44 നദികളുടെ നാട്ടിൽ, 45ാമത്തെ നദിയായി ഗോപിനാഥ പിള്ള

""1985-ലാണ്, അന്ന് നമ്മുടെ തൂക്കുപാലം കടവിൽ നിരവധി പേർ കുളിക്കാൻ വരാറുണ്ട്. അധികവും സ്ത്രീകളാണ്. യാദൃച്ഛികമായാണ് അതിൽ രണ്ടു പേർ എന്റടുത്തെത്തി കടവിൽ മണലുവാരുന്നതിനെ പറ്റി പരാതി പറഞ്ഞത്. ഞാനന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചോണ്ടിരുന്ന സമയമാണ്. ചെന്നപാടെ കൊട്ടയെല്ലാമെടുത്ത് ദൂരെ കളഞ്ഞ്, കേറി പോയീനെടായെന്ന് പറഞ്ഞു. മണല് വേണമെങ്കിൽ താഴെ കിടപ്പുണ്ട്, കടവിൽ നിന്ന് മണലെടുക്കുന്നത് ശരിയല്ല. ഇതിനൊക്കെ ഒരു ക്രമീകരണം ഇനിയും ചെയ്തില്ലെങ്കിൽ ശരിയാവില്ലെന്ന് മനസിലാക്കി, അന്നാണ് എന്റെ തുടക്കം.''

പ്രാദേശികമായ ഒരിടപെടലിൽ നിന്നാരംഭിച്ച്, തനിക്ക് പ്രധാനപ്പെട്ടതെന്ന് തോന്നിയ ഒരു കാര്യത്തിന് വേണ്ടി ജുഡീഷ്യറിയുടേയും, എക്‌സിക്യുട്ടീവിന്റേയും സാധ്യതകൾ ഉപയോഗിച്ച് നിരന്തരം പ്രവർത്തിച്ച വി.എൻ. ഗോപിനാഥ പിള്ളയുടെ ആക്ടിവിസത്തെ ഡോക്യുമെന്റ് ചെയ്യുകയാണ് നാൽപത്തഞ്ചാമത്തെ നദിയിലൂടെ (A River Unknown) ജി. രാഗേഷ്.

തന്റെ ആക്ടിവിസത്തെക്കുറിച്ചുള്ള ഗോപിനാഥ പിള്ളയുടേയും, അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടേയും സുഹൃത്തുക്കളുടേയും വിവരണങ്ങളിലൂടെയാണ് അര മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി പുരോഗമിക്കുന്നത്.

സുപ്രധാനമായ "കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ആക്ട്, 2001'-ന്റെ രൂപീകരണം ഉൾപ്പടെ, നിയമപരമായ ഇടപെടലുകൾ നടത്തി സർക്കാർ തലത്തിൽ നയപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞുവെന്നതാണ് ഗോപിനാഥ പിള്ളയുടെ പ്രസക്തിയെന്ന് അഡ്വക്കറ്റ് ഹരീഷ് വാസുദേവൻ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. ദ ഹിന്ദു സീനിയർ കറസ്‌പോൻഡന്റ് രാധാകൃഷ്ണൻ കുറ്റൂർ, മടിക്കുത്തഴിച്ച് തന്റെ ഡിജിറ്റൽ ക്യാമറ പുറത്തെടുത്ത് പാരിസ്ഥിതിക വിഷയങ്ങളിൽ ഇടപെടുന്ന ഗോപിനാഥ പിള്ളയെക്കുറിച്ചാണ് പറയുന്നത്.

വി.എൻ. ഗോപിനാഥ പിള്ള / Photo: A River Unknown, screengrab

പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കാളുപരി, പരിസ്ഥിതി വിഷയങ്ങളിൽ ഇടപെടുന്നവരുടെ ജീവിതത്തെയാണ് ഗോപിനാഥ പിള്ളയെ മുൻനിർത്തി നാൽപത്തഞ്ചാമത്തെ നദിയിലൂടെ മാധ്യമപ്രവർത്തകനായ ജി. രാഗേഷ് രേഖപ്പെടുത്താൻ ശ്രമിക്കുന്നത്.

""മണിമലയാറിന്റെ തീരത്ത് ജനിച്ച് വളർന്ന എനിക്ക് ഈ വിഷയം വ്യക്തിപരം കൂടിയാണ്. 2010ൽ ഡിഗ്രി പഠനകാലത്താണ് ഈ ഡോക്യുമെന്റിയെക്കുറിച്ച് ഞാൻ ആലോചിക്കുന്നത്. പിന്നീട് ഷൂട്ടിങ്ങ് തുടങ്ങിയെങ്കിലും ഒരു ഘട്ടത്തിലത് നിലച്ചു. വർഷങ്ങൾക്കു ശേഷം ഗോപിനാഥ പിള്ളയെ വീണ്ടും കാണുമ്പോൾ, മുമ്പ് കണ്ട അതേ പ്രസരിപ്പോടെ പരിസ്ഥിതി വിഷയങ്ങളിൽ അദ്ദേഹം ഇടപെടുന്നുണ്ട്. അപ്പോൾ തോന്നിയ ഒരു കുറ്റബോധം കൂടിയാണ് ഒരു തരത്തിൽ ഡോക്യുമെന്ററി പൂർത്തിയാക്കാൻ എന്നെ സഹായിച്ചത്. അടയാളപ്പെടുത്തേണ്ട വ്യക്തിയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഗോപിനാഥ പിള്ള. അതിനാണ് ഞാൻ ഡോക്യുമെന്ററിയിലൂടെ ശ്രമിച്ചതും.'' സംവിധായകൻ ജി. രാഗേഷ് തിങ്കിനോട് പറഞ്ഞു.

ഡോക്യുമെന്ററിയുടെ ക്യാമറ കൈകാര്യം ചെയ്ത ജിജോ എബ്രഹാമാണ്. എഡിറ്റിങ്: പിന്റോ വർക്കി, ശബ്ദം: ധനേഷ്.

നാൽപത്തഞ്ചാമത്തെ നദി റൂട്‌സ് വീഡിയോയിൽ ലഭ്യമാണ്.

Comments