അശാന്ത സഞ്ചാരിയായ ശാന്തൻ

അഭിനന്ദനങ്ങൾ കൊണ്ട് വിശപ്പ് മാറില്ല. കവിയും കഥാകൃത്തും ഉപന്യാസകാരനും റോയൽറ്റിക്ക് വകുപ്പുണ്ട്. പ്രസിദ്ധീകരിക്കാൻ പത്രമാസികകൾ ഉണ്ട്. പക്ഷേ പാവം നാടകകാരൻ , ഒരു സമൂഹത്തെ മുഴുവൻ ഇളക്കി മറിക്കാൻ പ്രാപ്തിയുള്ള അയാളുടെ സർഗ്ഗശേഷി, കൈയ്യടികളിൽ ഒതുങ്ങുകയാണ്- അന്തരിച്ച നാടകപ്രവർത്തകൻ എ. ശാന്തകുമാറിനെ ഓർക്കുന്നു

ലയാളസാഹിത്യത്തിനും നാടക വേദിക്കും ഒരേപോലെ തീരാനഷ്ടം വരുത്തിവെച്ചാണ് ഈ ജൂൺ 15ന് എ. ശാന്തകുമാർ അകാല ചരമമടഞ്ഞത്. ഒരിക്കൽ രക്താർബുദത്തെ കീഴ്‌പ്പെടുത്തിയ ആ പോരാളിയെ പിന്നിൽ നിന്ന് പിടികൂടുകയായിരുന്നു പിരിഞ്ഞ രോഗവും പുതിയ കോവിഡും ഒന്നിച്ച്.
ശാന്തന്റെ ജീവൻ രക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യാൻ സംസ്ഥാനത്തെ ഉന്നതാധികൃതരും രാഷ്ട്രീയ നേതൃത്വവും ഇടപെട്ടെങ്കിലും, മെഡിക്കൽ കോളേജ് ഡോക്ടർമാർ ആകാവുന്നതെല്ലാം ചെയ്‌തെങ്കിലും, രോഗങ്ങളുടെ ഇരട്ടക്കടന്നാക്രമണത്തെ തോൽപ്പിക്കാൻ വൈദ്യശാസ്ത്രത്തിന് കഴിയാതെ പോയി.

ജോസ് ചിറമ്മൽ എന്ന നാടകക്കാരന് പ്രൊഫ. പി. ഗംഗാധരൻ നൽകിയ ആ വിശേഷണം മതി, എ. ശാന്തകുമാറിനെ നിർവചിക്കാനും.
"ഉള്ളിലെ വേവിന്റെയും ചൂടിന്റെയും നിരന്തരമായ സഞ്ചാരം അനുഭവിച്ചുകൊണ്ടുള്ള ഒരു അശാന്തമായ സഞ്ചാരം ആയിരുന്നു ജോസ് എന്ന നാടകക്കാരന്റെത്' എന്നാണ് ഗാംഗാധരൻ മാഷ് പറഞ്ഞത്.

കേസരി ബാലകൃഷ്ണപിള്ള, സമുദായത്തിന്റെ വിഷംതീനികൾ എന്നാണ് ഇത്തരക്കാരെ വിശേഷിപ്പിച്ചത്. മറ്റുള്ളവരെ രക്ഷിക്കാൻ കാളകൂടം കുടിച്ച കഥയിലെ നീലകണ്ഠനെപ്പോലെ, സമൂഹത്തിന്റെ പീഡകൾ ഏറ്റെടുത്ത് സ്വയം പുകഞ്ഞ് അസ്വസ്ഥരാകുന്ന എഴുത്തുകാരെയാണ് കേസരി അങ്ങനെ വിശേഷിപ്പിച്ചത്. അരുതായ്കകൾ ഓരോന്ന് കാണുമ്പോഴും, ചെറിയ പ്രകമ്പനങ്ങൾ പോലും പിടിച്ചെടുക്കുന്ന ഭൂകമ്പമാപിനികളെപ്പോലെ, അസ്വസ്ഥരാകും ഇത്തരം എഴുത്തുകാർ. അവരത് കൃത്യമായി രേഖപ്പെടുത്തും. മറ്റുള്ളവർ പലപ്പോഴും അറിഞ്ഞിട്ടുപോലുമില്ലാത്ത സൂക്ഷ്മചലനങ്ങളാവും അത്. ഈയൊരു സവിശേഷത കൂടിയാണ് എ. ശാന്തകുമാറിന് നവീനമലയാള നാടകവേദിയിൽ അസൂയാവഹമായ ഒരു സ്ഥാനം നേടിക്കൊടുത്തത്.

കെ.ടി, താജ്, ശാന്തൻ

സാഹിത്യരൂപം എന്ന നിലക്ക് നാടകത്തിന് സ്വന്തമായ അസ്ത്വിത്വം ഉണ്ടെന്ന് വീണ്ടും ഉറപ്പിച്ചുപറയുകയാണ് ശാന്തന്റെ നാടകങ്ങൾ. ഒരു വായനാരൂപം എന്ന നിലക്ക് തന്നെ സ്വതന്ത്രമായ നിലനിൽപ്പുള്ളവയാണ് ശാന്തന്റെ രചനകളത്രയും. അസാമാന്യമായ രംഗബോധമുള്ള ഒരു സംവിധായകൻ അടിസ്ഥാനപരമായി ഒരു കവി കൂടിയായതിന്റെ മികവാണ് ഈ രചനകളിൽ തെളിയുന്നത്.

മലയാളനാടകം കെ. ടി. മുഹമ്മദിൽ നിന്ന് ഏറെ വികസിച്ചു നിൽക്കുകയാണ് പി. എം. താജിലെത്തുമ്പോൾ. പുതിയ കാലത്തിന്റെ രാഷ്ട്രീയം കൂടി ഉൾക്കൊള്ളുന്ന കാവ്യഭാവനയാണ് താജിന്റേത്. എന്നാൽ അതിൽ നിന്ന് കുറേക്കൂടി മുന്നോട്ട് പോയിരിക്കുന്നു എ. ശാന്തകുമാർ. പുതിയ കാലത്തെ പുതിയ പ്രശ്‌നങ്ങൾ കൂടി ഏറ്റെടുക്കുന്നത് കൊണ്ടാണിത്. പി. എം. താജിന്റെ കാലത്ത് വേണ്ടത്ര ശക്തിയിൽ ഉയർന്നു വന്നിട്ടില്ലാത്ത സ്ത്രീപ്രശ്‌നവും ദളിത് പ്രശ്‌നവും കൂടി വല്ലാതെ മഥിക്കുന്നുണ്ട് ശാന്തനെ. അതുകൊണ്ടു തന്നെ രാഷ്ട്രീയമായി കുറേക്കൂടി സമകാലികത പുലർത്തുന്നവയാണ് ശാന്തകുമാറിന്റെ നാടകങ്ങൾ. ക്യാമ്പസ്സുകളിൽ അവക്ക് ഇത്ര സ്വീകാര്യത നേടാനായതിന് ഇതും ഒരു കാരണം തന്നെ. താജിന്റെത് കീഴാളപക്ഷരചനകൾ ആയിരുന്നെങ്കിൽ, ശാന്തന്റെ രചനകളിലുടനീളം തെളിഞ്ഞുയർന്നു നിൽക്കുന്നത് പുരോഗമനരാഷ്ട്രീയത്തിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞുപോവാൻ പാടില്ലാത്ത സ്ത്രീപക്ഷ, ദളിത് പക്ഷ നിലപാടുകളാണ്.

പുള്ളിപ്പൈയ്യിന്റെ കരച്ചിൽ

ആഗോള വൽക്കരണം എന്ന് തെറ്റായി വിശേഷിപ്പിക്കപ്പെടുന്ന കമ്പോള മൗലികതാവാദത്തിന്റെ കൈപ്പിടിയിൽ അമരുന്ന ഒരു ലോകത്ത് സാധാരണ മനുഷ്യർ പിൻതള്ളപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യും എന്ന കാര്യം ഉറക്കെപ്പറഞ്ഞുകൊണ്ടാണ് ശാന്തൻ നാടകവേദിയിൽ ഒരിരിപ്പിടം നേടുന്നത്. "ഇന്റെ പുള്ളി പയ്യ് കരയാണ്' എന്ന ആ ആദ്യകാലരചനയിൽ നിന്ന് ബഹുദൂരം മുന്നോട്ടുപോയ ഏതാണ്ട് 5 ഡസനിലേറെ ഇഴയടുപ്പമുള്ള നാടകങ്ങളുണ്ട് ശാന്തന്റേതായി. സ്വാഭാവികമായും സിനിമാലോകവും ഈ നാടകക്കാരനെ തിരിച്ചറിഞ്ഞു. പക്ഷേ അപ്പോളൊക്കെയും ഞാൻ ഇവിടെയാണ്, ഇവിടെത്തന്നെയാണ് (Here I Stand) എന്ന് പോൾ റോബ്‌സണെപ്പോലെ ശാന്തൻ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. രചനകളിലാകെ നിറഞ്ഞു നിന്നത് പാർശ്വവൽകൃതരായ മനുഷ്യരുടെ കഥകളും.

സത്യസന്ധന്റെ സംശയം

കുട്ടികൾക്കായി ശാന്തൻ എഴുതിയ അപൂർവം നാടകങ്ങളിൽ ഒന്നാണ് "സത്യസന്ധൻ'. ധർമോപദേശം കേട്ട് അതേ പോലെ ജീവിക്കാൻ ശ്രമിച്ച കുട്ടിയുടെ സംശയം. "ദൈവമേ ഏതാണ് ശരി, മാധവൻ മാഷ് പറഞ്ഞതോ, അമ്മ പറഞ്ഞതോ, ശ്യാമള ടീച്ചർ ചെയ്തതോ?' എന്നാണ്. പഴയ ലൂഷുൻ കഥാപാത്രം ചോദിച്ചില്ലേ, രാജാവിനു പിറന്ന കുട്ടിയെക്കണ്ടവരെല്ലാം സ്തുതിവചനങ്ങൾ പാടിയപ്പോൾ അവർക്കൊക്കെ സമ്മാനങ്ങൾ കിട്ടിയെങ്കിലും, കുട്ടി ഒരിക്കൽ മരിച്ചുപോവും എന്ന സത്യം പറഞ്ഞ താൻ മാത്രം പീഡിപ്പിക്കപ്പെട്ടതെന്തുകൊണ്ട് എന്ന്. ഒരേസമയം കളവു പറയാതിരിക്കുകയും രാജകിങ്കരന്മാരുടെ ഭേദ്യം ഏറ്റുവാങ്ങാതിരിക്കുകയും ചെയ്യാൻ എന്തു പറയണമെന്ന്! അതിന് ഗുരുവിന്റെ മറുപടി അർഥശൂന്യമായ ക്ല ക്ല ക്ല എന്ന അസംബന്ധ വാക്കുകളായിരുന്നല്ലോ. അതേ ഗുരുവിന്റെ ഉത്തരം തന്നെയാണ് "സത്യസന്ധനി'ൽ എ. ശാന്തകുമാർ നൽകുന്നതും.

അധ്യാപകന്റെ ധർമോപദേശം കേട്ട് കഥയിൽ പറഞ്ഞ സത്യസന്ധത ജീവിതത്തിലും പുലർത്താൻ ശ്രമിക്കുകയാണ് ദാരിദ്ര്യത്തിന്റെ കൂടെപ്പിറപ്പായ അപ്പു. സ്‌കൂളിലേക്കുള്ള വഴിയിൽ വീണു കിട്ടിയ ആരാന്റെ തേങ്ങ ടീച്ചേഴ്‌സ് റൂമിൽ ഏൽപ്പിച്ച് കൃതാർത്ഥനായ അപ്പു, അക്കഥ വീട്ടിൽ ചെന്ന് പറഞ്ഞപ്പോൾ അമ്മയോട് കിട്ടിയത് നല്ല പ്രഹരമാണ്. "പുര പട്ടിണി ആവുമ്പോൾ നിന്റെ ഒരു സത്യസന്ധത' എന്ന ശാപവചനം കേട്ടാണ് അവൻ സംശയാലു ആവുന്നത്. അപ്പു ടീച്ചേഴ്‌സ് റൂമിൽ കൊണ്ടു വെച്ച തേങ്ങയുമെടുത്ത് പോകുന്ന ശ്യാമള ടീച്ചർ പറയുന്നത് "ഈ തേങ്ങ ഞാൻ എടുക്കുന്നു, അത് വെറുതെ കിട്ടിയതല്ലേ' എന്നാണ്. മാഷോ, ശ്യാമള ടീച്ചറോ, അമ്മയോ ശരി എന്ന സംശയം അപ്പുവിലുണർത്തി, ആശയക്കുഴപ്പം കർട്ടനിട്ടു മറയ്ക്കുകയാണ് ശാന്തകുമാർ.

ആറാം ദിവസം ഓർമിപ്പിക്കുന്നത്

ഒരു ഉറക്കമുണർന്നപ്പോഴേക്കും എന്റെ രാജ്യം മാറിപ്പോയിരുന്നു. പച്ചമാംസം പച്ചക്കറിയാക്കുന്ന ജാലവിദ്യക്കാർ എന്റെ രാജ്യം കീഴടക്കിയിരുന്നു എന്ന കവിതയോടെ തുടങ്ങുന്ന "ആറാംദിവസം' സമകാലീന ഇന്ത്യയുടെ പൊള്ളിക്കുന്ന അനുഭവങ്ങളാണ് പങ്കുവെക്കുന്നത്. തേറ്റ നീട്ടിയെത്തുന്ന ക്രൗര്യത്തിന്റെ ഭീതിദചിത്രം കാണിയുടെ സ്വാസ്ഥ്യം കെടുത്തുന്ന ഒരു വിങ്ങലായ് മാറും. ഉത്തരേന്ത്യയിൽ നിന്നും വന്നു വീഴുന്ന കാവിധിക്കാരത്തിന്റെ കഥകളിലെ മസിലുരുട്ടലുകളും, പോക്കറങ്ങാടിയിലെ ലാഭമുള്ള കച്ചവടമേതും സ്വന്തമാക്കുന്ന ചന്ദനക്കുറിയിട്ട ശുഭ്രവസ്ത്രധാരിയായ കേശവൻ നായരുടെ അറവുകത്തിയും തമ്മിലെന്ത് എന്നാണ് ആറാം ദിവസം പറയുന്നത്. ഗുജറാത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങുകയാണ് സജ്ജാദ്. അയാളുടെ ഉപ്പയുടെ ഇറച്ചിക്കടയിൽ പശുവിനെ അറക്കുന്നു എന്നുപറഞ് ആളെക്കൂട്ടി പീടിക പൂട്ടിച്ച് അത് തട്ടിയെടുത്തിരിക്കുകയാണ് കേശവൻനായർ.

എ. ശാന്തകുമാർ / ഫോട്ടോ: കമൽറാം സജീവ്

തീവണ്ടിയിൽ ഉച്ചരിച്ചു പോയ പേര് ഒന്നു കൊണ്ട് മാത്രം യാത്രാ മദ്ധ്യേ, രാജ്യദ്രോഹിയായി മുദ്രകുത്തി ആക്രമിക്കപ്പെടുകയാണ് ഐഷയുടെ കാമുകനായ സജ്ജാദ്. നാട്ടിലെത്തി ഉപ്പയുടെ പീടിക തട്ടിയെടുത്തതിനെ ക്കുറിച്ച് ചോദിക്കാൻ ചെല്ലുന്ന അയാളെക്കണ്ടതും, കേശവൻ നായരുടെ മുഖം ഹിറ്റ്‌ലറുടേതായി മാറുകയാണ്. അയാൾ ഭൃത്യനെ ദാസാ എന്ന് ഒരു വിളി വിളിക്കുന്നു. അവന്റെ അറവു കത്തി പെട്ടെന്ന് സജ്ജാദിനു നേരെ ഉയരുന്നു. വെളിച്ചം തെളിയുമ്പോൾ രംഗത്ത് സജ്ജാദ് ഇല്ല. ഇറച്ചിപ്പീടികയിലെ ബാരൽ, മരണപ്പിടച്ചിലിൽ ഇളകിയാടുകയാണ്. പിന്നെക്കാണുന്നത് മനുഷ്യമാംസം പോളിത്തീൻ കവറുകളിൽ നിറയ്ക്കുന്നതാണ്. ഗുജറാത്തിൽ നിന്നുള്ള യാത്രയ്ക്കിടയിൽ ഏതോ തീവ്രവാദി സംഘം തട്ടിയെടുത്തതായിരിക്കും സജ്ജാദിനെ എന്ന കഥ മിനയാമെന്ന് കേശവൻനായർ ആശ്വാസം കൊള്ളുകയാണ്.

ഇത്രയുമൊക്ക ഒരു നാടകകൃത്തിൽ നിന്ന് പ്രതീക്ഷിക്കാം. പക്ഷേ ശാന്തൻ അവിടെയും നിർത്തുന്നില്ല. സജ്ജാദിനെ വരവേൽക്കാനുള്ള സദ്യയൊരുക്കാൻ ഉമ്മയും കാമുകിയും വെവ്വേറെയായി കേശവൻ നായരുടെ ഇറച്ചിക്കടയിലാണ് വന്നു കയറുന്നത്. ആയിഷ പോളിത്തീൻ കവറിൽ "ഇറച്ചി' വാങ്ങി തിരിച്ചു പോകുമ്പോൾ ഒരു ഫാന്റസി എന്നപോലെ ബാരലിൽ നിന്ന് ഉയർന്നു പൊങ്ങുന്ന തലയില്ലാത്ത സജ്ജാദ് ആയിഷയു അവളുടെ അരക്കെട്ടു ചുറ്റിപ്പിടിച്ച് പറയു കയാണ്, "ആയിഷാ, മറന്നു പോകുമ്പോൾ നിനക്ക് എടുത്തുനോക്കി ഓർമ്മിക്കാൻ എന്റെ മുഖം'എന്ന്. അത് അവളുടെ പഴയ ഒരു ആഗ്രഹമായിരുന്നു. തന്നെപ്പിരിഞ്ഞു യാത്ര പോവുകയാണെങ്കിൽ, ആ മുഖമെങ്കിലും അവിടെ വെച്ചേക്കണമെന്ന്. മുൻസീനിൽ അവളാ കുസൃതിത്തരം പറയുന്നുണ്ട്.

ഇവിടെ ഇരുളിലമർന്ന രംഗം തെളിയുമ്പോൾ, അവരവരുടെ അടുക്കളയിൽ ഇരുന്ന് ഉമ്മയും ആയിഷയും "ഇറച്ചിക്കറി' പാകം ചെയ്യുകയാണ്. കറിക്കലത്തിൽ നിന്ന് പൊങ്ങിയുയരുന്ന ആവി അവിടമാകെ പടരുമ്പോൾ, രംഗ മധ്യത്തിൽ ഒരു ട്രെയിൻ കമ്പാർട്ട്‌മെന്റ് രൂപപ്പെടുകയും
ട്രങ്കുപെട്ടിക്ക് മുകളിലിരുന്ന് ഏകനായി യാത്ര ചെയ്യുന്ന തലയില്ലാത്ത സജ്ജാദ് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. തീവണ്ടിയുടെ ശബ്ദം, ക്രമേണ അറവുശാലയിലെ കോഴികളുടെ അവസാന ക്കരച്ചിലിന്റെ ഭീതിതമായ താളമാവുന്നു എന്നു പറഞ്ഞേ ശാന്തൻ നാടകം അവസാനിപ്പിക്കുന്നുള്ളൂ. നാടകം കണ്ടോ വായിച്ചോ തീരുമ്പോൾ നാട് എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയെക്കുറിച്ചുള്ള വേവലാതി നിറയാതിരിക്കില്ല കാണിയുടെ /പ്രേക്ഷകന്റെ മനസ്സിൽ. രസിപ്പിക്കുകയല്ല, ചിന്തിപ്പിക്കുകയാണ്, സ്വസ്ഥരാക്കുകയല്ല, അസ്വസ്ഥരാക്കുകയാണ് കൃതികളുടെ ലക്ഷ്യം എന്ന് ജീവത്സാഹിത്യത്തിന്റെ വക്താക്കൾ പണ്ടേ പറഞ്ഞതാണല്ലോ.

കാരണവരും കേശവൻ നായരും മക്കളും

ആറാം ദിവസത്തിലെ കേശവൻ നായരെപ്പോലെ തന്നെ ഹിറ്റ്‌ലറുടെ രൂപസാദൃശ്യമുള്ള തറവാടിയായ കാരണവരും( ഒരു ജിബ്രിഷ് കിനാവ് ) ഭൂതകാലത്തിൽ ജീവിക്കുന്ന കരുണയറ്റ ഒരു സ്വാർത്ഥ മോഹിയാണ്. ഇന്ന്‌കോ ത്താഴത്ത് ദേശം മുഴുവൻ അടക്കിഭരിക്കുന്ന അയാൾ മുൻപ് ആക്രി പെറുക്കിനടന്ന് പീടികത്തിണ്ണയിൽ കിടന്നുറങ്ങിയ ആളാണ്. പിന്നെ കൊന്നും വെട്ടിപ്പിടിച്ചും ദേശം മുഴുവൻ പതിച്ചുവാങ്ങിയതാണ്. ഇപ്പോൾ അവനവന്റെ ആനന്ദത്തിനപ്പുറം മറ്റൊന്നില്ല എന്നു കരുതുന്ന ഒരു തനി മാടമ്പിയാണയാൾ.

ആറാം ദിവസത്തിലെ കേശവൻ നായരെപ്പോലെതന്നെ അയാൾക്കും ലോകത്തെ മുഴുവൻ പേടിയാണ്. തന്റെ നാലാണ്മക്കളെയും അയാൾ പേടിച്ച് നാട് കടത്തുകയാണ്. "മൂത്തവൻ കഥ യെഴുതി കുരുത്തം കെട്ടു. രണ്ടാമത്തോൻ കവിതയെഴുതി തലതിരിഞ്ഞു. മൂന്നാമന് നാടകം കളിച്ചു വട്ടായി. ഇളയവൻ ഒരു കടുവയുടെ പടം വരച്ചു. ഉടൽ എന്റേതും തല കടുവയുടെതും.... നാട് കടത്തി ഞാനവരെ' എന്ന് ഊറ്റം കൊള്ളുകയാണ് കാരണവർ.
ഇതേ സ്വരമാണ് "ആറാം ദിവസ'ത്തിലെ കേശവൻ നായരുടെതും. അവിടെയും സ്വാസ്ഥ്യം കെടുത്തുന്നത് സ്വന്തം മകനാണ്, കവിയാണ്. "ന്നാലും ഇനിക്ക് മനസ്സിലാകുന്നുണ്ട്, ഈയ്യ് പറയുന്നത്. എഴുതുന്നത് ഈ കേശവന് എതിരെയാ. ന്റെ കുടുംബത്തിനെതിരെയാ. ന്റെ കൂട്ടുകാർക്കെതിരെയാ.'
എഴുതിയതെന്തും സെൻസറിങ്ങിനു വിധേയമാക്കണം എന്ന് കൽപ്പിക്കുന്ന സമകാലികാനുഭവവുമായി ചേർത്തുവെക്കാവുന്ന രംഗങ്ങളാണിവ. ഭയം അധികാരികളെ മൂടുമ്പോൾ അവർ കൂടുതൽക്കൂടുതൽ ആക്രമണകാരികളാവുമെന്നും പറഞ്ഞുവെക്കുന്നുണ്ട് ശാന്തൻ.

നുണപറയുന്ന ദേശം

ഒന്ന് മനസ്സറിഞ്ഞ് പ്രണയിച്ചാൽ പോലും അതൊരു ക്രമസമാധാനപ്രശ്‌നമാക്കി മാറ്റാൻ മാതാന്ധർ ഇളകിയാടുന്ന ഒരു കാലത്ത് ഒരു ദേശത്തിന് തന്നെ നുണ പറയേണ്ടി വരും. പോലീസ് ലാത്തി ഏതു കഥാകൃത്തിനു നേരെയും നീണ്ടു ചെല്ലാം, എഴുതിയ കഥ മാറ്റിയെഴുതിക്കാം. "ഒരു നാടകം ഇത്ര മാത്രം സൈ്വര്യ ക്കേട് ഉണ്ടാക്കും എന്ന് ഇപ്പോഴാണ് മനസ്സിലായത്' എന്ന് ഏതു പോലീസുകാരനും ശപിക്കാം, കുഞ്ഞുങ്ങളുടെ കരച്ചിൽ, വിശേഷിച്ചും അന്യമതസ്ഥരുടെ ഗർഭസ്ഥ ശിശുക്കളുടേതാവുമ്പോൾ, തങ്ങൾക്ക് തലവേദനയാണ് എന്ന് പറഞ്ഞ് സ്‌ക്രിപ്റ്റ് പിടിച്ചു വാങ്ങിക്കാം, എഴുതപ്പെട്ടാൽ എന്നെങ്കിലും ഇത് കളിക്കപ്പെടും എന്നറിഞ്ഞ് അതിന് തീയിടാം. യാഥാർഥ്യവും ഫാന്റസിയും എവിടെ വേർപിരിയുന്നു എന്നറിയാത്ത വിധം വളരെ കൈയ്യൊതുക്കത്തോടെയാണ് പ്രമേയപരിചരണം നടത്തിയിരിക്കുന്നത്.
മുസ്ലിം മതപ്രഭാഷണ വേദിയിൽ പഴയ കൂട്ടുകാരന്റെ ശബ്ദം കേട്ട് കന്യാസ്ത്രീ മഠത്തിൽ നിന്ന് ഇറങ്ങി വരികയാണ് അമ്മിണി. അതോടെ മതപ്രഭാഷണം, പ്രണയം തുളുമ്പുന്ന കഥാ പ്രസംഗമായി മാറുന്നു, കുണ്ഠിതരായ മതപണ്ഡിതർ ക്ഷുഭിതരാവുന്നു. അമ്മിണിയും അമ്മാട്ടിയും സ്ഥലം വിട്ടോടുന്നു. ഇരു സമുദായങ്ങളിലെയും പൗരോഹിത്യത്തിന് മുൻപിൽ പിടഞ്ഞുവീഴുകയാണ് അമ്മിണി യുടെയും അമ്മാട്ടിയുടെയും കുടുംബങ്ങൾ. അന്നേ കെട്ടിച്ചുകൊടുത്തിരുന്നെങ്കിൽ എന്നായി അമ്മിണിയുടെ അച്ഛനമ്മമാരുടെ ആലോചന. പിന്നെ ഈ ഇടവകേൽ ജീവിക്കാൻ പറ്റുമായിരുന്നോ, കപ്യാരുടെ പണിയിൽ തുടരാൻ പറ്റുമായിരുന്നോ എന്ന ആന്തൽ ആ കടന്ന ചിന്തയെത്തന്നെ റദ്ദാക്കിക്കളയുന്നു. അപ്പുറത്ത് അമ്മാട്ടിയുടെ വീട്ടിലും പൗരോഹിത്യം തന്നെയാണ് തടസ്സം. "ഞമ്മള് ഞമ്മളെ മോനെ സപ്പോർട്ട് ചെയ്താല് ഞമ്മളെ കൂട്ടക്കാര് ഞമ്മക്ക് എതിരാവൂലെ എന്നാണ് പേടി. മഹല്ല് കമ്മിറ്റിക്കാരെക്കൊണ്ടല്ലേ പള്ളീന്റെമുൻപിൽ ഒരു പെട്ടിപ്പീടിക വെക്കാനായത് എന്നതാണ് ബേജാറ്. അതുകൊണ്ട് രണ്ട് തന്തമാരും കത്തിയുമായി ഇറങ്ങുന്നത് പരസ്പരം നേരിടാനാണ്. പക്ഷേ നന്മ നിറഞ്ഞ ബദ്‌റുദ്ദീനും ജോസഫിനും അതിന് കഴിയുന്നില്ല. "പടച്ചോനെ, ഓൻ ഓന്റെ കത്തി ഞമ്മക്ക് നേരെ ഓങ്ങാതെ എങ്ങനെയാ ഞമ്മളിത് ഓന്റെ നെഞ്ചിൽ കേറ്റ്വാ' എന്നും "കർത്താവേ, അവനൊന്നു തുടങ്ങിവെച്ചിരുന്നെങ്കിൽ' എന്നും കരുതി ഇരുവരും അന്തിച്ചു നിൽക്കുകയാണ്. ഒടുക്കം രണ്ടുപേരും ചായപ്പീടികയിലെ ബെഞ്ചിൽ കുത്തിയിറക്കുകയാണ് കത്തികൾ. മനുഷ്യമനസ്സിന്റെ നൈർമല്യത്തിൽ വിഷം കലർത്തുന്ന പൗരോഹിത്യക്കുടി ലതകളാണ് ഇതു വഴി അനാവൃതമാവുന്നത്. ഏതു നിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് ചായക്കടയിലെത്തുന്ന പഞ്ചായത്ത് മെമ്പറോട് കടക്കാരൻ എടങ്ങേറ് പിടിച്ച ഒരു ചോദ്യം ചോദിക്കുന്നുണ്ട്. നിങ്ങൾ ആരുടെഭാഗത്താണ് എന്ന്. സ്‌നേഹത്തിന്റെ ഭാഗത്താണ് എന്നാണ് അയാളുടെ മറുപടി. "അല്ലാഹുവും ക്രിസ്തുവും അവരെ പഠിപ്പിച്ചത് സ്‌നേഹത്തെക്കുറിച്ചായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോൾ അവരൊന്നായി' എന്നും അയാൾ വിലയിരുത്തുന്നുണ്ട്.

അയനെസ്‌കോയുടെ ‘ഏങ്കർ’ എന്ന തിരക്കഥയിൽ ലേഡീസ് ആൻഡ് ജെൻഡിൽമെൻ, പൂക്കാലമാണ്, എങ്ങും ആഹ്ലാദം പൂത്തുലയുന്നു എന്ന ടെലിവിഷൻ അനൗൺസറുടെ പ്രഖ്യാപനം വരുന്നത് പ്രണയിച്ചുകൊണ്ടിരുന്ന ദമ്പതിമാർ പെട്ടെന്ന് കോപാ കുലരാവുകയും അതേതുടർന്നുണ്ടായ
കശപിശകൾ പട്ടണത്തിന് തന്നെ തീപിടിപ്പിക്കുകയും പോലിസ് വണ്ടികൾ ഇരമ്പിപ്പായുകയും ചെയ്യുമ്പോളാണ്. തൊട്ടടുത്ത നിമിഷത്തിൽ നാം കേൾക്കുന്ന അനൗൺസ്മെൻറ്​ And thus the planet explodes എന്നാണ്. അതേപോലെ ഒരു പ്രണയം വിതച്ച കൊടുംകാറ്റ് ആഞ്ഞു വീശുമ്പോൾ, എഫ് എം റേഡിയോ പ്രണയസല്ലാപം നടത്തിക്കൊണ്ടിരിക്കുന്ന ഒരു സീൻ അതിനിടയിൽ വരച്ചുചേർക്കുന്നത്, നമ്മുടെ മാധ്യമങ്ങൾ എത്ര അയഥാർത്ഥമായാണ് പരിപാടികൾ വിളമ്പിക്കൊണ്ടിരിക്കുന്നത് എന്ന് സൂചിപ്പിക്കാൻ തന്നെയാവും എന്നുകരുതി നോക്കിയി രിക്കുമ്പോളാണ് ഒരു പുതിയ ട്വിസ്റ്റ്. പുതിയ കാലത്ത് പ്രണയം സാധ്യമാണോ എന്ന ചോദ്യമാണ് റേഡിയോ ശ്രോതാക്കൾക്കു നേരെ എറിയുന്നത്. അമ്മിണിയും അമ്മോട്ടിയും റേഡിയോ കേട്ടുകൊണ്ടിരിക്കെ ആ ചോദ്യത്തിന് ഉത്തരം കിട്ടാത്തതിനുള്ള കാരണമായി റേഡിയോ കണ്ടെത്തുന്ന ന്യായം, ഈയിടെ വാർത്തകളിൽ നിറഞ്ഞ ഒരു കോലാഹലമാണ് പ്രണയികളെ ഭയപ്പെടുത്തുന്നത് എന്നാണ്.
"ഒരു മതം മറ്റൊരു മതത്തിനെതിരെ രഹസ്യമായി യുദ്ധം ചെയ്യാൻ പുതിയ ഒരായുധം കണ്ടുപിടിച്ചിരിക്കുന്നു: പ്രണയം.

അന്യമതസ്ഥരെ പ്രണയം നടിച്ച് വിവാഹംചെയ്ത് മതംമാറ്റുന്ന വിശുദ്ധ പ്രണയ യുദ്ധം' എന്ന് കേട്ടതോടെ പൊള്ള ലേറ്റപോലെ അമ്മിണിയും അമ്മോട്ടിയും ഒന്നിച്ച് റേഡിയോ ഓഫാക്കാൻ പിടയുകയാണ്. നുണയാണിതെല്ലാം എന്ന് അമ്മോട്ടി ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും നുണയാവണേ എന്ന് പ്രാർത്ഥിക്കാനേ അമ്മിണിക്കാവുന്നുള്ളൂ. ഉള്ളിന്റെ ഉള്ളിലുള്ള മതബോധം രണ്ടുകൂട്ടരിലും ഞെട്ടിയുണരുകയാണ്. പിന്നെ മേരി ലോറൻസിലെ കത്തിയെപ്പോലെ അവരിരുവരും ഭയപ്പെടുകയാണ്, ഇണയുടെ കയ്യിലെ ഹെയർപിന്നിനെയും നെയിൽ കട്ടറിനെയും. റേഡിയോ വീണ്ടും പ്രണയവിരുദ്ധമായി ചിലച്ചുകൊണ്ടിരിക്കെ, ഇരുവരും ചേർന്ന് റേഡിയോ തല്ലിപ്പൊട്ടിക്കുന്നു. പക്ഷേ കേട്ടതിന്റെ തന്നെ അഘാതത്തിൽ നിന്ന് കരകയറാനാവാതെ ഉറങ്ങാൻ കിടക്കുമ്പോൾ പരസ്പരം ഭയപ്പെടുകയാണവർ. ഒടുവിൽ പുതപ്പ് രണ്ടായി കീറുകയാണ്. ഇതിന് നടുക്കേക്കാണ് ഇരുപിതാക്കളും പാത്തും പതുങ്ങിയും എത്തി അവരവരുടെ മക്കളെ ഒറ്റക്കൊറ്റക്ക് കാണുന്നത്. ഇരുവർക്കും മക്കളെ വേർപെടുത്തിയെടുക്കണം. അതിനാവുന്നില്ലെങ്കിൽ മതം മാറ്റിയെടുക്കണമെന്നാണ് പിതാക്കളുടെ സ്വകാര്യകല്പന.
മാതാപിതാക്കളും പൗരോഹിത്യവും നാടും നാട്ടാചാരങ്ങളും മാധ്യമങ്ങളും ഒന്നിച്ചു ചേർന്ന് വിശുദ്ധ പ്രണയത്തിൽ അവിശ്വാസത്തിന്റെ വിളളലുകൾ പണിയുകയാണ്.

വീട്ടിലെ കൈതക്കാടുകൾ പൂക്കും മുൻപേ മമ്മോദീസ മുങ്ങി നമുക്കെന്റെ വീട്ടിൽ പോവാം എന്നായി അമ്മിണി. ഉപ്പ വെട്ടിയ വാഴ വീണ്ടും മുളച്ചുപൊന്തും മുൻപേ ഞങ്ങളുടെ കൂട്ടക്കാരിയായി എന്റെ ഹൂറിയായി നീ എന്റെ വീട്ടിലേക്കു വരണം എന്ന് അമ്മോട്ടി. അതിന് തയാറാവാതെ ഇരുവരും പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഒടുക്കം ഒന്നിച്ചതിന്റെ നാലാം ദിവസം പിരിയാൻ തന്നെ തീരുമാനിക്കുകയാണവർ . പക്ഷേ പിരിയാൻ തുടങ്ങുമ്പോൾ ഗദ് ഗദത്തോടെ ഇരുവരും പറയുന്നത് ഒരേ കാര്യമാണ്. "കുമ്പസാരക്കൂട്ടിൽ നിന്ന് എല്ലാം പറയണം, ഞാൻ നിന്നെ സ്‌നേഹിച്ചത് ഒരു മഹാനുണയായിരുന്നു എന്ന് എനിക്ക് നുണ പറയണം'എന്ന് അമ്മിണി. എനിക്കും പറയണമല്ലോ നുണ എന്ന് അമ്മോട്ടി.

പിരിയാനിരിക്കെ, പശ്ചാത്തലത്തിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ തെളിഞ്ഞതോടെ വീണ്ടും ഒരു ട്വിസ്റ്റ്. അമ്മിണി ദീനഭാവത്തിൽ അമ്മോട്ടിയെ നോക്കുന്നു. അവളുടെ ഉദരത്തിലെ കുട്ടിയുടെ കരച്ചിൽ കേട്ട് എന്തു ചെയ്യണം എന്നറിയാതെ അയാൾ. ഇവൻ വളരും എന്ന് അവൾ. ആരായി വളരും എന്ന ചോദ്യത്തിന് ഒരു പുഴയായി, നദിയായി വളർന്നൊഴുകും എന്ന് അവൾ. അതോടെ അസംഖ്യം കുഞ്ഞുങ്ങളുടെ കരച്ചിൽ പെരുകുന്നതോടെ, ക്ഷുഭിതനായി നാടക സ്‌ക്രിപ്റ്റിന്റെ പേജുകൾ ഓരോന്നോരോന്നായി കീറിയെറിഞ്ഞു കൊണ്ട് പോലീസുകാരനും അയാൾക്ക് പിറകിൽ നാടകകൃത്തും. നാടകം എഴുതാതിരിക്കാൻ തനിക്കാവില്ല എന്ന് നാടകകൃത്ത്. എഴുതപ്പെട്ടതായാൽ എന്നെങ്കിലും കളിക്ക പ്പെടും, അതുകൊണ്ട് അത് കത്തിച്ചാമ്പലാവട്ടെ എന്നായി പോലീസുകാരൻ. പെരുംനുണകൾ ഇനിയും പറയാനാവാത്തത് കൊണ്ട് ഈ നാടകത്തിന് ഇവിടെ തിരശ്ശീല ഇടുന്നു എന്ന പ്രഖ്യാപ നത്തോടെയാണ് നാടകംഅവസാനിപ്പിക്കുന്നത്.

"വന്ന് വന്ന് വിശപ്പ് നാടകത്തിലും ഒതുങ്ങാതെയായിരിക്കുന്നു, തൽക്കാലം കർട്ടൻ ഇട്ട് മറയ്ക്കുക തന്നെ'എന്ന് താജ് പണ്ടെ പറഞ്ഞുവെച്ചതാണല്ലോ.
പെണ്ണൊരു കളിമൺശിൽപ്പമല്ല,
കൊത്തിയെടുക്കേണ്ട കരിങ്കല്ല്
അർബുദത്തോട് മല്ലടിക്കുമ്പോളും ആത്മ വിശ്വാസം കൈവിടാഞ്ഞ ശാന്തൻ ആശുപത്രിവാർഡിൽ നടത്തിയ സൂക്ഷ്മ നിരീക്ഷണമാണ് "വീടുകൾക്കെന്ത് പേരിടും'. ക്യാൻസർവാഡിലെ ഡ്യൂട്ടിക്കിടയിലെ തന്റെ ആന്തലുകൾ മനസ്സിലാക്കാതെ അടിക്കടി ഫോൺ ചെയ്തുകൊണ്ട് പൊസ്സസ്സീവ് ആയി മാറുന്ന കാമുകനോടുള്ള ഡോക്ടറുടെ മധുരപ്രതികരണവും, തന്താങ്ങ ളുടെ ഭർത്താക്കന്മാർ യഥാക്രമം ഭാര്യമാരോട് കാട്ടിപ്പോരുന്ന പുരുഷമേധാവിത്വത്തോടുള്ള രോഗിണികളായ അമ്മമാരുടെ പ്രതീകാത്മക പ്രതിഷേധവും ഒരു കടുത്ത ഫെമിനിസ്റ്റിനു മാത്രമേ ഇങ്ങനെ കടുപ്പത്തിൽ വരച്ചുകാട്ടാനാവൂ.

പുരുഷമേധാവിത്തത്തിന് "കാക്കക്കിനാവി'ലെ കാക്കകൾ പോലും ഇരകളാവുന്നുണ്ട്. കാക്കക്കുഞ്ഞുങ്ങൾ പട്ടിണി കിടന്നു തളരുന്നത് തള്ളമാരുടെ നോട്ടക്കുറവ് കൊണ്ടാണെന്ന് കാക്കക്കുറുമ്പന്മാർ ഒന്നിച്ച് വിധിയെഴുതുന്നുണ്ട്.
മണ്ണിനും വിണ്ണിനും വേണ്ടി പെണ്ണിനെ മറന്ന പുരുഷന്മാരുടെതാണ് പുരാണങ്ങൾ എല്ലാം എന്ന് "പ്രണയ കഥകളി' യിലെ കാന്തക്കറിയാം. കോലോത്തെ ഉത്സവപ്പറമ്പിൽ പടുമുള പോലെ മുളച്ച ചെമ്പരത്തിയാണ് താനെന്നും അവൾക്കറിയാം.

തങ്ങളുടെ സ്ഥിതിയും ഒട്ടും മെച്ചമല്ല എന്ന് കോലോത്തെ തമ്പുരാട്ടിമാർക്കും അറിയാം. "കോലോത്താണെങ്കിലും നമ്മൾ മണ്ണാണ്. നമ്മളെ തമ്പുരാക്കന്മാർക്ക് തോന്നുമ്പോൾ വിത്തിറക്കാൻ ഉഴുതുമറിച്ച മണ്ണ്' എന്ന് അവർ തമ്മാമ്മിൽ പറയുന്നുമുണ്ട്. "പെണ്ണ് എളുപ്പം തീർക്കാവുന്ന ഒരു കളിമൺ ശിൽപമല്ല, കൊത്തിയെടുക്കേണ്ട കരിങ്കല്ലാണ്' എന്നും പ്രണയകഥകളിയിൽ പറഞ്ഞുവെക്കുന്നുണ്ട് ശാന്തൻ. "സുഖനിദ്രകളിലേ'ക്കും അക്രമാ സക്തമായ പുരുഷലൈം ഗികതക്കെതിരെ കലാപം കൂട്ടുന്ന അതിമനോഹരമായ കാവ്യശില്പമാണ്. കുഞ്ഞുങ്ങൾക്ക് നേരെ നീളുന്ന ലൈംഗികാതിക്രമത്തെ ഒരലക്കുകടവിന്റെ പശ്ചാത്തലത്തിൽ പ്രതീകാത്മകമായി കൈയ്യൊതുക്കത്തോടെ വരച്ചുകാട്ടുകയാണ് ശാന്തൻ.

പാർശ്വവൽക്കരിക്കപ്പെട്ടവർക്കൊപ്പം

ചാതുർവർണ്യത്തിന്റെ കൂർമ്പൻ തേറ്റകൾ നീണ്ടുവരുന്നൊരു കാലത്ത്, പ്രണയസൗകുമാര്യത്തെപ്പോലും വികൃതമാക്കുന്ന ജാതിബോധത്തെയാണ് "ജീവിക്കാനുള്ള സന്ദേശം' കുത്തിപ്പൊട്ടിച്ചുകളയുന്നത്.
ആറാം ദിവസത്തിലെ കേശവൻ നായർ തന്റെ സഹായിയായ ദാസനോട് പച്ചക്ക് തന്നെ വെട്ടിത്തുറന്നു ചോദിക്കുന്നത്, "ഉടുമ്പിനേം മെരൂനേം ഒക്കെ കൊന്നുതിന്നുന്ന ജാതിയല്ലേ, പിന്നെന്താ ഒരു കോഴീനെ കൊല്ലാൻ അറപ്പ്' എന്നാണ്. ഒരിക്കൽ ദാസനെ അറിയാതെ തലോടിപ്പോയ അയാൾ അടുത്ത നിമിഷം അതിന്റെ പാപം കഴുകിക്കളയുകയാണ് വാഷ് ബേസിനിൽ.
ഇതേ കൃത്യം 'കറുപ്പി'ലെ കനകാംബാളും നിർവ്വഹിക്കുന്നുണ്ട്. അറിയാതെ രാച്ചിയമ്മയുടെ മുഖം പൊത്തുന്ന കനകാംബാൾ അടുത്ത നിമിഷം അബദ്ധം മനസ്സിലാക്കി കൈ അറപ്പോടെ പിൻവലിക്കുന്നുണ്ട്, തൂവാലയിൽ കൈ തുടച്ച് അത് രാച്ചിയമ്മയുടെ മുറ്റത്തേക്ക് എറിയുന്നുമുണ്ട്.

അതേ രാച്ചിയമ്മ കുറേക്കൂടി ഉയർന്ന സാമൂഹികബോധം കാട്ടിക്കൊണ്ട് "നിനക്ക് തോന്ന്യാസങ്ങൾ വരച്ചിടാനുള്ള കറുത്ത ചുമരായിരുന്നു ഈ രാച്ചിയമ്മ, അല്ലേ' എന്ന് ചോദിക്കുന്നുണ്ട് മറ്റൊരിടത്ത്.
"ജീവിക്കാനുള്ള സന്ദേശ'ത്തിലെ യുവതിയോട് കലശലായ പ്രണയത്തിലായ യുവാവ് ഒന്നിച്ചൊരേ പാത്രത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോളാണ് കല്യാണക്കാര്യത്തിലേക്ക് കടക്കുന്നത്. അവിടെയാണ് പ്രണയതീവ്രതക്കിടയിൽ ഒരു ചോദ്യം തികട്ടിവരുന്നത്. But what is your ctsae എന്ന്! താൻ കീഴാള സ്ത്രീയാണെന്ന് വെട്ടിത്തുറന്ന് പറഞ്ഞപ്പോൾ പ്രണയം ഇറങ്ങിയോടുകയാണ്, തീറ്റപ്പാത്രത്തിൽ നിന്ന് കൈ പിൻവലിച്ച് ആൾ പിന്നാക്കം നടക്കുകയാണ്. പക്ഷേ യുവതിയെയാകട്ടെ, മുന്നോട്ടാണ് ശാന്തൻ നടത്തിച്ചത്.

"ഓക്കാനം ചങ്കിൽ തികട്ടി. ലീവെടുത്ത് വീട്ടിലേക്ക് പോയി. നന്നായൊന്നു കുളിച്ചു.' മേൽജാതിക്കാരൻ എന്നഹങ്കരിച്ച കോന്തന് ശുദ്ധനാവാൻ വാഷ് ബേസിനിൽ കൈ കഴുകിയാൽ മതി. പക്ഷേ കീഴ്ജാതിക്കാരിയെന്ന് അയാൾ കരുതുന്നവൾക്ക് ഒന്ന് നന്നായി കുളിച്ചാലേ ആ അടുപ്പത്തിന്റെ പാപക്കറ കഴുകിക്കളയാനാവൂ എന്നാണ് ശാന്തൻ പറയുന്നത്. ഇങ്ങനെ ശാന്തന്റെ രചനകളിൽ ഉടനീളം നിറഞ്ഞുനിൽക്കുന്നുണ്ട് ഈ ഉയർന്ന സാമൂഹിക ബോധം.

അതുതന്നെയാണ് ലൈംഗികത്തൊഴിലാളികളുടെ ജീവിതം നേരിട്ടറിയാൻ എമിലി സോള ചെയ്തതുപോലെ അവരുടെ കേന്ദ്രത്തിൽ ചെന്ന് അവർക്കൊപ്പം കഴിയാൻ ശാന്തനെ പ്രേരിപ്പിച്ചതും. ബംഗ്ലാദേശ് എന്ന് വിളിപ്പേരുള്ള ചേരി പ്രദേശത്തു ദിവസങ്ങളോളം ചെലവാഴിച്ചാണ് "ഒറ്റ രാത്രിയുടെ കാമുകിമാർ' പൂർത്തിയാക്കുന്നത്. പൊള്ളിക്കുന്ന ഒട്ടനവധി അനുഭവങ്ങളാണ് അത് ശാന്തന് നൽകിയത്. സ്വന്തം ഉദരത്തിൽ വളരുന്ന കുഞ്ഞിനെ ഇല്ലാതാക്കണം എന്ന് മറ്റുള്ളവർ കർശനമായി ആവശ്യപ്പെടുമ്പോൾ അതിനെ വളർത്തിവലുതാക്കണം എന്നാഗ്രഹിക്കുന്ന യുവതിയുടെ തീർപ്പ് നേരിട്ട് കണ്ട് ദിവസങ്ങളോളം അസ്വസ്ഥനായി പുകഞ്ഞിട്ടുണ്ട് ശാന്തൻ.

തെരുവുകളിൽ സാധാരണമനുഷ്യർക്കൊപ്പം കേരളം മുഴുവൻ കളിച്ച തെരുവുനാടകമാണ് "ഞങ്ങൾക്കൊരു അടുക്കള ഉണ്ടായിരുന്നു'. ജനറൽ ഇൻഷുറൻസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കളിച്ച ആ നാടകം മറ്റു സംഘടനകളെയും ശാന്തനിലേക്ക് ആകർഷിക്കാൻ ഇടയാക്കി. പിന്നീട് ഒരുപാട് കലാജാഥകൾ അണിയിച്ചൊരുക്കിയത് ശാന്തനാണ്.

അടുക്കളകളിലേക്ക് നീങ്ങിയിരിക്കുന്നു ആക്രമണം എന്നാണ് ഞങ്ങൾക്കൊരടുക്കള തെളിച്ചു പറഞ്ഞത്. അതിനിടക്കാണ് "എല്ലാരേ സ്‌കൂളും പൂട്ടും' എന്ന തെരുവുനാടകം പ്രേക്ഷകരും രാഷ്ട്രീയ നേതൃത്വവും ഒരേപോലെ ഏറ്റെടുത്തത്. സർവതലസ്പർശിയായ കടന്നാക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് അമർത്തിപ്പറഞ്ഞ ആ തെരുവുനാടകമാണ് "ഇതെന്റെ വിദ്യാലയ'മായി വികസിക്കുന്നത്. "ന്റെ പുള്ളിപ്പൈ'യും ആദ്യം പിറന്നു വീണത് തെരുവുനാടകം ആയിട്ടാണെന്നു പറമ്പിൽ യുവജന ഓർത്തെടുക്കുന്നുണ്ട്. ആ കലാസമിതിയാണ് ശാന്തന്റെ നാടകങ്ങൾക്ക് താങ്ങായി നിന്നത്. ശാന്തനാകട്ടെ, നന്നേ ചെറുപ്പത്തിലേ ജനകീയപ്രശ്‌നങ്ങളിൽ മുഴുകിയിരുന്നു. പറമ്പിലെ ജനങ്ങൾ അദ്ദേഹത്തെ തങ്ങളുടെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. സി.പി. ഐ- എം ആണ് അന്ന് തീരെ ചെറുപ്പക്കാരനായിരുന്ന ആ എസ്.എഫ്.ഐ ക്കാരനെ സ്ഥാനാർഥിയാക്കിയത്.

ഈയൊരു ജനകീയതയാണ് ശാന്തനെ വ്യത്യസ്തനാക്കുന്നത്. ശാന്തന്റെ കഥാപാത്രങ്ങളത്രയും താൻ തൊട്ടറിഞ്ഞ സാധാരണ മനുഷ്യരാണ്. അതിന്റെ നാടൻ തെളിമയാണ് ആ രചനകളുടെ പ്രത്യേകത. തീർത്തും ജനകീയനായ ആ നാടകക്കാരൻ മലയാളനാടക വേദിയെ സമ്പന്നമാക്കിയത് രചനകളിലൂടെ മാത്രമല്ല. തന്റെ നാടകങ്ങൾക്കൊപ്പം പുതുക്കക്കാരുടെ രചനകൾക്കും നവഭാഷ്യം ചമച്ചുകൊണ്ട് നാടകവേദിയെ പുതിയ ഭാവുകത്വത്തിലേക്ക് ഉ യർത്തുകയായിരുന്നു ശാന്തൻ. അടിമുടി പൊളിറ്റിക്കൽ ആയ ഒരു തീവ്രനാടക പ്രണയിയായിരുന്നു ശാന്തൻ. ആശുപത്രിക്കിടക്കയിലെ അവസാനശ്വാസത്തിലും എഴുതിമുഴുമിപ്പിക്കാൻ ആവാതെപോയ നാടകത്തെക്കുറിച്ച് വേവലാതിപ്പെടുകയായിരുന്നു അദ്ദേഹം. ഭാഷക്ക്, സമൂഹത്തിന്, നാടകവേദിക്ക് തീരാനഷ്ടമാണ് ശാന്തന്റെ വിയോഗം വരുത്തി വെച്ചത്.

അഭിനന്ദനങ്ങൾ കൊണ്ട് വിശപ്പ് മാറില്ല

ഇല്ലാതായി പ്പോയ നാടകക്കാരനെ അനുസ്മരിക്കുക എളുപ്പമാണ്. അയാൾ താണ്ടിയ ദുരിതപർവങ്ങളൊന്നും കാണിക്കോ വായനക്കാരനോ ഒരു വിഷയമേ അല്ല. നാടകം വായിച്ചും കണ്ടും കൈയ്യടിക്കുക എളുപ്പമാണ് എന്നാണ് ശാന്തൻ നടന്ന വഴികളിലൂടെ തന്നെ നടന്ന സതീഷ് കെ. സതീഷ് ഒരിക്കൽ ഓർമിപ്പിച്ചത്. അഭിനന്ദനങ്ങൾ കൊണ്ട് വിശപ്പ് മാറില്ല. കവിയും കഥാകൃത്തും ഉപന്യാസകാരനും റോയൽറ്റിക്ക് വകുപ്പുണ്ട്. പ്രസിദ്ധീകരിക്കാൻ പത്രമാസികകൾ ഉണ്ട്. പക്ഷേ പാവം നാടകകാരൻ , ഒരു സമൂഹത്തെ മുഴുവൻ ഇളക്കി മറിക്കാൻ പ്രാപ്തിയുള്ള അയാളുടെ സർഗ്ഗശേഷി, കൈയ്യടികളിൽ ഒതുങ്ങുകയാണ്.

മക്കാർത്തി പണ്ട് ഫുട്‌ബോൾ നിരോധിക്കാൻ ആലോചിച്ചത് ആ ടീം സ്പിരിറ്റ് സോഷ്യലിസത്തിലേക്ക് നയിക്കും എന്ന് കരുതിയാണ്. ഇന്ന് ഇന്ത്യയിലും ലോകത്ത് പലേടത്തും അതിതീവ്രവലതുപക്ഷക്കാർ അധികാരത്തിലെറിയിരിക്കെ, സംഘബോധം വളർത്തുന്ന എന്തിനും എതിരായിരിക്കും അവർ. അവിടെയാണ് നാടകത്തെയും നാടകക്കാരെയും സംരക്ഷിച്ചു നിർത്തുന്നതിന്റെ പ്രാധാന്യം. എ ശാന്തകുമാർ നമ്മെ ഓർമിപ്പിക്കുന്നത് ഇതുകൂടിയാണ്.



എ.കെ. രമേശ്

എഴുത്തുകാരൻ, ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ്. ആഗോളവല്ക്കരണവും മൂന്നാം ലോക ജീവിതവും, ദോഹാ പ്രഖ്യാപനത്തിന്റെ കാണാപ്പുറങ്ങൾ എന്നിവ കൃതികൾ

Comments