ലോക്ക്ഡൗൺ കള്ളൻ

പ്രതിസന്ധിയിലായ പലതരം ജീവിതങ്ങളുടെ കാലിഡോസ്‌കോപ്പായിരിക്കുകയാണ് ലോക്ക്ഡൗൺ കാലം. ആർക്കും ആരുടെയും രക്ഷക്കെത്താൻ കഴിയാത്ത സ്ഥിതി. ദാരിദ്ര്യത്തിന്റെയും തൊഴിൽ നഷ്ങ്ങളുടെയും തീവ്രമായ അനുഭവങ്ങൾ ഏറെയും അത് അനുഭവിക്കുന്നവർക്കൊപ്പം സഹിച്ചില്ലാതാകും. കൊൽക്കത്ത നഗരത്തിൽ ഗാംഗ്ചിൽ എന്ന ബംഗാളി പ്രസാധകശാലയുടെ എഡിറ്ററായ ആധിർ ബിസ്വാസ്, ചീരയും വള്ളികളും ചേമ്പിൻ തണ്ടും കഴിക്കേണ്ടിവരുന്ന ഒരു ദരിദ്രകാലത്തെ തീവ്രമായി രേഖപ്പെടുത്തുന്നു

ലോക്ക്ഡൗൺ കാരണം മൂന്നേകാൽ മാസമായി മുനിസിപ്പൽ തൊഴിലാളികൾ വന്നിട്ട്. അവർ വരാത്തതു കൊണ്ടാണ് ചേമ്പിൻ കൂട്ടം ഇത്ര വളർന്നതും. പാവപ്പെട്ടവർ ചേമ്പിൻ തണ്ട് മുറിച്ചെടുത്ത് കൊണ്ടുപോകും. ഇന്ന് ഞാനും ഒരു ലുങ്കിയെടുത്തുടുത്ത് ചേമ്പിൻ തണ്ട് മുറിക്കാൻ കുന്തിച്ചിരിക്കുമെന്ന് ആരും വിചാരിച്ചിട്ടുണ്ടാവില്ല.

ഞങ്ങൾ കോളേജ് സ്റ്റ്രീറ്റിൽ ഒരു പുസ്തകക്കട നടത്തുകയാണെന്ന് അയൽക്കാർക്കറിയാം. പട്ടിണിപ്പാവങ്ങളെ പോലെ ഞാനും ഇതിനിറങ്ങുമെന്നവർ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല! എന്നെ കണ്ടയുടനെ ഒരു വല്ലാത്ത ഭാവത്തോടെ അവർ അകത്തേക്ക് പോകുന്നത് കണ്ടാലറിയാം, ഇന്ന് വൈകുന്നേരത്തോടെ ഞങ്ങൾ ബഹിഷ്‌കൃതരാവുമെന്ന്. ആരും ഞങ്ങളെ വിളിക്കില്ല. ഞങ്ങളോട് സംസാരിക്കില്ല. ചേമ്പിൻ തണ്ട് മുറിക്കുന്നത് ഈ അയൽപക്കത്തിനു തന്നെ നാണക്കേടായിരിക്കും. അവർ എന്നെ വളരെ വിചിത്രമായാണ് നോക്കിയത്. എന്തായാലും, ഞാനെന്റെ പണി തുടങ്ങി!
ചിലയാളുകൾ സൈക്കിളുകളിലും ചിലർ ഓട്ടോറിക്ഷകളിലും ജോലിക്ക് പോയിക്കൊണ്ടിരുന്നു. കുറേയാളുകൾ. അവർക്ക് ജോലി നഷ്ടപ്പെടുകയോ ജോലിക്ക് പോകാൻ കഴിയാതെയാവുകയോ ചെയ്തിരിക്കുന്നു. അവരുടെ കുടുംബജീവിതം സ്തംഭിച്ചിരിക്കുന്നു. പച്ചക്കറിയോ മീനോ ലോക്ക്ഡൗണിൽ ഇളവ് നൽകപ്പെട്ടിട്ടുള്ള മറ്റെന്തിങ്കിലുമോ വിൽക്കാനിറിങ്ങിയിരിക്കുകയാണവർ. അവരുടെ മുഖത്ത് മാസ്‌ക്കുണ്ട്. വശമില്ലാതെ ത്രാസ് പിടിയ്ക്കുന്നു അവർ. എന്നും ഞാനവരുടെ വിളി കേൾക്കാറുണ്ട്. പല തരം വിളികൾ. ഒന്നിനു പിറകെ ഒന്ന്. ഞാൻ ചേമ്പിൻ തണ്ട് മുറിയ്ക്കുന്നത് കണ്ട് അവർ നിശബ്ദരായി എന്നെ നോക്കിനിന്നു. എന്നെ കടന്നു പോയി. അവർക്കും ഞാൻ ഒരു അപരിചിതനാണെന്ന പോലെ.

പുസ്തകങ്ങളെ ചിതലുകൾ ആക്രമിക്കുന്നു

മൂന്നു മാസമായി പ്രസാധകശാല അടച്ചിട്ട്. ലോക്ക്ഡൗൺ തുടർന്നുകോണ്ടേയിരിക്കുന്നു. ഇങ്ങനെയൊന്ന് ഞാൻ സങ്കൽപ്പിച്ചിട്ടേ ഇല്ലായിരുന്നു. കൂടാതെ കർഫ്യൂവും. ഭീകരമായതെന്തോ ആണെന്ന് എനിക്ക് മനസ്സിലായി സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതു പോലും വിലക്കപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും ഭീകരമായ അപകടം തന്നെ.
ഞാൻ വിചാരിച്ചു, ഓ, എന്തായാലും കുറച്ചു ദിവസത്തേക്കല്ലേ! അതു കഴിഞ്ഞാൽ കട തുറക്കാം. മനസ്സിൽ അശുഭപ്രതീക്ഷയോടെ ഞാൻ വീട്ടിലിരുന്നു. പക്ഷെ കൊറോണ വൈറസ് പടരാൻ തുടങ്ങി. ലോക്ക്ഡൗൺ തുടർന്നു. തുടർന്നുകൊണ്ടേയിരുന്നു.

അങ്ങനെ മൂന്നു മാസങ്ങൾ കടന്നുപോയി. ഉപജീവനത്തിനുമേലും വീണു ഒരു ലോക്ക്ഡൗൺ. വിൽപ്പന തീർത്തും നിലച്ചു. നീക്കിയിരുപ്പൊക്കെ തീർന്നു. കാര്യങ്ങൾ വളരെ പരുങ്ങലിലായി. ഞാൻ കൂട്ടുകാരിൽ നിന്ന് കടം വാങ്ങി. ചിന്ത ഉൽകണ്ഠയായി മാറി. മുൻപിൽ ഭയം നിഴലിച്ചു. കടങ്ങൾ. പുസ്തകങ്ങളെ ചിതലുകൾ ആക്രമിക്കുന്നു. എന്റെ തലച്ചോറ് പണിമുടക്കി. ഇതെന്റെ അറുപത്തിയഞ്ചാം വർഷമാണ്, സർക്കാറിന്റെ നിർദ്ദേശം പാലിക്കാതെ പുറത്തിറങ്ങാനാവില്ല. കുറേ ദിവസത്തിനു ശേഷം, അവസാനം എനിക്ക് കട തുറക്കാൻ അനുമതി ലഭിച്ചു. എല്ലാ ദിവസവും ഒരു നിശ്ചിത സമയത്തേക്ക്. ഷോപ്പിംഗ് മാളുകളിൽ പോലും നാലു മണിയ്ക്ക് വിളക്കുകളണഞ്ഞു. രോഗബാധ ഭയന്ന് ഞങ്ങൾ ആഴ്ച്ചയിൽ രണ്ടു ദിവസം മാത്രം കട തുറന്നു. എന്റെ മകനാണ് കടയിൽ പോയിരുന്നത്. പക്ഷെ പുസ്തകം വാങ്ങാനുള്ളവരോ? ബസ്സുകളോ ട്രാമുകളോ പ്രവർത്തിക്കുന്നില്ലായിരുന്നു. ട്രെയിനുകളും. മെട്രോയും ഓടുന്നില്ലായിരുന്നു. അതേസമയം വൈറസ് മുന്നേറുകയായിരുന്നു, ഓരോ ദിവസവും കഴിഞ്ഞ ദിവസത്തെ റെക്കോർഡ് ഭേദിച്ച്. ബോയിപാര, കൊൽക്കത്ത കോളേജ് സ്റ്റ്രീറ്റിലെ പുസ്തകകേന്ദ്രം, കൊറോണ വൈറസിന്റെ പരിധിയിൽ പെട്ടുകഴിഞ്ഞു. താഴത്തെ നിലയിലെ കടക്കാരൻ മരിച്ചു. ഒരു ജീവനക്കാരൻ ഐ.സി.യുവിലാണ്. ഞാൻ കൂടുതൽ ഭയന്നു. എന്നിട്ടും ഞാനെന്റെ മകനെ കടയിലേക്കയച്ചു. ഒരു ആയിരം രൂപയുടെ വിൽപ്പനയൊത്താലോ! ഈ കഠിനമായ സമയത്ത് എത്രയാണെന്നു വച്ചാ കടം വാങ്ങുക!

ആ കാലം വീണ്ടും വരികയാണോ?
പക്ഷെ എന്റെ മകനും ഭാര്യക്കും ഏഴുമാസം പ്രായമുള്ള ഒരു മോളുണ്ട്! അവൻ പുസ്തകം വിൽക്കാൻ പോയി വൈറസുമായി മടങ്ങിയാലോ! സ്വയം സുരക്ഷിതനായിരുന്നുകൊണ്ട് മകനെ അപകടത്തിലേക്കയച്ച് ഒരച്ഛന് സമാധാനമായി ഇരിക്കാനാവുമോ? ഞാൻ ഉൽകണ്ഠയോടെ ദിവസങ്ങൾ തള്ളിനീക്കി. എത്ര നാളിങ്ങനെ തുടരാനാവും?

ഒരു കാലത്ത് വളരെ കഷ്ടപ്പാടായിരുന്നു; അൻപതുവർഷം മുൻപ്, എന്റെ കുട്ടിക്കാലത്ത്. അമ്മ എന്നെയും കൂട്ടി കാട്ടുപൊന്തയിലേക്ക് പോകും. ഒരു കൊട്ടയും കൈകോട്ടും അരിവാളും കൊണ്ട്. ഞങ്ങൾ ചേറുപിടിച്ച കാട്ടുകിഴങ്ങുകൾ പറിച്ചെടുക്കും. വിറക് പെറുക്കും. ചേമ്പിൻ തണ്ടും ചീരയും പറിക്കും. വൈകുന്നേരമാണ് മടങ്ങുക, അമ്മയുടെ കൈയ്യിൽ കാട്ടുചീരയും, വള്ളികളും ഉണ്ടാവും. അടുത്തദിവസം ചോറിന്റെ കൂടെ അതാണ് കഴിക്കുക. ചീരയും വള്ളികളും ചേമ്പിൻ തണ്ടും ചേർത്തൊരു കൂട്ടാൻ. ചേമ്പിൻ തണ്ട് ചതച്ചു ചേർത്ത ചോറ്. മുഴുത്ത അരിയുടെ ചോറിൽ അരച്ച ഇലകളും ചേമ്പിൻ തണ്ടിന്റെ കൂട്ടാനും കൂട്ടിയിളക്കുമ്പോൾ വിരലുകൾ പച്ചയാവും. ചേമ്പിൻ തണ്ട് മുറിക്കാനിരുന്നപ്പോൾ ഞാനതോർത്തു. അമ്മ വച്ചിരുന്നത് പോലെ കൂട്ടാൻ വച്ചാൽ എന്റെ വിരലുകൾ വീണ്ടും പച്ചയാവും. പട്ടിണിപ്പാവങ്ങൾ ജീവിതം മുഴുവൻ ഒരേ ഭക്ഷണം കഴിക്കുന്നതു പോലെ. ആ കാലം വീണ്ടും വരികയാണോ? സത്യം പറഞ്ഞാൽ, എന്റെ കുടുംബം ഇപ്പോൾ ആ സ്ഥിതിയിലാണ്. എന്റെ വീട്ടിനു മുൻപിലുള്ള ചേമ്പിൻകൂട്ടം, ആർക്കും എപ്പോൾ വേണമെങ്കിലും മുറിച്ചെടുക്കാം. അതാണ് ഞാനിവിടെ കുന്തിച്ചിരിക്കുന്നത്. ഇതിൽ എന്തു നാണക്കേടിരിക്കുന്നു? മുറിയ്ക്കുക തന്നെ. ഞാൻ തണ്ട് മുറിച്ച് മാറ്റിവെച്ചു, റോട്ടിൽ. അയൽക്കാർ തുറിച്ച് നോക്കി അകത്തേക്ക് പോയി. ഇലകളും മുറിച്ചെടുത്ത് ഞാൻ തണ്ട് താഴെ വച്ച് ചെമ്മീനിനെ പറ്റി ചിന്തിച്ചു. രാവിലെ തൊട്ട് ചെമ്മീനും കൊണ്ടാരും കടന്നു പോയിട്ടില്ല. ചെറുമീനുകളും കൊണ്ട് പോയവരെ മാത്രമെ കണ്ടുള്ളു.

‘‘അമ്മാവാ, എന്താ കണ്ണിന്റെ അടിയൊക്കെ വീങ്ങിയിരിക്കുന്നത്? താടിയൊക്കെയായി വല്ലാത്ത കോലം. അസുഖമൊന്നുമില്ലല്ലൊ?'' പുരോണോപാരയിൽ നിന്നുള്ള സുബോൽ-ദായുടെ മകൻ അതിലെ വന്നു. എന്നെ കണ്ടപ്പോൾ സുഖവിവരം ചോദിച്ചു.
‘‘വല്ലാതെ വീങ്ങിയിട്ടുണ്ടോ?''
‘‘ഉം, നീരു വച്ച പോലെയുണ്ട്. കണ്ടിട്ടത്ര സുഖമല്ല. ചുമയുണ്ടോ?''
‘‘ഇല്ല.'' ഞാൻ ഓടയുടെ അടുത്ത് പുല്ലിലിരുന്നുകൊണ്ട് അവനോട് സംസാരിച്ചു. ‘‘ലോക്ക് ഡൗൺ മാറുമ്പോൾ ഒരു നല്ല ഡോക്ടറെ കാണൂ!''
പയ്യൻ കടന്നു പോയി. ഞാനെന്നെത്തന്നെ നന്നായൊന്ന് നോക്കിയിട്ട് കുറേ കാലമായി. കുളി കഴിഞ്ഞ്, ഞാൻ ധൃതിയിൽ മുടിയിലൂടെ ചീർപ്പോടിച്ചു, ഒതുക്കി വയ്ക്കാൻ ശ്രമിച്ചു. എന്തായാലും, എവിടെയും പോകുന്നൊന്നുമില്ലല്ലോ! ഇന്ന് കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ടു, കൺതടം വീങ്ങിയിരിക്കുന്നത്. അവൻ പറഞ്ഞതു ശരിയാ. നന്നായി വീങ്ങിയിട്ടുണ്ട്! രക്തദൂഷ്യം വല്ലതുമാണോ? അതോ വൃക്കത്തകരാറോ? നമുക്ക് നമ്മുടെ രൂപം ശരിയ്ക്കും കാണാൻ കഴിയില്ലല്ലോ. അതിനു മറ്റൊരാളുടെ കണ്ണു തന്നെ വേണം. എനിക്ക് ആധി പിടിയ്ക്കാൻ ഒരു കാര്യവും കൂടി തന്നു, സുബോലിന്റെ മകൻ.

പകുതി ശമ്പളം, അതും എത്രനാൾ?
പ്രസാധകശാലയിലെ എല്ലാവരും ട്രെയിനിലാണ് ജോലിയ്ക്ക് പോയിരുന്നത്. കമ്പോസിറ്റർ അമൽ-ദാ, നാൽപ്പത്തിയഞ്ചു മിനിട്ടകലെ, ഹൗറയിലാണ് താമസം. സിംഗൂരിൽ. ടാറ്റ മോട്ടോഴ്‌സിന്റെ ഫാക്ടറി നീക്കം ചെയ്ത അതേ സിംഗൂരിൽ. അമിത് ആണ് പുസ്തകങ്ങൾ എത്തിച്ചു കൊടുത്തിരുന്നത്. മെല്ലിച്ച, ദരിദ്രനായ യുവാവാണവൻ. അവനും ഇരുപതു മിനിട്ടകലെ നിന്നാണ് വരുന്നത്. അവനെ പറ്റിയാണ് എനിക്കേറ്റവും ആശങ്ക. അസുഖം വന്നാൽ, ഒട്ടും രോഗപ്രതിരോധശേഷിയില്ലാത്തവനാണ്. ബസ്സിൽ വരാമെന്നാണെങ്കിൽ ഇപ്പോഴത്തെ ബസ്സു കൂലി നോക്കിയാൽ അവന്റെ ശമ്പളത്തോളം ചെലവു വരും. മറ്റുള്ള രണ്ടു മൂന്നാളുകളുടെയും അവസ്ഥ ഇതു തന്നെ. അവരും ദൂരെ നിന്നാണ് വരുന്നത്. അവരുടെ കുടുംബങ്ങളുടെ സുരക്ഷയെ കരുതി ഞാനവരോട് ജോലിയ്ക്ക് വരണ്ട എന്നു പറഞ്ഞു. ചെറിയ ശമ്പളത്തിനു ജോലി ചെയ്യുന്നവരാണ്. ഞാനവരുടെ കുടുംബങ്ങളെ സങ്കൽപ്പിച്ചു നോക്കി. സ്ഥിതിഗതികൾ സാധാരണ പോലെയാവുന്നതു വരെ വീട്ടിൽ ഇരിക്കാൻ ഞാനവരോട് പറഞ്ഞു. എനിക്കാവുന്നത്രയും കാലം, ഞാൻ നിങ്ങൾക്ക് പകുതി ശമ്പളം തരാം...
ദിവസങ്ങൾ കടന്നുപോകെ, ടി.വിയിലെ വാർത്തകൾ ഭീതി നിറച്ചു. ഞാൻ ടി.വിയുടെ മുൻപിൽ നിന്ന് മാറിയിരുന്നു. മൂന്നാളുകളുടെ അടുത്ത് പുസ്തകങ്ങളുടെ പ്രൂഫുണ്ടായിരുന്നു. ആറു പുസ്തകങ്ങൾ അച്ചടിക്കാൻ തയ്യാറായിരുന്നു. പക്ഷെ അമൽ-ദാ ഇല്ലാതെ മുൻപോട്ട് പോകാനാവില്ല.

അദ്ദേഹം വന്നാലും എന്തു ചെയ്യാനാവും? പുസ്തകമിറക്കി കൈയ്യിലുള്ള പണം അനിശ്ചിതമായി കുരുക്കിയിടാൻ എനിക്ക് കഴിയുമോ? എന്തു ചെയ്യണമെന്നറിയില്ല. എന്നാലും, ഇങ്ങനെ സ്തംഭിച്ചിരിക്കുന്നതും യുക്തിയാണോ? മിക്ക സമയവും ഇതാണ് എന്റെ ചിന്തയിൽ. ഞാൻ സുഹൃത്തുക്കളോടും ഇക്കാര്യം ചർച്ച ചെയ്തു. പക്ഷെ? ഒരു ദിവസം ഈ കഷ്ടകാലം തീരുമെന്നെനിക്കുറപ്പുണ്ട്! ആ വിശ്വാസത്തിൽ കാത്തിരുന്നാലോ! ഞാനെന്റെ എഴുത്തുകാരോട് പറയും, ലോക്ക്ഡൗണൊന്നു കഴിഞ്ഞോട്ടെ. ഞാൻ പറയുന്നത് അവർ കേൾക്കുന്നുണ്ടെങ്കിലും, എത്രത്തോളം ഉൾക്കൊള്ളുന്നുണ്ടെന്നറിയില്ല. പലർക്കും തങ്ങളുടെ പുസ്തകങ്ങൾ കാണണം.
കൈയ്യെഴുത്തുപ്രതി ലഭിച്ചതിനുശേഷം പുസ്തകം കടയിലെത്തുന്നതു വരെ നടക്കുന്നത്, കമ്പോസിംഗ്, പ്രൂഫ് നോക്കൽ, അച്ചടിക്കാൻ കൊടുക്കൽ ഒക്കെയാണ്. ഞങ്ങളുടെ ബംഗാളി പ്രസാധകശാലയിൽ എഡിറ്റിംഗ് ഇല്ലെന്നു പറഞ്ഞാൽ അതു തെറ്റാവില്ല. അതു കഴിഞ്ഞാൽ അച്ചടിശാലയിലെ ജീവനക്കാർ, പിന്നെ ബൈൻഡിംഗ് ചെയ്യുന്നവർ. പുസ്തകങ്ങൾ റിക്ഷാവാനിലാണ് പ്രസാധകരുടെ അടുത്തെത്തുന്നത്.

ബില്ല് തരും, അതടയ്‌ക്കേണ്ടി വരും, പക്ഷെ എങ്ങനെ?
യൂണിക്കോഡ് വന്നതോടെ, കുറച്ച് രചനകളൊക്കെ ഈ-മെയിലിലാണ് ഇപ്പോൾ വരുന്നത്, എന്നാലും കമ്പോസിറ്ററില്ലാതെ ഇപ്പോഴും പറ്റില്ല. ബൊയിപാരയിൽ കുറേ പേരുണ്ട് കമ്പോസിറ്റർമാർ. അവരാണ് പലപ്പോഴും പ്രൂഫ് നോക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും ലോക്ക് ഡൗൺ സമയത്ത് തൊഴിലില്ലാതിരിക്കുകയാണ്. എന്തു പറഞ്ഞാലും കോളേജ് സ്​ട്രീറ്റ്​ കൊൽക്കത്തയിലാണല്ലോ. ഈ ജോലിക്കാരിൽ പലരും പ്രാന്തപ്രദേശങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമാണ് വരുന്നത്. ​ട്രെയിനിൽ, അല്ലെങ്കിൽ ബസ്സിൽ. പക്ഷെ അവയൊന്നും ഇപ്പോൾ ഓടുന്നില്ലല്ലൊ. വളരെ കുറച്ച് ബസ്സുക​ളേ ഓടുന്നുള്ളു. മറുഭാഗത്ത്, വാങ്ങുന്നവരും ഇല്ലല്ലോ. പരിസരപ്രദേശങ്ങളിൽ നിന്നാർക്കും വരാനാവുന്നില്ല. നിത്യജീവിതമാകെ നിലച്ചതു പോലെയാണ്. ലോക്ക്ഡൗൺ കാരണം ഈ വ്യവസായവൃത്തമാകെ അഴികൾക്കുള്ളിലാണെന്ന് തോന്നുന്നു.

ചില പ്രസാധകർ തുറന്നിട്ടുണ്ട്. ഞങ്ങളെ പോലെ. അതേസമയം, ബൈൻഡ്​ ചെയ്യുന്നവർ പണിതീർന്ന പുസ്തകങ്ങൾ കൊണ്ടുപോകാൻ എന്നെ നിർബന്ധിക്കുന്നുണ്ട്. ഞാനവരോട് പറഞ്ഞു, കുറച്ചു ദിവസത്തേക്ക് ക്ഷമിക്കൂ. ഞാനവ എടുത്താൽ ഉടനെ അവർ ബില്ല് തരും. അതടയ്‌ക്കേണ്ടി വരും. പക്ഷെ എങ്ങനെ? വിൽപ്പനചരക്കുകളുമായി തെരുവിലിറങ്ങിയ പ്രതീതി. റിക്ഷയുടെ ചക്രങ്ങൾ മുട്ടറ്റം ചെളിയിൽ കുടുങ്ങിയിരിക്കുന്നു. പീളകെട്ടിയ കണ്ണുകളോടെ ഞാൻ വിഷണ്ണനായി മുന്നോട്ട് നോക്കിനിൽക്കുന്നു. ചുറ്റും മ്ലാനതയാർന്നിരിക്കുന്നു.

ഇതിനെല്ലാം ഇടയ്ക്കതാ അംഫാൻ. ഒരാഴ്ചയോളമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു, ബംഗാളിന്റെ കടലോരമേഖലയിൽ സർവ്വശക്തിയോടെ ആഞ്ഞടിക്കാൻ പോകുന്നു ആ ചുഴലിക്കാറ്റിനെക്കുറിച്ച്​. വടക്ക്, തെക്ക് 24-പർഗാനാസിലും കടലോരപ്രദേശങ്ങളിലും കൊൽക്കത്തയിലും പ്രാന്തപ്രദേശങ്ങളിലും സുരക്ഷാ അലേർട്ടുകൾ പുറപ്പെടുവിക്കപ്പെട്ടു. വരാൻ പോകുന്ന ചുഴലിക്കാറ്റിനെ കുറിച്ചുള്ള ആധി കാരണം ജനങ്ങൾ ലോക്ക് ഡൗൺ മറന്നു. കൊറോണവൈറസിൽ നിന്ന് ശ്രദ്ധ മൺകുടിലുകളിലും വഴിയോരത്ത് മറച്ചുകെട്ടിയും താമസിക്കുന്ന പാവപ്പെട്ടവരെ മാറ്റുന്നതിലേക്ക് തിരിഞ്ഞു. ബോയിപാരയിലെ വഴിയോര പുസ്തകവിൽപ്പനക്കാർ കടകൾ സംരക്ഷിക്കുമെന്നാണ് കരുതപ്പെട്ടത്. പലരും അതു ചെയ്യുകയും ചെയ്തു. ഒരുപാട് സ്റ്റോക്ക് ഇല്ലാതിരുന്നവർ. മറിച്ച്, ലോക്ക് ഡൗൺ മറികടന്ന് സെക്കൻഡ് ഹാൻഡ് പുസ്തകങ്ങളുടെ പുറകെ പോണോ! അവരും കഷ്ടപ്പെട്ടു.

ബോയിപാര അപകടത്തിലാണ്. അതെ, ശരിയ്ക്കും അപകടത്തിൽ. അംഫാൻ കാരണമല്ല, ലോക്ക് ഡൗൺ കാരണം. രോഗബാധ, മരണം, മുട്ടോളം വെള്ളം... എന്തായാലും ബോയിപാരയുടെ വിധിയാണ്. അതെല്ലാ കൊല്ലവും മഴക്കാലത്ത് ഉണ്ടാവാറുള്ളതാണ്. ഇത്തവണ, അംഫാൻ കാരണം കനത്ത മഴയുണ്ടായി. അതു കാരണം നാശനഷ്ടങ്ങളുമുണ്ടായി, പക്ഷെ കരയാൻ മാത്രമൊന്നുമില്ല.

എത്ര നാളാണ് വയറ് സമ്മതിക്കുക
ബോയിപാരയിൽ സഹായമെത്തി. വിതരണവും നടക്കുന്നു. പലരും തങ്ങളുടെ നഷ്ടത്തിന്റെ കണക്ക് സമർപ്പിച്ചിട്ടുണ്ട്. കുതിർന്നു പോയ പുസ്തകങ്ങൾ. ഒഴുകിപ്പോയ പുസ്തകങ്ങൾ. പക്ഷെ ബോയിപാര നശിച്ചു കഴിഞ്ഞുവോ? ചരക്കുകൾ പറന്നു പോയതിന്റെയൊ ചിതറിക്കിടക്കുന്നതിന്റെയൊ ഹൃദയഭേദകമായ ചിത്രങ്ങളൊന്നും കണ്ടതായി ഞാനോർക്കുന്നില്ല. ഞാൻ എന്തായാലും കണ്ടിട്ടില്ല.
ജനതാ കർഫ്യുവിന് ശേഷം, ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയുകയും, ചുവപ്പ്, ഓറഞ്ച് എന്നിങ്ങനെ പ്രദേശങ്ങൾ തരം തിരിക്കുകയും ചെയ്തതിനു ശേഷം - അവസാനം പുസ്തകവിൽപ്പനക്കാർക്ക് ഇളവ് നൽകി. ചിലരെങ്കിലും രക്ഷപ്പെടട്ടെ. അത് ന്യായം, കാരണം എത്ര നാളാണ് വയറ് സമ്മതിക്കുക! ഏതാണ്ട് അൻപതു ശതമാനത്തോളം പുസ്തകവിൽപ്പനക്കാരും പ്രസാധകരുമാണ് ഇപ്പോൾ സ്ഥിരമായി തുറക്കുന്നത്. ഏതാണ്ട് മുപ്പതു ശതമാനത്തോളം പേർ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തുറക്കുന്നു. മറ്റുള്ളവർ ഇടയ്ക്ക് വന്ന് ചിതലോ മറ്റു ക്ഷുദ്രജീവികളോ ഉണ്ടോ എന്ന് നോക്കി പോകുന്നു.

പ്രസാധകർ മാത്രമാണോ ഈയവസ്ഥയിൽ? കലാസാംസ്‌കാരിക രംഗത്തെ പല തുറകളിലും ഇപ്പോൾ സ്ഥിതി മോശമാണ്. ആലോചിക്കുമ്പോൾ മനസ്സിലാവുന്നു, ഒന്നും തന്നെ നമ്മുടെ കൈയ്യിലല്ല.
പലയാളുകളും ദുരിതാശ്വാസം നൽകാൻ തയ്യാറാണ്. ചില സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്. കോളേജ് സ്റ്റ്രീറ്റിലെ ബോയിപാരയിലേക്ക് വ്യക്തികളുടെ സംഭാവനകളും വന്നിട്ടുണ്ട്. ഞാൻ കേട്ടതിൽ നിന്ന്, നല്ലൊരു തുകയാണ് വന്നിട്ടുള്ളത്. വിദേശത്തു നിന്നും പണം വന്നിട്ടുണ്ടെന്ന് കേട്ടു. ഒരു സംഘടനയുടെ ഗുണഭോക്താക്കളുടെ പട്ടികയിൽ എന്റെ അടുത്തുള്ള രണ്ട് പുസ്തകക്കച്ചവടക്കാരുടെ പേരു കണ്ടു. അംഫാനിൽ എന്റെ സ്ഥാപനത്തിന് കേടുപാടുകളൊന്നും ഉണ്ടായിട്ടില്ലെങ്കിൽ അതെ കെട്ടിടത്തിലുള്ള മറ്റുള്ളവർക്കും അങ്ങനെ തന്നെയാവില്ലേ? എന്നിട്ടും ദുരിതാശ്വാസത്തിനുള്ള അപേക്ഷ? ഒരു അന്വേഷണവുമുണ്ടായില്ലേ? അവർ നാശനഷ്ടങ്ങൾക്കുള്ള തെളിവും കൊടുത്തുവെന്ന് കേട്ടു! ഞാൻ അന്തം വിട്ടു! മറ്റു പല പേരുകളും ഞാൻ കാണുന്നുണ്ട്. സംശയം തോന്നിപ്പിക്കുന്നവ.
പണം വന്നു, അത് വിതരണം ചെയ്യുകയും വേണം. പക്ഷെ ആർക്ക്? ഏതു പുസ്തകവിൽപ്പനക്കാർക്ക്? അവരുടെ കൈയ്യിലുള്ള മിക്ക പുസ്തകങ്ങളും വേറെ ആളുകളുടേതാണ്. പ്രസാധകരാണ് ദുരുതാശ്വാസപദ്ധതിയ്ക്ക് ചുക്കാൻ പിടിയ്ക്കുന്നത്. എന്നു വച്ചാൽ, വ്യാപാരികൾ. കെടുതിയുടെ കാലത്ത് ദുരിതാശ്വാസത്തിന്റെ പേരിൽ, ആരുമറിയാതെ, എന്നാൽ സത്യത്തിൽ, ലാഭക്കളി നടക്കുന്നുണ്ടോ?

എനിക്കും കൈ നീട്ടേണ്ടി വരും

ലോക്ക് ഡൗൺ കാലത്ത് പട്ടിണിയുടെ എണ്ണമറ്റ കഥകളാണ് ആളുകൾ പറയുന്നത്. ജോലിക്ക് വരാൻ കഴിയാത്ത, ബോയിപാരയിലെ തൊഴിലാളികളുടെ കഥകളായിരിക്കാം അവ. ജോലി ചെയ്തില്ലെങ്കിൽ അവർക്ക് കൂലിയില്ല. എത്ര പ്രസാധകർ കൂലിയുടെ ഒരു പങ്കെങ്കിലും അവർക്ക് കൊടുക്കുന്നുണ്ടെന്ന് എനിക്കറിയില്ല. തുച്ഛമായ കൂലിക്ക് ജോലി ചെയ്യുന്ന പുസ്തകതൊഴിലാളികൾ, പ്രിന്റിംഗ് തൊഴിലാളികൾ, ബൈൻഡിംഗ് തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, റിക്ഷാഡ്രൈവർമാർ എന്നിവരുടെയൊക്കെ പേരുകൾ പട്ടികയിൽ ചേർക്കേണ്ടേ? അവർക്കും സാമ്പത്തികസഹായം വേണ്ടതല്ലേ? അറിഞ്ഞിടത്തോളം അവരൊക്കെ കണക്കുകൂട്ടലിനു പുറത്താണ്. അരികുവൽക്കരിക്കപ്പെട്ടവരും ദരിദ്രരിൽ ദരിദ്രരുമായവർ.

ഇംഗ്ലീഷ്​ പരിഭാഷകൻ വി. രാമസ്വാമി

എന്തൊക്കെയായാലും - എന്റെ കഷ്ടതകൾ എന്റേതു മാത്രമാണെന്ന് ഞാൻ കരുതുന്നു. പക്ഷെ ഈ അവസ്ഥ തുടർന്നാൽ - എനിക്കും കഷ്ടപ്പാടിന്റെ കഥകൾ നിരത്തി സഹായത്തിനായി കൈ നീട്ടേണ്ടി വരും. പ്രസാധകശാല കുറച്ച് പ്രസിദ്ധിയുള്ളതായതു കൊണ്ട് കുറച്ച് വൈമനസ്യമുണ്ട് എനിക്ക്. പക്ഷെ പതിയെ അതു മാറ്റി വയ്ക്കാനാവും! എന്നെ സഹായിക്കണേ, എന്നു പറഞ്ഞു കൊണ്ട്, അരിയും പരിപ്പും കിഴങ്ങും വാങ്ങാനായി ഞാനും വരി നിൽക്കും!
ചേമ്പിൻ തണ്ട് മുറിച്ചതു കൊണ്ട് അയൽവക്കത്ത് മോശക്കാരനായതു പോലെ അരിയ്ക്കും പരിപ്പിനും പോകേണ്ട സമയമായോ? അല്ലെങ്കിൽ ദുരിതാശ്വാസത്തിനുള്ള അപേക്ഷയുമായി ബോയിപാരയിലേക്ക് സംഭാവനകളയക്കുന്ന സംഘടനകളുടെയോ അത് വിതരണം ചെയ്യുന്ന ആളുകളുടെയോ അടുത്തേയ്ക്ക്?
പക്ഷെ ഞാൻ അപേക്ഷയുമായി വരിയിൽ നിന്നാൽ, എന്റെ ചുറ്റുമുള്ള പ്രസാധകർ എന്നെ വിചിത്രമായി നോക്കില്ലേ? പിറുപിറുക്കില്ലേ? എന്നെ കണ്ടാൽ മിണ്ടുമോ? അതോ ദൂരെ നിന്ന് തന്നെ പറയുമോ, അതാ പോകുന്നു, ലോക്ക് ഡൗൺ കള്ളൻ!

ആധിർ ബിസ്വാസ്
ജനനം 1955ൽ. 1967ൽ ഇന്ത്യയിൽ അഭയാർത്ഥിയായി എത്തുകയും കൊൽക്കത്തയിൽ തന്നെ സ്‌കൂൾ വിദ്യാഭ്യാസവും ബിരുദപഠനവും പൂർത്തിയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നാലു ഭാഗങ്ങളായുള്ള ദേശ്ഭാഗേർ സ്മൃതി (വിഭജനത്തിന്റെ ഓർമകൾ) 2005ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അല്ലാഹേർ ജൊമിത്തെ പാ (അല്ലാഹുവിന്റെ മണ്ണിൽ കാലു കുത്തുന്നു), ബിസ്വാസിന്റെ നാലു ഭാഗങ്ങളുള്ള ഓർമക്കുറിപ്പുകളുടെ ആദ്യ ഭാഗം 2014ൽ ബംഗ്‌ള അക്കാദമിയുടെ സുപ്രഭ മജൂംദാർ സ്മാരക പുരസ്‌കാരത്തിന് അർഹമായി. തുടർന്ന് ഉദ്ബസ്തു പോഞ്ചിക (ഒരു അഭയാർത്ഥിയുടെ പഞ്ചാംഗം), ചലോ ഇന്ത്യ! (ഇന്ത്യയിലേക്ക്!), ഗോർചുമുക്ക് (ഒരിറക്ക് മൈതാനം) എന്നിവയും പ്രസിദ്ധീകരിക്കപ്പെട്ടു. യുവവായനക്കാർക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ കഥകൾ, നൊവെല്ലകൾ, നോവലുകൾ എന്നിവയുടെ നാലു ഭാഗങ്ങളുള്ള സമാഹാരം 2017ൽ ബംഗ്‌ള അക്കാദമിയുടെ വിദ്യാസാഗർ സ്മാരക പുരസ്‌കാരത്തിന് അർഹമായി. ഗാംഗ്ചിൽ എന്ന ബംഗാളി പ്രസാധകശാലയുടെ എഡിറ്ററാണ്.

ബംഗാളിയിൽ എഴുതിയ ലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വി. രാമസ്വാമി, ഇംഗ്ലീഷിൽ നിന്ന് വിവർത്തനം അനുരാധ സാരംഗ്.

Comments