ആത്മീയതയുടെ ഹൈജാക്കിങ്

സ്ഥാപനവൽക്കരിക്കപ്പെട്ട മതങ്ങളുടെ നേതൃത്വത്തിൽ ആത്മീയതയുടെ ചരക്കുവൽക്കരണം തിടംവെച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാലത്ത്, അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അതിസാധാരണക്കാരന്റെ യഥാർഥ ആത്മീയവാഞ്​ഛകളെ വീണ്ടെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എ. സോമൻ എഴുതിയ, പ്രവചനാത്മകമായ അപ്രകാശിത ലേഖനം. കോളേജധ്യാപകൻ, സാംസ്‌കാരിക വിമർശകൻ, കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന സോമൻ 2001ലാണ് മരിച്ചത്. ജനകീയ സാംസ്‌കാരികവേദി 1981 മാർച്ച് 23ന് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ നടത്തിയ ജനകീയ വിചാരണയിൽ വിധിപ്രഖ്യാപനം നടത്തിയ ന്യായാധിപൻ കൂടിയായിരുന്നു അദ്ദേഹം

സംഘടിത മതങ്ങളും ഉപാസകരോ (കൾട്ട്) ഉപസമൂഹങ്ങളോ ആയിമാറിക്കഴിഞ്ഞിട്ടുള്ള ഭക്തസംഘങ്ങളുമാണ് ആത്മീയതയുടെ മൊത്തവ്യാപാരികൾ. അവരുടെ ‘ഹൈടെക്ക്' ആഭിചാരക്രിയകളിൽ മറ്റേതൊരു ഉൽപ്പന്നത്തെയും പോലെ, കൈമാറ്റമൂല്യമുള്ള ഉപഭോഗ വസ്തുവാണ് ആത്മീയതയും. ആത്മീയതയുടെ ചരക്കുവൽക്കരണം (commodification) നമുക്കിടയിൽ സമീപഭൂതകാലത്തിൽ മാത്രം കാണപ്പെട്ടുതുടങ്ങിയ ഒരു ഭാവപ്പകർച്ചയാണ്. മതഃസിദ്ധമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആവിർഭാവവുമായി കെട്ടുപിണഞ്ഞുകൊണ്ടാണ് ആത്മീയ തലത്തിലെ വാണിജ്യവൽക്കരണം നമ്മുടെ സമൂഹത്തിൽ തിടംവെച്ചുകൊണ്ടിരിക്കുന്നത്. മതഃ​​​പ്രോക്​തമായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ആശയപരവും സാമ്പത്തികപരവുമായ കാരണങ്ങളാൽ ജനതയുടെ ആത്മീയതൃഷ്ണകളെ വൻ ‘തരികിട' കളിലൂടെ തങ്ങൾക്ക് ഹിതകരമായ മട്ടിൽ രൂപകൽപ്പന ചെയ്യാതെ നിർവ്വാഹവുമില്ല. ഇതിന്റെ പരിണിതിയാവട്ടെ, വളരെ ജൈവികമായ ആത്മീയതയുടെ ഹൈജാക്കിങ്ങാണ്.

എ. സോമൻ

സ്ഥാപനവൽക്കരിക്കപ്പെട്ട മതങ്ങളും മറ്റും വിപണനം ചെയ്യുന്ന ആത്മീയതാ സങ്കൽപങ്ങൾ മനുഷ്യന്റെ ജൈവികഭാവവുമായി തെല്ലും ബന്ധമുള്ളതല്ല. അക്കാരണത്താൽതന്നെ അത് വ്യാജവുമാണ്. മനുഷ്യനും പ്രകൃതിക്കുമിടയിൽ രണ്ടാം പ്രകൃതിയായ (second nature) സംസ്‌കാരത്തിന്റെ മാധ്യസ്ഥം വന്നതോടെയാണ് അവന്, ആത്മീയതയെ സംബന്ധിച്ച ഉൽക്കടമായ വിചാരങ്ങളുണ്ടായത്. ഭൗതികതയുടെ കെട്ടുപാടുകൾക്കപ്പുറമുള്ള ഒരു ആത്മീയയാനത്തെക്കുറിച്ച് അതോടെ അവനിൽ ബോധമങ്കുരിക്കുകയായി. പ്രകൃതി വർണ്ണനകളായി, ആരാധനയായി, മിത്തുകളായി, സംഗീതമായി, ഗൃഹാതുരത നിറഞ്ഞ ആദ്യ കവനങ്ങളായി, മനുഷ്യൻ പ്രകൃതിയെ തേടി ആദ്യമായി സഞ്ചാരമാരംഭിച്ചു. സംസ്‌കാരമെന്ന മധ്യസ്ഥത വീണ്ടും വീണ്ടും സ്ഥൂലസമ്പന്നമായതോടെ പ്രകൃതിയും മനുഷ്യപ്രകൃതിയും തമ്മിലുള്ള ഗർത്തം വിപുലവും ആഴമേറിയതുമായി. മനുഷ്യരാശിയുടെ ആത്മീയ വെമ്പലുകൾക്ക് പ്രായപൂർത്തി കൈവന്നത് അങ്ങനെയായിരുന്നു.
ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളും ഇന്ന് സംസ്‌കാരവൽക്കരണത്തിന് (accutluration) വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ചരിത്രത്തിലൊരിക്കലും കണ്ടിട്ടില്ലാത്തവിധം തീവ്രതരമാണ് മനുഷ്യന്റെ ആത്മീയവാഞ്ചകൾ. ഈ തീവ്രതയും വൈപുല്യവും കണക്കിലെടുത്താണ് സംഘടിതമതങ്ങൾ ആത്മീയതയുടെ സാർത്ഥവാഹകസംഘങ്ങളായി നമുക്കിടയിൽ ചരിച്ചുകൊണ്ടിരിക്കുന്നത്. അവർ വിറ്റഴിക്കുന്ന ലോഹത്തകിടിലെ ശ്രീചക്രങ്ങൾക്കും നടരാജവിഗ്രഹങ്ങൾക്കും കുങ്കുമക്കുറികൾക്കും പർദ്ദകൾക്കും മനുഷ്യന്റെ ജൈവികാടിസ്ഥാനത്തിൽ വേരാണ്ടിട്ടുള്ള ആത്മീയതയുമായി പുലബന്ധമില്ല.

വേദാന്തത്തിലോ വേദപുസ്തകത്തിലോ ഉള്ള അവഗാഹവും പൗരോഹിത്യത്തിന്റെ പാതയും ആത്മീയാനുഭവങ്ങളിലേക്കുള്ള ഊടുവഴികളായി നാം തെറ്റിദ്ധരിച്ചിരിക്കുന്നു. ഈ പറഞ്ഞ സിദ്ധികളൊന്നുമില്ലാത്ത ഒരു അതിസാധാരണക്കാരന് (ഫിലിസ്‌റ്റൈൻ) പോലും സാന്ദ്രമായ ആത്മീയാനുഭവങ്ങളുടെ മുഹൂർത്തങ്ങൾ ഉണ്ടാവാറുണ്ട്, മിക്കപ്പോഴും അത് തിരിച്ചറിയപ്പെടാതെ പോകാറുണ്ടെങ്കിലും. നിർജ്ജനമായ ഒരു രാവറുതിയിലെ ചന്ദ്രാസ്തമനമായോ, ‘എന്നും പരക്കെ പുതുക്കിപ്പണിയുന്ന’ പുലർച്ചകളിൽ പുൽത്തലപ്പിലെ മഞ്ഞുകണങ്ങൾ വിരൽത്തുമ്പുകളിൽ കുളിര് വിതറുമ്പോഴോ, മൃതിയടഞ്ഞവന്റെ കോടിപുതച്ച അനാസക്തി കാണുമ്പോഴോ, ഒരു ചുംബനത്തിന്റെ വിളംബിതത്തത്തിൽ ഞരമ്പുകൾ വലിഞ്ഞുപൊട്ടുന്ന വീണക്കമ്പികളാവു​മ്പോഴോ, ഒരു കവിൾ മദ്യത്തിന്റെ പടർപ്പിൽ അഹത്തിന്റെ അതിരുകൾ മാഞ്ഞുപോകുമ്പോഴോ ആത്മീയതയുടെ തിരസ്പർശങ്ങൾ നമ്മളേറ്റുവാങ്ങുന്നു. അതൊരു പരമമായ സ്വകാര്യ അനുഭൂതിയായി, ആ അനുഭൂതിയോടുള്ള അതിരറ്റ ആദരവായി നമ്മിൽ വഴിഞ്ഞൊഴുകുന്നു. അപ്പോൾ ആത്മീയത എന്നത് ചിരസമ്മത തത്വശാസ്ത്രഗണങ്ങൾക്ക് വിരുദ്ധമായി, ഭൗതികതയുടെ വിപരീതമല്ലാതായി പരിണമിക്കുന്നു. ഭൗതികതയുടെ ഒരുതരം പൂരിപ്പിക്കലായി ആത്മീയത അനുഭവവേദ്യമാകുന്നു.

Comments