കരിസലിൽനിന്ന് പടരുന്ന പരുത്തിമണം

വേറിട്ട എഴുത്തുരീതികൊണ്ട് ചെറിയ കാലയളവിൽ പുതു തമിഴ് എഴുത്തിലെ ശക്തമായ സാന്നിധ്യമായി മാറിയ നരനുമായി എ. കെ. റിയാസ് മുഹമ്മദ് നടത്തിയ സംഭാഷണം.

ന്ധകഭൂമി എന്നറിയപ്പെടുന്ന വിരുതുനഗറിലാണ് നരൻ ജനിച്ചത്. കരിമണലിന്റെ ഗന്ധവും തനിമയുള്ള മൊഴിയുംകൊണ്ട് സമ്പന്നമാണ് നരന്റെ രചനകൾ. ഉപ്പുനീർമുതലൈ, ഏഴാം നൂറ്റ്രാണ്ടിൻ കുതിരൈകൾ, ലാഹിരി, മിളക് പരുത്തി മറ്റ്‌റും യാനൈകൾ എന്നീ കവിതാസമാഹാരങ്ങളും കേശം, ശരീരം എന്നീ കഥാസമാഹാരങ്ങളും പുറത്തുവന്നിട്ടുണ്ട്.

എ. കെ. റിയാസ് മുഹമ്മദ്: തമിഴ് സാഹിത്യ ചരിത്രത്തിലൂടെ കടന്നു പോകുമ്പോൾ പല പ്രമുഖ എഴുത്തുകാരും ഒരേസമയം കവികളും കഥാകൃത്തുക്കളും നോവലിസ്റ്റുകളുമായിരുന്നു എന്നുകാണാം. പുതുതലമുറയിലെ എഴുത്തുകാരിൽ കവിതയെഴുതിക്കൊണ്ടായിരുന്നു താങ്കളുടെ തുടക്കം. പിന്നീട് കഥയിലേക്ക്​. പുതിയ നോവൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. താങ്കൾ സ്വന്തത്തെ ആരായാണ് അടയാളപ്പെടുത്തുവാൻ ആഗ്രഹിക്കുന്നത്?

നരൻ: സാഹിത്യത്തിലെ ഏതു മേഖലയിലേക്ക് കടന്നാലും അതെല്ലാമാണെന്നാണ് ഞാൻ കരുതുന്നത്. ഓരോന്നിനും അനന്യതയുണ്ട്. താങ്കൾ സൂചിപ്പിച്ച മൂന്നു കലാരൂപവും എനിക്കിഷ്ടപ്പെട്ടവയാണ്. എഴുത്തുമായി ബന്ധപ്പെട്ട മൂന്നു വ്യത്യസ്ത മാതൃകകളാണവ. ഈ ഓരോ വ്യത്യസ്ത്ക്കുള്ളിൽ ഞാൻ സ്വന്തത്തെ അടയാളപ്പെടുത്തുന്നു. കവിതയുടെ ഭാവം കഥയിലോ കഥയുടെ ഭാവം നോവലിലോ വരുത്താതെയാണ് ഞാനെഴുതുന്നത്. കവിതയെഴുത്തിലും കഥയെഴുത്തിലും എന്റേതായ ശൈലിയുണ്ട്. ഞാൻ കടന്നുപോയ ജീവിതത്തിൽനിന്ന് ലഭിച്ച സത്തയുൾക്കൊണ്ടുകൊണ്ടുള്ള എഴുത്തുമുറയാണ് നോവലിലും അവലംബിക്കുന്നത്. ആത്യന്തികമായി ഞാനൊരു എഴുത്തുകാരൻ മാത്രമാണ്.

ചോദ്യം: താങ്കളുടെ കവിതകളിലും കഥകളിലും സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുണ്ട്. മാത്രമല്ല, അവർ ധീരരും ശക്തരുമാണ്.

എന്റെ ബാല്യത്തിൽ അച്ഛൻ മരിച്ചു. ഇരുപത്തിയൊന്നു വയസ്സു വരെ വീട്ടിലെ മൂന്നു സ്ത്രീകളെ കണ്ടാണ് വളർന്നത്​- അമ്മ, ചേച്ചി, അനിയത്തി. ഭർത്താവ് നേരത്തെ മരിച്ചതിനാൽ ഇരുപത്തിയെട്ടാം വയസ്സിൽ അമ്മ വിധവയായി. കുടുംബത്തിന്റെ രണ്ട് അവസ്ഥകളെ കണ്ടയാളാണ് ചേച്ചി. അവരുടെ ഏഴു വയസ്സു വരെ സാമ്പത്തികമായി ഉയർന്ന നിലയും പിന്നീട് കൊടും ദാരിദ്യവും.

ഒരു പെൺകുട്ടിയുമായി സംസാരിക്കാനും ഇടപെടാനും ഇഷ്ടപ്പെടുന്ന ആ സമയത്ത് അമ്മയുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകാൻ തുടങ്ങുന്നു. നമ്മുടെ വീട്ടിലുള്ളവർക്ക് എന്തുകൊണ്ടാണ് നല്ലൊരു ജീവിതാവസ്ഥയില്ലയെന്ന ചോദ്യവും ഭയവും എന്നെ പിടികൂടുന്നു.

ഓട്ടിസം ബാധിച്ചവളാണ് അനിയത്തി. എന്റെ ഇരുപത്തിയൊന്നാം വയസ്സിൽ ചെന്നൈയിലേക്ക് വരുന്നതുവരെ ഈ മൂവരുടെയും ജീവിതം കണ്ടുകൊണ്ടേയിരുന്നവനാണ് ഞാൻ. 18 വർഷമായി ഞാൻ ചെന്നൈയിലാണ്. ഇതിനിടയിൽ പത്തോ പതിനഞ്ചോ തവണ മാത്രമാണ് ഞാൻ സ്വദേശത്തേക്ക് പോയത്. എനിക്ക് വേദന പകരുന്ന സ്ഥലമാണത്. അതിനാൽ അങ്ങോട്ടുള്ള യാത്ര കഴിവതും ഒഴിവാക്കും. വിശേഷ പരിപാടികളിൽ സംബന്ധിക്കുകയോ ബന്ധുക്കളുമായി ബന്ധം പുലർത്തുകയോ ചെയ്യുന്നുമില്ല. ഒറ്റക്കാണ്. നാടിന്റെ ഓർമ്മകൾ മനസ്സിൽ അങ്ങനെയാണ് കിടക്കുന്നത്.

ഇരുപത്തെട്ടാമത്തെ വയസ്സിൽ അമ്മ വിധവയായ കാര്യം പറഞ്ഞുവല്ലോ. അവർക്ക് കുറച്ചുകൂടി പക്വത വന്ന കാലത്ത്​, അതായത് എന്റെ പതിനഞ്ചാം വയസ്സിൽ എനിക്കൊരു പ്രണയമുണ്ടാകുന്നു. ഒരു പെൺകുട്ടിയുമായി സംസാരിക്കാനും ഇടപെടാനും ഇഷ്ടപ്പെടുന്ന ആ സമയത്ത് അമ്മയുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകാൻ തുടങ്ങുന്നു. നമ്മുടെ വീട്ടിലുള്ളവർക്ക് എന്തുകൊണ്ടാണ് നല്ലൊരു ജീവിതാവസ്ഥയില്ലയെന്ന ചോദ്യവും ഭയവും എന്നെ പിടികൂടുന്നു. വീണ്ടും വീണ്ടും അതേ ചോദ്യം മനസ്സിൽ ആവർത്തിക്കുന്നു. ഭർത്താവില്ലെങ്കിലും ഒരു ബന്ധമോ പങ്കാളിയോ ഉള്ള സന്തോഷകരമായ ജീവിതമുണ്ടായിരിക്കണമെന്ന തോന്നൽ. അതാണ് എന്റെ കഥകളിലെ സ്ത്രീകഥാപാത്രങ്ങളെ അത്തരത്തിൽ ഉരുവപ്പെടുത്തിയിരിക്കുന്നത്. അവർ അവർക്കിഷടമുള്ളത് ചെയ്യണം, സന്തോഷമായിരിക്കണം. പ്രത്യേകിച്ചും ‘വാരണാസി' എന്ന കഥയിലെ കഥാപാത്രം. പല കഥകളിലും അത്തരത്തിൽ അറിഞ്ഞോ അറിയാതെയോ അമ്മയുടെ ചിത്രം വന്നുപോകാറുണ്ട്. അല്ലെങ്കിൽ ഞാൻ കണ്ടുമുട്ടിയ ഏതെങ്കിലും സ്ത്രീകൾ. ഒരു ശവത്തോടൊപ്പമാണ് അതിലെ സ്ത്രീ കഥാപാത്രം സഞ്ചരിക്കുന്നതെങ്കിലും അവൾക്ക് നല്ലൊരു ജീവിതമുണ്ടാവണമെന്നും ഇഷ്ടപ്പെട്ട ഒരു ആൺപങ്കാളിയുണ്ടാവണമെന്നുമാണ് ആ കഥയിൽ പറയാൻ ശ്രമിച്ചത്. അതുകൊണ്ടാണ് ശവവും പേറിപ്പോകുന്ന ആംബുലൻസിന്റെ ഡ്രൈവറോട് അത്തരത്തിൽ ആകർഷണം തോന്നുന്നത്.

‘മാനേന്തി' എന്ന കഥയിൽ പെൺകഥാപാത്രത്തെ നാട്ടുകാർ കലഹക്കാരിയായാണ് കാണുന്നത്. ഒന്നിനെയും കൂസാത്ത പെണ്ണ്. പരിചയപ്പെടുന്ന ഒരു പുരുഷൻ അവളോട് യാത്ര പോയാലോ എന്നു ചോദിക്കുമ്പോൾ പെട്ടെന്ന് അവൾ കൂടെയിറങ്ങിപ്പോകുന്നു. താങ്കൾ പറഞ്ഞപോലെ ധീരയായ കഥാപാത്രം. ‘മരിയപുഷ്പത്തിൻ സൈക്കിൾകൾ' ഉൾപ്പെടെയുള്ള എല്ലാ കഥകളിലും പെൺതനിമ അത്തരത്തിലാണുള്ളത്. അതുകൊണ്ടുതന്നെ എന്റെ കഥകളിൽ ആൺകഥാപാത്രങ്ങളെക്കാളും പെൺകഥാപാത്രങ്ങളാണ് ശക്തർ. സ്ത്രീകൾ പ്രാധാന്യത്തോടെ കടന്നുവരുന്ന കവിതകളാണ് കൂടുതലും എഴുതിയിട്ടുള്ളത്. പ്രത്യേകിച്ചും ‘പെണ്ണുടൽ' എന്ന കവിത. പൂർണമായല്ലെങ്കിലും സ്വന്തം വാഴ്‌വുകളിൽനിന്ന് പകർന്നതായിരിക്കണം സൃഷ്ടികളെന്ന് ഞാൻ വിശ്വസിക്കുന്നു. അത് മറ്റുള്ളവരുടെ ജീവിതത്തിൽ ചെറുതെങ്കിലുമൊരു ചലനമുണ്ടാക്കണം. ഒരു പടികൂടി കടന്ന്, അവ പുരോഗമനപരമായിരിക്കണം എന്നും കരുതുന്നു. എന്റെ കഥകൾ പിന്തിരിപ്പനായിരിക്കാൻ പാടില്ല എന്ന ശാഠ്യമുണ്ടെനിക്ക്. പുരോഗമനമെന്ന് ഉദ്ദേശിക്കുന്നത്, ഓരോരുത്തർക്കും അവരുടേതായ ഇടം നൽകുക എന്നതാണ്. ഉദാഹരണത്തിന്, ഞങ്ങളുടെ ബന്ധുക്കൾക്കിടയിൽ ജീവിക്കാതിരുന്നിരുന്നുവെങ്കിൽ ഒരുപക്ഷേ എന്റെ അമ്മ മറ്റൊരുതരം ജീവിതം നയിക്കുമായിരുന്നു എന്നെനിക്ക് തോന്നുന്നു. സമൂഹത്തെ ഭയന്ന് ജീവിതം ഹോമിച്ചവളാണ് അവർ.

സാമൂഹ്യമായ കെട്ടുപാടുകളെയും ജാതീയ പശ്ചാത്തലങ്ങളെയും മനുഷ്യരുടെ വാക്കുകളെയും ഭയന്ന് തള്ളി നീക്കുന്ന ശൂന്യമായ ജീവിതമുണ്ടല്ലോ, അതാണ് ഞാനുദ്ദേശിക്കുന്നത്. അതൊക്കെ മറികടന്നുള്ള സമത്വമാണ് വേണ്ടത്. നോക്കൂ, ഒരു വയലുണ്ടെങ്കിൽ നമുക്ക് മാത്രമായല്ല വിതയ്ക്കുന്നത്. പക്ഷികളും ചെറുജീവികളും അണ്ണാൻമാരും നെൽമണികളും ചോളക്കതിരുകളും ഭക്ഷിക്കണം. കൊയ്ത്തുകഴിഞ്ഞാൽ കൊയ്‌തെടുക്കുന്നതിൽ കുറച്ച് അവിടെ കരുതിക്കൂട്ടി വാരി വിതറി പെറുക്കാതെയാണ് മടങ്ങാറ്. പക്ഷികൾക്ക് വേണ്ടത് പക്ഷികൾക്കും അണ്ണാൻമാർക്ക് വേണ്ടത് അണ്ണാൻമാർക്കും മറ്റു ജീവികൾക്ക് വേണ്ടത് മറ്റു ജീവികൾക്കും ആണിനു വേണ്ടത് ആണിനും പെണ്ണിനു വേണ്ടത് പെണ്ണിനും കൊടുക്കണം. ഇത് വലിയ പുരോഗമനചിന്തയൊന്നുമല്ല. ഓരോന്നിനും അതിന്റേതായ അവകാശപ്പട്ടത് നൽകണം.

ഒരു ആൺകുട്ടി പുറപ്പെട്ടു പോയാൽ സമ്പാദിക്കാൻ പോയവനാകും. പക്ഷേ പെൺകുട്ടി അത് ചെയ്താൽ, ഓടിപ്പോയവളാവും. അതിനാൽ കുറഞ്ഞ പക്ഷം ചിന്തയുടെ ചെറുതിരിയെങ്കിലും കഥകളിലൂടെ തെളിയിക്കണമെന്നാണ് ഞാൻ കരുതുന്നത്.

താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടാവും, കേരളമൊഴിച്ച് തമിഴ്‌നാട്ടിലെ ഉൾനാടുകളിലുള്ള പെൺകുട്ടികളെ പത്തു പതിനഞ്ചു വർഷം മുമ്പു വരെ നിർദ്ദിഷ്ട വയസ്സിനപ്പുറം പഠിക്കാൻ അയക്കില്ലായിരുന്നു. ഇന്ത്യയിലെ മറ്റിടങ്ങളിൽ ഇപ്പോഴും ആ സ്ഥിതിയിൽ മാറ്റമില്ല. എന്റെ കൂടെ പഠിച്ച പെൺകുട്ടികളെയോ അല്ലെങ്കിൽ ഞങ്ങളുടെ തെരുവിലെ എന്റെ സമപ്രായക്കാരായ പെൺകുട്ടികളെയോ കോളേജ് പഠനം കഴിഞ്ഞയുടനെ കല്യാണം കഴിപ്പിച്ചു വിടും. എന്നാൽ ആൺകുട്ടികൾക്കാണെങ്കിൽ പിന്നേയും പത്തു വർഷം കഴിയും. ഞാൻ പരീക്ഷ കഴിഞ്ഞ ദിവസം രാത്രി ആരോടും പറയാതെ ചെന്നൈയിലേക്ക് വണ്ടി കയറി. എന്നാൽ, തെരുവിൽ എന്റെ കൂടെ കളിച്ച അല്ലെങ്കിൽ പഠിച്ച സുഹൃത്തായ ഒരു പെൺകുട്ടിക്ക് അതേപോലെ ആരോടും പറയാതെ ഇറങ്ങി പുറപ്പെടാൻ കഴിയുകയേയില്ല. ഒരു ആൺകുട്ടി പുറപ്പെട്ടു പോയാൽ സമ്പാദിക്കാൻ പോയവനാകും. പക്ഷേ പെൺകുട്ടി അത് ചെയ്താൽ, ഓടിപ്പോയവളാവും. അതിനാൽ കുറഞ്ഞ പക്ഷം ചിന്തയുടെ ചെറുതിരിയെങ്കിലും കഥകളിലൂടെ തെളിയിക്കണമെന്നാണ് ഞാൻ കരുതുന്നത്.

ചോദ്യം: മനുഷ്യരാവട്ടെ മറ്റു ജീവികളാകട്ടെ എല്ലാറ്റിനും അതിന്റേതായ അവകാശമുണ്ടെന്ന് താങ്കൾ പറഞ്ഞു. ഇതുപോലെ ‘ഭൂമിയിലെ അവകാശി'കളെക്കുറിച്ച് പറഞ്ഞ എഴുത്തുകാരനാണ് ബഷീർ. മലയാളത്തിലെ എഴുത്തുകാരുമായുള്ള വായനാനുഭവം എന്താണ്​?

തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ബഷീറിന്റെ ഏറെക്കുറെ എഴുത്തുകളെല്ലാം വായിച്ചിട്ടുണ്ട്. ആരുമായും താരതമ്യം ചെയ്യാൻസാധിക്കാത്ത മാസ്റ്ററാണ് ബഷീർ. മലയാളത്തിൽ ബഷീർ കഴിഞ്ഞാൽ സക്കറിയയാണ് ഇഷ്ട എഴുത്തുകാരൻ. ഒ.വി. വിജയൻ, അശോകൻ ചെരുവിൽ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കൽപ്പറ്റ നാരായണൻ, ഉണ്ണി. ആർ, സന്തോഷ് ഏച്ചിക്കാനം, കെ.ആർ. മീര എന്നിങ്ങനെ മലയാളത്തിൽനിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ട പല എഴുത്തുകാരെയും വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഉണ്ണി. ആറിന്റെ ‘ബാദുഷ എന്ന കാൽനട യാത്രക്കാരൻ', ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ‘ആർക്കും വേണ്ടാത്ത ഒരു കണ്ണ്', കെ. ആർ. മീരയുടെ ‘ശൂർപ്പണഖ', സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ഒറ്റവാതിൽ' ‘ബിരിയാണി' എന്നിവ മനസിലിപ്പോഴുമുള്ള കഥകളാണ്.

ചോദ്യം: ‘മാനേന്തി' എന്ന കഥയെക്കുറിച്ച് പറഞ്ഞു. വളരെ സൂക്ഷ്മമായ ആഖ്യാനമാണ് അതിൽ. ഏറെ സഞ്ചരിച്ച് ശിൽപങ്ങളെയൊക്കെ നിരീക്ഷിച്ചെഴുതിയ പോലെയാണ് ആ കഥ വായിച്ചപ്പോൾ തോന്നിയത്.

ഏഴാമത്തെയോ എട്ടാമത്തെയോ കഥയാണ് ‘മാനേന്തി'. തുടർച്ചയായി ഒരേതരത്തിലുള്ള ഇരുണ്ട കഥകളാണ് എഴുതുന്നതെന്ന തോന്നൽ എന്നിലുണ്ടായി. ഇടയ്ക്കിടെ യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. ഗുഹാചിത്രങ്ങളെയും ഉപേക്ഷിക്കപ്പെട്ട പഴയകാല ക്ഷേത്രങ്ങളെയും ശിൽപങ്ങളെയും അന്വേഷിച്ചുള്ള യാത്ര. തഞ്ചാവൂരിലെ ഉൾനാടുകളിലും ഗ്രാമങ്ങളിലും പുറംലോകമറിയാത്ത പഴയ ക്ഷേത്രങ്ങളും കൽമണ്ഡപങ്ങളുമുണ്ട്. ചോള കാലത്തു നിർമ്മിക്കപ്പെട്ട അത്തരത്തിലുള്ള ക്ഷേത്രങ്ങളെയും ശിൽപങ്ങളെയും ഗോപുരങ്ങളെയും ഒരു ദിവസം മുഴുവൻ ചെലവഴിച്ച് കാണാനായുള്ള യാത്രകൾ. എനിക്ക് ചിത്രകാരന്മാരും ഫോട്ടോഗ്രാഫർമാരുമായ സുഹൃത്തുക്കളുണ്ട്. കൂടാതെ ചെറു സംഗീതസംഘമുണ്ട്. അവരുടെ കൂടെ ചുറ്റിക്കറങ്ങാറുണ്ട്. പാറയിൽ കൊത്തിവെച്ച ശിൽപങ്ങൾ കാണാൻ കാട്ടിലേക്ക് പോകുന്ന പതിവുമുണ്ട്. ഇത്തരം യാത്രകളെ ആധാരമാക്കി യാത്ര തുടങ്ങുന്നതു മുതൽ അവസാനിക്കുന്നതു വരെ പ്രമേയമാക്കി ഒരു കഥയെഴുതണമെന്ന തോന്നലിൽനിന്നാണ് ‘മാനേന്തി' പിറക്കുന്നത്. ഒരു യാത്രയുടെ അവസാനം ഫോർട്ടുകൊച്ചിയിൽവെച്ചാണ് ആ കഥയെഴുതുന്നത്. കൃത്യമായി പറഞ്ഞാൽ ഡച്ച് ഹെറിറ്റേജ് ഹോട്ടലിൽവെച്ചാണ് കഥയുടെ മുക്കാൽഭാഗവും എഴുതിയത്. അവിടെത്തന്നെയുള്ള ഡേവിഡ് ഹാളിൽ ഒരു ചിത്രപ്രദർശനം നടന്നുകൊണ്ടിരിക്കെയാണ് ബാക്കി ഭാഗം എഴുതിയത്.

ചോദ്യം: കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള കുറച്ചു കഥകൾ താങ്കളെഴുതിയിട്ടുണ്ട്. യേശു, മയിൽ, ഉടൽ, കൂട്ടിയമ്മ എന്നിങ്ങനെ. അവയിൽ സംഭാഷണം കടന്നു വരുമ്പോൾ മലയാളം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതും. കേരളം താങ്കളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

ബാല്യം മുതൽക്കേ അവിടുത്തെ പച്ചപ്പ് എന്നെ അങ്ങോട്ട് പോകാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് രണ്ടു തവണ കേരളത്തിലേക്ക് ഒളിച്ചോടിവന്നിട്ടുണ്ട്. ഒരു തവണ കൊച്ചിയിലേക്കും മറ്റൊരു തവണ തിരുവനന്തപുരത്തേക്കും. കലയുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രവൃത്തികൾ നടക്കുന്ന ദേശമാണ്​ കേരളം. 2014 മുതൽ കൊച്ചി മുസിരിസ് ബിനാലേയിൽ തുടർച്ചയായി പങ്കെടുക്കുന്നു. അടിസ്ഥാനപരമായി എഴുത്തിനെ വിഷ്വലാക്കി മാറ്റണമെന്നും ആ കാഴ്ചകളെ വായനക്കാരന്റെ മുന്നിലൂടെ ഓടിച്ചുകൊണ്ടിരിക്കണമെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്. കാഴ്ചയിലെ കൃത്യതയും ചിത്രത്തിന്റെ അഴകും എഴുത്തിൽ വരയ്ക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അങ്ങോട്ട് കേരളത്തിലേക്ക് ആകർഷിക്കാനുള്ള മറ്റൊരു പ്രധാന കാരണം, മലയാള സാഹിത്യമാണ്. അവയിലൂടെ അനുഭവിച്ചറിയുന്ന സ്ഥലചിത്രീകരണം തമിഴിലെ ചില എഴുത്തുകാരുടെ സൃഷ്ടികളിൽ മാത്രമാണ് കാണാനാവുക. അവയിൽ തെളിയുന്ന മരങ്ങളും പച്ചപ്പുമൊക്കെയുണ്ടല്ലോ അത്. ഞാൻ ജനിച്ചത് വരണ്ട പ്രദേശത്താണ്. കേരളത്തിലെ ഭൂപ്രകൃതിയിൽനിന്ന് തികച്ചും നേർവിപരീതമായ ഒരു സ്ഥലം. വരൾച്ചയും ജലക്ഷാമവുമൊക്കെയുള്ള പ്രദേശം. പഴയ രാമനാഥപുരത്തിൽപ്പെട്ട ഭൂഭാഗം. നീരുറവകൾ തീർത്തുമില്ല. ദിവസത്തിൽ നാലു തവണയാണ് കോർപ്പറേഷനിൽനിന്ന് വെള്ളമെത്തുക. അങ്ങനെയൊരു ഇടത്തിൽനിന്ന് വന്ന ഒരാളെന്ന നിലയിൽ പച്ചപ്പ് തേടി കണ്ണുകളും മനസ്സും പോയിക്കൊണ്ടേയിരിക്കും.

ചോദ്യം: കാഴ്ചയുടെ കൃത്യതയെപ്പറ്റി സൂചിപ്പിച്ചുവല്ലോ. ‘മാനേന്തി', ‘മരിയപുഷ്പത്തിൻസൈക്കിൾ', ‘മയിൽ', ‘നീലനിറം' എന്നീ കഥകളിലൂടെ സഞ്ചരിച്ചപ്പോൾ, വായനക്കുശേഷം പുതുമയുള്ള ചിത്രങ്ങളായി നീണ്ട നേരം അവ മനസ്സിൽ തങ്ങിനിൽക്കുന്ന അനുഭവമാണുള്ളത്. പ്രത്യേകിച്ചും ‘മാനേന്തി' എന്ന കഥയിൽ ശിൽപങ്ങളെ സൂക്ഷ്മമായാണ് ആഖ്യാനം ചെയ്തിരിക്കുന്നത്

എല്ലാവരും കാഴ്ച പ്രദാനം ചെയ്യുകയെന്ന ലക്ഷ്യം വെച്ചാണ് എഴുതുന്നത്. അതിൽതന്നെയും സൂക്ഷ്മത പകരുക എന്നൊരു വിഷയമുണ്ടല്ലോ. ഒരു പെയിന്റിംഗ് ഉദാഹരണമായി എടുക്കുകയാണെങ്കിൽ, ഒരു കഥ തന്നെ അതിന്റെ ഫ്രെയിമിനകത്ത് കാണാൻപറ്റും. അതേപോലെ കഥയെയും ഒരു ഫ്രെയിമിനകത്തേക്ക് കൊണ്ടുവരാനാണ് നോക്കുന്നത്. സിനിമയെ ഞാൻ ഉദാഹരണമായി എടുക്കില്ല. പെയിന്റിംഗുകളെ മാത്രമേ പറയൂ. കഥയിൽ ഒരു ഖണ്ഡിക വായിക്കുമ്പോൾ അതിൽ അടുക്കുകളായ രണ്ടോ മൂന്നോ കാഴ്ചകളുണ്ടായിരിക്കണമെന്നാണ് ഞാൻ കരുതുന്നത്. ‘നീലനിറം' എന്ന കഥയെടുക്കുകയാണെങ്കിൽ, നിറങ്ങൾകൊണ്ടുള്ള കാഴ്ചയ്ക്കാണ് പ്രാധാന്യം.

കഥയെഴുതുന്നതിന് മുമ്പ് ഒരു ഭൂപ്രകൃതിയെയോ ഒരു വിഷയത്തെയോ വിഷ്വലൈസ് ചെയ്യാൻ സാധിക്കില്ലെന്ന് തോന്നുകയാണെങ്കിൽ ആ കഥയെ കൈവിടാറാണ് പതിവ്. അങ്ങനെ കൈവിടപ്പെട്ട കഥകളിൽ ഒന്ന് ഒരു ട്രാൻസ്‌ജെന്ററുടെ പ്രണയം പ്രമേയമാക്കിയുള്ളതാണ്.

‘മയിൽ' എന്ന കഥയിലാണെങ്കിൽ, നിറത്തോടൊപ്പം ശബ്ദവും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ‘മരിയപുഷ്പത്തിൻ സൈക്കിൾകൾ' എന്ന കഥയിൽ അവസാനഭാഗത്ത്, സ്ഥലദൃശ്യത്തിൽ പൂർണമായ അർത്ഥത്തിലുള്ള വിഷ്വലാണുള്ളത്. കല്ലറയിലെ ഇരുണ്ട ചുറ്റുപാടിൽ കത്തിച്ചുവെച്ച അനേകം മെഴുകുതിരികൾപോലെ. ‘മാനേന്തി'യിൽ ശിൽപങ്ങളിൽ ഒളിച്ചിരിക്കുന്ന സൂക്ഷ്മത പകർത്താനാണ് തുനിഞ്ഞത്. കഥയെഴുതുന്നതിന് മുമ്പ് ഒരു ഭൂപ്രകൃതിയെയോ ഒരു വിഷയത്തെയോ വിഷ്വലൈസ് ചെയ്യാൻ സാധിക്കില്ലെന്ന് തോന്നുകയാണെങ്കിൽ ആ കഥയെ കൈവിടാറാണ് പതിവ്. അങ്ങനെ കൈവിടപ്പെട്ട കഥകളിൽ ഒന്ന് ഒരു ട്രാൻസ്‌ജെന്ററുടെ പ്രണയം പ്രമേയമാക്കിയുള്ളതാണ്. LGBTQ മായി ബന്ധപ്പെട്ട ചില സുഹൃത്തുക്കളുമായി അതേക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും ഇനിയും പൂർണ്ണമായും അതിനെ മനസിലാക്കാൻ എന്നെക്കൊണ്ടു സാധിച്ചിട്ടില്ല. പ്രകടമായ ചില കാര്യങ്ങൾ നമ്മൾക്കറിയാമെങ്കിലും അവരുടെ മുഴുവൻബോധത്തെയും മനസിലാക്കുമ്പോൾ മാത്രമേ

ഏഴാം നൂറ്റ്രാണ്ടിൻ കുതിരൈകൾ കവർ

ട്രാൻസ്‌ജെന്റർ പ്രണയത്തെ പകർത്താൻ സാധിക്കൂ. അതിനാൽ അതിനെ തിരിച്ചറിയുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു. അപ്പോൾ മാത്രമേ ഞാൻ ആ കഥയെഴുതുകയുള്ളൂ. എങ്കിലും അതിന്റെ ഛായയുള്ള ഒരു കഥയാണ് കേരളം പശ്ചാത്തലമായി വരുന്ന ‘കുട്ടിയമ്മ' എന്ന കഥ. ഒരു ട്രാൻസ്‌ജെന്ററുടെ അമ്മയുടെ കഥയാണത്. ചില സ്ഥലങ്ങൾ പ്രമേയമായി വരുമ്പോൾ കഥയുമായി ബന്ധപ്പെട്ട കാഴ്ചയുടെ കൃത്യതയ്ക്ക് വേണ്ടി ഞാൻ ആ ഇടത്തേക്ക് പോകാറുണ്ട്. ഉദാഹരണമായി ‘മയിൽ' എന്ന കഥയിലെ കഥാപാത്രം ഇടുങ്ങിയ പാതയിലൂടെ നടന്ന് മലഞ്ചെരിവിലുള്ള ചെറിയൊരു തടാകക്കരയിലേക്ക് ചെല്ലുകയും നിറയെ വെള്ളാരങ്കല്ലുകളും പാറക്കെട്ടുകളുമുള്ള ആ ഇടത്ത് ഒരു പാറക്കെട്ടിനു മേലെ ഇരിക്കുകയും ചെയ്യുന്നു. ഏതോ ഒരു സ്ഥലത്തു കണ്ട കാഴ്ചയാണത്. അതിനെ മറ്റൊരു ഭൂപ്രകൃതിയിലേക്ക് സന്നിവേശിപ്പിച്ചാണ് ആ കഥ ചെയ്തിരിക്കുന്നത്. ‘നീലനിറ'ത്തിലും അത്തരത്തിൽ അതിൽ വരുന്ന ചാപ്പലിനെ ചിത്രീകരിമ്പോഴുള്ള കൃത്യതയ്ക്ക്​​ ആ കാലഘട്ടത്തിലെ ചാപ്പലുകൾ ഏതു തരത്തിലുള്ളവയായിരുന്നു എന്നറിയാൻ ഒരു മാസം ചെലവഴിച്ചിട്ടുണ്ട്. കവിതയാകട്ടെ, കഥയാകട്ടെ മുഖ്യമായും ചിത്രകലയും ഫോട്ടോഗ്രാഫിയുമാണ് എന്നെ വഴി നടത്തുന്നത്. പ്രത്യേകിച്ചും ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രാഫി.

ചോദ്യം: ശബ്ദങ്ങളും കഥകളിലും കവിതകളിലും കടന്നു വരുന്നുണ്ട്. ഉദാഹരണത്തിന് ‘മയിൽ' എന്ന കഥയിലെ മയിലിന്റെ ശബ്ദം. ഒരു മാറ്റൊലി പോലെയുള്ള അനുഭവമാണത്. ശബ്ദത്തെ പകർത്താനുള്ള വാക്കിനെ തുടർച്ചയായി എഴുത്തിൽ ഉപയോഗിച്ചിരിക്കുന്നു. പല കവിതകളിലും പലയിടത്തായി അക്കങ്ങൾ ഉപയോഗിച്ചതായും കണ്ടിട്ടുണ്ട്. അക്കങ്ങളെ അതിന്റേതായ സ്വരൂപത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. അതിനുള്ള കാരണമെന്താണ്?

നിറങ്ങളുടെ സൗന്ദര്യം പോലെ മറ്റു ചില വിഷയങ്ങളെയും കവിതയിൽ പ്രയോഗിക്കാൻ സാധിക്കുമോയെന്ന്​ ചിന്തിച്ചു. ഉദാഹരണമായി, ‘രാവിലെ എഴുന്നേൽക്കുമ്പോൾ...' എന്നൊരു കവിത ആരംഭിക്കുന്നുവെന്നിരിക്കട്ടെ. അതിനു പകരം ‘രാവിലെ 7.15ന് എഴുന്നേൽക്കുമ്പോൾ...' എന്നു തുടങ്ങുകയാണെങ്കിൽ അതിൽ വലിയൊരു സൂക്ഷ്മഗുണമുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ശബ്ദങ്ങളും ആകൃതികളും നിറങ്ങളും അക്കങ്ങളും സമയവുമൊക്കെ പ്രയോഗിക്കുമ്പോൾ കവിതയുടെ സ്വഭാവം തീവ്രമായി മാറുമെന്നും ഞാൻ വിശ്വസിക്കുന്നു. ഇരുട്ടിൽ നിൽക്കുന്ന ഒരു രൂപത്തെ നമ്മൾ സന്ദേഹത്തോടെയേ നോക്കൂ. കവിതകളിലേക്ക് അതിനെ പകർത്തുമ്പോൾ കോടമഞ്ഞിൽ നിൽക്കുന്നതുപോലെയുള്ള കാഴ്ചയായിരിക്കും മനസ്സിൽ പതിയുക. അതിനെ നട്ടുച്ച വെയിലിൽ നിൽക്കുന്ന പ്രതീതിയുണ്ടാക്കുംവിധം വ്യക്തതയോടെ പതിപ്പിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനാൽ കവിതയിൽ കൂടുതൽ സൂക്ഷ്മഗുണത്തെ കൊണ്ടുവരാൻ വേണ്ടിയാണ് നിറം, ആകൃതി, ശബ്ദം, അക്കം എന്നിവയൊക്കെ പ്രയോഗിക്കുന്നത്. പലരും രൂപഭംഗി എഴുത്തിൽ പ്രയോഗിക്കുന്നുണ്ടെങ്കിലും അതിൽനിന്ന് വേറിട്ട് നിൽക്കാൻവേണ്ടിയാണ് ചില ഘടകങ്ങളെ ഉപയോഗപ്പെടുത്തി എഴുതിക്കൊണ്ടിരിക്കുന്നത്.

ചോദ്യം: ചിത്രകലയാണ് താങ്കളെ വഴിനടത്തുന്നതെന്ന് പറഞ്ഞു. ആദ്യ കവിതാസമാഹാരമായഉപ്പുനീർമുതലൈ' മുതൽ അവസാനമിറങ്ങിയ ‘മിളകു പരുത്തി മറ്റ്‌റും യാനൈകൾ' വരെയുള്ള പുസ്തകങ്ങളിൽ ചെറുചിത്രങ്ങളും വരകളും വക്രരേഖകളുമൊക്കെ അത്രമേൽ ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ‘മിളകു പരുത്തി മറ്റ്‌റും യാനൈകൾ' എന്ന കവിതാസമാഹാരത്തിലൂടെ കടന്നുപോയപ്പോൾ ഒരു പ്രത്യേകത തോന്നിയത്, പല അദ്ധ്യായങ്ങളുള്ള നോവൽപോലെയാണ് അതിന്റെ ഘടനയെന്നതാണ്. ഒരു നീണ്ടകവിത വായിക്കുമ്പോൾതന്നെ അതിലെ ചില വരികൾഹൈക്കു പോലെ ഒറ്റവരി കവിതയായി മാറുന്നുമുണ്ട്.

കറുപ്പ് വെളുപ്പ് ഫോട്ടോഗ്രാഫിയും എന്റെ ജീവിതവും കണ്ടുമുട്ടിയ മനുഷ്യരും കൂടിയാണ് എന്നെ വഴിനടത്തുന്നത്. ചിത്രകലയുടെ തനിമ എന്നത് നിറങ്ങളോ ആകാരമോ ഉപയോഗിച്ചുള്ള സംവേദനമാണ്. കാലച്ചുവട് പ്രസിദ്ധീകരിച്ച

ഉപ്പുനീർമുതലൈ കവർ

ആദ്യകവിതാസമാഹാരമായ ‘ഉപ്പുനീർമുതലൈ' തൊട്ട് ഓരോന്നിലും വ്യത്യസ്ത രൂപഭംഗിയാണ് സ്വീകരിച്ചിരിക്കുന്നത്. ‘ഉപ്പുനീർമുതലൈ'യിൽ, ലളിതമായ സെൻമനോഗതിയോടു കൂടിയ കവിതകളെയായിരിക്കും കാണാൻ കഴിയുക. രണ്ടാമത്തെ കവിതാസമാഹാരമായ ‘ഏഴാം നൂറ്റാണ്ടിൻകുതിരൈ'യിൽ കുറച്ചു പരുഷമായ ഭാഷയാണ്. അതിറങ്ങിയ സമയത്ത് ലളിതമായി മനസിലാക്കാൻ കഴിയുന്നില്ല എന്ന അഭിപ്രായമുണ്ടായിരുന്നു. അതിനുശേഷം പുറത്തിറങ്ങിയ ‘ലാഹിരി' എന്ന സമാഹാരത്തിൽ ഭാഷ മയപ്പെടുത്തി സ്വാഭാവികമായി എഴുതാനാരംഭിച്ചു. എങ്കിലും ചില ഘടകങ്ങൾ, അതായത് നിറങ്ങൾ, ആകാരങ്ങൾ, അക്കങ്ങൾ, സമയം എന്നിവയൊക്കെ കവിതകളിലാണെങ്കിലും കഥയിലാണെങ്കിലും ശരി, നിലനിർത്തുകയും ചെയ്യും. അതെന്റെ ചെറിയ അടയാളമാണ്. അതേപോലെ, നാലു സമാഹാരങ്ങൾക്കിടയിലും തീർച്ചയായും മൂന്നു വർഷത്തെ ഇടവേളയുണ്ടായിരുന്നു. ഞാൻ കടന്നുപോയ കാലത്ത് ജീവിതത്തിൽ നടന്ന സംഭവങ്ങളുടെ ചെറിയ അംശങ്ങൾ നിങ്ങൾക്ക് കാണാൻപറ്റും. ഇരുപത്തിനാലുമുതൽ ഇരുപത്തിയൊൻപത് വയസ്സു വരെയുള്ള കാലത്തെഴുതിയ കവിതകളാണ് ‘ഉപ്പുനീർമുതലൈ' എന്ന സമാഹാരത്തിൽ. അവയൊക്കെ ലോകത്തെ ഒരു പോസിറ്റീവ് മനസ്സോടെ നോക്കിക്കണ്ട് അല്ലെങ്കിൽ, സെൻമനോഭാവത്തോടെ എഴുതിയ കവിതകളാണ്. ആ സമയത്ത് സുരക്ഷിതമായൊരു ജോലിയുമുണ്ടായിരുന്നു. കൂടാതെ പ്രണയവും. ലോകം ശാന്തം സുന്ദരം ശ്രേഷ്ഠം എന്നു വിചാരിച്ചു നടന്നിരുന്ന കാലം. ലോകത്തെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ യാതൊരു ഉത്കണ്ഠയുമില്ലാത്ത പ്രകൃതിയുമായി പൊരുത്തപ്പെട്ടു പോവുകയെന്ന തരത്തിൽ ലളിതമായ ചിന്തകൾ മാത്രം വെച്ചു പുലർത്തുന്നവയായിരുന്നു ആ കവിതകൾ.
രണ്ടാമത്തെ സമാഹാരമായ ‘ഏഴാം നൂറ്റ്‌റാണ്ടിൻ കുതിരൈകൾ' പുറത്തിറങ്ങുമ്പോൾ കല്യാണം കഴിഞ്ഞിരുന്നു. ഒരു കുഞ്ഞും പിറന്നു. സ്വന്തം ജീവിതത്തിൽ ചില പ്രശ്‌നങ്ങളുണ്ടാവുമ്പോൾ ഈ നാട് എത്ര മോശമാണെന്ന തോന്നലുകളെക്കുറിച്ചും ഒറ്റയായ മനുഷ്യൻ ലൗകികമായ അന്തരീക്ഷത്തിലേക്ക് വരുമ്പോഴുണ്ടാവുന്ന കുഴപ്പങ്ങളെക്കുറിച്ചുമാണ് കവിതകൾ സംസാരിക്കാൻ തുടങ്ങുന്നത്. എന്തു തെറ്റ് നടന്നാലും ഒടുവിൽ ഭരണകൂടത്തിന്റെയടുത്തായിരിക്കും അവസാനം നിങ്ങൾ ചെന്നുനിൽക്കുക. അതുകൊണ്ടുതന്നെ, ആ കവിതകളിൽ ചെറിയ മട്ടിൽ രാഷ്ട്രീയ ആക്ഷേപഹാസ്യമുണ്ട്. അതിലെ എല്ലാ കവിതകളും തീവ്രമായ രാഷ്ട്രീയ ചോദ്യങ്ങളുന്നയിക്കുന്നവയാണ്. ആദ്യസമാഹാരത്തിനും രണ്ടാമത്തെതിനുമിടിയിലെ മൂന്നു വർഷത്തിനിടയിൽ ചെയ്യാത്ത കുറ്റത്തിന് എനിക്കെതിരെ രണ്ടു തവണ പൊലീസ് കേസുണ്ടായി. അവ ജീവിതത്തെ സാരമായി ബാധിച്ചു.

പിതാവ് മരിച്ചപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്വമേറ്റേടുത്ത് 2002 മുതൽ 2010 വരെ നാട്ടിലേക്ക് പോകാതെ തുടർച്ചയായി ജോലി ചെയ്ത് കുറച്ചു പണം സമ്പാദിച്ചിരുന്നു. ഞങ്ങൾക്ക് പരിചയമുള്ള പണക്കാരായ രണ്ടുപേർ പുതിയതായി സ്ഥാപനം തുടങ്ങുന്നെന്നും കല്യാണ സമയത്ത് തിരിച്ചു തരാമെന്നും പറഞ്ഞ് കൂട്ടുകച്ചവടത്തിനായി ആവശ്യപ്പെട്ടപ്പോൾ ആ പണം ഞാൻ കൊടുത്തു, അത് മടക്കി നൽകിയില്ല. മാത്രവുമല്ല, എന്നെ കേസിൽ കുടുക്കുകയും ചെയ്തു. അപ്പോഴാണ് വിവാഹം. എന്നെ വിശ്വസിച്ചാണ് ഒരു പെൺകുട്ടി വന്നിരിക്കുന്നത്. വീടിന് അഡ്വാൻസ് പോലും കൊടുക്കാനില്ലാത്ത അവസ്ഥയിലായിരുന്നു. ആ പ്രതിസന്ധി എന്നെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു. മുപ്പത്തിയേഴ് ഉറക്കഗുളിക കഴിക്കുകയും മൂന്നു ദിവസത്തിനുശേഷം രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. സമനിലയിലേക്ക് മടങ്ങിയ ആ സമയത്തുതന്നെ എന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ശരീരമാസകലം തല്ലിച്ചതച്ച് അവശനാക്കി എന്റെ പക്കലുണ്ടായിരുന്ന രേഖകളെല്ലാം അവർ കൈവശപ്പെടുത്തുകയും ചെയ്തു.

പണം വാങ്ങിയെന്നതിനുള്ള തെളിവുകളില്ലാതാക്കി. ഈ സംഭവം, നേരത്തെ മാനസികമായി നിലതെറ്റിയിരുന്ന എന്നെ പിന്നേയും വല്ലാതെ ഉലച്ചു. ഒരു വർഷം അങ്ങനെ കടന്നു. അതിനിടയിൽ ഒരു പുതിയ ജോലി കിട്ടി. അങ്ങനെയിരിക്കെ ഞാനും അമ്മയും ഒരു ദിവസം ചേച്ചിയുടെ വീട്ടിൽ പോയി. ചേച്ചിക്ക് ഒരു മകളുണ്ട്, ഒൻപതാം ക്ലാസിലാണ്. വീടിന്റെ മുകൾനിലയിലാണ് അവളുടെ മുറി. അവൾ കുളിച്ചുകൊണ്ടിരിക്കുമ്പോൾ തൊട്ടടുത്ത വീട്ടിലെ ഒരു പയ്യൻ കുളിമുറിയിലേക്ക് എത്തിനോക്കി. ഇത് ചോദിക്കാൻ അവന്റെ വീട്ടിൽ ചെന്നപ്പോൾ ആ പയ്യൻ ഓടിപ്പോയിരുന്നു. പ്ലസ് വണ്ണിലോ പ്ലസ് ടൂവിലോ പഠിക്കുന്ന ചെറിയ പയ്യനായിരുന്നു. പൊലീസിൽ പരാതി നൽകാൻ സ്റ്റേഷനിൽ ചെന്നപ്പോൾ ഞങ്ങളോട് അവിടെയിരിക്കാൻ പറഞ്ഞു. കുറച്ചു സമയത്തിനുള്ളിൽ ആ പയ്യനെയും കൂട്ടി ചിലർ സ്‌റ്റേഷനിലെത്തി. ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ കാഴ്ചയും കീഴ്‌മേൽ മറിഞ്ഞു. പൊലീസ് എന്നോട് ഒറ്റക്ക് മാറിനിൽക്കാൻ പറഞ്ഞു. എന്റെ ആകാരം ഒരു മുസ്‌ലിമിന്റെതാണന്ന് പറഞ്ഞ് പേരു ചോദിച്ചു. യഥാർത്ഥപേര് ആരോഗ്യ സെൽവരാജ് എന്നാണ്. കൃസ്ത്യൻ പേരാണത്. എന്നോടവർ മോശമായി പെരുമാറാൻ തുടങ്ങി. ഉടുപ്പുകളെല്ലാം ഊരി അടിവസ്ത്രത്തിൽമാത്രം നിർത്തി. അമ്മ, ചേച്ചി, ചേച്ചിയുടെ ഭർത്താവ് എന്നിങ്ങനെ ഏഴെട്ട് പേരുടെ മുമ്പിലാണ് ഇത് ചെയ്തത്. ഞാൻ ആ പയ്യനെ അടിച്ചെന്നും ആശുപത്രിയിൽ അഡ്മിറ്റായി ചികിൽസക്കുശേഷം എനിക്കെതിരെ കേസ് നൽകാനാണെന്നും പറഞ്ഞാണ് വ്യാജ പ്ലാസ്റ്ററിട്ട് അവനെ സ്‌റ്റേഷനിൽ ഹാജരാക്കിയത്.
ഒരു മിനിറ്റ്​ പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവമുണ്ടല്ലോ, വാദിയെ പ്രതിയാക്കുന്ന നടപടി... ഇതിനെക്കുറിച്ച് ആരോട് പറയും?. ഒടുവിൽ ഞാനും അമ്മയും മറ്റുള്ളവരും കരഞ്ഞ് പരാതിയില്ലെന്നും കേസൊന്നും വേണ്ടെന്നും കെഞ്ചിയശേഷമാണ് പോകാൻ അനുവദിച്ചത്. ഞാൻ നേരിട്ട അപമാനമത്തെക്കുറിച്ചല്ല, ലോകത്ത് എത്രപേർ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ടാവാമെന്ന ചോദ്യങ്ങളാണ് മനസ്സിലുയർന്നത്. വളരെ മോശമായ ആ കാലത്താണ് കവിതയിലൂടെ രാഷ്ട്രീയമായ ചോദ്യം ചോദിക്കാൻ തുനിയുന്നത്. പിന്നീട് ഇറങ്ങിയ പുസ്തകമാണ് ‘ലാഹിരി'. സമ്പാദ്യം തുലച്ച് നിൽക്കുന്ന അവസ്ഥയിലായിരുന്നല്ലോ വിവാഹം. ഭാര്യ നല്ല ശമ്പളമുള്ള സോഫറ്റ്‌വെയർ എഞ്ചിനീയറായിരുന്നു. അവർക്ക് എന്നിലുള്ള വിശ്വാസം

ലാഹിരി കവർ

നഷ്ടപ്പെട്ടതോടെ കുടുംബജീവിതത്തിൽ താളപ്പിഴകളാരംഭിച്ചു. വിവാഹമോചനത്തിലാണ് അത് കലാശിച്ചത്. അങ്ങനെയൊരു കാലത്ത് എഴുതിയതാണ് ‘ലാഹിരി'യിലെ കവിതകൾ. ആ സമയത്ത് ആഴ്ചയിൽ മൂന്നു നാലു ദിവസം സ്ഥിരം മദ്യപിക്കുമായിരുന്നു. മയക്കുമരുന്നിനും അടിമപ്പെട്ടിരുന്നു. അപ്പോൾപിറന്ന കവിതകളാണവ. അതിൽ രാഷ്ട്രീയവും ലഹരിയും മതത്തോടുള്ള ചോദ്യങ്ങളുമെല്ലാമുണ്ട്. ‘ലാഹിരി'യ്ക്കുശേഷം മൂന്നു വർഷത്തെ ഇടവേള കഴിഞ്ഞാണ് ‘മിളകു പരുത്തി മറ്റ്‌റും യാനൈകൾ'പുറത്തിറങ്ങുന്നത്. പൊതുവേ ഒരു കവിതയിൽ അവസാനത്തെ വരിയിലായിരിക്കും ആ കവിതയുടെ മൊത്തം പ്രകാശനവും നടക്കുക. കാതലായ അവസാനത്തെ വരിയിൽ കവിതയെ തളച്ചിടുന്നതെന്തിനാണെന്നും എന്തുകൊണ്ട് കവിതയിലെ ഓരോ വരിയെത്തന്നെയും കവിതയാക്കിക്കൂടായെന്നുമുള്ള ചിന്തയിൽനിന്നാണ് ‘മിളകു പരുത്തി മറ്റ്‌റും യാനൈകളി'ൽ ഒരു കവിതയിലെ ഓരോ വരിയെയും ഒറ്റക്കവിതയാക്കുന്ന രീതി പുലർത്തിയത്. ആ ഒറ്റവരിയിൽ കവിതയുടെ ആഴം കൊണ്ടുവരാൻ കഴിയുമോ എന്നത് മാത്രമായിരുന്നു പ്രധാനം. ‘മിളകു പരുത്തി മറ്റ്‌റും യാനൈകളു'ടെ ഘടനയെപ്പറ്റി പറയുകയാണെങ്കിൽ, പത്തു അദ്ധ്യായങ്ങളാണ് അതിലുള്ളത്. പത്തും വ്യത്യസ്ത വിഷയങ്ങൾ. ‘അമ്മ' എന്നതാണ് ആദ്യത്തേത്. അതുകഴിഞ്ഞ് മതിഭ്രംശത്തെക്കുറിച്ച്​. മൂന്നാമത്തെ അദ്ധ്യായത്തിൽ മരണം. പ്രണയവും രാഷ്ട്രീയവും ആദിവാസികൾ നേരിടുന്ന പ്രശ്‌നങ്ങളുമെല്ലാം പ്രത്യേകമായ അദ്ധ്യായങ്ങളാണ്. കൊളാഷ് പോലെയാണ് അതിന്റെ നിർമ്മിതി. ക്രമരാഹിത്യത്തെ ക്രമപ്പെടുത്തിയിരിക്കുന്ന തരത്തിലുള്ള കവിതകൾ.

ചോദ്യം: ശ്രദ്ധയിൽപ്പെട്ട മറ്റൊരു പ്രധാന ഘടകമാണ് പരുത്തി. താങ്കളുടെ കൂടുതൽ സൃഷ്ടികളിലും അതുണ്ട്. അവസാനമിറങ്ങിയ കവിതാസമാഹാരമായ ‘മിളകു പരുത്തി മറ്റ്‌റും യാനൈകളു'ടെ തലക്കെട്ടിലും പരുത്തിയുണ്ട്.

ഓരോരോ ഭൂപ്രകൃതിയിലും അതിനനുസരിച്ച സസ്യവർഗമുണ്ടായിരിക്കുമല്ലോ. എന്റെ നാട്ടിൽ, നൂറുവർഷത്തിൽ കൂടുതലായി പരുത്തിയാണ് കരിസൽ(കരിമണൽ) മണ്ണിൽ വലിയ അളവിൽ വിളയുന്നത്. ബ്രിട്ടിഷുകാരുടെ കാലത്ത് വൻതോതിൽ പരുത്തി ഇവിടെനിന്ന് കയറ്റുമതി ചെയ്തിരുന്നു. തന്റെ ഭൂപ്രകൃതിയിൽനിന്ന് സൂര്യകാന്തി വയലുകളെയും ഗോതമ്പ് വയലുകളെയും വാൻഗോഗ് എങ്ങനെ ചായച്ചിത്രങ്ങളിലേക്ക് പകർത്തിയോ അത്തരത്തിൽ കരിസൽമണ്ണിൽ വിളയുന്ന പരുത്തിയെ തുടർച്ചയായി ഞാനെന്റെ സൃഷ്ടികളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. എന്റെ ഭൂപ്രകൃതിയോട് ഞാൻ ചെയ്യേണ്ട പ്രധാന കാര്യമാണതെന്ന് കരുതുന്നു. ഞാനറിയാതെ എന്റെ നിലം എന്റെയുള്ളിലുണ്ട്. കരിസൽമണ്ണ് എന്റെയുടലുമായി ഒട്ടിക്കിടക്കുന്നു.

ചോദ്യം: താങ്കളുടെ കൃതികളോട് ഏതു തരത്തിലാണ് നിരൂപകരും വായനക്കാരും പ്രതികരിച്ചത്?

‘ലാഹിരി' ഇറങ്ങി നാലു വർഷമായി. നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഴ്ചയിൽകുറഞ്ഞത് ഒരു ആസ്വാദനക്കുറിപ്പെങ്കിലും സോഷ്യൽമീഡിയയിൽ വരും. ‘ലാഹിരി'യാണ് പുതിയ വായനക്കൂട്ടത്തെ എനിക്കുണ്ടാക്കിത്തന്നത്. വായനക്കാരാണ് എന്റെ ശക്തിയെന്ന് ഞാൻ വിചാരിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഇവിടെ സാഹിത്യം ഓരോ ഗ്രൂപ്പിലുമധിഷ്ഠിതമാണ്. അവരുടേതായ ചെറിയ സാഹിത്യ പ്രസിദ്ധീകരണവുമുണ്ടാവും. അതിന്റെ ഭാഗഭാക്കായില്ലെങ്കിൽ പുസ്തകമിറക്കുകയോ സൃഷ്ടികൾ പ്രസിദ്ധപ്പെടുത്തുകയോ അവനെ/അവളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. സൃഷ്ടി മികച്ചതാണെങ്കിൽ അവയെക്കുറിച്ച് ആ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരും ഒരക്ഷരം മിണ്ടുക പോലുമില്ല. കാലാകാലങ്ങളായി അതാണ് സമ്പ്രദായം. ചെന്നൈയിലേക്ക് വന്നിട്ട് പതിനെട്ടു വർഷമായി. നവീന സാഹിത്യത്തിന്റേതായ ലോകത്തിനകത്തുതന്നെയാണ് ഞാനും. ഒരു മികച്ച സൃഷ്ടിയെ കണ്ടതായ ഭാവം ഇവിടെയാരും നടിക്കാറില്ല. അതുകൊണ്ടു തന്നെ വായനക്കാരാണ് എന്റെ ബലമെന്നു വിശ്വസിക്കുന്നു. വായനക്കാർക്ക് അത്തരത്തിലുള്ള ഗ്രൂപ്പു ചിന്തയൊന്നുമില്ല. ഏതെങ്കിലുമൊരു പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കുറഞ്ഞപക്ഷം ആഴ്ചയിലൊരിക്കലെങ്കിലും ഒരു ഫോൺ വിളിയായോ ഈ-മെയിലായോ ലഭിക്കാറുണ്ട്.

ചോദ്യം: ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ചെന്നൈയിലേക്ക് നാടുവിട്ടുപോയി. അതിനു മുമ്പേ എഴുതാൻ തുടങ്ങിയിരുന്നുവോ?

സ്‌കൂൾ കാലത്തുതന്നെ എഴുതുമായിരുന്നു. ആനുകാലികങ്ങളിലേക്ക് അയച്ചു കൊടുത്തിരുന്നുവെങ്കിലും വെളിച്ചം കണ്ടില്ല. ചെന്നൈയിലേക്ക് വന്നശേഷമാണ് ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തിൽ കവിത അച്ചടിച്ചു വരുന്നത്- തീരാനദിയിൽ. ചെന്നൈയിലേക്ക് വരുന്നതിനുമുമ്പ് എനിക്ക് നവീന(ആധുനിക/പുതു)കവിതകളെന്താണെന്നുതന്നെ അറിയില്ലായിരുന്നു.

ദേവതച്ചൻ

അന്നു ശ്രദ്ധേയനായിക്കൊണ്ടിരുന്ന നാട്ടുകാരൻ കൂടിയായ എസ്. രാമകൃഷ്ണനെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെങ്കിലും പരിചയപ്പെട്ടിരുന്നില്ല. എന്റെ നാടായ വിരുതുനഗറിൽനിന്ന് മുപ്പതു കിലോമീറ്റർഅകലെയാണ് കോവിൽപ്പട്ടി എന്ന സ്ഥലം. തമിഴിലെ പ്രധാനപ്പെട്ട പല എഴുത്തുകാരും അവിടെ നിന്നുള്ളവരാണ്. നാട്ടിലുള്ള എഴുതുന്നവരും വായിക്കുന്നവരുമായ പലരും അവിടെ എഴുത്തുകാരൻ കോണങ്കിയെ കാണാൻ പോകാറുണ്ടായിരുന്നു. എന്റെ കോളേജ് പ്രിൻസിപ്പലായ പെരിയസാമി രാജയും അക്കൂട്ടത്തിലുള്ള ആളായിരുന്നു. കോണങ്കിയെ കാണാൻ അവർ കോവിൽപ്പെട്ടിയിലേക്ക് പോകുമ്പോൾ ഒപ്പം കൂടാറുണ്ടായിരുന്നെങ്കിലും ഞാൻ ബസ്സിറങ്ങി വല്ല സിനിമയ്ക്കും പോയി അദ്ദേഹത്തെ കണ്ട് തിരിച്ചുപോകുന്നവരുടെ കൂടെ മടങ്ങുമായിരുന്നു. നവീന കവിതകളെക്കുറിച്ച് വലിയ ധാരണയില്ലാത്തതുകൊണ്ടുതന്നെ വലിയ എഴുത്തുകാരനായും ആദർശവാനായും കരുതിപ്പോന്നിരുന്ന വൈരമുത്തു എഴുതിയിരുന്നവയായിരുന്നു എന്നെ സംബന്ധിച്ച് കവിതകൾ.
സംവിധായകൻ വസന്തബാലൻ എന്റെ നാട്ടുകാരനാണ്. തന്റെ ആദ്യ ചിത്രമായ ‘ആൽബ'ത്തിന്റെ പ്രാരംഭജോലികൾ അദ്ദേഹം തുടങ്ങിയ സമയത്താണ് ഞാൻ ചെന്നൈയിൽ വരുന്നത്. രണ്ടാമത്തെ പടമായ ‘വെയിലി'ന്റെ സ്‌ക്രിപ്റ്റ് അദ്ദേഹം ചെയ്തുകൊണ്ടിരുന്ന സമയം. സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ കവിതകളെഴുതി വെച്ചിരുന്ന ഡയറിയുമായി ഞാനദ്ദേഹത്തെ കാണാൻ ചെന്നു. അത് വായിച്ച അദ്ദേഹം അവയൊന്നും കവിതകളല്ലെന്ന് പറഞ്ഞു. നൂറോളം കവിതകളുണ്ടായിരുന്നു. അദ്ദേഹമെന്താണ് പറയുന്നതെന്ന് ആലോചിച്ചുകൊണ്ടിരിക്കെ, ഒന്നു രണ്ടു കവിതകളിൽ കവിത്വഗുണമുണ്ടെന്നും ബാക്കിയുള്ളവ കൊള്ളില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിട്ട് എന്റെ കൈയ്യിലൊരു പുസ്തകം വെച്ചു തന്നു. കവി ദേവതച്ചന്റെ കവിതകളുടെ സമാഹാരം. ആ പുസ്തകം വീണ്ടും വീണ്ടും വായിച്ചപ്പോൾ ഞാനെഴുതിയവയല്ല കവിതകളെന്നും അതിലുള്ളവയാണ് കവിതകളെന്നും മനസ്സിലായി. ആ പുസ്തകം നൽകിയ ഊർജ്ജത്തിൽ ദേവതച്ചനെ കാണാൻ അന്നു രാത്രിതന്നെ പുറപ്പെട്ടു. കോവിൽപ്പട്ടിക്കാരനായ അദ്ദേഹം ഒരു ജ്വല്ലറി ഉടമ കൂടിയാണ്. ഒരു പകൽ മുഴുവൻ എന്താണ് കവിതയെന്ന് എനിക്കദ്ദേഹം വിവരിച്ചുതന്നു. എല്ലാം ഞാൻ വെറുതെ കേട്ടുകൊണ്ടിരുന്നു. എന്നെ സംബന്ധിച്ച് അതൊരു പുതിയ ലോകമായിരുന്നു. അത്രത്തോളം അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. അതിൽപിന്നീട് കവിതയെയും സാഹിത്യത്തെയും ഞാൻ കാണാൻ തുടങ്ങിയത് തീർത്തും വ്യത്യസ്ത ചിന്തയോടു കൂടിയാണ്. ആ കൂടിക്കാഴ്ച ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. അതിനുശേഷം കവിതയുമായി ബന്ധപ്പെട്ട് ആരോടും അത്തരം സംഭാഷണത്തിൽ ഏർപ്പെട്ടിട്ടേയില്ല. അന്ന് ഇരുപത്തിനാല് വയസ്സുകാരനായ ഞാൻ ചോദിച്ച നവീന കവിതയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നു. ഒരു തരം വെളിച്ചത്തെയാണ് ഞാനനുഭവിച്ചത്. അന്നദ്ദേഹം എന്നോടു പറഞ്ഞ ഉദാഹരണം ഓർമയിലുണ്ട്. ഒരു തള്ളമാനിന്റെയും മാൻകുട്ടിയുടെയും കഥ. കുറച്ചു വെള്ളം മാത്രമുള്ള ചെറിയ ഒരു കുഴിയിൽനിന്ന് രണ്ടു മാനുകൾ വെള്ളം നുകരുകയാണ്. തള്ളമാൻ കുടിക്കട്ടെയെന്ന് കരുതി മാൻകുട്ടിയും കിടാവ് കുടിക്കട്ടെയെന്ന് കരുതി തള്ളമാനും കാത്തിരിക്കുകയാണ്. രണ്ടു മാനുകളും വെള്ളം നുണയുന്നതല്ലാതെ വയറ്റിലേക്കെടുക്കുന്നില്ല. ഇതു സാധാരണ നമ്മൾ കാണുന്ന ചിത്രമാണ്. പക്ഷേ അദ്ദേഹം ആ കഥയിൽനിന്ന് മറ്റൊരു ചെറിയ കവിതയെ രൂപപ്പെടുത്തുകയാണ്. ആ രണ്ടു മാനുകളുടെയും നിഴലുകൾ വെള്ളത്തിൽ കിടക്കുന്നുണ്ട്. അപ്പോൾ ആ മാനുകൾ എന്താണ് കുടിക്കുന്നത്. വെള്ളത്തെയല്ല മറിച്ച് തങ്ങളുടെ നിഴലുകളെയാണ് നുണഞ്ഞ് നുണഞ്ഞ് കുടിക്കുന്നത്. ആ ചിത്രമുണ്ടല്ലോ, അതിൽ ഈയൊരു ഇടത്തെ എന്തുകൊണ്ടു ശ്രദ്ധിച്ചില്ലയെന്നത് എനിക്ക് വലിയ അത്ഭുതമായിരുന്നു. അന്നുമുതൽ ആരുടേയും കണ്ണിൽപ്പെടാത്ത ഒരു ചെറുചിത്രം എനിക്ക് ലഭിച്ചുകൊണ്ടിരുന്നു. എല്ലാവരിലും ആ കഥയിലെ ചിത്രം പതിയുമെങ്കിലും ഒളിഞ്ഞിരിക്കുന്ന ഇത്തരം അപൂർവ്വങ്ങളായ സംഭവങ്ങളുണ്ടല്ലോ, അതൊരു കവിക്ക് മാത്രമേ കണ്ടെത്താൻ സാധിക്കൂ എന്നു ഞാൻ വിശ്വസിക്കുന്നു. എല്ലാ ഉത്തരങ്ങളും ലഭിച്ചിരിക്കുന്നുവെന്നും ഇനി വായിക്കുകയും എഴുതുകയും മാത്രമാണ് വേണ്ടതെന്നും ഞാൻ കരുതി. ദേവതച്ചനുമായി നടന്ന ആ സംഭാഷണമാണ് ഇന്നും കവിതാവഴിയിൽ വെളിച്ചം തെളിയിക്കുന്നത്. എന്നാൽ, ഒരു ഗുരുവിന്റെ ബിംബം പിൻപറ്റുന്ന എഴുത്തല്ല എന്റേത്. കവിതയിൽ എന്റേതായ ഒരു മൊഴിയെ ഞാൻ ഉരുവാക്കിയെടുത്തു.

ചോദ്യം: ആദ്യകവിതാസമാഹാരമായ ഉപ്പുനീർമുതലൈ ഇറങ്ങിയശേമാണ് കഥ എഴുതാനാരംഭിച്ചതെന്ന് തോന്നുന്നു. കഥയിലേക്ക് കടക്കുന്നതെങ്ങനെയാണ്?

2011 കാലത്താണ് ചെറുകഥ എഴുതാനാരംഭിക്കുന്നത്. എഴുതുന്നതൊക്കെ കീറിക്കളയുമായിരുന്നു. 2014ൽ ആദ്യകഥയെഴുതി, അത് കവി വെയ്യിൽ എഡിറ്ററായ വികടൻതടം എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ചു. കഥയെഴുതാൻകഴിയുമെന്ന് അതോടെ എനിക്ക് മനസ്സിലായി.

ചോദ്യം: കഥയിൽ താങ്കളെ സ്വാധീനിച്ച എഴുത്തുകാരനോ എഴുത്തുകാരോ ആരെങ്കിലുമുണ്ടോ?

വായനാനുഭവത്തിൽ, ചെറുകഥയിൽ എനിക്കിഷ്ടപ്പെട്ട എഴുത്തുകാരൻ

ജയമോഹൻ

ജയമോഹനാണ്. എസ്. രാമകൃഷ്ണന്റെ കഥകളും ഇഷ്ടമാണ്. പേര് പറഞ്ഞാൽ തീരാത്ത അനേകം എഴുത്തുകാരുമുണ്ട്. ഇപ്പോൾ എഴുതുന്ന പുതുതലമുറയിലെ എഴുത്തുകാരിൽനിന്നുപോലും ഞാൻ പാഠങ്ങൾ ഉൾക്കൊള്ളാറുണ്ട്. സക്കറിയയുടെ കഥകളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ചും യേശു കഥാപാത്രമായി വരുന്ന അദ്ദേഹത്തിന്റെ കഥകൾ വളരെ ഇഷ്ടമാണ്.

ചോദ്യം: പുതുകഥകൾ സൂക്ഷ്മമായ ആഖ്യാനം വെച്ചു പുലർത്തുന്നതും വ്യക്തികേന്ദ്രീകൃതമല്ലാത്തതും കഥയവസാനിച്ചു കഴിഞ്ഞാൽ കഥയെ അനുവാചകന് വിട്ടുകൊടുക്കുന്നതുമായ രീതിയിലുമാണ് എഴുതപ്പെടുന്നത്. താങ്കളുടെ മിക്ക കഥകളിലെയും അവസാനവരി വളരെ മൂർച്ചയുള്ള വിളിമ്പ് പോലെയാണ്. കഥയുടെ മുഴുവൻ സത്തയെയും കാട്ടുന്ന ആ വരി മനസ്സിനെ തൊടുന്ന ഉണർവിനെയാണ് പകരുന്നത്. ആ വരിയുടെ നിർമ്മിതിയെക്കുറിച്ചറിയാൻ താൽപര്യമുണ്ട്?

ഓരോർത്തർക്കും അവരുടേതായ ക്രാഫ്റ്റുണ്ടായിരിക്കുമല്ലോ. ‘ലയൺ സർക്കസ്' എന്ന കഥ വായിക്കുമ്പോൾ പ്രകടമായിത്തന്നെ അതറിയാം. തുടക്കത്തിൽ സർക്കസിലേക്ക് ആളുകൾ എത്തുന്നില്ല, അവസാനിക്കുമ്പോൾ വളരെയധികം ആളുകൾ വന്നുകൊണ്ടിരിക്കുന്നു. കഥയുടെ ആദ്യവരിക്കും അവസാനവരിക്കും തമ്മിലൊരു ബന്ധമുണ്ടായിരിക്കും. മൊത്തം കഥയുടെ ഉയിരിനെയും വെളിവാക്കുന്ന ഒരു വരിയാണത്. ഇത് എ​േൻറതായ ക്രാഫ്റ്റാണ്.

ചോദ്യം: ആദ്യനോവലായ ‘ഏഴു കടൽഏഴു മലൈ' ആനന്ദവികടനിൽ ഖണ്ഡശ്ശഃയായി വന്നുകൊണ്ടിരിക്കുകയാണ്. എന്താണ് വരാനിരിക്കുന്ന സൃഷ്ടികൾ?

‘ഏഴു കടൽഏഴു മലൈ' ഈയടുത്താണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. പ്രതീക്ഷിച്ചതിലും കൂടുതലാണ് പ്രതികരണം. വരാനിരിക്കുന്നത് നോവല്ലയാണ്. പേരിട്ടിട്ടില്ല. ഭാര്യയെയും രണ്ടു പെൺമക്കളെയും ഉപേക്ഷിച്ച് ചിട്ടിക്കാശുമായി നാട്ടിൽനിന്ന് ഓടിപ്പോയ ഒരു മനുഷ്യൻ പതിനാറു വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുന്നതാണ് പ്രമേയം. ഒറ്റ ദിവസത്തിലാണ് കഥ നടക്കുന്നത്. ‘പാദം' എന്ന പേരിലൊരു കഥാസമാഹാരവും പുറത്തിറങ്ങും. ശ്രീരംഗം ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു നോവലിന്റെ പണിപ്പുരയിലാണ്. ഇക്കാലത്ത് അതിനെ പുസ്തകമായി കൊണ്ടുവരണോ എന്ന സംശയത്തിലുമാണ് ഞാൻ. ‘മരിയാപുഷ്പത്തിൻസൈക്കിൾകൾ', 'തേടൽ' എന്നീ രണ്ടു കഥകളെ ആധാരമാക്കി സംവിധായകൻ എം. ആർ. ഭാരതിയും ‘വാരണാസി' എന്ന കഥയെ അടിസ്ഥാനപ്പെടുത്തി സംവിധായകൻ റാമും സിനിമ ചെയ്യുന്നുണ്ട്. ‘സാൾട്ട്' എന്ന പേരിൽ പ്രസിദ്ധീകരണസ്ഥാപനം നടത്തുന്നുണ്ട്. കഥ, കവിത, മൊഴിമാറ്റം എന്നിങ്ങനെ വർഷത്തിൽ അഞ്ചു പുസ്തകങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. രണ്ടു പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തുന്നുമുണ്ട്. എന്റെ 13 ചെറുകഥകൾ ഷാഫി ചെറുമാവിലായി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് ‘കേശം' എന്ന പേരിൽ പുസ്തകമായി വരുന്നുണ്ട്. കൂടാതെ ‘മിളകു പരുത്തി മറ്റ്‌റും യാനൈകൾ' മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നുണ്ടെന്ന് താങ്കളും പറഞ്ഞിട്ടുണ്ടല്ലോ.

മൂന്നു തമിഴ് കവിതകൾ/നരൻ/മൊഴിമാറ്റം: എ. കെ. റിയാസ് മുഹമ്മദ്

മഞ്ഞപ്പല്ലുകൾ

അമ്മേ മുമ്പ് നമുക്ക് മുതുകുണ്ടായിരുന്നുവോ?
അതേ മകളേ, എന്നാൽ അവ നിവർന്നിരുന്നു.

അമ്മേ മുമ്പ് നമുക്ക് കൈകളുണ്ടായിരുന്നുവോ?
അതേ മകളേ, എന്നാൽ അവ നമ്മുടെ
തോളിൽ തൂങ്ങിക്കിടന്നിരുന്നു
നെഞ്ചിനു കുറുകെ കെട്ടിയിടപ്പെട്ടിരുന്നില്ല.

അമ്മേ മുമ്പ് നമുക്ക് ചന്തികളുണ്ടായിരുന്നുവോ?
അതേ മകളേ, പക്ഷേ ചാട്ടകളില്ലായിരുന്നു.

ഈ മലകളെപ്പോലെയുള്ള മാറിടമുണ്ടായിരുന്നുവോ?
അതേ മകളേ, അലമാരിയുടെ ഉരുണ്ട പിടിയെപ്പോലെ
പിടിച്ചു തിരിക്കുന്ന ആൺചട്ടമ്പികളില്ലായിരുന്നു.

കുഞ്ഞുങ്ങളാലും അന്നംകൊണ്ടും നിറയ്ക്കപ്പെട്ട
വീർത്ത വയറുകളുണ്ടായിരുന്നുവോ?
അതേ മകളേ, എന്നാൽ അവ അന്യരാലും
അന്യ വിളകളാലും നിറയ്ക്കപ്പെട്ടിരുന്നില്ല

നമ്മുടെ ഉടലിൽ ആടകൾ ധരിക്കപ്പെട്ടിരുന്നുവോ?
അതേ മകളേ, ചെങ്കുത്തായോ ഇടംവലമായോ
ഊരിക്കളയാൻ കഴിയുന്നവ
ചീന്തിക്കളഞ്ഞവയല്ല.

നെല്ലുകൾ നമ്മുടെയടുത്തു തന്നെയുണ്ടായിരുന്നുവോ?
അതേ മകളേ, എന്നാൽ അവ പേരിടപ്പെട്ടവയായിരുന്നില്ല.

നിലങ്ങൾ?നദികൾ?
അതേ മകളേ, നിലത്തിൽ മണ്ണുണ്ടായിരുന്നു
നദികളിൽ വെള്ളവുമൊഴുകിയിരുന്നു.

ഇപ്പോഴാണ് വലതു കാലിലെ ചെരുപ്പിനെ
ഇടതു കാലിലണിയുന്നത്.

ചിലപ്പോൾ
ഇരുകാലുകളിലും ഇടത് ഇടത്
അല്ലെങ്കിൽ വലത് വലത്

അമ്മേ നമുക്ക് വായയുണ്ടായിരുന്നുവോ?
നാവുകൾ.... പല്ലുകൾ....
നമ്മൾ ചിരിക്കുമായിരുന്നുവോ?
അതേ മകളേ, കാട്ടുമക്കാചോളത്തിന്റെ
പച്ച പുറംതൊലിയെ ഉരിച്ചു നോക്ക്
ഇപ്പോഴും ചിരിക്കുന്നപോലെ കാണാം
നമ്മുടെ പഴയ മഞ്ഞപ്പല്ലുകൾ.

ഞാൻ

ഞാൻ

ഇടതു തട്ടിനടിയിൽ പുളി ഒട്ടിക്കപ്പെട്ട തുലാസ്
യേശുവിന്റെ ഇടതു കവിളിലെ ചുംബനം.
തേയിലയിൽ കൂട്ടിചേർത്ത മരപ്പൊടി.
ശ്രദ്ധയെ വഴിതിരിച്ചുവിടാൻ
രാവിലെ 10 രൂപയെ വീശുന്നവൻ.
ചടങ്ങുകളിൽ കള്ളക്കാമുകിയെ
അനിയത്തിയെന്ന് പരിചയപ്പെടുത്തുന്നവൻ.
നിറയെ പഞ്ഞി നിറക്കപ്പെട്ട പെണ്ണിന്റെ മേൽവസ്ത്രം.
കൊത്താൻ ഓടിവരുന്ന നീർക്കോലി.
ആധാരമെഴുത്തിലെ കള്ളക്കൈയ്യൊപ്പ്.

ഞാൻ
മുക്കാലോളം വെള്ളം നിറക്കപ്പെട്ട
പാത്രത്തിൽ പാലൊഴിക്കുന്നവൻ.
വൈക്കോൽ കുത്തിനിറച്ച കിടാവിനെ കാട്ടി
അകിട് മോഷ്ടിക്കുന്നവൻ.
കെട്ടിയോളുടെ ആൺകൂട്ടുകാരുടെ വാഹനത്തിന്റെ
ബ്രേക്ക് വയറിനെ അറുക്കുന്നവൻ.
വെറും ചുണ്ണാമ്പു മാവുകൊണ്ട്
മാത്രമുണ്ടാക്കിയ വേദനസംഹാരി ഗുളിക.
ഉത്സവക്കൂട്ടങ്ങളിൽ മുലയെ പിടിക്കുന്ന കരങ്ങൾ.
വെള്ളയാടിന്റെ തലയെ മുന്നിൽ കിടത്തി
ചെമ്മരിയാടിറച്ചി വിൽക്കുന്ന ഇറച്ചിക്കട.

ഞാൻ
ഒരു കിലോയിൽ ഒളിച്ചിരിക്കുന്ന രണ്ടു ചീഞ്ഞ പഴം.
കുരുമുളക് കൈയ്യിലെടുക്കുമ്പോൾ കുടുങ്ങുന്ന പപ്പായക്കുരു.
ആദ്യ അലക്കിൽ ചുരുങ്ങി ചായം പോകുന്ന പുത്തനുടുപ്പ്.
കാഴ്ചയറ്റവൻ ഒറ്റയ്ക്ക് നടന്നുപോകുമ്പോൾ മുഖത്തിനു നേരെ
കുത്തുമ്പോലെ ചേഷ്ട കാണിക്കുന്നവൻ.
നെടുമ്പാതയിൽ വഴി ചോദിക്കുന്ന വാഹനങ്ങൾക്ക്
കരുതിക്കൂട്ടി തെറ്റായ വഴി പറയുന്നവൻ.
തനിക്ക് സാധിച്ചതും കമിഴ്ന്നു കിടന്നുറങ്ങുന്നവൻ.
സർക്കാർ ടെണ്ടർ.

ഞാൻ
ഉള്ളങ്കൈയ്യിൽ പണം അമുക്കി വെക്കുന്ന ചെക്ക്‌പോസ്റ്റ്.
ലഹരി തൊടാൻ കാശു ലഭിക്കാതെ
കുഞ്ഞിന്റെ ചുമക്കുള്ള മരുന്നിനെ മോഷ്ടിക്കുന്നവൻ.
ബസ്സിൽ വായിക്കാൻ കൊടുക്കുന്ന
‘ഞാൻ ഹൃദ്രോഗി, എനിക്ക് കല്യാണം കഴിക്കാത്ത
മൂന്നു സഹോദരിമാർ...' സന്ദേശപത്രം.
അവസാന നിമിഷം ‘വളരെ വേദനാജനകം' - ‘സിസേറിയനാണ്' -
‘ഇനിയും പണമടക്കുക' എന്നു പറയുന്ന പ്രസവ വാർഡിലെ
ഉത്തരവാദിയുടെ കള്ളക്കണ്ണീർ.
വ്യാജമായ ആത്മഹത്യാക്കുറിപ്പ്.

ഞാൻ
ആശുപത്രിയിലെ ടോക്കണിൽ
9-ആം അക്കത്തെ 6-ആം അക്കമായി
തലതിരിച്ചു കാട്ടി ആദ്യം ചെല്ലുന്നവൻ.
വിലകൂടിയ ‘ജാക്ക് ഡാനിയൽ' മദ്യകുപ്പിയിൽ
ഒഴിക്കപ്പെട്ട ‘ഓൾഡ് മങ്ക്'.
അഭിമുഖത്തിനായി വന്നവളോട് കുടുംബ കഷ്ടത്തെ
കണ്ണീരൊലിപ്പിച്ച് കേട്ടശേഷം
തന്റെയുടലുമായി ഇണങ്ങിപ്പോകാൻ പറയുന്നവൻ.
വരച്ചുകഴിഞ്ഞ് മരിച്ചു പോയവന്റെ ചിത്രത്തിൽ
തന്റെ കൈയ്യൊപ്പ് ചാർത്തുന്നവൻ.
മാർക്കറ്റിൽ ഇന്നത്തെ പച്ചക്കറികളോടൊപ്പം കലർത്തപ്പെട്ട
ചീഞ്ഞളിഞ്ഞ ഇന്നലത്തെ പച്ചക്കറി.

ഞാൻ
കള്ളച്ചന്ത ~ അജ്ഞാതകത്ത് ~ ഹെയർഡൈ ~ വിഗ്ഗ് ~ സ്ഥലം കൊള്ള ~ ലേലച്ചീട്ട് ~ വ്യാജ മൂല്യനിർണ്ണയം ~ കള്ള ലിംഗം ~ കള്ള യോനി ~ കള്ളക്കണക്ക് ~കുറ്റമൊഴിഞ്ഞ നാവ് ~ സ്വരം മാറ്റി പറയുന്നവൻ ~ ചെക്ക്‌പോസ്റ്റ് ~ കള്ളസാക്ഷി ~ കളളപ്പാതിരി

പെണ്ണുടൽ

കുഞ്ഞിനെപ്പോലെ പരിശുദ്ധമായി കഴുകപ്പെട്ട്
വെള്ളത്തുണിയാൽ ചുറ്റപ്പെട്ട്
ദേവാലയത്തിലെ വെള്ളയുടുപ്പുപോലെ വെളുക്കപ്പെട്ട്
ചുളിവുകൾ അകറ്റപ്പെട്ട്
ചെമ്പു പാത്രങ്ങളെപ്പോലെ നന്നായി തേച്ചുവൃത്തിയാക്കപ്പെട്ട്
പിന്നീട്
ആ മൂന്നെഴുത്തും നന്നായി നക്കപ്പെട്ട്
...... എന്നൊരു കീടം കുതികാലാൽ മർദ്ദിക്കപ്പെട്ട്
ആദായ വിലയ്ക്ക് വില്ക്കപ്പെട്ട്
കുഴൽക്കിണർ ഊറ്റിയെടുക്കപ്പെട്ട്
തറ വിരിപ്പും നിങ്ങളുടെ പാദങ്ങളാൽ അവയുടെ മുഖവും
തുടക്കപ്പെട്ട്

എളിയ കർഷകന്റെ നിലത്തിൽ ഉറപ്പിച്ച അടയാളക്കല്ല്
പിടിച്ചു വലിച്ചെറിയപ്പെട്ട്
പ്രപഞ്ചത്തിൽ ആദ്യമായി രുചിക്കപ്പെട്ട ആപ്പിൾകനി
വിലക്കപ്പെട്ട്
ചക്കിലേക്ക് കരിമ്പ് കയറ്റിക്കൊണ്ടു പോകുന്ന വാഹനം
ഊരപ്പെട്ട്
കൂട്ടൽക്കുറി വടിവിലുള്ള മരച്ചട്ടയിൽ വിരിക്കപ്പെട്ട കൈ
അടിക്കപ്പെട്ട്

പൂർവികാരായ ആദിവാസികൾ തുരത്തപ്പെട്ട്
പാതിരാത്രിയിലെ നേർച്ചപ്പെട്ടി ഉടയ്ക്കപ്പെട്ട്
തീൻമേശയിലെ കൊഴുത്ത കന്നുകുട്ടി കഴിക്കപ്പെട്ട്
ആസാദീ... ആസാദീ... എന്നോടിവരുന്ന
കാശ്മീരി ബാലൻ തുളക്കപ്പെട്ട്
ദരിദ്രന്റെ തലമുടി അധികാരത്താൽ മുണ്ഡനം ചെയ്യപ്പെട്ട്
സഭയിൽ കുടിയനായ അരചന്റെ കൈയിലുള്ള
തുണി അഴിക്കപ്പെട്ട്

........ കടിക്കപ്പെട്ട്, കഴിക്കപ്പെട്ട്, തുപ്പപ്പെട്ട്,
പുകയ്ക്കപ്പെട്ട്, നുകരപ്പെട്ട്,
ഞെരുക്കപ്പെട്ട്, ഉടയ്ക്കപ്പെട്ട്, .......

വീണ്ടുമൊരു തവണ
കുഞ്ഞിനെപ്പോലെ പരിശുദ്ധമായി കഴുകപ്പെട്ട്
വെള്ളത്തുണിയാൽ ചുറ്റപ്പെട്ട്
......... പുതയ്ക്കപ്പെട്ട് അല്ലെങ്കിൽ ചിതയിലെരിക്കപ്പെട്ട്
.....................
എത്ര വർഷങ്ങൾ ആവിയായിരിക്കുന്നു ഇതുപോലെ.

Comments