ആണത്തം, പിതൃമേധാവിത്തം: സ്​ത്രീപക്ഷ ചിന്തകർക്ക്​ മനസ്സിലാകാത്തത്​

അണികൾക്ക് പിണറായി വിജയനും കെ.സുധാകരനും ഇപ്പോൾ മഹാപുരുഷന്മാരാണ്. സൈബറിടങ്ങളിൽ നടക്കുന്ന വാക്‌പോരുകൾ ശ്രദ്ധയോടെ നോക്കിയാൽ ഇത് സുവ്യക്തം. ഇതേ പിതൃമേധാവിത്വമനോഭാവത്തോടെയാണ് ‘സ്ത്രീപക്ഷകേരളം' എന്ന പരിപാടി പാർട്ടി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. അധികാരവുമായി ചേർന്ന് നിൽക്കുന്ന ഈ പിതൃരൂപം ജീവിതത്തിന്റെ എല്ലാ ഭാഗത്തും സ്ത്രീയെയും പുരുഷനെയും ഒരു പോലെ നിയന്ത്രിക്കുന്നു എന്നതും വ്യക്തമാണ്.

"നാൽപതാകുമ്പോഴേക്കും അവർ അവരുടെ ഉറച്ചുപോയ കുഞ്ഞു ചിന്തകളെ മാമ്മോദിസാ മുക്കും. അനുഭവങ്ങളിലൂടെ ആർജിച്ചതെന്ന പേരിൽ കുറച്ചു പഴഞ്ചൊല്ലുകളും ചേർത്ത് അവർ നാണയമിടുന്ന മെഷീനുകളെ അനുകരിക്കാൻ തുടങ്ങും. ഇടതു വശത്തെ സ്ലോട്ടിൽ നാണയമിട്ടാൽ വെള്ളിക്കടലാസിൽ പൊതിഞ്ഞ കഥകൾ പുറത്തേക്ക് വരും. വലതുവശത്തെ സ്ലോട്ടിൽ നാണയമിട്ടാലാകട്ടെ പല്ലിൽ ഒട്ടിപിടിക്കുന്ന ചോക്ലേറ്റ് പോലുള്ള വിലപ്പെട്ട ഉപദേശങ്ങൾ കിട്ടും'- ഴാങ് പോൾ സാർത്രിന്റെ "Nausea' (ഓക്കാനം) എന്ന നോവലിലെ കേന്ദ്രകഥാപത്രത്തിന്റെ ആത്മഗതം ഓർമിപ്പിക്കുന്നതാണ് കേരളത്തിൽ നടക്കുന്ന പല ചർച്ചകളും.

അനുഭവ തീവ്രതയും, അതിവൈകാരികതയും കലർന്ന ചർച്ചകൾ ഓക്കാനം ഉണ്ടാക്കുക മാത്രമല്ല, മലയാളി സമൂഹത്തിന് ഇടയ്ക്കിടെ നുണയുവാൻ കഥകൾ നല്കുകയും വളരെ ഭംഗിയായി സമൂഹം നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന്​ ശ്രദ്ധ തെറ്റിച്ചുവിടുകയും ചെയ്യുന്നു. പറഞ്ഞുവരുന്നത്, കേരളത്തിലെ മഹാപൗരുഷമുള്ള രാഷ്ട്രീയ നേതാക്കളെ കുറിച്ചും സമൂഹ മാധ്യമങ്ങളിലും, മറ്റു എഴുത്തിടങ്ങളിലും "അനുഭവജ്ഞാനമുള്ളവരായ അച്ഛനമ്മമമാർ' നടത്തുന്ന ചർച്ചകളെയും കുറിച്ചാണ്. "പെൺകുട്ടിയാണ് കൊല്ലരുത്' , "മകളാണ് കൊല്ലരുത്', "ആൺകുട്ടികളെ പാഠം പഠിപ്പിക്കുക’, ‘എങ്ങനെ ആൺകുട്ടികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാം' തുടങ്ങി അനേകം ചർച്ചകൾ ഇപ്പോൾ നടക്കുന്നുണ്ട്. ഇതിനൊപ്പം ഭരിക്കുന്ന പാർട്ടിയും കൂടി ചേരുമ്പോൾ അധികാരം, കുടുംബം, രാഷ്ട്രീയം എന്നിവ കൂടി കലർന്നുണ്ടാകുന്ന സാമൂഹിക പശ്ചാത്തലം വിശകലന വിധേയമാക്കേണ്ടത് പ്രധാനമാകുന്നു. ഈ പശ്ചാത്തലം നൽകുന്ന "ചോക്ലേറ്റുകൾ' നുണഞ്ഞിരുന്നാൽ സ്ത്രീയും പുരുഷനും ഒരു പോലെ അധികാരവ്യവസ്ഥയുടെ കീഴിൽ പൂർണവളർച്ചയെത്താത്ത ശിശുക്കളായി മാത്രം ജീവിക്കേണ്ട അവസ്ഥ കൈവരും.

സംരക്ഷണവും, നിയന്ത്രണാധികാരവും ഒരു പോലെ കൈയാളുന്ന പുരുഷരൂപത്തിന്റെ മാതൃക പൊതുവെ ചരിത്രത്തിലെ എല്ലാ ഭരണകൂടങ്ങളും പ്രാവർത്തികമാക്കാൻ ശ്രമിച്ചിരുന്ന ഒരു അധികാരവ്യവസ്ഥയാണ്. പിതാവ്, ഗോഡ്ഫാദർ, ക്യാപ്റ്റൻ എന്നൊക്കെ രാഷ്ട്രീയനേതാക്കൾക്ക് വിളിപ്പേരുകൾ വരുന്നത് നിഷ്കളങ്കമായല്ല, മറിച്ച് സമൂഹത്തിന് എന്നും പ്രിയപ്പെട്ട പിതൃരൂപം ചില നേതാക്കളിൽ കാണുവാൻ കഴിയുന്നു എന്നതുകൊണ്ടും കൂടിയാണ്. പ്രായത്തിന് മുതിർന്ന ഈ ആൺരൂപം ചിലപ്പോൾ പിതാവായോ, അല്ലെങ്കിൽ മുതിർന്ന സഹോദരനായോ ഒക്കെ അവതരിപ്പിക്കപ്പെടാം.

ഹിറ്റ്‌ലർ ജർമൻ ജനതയ്ക്ക് Fuhrer (മുതിർന്ന സഹോദരൻ) ആയിരുന്നെങ്കിൽ, മുസോളിനി ഇറ്റലിക്കാർക്ക് Duce (പുരുഷ നേതാവ്) ആയിരുന്നു, സോവിയറ്റ് ജനതയ്ക്ക് സ്റ്റാലിൻ "Vozhd' (പ്രിയപ്പെട്ട പിതാവ്) എന്നാണ് അറിയപ്പെട്ടിരുന്നത്. അടുത്തിടെ കേരളത്തിലും ഈ പിതൃരൂപം ഭരണകൂടത്തിലൂടെ പ്രബലമാകുന്നു എന്നത് സുവ്യക്തമായ കാര്യമാണ്. അത് കേവലം വിളിപ്പേരിൽ മാത്രം ഒതുങ്ങുന്നില്ല എന്നുമാത്രമല്ല, നേതാക്കൾ തമ്മിലുള്ള വാക്ക്‌പോരിൽ വരെ അത് കൃത്യമായി പ്രകടമാകുന്നു. അത്തരമൊരു പുരുഷനേതാവാകുവാൻ ശ്രമിക്കുന്ന നേതാക്കളുടെ കഠിനപ്രയത്‌നത്തിന്റെ പശ്ചാത്തലത്തിൽ വേണം മുഖ്യമന്ത്രി പിണറായി വിജയനും, കെ.പി.സി.സി. പ്രസിഡൻറ്​ കെ.സുധാകരനും തമ്മിൽ നടന്ന "ബ്രണ്ണൻ കോളേജ്' വാക്ക്‌പോര് ചേർത്തുവായിക്കേണ്ടത്.

ഒഴിവുനേരങ്ങളിൽ വെറുതെ പറഞ്ഞ വാക്കുകളായല്ല അവയെ നാം കാണേണ്ടത് മറിച്ച്, അധികാരവും, അക്രമം അലങ്കാരമായി കൊണ്ടുനടക്കുന്ന ആണത്തത്തിന്റെയും പ്രകടനമായിട്ടാണ്. ഭരണകൂടം എന്നും അധികാരം നിലനിർത്തുന്നത് അക്രമചരിത്രത്തിലൂടെയാണ് എന്ന വസ്തുത ഒരു തമാശയെന്നോണം മുഖ്യധാര മാധ്യമങ്ങൾ പ്രോത്സാഹിക്കുമ്പോൾ ആരാധിക്കപ്പെടുന്നത് ആണുങ്ങളുടെ അക്രമസ്വഭാവവും. സമൂഹം ഒന്നാകെ പോയകാലത്തിലെ ആ മൽപ്പിടുത്തം കണ്ട് ആർപ്പുവിളിക്കുമ്പോൾ.

കെ. പി.സി.സി. പ്രസിഡൻറ്​ കെ. സുധാകരൻ, മുഖ്യമന്ത്രി പിണറായി വിജയൻ

ആഘോഷിക്കപ്പെടുന്നത് ആണും പെണ്ണും ഒരു പോലെ ആരാധിക്കുന്ന മഹാപുരുഷനാകുന്നു. സ്ത്രീകൾ അത്തരമൊരു പിതാവിനെ ആഗ്രഹിക്കുമ്പോൾ, പുരുഷന്മാർ ആ പിതൃരൂപം ആകുവാൻ ശ്രമിക്കുന്നു. ബ്രണ്ണൻ കോളേജ് വാക്പോര് സൂക്ഷ്മമായി വിശകലനം ചെയ്താൽ കെ. സുധാകരൻ ചോദ്യം ചെയ്യുന്നത് പിണറായി വിജയന് സമൂഹത്തെ നയിക്കാനുള്ള കെൽപിനെയാണ് എന്ന് കാണാം, മറ്റൊരർത്ഥത്തിൽ പിണറായി വിജയന്റെ മഹാപുരുഷത്വത്തെ സമൂഹത്തിന്റെ മുൻപിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ (വാക്ക്‌പോരിന്റെ ഒരു ഘട്ടത്തിൽ സുധാകരൻ പിണറായി വിജയനോട് ആരായുന്നത്, താങ്കൾ ഒരു അച്ഛനാണോ എന്നാണ്), അതെ നാണയത്തിൽ തന്നെ അദ്ദേഹം മറുപടി നൽകി. രാഷ്ട്രീയാധികാരം എന്നത് ശാരീരികബലവും അക്രമമവും ചേർന്ന് നേടിയെടുക്കേണ്ട ഒന്നാണ് എന്ന തത്വത്തിന് സമൂഹം ഒന്നാകെ ആർപ്പ് വിളിക്കുമ്പോൾ വ്യക്തമാകുന്നതും അധികാരത്തിലിരിക്കുന്ന, വേണ്ടി വന്നാൽ അക്രമം പുറത്തെടുക്കുന്ന മഹാപുരുഷനോടുള്ള ആരാധനയാണ്. അണികൾക്ക് പിണറായി വിജയനും കെ.സുധാകരനും ഇപ്പോൾ മഹാപുരുഷന്മാരാണ്. സൈബറിടങ്ങളിൽ നടക്കുന്ന വാക്‌പോരുകൾ ശ്രദ്ധയോടെ നോക്കിയാൽ ഇത് സുവ്യക്തം.

ഇതേ പിതൃമേധാവിത്വമനോഭാവത്തോടെയാണ് "സ്ത്രീപക്ഷകേരളം' എന്ന പരിപാടി പാർട്ടി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. അധികാരവുമായി ചേർന്ന് നിൽക്കുന്ന ഈ പിതൃരൂപം ജീവിതത്തിന്റെ എല്ലാ ഭാഗത്തും സ്ത്രീയെയും പുരുഷനെയും ഒരു പോലെ നിയന്ത്രിക്കുന്നു എന്നതും വ്യക്തമാണ്. ഒരു വശത്ത് ഈ അക്രമസ്വഭാവമുള്ള പിതാവും മറുവശത്തു സാമൂഹികമാധ്യമങ്ങളിലെ അമ്മമാരുടെ വാത്സല്യവും കാണാം. "ആണുങ്ങളെ ചട്ടം പഠിപ്പിക്കുക' എന്ന ശാസ്ത്രീയനടപടി തുടങ്ങുന്നതും ഇവിടെ നിന്നാണ്.

രാഷ്ട്രീയനേതാക്കൾ ഒരു വശത്ത് ആണത്തത്തെ നിർവചിക്കുമ്പോൾ മറുവശത്ത് അമ്മമാർ തങ്ങൾ നേരിട്ട പീഡനകഥകൾ വാതോരാതെ പറയുന്നുണ്ട്. തീവ്രതയുള്ള അനുഭവങ്ങൾ ജീവിതത്തെ കുറിച്ച് ബോധം ഉണ്ടാക്കുന്നു എങ്കിൽ നടപടി നല്ല ഉദ്ദേശ്യത്തോടെയുള്ളതാണ് എന്നുകരുതാം. പക്ഷെ അതിലെ പല ചർച്ചകളും ആണത്തത്തെ ഒരു രോഗമായി ചിത്രീകരിക്കുവാൻ ശ്രമിച്ചാൽ എന്താണ് ചെയ്യുക?. അടുത്തിടെ "തിങ്കി'ൽ തന്നെ വന്ന ഒരു ലേഖനം അവസാനിക്കുന്നത് "ആണത്തം' എന്ന വൈറസിനെ ചെറുക്കേണ്ടതാണ് എന്നാണ്. "Masculinity' ആണോ പ്രശ്‌നം അതോ പിതൃമേധാവിത്വമാണോ പ്രശ്‌നം എന്ന ചോദ്യം ഇന്നും സ്ത്രീപക്ഷചിന്തകർക്ക് മനസിലായില്ല എന്നത് ദൗർഭാഗ്യകരമാണ്.

മുഖ്യധാരാപത്രങ്ങളിലെ ലേഖനങ്ങൾ പലതും ആണിന്റെ മാനസികനിലയെ കുറിച്ചാണ്. മാനസികനില ഒരു "Gender' ന്റെ പേരിൽ മാത്രം വരുന്നതും അപകടമാണ്. അപകർഷത ബോധം, സങ്കുചിത ചിന്താഗതി, മാനസികവൈകല്യങ്ങൾ എന്നിങ്ങനെ പോകുന്നു "ആണിന്റെ' മാനസികനിലയെ കുറിച്ചുള്ള ചർച്ചകൾ. സമൂഹത്തിന്റെ ഏതു വിഭാഗവും ആയിക്കൊള്ളട്ടെ അവരെ മെഡിക്കൽ രീതിയിൽ തത്വവൽക്കരിച്ച് അവരെ "വൈറസായും', പ്രകൃത്യാ അപകടകാരികളുമായി ചിത്രീകരിക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധി ഒരിക്കലും മനസിലാക്കുവാൻ സാധ്യമല്ല.

ഇങ്ങനെ മേല്പറഞ്ഞ പോലെ ഒരു വശത്ത് മഹാപുരുഷന്റെ അക്രമചരിത്രം ആഘോഷിക്കുന്ന അതേ മാധ്യമങ്ങൾ തന്നെ ആൺ വർഗത്തിന്റെ മാനസികനിലയെ കുറിച്ച് വാചാലരാകുമ്പോഴാണ് ഈ ചർച്ച നടത്തുന്ന ആർക്കും തന്നെ സമൂഹത്തിനോട് പ്രതിബദ്ധത ഇല്ല വ്യക്തമാകുന്നത്. ഇന്ന് ഒരു ചർച്ച നടത്തി, നാളെ മറ്റേ ചർച്ചകളിലേക്ക് ചേക്കേറുകയാണ്, ഇടയിൽ സ്വർണത്തിന്റെയും, ജാതി തിരിച്ചുള്ള മാട്രിമോണയിൽ സൈറ്റുകളുടെയും പരസ്യം പ്രദർശിപ്പിച്ചുകൊണ്ട്. സ്ഥിരതയില്ലാത്ത ഈ സമൂഹം അതുകൊണ്ട് തന്നെ ആത്മഹത്യയും, കൊലപാതകവും ആഘോഷിക്കും. ആ ആഘോഷത്തിൽ പങ്കെടുക്കുക മാത്രമാണ് നമ്മുടെ മുതിർന്ന എഴുത്തുകാരും, സാമൂഹികപ്രവർത്തകരും. അതുകൊണ്ടുതന്നെ മേല്പറഞ്ഞ പശ്ചാത്തലം ആണിനും പെണ്ണിനും മറ്റു ലൈംഗീക ന്യൂനപക്ഷങ്ങൾക്കും എല്ലാം ഭീഷണിയാണ്.

ആൺകുട്ടികൾ ഇന്ന് "അക്രമം പ്രകടമാക്കുന്ന ഭരണകൂട പുരുഷത്വത്തിനും' "അസ്തിത്വ പ്രശ്‌നങ്ങൾക്കും' നടുവിലാണെങ്കിൽ, പെൺകുട്ടികൾ ഇന്ന് കുടുംബവും, സമൂഹവും, ഭരണകൂടവും ഒരു പോലെ വാഗ്ദാനം ചെയ്യുന്ന വാത്സല്യവും, സ്‌നേഹവും സൃഷ്ടിക്കുന്ന "ഓക്കാനാവസ്ഥ'യിലാണ്. അവരുടെ ആത്മഹത്യ പോലും ഒരു മുതിർന്ന വ്യക്തി എടുത്ത രാഷ്ട്രീയ നിലപാടാണ് എന്ന് കണ്ട് ബഹുമാനിക്കാൻ എന്തുകൊണ്ട് നമ്മുടെ സമൂഹത്തിന് സാധിക്കുന്നില്ല. ആത്മഹത്യകൾ സമൂഹത്തിന്റെ പ്രശ്‌നങ്ങളെ വിളിച്ചറിയിക്കുന്ന പ്രവർത്തിയായി കാണേണ്ടപ്പോൾ, ആത്മഹത്യയുടെ ഉത്തരവാദിത്വം ആരുടെ മേൽ ചാരണം എന്ന വ്യഗ്രതയിൽ തുടങ്ങി അത്തരം സ്ത്രീകളെ മകളായും, മനോഹരമായ പൂമ്പാറ്റകളോടും, കല്യാണദിവസത്തെ രാജകുമാരിയായും ചിത്രീകരിക്കുന്നതിലെ അശ്ലീലം ഇന്നും നമുക്ക് തിരിച്ചറിയുവാൻ കഴിയുന്നില്ല.

രോഹിത് വെമുലയുടെ ആത്മഹത്യയുടെ രാഷ്ട്രീയ നിലപാട് പോലെ തന്നെ പ്രധാനമാണ് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളുടെ മറുപടിയായി നടക്കുന്ന ആത്മഹത്യകളെ ബഹുമാനത്തോടെ കാണുക എന്നത്. ഇത്തരം സ്‌നേഹപ്രകടനങ്ങൾ തന്നെയാണ് പെൺകുട്ടികളെ വളരുവാൻ അനുവദിക്കാതെ നിർത്തുന്നത് എന്ന വസ്തുത നാം പതിയെ മറക്കുകയും ചെയ്യും. സ്വന്തം ജീവിതത്തെ കുറിച്ച് നിലപാടുകൾ എടുക്കുമ്പോഴും അവരെ മുതിർന്ന വ്യക്തികളായി കാണുവാൻ തുടങ്ങുമ്പോൾ കുടുംബത്തിനുള്ളിലെയും, സമൂഹത്തിലെയും അധികാരം മാറുന്നത് തടയുക എന്നതാണ് ഇത്തരം "അതിവൈകാരികത' കൊണ്ട് ലക്ഷ്യം വെക്കുന്നത്.

മാധ്യമങ്ങളും, ഭരണകൂടവും, കുടുംബവും ഒരുമിച്ച് പെൺകുട്ടികളെ ഒരു സംരക്ഷണവലയത്തിൽ എന്നോണം നിർത്തുവാനുള്ള നടപടികളിലേക്ക് കടന്നാൽ സ്ത്രീകൾ ആ സംരക്ഷണവലയത്തിനുള്ളിൽ നിന്നുകൊണ്ട് സ്വതന്ത്രരാകുമോ? വ്യക്തി എന്ന നിലയിൽ അവരെ വളരാൻ അനുവദിക്കും മുൻപ് "മകളെ' എന്നുവിളിച്ച് ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സമൂഹം അപകടകാരിയാണ്. ഉറപ്പില്ലാത്ത ആ "മകളെ' വിളി തന്നെയാണ് സ്ത്രീകൾ നേരിടുന്ന പ്രധാനപ്രശ്‌നം.

ഇപ്പോൾ കേരളത്തിൽ നടക്കുന്ന ചർച്ചകളെല്ലാം ഇന്നത്തെ സ്ത്രീകൾക്ക് ഉപദേശം നൽകുക എന്ന നയമാണ് തുടരുന്നത്. തങ്ങളുടെ ജീവിതകാലം കൊണ്ട് നേടിയെടുത്ത അനുഭവങ്ങൾ മുതിർന്ന സ്ത്രീകൾ നൽകുമ്പോൾ, മാധ്യമങ്ങൾ അതിൽ കുറച്ച് വൈകാരികതയും ചേർക്കുന്നു. അങ്ങനെ കൊറോണ കാരണം വീട്ടിലിരിക്കുന്ന മലയാളിയ്ക്ക് നേരം പോക്കുമായി. ഒരു സമൂഹത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യന്റെ ഏറ്റവും ക്രൂരമായ പ്രവൃത്തി പോലും സമൂഹത്തിന്റെ മൊത്തം ഉല്പന്നമാണ് എന്നുപറഞ്ഞത് മലയാളി ഇന്നും നെഞ്ചേറ്റുന്ന മാർക്സാണ്. ഇത്തരം കാര്യങ്ങൾ വരുമ്പോൾ നാം മാർക്‌സിനെ മറക്കും.

ആത്മഹത്യ ചെയ്ത സ്ത്രീകളുടെ പഴയ വീഡിയോകളും ചിത്രങ്ങളും പുറത്തെടുത്ത് അത് കണ്ടു കരയുന്ന മലയാളിയെ ഭയക്കണം. കാരണം സന്തോഷവും, സങ്കടവും, ആഘോഷവും ഇടക്കിടയ്ക്ക് വേണം എന്ന് വാശിപിടിക്കുന്ന ഒരു പൊതുസമൂഹമാണ് അത്. നിലപാടില്ലായ്മ എന്നത് ഇന്നത്തെ പൊതുസ്വഭാവമാണ്. തങ്ങൾക്കുള്ളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ കെൽപ്പില്ലാത്ത ഈ പൊതുസമൂഹം പതിയെ ഭരണകൂടത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുവാനായി ക്ഷണിക്കുന്ന അവസ്ഥ തന്നെയാണ് സമഗ്രാധിപത്യത്തിന്റെ പ്രധാന സ്വഭാവം. അത്തരമൊരു ഭരണകൂടത്തിന്റെ കടന്നുകയറ്റം സ്ത്രീകളുടെയും പുരുഷന്മാരുടെയും കുടുംബത്തിൽ സാധ്യമാക്കാവുന്ന സ്വാതന്ത്ര്യത്തിന്റെ എല്ലാ സാധ്യതകളെയും ഇല്ലാതാക്കുന്നതാണ്.

അതുകൊണ്ട് ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ പിതൃമേധാവിത്വ ഭരണകൂടത്തെ ഒരു കൈ അകലത്തിൽ നിർത്തിക്കൊണ്ടുമാത്രമേ സ്വാതന്ത്ര്യ സാധ്യതകളുള്ള കുടുംബങ്ങൾ സ്ത്രീകൾക്കും പുരുഷനും മറ്റു ലൈംഗികന്യൂനപക്ഷങ്ങൾക്കും നിർമിക്കുവാൻ സാധിക്കൂ. അതിന് ശക്തരായ മനുഷ്യർ വളരേണ്ടത് ആവശ്യമാണ്. ശക്തരായ, സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന വ്യക്തികൾക്ക് മാത്രമേ ഇത്തരം പ്രശ്‌നങ്ങൾ സ്വന്തം ജീവിതത്തിൽ നിന്നും ഒഴിവാക്കുവാൻ സാധിക്കൂ.

അതുകൊണ്ടുതന്നെ "അനുഭവജ്ഞാനമുള്ളവരായ മുതിർന്ന സ്ത്രീപുരുഷന്മാർ' ചർച്ചകൾ കുറയ്ക്കുക. നിങ്ങൾ നല്കുന്ന "ചോക്ലേറ്റുകൾ' നുണഞ്ഞാൽ ഉണ്ടാകുന്നത് ശിശുക്കളാണ്, വളർച്ചയെത്തിയ മനുഷ്യരല്ല. വളർച്ചെത്തിയ മനുഷ്യർക്ക് പിതാവിന്റെ സംരക്ഷണമോ, മാതാവിന്റെ വാത്സല്യമോ ആവശ്യമില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ യുവതികളോടും യുവാക്കളോടും പെരുമാറുക.

Comments