റിക്വൽമേ : അടയാളപ്പെടാതെ പോയ ആ പത്താം നമ്പറുകാരൻ

ആധുനിക ഫുട്‌ബോളിലെ സിസ്റ്റമറ്റിക് ആയ മാറ്റങ്ങൾക്കൊടുവിൽ എവിടെയോ നഷ്ടപ്പെട്ടു പോയൊരു സുവർണ കാലത്തിന്റെ പ്രതിനിധി. തനിക്കാസ്വദിക്കാൻ, തന്റെ കളി കണ്ടിരിക്കുന്നവരെ ആനന്ദം കൊള്ളിക്കാൻ വേണ്ടി മാത്രം കളിക്കുന്ന റൊമാന്റിക് പ്ലെയർ. ലോകം കണ്ട അവസാനത്തെ മഹാനായ എൻഗാഞ്ചേ, ക്രിയേറ്റിവ് ജീനിയസ്. യുവാൻ റോമൻ റിക്വൽമേ.

2000 ത്തിലെ ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ ഫൈനലിൽ റയൽ മാഡ്രിഡിനെ നേരിടുന്നത് ബൊക്ക ജൂനിയേഴ്സാണ്. ഫിഗോയും റോബർട്ടോ കാർലോസും മക്കലെലെയും കസിയസും അടങ്ങുന്ന താരനിബിഡമായ റയൽ. അദ്‌ഭുതകരമാം വിധം റയൽ വീണ ആ കളിയുടെ ആറാം മിനുട്ടിൽ റയലിന് കേട്ടറിവ് മാത്രമുണ്ടായിരുന്ന ആ സ്കിൽ പ്രത്യക്ഷമായി. ബൊക്കയുടെ ഹാഫിൽ നിന്ന് മാർട്ടിൻ പലെർമോയെ ലക്ഷ്യമാക്കി റയലിന്റെ പ്രതിരോധത്തെ തുറന്നെടുക്കുന്ന ഒരു ഡിഫൻസ് ബ്രെക്കിങ് ഏരിയൽ പാസ്. നൽകുന്ന മിഡ് ഫീൽഡർ ഉദ്ദേശിച്ചതിൽ നിന്നും ഒരിഞ്ചു പോലും അങ്ങോട്ടും ഇങ്ങോട്ടുമില്ലാതെ പെർഫെക്ട് ആയി ഒഴുകിയെത്തിയ പന്ത് പലർമോ വലയിലേക്ക് പ്ലെസ് ചെയ്യുമ്പോൾ ആ പാസ്സ് നൽകുന്നത് ക്ലൗഡ് മക്കലെലെയെ അതിശയിപ്പിച്ചു കൊണ്ട് തൻറെ വേഗത്തിനൊപ്പം കളിയുടെ വേഗത്തെ ക്രമീകരിച്ച ഒരസാധാരണ കളിക്കാരനായിരുന്നു.

ദ എൻഗാഞ്ചെ എന്നാണ് ഈ ബ്രീഡിൽ വരുന്നവരുടെ വിളിപ്പേര്. മധ്യനിരക്കും ആക്രമണത്തിനും ഇടയിലുള്ള ലിങ്കായി വർത്തിക്കുന്ന പ്ലേ മേക്കർ. ആധുനിക ഫുട്ബോളിലെ സിസ്റ്റമറ്റിക് ആയ മാറ്റങ്ങൾക്കൊടുവിൽ എവിടെയോ നഷ്ടപ്പെട്ടു പോയൊരു സുവർണ കാലത്തിന്റെ പ്രതിനിധി. തനിക്കാസ്വദിക്കാൻ, തന്റെ കളി കണ്ടിരിക്കുന്നവരെ ആനന്ദം കൊള്ളിക്കാൻ വേണ്ടി മാത്രം കളിക്കുന്ന റൊമാന്റിക് പ്ലെയർ. ഒരു എൻഗാഞ്ചേയുടെ ഉയർച്ചയുടെയും വീഴ്ചയുടെയും കാരണവും ഇത് തന്നെയായിരിക്കും. മുന്നേ പരാമർശിച്ച കളിക്കാരൻ ഈ ബ്രീഡിലെ അവസാനത്തെ കണ്ണിയായിരുന്നു. യുവാൻ റോമൻ റിക്വൽമേ. ഫുട്ബോൾ ലോകം കണ്ട അവസാനത്തെ മഹാനായ എൻഗാഞ്ചേ, ക്രിയേറ്റിവ് ജീനിയസ്.

യുവാൻ റോമൻ റിക്വൽമേ

ബൊക്കയിലെ അസാധ്യ പ്രകടനങ്ങൾ കൊണ്ട് പോകുന്നത് ബാഴ്സയിലേക്കാണ്. ഇതിഹാസപദവിയിലേക്കുള്ള യാത്ര പൂർണതയിലെത്തുന്നത് അവിടെയാകേണ്ടിയിരുന്നു. സംഭവിച്ചത് നേരെ മറിച്ചാണ്. ഫുട്ബോൾ മാറ്റങ്ങൾക്ക് വിധേയമാവുകയാണ്. യൂറോപ്പിൽ ഒരു കളിക്കാരനെ ചുറ്റി ഒരു ടീം കെട്ടിപ്പടുക്കുന്ന ശൈലി ഓൾമോസ്റ്റ് ഇല്ലാതായിരുന്നു. ബാഴ്‌സ കോച്ച് വാൻ ഗാൽ ഒരിക്കലും റോമന്റെ വരവിനെ അനുകൂലിച്ചിരുന്നില്ല. പൊളിറ്റിക്കൽ സൈനിംഗ് എന്നാണദ്ദേഹം ആ വരവിനെ വിശേഷിപ്പിച്ചത്. വാൻഗാലിന് ഇടത് വിങ്ങിലൊരു കളിക്കാരനെയായിരുന്നു ആവശ്യം എന്നത് കൊണ്ട് റിക്വൽമിക്ക് അദ്ദേഹം ഇടം നൽകുന്നത് വിങ്ങിലാണ്. സെൻട്രൽ മിഡ് ഫീൽഡിൽ കളി നിയന്ത്രിക്കുന്ന എൻഗാഞ്ചെക്ക് ഒരിക്കലും ആസ്വദിക്കാൻ കഴിയാത്തൊരു സാഹചര്യം. നിന്റെ കാലുകളിൽ പന്തുള്ളപ്പോൾ നീ ലോകത്തെ മികച്ചവൻ തന്നെയാണെങ്കിലും കാലിൽ പന്തില്ലാത്ത സമയത്ത് ഞങ്ങൾ പത്ത് പേരെ വച്ചാണ് കളിക്കുന്നതെന്ന് തുറന്നടിച്ച വാൻ ഗാലിനോട് കാലിൽ പന്തില്ലാത്തപ്പോൾ ഞാനെന്തിനു ഓടണം എന്ന് പ്രതിവചിച്ച റിക്വെൽമെ പതിയെ ബാർസയുടെ പടിയിറങ്ങിപ്പോയി. എത്തുന്നത് വിയ്യാറയലിലാണ്.

വാൻ ഗാൽ ചെയ്യാൻ മടിച്ചതെന്തോ അതാണ് മാനുവൽ പെല്ലിഗ്രിനി ചെയ്യുന്നത്. ടീം റിക്വെൽമിക്ക് ചുറ്റുമായി ബിൽഡ് ചെയ്യപ്പെടുന്നു, വിയ്യ റയൽ അവരുടെ ഗെയിമിന്റെ പേസ് കുറക്കുന്നു, കളിയുടെ നിയന്ത്രണം റിക്വെൽമിയുടെ കാലുകളിലേക്ക് മടങ്ങിയെത്തുന്നു. ആഗ്രഹിച്ച എല്ലാ ഘടകങ്ങളും കൃത്യമായി പൊസിഷനിൽ വീഴുമ്പോൾ റിക്വെൽമി തന്റെ ഗെയിമിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിയ്യ റയലിന്റെ മധ്യനിരയിലൊരു മാന്ത്രിക സാന്നിധ്യമായി നിറഞ്ഞു കളിച്ചവരെ ആദ്യമായി ചാമ്പ്യൻസ് ലീഗ് സെമിയിലും ലാ ലിഗയിൽ മൂന്നാം സ്ഥാനത്തും എത്തിച്ചതിനു ശേഷമാണു അർജന്റീനയിലേക്ക് മടങ്ങുന്നത്.

തന്റെ കഴിവുകളെ നിഷ്കരുണം അവഗണിച്ച ബിയെൽസക്ക് ശേഷം പെക്കർമാൻ അർജന്റീനയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ റിക്വെൽമെ തിരിച്ചു വന്നു. നമ്പർ 10 ജേഴ്‌സിയോടൊപ്പം അർജന്റീനിയൻ ആക്രമണങ്ങളുടെ ചുക്കാൻ കൂടെ ഏൽപിച്ചു കൊടുത്തു പെക്കർമാൻ അയാളിൽ വിശ്വസിച്ച ആ കാലഘട്ടത്തിൽ റിക്വെൽമെയുടെ പ്രതിഭ അക്ഷരാർത്ഥത്തിൽ ഉയിർത്തെഴുന്നേറ്റു. 2006 ലോകകപ്പിലേക്കുള്ള യോഗ്യതാമത്സരങ്ങളിൽ അർജന്റീനയുടെ ഹോം മത്സരങ്ങൾ നടന്നിരുന്നത് ബൊക്കയുടെ കടുത്ത വിരോധികളായ റിവർ പ്ലേറ്റിൻറെ ഗ്രൗണ്ടിലായിരുന്നെങ്കിലും റിക്വെൽമെ കെട്ടഴിച്ച കളി ക്ലബ്ബുകൾ തമ്മിലുള്ള കടുത്ത വൈരം മറന്നു കൊണ്ട് റിക്വൽമേക്ക് വേണ്ടി ആരവങ്ങൾ ഉയർത്താൻ കാണികളെ പ്രേരിപ്പിച്ചു. അദ്ദേഹം കളിച്ച ആ ഒരേയൊരു ലോകകപ്പ് സിദാൻ, പിർലോ ശ്രേണിയിലേക്ക് ഉയരേണ്ടിയിരുന്ന, റിക്വെൽമെ എന്ന ജീനിയസിന്റെ പട്ടാഭിഷേകം നടക്കേണ്ടിയിരുന്ന ടൂർണമെന്റ് തന്നെയായിരുന്നു. ക്രെസ്പോ, അയാള, സോറിൻ, മഷറാനോ, ഐമാർ, സാവിയോള, ബെഞ്ചിൽ ടെവസ് & സാക്ഷാൽ ലയണൽ മെസ്സി. എബവ്‌ ഓൾ, തനിക്ക് വേണ്ടി ഡിസൈൻ ചെയ്യപ്പെട്ടൊരു സിസ്റ്റത്തെ തനിക്ക് മാത്രം സാധിക്കുന്ന രീതിയിൽ റിക്വൽമേയെന്ന പ്ളേമേക്കർ ഭരിക്കുന്ന കാഴ്ച. ഐവറി കോസ്റ്റിനെതിരെയും ഹോളണ്ടിനെതിരെയും സെർബിയക്കെതിരെയും മെക്‌സിക്കോക്കെതിരെയും റോമൻ കളിയുടെ ടെമ്പോ അസാധ്യമായ രീതിയിൽ നിയന്ത്രിച്ചു. അർജന്റീനയുടെ ഏറ്റവും മികച്ച ലോകകപ്പ് സ്‌ക്വഡുകളിൽ ഒന്ന്. നിർഭാഗ്യം, 72-ാം മിനുട്ടിൽ ഒരു മനുഷ്യന് തോന്നിയ ബുദ്ധിമോശം ഇത് രണ്ടും ഒരുമിച്ചു വന്നപ്പോൾ തന്റെ തലമുറ കണ്ട കളിക്കാരിൽ ഏറ്റവും പ്രതിഭാശാലിയായിരുന്നവൻ എന്ന വിശേഷണം മാത്രം പേറി റിക്വെൽമെ മാഞ്ഞു പോയ കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു. പിന്നീടൊരിക്കലും റോമൻ തന്റെ പ്രതിഭയുടെ ആഴം അതിന്റെ യഥാർത്ഥ രൂപത്തിൽ പ്രദർശിപ്പിച്ചിട്ടില്ല.

എൻഗാഞ്ചെകളുടെ വീഴ്ചയിൽ അവരെ അവരാക്കുന്ന കേളീശൈലിക്കും ഒരു പങ്കുണ്ട്. ഡിഫൻസീവ് ജോലിയോ പ്രസ്സിങ് ജോലിയോ നിർവഹിക്കാത്ത വേഗത കുറഞ്ഞ അലസനായ ഒരു ഓൾഡ് സ്‌കൂൾ മിഡ് ഫീൽഡർ കാലത്തെ അതിജീവിക്കാനുള്ള സാധ്യതയില്ല. വർക്ക് റേറ്റ്, സ്പീഡ്, ഓഫ് ദ ബോൾ മൂവ്മെന്റ് എന്നിവക്കെല്ലാം പ്രാധാന്യമുള്ള ഇന്നിന്റെ ഫുട്ബോളിൽ റിക്വെൽമിയെ പോലൊരു കളിക്കാരന് അവസരങ്ങൾ വളരെ കുറവാണെന്നതാണ് യാഥാർഥ്യം. ടാക്റ്റിക്സിന് കളിക്കാരനെക്കാൾ പ്രാധാന്യം ലഭിച്ചു തുടങ്ങുന്ന മാറ്റങ്ങളുടെ തുടക്കകാലത്താണ് റിക്വെൽമിയുടെ പ്രാധാന്യം ഇല്ലാതാവുന്നതും. മാറ്റങ്ങളോടു പുറം തിരിഞ്ഞു നിന്ന റിക്വെൽമി പുതിയ ഫുട്ബോൾ തന്നിൽ നിന്നാവശ്യപ്പെട്ടത് നല്കാൻ ഒരുക്കമായിരുന്നില്ല. റിക്വെൽമെയുടെ അലസ സമീപനത്തിനും പ്രൊഫഷണലിസമില്ലായ്മക്കും അയാൾ കളിച്ച ശൈലിക്കും അറ്റിറ്റ്യുഡിനും എല്ലായിടത്തും ഒരേപോലെ സ്വീകാര്യത കിട്ടുക എന്നത് ബുദ്ധിമുട്ടായിരുന്നു. യൂറോപ്പിൽ കളിച്ച നാല് കൊല്ലവും അതിനു ശേഷവും അതിനു മുന്നേയും റിക്വെൽമി ഒരു എൻഗാഞ്ചെ തന്നെയായിരുന്നു.

അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന രീതിയിൽ ചോദ്യങ്ങളും ആശ്ചര്യ ചിഹ്നങ്ങളും ബാക്കിയാക്കി കൊണ്ടാണ് യുവാൻ റോമൻ റിക്വെൽമിയുടെ കരിയർ അവസാനിക്കുന്നത്. അർഹതയുണ്ടായിട്ടും എത്തിപ്പെടേണ്ട മഹത്വത്തിൽ എത്തിപ്പെടാതെ അവസാനിക്കുന്ന കരിയറുകൾക്കെല്ലാം പ്രലോഭിപ്പിക്കുന്ന ഒരു ആകർഷണീയതയുണ്ട്‌. കളിച്ചു കൊണ്ടിരുന്ന ഗെയിം തന്നെ മറികടന്നു വളർന്നു പോയതറിയാതെ റിക്വെൽമി പകച്ചു നിന്നിട്ടുണ്ട് പലപ്പോഴും. ഇടിഞ്ഞ ചുമലുകളുമായി പരാജിതന്റെ ശരീര ഭാഷ സ്വയം സ്വീകരിച്ചു ലക്ഷ്യബോധമില്ലാതെയും നിന്നിട്ടുണ്ട്.

അസാധാരണമാം വിധം ക്രിയേറ്റിവ്, സ്‌കിൽഡ് & ടെക്നിക്കലി കറക്ട് ആയിരുന്നൊരു ഫുട്ബോളർ. ഇതിനെല്ലാമിടക്കൊരു ദിവസം ഫുട്ബോൾ ഇന്നുവരെ കണ്ടിട്ടുള്ള ഏതൊരു മധ്യനിര മാന്ത്രികനെയും അതിശയിപ്പിക്കുന്ന രീതിയിൽ താൻ കളിക്കുന്ന ഗെയിമിന്റെ വേഗതയെ, ആ ഗെയിമിന്റെ റിസൾട്ടിനെ തന്റെ കാലുകളിലേക്ക് ഒതുക്കി നിർത്തിയിട്ടുമുണ്ട്. ബൊക്കയിലെക്കുള്ള അയാളുടെ തിരിച്ചു വരവ് വിശേഷിപ്പിക്കപ്പെട്ടത് ഇങ്ങനെയാണ് “a triumph of poetry over prose”.

Comments