അലീനയുടെ കവിതകൾ

അലീന

ഊഞ്ഞാൽ

‘മരണത്തെക്കാൾ പേടിക്കേണ്ടത്
ജനനത്തെയല്ലേ?'
ജനലുങ്കൽ നിന്ന് ഒരു പ്രേതം ചോദിച്ചു.
ഞാനപ്പോൾ സ്വപ്നം കാണുകയായിരുന്നോ?
വരച്ചുതീരാത്ത ബോട്ടണി റെക്കോർഡ്.
കോംപൗണ്ട് മൈക്രോസ്‌കോപ്പിന്റെ
ഒറ്റക്കാലുള്ള പടം.
ടീച്ചറൊപ്പിട്ട റെക്കോർഡ്
കഴിഞ്ഞയാഴ്ച അപ്പൻ അടുപ്പിലിട്ടു.
ഇനി ടീച്ചറോടെന്ത് പറയും?
ജനൽ കൊട്ടിയടച്ചു.
‘ജനിക്കുന്നതിനു മുൻപ്
നിനക്ക് സുഖമായിരുന്നില്ലേ?'
പ്രേതം പിന്നിൽ.
‘പല്ലുവേദന ഇല്ലാതെ,
കുടിയനായ അപ്പനില്ലാതെ,
തലയിൽ ഈരും പേനുമില്ലാതെ,
നീയപ്പോൾ എവിടെയായിരുന്നു?'
ഗോദ്‌റെജ് അലമാരയുടെ
കണ്ണാടിയിലും പ്രേതം.
കതകു തുറക്കാതെ
ഈ പ്രേതം എങ്ങനെ അകത്തു കേറി?
‘മരണജനനങ്ങൾക്കപ്പുറത്ത്,
വാതിലുകളും കതകുകളുമില്ല.
ഇറങ്ങുന്നവർ കയറുന്നില്ല.
കയറുന്നവർ ഇറങ്ങുന്നുമില്ല.'
ഒരു പ്രേതത്തിന് മുറിയിൽ വന്ന്
ഒരു സംഭാഷണം നടത്താനുള്ള
സാഹചര്യമെനിക്കില്ല.
ഞാൻ പുറംലോകത്തേക്കുള്ള
സകല കതകുകളുമടച്ചു.
നിശബ്ദത.
‘ഇതാണോ യഥാർത്ഥ നിശബ്ദത?
നിന്റെയുള്ളിൽ
നിനക്കറിയാത്ത
ഒരു നീയില്ലേ?'
പ്രേതം എപ്പഴോ ചെവിക്കുള്ളിൽ
കയറി.
ഞാൻ എണീറ്റു.
‘ഇതാണു സമയം.
ഇതു തന്നെ ശരിയായ സമയം.'
പ്രേതം പ്രോത്സാഹിപ്പിച്ചു.
‘സങ്കടങ്ങളില്ലാതെ ജീവിക്കാനുള്ള,
നിന്റെ പ്ലാൻ ബി.'
കഴുക്കോൽ പറഞ്ഞു.
എന്റെ കയ്യിൽ ഏതോ കയർ
ചുറ്റിപ്പിണയുന്നുണ്ടായിരുന്നു.
‘ജന്മങ്ങൾക്കപ്പുറത്തെ ആൽമരത്തിൽ
അനേകം ആത്മാക്കൾ ഊഞ്ഞാലാടുന്നു.
നിനക്കും വേണ്ടേ?'
ഞാനും ഊഞ്ഞാൽ കെട്ടി.
ഞാനും ആടി.
അടുത്ത നിമിഷം ശാന്തത.
പിന്നെ
അവസാനിക്കാത്ത നിശബ്ദത.

കവിതേടമ്മയും റസിയേടെ വാപ്പയും

കവിതേടമ്മയും
റസിയേടെ വാപ്പയും
പ്രേമമാണെന്ന് എല്ലാർക്കും അറിയാം.
കവിതേടച്ഛൻ വീടുവിട്ടു പോയതാണ്.
റസിയേടുമ്മ വീട്ടിൽ തന്നിരിപ്പാണ്.
റസിയേടെ വാപ്പ മസാലക്കറി വെക്കും
കവിതേടമ്മ ചാരായം വാറ്റും.
കള്ളിൽ കൈവെഷം കൊടുത്ത്
മയക്കീന്ന്
റസിയ ക്ലാസിലിരുന്ന് കരയും.
കവിത കരഞ്ഞിട്ടേയില്ല.
കവിതേടെ യൂണീഫോം,
ബാഗ്, ബുക്ക്, പേന
തലേൽ കുത്തുന്ന സ്ലൈഡ്
ഒക്കെ
റസിയേടെ വാപ്പാടെ കാശാണ്.
കവിതേടെ
എണ്ണ തേക്കാതെ പരുപരുത്ത
അറ്റം ചെമ്പിച്ച മുടിയേൽ
ഈരും പേനുമുണ്ട്.
കവിതേടെ പല്ലിൽ മഞ്ഞക്കറയുണ്ട്.
അവൾ പഠിപ്പുകാരിയാണ്.
മഴക്കാലത്ത് പാലം മുങ്ങി
അക്കരേക്ക് ബസില്ലാത്തപ്പൊ
അവൾ കരയും.
കവിത എനിക്ക് മനസിലാകാത്ത
ഏതോ ഒരു ഭാഷയായിരുന്നു.
ഞാൻ പോയിട്ടില്ലാത്ത
ഏതോ ഒരു രാജ്യമായിരുന്നു.
പക്ഷേ,
റസിയേടെ കരച്ചിൽ ഫലിച്ചു.
സ്‌കൂളീന്ന് ടീച്ചർമാർ
കവിതേടമ്മയോട്
‘നിങ്ങൾക്ക് പണിയെടുത്ത് ജീവിച്ചൂടെ?'
കവിതേടമ്മ കാർക്കിച്ചു തുപ്പി.
‘എന്റെ കെട്ട്യോൻ പോയപ്പോ
നിങ്ങളെവിടാരുന്നു?
എനിക്കൊരു നേരത്തെ
കഞ്ഞിക്കരി തന്നോ?
എന്റെ പിള്ളേർക്കുടുക്കാൻ
ഒരു തുണി തന്നോ?'
കവിതേടമ്മ
ടീച്ചർമാർക്കറിയാത്ത
ഭാഷയായിരുന്നു.
അവർ പോകാത്ത
രാജ്യമായിരുന്നു.


അലീന

കവി, മോഡൽ. സിൽക്ക്​ റൂട്ട്​ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments