ആണ് (യെസ്), രണ്ടു പെണ്ണുങ്ങളുടെ തിരിച്ചറിവ്, അവരവരെ കുറിച്ചും ആണിനെ കുറിച്ചും

തന്നെത്തന്നെ വെല്ലുവിളികളെ നേരിടാൻ സജ്ജമാക്കുന്ന സുധർമ. തന്റെ ഗുരുവിനെ അന്ധമായി സ്‌നേഹിക്കുകയും അയാളുടെ നറേറ്റീവിനെ പൂർണമായും വിശ്വിക്കുകയും ചെയ്യുന്ന ഗവേഷണ വിദ്യാർഥിനിയായ അൽമ. ഇരയാക്കപ്പെട്ടവരാണ് ഇരുവരും. പരസ്പരം ശത്രുക്കളായോ എതിരാളികളായോ അവർ തന്നെ മനസ്സിലാക്കിയവർ. 'ആണ് (YES)' എന്ന സിനിമയിലെ പ്രധാന തിരിച്ചറിവ് ഇതിനെ സംബന്ധിച്ചതാണ്. ഈ തിരിച്ചറിവ് രണ്ടുപേരുടെയും ജീവിതത്തെ മാറ്റുന്നു. അത് ഇരുവരുടെയും സ്വത്വത്തിന് പുതിയ അർഥവും മാനവും നൽകുന്നു.

ണ്ട് സ്ത്രീകളുടെ പരസ്പരമുള്ള മനസ്സുതുറക്കലിലൂടെ ചുരുളഴിയുന്ന ജീവിത കഥയാണ് "ആണ്’ (YES)' എന്ന സിനിമ. സജിത മഠത്തിൽ തിരക്കഥയെഴുതി സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രം തിരുവന്തപുരത്ത് നടന്ന ഇരുപത്തിയേഴാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ "മലയാളം സിനിമ ടുഡേ' വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. സമൂഹത്തിലും കുടുംബത്തിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും വിദ്യാർഥി സംഘടനകളിലും എല്ലാം അടിമുടി ആധിപത്യം വഹിക്കുന്ന ആൺകോയ്മാബോധത്തെ സൗമ്യമായാണെങ്കിലും നിശിതമായി തന്നെയാണ് സിനിമ വിമർശിക്കുന്നത്. വിദ്യാസമ്പന്നനായ ഒരു പുരുഷന്റെ കാപട്യപൂർണമായ പെരുമാറ്റത്തിന്റെ രണ്ട് വ്യത്യസ്ത ഇരകൾ എന്ന നിലയിലുള്ള സുധർമയുടെയും (സജിത മഠത്തിൽ) അൽമ വിൻസന്റിന്റെയും (നമിത പ്രമോദ്) തിരിച്ചറിയലുകളിലേക്ക് നയിക്കുന്ന ജീവിതം പറച്ചിൽ സമകാലിക സ്ത്രീയനുഭവത്തിന്റെ വാസ്തവകഥനമായിത്തീരുന്നു. ഒരു വീടിനകത്തു നടക്കുന്ന അനുഭവങ്ങളുടെ പങ്കുവെക്കലുകൾ പ്രണയം, ദാമ്പത്യം, കുടുംബം, സംഘടന തുടങ്ങിയ സ്ഥാപനങ്ങളെക്കുറിച്ചുള്ള സംഗതമായ വിചാരണയായിത്തീരുകയാണ്.

ഭർത്താവായിരുന്ന കോളജ് പ്രഫസറുമായുള്ള വിവാഹബന്ധം വേർപെടുത്തി ഹോം ബേക്കറായി ഉപജീവനം തേടുന്ന സുധർമ അനുഭവങ്ങൾ ഏറെയുള്ള ഒരു സ്ത്രിയാണ്. തനിക്കുചുറ്റുമുള്ള സമുദായത്തിന്റെ സ്ത്രീവിരുദ്ധ സ്വഭാവത്തെക്കുറിച്ചും ചതിക്കുഴികളെക്കുറിച്ചും അവൾക്ക് ബോധ്യമുണ്ട്. മകളുടെ അകാലത്തുള്ള വേർപാട് ഉൾപ്പെടെ തന്റെ മനസ്സിനെ ആഴത്തിൽ വേദനിപ്പിച്ചിട്ടുള്ള ഭൂതകാലം ഓർക്കാൻ ഇഷ്ടപ്പെടാത്ത അവൾ വർത്തമാനത്തിൽ മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്നു. മനസ്സിനെ താൻ ഏർപ്പെട്ടിരിക്കുന്ന ജോലിയിലേക്കും താൻ പടുത്തുയർത്തിക്കൊണ്ടിരിക്കുന്ന തന്റെ ജീവിതത്തിലേയ്ക്കും ഏകാഗ്രമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരുവൾ. ആത്മവിശ്വാസത്തിലേക്ക് ഓരോ പ്രതിസന്ധിഘട്ടത്തിലും ഉയിർക്കുന്ന ഒരു പെൺജന്മം. സ്വന്തം കാലിൽ നിന്നുകൊണ്ട് ഈ ലോകത്ത് ചുവടുറപ്പിക്കാനുള്ള സുധർമയുടെ പരിശ്രമങ്ങൾക്കിടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം.

തന്റെ കൊച്ചു സംരംഭത്തിൽ സഹായി ആയി ഒരാൾ വേണമെന്ന് അവൾക്ക് തോന്നുന്നതും അക്കാര്യം തന്റെ സുഹൃത്തുക്കളോട് പറയുന്നതും ആയിടയ്ക്കാണ്. വലിയ ഒരു കേക്കിനുള്ള ഓർഡർ ലഭിച്ച സന്തോഷത്തിനിടെ ജോലിത്തിരക്കുള്ള ഒരു പകൽ ഒരു പെൺകുട്ടി വീട്ടിലെത്തുന്നു. അത് സുഹൃത്ത് അയച്ച ആൾ ആയിരിക്കുമെന്ന വിശ്വാസത്തിൽ അവൾ കുട്ടിയോട് ഇടപെടുന്നു. ദുഃഖവും സങ്കോചവും സംഘർഷവും ഘനീഭവിച്ച മുഖഭാവമുള്ള അൽമ മറ്റൊരാളാണെന്ന് സുധർമ പതിയെ തിരിച്ചറിയുന്നു. മുൻ ഭർത്താവിന്റെ ശിഷ്യയായ അൽമ അയാളുടെ ഇപ്പോഴത്തെ കൂട്ടുകാരിയും പ്രണയിനിയുമാണെ വാസ്തവം സുധർമ മനസ്സിലാക്കുന്നു. തന്റെ പ്രിയപ്പെട്ട ഗുരു കൂടിയായ പ്രണയിതാവിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാനായിരുന്നു അവളുടെ വരവ്.

തന്റെ മുൻ ഭർത്താവിനെക്കുറിച്ച് വളരെ വ്യത്യസ്തമായ കഥയാണ് അൽമയ്ക്ക് പറയാനുണ്ടായിരുന്നത് എന്നത് സുധർമ മനസ്സിലാക്കുന്നു. അതവളുടെ ബോധ്യങ്ങളെ ഇളക്കാൻ പര്യാപ്തമായിരുന്നില്ല. മുൻ ഭാര്യയെക്കുറിച്ചും അവരുമായി പിരിയാനിടയായ കാര്യങ്ങളെ സംബന്ധിച്ചും ഗുരു ശിഷ്യയോട് എല്ലാം പറഞ്ഞിട്ടുണ്ട് എന്ന് വികാരവിക്ഷോഭങ്ങളോടെയുള്ള അൽമയുടെ സംസാരത്തിൽ നിന്ന് സുധർമ മനസ്സിലാക്കുന്നു. പ്രഫസറെ ന്യായീകരിച്ചും അയാളുടെ മുൻ ഭാര്യയായ തന്നെ കുറ്റപ്പെടുത്തിയും സംസാരിക്കുന്ന പെൺകുട്ടിയോട് സുധർമയ്ക്ക് സഹതാപം മാത്രമേ തോന്നുന്നുള്ളൂ. അയാളെ താൻ വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ട് എന്ന അൽമയുടെ സംശയം തിരിച്ചറിഞ്ഞ സുധർമ വീടുമുഴുവൻ കാണിച്ച് അതു തെറ്റാണെന്ന് അവളെ ബോധ്യപ്പെടുത്തുന്നു. അതു ബോധ്യമായതോടെ പെൺകുട്ടി താൻ ജീവനുതുല്യം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തന്റെ പ്രഫസറുടെ പൂർവകാല ചെയ്തികളെക്കുറിച്ച് സുധർമയുടെ വാക്കുകൾക്ക് കാതോർക്കുന്നു.

നമിത പ്രമോദ്, സിദ്ധാർഥ് ശിവ, സജിത മഠത്തിൽ / Photo: Facebook, Sajitha Madathil

സുധർമ തന്റെ ഭൂതകാലത്തിലേക്ക് പോകാൻ നിർബന്ധിതയാവുന്നു. കലാലയകാല അനുഭവങ്ങൾ ഉൾപ്പെടെ അൽമയുമായി പങ്കുവയ്ക്കുന്നു. അതോടെ അൽമ പ്രഫസറുടെ ഇതുവരെ അറിയാത്ത സ്വഭാവ സവിശേഷതകൾ അറിയുന്നു. അയാളുടെ കാപട്യങ്ങളെ തിരിച്ചറിയുന്നു. പ്രഫസറുടെ ഇതുവരെ താൻ ദർശിക്കാത്ത ഒരു മുഖമാണ് അൽമയ്ക്കുമുമ്പിൽ അനാവൃതമാകുന്നത്. തന്റെ പിതാവിന്റെ അകാല മരണത്തിനുത്തരവാദി പ്രഫസറാണെന്ന് അറിയുന്നതോടെ അവൾ പൊട്ടിത്തെറിക്കുന്നു. പ്രഫസറും സുധർമയും തമ്മിൽ പ്രണയത്തിലായിരുന്നു എന്നും അവരുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു എന്നുമുള്ള തന്റേതുൾപ്പെടെയുള്ള പുറംലോകത്തിന്റെ ധാരണകൾ തെറ്റാണെന്ന് തിരിച്ചറിയുന്നു. കലാലയരാഷ്ട്രീയ കാലത്തേ ഉണ്ടായിരുന്ന ആൺകോയ്മാസ്വഭാവവും കാപട്യവും ഇന്നും തുടരുന്ന പ്രഫസറുടെ യഥാർഥ മുഖം തിരിച്ചറിയുന്നു. മറ്റൊരു ശിഷ്യയുമായുള്ള പ്രണയത്തിന്റെ കാര്യത്തിൽ പോലും താൻ നേരത്തെ ന്യായീകരിച്ച പ്രഫസറുടെ ആത്മദുഃഖം കപടമായിരുന്നു എന്നറിയുന്നു. അതോടെ സുധർമയെ സഹായിക്കുന്നതിന് തയ്യാറാവുന്ന അൽമ സുധർമ തേടിയിരുന്ന സഹായിയുടെ റോൾ സ്വമേധയാ എറ്റെടുക്കുകയും തന്റേതായ ജീവിതം നെയ്‌തെടുക്കുന്നതിലേക്ക് മാനസികമായി നടന്നടുക്കുകയും ചെയ്യുന്നു.

സിനിമയുടെ കഥാതന്തു ഊന്നിനിൽക്കുന്ന കലാലയകാലത്തെ ഫ്ലാഷ് ബാക്ക് മൊത്തം ചിത്രത്തിനൊരു സ്ത്രീ കാഴ്ചപ്പാട് പ്രദാനംചെയ്യുന്നുണ്ട്. പുരോഗമന വിദ്യാർഥി പ്രസ്ഥാനങ്ങളിൽ പോലും സംഘടനാപ്രവർത്തനങ്ങളിലേക്ക് വരുന്ന പെൺകുട്ടികൾ പുരുഷനേതൃത്വത്തിന്റെ തീരുമാനങ്ങൾക്ക് വിധേയമാവാൻ നിർബന്ധിക്കപ്പെടുന്നു. അവർ നേതൃത്വത്തിന്റെ ടൂളുകളായി തീരുന്നു. സ്വന്തം വിവാഹത്തിന്റെ കാര്യത്തിൽ പോലും അവർക്ക് നേതാവിനെ സംരക്ഷിക്കാനായി സംഘടനയുടെ ഏകപക്ഷീയമായ തീട്ടൂരങ്ങൾക്ക് കീഴ്‌പെടേണ്ടിവരുന്നു. ഇത് അവരുടെ ജീവിതത്തിലുടനീളം അവരെ വേട്ടയാടുന്നു. പെൺമനസ്സിന്റെ അകത്തളങ്ങളെ പ്രകാശിപ്പിക്കാനുതകും വിധമുള്ള ഒരു കഥാവസ്തു തെരഞ്ഞെടുത്തതിലും അതിനുചിതമായ ഒരു പരിചരണരീതി തെരഞ്ഞെടുത്തതിലും സിനിമയുടെ രചയിതാവും സംവിധായകനും അഭിനന്ദനമർഹിക്കുന്നു.

ചുറ്റുമുള്ള പുരുഷലോകത്തെക്കുറിച്ചുള്ള സിനിമയുടെ ഒരു നോട്ടപ്പാട് ദുശ്യങ്ങളിൽ അലിഞ്ഞുചേർന്നിട്ടുണ്ട്. ഒറ്റയ്ക്കു ജീവിക്കുന്ന സ്വയംസംരംഭകരായ സ്ത്രീകളോട്, പ്രത്യേകിച്ചും വിവാഹബന്ധം വേർപെടുത്തിയ സ്ത്രീകളോട് സമൂഹത്തിന്റെ മുൻവിധി കലർന്ന സമീപനം വിവിധങ്ങളായ ആംഗിളുകളിലുള്ള സീനുകൾ നിശ്ശബ്ദമായി പറയുന്നുണ്ട്. ആണവസ്ഥയെ മാനുഷികമായി മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഈ വിമർശനം നടത്തുന്നത് എന്നതും പ്രധാനപ്പെട്ട സവിശേഷതയാണ്. തങ്ങൾക്കിടയിൽ വേദനകൾ പരസ്പരം തിരിച്ചറിയാനും പങ്കുവക്കാനും അനുതാപത്തോടെ പെരുമാറാനും സ്ത്രീകളുടെ സഹജവാസനകൾ ഇവരുടെ വിനിമയങ്ങളുടെ അന്തർധാരയായി ഉണ്ട്. പുരുഷനിൽ നിന്നും നേരിടുന്ന തിക്താനുഭവങ്ങളും അവന്റെ കാപട്യങ്ങളും അവരുടെ ഓരോ അനുഭവവിവരണത്തിലും നിലീനമായിരിക്കുന്നു. ആ പുരുഷൻ ഒരിക്കലും സിനിമയിൽ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും. പ്രേക്ഷകരുടെ പരിചയത്തിലുള്ളതോ ഇടയിലുള്ളതോ അവരവർ തന്നെയോ ആവാം അയാൾ. അഥവാ ആണ് (yes).

സിദ്ധാർത്ഥ് ശിവയുടെ സംവിധാനത്തിൽ സജിത മഠത്തിലും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ആ കഥാപാത്രങ്ങളെ കണക്ട് ചെയ്യുന്ന ചില കോമൺ ഫാക്ടറുകളാണ് സിനിമയെ മുന്നോട്ടുനയിക്കുന്ന ഘടകം. ഈ രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ ചലിക്കുന്നത്. തന്നെത്തന്നെ വെല്ലുവിളികളെ നേരിടാൻ സജ്ജമാക്കുന്ന സുധർമ. (സ്ത്രീശക്തിയെ ആവാഹിക്കുന്ന ഈ രീതി ഓരോ സ്ത്രീയും നിശബ്ദമായി ചെയ്യുന്നുണ്ടായിരിക്കണം). തന്റെ ഗുരുവിനെ അന്ധമായി സ്‌നേഹിക്കുകയും അയാളുടെ നറേറ്റീവിനെ പൂർണമായും വിശ്വിക്കുകയും ചെയ്യുന്ന ഗവേഷണ വിദ്യാർഥിനിയായ അൽമ. ഇരയാക്കപ്പെട്ടവരാണ് ഇരുവരും. പരസ്പരം ശത്രുക്കളായോ എതിരാളികളായോ അവർ തന്നെ മനസ്സിലാക്കിയവർ. സിനിമയിലെ പ്രധാന തിരിച്ചറിവ് ഇതിനെ സംബന്ധിച്ചതാണ്. ഈ തിരിച്ചറിവ് സമകാലികലോകത്തെ പ്രധാനമായ ഒന്നാണ്. ഈ തിരിച്ചറിവ് രണ്ടുപേരുടെയും ജീവിതത്തെ മാറ്റുന്നു. തങ്ങൾ ബന്ധപ്പെട്ട മനുഷ്യനെയും കൂടുതൽ അടുത്തറിയാൻ പ്രാപ്തരാക്കുന്നു. അത് ഇരുവരുടെയും സ്വത്വത്തിന് പുതിയ അർഥവും മാനവും നൽകുകയാണ്.

മഞ്ജരി, നമിത പ്രമോദ്, സജിത മഠത്തിൽ, വിജയരാജമല്ലിക / Photo: Facebook, Sajitha Madathil

നാടകമാക്കാൻ ഉദ്ദേശിച്ച തീം സിദ്ധാർത്ഥ് ശിവ സിനിമയാക്കുകയായിരുന്നു എന്ന് സജിത മഠത്തിൽ ഒന്നിലേറെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. (രണ്ട് സ്ത്രീകഥാപാത്രങ്ങളുള്ള, വീടകം വേദിയായി വരുന്ന ഒരു നാടകമായിരിക്കുമായിരുന്നു അത്). അതുകൊണ്ടാവണം നാടകീയത മുറ്റിനിൽക്കുന്ന രംഗങ്ങൾ സിനിമയിൽ കൂടുതലുണ്ട്. ഒരു വാടക വീട്ടിലാണ് ചിത്രത്തിലെ സീനുകളെല്ലാം. പ്രമേയത്തിന്റെ നാടകാംശം അതേപടി നിലനിർത്തിയാണ് സിദ്ധാർത്ഥ് ശിവ ഇതിന്റെ ആഖ്യാനം നിർവഹിച്ചിരിക്കുന്ന്. അതിനാൽ തന്നെ ആ ഒരു ആംഗിളിൽ നിന്നുകൊണ്ടു സിനിമയെ സമീപിച്ചാലേ നറേഷന്റെ സാംഗത്യം വെളിപ്പെടുകയുള്ളൂ. കുറേക്കൂടി സിനിമാറ്റിക് ആയിരുന്നെങ്കിൽ ഇതിന്റെ മികവ് കൂടിയേനെ എന്നു തോന്നുന്നത് സ്വാഭാവികമാണെങ്കിലും ഇക്കാര്യത്തിൽ സിദ്ധാർത്ഥ് ശിവ നടത്തിയ ഒരു പരീക്ഷണമായി ഈ സിനിമയെ കാണുന്നതാവും ഉചിതം.

സജിത മഠത്തിൽ തിരക്കഥയെഴുതിയ ആദ്യചിത്രമാണ് "ആണ് (yes)'. സജിത മഠത്തിലിനെയും നമിത പ്രമോദിനെയും കൂടാതെ സുധീഷും (കച്ചവടക്കാരൻ) ആശ അരവിന്ദും (സുധർമയുടെ സുഹൃത്ത്) മറ്റു റോളുകളിൽ പ്രത്യക്ഷപ്പെടുന്നു. രാകേഷ് ബാഹുലേയനും സിദ്ധാർത്ഥ് ശിവയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിഷ്ണു നാരായണൻ സിനിമാട്ടോഗ്രാഫിയും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. വിജയരാജമല്ലിക എഴുതിയ വരികൾക്ക് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ഗായിക മഞ്ജരിയാണ്. ഈ ചിത്രത്തിന്റെ സംവിധാനത്തിന് സിദ്ധാർത്ഥ് ശിവ 2021-ലെ പത്മരാജൻ പുരസ്‌കാരം നേടുകയുണ്ടായി.

Comments