truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 18 August 2022

truecoppy
Truecopy Logo
Readers are Thinkers

Thursday, 18 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
1
Image
1
https://truecopythink.media/taxonomy/term/5012
Malayalam language 4

Education

മലയാളമോ ഇംഗ്ലീഷോ; 
തര്‍ക്കം അവസാനിപ്പിക്കാൻ
ഇതാ ഒരു വഴി

മലയാളമോ ഇംഗ്ലീഷോ;  തര്‍ക്കം അവസാനിപ്പിക്കാൻ ഇതാ ഒരു വഴി

മലയാള മാത്രവാദികളും ഇംഗ്‌ളീഷ് മാത്രവാദികളും തമ്മില്‍ നിരന്തരം നടക്കുന്ന കലഹങ്ങളും വൈകാരിക വാഗ്വാദങ്ങളുമാണ് ഇതര നാടുകളെ അപേക്ഷിച്ച് കേരളത്തിലെ വിദ്യാഭ്യാസ ഭാഷാനയ രൂപീകരണത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രധാനപ്പെട്ട ഘടകമെന്ന വാദമുന്നയിക്കുകയും അതിന് കേരളീയ പരിസരത്തിൽനിന്നുകൊണ്ട്​ ബഹുഭാഷാ സാധ്യത നിര്‍ദേശിക്കുകയുമാണ് ലേഖിക

18 Nov 2020, 11:48 AM

ആദില കബീര്‍

മാതൃഭാഷ, പഠനമാധ്യമം, ബോധന മാധ്യമം തുടങ്ങിയ സംജ്ഞകളെ അധികരിച്ച് ധാരാളം ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുന്ന പ്രദേശമാണ് കേരളം. മലയാള മാത്രവാദികളും ഇംഗ്‌ളീഷ് മാത്രവാദികളും തമ്മില്‍ നിരന്തരം നടക്കുന്ന കലഹങ്ങള്‍ ഇതിന് പ്രത്യക്ഷ ഉദാഹരണമാണ്.

ശാസ്ത്രീയ ഗവേഷണത്തിലൂന്നിയ യുക്തിസഹമായ അക്കാദമിക ചര്‍ച്ചകളെക്കാള്‍, വൈകാരികമായ ഭാഷാഭിനിവേശമാണ് പാരമ്പര്യ വാദങ്ങളുടെ കേന്ദ്രം. അടുത്ത കൂട്ടരാകട്ടെ, അന്ധമായ ഇംഗ്ലീഷ് ആരാധന കൊണ്ട് നേര്‍വിപരീത വാദങ്ങള്‍ മുന്നോട്ടുവെക്കുന്നു. ഒരിക്കലും കൂട്ടിമുട്ടാത്ത ഈ രണ്ടറ്റങ്ങളുണ്ടാക്കുന്ന വൈകാരിക വാഗ്വാദങ്ങളാണ് ഇതര നാടുകളെ അപേക്ഷിച്ച് കേരളത്തിലെ വിദ്യാഭ്യാസ ഭാഷാനയ രൂപീകരണത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രധാനപ്പെട്ട ഘടകം.

ഭാഷാശുദ്ധി വാദവും ഭാഷാമരണം സംബന്ധിച്ച ഭീഷണിയും, സംസ്‌കാരച്യുതി സംബന്ധിച്ച വേവലാതിയും മാറുന്ന ലോകസാഹചര്യങ്ങളോടുള്ള ഭയവും സര്‍വോപരി ഭാഷ എന്ന വ്യവസ്ഥയെ സംബന്ധിച്ച പരിമിതമായ വീക്ഷണവുമാണ് മലയാളഭാഷാ വക്താക്കളുടെ വാദമുഖങ്ങള്‍ക്ക് മൂര്‍ച്ഛയില്ലാതെയാക്കുന്നത്.

അന്ധമായ പാശ്ചാത്യ വിധേയത്വവും ആധുനികതയെ സംബന്ധിച്ച അരാഷ്ട്രീയ കാഴ്ചപ്പാടുകളും ഇടക്കാലത്ത് പൊതുവിദ്യാഭ്യാസ സമ്പ്രദായം നേരിട്ട തകര്‍ച്ചയും അതേകാലത്ത് കൂണുപോലെ മുളച്ച ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകളോടുള്ള അളവറ്റ അഭിനിവേശവും രണ്ടാം കൂട്ടരുടെ അഭിപ്രായത്തിനെയും വഴിതെറ്റിച്ചു.

അറിവധിഷ്ഠിതവും തെളിവധിഷ്ഠിതവുമായ അഭിപ്രായങ്ങളുടെ അഭാവം തന്നെയാണ് കേരളീയ സംവാദങ്ങളെ ലക്ഷ്യത്തിലെത്താന്‍ അനുവദിക്കാത്തത്. ഭാഷാപഠനവുമായി ബന്ധപ്പെട്ട് ലോകത്താകമാനം നടക്കുന്ന പുത്തന്‍ ഗവേഷണങ്ങളുമായി കേരളത്തിലെ ഭാഷാധ്യാപകര്‍ക്കുള്ള അറിവകലമാണ് അതിനുള്ള സുപ്രധാന കാരണം. പരിമിതികളെ കുറിച്ചുള്ള ബോധ്യവും ഭാവിയെ സംബന്ധിച്ച കൃത്യമായ കാഴ്ചപ്പാടും ഉണ്ടെങ്കില്‍ മാത്രമേ 'കേരളത്തിലെ പഠനമാധ്യമം എന്താകണം, എങ്ങനെയാകണം' എന്നത് സംബന്ധിച്ച തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്ക് ഫലപ്രദമായ പരിസമാപ്തിയുണ്ടാവൂ.

വാദങ്ങളിലെ പരിമിതികള്‍, പോരായ്മകള്‍

വിദ്യാലയങ്ങളിലെ പഠന മാധ്യമം മലയാളമാകണം എന്നതാണല്ലോ മാതൃഭാഷാവാദികളുടെ പ്രധാന ആവശ്യം. അതിനെ സാധൂകരിക്കാനെന്ന വിധം, തങ്ങളുടെ അധ്യയനം മാതൃഭാഷയില്‍ നടത്തുന്ന വികസിത ലോകരാഷ്ട്രങ്ങളുടെ, മികച്ച സൂചകങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് ഇത്തരം സംഘങ്ങള്‍ നിലവില്‍ ചെയ്യുന്നത്. ചൈന, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ പിന്തുടരുന്ന ബോധന ഭാഷാ രീതികള്‍ ഉയര്‍ത്തിക്കാട്ടുകയും തന്മൂലം അവിടെയുണ്ടാകുന്നു എന്ന് കരുതുന്ന മെച്ചങ്ങള്‍ അതിനോട് കൂട്ടിക്കെട്ടുകയുമാണ് ചെയ്യുന്നത്. അവിടങ്ങളിലെ ഉയര്‍ച്ചക്ക് കാരണം മാതൃഭാഷയില്‍ അധ്യയനം നടത്തുന്നതാണ് എന്നതാണ് കൂട്ടത്തിലെ ഏറ്റവും ‘ശക്തമായ' വാദം.

ഈ വാദത്തിന്റെ ഏറ്റവും വലിയ പോരായ്മ, കേരളം എന്ന പ്രദേശത്തിന്റെ ചരിത്രവും, ഭൂമിശാസ്ത്രവും തന്നെയാണ്. വികസിത ലോകരാഷ്ട്രങ്ങളോട് ചേര്‍ത്തുവെച്ച് വായിക്കാന്‍ മാത്രം ശേഷിയുള്ള ഒരു ‘രാഷ്ട്രമല്ല' കേരളം. 22ഓളം പ്രത്യക്ഷ ഭാഷകളും എഴുനൂറിലധികം ഭാഷാഭേദങ്ങളും നിലനില്‍ക്കുന്ന ഇന്ത്യാ രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു സംസ്ഥാനം മാത്രമാണ് കേരളം.[1]

തങ്ങളുടെ ദേശത്തിന്റെ പരിധിക്കപ്പുറം മാതൃഭാഷ കൊണ്ട് കാര്യമായ ഗുണഫലങ്ങള്‍ ഇല്ലാത്ത സംസ്ഥാനം. താരതമ്യപ്പെടുത്തുന്ന മിക്ക രാജ്യങ്ങളുടെയും സാമ്പത്തികാവസ്ഥയെക്കാള്‍ പിന്നാക്കമുള്ള, സാഹചര്യങ്ങള്‍ കുറവുള്ള, എന്നാല്‍ ജനസംഖ്യ കൂടുതലുള്ള ഇടം.
മലയാളം എന്ന ഭാഷക്കുമുണ്ട് ഇതേ പരിമിതി. ഫ്രഞ്ച് പോലെയോ ചൈനീസ് പോലെയോ എന്തിന്, തമിഴ് പോലെയുമോ അല്ല കേരളീയഭാഷയുടെ ചരിത്രവും വ്യാപ്തിയും.

ലോകത്താകമാനം 873 ദശലക്ഷം ആളുകളാണ് ചൈനീസ് തങ്ങളുടെ മാതൃഭാഷയായി കണക്കാക്കുന്നത്. 360 ദശലക്ഷം ആളുകള്‍ ഇംഗ്‌ളീഷ് അവരുടെ ഒന്നാം ഭാഷയായി സംസാരിക്കുമ്പോള്‍, 22 രാജ്യങ്ങളിലായി 275 ദശലക്ഷം ആളുകള്‍ ഫ്രഞ്ച് സംസാരിക്കുന്നു.[2] 37 ദശലക്ഷം ആളുകള്‍ മാത്രം സംസാരിക്കുന്ന മലയാളത്തെ മേല്‍ സൂചിപ്പിച്ച ഭാഷകളോട് താരതമ്യപ്പെടുത്തി സംസാരിക്കുന്നത്തിലെ അബദ്ധം ഇതില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യക്കുള്ളിലെ അവസ്ഥ പരിശോധിച്ചാല്‍, മലയാളം ഏറ്റുമുട്ടുന്നത് തമിഴിനോടാണ് എന്ന് കാണാം.

മൂലരൂപത്തില്‍ നിന്ന് ഏറെ അകലെ പോകാതെ ഇപ്പോഴും നിലനില്‍ക്കുന്ന ദ്രാവിഡ വഴിയാണ് തമിഴിന്റേത്. മലയാളഭാഷയെ അപേക്ഷിച്ച് ഏറെ പ്രായമുള്ള, മലയാളത്തിന്റെ മാതൃത്വത്തില്‍ സംശയാതീതമായ അവകാശമുന്നയിക്കുന്ന തമിഴിനോട് മലയാളികളുടെ ഭാഷാസ്‌നേഹത്തെ സമീകരിക്കുന്നത് വീണ്ടും അബദ്ധം തന്നെ. തന്നെയുമല്ല പഠനമാധ്യമം മാതൃഭാഷയാക്കി എന്നതുകൊണ്ട് അവിടങ്ങളില്‍ മെച്ചപ്പെട്ടു എന്ന് നമ്മള്‍ വാദിക്കുന്ന മിക്കവാറും എല്ലാ സൂചകങ്ങളും ഊഹാധിഷ്ഠിത പരസ്പര ബന്ധങ്ങള്‍ (ഹൈപോതെറ്റിക്കല്‍ കോറിലേഷന്‍) മാത്രമാണ്. അശാസ്ത്രീയമായ ഈ വാദങ്ങള്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നു എന്നതില്‍ കവിഞ്ഞ് യാതൊരുപകാരവും ചെയ്യുന്നുമില്ല.

മേല്‍ രാഷ്ട്രങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പഠന സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുമ്പോള്‍, വിദ്യാര്‍ത്ഥികളായും ഉദ്യോഗാര്‍ത്ഥികളായും അവസരാന്വേഷികളായി അലയുന്നവരാണ് കേരളീയര്‍. ഇങ്ങനെയും പരാശ്രയത്വത്തില്‍ ജീവിക്കുന്ന ഒരു ജനതക്ക് ഭാഷയുടെ മേലുള്ള അമിതാവേശം കൊണ്ട് പ്രായോഗികമായ യാതൊരുവിധ പുരോഗതിയും സാധ്യമാകുന്നില്ല.

‘മാതൃഭാഷയില്‍ പഠനം' എന്ന വാദത്തിന് കേരളത്തിനുള്ളില്‍ പ്രായോഗികമായി ധാരാളം പോരായ്മകളും പ്രതിസന്ധികളുമുണ്ട്. എന്താണ് മാതൃഭാഷ എന്നും ആരുടേതാണ് മാതൃഭാഷ എന്നും വ്യക്തമാക്കല്‍ തന്നെയാണ് പ്രധാന വെല്ലുവിളി. മാതൃഭാഷാ വിവേചനം (linguicism) എന്ന പദം ആദ്യമായി ഉപയോഗിച്ച ഫിന്നിഷ് ഭാഷാ ശാസ്ത്രജ്ഞ സ്‌കറ്റ്‌നബ് കാംഗ്സ് മാതൃഭാഷയെ വിശദീകരിക്കാന്‍ നാല് വീക്ഷണങ്ങളാണ് മുന്നോട്ട് വെച്ചത്[3]. 

ജന്മ ഭാഷ: ആദ്യം ആര്‍ജിക്കുന്ന ഭാഷയേത് എന്ന പരിഗണന.
നൈപുണ്യം: ഭാഷകയ്ക്ക് കൂടുതല്‍ നന്നായി അറിയുന്ന ഭാഷ. 
പ്രാവര്‍ത്തികം: പ്രായോഗിക ആവശ്യങ്ങള്‍ക്കായി ഭാഷക കൂടുതല്‍ ഉപയോഗിക്കുന്ന ഭാഷയേത് എന്ന വിലയിരുത്തല്‍. 
സ്വത്വം: മറ്റുള്ളവരോടുള്ള സഹവര്‍ത്തിത്തമോ വിയോജിപ്പോ തിരിച്ചറിയുന്നതിനായി ഭാഷക ഉപയോഗിക്കുന്ന ഭാഷ. 

ഈ വിധം മാതൃഭാഷാ നിര്‍ണയത്തിന് ഒന്നിലധികം ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ ഒന്നിലധികം മാതൃഭാഷയുള്ളവര്‍ ഉണ്ടായി എന്നും വരാം. മറ്റൊരു വിഷയം തദ്ദേശീയ ഭാഷകള്‍ക്കുള്ള പരിഗണനയാണ്. ആദിവാസി ജനവിഭാഗത്തിന്റെയും മറ്റുമായി പന്ത്രണ്ടിലധികം അനൗദ്യോഗിക ഭാഷകളും മൂന്നു ശതമാനത്തോളം തമിഴ് സംസാരിക്കുന്ന ആളുകളും കൂടി ഉള്‍പ്പെടുന്നതാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍.

ഇതില്‍ ആരുടെ മാതൃഭാഷയാണ് പഠന മാധ്യമം? ഏതു ഭാഷയാണ് ഒന്നാം ഭാഷ? ‘സൗജന്യവും സര്‍വത്രികവുമായ വിദ്യാഭ്യാസം' എന്ന സങ്കല്‍പത്തെ തുടക്കത്തില്‍ തന്നെ വെല്ലുവിളിക്കുന്ന ഒരു ദൗത്യമായിരിക്കും ഈ ചോദ്യത്തിനുള്ള മറുപടി. മലയാളേതര ഭാഷ സംസാരിക്കുന്ന ഈ സമൂഹങ്ങളും കേരളത്തിന്റെ ഭാഗമാണ് എന്നിരിക്കെ, പദ്ധതികളുടെ പ്രായോഗിക നടത്തിപ്പെത്തുമ്പോള്‍ പൊതുവായ ഒരു ഭാഷ തിരഞ്ഞെടുക്കാന്‍ വ്യവസ്ഥ നിര്‍ബന്ധിക്കപ്പെടുന്നു.

മലയാളത്തിന്റെ തിരഞ്ഞെടുപ്പ്, ന്യൂനപക്ഷ ഭാഷകളുടെ അരികുവല്‍കരണമായി പരിണമിക്കുന്നു. അങ്ങനെ, കേരളത്തിനുള്ളില്‍ തന്നെയുള്ള ഭാഷാ വൈവിധ്യത്തെ മലയാളം കൊണ്ട് നാം മറച്ചു വെക്കുന്നു മൂന്നാം ലോക രാജ്യങ്ങളിലെ ഭാഷകളെ ഇംഗ്ലീഷ് എങ്ങനെ ഇല്ലായ്മ ചെയ്തു എന്ന് നാം വാദിക്കുന്നുവോ അതിന്റെ മറ്റൊരു രൂപം മാത്രമാണ് ഇവിടെയും സംഭവിക്കുന്നത്.

കൊളോണിയല്‍ ഭരണത്തോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് ഇംഗ്ലീഷ് ഭാഷ ബോധനമാധ്യമമാകുന്നതിനെ പലരും തടയുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ചരിത്രം പറയുന്നത്, മലയാളം പോലെ തന്നെയോ അതിനേക്കാളധികമോ അധിനിവേശശക്തികളുടെ പല കാലങ്ങളിലുള്ള കയറ്റിറക്കങ്ങളിലൂടെ കൊണ്ടും കൊടുത്തും വികസിച്ച ഭാഷയാണ് ഇംഗ്ലീഷ് എന്നാണ്.

കച്ചവടങ്ങളും ലോക യാത്രകളും പിടിച്ചടക്കലും സംഭവിക്കുന്നതിനുമുന്‍പ് തന്നെ ആ പ്രദേശത്തെയും അവരുടെ സംസ്‌കാരത്തെയും ഭാഷയെയും പലവിധ ദേശങ്ങള്‍ കടന്നാക്രമിച്ചിരുന്നു. അവരില്‍ നിന്നെല്ലാം ഉള്‍ക്കൊണ്ടുയിര്‍ത്തെഴുന്നേ്റ്റ ഭാഷയാണ് ആംഗലേയം [4]. അങ്ങനെ വികസിച്ചു വന്ന ഒരു ഭാഷക്ക് ഇന്ന് ആഗോള ഭാഷ എന്ന പദവി ഉണ്ടെങ്കില്‍, ആ ഭാഷയിലെ അറിവിനും അധ്യയനത്തിനും അവസരങ്ങളും സാദ്ധ്യതകളും നിലനില്‍ക്കുന്നുവെങ്കില്‍, മാതൃഭാഷയില്‍ വിദ്യാഭ്യാസം എന്ന ആശയത്തിനൊപ്പം തന്നെ മുഖവിലക്കെടുക്കേണ്ട ഘടകമാകും ‘ആഗോള ഭാഷയിലെ സാക്ഷരതയും'.

പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസമാകെയും ഇംഗ്‌ളീഷിലായിരിക്കുന്ന കേരളീയ സാഹചര്യത്തില്‍ ഭാവിയെ അതിജീവിക്കുക എന്ന അടിസ്ഥാന ലക്ഷ്യമാണ് പ്രാഥമികമായി വിദ്യാഭ്യാസം നിറവേറ്റേണ്ടതെങ്കില്‍, ഇംഗ്‌ളീഷ് ഭാഷയെ നിര്‍ബന്ധമായും കൂട്ടിപ്പിടിക്കുക എന്നത് മാത്രമാണ് മാര്‍ഗം. മറ്റൊരു പഠന വിഷയം എന്ന മട്ടില്‍ പഠിക്കുകയല്ല, മറിച്ച് മറ്റൊരു ഭാഷ എന്ന നിലയില്‍ പരിശീലിക്കലാണ് അവിടെ ആവശ്യം.

എന്നാല്‍, ബോധന മാധ്യമം ഇംഗ്‌ളീഷ് തന്നെയാകണം എന്ന് തീര്‍ത്തു വാദിക്കുന്ന കൂട്ടര്‍ക്കും ഇത്രതന്നെ പ്രശ്‌നങ്ങളുണ്ട്. മാതൃഭാഷാ സംരക്ഷണ സംഘങ്ങളുന്നയിക്കുന്ന വിമര്‍ശനങ്ങളെ സാധൂകരിക്കും വിധം ഇംഗ്‌ളീഷ് മാത്രവാദികളുടെ ആവശ്യങ്ങള്‍ പലതും പ്രായോഗികമല്ല. മലയാള ഭാഷയോടുള്ള വിവേചനപരമായ സമീപനവും ക്ലാസ്​മുറിയിൽ മലയാളം സംസാരിക്കുമ്പോള്‍ ഫൈനടക്കേണ്ടി വരുന്ന സാഹചര്യങ്ങളും ഇതിനുദാഹരണമാണ്. വിദ്യാര്‍ത്ഥികളുടെ ഒന്നാം ഭാഷ, വിദേശ ഭാഷയായ ഇംഗ്‌ളീഷ് ആകണം എന്ന സ്വപ്നം അല്‍പത്തിലധികം അബദ്ധമാണ്. ഒന്നാം ഭാഷയിലെ വൈദഗ്ധ്യമില്ലായ്മ രണ്ടാം ഭാഷാ പഠനത്തെ സാരമായി ബാധിക്കും എന്ന തിരിച്ചറിവ് അവിടെയുണ്ടാകണം.

വിവര്‍ത്തനത്തിന്റെ പരിമിതികള്‍

അക്കാദമിക് ഉള്ളടക്കവും പാഠപുസ്തകങ്ങളും എഴുതിച്ചേര്‍ത്ത് മലയാള ഭാഷയെ സമ്പന്നമാക്കാമെന്നു ധരിക്കുന്ന ഒരു വിഭാഗമിപ്പോഴും നിലവിലുണ്ട്. ലോകത്തുള്ള എല്ലാ അറിവുകളും ഉള്‍ക്കൊള്ളാന്‍ തക്ക പ്രാപ്തിയുള്ളതാണ് മലയാള ഭാഷയെന്നും അതുകൊണ്ടുതന്നെ എല്ലാ അറിവുകളെയും മലയാള ഭാഷയിലേക്ക് തര്‍ജ്ജമപ്പെടുത്തണമെന്നുമുള്ള ആവശ്യം ഉടലെടുക്കുന്നത് അവരുടെ അയുക്തിയില്‍ നിന്നാണ്. തല്‍ഫലമായി, സംസ്‌കൃത പ്രസരണം ഉള്ള അനേകം വിവര്‍ത്തന വാക്കുകള്‍ ശാസ്ത്ര വിഷയങ്ങള്‍ക്ക് കണ്ടെത്തി പാഠപുസ്തകങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം.

ജനറേറ്റര്‍ എന്ന വസ്തുവിനെ മലയാളീകരിച്ചു ജനിത്രമാക്കുന്നതും, susceptibility മലയാളമാകുമ്പോള്‍ വരഗതയാകുന്നതും ഇങ്ങനെയാകാം. വിവര്‍ത്തനം വിനയായി തീരുന്ന മട്ടില്‍ വിനിമയം നടക്കാത്തത് മൂലം ആശയങ്ങള്‍ അവ്യക്തമായി തുടരുകയാണ് ഇതുമൂലം സംഭവിക്കുന്നത്.

മലയാളത്തിലേക്കുള്ള വിവര്‍ത്തനത്തിന്റെ മറ്റൊരു പ്രശ്‌നം, ലക്ഷ്യഭാഷയായ മലയാളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലമാണ്. സയന്‍സ് എന്ന വാക്കുതന്നെ ഉദാഹരണമായി കണക്കാക്കാം. പുതുതായി ഒരു പദം നിര്‍മിക്കുന്നതിനുപകരം മുന്‍പേ നിലനിന്ന ശാസ്ത്രം എന്ന വാക്കാണ് മലയാളത്തില്‍നിന്ന് പകരം വെച്ചത്. എന്നാല്‍ ‘ശാസ്ത്രം' കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ ഒരുപാട് മുമ്പേ ‘ശാസിക്കപ്പെട്ടത്' എന്ന അര്‍ഥത്തില്‍ ഉപയോഗിച്ചിരുന്നതാണ്. സയന്‍സ് എന്ന ആധുനിക വാക്കിന്റെ അന്തഃസത്തയെ ആകമാനം ചോദ്യം ചെയ്യുന്നതായിരുന്നു ഇവിടെ നിലനിന്ന ശാസ്ത്രം എന്ന പദം. തന്മൂലം ഗൗളി ശാസ്ത്രത്തെയും ജ്യോതിശാസ്ത്രത്തെയും സഹോദര സ്ഥാനത്ത് കാണുന്ന ശാസ്ത്ര വിദ്യാര്‍ത്ഥികളെ നാം സൃഷ്ടിച്ചു.

ഇംഗ്ലീഷ് സാങ്കേതിക പദങ്ങള്‍ കുട്ടികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ എന്ന രൂപേണ എഴുതിയുണ്ടാക്കുന്ന ഇത്തരം സംസ്‌കൃത വിവര്‍ത്തനങ്ങള്‍ കാര്യങ്ങളെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുകയും സങ്കീര്‍ണമാക്കുകയുമാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ഇതിനു പകരമായി പുതിയൊരു വാക്ക് ഉണ്ടാക്കുകയാണ് ചെയ്തിരുന്നതെങ്കിലും മറിച്ചൊന്നും സംഭവിക്കാനില്ല എന്നും മനസ്സിലാക്കേണ്ടതാണ്.

അറിവുകളെ ഭാഷയില്‍ കോഡ് ചെയ്യുക എന്നതില്‍ കവിഞ്ഞുള്ള യാതൊരു പ്രസക്തിയും ഈ വിവര്‍ത്തന പ്രക്രിയയിലില്ല. ചൈനക്കാര്‍ പുതിയ അറിവുകളെ അവരുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലുള്ള യുക്തി ആ ഭാഷ മറ്റൊരു ലോകഭാഷയുടെ സാദ്ധ്യതകള്‍ നിലനില്‍ക്കുന്ന വിശാലമായ ഒന്നാണ് എന്നുള്ളതാണെങ്കില്‍, മലയാളത്തിലേക്കുള്ള വിവര്‍ത്തനം അത്തരമൊരു സാധ്യത നല്‍കുന്നില്ല.

പരിമിതമായി മാത്രം ഉപയോഗത്തില്‍ വരുന്ന, ദൈനംദിന ജീവിതത്തിലോ അക്കാദമികാവസരങ്ങളില്‍ തന്നെയുമോ തീര്‍ത്തും അപൂര്‍വമായി കടന്നു വരുന്ന ഒരു വ്യവഹാരം മാത്രമായിരിക്കും അത്. ആ ഉദ്യമത്തിന് ചെലവഴിക്കുന്ന സമയത്തിന്റെയും ശ്രമത്തിന്റെയും ഫലം മലയാള ഭാഷയെ സംബന്ധിച്ച് അതിന്റെ ഉല്‍പന്നത്തിലുണ്ടായി എന്ന് വരില്ല.

അറിവുകളെ മാതൃഭാഷയിലെത്തിക്കുക എന്നത് അത്യന്താപേക്ഷിതവും അഭിനന്ദനാര്‍ഹവുമായ ഒരു കര്‍ത്തവ്യം തന്നെയാണ്. എന്നാല്‍ ഈ ഭാഷാപോഷണത്തെ കുട്ടികളുടെ പഠനത്തോട് കൂട്ടിക്കെട്ടുന്ന ഇടത്ത് നമുക്ക് പിഴയ്ക്കുന്നു. ഒരുവശത്ത് ഭാഷയിലേക്ക് അറിവുകളെ എത്തിക്കുക സാധ്യമാക്കുമ്പോള്‍ തന്നെ, സാഹചര്യങ്ങളുടെ ആവശ്യം കണക്കിലെടുത്ത് നീങ്ങണം. അങ്ങനെ വരുമ്പോള്‍, ലോകത്തിലെ എല്ലാ അറിവിനെയും മലയാളത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തില്‍ കവിഞ്ഞ് മലയാളത്തെ ലോകത്തിലേക്കു വളര്‍ത്തുക എന്ന എതിര്‍ദിശയാകും നിര്‍മണാത്മകം. ലോകത്തിന്റെ ഏതു കോണിലുമുണ്ടാകുന്ന ഏതു വിധം അറിവിനെയും അവിടേക്കെത്തി മനസിലാക്കാനും സ്വാംശീകരിക്കാനും കഴിയുന്ന വിധത്തിലേക്ക് ലോകത്തിലേക്കു വികസിക്കുകയാണ് മലയാളികള്‍ ചെയ്യേണ്ടത്.

അധ്യയന ഭാഷ- പ്രായോഗിക വഴി

ക്ലാസ്​മുറിയിൽ അധ്യയനം നടക്കേണ്ടത് മലയാളത്തിലാണ് എന്ന അന്ധമായ വാദത്തിനുള്ള ന്യായങ്ങള്‍ കേവലം സാമാന്യ ബോധത്തിന്റേതാണ്. ‘നന്നായി അറിയുന്ന ഭാഷയില്‍ ആശയങ്ങള്‍ കൈമാറിയാല്‍ മാത്രമേ കുട്ടിക്ക് പാഠഭാഗം മനസിലാകൂ' എന്ന് പറയാന്‍ അടിസ്ഥാന ബോധം മാത്രം മതിയാകും. അത് ശക്തമായ ഒരു വാദമല്ല. വൈകി മാത്രം പരിചിതമായ; ക്ലാസ്​മുറിയിലല്ലാതെ തീര്‍ത്തും ഉപയോഗശൂന്യമായ ഒരു ഭാഷയില്‍ പഠിക്കാന്‍ കുട്ടികള്‍ ബുദ്ധിമുട്ടുന്നു എന്ന് പറയുന്നതും സ്വാഭാവിക വാദമാണ്.

വൈകാരികമായ പക്ഷപാതിത്വത്തില്‍, മുന്‍വിധിയോടെ പഠനങ്ങളെ സമീപിക്കുമ്പോള്‍, പരികല്‍പനയെ തെളിയിക്കുക എന്ന ബാധ്യതയാണ് പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ മറ്റു സാധ്യതകളെ തള്ളിക്കളയാനും ഭാഷാ പഠനം സംബന്ധിച്ച ഒറ്റ ശരിയില്‍ കാര്യങ്ങളെ കെട്ടിയിടാനും ശ്രമങ്ങള്‍ നടക്കും. 
അവിടെയാണ് മാതൃഭാഷയില്‍ മാത്രം എല്ലാ വിഷയങ്ങളും പഠിക്കുന്ന കുട്ടികളെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ മറ്റൊരു കൂട്ടര്‍ക്കാകുന്നൂ എന്ന കണ്ടെത്തലിന്റെ പ്രസക്തി.

ലോകമാകമാനം ഇന്ന് പരീക്ഷണങ്ങള്‍ നടക്കുന്ന ബൈ ലിംഗ്വല്‍ പഠന രീതിയാണ് മെച്ചപ്പെട്ട ഫലം നല്‍കുന്നത്.[5] മാതൃഭാഷയില്‍ മാത്രം പഠിച്ചുവന്ന കുട്ടികളെക്കാള്‍ മികച്ച പ്രകടനമാണ് മാതൃഭാഷയിലൂന്നിയ ബൈലിംഗ്വല്‍ ക്ലാസ്റൂമിലെ കുട്ടികള്‍ കാഴ്ചവെച്ചത് എന്നത് ശ്രദ്ധേയമായ ഒരു കണ്ടെത്തലാണ്. പഠിതാവിനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനാധിഷ്ഠിതമായി പുരോഗമിക്കുന്ന ബഹുഭാഷാ സമീപനമാണ് മല്‍ട്ടി ലിംഗ്വല്‍ പഠനത്തിന്റേത്.

ചെറിയ പ്രായത്തില്‍ മാതൃഭാഷാ പഠനത്തില്‍ ആരംഭിക്കുകയും; ക്രമേണ മാതൃഭാഷയില്‍ ഊന്നി നിന്ന്, അതുവരെ വികസിച്ച കുട്ടിയുടെ ധാരണകളെ പ്രയോജനപ്പെടുത്തി ഒന്നോ അതിലധികമോ ആയ പുതിയ ഭാഷകളെ കൃത്യമായ ഘടനാപരമായ മുന്നൊരുക്കങ്ങളോടെ പ്രാപ്തരാക്കുകയും ചെയ്യുന്ന രീതിയാണ് ഈ ഭാഷാ പഠനത്തിന്. കുറഞ്ഞത്, ആറു വര്‍ഷത്തോളം കുട്ടി നിരന്തരം ഇടപെടുന്ന ഒന്നാം ഭാഷ അവരുടെ മാതൃഭാഷയാകുകയും, പിന്നീട് രണ്ടാം ഭാഷയോ മൂന്നാം ഭാഷയോ സാവധാനത്തില്‍, തുടര്‍ച്ചയായി വികസിക്കുകയും ചെയ്യുന്നു.

ഭാഷാ പഠനത്തെ സംബന്ധിച്ച അന്ധവിശ്വാസങ്ങളില്‍ പ്രധാനപ്പെട്ട പലതിനെയും ഈ കണ്ടെത്തല്‍ നിരാകരിച്ചു. ഒന്നിലധികം ഭാഷയിലെ ക്ലാസന്തരീക്ഷം കുട്ടിയുടെ ബൗദ്ധിക നിലവാരത്തെയും ആശയവ്യക്തത്തെയും പഠനത്തെയും മോശമായി ബാധിക്കും എന്ന് കരുതിയ സ്ഥാനത്തിന്ന്, ഒന്നിലധികം ഭാഷയുടെ പഠനം കുട്ടിയുടെ ധാരണാശേഷിയെ വര്‍ധിപ്പിക്കും എന്ന മട്ടിലേക്കു തിരുത്തപ്പെട്ടു.[6]

മോണോ ലിംഗ്വല്‍ വ്യക്തികളെ അപേക്ഷിച്ച് ബൈലിംഗ്വലോ മള്‍ട്ടി ലിംഗ്വലോ ആയ വ്യക്തികള്‍ പ്രശ്‌ന പരിഹാരം, ഏകാഗ്രതാ നിയന്ത്രണം, പരിമിതികളുടെ അതിജീവനം, കൃത്യ നിര്‍വഹണം തുടങ്ങിയ കോഗ്‌നിറ്റീവ് ശേഷികളില്‍ കൂടുതല്‍ വൈദഗ്ദ്യം കാണിക്കുന്നു എന്ന് പഠനങ്ങള്‍ തെളിവിലൂടെ സമര്‍ത്ഥിക്കുന്നു. ഭാഷാ പഠനം വഴി വിഷയ പഠനവും ആശയങ്ങളും എളുപ്പമാക്കുക എന്നതിലുപരിയായി, പുതിയ ഭാഷകളുടെ പഠനം ബോധാവബോധങ്ങളെ മെച്ചപ്പെടുത്തുന്നു എന്നുള്ളത് പുരോഗമനാത്മകമായ ഒരു കണ്ടെത്തലാണ്. സ്‌കൂളുകളില്‍ പഠനം മള്‍ട്ടിലിംഗ്വല്‍ രീതിയിലാക്കിയാലുള്ള അധികാനുകൂല്യമാണ് അത്.

ബഹുഭാഷാപഠനം- എങ്ങനെ, എപ്പോള്‍

അടിസ്ഥാന വിദ്യാഭ്യാസ കാലത്തില്‍ തന്നെ മള്‍ട്ടിലിംഗ്വല്‍ സാധ്യത പരിശീലിക്കേണ്ടത് മറ്റൊരനിവാര്യതയാണ്. മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഭാഷ പഠിക്കാനുള്ള ശേഷി കുട്ടികളുടെ തലച്ചോറിന് കൂടുതലാണ്.[7]

ജനനം മുതല്‍ ഏതാണ്ട് പന്ത്രണ്ട് വയസു വരെയും തലച്ചോറിലെ ന്യൂറോണുകള്‍ തമ്മില്‍ കൂടിച്ചേര്‍ന്ന് പുതിയ കണ്ണികള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രത്യേകത. ന്യൂറോ പ്ലാസ്റ്റിസിറ്റി എന്ന പേരില്‍ പറയപ്പെടുന്ന ഈ ശേഷി മൂലം പുതിയ ഭാഷയുമായി സമ്പര്‍ക്കമുണ്ടാകുകയോ പുതിയ വാക്കുകള്‍ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ പുതിയ നാഡീബന്ധങ്ങള്‍ സംയുക്തങ്ങളായി തലച്ചോറില്‍ രൂപ്പപ്പെടുന്നു.

പിന്നീട് ഇതേ സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ രൂപീകരിക്കപ്പെട്ട നാഡീസംയുക്തങ്ങള്‍ ഉറയ്ക്കുകയും ആ ഭാഷ അറിവിന്റെ, ഓര്‍മ്മയുടെ ഭാഗമാവുകയും ചെയ്യുന്നു.[8] മനുഷ്യ ജീവിതത്തിന്റെ ആദ്യ ഘട്ടത്തെ സംബന്ധിച്ചിടത്തോളം തെളിച്ചമുള്ള സങ്കീര്‍ണമല്ലാത്ത അവയവമാണ് തലച്ചോര്‍. അതുകൊണ്ടുതന്നെ ഒന്നിലധികം ഭാഷകള്‍ ഒരേ സമയം പരിചയിക്കുന്നത് തലച്ചോറിനെ സംബന്ധിച്ച് ആദ്യഘട്ടത്തില്‍ ആയാസരഹിതമായ പ്രവര്‍ത്തിയാണ്.

എന്നാല്‍ കാലം കഴിയുംതോറും ന്യൂറോ പ്ലാസ്റ്റിസിറ്റി എന്ന ശേഷി കുറയുകയും, അത് വരെ രൂപപ്പെട്ട അറിവുകളുടെ നാഡീസംയുക്തങ്ങള്‍ ഉറയ്ക്കുന്നതല്ലാതെ പുതിയത് ഉള്‍ക്കൊള്ളാനും പഠിയ്ക്കാനുമുള്ള കഴിവ് സാരമായി കുറയുകയും ചെയ്യുന്നു.

ഇതൊക്കെക്കൊണ്ടുതന്നെ വീടിന്റെ അന്തരീക്ഷത്തിലോ പ്രീ-സ്‌കൂളിങ് കാലത്തിലോ, ചുരുങ്ങിയത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആദ്യകാലം മുതലോ എങ്കിലും ഒരു രണ്ടാം ഭാഷയുടെ സാധ്യത അന്വേഷിക്കല്‍ അനിവാര്യമാണ്. കേരളീയരെ സംബന്ധിച്ച് പഠനം കൊണ്ട് പ്രയോജനമുണ്ടാകുന്ന രണ്ടാം ഭാഷ ഇംഗ്‌ളീഷ് തന്നെയാണ്.

ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷയാണ് ഇങ്ങനെ ഉയിര്‍ത്തിരുന്നത് എങ്കില്‍ അതു പഠിക്കുക എന്നത് തന്നെയാകും പ്രായോഗിക വഴി. ചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ കൊളോണിയല്‍ അധിനിവേശം സംഭവിക്കുകയും ഇംഗ്ലീഷ് ആഗോളമായി വ്യാപിക്കുകയും ചെയ്തു എന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യം തന്നെയാണ്. അതുള്‍ക്കൊള്ളാതെ ഭാഷാസ്‌നേഹം ഉയര്‍ത്തുന്നത് വരും കാലത്തിനി നിരര്‍ത്ഥകമാണ്. യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ട് പഠനം സാധ്യമാക്കുകയും മലയാളത്തിന്റെയോ മറ്റു മാതൃഭാഷയുടെയോ അടിസ്ഥാനം മുന്‍നിര്‍ത്തി ഇംഗ്‌ളീഷ് പഠനം നടത്തുകയോ ചെയ്യുക എന്നതാണ് വഴി.

മാതൃഭാഷയിലൂന്നിയ ബൈലിംഗ്വല്‍ പഠനത്തിന്റെ ആഗോള ഉദാഹരണങ്ങളില്‍ ഒന്നാണ് മോങ് ഡ്യുവല്‍ ഇമ്മേര്‍ഷ്യന്‍ പ്രോഗ്രാം. വടക്കന്‍ ചൈനയിലെ തദ്ദേശീയ വിഭാഗമാണ് മോംഗുകള്‍. വിയറ്റ്നാം യുദ്ധത്തോടനുബന്ധിച്ച് ചൈന വിട്ട് അമേരിക്കയിലേക്ക് കുടിയേറിയ ഈ വിഭാഗത്തിലെ മൂന്നു ലക്ഷത്തോളം ആളുകള്‍ ഇന്ന് അമേരിക്കയിലുണ്ട്. കാലഹരണപ്പെടുന്ന അവരുടെ ഭാഷയെയും ഭാഷയില്‍ കരുതിവെച്ച അറിവുകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് മോംഗ് ഡ്യുവല്‍ ഇമ്മ്യേര്‍ഷന്‍ പ്രോഗ്രാം. മോംഗ് ഭാഷയില്‍ ഊന്നി നിന്ന് ഇംഗ്‌ളീഷ് പഠിക്കുക വഴി അവരുടെ മാതൃഭാഷയില്‍ കൃത്യമായ അടിസ്ഥാനവും അതിജീവനത്തിനാവശ്യമായ ഇംഗ്‌ളീഷില്‍ പ്രാവീണ്യവും നേടാന്‍ കുട്ടികള്‍ക്ക് കഴിയുന്നു.[9] മോംഗ് അടക്കമുള്ള അനേകം തദ്ദേശീയ, ഗോത്രീയ ഭാഷകള്‍ക്ക് പിന്‍പറ്റാന്‍ കഴിയുന്ന ക്രിയാത്മകവും നൈതികവുമായ വഴിയാണ് ഇത്തരം രീതി.

കേരളത്തിലെ സമകാലിക ഉദാഹരണമായ റോഷിനി പദ്ധതി ഇമ്മ്യേര്‍ഷന്‍ സാധ്യതയുടെ മറ്റൊരു മുഖമാണ്.[10] എറണാകുളം ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്കുവേണ്ടി ജയശ്രീ കുളക്കുന്നത് എന്ന അധ്യാപികയുടെ നേതൃത്വത്തില്‍, ചോംസ്‌കിയന്‍ ഭാഷാ ശാസ്ത്രജ്ഞന്‍ ഡോ. കെ. എന്‍ ആനന്ദന്റെ ഉപദേശവഴിയിലൂടെ പുരോഗമിക്കുന്ന ജില്ലാഭരണകൂടത്തിന്റെ വിദ്യാഭ്യാസ പദ്ധതിയാണ് റോഷിനി.

ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മാര്‍വാടി, മറാത്തി തുടങ്ങി പല തരം ഭാഷാപരിസരത്തു നിന്ന് വരുന്ന കുട്ടികള്‍, വളരെ ചെറുപ്പത്തില്‍ സ്വന്തം ദേശം വിട്ടുപോന്നവരാകയാല്‍ പ്രതീക്ഷിത മാതൃഭാഷയിലോ, മലയാളത്തിലോ വേണ്ടത്ര പ്രാവീണ്യമില്ലാത്ത കുട്ടികള്‍. കൃത്യമായ ഇടപെടലിലൂടെ, വ്യക്തമായ മൊഡ്യൂളുകളിലൂടെ ബഹുഭാഷിയോ ദ്വിഭാഷികളോ ആയ വിദ്യാഭ്യാസ സേവകരുടെ സഹായത്തില്‍, അവരെ മലയാളം എന്ന ബോധന മാധ്യമത്തിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതി ചെയ്തത്.

ഇങ്ങനെ മാതൃഭാഷയില്‍ തുടങ്ങി ക്രമേണ രണ്ടാം ഭാഷയിലേക്കു വികസിക്കുന്ന; പതിയെ രണ്ടാം ഭാഷയുടെ വൈദഗ്ദ്യം കരസ്ഥമാക്കുന്ന ലാംഗ്വേജ് ഇമ്മേര്‍ഷ്യന്‍ പ്രോഗ്രാമുകള്‍ ലോകമാകമാനം വ്യാപകമായി പരിശീലിക്കുന്നുണ്ട്. അധ്യാപകരില്‍ നിന്ന് കൂടുതല്‍ ക്ഷമയും പരിശ്രമവും ആവശ്യപ്പെടുന്ന ഈ പഠനരീതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ കേരളത്തില്‍ സാധ്യവുമാണ്. ഒന്നാം ഭാഷയായ മലയാളത്തില്‍ ഊന്നിനിന്ന് രണ്ടാം ഭാഷയായ ഇംഗ്‌ളീഷിലേക്ക് വൈദഗ്ദ്യം എത്തിക്കുക എന്ന മട്ടിലേക്കു വിഭാവനം ചെയ്യുകയാണ് ആകെയും ആവശ്യമായ മുടക്കുമുതല്‍.

ശാസ്ത്രീയ അടിത്തറയോടുകൂടിയ ഈ പഠനരീതിയിലൂടെ മാതൃഭാഷയുടെ നിലനില്‍പ്പും സംസ്‌കാര സംരക്ഷണവും സമാന്തരമായി രണ്ടാം ഭാഷയുടെ സാധ്യതകളും പരിശീലിക്കാം. കേവലമായ വൈകാരിക വാഗ്വാദങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. പ്രതിവാദങ്ങളുടെ കാലം അവസാനിപ്പിച്ച് പ്രായോഗികവും പരസ്പര പൂരകവുമായ പഠനരീതി വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. വിദ്യഭ്യാസ വകുപ്പും അധ്യാപകരും ഭാഷാപണ്ഡിതരും ഒന്നിച്ച് നിന്ന് സാധ്യമക്കേണ്ടുന്ന അനിഷേധ്യമായ ഈ പ്രക്രിയ വൈകാതെ സംഭവിക്കും എന്ന് പ്രത്യാശിക്കാം.

റഫറന്‍സ്
1. https://en.wikipedia.org/wiki/Languages_of_India
2. Data source: Ethnologue: Languages of the World, 15th ed. (2005) & Wikipedia.org., https://www.vistawide.com/languages/top_30_languages.htm
3. 'Skutnabb-Kangas (1988, p. 16-17) proposes that when trying to determine a speaker's 'mother tongue', it is important to distinguish between four aspects: origin-which language was acquired first; competence-which language the speaker knows the best; function-which language the speaker uses the most; and identification-which language is used to associate with or disassociate from others. 'Skutnabb-Kangas T. (1988). Multilingualism and the education of minority children. In Skutnabb-Kangas, Cummins J. (Eds.), Minority education: From shame to struggle (pp. 9-44). Avon, UK: Multilingual Matters.
4. https://www.thehistoryofenglish.com/
5. https://unesdoc.unesco.org/ark:/48223/pf0000226554
6. https://www.ncbi.nlm.nih.gov/pmc/articles/PMC2677184/
7. https://www.researchgate.net/publication/265075052_Second_Language_Acquisition_in_Early_Childhood
8. PingLiJenniferLegaultKaitlyn A.Litcofsky, Neuroplasticity as a function of second language learning: Anatomical changes in the human brain
9. https://www.spps.org/Page/525410.
10. https://ernakulam.nic.in/roshini/

  • Tags
  • #Education
  • #Malayalam
  • #Language
  • #Adila Kabeer
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

അജയകുമാർ

18 Nov 2020, 11:43 PM

മാതൃഭാഷ X ഇംഗ്ലീഷ് എന്ന പ്രശ്നമാണ് മാതൃഭാഷാ വാദത്തിെന്റെ അടിസ്ഥാനമെന്ന് വിചാരിച്ചുള്ള ലേഖന സമീപനം, ലേഖനത്തിൽ അവതരിപ്പിച്ചിട്ടുള്ള വസ്തുതകളെപ്പോലും അസംബന്ധമാക്കുന്നു. വാദത്തിൽ വിജയിക്കാൻ കഴിയുന്ന ആകാര മികവ് , ലക്ഷൃത്തിൽ ദുർബലം .......

Shaj

18 Nov 2020, 08:00 PM

Nice article. Well written and balanced.

Abhijith K

18 Nov 2020, 01:31 PM

I do agree with this lady. As far as possible begin education in mother tongue, including the minority language and teach other languages successively. Four language formula should be adopted for language minorities.

ഉമർ തറമേൽ

18 Nov 2020, 12:32 PM

പ്രസക്തമായ ലേഖനം. എല്ലാ ഏക /മാതൃ മാത്രാ ഭാഷാവാദങ്ങളും ജ്ഞാന പരമായും സാംസ്‌കാരികമായും പരിമിതികൾ ഉള്ളവയാണ്. അതിന്റെ ദോഷങ്ങൾ ഇന്നത്തെ വിദ്യാർത്ഥി സമൂഹം നന്നായി അനുഭവിക്കുന്നുണ്ട്. കുട്ടികളുടെ അവബോധത്തെ ചുരുക്കിക്കെട്ടുന്ന മനഃശാസ്ത്ര വിരുദ്ധ വാദങ്ങൾ എന്ന നിലയ്ക്ക് ഉപേക്ഷിക്കപ്പെടേണ്ടതുമാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യമെടുത്താൽ, ബഹുഭാഷാ സാഹിത്യ /സാംസ്‌കാരിക പഠനട്ടിൽ നമ്മുടെ സർവകലാശാലകളിലെ ഭാഷാപഠന വകുപ്പുകളെയെങ്കിലും ഉടൻ മാറ്റണം. ഭാഷാ /ഇതര വിഭാഗങ്ങളുടെ ഒറ്റപ്പെട്ട ഏകധിപത്യം തകർക്കുന്നതിനു കൂടിയാണ് അന്തർവൈജ്ഞാനിക സില ബസ് നടപ്പിലാക്കിയത്. എന്നാൽ വിരലിലെന്നാവുന്ന കുട്ടികൾ മാത്രമാണ് ഇതര പഠന വകുപ്പുകളിൽ നിന്നും എലെക്റ്റീവ് പേപ്പർ തെരഞ്ഞെടുക്കാറ്. മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റഴ്സിൽ രണ്ട് ഭാഷകളുടെ ഒരു പഠന വകുപ്പാണ്. അത് നിരവധി ഗുണഫലങ്ങൾ കുട്ടികൾക്കുണ്ടായിട്ടുണ്ട്.എന്തിന്റെ പേരിലായാലും ഏക ഭാഷമാത്ര വാദങ്ങളെ പൊളിച്ചേ പറ്റൂ.

militery

Education

പി.കെ. തിലക്

പട്ടാളച്ചിട്ടയുള്ള പഠനമുറകള്‍

Aug 01, 2022

11 Minutes Read

 one.jpg

Education

ദില്‍ഷ ഡി.

ഇനി ആനയെ കണ്ട് പഠിക്കും

Jul 31, 2022

6 Minutes Watch

M. K. Stalin

News

Think

എല്ലാ മലയാളികളും ആ ട്രൂകോപ്പി ലേഖനം വായിക്കണം - സ്റ്റാലിന്‍

Jul 30, 2022

2 Minutes Read

 Banner_5.jpg

Education

പി.കെ. തിലക്

അക്കാദമിക പിന്‍ബലം നഷ്ടപ്പെടുന്ന സ്കൂള്‍ വിദ്യാഭ്യാസം

Jul 28, 2022

10 Minutes Read

 Banner_2.jpg

Society

ബൈജു കോട്ടയിൽ

വിദ്യാലയ പരിസരങ്ങളിലെ സദാചാര പോലീസ്‌ സ്‌റ്റേഷനുകൾ

Jul 26, 2022

7 Minutes Read

Delhi Lens

Delhi Lens

Delhi Lens

അവഗണിക്കാനാവാത്ത അക്ഷരകരുത്തുമായി അവര്‍ വരും

Jul 24, 2022

6 Minutes Read

2

Art

ട്രസ്​പാസേഴ്​സ്​

‘വർണ വസന്തം’: സ്​കൂൾ അധികൃതർ അട്ടിമറിച്ച ഒരു മികച്ച വിദ്യാർഥിപക്ഷ പദ്ധതിയെക്കുറിച്ച്​...

Jul 21, 2022

8 Minutes Read

NEET-UG-aspirant-made-to-remove-innerwear-in-Kerala

Higher Education

പി.കെ. തിലക്

നീറ്റിലെ അടിവസ്​ത്രാക്ഷേപം: പരീക്ഷാമാഹാത്മ്യം പാടിപ്പുകഴ്ത്തിയവര്‍ ഇപ്പോള്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണ്

Jul 19, 2022

4 minutes Read

Next Article

ഒരു വടക്കന്‍ വീരഗാഥ; ഉണ്ണിയാര്‍ച്ചക്കും ചന്തുവിനും എം.ടിയുടെ തിരക്കഥയില്‍ എന്തുസംഭവിച്ചു?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster