truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 03 March 2021

truecoppy
Truecopy Logo
Readers are Thinkers

Wednesday, 03 March 2021

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Biblio Theca
  • Bird Songs
  • Biblio Theca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Biblio Theca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Announcement
Art
Astronomy
Babri Masjid
Bhima Koregaon
Biblio Theca
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Election Desk
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala Sahitya Akademi Award 2019
Kerala State Film Awards
Labour Issues
Labour law
Land Struggles
Language Study
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Short Read
Spirituality
Sports
Statement
Story
Surrogacy bill
Tax evasion
Teachers' Day
Team Leaders
Technology
Testimonials
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
Union Budget 2021
UP Politics
Video Report
Vizag Gas Leak
Vote for Secular Democracy
Weather
Women Life
Youtube
ജനകഥ
lakshadweep

Travelogue

ലക്ഷദ്വീപ് ഡയറി 3
കാറ്റിനും മഴയ്ക്കും
ഇളംവെയിലിനുമിടയില്‍ ഓടുന്ന
സൈക്കിൾ ചക്രങ്ങള്‍

ലക്ഷദ്വീപ് ഡയറി 3 കാറ്റിനും മഴയ്ക്കും ഇളംവെയിലിനുമിടയില്‍ ഓടുന്ന സൈക്കിൾ ചക്രങ്ങള്‍

13 Aug 2020, 04:39 PM

അബ്ദുള്‍ റഷീദ്

മധ്യപൂര്‍വ അറബിക്കടലിലെ ന്യൂനമര്‍ദ്ദപ്രദേശത്ത് രൂപം കൊണ്ട ഒരു ചുഴലിക്കാറ്റ് ക്ഷോഭിക്കുന്ന സുന്ദരിയെപ്പോലെ കറങ്ങി ഞാന്‍ വസിക്കുന്ന ദ്വീപിനു മുകളിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. ഏകദേശം രണ്ടായിരം മൈല്‍ ദൂരെ നീലസാഗരത്തിലൂടെ യാതൊരു തടസ്സവുമില്ലാതെ സഞ്ചരിച്ച ചുഴലിസുന്ദരിയുടെ ചെറുപുഞ്ചിരിപോലുള്ള കാറ്റിന്റെയലകള്‍, ഈ കൊച്ചുദ്വീപിന് പുതപ്പെന്നപോലെ വരിവരിയായി നില്‍ക്കുന്ന തെങ്ങിന്‍കൂട്ടങ്ങളെ അല്പം ശക്തിയോടെ തന്നെ ആട്ടിയുലയ്ക്കുന്നുണ്ടായിരുന്നു.
"ഈ കിടക്കുന്ന ഒരുപിടി ഭൂമിക്ക് മുകളില്‍ നിന്റെ ലീലാവിലാസങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സുന്ദരിയേ, ഉള്ളയീ അൽപകാല ജീവിതത്തില്‍തന്നെ നിന്റെ എല്ലാ പഞ്ചാരച്ചിരിയും കണ്ടുതന്നെ തീര്‍ക്കുന്നതാണ്' എന്ന് മൂക്കിന്‍തുമ്പത്ത് കുസൃതിച്ചിരിയുമായി കടലോരത്തെ സിമന്റ് പാകിയ പാതയിലൂടെ സൈക്കിളും ചവിട്ടിപോകുകയായിരുന്നു ഞാന്‍. ഇതുതന്നെയല്ലേ ജീവിതം ഇതുതന്നെയല്ലേ സ്വാതന്ത്ര്യം എന്ന് കാറ്റിനും മഴയ്ക്കും ഇളംവെയിലിനുമിടയില്‍ ഓടിക്കൊണ്ടിരിക്കുന്ന സൈക്കിളിന്റെ ചക്രങ്ങള്‍. 

കാലവര്‍ഷം കഴിഞ്ഞ് പുലരിയില്‍ പുല്‍നാമ്പുകള്‍ക്ക് മീതെ മെല്ലെ മഞ്ഞു പെയ്യാന്‍ തുടങ്ങി. "ഇനി നിനക്ക് ദ്വീപിലെ സഞ്ചാരം തുടരാം' എന്നു പറയുന്നപോലെ തിളങ്ങുന്ന മഞ്ഞുകണങ്ങള്‍. കനത്ത മഴയേറ്റ് ജീര്‍ണിച്ച കടല്‍തീരത്തെ പച്ചപുല്ലുകള്‍ക്ക് മീതെ പലവിധ വര്‍ണത്തിലുള്ള കാട്ടുപൂക്കള്‍. ഓരോ പൂവിനും ഓരോ പേരുകള്‍. ഓരോന്നിനും ഓരോരോ സൗന്ദര്യവും. ഈ സമയത്തുതന്നെ സരോവരത്തില്‍ വെള്ളത്തിനു മീതെ കടല്‍ചൊറികള്‍ (ജെല്ലി ഫിഷ്) പൊങ്ങിപ്പൊങ്ങി വരുന്നു. അന്യഗ്രഹത്തില്‍നിന്ന് പറന്നു വന്ന ക്ഷുദ്രജീവികളെപ്പോലെ കാണപ്പെടുന്ന ഈ മീനുകള്‍ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ പൊക്കിളയുണ്ടാവും. കടുത്ത ജ്വരവും ക്ഷീണവും അനുഭവപ്പെടും. തളര്‍ച്ച കഠിനമായാല്‍ മരണം വരെ സംഭവിക്കാം. "കടല്‍ചൊറികള്‍ക്ക് മനുഷ്യരെ കൊല്ലണമെന്ന യാതൊരു ഉദ്ദേശവുമില്ല. അവയുടെ സഞ്ചാരത്തിന് തടസ്സമാകുന്ന മനുഷ്യരുടെ ശരീരത്തില്‍ തങ്ങളുടെ മുള്ളുകൊണ്ട് വെറുതെ ദംശിക്കും, അത്രമാത്രം. എന്നാല്‍ നമ്മള്‍ അവയെപ്പറ്റി ജാഗരൂകരായിരിക്കണം' എന്ന് എന്റെ കൂടെ നീന്താന്‍വരുന്ന സമുദ്രശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കടല്‍തീരത്ത് വളരുന്ന കുള്ളന്‍ തെങ്ങുകളുടെ ഓലമടലുകളില്‍ ഒരു പ്രത്യേക തരം പൂപ്പല്‍ വളരുന്നുണ്ട്. ഈ പൂപ്പലിനെ ചുരണ്ടി കടല്‍ച്ചൊറികള്‍ കുത്തിയ ഭാഗത്ത് പുരട്ടിയാല്‍ വേദനയുടെ നീറ്റല്‍ കുറഞ്ഞുകിട്ടുമെന്ന് അദ്ദേഹം നാട്ടുവൈദ്യവും പറഞ്ഞുതന്നു. 

ഉദ്യോഗത്തില്‍നിന്ന് പിരിഞ്ഞ നല്ല ദൃഢഗാത്രനും സുന്ദരനുമായ ഇദ്ദേഹം കവി കൂടിയായിരുന്നു. എല്ലാ ദിവസവും നീന്താൻ ലഗൂണിലേക്ക് വരും. മണിക്കൂറോളം നീന്തും. എല്ലാറ്റിനെയും എല്ലാവരെയും നല്ല രീതിയില്‍ വീക്ഷിച്ച്​ചുറുചുറുക്കോടെ ജീവിക്കുന്നു. മനസ്സുവെച്ചിരുന്നുവെങ്കില്‍ ലോകംതന്നെ അറിയപ്പെടുന്ന സമുദ്ര ശാസ്ത്രജ്ഞനാകേണ്ടിയിരുന്നയാള്‍. എന്നാല്‍ തന്റെ സുന്ദരമായ ദ്വീപും ഈ നീല ലഗൂണില്‍ നീന്തുന്ന സുഖവും ഉപേക്ഷിക്കാന്‍ മനസ്സില്ലാത്തതിനാല്‍ ഇവിടെത്തന്നെ ശാന്തനായി ജീവിച്ചുവരുന്നു. "നിങ്ങള്‍ പുറത്തുനിന്ന് വന്ന ആളാണ്. ത്വരിതഗതിയിലുള്ള ജീവിതം കണ്ടവനാണ് നിങ്ങള്‍. പക്ഷെ താങ്കള്‍ക്ക് ഇവിടെ തോന്നുന്ന കാര്യങ്ങളെയെല്ലാം പറയാന്‍ പോകേണ്ട. എല്ലാം വെറുതെ കണ്ടുകൊണ്ട് അനുഭവിക്കുക. ഇവിടെ ഏതു കാലത്ത് ഏതു തെങ്ങില്‍ നിന്നാണ് നിങ്ങളുടെ തലയില്‍തേങ്ങ വീഴുകയെന്ന് പറയാന്‍ സാധിക്കുകയില്ല. കരുതിയിരിക്കുക.' 

ld

നീന്തിക്കൊണ്ടിരിക്കുമ്പോള്‍ ചെവിയില്‍ പറഞ്ഞ് അയാള്‍ മുന്നോട്ട് നീങ്ങുന്നു. തിരിഞ്ഞു നോക്കിയാല്‍ വളരെ ദൂരത്ത് നീന്തി മറയുന്നു. പിന്നീട് നോക്കിയാല്‍ ഏതെങ്കിലും ചായക്കടയിലോ യാത്രാബോട്ടിലോ കാണുന്നു, ചില സമയത്ത് വിമാനത്താവളത്തിലും. കഴിഞ്ഞ പ്രാവശ്യം വിമാനത്താവളത്തില്‍വെച്ച് കണ്ടപ്പോള്‍ ലക്‌നൗവിലേക്കാണെന്ന് പറഞ്ഞു. അവിടെ നടക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെ നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പോവുകയാണ്. "നീന്തല്‍ മത്സരത്തില്‍ ലഭിക്കുന്ന മെഡലുമായി വന്നു നിങ്ങളെ കാണാം'എന്ന് പുഞ്ചിരിച്ചു. അദ്ദേഹം അവിടെ നീന്തുന്ന വേളയില്‍ ഇവിടെ വീശുന്ന നിര്‍വ്വാത സുന്ദരിയുടെ ചുഴലിക്കാറ്റ്. ഈറന്‍തുള്ളികളിറ്റു വീഴുന്ന വെയില്‍മഴയില്‍ കടല്‍തീരത്തെ ചുറ്റുവഴികളിലൂടെ ചുറ്റിക്കറങ്ങണമെന്ന് കരുതി പുറപ്പെട്ടവന്റെ തലയ്ക്കുള്ളില്‍ മുളപൊട്ടുന്ന നാടിനെക്കുറിച്ചുള്ള ഓര്‍മകള്‍. അര്‍ദ്ധചന്ദ്രനെപ്പോലെ അൽപവിരാമമിട്ട് നിര്‍ത്തിയിരിക്കുന്ന ചില ബന്ധങ്ങള്‍. നാട്ടില്‍നിന്ന് ഫോണ്‍വിളിച്ചപ്പോള്‍ ഉമ്മ പലതരം  ജിജ്ഞാസയുള്ള ചോദ്യങ്ങള്‍ചോദിച്ചിരുന്നു. "നീ അവിടെ ദ്വീപില്‍തന്നെയുള്ള പെണ്ണൊരുത്തിയെ കല്യാണം കഴിച്ചെന്നു കേട്ടല്ലോ, ശരിയാണോ?' എന്ന്​ബന്ധങ്ങളെ കുറിച്ചന്വേഷിക്കുന്ന അധികാരിയെപ്പോലെ ഉമ്മ ചോദിച്ചപ്പോള്‍ ഞാന്‍ ചൂടാവുകയും അതിന് എന്നെ ചീത്ത പറയുകയും ചെയ്തിരുന്നു. "നീ വസിക്കുന്ന ദ്വീപിലെ ഗര്‍ഭിണികള്‍ക്ക് പ്രസവിക്കാന്‍ നേരത്ത് വേദനയുണ്ടാകാറില്ലത്രേ, ശരിയാണോ?' ഉമ്മ ചോദിച്ചു. എന്റെ ബാല്യകാലത്തെ മൊല്ലാക്കയെപ്പറ്റി അവര്‍ കൊള്ളിവാക്ക് പറഞ്ഞതായിരുന്നു അത്. 

എട്ട് മക്കളെ തുടര്‍ച്ചയായി പ്രസവിച്ച എന്റെ ഉമ്മയെ സംബന്ധിച്ച് ഈ പ്രസവവേദനയെന്നത് സ്ത്രീ വര്‍ഗത്തെ അലട്ടുന്ന വലിയ സമസ്യയായിരുന്നു. ഓരോ പ്രസവവും വലിയൊരു പര്‍വ്വതം കയറിയിറങ്ങിയ നോവിന് സമം. ഒരു പര്‍വ്വതം കയറിയിറങ്ങി സമാധാനപ്പെടുമ്പോഴേക്കും മുന്നില്‍വീണ്ടും മറ്റൊരു പര്‍വ്വതം. ഉമ്മയുടെ നാലു പ്രാവശ്യത്തെ പ്രസവ സമയത്തും പിഞ്ഞാണപ്പാത്രത്തില്‍ ഖുര്‍ആനിലെ "അല്‍ബഖറ' എന്ന സൂറത്തിലെ "ആയത്തുല്‍ഖുര്‍സി'യെന്ന സവിശേഷമായ ആയത്തുകള്‍ മഷിയിലെഴുതി ആ പാത്രത്തെ കഴുകിയ മഷിവെള്ളത്തെ കുടിപ്പിച്ച് പ്രസവവേദനയുടെ തീവ്രത കുറക്കാനായി ഞങ്ങളുടെ മൊല്ലാക്ക വീടിനു മുമ്പില്‍ ഹാജരാകുമായിരുന്നു. ഉമ്മയുടെ പ്രസവം അടുക്കാറാകുമ്പോഴേക്കും തന്റെ സഞ്ചിയില്‍ പിഞ്ഞാണപ്പാത്രവുമായി വീടിനു പരിസരത്ത് ചുറ്റിക്കറങ്ങുമായിരുന്ന അദ്ദേഹം "പേറ്റുനോവു വരാറായോ, വരാറായോ' എന്നു പുറത്തുനിന്നുതന്നെ ചോദിച്ച് അവര്‍ക്ക് വളരെയധികം തൊന്തരവ് കൊടുക്കുമായിരുന്നു. ഇത് സഹിക്കാന്‍ കഴിയാത്ത ഉമ്മ വേദന വന്നെന്നു പറഞ്ഞ് പിഞ്ഞാണപ്പാത്രം വാങ്ങി മഷിവെള്ളം കുടിച്ച് ഒരു കട്ടന്‍ചായയുമുണ്ടാക്കി കൊടുത്ത് തിരിച്ചയക്കുമായിരുന്നു. ഉമ്മ ഇനിയും പ്രസവിച്ചിട്ടില്ലെന്നറിയുമ്പോള്‍ അദ്ദേഹം വീണ്ടും ഹാജരാകുമായിരുന്നു. അയാളുടെ ശല്യം സഹിക്കവയ്യാതെ നിന്നെ ഏഴാം മാസത്തിലാണ് പെറ്റെതെന്ന് ഉമ്മ പറഞ്ഞിരുന്നു.  അതിനാലാണ് ചന്തിയില്‍ ഉറുമ്പ് കടിച്ചവനെപ്പോലെ നില്‍ക്കേണ്ടയിടത്ത് നില്‍ക്കാതെ നീ ഓടിക്കളിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉമ്മ ഇടയ്ക്കിടെ ചീത്ത പറയുന്നത്. എന്താണന്നറിയില്ല അവര്‍ക്ക് ഈ മൊല്ലാക്കയോട് ദേഷ്യമാണ്. "തലയും വാലുമില്ലാത്ത ഇയാള്‍ എവിടെ നിന്നാണ് വന്നതെന്ന് മനസ്സിലാവുന്നില്ല. ഇയാള്‍ പഠിപ്പിക്കുന്ന അറബി വാചകങ്ങളുടെ അര്‍ത്ഥം ഇയാള്‍ക്കു തന്നെ ശരിക്കും മനസ്സിലാവുന്നുണ്ടോയെന്നും എനിക്കും പിടികിട്ടുന്നില്ല' എന്ന് അവര്‍ അകമേ പറയുമായിരുന്നു. 

ld

ഉമ്മയുടെ ഈ ന്യായമായ കോപത്തിന് ഒരു കാരണമുണ്ടായിരുന്നു. ശിഷ്യരായ ഞങ്ങളെ വീട്ടിനകത്തെ ശൗചാലയത്തില്‍ മൂത്രിക്കുവാന്‍ മൊല്ലാക്ക സമ്മതിച്ചിരുന്നില്ല. രാത്രി പോലും മൂത്രിക്കാന്‍ തോന്നുകയാണെങ്കില്‍ കുറച്ചപ്പുറത്തുള്ള തെങ്ങിന്‍ ചുവട്ടില്‍ മൂത്രമൊഴിച്ചു വൃത്തിയാക്കി വരണമായിരുന്നു. "വെളുപ്പാന്‍ കാലത്തെ തണുപ്പില്‍ വെള്ളമുപയോഗിച്ചുള്ള ശുദ്ധിവരുത്തല്‍ പ്രയാസമാണെങ്കില്‍ അതിന്റെ ആവശ്യമില്ല. ഇഷ്ടികക്കഷ്ണം കൊണ്ട് ബാക്കികിടപ്പുള്ള മൂത്രക്കണത്തെ വലിച്ചെടുത്ത് വന്നാല്‍ മതി' എന്നു നിര്‍ദ്ദേശിച്ചിരുന്നു. 

കുടകില്‍ കടലില്ലാത്തത്തിനാലും എന്നാല്‍ തെങ്ങിന് ലവണാംശം ആവശ്യമുണ്ടായിരുന്നതിനാലും പിള്ളേരെല്ലാം അവിടെ മൂത്രമൊഴിക്കണമെന്ന താക്കീത് ലഭിച്ചിരുന്നതിനാലും ഞങ്ങളെല്ലാം തുടര്‍ച്ചയായി മൂത്രമൊഴിച്ചതിനാല്‍ ആ കല്പവൃക്ഷത്തിന്റെ ചുവട്ടില്‍നിന്ന് വമിക്കുന്ന ഒരുതരം അസഹ്യഗന്ധവും അവിടെ കുന്നുകൂടിയ ഇഷ്ടിക കഷ്ണങ്ങളും കാരണം അതിലേക്കൂടി നടക്കുമ്പോള്‍ ഉമ്മയ്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുമായിരുന്നു. അതിനാല്‍ തന്നെ മൊല്ലാക്കയുടെ കൂടെ ഞങ്ങളെയും ചേര്‍ത്ത് വഴക്കു പറയുമായിരുന്നു. 

മഹാനുഭവന്‍ തന്റെ പൂര്‍വികരുടെ നാടായ ലക്ഷദ്വീപില്‍ തെങ്ങില്‍ നിന്നെടുത്ത നീര കൊണ്ടുണ്ടാക്കുന്ന ശര്‍ക്കരയെക്കുറിച്ചും പറയുമായിരുന്നു. അതിനായി തെങ്ങ് കയറാനറിയാവുന്ന തമിഴനായ ഒരാളെക്കൊണ്ട് അതിന്റെ പൂങ്കുലയിലൊരു കുടം കെട്ടി വെപ്പിച്ചിരുന്നു. കുലയിലുണ്ടാക്കുന്ന മുറിവില്‍നിന്ന് ഇറ്റിറ്റായി നീര ഊര്‍ന്നിറങ്ങി കുടം നിറഞ്ഞാല്‍ അതിനെ പാകം വരുത്തി മണിക്കൂറോളം തിളപ്പിച്ചാല്‍ ശര്‍ക്കരയാക്കാമെന്നും സ്വര്‍ഗപൂങ്കാവനമായ ജന്നാത്തുല്‍ഫിര്‍ദൗസില്‍ ലഭിക്കുന്ന ഹൗദില്‍കൗസറിലെ വെള്ളത്തോളം അത് മധുരമുള്ളതാണെന്നും അദ്ദേഹം പാടിപ്പുകഴ്ത്തി. എന്നാല്‍ തെങ്ങ്​ കയറാനറിയാമായിരുന്ന തമിഴനായ ആ വ്യക്തിക്ക് പൂങ്കുല എങ്ങനെ വെട്ടണമെന്ന കാര്യത്തില്‍ പിടിയില്ലായിരുന്നു. പക്ഷേ അക്കാര്യം വെളിപ്പെടുത്താന്‍ ഇഷമില്ലാത്തത്തിനാല്‍ എവിടെയൊക്കെയോ വെട്ടിപ്പരിക്കേല്‍പ്പിച്ചതു കാരണം നീര കുടത്തിലേക്ക് ഊര്‍ന്നിറങ്ങാതെ രാത്രി മുഴുവന്‍ തെങ്ങിന്‍ ചുവട്ടിലേക്ക് ഇറ്റിറ്റു വീണിരുന്നു. പിള്ളേരൊഴിച്ച മൂത്രവുമായി കലര്‍ന്ന് ഒന്നുകൂടെ രൂക്ഷമായ ഗന്ധത്തെ അത് അന്തരീക്ഷത്തില്‍ പടര്‍ത്തി. ഇടവിടാത്ത പേറ്റുനോവനുഭവിച്ചും മൂത്രത്തിന്റെ ദുര്‍ഗന്ധം മണത്തും തളര്‍ന്നവശയായ ഉമ്മ അക്കാലത്ത് സദാസമയവും തലയില്‍ ഒരു ഭാഗത്തുണ്ടാകുന്ന വേദനകൊണ്ട് ഞെരങ്ങുമായിരുന്നു.   

എന്നാല്‍ മക്കള്‍ വളര്‍ന്നപ്പോള്‍ അവരുണ്ടാക്കിയിരുന്ന ശല്യങ്ങളില്‍നിന്നും തലവേദനകളില്‍നിന്നും മുക്തയായ ഉമ്മ ഇപ്പോള്‍ സ്വയവും അല്പം സ്വാഭാവികമായ കുസൃതിയുമായി ലക്ഷദ്വീപില്‍ ഒറ്റയ്ക്ക് കഴിയുന്ന എന്നെക്കുറിച്ചുള്ള ചില സന്ദേഹങ്ങള്‍ക്ക് വ്യക്തത വരുത്തുകയായിരുന്നു. "ഏഴാം മാസത്തില്‍പെറ്റ നീ എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് പറയാനാവുന്നില്ല. ഉള്ള കെട്ടിയോളെയും മക്കളെയും വിട്ട് അവിടെ മറ്റൊരു പെണ്ണൊരുത്തിയെ കൂടെ പൊറുപ്പിക്കുന്നില്ലല്ലോ, അല്ലേ' ഉമ്മ ചോദിച്ചു. 

എനിക്ക് പിഞ്ഞാണപ്പാത്രത്തെക്കുറിച്ചാണെങ്കില്‍ ഓരോരുത്തര്‍ക്കും ഓരോരോ ചിന്തയായിരിക്കുമെന്നോര്‍ത്ത് എനിക്ക് ചിരി വരുന്നുണ്ടായിരുന്നു. കടലിനു മുകളിലെ ഒരു ദിക്കിലെ ആകാശത്തുണ്ടായ ന്യൂനമര്‍ദ്ദത്തിന് അതേ കടലിനു നടുവില്‍ ആയിരത്തോളം മൈല്‍ദൂരെയുള്ള ഒരു ദ്വീപില്‍ ഇത്രയെല്ലാം സൗന്ദര്യങ്ങളും കോലാഹലങ്ങളും സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍ ആ നിര്‍വ്വാതത്തിനെക്കാളും വലിയ വാതായനത്തെ തലച്ചോറിനകത്ത് സൂക്ഷിച്ച് അലഞ്ഞുകൊണ്ടിരിക്കുന്ന ഞാന്‍ ഇനിയും എവിടെയെല്ലാം കൊടുങ്കാറ്റുകളെയും ചുഴലിക്കാറ്റുകളെയും സൃഷ്ടിച്ചേക്കാമെന്നും ആലോചിച്ചു. 

ഇവയൊന്നിനെക്കുറിച്ചുമുള്ള ബോധമില്ലാതെതന്നെ സൈക്കിളിന്റെ അനായാസമായി കറങ്ങുന്ന ചക്രങ്ങളെപ്പോലെ ചലിച്ചുകൊണ്ടിരിക്കണമെന്ന് പഠിപ്പിക്കുന്ന പവിഴദ്വീപിലെ ആയാസരഹിതമായ ജീവിതം. വൈകുന്നേരം മഴ നിന്നാല്‍ വേലിയിറങ്ങുന്ന സമയത്ത് നീരാളി പിടിത്തക്കാരുടെ കൂടെ പോകേണ്ടതുണ്ട്. നീരാളികളെക്കുറിച്ച് ഓര്‍ത്തുകൊണ്ട് വീണ്ടും പെഡല്‍ ചവിട്ടാന്‍ തുടങ്ങി.

ആടിനെയറുക്കുന്ന വയസ്സന്‍ പറഞ്ഞ ചേരമാന്‍ പെരുമാളിന്റെ കഥ

ഒരു കൊടുങ്കാറ്റ് പോയിമറഞ്ഞ് ഇനിയെല്ലാം തെളിഞ്ഞെന്നു കരുതുമ്പോഴേക്കും കടലിന്റെ ഏതോ ഒരു മൂലയില്‍ മൂടിക്കെട്ടിയ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി അതിന്റെ കണ്ണിനു ചുറ്റും കാറ്റിന്റെയലകള്‍ തീര്‍ത്ത്​ പതിയെപ്പതിയെ കൊടുങ്കാറ്റായി ഉരുവം പ്രാപിച്ച് പകലിനെ ഇരുള്‍കൊണ്ട് പുതയ്ക്കു​കയും രാത്രിയെ ഗര്‍ജിക്കുന്ന കടലിന്റെ ശബ്ദമാക്കുകയും ചെയ്തപ്പോള്‍ ഇതെന്താണെന്നും ഞാനെന്തിനാണ് ഇവിടെയെന്നും എങ്ങനെയാണ് ഇവിടെ വന്നെത്തിയതെന്നുമറിയാതെ ഇരുള്‍മഴയിലൂടെ ഒരല്പം ദൂരം നടന്നു വരുന്നു. സഹസ്രാബ്ദങ്ങളായി കൊടുങ്കാറ്റിനോടും കടല്‍ക്ഷോഭത്തോടും മല്ലിട്ട് കിടക്കുന്ന ഈ ദ്വീപുസമൂഹത്തിലേക്ക് ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിയേറിയിരിക്കാന്‍ സാധ്യതയുള്ള ഇവിടുത്തെ മനുഷ്യര്‍ ഇതെല്ലാം സാധാരണയെന്ന മട്ടില്‍ ചിരിച്ച് മുന്നോട്ടുനീങ്ങുന്നു. ഇവരാരും കൂടുതല്‍ സംസാരിക്കാറില്ല, തമാശകള്‍ കൂടുതല്‍ പറയാറുമില്ല. അന്വേഷണങ്ങള്‍ക്ക് ചുരുക്കത്തിലുള്ള മറുപടി പറഞ്ഞ് മുന്നോട്ടു പോകും. എങ്കിലും ഞാന്‍ വിടാതെ എന്റെ അസംഖ്യം ചോദ്യങ്ങള്‍കൊണ്ട് അവരെ പൊറുതിമുട്ടിക്കും. വന്‍കരയിലെ നമ്മളെപ്പോലുള്ള മനുഷ്യരോട് അവര്‍ക്ക് ഒരു തരത്തിലുള്ള നീരസമുള്ളതായി എനിക്ക് തോന്നുന്നു. നൂറ്റാണ്ടുകളായി ഇവിടുത്തെ മനുഷ്യരെ പല കാരണങ്ങള്‍ക്കുവേണ്ടി കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ജനസമൂഹത്തിന്റെ പ്രതിനിധിയായി അവരെന്നെ കാണുന്നുണ്ടായിരിക്കാമെന്ന് ചിന്തിച്ചപ്പോള്‍ അവയെയെല്ലാം വിശദമാക്കുകയെന്നാല്‍ ദുഷ്‌കരമായ ഏകതാനതയിലുള്ള സംഗതിയാണെന്ന് കരുതി ഞാന്‍ മിണ്ടാതിരിക്കുന്നു. 

lakshadweep

ചണ്ഡമാരുതന്റെ ചിറകുപോലെ വീശിയടിക്കുന്ന കാറ്റിന്റെ സമ്മോഹനത്തില്‍പ്പെട്ട് ആടിയുലയുന്ന തെങ്ങിന്‍തലപ്പുകള്‍. കേവലം ഇരുനൂറു മീറ്റര്‍ അകലത്തില്‍ ക്ഷോഭിച്ചുകൊണ്ടിരിക്കുന്ന അറബിക്കടലിന്റെ ശബ്ദം. പാതിരാത്രിയിലെ ചെറുതായി പെയ്യുന്ന ചാറ്റല്‍മഴയത്ത് സൈക്കിളും ചവിട്ടി കടല്‍തീരത്തു ചെന്ന് ഇരിക്കുകയാണ്. ഓരോ നിമിഷവും മിന്നിമറയുന്ന ദീപസ്തംഭത്തില്‍നിന്നുള്ള വെളിച്ചമേറ്റ് ആ ഇരുട്ടില്‍പളപളാ തിളങ്ങുന്ന തിരമാലകള്‍. അടുത്ത് എവിടെനിന്നോ കേള്‍ക്കുന്ന അടക്കിപ്പറച്ചില്‍. മിക്കവാറും ആണ്‍പെണ്‍ ജോഡികളുടെ സ്‌നേഹസല്ലാപങ്ങളായിരിക്കും. എന്റെ ശബ്ദംകേട്ട് ഭയന്ന് അവരവിടെനിന്ന് എഴുന്നേറ്റ് പോകാന്‍ തുനിയുകയാണ്. മിന്നാരത്തില്‍നിന്നുള്ള വെളിച്ചം അവര്‍ രണ്ടുപേരുടെയും ദേഹത്ത് നിമിഷത്തിലൊരിക്കല്‍ പതിയുന്നുണ്ട്. ഒരല്പം ദൂരെ നടന്ന് അവരിരുവരും വേര്‍പിരിയുന്നു. അവന്റെ കഴുത്ത് വലിച്ചടുപ്പിച്ച് അവളവന്റെ ചുണ്ടുകളില്‍ ചുംബിക്കുന്നുണ്ട്. അവനാണെങ്കില്‍ കല്ലുപോലെ നില്‍ക്കുന്നു. മിക്കവാറും അവള്‍ അവിടെനിന്ന് മുന്നോട്ടു ഒറ്റയ്ക്കുതന്നെ നടക്കുകയാണ്. യാതൊരു കൊടുങ്കാറ്റിനെയും കടല്‍ക്ഷോഭത്തെയും ഗൗനിക്കാത്ത മനുഷ്യവാസനയുടെ ഒരു പിടി പ്രേമകാമനകളെന്ന് കരുതി ചെറുതായി നെടുവീര്‍പ്പിട്ട് ഞാനും എഴുന്നേറ്റ് നിന്നു. ദൂരെനിന്ന് കടലിനുമേലെ വിതാനം തീര്‍ത്ത് വന്നെത്തിക്കൊണ്ടിരിക്കുന്ന പെരുമഴയുടെ ചുവടുവെപ്പുകള്‍ ഇരുട്ടത്ത് മണലില്‍ ടപടപായെന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. സൈക്കിളില്‍കയറി ഏതോ ഒരു നാടന്‍പാട്ടും മൂളി ഞാന്‍ പെഡല്‍ചവിട്ടാന്‍ തുടങ്ങി. ഇരുട്ടിലെ മഴയില്‍ വിളക്കുകളില്ലാത്ത വഴിയിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന എന്നെ കാണുന്നവര്‍ക്കൊക്കെയും ഞാനൊരു പ്രേതമായി തോന്നുന്നുണ്ടാകാമെന്നു കരുതി ചിരി വരികയാണ്. ആരും തിരിച്ചറിയാത്ത വഴിയിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കണമെന്ന എന്റെ വളരെ പഴയ ഒരാഗ്രഹം ഇവിടെ ഈ അപരിചതമായ ദ്വീപില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതോര്‍ത്ത് ഉള്ളിന്റെയുള്ളില്‍ കുളിരണിയുകയാണ്.   

"സുമാര്‍ ആയിരത്തിമുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദ്വീപുകള്‍ ഞങ്ങള്‍ക്കും അപരിചിതമായിരുന്നു ’ എന്ന് ഈ ദ്വീപിലെ വൃദ്ധനായ ഒരു പാട്ടുകാരന്‍ കഥ പറഞ്ഞു. എങ്കിലും അടിസ്ഥാനപരമായി അയാളൊരു പാട്ടുകാരനല്ല. ഇവിടെയടുത്ത് മൂന്നു തെരുവുകളും സന്ധിക്കുന്നയിടത്ത് ഒരു തെങ്ങിനടിയില്‍ ചിലപ്പോഴൊക്കെ മൂപ്പെത്തിയ ഒരു ആടിനെയറുത്ത് മുറിച്ച് ഇറച്ചിയാക്കി അയാള്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ തൊഴില്‍പരമായി അദ്ദേഹം അറവുകാരനുമല്ല. വാടകമുറികളുള്ള ഒരു കെട്ടിടത്തിന്റെ ഉടമസ്ഥനാണയാള്‍. കുറച്ചു തെങ്ങുകളും സ്വന്തമായുണ്ട്. കൂടാതെ പണ്ടുകാലത്ത് ദ്വീപുകളില്‍നിന്ന് ദ്വീപുകളിലേക്ക് പായക്കപ്പലില്‍ മണിച്ചരക്കുമായി സഞ്ചരിച്ച് കച്ചവടം ചെയ്തു ജീവിക്കുമായിരുന്നു. അതിനാല്‍ അദ്ദേഹം ഒരു വ്യാപാരി കൂടിയാണ്. അര്‍ദ്ധനഗ്‌നമായ ശരീരം. ഒരു കഷ്ണം മുണ്ട്. മുഖത്ത് വിരല്‍നീളത്തില്‍ വെള്ളത്താടി. അരയില്‍വെള്ള അരപ്പട്ടയും മുണ്ടില്‍കൊരുത്ത താക്കോല്‍ക്കൂട്ടങ്ങളും. ഇയാളുടെ കൈവിരലുകള്‍ എല്ലായ്‌പ്പോഴും എന്തൊക്കെയോ എണ്ണിക്കൊണ്ടിരിക്കുന്നതുപോലെ വിറച്ചുകൊണ്ടിരിക്കുകയും തലയാണെങ്കില്‍ എന്തൊക്കെയോ കണക്കു കൂട്ടുന്നതുപോലെ ആടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. "എന്നെ കണ്ടാല്‍ ഞാനൊരു പിശുക്കനായ കിഴവനെന്നാണ് ഇവിടെയുള്ളവരെല്ലാം കരുതുന്നത്, പക്ഷേ സത്യമായിട്ടും ഞാന്‍ എന്താണെന്ന കാര്യം ഈ ദ്വീപില്‍ ആര്‍ക്കുമറിയില്ല' എന്ന് അയാള്‍ ചിരിക്കുന്നു.  

അദ്ദേഹം അടുത്തു തന്നെയുള്ള മറ്റൊരു ദ്വീപുകാരനാണ്. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി പുതിയ ഭാര്യയോടൊപ്പം ഇവിടെ ജീവിക്കുകയാണ്. "ആ ദ്വീപിലെ എന്റെ ആദ്യഭാര്യ തന്റെ ജീവനെക്കാളും എന്നെ സ്‌നേഹിച്ചിരുന്നു. പതിനെട്ട് വര്‍ഷത്തോളം അവളെനിക്ക് വേണ്ടി കാത്തിരുന്നു. അതുകഴിഞ്ഞ് ഞാന്‍ തന്നെ അവളുടെ അടുത്ത് ചെന്ന് എനിക്കായി കാത്തിരിക്കേണ്ടതില്ലെന്നും മറ്റൊരു വിവാഹം ചെയ്ത് ജീവിക്കണമെന്നും പറഞ്ഞ് മുന്നില്‍ നിന്നുകൊണ്ട് കല്യാണം നടത്തി തിരിച്ചുപോന്നു. അവളുടെ കൂടെ എന്റെ മകനുണ്ട്. പുതിയ ബന്ധത്തിലും അവള്‍ക്ക് മക്കളുണ്ടായിട്ടുണ്ട്. എല്ലാവരും എപ്പോഴെങ്കിലും ഒരിക്കല്‍ വന്നു കണ്ട് മടങ്ങുന്നു. അവളെന്നെ ജീവനെക്കാളും സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഇവളെന്നെ പ്രാണനെക്കാളും കൂടുതലായി സംരക്ഷിക്കുന്നു' എന്ന് തന്റെ രണ്ടാമത്തെ ഭാര്യയെ അയാള്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടാമത്തെ കെട്ടിയോള്‍ക്കും വയസ്സായിട്ടുണ്ട്. ഒന്നും മനസിലാകാത്തതുപോലെ എന്നാല്‍ എന്തോ ഒന്ന് മനസിലായതുപോലെ തലയിലെ തട്ടംകൊണ്ട് മുഖം മറച്ച് നാണിക്കുന്നു. ഈ വയസ്സിലും നാണിക്കുന്ന രണ്ടാമത്തെ കെട്ടിയോളോട് "ഹേയ്, സാറിനൊരു കട്ടന്‍ചായ ഉണ്ടാക്കിക്കൊട്...' എന്ന് അയാള്‍ കല്‍പിച്ചു.

ld"ജീവനെക്കാളും കൂടുതല്‍ സ്‌നേഹിച്ച ഭാര്യയെ ഒഴിവാക്കി പ്രാണനെക്കാളും ഏറെ പരിപാലിക്കുന്ന ഇവരെ എന്തിനാണ് കല്യാണം കഴിച്ചത്' എന്ന് യാതൊരു സങ്കോചവുമില്ലാതെ ഞാന്‍ ചോദിച്ചു. "അക്കഥ പിന്നീട്. ആദ്യം ഞങ്ങള്‍ ഈ ലക്ഷദ്വീപിലേക്ക് കുടിയേറിയതിനെക്കുറിച്ചുള്ള കഥ പറയാം. കേള്‍ക്ക്' എന്ന് അയാള്‍ തുടരുന്നു.

"ഏകദേശം ആയിരത്തിമുന്നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ കൊടുങ്ങല്ലൂരില്‍ ചേരമാന്‍ പെരുമാളെന്നു പേരുള്ള രാജാവുണ്ടായിരുന്നു. ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ പ്രജകളായിരുന്നു. വളരെ നല്ല രാജാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പത്‌നിയായ മഹാറാണി വളരെ സുന്ദരിയായിരുന്നു. അദ്ദേഹം വെറുമൊരു രാജാവായിരുന്നില്ല. രാജാധിരാജന്‍. അദ്ദേഹത്തിന്റെ ഇംഗിതമില്ലാതെ മറ്റേതൊരു രാജാവിന്റെ ഉത്തരവും പ്രാബല്യത്തില്‍ വരില്ലായിരുന്നു. മഹാറാണിയും അങ്ങനെത്തന്നെ. രാജാവ് അവരുടെ മുഖത്തേക്കല്ലാതെ മാറ്റേതൊരു പെണ്ണിന്റെ നേര്‍ക്കും നോക്കില്ലായിരുന്നു. അത്രയും മനോഹരിയായിരുന്നു മഹാറാണി. എന്നാല്‍ ചന്തമുള്ള പല്ലുകള്‍ക്കിടയില്‍കേടായ ഒരു പല്ലുമുണ്ടായിരിക്കും എന്നു പറയുന്നതുപോലെ അവരിലും ഒരു കോട്ടമുണ്ടായിരുന്നു.' എന്ന് അയാള്‍ ഒരു രഹസ്യച്ചിരി ചിരിച്ചു. അതുപോലുള്ള ദോഷങ്ങളെക്കുറിച്ച് മഹാജ്ഞാനമുളളവനെപ്പോലെ ഞാനും ഒന്നു ചിരിച്ചു. അയാളും അര്‍ത്ഥഗര്‍ഭമായി എന്റെ കൈപിടിച്ച് ഇറുക്കി. അപ്പോഴും നടുങ്ങുന്നുണ്ടായിരുന്ന അയാളുടെ വിരലുകള്‍. 

ആ ചേരമാന്‍ പെരുമാളിന്റെ സൗന്ദര്യവതിയായ മഹാറാണിക്ക് മഹാരാജാവിന്റെ ഒരു മന്ത്രിയോട് തടുത്തുനിറുത്താന്‍ കഴിയാത്ത പ്രണയം. മന്ത്രിക്കാണെങ്കില്‍ രാജാവിനെ കണ്ടാല്‍ തന്നെ വിറയ്ക്കുംവിധം ഭയം.  മഹാറാണി ശല്യം ചെയ്യുകയും അപേക്ഷിക്കുകയും കണ്ണീരൊലിപ്പിക്കുകയും ചെയ്‌തെങ്കിലും മന്ത്രിക്ക് അലിവ് തോന്നിയില്ല. ഒടുവില്‍ ഹതാശയായ മഹാറാണി മന്ത്രിക്കെതിരായി രാജാവിനോട് പരാതി പറഞ്ഞു. "താങ്കള്‍ നായാട്ടിന് പോയ സമയത്ത് മന്ത്രി എന്റെ ചാരിത്ര്യം നശിപ്പിക്കാന്‍ ശ്രമിച്ചു' എന്ന് രാജാവിനോട് അവര്‍ ആവലാതിപ്പെട്ടു. കോപത്താല്‍ വിറപൂണ്ട രാജാവ് മൂന്നു തെരുവുകള്‍ സന്ധിക്കുന്ന സ്ഥലത്തുവെച്ച് മന്ത്രിയുടെ തല കൊയ്യാന്‍ ആജ്ഞാപിച്ചു.

ഏതാനും നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ തല ഛേദിക്കപ്പെടാനിരിക്കെ പശ്ചിമദിക്കിലെ ആകാശത്ത് ഒരു നക്ഷത്രം പൊട്ടിച്ചിതറി ഒരു കഷ്ണം താഴേക്ക് വന്നു. അതില്‍നിന്ന് നൂലുകൊണ്ടുള്ള ഒരു ഏണി താഴെയിറങ്ങി വന്ന് മന്ത്രിയെ മേലേക്കുയര്‍ത്തിക്കൊണ്ടു പോവുകയും നക്ഷത്രങ്ങള്‍ക്ക് നടുവിലിരുത്തി അപ്രത്യക്ഷമാവുകയും ചെയ്തു. എവിടെനിന്നോ രാജനെ വിരക്തി പിടികൂടി. ആ സമയത്തുതന്നെ അറബിനാട്ടില്‍നിന്നു വന്ന ഒരു പായക്കപ്പല്‍ കോഴിക്കോട് തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. തന്റെ ഭടന്‍മാരെ വിളിച്ച് ആറടി നീളവും മൂന്നടി വീതിയുമുള്ള ഒരു പെട്ടിയുണ്ടാക്കി ആ കപ്പലില്‍ രഹസ്യമായി ഒളിപ്പിച്ചു വെക്കാന്‍ ചേരമാന്‍ പെരുമാള്‍ കല്പിച്ചു. ഇരുള്‍മൂടിയ നേരത്ത് അദ്ദേഹം ആ കപ്പലില്‍ നുഴഞ്ഞുകയറി പെട്ടിക്കുള്ളിലൊളിച്ചു. പായയും നിവര്‍ത്തി കോഴിക്കോടുനിന്നു അറബ് ദേശത്തേക്ക് പുറപ്പെട്ട കപ്പല്‍ അവിടെ ചെന്നെത്തുകയും ചേരമാന്‍ പെരുമാള്‍ വിശുദ്ധ മക്കയിലണയുകയും ചെയ്തു. ആ സമയത്ത് പുണ്യപുരുഷനായ മുഹമ്മദ് നബി ഭരണം നടത്തുകയായിരുന്നു. നബിയുടെ പാദങ്ങളില്‍ വീണ ചേരമാന്‍ പെരുമാള്‍ മഹാറാണി പ്രവര്‍ത്തിച്ച വഞ്ചനയുടെ കഥ പറയുകയും ആകാശത്തൊരു നക്ഷത്രം പൊട്ടിത്തെറിച്ച് അതിലൊരു കഷ്ണം താഴെയിറങ്ങി വന്നതിനെക്കുറിച്ച് വിവരിക്കുകയും തനിക്ക് മോക്ഷം നല്‍കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. 

ഇവിടെ കൊടുങ്ങല്ലൂരില്‍ രാജാവില്ലാതെ കുഴപ്പത്തിലായ പ്രജകളെല്ലാം അദ്ദേഹത്തെയും തിരഞ്ഞുകൊണ്ട് കരമാര്‍ഗവും ജലമാര്‍ഗവും നാനാദിക്കിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി. "അങ്ങനെ അറബിക്കടലിലൂടെ സഞ്ചരിച്ച് പടിഞ്ഞാറന്‍ ദിക്കിലേക്ക് പായക്കപ്പലില്‍ കയറി പുറപ്പെട്ട് വഴിയില്‍കൊടുങ്കാറ്റില്‍പ്പെട്ട് ഭക്ഷണമില്ലാതെ വലഞ്ഞ് ഒടുവില്‍ ജലസരോവരത്തിന് നടുവിലുള്ള താങ്കളിപ്പോള്‍ ഓടിക്കളിച്ചുകൊണ്ടിരിക്കുന്ന ദ്വീപുസമൂഹത്തില്‍ആയിരത്തിമുന്നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിപ്പെട്ടവരാണ് ഞങ്ങള്‍' എന്ന് അയാള്‍ കഥ തുടര്‍ന്നു.

അപ്പോഴേക്കും അയാളുടെ രണ്ടാമത്തെ കെട്ടിയോള്‍ ഭൂരിഭാഗം മുഖവും തട്ടംകൊണ്ട് മറച്ച് ചായയും പലതരത്തിലുള്ള പലഹാരങ്ങളും കൈയ്യിലേന്തി വന്ന് ടേബിളിന് മുകളില്‍വെച്ച് തിരിച്ചു നടന്ന് വീടിനകത്ത് മറഞ്ഞു. അവര്‍വന്നു പോയതിനുശേഷം അവിടെ ഒരുതരത്തിലുള്ള പരിമളം പരന്നു. അയാളൊരുതവണ മിഴിയടച്ച് തുറന്ന് "എന്നെ പ്രാണനെക്കാളും നോക്കുന്നുണ്ടിവള്‍' എന്നു പറഞ്ഞ് വീണ്ടുമൊരു പ്രാവശ്യം കണ്ണടച്ചു. എല്ലാവരും ഇയാളെ ആടിനെയറുത്ത് കാശുണ്ടാക്കുന്ന കിഴവനെന്ന് വിളിക്കുമ്പോള്‍ ഇയാള്‍ രണ്ടാമത്തെ കെട്ടിയോളുടെ സുഗന്ധത്തില്‍ മുഴുകി കണ്ണുമടച്ച് കവിയെപ്പോലെ ധ്യാനിച്ചുകൊണ്ടിരിക്കുന്നു. തന്റെ ആദ്യഭാര്യയെ അയാള്‍ത്യജിക്കാന്‍ ബലമായ എന്തോ കാരണമുണ്ടെന്ന് ഞാന്‍ ആലോചിക്കുന്നതിനു മുമ്പുതന്നെ ചേരമാന്‍ പെരുമാളിന്റെ കഥ പറഞ്ഞ് അയാള്‍ എന്റെ വായയടപ്പിച്ചു.

ldഞാന്‍ ഇദ്ദേഹത്തിന്റെയടുക്കലേക്ക് വരാനുള്ള കാരണം മറ്റൊന്നാണ്. മണിച്ചരക്കുകളുമായി പായക്കപ്പലിലൂടെ സഞ്ചരിച്ച് കച്ചവടം ചെയ്തിരുന്ന ഇയാള്‍ ഏകദേശം അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗലാപുരത്തെ പഴയ തുറമുഖത്തേക്കും വന്നിരുന്നുവത്രെ. അങ്ങനെ വന്ന ഇയാളുടെ പായക്കപ്പല്‍ ഇതുപോലെയൊരു കൊടുങ്കാറ്റില്‍പ്പെട്ട് ഗതി മാറി ദിക്കും ദിശയും തെറ്റി മാസങ്ങളോളം അലഞ്ഞുതിരിഞ്ഞതിനൊടുവില്‍ ബേപ്പൂര്‍ തുറമുഖത്ത് വന്നണഞ്ഞത്രെ. വിശപ്പ് സഹിക്കാന്‍ കഴിയാത്ത സഹവ്യാപാരികള്‍ കരയടുക്കുന്നതിനു മുമ്പേ കപ്പലുമുപേക്ഷിച്ച് പലകകളുമായി വെള്ളത്തില്‍ ചാടുകയും കര ലക്ഷ്യമാക്കി നീന്തി മറഞ്ഞു പോവുകയും ചെയ്തു. അങ്ങനെ അപ്രത്യക്ഷരായവരില്‍ ഞാന്‍ തേടിവന്നിരിക്കുന്ന പിഞ്ഞാണപ്പാത്രത്തിന്റെ ഉടമയായ മൊല്ലാക്കയും ഉണ്ടായിരുന്നിരിക്കാമെന്നത് എന്റെ ഊഹമായിരുന്നു. ആ അറുപത് വര്‍ഷം മുമ്പ് നടന്ന സംഭവത്തെയും മൊല്ലാക്കയുടെ ജീവിതകഥയെയും ചേര്‍ത്തുവെച്ചു നോക്കുമ്പോള്‍ എവിടെയോ അവ തമ്മിലൊരു പൊരുത്തമുള്ളത് കണ്ട് ഞാന്‍ ഇയാളുടെ പിറകെ നടക്കുന്നു. അതേക്കുറിച്ച് യാതൊരു സൂചനയുമറിയാത്ത ഇദ്ദേഹം തന്റെ ജീവിതകഥയും ചേരമാന്‍ പെരുമാളിന്റെ വൃത്താന്തവും പറഞ്ഞു തന്നു. 

അഷ്ടമി രാത്രിയിലെ ചന്ദ്രനും കടലൊച്ചുകളുടെ പ്രേമകഥകളും

പടിഞ്ഞാറന്‍ കടലില്‍ പാതിരാത്രിയും കഴിഞ്ഞ് അഷ്ടമിയിലെ ചന്ദ്രന്‍ അസ്തമിക്കുന്നത് കാണാന്‍ വന്നിരിക്കുകയാണ്. ആരുമില്ലാത്ത കടല്‍. വെളളമണലില്‍ കൂമ്പാരം കൂട്ടിയും കുഴികളുണ്ടാക്കി അതിനകത്തേക്ക് പോയും വന്നുംകൊണ്ട് റൗഡിപ്പിള്ളേരെപ്പോലെ അലഞ്ഞു തിരിയുന്ന ഞണ്ടുകള്‍ എന്റെ കാലൊച്ച കേട്ട് ലാത്തിയടി പേടിച്ചോടുന്നവരെപ്പോലെ ദിശതെറ്റി ഓടുന്നുണ്ടായിരുന്നു. ഒരുപക്ഷേ മനുഷ്യപാദങ്ങള്‍ കടല്‍തീരത്ത് ചുവടുവെക്കാത്ത നേരത്തായിരിക്കാം അവ വന്നത്. മനുഷ്യവ്യവഹാരങ്ങളെല്ലാം കഴിഞ്ഞ് കടല്‍ശാന്തമായതിനുശേഷം ആരംഭിക്കുന്ന ജലജീവികളുടെ വ്യവഹാരങ്ങള്‍. വെള്ളത്തിലും കരയിലും ജീവിക്കുന്ന ഈ ജീവികള്‍ തീരത്തുനിന്നും മനുഷ്യര്‍ പിന്‍വാങ്ങുമ്പോള്‍ പ്രത്യക്ഷപ്പെടുന്നു. ചിലവ വേഴ്ചയ്ക്കായി, മറ്റു ചിലത് സന്താനോത്പാദനത്തിനായി, വേറെ കുറെയെണ്ണം മറ്റു ജീവികളുടെ ആക്രമണങ്ങളില്‍നിന്ന് രക്ഷപ്പെട്ടു വന്ന് കുറച്ചുനേരം സമാധാനമായി കഴിയാനായി. മറ്റൊരു ജോലിയുമില്ലാത്തതുകൊണ്ട് എട്ടാം രാത്രിയിലെ ചന്ദ്രന്‍ പടിഞ്ഞാറന്‍ അതിരില്‍ അദൃശ്യമാകുന്നത് കാണാനായാണ് ഞാനിവിടെ വന്നിരിക്കുന്നത്. 

കടല്‍കന്യയുടെ അര്‍ദ്ധനഗ്‌നമായ സ്തനംപോലെ കാണപ്പെട്ടിരുന്ന ഇളംചുവപ്പുനിറത്തിലുള്ള ചന്ദ്രന്‍ കരാള ഹസ്തവും നീട്ടിക്കൊണ്ടു കിടക്കുന്ന തിരശ്ശീലയിട്ട ഒരു മേഘത്തിന്റെ വിടവുകള്‍ക്കിടയിലൂടെ തെളിഞ്ഞും മറഞ്ഞും കബളിപ്പിക്കുന്നുണ്ടായിരുന്നു. എന്നാലും നാണിച്ചുകൊണ്ട് വെളിപ്പെട്ടിരുന്ന അതിന്റെ മോഹിപ്പിക്കുന്ന നിറം കണ്ട് വശംവദനായ ബാലനെപ്പോലെ ഞാന്‍ തീരത്തൂടെ നടക്കുകയായിരുന്നു. കാലുകള്‍ക്കിടയിലൂടെ ഓടിക്കൊണ്ടിരുന്ന കടല്‍ ഞണ്ടുകളുടെ സംഘം. ആകാശത്ത് അനന്തമായി വ്യാപിച്ചുകിടക്കുന്ന നക്ഷത്രങ്ങള്‍. ദൂരെയെവിടെയോ നിര്‍ത്തിയിട്ടിരിക്കുന്ന മീന്‍തോണിയില്‍നിന്ന് മിന്നിത്തിളങ്ങുന്ന നീലവര്‍ണ്ണത്തിലുള്ള വിളക്ക്. 

ld

കാല്‍ച്ചുവട്ടില്‍ മണലിലൂടെ ഒരു കടലൊച്ച് (ശംഖ്) വേച്ചുവേച്ചു നടന്നു പോകുന്നുണ്ടായിരുന്നു. അമ്പലങ്ങളിലും പൂജാമുറികളിലും പൂജാരികളുടെയും സാധു സന്യാസിമാരുടെയും കൈകളില്‍ ഓംകാരനാദം പുറപ്പെടുവിക്കുന്ന ശംഖുകളെ കണ്ടിട്ടുള്ള എനിക്ക് ജീവനുള്ള ഒരു ശംഖ് മണലിലൂടെ തന്റെ കാലുകളും വലിച്ച് വേച്ചുവേച്ചു നടന്ന് രാത്രിയുടെ ഈ അന്ത്യയാമത്തില്‍ എങ്ങോട്ടോ പുറപ്പെട്ടിരിക്കുന്നതു കണ്ട് തമാശ തോന്നി. പോകുന്ന മദ്ധ്യേ ഞണ്ടുകളുണ്ടാക്കിയ കുഴികളില്‍ അത് വീഴുന്നുണ്ടായിരുന്നു. മുകളിലേക്ക് കയറി തന്റെ ലക്ഷ്യസ്ഥാനത്തേക്ക് അത് വീണ്ടും ചലിക്കുന്നുണ്ടായിരുന്നു. അതിന്റെ ശംഖുകവചത്തിനകത്തുനിന്ന് ഇടയ്ക്കിടെ പുറത്തേക്ക് നീട്ടുന്ന സൂക്ഷ്മ സംവേദികളായ മീശകള്‍. കറുത്ത പൊട്ടുപോലെ തീരെ ചെറിയ കണ്ണുകള്‍. കവചത്തിനുള്ളില്‍നിന്ന് പുറത്തേക്കുനീണ്ട ചലിച്ചുകൊണ്ടേയിരിക്കുന്ന കാലുകള്‍. എന്നിലൊരു സംശയമുണര്‍ന്നു. ഇത് കടലൊച്ചു തന്നെയാണെന്ന് എങ്ങനെ തീര്‍ച്ചപ്പെടുത്താന്‍പറ്റും? ബുദ്ധിശാലിയായ ഒരു ഞണ്ട് ശംഖിനകത്ത് കയറിയൊളിച്ച് ശത്രുക്കളില്‍നിന്ന് രക്ഷപ്പെട്ട് ഏതോ ഗുപ്തമായ കാര്യത്തിനുവേണ്ടി വേഷപ്രച്ഛന്നനായി ഉലാത്തുന്നതായിക്കൂടെയെന്നും എനിക്ക് തോന്നി. എനിക്കും വേറെ ജോലിയൊന്നുമില്ല. അത് നൂറു ചുവടുകള്‍വെക്കുമ്പോള്‍ ഞാന്‍ ഒരു ചുവടു വെച്ചാല്‍മാത്രം മതി. അതിന്റെ നിശാസഞ്ചാരത്തിന്റെ പൊരുള്‍ വെളിപ്പെടുകയാണ്. വെറുതെ ടോര്‍ച്ചടിച്ച് അതിനെ പിന്തുടരാന്‍തുടങ്ങി. ടോര്‍ച്ചിന്റെ തുളയ്ക്കുന്ന വെളിച്ചമേറ്റപ്പോള്‍ അമ്പരന്നുപോയ ആ ജീവി നിമിഷനേരത്തേക്ക് കുഴങ്ങിയെങ്കിലും വീണ്ടും തന്റെ ലക്ഷ്യത്തിലേക്ക് വേച്ചുവേച്ച് നീങ്ങി.

ഏതോ രഹസ്യമായ രാഷ്ട്രീയകാരണമൊന്നുമല്ല മറിച്ച് എന്തോ സ്വകാര്യവും അടിയന്തിരവുമായ ജോലിയുണ്ടായിരിക്കാമെന്ന് തോന്നി. നിനച്ചതുപോലെത്തന്നെ സംഭവിച്ചു. രണ്ടു ചുവടുകള്‍വെക്കുമ്പോഴേക്കും അതിന്റെ ദേഹപ്രകൃതിക്ക് പകുതി വലിപ്പമുള്ള മറ്റൊരു കടലൊച്ച് അതെവിടെനിന്നോ ഒരു കുഴിയില്‍നിന്ന് പുറത്തേക്ക് വന്ന് ഇതിനെ അനുഗമിക്കാന്‍തുടങ്ങി. മുന്നില്‍ ഗമിച്ചിരുന്ന കടലൊച്ച് തന്റെ നടത്തത്തിന്റെ വേഗത കുറച്ച് മണലില്‍ വീണുകിടന്നിരുന്ന തെങ്ങോല തന്റെ മുന്‍ഭാഗത്തെ തൊട്ടുരുമ്മി അവിടെത്തന്നെ നിന്നു. പിറകില്‍നിന്ന് പിന്തുടര്‍ന്നിരുന്ന ചെറിയ കടലൊച്ച് ദ്രുതഗതിയില്‍ അതിന്റെ പുറത്തുകയറി അതിനെക്കാളും വേഗതയില്‍ ഊര്‍ജസ്വലമാവുകയും അങ്ങനെത്തന്നെ അവിടെനിന്ന് നിലത്തേക്ക് ഉരുണ്ടുവീണ് നിശ്ചലമായി ചുരുണ്ടുകിടക്കുകയും ചെയ്തു. അല്പം മുന്നോട്ട് നടന്ന വലിയ കടലൊച്ച് സ്വയവും ഉണര്‍വറ്റ് മറ്റൊരു കുഴിയിലേക്ക് വീണു.

ആയിരം നാഴിക ദൂരത്തോളം നീലക്കടലിന് നടുവിലായി മണ്‍കൂനകളെപ്പോലെ വ്യാപിച്ചു കിടക്കുന്ന ഈ ദ്വീപുകളിലെ മണല്‍പരപ്പിനു മീതെ ജലജീവികളെപ്പോലും വിട്ടൊഴിയാത്ത വ്യാമോഹങ്ങള്‍. ഒരുപക്ഷേ നൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച് തന്റെ പുറന്തോടിനെ കടലില്‍ ഉപേക്ഷിച്ച് പരമാത്മാവില്‍ ലയിച്ചുചേര്‍ന്ന കടലൊച്ചിന്റെ ശംഖിനകത്ത് ഒളിച്ചുകൊണ്ട് പ്രച്ഛന്നവേഷധാരികളായി വന്നിരിക്കുന്ന ഒരു പെണ്‍ഞണ്ടും ഒരാണ്‍ഞണ്ടും. ചുറ്റിലും ഉലാത്തിക്കൊണ്ടിരിക്കുന്ന മറ്റു ഞണ്ടുകളില്‍നിന്ന് രക്ഷപ്പെട്ട് തങ്ങളുടെ പ്രണയത്തെ ദ്രുതഗതിയില്‍ പ്രകാശിപ്പിച്ച് അചേതനരായി ശംഖുകളോടൊപ്പം അവ വീണുകിടക്കുന്നു. "നൈമിഷികമായ ഐഹീക സുഖത്തിനുവേണ്ടി ലോകബോധത്തെയും ഇസ്​ലാമിനെയും ഈമാനിനെയും ഫര്‍ദ് സുന്നത്തുകളെയും വരാനിരിക്കുന്ന ഖിയാമത്ത് നാളിനെയും അതിനുശേഷമുള്ള ജന്നത്ത് എന്ന സ്വര്‍ഗത്തിലെ സുഖത്തെയും ജഹന്നം എന്ന നരകത്തിലെ ശിക്ഷയെയും നീ മറക്കാന്‍പാടില്ല ഇബിലീസേ ...' എന്നു പറഞ്ഞ് കുട്ടിക്കാലത്ത് എന്നെ ഖുര്‍ആന്‍ പഠിപ്പിച്ച മൊല്ലാക്ക തന്റെ കൈയ്യിലുള്ള നേരിയ ചൂരല്‍വടിയുടെ മുനയാല്‍ എന്റെ കക്ഷത്തില്‍ കുത്തുകയും കണ്ണുരുട്ടുകയും ചെയ്തിരുന്നു. ഗൗരവമല്ലാത്ത തെറ്റിന് നല്കിയ ശിക്ഷയായിരുന്നു അത്.  ഗൗരവമായ തെറ്റിന് ചെവി പിടിച്ച് രണ്ടു തവണ തിരിക്കലായിരുന്നു ശിക്ഷ. അങ്ങനെ കാര്യമായ തെറ്റൊന്നും ഞാന്‍ ചെയ്തിരുന്നില്ല. ചെയ്ത ആ തെറ്റെന്താണെന്ന് ഇപ്പോള്‍ ഓര്‍മയുമില്ല. അത് എവ്വിധത്തിലുള്ള ഐഹീക സുഖമാണെന്നും മനസ്സിലാകുന്നുമില്ല. മിക്കവാറും ഖുര്‍ആന്‍ ഈണത്തോടെ വായിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ എന്തൊക്കെയോ ആലോചിച്ചുകൊണ്ട് കുടുകൂടാ ചിരിച്ചതുകൊണ്ടതിനാലായിരിക്കാം അങ്ങനെ ചെയ്തത്. എന്തോര്‍ത്താണ് ചിരിച്ചതെന്നും ഓര്‍മയില്‍ ഇപ്പോള്‍ വിളങ്ങുന്നില്ല.

തുലഞ്ഞു പോകട്ടെ. ഓര്‍മയുണ്ടെങ്കില്‍തന്നെ അതെല്ലാം ഇവിടെ പങ്കുവെക്കേണ്ട ആവശ്യമില്ലല്ലോ. ആ വയസ്സില്‍ കാണാന്‍ പാടില്ലാത്തതെന്തോ കണ്ട് ഖുര്‍ആന്‍ വായിക്കുന്ന സമയത്ത് അതേകുറിച്ച് ഓര്‍ത്തിരിക്കണം! അതിനുതന്നെയാണ് ക്ഷണികനേരത്തെ ഐഹീക സുഖത്തിനായി ലഭിക്കുന്ന സരളമായ നരകശിക്ഷയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിനായി അപ്പോള്‍മാത്രം രോമം മുളയ്ക്കുന്നുണ്ടായിരുന്ന എന്റെ കക്ഷത്തില്‍ ചെറുപ്പത്തില്‍ മൊല്ലാക്ക ചൂരലുകൊണ്ട് കുത്തിയത്. ഹാ! ഇപ്പോള്‍ ഓര്‍മവന്നു. ഖുര്‍ആന്‍ വായിക്കുമ്പോള്‍ ഈ കക്ഷത്തിലെ രോമത്തെ ഓര്‍ത്താണ് പൊടുന്നനെ ഞാന്‍ ചിരിച്ചത്. നോക്കിയത് ഞാന്‍ മാത്രമായിരുന്നില്ല. തൊട്ടടുത്തിരുന്ന് ഖുര്‍ആന്‍ വായിക്കുമ്പോലെ നടിച്ചുകൊണ്ടിരുന്ന അയല്‍ക്കാരിയായ ആമിനയും എന്റെ കക്ഷത്തിലെ രോമം കണ്ട് ചിരിച്ചു. കൂടാതെ തനിക്കും വന്നിട്ടുണ്ടെന്ന് അതും അവളെനിക്ക് കാണിച്ചു തന്നു. ഞങ്ങളിരുവരും തമ്മില്‍ തമ്മില്‍ ഇങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങളുടെയടുക്കലേക്ക് ചൂരല്‍വടിയുമായി വന്ന മൊല്ലാക്ക ഇത് കാണുകയും ഞങ്ങള്‍ രണ്ടുപേര്‍ക്കും തക്കശിക്ഷയും നല്‍കുകയും ചെയ്തു. അടിയും വാങ്ങി ഖുര്‍ആന്‍ വായിക്കാനായി തുടങ്ങുമ്പോള്‍ വീണ്ടും അവയെല്ലാമോര്‍ത്തുകൊണ്ട് കുടുകൂടാ ചിരിച്ചു. അന്നേരമാണ് നൈമിഷികമായ ഐഹീക സുഖത്തെക്കുറിച്ച് പറഞ്ഞ് വീണ്ടും ശിക്ഷിച്ചത്. 

ഇപ്പോള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്‍ഗാമികളുടെ നാടായ കടലിന് നടുവിലുള്ള ദ്വീപുസമൂഹങ്ങളില്‍ ഒന്നായ ഈ ചെറിയൊരു ദ്വീപിലെ മണല്‍പരപ്പില്‍ മനുഷ്യരെല്ലാവരും ഉറങ്ങിക്കഴിഞ്ഞ്, അന്ത്യയാമത്തില്‍ അഷ്ടമിയിലെ ചന്ദ്രനും പടിഞ്ഞാറന്‍ സീമയില്‍ മറഞ്ഞ്, കല്ലും വെള്ളവും അലിയുന്ന ആ സമയത്ത് തിരയൊലിയുടെ പശ്ചാത്തലത്തില്‍ നൂറുകണക്കിന് കടലൊച്ചുകളും ഞണ്ടുകളും പലതരത്തിലും പലവര്‍ണങ്ങളിലുമുള്ള ഇനിയും തിരിച്ചറിയാത്ത കവടി വര്‍ഗങ്ങളും കടല്‍തീരത്ത് ഐഹീക സുഖത്തില്‍ മുഴുകുകയാണ്. എന്തുകൊണ്ടോ മൊല്ലാക്കയുടെ ഓര്‍മകള്‍ കടന്നുവന്നപ്പോള്‍ നിമിഷനേരത്തേക്ക് ഞാന്‍ കണ്ണടച്ചു. തുറന്നു നോക്കിയപ്പോള്‍ ആകാശത്ത് ആയിരം കോടി നക്ഷത്രങ്ങള്‍ മാനത്തെയെല്ലാം അങ്കണമാക്കിക്കൊണ്ട് അത്യുന്നതമായ അലൗകീകതയില്‍ ധ്യാനലീനരായിരിക്കുന്നതുപോലെ മിന്നിവിളങ്ങുന്നുണ്ടായിരുന്നു. മറ്റൊരു തവണ മിഴിയടച്ച് തുറന്നപ്പോള്‍ അവളും നക്ഷത്രങ്ങള്‍ക്കിടയിലിരുന്ന് കുടുകുടാ ചിരിക്കുന്നുണ്ടായിരുന്നു. എന്റെ ബാല്യകാല കഥകളെല്ലാം കേട്ടുംകൊണ്ട് ഇടയ്ക്കിടെ പൊട്ടിച്ചിരിച്ചിരുന്ന എന്റെ ആത്മസഖി. നരകത്തിലെ കരാളമായ യാതനകളെയെല്ലാം ജീവിക്കുമ്പോള്‍ തന്നെ അനുഭവിച്ച് ഇനി ഈ നരകം അവസാനിച്ചെന്ന് പറഞ്ഞ് സുരക്ഷിതമായി അവള്‍ ആകാശത്ത് ചെന്നണഞ്ഞു. അവിടെയിരുന്ന് എല്ലാമോര്‍ത്തുകൊണ്ട് അവള്‍ പൊട്ടിച്ചിരിക്കുണ്ടായിരുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നതുതന്നെ അപമാനമാണെന്നപോലെ അവള്‍ അവിടെയിരുന്നുകൊണ്ട് ചിരിക്കുന്നതായി എനിക്കത് കണ്ടപ്പോള്‍ തോന്നി. "എന്റേത് എല്ലാം കഴിഞ്ഞു മോനേ... നീ ഇനിയെല്ലാം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ' എന്നപോലെ ചിരിച്ചിരുന്ന അവളുടെ ഭ്രാന്തന്‍ചിരി. വീണ്ടും കണ്ണടച്ചു തുറന്ന് ക്യാമറ സഞ്ചിയിലാക്കി ആ നിര്‍ബാധമായ രാത്രിയില്‍ നടക്കാന്‍ തുടങ്ങി. കടലിന്റെ വെള്ളമണല്‍ തീരത്ത് ഉഭയജീവികള്‍വീണ്ടും അവരുടെ കര്‍മ്മങ്ങള്‍ തുടരുന്നുണ്ടായിരുന്നു. "കണ്ടതിനെയും അനുഭവിച്ചതിനെയുമെല്ലാം രേഖപ്പെടുത്തിക്കൊണ്ട് ജീവിക്കുന്ന എഴുത്തുകാരന്റെ ജീവിതം നരകവുമാണ് സ്വര്‍ഗവുമാണ്' എന്ന് എന്റെയൊരു കഥ കേട്ട ശേഷം അവള്‍ പറഞ്ഞിരുന്നു. 

അത് കുട്ടിയായിരിക്കുമ്പോള്‍ എന്നെ സുന്നത്ത് ചെയ്ത കഥ. ടൗണില്‍ ക്ഷൗരക്കട നടത്തിയിരുന്ന ഒസാന്‍കാക്ക എന്നറിയപ്പെട്ടിരുന്ന ക്ഷുരകന്‍ ഒരു ദിവസം ഉച്ചയ്ക്ക് വലിയൊരു കല്യാണം പോലുള്ള ഒച്ചപ്പാടിനിടെ ചെറിയൊരു കത്രികകൊണ്ട് എന്റെ സുന്നത്തു നടത്തുകയും അതിന്റെ വേദനയറിയാത്തതുപോലെ തുടയിലേക്ക് ടപേയെന്നടിച്ച് മരവിപ്പിക്കുകയും കത്രികയില്‍ പതിഞ്ഞ ചോര കഴുകി തിരിച്ചുപോവുകയും ചെയ്തിരുന്നു. അനന്തരമുള്ള ചില പകല്‍ രാത്രികളില്‍ വേദനയാലും അപമാനത്താലും മരവിച്ചുകൊണ്ട് മനസ്സിനുള്ളില്‍തന്നെ കരഞ്ഞിരുന്നു. ഉറക്കത്തിലും നോവിലും ഞാന്‍ കൈകാലിട്ടടിച്ച് മുറിവ് പൊട്ടി പുണ്ണാകാതിരിക്കാന്‍ പല രാത്രികളും എന്റെ രണ്ടു കാലുകളുമാടാതെ പിടിച്ചുകൊണ്ട് ഉമ്മ അരികിലിരിക്കുമായിരുന്നു. അവര്‍ക്ക് ഉറക്കം വരാതിരിക്കാന്‍ മാഹാനുഭാവന്‍ ഉച്ചത്തില്‍ ബദര്‍മാല പടപ്പാട്ട് പാടുമായിരുന്നു. വേദനയാല്‍ പുളയുന്നവന്റെ കാതുകളില്‍ ലയബദ്ധമായി കേട്ടിരുന്ന അറബി മലയാളത്തിലുള്ള വീരാവേശം നിറഞ്ഞ പാട്ടുകള്‍. അപ്പോള്‍ മൊല്ലാക്കയെ മനസ്സിനുള്ളില്‍തന്നെ വെറുത്തുപോയിരുന്നു. 

lakshadweep

"എന്നാല്‍ നീ അദ്ദേഹത്തെ ദ്വേഷിക്കുന്നതില്‍ അര്‍ത്ഥമില്ല' എന്നു പറഞ്ഞ് അവള്‍ ചിരിച്ചു. "പയ്യനൊരുത്തന്‍ ആണാകുന്ന സമയത്തെ ആചാരമാണത്. ഉറങ്ങാതിരിക്കണമെങ്കില്‍ പടപ്പാട്ടുകളല്ലാതെ താരാട്ടുപാട്ട് പാടണമെന്നാണോ' എന്ന് അവള്‍ തീര്‍ത്തുപറഞ്ഞു. അതുകഴിഞ്ഞ് അതെന്തൊക്കെയോ പല കാര്യങ്ങളും പറഞ്ഞ് കുറെ ചിരിച്ചു. ഇപ്പോഴാണെങ്കില്‍ എല്ലാ ചിരികളും നിര്‍ത്തി ഈ ലോകംവിട്ട് മുകളില്‍പോയി അവിടെയിരുന്നുകൊണ്ട് എന്റെ ഇന്നത്തെ അവസ്ഥകളോര്‍ത്ത് വീണ്ടും ചിരിക്കുന്നു. അവള്‍ ഇപ്പോഴും ജീവിക്കുന്നവളാണെന്ന് വിചാരിച്ചുകൊണ്ട് എന്റെ ദൈനംദിന കഥകളെ അവള്‍ക്ക് എത്തിച്ചുകൊടുക്കുമായിരുന്നു. അവള്‍ അവിടെയിരുന്നുകൊണ്ട് "നീ പറയുന്നതിനു മുമ്പേ അതെല്ലാമെനിക്കറിയാം. എന്നാലും നീ പറ. നീ അനുഭവിച്ച് കഥ പറയുമ്പോള്‍ കേള്‍ക്കാന്‍ രസമാണ്' എന്ന് കല്‍പിക്കുമായിരുന്നു. "ഇനിയൊരു രണ്ടാഴ്ചകള്‍ക്കകം മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രത്തിന്റെ അസല്‍പാത്രം ലഭിക്കാന്‍ പോവുകയാണ്' എന്ന് ഞാനവളോട് പറഞ്ഞു. "അതേ കിട്ടും, അതെനിക്കറിയാം' അവള്‍ പ്രതിവചിച്ചു.  "ആ പാത്രമുള്ള വീടിന്റെ സമീപത്തുതന്നെ പാട്ടു പാടുന്ന, ആടിനെയറുത്ത് വില്‍ക്കുന്ന ഒരു വൃദ്ധന്‍ താമസിക്കുന്നുണ്ട്' ഞാനവളോട് പറഞ്ഞു. "അതേ, ഞാനത് ഇവിടെയിരുന്നുകൊണ്ട് കണ്ടിരുന്നു. അതേകുറിച്ച് നീ എഴുതിയിരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. നീ സൃഷ്ടിക്കുന്ന ഫാന്റസികള്‍ ഒരല്പം കൂടിപ്പോയിട്ടുണ്ട്' എന്ന് അവള്‍ കളിയാക്കി. 

"ഹേയ്, മറ്റൊരു കാര്യമറിയാമോ? ഈ ആടിനെയറുക്കുന്ന വൃദ്ധനും നമ്മുടെ മൊല്ലാക്കയും ഒരേ ദ്വീപുകാരാണ്. അദ്ദേഹത്തെപ്പോലെ ഇയാളും കുട്ടികളെ സുന്നത്ത് നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ പാടിയിരുന്നയാളാണ്. ഇപ്പോള്‍ കൈകളും കഴുത്തും വിറയ്ക്കുന്ന അവസ്ഥ കാരണം ആടിനെയറുത്ത് വില്‍ക്കലാണ് പണി' ഞാന്‍ പറഞ്ഞു. "അതേ, നിങ്ങളുടെ സംഭാഷണവും ഞാനിവിടെയിരുന്നുകൊണ്ട് കേട്ടിരുന്നു' അവള്‍ പറഞ്ഞു. "അവരിരുവരും ഒരേ പായകപ്പലിലാണ് മംഗലാപുരത്തേക്ക് പുറപ്പെട്ടത്. കപ്പല്‍ കൊടുങ്കാറ്റില്‍പ്പെടുകയും ബേപ്പൂരില്‍വെച്ച് അവര്‍ വേര്‍പ്പിരിയുകയും ചെയ്തു. അറിയാമോ?' എന്നും ഞാന്‍ ചോദിച്ചു. "അതുമറിയാം. എന്നാല്‍ അത് കഴിഞ്ഞ് എന്തു സംഭവിച്ചെന്ന് അടുത്തയാഴ്ച എഴുത്. ഈയാഴ്ച ഇത്ര മതി' എന്ന് അവള്‍ വീണ്ടും കിലുകിലാ ചിരിച്ചു. 

"ദേവിയേ, എല്ലാമറിയുന്നെങ്കില്‍ പിന്നെയെന്തിനാണ് മരിച്ചത്?' എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ചിരി നിര്‍ത്തി നക്ഷത്രങ്ങള്‍ക്കു നടുവില്‍ വലിയ കണ്ണുകളും തുറന്ന് അവള്‍ വെറുതെ നോക്കിക്കൊണ്ടിരുന്നു. ഞണ്ടുകളും കടലൊച്ചുകളും ഓടിക്കളിക്കുന്നുണ്ടായിരുന്നു. ഇത്രയും മനോഹരമായ ലോകംവിട്ട് പോയതില്‍ അവളും വേദനിക്കുന്നുണ്ടെന്ന് തോന്നി. 

(തുടരും)

മൊഴിമാറ്റം: എ .കെ. റിയാസ് മുഹമ്മദ്

ലക്ഷദ്വീപ് ഡയറി മറ്റു ഭാഗങ്ങള്‍ 

  • Tags
  • #lakshadweep diary
  • #Abdul Rasheed
  • #Kavaratti
  • #Travelogue
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Santhosh Gangadharan

29 Sep 2020, 11:08 AM

ചന്തിയിൽ ഉറുമ്പ് കടിച്ചവനെ പോലെ ഓടിനടക്കുകയെന്ന പ്രയോഗം കുറിക്ക് കൊള്ളുന്നത് തന്നെ. വിവർത്തനം അസ്സലാകുന്നുണ്ട്. അതുകൊണ്ട് തന്നെ വായിക്കാനുള്ള രസവും ഏറുന്നു.

ഉമർ തറമേൽ

27 Sep 2020, 08:59 PM

ഈ ദ്വീപ് ഡയറി തിളച്ച വെളിച്ചെണ്ണയിൽ കടുകുമണികൾ പോലെ പൊട്ടിതെറിക്കുക തന്നെ ചെയ്യും. അത്ര ജീവനുണ്ട്. അബ്ദുൽ റഷീദിനും പരിഭാഷകനും നന്ദി.

Nagaland

Travelogue

ബഷീർ മാടാല

നോക്​ലാക്​: കിഴക്കനതിർത്തിയിലെ ഗോത്ര ഗ്രാമത്തിലേക്കൊരു യാത്ര

Mar 02, 2021

14 Minutes Read

pablo Escobar 2

Podcast

റഷീദ് അറക്കല്‍

കൊളംബിയയില്‍ എസ്‌കോബാറിന്റെ പിന്മുറക്കാരുടെ തോക്കിന്‍മുനയില്‍ നിന്ന ആ രാത്രി

Feb 19, 2021

40 Minutes Listening

Rasheed Arakkal 2

Travel

റഷീദ് അറക്കല്‍

നെറ്റ്ഫ്ലിക്സിൽ നാർകോസ് കണ്ട് കൊളമ്പിയയിൽ പോയ ആലുവക്കാരൻ

Jan 09, 2021

40 Minutes Watch

himalaya

Travelogue

ബഷീർ മാടാല

ആറുമാസമായി മഹാവിജനതയുടെ തിമിർപ്പിലാണ്​ ഹിമാലയം

Nov 21, 2020

12 Minutes Read

 Satheesh Kumar

Facebook

സതീഷ് കുമാർ

കാടും കടുവയും; കാട്ടിൽ നിന്നൊരു അനുഭവക്കുറിപ്പ്

Nov 06, 2020

3 Minutes Read

Saji Markose 2

Promo

സജി മാര്‍ക്കോസ്

വിദ്വേഷത്തിന്റെ നാഗരികതകളിലൂടെ സജി മാര്‍ക്കോസ് നടത്തുന്ന യാത്ര

Oct 10, 2020

2 Minutes Watch

Travelogue

Travelogue

നസീ മേലേതിൽ

ഓർമക്കണ്ണിലെ ഉപ്പായി, അയാളെന്ന ഉപ്പ

Sep 29, 2020

4 Minutes Read

ട്രോട്സ്കി

Travel

കെ.ടി. നൗഷാദ്

ട്രോട്‌സ്‌കിയുടെ രാജ്യം, ദ്വീപ്, കടല്‍

Sep 03, 2020

15 Minutes Read

Next Article

സ്‌കൂള്‍ തുറക്കല്‍, സിലബസ്, പരീക്ഷ; തീരുമാനം വൈകില്ലെന്ന് പ്രതീക്ഷിക്കാം

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster