സയൻസ് തകർക്കുന്ന/ തകർക്കാത്ത മിത്തുകൾ

സമൂഹത്തിലും കുടുംബ വ്യവസ്ഥിതിയിലും നിലനിൽക്കുന്ന അസമത്വങ്ങൾ ചർച്ചയാക്കാൻ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഈ ചർച്ചകളിൽ ഇതൊരു മധ്യവർഗ സവർണ പ്രശ്‌നമാണെന്നും അതിന് ജാതിക്കും മതത്തിനും അതീതമായ ഒരു മാനം കൽപ്പിച്ചുകൊടുക്കുന്നത് അപകടകരമാണെന്നുമുള്ള വിമർശനമുയർന്നിരുന്നു. ട്രൂകോപ്പി തിങ്കിൽ കുഞ്ഞുണ്ണി സജീവ് എഴുതിയ ' മഹത്തായ ഭാരതീയ അടുക്കളയിലെ ലളിത' എന്ന ലേഖനത്തിൽ, വളരെ സങ്കീർണമായ പ്രശ്നങ്ങൾ നേരിടുമ്പോൾ സംഭവിക്കുന്ന ലളിതവത്കരണത്തിൽ തുടങ്ങി മർദ്ദിതവർഗത്തോട് നടത്തുന്ന ചരിത്രപരമായ തെറ്റിൽ എത്തിനിൽക്കുന്നുണ്ട് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന വിമർശനമുന്നയിച്ചിരുന്നു. ലേഖനത്തിൽ കുഞ്ഞുണ്ണി മുന്നോട്ടുവെച്ച വാദങ്ങളോട് വിയോജിക്കുകയാണ് ലേഖിക.

"ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന സിനിമ സങ്കീർണ്ണ പ്രശ്‌നങ്ങളെ ലളിതവത്ക്കരിക്കുകയാണ് ചെയ്തത് എന്ന് വിമർശിച്ചു കൊണ്ട് കുഞ്ഞുണ്ണി സജീവ് ട്രൂ കോപ്പി തിങ്കിൽ എഴുതിയ ലേഖനത്തിൽ മിത്തുകളുടെ രൂപീകരണത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. അസമത്വങ്ങളെ ലളിതവൽക്കരിച്ചു കൊണ്ട് നിർമ്മിക്കപ്പെടുന്ന ഒരു മിത്തായി ഈ ലേഖനം "അടുക്കളയെ ' വായിക്കുന്നു. നായികയുടെ പ്രതിനിധാനത്തിൽ നിന്നുണ്ടാകുന്ന അപകടകരമായ അനുമാനങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നു. എന്നാൽ സ്ത്രീയുടെ റോളിനേയും പദവിയെയും ജീവിതത്തെയും സംബന്ധിച്ച് സമൂഹത്തിലും വിശിഷ്യാ മതത്തിലും നിലനിൽക്കുന്ന മിത്തുകളെ തുറന്നു കാണിക്കുന്നുണ്ട് ഈ ചിത്രം എന്നത് ലേഖകന്റെ പരിഗണനയിൽ വരുന്നുമില്ല.

"മഹത്തായ ഭാരതീയ അടുക്കള' യുടെ ചുമരിൽ ആ കുടുംബത്തിലെ പല തലമുറയിലെ ദമ്പതികളുടെ ചിത്രമുണ്ട്. ആ ദാമ്പത്യ ചിത്രങ്ങൾക്കൊപ്പം കൂട്ടിച്ചേർക്കപ്പെട്ട ഒരു ജോഡി മാത്രമാണ് ഈ ചിത്രത്തിൽ നിമിഷയും സുരാജും അവതരിപ്പിക്കുന്ന ദമ്പതികൾ. ലേഖകൻ ഉദാഹരിച്ചിരിക്കുന്ന "The Great Family of Man' എന്ന ഫോട്ടോ പ്രദർശനം മറച്ച് വെക്കുന്ന അസമത്വങ്ങൾ പോലെ, മറച്ച് വെക്കപ്പെടുന്നതും സാധാരണീകരിക്കപ്പെടുന്നതുമായ അസമത്വങ്ങളിലാണ് കുടുംബമെന്ന സ്ഥാപനം നിലനിൽക്കുന്നത് എന്ന് ഈ ഫോട്ടോകൾ പറയുന്നു. ഭൂതകാലത്തിന്റെയോ വർത്തമാനകാലത്തിന്റെയോ ചുമരിൽ കാണാവുന്ന ഇത്തരം സുന്ദര ദാമ്പത്യത്തിന്റെ ചിത്രങ്ങൾ പരിശോധിച്ചാൽ മാറ്റമില്ലാതെ കാണാവുന്ന ഒന്ന് - വർണ്ണ വർഗ ഭേദമില്ലാതെ കാണാവുന്ന ഒരു സമാനത - ചിത്രത്തിലെ ദമ്പതികളുടെ സ്ഥാനമാണ്. എല്ലാ ചിത്രങ്ങളിലും അവൻ ഇടതും അവൾ വലതുമാണ്.

1955-ൽ ന്യൂ യോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ വെച്ച് നടത്തിയ The Family of Man-ന്റെ ഇൻസ്റ്റലേഷൻ / Photo: Ezra Stoller, MoMA

പുതിയ കാലത്തെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ ദാമ്പത്യത്തിലെ ക്രമങ്ങളെയും, പരിചിത പോസുകളുടെയും ഭാവങ്ങളുടെയും യാന്ത്രിക തുടർച്ചകളെയും തെറ്റിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും കാൻഡിഡ്, കാഷ്വൽ ചിത്രങ്ങളിൽ പോലും സ്ഥാനങ്ങളെക്കുറിച്ച് ഫോട്ടോ എടുക്കുന്നവരും പോസ് ചെയ്യുന്നവരും അശ്രദ്ധമായെങ്കിലും ശ്രദ്ധിക്കുന്നുണ്ട് എന്നും കാണാം. അശ്രദ്ധമായി അതിനെ വിട്ടു കളയാൻ കഴിയുന്നില്ല എന്നിടത്താണ് സ്ത്രീയെന്ന പ്രതിനിധാനത്തിലെയും ലിംഗപരമായ അധികാരത്തിലെയും ഏകത തിരിച്ചറിയാൻ കഴിയുക.

മഹത്തായ ഭാരതീയ അടുക്കളയുടെ ചുമരിൽ കാണുന്ന ചിത്രങ്ങളെല്ലാം ഒരേ മട്ടിൽ ജീവിച്ചവരുടെ ചിത്രങ്ങളല്ല. ബ്ലാക്ക് ആന്റ് വൈറ്റിൽ നിന്ന് കളറിലേക്കും ചിരിക്കാത്ത മുഖങ്ങളിൽ നിന്ന് ചിരിക്കുന്ന മുഖങ്ങളിലേക്കുമുള്ള മാറ്റങ്ങളെന്ന പ്രത്യക്ഷ വ്യത്യാസങ്ങൾ പോലെ ആ ദമ്പതികൾക്കിടയിലെ ഐക്യത്തിന്റെയും അധികാരത്തിന്റെയും അനുപാതങ്ങളിലും കാലക്രമത്തിലുള്ളതോ വ്യക്ത്യധിഷ്ഠിതമോ ആയ മാറ്റങ്ങളുണ്ടാവാം. അതിൽ നൂറു ശതമാനം പുരുഷനും പൂജ്യം മാത്രമായി സ്ത്രീയുമുള്ള ദാമ്പത്യ ബന്ധങ്ങൾ ഉണ്ടായിരിക്കാം. താരതമ്യേന ഭേദപ്പെട്ട പരിഗണനകൾ കിട്ടിയ സ്ത്രീകളുമുണ്ടാവാം. ഇനി ഇതേ ദാമ്പത്യ ചിത്രങ്ങളെ മറ്റൊരു ജാതി, മത പരിസരത്തോ വർഗപരിസരത്തോ ഇളക്കി പ്രതിഷ്ഠിച്ചു നോക്കുക. സ്ത്രീയുടെയും പുരുഷന്റെയും വേഷങ്ങൾ മാത്രമല്ല മാറുക. വ്യക്തികൾക്കനുസരിച്ചും പരിസരങ്ങൾക്കനുസരിച്ചും അധികാരപ്രയോഗങ്ങളിൽ ഏറ്റക്കുറച്ചിലുകളും കാണാൻ സാധിക്കും. എന്നാൽ ആ ചിത്രങ്ങളെല്ലാം ദി ഗ്രേറ്റ് ഫാമിലി ഓഫ് "മാൻ' എന്ന ചിത്രപ്രദർശനത്തിൽ ഒരേ ഹാഷ് ടാഗിലെന്നവണ്ണം അടയാളപ്പെടുത്തപ്പെടുന്നു. അതിൽ ഒരുവളുടെ അനുഭവങ്ങളോ ചിന്തകളോ വികാരങ്ങളോ അവയുടെ ആവിഷ്‌കാര ശ്രമങ്ങളോ എപ്പോഴും തന്നെ മറഞ്ഞിരിക്കുന്നു. മറച്ചുവെക്കപ്പെടുന്നു.

ദ ഗ്രേറ്റ് ഇന്ത്യൻ ചിത്രത്തിലെ അടുക്കള ദൃശ്യങ്ങളിലൊന്ന്

ഒരു മധ്യവർഗ കുടുംബ പരിസരത്ത് സൗമ്യാധികാരങ്ങൾക്ക് വിധേയയായി ജീവിക്കേണ്ടി വരികയും ഒരു ഘട്ടത്തിൽ അതിനെ കുടഞ്ഞ് കളഞ്ഞ് പുറത്തു കടക്കുകയും ചെയ്യുന്ന നായികയെയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ കാണുന്നത്. പ്രത്യക്ഷമായ അധികാരപ്രയോഗങ്ങൾ കുറഞ്ഞു കാണുന്നതു കൊണ്ടും അധികാരത്തിന് വിധേയരാവുന്നവരുടെ കൂടി മൗനസമ്മതത്തോടെ പ്രയോഗിക്കപ്പെടുന്ന പ്രതീകാത്മക അധികാരങ്ങളാണ് കൂടുതൽ കാണുന്നത് എന്നത് കൊണ്ടും നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ തന്നെ അച്ഛന് ബ്രഷിൽ പേസ്റ്റ് തേച്ച് കൊടുക്കാമെന്ന ഔദാര്യത്തിലെ പ്രതീകാത്മക ഹിംസ (Symbolic Violence) യെ തിരിച്ചറിയുക എളുപ്പമല്ല. മധ്യ വർഗ കുടുംബങ്ങളാണ് വ്യവസ്ഥാനുരൂപമായി സ്വയം ചിട്ടപ്പെടുത്തുന്നതിൽ ഏറ്റവും ശ്രദ്ധ കാണിക്കുന്നത് എന്നതും കാണേണ്ടതുണ്ട്. ഒരുവൾക്ക് പുറത്തേക്കു പോകുക ഏറ്റവും പ്രയാസമായിരിക്കുന്നതും ഇത്തരം ഇടങ്ങളിലാണ്. ആ നിലയിൽ നോക്കുമ്പോൾ സാമാന്യവും സാധാരണവുമായ സ്ത്രീയനുഭവത്തെ യഥാതഥമായി അവതരിപ്പിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യക്ഷവും പ്രതീകാത്മകവുമായ ഹിംസകളെ മറച്ചു വെച്ച് നിർമ്മിക്കുന്ന സുന്ദര ദാമ്പത്യമെന്ന മിത്തിനെ തകർക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്.

മതം നിർമ്മിച്ചെടുത്ത, നിലനിർത്തുന്ന മിത്തുകളെ സയൻസു കൊണ്ട് നേരിടുന്നു എന്നതാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിന്റെ മറ്റൊരു മേന്മ. ആചാരങ്ങളെ ഉറപ്പിക്കാനുണ്ടായവ കൂടിയാണ് മിത്തുകൾ എന്ന് പഠനങ്ങൾ പറയുന്നു. വിശ്വാസത്തിൽ യുക്തിക്കെന്ത് സ്ഥാനമെന്ന് നമ്മൾ പറയുമെങ്കിലും സയൻസ് കാലക്രമത്തിൽ വിശ്വാസങ്ങളെ കൂടുതൽ യുക്തിപൂർവ്വമായി പരിവർത്തിപ്പിച്ചിട്ടുണ്ട് എന്ന് കാണാം. അറിവില്ലായ്മയിൽ വേരുറപ്പിച്ച് തഴച്ചു വളർന്ന മതങ്ങളുടെ പല ശാഖകളെ സയൻസ് വെട്ടിക്കളഞ്ഞിട്ടുണ്ട്. അതിനാൽ മതവും വിശ്വാസവും സയൻസ് പ്രചരിക്കാൻ തുടങ്ങും മുമ്പ് ഉണ്ടായിരുന്നതു പോലെയല്ല ഇന്ന് കാണപ്പെടുന്നത്. ആർത്തവത്തെക്കുറിച്ചുള്ള അബദ്ധ ധാരണകൾ പലതും മാറിയിട്ടുണ്ട്. സയൻസിനു നന്ദി. എങ്കിലും മതങ്ങളിൽ ബാക്കിയുണ്ട് അറിവില്ലായ്മകളിൽ വേരുറപ്പിച്ച ദൃഢ ശാഖകൾ. അത് അസമത്വങ്ങളെയും അധികാരങ്ങളെയും ആദർശവൽക്കരിക്കുന്നു. പിന്തുണയ്ക്കുന്നു. ന്യായീകരിക്കുന്നു. സയൻസിനു മേലെ നിഴൽ വീഴ്ത്തുന്നു. സയൻസ് പഠിച്ച് രൂപപ്പെടുന്ന ലോകബോധത്തിൽ ചാണകവെള്ളം തളിക്കുന്നു. അയുക്തികളുടെ ശാസ്ത്രീയതയെ പ്രചരിപ്പിക്കുന്നു. ആർത്തവലഹളയെ വിശ്വാസ പ്രളയത്തിൽ മുക്കിക്കളയുന്നു. മലകയറുന്ന ഒരുവളെ താഴേയ്ക്ക് ചവിട്ടിയിടുന്നു. തെറ്റ് കണ്ടെത്തുന്ന ഒരുവളെ കിണറ്റിൽ തള്ളിയിടുന്നു. ഫ്രാങ്കോമാർക്ക് ചുറ്റും സംരക്ഷണവലയം തീർക്കുന്നു. വ്യവസ്ഥിതിയെ ചോദ്യം ചെയ്ത മനുഷ്യരെ ദൈവങ്ങളാക്കി ഉയർത്തിയുണ്ടാക്കിയ മതങ്ങൾ പോലും പുതിയ അധികാര സ്ഥാപനങ്ങളാകുന്നു.

"സയൻസാൽ ദീപ്തമീ ലോകം
സയൻസാലഭിവൃദ്ധികൾ
സയൻസെന്യേ തമസ്സെല്ലാം
സയൻസിന്നു തൊഴുന്നു ഞാൻ '
(സയൻസാണ് ഈ ലോകത്ത് പ്രകാശം നിറയ്ക്കുന്നത്, പുരോഗതിയുണ്ടാക്കുന്നത്. സയൻസില്ലായ്മ ഇരുട്ടാണ്. ഞാൻ സയൻസിനെ തൊഴുന്നു)
എന്ന് സഹോദരൻ അയ്യപ്പൻ, ശ്രീനാരായണ ഗുരുവിന്റെ ദൈവദശകത്തെ അനുകരിച്ചെഴുതിയ "സയൻസ് ദശകം' എന്ന കൃതിയിൽ എഴുതിയത് 1916 ലാണ്. നമ്മുടെ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും പൊതുവിടങ്ങളിലും ദൈവദശകങ്ങൾക്ക് പകരം സയൻസ് ദശകങ്ങൾ വായിക്കാൻ ഇനിയും എത്ര കാലം കഴിയണം?

Comments