലുള്ള Opportunity Cost ലെ നഷ്ടം എന്ന രീതിയിൽ മാത്രമല്ല നാം ഈ പ്രൊജക്റ്റ് വൈകിയതുകൊണ്ടുള്ള ദൂഷ്യഫലങ്ങളെ വിലയിരുത്തേണ്ടത്. ഈ പൈപ്പ്‌ലൈനിന്റെ ഒരു പ്രധാന ഉപയോക്താവായ FACT പരിപൂർണമായി പ്രകൃതി വാതകത്തിലേക്കു മാറിയശേഷം അവരുടെ കാർബൺ ഡൈഓക്‌സൈഡ് പ്രസരണത്തിൽ ഇരുപതു ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. കൊച്ചിയിലും മംഗലാപുരത്തുമായി ഇതുപോലെയുള്ള അനേകം വ്യാവസായിക കേന്ദ്രങ്ങളിലെ ഹരിതഗൃഹ വാതക പ്രസരണത്തിൽ സാധ്യമാകുമായിരുന്ന കുറവുകൂടി ഈ പദ്ധതിയുടെ കാലതാമസം വിലയിരുത്തുമ്പോൾ ചർച്ച ചെയ്യപ്പെടണം. കൊച്ചി-മംഗളൂർ പൈപ്പ്‌ലൈൻ പൂർത്തിയാവുന്നതോടെ LNG Terminal കാര്യക്ഷമത 30 ശതമാനത്തിലേക്ക് ഉയർത്താൻ സാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു.

കേരള ചരിത്രത്തിലെ മെഗാ പ്രൊജക്റ്റ്

2012 ൽ ആരംഭിച്ച പദ്ധതി ആദ്യ ഘട്ടം മാത്രം പൂർത്തിയാക്കി, സ്ഥലമേറ്റെടുക്കലിന്റെ പ്രശ്‌നങ്ങളെ തുടർന്ന് 2013 നവംബറോടെ പൂർണമായും ഉപേക്ഷിക്കപ്പെട്ടു. 2016 ൽ കേരളത്തിലുണ്ടായ ഭരണമാറ്റത്തെ തുടർന്നാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്. പ്രാദേശിക പ്രതിഷേധങ്ങളെയും, ഭൂമിക്കും വിളകൾക്കും നിശ്ചയിച്ച നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും മാറി വന്ന സർക്കാരിന് ഫലപ്രദമായി നേരിടാൻ സാധിച്ചു.

പദ്ധതിയുടെ സുരക്ഷയെ സംബന്ധിച്ച് വ്യാപക അസത്യ പ്രചാരങ്ങളും നടന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു നാലുവർഷം കൊണ്ട് 374 കിലോമീറ്റർ പൈപ്പ് ലൈനാണു പൂർത്തിയാക്കിയത്. 2915 കോടി ബജറ്റ് പ്രതീക്ഷിച്ച പദ്ധതി പൂർത്തിയാകുമ്പോൾ മൊത്തം ചെലവ് 5750 കോടിയാണ്. പദ്ധതിയുടെ വ്യാപ്തിയും വെല്ലുവിളികളും സാധ്യതകളും വിലയിരുത്തിയാൽ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാന മെഗാ പ്രൊജകറ്റായി ഗെയിൽ പൈപ്പ്‌ലൈൻ പ്രൊജക്റ്റിനെ വിലയിരുത്താം. ശക്തമായ മഴക്കാലം കാരണം പരിമിതമായ പ്രവർത്തി ദിനങ്ങളാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും പൈപ്പ്‌ലൈൻ കടന്നുപോകുന്ന പാതകളിലെ ജലാശയങ്ങളുടെ സാന്നിധ്യം കൊണ്ടും നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു പദ്ധതി. ജലാശയങ്ങളെ മുറിച്ചു കടക്കാൻ 96 സ്ഥലങ്ങളിൽ HDD (Horizontal Directional Drilling) സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടി വന്നു. അവസാന ഘട്ടത്തിൽ ചന്ദ്രഗിരി പുഴ കടക്കാൻ വലിയ പ്രതിസന്ധി നേരിട്ടുവെങ്കിലും ഇതിന് താത്കാലിക പരിഹാരം കണ്ട് പദ്ധതി പൂർത്തിയാക്കുകയാണ് ചെയ്തത്.

സാദ്ധ്യതകൾ, പ്രതീക്ഷകൾ

രാജ്യവ്യാപകമായി വിലയിരുത്തിയാൽ പ്രകൃതി വാതക ഉപയോഗം നടക്കുന്നത് പ്രധാനമായും മൂന്ന് മേഖലകളിലാണ്. വ്യാവസായിക മേഖല, വൈദ്യുതി ഉൽപാദനം, പാചക വാതകവും വാഹന ഇന്ധനവും ഉൾപ്പെടുന്ന പ്രാദേശിക ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള CGD (City Gas Distribution). കേരള സാഹചര്യത്തിൽ ഇവ ഒരോന്നിന്റെയും സാധ്യതകളെ പ്രത്യേകം പരിശോധിക്കാം.

കേരള സാഹചര്യത്തിൽ പ്രകൃതി വാതകം ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനം എന്ന സാധ്യത നിലനിൽക്കുന്നില്ല. മാത്രവുമല്ല വൈദ്യുതി ഉൽപാദന രംഗത്ത് മെഗാ പ്രൊജക്റ്റുകൾ ഒഴിവാക്കി ചെറിയ കപ്പാസിറ്റിയുള്ള ഉൽപാദന കേന്ദ്രങ്ങളുടെ സാധ്യത ഉപയോഗിക്കുന്ന നയമാണ് നിലവിലുള്ള ഭരണ സംവിധാനം മുന്നോട്ടുവയ്ക്കുന്നത്. ദേശീയ രംഗത്ത് നേടിയെടുത്ത വൈദ്യുതിമിച്ചം സംസ്ഥാനത്തിന് ഗുണപരമായി ഉപകാരപ്പെടുന്നതിനുതകുന്ന അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുക എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുമ്പോൾ പ്രകൃതി വാതകം ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനം എന്ന സാധ്യത കേരളത്തിൽ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ട് GAIL പൈപ്പ്‌ലൈൻ പ്രൊജക്റ്റ് അപ്രൂവ് ചെയ്യുമ്പോൾ പരിഗണിച്ചിരുന്ന കണ്ണൂർ പവർ പ്രൊജക്റ്റും, ചീമേനി പവർ പ്രൊജക്റ്റും ഇപ്പോൾ പരിഗണനയിൽ ഇല്ല. പാരമ്പര്യേതര സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉൽപാദനത്തിന്റെ ചെലവ് ഗണ്യമായി കുറയുന്ന ഈ കാലഘട്ടത്തിൽ ഈ പൈപ്പ് ലൈൻ നിന്നുള്ള വാതകം ഉപയോഗിച്ചുള്ള ഒരു പവർപ്ലാന്റ് കേരളത്തിൽ സാധ്യമല്ല എന്ന് തന്നെ കരുതാം.

ഗാർഹികാവശ്യത്തിന് പ്രകൃതി വാതകം ഉപയോഗിക്കാനുള്ള രാജ്യവ്യാപകമായുള്ള ബൃഹത് പദ്ധതിയാണ് CGD (City Gas Distribution). ഇതുവരെ 10 റൗണ്ട് ബിഡ്ഡിങ് പൂർത്തിയായ ഈ പദ്ധതിയുടെ ഭാഗമായി 406 ജില്ലകളിലായി 228 GA (Geographic Area )കൾ ആണ് ഇപ്പോൾ നീക്കിവച്ചിരിക്കുന്നത്.

എറണാകുളം ജില്ലയിലുള്ളവർക്ക് ഇപ്പോൾ തന്നെ ഇതിന്റെ ഗുണം ലഭ്യമായി തുടങ്ങി. എറണാകുളത്തിന് വടക്കുള്ള കേരളത്തിലെ മറ്റു ജില്ലകളെ ഒൻപതാം റൗണ്ട് ബിഡ്ഡിങ്ങിൽ ഉൾപ്പെടുത്തി 4 GA കളായി തിരിച്ചു കോൺട്രാക്ട് കൊടുത്തു കഴിഞ്ഞു. ഇന്ത്യൻ ഓയിൽ കോർപറേഷനും അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സംയുകത സംരംഭമായ IOAG യുമാണ് കേരളത്തിൽ CGD യാഥാർഥ്യമാക്കാൻ പോകുന്നത്. 7 ജില്ലകളിലായി 17.26 ലക്ഷം കണക്ഷനുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. LPG യെക്കാൾ 30 ശതമാനത്തോളം ചെലവ് കുറയും എന്നതുകൊണ്ടുതന്നെ ഇത് യാഥാർഥ്യമായാൽ സമീപ ഭാവിയിൽ പാചക വാതകം എന്ന നിലയിൽ PNG , LPG യുടെ പകരക്കാരനാകും. അതോടെ വലിയ LPG ടാങ്കറുകളുടെ കേരള റോഡുകളിലെ അപകട യാത്രകൾ ഒരു പരിധി വരെ ഒഴിവാകും എന്ന് പ്രതീക്ഷിക്കാം.

ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്ന ഏറ്റവും വലിയ സാധ്യത വടക്കൻ കേരളത്തിന്റെ വ്യവസായികവൽകരണമാണ്. നിലവിൽ കൊച്ചിൻ റിഫൈനറി, FACT, നീറ്റാ ജെലാറ്റിൻ പോലുള്ള വൻകിട വ്യവസായങ്ങൾ കൊച്ചിയിലും മാംഗ്ലൂർ കെമിക്കൽ ഫെർട്ടിലൈസേഴ്‌സ് പോലുള്ള വ്യാവസായിക സ്ഥാപനങ്ങൾ മംഗലാപുരത്തുമാണ് ഈ പദ്ധതിയുടെ പ്രധാന വ്യാവസായിക ഉപയോക്താക്കൾ.

എന്നാൽ കേരളത്തിലെ വിവിധ വ്യാവസായിക മേഖലകളിൽ പ്രകൃതി വാതകം ഉപയോഗിച്ചുള്ള സംരംഭങ്ങൾ ഉയർന്നു വരാനുള്ള സാധ്യത ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്നു. പുറമെ ഈ വ്യാവസായിക മേഖലയിൽ മറ്റു ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംരംഭങ്ങളെ പ്രകൃതി വാതകത്തിലേക്കു മാറ്റാനുള്ള നയപരമായ ഇടപെടൽ കൂടി ആവശ്യമാണ്. ഇന്ന് ഇത്തരം വ്യവസായങ്ങളുണ്ടാക്കുന്ന CO2 പ്രസരണം കുറക്കുക എന്ന വിശാല ലക്ഷ്യം മുന്നോട്ടുവച്ച് നയപരമായ ഇടപെടലാണ് ഇതിനു വേണ്ടത്. കേവലം പ്രകൃതി വാതകം ലഭ്യമായതുകൊണ്ടുമാത്രം സംരംഭങ്ങൾ പ്രകൃതി വാതകത്തിലേക്കു മാറണം എന്നില്ല. കാരണം CO2 പ്രസരണം കൂടിയ മറ്റു ചില ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുമ്പോൾ പ്രകൃതി വാതകത്തെക്കാൾ ചെലവ് കുറവേ വരുന്നുള്ളു. സർക്കാർ തലത്തിൽ പ്രകൃതി വാതകത്തിലേക്ക് മാറുന്ന സംരംഭകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുണ്ടായാൽ മാത്രമേ ഇതിനു സാധിക്കൂ.

2019 മാർച്ചിൽ, ഇന്ത്യയുടെ ഏറ്റവും പ്രധാന സെറാമിക് ക്ലസ്റ്റർ ആയ മോർബിയിൽ പ്രവർത്തിക്കുന്ന സെറാമിക് ടൈൽ ഫാക്ടറികളിൽ കൽക്കരി ഉപയോഗിച്ചുള്ള ഗാസിഫയർ ഉപയോഗിക്കുന്നത് നിരോധിച്ച് നാഷണൽ ഗ്രീൻ ട്രിബുണൽ വിധിയുണ്ടായി. 10% അധിക ചെലവ് ഉണ്ടായി എങ്കിലും എല്ലാ സംരംഭങ്ങളും പ്രകൃതി വാതകത്തിലേക്കു മാറാൻ നിർബന്ധിതമായി. ഇതിനു പ്രത്സാഹനമായി ഗവൺമെന്റ് ഗ്യാസ് ബില്ലിൽ 16% കുറവ് പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ സെറാമിക് ടൈൽ ക്ലസ്റ്റർ ആയ മോർബി അങ്ങനെ പ്രകൃതി വാതകത്തിലേക്കു പരിപൂർണമായി മാറി. വലിയ വ്യാവസായിക മേഖല ഇല്ലെങ്കിലും കേരളത്തിന് അനുയോജ്യമായ രീതിയിലുള്ള നയപരമായ തീരുമാനങ്ങൾ കൊണ്ട് കേരളത്തിനും ഈ പൈപ്പ്‌ലൈൻ മുന്നോട്ടു വയ്ക്കുന്ന സാധ്യതകളെ ഉപയോഗപ്പെടുത്താൻ സാധിക്കും.

കേരളം ഒറ്റപ്പെടുമായിരുന്നു...

ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ അതിന്റെ ദേശീയവും അന്തർദേശീയവുമായ മാനങ്ങളെ ഉൾക്കൊള്ളുകയും പ്രാദേശിക സമ്മർദങ്ങളെക്കാൾ മുകളിൽ അതിനെ പ്രതിഷ്ഠിക്കുകയും ചെയ്യുമ്പോഴാണ് വികാസനോന്മുഖമായ രാഷ്ട്രീയ നേതൃത്വം, രാഷ്ട്രനിർമാണത്തിൽ പങ്കാളി ആകുന്നത്. ഇന്ത്യ ദേശ വ്യാപകമായി വാതക പൈപ്പ്‌ലൈൻ ശൃംഖല സ്ഥാപിച്ച്, ഇന്ത്യൻ വ്യാവസായിക സമ്പദ്‌വ്യവസ്ഥ, പ്രകൃതി വാതക കേന്ദ്രീകൃത സമ്പദ് വ്യസ്ഥയായി പരിണമിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടിരുന്നുവെങ്കിൽ കേരളം, ദേശീയ വികസന ഭൂപടത്തിൽ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ഉണ്ടായേനെ.

കേരളത്തിലും കർണാടകത്തിലുമായി പ്രവർത്തിക്കുന്ന വ്യാവസായിക കേന്ദ്രങ്ങളുടെ CO2 പ്രസരണം കുറക്കാൻ ഇപ്പോൾ ലഭ്യമായ അവസരവും നമുക്കു നഷ്ടപ്പെട്ടേനെ. ഈ പദ്ധതിയുടെ അടുത്ത ഘട്ടമായ കൊച്ചി- കൂറ്റനാട്- ബാംഗ്ലൂർ- പൈപ്പ്‌ലൈൻ അടുത്തുതന്നെ പൂർത്തിയാകാൻ പോകുകയാണ്. കൊച്ചി- കൂറ്റനാട് നിന്ന് തുടങ്ങി വാളയാർ വഴി സേലം, ഈറോഡ് നഗരങ്ങളിലൂടെ ബാംഗ്ലൂർ വരെ ആണ് ഈ പദ്ധതി. ദേശീയ ഗ്യാസ് ഗ്രിഡിന്റെ ഭാഗമായി ദാബോലിൽ നിന്ന് ബാംഗ്ലൂർക്കു ഇപ്പോൾ തന്നെ ഒരു പൈപ്പ്‌ലൈൻ നിലവിലുണ്ട്. കേരള സർക്കാർ വലിയ പ്രതീക്ഷയോടെ കാണുന്ന കൊച്ചി- ബാംഗ്ലൂർ വ്യാവസായിക ഇടനാഴിക്ക് ഊർജമേകാനും ഈ പദ്ധതിക്ക് സാധിക്കുമെന്ന് പ്രത്യാശിക്കാം.

Reference
1) International Energy Agency, www.iea.org
2) Petroleum & Natural Gas Regulatory Board, www.pngrb.gov.in
3) Petroleum Planning and Analysis Cell, www.ppac.gov.in
4) US Energy Information Administration, www.eia.gov
5) Intergovernmental Panel on Climate Change www.ipcc.ch
6) Independent Commodity Intelligent Services www.icis.com
7) Climate Change Performance Index, www.ccpi.org
8) The Global Carbon Project, www.globalcarbonproject.org
9) Public Relations Department, Kerala Government.


Comments