സ്വതന്ത്ര സിനിമകളെ ഒന്നാകെ സംശയനിഴലിൽ നിർത്തരുത്​

ഞാൻ നിർമാതാവാകുന്നത് ഞങ്ങൾ അഞ്ച് പേരിൽ എനിക്ക് മാത്രമാണ് സ്ഥിരവരുമാനം ഉള്ളത് എന്നതുകൊണ്ടാണ്. സർക്കാർ സർവീസിൽ ക്ലാർക്കായാണ് ഞാൻ ജോലി ചെയ്യുന്നത്. ജോലി കഴിയുമ്പോൾ കിട്ടേണ്ട പ്രൊവിഡൻറ്​ ഫണ്ടും ചിട്ടികളും എടുത്ത് സിനിമ ചെയ്യുകയായിരുന്നു. എട്ട് ലക്ഷം രൂപയായിരുന്നു ചെലവ്​. സാങ്കേതിക മേഖലകൾ ഒഴിച്ച് അഭിനേതാക്കൾ ഉൾപ്പെടെ ഒരാളും സാമ്പത്തിക ആനുകൂല്യം കൈപ്പറ്റിയിട്ടില്ല; സിനിമയുടെ മൂലധനവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇ​ടപെടുകയാണ്​ ‘പതിനൊന്നാം സ്ഥലം’എന്ന സിനിമയുടെ നിർമാതാവുകൂടിയായ ലേഖകൻ

കേരളത്തിൽ നിർമിക്കപ്പെട്ടിട്ടുള്ള സ്വതന്ത്ര സിനിമകൾക്ക്​ മുടക്കിയ മൂലധനത്തെ ധാർമികമായി പ്രശ്‌നവത്കരിച്ച്​ ബി. ഉണ്ണികൃഷ്ണൻ ട്രൂകോപ്പി തിങ്കിൽ നടത്തിയ പരാമർശത്തോടും അതിനെ തുടർന്ന് നടന്ന ചർച്ചകളോടുമുള്ള പ്രതികരണമാണ് ഈ കുറിപ്പ്. സ്വതന്ത്ര സിനിമകളുടെ നിർമാണത്തിന്​ വേണ്ടിവരുന്ന മൂലധനത്തെ സംശയദൃഷ്ടിയോടെ നോക്കിക്കാണാൻ ഇടവരുത്തുന്ന ബി. ഉണ്ണികൃഷ്ണന്റെ സമീപനം വസ്തുതകൾക്ക് നിരക്കാത്തതും അപലപനീയവുമാണ് എന്ന് ഒരു സ്വതന്ത്ര സിനിമയുടെ നിർമാതാവ് എന്ന നിലയിൽ ഞാൻ ഉറപ്പിച്ചു പറയുന്നു. 2016 ൽ പുറത്തിറങ്ങിയ ‘പതിനൊന്നാം സ്ഥലം’ എന്ന സിനിമയുടെ നിർമാതാവാണ് ഞാൻ. നിർമാതാവ് എന്ന് കേൾക്കുമ്പോൾ തെറ്റിദ്ധരിക്കേണ്ടതില്ല. സാമ്പത്തിക ലാഭത്തിന്​ സിനിമയിൽ മുതൽമുടക്ക് നടത്തിയ ഒരാളല്ല ഈ ‘നിർമാതാവ്’. മുപ്പതോളം വർഷമായി സാമൂഹ്യ ഇടപെടലുകൾ നടത്തുന്ന, പല ഗ്രൂപ്പുകളിലും പങ്കാളിയായ സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് ഞാൻ. വ്യവസ്ഥാപിത പ്രസ്ഥാനരൂപങ്ങളിലൊന്നും അംഗമായിരുന്നില്ലെങ്കിലും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും കേരളത്തിൽ നടന്ന പല സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇത്തരം സമരങ്ങളിലൂടെ നേടിയ ആർജ്ജവമുള്ള മനുഷ്യരുടെ കൂട്ടായ്മകളാണ് ഇന്നും ജീവിതത്തിലെ സമ്പത്ത്. ആ സമ്പത്ത് തന്നെയാണ് ‘പതിനൊന്നാം സ്ഥലം’ എന്ന സിനിമയുടെ പ്രധാന മൂലധനവും. സാമൂഹ്യപ്രവർത്തനത്തിന്റെ തുടർച്ചയായാണ് ഞാൻ ഈ സിനിമയുടെ നിർമാണത്തെയും കണ്ടത്. നിർമിക്കുക എന്നാൽ മുതൽമുടക്കി മാറിനിൽക്കുക എന്നതായിരുന്നില്ല. സിനിമ യാഥാർത്ഥ്യമാക്കുന്നതിനും പ്രേക്ഷക സമൂഹത്തിന് മുന്നിൽ എത്തിക്കുന്നതിനും നടത്തിയ എല്ലാ കൂട്ടായ ശ്രമങ്ങളിലും ഞാൻ പങ്കാളികൂടിയായിരുന്നു. സ്വതന്ത്ര സിനിമകളുടെ നിർമാണരീതി തന്നെ അത്തരത്തിലുള്ള ഒരു മൂവ്‌മെന്റ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വിഷയ സ്വീകരണത്തിലും പ്രൊഡക്ഷൻ ഡിസൈനിലും ദൃശ്യഭാഷയിലും വരെ സാമൂഹ്യപ്രവർത്തനത്തോടുള്ള ഒരു ആഭിമുഖ്യം ഈ സിനിമയിൽ ഞങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ആദിവാസി ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയം സിനിമ എന്ന മാധ്യമത്തിലൂടെ പറയണം എന്നാഗ്രഹിച്ചതും സാമൂഹ്യപ്രവർത്തനത്തി​ന്റെ തുടർച്ചകളുടെ ഭാഗമായാണ്.

കേരളത്തിൽ ഇന്നും ദാരുണ ജീവിതം നയിക്കേണ്ടി വരുന്നവരാണ് ആദിവാസി സമൂഹങ്ങൾ. അവരുടെ പതിറ്റാണ്ടുകൾ നീണ്ട അവകാശ പോരാട്ടങ്ങൾ എവിടെയുമെത്താതെയും അടിസ്ഥാന അവകാശങ്ങൾ പോലും പരിഗണിക്കപ്പെടാതെയും നിൽക്കുകയാണ്. മുത്തങ്ങ സമരകാലം മുതൽ ആദിവാസി ഭൂസമരങ്ങൾക്കൊപ്പം സഞ്ചരിക്കുക എന്നത് രാഷ്ട്രീയ ജാഗ്രതയായി ജീവിതത്തിൽ തുടരുന്ന ഒരാളാണ് ഞാൻ. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സുഹൃത്ത് എസ്. ശരത് എഴുതിയ കഥയിൽ നിന്നാണ് സിനിമയുടെ ആലോചന തുടങ്ങുന്നത്. തിരക്കഥ തയ്യാറാക്കിയ മാധ്യമപ്രവർത്തകനായ സുഹൃത്ത് കെ. സജിമോനും കൂടെച്ചേർന്നുള്ള ചർച്ചകൾക്ക് ശേഷമാണ് സിനിമ ചെയ്യാം എന്ന് ഉറപ്പിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലടക്കം ധാരാളം സിനിമകൾ കണ്ട അനുഭവങ്ങളല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് പരിചിതമല്ലായിരുന്നു. പരിചയ സമ്പന്നതയേക്കാളേറെ ഈ പരീക്ഷണത്തിൽ ചെറുപ്പക്കാരുടെ പങ്കാളിത്തം ഉണ്ടാകണം എന്നതായിരുന്നു തീരുമാനം. അങ്ങനെയാണ് ഈ സിനിമയുടെ എല്ലാ മേഖലകളിലേക്കും ചെറുപ്പക്കാർ കടന്നുവരുന്നത്. സൗണ്ട് ഡിസൈനിംങ്​ മേഖലയിൽ പ്രവർത്തിച്ചിരുന്ന രഞ്ജിത്ത് ചിറ്റാടയെ സംവിധായകനായും ചെന്നൈയിൽ നിന്ന്​ സിനിമാട്ടോഗ്രഫി പഠിച്ചിറങ്ങിയ നിജയ് ജയനെ ക്യാമറാമാനായും കണ്ടെത്തി. അവരടക്കം അഞ്ച് പേരാണ് സിനിമയുടെ കേന്ദ്രമായി പ്രവർത്തിച്ചത്. ഒപ്പം അമേച്വർ നാടകരംഗത്ത് നിന്നുള്ള പ്രതിഭാധനരായ സുഹൃത്തുക്കൾ അഭിനേതാക്കളായി. ആദിവാസി വിഭാഗത്തി​ന്റെ
തന്നെ പ്രതിനിധിയായ വയനാട് കനവിൽ നിന്നുള്ള മംഗ്ലു ശ്രീധർ മുഖ്യകഥാപാത്രമായി എന്നതാണ് ഞങ്ങളെ സംബന്ധിച്ച് മൂല്യവത്തായ കാര്യം. സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന്​ വയനാട്ടിൽ ഞങ്ങൾ കണ്ടെത്തിയ ലൊക്കേഷനുകളിൽ പലതവണ സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയും അഭിനേതാക്കൾക്കായി റിഹേഴ്‌സൽ ക്യാമ്പ് നടത്തുകയും ചെയ്ത ശേഷമാണ് ഷൂട്ടിംഗ് ആരംഭിച്ചത്.
വയനാട് ചുരം, മേപ്പാടി, ചെമ്പ്രമല, ചൂരൽമല എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷനുകൾ. ആറ് ദിവസം, കൃത്യമായി പറഞ്ഞാൽ അഞ്ചര ദിവസമാണ് ഷൂട്ടിംഗിനെടുത്തത്. ഓരോ ദിവസവും രാവിലെ നാലുമണിമുതൽ അമ്പത് കിലോമീറ്ററെങ്കിലും ഓടിക്കൊണ്ടാണ് ഏറ്റവും പരിമിതമായ രീതിയിൽ ഈ റോഡ് മൂവി ഷൂട്ട് ചെയ്തത്​. ജനറേറ്റർ ലൈറ്റ് യൂണിറ്റോ ക്രെയിൻ യൂണിറ്റോ ഉപയോഗിക്കാൻ നിർവ്വാഹമില്ലായിരുന്നു. എഡിറ്റിംഗ്, മിക്‌സിംഗ്, സൗണ്ട് ഡിസൈൻ, സംഗീതം എന്നിവയ്‌ക്കെല്ലാം പുതിയ ചെറുപ്പക്കാരാണ് സഹായിച്ചത്. 2016 ആഗസ്റ്റ് 16ന് തൃശൂർ കൈരളി തീയേറ്ററിൽ നിറഞ്ഞ സദസ്സിന് മുന്നിൽ ആദ്യ പ്രദർശനം. അന്തരിച്ച ചലച്ചിത്രകാരൻ കെ.ആർ. മോഹനൻ, സി.എസ്. വെങ്കിടേശ്വരൻ, ഐ. ഷൺമുഖദാസ്, സനൽകുമാർ ശശിധരൻ തുടങ്ങി ഞങ്ങൾ ബഹുമാനിക്കുന്ന നിരവധി പേരുടെ സാന്നിധ്യം സന്തോഷകരമായിരുന്നു. പിന്നീട് കോഴിക്കോട്, തിരുവനന്തപുരം, കൽപ്പറ്റ, മാനന്തവാടി, പയ്യന്നൂർ എന്നിവിടങ്ങളിൽ തീയേറ്റർ വാടകയ്‌ക്കെടുത്ത് ടിക്കറ്റ് വച്ച്​ പ്രദർശനങ്ങൾ. പ്രദർശനത്തിന് മുമ്പ്​ ദിവസങ്ങളോളം പ്രദേശത്ത് താമസിച്ച് ടിക്കറ്റ് നടന്നുവിറ്റു. തീയേറ്റർ വാടകയും യാത്രാ ചെലവും കഴിഞ്ഞാൽ ഒന്നും ബാക്കിയുണ്ടാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് സിനിമ പ്രക്ഷേകരിലേക്ക് എത്തണം എന്ന താത്പര്യത്തോടെ ഈ പ്രദർശനങ്ങൾ നടത്തിയത്. കേരളത്തിലെ തീയേറ്ററുകളിൽ ‘പുലിമുരുകൻ’ എന്ന കോടികൾ നിർമാണ ചെലവുള്ള കച്ചവട സിനിമ ഓടിത്തകർക്കുന്ന കാലത്ത് തന്നെയാണ് ഞങ്ങളും ഈ ഹൗസ്​ഫുൾ പ്രദർശനങ്ങൾ തീയേറ്ററുകളിൽ തന്നെ സംഘടിപ്പിച്ചത്. ഒട്ടേറെ സ്വതന്ത്ര സിനിമാ പ്രവർത്തകരുടെയും ഫിലിം സൊസൈറ്റികളുടെ സഹായം അക്കാര്യങ്ങളിലുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രദർശനത്തിന്​ ഏരിസ്​പ്ലക്​സ്​ തിയേറ്റർ വളരെ കുറഞ്ഞ ചെലവിൽ അനുവദിച്ച് തരാൻ ബി. ഉണ്ണികൃഷ്ണൻ സന്നദ്ധനായതും ഞങ്ങൾ നന്ദിയോടെയാണ് ഓർക്കുന്നത്.
സിനിമയുടെ തീയറ്റർ റിലീസ് സാധാണ രീതിയിൽ നടക്കില്ല എന്നതുകൊണ്ട് സർക്കാർ തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ നിരവധി തവണ തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി ഓഫീസിൽ കയറിയിറങ്ങി. ചെയർമാനായിരുന്ന അന്തരിച്ച ലെനിൻ രാജേന്ദ്രനെയും നിരവധി തവണ കണ്ടു. എന്നിട്ടും ഒരു വർഷത്തിന് ശേഷമാണ് തൃശൂർ, കോഴിക്കോട് ശ്രീ തീയേറ്ററുകളിൽ റിലീസിന് അവസരമുണ്ടായത്. കച്ചവട സിനിമകളോടുള്ള സമീപനം തന്നെയാണ് ഞങ്ങളോടും സർക്കാർ തിയറ്റർ സംവിധാനം പുലർത്തിയത്. ടിക്കറ്റ് വിൽപ്പനയുടെ ബഹുഭൂരിപക്ഷം തുകയും തീയേറ്ററിനും ചെറിയ ശതമാനം ഞങ്ങൾക്കും. കോഴിക്കോട് നാല് ദിവസവും തൃശൂരിൽ ഏഴ് ദിവസവും ഓരോ ഷോ വീതമാണ് കളിച്ചത്. ആകെ 11 ഷോ. സാമ്പത്തികമായ ലാഭനഷ്ടങ്ങളുടെ കണക്ക് നോക്കിയാൽ വലിയ ‘നഷ്ടം’ എന്ന് പറയാവുന്ന തരത്തിലാണ് എല്ലാം അവസാനിച്ചത്. അതു പ്രതീക്ഷിച്ചുതന്നെയാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചതും. ലാഭനഷ്ടങ്ങളെ ഞങ്ങൾ വിലയിരുത്തുന്നത് കളക്ഷന്റെ
അടിസ്ഥാനത്തിലല്ല എന്നു മാത്രം. സ്വതന്ത്ര സിനിമാ പ്രവർത്തകർ ആരും ആ രീതിയിലല്ല ലാഭനഷ്ടത്തെ കാണുന്നത്. എന്നാൽ ആഗോളതലത്തിൽ മലയാള സിനിമയുടെ യശ്ശസുയർത്തിയതും ഭാവുകത്വപരമായ പൊളിച്ചെഴുത്തുകൾ നടത്തിയതും സാമ്പത്തിക ‘നഷ്ടത്തിലായ' സിനിമകളാണെന്ന ചരിത്രം മറക്കരുത്.

ഞാൻ നിർമാതാവാകുന്നത് ഞങ്ങൾ അഞ്ച് പേരിൽ എനിക്ക് മാത്രമാണ് സ്ഥിരവരുമാനം ഉള്ളത് എന്നതുകൊണ്ടാണ്. സർക്കാർ സർവീസിൽ ക്ലാർക്കായാണ് ഞാൻ ജോലി ചെയ്യുന്നത്. ജോലി കഴിയുമ്പോൾ കിട്ടേണ്ട പ്രൊവിഡന്റ്​ ഫണ്ടും ചിട്ടികളും എടുത്ത് സിനിമ ചെയ്യുകയായിന്നു. എട്ട് ലക്ഷം രൂപയായിരുന്നു ചെലവ്​. സാങ്കേതിക മേഖലകൾ ഒഴിച്ച് അഭിനേതാക്കൾ ഉൾപ്പെടെ ഒരാളും സാമ്പത്തിക ആനുകൂല്യം കൈപ്പറ്റിയിട്ടില്ല. എല്ലാംകൊണ്ടും അമേച്വർ ആയി നിർമിച്ച ഈ സിനിമയെക്കുറിച്ച് മലയാളത്തിലെ മിക്ക പ്രസിദ്ധീകരണങ്ങളിലും പ്രമുഖരുടെ ആസ്വാദക കുറിപ്പുകൾ വന്നിരുന്നു. സാങ്കേതിക- സൗന്ദര്യശാസ്ത്ര പരിമിതികൾ സിനിമയ്ക്കുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞങ്ങൾ സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. അത് അരികുചേർക്കപ്പെട്ടവരിൽ തന്നെ ഓരത്തേക്ക് മാറ്റി നിർത്തപ്പെട്ട ആദിവാസി ജീവിതങ്ങളോടും അവരുടെ ഭൂസമരങ്ങളോടുമുള്ള ഞങ്ങളുടെ രാഷ്ട്രീയ ഐക്യപ്പെടൽ കൂടിയായിരുന്നു. സിനിമ എന്ന മാധ്യമത്തിലൂടെ അതിനോട് ചേർന്നു നിൽക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഞങ്ങളുടെ കാര്യം പറയാൻ വേണ്ടി മാത്രമല്ല ഇത് സൂചിപ്പിച്ചത്. കേരളത്തിന്റെ സ്വതന്ത്ര സിനിമകളുടെ ചരിത്രം തന്നെ ഇത്തരം രാഷ്ട്രീയ പ്രസ്താവനകൾ കൂടി ഉൾച്ചേർന്നതാണ്. അതിന്റെ തുടർച്ചകളിലെ ഒരു ചെറിയ ഉദ്യമം മാത്രമായിരുന്നു ‘പതിനൊന്നാം സ്ഥലം'.

ഇത് ഞങ്ങളുടെ കഥ മാത്രമല്ല. നിർമാതാവ് എന്ന നിലയിൽ ഉണ്ടായ വ്യക്തിപരമായ അനുഭവം പറയുന്നതിനുമല്ല ഇത് എഴുതുന്ന്. കേരളത്തിൽ ഇന്നും സജീവമായി നിലനിൽക്കുന്ന മൂന്നാംലോകമാണ് സ്വതന്ത്ര സിനിമാ പ്രസ്ഥാനം. ഈ മൂന്നാംലോകം പൊതുവിൽ സിനിമകൾ നിർമിക്കുന്നതും പ്രദർശിപ്പിക്കുന്നതും ഇതേ രൂപത്തിൽ തന്നെയാണ്. ആ സ്വതന്ത്ര സിനിമകളെ ഒന്നാകെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ബി. ഉണ്ണികൃഷ്ണന്റെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. മാത്രമല്ല, സ്വർണക്കള്ളക്കടത്തിൽ അടക്കം പ്രതികളാക്കപ്പെട്ടവർ ചലച്ചിത്ര നിർമാതാക്കൾക്ക് വേണ്ടിയും സ്വർണം കടത്തിയിട്ടുണ്ട് എന്ന് മൊഴി നൽകിയ സാഹചര്യത്തിൽ ഏത് മൂലധനത്തെയാണ് സംശയത്തിന്റെ നിഴലിൽ നിർത്തേണ്ടത് എന്ന് ബി. ഉണ്ണികൃഷ്ണൻ പുനർചിന്തിക്കുന്നത് നന്നായിരിക്കുമെന്ന് എല്ലാ ബഹുമാനത്തോടെയും പറയട്ടെ.

Comments