സര്‍ക്കാര്‍ സര്‍വ്വീസില്‍
നിലവില്‍
എത്ര മുന്നാക്കക്കാരുണ്ട്?
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിലവില്‍ എത്ര മുന്നാക്കക്കാരുണ്ട്?
രാഷ്ട്രത്തിനു കീഴില്‍ മതിയായ പ്രാതിനിധ്യം ലഭിക്കാത്ത, സാമൂഹികമായും ജാതീയമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുവേണ്ടി വ്യവസ്ഥ ചെയ്യപ്പെട്ട സംവരണം എന്ന അവകാശം ഭരണകൂടത്തിനു കീഴില്‍ കാലങ്ങളായി എല്ലാവിധ പ്രിവിലേജും അനുഭവിച്ചുവരുന്നവര്‍ക്കുവേണ്ടി അട്ടിമറിക്കുകയാണ് സവര്‍ണ സംവരണത്തിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഈ അട്ടിമറിയ്ക്കുള്ള ശ്രമം ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള സര്‍ക്കാറില്‍ തുടങ്ങിയതാണ്. അവസര തുല്യത സംബന്ധിച്ച ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടിനു തന്നെ എതിരായ സവര്‍ണ സംവരണത്തെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ എത്രത്തോളം പൊള്ളയാണെന്ന് ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയാണ് ലേഖകന്.
4 Nov 2020, 02:23 PM
സര്‍ക്കാര്‍ ജോലിയിലും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വിപുലമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ്. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണ സീറ്റുകളാണ് പി.എസ്.സി ഒഴിവുകളില്‍ നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 23 മുതല്‍ നിലവിലുള്ള വിജ്ഞാപനങ്ങള്‍ക്ക് ഇത് ബാധകമാക്കുകയും ചെയ്തിട്ടുണ്ട്. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ 103-ാം ഭരണഘടനാ ഭേദഗതിയുടെ ചട്ടക്കൂടിലാണ് തൊഴിലിലും വിദ്യാഭ്യാസത്തിലും മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയത്.

ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേരള സര്‍ക്കാര്‍ തന്നെ നടപ്പാക്കാന്‍ ശ്രമിച്ച ആശയമാണ് സാമ്പത്തിക സംവരണം. ഇ.എം.എസിന്റെ അധ്യക്ഷതയിലുള്ള ഒന്നാം ഭരണപരിഷ്‌കരണ കമ്മീഷന്‍ ഇത് ശുപാര്‍ശ ചെയ്തിരുന്നു. നിശ്ചിത സാമ്പത്തിക നിലവാരത്തിന് താഴെയുള്ളവരെ പിന്നാക്ക വിഭാഗമായി കണക്കാക്കി അവര്‍ക്ക് സംവരണം നല്‍കണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പിന്നാക്ക-ന്യൂനപക്ഷ സംഘടനകള്‍ ഇതിനെ പ്രതിരോധിച്ചു. കൗമുദി പത്രാധിപര്‍ കെ.സുകുമാരന്റെ കുളത്തൂര്‍ പ്രസംഗം ഈ

പശ്ചാത്തലത്തിലാണ്. സംവരണ വ്യവസ്ഥയുടെ പ്രയോഗം കൊണ്ട് ഉദ്യോഗമണ്ഡലത്തിലേക്ക് അല്‍പ്പാല്‍പ്പമായി പിടിച്ചുകയറിയ ഈഴവരേയും മുസ്ലീംകളെയും പിന്നാക്കക്കാരേയും അവിടെ നിന്ന് ഇറക്കി വിട്ട് സര്‍ക്കാര്‍ ഉദ്യോഗമാകുന്ന അപ്പവും മീനും തങ്ങള്‍ക്കുമാത്രമായി അനുഭവിക്കാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന കൗശലപൂര്‍ണമായ കെണിയാണ് ഈ നിര്‍ദ്ദേശങ്ങള്‍ എന്ന് പത്രാധിപര്‍ സുകുമാരന്‍ വിശദീകരിച്ചു. പിന്നീടും സര്‍ക്കാരുകള്‍ ഈ ഉദ്യമത്തിലേക്ക് കടന്നെങ്കിലും വിജയിപ്പിക്കാനായില്ല.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ശ്രമം മുസ്ലിംലീഗ് വീറ്റോ ചെയ്തു. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് പിന്നാക്കക്കാര്‍ക്ക് 27 % സംവരണം ഏര്‍പ്പെടുത്തിയതിനൊപ്പം പത്ത് ശതമാനം മുന്നാക്ക സംവരണവും ഏര്‍പ്പെടുത്തിയത് സുപ്രീംകോടതി റദ്ദാക്കി. സാമ്പത്തിക പരാധീനതയല്ല പിന്നാക്കാവസ്ഥയുടെ മാനദണ്ഡം എന്ന് വ്യക്തമാക്കി. ഒടുവില്‍, അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള തുറുപ്പ് ചീട്ട് എന്ന മാധ്യമ വിശേഷണത്തിന്റെ അകമ്പടിയോടെ ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്ത് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം സാധ്യമാക്കി.
ഭരണഘടനാ ഭേദഗതി എല്ലാ തടസ്സങ്ങളും നീക്കിയതോടെ ഒട്ടും താമസം വരുത്താതെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കല്‍ നടപടികളിലേക്ക് കടന്നു. ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് നിരവധി സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നിയമത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ജുഡീഷ്യല്‍ തീര്‍പ്പ് വരെ കാത്തിരിക്കാന്‍ സര്‍ക്കാര്‍ ക്ഷമ കാണിച്ചില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2016ലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണം. മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ട് പരിഗണനകളും തീരുമാനത്തിന് പിന്നിലുണ്ട്.
പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഒരു ജനറല്‍ സീറ്റ്, അടുത്തത് റിസര്‍വേഷന്‍ സീറ്റ് എന്ന ക്രമത്തിലാണ് സാധാരണ നിയമനം നടത്തുക. ഈ ക്രമത്തില്‍, ഒഴിവു വരുന്ന ഒന്‍പതാമത്തെ സീറ്റ് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് മാറ്റിവെക്കും. തുടര്‍ന്ന് 19, 29, 39 തുടങ്ങി 99 വരെ ഒന്‍പതില്‍ അവസാനിക്കുന്ന സീറ്റുകള്‍. നൂറ് നിയമനം നടക്കുമ്പോള്‍ പത്ത് സീറ്റുകള്‍ ഈ വിഭാഗത്തില്‍ നികത്തപ്പെടും. നാലുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള നിലവില്‍ സംവരണത്തിന് അര്‍ഹതയില്ലാത്ത വിഭാഗങ്ങള്‍ക്കാണ് നൂറു സീറ്റില്‍ പത്ത് സീറ്റ് മാറ്റിവെക്കുന്നത്. ഭൂമിയുടെ ഉടമസ്ഥത പഞ്ചായത്തില്‍ രണ്ടര ഏക്കറും നഗരസഭയില്‍ 75 സെന്റും കോര്‍പ്പറേഷനില്‍ 50 സെന്റും കവിയരുത് എന്ന് മാനദണ്ഡങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്നു. ഇങ്ങനെ സംവരണം ഏര്‍പ്പെടുത്തുന്നത് സര്‍വീസിലെ വിവിധ സാമുദായിക വിഭാഗങ്ങളുടെ പ്രാതിനിധ്യം വിലയിരുത്തിയാണോ എന്നതാണ് ആദ്യത്തെ ചോദ്യം. അല്ല എന്നതാണ് ഉത്തരം. സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യം സംബന്ധിച്ച ഇപ്പോഴത്തെ നില അറിയാന്‍ ഒരു കണക്കും ലഭ്യമല്ല. എന്നുമാത്രമല്ല, ജനസംഖ്യയില്‍ ഓരോ സമുദായത്തിനും എത്ര പ്രാതിനിധ്യം എന്ന് വ്യക്തമാക്കുന്ന കണക്കും പൊതുമണ്ഡലത്തിലില്ല.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒന്നരപ്പതിറ്റാണ്ട് മുന്‍പ് നടത്തിയ ഒന്നാം കേരള പഠനം അനുസരിച്ച് സര്‍ക്കാര്‍ ജോലികളിലെ മുന്നാക്ക പ്രാതിനിധ്യം 44 ശതമാനത്തിന് മുകളിലാണ്. സംവരണതോത് തീരുമാനിക്കുന്നതിന് മുന്‍പ് സര്‍വീസിലെ പ്രാതിനിധ്യം സംബന്ധിച്ചെങ്കിലും വിശദമായ പഠനം അനിവാര്യമായിരുന്നു. നിലവില്‍ നൂറ് നിയമനം നടക്കുമ്പോള്‍ സംവരണമായി ഈഴവ വിഭാഗത്തിന് 14 സീറ്റും മുസ്ലിം വിഭാഗത്തിന് 12 സീറ്റും ലഭിക്കും. ഇവര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ സംവരണ വിഭാഗമായി ഇനി വരിക മുന്നാക്ക വിഭാഗമാണ്, പത്ത് സീറ്റ്. ലത്തീന്‍ കത്തോലിക്ക/ആംഗ്ലോ ഇന്ത്യന്‍-3, ഹിന്ദു നാടാര്‍-1, ക്രിസ്ത്യന്‍ നാടാര്‍- 1, പരിവര്‍ത്തിത ക്രൈസ്തവന്‍-1, വിശ്വകര്‍മ്മ-3, ധീവര- 1, മറ്റ് പിന്നാക്കക്കാര്‍-3, പട്ടിക ജാതിക്കാര്‍- 8, പട്ടിക വര്‍ഗ്ഗക്കാര്‍ -2 എന്നിങ്ങനെയാണ് നിയമനത്തിലെ സംവരണ തോത്. നിലവില്‍ തന്നെ പ്രാതിനിധ്യക്കൂടുതല്‍ ഉള്ള ഹിന്ദു- ക്രിസ്ത്യന്‍ മതങ്ങളില്‍പ്പെട്ട മുന്നാക്കക്കാരെ മൂന്നാമത്തെ വലിയ സംവരണ വിഭാഗമായി നിശ്ചയിക്കാന്‍ എന്ത് കണക്കുകളെ ആണ് ആധാരമാക്കിയത്? ഈ വിഭാഗത്തിലെ ജനങ്ങളില്‍ എത്ര ശതമാനം പേര്‍ സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നു എന്നതിന്റെ കണക്കെങ്കിലും ചുരുങ്ങിയ പക്ഷം വേണ്ടതല്ലേ? മുന്നാക്ക സംവരണം നടപ്പാക്കുന്നതിന് മുന്‍പ് വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഓപ്പണ്‍ ക്വാട്ടയുടെ പത്ത് ശതമാനം പുതിയ സംവരണ വിഭാഗത്തിന് നല്‍കും എന്നാണ് പറഞ്ഞിരുന്നത്. നടപ്പാക്കിയപ്പോള്‍ ആകെ സീറ്റിന്റെ പത്ത് ശതമാനം മുന്നാക്ക വിഭാഗങ്ങളുടെ ക്വാട്ടയായി. പൊതു മത്സര സീറ്റുകള്‍ നൂറില്‍ നാല്‍പ്പതായി ചുരുങ്ങി. എല്ലാ വിഭാഗങ്ങള്‍ക്കും മത്സരിക്കാവുന്ന സീറ്റുകളിലാണ് പത്തെണ്ണത്തിന്റെ കുറവു വന്നത്. ദളിതർക്കും പിന്നാക്കക്കാർക്കും കിട്ടാന്‍ തുല്യ സാധ്യതയുള്ള സീറ്റുകള്‍ മുന്നാക്കക്കാര്‍ക്കുള്ള സംവരണമായി മാറ്റിയിട്ട് ആര്‍ക്കും ഒരു നഷ്ടവും ഉണ്ടാകുന്നില്ല എന്ന് വാദിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്? നിലവിലുള്ള സാമുദായിക സംവരണ ക്വാട്ടയില്‍ ആര്‍ക്കും കുറവു വരുന്നില്ല എന്നത് ശരി. പക്ഷേ, പുതിയ ക്വാട്ട സാമ്പത്തിക പരാധീനതയുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ളതല്ല, മുന്നാക്കക്കാര്‍ക്ക് മാത്രമുള്ളതാണ്. പിന്നാക്കക്കാരെ സംബന്ധിച്ച് അത് അവസരനഷ്ടമാണ്.
സാമ്പത്തിക സംവരണം, അവസര തുല്യത സംബന്ധിച്ച അടിസ്ഥാന ഭരണഘടനാ കാഴ്ചപ്പാടിന് തന്നെ എതിരാണ്. ഭരണഘടനയുടെ പതിനാറാം അനുഛേദമാണ് അവസരങ്ങളിലെ തുല്യ പരിഗണന വിഭാവനം ചെയ്യുന്നത്. ഈ ആര്‍ട്ടിക്കിളിലെ നാലാം വകുപ്പാണ് സംവരണത്തിന് ഭരണഘടനാ പരിരക്ഷ നല്‍കുന്നത്. ഭരണഘടനയുടെ 16.4 പറയുന്നതിങ്ങനെ- "ഈ അനുഛേദത്തിലെ യാതൊന്നും രാഷ്ട്രത്തിന് കീഴില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും പിന്നാക്ക വിഭാഗത്തില്‍ പെടുന്ന പൗരന്‍മാര്‍ക്ക് നിയമനങ്ങളും തസ്തികകളും നീക്കിവെക്കുന്ന ഏതെങ്കിലും നിയമനിര്‍മ്മാണത്തിന് തടസ്സമല്ല'. സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാനല്ല, പ്രാതിനിധ്യം ലഭിക്കാതിരുന്ന വിഭാഗങ്ങള്‍ക്ക് അതുറപ്പാക്കാനാണ് സംവരണം വ്യവസ്ഥ ചെയ്തത്. പ്രാതിനിധ്യക്കുറവ് നികത്താനാണോ മുന്നാക്ക സംവരണം നടപ്പാക്കുന്നത്? രാഷ്ട്രത്തിന് കീഴില്‍ മതിയായ പ്രാതിനിധ്യം ലഭിക്കാതിരുന്നവര്‍ക്ക് വേണ്ടി വ്യവസ്ഥ ചെയ്ത ഒരു അവകാശം, രാഷ്ട്രത്തിന് കീഴില്‍ സകല പ്രിവിലേജുകളും അനുഭവിച്ചുവരുന്നവര്‍ക്ക്, സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം മാനദണ്ഡമാക്കി നല്‍കുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണ്.
വിദ്യാഭ്യാസ മേഖലയില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയപ്പോള്‍ ഉള്ള അനുഭവം എന്ത് എന്ന് കൂടി പരിശോധിക്കാം. മെഡിക്കല്‍ പിജിക്ക് ആകെ 849 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 427 സീറ്റ് സംസ്ഥാന മെറിറ്റാണ്. സര്‍വീസ് ക്വാട്ട കൂടി പിജി പ്രവേശനത്തില്‍ ഉണ്ട്. സംവരണ നില നോക്കിയാല്‍ ഹൈന്ദവരിലെ ഏറ്റവും വലിയ സാമൂഹിക വിഭാഗമായ ഈഴവര്‍ക്ക് 3 ശതമാനം സംവരണമാണ് പിജിയില്‍ ഉള്ളത്. അതായത് 13 സീറ്റ്. പിന്നാക്ക ഹിന്ദുവിന് ഒരു ശതമാനവും ലത്തീന്‍ കത്തോലിക്കര്‍ക്ക് ഒരു ശതമാനവും കുഡുംബി വിഭാഗത്തിന് ഒരു ശതമാനവും സംവരണം ലഭിക്കും. രണ്ട് ശതമാനമാണ് മുസ്ലീം സംവരണം അതായത് 9 സീറ്റ്. പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് എട്ട് ശതമാനവും പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് രണ്ട് ശതമാനവുമാണ് സംവരണം. മുന്നാക്ക സംവരണം നടപ്പാക്കിയപ്പോള്‍ ആ ക്വാട്ടയില്‍ മാറ്റിവെച്ചത് 30 സീറ്റ്. അതായത് പട്ടികജാതി വിഭാഗങ്ങള്‍ക്ക് തുല്യമായ ക്വാട്ട. ആകെ ജനസംഖ്യയുടെ പകുതിയലധികം വരുന്ന ഒബിസി വിഭാഗക്കാര്‍ക്ക് എല്ലാം കൂടി ഒന്‍പത് ശതമാനം മാത്രം സംവരണമുള്ളിടത്താണ് ഇത്. മുന്നാക്ക വിഭാഗക്കാരെ ഏറ്റവും വലിയ സംവരണീയ വിഭാഗമാക്കുന്നതിന്റെ യുക്തി എന്താണ്? ജനസംഖ്യയില്‍ 27 ശതമാനത്തില്‍ കൂടുതല്‍ ഉള്ള മുസ്ലീങ്ങള്‍ക്ക് മെഡിക്കല്‍ പിജിയിലെ പിന്നാക്ക സംവരണമായി ഒന്‍പത് സീറ്റ് ലഭിക്കുമ്പോള്‍ എങ്ങനെ കൂട്ടിയാലും 25 ശതമാനത്തില്‍ കൂടാത്ത മുന്നാക്കക്കാര്‍ക്ക് 30 സീറ്റ് നല്‍കുന്നതിലെ ന്യായമാണ് സര്‍ക്കാര്‍ വിശദീകരിക്കേണ്ടത്. പ്ലസ്ടു സീറ്റില്‍ 13002 സീറ്റുകള്‍ ഈഴവ സംവരണമായും 11,313 സീറ്റുകള്‍ മുസ്ലിം സംവരണമായും മാറ്റിവെച്ചപ്പോള്‍ മുന്നാക്ക സംവരണമായി 16, 711 സീറ്റുകളുണ്ട്. യഥാര്‍ഥത്തില്‍ നീക്കിവെയ്‌ക്കേണ്ടതിനേക്കാള്‍ കൂടുതലാണിത്.
ഇനി എംബിബിഎസ് പ്രവേശനമെടുക്കാം. 1555 സീറ്റുകളാണ് നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആകെ ഉള്ളത്. ഈഴവ വിഭാഗത്തിന് സംവരണമായി കിട്ടുക 94 സീറ്റ്, മുസ്ലിം വിഭാഗത്തിന് 84 സീറ്റ്. മുന്നാക്ക വിഭാഗത്തിനോ 130 സീറ്റ്. പ്രധാന ഒബിസി വിഭാഗങ്ങളേക്കാള്‍ സംവരണം മുന്നാക്കക്കാര്‍ക്ക് ആകെ കിട്ടുന്നു. സംവരണത്തിനെതിരായ സവര്‍ണ പരിഹാസങ്ങള്‍ മെറിറ്റ് വാദത്തില്‍ അധിഷ്ഠിതമാണ് എന്നും. സംവരണം വഴി മെറിറ്റില്ലാത്തവര്‍ കയറിപ്പറ്റുന്നുവെന്നും, മുന്നാക്കക്കാരായിപ്പോയതുകൊണ്ട് മാത്രം കഴിവുള്ളവര്‍ക്ക് അവസരനഷ്ടം നേരിടുന്നുവെന്നും ഒക്കെ ഉള്ള വിലാപങ്ങള്‍ ഒരു പാട് കേട്ടിട്ടുണ്ട്. എംബിബിഎസ് സംവരണ സീറ്റുകളിലെ അഡ്മിഷന്‍ കണക്ക് കൗതുകകരമാണ്. 933 ആം റാങ്കാണ് ഓപ്പണ്‍ ക്വാട്ടയില്‍ അവസാനമായി പ്രവേശനം കിട്ടിയ വിദ്യാര്‍ഥിക്ക് ഉള്ളത്. മുസ്ലിം സംവരണ വിഭാഗത്തില്‍ പ്രവേശനം കിട്ടിയ അവസാന റാങ്ക് 1417, ഈഴവ വിഭാഗത്തില്‍ പ്രവേശനം കിട്ടിയ അവസാന റാങ്ക് 1654, പിന്നാക്ക ഹിന്ദു വിഭാഗത്തില്‍ 1771, ലത്തീന്‍ വിഭാഗത്തില്‍ 1943. മുന്നാക്ക വിഭാഗത്തിലോ. മുന്നാക്ക സംവരണം വഴി അഡ്മിഷന്‍ കിട്ടിയ അവസാന റാങ്ക് 8416 ആണ്. മെറിറ്റ് അട്ടിമറി വാദം ഇനിയാരും പറയില്ല എന്ന് കരുതാം. മുന്നാക്ക സംവരണം സാമൂഹ്യ നീതിയല്ല, സാമൂഹ്യ അനീതിയാണ് സൃഷ്ടിക്കുന്നത് എന്ന് വിദ്യാഭ്യാസ മേഖലയിലെ ഈ അനുഭവങ്ങളില്‍ നിന്ന് വ്യക്തം.

1993 ല്‍ ഇന്ദിര സാഹ്നി കേസില്‍ സുപ്രീംകോടതി സംവരണം സംബന്ധിച്ച ഭരണഘടനാ തത്വം അസന്നിഗ്ധമായി വിശദീകരിച്ചിട്ടുണ്ട്. സാമ്പത്തിക പിന്നാക്കാവസ്ഥയല്ല, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് സംവരണത്തിന് അടിസ്ഥാനമാക്കേണ്ടത് എന്നാണ് കോടതി വിധിച്ചത്. സാമ്പത്തിക പിന്നാക്കാവസ്ഥ ഒരു മാനദണ്ഡമല്ലെന്നും പറഞ്ഞു. സംവരണം എന്നത് ഒരു ദാരിദ്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയല്ല. സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കലല്ല സംവരണത്തിന്റെ ലക്ഷ്യം. മറിച്ച് പ്രാതിനിധ്യത്തിലെ നീതിയാണ് സംവരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. പ്രാതിനിധ്യം ഉറപ്പാക്കലാണ് ദൗത്യം. തുല്യാവസരമോ ആനുപാതിക പ്രാതിനിധ്യമോ എല്ലാ മനുഷ്യര്‍ക്കും ഇല്ലാതെ പോയത് നമ്മുടെ സാമൂഹ്യ വ്യവസ്ഥയുടെ കുഴപ്പമാണ്. ജാതി വ്യവസ്ഥയും അതുമൂലമുള്ള അവസര നിഷേധവും ഉണ്ടായിരുന്നതുകൊണ്ടാണ് സംവരണം ആവശ്യമായി വന്നത് തന്നെ. സര്‍ക്കാര്‍ സര്‍വീസില്‍ ആനുപാതികമായി ഉണ്ടാകേണ്ട പ്രാതിനിധ്യത്തേക്കാള്‍ വളരെക്കൂടുതല്‍ പ്രാതിനിധ്യമുള്ള വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക വഴി അവസര തുല്യതയുടെ അടിസ്ഥാന തത്വങ്ങള്‍ തന്നെ ലംഘിക്കപ്പെടുകയാണ്. അതുകൊണ്ടാണ് ഇത് അട്ടിമറിയാകുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാകുന്നത്.

B. Ashfaque Muhammed
9 Nov 2021, 08:12 PM
ഏറി വന്നാൽ 27 ശതമാനമാണു കേരളത്തിൽ മുന്നോക്ക ജനസംഖ്യ. 27ന്റെ 37 ശതമാനമാണല്ലോ 10. അതായത് ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ, മുന്നോക്ക ജനസംഖ്യയുടെ 37 ശതമാനവും ദരിദ്രരാണെങ്കിൽ മാത്രമേ അവർക്ക് മൊത്തം സീറ്റിന്റെ 10 ശതമാനം ഏർപ്പെടുത്തുന്നത് യുക്തിപരമായി പോലും ന്യായമാവുകയുള്ളൂ. അത്രയും ദരിദ്രർ മുന്നോക്ക ജാതിക്കാരിലുണ്ടെന്നത് യാഥർത്ഥ്യവുമായി വല്ല ബന്ധവുമുള്ളതാണോ? (സംസ്ഥാന ജനസംഖ്യയിൽ 27 ശതമാനമുള്ള ഈഴവർക്ക് 14 ശതമാനവും ജനസംഖ്യയിൽ 26 ശതമാനമുള്ള മുസ്ലിംകൾക്ക് 12 ശതമാനവുമാണു ഉദ്യോഗ സംവരണം. വിദ്യാഭ്യാസ രംഗത്ത് ഇത് യഥാക്രമം 9 ശതമാനവും 8 ശതമാനവുമാണു. അതായത്, ജനസംഖ്യാനുപതികമാ യുള്ളതിന്റെ പകുതിയോ അതിൽ താഴെയോ മാത്രം പ്രാതിനിധ്യം സംവരണത്തിലൂടെ ഉറപ്പാക്കുക എന്നതാണു നിലവിലുള്ള രീതി. അങ്ങനെ വരുമ്പോൾ മുന്നോക്ക ജനസംഖ്യയിൽ എഴുപത്തഞ്ചോ എൺപതോ ശതമാനം ദരിദ്രർ ഉണ്ടെങ്കിലാണു 10 ശതമാനം സംവരണം ഏർപ്പെടുത്തേണ്ടത്)
Anoop
9 Nov 2021, 04:53 PM
******സാമ്പത്തിക പിന്നാക്കാവസ്ഥയല്ല, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് സംവരണത്തിന് അടിസ്ഥാനമാക്കേണ്ടത് എന്നാണ് കോടതി വിധിച്ചത്. സാമ്പത്തിക പിന്നാക്കാവസ്ഥ ഒരു മാനദണ്ഡമല്ലെന്നും പറഞ്ഞു. സംവരണം എന്നത് ഒരു ദാരിദ്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയല്ല. സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കലല്ല സംവരണത്തിന്റെ ലക്ഷ്യം. മറിച്ച് പ്രാതിനിധ്യത്തിലെ നീതിയാണ് സംവരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. പ്രാതിനിധ്യം ഉറപ്പാക്കലാണ് ദൗത്യം. തുല്യാവസരമോ ആനുപാതിക പ്രാതിനിധ്യമോ എല്ലാ മനുഷ്യര്‍ക്കും ഇല്ലാതെ പോയത് നമ്മുടെ സാമൂഹ്യ വ്യവസ്ഥയുടെ കുഴപ്പമാണ്. ജാതി വ്യവസ്ഥയും അതുമൂലമുള്ള അവസര നിഷേധവും ഉണ്ടായിരുന്നതുകൊണ്ടാണ് സംവരണം ആവശ്യമായി വന്നത് തന്നെ. സര്‍ക്കാര്‍ സര്‍വീസില്‍ ആനുപാതികമായി ഉണ്ടാകേണ്ട പ്രാതിനിധ്യത്തേക്കാള്‍ വളരെക്കൂടുതല്‍ പ്രാതിനിധ്യമുള്ള വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക വഴി അവസര തുല്യതയുടെ അടിസ്ഥാന തത്വങ്ങള്‍ തന്നെ ലംഘിക്കപ്പെടുകയാണ്. അതുകൊണ്ടാണ് ഇത് അട്ടിമറിയാകുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാകുന്നത്. ***************
സി.വി ശ്രീജിത്ത്
12 Jun 2021, 08:56 PM
വസ്തുതാപരവും തെളിവ് അടിസ്ഥാനവുമായ നിരീക്ഷണം. അവസരം അനുകൂലമാക്കാൻ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്ന കക്ഷിരാഷ്ട്രീയ നേതാക്കൾ ഇതൊക്കെ മനസിലാക്കിയാൽ നന്ന്.
ഉണ്ണികൃഷ്ണൻ കരിമ്പുഴ
12 Jun 2021, 06:44 PM
"മുന്നാക്ക സംവരണം സാമൂഹ്യ നീതിയല്ല, സാമൂഹ്യ അനീതിയാണ് സൃഷ്ടിക്കുന്നത്.." ഇതാണ് സത്യം. ലേഖകന് അഭിവാദ്യങ്ങൾ.
Baby Joseph
12 Jun 2021, 04:14 PM
പുതിയ സംവരണ നിയമത്തിൽ പഴയ സംവരണത്തിന് അർഹതയുള്ളവർക്ക് അവസരം നഷ്ടപെടുമോ?
P. P. Diinrsan
29 May 2021, 09:29 PM
Asset and Income will not last longer with families/individuals or anybody. Hence, there is no meaning in sticking to this criterian for justifying this issue.
കൃഷ്ണൻ വൈലാത്തറ.
12 Nov 2020, 06:04 AM
സംഘടിക്കുക ശക്തരാവുക പ്രതിക്ഷേധിക്കുക .കൂടെയുണ്ട്.
Swathi
8 Nov 2020, 05:36 AM
"സംവരണത്തിനെതിരായ സവര്‍ണ പരിഹാസങ്ങള്‍ മെറിറ്റ് വാദത്തില്‍ അധിഷ്ഠിതമാണ് എന്നും. സംവരണം വഴി മെറിറ്റില്ലാത്തവര്‍ കയറിപ്പറ്റുന്നുവെന്നും, മുന്നാക്കക്കാരായിപ്പോയതുകൊണ്ട് മാത്രം കഴിവുള്ളവര്‍ക്ക് അവസരനഷ്ടം നേരിടുന്നുവെന്നും ഒക്കെ ഉള്ള വിലാപങ്ങള്‍ ഒരു പാട് കേട്ടിട്ടുണ്ട്...മെറിറ്റ് അട്ടിമറി വാദം ഇനിയാരും പറയില്ല എന്ന് കരുതാം." Most clear writing on this issue. Great work
Uspe
7 Nov 2020, 04:37 PM
വ്യക്തമാക്കി തന്നതിന് നന്ദി👌👍
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Jan 06, 2023
5 Minutes Read
മനില സി.മോഹൻ
Jan 03, 2023
5 Minutes Watch
Think
Dec 30, 2022
3 Minutes Read
വിനില്‍ പോള്‍
Dec 30, 2022
6 Minutes Read
ഡോ. പ്രസന്നന്‍ പി.എ.
Dec 27, 2022
6 Minutes Read
വി.സി. അഭിലാഷ്
Dec 23, 2022
12 Minutes Read
Open letter
Dec 12, 2022
4 minutes read
ടീ.കെ.രാജു
10 Nov 2021, 01:28 PM
തികച്ചും, യഥാർത്ഥ്യവും, വസ്തു നിഷ്ടവുമായ കാര്യങ്ങളാണ്, ശ്രീ.അഭിലാഷ് മോഹൻ ഇവിടെ ചൂണ്ടിക്കാണിച്ച് .മുന്നോക്ക സംവരണം, തികച്ചും, ഭരണഘടന വിരുദ്ധ പ്പും, ഈ നാട്ടിലെ സംവരണീയരായ ജനങ്ങളോടുള്ള ,ഇടതു പക്ഷ സർക്കാറിൻ്റെ കുത്ത വെല്ലുവിളിയുമാണ്.ഇത് സാ അനീതിയാണ്, ഭരണഘടന ഉന്നയിക്കുന്ന സംവരണത്തിൻ്റെ അടിസ്ഥാന തത്വങ്ങളുടെ കടയ്ക്കൽ കത്തി വെക്കുകയാണ് ചെയ്യന്നത്. തീ വ്രവലതുപക്ഷ മായ NDA സർക്കാർ പോലും ഇത്ര കടുത്ത നിലപാട് എടുത്തില്ല.