കാണാതെ പോയ
എ (ഒരേയൊരു) സഹദേവന്‍
കാണാതെ പോയ എ (ഒരേയൊരു) സഹദേവന്‍
സഹദേവേട്ടന്‍ മരിച്ചപ്പോള്‍ അദ്ദേഹം ആയുസ്സ് കൊടുത്ത മാതൃഭൂമിയും മനോരമയും വാര്‍ത്ത കൊടുത്ത വിധം കണ്ടാല്‍ ആ മനുഷ്യനെ സ്‌നേഹിക്കുന്ന ആര്‍ക്കും ദുഃഖമുണ്ടാകും. കഴിഞ്ഞ നാലു പതിറ്റാണ്ട് കാലത്ത് മലയാളം മാധ്യമങ്ങളില്‍ പണിയെടുത്ത ഏറ്റവും ധിഷണാശാലിയും തലമുറകളെ കെട്ടിപ്പടുത്ത മാധ്യമഗുരുവുമായ ഒരാളെ എങ്ങിനെയൊക്കെ അതേ മാധ്യമങ്ങള്‍ തന്നെ ചുരുക്കിക്കെട്ടി എന്നത് അസഹനീയമായൊരു കാഴ്ചയാണ്.
28 Mar 2022, 11:47 AM
എ എന്നാല്‍ ഒരേയൊരു, അതായിരുന്നു എ. സഹദേവന്‍. പിന്നിട്ട നാല്പത് വര്‍ഷമായി ഹൃദയബന്ധമുണ്ടായിരുന്ന ഒരു സുഹൃത്താണ്. എത്രയോ തര്‍ക്കിച്ചിട്ടുണ്ട്, ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍ ഒരിക്കലും പിണങ്ങിപ്പിരിയേണ്ടി വന്നിട്ടില്ല, സഹദേവേട്ടാ എന്നല്ലാതെ വിളിച്ചില്ല. എഴുതുമ്പോള്‍ എ. സഹദേവന്‍ എന്നെഴുതുമ്പോള്‍ വലിയ ബുദ്ധിമുട്ടുണ്ട്. ക്ഷമിക്കുക... സഹദേവേട്ടന്‍ എന്നു തന്നെ തുടര്‍ന്നുമെഴുതുന്നു.
സഹദേവേട്ടന്‍ എഴുതിത്തുടങ്ങുന്ന കാലത്ത് ഞാന്‍ വായിച്ചു തുടങ്ങിയിട്ടില്ല. 81-82 കാലത്ത് കോഴിക്കോട്ട് അന്നത്തെ ജനകീയ സാംസ്‌കാരിക വേദിയുടെയും വിപ്ലവ വിദ്യാര്‍ത്ഥി സംഘടനയുടെയുമൊക്കെ ഒരു ചെറിയ പ്രവര്‍ത്തകനായി ജീവിക്കുന്ന കാലത്ത് പ്രിയ സഖാവ് ടി.എന്‍. ജോയിയാണ് എന്നോട് സഹദേവേട്ടനെക്കുറിച്ച് പറയുന്നത്. അടിയന്തരാവസ്ഥയിലെ തടവുകാലത്തിന് ശേഷം ജയിലില്‍ നിന്നും പുറത്ത് വന്ന ജോയ് ആ മുറിവുകളെ ഓര്‍ക്കുന്ന കൂട്ടത്തില്‍ മതിവരാതെ പറഞ്ഞു കൊണ്ടിരുന്ന ഒരാത്മബന്ധത്തിന്റെ പേരായിരുന്നു എ. സഹദേവന്‍. "ഒക്ടോബര്‍പ്പക്ഷിയുടെ ശവം' എന്ന കഥയെഴുതിയ സഹദേവനെക്കുറിച്ച്, ആ കഥ ഏതോ നിലക്ക് ടി.എന്‍. ജോയ് എന്നും മനസ്സുകൊണ്ട് ഒപ്പം കൊണ്ടു നടന്നിരുന്നു: "ഈ പക്ഷികളൊക്കെ എവിടെ ചെന്നാണ് മരിയ്ക്കുന്നത്' എന്ന കഥയിലെ ചോദ്യം വേട്ടയാടിയിരുന്നത് പോലെ.
അക്കാലത്തെ വിപ്ലവപോരാട്ടങ്ങളുടെ നാല്‍ക്കവലകളിലെവിടെയോ വച്ച് രണ്ട് വഴിയിലൂടെ നടന്നപ്രത്യക്ഷമായ ആ സൗഹൃദത്തെക്കുറിച്ചുള്ള ഊഷ്മളമായ ഓര്‍മ്മകള്‍ ജോയ് എന്നും കാത്തുസൂക്ഷിച്ചു. പില്‍ക്കാലത്ത് മരിയ്ക്കും വരെയും എപ്പോള്‍ കോഴിക്കോട്ട് വന്നാലും സഹദേവേട്ടന്റെ അടുത്തേക്ക് ടി.എന്‍.ജോയിയെ കൂട്ടിക്കൊണ്ടുപോകുന്നത് എന്റെ ചുമതലയായിരുന്നു. കോഴിക്കോട്ടെത്തിയാല്‍ ജോയ് പറയും നമുക്കൊന്ന് സഹദേവനെ കാണണ്ടേ എന്ന്. അധികമൊന്നും പറയാതെ പറയുന്ന ആ സൗഹൃദ കൂടിക്കാഴ്ചകളില്‍ ഏതെല്ലാമോ കാലങ്ങളുടെ ഓര്‍മ്മകള്‍ ആണ്ടുകിടക്കുന്നു. രണ്ടു പേരും സ്ഥൂലമായ ഒരാത്മകഥ എഴുതാതെ പോയതിനാല്‍ അത് ചരിത്രമാകാതെ പോയി. പക്ഷികളെപ്പോലെത്തന്നെ വിതയ്ക്കാതെ, കൊയ്യാതെ ജീവിച്ച ജോയ് പിന്നീടെപ്പോഴോ കൊടുങ്ങല്ലൂരിന്റെ മണ്ണില്‍ ഇല കൊഴിയും പോലെ കൊഴിഞ്ഞു വീണു.

ജോയ് വിരളമായേ പുതിയ സൗഹൃദങ്ങളുണ്ടാക്കുമായിരുന്നുള്ളൂ. സാംസ്‌കാരിക വേദിയുടെ പതനത്തിന് ശേഷം ആലപ്പുഴ ചിങ്ങോലിയിലെ കായല്‍ക്കരയില്‍ മൈത്രേയന്റെ തറവാട്ടു വീട് കേന്ദ്രീകരിച്ച് നടത്തിയ ഒരു കമ്മ്യൂണ്‍ ജീവിത പരീക്ഷണമായിരുന്ന സൊസൈറ്റി ഫോര്‍ സോഷ്യലിസ്റ്റ് സ്റ്റഡീസിന്റെയും അന്റോണ്യോ ഗ്രാംഷി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പ്രവര്‍ത്തന കാലത്താണ് പിന്നെ സഹദേവേട്ടനെക്കുറിച്ച് പിന്നീട് കൂടുതല്‍ അറിയുന്നത്. അക്കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിരുന്ന കഥാകൃത്തുക്കള്‍ പട്ടത്തുവിള കരുണാകരന്‍, എം.സുകുമാരന്‍, യു.പി. ജയരാജ്, സി.ആര്‍.പരമേശ്വരന്‍, പി.കെ. നാണു എന്നിവരായിരുന്നു. കഥകള്‍ എഴുതിയിരുന്നെങ്കില്‍ അവരുടെ നിരയില്‍ ഒരു മികച്ച എഴുത്തുകാരനാകുമായിരുന്നു സഹദേവന്‍ എന്നായിരുന്നു ടി.എന്‍. ജോയ് പറഞ്ഞു കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഒരു നഷ്ടകഥാകൃത്തായാണ് അദ്ദേഹത്തെ ജോയ് കണ്ടിരുന്നത്. പിന്നീട് കഥകള്‍ എഴുതിയില്ല എന്നത് എന്തുതരം തിരഞ്ഞെടുപ്പാണ് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഒരു പക്ഷേ മാധ്യമ ജീവിതം വിഴുങ്ങിയ ഒരു കഥാജീവിതമാകാം അദ്ദേഹത്തിന്റെത്.
പണിയെടുപ്പിച്ച് സത്ത് ഊറ്റിയെടുക്കുന്ന ഒരു തരം ശൈലി മാധ്യമ അധികാരത്തിനുണ്ട്. അത് അച്ചടി പത്രമായാലും ചാനലായാലും മാധ്യമ പഠന സ്ഥാപനമായാലും അധികാരത്തിന്റെ ജോലിയാണ്. കൂടുതല്‍, ഇനിയും കൂടുതല്‍ എന്നതാണ് അതിന്റെ മതം. അതിനെ പ്രതിരോധിക്കാന്‍ ചില്ലറ സ്റ്റാമിന പോര. ആത്മാര്‍ത്ഥത കുറച്ച് കൂടിപ്പോയാല്‍ സ്ഥാപനങ്ങള്‍ വ്യക്തികളെ ചണ്ടി പിഴിയും പോലെ പിഴിയും. സഹദേവേട്ടനും അങ്ങിനെ പിഴിയപ്പെട്ടിരുന്നു എന്നാണ് എന്റെ നിരീക്ഷണം. ആ പണിയ്ക്കിടയിലും അത്യപൂര്‍വ്വമായ സര്‍ഗ്ഗാത്മക സ്ഫുരണങ്ങള്‍ സൃഷ്ടിയ്ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഉത്തമ മാതൃകയാണ് മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ വിസ്മയമായ 24 ഫ്രെയിംസ് എന്ന, ക്ലാസ്സിക്കുകളെ മലയാളിക്ക് നല്ല മലയാളത്തില്‍ പരിചയപ്പെടുത്തിയ പരിപാടി. സിനിമയെക്കുറിച്ചുള്ള എഴുത്ത് സിനിമയേക്കാള്‍ സങ്കീര്‍ണ്ണമാക്കുന്ന എഴുത്തുകാരുടെ ലോകത്തിരുന്നാണ് ആ സിനിമകളെ ഗഹനത ഒട്ടും ചോരാതെ ആര്‍ക്കും മനസ്സിലാകും വിധം ലളിതമായി അദ്ദേഹം പറഞ്ഞു തന്നത്. ലോക സിനിമയിലേക്കുള്ള ബൃഹത്തായ ഒരു ജാലകക്കാഴ്ച തന്നെയായിരുന്നു 24 ഫ്രെയിംസ്. ചലച്ചിത്ര അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ അത് കേരളത്തിന്റെ പൊതുസ്വത്തായി സംരക്ഷിക്കേണ്ടതാണ്.
എഴുത്തിന്റെ കാലം പിന്നിട്ട് വര്‍ഷങ്ങളോളം വിസ്മൃതിയില്‍ മറഞ്ഞിരുന്ന "കാണാതായ കഥകള്‍' സമാഹരിക്കപ്പെട്ടപ്പോഴാണ് സഹദേവേട്ടനില്‍ ഒരു കഥാകൃത്ത് ഉണ്ടായിരുന്നു എന്ന് പില്‍ക്കാലം അറിഞ്ഞത്. എന്നാല്‍ അതറിഞ്ഞ ശേഷമുള്ള മലയാളത്തിന്റെ അച്ചടി സാഹിത്യ ലോകത്തിന്റെ അധികാരം, കണ്ടു എന്ന് നടിച്ചോ? ഇല്ല. അവിടെയാണ് നമ്മുടെ സാഹിത്യ ലോകത്തെ തിരഞ്ഞെടുപ്പുകളുടെ ഒരു നിഷ്ഠുരത പതിയിരിക്കുന്നത്. അത് വിരളമായേ എഴുത്തുകാരെ കണ്ടെത്തി, അവര്‍ക്ക് ഒരിടം കൊടുക്കുന്നുള്ളൂ. ഇത്തിരി പിന്‍വാങ്ങി നില്‍ക്കുന്നവര്‍ ആ അധികാരത്താല്‍ ഇല്ലാതാക്കപ്പെടും.
മാതൃഭൂമി വാരാന്തപ്പതിപ്പിന്റെയും ആഴ്ചപ്പതിപ്പിന്റെയും ചുമതലയില്‍ ഇരിക്കുന്ന കാലത്ത് എന്‍.ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നിരവധി എഴുത്തുകാരെ കണ്ടെത്തുകയും എഴുതിപ്പിക്കുകയും ചെയ്തിട്ടുണ്ട് സഹദേവേട്ടന്‍. ഒരു നോവലോ ആത്മകഥയോ എഴുതാന്‍ പില്‍ക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പോ ഭാഷാപോഷിണിയോ ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഒരു മികച്ച നോവലോ ആത്മകഥയോ മലയാളത്തിന് സ്വന്തമാകുമായിരുന്നു. സിനിമയായിരുന്നു അദ്ദേഹത്തിന്റെ അഗാധമായ സ്‌നേഹം. അത്രയധികം സിനിമകളെ മലയാളത്തില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സഹദേവേട്ടനെക്കൊണ്ട് ഒരു സിനിമ എഴുതിയ്ക്കാന്‍ ആര്‍ക്കും തോന്നിയില്ല. അത് സംഭവിച്ചിരുന്നെങ്കില്‍ മലയാളത്തിലെ മികച്ച തിരക്കഥാകൃത്തായി അദ്ദേഹം നിസ്സംശയം മാറുമായിരുന്നു. പകരം എ. സഹദേവന്‍ എന്ന എഴുത്തുകാരനെ കാണാതാക്കിയത് എഴുത്തിന്റെ ലോകത്തെ അധികാര വ്യവസ്ഥയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങോട്ട് ചെന്ന് തന്റെ ഒരു രചന പ്രസിദ്ധീകരിക്കാമോ എന്ന് ചോദിക്കുന്ന തരം മനുഷ്യനായിരുന്നില്ല അദ്ദേഹം. എന്നാല്‍ മാധ്യമ ഇടം നിരന്തരം കയ്യേറി എഴുത്തിന്റെ ലോകത്ത് മത്സരിക്കുന്നവര്‍ക്കിടയില്‍ നിന്നും വിട്ടു നിന്ന പ്രതിഭയായിരുന്നു. അത് അദ്ദേഹത്തിന് തന്നെ കെണികള്‍ പണിതു. ജോലിയില്‍ സ്വയം സമര്‍പ്പിച്ചു. അതിന്റെ തലവേദനകളില്‍ ഹൃദയം നുറുങ്ങി.
സഹദേവേട്ടന്‍ മരിച്ചപ്പോള്‍ അദ്ദേഹം ആയുസ്സ് കൊടുത്ത മാതൃഭൂമിയും മനോരമയും വാര്‍ത്ത കൊടുത്ത വിധം കണ്ടാല്‍ ആ മനുഷ്യനെ സ്‌നേഹിക്കുന്ന ആര്‍ക്കും ദുഃഖമുണ്ടാകും. കഴിഞ്ഞ നാലു പതിറ്റാണ്ട് കാലത്ത് മലയാളം മാധ്യമങ്ങളില്‍ പണിയെടുത്ത ഏറ്റവും ധിഷണാശാലിയും തലമുറകളെ കെട്ടിപ്പടുത്ത മാധ്യമഗുരുവുമായ ഒരാളെ എങ്ങിനെയൊക്കെ അതേ മാധ്യമങ്ങള്‍ തന്നെ ചുരുക്കിക്കെട്ടി എന്നത് അസഹനീയമായൊരു കാഴ്ചയാണ്.
1982 മുതല്‍ 2003 വരെ രണ്ടു പതിറ്റാണ്ടിലേറെക്കാലം മാതൃഭൂമിയില്‍ ആഴ്ചപ്പതിപ്പിന്റെയും ചിത്രഭൂമിയുടെയും ഗൃഹലക്ഷ്മിയുടെയും വരാന്തപ്പതിപ്പിന്റെയുമൊക്കെ ചുമതല വഹിച്ച് അവിടെയൊക്കെ അതാത് പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ഒരു മനുഷ്യനെയാണ് അഞ്ചാം പേജിലേക്ക് മാതൃഭൂമി ചുരുക്കിയെഴുതിയത്. വാര്‍ത്ത ഒന്നാം പേജില്‍ കൊടുക്കേണ്ടതില്ല എന്നും എഡിറ്റ് പേജില്‍ ഒരു അനുസരണ ലേഖനം വേണ്ടതില്ല എന്നതും ഒരു തീരുമാനമാണ്. ചരിത്രബോധമില്ലാത്ത പുതിയ മാധ്യമഅധികാര ഭാവുകത്വമാണത്. പുതിയ നൂറ്റാണ്ടിന്റെ ഹ്രസ്വദൃഷ്ടിക്ക് യോജിച്ച പരിചരണം.

മനോരമയുടെ പരിചരണം മാതൃഭൂമിയിലും ദയനീയമായിരുന്നു. മരിക്കുമ്പോള്‍ മലയാള മനോരമയുടെ മാധ്യമപഠന സ്ഥാപനമായ മാസ്‌കോമിലെ അദ്ധ്യാപകനായിരുന്നു സഹദേവേട്ടന്‍. മാര്‍ച്ച് 23 ന് അവിടെ ക്ലാസ്സെടുക്കുമ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം കോട്ടയത്ത് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത് എന്നറിയാന്‍ മനോരമ വായിച്ചാല്‍ പോര മാതൃഭൂമി വായിയ്ക്കണം. എന്തൊരു ദയനീയമായ വാര്‍ത്താ തമസ്‌കരണം. പിന്നെ വെറും നാലു ദിവസമാണ് അദ്ദേഹം ജീവിച്ചത്. 71 വയസ്സിലും സഹദേവേട്ടന്‍ എങ്ങിനെ ശരീരവും മനസ്സും കൊടുത്ത് മാസ്‌കോമിലെ കുട്ടികളെ പഠിപ്പിച്ചിരിക്കും എന്ന് ഊഹിക്കാനേ ഉള്ളൂ. എല്ലാം മറന്ന് അത്രയും അര്‍പ്പണബോധത്തോടെയേ അദ്ദേഹം എന്തും ചെയ്യുമായിരുന്നുള്ളൂ. എം.എന്‍. വിജയന്‍ മാഷ് പത്ര സമ്മേളന വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചത് പോലെ ഒരു മാധ്യമഗുരു തന്റെ എഴുപത്തൊന്നാം വയസ്സില്‍ പണിസ്ഥലത്ത് കുഴഞ്ഞ് മരണത്തിലേക്ക് നടന്നു പോയതിനെ കാണാതെ പോയതിന് മനോരമക്ക് മാപ്പില്ല. ആറാം പേജില്‍ ഒറ്റക്കോളത്തിലാണ് മനോരമ സഹദേവേട്ടന്റെ ചരമ വാര്‍ത്ത ചുരുട്ടി കൂട്ടിയത്. മാതൃഭൂമി എക്‌സ്ട്രാ പേജിലാണെങ്കിലും മൂന്നു കോളം വാര്‍ത്തയും രണ്ടു കോളത്തില്‍ ഒരു സൈഡ് സ്റ്റോറിയും കൊടുത്തു. സഹദേവേട്ടനൊപ്പം പണിയെടുത്ത ആരെക്കൊണ്ടും ഒരു ലേഖനം എഴുതിപ്പിക്കാന്‍ പോലും തോന്നാത്ത രീതിയില്‍ എഡിറ്റോറിയല്‍ അന്ധത ബാധിച്ചതിന്റെ തെളിവാണ് ആ ദുരന്ത പരിചരണം.
സഹദേവേട്ടന്‍ ശിഷ്യപരമ്പരകളാല്‍ ഓര്‍ക്കപ്പെടും. സിനിമയും രാഷ്ട്രീയവും ഫെമിനിസവുമെല്ലാം ഇഴ ചേര്‍ന്ന നിലപാടുകള്‍ കൊണ്ട് അദ്ദേഹം പഠിപ്പിച്ച പാഠങ്ങള്‍ മറക്കാനാവാത്തതാണ്.
ഒരു കടപ്പാടും ഇവിടെ രേഖപ്പെടുത്തട്ടെ. 1997-98 കാലത്ത് മാതൃഭൂമി ഇന്റര്‍നെറ്റ് എഡീഷന് തുടക്കമിട്ടപ്പോള്‍ അതിന്റെ ചുമതലയിലിരുന്ന എന്നെക്കൊണ്ട് മലയാള പത്രങ്ങളില്‍ ആദ്യമായി ഇന്റര്‍നെറ്റ് ലോകത്തെ പരിചയപ്പെടുത്തുന്ന ഒരു കോളം വാരാന്തപ്പതിപ്പില്‍ ചെയ്യിച്ചത് സഹദേവേട്ടനാണ്. ഓരോ മാസവും ഇന്റര്‍നെറ്റ് എഡീഷനെക്കുറിച്ച് മാനേജ്‌മെന്റിന് കൊടുക്കുന്ന റിപ്പോര്‍ട്ടുകള്‍ കണ്ട് അത് ആരും കാണാതെ പോകുന്നതിലും നല്ലത് വാരാന്തപ്പതില്‍ ഒരു കോളമായി കൊടുക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് അത്തരമൊരു എഴുത്തിന് നിര്‍ബന്ധിക്കുകയായിരുന്നു സഹദേവേട്ടന്‍. ഇന്റര്‍നെറ്റ് എഡീഷന്റെ ചുമതലയിലുള്ള കാലത്തോളം ആ കോളം വാരാന്തപ്പതിപ്പില്‍ തുടര്‍ന്നു. അത് ഇന്റര്‍നെറ്റ് എഡീഷനെ തന്നെയും ഇന്റര്‍നെറ്റ് ഡെസ്‌കിനെയും പ്രസക്തമാക്കാന്‍ കുറച്ചൊന്നുമല്ല ഉപകരിച്ചത്.
മനുഷ്യരെ സൃഷ്ടിച്ച മനുഷ്യനായിരുന്നു അദ്ദേഹം, സ്വന്തം സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ മറന്നുപോയിരുന്നു എങ്കിലും. അനശ്വര രചനകളായ 24 ഫ്രെയിംസ് സംരക്ഷിയ്ക്കാന്‍ പൊതു മുന്‍കൈ ഉണ്ടാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആ ഓര്‍മ്മക്ക് മുന്നില്‍ നമസ്‌കരിക്കുന്നു. വിട പറയാതെ ലോകം കാണാതെ പോയ ഒരേയൊരു എ. സഹദേവന്‍ ഇനിയും കണ്ടെത്തപ്പെടാനിരിക്കുന്നതേയുള്ളൂ. സഹദേവേട്ടനെപ്പോലൊരു മനുഷ്യനെ അധികാര കേന്ദ്രങ്ങളില്‍ നിന്നും വീണ്ടെടുക്കുകയെന്നത് ശിഷ്യന്മാരുടെയും സുഹൃത്തുക്കളുടെയും ഉത്തരവാദിത്വമാണ്. പുഷ്‌പേച്ചിയുടെയും ചാരുവിന്റെയും തീരാദുഃഖത്തിന് അത് കുറച്ചെങ്കിലും ആശ്വാസമാകും.
മാധ്യമപ്രവര്‍ത്തകന്‍, ചലച്ചിത്ര നിരൂപകന്‍, എഴുത്തുകാരന്‍.
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Jul 24, 2022
4 Minutes Read
ആർ. രാജഗോപാല്‍
Jul 08, 2022
4.7 minutes Read
വി. മുസഫര്‍ അഹമ്മദ്
Jul 08, 2022
9 Minutes Read
ഡോ. സിന്ധു പ്രഭാകരന്‍
Jul 01, 2022
8 Minutes Read
സി.എല്‍. തോമസ്
Jun 22, 2022
5 Minutes Read
എം.പി. ബഷീർ
Jun 21, 2022
9 Minutes Read