ഒരു ക്വിയർ വിദ്യാർത്ഥിയെന്ന നിലയിൽ ബി.എഡ് ക്ലാസ്​ മുറിയിൽ ഞാൻ ശ്വാസം മുട്ടുകയാണ്

ഇത് കേവലം ബി.എഡ് കോളേജുകൾക്ക് നേരെയുള്ള വിമർശനമല്ല, മറിച്ച് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം പ്രബലമായിരിക്കുന്ന സ്ത്രീ- ക്വിയർ- മുസ്‌ലീം- ദലിത് വിരുദ്ധ മനോഭാവങ്ങളെ കുറിച്ചുള്ള ഒരു ക്വിയർ വിദ്യാർത്ഥിയുടെ ആശങ്കയാണ്.

ആദി

ക്ലാസ് മുറികളിലിരുന്ന് ഉറക്കം തൂങ്ങുന്നവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ, അവർക്ക് അവരുടെ സ്വപ്നമെങ്കിലും നഷ്ടമാകുന്നില്ല.”
സച്ചിദാനന്ദന്റെ ‘ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ ആത്മഗതം’ എന്ന കവിതയിലെ വരികളാണിത്.

ക്ലാസ്​ മുറിയിൽ സ്വപ്നം കാണാൻ പോലും വകയില്ലാത്ത വിദ്യാർത്ഥികളുണ്ട്. ഒരു ക്വിയർ വിദ്യാർത്ഥിയെന്ന നിലയിൽ ബി.എഡ് ക്ലാസ്​ മുറിയിൽ ഞാൻ ശ്വാസം മുട്ടുകയാണ്. സ്​കൂൾ കാലം മുതൽക്കേ പല തരം വിവേചനങ്ങൾ നേരിടേണ്ടി വരുന്നുണ്ടെങ്കിലും, യൂണിവേഴ്‌സിറ്റി ജീവിതം നൽകിയ വലിയ തുറവികളുമായാണ് ബി.എഡ് കോളേജിലേക്ക് ഞാനുൾപ്പെടെയുള്ള പല വിദ്യാർത്ഥികളും കയറിച്ചെല്ലുന്നത്. പക്ഷേ, ബി.എഡ് ക്ലാസ്​ മുറികൾ ഏതു തരത്തിലാണ് വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്നത്? ഏതുതരം വിദ്യാർത്ഥികളാണ് ഇവരുടെ പരിഗണനയിലുള്ളത്?

ഞാനെന്തായാലും ഇവരുടെ പരിഗണനയിലില്ല. ക്ലാസ്​ മുറി പുറന്തള്ളിയ കുട്ടിയാണ് ഞാൻ. ഞാനേറെക്കുറെ അദൃശ്യനാണ്, ഒരു കണ്ണാടിയിലും എന്റെ മുഖമില്ല. “There are a lot of mirrors in my school. I don't remember seeing myself, not in textbooks or in chalkboards or the tips of teachers tounges. I wasn't talked about here, an unspoken character in a room of protagonists, i wondered why no one could tell us how to find ourselves..”* എന്ന കവിതയോർക്കുന്നു.

എന്തു കൊണ്ടാണ് നമ്മളുടെ ക്ലാസ്​ മുറികൾ കെട്ടുപോയതെന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്. ഇത് കേവലം ബി.എഡ് കോളേജുകൾക്ക് നേരെയുള്ള വിമർശനമല്ല, മറിച്ച് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം പ്രബലമായിരിക്കുന്ന സ്ത്രീ- ക്വിയർ- മുസ്‌ലീം- ദലിത് വിരുദ്ധ മനോഭാവങ്ങളെ കുറിച്ചുള്ള ഒരു ക്വിയർ വിദ്യാർത്ഥിയുടെ ആശങ്കയാണ്.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരിക്കലും ക്വിയർ ഇൻക്ലൂസീവായിരുന്നില്ല. പുരോഗമനപരതയുടെ ഒരു വ്യാജമുഖം പുറമേക്ക് തിരിച്ചുവെച്ചിരുന്നെങ്കിലും അങ്ങേയറ്റം ടോക്സിക്കായ ആണിടങ്ങളായാണ് അവ എല്ലാ കാലവും നിലനിന്നിട്ടുള്ളത്. ‘എന്തിനാണ് ഇങ്ങനെയൊരു ബി.എഡ് കോഴ്‌സ്’ (ശിവദത്ത് എം.കെ.) എന്ന തലക്കെട്ടോടെ ട്രൂ കോപ്പിയിൽ പ്രസിദ്ധീകരിച്ച കുറിപ്പ് വായിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇതെഴുതാൻ മുതിരുന്നത്.

‘ജെൻഡർ ന്യൂട്രൽ’ യൂണിഫോം സൃഷ്ടിച്ച ചർച്ചകൾ കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ അഞ്ചാറു മാസങ്ങൾക്കുള്ളിൽ ഗവണ്മെന്റിന്റെ പല തരം ഇടപെടലുകളും ‘ജെൻഡർ’ വിഷയത്തിലുണ്ടായിട്ടുണ്ട്. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും അവതാരകയുമായ അനന്യ കുമാരി അലക്സിന്റെ സ്ഥാപനവത്കൃത കൊലപാതകം ആരോഗ്യമേഖലയിൽ ക്വിയർ മനുഷ്യർ അനുഭവിക്കുന്ന വിവേചനങ്ങളെ കുറിച്ചുള്ള വലിയ തരത്തിലുള്ള ചർച്ചയെ രൂപപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ ദിവസം അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയും ചെയ്തിരുന്നു. പ്രീ-പ്രൈമറി തലം മുതലുള്ള പാഠ പുസ്തകങ്ങൾ ജെൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. ഈ ശ്രമങ്ങളും ‘ജെൻഡർ’വിഷയമെന്നാൽ ‘സ്ത്രീകളെ സംബന്ധിച്ചത്’ എന്ന പരിമിതമായ നിർവചനത്തിലേക്ക് ചുരുങ്ങിപ്പോകുമോ, ക്വിയർ ഇൻക്ലൂസീവായ ഒരു സമീപനം സ്വീകരിക്കപ്പെടുമോ എന്ന ചോദ്യങ്ങൾ സ്വാഭാവികമായും കേരളത്തിലെ ക്വിയർ വ്യക്തികൾക്കുണ്ടായിരുന്നു.

ഇതിന്റെയെല്ലാം തുടർച്ചയിലാണ്, വളയൻചിറങ്ങര എൽ.പി. സ്​കൂളും ബാലുശ്ശേരി ഗവണ്മെൻറ്​ സ്കൂളും ‘ജെൻഡർ ന്യൂട്രൽ’ യൂണിഫോമിന്റെ പേരിൽ ചർച്ചയാകുന്നത്. പല തരത്തിലുള്ള അഭിപ്രായങ്ങൾ ഈ വിഷയത്തെപ്പറ്റി നാനാ തുറകളിൽ നിന്നുയർന്നുകേട്ടു. പക്ഷേ, നമ്മുടെ ക്ലാസ്​ മുറികളും പാഠ്യ പദ്ധതികളും സ്‌കൂൾ കെട്ടിടവുമെല്ലാം ജെൻഡഡേർഡാണെന്നിരിക്കെ ‘ജെൻഡർ ന്യൂട്രലെന്ന’ ലേബലിൽ സംഭവിക്കുന്ന ഇത്തരം പ്രതിവിപ്ലവങ്ങളിലൂടെ മാത്രം ക്ലാസ് മുറികളെ ഇൻക്ലൂസീവാക്കാനാകുമെന്ന് കരുതുന്നത് ശരിയല്ല. അത്രയ്ക്ക് പഴഞ്ചൻ ഇടമാണത്. മുടി വളർത്തിയ, കാതു കുത്തിയ, കണ്ണെഴുതിയ ആൺകുട്ടിയെ ഉൾക്കൊള്ളാൻ പറ്റാത്ത അധ്യാപകരെ ഞാൻ ഇപ്പോഴും എന്റെ ബി.എഡ് ക്ലാസ്​ മുറിയിൽ വരെ കാണുന്നുണ്ട്. അവരെന്നെ ഇപ്പോഴും പരസ്യമായി കളിയാക്കുന്നുണ്ട്. ഇതിന്റെയെല്ലാം നടുവിൽ കാലും നീട്ടിയിരുന്നാണ് നമ്മളീ ‘ജെൻഡർ ന്യൂട്രൽ’ ചർച്ചയിൽ ഘോര ഘോരം പ്രസംഗിക്കുന്നത്, അതിലൊരു പന്തികേടുണ്ട്.

നമ്മളുടെ സ്‌കൂളുകൾ ‘ജെൻഡർ ന്യൂട്രൽ’ യൂണിഫോമിട്ട വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ പര്യാപ്‌തമാണോയെന്ന ചോദ്യമാണ് എന്റെ മനസ്സിലുള്ളത്. ജെൻഡർ ന്യൂട്രൽ യൂണിഫോമിട്ട കുട്ടികൾ ഏത് ക്ലാസ്​ മുറിയിലേക്കാണ് കേറിച്ചെല്ലുന്നത്? ഏത് തരത്തിലുള്ള അധ്യാപകരാണ് അവരെ പഠിപ്പിക്കുന്നത്? - തുടങ്ങിയ നൂറു കൂട്ടം ആശങ്കകളുണ്ടുള്ളിൽ.

കേരളത്തിലെ ബി.എഡ്.കോളേജുകളിലേക്ക് ഒന്നെത്തി നോക്കിയാൽ കാര്യങ്ങൾക്ക് കുറേക്കൂടി വ്യക്തത കിട്ടും. അധ്യാപക വിദ്യാർത്ഥികളെ ഏത് വിധത്തിലാണ് ഈ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നതെന്നറിഞ്ഞാൽ ചിലപ്പോഴെങ്കിലും ഞെട്ടലുണ്ടായേക്കും. (അല്ലെങ്കിൽ, ഇതിൽ ഞെട്ടാനെന്തിരിക്കുന്നു). പല സ്ഥാപനങ്ങളിലും പെൺകുട്ടികൾക്ക് സാരി നിർബന്ധമാണ്. ഷാളിടാതെ ക്ലാസിൽ വരരുതെന്ന നിയമമുണ്ട്. ഈ നിയമത്തെ ചെറിയ തോതിലെങ്കിലും ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെ പരസ്യമായി നാണം കെടുത്താനും അധ്യാപകർ മടിക്കാറില്ല. ‘അധ്യാപികമാർക്ക് സാരി നിർബന്ധമല്ല’ എന്ന ഉത്തരവ് വന്നപ്പോൾ ബോധം കെട്ടുപോയ അധ്യാപകരുണ്ട് അവിടെ. നാളെ മുതൽ ടീച്ചർമാർ ബിക്കിനിയിട്ടാകും സ്‌കൂളിലെത്തുകയെന്ന് ന്യായമായും അവർ പേടിച്ചിട്ടുണ്ടാകും.

അനന്യ കുമാരി അലക്‌സ്

ട്രാൻസ്ജെൻഡറായ അനീറ ഹൈക്കോടതിയിൽ ദയാവധത്തിന്​ അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കിതരണമെന്ന് ആവശ്യപ്പെട്ട് ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചത് ഈയിടെ വലിയ വാർത്തയായിരുന്നു. എല്ലാ വിധ യോഗ്യതകളുമുണ്ടെങ്കിലും ഒരു ട്രാൻസ്ജെൻഡർ സ്വത്വത്തിലുള്ള അധ്യാപികയോട് കേരളത്തിലെ സ്​കൂളുകൾ മുഖം തിരിച്ചിരിക്കുകയാണ്. കേരള സർക്കാർ അനീറയുടെ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുകയും അനീറയ്ക്ക് ജോലിയിൽ തുടരാനായുള്ള സൗകര്യങ്ങളുറപ്പ് വരുത്തുകയും ചെയ്തു. അനീറയ്ക്ക് ലഭിച്ച പിന്തുണ എല്ലാ ക്വിയർ മനുഷ്യർക്കും ലഭിക്കേണ്ടതുണ്ട്. ക്ലാസ്​ മുറിയിൽ തൊലിയുരിഞ്ഞുപോകുന്ന അവസ്ഥ ഒരു വിദ്യാർത്ഥിയ്ക്കുമുണ്ടാകരുത്. അനീറയെപ്പോലെ അധ്യാപനമേഖലയിലേക്ക് എത്തിച്ചേരാൻ പോന്ന ഒരുപാട് ക്വിയർ മനുഷ്യരുണ്ട്. അവർക്ക് കൂടി ക്ലാസ് മുറിയിൽ ഇടമുണ്ടാകേണ്ടതുണ്ട്. ആ വിദ്യാർത്ഥികളുടെ കൂടെ നിൽക്കേണ്ട ഉത്തരവാദിത്തം ഒരു ഗവണ്മെന്റിനുണ്ട്.

‘Queer’ സൗഹാർദ്ദ ക്ലാസ്​ മുറികൾ സാധ്യമോ?

അരാഷ്ട്രീയവും ഒട്ടുമേ ജനാധിപത്യപരവുമല്ലാത്ത അന്തരീക്ഷമാണ് നമ്മുടെ ക്ലാസ്​ മുറികളിൽ പൊതുവേയുള്ളത്. കഴിഞ്ഞ വർഷങ്ങളിലായി കേരളത്തിലെ പല മെഡിക്കൽ- എൻജിനീയറിങ്- ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും മിക്ക യൂണിവേഴ്‌സിറ്റികളിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തന്നെ ക്വിയർ വിഷയത്തെ മുൻനിർത്തിയുള്ള ചർച്ചകളും ചെറിയ ഗ്രൂപ്പുകളും രൂപപ്പെടുന്നുണ്ട്. ലൈംഗികതയെയും ശരീരത്തെയുമെല്ലാം കേവലം ജീവശാസ്ത്രപരമായ വിഷയമെന്ന നിലയിൽ മനസ്സിലാക്കുന്നതിന് പകരം രാഷ്ട്രീയമായ ഊന്നലുകളോടെ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത പുതിയ കാലത്ത് കൂടുതൽ തിരിച്ചറിയപ്പെടുന്നുമുണ്ട്. അതേസമയം, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും പാഠ്യപദ്ധതിയും അധ്യാപക കൂട്ടങ്ങളും എത്രത്തോളം ഇത്തരം വിഷയങ്ങളെ ഉൾക്കൊള്ളുന്നുണ്ടെന്നത് വലിയ ചോദ്യമായി തുടരുന്നു.

നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ ടീച്ചർ എഡ്യൂക്കേഷൻ( 2009) പ്രകാരം പാഠ്യപദ്ധതിയിൽ ‘ജെൻഡർ’ ഒരു പ്രത്യേക വിഷയമായി ഉൾപ്പെടുത്തണമെന്നുള്ള നിർദ്ദേശമുണ്ട്. കാലറ്റിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എഡ്.സിലബസിൽ നാലാമത്തെ സെമസ്റ്ററിൽ ‘ജൻഡർ, സ്‌കൂൾ ആൻഡ് സൊസൈറ്റി’ എന്ന ഒരു പേപ്പർ പഠിക്കാനുണ്ടെങ്കിലും, ‘പുരുഷൻ’, ‘സ്ത്രീ’ എന്ന കാറ്റഗറികൾക്ക് പുറത്തേക്ക് സിലബസിന്റെ ഉള്ളടക്കം നീങ്ങുന്നേയില്ല. ബാക്കി യൂണിവേഴ്സിറ്റികളിലും ഇതേ അവസ്ഥ തന്നെയാണ്.

ജെൻഡർ, സെക്‌സ്, സെക്ഷ്വാലിറ്റി തുടങ്ങിയ വിഷയങ്ങളിൽ ബി.എഡ് കോളേജുകളിൽ നടക്കുന്ന ക്ലാസുകളാകട്ടെ ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങളെ രോഗികളായാണ് അവതരിപ്പിക്കുന്നത്. ബി.എഡ് ഒന്നാം സെമസ്റ്ററിൽ സൈക്കോളജി പേപ്പറിൽ കൗമാര പ്രായത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരു ഭാഗമുണ്ട്. അവിടെ, ആണും പെണ്ണുമല്ലാത്ത എല്ലാ അവസ്ഥകളും രോഗമാണ്. ജെൻഡറൊക്കെ പടിയ്ക്ക് പുറത്താണ്. ഹെറ്ററോസെക്ഷ്വാലിറ്റിയ്ക്ക് പുറമേയുള്ള ലൈംഗികാഭിമുഖ്യമെല്ലാം തിരുത്തപ്പെടേണ്ടതാണ്. കൗമാരപ്രായത്തിൽ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെഴുതാൻ പറഞ്ഞപ്പോൾ എന്റെ ഒരു സുഹൃത്ത് എഴുതിയിരിക്കുന്ന ലിസ്റ്റിൽ സ്വവർഗ്ഗവിവാഹവുമുണ്ടായിരുന്നു. എനിക്കത് കണ്ട് ഞെട്ടലുണ്ടായില്ല. ഇത്തരമൊരു ഉത്തരം കൂടിയാണ് ഈ ക്ലാസ്​മുറികൾ പ്രതീക്ഷിക്കുന്നത്. ഞാൻ അവനോട് ഇതേപ്പറ്റി സംസാരിക്കുകയും അവനെ തിരുത്തുകയും ചെയ്തു. എത്ര പേരെ ദിവസവും എനിക്ക് തിരുത്താൻ പറ്റും ?

ഈ ക്ലാസ്​ മുറികളിലിരിക്കേണ്ടി വരുന്ന ഒരു ക്വിയർ വിദ്യാർത്ഥി അനുഭവിക്കുന്ന ട്രോമ അതിഭീകരമാണ്. സ്വവർഗ ലൈംഗികതയെ കുറ്റകരമായി കണക്കാക്കിയിരുന്ന ഐ.പി.സി. 377 ഭാഗികമായി റദ്ദ് ചെയ്തിട്ട് നാലു കൊല്ലം പിന്നിടുന്നു. നൽസ ജഡ്ജ്മെന്റിനെ തുടർന്ന് ആദ്യമായി ഒരു ‘ട്രാൻസ്ജെൻഡർ പോളിസി’ നടപ്പിലാക്കിയ സംസ്ഥാനം കൂടിയാണ് കേരളം. പക്ഷേ, ഇപ്പോഴും ഈ തരത്തിലുള്ള അനീതികളും ഹിംസകളുമൊന്നും യാതൊരു വിധത്തിലും ചർച്ചയാകുന്നില്ല. ഇനി, അങ്ങനെ ഒരു ചർച്ചയുണ്ടാകണമെങ്കിൽ തന്നെ ഏതെങ്കിലും ഒരു ക്വിയർ വിദ്യാർത്ഥി ആത്മഹത്യ ചെയ്യേണ്ടിവരും.

അഞ്ജന

അഞ്ജനയുടെ ആത്മഹത്യയെ തുടർന്നാണ് കൺവേഷൻ തെറാപ്പിയുടെ ഫലമായുണ്ടാകുന്ന വലിയ തോതിലുള്ള പ്രശ്നങ്ങൾ ചർച്ചയാകുന്നത്. അനന്യയുടെ മരണ ശേഷം മാത്രമാണ് ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ചുള്ള പുതിയ ആലോചനകൾ സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. നിർഭാഗ്യവശാൽ LGBTIQ+ കമ്യൂണിയിലെ ഓരോ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ ചർച്ച യാകാൻ, പുതിയ മാറ്റങ്ങളുണ്ടാകാൻ ഇനിയും കുറെയധികം ക്വിയർ മനുഷ്യർ മരിക്കേണ്ടിവരും. അവസാനം, സ്വാഭാവികമായ നീതി ലഭിക്കാനേതെങ്കിലും ക്വിയർ വ്യക്തി ബാക്കിയുണ്ടാകുമോ എന്ന കാര്യത്തിൽ മാത്രം സംശയമുണ്ട്.

കഴിഞ്ഞ വർഷം അവസാനത്തോടെയാണ്, ട്രാൻസ്ജെൻഡർ വിദ്യാർഥികളെ ഉൾക്കൊള്ളുന്ന തരത്തിലുള്ള വിദ്യാഭ്യാസാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ആവശ്യകത കണക്കിലെടുത്ത് ആധ്യാപകർക്കായി ഒരു മാന്വൽ എൻ.സി.ഇ.ആർ.ടി.യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. “Inclusion of Transgender Children in School Education: Concerns and Roadmaps”എന്ന തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ട ഈ മാന്വലിനെതിരെ സാമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങളുയർന്നു. തുടർന്ന്, എൻ.സി.ഇ.ആർ.ടി. ഈ മാന്വൽ സൈറ്റിൽ നിന്ന് പിൻവലിക്കുകയുമുണ്ടായി. എൻ.സി.ഇ.ആർ.ടിയുടെ ജെൻഡർ സ്റ്റഡീസ് വിഭാഗം പ്രൊഫസറും മുൻ മേധാവിയുമായ പൂനം അഗർവാൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പാണ് മാന്വൽ തയ്യാറാക്കിയത്. ഇത് വളരെ പെ​ട്ടെന്ന് സംഭവിക്കുന്ന ഒരു ഇടപെടലായിരുന്നില്ല. 2014-ലെ സുപ്രീംകോടതി നൽസ വിധിയെ തുടർന്ന് രൂപപ്പെട്ട പല തരത്തിലുള്ള ചർച്ചകളാണ് മാന്വലിന്റെ പിന്നിലുള്ളത്. ജെൻഡർ ന്യൂട്രൽ യൂണിഫോം, ജെൻഡർ ന്യൂട്രൽ ടോയ്‌ലറ്റ്, ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ വേർതിരിക്കുന്ന രീതികൾ നിർത്തലാക്കൽ തുടങ്ങി പല വിഷയങ്ങളും മാന്വൽ വിശദമായി ചർച്ചയ്ക്കെടുത്തിരുന്നു . സെക്‌സ്, ജെൻഡർ, സെക്ഷ്വാലിറ്റി എന്ന വിഷയത്തിൽ കൃത്യമായ അവബോധം ക്ലാസ്സ് മുറികളിലേക്കെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാകേണ്ടതുണ്ട്. ഇതിനായുള്ള പല തരത്തിലുള്ള വർക്ക്ഷോപ്പുകളും ക്ലാസുകളും സംഘടിപ്പിക്കാവുന്നതുമാണ്. പാഠ്യപദ്ധതിയിൽ ഇത്തരം വിഷയങ്ങൾ ഉൾപ്പെടുത്തുകയെന്നതും അനിവാര്യമാണ്.

ദീർഘകാലാടിസ്ഥാനത്തിൽ സാധ്യമാകേണ്ട വിദ്യാഭ്യാസ മേഖലയിലുള്ള പരിഷ്‌ക്കരണ ശ്രമങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന നയങ്ങളും പഠനങ്ങളും നമ്മുക്ക് മാതൃകയാക്കാവുന്നതാണ്. യോഗ്യകർത്ത പ്രിൻസിപ്പളിലൊക്കെ ക്വിയർ വ്യക്തികളുടെ ക്ഷേമത്തിനായി ഓരോ രാജ്യവും സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള കൃത്യമായ നിർദ്ദേശങ്ങളുണ്ട്‌. യോഗ്യകർത്ത പ്രിൻസിപ്പിൾസ് തത്വം-16 ലെ പ്രമേയം തന്നെ വിദ്യാഭ്യാസാവകാശമാണ്. 2014-ലെ നൽസ ജഡ്ജ്മെന്റിലും വിദ്യാഭ്യാസ-തൊഴിൽ മേഖലയിലുൾപ്പെടെ ട്രാൻസ് ജെൻഡർ മനുഷ്യർക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്. 1990 -കൾ മുതലെങ്കിലും തുടങ്ങുന്ന ക്വിയർ മനുഷ്യരുടെ പല തരത്തിലുള്ള സമരമുറകളുടെയും നിയമപോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പുകളുടെയും ഭാഗമായാണ് ഈ മട്ടിലുള്ള ചെറിയ സാമൂഹ്യ ചലനങ്ങളെല്ലാം സാധ്യമായിട്ടുള്ളത്. ഈ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, “Inclusion of Transgender Children in School Education: Concerns and Roadmap”. എങ്ങനെ ഒരു വിദ്യാഭ്യാസ സ്ഥാപനം ക്വിയർ ഇൻക്ലൂസീവാക്കാമെന്നതിനുള്ള ചില പ്രായോഗിക മാർഗങ്ങൾ എൻ.സി.ഇ.ആർ.ടി. മാന്വൽ നിർദ്ദേശിക്കുന്നുണ്ട് ;

■ ക്വിയർ സൗഹാർദ്ദപരമായ അടിസ്ഥാന സൗകര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകേണ്ടതുണ്ട്. ഉദാ; ടോയ്‌ലറ്റ്- റെസ്റ്റ് റൂം- ഹോസ്റ്റൽ സൗകര്യങ്ങൾ

■ ബൈനറിയിലൂന്നിയ സ്​കൂൾ- ക്ലാസ് മുറി (സ്പോർട്സ്...) പ്രവർത്തനങ്ങൾ നിർത്തലാക്കേണ്ടത് അനിവാര്യമാണ്. ജെൻഡർ അടിസ്ഥാനപ്പെടുത്തിയ സ്​കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, പെൺകുട്ടികളേയും ആൺകുട്ടികളേയും സ്​കൂൾ അസംബ്ലികളിലും ക്ലാസ്​ മുറികളിലും വക തിരിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ നിർത്തലാക്കുക തുടങ്ങിയവ പ്രധാനമാണ്. ഗ്രൂപ്പ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. വിദ്യാർത്ഥികളെ പരിഗണിച്ചുകൊണ്ട് ജെൻഡർ ന്യൂട്രൽ യൂണിഫോമുകളേർപ്പെടുത്താവുന്നതാണ്.

■ ക്വിയർ വിദ്യാർത്ഥികളോടുള്ള വിവേചനങ്ങളും ഒറ്റപ്പെടുത്തലും പരിഹാസവും നിർത്തലാക്കാനുള്ള നടപടികളുടെ ഭാഗമായി ട്രാൻസ്ജെൻഡർ വിഷയത്തിൽ എല്ലാ അധ്യാപകരെയും അനധ്യാപകരെയും ബോധവത്കരിക്കണം.

■ ട്രാൻസ് സൗഹാർദ്ദ സ്​കൂൾ അന്തരീക്ഷം സൃഷ്ടിക്കാൻ അധ്യാപക പരിശീലകരെയും വിദ്യാഭ്യാസ വിദഗ്ധരെയും പരിശീലിപ്പിക്കുക.

■ പാഠ്യപദ്ധതി പരിഷ്‌ക്കരണം: ക്വിയർ വിരുദ്ധ പരാമർശമുള്ള ഭാഗങ്ങൾ നീക്കം ചെയ്യൽ, പുതിയ ഭാഗങ്ങൾ ഉൾപ്പെടുത്തൽ തുടങ്ങിയവ പ്രധാനമാണ്.

■ വിദ്യാഭ്യാസ ആസൂത്രകർ, പാഠപുസ്തക രചയിതാക്കൾ തുടങ്ങിയവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കണം.

■ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം ഉയർത്തുന്ന പരിപാടികൾ സംഘടിപ്പിക്കൽ - മോട്ടിവേഷണൽ സ്പീക്കർമാർ, കൗൺസിലർമാർ, എൻ.ജി.ഒ.കൾ തുടങ്ങിയവയുടെ സഹകരണം ഈ മേഖലയിൽ പ്രതീക്ഷിക്കാവുന്നതാണ്.

■ ക്വിയർ ക്ലബ്ബുകൾ: വിദ്യാർത്ഥികളുടെ കമിങ് ഔട്ടിനും മാനസികാരോഗ്യത്തിനും ഇത്തരത്തിലുള്ള ഇൻക്ലൂസീവായ ക്ലബുകൾ സഹായിച്ചേക്കാം.

■ ക്വിയർ വിദ്യാർത്ഥികൾ നേരിടുന്ന അതിക്രമങ്ങളെ തടയുന്നതിനും പരിഹരിക്കുന്നതിനുമായുള്ള സെല്ലുകളും കമ്മിറ്റികളുമുണ്ടാകണം.

അധ്യാപക വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രത്യേകിച്ചും ഇത്തരം വിഷയങ്ങളിൽ അറിവുള്ളവരാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ, നാളെ ജെൻഡർ ന്യൂട്രൽ യൂണിഫോമിട്ട കുഞ്ഞുങ്ങൾക്ക് മുന്നിൽ അവർക്ക് ചൂളിനിൽക്കേണ്ടിവരും. ഞാനുൾപ്പെടെയുള്ള ക്വിയർ വ്യക്തികൾക്ക് ഇത്രയും കാലത്തെ സ്​കൂൾ - കോളേജ് ജീവിതം വലിയ പരിക്കുകളാണ് നൽകിയിട്ടുള്ളത്. ചിഞ്ചു, ഇടയ്ക്ക് ചോദിക്കാറുണ്ട്; “നമ്മളുടെ കുട്ടിക്കാലമൊക്കെ എവിടെപ്പോയെന്ന്​.’’
ഇനിയെങ്കിലും ഒരു വിദ്യാർത്ഥിയുടെയും കുട്ടിക്കാലം കട്ടെടുക്കപ്പെടരുത്. അധ്യാപകർ സോഷ്യൽ എഞ്ചിനീയറും തേങ്ങയും മാങ്ങയുമൊന്നുമാകേണ്ട. കുറേകൂടി കരുതലുള്ളവരായാൽ മാത്രം മതി. മനുഷ്യരായാൽ മതി. ക്ലാസിലെ അവസാന ബെഞ്ചിലിരിക്കുന്ന കുട്ടിയും തന്റെ കുട്ടിയാണെന്ന ബോധമുണ്ടായാൽ മാത്രം മതി...

*www.canvasprograms.com

* http://yogyakartaprinciples.org/principle-16/

Comments