truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 01 February 2023

truecoppy
Truecopy Logo
Readers are Thinkers

Wednesday, 01 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
international day for older persons

International Day of Older Persons

ഫോട്ടോ: മുഹമ്മദ് ഫാസില്‍

65+ ഒരു കുറ്റമല്ല,
കോവിഡിനേക്കാള്‍
ക്രൂരമാകരുത് സമൂഹം

65+ ഒരു കുറ്റമല്ല, കോവിഡിനേക്കാള്‍ ക്രൂരമാകരുത് സമൂഹം

കോവിഡ് ലോകമെമ്പാടും പ്രായമായവര്‍ക്കുനേരെയുള്ള അതിക്രവും പീഡനവും അവഗണനയും വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ച് മരിച്ചവരില്‍ വലിയൊരു വിഭാഗം പ്രായമായവരാണ്. ചരിത്രത്തില്‍ ഒരുകാലത്തുമില്ലാത്ത തരത്തില്‍ ആദ്യമായാണ് 65 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ഗുരുതരാവസ്ഥയും മരണസാധ്യതയും കൂടുന്നത്. 65നുമുകളില്‍ പ്രായമുള്ളവര്‍, പ്രത്യേകിച്ച് മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ മരണം ക്രമാതീതമായി തുടരുകയാണ്. പ്രായമായ വ്യക്തികളുടെ ജീവിതം ഭരണകൂടവും പൗരസമൂഹവും എങ്ങനെ ഏറ്റെടുക്കണം എന്ന ഒരു വിചാരം. ഒക്‌ടോബര്‍ ഒന്ന് ലോക വയോജന ദിനമാണ്

1 Oct 2020, 09:00 AM

കെ.എം. സീതി

ഗ്ലോബല്‍ നോര്‍ത്തിലും ഗ്ലോബല്‍ സൗത്തിലുമുള്ള രാജ്യങ്ങളെ സംബന്ധിച്ച്​ഒരു മുന്‍ഗണനാ വിഷയമാണ് വാര്‍ദ്ധക്യവും ആരോഗ്യവും. ‘ഒരാള്‍ പോലും മാറ്റിനിര്‍ത്തപ്പെടില്ല' എന്നു പ്രഖ്യാപിച്ച് പ്രായമായ ജനസമൂഹങ്ങളുടെ പ്രാധാന്യം അടിവരയിടുന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി). എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആരോഗ്യകരമായ ജീവിതവും ക്ഷേമവും ഉറപ്പുവരുത്താന്‍ എസ്.ഡി.ജി ആവശ്യപ്പെടുന്നു. സുസ്ഥിരവികസന ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി  ‘എല്ലാ സൂചകങ്ങളും പ്രായത്തിനനുസരിച്ച് തരംതിരിക്കേണ്ടതാണ്' എന്ന് ഐക്യരാഷ്ട്ര സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.

വരുമാനം കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ പ്രായമായവരുടെ എണ്ണം വര്‍ധിക്കുകയാണ്. നവലിബറല്‍ കാലഘട്ടത്തില്‍ (സാമൂഹ്യ സുരക്ഷയെയും ക്ഷേമത്തെയും സംബന്ധിച്ച വാഗ്ദാനങ്ങളൊന്നുമില്ലാതെ) ഇത്തരം പ്രഖ്യാപനങ്ങളെല്ലാം വിദൂര ലക്ഷ്യങ്ങളായി നിലനില്‍ക്കുമ്പോഴും, ഭരണകൂട- ഭരണകൂടേതര സംവിധാനങ്ങള്‍ക്ക്, പ്രായംകൂടിയവരെ സംരക്ഷിക്കുന്ന കാര്യത്തില്‍ വ്യക്തമായ പ്രതിബദ്ധത കാട്ടുകയെന്നതല്ലാതെ മറ്റുവഴിയില്ല. നീതിന്യായ ഏജന്‍സികളുടെയും മനുഷ്യാവകാശ, പൗരാവകാശ സംഘടനകളുടെയുമൊക്കെ പ്രവര്‍ത്തനങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണിത്. ദേശീയ, അന്തര്‍ദേശീയ അടിയന്തരാവസ്ഥകളുടെ പരിതസ്ഥിതിയില്‍ (ദുരന്തങ്ങള്‍, മഹാമാരി പോലെയുള്ള സമയത്ത്) ഈ ഏജന്‍സികളുടെ പങ്ക് നിര്‍ണായകവും സമാശ്വാസപരവുമാണ്.

അത് ഭരണകൂട ബാധ്യതയാണ്

ആഗോള മഹാമാരി ഇന്ത്യയിലും ലോകമെമ്പാടും കുതിച്ചുയര്‍ന്നപ്പോള്‍, ഇതിനെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ സംസ്ഥാനങ്ങളോടും വിശദ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. (രാജ്യത്തെ പ്രായമായവര്‍ക്ക് മതിയായ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയുമായി ബന്ധപ്പെട്ട്) ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് കോടതി ഒരുമാസം കൂടി സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മഹാമാരിയുടെ ഗുരുതര സാഹചര്യത്തില്‍ പ്രായമായവര്‍ക്ക് കൂടുതല്‍ കരുതലും സംരക്ഷണവും ലഭിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ഈ വിഷയത്തില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കോടതി. ഇതിനുമുമ്പ് ആഗസ്റ്റ് നാലിന് ഈ വിഷയം കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. പ്രായമായവരില്‍ അര്‍ഹര്‍ക്ക് തടസമില്ലാതെ എത്രയും പെട്ടെന്ന് പെന്‍ഷന്‍ നല്‍കണമെന്നും മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ അവര്‍ക്ക് ആവശ്യമായ മരുന്നും മാസ്‌കും സാനിറ്റൈസറും മറ്റ് അവശ്യവസ്തുക്കളും നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അപകടസാധ്യത കൂടുതലായതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രവേശനത്തില്‍ പ്രായമായവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആഗസ്റ്റ് നാലിലെ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അവരില്‍ നിന്ന് പരാതികളുണ്ടാവുകയാണെങ്കില്‍ പ്രശ്നം പരിഹരിക്കാന്‍ ആശുപത്രി അധികൃതര്‍ സത്വര നടപടികളെടുക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ അശ്വനി കുമാറായിരുന്നു കോടതിയെ സമീപിച്ചത്. പ്രായമായവരില്‍ തനിച്ചു ജീവിക്കുന്നവരാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെന്നും അവര്‍ക്ക് മരുന്നുകളും മാസ്‌കുകളും സാനിറ്റൈസറുകളും മറ്റ് അവശ്യവസ്തുക്കളും ലഭിക്കാന്‍ സാധ്യത കുറവാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം കോടതിയെ സമീപിച്ചത്.

പത്തുകോടിയിലേറെ വരുന്ന ഇന്ത്യയിലെ പ്രായമായ വ്യക്തികളുടെ നിയമപരമായ അവകാശങ്ങള്‍ അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യണമെന്ന്, ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനും മാസങ്ങള്‍ക്ക് മുമ്പ്, 2018 ഡിസംബറിലെ വിധിയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും വൃദ്ധസദനങ്ങളുടെ എണ്ണം സംബന്ധിച്ച് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും വിവരം ശേഖരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സാമൂഹ്യനീതിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് കോടതി പറഞ്ഞു- ‘പ്രായമായവര്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരുടെയും അഭയസ്ഥാനവും ആരോഗ്യവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം അത് നടപ്പിലാക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ട്’.

ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങള്‍ സംബന്ധിച്ച് പ്രായമായവര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്​, 2007ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമത്തിലെ (Maintenance and Welfare of Parents and Senior Citizens Act, 2007) ചട്ടങ്ങള്‍ക്ക് പ്രചരണം നല്‍കുന്നതിനായുള്ള പദ്ധതി തയ്യാറാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിയമത്തിലെ ചട്ടങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കേന്ദ്രം അതിന്റെ അധികാരം ഉപയോഗിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും അതിന്റെ പുരോഗതി വിലയിരുത്താനായി പുനരവലോകനം നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.  

‘ആരോഗ്യകരമായ വാര്‍ദ്ധക്യം' 

2020 മുതല്‍ 2030 വരെയുള്ള കാലഘട്ടത്തെ ‘ആരോഗ്യകരമായ വാര്‍ദ്ധക്യ'
( ‘Healthy Ageing') ത്തിന്റെ ദശാബ്ദം ആയി പ്രഖ്യാപിക്കാനുള്ള നിര്‍ദേശം 73ാമത് ലോക ആരോഗ്യ സഭ (World Health Assembly- WHA) അംഗീകരിച്ചതിന്റെ പിറ്റേന്നാണ് ആഗസ്റ്റ് നാലിലെ ഉത്തരവ് വന്നത് എന്നത് യാദൃശ്ചികതയല്ല. വാര്‍ദ്ധക്യത്തില്‍ ക്ഷേമം സാധ്യമാക്കുന്നതിന് പ്രവര്‍ത്തനക്ഷമത വികസിപ്പിക്കാനും നിലര്‍ത്താനുമുള്ള പ്രക്രിയയാണ് ‘ആരോഗ്യകരമായ വാര്‍ദ്ധക്യം' എന്നത്. എല്ലാവര്‍ക്കും തങ്ങള്‍ വിലമതിക്കുന്ന കാര്യങ്ങള്‍ ചെയ്യാൻ പ്രാപ്തിയുണ്ടാക്കുകയെന്നതാണ് പ്രവര്‍ത്തനക്ഷമത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ‘പ്രായമായവരുടെ, അവരുടെ കുടുംബത്തിന്റെ, അവര്‍ ജീവിക്കുന്ന സമൂഹങ്ങളുടെ അഭിവൃദ്ധിക്കായുള്ള പത്തുവര്‍ഷത്തെ ഐക്യത്തോടെയും സഹകരണത്തോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാറുകള്‍, പൗരസമൂഹം, അന്താരാഷ്ട്ര ഏജന്‍സികള്‍, പ്രഫഷണലുകള്‍, അക്കാദമിക് സമൂഹം, മാധ്യമങ്ങള്‍, സ്വകാര്യ മേഖല എന്നിവയെ ഒരുകുടക്കീഴില്‍ കൊണ്ടുവരാനുള്ള' അവസരമായാണ്  ‘ആരോഗ്യകരമായ വാര്‍ദ്ധക്യത്തിന്റെ' ഒരു ദശാബ്ദം വിഭാവനം ചെയ്തിട്ടുള്ളത്. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ‘മുമ്പത്തേക്കാള്‍ വേഗം പ്രായമായിക്കൊണ്ടിരിക്കുകയാണെന്നും ജനസംഖ്യാപരമായ ഈ രൂപാന്തരത്തിന്റെ സ്വാധീനം സമൂഹത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളിലുമുണ്ടാവും' എന്നും ആഗസ്റ്റ് എട്ടിലെ പ്രമേയത്തില്‍ ലോകാരോഗ്യസഭ നിരീക്ഷിക്കുന്നുണ്ട്.  ‘ആരോഗ്യകരമായ വാര്‍ദ്ധക്യം' എന്നതില്‍ ഒരുദശാബ്ദം നീണ്ട ദൃഢനിശ്ചയത്തോടെയുള്ള പ്രവര്‍ത്തനം ആഗോളതലത്തില്‍ അടിയന്തിരമായി അനിവാര്യമാണെന്നും പ്രമേയം നിരീക്ഷിക്കുന്നു.  

ഇതിന് വളരെ പ്രധാന്യമുണ്ട്. കാരണം 60 വയസിനും മുകളിലും പ്രായമുള്ള നൂറുകോടിയിലേറെ ആളുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. അതില്‍ ഭൂരിപക്ഷവും കുറഞ്ഞ, ഇടത്തരം വരുമാനമുളള രാജ്യങ്ങളിലാണ് ജീവിക്കുന്നത്. ഏറ്റവും ചുരുങ്ങിയ നിലയില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ അടിസ്ഥാന വസ്തുക്കള്‍ക്കുപോലും ബുദ്ധിമുട്ടുന്നവരാണ് പലരും. മറ്റുള്ളവരാകട്ടെ, സമൂഹത്തില്‍ അവരുടെ സമ്പൂര്‍ണ പ്രയാണത്തെയും പങ്കാളിത്തത്തെയും വിലക്കുന്ന അസംഖ്യം പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുന്നവരും. വരുന്ന മൂന്ന് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ആഗോളതലത്തില്‍ ഇപ്പോഴുള്ളതിന്റെ പകുതിയിലേറെ ഉയര്‍ന്ന് 150 കോടിക്കു മുകളിലെത്തുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. 2050 ഓടെ പ്രായമായവരുടെ എണ്ണം ആഗോള ജനസംഖ്യയുടെ 21.5% ആയി ഉയരും. ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങളിലാവും ജനസംഖ്യാപരമായ വ്യതിയാനം കൂടുതല്‍ പ്രകടമാകുക. 2050 ആകുമ്പോഴേക്കും അവിടെ പത്തില്‍ എട്ടുപേരും 60 വയസിനു മുകളില്‍ പ്രായമുള്ളവരായിരിക്കും. ‘സമ്പന്നരാകുംമുമ്പേ ഇവര്‍ വൃദ്ധരായിപ്പോകുമെന്ന്' കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ നിലവിലെ അവസ്ഥകൊണ്ടുതന്നെ പലരും പറയാന്‍ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, അവരുടെ ആവശ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാതെ യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് നേടാനാവില്ലെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട് 

കോവിഡിനുമുന്നില്‍ ഒടുങ്ങുന്ന വാര്‍ധക്യം

പ്രായമായവര്‍ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര പ്രഖ്യാപനങ്ങള്‍ ഒരുവഴിക്ക് തുടരുന്നുണ്ടെങ്കിലും കോവിഡ് മൂലം ഇതിനകം മരിച്ചവരില്‍ വലിയൊരു വിഭാഗം പ്രായമായവരാണ്. ഈ മഹാമാരി ചരിത്രത്തില്‍ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ളതാണെന്ന് ആരോഗ്യ വിദഗ്ധരും സമ്മതിക്കുന്നു. അതുപോലെ ചരിത്രത്തില്‍ ഒരുകാലത്തുമില്ലാത്ത തരത്തില്‍ ആദ്യമായാണ് 65 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ഗുരുതരാവസ്ഥയും മരണസാധ്യതയും കൂടുന്നത്. മഹാമാരിയുടെ ഒഴുക്ക് എങ്ങനെയാണ്, എത്രയാളുകള്‍ മരണത്തിന് കീഴടങ്ങും, എന്തായിരിക്കും സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എന്നതിന്റെയെല്ലാം ഭീതിജനകമായ സൂചനകള്‍ ഇതിലുണ്ട്. ലോകമെമ്പാടും 500 ദശലക്ഷം (ലോകജനസംഖ്യയുടെ മൂന്നിലൊന്ന്) പേരെ ബാധിക്കുകയും 50 ദശലക്ഷത്തിലേറെ പേരുടെ മരണത്തിന് കാരണമാവുകയും ചെയ്ത 1918-19 കളിലെ ഇന്‍ഫ്ളുവെന്‍സ മഹാമാരി പ്രായമായവര്‍ക്ക് അത്ര ദോഷമായിരുന്നില്ല. മുതിര്‍ന്നവരായിരുന്നു അതിന്റെ വലിയ ഇരകള്‍. എന്നാല്‍ കോവിഡ് പ്രായമായവര്‍ക്ക് മുമ്പില്‍ അത്ര സുഖകരമായ സാഹചര്യമല്ല സൃഷ്ടിച്ചിരിക്കുന്നത്. 65നുമുകളില്‍ പ്രായമുള്ളവര്‍, പ്രത്യേകിച്ച് മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും മരണപ്പെടുകയും ചെയ്യുന്നത് ക്രമാതീതമായി തുടരുകയാണ്. ഇതാണ് ആഗോളതലത്തിലുള്ള ട്രന്റ്. 85 ഓ അതിനു മുകളിലോ പ്രായമുള്ളവരില്‍ കൊറോണ വൈറസ് കാരണമുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് സാധ്യത വളരെയധികമാണ്.  

international day for older persons

പ്രായം അനുസരിച്ചുള്ള കോവിഡ് മരണങ്ങളുടെ പാറ്റേണ്‍ മഹാമാരിയുടെ തുടക്കത്തില്‍ തന്നെ പ്രകടമമായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, സ്പെയിന്‍, ഇംഗ്ലണ്ട്, ഇറ്റലി, ചൈന, ബ്രസീല്‍, റഷ്യ എന്നിവിടങ്ങളിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും നടന്ന പഠനത്തില്‍ ഇതിനകത്തെ അപകടസാധ്യത നിര്‍ണ്ണയിച്ചിരുന്നു. രോഗബാധിതനായ ഒരാളില്‍ മരണസാധ്യത എത്രത്തോളമുണ്ടെന്ന് നിശ്ചയിക്കുന്നതില്‍ പ്രായം നിര്‍ണായക ഘടകമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ഈ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മഹാമാരിയുടെ ഉത്ഭവകേന്ദ്രമായ ചൈനയില്‍ രോഗബാധകാരണം മരിച്ചവരില്‍ 80% വും 60 വയസോ മുകളിലോ പ്രായമുള്ളവരാണ്. രണ്ടുലക്ഷത്തിലേറെപ്പേര്‍ മരിച്ച യു.എസില്‍ (ഇതുവരെ 74.47 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്) പ്രായമായവരിലാണ് രോഗം ഗുരുതരമാകാൻ സാധ്യത കൂടുതല്‍. യു.എസ് ജനസംഖ്യയുടെ 16% വും 65ഉം മുകളിലും പ്രായമുള്ളവരാണ്. യു.എസിലെ കോവിഡ് മരണങ്ങളില്‍ 80%വും ഈ പ്രായപരിധിയിലുള്ളവരിലാണ്. ഇതേകാലഘട്ടത്തില്‍ മറ്റെല്ലാ കാരണങ്ങള്‍കൊണ്ടും ഈ ഗ്രൂപ്പിലുണ്ടായ മരണങ്ങളേക്കാള്‍ (75%) കൂടുതല്‍. അതിനര്‍ത്ഥം, അമേരിക്കയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കോവിഡ് മരണങ്ങള്‍ പത്തില്‍ എട്ടും 65ഉം അതിനു മുകളിലും പ്രായമുള്ളവരിലാണ്. കോവിഡ് മരണങ്ങളില്‍ 40% ത്തിലേറെയും നഴ്സിങ് ഹോമുകളുമായി ബന്ധപ്പെട്ടാണ് നടന്നതെന്ന് ആഗസ്റ്റ് 13ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ബി.ബി.സി റിപ്പോര്‍ട്ടു പ്രകാരം, അമേരിക്കയിലെ 45% കോവിഡ് മരണങ്ങളും ഇത്തരം കെയര്‍ഹോമുകളിലാണ് നടന്നതെന്ന് ഒരു നോണ്‍ പാര്‍ട്ടീഷന്‍ ഫൗണ്ടേഷന്‍ നടത്തിയ വിശകലനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  

മഹാമാരിയുടെ ആദ്യഘട്ടത്തില്‍ അസ്വസ്ഥപ്പെടുത്തുന്ന ചില റിപ്പോര്‍ട്ടുകളും നമ്മള്‍ കേട്ടിരുന്നു. അതായത്, രോഗലക്ഷണങ്ങളുമായി ചികിത്സക്കെത്തുന്ന പ്രായമായവരെ യു.എസിലെയും യൂറോപ്പിലെയും ഒരുവിഭാഗം ആശുപത്രികള്‍ സൗകര്യക്കുറവ് ചൂണ്ടിക്കാട്ടി മടക്കി അയക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍. യൂറോപ്പില്‍ കോവിഡ് മരണങ്ങളില്‍ 95%ത്തിലേറെയും 60 വയസിനുമുകളില്‍ പ്രായമുള്ളവരാണ്. ആസ്ത്രേലിയയില്‍ മരിക്കുകയും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തവരില്‍ ഏറെയും 65 വയസിനു മുകളില്‍ പ്രായമുള്ളവരും മറ്റു രോഗങ്ങളുള്ളവരുമാണ്. ദീര്‍ഘകാലമായുള്ള സാമൂഹ്യ അകലം പാലിക്കല്‍ നടപടികളും ചികിത്സാക്രമത്തിലുണ്ടായ മാറ്റവും കാരണം അവരില്‍ മാനസിക പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടിവരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇറ്റലിയില്‍ കോവിഡ് വ്യാപനം ഏറ്റവും ബാധിച്ചത് 50 വയസിനു മുകളില്‍ പ്രായമുള്ളവരെയാണ്. ഇറ്റലിയില്‍ കോവിഡ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടശേഷം 35,000 പേരാണ് വൈറസ് ബാധ കാരണം മരിച്ചത്. പ്രായമായവരിലാണ് മരണനിരക്ക് വളരെയധികം കൂടുതല്‍. 80 വയസിനുമുകളില്‍ പ്രായമുള്ളവരില്‍ മരണനിരക്ക് 34 ശതമാനത്തിനും മുകളിലാണ്. ചില ഘട്ടത്തില്‍ മരണനിരക്ക് 13.8% വരെ ഉയര്‍ന്നിരുന്നു. മറ്റുരാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍.  
ഇന്ത്യയിലും പ്രായമായവരില്‍ മരണനിരക്ക് കൂടുന്ന നില തുടരുകയാണ്. മരിക്കുന്നവരില്‍ 50 ശതമാനത്തോളം വരും 60നു മുകളില്‍ പ്രായമുള്ളവര്‍. കുറച്ചുകൂടി പ്രായം കുറഞ്ഞ ഗ്രൂപ്പില്‍ വരുന്ന 45-60നും ഇടയില്‍ പ്രായമായവരിലും രോഗം ഗുരുതരമാകാന്‍ സാധ്യത കൂടുതലാണ്, മരിച്ചവരില്‍ 37% വരും ഈ വിഭാഗത്തില്‍ നിന്ന്.

ഇന്ത്യയിലെ പ്രായമായവരില്‍ 68%വും ഗ്രാമീണ മേഖലയിലാണ് ജീവിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. 58% നിരക്ഷരരാണ്, 70% (55% പുരുഷന്മാരം 88% സ്ത്രീകളും) മറ്റുള്ളവരെ ആശ്രയിച്ചാണ് കഴിയുന്നത്. അതിനിടെ, ഇന്ത്യയിലെ കുടുംബബന്ധങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. മക്കള്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ ഗ്രാമ നഗര ഭേദമന്യേ ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതെല്ലാം കാണിക്കുന്നത്, മഹാമാരി കൂടുതല്‍ വ്യാപിക്കുന്ന സാഹചര്യം ഇന്ത്യയിലെ പ്രായമായവരെ സംബന്ധിച്ച് അവര്‍ അതിന് വിധേയരാകപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കും. 

ഭയം, ആകുലത

‘ഈ മഹാമാരി ലോകമെമ്പാടും പ്രായമായവര്‍ക്കുനേരെയുള്ള അതിക്രവും പീഡനവും അവഗണനയും വര്‍ധിപ്പിച്ചിട്ടുണ്ട്' എന്നാണ് അന്താരാഷ്ട്രതലത്തില്‍ പ്രായമായവരുടെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനയായ എയ്ജ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ‘കോവിഡ് പിടിമുറുക്കുന്നതിനു മുമ്പ്, പ്രായമായവരില്‍ ആറില്‍ ഒരാള്‍ പീഡനം സഹിക്കുന്നുവെന്നായിരുന്നു കണക്ക്. എന്നാല്‍ മഹാമാരിയുടെ ഫലമായി പല രാജ്യങ്ങളിലും പീഡനം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.' പ്രായമായവര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ പലതരത്തിലുണ്ട്, അവഗണനയ്ക്കു പുറമേ അത് ശാരീരിക ആക്രമണങ്ങളാകാം, മാനസികമാകാം, വാക്കുകള്‍ കൊണ്ടാവാം, സാമ്പത്തികമായാവാം, ലൈംഗികപീഡനമാകാം. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള സാധ്യത ഏറെ പ്രായമായ സ്ത്രീകളിലാണ്. കൂടാതെ വൈകല്യങ്ങളുള്ളവരും സഹായം ആവശ്യമുള്ളവരും ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. മഹാമാരിയുടെ ഫലമായുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പ്രായമായവര്‍ നേരിടുന്ന സാമ്പത്തിക പീഡനങ്ങളുടെ ആക്കം കൂട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.    

ഈ മഹാമാരി ലോകമെമ്പാടുമുള്ള പ്രായമായവര്‍ക്കിടയില്‍ ഭയത്തിനും വലിയ ആകുലതകള്‍ക്കും പ്രയാസങ്ങള്‍ക്കും കാരണമായിട്ടുണ്ടെന്ന് അമേരിക്ക സമ്മതിച്ചിട്ടുണ്ട്. ഗ്ലോബല്‍ സൗത്തിലെ രാഷ്ട്രങ്ങളിലെമ്പാടുമായി ഈ വൈറസ് വലിയ തോതില്‍ വ്യാപിച്ചപ്പോള്‍ പ്രായമായവര്‍ക്കിടയിലെ മരണനിരക്കും വലിയ തോതില്‍ ഉയര്‍ന്നു. നമ്മള്‍ അത്ര ശ്രദ്ധിക്കാത്ത, എന്നാല്‍ ഏറെ പരിതാപകരമാണ് ഇതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍; യഥാര്‍ത്ഥത്തില്‍ കൊറോണ വൈറസുമായി ബന്ധമില്ലാത്ത രോഗാവസ്ഥകള്‍ക്കുപോലും ചികിത്സ നിഷേധിക്കുന്ന തരത്തില്‍ പ്രായമായവര്‍ അവഗണിക്കപ്പെടാം; ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് മോശം പെരുമാറ്റവും അധിക്ഷേപങ്ങളും നേരിട്ടേക്കാം; തൊഴിലില്ലായ്മയും ദാരിദ്ര്യവും കുതിച്ചുയരും; അസാധാരണമാംവിധം മാനസിക ആരോഗ്യത്തെ ബാധിക്കും; അവഹേളനവും വിവേചനവും നേരിട്ടേക്കാം. കോവിഡ് പടര്‍ന്നു പിടിക്കുന്നതിനു മുമ്പുതന്നെ, ലോകമെമ്പാടും പ്രായമായവരില്‍ വലിയൊരു വിഭാഗം സാമൂഹ്യമായ അകറ്റിനിര്‍ത്തലുകളോട് എതിരിട്ട് ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന നിരീക്ഷിച്ചിട്ടുണ്ട്. യു.എന്‍ പറയുന്നു: ‘പ്രായം കൂടിയവരില്‍ ദാരിദ്ര്യത്തിന് സാധ്യതയും കൂടുതലാണ്, ചില വികസ്വര രാജ്യങ്ങളില്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന പ്രായമായവര്‍ 80%ത്തോളം വരും'. ഇന്നത്തെ സാഹചര്യത്തില്‍ ‘പ്രായമായവരുടെ വരുമാനവും ജീവിതനിലവാരവും വലിയ തോതില്‍ ഇടിഞ്ഞേക്കാം' എന്ന് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യു.എന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ‘ഈ ഇടിവ് ഏറ്റവുമധികം ബാധിക്കുന്നത് വരുമാനമുണ്ടാക്കാനുള്ള വഴികള്‍ പരിമിതമായ പ്രായമായ സ്ത്രീകളെയായിരിക്കും' എന്നും യു.എന്‍ നിരീക്ഷിക്കുന്നു. വൃദ്ധസദനങ്ങളിലും സമാന സ്ഥാപനങ്ങളിലും കോവിഡ് പടര്‍ന്നുപിടിച്ചത് ‘അവഗണയും മോശം പെരുമാറ്റവും വര്‍ധിപ്പിച്ചെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, പ്രായമായവരില്‍ വലിയൊരു വിഭാഗത്തിന്റെ ജീവനെടുക്കുകയും' ചെയ്തതായി, യൂറോപ്പിലെയും അമേരിക്കയിലെയും അനുഭവങ്ങളില്‍ നിന്നും യു.എന്‍ രേഖപ്പെടുത്തുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളിലും അനൗദ്യോഗിക സ്ഥാപനങ്ങളിലും തടവറകളിലും ജീവിക്കുന്ന പ്രായമായവര്‍ക്ക്, അവിടുത്തെ തിങ്ങിനിറഞ്ഞ അവസ്ഥകാരണം അപകടസാധ്യത കൂടുതലാണ്. അവര്‍ക്ക് ആരോഗ്യസേവനങ്ങള്‍ കുടിവെള്ളം ശുചിത്വ സൗകര്യങ്ങള്‍ എന്നിവയ്ക്കൊപ്പം മാനുഷിക പിന്തുണയും സഹായവും ലഭിക്കാനും സാധ്യത കുറവാണ്. 

പ്രായമായവരുടെ മനുഷ്യാവകാശം

ഇപ്രകാരം, ആരോഗ്യപരിരക്ഷ തെരഞ്ഞെടുക്കുന്നതിലും വൈദ്യശ്രദ്ധയും ജീവന്‍രക്ഷാ മരുന്നുകളും ലഭിക്കുന്നതിന്റെ പ്രാമുഖ്യവും അടിയന്തിരസ്ഥിതിയും നിര്‍ണയിക്കുന്നതിലും പല രാജ്യങ്ങളിലെയും പ്രായമായവര്‍ വിവേചനം നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിലവിലെ അസമത്വങ്ങള്‍ കാരണം കോവിഡിനും മുമ്പുതന്നെ പല രാജ്യങ്ങളിലെയും പ്രായമായ വ്യക്തികള്‍ക്ക് അത്യാവശ്യമായ ആരോഗ്യ സേവനങ്ങളിലേക്ക് എത്തിപ്പെടാന്‍ കഴിയുമായിരുന്നില്ല. മറ്റു രോഗങ്ങള്‍ക്കുള്ള അടിയന്തിര സേവനങ്ങളില്‍ അയവുവരത്തേണ്ട സ്ഥിതി കോവിഡ് കാരണമുണ്ടായിട്ടുണ്ട്. ഇത് പ്രായമായവരുടെ ജീവനുനേരെ ഭീഷണി വര്‍ധിപ്പിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധ ദിവസവും കുതിച്ചുയരുന്ന സാഹചര്യത്തില്‍ തിങ്ങിനിറയുന്ന ആശുപത്രികളും ആരോഗ്യ സേവനങ്ങളും പരിമിതമായ സൗകര്യങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നതില്‍ തീരുമാനമെടുക്കാനാവാതെ ബുദ്ധിമുട്ടുകയാണെന്നത് വാസ്തവമാണ്.  

മനുഷ്യാവകാശത്തില്‍ അടിയുറച്ച, ഒരാളെപ്പോലും മാറ്റിനിര്‍ത്തില്ലെന്ന സുസ്ഥിരവികസന അജണ്ടയാല്‍ നയിക്കപ്പെടുന്ന, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന, പക്ഷപാതരഹിതമായ, എല്ലാപ്രായത്തിലുള്ളവരെ സംബന്ധിച്ചും സൗഹാര്‍ദ്ദപരമായ അന്തരീം നിലനില്‍ക്കുന്ന സമൂഹം, പടുത്തുയര്‍ത്താനുള്ള ഒരു അവസരമാണ് കോവിഡിനാനന്തരകാലമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. സാമൂഹ്യ സുരക്ഷയും മറ്റ് സംരക്ഷണ നടപടികളും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പ്രായമായവരെ സഹായിക്കേണ്ട ആവശ്യകതയുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ശ്രദ്ധയും സഹായത്തിന്റെ വിഷയത്തിലും, സാമൂഹ്യമായി ഇണക്കപ്പെടാനുള്ള സാധ്യതകളിലുമടക്കം കോവിഡ് അവരുടെ ജീവിതക്രമത്തെ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ മാറ്റിമറിച്ചിട്ടുണ്ടെന്നതും വ്യക്തമാണ്. വരുംമാസങ്ങളിലും വ്യത്യസ്തമായ രീതികളില്‍, പ്രവചിക്കാന്‍ കഴിയാത്ത ആക്രമണശേഷിയില്‍ ഈ ആഗോളമഹാമാരി നിലനിന്നേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുകയാണ്. ഇപ്പോള്‍ കുറഞ്ഞ, ഇടത്തര വരുമാനമുള്ള രാജ്യങ്ങളില്‍ രോഗവ്യാപനം ക്രമാതീതമായി ഉയരുകയാണ്. അതുകൊണ്ടുതന്നെ പ്രായമായവരുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടവും പൗരസമൂഹവും കൂടുതല്‍ സൃഷ്ടിപരവും ക്രിയാത്മകവുമായ പങ്കുവഹിക്കണമെന്നത് അനിവാര്യതയായി മാറിയിരിക്കുകയാണ്. 

(Policy Circle എന്ന വെബ്​ പോർട്ടലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ)

കെ.എം. സീതി  

മഹാത്മാഗാന്ധി സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ചിന്റെ ഡയറക്ടർ

  • Tags
  • #International Day of Older Persons
  • #Covid 19
  • #KM Seethi
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Kunjunni Sajeev

OPENER 2023

കുഞ്ഞുണ്ണി സജീവ്

‘രക്ഷപ്പെടുക’- 2022ലെ മലയാള വാക്ക്​

Jan 02, 2023

7 Minutes Read

China Covid

Covid-19

ഡോ: ബി. ഇക്ബാല്‍

‘സീറോ കോവിഡ്​’: പ്രശ്​നം വഷളാക്കിയ ഒരു ചൈനീസ്​ മോഡൽ

Dec 25, 2022

6 Minutes Read

covid 19

Covid-19

ഡോ. ജയകൃഷ്ണന്‍ ടി.

വീണ്ടും കോവിഡ്, വേണ്ട പരിഭ്രാന്തി

Dec 25, 2022

9 Minutes Read

covid

Health

ഡോ. യു. നന്ദകുമാർ

അതിവ്യാപനശേഷിയുള്ള പുതിയ വകഭേദം; ഇനിയുമൊരു കോവിഡ് തരംഗം ഉണ്ടാകാം

Oct 22, 2022

3 Minute Read

hunger index

Economy

കെ.എം. സീതി

പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും രാഷ്​ട്രീയത്തിലേയ്ക്കുള്ള ​​​​​​​ഇന്ത്യൻ ദൂരം

Oct 16, 2022

6 Minutes Read

orhan pamuk

Book Review

എന്‍.ഇ. സുധീര്‍

ചരിത്രത്തിന്റെ  സർഗാത്മക പുനരാവിഷ്കാരങ്ങൾ

Oct 08, 2022

8 Minutes Read

Old Women

International Day of Older Persons

എസ്. ശാരദക്കുട്ടി

സര്‍ക്കാർ ഖജനാവ് വൃദ്ധര്‍ക്കും കൂടി അവകാശപ്പെട്ടതാണ്

Oct 01, 2022

5 Minutes Read

B. Ekbal

Book Review

എന്‍.ഇ. സുധീര്‍

'പ്ലേഗ് മുതല്‍ കോവിഡ് വരെ' ; മഹാമാരികള്‍ സാമൂഹ്യ പോരാട്ടമായി മാറിയതെങ്ങനെ ?

Jul 29, 2022

8 Minutes Read

Next Article

അവസാന വരിയിലെ അവസാന കുട്ടിയെയും കൂടി പരിഗണിക്കേണ്ടതല്ലേ?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster