പി.പ്രേമചന്ദ്രന് ഷോ കോസ്:
അടിയന്തരാവസ്ഥയുടെ
ഭയം നിറയുന്നു
പി.പ്രേമചന്ദ്രന് ഷോ കോസ്: അടിയന്തരാവസ്ഥയുടെ ഭയം നിറയുന്നു
അക്കാദമികമായ പിന്‍ബലമില്ലാതെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പരീക്ഷാപരിഷ്‌കരണനടപടിയെ എതിര്‍ത്ത് അഭിപ്രായപ്രകടനം നടത്തിയതിന് പി. പ്രേമചന്ദ്രന്‍ എന്ന അധ്യാപകന് ഷോകോസ് നോട്ടീസ് നൽകിയിരിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് സംവാദത്തിനുള്ള ഇടങ്ങള്‍ നഷ്ടമായതിന്റെ സൂചനയാണിത്. എതിര്‍ സ്വരങ്ങളെ അസഹിഷ്ണുതയോടെ കാണുകയും സംവാദം നടക്കേണ്ട ഇടങ്ങളില്‍ കായബലം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരത്തിലേക്കാണ് കേരളം മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിനുള്ള യോഗ്യത മറ്റു തരത്തില്‍ തെളിയിച്ചിട്ടുള്ളവരെ ചുമതല ഏല്പിക്കാന്‍ കാണിക്കുന്ന വ്യഗ്രതയും ആശങ്ക ജനിപ്പിക്കുന്നു. എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസറായിരുന്ന ഡോ. പി.കെ. തിലക് എഴുതുന്നു.
10 Feb 2022, 03:23 PM
വിദ്യാഭ്യാസകാര്യങ്ങളില്‍ തീരുമാനമെടുക്കാനും നടപ്പിലാക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം അക്കാദമികസമൂഹത്തിന് നഷ്ടമായിരിക്കുന്നു. കാര്യസ്ഥന്മാരും കങ്കാണികളും ചേര്‍ന്ന് തറവാടും ഉരുപ്പടികളും പൊളിച്ച് വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ വീട്ടുകാരും ചാര്‍ച്ചക്കാരും ചുറ്റുമതിലിനു പുറത്തായ അവസ്ഥ! കെടുകാര്യസ്ഥത, ദുര്‍ഭരണം തുടങ്ങിയ പദങ്ങളെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലുള്ള സംഭവവികാസങ്ങളാണ് നമുക്കു ചുറ്റും അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പരിഷ്‌കൃതസമൂഹത്തില്‍ ഏതു മേഖലയിലെയും കാതലായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കേണ്ടത് അതത് മേഖലയില്‍ പ്രാവീണ്യവും അനുഭവവുമുള്ള ആളുകളാണ്. ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കേണ്ടത് ആണവശാസ്ത്രത്തില്‍ അറിവും അനുഭവവുമുള്ള ശാസ്ത്രജ്ഞരായിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാന്‍ ഇടയില്ല. ഏതു ചെറിയ കാര്യത്തിന്റെ നിയന്ത്രണത്തിലും ആ മേഖലയിലെ അറിവും അനുഭവവും പ്രധാനമാണ്. നമ്മുടെ നാട്ടില്‍മാത്രം ഈ സാമാന്യ തത്ത്വങ്ങള്‍ പാലിക്കപ്പെടാത്തത് എന്തുകൊണ്ട്?
വിദ്യാഭ്യാസകാര്യങ്ങളില്‍ തീരുമാനമെടുക്കാനും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും അക്കാദമികസമൂഹം പ്രാപ്തമല്ലെന്ന ധാരണ എങ്ങനെയോ രൂഢമൂലമായിട്ടുണ്ട്. കെളോണിയല്‍ ഭരണത്തിന്റെ ശേഷിപ്പുകളായ ഗുമസ്തഭരണം തന്ത്രപ്രധാനമായ പല മേഖലകളിലും എന്ന പോലെ വിദ്യാഭ്യാസരംഗത്തും ചോദ്യം ചെയ്യപ്പെടാനാകാത്തവിധം ആധിപത്യം പുലര്‍ത്തുന്നു. കൊളോണിയല്‍മാസ്റ്ററുമായി ആശയവിനിമയം നടത്താനും അവരുടെ തീരുമാനങ്ങള്‍ അടിമകളായ ജനങ്ങളെ അറിയിക്കാനുമുള്ള ഭാഷാജ്ഞാനവും കലവറയില്ലാത്ത വിധേയത്വവുമാണ് പ്രധാന യോഗ്യതയായി അന്ന് തീരുമാനിക്കപ്പെട്ടിരുന്നത്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും ആ പാരമ്പര്യം ഉടവില്ലാതെ തുടരുന്നു. ജനാധിപത്യസംവിധാനത്തില്‍ ജനപ്രതിനിധികള്‍ക്ക് ഭരണപരിചയവും പ്രാപ്തിയം ഇല്ലെന്ന ന്യായം പറഞ്ഞാണ് പഴയ പതിവ് തുടരുന്നത്.
സംസ്ഥാനത്തെ ഒരു ഗുമസ്തപ്രമാണി ഒരിക്കല്‍ അധ്യാപകരെ ദുര്‍ബലചിത്തരും നിര്‍ഗുണപരബ്രഹ്‌മങ്ങളുമായി സങ്കല്പിച്ച് ഒരു അഭ്യാസപരിപാടി ആസൂത്രണം ചെയ്തു. ആ പദ്ധതിയുടെ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം നടത്തിയ ചില പ്രസ്താവനകളുണ്ട്. ഒരു പൊതുസ്ഥലത്ത് കൂടിനില്‍ക്കുന്ന നൂറുകണക്കിന് ആളുകളുടെ കൂട്ടത്തില്‍ നിന്ന് അധ്യാപകരെ തിരിച്ചറിയാന്‍ ഒരു പ്രയാസവുമില്ല. ഏറ്റവും ദയനീയമായി, കൂനിക്കൂടി ഉള്‍വലിഞ്ഞ് കാണപ്പെടുന്ന ഒരാള്‍ അധ്യാപകനായിരിക്കും. പെഴ്‌സണാലിറ്റി ട്രൈനിങ് നല്‍കി ഈ രോഗം കുറെയൊക്കെ ചികിത്സിക്കാമെന്നതായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. മറ്റൊരാള്‍ വില്ലേജ് ഓഫീസര്‍ക്ക് താഴെയാണ് അധ്യാപകരുടെ സ്ഥാനമെന്ന് നിസ്സംശയം പ്രസ്താവിച്ചുകണ്ടു. അതിലൊക്കെ വിചിത്രമായ ഒരു സംഭവം, മന്ത്രിയും ജനപ്രതിനിധികളും പങ്കെടുത്ത ഒരു യോഗത്തിന് ഇടയില്‍ കയറിവന്ന മുതിര്‍ന്ന ഗുമസ്തനെ കണ്ട് എഴുന്നേറ്റു നിന്ന് ആദരിക്കാത്തതിന് സഹപ്രവര്‍ത്തകനായ ഗുമസ്തന്‍ അധ്യാപകനെ രഹസ്യമായി വിളിച്ച് ശാസിക്കുകയും ഉപദേശിക്കുകയും ചെയ്തതാണ്. സമാനമായ അനുഭവങ്ങള്‍ സര്‍ക്കാര്‍ സേവനം തേടിപോകുന്ന എല്ലാവര്‍ക്കും അനുഭവിക്കേണ്ടിവന്നിട്ടുണ്ടാവും.
ഗുമസ്തന്മാരുടെ വിചിത്രമായ കണ്ടെത്തലുകള്‍ അദ്ഭുതാവഹമാണ്. കേരളത്തിലെ തൊഴിലില്ലായ്മയെ കുറിച്ച് ഒരു ഗുമസ്തപ്രമാണിക്കുണ്ടായ വെളിപാട് ഇപ്രകാരമാണ്. ബഹുരാഷ്ട്രകമ്പനികള്‍ക്ക് കേരളത്തിലെ യുവാക്കളെ ജോലിക്കു വയ്ക്കണമെന്നുണ്ട്. എന്നാല്‍ അവരുടെ മോശമായ ഇംഗ്ലീഷ് പരിജ്ഞാനം അതിന് തടസ്സമായി നില്‍ക്കുന്നു. മറ്റെവിടെയുമുള്ള സാങ്കേതിക വിദഗ്ധരെക്കാള്‍ കേരളത്തിലെ കുട്ടികള്‍ മിടുക്കരാണെങ്കിലും ഇന്റര്‍വ്യൂകളില്‍ അവര്‍ പുറംതള്ളിപ്പോകുന്നു. ബ്രിട്ടീഷ് കൗണ്‍സിലിന്റെ പരിശീലനപരിപാടിക്ക് കേരളത്തില്‍ അവസരം ഒരുക്കിക്കൊടുക്കാന്‍ കരാറെടുത്ത മേല്പടിയാന്റെ വാക്കുകള്‍ ഏറെപ്പേര്‍ ദൈവവചനം പോലെ വിശ്വസിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. യൂണിയന്‍ പബ്‌ളിക് സര്‍വീസ് കമ്മിഷന്‍ ഗുമസ്തന്മാന്മാരുടെ തിരഞ്ഞെടുപ്പിനായി നടത്തുന്ന അഭിമുഖവിശേഷങ്ങള്‍ നാട്ടില്‍ പാട്ടായവ കേട്ടാല്‍ ഉറിയും ചിരിക്കും. ഫാനിന്റെ ചുവട്ടില്‍ പാറിപ്പറക്കുന്ന കടലാസുകളെ അടുക്കി വയ്ക്കല്‍, കയറിവന്ന വഴിയിലെ പടികളുടെ എണ്ണം പറയല്‍ എന്നിങ്ങനെ ജാലവിദ്യകളില്‍ പ്രകടിപ്പിച്ച മികവാണത്രേ നമ്മുടെ മേല്‍ കുതിരകയറാനുള്ള അവരുടെ അനുമതിപത്രം. ഇത്തരം വീരസ്യങ്ങള്‍ കേട്ട് ഗുമസ്തപ്രണയത്തില്‍ ജീവിതം ഹോമിക്കുന്ന യുവത നമ്മുടെ രാഷ്ട്രനിര്‍മ്മാണത്തിനു നഷ്ടപ്പെടുന്ന വിലപ്പെട്ട വിഭവമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസവിഷയത്തില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതും നടപ്പിലാക്കേണ്ടതും നിയന്ത്രിക്കേണ്ടതും അധ്യാപകരും വിദ്യാഭ്യാസവിദഗ്ധരുമാണ്. അതില്‍ നയസമീപനങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായ ഇടപെടലുകള്‍ ഉണ്ടായേക്കാം. എങ്കിലും ഗുമസ്തന്മാരുടെ സമ്മതപത്രം വാങ്ങേണ്ടിവരുന്നത് ഗതികേടാണ്. പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പൊതുപരീക്ഷകളുടെ കാര്യത്തില്‍ അടുത്ത കാലത്ത് ഉണ്ടായ ചില തീരുമാനങ്ങളെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്.

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കായി ഒരിക്കല്‍ നിശ്ചയിച്ച ഫോക്കസ് ഏരിയ സമീപനം മുന്നറിയിപ്പുകള്‍ കൂടാതെ വിദ്യാഭ്യാസ വകുപ്പ് തകിടംമറിച്ചതിന്റെ വേവലാതിയിലാണ് സംസ്ഥാനത്തെ അധ്യാപകര്‍. കോവിഡ് മഹാമാരി മൂലം അധ്യയനം മുടങ്ങിയ സാഹചര്യത്തില്‍ വിലയിരുത്തല്‍ രീതികളില്‍ ചില ക്രമീകരണങ്ങള്‍ വേണ്ടിവന്നു. 2021 ലെ പൊതുപരീക്ഷയ്ക്കായി പാഠഭാഗങ്ങളെ ഫോക്കസ് ഏരിയ എന്നും നോണ്‍ ഫോക്കസ് ഏരിയ എന്നും വേര്‍തിരിച്ചു. 40 ശതമാനം പാഠഭാഗങ്ങള്‍ മാത്രമാണ് ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയത്. ബാക്കി 60 ശതമാനം പാഠങ്ങള്‍ അപ്രധാനമായി പരിഗണിച്ച് നോണ്‍ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തി. ആകെ ചോദ്യങ്ങളില്‍ പകുതി എണ്ണത്തിനു മാത്രമേ ഉത്തരം എഴുതേണ്ടതുള്ളൂ എന്ന് വ്യവസ്ഥ ചെയ്തു. ഫോക്കസ് ഏരിയ മാത്രം പഠിച്ചാല്‍ത്തന്നെ മുഴുവന്‍ സ്‌കോറും നേടാന്‍ ഇതുമൂലം സൗകര്യമുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയ അധ്യാപകര്‍ ഈ നിലയിലുള്ള സൂചന നല്‍കുകയും ചെയ്തു. കുറെയേറെപ്പേര്‍ക്ക് മികച്ച വിജയം നേടാന്‍ ഇത് സഹായകമായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2021 ലെ പൊതുപരീക്ഷകള്‍ ഈ രീതിയില്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന പ്രധാന ആക്ഷേപം ഇതര ബോര്‍ഡുകളെ അപേക്ഷിച്ച് കേരളാ ബോര്‍ഡിനു കീഴില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പേര്‍ ഉയര്‍ന്ന വിജയം നേടി എന്നതാണ്. ഇതു മൂലം തുടര്‍പഠനമേഖലകളില്‍ ചില പ്രതിസന്ധികള്‍ ഉടലെടുക്കുകയും ചെയ്തു. ഡല്‍ഹിയിലെ സര്‍വകലാശാലകളില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ കൂടുതലായി പ്രവേശനം നേടി എന്ന ആക്ഷേപം കേന്ദ്രമന്ത്രിതന്നെ ഉന്നയിക്കുകയുണ്ടായി. കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുണ്ടായ തിരക്കും ശ്രദ്ധേയമാണ്. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്കുപോലും ആഗ്രഹിച്ച സ്‌കൂളുകളില്‍ ആഗ്രഹിച്ച വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിക്കാത്ത അവസ്ഥ ഉണ്ടായി. എഴുപത് അധിക ബാച്ചുകള്‍ അനുവദിച്ചാണ് പ്രശ്‌നത്തിന് കുറെയൊക്കെ പരിഹാരം കണ്ടത്. ഇത് സര്‍ക്കാരിന് വലിയ ബാധ്യതയായിട്ടുണ്ടത്രേ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയില്‍ നിന്ന് കടമെടുത്ത് സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ അവതരിപ്പിച്ച വാദമുഖങ്ങള്‍ ഓര്‍ക്കുമല്ലോ. ഖജനാവു കാലിയാകുമെന്നു കരുതി ഒരാവശ്യവും മാറ്റിവച്ചിട്ടില്ലല്ലോ. പണച്ചെലവിനെക്കുറിച്ചുള്ള വേവലാതിയല്ല അടിസ്ഥാനപ്രശ്‌നമെന്ന് വ്യക്തം.
കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഏറ്റവും അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന ഒരു വിഭാഗം ഇവിടത്തെ ഹയര്‍ സെക്കന്ററിയിലെ ചില അധ്യാപകരാണ്. അതിന് കാരണം അവര്‍ സി.ബി.എസ്.സി. തുടങ്ങി കേരളത്തിനു പുറത്തുള്ള പരീക്ഷാബോര്‍ഡുകളുടെ ഉപാസകരാണെന്നതു മാത്രമല്ല. പത്താം ക്ലാസു വരെ സി.ബി.എസ്.സി. സ്‌കൂളുകളില്‍ പഠിച്ചശേഷം ഹയര്‍ സെക്കന്ററി പഠനത്തിനായി കേരള സ്‌കൂളുകളെ ആശ്രയിക്കുന്ന കുട്ടികളെ വിദ്യാലയത്തിന്റെ വരദാനമായി അവര്‍ കണക്കാക്കുന്നു. അവരെ പഠിപ്പിക്കാനായി കഷ്ടപ്പെടേണ്ടതില്ല. കോച്ചിങ്ങും മറ്റ് അഭ്യാസങ്ങളും കഴിഞ്ഞുവരുന്ന അവരുടെ പരീക്ഷാഫലം ആഘോഷിക്കുകയും ചെയ്യാം. മിക്ക ഇടത്തരക്കാരും അധ്യാപകരുടെ ഈ അഭിലാഷത്തിന് അനുഗ്രഹം ചൊരിയുന്നു. ഇത് ഉണ്ടാക്കുന്ന സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ വിപത്ത് വളരെ വലുതാണ്.
2021 ലെ രീതി 2022 ലെ പൊതുപരീക്ഷയിലും തുടരുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നുവെങ്കിലും 2022 ജനുവരിയില്‍ ഇറക്കിയ പുതിയ ഉത്തരവില്‍ ചോദ്യങ്ങളുടെ അനുപാതത്തിലും പാഠഭാഗങ്ങളുടെ എണ്ണത്തിലും ഗണ്യമായ ഭേദഗതി വരുത്തി. 60 ശതമാനം പാഠഭാഗങ്ങള്‍ ഫോക്കസ് ഏരിയയിലേക്ക് കൊണ്ടുവന്നു. അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ നല്‍കേണ്ടിയിരുന്ന സുപ്രധാന നിര്‍ദ്ദേശമാണ് പരീക്ഷ പടിവാതിലില്‍ എത്തിയശേഷം നല്‍കിയത്. ഫോക്കസ് ഏരിയയില്‍ നിന്ന് 70 ശതമാനം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതിനൊപ്പം നോണ്‍ ഫോക്കസ് ഏരിയയിലെ ചോദ്യങ്ങളുടെ ചോയ്‌സിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഓരോ ചോദ്യമാതൃകയിലും വെവ്വേറെ അനുപാതം നിഷ്‌കര്‍ഷിച്ചുകൊണ്ട് ചോദ്യകര്‍ത്താക്കള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയതിലൂടെയാണ് ചോയ്‌സുകള്‍ക്ക് നിയന്ത്രണം ഉണ്ടായത്. നോണ്‍ഫോക്കസ് ഏരിയ ശ്രദ്ധാപൂര്‍വം പഠിക്കാതിരുന്നാല്‍ ചോയ്‌സ് ഇല്ലാത്ത ചോദ്യങ്ങളുടെ സ്‌കോര്‍ നഷ്ടമാവും. എ പ്ലസിന് അര്‍ഹരായ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ബി പ്ലസിലേക്ക് തരം താഴ്ത്തപ്പെടാന്‍ ഇത് കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ രീതി അനുസരിച്ച് നോണ്‍ ഫോക്കസ് ഏരിയയിലെ ചോദ്യങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയാലും ഒരാള്‍ക്ക് ഏ പ്ലസ് നേടാന്‍ പ്രയാസമുണ്ടായിരുന്നില്ല.
പാഠഭാഗങ്ങള്‍ വിഭജിച്ച് ഈ "ലഘൂകരണം' ഏര്‍പ്പെടുത്താതിരുന്നാല്‍ത്തന്നെ വിദ്യാര്‍ത്ഥിക്കു ലഭിക്കുമായിരുന്ന ഉന്നത വിജയമാണ് ഇവിടെ തട്ടിപ്പറിക്കപ്പെടുന്നത്. 2021 ലെ നടപടികള്‍ കൂടുതല്‍ കുട്ടികളെ വിജയിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെങ്കില്‍ 2022 ലേത് പരമാവധി കുട്ടികളെ തോല്പിച്ചും പുറകിലാക്കിയും മുഖം രക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതുമൂലം കുട്ടികള്‍ക്ക് ഉണ്ടാകാനിടയുള്ള നിരാശയും മാനസികസമ്മര്‍ദ്ദവും അനഭിലഷണീയമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനിടയാക്കുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങള്‍ക്ക് വിദ്യാഭ്യാസശാസ്ത്രപരമായ പരിഹാരങ്ങളാണ് അന്വേഷിക്കേണ്ടത്.
അക്കാദമികമായ പിന്‍ബലമില്ലാതെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പരീക്ഷാപരിഷ്‌കരണനടപടിയെ എതിര്‍ത്ത് അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ പി. പ്രേമചന്ദ്രന്‍ എന്ന അധ്യാപകന് ഷോ കോസ് നോട്ടീസ് നൽകിയിരിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് സംവാദത്തിനുള്ള ഇടങ്ങള്‍ നഷ്ടമായതിന്റെ സൂചനയാണിത്. അടിയന്തരാവസ്ഥയ്ക്കു സമാനമായ ഒരു കാലഘട്ടത്തിലൂടെ നമ്മള്‍ കടന്നുപോവുകയാണോ എന്ന ഭയം ഉള്ളില്‍ നിറയുന്നു. എതിര്‍ സ്വരങ്ങളെ അസഹിഷ്ണുതയോടെ കാണുകയും സംവാദം നടക്കേണ്ട ഇടങ്ങളില്‍ കായബലം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരത്തിലേക്കാണ് കേരളം മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിനുള്ള യോഗ്യത മറ്റു തരത്തില്‍ തെളിയിച്ചിട്ടുള്ളവരെ ചുമതല ഏല്പിക്കാന്‍ കാണിക്കുന്ന വ്യഗ്രതയും ആശങ്ക ജനിപ്പിക്കുന്നു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വിവിധ പരീക്ഷാബോര്‍ഡുകള്‍ പരീക്ഷാരീതികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സിലബസില്‍ കുറവുവരുത്തി പഠനഭാരവും പരീക്ഷാഭാരവും കുറയ്ക്കാനാണ് നിര്‍ദ്ദേശമുണ്ടായത്. എന്‍.സി.ഇ.ആര്‍.ട്ടി ഉള്ളടക്കത്തില്‍ ആവര്‍ത്തനമുള്ള 10,12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഒഴിവാക്കി. 2021 ല്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ റദ്ദ് ചെയ്തു. 20 ശതമാനം ആഭ്യന്തര വിലയിരുത്തലും 80 ശതമാനം ബോര്‍ഡു പരീക്ഷയും ഉള്‍പ്പെടുന്നതാണ് സി.ബി.എസ്.ഇ പരീക്ഷാക്രമം. 80 ശതമാനമുള്ള ബോര്‍ഡു പരീക്ഷാസ്‌കോറിനു പകരം സ്‌കൂള്‍തല പരീക്ഷകളുടെ സ്‌കോര്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചത്. പല സംസ്ഥാന ബോര്‍ഡുകളും സമാനമായ രീതികള്‍ പിന്തുടര്‍ന്നിട്ടുണ്ട്. എന്നിട്ടും കേരളത്തിലെ ബോര്‍ഡുപരീക്ഷകള്‍ എന്തുകൊണ്ട് അസംതൃപ്തി പടര്‍ത്തി എന്നത് അന്വേഷിക്കേണ്ടതാണ്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പണ്‍ സ്‌കൂളിങ് പാഠഭാഗങ്ങളെ മൂന്ന് വിഭാഗമായി തിരിച്ചിരിക്കുന്നു. 40 ശതമാനം പാഠങ്ങള്‍ ആഭ്യന്തര വിലയിരുത്തലിന് വിധേയമാക്കേണ്ടവയാണ്. അടിസ്ഥാന ധാരണകള്‍ ഉറപ്പിക്കുന്നതിനുള്ള പാഠഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ആഭ്യന്തരവിലയിരുത്തലിന് കൃത്യമായ മാര്‍ഗരേഖ നല്‍കിയിരിക്കുന്നു. 30 ശതമാനം പാഠങ്ങള്‍ വസ്തുതാപരമായ ധാരണ ഉറപ്പിക്കുന്നവയാണ്. അവയില്‍ നിന്ന് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. സൗകര്യം അനുസരിച്ച് ഓണ്‍ലൈന്‍ പരീക്ഷയോ ഒ.എം.ആര്‍. പരീക്ഷയോ പേപ്പര്‍ പെന്‍സില്‍ പരീക്ഷയോ ഇതില്‍ നടത്താം. 30 ശതമാനം പാഠഭാഗങ്ങള്‍ ഉയര്‍ന്ന ചിന്താപ്രക്രിയ ആവശ്യപ്പെടുന്നവയാണ്. അവ ഡിസ്‌ക്രിപ്റ്റീവ് പരീക്ഷയിലൂടെ വിലയിരുത്തുന്നു.
കേരളം പരീക്ഷാപരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. പക്ഷേ, ഗൈഡ്-റ്റ്യൂഷന്‍ ലോബികളുടെ സമ്മര്‍ദ്ദവും ഒരു വിഭാഗം അധ്യാപകരുടെ പ്രതിലോമ സമീപനവും മൂലം പല പദ്ധതികളും ഫലവത്താകാതെ പോയി. വിദ്യാഭ്യാസത്തില്‍ പഠനത്തിനു ലഭിക്കേണ്ട ഫോക്കസ് പരീക്ഷകളിലേക്ക് മാറുന്നത് ദുഃഖകരമാണ്. ഒപ്പം, പരീക്ഷകളുടെ ഫോക്കസ് അവയുടെ അടിസ്ഥാന ലക്ഷ്യത്തില്‍ നിന്ന് ഏറെ അകന്നു പോവുകയും ചെയ്യുന്നു. വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമായ പരീക്ഷകളുടെ ലക്ഷ്യം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തലും അവരുടെ മികവുകള്‍ നിര്‍ണ്ണയിക്കലുമാണ്. താരതമ്യവും തരം തിരിക്കലും അനാരോഗ്യകരമായ മാനസികാന്തരീക്ഷം സൃഷ്ടിക്കും. കുട്ടികളെ തളര്‍ത്തുന്ന പരീക്ഷകളല്ല, അവരെ പ്രചോദിപ്പിക്കുകയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്ന വിലയിരുത്തലുകളാണ് നടപ്പിലാക്കേണ്ടത്. പ്രവേശനപരീക്ഷകളുടെ ലക്ഷ്യം നിശ്ചിത മേഖലയില്‍ അഭിരുചിയും താല്പര്യവുമുള്ളവരെ തിരഞ്ഞെടുക്കുകയാണ്. ജോലിയില്‍ ആത്മാര്‍ത്ഥതയും കൃത്യതയും സൂക്ഷ്മതയും ഉള്ളവരെ കണ്ടത്താനാണ് തൊഴില്‍ദാതാക്കള്‍ തങ്ങളുടെ പരീക്ഷകളിലൂടെ ശ്രമിക്കുന്നത്. ഇവയുടെ എല്ലാം ഫോക്കസ് ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ സംഭവിക്കുന്നത് വലിയ പതനമാണ്. കൂടുതല്‍ പേരെ തോല്പിക്കാന്‍ നടത്തുന്ന മത്സരപരീക്ഷകളെ കോച്ചിങ്ങുകളിലൂടെ തോല്പിച്ച് ഉള്ളില്‍ കടക്കുന്നവര്‍ അതത് മേഖലകളുടെ അടിത്തറ തോണ്ടുന്നു.
യോഗ്യതാപരീക്ഷകള്‍, പ്രവേശനപരീക്ഷകള്‍, ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനു നടത്തുന്ന പരീക്ഷകള്‍ എന്നിവയ്‌ക്കെല്ലാം ഈ ഗതികേട് സംഭവിച്ചിട്ടുണ്ട്. മിസ് -ഫിറ്റ് ആയവരെ മാത്രം തിരഞ്ഞെടുക്കുന്ന തരത്തിലേക്ക് നമ്മുടെ പല സംവിധാനങ്ങളും അധപ്പതിച്ചിരിക്കുന്നു. പരീക്ഷകളെ പരാജയപ്പെടുത്തുന്നവരെക്കാള്‍ (ക്രാക്ക് ചെയ്യുന്നവര്‍ എന്നാണ് പുതിയ പദാവലി) എത്രയോ മികച്ചവരാണ് പുറന്തള്ളപ്പെട്ടുപോകുന്ന പരാജിതര്‍ എന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല.
കേരളത്തില്‍ സ്‌കൂള്‍ പാഠ്യപദ്ധതി ശാസ്ത്രീയമായി പരിഷ്‌കരിക്കുന്നതിനുള്ള ശ്രമങ്ങളാണ് അടിയന്തിരമായി ഉണ്ടാകേണ്ടത്. ലക്ഷ്യം, സമീപനം, ഉള്ളടക്കം, രീതിശാസ്ത്രം തുടങ്ങിയവയെ എല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന കൊട്ടുറപ്പുള്ള ഒരു പാഠ്യപദ്ധതി അനിവാര്യമാണ്. അതിന്റെ ഭാഗമായി വിലയിരുത്തലിലും മാറ്റങ്ങള്‍ വരുത്തണം. കോവിഡ് പ്രതിസന്ധി നേരിടാന്‍ ഏര്‍പ്പെടുത്തിയ താല്ക്കാലിക സംവിധാനങ്ങള്‍ ഇക്കൊല്ലം കൂടെ കാര്യമായ മാറ്റമില്ലാതെ തുടരാം.

മഹാമാരി ഉണ്ടാക്കിയ ആഘാതത്തിനു മേല്‍ മറ്റൊരാഘാതമായി പരീക്ഷകള്‍ മാറരുത്. പരീക്ഷകള്‍ വിദ്യാഭ്യാസത്തെ എത്രകണ്ട് ദുര്‍ബലമാക്കുന്നുവെന്ന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മിഷന്‍ ഉള്‍പ്പെടെ നിരീക്ഷിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കാലത്തിന്റെ ആവശ്യങ്ങള്‍ മുന്നല്‍ക്കണ്ടുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കേണ്ടത്. പോയകാലത്തിന്റെ തിരിച്ചുവരവോ നിലവിലുള്ളതിന്റെ ആവര്‍ത്തനമോ പ്രതീക്ഷിക്കേണ്ടതില്ല.
എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസവിദഗ്ധരെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തിയും അധ്യാപകര്‍ ഉള്‍പ്പടെ മുഴുവന്‍ വിദ്യാഭ്യാസതല്പരരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ചും 2007 ല്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന് രൂപം നല്‍കി. അതിനു മുമ്പ് ഇ.ടി.മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് പരീക്ഷാപരിഷ്‌കരണത്തിലൂടെ ഗ്രേഡിങ് നടപ്പിലാക്കി. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യം മെട്ടപ്പടുത്താന്‍ അവിരാമം പരിശ്രമിച്ച പ്രൊഫ. രവീന്ദ്രനാഥ് പരീക്ഷകള്‍ മനുഷ്യത്വപരമാവണമെന്നു നിഷ്‌കര്‍ഷയുള്ള ആളായിരുന്നു. പൊതുപരീക്ഷകളില്‍ കൂടുതല്‍ ഓപ്ഷനുകള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം അതിന് ഉദാഹരണമാണ്. പരീക്ഷയ്ക്ക് നല്‍കിവരുന്ന അമിതപ്രാധാന്യം കുറയ്ക്കുന്ന നിലപാടാണ് ഇവിടെയെല്ലാം പ്രതിഫലിക്കുന്നത്. എന്നാല്‍ പരീക്ഷയിലെ കാര്‍ക്കശ്യം തിരിച്ചുകൊണ്ടുവരാനുള്ള വ്യഗ്രത ഉത്തരവാദിത്തപ്പെട്ടവരുടെ വാക്കുകളില്‍ നിന്നും നടപടികളില്‍ നിന്നും തിരിച്ചറിയുന്നു. നാളിതുവരെ രൂപപ്പെടുത്തിക്കൊണ്ടുവന്ന കഴ്ചപ്പാടുകളെ അപ്പാടെ തമസ്‌കരിക്കാനുള്ള എന്തു കണ്ടെത്തലാണ് അഭിനവപാര്‍ത്ഥന്മാര്‍ക്ക് മുന്നിലുള്ളത്?
പതിനെട്ടു വയസ്സുവരെയുള്ള വിദ്യാഭ്യാസം സൗജന്യവും സാര്‍വത്രികവുമാക്കിയെന്ന് വാതോരാതെ പറയുന്നവര്‍ പതിനാറാം വയസ്സില്‍ പകുതി കുട്ടികളെ വീട്ടിലിരുത്താനുള്ള തന്ത്രം മെനയരുത്. ഭരണച്ചെലവ് വെട്ടിച്ചുരുക്കി വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്തി നമുക്ക് മാതൃകയാവാം. ഇന്ത്യയിലും വിദേശത്തും ലഭ്യമായിട്ടുള്ള എല്ലാ ഉപരിപഠനസാധ്യതകളും കേരളത്തിലെ കുട്ടികള്‍ അന്വേഷിക്കട്ടെ. അവരുടെ കുതിപ്പിനെ നമ്മള്‍ എന്തിനു തടയണം? സാമൂഹികമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഏറെയും പൊതുവിദ്യാലയങ്ങളില്‍ എത്തുന്നത്. അവരുടെ പഠനതാല്പര്യവും ബുദ്ധിശക്തിയും അംഗീകരിക്കപ്പെടേണ്ടതുണ്ട്.
സി.ബി.എസ്.ഇ- സ്റ്റേറ്റ് ബോര്‍ഡ് വൈരുധ്യമാണ് പല വിവാദങ്ങളുടെയും അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ ആരോഗ്യകരമായ സമീപനം ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. സംസ്ഥാനത്തിനുള്ളില്‍ മികച്ച വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന് എല്ലാ തരം സ്‌കൂളുകളെയും പിന്തുണയ്‌ക്കേണ്ടതാണ്. സി.ബി.എസ്.ഇ സ്‌കൂളില്‍ പത്താം ക്ലാസുവരെ പഠിപ്പിക്കുകയും ഹയര്‍ സെക്കന്ററി പഠനം സ്റ്റേറ്റ് ബോര്‍ഡിനു കീഴില്‍ വേണമെന്ന് വാശിപടിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. വ്യക്തിത്വരൂപീകരണത്തിന്റെ പ്രധാന ഘട്ടങ്ങളിലെല്ലാം പരിചരിച്ച സാഹചര്യത്തില്‍ നിന്ന് കുട്ടികളെ പെട്ടന്ന് മാറിയ സാഹചര്യത്തിലേക്ക് കൊണ്ടുവരുന്നത് അശാസ്ത്രീയമാണ്. രക്ഷിതാക്കളുടെ ചില താല്പര്യങ്ങളും അന്ധവിശ്വാസങ്ങളുമാണ് ഇതിന് പ്രേരിപ്പിക്കുന്നത്.
അത്തരം നടപടിക്രമങ്ങള്‍ വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ഉലച്ചില്‍ പോലെ തന്നെ ഗൗരവമുള്ളതാണ് വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥയില്‍ ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥയും. ഒരുപക്ഷേ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സാഹചര്യമാണ് ഇത്. ഉചിതമായ നയരൂപീകരണത്തിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും പ്രശ്‌നപരിഹാരം കണ്ടെത്തണം. അധികാരദണ്ഡുകൊണ്ട് മര്‍ദ്ദിച്ചൊതുക്കാനല്ല, അക്കാദമികമായ പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്.
എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഓഫീസര്‍ ആയിരുന്നു.
Joss Victor J
13 Feb 2022, 04:02 PM
ഇത് അപലപനീയമാണ്. പ്രതികരിക്കാൻ തയ്യാറായ ഡോ.തിലക് സാറിന് അഭിവാദ്യങ്ങൾ...
ടി.എസ്.രവീന്ദ്രൻ
12 Feb 2022, 01:45 PM
അടിമവേലയുടെ ഉപാസകരായി തൊഴിലാളി നേതാവ് അധപ്പതിക്കുന്ന കാഴ്ച അതി കഠിനം തന്നെ. വിമർശനത്തെ മുളയിലെ നുള്ളുന്ന ഫാസിസത്തിന്റെ നടത്തിപ്പുകാർ.
ഡോ. ഗായത്രി ഒ.പി.
Jul 01, 2022
6 Minutes Read
ഡോ. വി. ജി. അനില്‍ജിത്ത്
Jul 01, 2022
6 Minutes Read
ഉമ്മർ ടി.കെ.
Jun 16, 2022
10 Minutes Read
Think
Apr 30, 2022
4 Minutes Read
Think
Apr 28, 2022
2 Minutes Read
സ്മിത പന്ന്യൻ
Apr 27, 2022
2 Minutes Read
വസന്തകുമാരൻ നായർ കെ.
14 Feb 2022, 04:20 PM
വിദ്യാഭ്യാസ രംഗത്തുണ്ടായ മികച്ച നേട്ടങ്ങൾക്ക് പിന്നിൽ പ്റവർത്തിച്ച അധ്യാപകരുടെ വായ മൂടിക്കെട്ടുകവഴി നേട്ടങ്ങളെ കോട്ടങ്ങളായി ചിത്രീകരിക്കാനും ഞാൻ അത് കണ്ടുപിടിച്ച് എന്ന് വരുത്തിതീർക്കാൻ ആരോ പാഴ് ശ്രമം നടത്തുകയല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.