സ്മാർട്ട് ഫോൺ ഉപയോഗിക്കാത്ത അധ്യാപകർ എന്തുചെയ്യും?

കേരളത്തിലെ എത്ര അധ്യാപകർ സ്വന്തമായി ലാപ്‌ടോപ്പ് ഉപയോഗിക്കുന്നു എന്ന കണ്ടെത്തൽ രസകരമായിരിക്കും. സ്മാർട്ട്‌ഫോൺ ഉപയോഗിക്കാത്തവരും സ്മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ തന്നെ അതിന്റെ പരിമിതമായ ഫീച്ചേഴ്‌സുകൾ മാത്രം ഉപയോഗിക്കുന്നവരുമായിരിക്കും ഭൂരിപക്ഷം അധ്യാപകരും. ലാപ്‌ടോപ്പും മൾട്ടി ഫീച്ചറുകളുള്ള സ്മാർട് ഫോണും ഫലപ്രദമായി ഉപയോഗിക്കാതെ അധ്യാപകർക്കിനി പിടിച്ച് നിൽക്കാനാവില്ല

വിദ്യാഭ്യാസം ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറിയിരിക്കുന്നു. ഇത് താൽക്കാലിക സംവിധാനമാണെന്നും കോവിഡ് ഭീഷണിയിൽ നിന്ന് മുക്തമായാൽ സ്‌കൂളുകളും കോളേജുകളും പഴയ സംവിധാനത്തിലേക്ക് തിരിച്ചു പോകുമെന്നുമാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. മഴപെയ്ത് ചോർന്ന്‌ പോവുന്ന പോലെ കൊറോണ വൈറസും പണി പൂർത്തിയാക്കി തിരിച്ചുപോകുമെന്നും ജീവിതം പഴയ പടിയാവുമെന്നും വിചാരിക്കുന്ന നിഷ്‌കളങ്കരാണ് നമ്മളിൽ പലരും.
എന്നാൽ ഇനിയൊന്നും പഴയപോലെയാവില്ല എന്നതാണ് വസ്തുത. രോഗത്തിന് മരുന്നോ വാക്‌സിനോ കണ്ടെത്തിയാലും നമ്മൾ പരിചയിച്ചുതുടങ്ങിയ ശീലങ്ങൾ, നടപ്പിലാക്കിയ നിയന്ത്രണങ്ങൾ, സാമൂഹിക ബന്ധങ്ങളിലുണ്ടായ ക്രമീകരണങ്ങൾ, പൊതുസ്ഥലങ്ങളിലെ നിബന്ധനകൾ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വ്യവഹാരങ്ങളിൽ വന്ന മാറ്റങ്ങൾ എന്നിവ ഏറിയും കുറഞ്ഞും നമ്മളോടൊപ്പം ഉണ്ടാവും.
ജൂലായ് 31 വരെ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കുകയാണ്. 125 രാജ്യങ്ങളിലും ഏതാണ്ട് ഇതേ അവസ്ഥയാണ്. സമൂഹവ്യാപന തോതും അപകടവും മനസ്സിലാക്കുമ്പോൾ ‘വിദ്യാലയ ലോക്ക്​ഡൗൺ' നീളാനാണു സാധ്യത. കോളേജുകൾ തുറക്കുന്നത് നീളും എന്ന് ബോധ്യമായതോടെ ഇന്ത്യയിലെ സർവകലാശാലകളെല്ലാം ഓൺലൈൻ ക്ലാസ്സുകളിലേക്കും പരീക്ഷകളിലേക്കും മാറിയിട്ടുണ്ട്.
സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് ഓൺലൈൻ പഠനം ആരംഭിച്ച ഏക സംസ്ഥാനം കേരളമാണ്. ഇൻറർനെറ്റ് വഴി നടക്കുന്ന വിദ്യാഭ്യാസം എന്ന അർത്ഥത്തിലല്ലെങ്കിലും, പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻററി വരെ സ്‌കൂൾ തുറക്കാതെ തന്നെ പഠനം നടത്തുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് സ്വന്തമായുള്ള "വിക്‌ടേഴ്‌സ്' ചാനലിലൂടെ അധ്യാപകർ ക്ലാസ്സെടുക്കുകയും ടി.വിയിലൂടെയോ സ്മാർട് ഫോണിലൂടെയോ കുട്ടികളത് കാണുകയും ചെയ്യുന്ന സംവിധാനമാണ് കേരളത്തിലിപ്പോൾ. ടി.വി. ക്ലാസിന് ശേഷം കുട്ടികൾക്കുണ്ടാവുന്ന സംശയം തീർക്കാൻ അധ്യാപകരുടെയും കുട്ടികളുടെയും വാട്‌സ് ആപ് ഗ്രൂപ്പ് കൂട്ടായ്മകളുമുണ്ട്. സ്‌കൂൾ/ക്ലാസ്സ് തലത്തിൽ ഉണ്ടാക്കിയ ഇത്തരം ഗ്രൂപ്പുകൾ വഴിയാണ് കുട്ടികളിൽ പഠനനേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അധ്യാപകർ ഉറപ്പാക്കേണ്ടത്. സ്‌കൂൾ പഠനത്തിന് ബദൽ എന്ന നിലയ്ക്കല്ല, മറ്റൊരു മാർഗവുമില്ലാത്ത സാഹചര്യത്തിൽ ഇത് എന്ന തരത്തിലാണ് ഓൺലൈൻ പഠനം വിഭാവനം ചെയ്തിട്ടുള്ളത്.

ഡിജിറ്റൽ കുടിയേറ്റക്കാർ, ഡിജിറ്റൽ നിവാസികൾ

വിക്‌ടേഴ്‌സ് ക്ലാസ്സുകൾ വീട്ടിലിരുന്ന് കാണാൻ സൗകര്യമില്ലാത്ത കുട്ടികളെക്കുറിച്ചുള്ള കണക്കെടുപ്പ് സമയത്താണ് ‘ഡിജിറ്റൽ ഡിവൈഡി'നെക്കുറിച്ച് വ്യാപക ചർച്ചയുണ്ടായത്. 8500 ഓളം സമൂഹ പഠനകേന്ദ്രങ്ങളൊരുക്കി ഈ പ്രശ്‌നം താല്ക്കാലികമായി മറികടന്നെങ്കിലും തുടർപ്രവർത്തനത്തിന്​ സ്മാർട് ഫോണുകളോ ഇൻറർനെറ്റ് സൗകര്യമോ ഇല്ലാത്ത കുട്ടികൾ സംസ്ഥാനത്ത്​ ഇനിയുമുണ്ട് എന്നതിനാൽ ഡിജിറ്റൽ ഡിവൈഡ് എന്നത് സജീവ ചർച്ചാ വിഷയം തന്നെയാണ്.

ഇവയെല്ലാം ഞങ്ങളെന്തു ചെയ്യും, ഇതിൽ ഏതെല്ലാമാണ് പഠിക്കേണ്ടത്, ഇതു മുഴുവൻ ഡൗൺലോഡ് ചെയ്യാൻ ഡാറ്റ എവിടുന്ന് കിട്ടും തുടങ്ങിയ ചോദ്യങ്ങൾ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വരാൻ തുടങ്ങിയിരിക്കുന്നു

കെ.എസ്.എഫ്.ഇയുമായി സഹകരിച്ച് കുടുംബശ്രീ വഴി സർക്കാർ നടപ്പാക്കുന്ന ‘വിദ്യാശ്രീ' പദ്ധതിയിലൂടെ ഓരോ കുട്ടിക്കും ലാപ്‌ടോപ്പ് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 30 മാസം 500 രൂപ തിരിച്ചടവ് വരുന്ന തരത്തിലുള്ള ചിട്ടികളായാണിത് നടപ്പാക്കുന്നത്. ആദ്യ മൂന്നുമാസം പണംഅടയ്ക്കുന്നതോടെ കുട്ടികൾക്ക് ലാപ്‌ടോപ്പ് ലഭിക്കുമെന്നതാണ് പദ്ധതിയുടെ സവിശേഷത. ഗോത്ര, ഭിന്നശേഷി വിഭാഗങ്ങളിലെ നിർദ്ധന കുട്ടികൾക്ക് വേണ്ടി പദ്ധതികളും നടപ്പിലാക്കപ്പെടുമെന്ന് കരുതുന്നു.
സൗജന്യമായി പാഠപുസ്തകവും യൂണിഫോമും ഉച്ചഭക്ഷണവുമൊക്കെ നൽകി പൊതുവിദ്യാലയങ്ങളിൽ തുല്യത ഉറപ്പാക്കിയ കേരളം, സൗജന്യ ഇൻറർനെറ്റ്​ ഡാറ്റ കൂടി ഉറപ്പാക്കുമെന്നും ഡിജിറ്റൽ ഡിവൈഡിന്റെ പ്രത്യാഘാതം ലഘൂകരിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഡിജിറ്റൽ ഗാഡ്ജറ്റുകളും ഇൻറർനെറ്റ്​ ഡാറ്റയും നൽകിയാൽ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാവും എന്നല്ല പറഞ്ഞുവന്നത്. സമൂഹത്തിൽ നിലവിലുള്ള ഒട്ടേറെ വിഭജനങ്ങൾ (വർഗം, ജാതി, പദവി, സമ്പത്ത്, ലിംഗം, വിദ്യാഭ്യാസം...) ഡിജിറ്റൽ ഡിവൈഡിന്റെയും മാനദണ്ഡങ്ങളാണെന്നിരിക്കെ അത് പൂർണമായും തുടച്ചു നീക്കുക എളുപ്പമല്ല. എന്നാൽ മറ്റൊരു മാർഗവും മുന്നിലില്ലെന്ന തിരിച്ചറിവിൽ നിന്നാരംഭിച്ചിട്ടുള്ള ഓൺലൈൻ ക്ലാസുകളിൽ പരമാവധി തുല്യതയും നീതിയും ഉറപ്പാക്കാൻ ഇതല്ലാതെ മാർഗമില്ല. അമേരിക്കൻ വിദ്യാഭ്യാസ ചിന്തകനായ മാർക് പ്രെൻസ്‌കിയാണ് സാങ്കേതികകാലത്തെ മനുഷ്യരെ, ഡിജിറ്റൽ കുടിയേറ്റക്കാർ എന്നും ഡിജിറ്റൽ നിവാസികൾ എന്നും രണ്ടായി തിരിച്ചത്. രണ്ടു കാലങ്ങളിലായി ജീവിച്ചവരാണ് ഡിജിറ്റൽ കുടിയേറ്റക്കാർ, ഡിജിറ്റലില്ലാത്ത കാലത്ത് ജീവിതം തുടങ്ങി പിന്നീട് ഡിജിറ്റൽ യുഗത്തിലേക്ക് പ്രവേശിച്ചവർ. അപരിചിതമായ ഒരിടത്തേക്കെത്തിയ കുടിയേറ്റക്കാരന്റെ ഭയാശങ്കകൾ സാങ്കേതിക ലോകത്തെക്കുറിച്ച് വെച്ചു പുലർത്തുന്നവരാണിവർ. എന്നാൽ ‘ഡിജിറ്റൽ നാറ്റീവ്‌സ്' എന്ന് വിളിക്കപ്പെടുന്ന കുട്ടികളാവട്ടെ ഭൗതികസൗകര്യം ഒത്തുവന്നാൽ ടെക്‌നോളജിയോടൊപ്പം എളുപ്പം കൂട്ടുകൂടാൻ സാധിക്കുന്നവരുമാണ്. പിറന്നതും വളർന്നതുമായ നാടിന്റെ സുരക്ഷിതത്വമാണ് പുതുതലമുറയെ സംബന്ധിച്ച് സാങ്കേതിക ലോകം.
എത്തിപ്പെട്ട പ്രദേശങ്ങളിലെ അപരിചതത്വം, അതുണ്ടാക്കുന്ന ആശങ്ക എന്നിവയ്ക്ക് കുടിയേറ്റക്കാർ കുറ്റക്കാരല്ല എന്നത് അംഗീകരിക്കുമ്പോൾ തന്നെ, നിൽനിൽക്കാനും അതിജീവിക്കാനും വേറെ ഇടമില്ല എന്ന തിരിച്ചറിവ് ഈ കുടിയേറ്റക്കാർക്കുണ്ടാവേണ്ടതുണ്ട്. സ്‌കൂൾ വിദ്യാഭ്യാസം ഓൺലൈൻ വഴിയിലേക്ക് മാറുകയും സ്‌കൂൾ തുറന്നാലും ആ വഴി പൂർണമായി അടയ്ക്കാനാവില്ല എന്നുറപ്പാക്കുകയും ചെയ്ത സ്ഥിതിയ്ക്ക് അധ്യാപകർക്ക് മുന്നിൽ മറ്റ് ഓപ്ഷനുകളില്ല എന്നതാണ് വാസ്തവം.

അധ്യാപകരേ, കളി മാറുകയാണ്​

ഐ.സി.ടി. പഠന സാധ്യത നേരത്തെ ഉപയോഗിച്ചു തുടങ്ങിയ സംസ്ഥാനമാണ് നമ്മുടേത്. കഴിഞ്ഞ നാലുവർഷം കൊണ്ട് ഹൈടെക് വിദ്യാഭാസത്തിലേക്കുള്ള വളർച്ചയും പൊതുവിദ്യാഭ്യാസമേഖല നേടിയിട്ടുണ്ട്. ക്ലാസ്​ മുറി ഹൈ ടെക്​ ആക്കുകയും വിദ്യാഭ്യാസവകുപ്പിന്റെ സമഗ്ര പോർട്ടലിൽ ഡിജിറ്റൽ പഠനവിഭവങ്ങൾ ഒരുക്കുകയും ചെയ്തു കൊണ്ടാണ് ഹൈ ടെക്‌ സ്‌കൂൾ സംവിധാനം മുന്നോട്ടുപോയത്. പാഠഭാഗങ്ങൾക്കനുസരിച്ചുള്ള ഇ-കണ്ടൻറ്​ ഡൗൺലോഡ് ചെയ്യുക, ക്ലാസിൽ അത് വിനിമയം ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്കുള്ള സാങ്കേതികവിദ്യാജ്ഞാനം മാത്രമേ അധ്യാപകർക്കിതുവരെ ആവശ്യമുണ്ടായിരുന്നുള്ളൂ. എന്നാൽ ഓൺലൈൻ സ്‌കൂളിംഗ് യാഥാർത്ഥ്യമായതോടെ സ്ഥിതി മാറുകയാണ്.
വിക്‌ടേഴ്‌സ് ക്ലാസ്സുകൾ കേരളത്തിലെ മുഴുവൻ കുട്ടികൾക്കും ഒരേ പോലെ മനസ്സിലാക്കാനോ പിന്തുടരാനോ സാധിക്കില്ല എന്നത് തീർച്ചയാണ്. ഓരോ കുട്ടിയുടെയും ഗ്രഹണ/ പഠനശേഷി എന്നത് വ്യക്തിപരവും സാമൂഹികവുമായ അവസ്ഥകളുമായി സങ്കീർണമായി ബന്ധപ്പെട്ടു കിടിക്കുന്നതാണ് എന്നതിനാൽ അത് സ്വാഭാവികവുമാണ്. കുട്ടികളെ അറിയുന്ന അധ്യാപകരാണ്​, അവരുടെ ശക്തിയും ദൗർബല്യവും മനസ്സിലാക്കി പാഠഭാഗങ്ങൾ ഓരോരുത്തർക്കും സ്വീകാര്യമായ രീതിയിൽ അവതരിപ്പിക്കേണ്ടത്. സാധാരണ സ്‌കൂൾ സംവിധാനത്തിലും ഇങ്ങനെയാണെന്നിരിക്കെ, ഓൺലൈൻ ക്ലാസിന്റെ കാര്യത്തിൽ അധ്യാപകരുടെ ഉത്തരവാദിത്വം വർദ്ധിക്കുകയാണ്.
ആവശ്യമായ പഠനവിഭവങ്ങൾ ലഭിക്കുന്നില്ല എന്ന പരാതി ഒരു കുട്ടിയും പറയാൻ സാധ്യതയില്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്. എന്നാൽ ഇവയെല്ലാം ഞങ്ങളെന്തു ചെയ്യും, ഇതിൽ ഏതെല്ലാമാണ് പഠിക്കേണ്ടത്, ഇതു മുഴുവൻ ഡൗൺലോഡ് ചെയ്യാൻ ഡാറ്റ എവിടുന്ന് കിട്ടും തുടങ്ങിയ ചോദ്യങ്ങൾ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും വരാൻ തുടങ്ങിയിരിക്കുന്നു. പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പഠനവീഡിയോകളെല്ലാം കുട്ടികളുടെ വാട്‌സ് ആപ് ഗ്രൂപ്പുകളിലേക്ക് ഫോർവേർഡ് ചെയ്യുകയാണ് പല അധ്യാപകരും. കുട്ടിയ്ക്ക് പഠിക്കാനാവശ്യമായ രീതിയിലേക്ക് ലഭ്യമായ വിഭവത്തെ കസ്റ്റമൈസ് ചെയ്തു കൊടുക്കാൻ കഴിയാതെ, അതിനുള്ള സാങ്കേതിക ജ്ഞാനമില്ലാതെ, ധൈര്യവും സന്നദ്ധതയുമില്ലാതെ വിഷമിക്കുന്ന അധ്യാപകരുടെ പ്രശ്‌നങ്ങൾ മറികടന്നാൽ മാത്രമേ ഓൺലൈൻ വിദ്യാഭ്യാസം ഫലപ്രദമാകൂ.

Photo: unsplash.com

വിക്‌ടേഴ്‌സ് ക്ലാസ്സിന് പുറമെ ആവശ്യമായ ഇ-കണ്ടൻറ്​ കുട്ടികൾക്ക് നൽകേണ്ട ചുമതലയാണ് അധ്യാപകർക്കുള്ളത്. എന്തെല്ലാം മാർഗ്ഗങ്ങൾ ഇതിന്​ സ്വീകരിക്കാം എന്നത് അധ്യാപകർക്കുമുമ്പിലെ വെല്ലുവിളിയാണ്. പവർപോയിൻറ്​ പ്രസ​േൻറഷൻ പോലെയുള്ള പഴഞ്ചൻ രീതിശാസ്ത്രങ്ങളൊന്നും കുട്ടികളുടെ അടുത്ത് വിലപ്പോവില്ല. ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്ച്വൽ ലാബ് പോലെയുള്ള നൂതനതന്ത്രങ്ങൾ പ്രയോഗിച്ചാൽ ഒരുപക്ഷേ പിടിച്ചുനിൽക്കാൻ സാധിച്ചേക്കും.

വീട്ടിലിരുന്നാണ് ക്ലാസെടുക്കേണ്ടത് എന്നതിനാൽ ക്ലാസിനാവശ്യമായ ഉപകരണങ്ങൾ വാങ്ങി ‘വീട്ടിൽ ഒരു സ്റ്റുഡിയോ' ഒരുക്കൽ നിർബന്ധമാണ്. ലാപ്‌ടോപ്പ്, സ്മാർട്ട്‌ഫോൺ, കോളർ മൈക്ക്, ഫോൺ വെക്കാനുള്ള ട്രൈപോഡ്, നല്ല ബാക്ക്‌ഡ്രോപ് എന്നിവ വെച്ചു കഴിഞ്ഞാൽ സ്റ്റുഡിയോ ആയി

എന്നാൽ ഇതിനെല്ലാം ഇപ്പോൾ സാധിക്കുന്ന അധ്യാപകർ എണ്ണത്തിൽ കുറവായിരിക്കും എന്നതാണ് വസ്തുത. ഇ-കണ്ടൻറ്​ തയ്യാറാക്കുക, അത് വിതരണം ചെയ്യുക മുതലായവയുടെ പ്രയാസവും പരിചയക്കുറവുമാണ് പലരെയും പിന്നോട്ടടുപ്പിക്കുന്നത്. അത്യാവശ്യമുള്ള വിഭവങ്ങൾ നെറ്റിൽ സുലഭമാണ് എന്നിരിക്കെ, വെറുതെ കഷ്ടപ്പെടുന്നതെന്തിന് എന്ന വിചാരിക്കുന്നവരുമുണ്ടാവാം.

ഡിജിറ്റൽ വിടവ്​ അധ്യാപകർക്കിടയിലുമുണ്ട്​
കേരളത്തിലെ എത്ര അധ്യാപകർ സ്വന്തമായി ലാപ്‌ടോപ്പ് ഉപയോഗിക്കുന്നു എന്ന കണ്ടെത്തൽ രസകരമായിരിക്കും. സ്മാർട്ട്‌ഫോൺ ഉപയോഗിക്കാത്തവരും സ്മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ തന്നെ അതിന്റെ പരിമിതമായ ഫീച്ചേഴ്‌സുകൾ മാത്രം ഉപയോഗിക്കുന്നവരുമായിരിക്കും ഭൂരിപക്ഷം അധ്യാപകരും. ഇവരെല്ലാം മോശക്കാരാണെന്ന് മുദ്രകുത്തുകയോ ഇത്രയും കാലം എന്തുകൊണ്ട് ഇതൊന്നും പഠിച്ചില്ല എന്ന് കുറ്റപ്പെടുത്തുകയോ അല്ല. എന്നാൽ ലാപ്‌ടോപ്പും മൾട്ടി ഫീച്ചറുള്ള സ്മാർട് ഫോണും ഫലപ്രദമായി ഉപയോഗിക്കാതെ അധ്യാപകർക്കിനി പിടിച്ച് നിൽക്കാനാവില്ല എന്നോർമിപ്പിക്കുകയാണ്. അത്യാവശ്യമുള്ള ഇ-വിഭവം കണ്ടെത്താനും സ്വന്തം കുട്ടികൾക്ക് പറ്റുന്ന രീതിയിൽ അനുരൂപീകരിച്ച് കൊടുക്കാനും കഴിയാതെ വന്നാൽ അധ്യാപകർ പരിഹാസ്യരാകും. ഓൺലൈൻ ക്ലാസ് യാഥാർത്ഥ്യമായതോടെ അധ്യാപകരുടെ അധ്യാപന പരിമിതി കുട്ടികളും രക്ഷിതാക്കളും അറിയുകയും പറയുകയും ചെയ്യുന്ന അവസ്ഥയാണ് വരാൻ പോകുന്നത്.
പരിഹരിക്കാനാവാത്ത പരിമിതിയായി ഇതിനെ കാണേണ്ടതില്ല. അടിസ്ഥാന സാങ്കേതിക പരിജ്ഞാനം നേടാൻ തയ്യാറാവുക എന്നതാണ് അധ്യാപകർ ചെയ്യേണ്ട ഒന്നാമത്തെ കാര്യം. ഇ-ടീച്ചിംഗ് യാഥാർത്ഥ്യമാണെന്ന് മനസിലാക്കി അതിനാവശ്യമായ ഭൗതികസൗകര്യം ഒരുക്കുക എന്നതും പ്രധാനമാണ്. വീട്ടിലിരുന്നാണ് ക്ലാസെടുക്കേണ്ടത് എന്നതിനാൽ ക്ലാസിനാവശ്യമായ ഉപകരണങ്ങൾ വാങ്ങി ‘വീട്ടിൽ ഒരു സ്റ്റുഡിയോ' ഒരുക്കൽ നിർബന്ധമാണ്. ലാപ്‌ടോപ്പ്, സ്മാർട്ട്‌ഫോൺ, കോളർ മൈക്ക്, ഫോൺ വെക്കാനുള്ള ട്രൈപോഡ്, നല്ല ബാക്ക്‌ഡ്രോപ് എന്നിവ വെച്ചു കഴിഞ്ഞാൽ സ്റ്റുഡിയോ ആയി. 10 മുതൽ 4 മണി വരെ തങ്ങളുടെ ജോലിസമയമാണെന്ന് മനസ്സിലാക്കി ശ്രദ്ധിച്ചും സമയമെടുത്തും ആവശ്യമായ മെറ്റീരിയലുകൾ തയ്യാറാക്കണം. ഇൻററാക്ടീവ് സാധ്യത ഉപയോഗിക്കുമ്പോഴാണ് പഠനം ജീവനുള്ളതായിത്തീരുക എന്നതിനാൽ അത്തരം സാധ്യത പരിശോധിക്കണം. ഗൂഗിൾ ക്ലാസ്‌റൂം പോലെയുള്ള ആപ്പുകൾ മൂഡിൽ പോലെയുള്ള ലേണിംങ് മാനേജ്‌മെൻറ്​ സിസ്റ്റങ്ങൾ, സ്വന്തമായി തയ്യാറാക്കാവുന്ന വെബ്‌സൈറ്റുകൾ, ബ്ലോഗുകൾ മുതലായ പ്‌ളാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഓൺലൈൻ അധ്യാപനം ഫലപ്രദമാക്കാനാണ് അധ്യാപകർ ശ്രമിക്കേണ്ടത്. ഇങ്ങനെ വിഷയസംബന്ധിയായ പ്‌ളാറ്റ്‌ഫോമുകൾ വികസിപ്പിക്കാനും വിനിമയം ചെയ്യാനും സാധിക്കുന്ന അധ്യാപകരാവും ഇനിയുള്ള കാലം വിജയിക്കുക. കുട്ടികൾക്കിടയിലെ ഡിജിറ്റൽ ഡിവൈഡ് പരിഹരിച്ചുകഴിയുന്നതോടെ കേരളം ചർച്ച ചെയ്യുക അധ്യാപകർക്കിടയിലെ ഡിജിറ്റൽ ഡിവൈഡിനെക്കുറിച്ചായിരിക്കും എന്ന് തിരിച്ചറിഞ്ഞേ മതിയാവൂ. എനിക്ക് ഇതിനൊന്നുമുള്ള സാങ്കേതികജ്ഞാനമില്ല എന്ന് സങ്കടപ്പെടാനാണ് ഭാവമെങ്കിൽ മനസ്സിലാക്കുക: ‘പഠിച്ചശേഷം ചെയ്യാവുന്നതല്ല, ചെയ്തുമാത്രം പഠിക്കാവുന്നതാണ് ഇത്തരത്തിലുള്ള എല്ലാ സാങ്കേതികവിദ്യകളും'.

Comments