കറുത്തവർ ശ്വസിക്കാത്ത അമേരിക്ക

ജോർജ്ജ് ഫ്‌ലോയ്ഡ് എന്ന ആഫ്രിക്കൻ അമേരിക്കൻ മനുഷ്യന്റെ മരണത്തെ (കൊലപാതകത്തെ) തുടർന്ന് അമേരിക്കയിൽ പടർന്നു പന്തലിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കറുത്ത വർഗക്കാർക്കെതിരെ നടക്കുന്ന പോലീസ് അതിക്രമങ്ങളുടെ വംശീയ-ചരിത്ര പരിസരങ്ങളും, അതിനെതിരെ ഉയർന്നു വന്ന ശക്തമായ മുന്നേറ്റത്തെയും കുറിച്ച് എഴുതുകയാണ് ശിൽപ സതീഷ്.

ജോർജ്ജ് ഫ്‌ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് മിനിയപ്പോളിസ് നഗരത്തിലും അമേരിക്കയിൽ ഉടനീളവും ഉയർന്നു വന്ന അതിശക്തമായ സമരങ്ങൾ തുറന്നു കാട്ടുന്നത് വംശീയ അടിച്ചമർത്തലുകൾക്ക് തലമുറകളായി വിധേയരാകുന്ന ആഫ്രിക്കൻ-അമേരിക്കൻ (ഈ കുറിപ്പിൽ ആഫ്രിക്കൻ- അമേരിക്കൻ എന്നും, കറുത്ത വർഗം എന്നും ഉപയോഗിച്ചിരിക്കുന്നത് ആ രണ്ടു രീതികളിലും ആന്റി-റേസിസ്റ്റ് പ്രസ്ഥാനത്തിൽ ഉപയോഗിക്കുന്നത് കൊണ്ടാണ്) സമൂഹത്തിന്റെ വേദനയും അമർഷവുമാണ്.

ജോർജ് ഫ്‌ളോയ്ഡ്‌

ചരിത്രപരമായി ആഫ്രിക്കൻ അമേരിക്കൻ സമൂഹം അമേരിക്കയിൽ നേരിടുന്ന വിവേചനത്തിന്റെ പശ്ചാത്തലത്തിൽ വേണം സമരത്തെ തുടർന്ന് വ്യാപകമായ ആക്രമണങ്ങളെ വിലയിരുത്താൻ. ഒറ്റവാക്കിൽ അക്രമം ഒന്നിനും പരിഹാരമല്ല എന്നു വിലയിരുത്തുന്ന ചില ലിബറൽ അമേരിക്കൻ മാധ്യമങ്ങളും വിദഗ്ധരും അവകാശങ്ങൾക്ക് വേണ്ടി ലോകത്ത് അരങ്ങേറിയ സമരങ്ങളുടെ നീണ്ട ചരിത്രമാണ് സൗകര്യപൂർവം വിസ്മരിക്കുന്നത്. വ്യവസ്ഥിതയെ താല്ക്കാലികമായെങ്കിലും തടസ്സപ്പെടുത്താതെ (disrupt) വിജയിച്ച സമരങ്ങൾ ചരിത്രത്തിൽ വിരളം ആണ്(സാമ്പത്തിക നീതിക്കായി 1968 ൽ ആരംഭിച്ച ""പാവപ്പെട്ടവരുടെ മുന്നേറ്റത്തെ'' (Poor People's Campaign) മുൻ നിരത്തി 1947ൽ പുറത്തിറങ്ങിയ Poor People's Movements: Why they Succeed, How they Fail എന്ന പുസ്തകം (Frances Fox Piven & Richard Cloward) അടിവരയിടുന്നത് അമേരിക്കൻ സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തിൽ തടസ്സം സൃഷ്ട്ടിക്കുക എന്നത് disruptive tacticsആണ് എന്നാണ്).

"Land of the Free' എന്ന് ഊറ്റം കൊള്ളുന്ന അമേരിക്കയിൽ സമരം ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഒരു പോലെ അല്ല എന്നും ഈ പ്രതിഷേധങ്ങൾ കാണിച്ചു തരുന്നു.

അമേരിക്കയുടെ ആന്റി-ബ്ലാക്ക് ചരിത്രം

ഒരു തെറ്റും ചെയ്യാതെ, ആയുധങ്ങൾ ഏതും കൈയ്യിൽ ഇല്ലാതെ, അമേരിക്കയിൽ ആഫ്രിക്കൻ-അമേരിക്കൻ ആയി ജനിച്ചു എന്ന കാരണം ഒന്നു കൊണ്ട് മാത്രം കൊല്ലപ്പെട്ടവരുടെ പട്ടിക ഒരുപാട് നീണ്ടതാണ്. കാറിന്റെ പൊട്ടിയ ടെയിൽ ലൈറ്റിന്റെ പേരിലോ, അല്പം വേഗം കൂടി പോയതിന്റെ പേരിലോ പൊലീസ്, വാഹനം നിർത്താൻ ആവശ്യപ്പെട്ട ആഫ്രിക്കൻ അമേരിക്കൻ മനുഷ്യരുടെ യാത്രകൾ പലപ്പോഴും അവസാനിച്ചത് മരണത്തിലാണ്. ആയുധധാരിയായ പൊലീസ് ഉദ്യോഗസ്ഥന് അകാരണമായി തോന്നുന്ന ജീവ ഭയം ഈ മരണങ്ങളെ നിയമപരമായി സാധൂകരിക്കാൻ ഉപയോഗിക്കുന്നു. എന്ത് കൊണ്ടാകും അമേരിക്കൻ പൊലീസിന് കറുത്ത വർഗക്കാരെ കാണുമ്പോൾ മാത്രം ഈ ഭയം ഉണ്ടാകുന്നത്? അകാരണമായ സംശയം ഉണ്ടാകുന്നത്? ആ അന്വേഷണം തുറന്നു കാണിക്കുന്നത് അമേരിക്കൻ വ്യവസ്ഥയിൽ, പ്രബല-സംസ്‌കാരത്തിൽ അന്തർലീനമായിട്ടുള്ള ആന്റി-ബ്ലാക് വംശീയതയാണ്.

ആഫ്രിക്കൻ -അമേരിക്കൻ ജനതയെ ക്രിമിനൽവല്ക്കരിക്കുകയും അപരവല്ക്കരിക്കുകയും ചെയ്യുന്ന പൊതുബോധം നീണ്ടുചെന്നെത്തുന്നത് അമേരിക്കയുടെ അടിമത്ത ചരിത്രത്തിലും, വെളുത്തവർ കറുത്തവരെക്കാൾ വംശീയമായി ഉയർന്നു നിൽക്കുന്നു എന്നു പ്രചരിപ്പിച്ച യുജെനീക്‌സ് മുന്നേറ്റത്തിലും (eugenics), കറുത്തവരെ വെളുത്തവരിൽ നിന്നു വേർതിരിച്ചു നിർത്തുന്നതിന് (Segregation) സാധുത നല്കിയ ജിം ക്രോ നിയമങ്ങളിലും (Jim Crow Laws) ഒക്കെ ആണ്. അടിമത്തം നിർത്തലാക്കിയതിന് ശേഷവും കറുത്ത വർഗക്കാരെ രണ്ടാം തരം പൗരൻമാരായി തരം താഴ്ത്തുന്നതിനും, അടിച്ചമർത്തുന്നതിനും, അരികുവല്ക്കരിക്കുന്നതിനും, അവരുടെ അവസരങ്ങൾ വെട്ടി ചുരുക്കുന്നതിനും വേണ്ടി അമേരിക്ക കണ്ടെത്തിയ വഴിയാണ് സെഗ്രഗേഷൻ. 1964 ൽ പൗരാവകാശ നിയമം പ്രാബല്യത്തിൽ വരുന്നത് വരെ താമസം, പാർപ്പിടം, വിദ്യാഭ്യാസം എന്നിവയിൽ തുടങ്ങി പൊതു ശൗചാലയങ്ങളും, വാട്ടർ-ഫൗണ്ടനുകളും വരെ കറുത്തവർക്കും വെളുത്തവർക്കും വെവ്വേറെ ആയി ഇവിടെ നിലനിന്നു പോന്നു.

കാറിന്റെ പൊട്ടിയ ടെയിൽ ലൈറ്റിന്റെ പേരിലോ, അല്പം വേഗം കൂടി പോയതിന്റെ പേരിലോ പൊലീസ്, വാഹനം നിർത്താൻ ആവശ്യപ്പെട്ട ആഫ്രിക്കൻ അമേരിക്കൻ മനുഷ്യരുടെ യാത്രകൾ പലപ്പോഴും അവസാനിച്ചത് മരണത്തിലാണ്.

വിവേചനം നിയമപരമായി അവസാനിപ്പിച്ചു എങ്കിലും പുതിയ മാനങ്ങളിലൂടെ, നയങ്ങളിലൂടെ പല തലങ്ങളിൽ അത് തുടരുന്നു. അതുകൊണ്ടാണ്
ഈ ചരിത്രത്തെ മുൻനിർത്തി, വംശീയ വേർതിരിവിൽ അടിയുറച്ച ആ വ്യവസ്ഥിതിയുടെയും മനോഭാവത്തിന്റെയും തുടർച്ചയായിക്കൂടി വേണം ഇപ്പോൾ നടക്കുന്ന ഭരണകൂട ഭീകരതയെ മനസിലാക്കാൻ എന്ന് ആഫ്രിക്കൻ അമേരിക്കൻ മുന്നേറ്റ നേതാക്കൾ അവശ്യപ്പെടുന്നത്.
തുടർക്കഥ ആകുന്ന വംശീയ കൊലപാതകങ്ങൾ
ഏതാനും ആഴ്ചകളുടെ വ്യത്യാസത്തിൽ അമേരിക്ക കണ്ടത് നിരപരാധികളായ മൂന്നു കറുത്ത വർഗക്കാരുടെ കൊലപാതകമാണ്. ജോഗ് ചെയ്യാൻ പോകുന്ന വഴി കൊല്ലപ്പെട്ട അഹമൂദ് ആർബെറി (Ahmud Arbery), സ്വന്തം വീട്ടിൽ ഇരിക്കുമ്പോൾ (വീട് മാറി) പൊലീസ് നടത്തിയ എൻകൗണ്ടറിൽ കൊല്ലപ്പെട്ട ബ്രെയോണാ ടെയിലർ, ഒരു നിസാര പരാതിയിന്മേൽ ഉള്ള അറസ്റ്റിനിടയിൽ കൊല്ലപ്പെട്ട ജോർജ്ജ് ഫ്‌ലോയ്ഡ് (പരാതിയുടെ വ്യാപ്തിയോ ചെയ്ത കുറ്റത്തിന്റെ വലുപ്പത്തിനോ ഇവിടെ പ്രാധാന്യം ഇല്ല), അമേരിക്കയിൽ നടക്കുന്ന വംശീയ കൊലപാതകങ്ങളുടെ നിര അവസാനിക്കുന്നില്ല.

ജോർജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മിനിയാപോളീസിൽ നടന്ന പ്രതിഷേധ പ്രകടനം

ഓടാൻ പോയ അഹമൂദിനെ വെടിവെച്ചു കൊലപ്പെടുത്തിയ വെളുത്ത വർഗക്കാരായ അച്ഛനും മകനും പറഞ്ഞ "ന്യായം', ""അയാളെ കണ്ടപ്പോൾ ഒരു കള്ളനായി തോന്നി എന്നാണ്.'' അതെന്തു കൊണ്ടാണ് കറുത്ത വർഗക്കാരനായ ഒരു യുവാവിനെ കണ്ടപ്പോൾ കള്ളനായി അവർക്ക് തോന്നുന്നത് എന്ന ചോദ്യം നമ്മെ കൊണ്ടെത്തിക്കുന്നത് വർണ-വർഗ ശ്രേണികളെ മുൻനിരത്തി ഈ രാജ്യത്ത് (മറ്റ് പല രാജ്യങ്ങളിലും, ജാതി മുൻ നിരത്തിയുള്ള വിവേചനവും ആയി ഒട്ടും വിഭിന്നമല്ല) നിലനില്ക്കുന്ന നേരത്തെ സൂചിപ്പിച്ച മുൻധാരണകളിലും സ്ഥിര സങ്കൽപ്പങ്ങളിലും (stereotypes) ആണ്.

ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ പട്ടിയെ തുടലിൽ ഇടാൻ ആവശ്യപ്പെട്ട കറുത്ത വർഗക്കാരനോട് ഏമി കൂപ്പർ എന്ന യുവതി പ്രതികരിച്ചത്, പൊലീസിനെ വിളിച്ച് ""ഒരു ആഫ്രിക്കൻ അമേരിക്കൻ എന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു, എനിക്കു ഭയമാകുന്നു'' എന്നു പരാതിപ്പെട്ടുകൊണ്ടാണ്. പാർക്കിൽ നടക്കാൻ പോയ, പക്ഷികളെ നിരീക്ഷിക്കാൻ പോയ ക്രിസ്റ്റിയൻ കൂപ്പർ എന്ന കറുത്ത വർഗക്കാരനെ അക്രമിയായി ചിത്രീകരിക്കുക വഴി ഏമി ചെയ്യുന്നത് ആഫ്രിക്കൻ അമേരിക്കൻ ജനതയ്ക്ക് മുകളിൽ പൊലീസ് നടത്തുന്ന അക്രമം ഓർമിപ്പിച്ചു ക്രിസ്റ്റിയനെ ഭയപ്പെടുത്തുക എന്നതാണ്. തന്നെ ചോദ്യം ചെയ്യാനോ ഉപദേശിക്കാനോ ഒരു കറുത്ത വർഗക്കാരൻ ആയിട്ടില്ല എന്ന വംശീയമായ ""പ്രിവിലെജും'', യോഗ്യതാ ധാരണകളും ഇവിടെ പ്രവർത്തിക്കുന്നു എന്നും ആന്റി-റേസിസ്റ്റ് മുന്നേറ്റങ്ങൾ നിരീക്ഷിക്കുന്നു. വംശീയ വിരുദ്ധ (anti-racist) രാഷ്ട്രീയം പഠിപ്പിക്കുകയും എഴുതുകയും ചെയ്യുന്ന പ്രൊഫ. ഇബ്രാഹിം കെണ്ഡി (Ibrahim X Kendi) അമേരിക്കയിലെ വശീയ ഭീകരതയെക്കുറിച്ച് എഴുതിയ കുറിപ്പിൽ പറയുന്നു, ""ഏമി കൂപ്പറിൽ നിന്നു മിനിയപൊളിസിലെ പൊലീസുകാരനിലേക്ക് ഒരു നേർരേഖ വരക്കേണ്ടത് അത്യാവശ്യം ആണ്. പലപ്പോഴും ഏമി ആണ് തുടക്കം, അത് ആ പൊലീസുകാരനിൽ എത്തി അവസാനിക്കുന്നു.''
ബ്ലാക്ക് ലൈവ്‌സ് മാറ്റർ മുന്നേറ്റം
Trayvon Martin എന്ന 17 വയസ്സുകാരനെ അതിദാരുണമായി കൊന്നകേസിൽ ജോർജ്ജ് സിമ്മെർമൻ എന്ന ആളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിനെതിരെ തുടങ്ങിയ #blacklivesmatter എന്ന ട്വിറ്റർ ഹാഷ്-ടാഗ് (hash-tag) ആണ് പിന്നീട് ""ബ്ലാക്ക് ലൈവ്‌സ് മാറ്റർ'' എന്ന സംഘടിത മുന്നേറ്റമായി മാറിയത്. (2013 ഫെബ്രുവരി 26-നു ഒരു കൂട് സ്‌കിറ്റിൽസും - ഒരു തരം മുട്ടായി- ഒരു തണുപ്പിച്ച ചായയും കൈയ്യിൽ പിടിച്ച് സ്വന്തം വീട്ടിലേക്കു വരികയായിരുന്ന ട്രെവോൺ മാർട്ടിനെ ജോർജ്ജ് സിമ്മെർമാൻ എന്ന neighborhood watch അംഗം പിന്തുടർന്ന് ചെന്ന്, വെടിയുതിർത്ത് കൊല്ലുകയായിരുന്നു.)

ജോർജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തിന് ശേഷം മിനിയാപോളീസ് നഗരത്തിലെ ദൃശ്യം

അലീഷിയാ ഗാർസ (Alicia Garza), പട്രീസ് കള്ളേഴ്‌സ് (Patrisse Cullers), ഒപെൽ ടൊമെറ്റി (Opal Tometi) എന്നിവർ തുടങ്ങിയ ഈ മുന്നേറ്റം ഇന്ന് അമേരിക്കയിൽ ശക്തമായ സാന്നിധ്യമാണ്. സിവിൽ റൈറ്റ്‌സ് മുന്നേറ്റങ്ങളുടെ പിന്തുടർച്ചയായി കാണാൻ കഴിയുമെങ്കിലും, സംഘടനാ രീതിയിലെ പ്രത്യേകതകളും, നേതൃത്വത്തിൽ ക്വീർ വ്യക്തികളുടെ പ്രാതിനിധ്യവും ഈ മുന്നേറ്റത്തെ വ്യത്യസ്തമാക്കുന്നു. ഈ മുന്നേറ്റം ഉയർന്നു വന്ന സാഹചര്യത്തെയും, മുന്നേറ്റത്തിന്റെ ഭാവിയെയും കുറിച്ച് ഒരു അഭിമുഖത്തിൽ പട്രീസ് കള്ളേഴ്‌സ് പറയുന്നത് ഇങ്ങനെയാണ്, ""ഒരു പൊലീസുകാരനാൽ കൊല്ലപ്പെടുന്നത് കൊല്ലപ്പെടുന്ന വ്യക്തിയുടെ തെറ്റായിട്ടാണ് പലരും ധരിക്കുന്നത്. അതാണ് ലോകം നമ്മളോട് പറയുന്നത്. എന്റെ കൊലപാതകം എന്റെ തെറ്റാണ് എന്ന്. എന്നാൽ അങ്ങനെ അല്ല, മറിച്ചു ഇത് വ്യവസ്ഥാപിതമായ കൊലപാതകം ആണ്, വംശീയ ഭീകരത ആണ്. ഞങ്ങൾ അണിനിരക്കുന്നത് ജീവിക്കാൻ ഉള്ള അവകാശത്തിന് വേണ്ടി ആണ്.'' ബ്ലാക് ലൈവ്‌സ് മാറ്റർ ഉൾപ്പെടെ അനേകം വംശീയ വിരുദ്ധ മുന്നണികൾ ചേർന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന സമരങ്ങളെ സംഘടിപ്പിക്കുന്നത്.
അക്രമം പരിഹാരം ആണോ?
ഈ ചോദ്യത്തിന് ബ്ലാക്ക് ട്വിറ്റർ നല്കിയ മറുപടികൾ മുന്നേറ്റങ്ങളെ നേരിടുന്നതിൽ അമേരിക്ക കാണിക്കുന്ന വംശീയ പക്ഷപാതങ്ങളെ ഉയർത്തി കാട്ടുന്നു. ലോക്-ഡൗണിനെതിരെ തോക്കുകൾ ഏന്തി, ഭരണ കേന്ദ്രങ്ങൾ ഉപരോധിച്ച വെള്ളക്കാർ നയിച്ച മുന്നേറ്റങ്ങളെ കണ്ടതായി പോലും നടിക്കാതെ ഇരുന്ന അമേരിക്കൻ ഭരണകൂടം പക്ഷേ, മിനിയപ്പോലീസിൽ സൈന്യത്തെ ഇറക്കി, സമരക്കാർക്കുനേരേ റബ്ബർ ബുള്ളറ്റും കണ്ണീർ വാതകവും ഉപയോഗിച്ചു. സമാധാനമായി റിപോർട്ട് ചെയ്തുകൊണ്ടിരുന്ന ഒമർ ജിമിനെസ് എന്ന ആഫ്രികൻ അമേരിക്കൻ റിപോർട്ടറെ ഓൺ-എയർ (on-air) അറസ്റ്റ് ചെയ്തു.
ലോക്-ഡൗണ് സമരക്കാർ ""വളരെ നല്ല ആൾക്കാർ'' എന്നു പറഞ്ഞ ഡൊണാൾഡ് ട്രംപ്, ഫ്‌ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിക്കുന്ന ജനങ്ങളെ ""കൊള്ളക്കാർ'' (Thugs) എന്നു മുദ്ര കുത്താനും, അവർക്കുനേരെ വെടി ഉതിർക്കും എന്ന് ഭീഷണിപ്പെടുത്താനും മടിച്ചില്ല. വെളുത്ത സമരക്കാർ ""നല്ലവരും'' കറുത്തവർ അങ്ങനെ അല്ലാതാകുന്നതും എന്തുകൊണ്ടാണ് എന്ന് ഈ സമരം ഉറക്കെ ചോദിക്കുന്നു.

""കലാപം'' (riot) എന്ന പ്രയോഗം പോലും ഈ സാഹചര്യത്തിൽ സമരത്തിനെ വംശീയമായി തരം തിരിക്കാൻ ഉപയോഗിക്കുന്നു എന്നു അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസ്സർ ആയ ഡോ. കേണ്ഡി പറയുന്നു. അക്രമം പരിഹാരം അല്ല എന്ന വാദങ്ങൾക്ക് അദ്ദേഹം നല്കുന്ന മറുപടി ഇതാണ്, ""അക്രമ രഹിതമായ പൊലീസിന് വേണ്ടി നിങ്ങൾ ആവശ്യപ്പെടുന്നില്ല എങ്കിൽ, അക്രമ രഹിതമായ സമരങ്ങൾക്ക് വേണ്ടി ആഹ്വാനം ചെയ്യാതെ ഇരിക്കുക.''
സമരങ്ങളിൽ നുഴഞ്ഞു കയറി അക്രമം അഴിച്ചു വിടുന്ന "agent provocateur' മാരെ സൂക്ഷിക്കണം എന്ന് മുന്നണി പ്രവർത്തകർക്കു മുന്നറിയിപ്പ് നല്കുന്നത് എന്ത് വില കൊടുത്തും ഈ സമരത്തിനെ തകർക്കാൻ ഭരണകൂടം ശ്രമിക്കും എന്ന് ഉത്തമ ബോധം ഉള്ളത് കൊണ്ടാണ്. ഒന്നിന് പുറകെ ഒന്നായി, വംശീയതയിൽ പൊലിയുന്ന ആഫ്രിക്കൻ അമേരിക്കൻ മനുഷ്യരുടെ രോഷം ന്യായമാണ്. ജെയിംസ് ബാൾഡ്വിൻ പറഞ്ഞത് പോലെ ആ അവബോധം ഒരു മനുഷ്യനിൽ ഉണ്ടാക്കുന്ന രോഷം ചെറുതല്ല.


സമരം ഉയർത്തുന്ന മുഖ്യമായ വിഷയത്തിനോട് പുറം തിരിഞ്ഞ്, പ്രവർത്തകരുടെ രോഷത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിൽ സമാരാഗ്‌നിയിൽ ഉൾപ്പെട്ട ""ഗാന്ധി മഹൽ'' എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥന്റെ വാക്കുകൾ പ്രധാനമാണ്. ""അവർ എന്റെ സ്ഥാപനം കത്തിച്ചോട്ടെ. നീതി നടപ്പിലാകണം, ആ ഉദ്യോഗസ്ഥരെ ജയിലിൽ ഇടണം.''തീയിൽ കത്തി നശിച്ച സ്ഥാപനത്തേക്കാൾ ഈ സമരം പ്രധാനമാണ് എന്ന തിരിച്ചറിവും രാഷ്ട്രീയ ബോധവും ആണ് ഈ പ്രതികരണത്തിൽ കാണാൻ കഴിയുക. ഇത് പോലെ അമേരിക്ക ഈ സമരത്തിന് പിന്നിൽ അണിനിരക്കും എന്നു പ്രതീക്ഷിക്കാം. വളരെ വൈകിയെങ്കിലും നീതി ലഭിക്കും എന്നും, അത് ലഭിക്കും വരെ ഭരണകൂടം അഴിച്ചു വിടുന്ന ആക്രമണത്തെ ചെറുത്തു നിൽക്കാൻ ഈ മുന്നേറ്റത്തിന് കഴിയും എന്നും പ്രതീക്ഷിക്കാം.

(ആന്റി-ബ്ലാക്ക് വിവേചനം പുറത്തു നിന്നു കണ്ട, വായിച്ച് അറിഞ്ഞ ഒരു വ്യക്തി എന്ന നിലയിൽ മാത്രമാണ് ഈ കുറിപ്പ് എഴുതുന്നത്. അതുകൊണ്ട് തന്നെ അമേരിക്കയുടെ ആന്റി-ബ്ലാക് വംശീയ ചരിത്രത്തെയും, വിവേചങ്ങളെയും, തീവ്രമായ അനുഭവങ്ങളെയും വരച്ചിടാൻ ഉള്ള പരിമിതികൾ ഇവിടെ തുറന്നു അംഗീകരിക്കുന്നു. മുന്നേറ്റത്തിന് പൂർണ പിന്തുണ നല്കുന്നു.)

Comments