ട്രാക്​റ്ററുകൾ ഇപ്പോഴും പാടത്തേക്കുമടങ്ങിയിട്ടില്ല, റോഡും റെയിലും ഉഴുതുമറിക്കുകയാണ്

കേന്ദ്രസർക്കാറിന്റെ കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭം കോർപറേറ്റ് വിരുദ്ധ- ബഹിഷ്‌കരണ സമരമായി വികസിപ്പിക്കുകയാണ് കർഷകർ. അംബാനി- അദാനി വിരുദ്ധ/ബഹിഷ്‌കരണ സമരമാണ് പഞ്ചാബിൽ 31 കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നത്. ലുധിയാന, ബർണാല, മുള്ളൻപുർ തുടങ്ങിയ സ്ഥലങ്ങളിൽ റിലയൻസ് പെട്രോൾ പമ്പുകളും ടോൾ പ്ലാസകളും പിടിച്ചെടുത്ത് കർഷകർ സമരം തുടരുന്നു. 250 കർഷക സംഘടനകൾ ഒന്നിച്ച് ഐക്യപ്രക്ഷോഭത്തിൽ അണിനിരക്കാൻ തീരുമാനിച്ചതും ഐക്യ ട്രേഡ് യൂണിയൻ പ്രസ്ഥാനം അതിന് പിന്തുണ പ്രഖ്യാപിച്ചതും ദൂരവ്യാപക പ്രതിചലനങ്ങളാണുണ്ടാക്കുക

മ്മള് കൊയ്യും വയലെല്ലാം നമ്മുടെതാവും പൈങ്കിളിയേ എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന മോഹൻലാലിനോട് സിനിമയിലെ നായിക ചോദിക്കുന്നത്, നമ്മള് കൊയ്യും വയലെല്ലാം ജന്മിത്തമ്പ്രാക്കളുടെതല്ലെ? എന്നാണ്. അതിന് മോഹൻലാലിന്റെ മറുപടി, വിത്തു വിതച്ചത് നാമല്ലേ
വിള കാത്തു കിടന്നത് നാമല്ലെ? എന്നാണ്.

കേരളത്തിൽ നിന്നേ അങ്ങനെ പാടാനാവൂ, അത് പറയാൻ നാവുയരൂ. കേരളത്തിൽ മാത്രമേ ജന്മിത്തത്തിന്റെ കടപുഴക്കാനായിട്ടുള്ളൂ. 57ലെയും 67ലെയും ഇ.എം.എസ് സർക്കാറിന്റെ, കമ്യൂണിസ്റ്റ് പാർട്ടിയുടെ, അതിനു പിന്നിൽ അണിനിരന്ന ജനസഹസ്രങ്ങളുടെ, ഇച്ഛാശക്തിയാണതിനുപിന്നിൽ പ്രവർത്തിച്ചത്. അതിനു കഴിഞ്ഞതാകട്ടെ, നവോത്ഥാന പ്രസ്ഥാനം നമ്മുടെ മണ്ണ് ഉഴുതുമറിച്ചതുകൊണ്ടാണ്, അതിന്റെ തുടർച്ച ഇടതു പക്ഷത്തിന് ഏറ്റെടുക്കാനായതാണ്. എന്നാൽ ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ സ്ഥിതിയതല്ല.

കാർഗിൽ സൂര്യകാന്തിയുടെ കഥ

90 കളുടെ തുടക്കത്തിൽ നഞ്ചുണ്ടസ്വാമിയും കൂട്ടരും കർണാടകയിൽ നടത്തിയ ഒരു പ്രക്ഷോഭമുണ്ട്. കാർഗിൽ കമ്പനിയുടെ ഓഫീസ് തകർക്കുന്നേടത്തോളമെത്തി ആ പ്രക്ഷോഭം. കാലങ്ങളായി കരിമ്പ് കൃഷി ചെയ്തുവരുന്ന കർഷകരോട്, അതിനേക്കാൾ ആദായകരമായ എണ്ണക്കുരു കൃഷി നടത്താനാണ് കാർഗിൽ ഉപദേശിച്ചത്. സൂര്യകാന്തിക്ക് നല്ല വില കിട്ടുമെന്നു മാത്രമല്ല, സൗജന്യനിരക്കിൽ വിത്തും വളവും വെള്ളവുമടക്കം എത്തിച്ചുകൊടുക്കും എന്നായിരുന്നു പ്രലോഭനം. തങ്ങളുടെ വലയിലേക്കാകർഷിക്കപ്പെട്ട കർഷകരോട്, തൊട്ടടുത്ത വയലിലെ കൃഷി സൂര്യകാന്തി തന്നെയാണെങ്കിൽ, അതിന് കാർഗിൽ ഇതര വിത്താണുപയോഗിച്ചതെങ്കിൽ, ഒന്നുകിൽ അത് വെട്ടിമാറ്റണം, അല്ലെങ്കിൽ ഭൂമി തരിശിടണം എന്നാണ് കമ്പനി കൽപ്പിച്ചത്. അതിനുവേണ്ടി വരുന്ന നഷ്ടപരിഹാരം കാർഗിൽ നൽകുമെന്നും അവർ പറഞ്ഞു. സ്വാഭാവികമായും വളഞ്ഞ വഴിയിലൂടെ മണ്ണിനുമേൽ കൈവെക്കാനുള്ള അധികാരമാണ് ആ ബഹുരാഷ്ട്ര കുത്തകക്കമ്പനിക്ക് കവർന്നെടുക്കേണ്ടിയിരുന്നത്. ഇങ്ങനെയൊക്കെ ചെയ്തിതിട്ടും, സൂര്യകാന്തി വിളവെടുപ്പ് നടന്നപ്പോഴാണ് കർഷകർക്ക് തങ്ങൾ ചതിക്കപ്പെടുകയാണ് എന്ന കാര്യം മനസ്സിലായത്. അത്യുൽപാദന ശേഷിയുണ്ടെന്ന് പറഞ്ഞ് അവതരിപ്പിച്ച സൂര്യകാന്തി കൃഷി നഷ്ടത്തിലാണ് കലാശിച്ചത്. മെച്ചം കമ്പനിക്ക് മാത്രമാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് കർഷകർ കാർഗിൽ കമ്പനി കൈയ്യേറി പ്രതിഷേധം പ്രകടിപ്പിച്ചത്.

കർണാടകയിലെ ബെല്ലാരിയിലുള്ള ബയോ റിയാക്ടറിൽ വിളയിപ്പിച്ചെടുക്കുന്ന ഹൈടെക് വിത്തുകൾ വഴി ഇന്ത്യയുടെ സീഡ് മാർക്കറ്റിന്റെ നാലിലൊന്ന് തങ്ങളുടെതാവും എന്നായിരുന്നു കമ്പനിയുടെ വീരവാദം. ‘ഞങ്ങളെന്തുകൊണ്ടാണ് ഒറ്റതിരിഞ്ഞ് ആക്രമിക്കപ്പെടുന്നത് എന്ന് മനസ്സിലാവുന്നില്ല' എന്നാണ് അന്ന് കാർഗിലിന്റെ മാനേജിങ്ങ് ഡയറക്ടർ ജോൺ ഹാമിൽട്ടൻ പറഞ്ഞത്. (ഡൗൺ ടു എർത്ത് എൻ.ചേതൻ/7. 6.15). പക്ഷേ, കർഷകർക്ക് അത് നന്നായി മനസ്സിലായി.

മൈനസ് 40 ഡിഗ്രി ഊഷ്മാവിൽ സൂക്ഷിച്ചുവെച്ച വിത്തിന്റെ സൂക്ഷ്മാംശമായ ജേം പ്ലാസത്തിന്റെ സംരക്ഷണത്തിനാണ് ബെല്ലാരിയിലെ ലബോറട്ടറി. ആ ലാബറട്ടറിയാണ് കർഷകർ ആക്രമിച്ചത്. തങ്ങളുടെ നടപ്പ് കാർഷികജീവിതവൃത്തി തന്നെ മാറ്റിമറിക്കുകയാണ് എന്ന് അവർക്ക് ബോദ്ധ്യപ്പെട്ടു. ഇനിമേൽ വിത്ത് എന്നത് കർഷകരും കർഷക തൊഴിലാളികളും പാടത്ത് വിളയിച്ചെടുക്കുന്നതല്ല, പകരം കൂറ്റൻ ബയോറിയാക്ടറുകളിൽ വൻ മുതൽമുടക്കുള്ള ബഹുരാഷ്ട്ര ഭീമൻമാർ വിരിയിച്ചെടുക്കുന്നതായി മാറുകയാണ് എന്ന് അവർ തിരിച്ചറിയുകയായിരുന്നു. ആയിരം കാട്ടുപുൽച്ചെടികളിൽ നിന്ന് ഒരു നാടൻ നെൽവിത്ത് വികസിപ്പിച്ചെടുത്തത് കർഷകരാണ്. അവരോട് ഇനി വിത്ത് തങ്ങളുടെ സ്വകാര്യ സ്വത്താണ് എന്നാണ് അന്ന് വിത്തുകമ്പനികൾ പറഞ്ഞു തുടങ്ങിയത്. ഇനിമേൽ വിത്തിനൊത്ത് മണ്ണ് പാകപ്പെടുത്തുകയല്ല, മണ്ണിനൊത്ത് വിത്തുകൾ ലാബറട്ടറികളിൽ മാറ്റിത്തീർക്കുകയാണ്.

വിത്തിനും മണ്ണിനും മേലുള്ള ആക്രമണമാണ് പുതിയ സാങ്കേതിക വിദ്യ സ്വായത്തമാക്കിയ ബഹുരാഷ്ട്ര ഭീമന്മാർ നടത്താൻ പോകുന്നത് എന്ന തിരിച്ചറിവ് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമെത്തുമ്പോൾ ബലപ്പെടുകയായിരുന്നു. ജനിതക സാങ്കേതിക വിദ്യ തുറന്നുകൊടുത്ത വമ്പൻ സാദ്ധ്യതകൾ നന്നായി ഉപയോഗപ്പെടുത്തുകയായിരുന്നു ബഹുരാഷ്ട്ര ക്കമ്പനികൾ. അഗ്രികൾച്ചർ അഗ്രിബിസിനസ്സായി മാറുകയായിരുന്നു.

കാർഗിൽ നൈജീരിയയിൽ ചെയ്തത്

ലോകത്തെ ഭക്ഷ്യധാന്യക്കച്ചവടത്തിന്റെ നാലിലൊന്ന് കൈകാര്യം ചെയ്തു പോന്ന കാർഗിൽ കമ്പനിയെ ഫോർബ്‌സ് മാസിക വിശേഷിപ്പിച്ചത് ‘മിക്ക കമ്പനികളും അടുത്ത കാൽക്കൊല്ലത്തേക്കുള്ള പദ്ധതികൾ തയാറാക്കുമ്പോൾ, കാർഗിൽ അടുത്ത നൂറ്റാണ്ടിലേക്കുള്ള പദ്ധതികളാണ് തയാറാക്കുന്നത് ' എന്നാണ്! ഫോർബ്‌സ് പറഞ്ഞത് വെറുതെയല്ല. നൈജീരിയയിലെ അതിന്റെ ഇടപെടൽ രീതി നോക്കിയാൽ ഇത് ബോദ്ധ്യമാവും.

തിനയും ചോളവും കമ്പവും മുത്താറിയും കൃഷി ചെയ്തും അത് തിന്നും ജീവിച്ചും പോന്ന നൈജീരിയക്കാരോട്, അതുപേക്ഷിച്ച് എണ്ണക്കുരുക്കളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത് കാർഗിൽ കമ്പനിയാണ്. അതിന്റെ ബിസിനസ് എക്‌സിക്യൂട്ടീവുകൾ നേരിട്ടുചെന്ന് കർഷകരെ പ്രലോഭിപ്പിക്കുകയായിരുന്നു. (കേരളത്തിലെ സാധാരണ കർഷകരോട് അവർ കൃഷി ചെയ്തുപോന്ന ചേമ്പും ചേനയും കാവിത്തുമൊക്കെ ഉപേക്ഷിച്ച് , അവിടെ കൊക്കോ നട്ടുപിടിപ്പിക്കാൻ കാഡ്ബറീസ് കമ്പനി കർഷകക്കുടിലുകളിൽ കയറിയിറങ്ങിയതുപോലെ തന്നെ. കൊക്കോ പൂത്ത് കായ്ച്ച് വന്നപ്പോൾ, വിലയിടിവാണെന്ന് കണ്ട് അത് വെട്ടിമാറ്റി തോട്ടിലെറിഞ്ഞ് തിരിച്ചുവരുമ്പോൾ, തന്റെ കരയുന്ന കുഞ്ഞിന് അതേ കാഡ്ബറീസിന്റെ ‘ജെംസാ' ണ് കർഷകൻ വാങ്ങിച്ചത്. അപ്പോഴേക്ക് കാഡ്ബറിയെന്നത് മുഴുവൻ കർഷകരുടെ നാവിൻതുമ്പിലും എത്തിച്ചിരുന്നല്ലോ. (പിന്നെ കർഷകർ പ്ലാന്റേഷനുകളിൽ നിന്ന് ലോറികളിൽ വന്നിറങ്ങുന്ന മറുനാടൻ പച്ചക്കറികൾ തിന്നുശീലിക്കുകയും ചേന കൃഷിയും കാവിത്ത് കൃഷിയും ഉപേക്ഷിക്കുകയുമായിരുന്നല്ലോ.)

തങ്ങളുടെ നാട്ടിലേക്ക് വൻതോതിൽ അമേരിക്കൻ ഗോതമ്പ് ഇറക്കുമതി നടക്കുന്നുവെന്ന് കണ്ട് അത് നിയന്ത്രിക്കാൻ ഒരു നിരോധന ഉത്തരവിറക്കാൻ നോക്കിയ നൈജീരിയൻ ഗവൺമെന്റിനുനേരെ ചന്ദ്രഹാസമിളക്കി വന്നത് അമേരിക്കൻ വ്യാപാര പ്രതിനിധി (USTR) ആയിരുന്നു. അമേരിക്കൻ ഗോതമ്പ് നിരോധിച്ചാൽ, കരിമ്പട്ടികയിൽ പെടുത്തും എന്നായിരുന്നു ഭീഷണി. അമേരിക്കയല്ലേ, ഭീഷണിയല്ലേ? അവഗണിക്കാനാവുമോ? നൈജീരിയൻ സർക്കാർ ഒന്നയഞ്ഞു. തങ്ങളുടെ ഭക്ഷ്യഷ്യധാന്യങ്ങൾ കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി കുറഞ്ഞുവരികയും അവിടെ കാർഗിലിന്റെ സൂര്യകാന്തി നിറഞ്ഞു വരികയും, അതിന്റെ ഫലമായി ജനങ്ങൾ അമേരിക്കൻ ഗോതമ്പ് തിന്നുതുടങ്ങുകയും ചെയ്യുന്നത് നിസ്സഹായരായി നോക്കി നിൽക്കുകയായിരുന്നു നൈജീരിയൻ സർക്കാർ.

സിയാറ്റിലിൽ ലോക വ്യാപാര സംഘടനക്കെതിരെ നടന്ന പ്രക്ഷോഭം (1999 നവംബർ 30)

ഇപ്പോൾ നൈജീരിയക്കാരുടെ ഭക്ഷണ രീതിയിൽ ഗോതമ്പും സ്ഥാനം പിടിച്ചിരിക്കുന്നു. ഒരു ജനതയുടെ ആഹാര രീതിയാണ് ഒരു കമ്പനി മാറ്റി മറിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ‘അടുത്ത നൂറ്റാണ്ടിലേക്കള്ള പദ്ധതി'യാണ് കാർഗിൽ തയാറാക്കുക എന്ന് ഫോർബ്‌സ് സ്തുതിച്ചതും.

കുത്തകകൾ പിടിമുറുക്കുന്നു

ഇത് കാർഗിൽ കമ്പനിയുടെ മാത്രം കഥയല്ല. ഭക്ഷ്യമേഖലയിൽ ഭീമൻ സാന്നിധ്യമായി മാറിയ മൊൺസാന്റോയും അതുപോലുള്ള ഭീമൻകുത്തക കമ്പനികളും അവലംബിച്ചു പോരുന്ന രീതിയാണ്. എഴുപതുകളിൽ, ബഹുരാഷ്ട്ര കുത്തകകൾ ഇത്ര ശക്തമല്ലാത്ത കാലത്തുതന്നെ അവയുടെ നിർദാക്ഷിണ്യ ചൂഷണത്തിനെതിരെ മൂന്നാം ലോകരാജ്യങ്ങൾ ശബ്ദമുയർത്തിപ്പോന്നിരുന്നു. ഒടുക്കമത്, ഐക്യരാഷ്ട്രസഭയുടെ പൊതുഅസംബ്ലിയിലടക്കം പ്രതിഫലിച്ചു. അതിന്റെ ഫലമായി ബഹുരാഷ്ട്ര കമ്പനികൾക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് തീരുമാനിക്കപ്പെട്ടു. ഒരു നവലോക സാമ്പത്തിക ക്രമം (New international economic order) കെട്ടിപ്പടുക്കണമെന്ന പ്രമേയം പാസാക്കപ്പെടുന്നത് അങ്ങനെയാണ്.

പക്ഷേ, 80 കളുടെ മദ്ധ്യത്തോടെ അത് തിരിച്ചിടീക്കാൻ ബഹുരാഷ്ട്ര കുത്തകകൾക്ക് കഴിഞ്ഞു. അന്താരാഷ്ട്ര സ്ഥാപനങ്ങളാകെ സ്വന്തം മേച്ചിൽപ്പുറങ്ങളാക്കിത്തീർക്കാൻ അവർക്കായി. ആഗോള മൂലധനശക്തികളുടെ സ്വാധീനം ബ്രിട്ടീഷ് - അമേരിക്കൻ രാഷ്ട്രീയ സംവിധാനത്തിൽ പിടിമുറുക്കാൻ തുടങ്ങിയതോടെ നിയോലിബറൽ നയങ്ങൾ ശക്തിപ്പെടാൻ തുടങ്ങി. ബ്രിട്ടണിലെ താച്ചറിസവും അമേരിക്കയിലെ റീഗണോമിക്‌സും അരങ്ങു തകർത്തു. കെയ്‌നീഷ്യൻ സിദ്ധാന്തങ്ങൾ പിൻതള്ളപ്പെടുകയും മാർക്കറ്റ് ഫണ്ടമെന്റലിസം ശക്തിപ്പെടുകയും ചെയ്തു. മൂന്നാം ലോകരാജ്യങ്ങളുടെ ശബ്ദം ശോഷിച്ചുവരികയും ബഹുരാഷ്ട്ര കുത്തകകൾക്കിണങ്ങിയ രീതിയിൽ കാര്യങ്ങളാകെ മാറിത്തീരുകയും ചെയ്തു.

കൃഷി കച്ചവടവിഷയം

1986 ൽ നടക്കാനിരിക്കുന്ന ഗാട്ടിന്റെ എട്ടാം റൗണ്ട് ചർച്ചകളിൽ എന്തെല്ലാം വിഷയങ്ങളാണ് പുതുതായി അവതരിപ്പിക്കേണ്ടത് എന്നാലോചിക്കാൻ അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികൾ യു.എസ്.ടി.ആറിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരുന്നത് 1984 ലാണ്.(അതും കഴിഞ്ഞ് ഒമ്പതു വർഷം കഴിഞ്ഞാണ് ഇന്ത്യൻ പാർലമെന്റ് ഗാട്ട് വിഷയം ചർച്ച ചെയ്യുന്നത്. അതും, ഐ.കെ.ഗുജ്‌റാൽ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കാൻ. 1993 ഡിസംബർ 14 ന് പാർലമെന്റ് യോഗം. പിറ്റേന്ന്, 1993 ഡിസംബർ 15ന് ഗാട്ടിന്റെ ഉദ്യോഗസ്ഥ തല ഒപ്പിടൽ കർമം!).

ബൗദ്ധിക സ്വത്തവകാശവും നിക്ഷേപ സൗകര്യങ്ങളുമൊക്കെ ചർച്ചയാക്കണമെന്ന് തീരുമാനിക്കപ്പെട്ടു. അപ്പോഴേക്ക് കാർഷിക മേഖലയും ബൗദ്ധിക സ്വത്തവകാശ മേഖലയുമൊക്കെ വൻ മുതൽമുടക്കുള്ള വമ്പൻ നിക്ഷേപ സാദ്ധ്യതയാണ് തുറന്നുകൊടുത്തത്. സൂക്ഷ്മജീവി പഠന മേഖലയിലും ജനിതക ശാസ്ത്രത്തിലും രൂപപ്പെട്ടു വന്ന പുതിയ കുതിച്ചു ചാട്ടങ്ങളാണ് അതിനു പിന്നിൽ. ബൗദ്ധിക സ്വത്തവകാശ സംബന്ധിയായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ wipo (വേൾഡ് ഇന്റലക്ച്വൽ പ്രോപർട്ടി ഓർഗനൈസേഷൻ) ഉണ്ടെന്നിരിക്കെ, അതെന്തിന് ഗാട്ടിൽ ചർച്ച ചെയ്യപ്പെടണം എന്നായിരുന്നു വി.പി.സിങ്ങിന്റെ ഇന്ത്യ ചോദിച്ച ചോദ്യം.

അതിനെ മറികടക്കാനാണ് അജണ്ടയുടെ തലക്കെട്ട് മാറ്റി ട്രെയ്ഡ്‌റിലേറ്റഡ് ഇന്റലക്ച്വൽ പ്രോപർട്ടിറൈറ്റ്‌സ് (TRIPS) എന്നാക്കിത്തീർക്കുന്നത്. ഗാട്ടിന്റെ ചർച്ചാവേദികൾ അഗ്രിബിസിനസ്സിനും ബഹുരാഷ്ട്ര കുത്തക താൽപര്യത്തിനും ഇണങ്ങിയ രീതിയിലാക്കാൻ കടുത്ത സമ്മർദ്ദമാണ് ലോക രാഷ്ട്രങ്ങൾക്കു മേൽ ഗാട്ട് ഡയരക്ടർ ജനറൽ നടത്തിയത്.

മുൻ തീരുമാനം മാറ്റി, സസ്യങ്ങൾക്കും ജന്തുക്കൾക്കും പാറ്റന്റ് ആവാം എന്ന് യൂറോപ്യൻ പാർലമെന്റിന്റെ ഭൂരിപക്ഷത്തെക്കൊണ്ട് അംഗീകരിപ്പിക്കാൻ കുത്തകകൾക്ക് കഴിഞ്ഞത് ഈ മാറിയ സാഹചര്യത്തിലാണ്.
മൊൺസാന്റോവിനെയും കാർഗിലിനെയും പോലെയുള്ള കമ്പനികളുടെ ആവശ്യം ഗാട്ട് ചർച്ചാവേദിയിൽ അതിശക്തമായി ഉയർത്തപ്പെട്ടു. പൊതുവിതരണ സമ്പ്രദായത്തിനും പൊതു സംഭരണത്തിനും എതിരായ ആക്രമണമാണ് ചർച്ചകളിൽ നടന്നത്. താങ്ങുവിലയും (MSP) സബ്‌സിഡികളും നിർത്തലാക്കണമെന്നായിരുന്നു ആവശ്യം.

എം.എസ്.പി പോലെ തന്നെ എതിർക്കപ്പെട്ട ഒന്നാണ് എ.എം. എസ് (അഗ്രിഗേറ്റ് മെഷർമെന്റ് ഓഫ് സപ്പോർട്ട് ), ‘ആകെ മൊത്തം’ സപ്പോർട്ട് കുറയ്ക്കണമെന്ന്! ഒരു രാജ്യത്തിന്റെ ഭക്ഷ്യാവശ്യത്തിന്റെ മൂന്നു ശതമാനമെങ്കിലും ഇറക്കുമതി ചെയ്യാൻ അംഗരാജ്യങ്ങളെ നിർബന്ധിക്കുന്ന നിലയും വന്നു. മാർക്കറ്റ് ആക്‌സസ് എന്നാണ് പേരു വിളച്ചതെങ്കിലും, ലക്ഷ്യം മൂന്നാം ലോക മാർക്കറ്റുകൾ കീഴടക്കൽ തന്നെ. ചുരുക്കിപ്പറഞ്ഞാൽ വൻകിട കാർഷികക്കുത്തകക്കമ്പനികൾക്ക് വേണ്ടി ഗാട്ട് ചർച്ചകൾ സമൃദ്ധമായി ഉപയോഗപ്പെടുത്തപ്പെട്ടു. അതുവരെയില്ലാത്ത പ്രതിക്രിയക്കുള്ള (retaliation) അധികാരമുള്ള ഒരു സംഘടനയായി (WTO) ഗാട്ട് മാറിത്തീരുകയും ചെയ്തു.

ഒപ്പുവെച്ച അഗ്രിമെന്റ് ഓൺ അഗ്രികൾച്ചർ പ്രകാരം യൂറോപ്പിനും അമേരിക്കക്കും 380 ബില്യൺ ഡോളർ കാർഷിക സബ്‌സിഡി നൽകാനാവും. യൂറോപ്പിൽ ഈ സബ്‌സിഡികൾ ചെന്നെത്തുക ഒരു ശതമാനം മാത്രം വരുന്ന അഗ്രിബിസിനസ്സ് കമ്പനികൾക്കാണ്. സമ്പന്ന രാജ്യങ്ങൾ തങ്ങളുടെ സബ്‌സിഡികളുടെ കള്ളി (column) മാറ്റി വരച്ചുകൊണ്ട് വൻ കൃത്രിമം കാട്ടുന്നതിൽ മിടുക്കം കാണിക്കുകയും ചെയ്തുപോന്നു. ഇതൊക്കെയാണ് ആഗോള മാർക്കറ്റിൽ കാർഷികോൽപ്പന്നങ്ങൾ കൊണ്ടു തള്ളാൻ ആംഗ്ലോ അമേരിക്കൻ കമ്പനികൾക്ക് കഴിയുന്നതിന് കാരണം. ഇതിന്റെ തുടർച്ചയായിവേണം എനാബ്ലിങ്ങ് ബിസിനസ് ഓഫ് അഗ്രികൾച്ചർ എന്ന ലോകബാങ്ക് പദ്ധതിയെ നോക്കിക്കാണാൻ.

പ്രൊഡ്യൂസർ റിട്ടയർമെന്റല്ല, പ്രൊഡ്യൂസർ എക്സ്റ്റിൻഷനാണ്

കൃഷിയെ ബിസിനസ്സിന് പ്രാപ്തമാക്കൽ എന്നാണ് ലോകബാങ്ക് പദ്ധതിയുടെ പേര്- ഈസ് ഓഫ് ഡൂയിങ്ങ്; ബിസിനസ്സിന്റെ ഒരു വകഭേദം തന്നെ. അഗ്രികൾച്ചർ അഗ്രി ബിസിനസ്സാവുന്ന കാലത്ത് അതിനിണങ്ങിയ രീതിയിൽ കാര്യങ്ങൾ മാറ്റിമറിക്കുകതന്നെയാണ് ഉദ്ദേശ്യം.

കൃഷിഭൂമിയുടെ വർദ്ധിതമായ ചരക്കുവൽക്കരണവും കേന്ദ്രീകരണവും തന്നെ ലക്ഷ്യം. വമ്പൻ വ്യാവസായിക ഫാമുകൾ കെട്ടിപ്പടുക്കുന്നതിനിടയിൽ കാട്ടുപുല്ലുകൾ ഞെരിഞ്ഞമരുന്നതുപോലെ ചെറുകിട നാമമാത്ര കർഷകരും ആട്ടിടയ വിഭാഗങ്ങളും ആദിവാസി ഗോത്രസമൂഹങ്ങളും അതിൽ അടിപ്പെട്ടുപോവുക സ്വാഭാവികം. കമ്പോള മൗലികതാവാദത്തിന്റെ കാലത്ത്, കീശയിൽ കാശുള്ളവനാണ് രാശാവ്. അവർക്കേ പറഞ്ഞിട്ടുള്ളൂ ജീവിതം.

ഗാട്ട് ഡയരക്ടർ ജനറലായിരുന്ന ഡങ്കൽ സായ്പ് അന്ന് ചർച്ചാവേളയിൽ അമർത്തിപ്പറഞ്ഞിരുന്ന ഒരു കാര്യമായിരുന്നു പ്രൊഡ്യൂസർ റിട്ടയർമെന്റ് പ്രോഗ്രാം. എന്നുവെച്ചാൽ, വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ തൊഴിലാളികൾക്ക് എക്‌സിറ്റ് പോളിസി ഏർപ്പെടുത്തും പോലെ, കൃഷി അഭിവൃദ്ധിപ്പെടുത്താൻ ചെറുകിട നാമമാത്ര കർഷകർക്കുള്ള പിരിഞ്ഞുപോകൽ പദ്ധതി. ഇ.ബി.എ (എനാബ്ലിങ്ങ് ദ ബിസിനസ് ഓഫ് അഗ്രികൾച്ചർ) നടപ്പാവുന്നതോടെ പ്രൊഡ്യൂസർ റിട്ടയർമെന്റ് അല്ല, പ്രൊഡ്യൂസർ എക്സ്റ്റിൻക്ഷൻ ആണ് സംഭവിക്കുക എന്നുമാത്രം.

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ ഭക്ഷ്യപ്രതിസന്ധി വൻകിട ഭൂവേട്ടക്കുള്ള അവസരമായി മാറുകയായിരുന്നു. മെക്കന്നാസ് ഗോൾഡിലെ സ്വർണവേട്ട പോലെ, ആഫ്രിക്കൻ വൻകരയിലും ഇതര മേഖലകളിലുമൊക്കെ ഭൂമി വാങ്ങിക്കൂട്ടാനുള്ള നെട്ടോട്ടമായിരുന്നു.
2009ൽ മാത്രം 56 ദശലക്ഷം ഹെക്ടർ (14 കോടി ഏക്കറോളം) കൃഷിഭൂമിയാണ് ഇങ്ങനെ ഒന്നിച്ച് കച്ചവടം ചെയ്യപ്പെട്ടത്. അതിൽ മുക്കാൽ പങ്കും ആഫ്രിക്കയിലായിരുന്നു. ഇതാകട്ടെ, ഭൂമിക്കുമേൽ വലിയ തോതിലുള്ള സമ്മർദ്ദത്തിന് വഴിവെച്ചു.

ജനിതക വൈവിധ്യനഷ്ടത്തിനും വനനശീകരണത്തിനും അമിത ചൂഷണത്തിനും ഇടയാക്കി പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ആദിവാസി ഗോത്രസമൂഹങ്ങളും ആട്ടിടയ വിഭാഗങ്ങളും നാമമാത്ര കർഷകരുമായ സാധാരണ മനുഷ്യർ പലേടങ്ങളിലും ചെറുത്തുനിന്നു. അത്തരം എതിർപ്പ് മറികടക്കാനും കാർഷിക മേഖലയിലെ ‘സ്വതന്ത്രവ്യാപാരം ' ഉറപ്പാക്കാനുമുള്ള നിർദേശങ്ങൾ അംഗരാജ്യങ്ങൾക്ക് സമർപ്പിക്കാൻ ലോകബാങ്കിൽ സമ്മർദ്ദമേറി വന്നു. ഭൂരേഖകളില്ലാത്ത പൊതു ഇടങ്ങളും മേച്ചിൽപ്പുറങ്ങളുമൊക്കെ സാർവത്രികമായുള്ള ആഫ്രിക്കൻ വൻകരയിൽ ഭൂമിയുടെ രേഖകളുടെ കൃത്യതയില്ലായ്കയെപ്പറ്റിയുള്ള പെട്ടിപ്പാട്ടുകൾ കൊട്ടിപ്പാടാൻ ലോകബാങ്കിനൊപ്പം അമേരിക്കയും ബ്രിട്ടനും മാത്രമല്ല, ബിൽ ആന്റ് മെലിന്ദാ ഗെയ്റ്റ് സ് ഫൗണ്ടേഷനും ഒന്നിച്ചുനിന്നു.

അതേത്തുടർന്നാണ്, ഭക്ഷ്യ സുരക്ഷക്കും പോഷകാഹാരത്തിനും വേണ്ടിയുള്ള നവസഖ്യം (New alliance for food security and nultrition) രൂപം കൊള്ളുന്നതും വികസിത- സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ G 8, ഇ.ബി.എക്ക് രൂപം കൊടുക്കുന്നതും. 2013ലാണ് പദ്ധതി ഔദ്യോഗികമായി നടപ്പിലാക്കപ്പെടുന്നത്.
ബിൽ ആന്റ് മെലിന്ദാ ഗെയ്റ്റ്‌സ് ഫൗണ്ടേഷനും ബ്രിട്ടീഷ്, അമേരിക്കൻ, ഡാനിഷ്, ഡച്ച് ഗവൺമെന്റുകളുമായിരുന്നു അതിനുപിന്നിൽ.

ഞങ്ങളുടെ ഭൂമി, ഞങ്ങളുടെ ബിസിനസ്സ്

‘നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും രാജ്യങ്ങളുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി കൃഷിയെ ബിസിനസ്സിന് പ്രാപ്തമാക്കുന്നതിനും പറ്റിയ നയങ്ങൾ രൂപവൽക്കരിക്കുന്നതിനും രാഷ്ട്രങ്ങളെ സഹായിക്കുക'യാണ് പ്രഖ്യാപിത ലക്ഷ്യം. രാഷ്ട്രങ്ങൾ കൃഷിയെ ബിസിനസിന് എത്രമാത്രം പ്രാപ്തമാക്കുന്നു എന്നത് കണക്കാക്കാനുള്ള ഒരു സൂചികയും ലോകബാങ്കിന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്നുണ്ട്.

കാർഷിക മേഖലയിൽ ബിസിനസ് അനുകൂല നയങ്ങൾ നടപ്പാക്കുന്നതിലുള്ള വിജയത്തിന്റെ സൂചികയാണത്. മൂലധനാനുകൂലമായി വലിയ തിരിച്ചിടലാണ് ഇതേത്തുടർന്ന് പലേടങ്ങളിലും നടന്നത്. ഇതിനെതിരെ 2014ൽത്തന്നെ രൂപപ്പെട്ട ഭൂഖണ്ഡാന്തര പ്രചാരണ വേദിയാണ് ‘ഞങ്ങളുടെ ഭൂമി, ഞങ്ങളുടെ ബിസിനസ്സ്' (our land, our business).

ചെറുകിട നാമമാത്ര കർഷകരും ട്രേഡ് യൂണിയനുകളും പൗരസമൂഹ സംഘടനകളും ചേർന്ന 280 അംഗ സഖ്യവേദി. ഒന്നിച്ചു നിന്നാൽ ഒന്നിച്ച് നേടാം എന്ന് ആ സഖ്യം തെളിയിച്ചു. ഡച്ച്, ഡാനിഷ് സർക്കാറുകൾ ഇ.ബി.എക്ക് നൽകുന്ന ധനസഹായം നിർത്തിവെപ്പിക്കാൻ അവർക്കുകഴിഞ്ഞു. പക്ഷേ ഇ.ബി.എ സ്‌കോർ ഉയന്നാൽ മാത്രമേ കാർഷിക മേഖലയിലേക്ക് മുതൽമുടക്കുന്ന വമ്പൻ കമ്പനികളെ ആകർഷിക്കാനാവൂ എന്ന് വന്നപ്പോൾ, ഇ.ബി.എ റാങ്കിങ്ങിൽ മേലോട്ട് കുതിച്ചെത്താനായി പല രാജ്യങ്ങളുടെയും ശ്രമം.

സ്വാഭാവികമായും അഗ്രി ബിസിനസിന്റെ വമ്പൻ സ്വപ്നങ്ങൾ പൂവണിയും വിധം ലോകത്താകെ നയങ്ങൾ തിരുത്തപ്പെട്ടു, നിയമങ്ങൾ മാറ്റിയെഴുതപ്പെട്ടു.
ലോകബാങ്ക് പുറത്തിറക്കിയ 2019 ലെ ‘എനാബ്ലിങ്ങ് ദ ബിസിനസ് ഓഫ് ആഗ്രികൾച്ചർ’ ഫ്രാൻസിനെയും ക്രൊയേഷ്യയെയും ചെക്ക് റിപബ്ലിക്കിനെയും സ്തുതിക്കുന്നുണ്ട്. അവരാണ് ഏറ്റവും മേലേത്തട്ടിൽ . ഫ്രാൻസിന് 93.7 മാർക്ക്, ക്രൊയേഷ്യക്ക് 92.68, ചെക് റിപബ്ലിക് തൊട്ടുതാഴെയും. ഇന്ത്യയും ഒട്ടും മോശമല്ല- 62.23 ആണ് മാർക്ക്. അതിനിയും മേൽപോട്ട് കയറ്റാനാണ് നീക്കം. സ്‌കോർ മേൽപ്പോട്ട് കയറുന്നതനുസരിച്ച്, ചെറുകിട- നാമമാത്ര കർഷകരുടെ ജീവിതം താഴോട്ട് തന്നെ പതിക്കും എന്നുമാത്രം.

മൊൺസാന്റോയും കാർഗിലും അരങ്ങുവാഴും. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഫ്രാൻസിലാണ് സ്വന്തം വിത്തുപയോഗിച്ച് കൃഷി നടത്തിയ കർഷകനെ മൊൺസാന്റോ ജയിലിലടച്ചത്. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശം ലംഘിച്ച് കർഷകൻ കമ്പനി വിത്ത് മോഷ്ടിക്കുകയായിരുന്നു എന്നാണ് കമ്പനി വാദിച്ചത്.

കാനഡയിലെ ബ്രൂണോവിൽ ദശകങ്ങളായി കൃഷി ചെയ്തുപോരുന്ന ഷ്മീസർ എന്ന വയോധിക കർഷകനെ കേസിൽ കുടുക്കിയത്, മൊൺസാന്റോവിന്റെ തന്നെ റൗണ്ടപ് റെഡി മോഷ്ടിച്ചുവെന്ന് പറഞ്ഞാണ്. 1996 ൽ മാത്രമാണ് മൊൺസാന്റോ പുതിയ ഇനം വിത്ത് മാർക്കറ്റിലിറക്കിയത്, അതിനും മൂന്ന് വർഷം മുമ്പാണ് താൻ പുറത്തു നിന്ന് വിത്ത് വാങ്ങിയത് എന്ന ന്യായമൊന്നും കോടതിയിൽ ചെലവായില്ല. അത്രക്ക് ശക്തരാണ് കാർഷിക മേഖലയിലെ ആഗോളക്കുത്തകകൾ എന്നർത്ഥം.

കമ്പനിക്ക് ചോർന്നുകിട്ടിയ ബിൽ

ഇന്ത്യൻ കാർഷിക മേഖല കമ്പോളത്തിനിണങ്ങിയ രീതിയിൽ പരിഷ്‌കരിക്കാൻ കച്ചകെട്ടിയിറങ്ങിയ മോദി സർക്കാർ തങ്ങളുടെ സമീപനം നേരത്തെ വ്യക്തമാക്കിയതാണ്. കോൺഗ്രസ്സാവട്ടെ, ഇതേ പരിഷ്‌കാരങ്ങൾ ഇതിലും ശക്തമായും ഭംഗിയായും തങ്ങൾ നടപ്പാക്കും എന്ന് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ വഴി തൽപരകക്ഷികളെ അറിയിച്ചതാണ്. ‘അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി നിയമം റദ്ദാക്കുകയും കാർഷികോൽപ്പന വ്യാപാരത്തിലുള്ള- അന്തർ സംസ്ഥാനമായാലും, കയറ്റുമതിയായാലും- എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ് അത് സ്വതന്ത്രമാക്കുകയും ചെയ്യും' എന്നാണ് പ്രകടനപത്രിക തെളിച്ച് പറഞ്ഞത്.

കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് സ്വാമിനാഥൻ കമ്മിറ്റി പറഞ്ഞ ആദായവില ഉറപ്പാക്കുമെന്ന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഒരു ഭംഗിക്ക് പറഞ്ഞുവെച്ചു എന്നുമാത്രം. പഴയ 15 ലക്ഷത്തിന്റെ വാഗ്ദാനത്തെപ്പോലെ അത് വെറും ഒരു തെരഞ്ഞെടുപ്പ് ജൂംല മാത്രമല്ലേ എന്ന് ചോദിക്കുന്നതിൽ ഭരണനേതൃത്വത്തിന് ഒട്ടും മനസ്സാക്ഷിക്കുത്തില്ല. നയങ്ങൾ എന്തെന്നറിയാവുന്ന കുത്തക ക്കമ്പനികൾക്ക് കാര്യങ്ങൾ ഇങ്ങനെത്തന്നെയാണ് വരാൻ പോകുന്നത് എന്ന് നേരത്തെ അറിയാമായിരുന്നു എന്ന് ചുരുക്കം.

ജക്കാർത്തയിൽ ഭൂമിയിലുള്ള അവകാശത്തിനുവേണ്ടി നടന്ന കർഷക പ്ര​ക്ഷോഭം

അതുകൊണ്ടാണ് സെപ്റ്റംബർ 14ന് ലോക്‌സഭയിൽ അവതരിപ്പിക്കപ്പെടുന്ന ബില്ലിന്റെ ഉള്ളടക്കം സെപ്റ്റംബർ 4ന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഇന്ത്യാ ടുബാകോ കമ്പനി ചെയർമാൻ മുൻകൂട്ടി പ്രവചിച്ചത്. സ്വകാര്യ മേഖലയിൽ ഗോതമ്പ് സംഭരണത്തിൽ ഒന്നാമനായി മാറിയ ആ കമ്പനി 22 സംസ്ഥാനങ്ങളിലെ 225 ജില്ലകളിൽ നിന്ന് 30 ലക്ഷം ടൺ കാർഷികോൽപ്പന്നങ്ങളാണ് വാങ്ങിക്കൂട്ടുന്നത്.

‘കാർഷിക മേഖലയിൽ തങ്ങളുടെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിന് വേണ്ട സമീകരണങ്ങൾ വരുത്താൻ നമ്മുടെ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. രൂപമാറ്റം വന്നുകൊണ്ടിരിക്കുന്ന കാർഷിക പരിഷ്‌കാരങ്ങൾ നമുക്ക് പുതിയ അവസരങ്ങളാണ് തുറന്നു തരിക.' (Your Company is well poised to expand its horizons in the agricultural sector. The transformative agri-reforms will alos open up new opportunities.) എന്ന് കമ്പനി ചെയർമാൻ കാര്യങ്ങൾ കൃത്യമായി പ്രവചിച്ചു. നടപ്പാക്കാനിരിക്കുന്ന പരിഷ്‌കാരങ്ങൾ ഐ.ടി.സിയെപ്പോലുള്ള കമ്പനികൾക്ക് പുതിയ അവസരം തുറന്നുകൊടുക്കുന്നതോടെ, ലക്ഷക്കണക്കിന് കർഷകരുടെ മരണമണി കൂടിയാണ് മുഴക്കുന്നത്. ഈ സാഹചര്യത്തിൽ വെച്ചു വേണം പാർലമെന്റ് പാസ്സാക്കിയ കാർഷിക നിയമങ്ങളെ വിലയിരുത്താൻ.

ഭരണഘടനയും പാർലമെന്റും നോക്കുകുത്തിയായാൽ

മൂന്നു നിയമങ്ങളാണ് സെപ്റ്റംബർ 20ന് രാജ്യസഭയിൽ ചുട്ടെടുത്തത്. ഭരണഘടനാതത്വങ്ങളും പാർലമെന്ററി ചട്ടവട്ടങ്ങളും കാറ്റിൽ പറത്തിയാണ് നിയമവിരുദ്ധമായി ധൃതിപ്പെട്ട് ഒച്ചവോട്ടിങ്ങിൽ പാസാക്കിയെടുത്തത്. ഒന്നാമത്തെ കാര്യം, കൃഷിയും കച്ചവടവും സംസ്ഥാന വിഷയമായിരിക്കെ, ഏകപക്ഷീയമായി അവയുടെ ഭരണഘടനാപരമായ അവകാശങ്ങൾ കേന്ദ്രം തട്ടിപ്പറിച്ചെടുക്കുകയാണ് എന്നതാണ്. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത ഭരണമുന്നണിയിൽ നിന്ന് ഒരു സഖ്യകക്ഷി കലഹിച്ചുപിരിയുകയും മറ്റു ചില കക്ഷികൾ നിർദ്ദിഷ്ടബില്ലുകളിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ പരുങ്ങലിലായിരുന്ന സർക്കാറിനെ രക്ഷിക്കാനാണ് ഡെപ്യൂട്ടി ചെയർമാൻ പാർലമെന്റ് ചട്ടങ്ങൾ കാറ്റിൽ പറത്തിയത്.

പാർലമെന്റംഗങ്ങളിൽ ഒരാൾ ആവശ്യപ്പെട്ടാൽ പോലും ബില്ല് വോട്ടിനിടണം എന്നിരിക്കെ, അതിന് ധൈര്യമില്ലാത്തതുകൊണ്ട് ഭരണമുന്നണിക്ക് ഒച്ചവെച്ച് ജയിക്കാൻ അവസരമൊരുക്കുകയായിരുന്നു സ്പീക്കർ. ബിൽ വായിച്ചു നോക്കാൻ പോലും നേരം കിട്ടാത്തതുകൊണ്ട് സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന നിർദ്ദേശവും ജനാധിപത്യവിരുദ്ധമായി നിരാകരിച്ചത് ഐ.ടി.സിയും അദാനിയും പോലുള്ള കുത്തക ക്കമ്പനികളുടെ ആവശ്യം പെട്ടെന്ന് നടപ്പാക്കിയെടുക്കാൻ വേണ്ടിയാണ്. ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികളിൽ പ്രതിഷേധിച്ച ഇടതുപക്ഷ എം.പിമാരെ ധിക്കാരപൂർവ്വം പുറത്താക്കി, പാർലമെന്ററി സംവിധാനത്തെത്തന്നെ കളങ്കപ്പെടുത്തിയും കുത്തകകൾക്ക് വേണ്ട ഒത്താശപ്പണി ചെയ്യുകയാണ് തങ്ങളുടെ ഏക ധർമം എന്ന് തെളിയിക്കുകയായിരുന്നു ഭരണസഖ്യം.

മണ്ഡി വേണ്ട, സ്വാതന്ത്ര്യം മതി, പ്രോത്സാഹനവും!

കാർഷികോൽപ്പന്ന വിൽപ്പനയും വാണിജ്യവും (പ്രോത്സാഹനവും സുഗമമാക്കലും- Farming produce Trade & Commerce (Promotion & facilitation) ആണ് ബില്ലുകളിൽ ആദ്യത്തേത്. അന്തർ സംസ്ഥാന വ്യാപാരവും സംസ്ഥാനങ്ങൾക്കകത്തെ കച്ചടവും ഒരേപോലെ കേന്ദ്രത്തിൻ കീഴിലാക്കുകയാണ് ഈ ബില്ല് വഴി. കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും അവർക്ക് പെട്ടെന്ന് ഉൽപ്പന്ന വില ലഭ്യമാക്കുന്നതിനും സംസ്ഥാനങ്ങൾ പാസ്സാക്കിയ നിയമങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്ങ് കമ്മിറ്റികളുടെ നിയന്ത്രണത്തിലുള്ള മണ്ഡികൾക്ക് ചരമഗീതം ചമയ്ക്കുകയാണ് ബിൽ.

എവിടെക്കൊണ്ടു ചെന്നും വിൽക്കാനുള്ള പരമ സ്വാതന്ത്ര്യമാണ് കർഷകർക്ക് ഇതുവഴി പതിച്ചുകിട്ടുന്നത് എന്നാണ് പ്രചാരണം. നേരാണ്, മണ്ഡിക്ക് പുറത്തും കച്ചവടമാകാം. ആർക്ക് വേണമെങ്കിലും വന്ന് കർഷകനെ ‘സഹായിക്കാം'. ഏത് വമ്പൻ മുതലാളിക്കും, കുത്തക കമ്പനിക്കും. മണ്ഡിയിൽ കൊടുക്കുന്നതിലും വില കൂട്ടിക്കൊടുക്കാം, അങ്ങനെയവസാനം മണ്ഡി തന്നെ പൂട്ടും എന്നുറപ്പായാൽ പിന്നെ നേർപാതി വിലയേ തരൂ എന്നും പറയാം. ഒറ്റ നിബന്ധന മാത്രം. പാൻ കാർഡ് വേണം. വ്യക്തിയാവാം, കമ്പനിയാവാം, സഹകരണ സ്ഥാപനമാവാം.

ഭക്ഷ്യ മാർക്കറ്റുകൾ ലക്ഷ്യം വെച്ച് നെട്ടോട്ടമോടുന്ന ഐ.ടി.സിയും അദാനിയെയും കാർഗിലിനെയും മൊൺസാന്റോയെയും പോലുള്ള കമ്പനികളും തൽക്കാലം മെച്ചപ്പെട്ട വില കൊടുത്ത് കർഷകരെ തങ്ങളുടെ വലയിലാക്കി മണ്ഡികളെത്തന്നെ തകർക്കാൻ കെൽപ്പുള്ളവരാണ്. മാത്രവുമല്ല, മണ്ഡിയിൽ, നടത്തിപ്പുകാരായ കമ്മിറ്റിക്കാർക്ക് ചെറിയ സംഖ്യ കമീഷൻ കൊടുക്കേണ്ടതുണ്ട്. ആദ്യമാദ്യം അതൊഴിവാക്കിക്കിട്ടുന്നത് കർഷകർക്ക് സൗകര്യമായി തോന്നും. ലേലം നടത്തിയാണ് മണ്ഡിയിൽ വില ഉറപ്പിക്കുക. ഉൽപ്പന്ന വില കൃത്യസമയത്ത് വാങ്ങിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം മാർക്കറ്റിങ്ങ് കമ്മിറ്റിയുടെതാണ്. താങ്ങുവിലക്ക് മേലെയായിരിക്കും ലേലം ഉറപ്പിക്കുക എന്നു പറയേണ്ടതില്ലല്ലോ.

അങ്ങനെ വരുമ്പോൾ സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില ഉറപ്പാക്കുന്ന ചുമതല കൂടി ഈ മാർക്കറ്റിങ്ങ് കമ്മിറ്റികളുടെതാണ്. അതിനൊക്കെയുമായി കൊടുക്കുന്നതാണ് മണ്ഡിയിലെ കമീഷൻ. ആ കമീഷനുമില്ല, മണ്ഡിയുമില്ല എന്നായാൽ ലേലവുമില്ല, താങ്ങുവിലയുമില്ല. ഉൽപ്പന്നങ്ങൾ വാങ്ങുന്ന കമ്പനികൾ പറയുന്ന വിലക്ക് വിറ്റ് കാശ് കിട്ടുന്നതും കാത്തിരിക്കാം കർഷകർക്ക്. അതിലൊന്നും സംസ്ഥാന ഗവൺമെന്റുകൾ ഇടപെടാൻ പാടില്ല. യാതൊരു നികുതിയും അവിടെ നിന്ന് പിരിച്ചെടുക്കരുത് എന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.

ഉൽപ്പന്ന വില എപ്പോൾ നൽകണമെന്ന് പറയാനും അത് വാങ്ങിച്ചെടുക്കാനും സംവിധാനങ്ങൾ ഇല്ലാതായാൽ പിന്നെ കമ്പനികൾക്ക് വെച്ചനില തന്നെ! ‘സ്വാതന്ത്ര്യത്തിന് ' കർഷകർ നൽകേണ്ടി വരുന്ന ഒരു വില നോക്കണേ! നടുനിലക്കാർക്ക് കൊടുക്കേണ്ടി വരുന്ന കമീഷൻ ഒഴിവാക്കിക്കിട്ടുമെന്നും പറഞ്ഞ് കർഷകരെ തള്ളിവിടുന്നത് കർഷക വിരുദ്ധ നടപടികൾക്ക് വിശ്വവിഖ്യാതി നേടിയ കൂറ്റൻ കമ്പനികളുടെ പെരും വായകളിലേക്ക്!
കർഷകർ ‘സ്വതന്ത്രരാ 'വുന്നതോടെ താങ്ങുവിലയുടെ വലയിൽ നിന്നുകൂടി അവരും കമ്പനികളും ഒരേ പോലെ സ്വതന്ത്രരാവും. വില മാർക്കറ്റ് നിശ്ചയിക്കും. അവിടെ സർക്കാരിടപെടലിന് എന്ത് സ്ഥാനം! കച്ചവടം പൊടിപൊടിക്കുന്നതനുസരിച്ച് താങ്ങുവില എന്ന എടങ്ങേറ് എന്നെന്നേക്കുമായി ഒഴിഞ്ഞുകിട്ടുകയും ചെയ്യും. അപ്പോൾ പിന്നെ ആഹ്ലാദിക്കാതിരിക്കാൻ പറ്റുമോ? അതിന്റെ അർമ്മാദമാണ് അഗ്രി ഫുഡ്‌ചേംബർ ഓഫ് കോമേഴ്‌സുകളുടെ ആഹ്ലാദാരവത്തിന് പിറകിൽ. അവരത് പച്ചക്ക് പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ മനസ്സിലായല്ലോ, കർഷക പ്രോത്സാഹനത്തിന്റെയും വ്യാപാര സ്വാതന്ത്ര്യത്തിന്റെയും ഗുട്ടൻസ്.

കർഷകരുടെ ശാക്തീകരണവും വില ഉറപ്പാക്കൽ കരാറും

കേൾക്കാൻ എന്തിമ്പം! നിയമത്തിന്റെ പേര് തന്നെ വഞ്ചനാത്മകമാണ്. കർഷകന് വിലപേശാനും ലേലം ചെയ്ത് വില നിശ്ചയിക്കാനുമുള്ള സംവിധാനങ്ങൾ തകർത്തെറിയുന്നതിനുള്ള ബില്ലിനോടൊപ്പം പാസ്സാക്കുന്ന മറ്റൊരു നിയമമാണ് ‘വില ഉറപ്പിനും കാർഷിക സേവനങ്ങൾക്കുമുള്ള കർഷക ശാക്തീകരണ, സംരക്ഷണ ബിൽ 2020' (Farmers empowernment & protection agreement on price assurance & Farm Services bill). ഒരു സംരക്ഷണവുമില്ല, ഒരു വില ഉറപ്പാക്കലുമില്ല പക്ഷേ പേര് അങ്ങനെയാണ്. കരാർ കൃഷിക്കുള്ള നിലമൊരുക്കുകയാണ് രണ്ടാമത്തെ ബില്ലിന്റെ ലക്ഷ്യം.

മുൻകൂട്ടി ഉറപ്പിച്ച ഒരു വില നിശ്ചയിച്ച് വമ്പൻ കമ്പനികളുമായി കരാറിലേർപ്പെട്ട് കൃഷി നടത്താൻ കർഷകർക്ക് അവസരമൊരുക്കുന്നു എന്നാണ് പറയുക. അഗ്രിബിസിനസ്സ് കമ്പനിയാവാം, ഭക്ഷ്യ സംസ്‌കരണക്കമ്പനിയാവാം, മൊത്തക്കച്ചവടക്കാരോ കയറ്റുമതിക്കാരോ ആവാം. അവരുമായി കരാർ കൃഷിയിൽ ഏർപ്പെടാനുള്ള ഏർപ്പാടാണ് ഈ നിയമമെന്നാണ് പറച്ചിൽ. മേത്തരം വിത്തും വളവും സാമഗ്രികളുമൊക്കെ കമ്പനികൾ ഒരുക്കിത്തരും. കർഷകർ നടുവൊടിഞ് പണിഞ്ഞാൽ മതിയത്രെ! ആധുനിക സാങ്കേതിക വിദ്യ പ്രരയോജനപ്പെടുത്തുന്നതോടെ, കർഷകരുടെ വരുമാനം വർദ്ധിക്കുമത്രെ!

കർണാടകയിലും നൈജീരിയയിലും കേരളത്തിലുമൊക്കെ കാർഗിലും കാഡ്ബറിയുമൊക്കെ അത്യുൽപാദന ശേഷിയുള്ള വിത്തും വളവും ജലസേചന സൗകര്യവും ഒരുക്കിത്തന്നതിന്റെ മധുര സ്മരണകളുടെ കയ്പ് ഇനിയും മാറാത്ത കർഷകരോടാണ് ഇത്തരം കരാർ കൃഷി കർഷകശാക്തീകരണത്തിനാണ് എന്ന് പൊള്ള വാക്കുകൾ പറയുന്നത്. മാത്രവുമല്ല, കർഷകരെ വലിച്ചെറിയുക കമ്പാേളത്തിന്റെ ചതിയൻ നിയമങ്ങളിലേക്കാണ്, കുത്തക ക്കമ്പനികളുടെ കഴുത്തറുപ്പൻ വ്യാപാര രീതികളിലേക്കാണ്.

ദോഷം പറയരുതല്ലോ, സർക്കാറിന് ഒട്ടും കരുതൽ ഇല്ലെന്ന് തീർത്തു പറയാനാവില്ല. ഇത്തരം കരാറുകളിൽകച്ച തർക്കം വരാം എന്ന് ബിൽ മുൻകൂട്ടിക്കാണുന്നുണ്ട്, അതിന് ചില സംവിധാനങ്ങളും ഉണ്ടാക്കുന്നുണ്ട്. തർക്ക പരിഹാര സംവിധാനം. അതിന്റെ ചുമതല ഒരു സബ്ഡിവിഷണൽ മജിസ്‌ട്രേറ്റിന് ! ലോവർ ഡിവിഷൻ ക്ലാർക്കിനാക്കാഞ്ഞത് കർഷകരോടുള്ള കരുതൽ കൊണ്ടുതന്നെയാണെന്ന് വിശ്വസിക്കുന്നതല്ലേ നല്ലത്?

ഒന്നാലോചിച്ചു നോക്കൂ. പെപ്‌സിക്കമ്പനി തങ്ങളുടെ പാറ്റന്റവകാശം ലംഘിച്ചുവെന്നും പറഞ്ഞ് കൊടുത്ത കേസിൽ കുടുക്കിയ കർഷകൻ, തക്കാളിക്ക് പകരം ഉരുളക്കിഴങ്ങ് കൃഷിയിലേക്ക് മാറിയ സന്തോഷത്തിൽ മണ്ഡിയില്ലാക്കാലത്തെ പുതിയ കരാർ കൃഷി നടത്തിത്തുടങ്ങിയാലുള്ള കഥ! വിളഞ്ഞ ഉൽപ്പന്നത്തിന് കുത്തകക്കമ്പനി കാശ് കൊടുത്തില്ലെങ്കിൽ, പരാതി നൽകിയാൽ സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് കൺസീലിയേഷന് വിളിക്കും. എന്നിട്ടും തീർന്നില്ലെങ്കിലോ? അതിനുമുണ്ട് വ്യവസ്ഥ. ജില്ലാ മജിസ്‌ട്രേറ്റിന് അപ്പീൽ സമർപ്പിക്കാം. പാർലമെന്റുകളെയും ഭരണനേതൃത്യങ്ങളെയും അപ്പടി വിലക്കെടുക്കാൻ പ്രാപ്തിയുള്ള വൻകിട കുത്തകക്കമ്പനികളോട് ഒരു കലക്ടർ കണക്ക് പറഞ്ഞ് വാങ്ങിച്ചു കൊടുക്കും എന്ന്! നടന്നതുതന്നെ. ഇങ്ങനെയൊരു തർക്കപരിഹാരമല്ലാതെ, മറ്റു കോടതി നടപടികളെപ്പറ്റി മൗനമാണ് ബിൽ. അർത്ഥം വ്യക്തം.

ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ് മൂന്നാമത്തെ ബില്ല്. 1955 ലെ അവശ്യവസ്തു നിയമം. ഏതെങ്കിലും വസ്തുക്കൾ അനാവശ്യമായതുകൊണ്ടല്ല, കുത്തകകൾക്ക് ഇങ്ങനെയൊരു ബില്ല് ആവശ്യമായതുകൊണ്ടാണ് ഇതിത്ര പെട്ടെന്ന് ചുട്ടെടുത്തത്!

അവശ്യവസ്തുനിയമഭേദഗതി അവശ്യം ആവശ്യം ആർക്ക്?

അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ധാന്യങ്ങൾ, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യ എണ്ണകൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ ഒഴിവാക്കിയിരിക്കുകയാണ്. 1955 ലെ അവശ്യവസ്തുനിയമം (essential commodities act) ഭേദഗതി ചെയ്തതോടെ വൻകിട വ്യാപാരികൾക്കും അഗ്രിബിസിനസുകാർക്കും വൻതോതിൽ പൂഴ്ത്തിവെപ്പിന് അവസരമാണ് ഒരുങ്ങിക്കിട്ടിയത്. കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനുമെതിരെയുള്ള ഒരായുധമായിരുന്നു അവശ്യവസ്തു നിയമം. അതിന്റെ മൂർച്ചയുള്ള വായ്ത്തലയാണ് ചുരുട്ടി മടക്കി രാകി മിനുക്കിയത്. അതോടെ വൻകിട കുത്തകക്കമ്പനികൾക്ക് എത്ര വേണമെങ്കിലും സ്റ്റോക്ക് വെക്കാം. കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടി വിറ്റ് ലാഭമൂറ്റാം. സർക്കാറിന് നോക്കിനിന്ന് വെള്ളമിറക്കാം. വിലകൾ കുത്തനെ കയറി ഇരട്ടിയായാൽ മാത്രമേ സർക്കാറിന് ഇടപെടാനാവൂ., അതിനുതന്നെയും വ്യവസ്ഥകൾ വേറെയുണ്ട്. ക്ഷാമമോ യുദ്ധമോ ഇപ്പറഞ്ഞ അമിതവില വർദ്ധനവോ പ്രകൃതിദുരന്തമോ ഉണ്ടായാൽ അത്തരം ഭക്ഷ്യഷ്യവസ്തുക്കൾ നിയന്ത്രിക്കാൻ വകുപ്പുണ്ടെന്നാണ് ബി.ജെ.പി സർക്കാർ അവകാശപ്പെടുന്നത്. പക്ഷേ നിയമം പറയുന്നത്, വാല്യൂ ചെയിൻ പങ്കാളികളുടെ സ്ഥാപിതശേഷിയും കയറ്റുമതിക്കാരുടെ കയറ്റുമതി ഡിമാന്റും സ്റ്റോക്ക് കണക്കാക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ്. ‘such order of regulating stock limit Shall not apply to a processor or a value chain participant of any ag produce if the stock limit of Such person does not exceed the ceiling or the demand for export in case of exporter' എന്ന് വൃത്തിയിൽ പറഞ്ഞു വെക്കുന്നുണ്ട്.

എന്നുവെച്ചാൽ കുത്തക കമ്പനികളുടെ ഗോഡൗണിൽ എത്ര തന്നെ സ്റ്റോക്കുണ്ടെങ്കിലും, കയറ്റുമതി ഓർഡർ കാട്ടിയാൽ മതി, ക്ഷാമകാലത്തുപോലും സർക്കാറിന് ഇടപെടാനാവില്ല, അതിൽ കൈവെക്കാനാവില്ല. ഇതു വഴി പഴയ അവശ്യവസ്തു നിയമത്തിലെ വകുപ്പുകൾ അപ്പടി റദ്ദാക്കപ്പെടുകയാണ്. രംഗം പൂർണമായും അഗ്രിബിസിനസുകാർക്ക് അനിയന്ത്രിതമായി ഏൽപ്പിച്ചു കൊടുക്കുകയാവും ഫലം. അതോടെ കൃത്രിമക്ഷാമവും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വമ്പിച്ച വില വർദ്ധനയും ഉറപ്പാകും. കർഷകരെ മാത്രമല്ല, സാധാരണ മനുഷ്യരെയാകെ ബാധിക്കുന്ന ഒന്നാണ് ഈ നിയമ ഭേദഗതികൾ എന്നർത്ഥം.

ശീതസംഭരണികളുടെയും സ്റ്റോറേജ് സംവിധാനത്തിന്റെയും കാർഷിക മേഖലയിലെ പശ്ചാത്തല സൗകര്യങ്ങളുടെയും കാര്യത്തിൽ നിക്ഷേപങ്ങൾ ആകർഷിക്കാനാണ് അവശ്യവസ്തുനിയമ ഭേദഗതി എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഈ മേഖലകളിൽ 100 ശതമാനം വിദേശ പ്രത്യക്ഷ നിക്ഷേപം നടപ്പാക്കാനുള്ള സർക്കാർ ശ്രമത്തെ ഇതോട് കൂട്ടി വായിക്കുക.

നിങ്ങളങ്ങനെ, ഞങ്ങളിങ്ങനെ

കാർഷിക മേഖലയാകെ കോർപറേറ്റുകൾക്കും അഗ്രിബിസിനസ്സുകാർക്കും പതിച്ചു കൊടുക്കുന്നതിന് തീരുമാനിച്ചുറച്ച കേന്ദ്ര സർക്കാറിൽ നിന്ന് ഇതല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാൻ? പക്ഷേ ഇതിനെതിരെ രാജ്യത്ത് ഉയർന്നു വരുന്ന പ്രക്ഷോഭങ്ങൾ ഭരണമുന്നണിയിൽത്തന്നെ വിള്ളലുകളുണ്ടാക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. 250 കർഷക സംഘടനകൾ ഒന്നിച്ച് ചേർന്ന് ഐക്യപ്രക്ഷോഭത്തിൽ അണിനിരക്കാൻ തീരുമാനിച്ചതും ഐക്യ ട്രെയ്ഡ് യൂനിയൻ പ്രസ്ഥാനം അതിന് പിന്തുണ പ്രഖ്യാപിച്ചതും ദൂരവ്യാപകമായ പ്രതിചലനങ്ങളാണുണ്ടാക്കുക.ഭരണ വർഗത്തെ ഒറ്റപ്പെടുത്തുന്നതിലേക്കുള്ള സംയുക്ത പോരാട്ട മുഖങ്ങൾ തുറക്കുന്നതിലേക്കാണ് അത് നയിക്കുക. സംശയമില്ല.


എ.കെ. രമേശ്

എഴുത്തുകാരൻ, ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ്. ആഗോളവല്ക്കരണവും മൂന്നാം ലോക ജീവിതവും, ദോഹാ പ്രഖ്യാപനത്തിന്റെ കാണാപ്പുറങ്ങൾ എന്നിവ കൃതികൾ

Comments