ഒരു പ്രണയത്തിന്റെ ആത്മകഥ
(‘പ്രണയക്കൊല’യുടെ കാലത്ത്)
ഒരു പ്രണയത്തിന്റെ ആത്മകഥ (‘പ്രണയക്കൊല’യുടെ കാലത്ത്)
തിരയടിച്ചുയരുന്ന പൊന്നാനി കടപ്പുറത്ത്, നുസ്രത്ത് ഫത്തേ അലിഖാന്റെ ശബ്ദമാന്ത്രികതയില്‍ ലയിച്ച് ലിയാഖത്ത് മുഹമ്മദ് ഒരു ഹാര്‍മോണിയത്തില്‍ താളമിടുന്നതുപോലെ പറഞ്ഞുതുടങ്ങിയ കഥ. ചക്രവാളം ചെഞ്ചോപ്പ് നിറമണിഞ്ഞ് കടലില്‍ അലിഞ്ഞുചേര്‍ന്നുകൊണ്ടിരിക്കെ തുടര്‍സംഗീതംപോലെ പെയ്തുതുടങ്ങിയ പ്രണയജീവിതം. ലിയാഖത്ത് മുഹമ്മദ് എന്ന ഭായിയിലൂടെ ഒരു പുഴ കടലിനെ തേടുന്നത് ഞാനറിഞ്ഞു. 'പ്രണയക്കൊല'(!) നടക്കുന്ന ഈ കാലത്ത് കേള്‍ക്കാനായി ആ പ്രണയകഥ, അദ്ദേഹത്തിന്റെ ഭാഷയിൽ ഇവിടെ പകർത്തുകയാണ്.
8 Jan 2022, 11:12 AM
മീനമാസവും മഴയുടേതല്ല, എന്നിട്ടും എവിടെയോ പെയ്തൊരു മഴയുടെ നേര്‍ത്ത തണുപ്പ്, മഴമേഘം മൂടിയ പകലില്‍ ശരീരത്തില്‍ അസ്വസ്ഥപ്പെടുത്തി. ഹൃദയം വല്ലാതെ വിങ്ങിക്കൊണ്ടിരിക്കുന്നു. അറിയില്ല.
ട്രൂകോപ്പിയുടെ വായനക്കാരന്‍ സനല്‍ദേവിന്റെ സേവ് ചെയ്യാത്ത നമ്പര്‍ മൊബൈലില്‍ നിര്‍ത്താതെ ബെല്ലടിപ്പിച്ചു.
""വായിച്ചറിഞ്ഞ് ഭായി എന്റെ ഹൃദയത്തിലേക്ക് കയറിക്കൂടിയതാ... കാണണം എന്ന് വിചാരിച്ചിരുന്നു. കാണാന്‍ പറ്റിയില്ല.'' സനല്‍ദേവ് പറഞ്ഞവസാനിപ്പിക്കുമ്പോഴാണ് ലിയാക്കത്ത് ഭായ് എന്ന പ്രണയത്തിന്റെ രാജകുമാരന്റെ ഹൃദയം സ്പന്ദനം വിട്ടതറിഞ്ഞത്.
എടപ്പാളിലെ ഷോണ ബുക് സ്റ്റാളിന്റെ മുന്നിലും ഗ്രൗണ്ടിലെ ഫുട്ബോള്‍ കളികള്‍ക്കിടയിലും അലസമായി പറക്കുന്ന വെള്ളിരോമങ്ങള്‍ക്കു താഴെ ഹൃദയം തുറക്കുന്ന ചിരിയുമായി ലിയാക്കത്ത് സനിം എന്ന ഭായിയെ കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ ആദ്യം കണ്ടതോര്‍ക്കുന്നു. എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ മാഷ് പറഞ്ഞുകേട്ടെത്തിയതായിരുന്നു. ""ഒരു ബല്ലാത്ത പഹയനാണ്'' - പൊന്നാനി കടപ്പുറത്തുവെച്ച് സംസാരിച്ചു തുടങ്ങിയപ്പോള്‍ അത് ബോധ്യമായി. ഹൃദയം നിറയെ സ്നേഹവുമായി നടക്കുന്ന, തന്റെ പ്രണയത്തെ ലാളിച്ച് ജീവിക്കുന്ന ലിയാക്കത്ത് ഭായ്....
ഒരിക്കല്‍ ഒരു മുതല, കുരങ്ങനോട് ചോദിച്ചതുപോലെ, ""നിങ്ങളുടെ ഹൃദയം എനിക്കു തര്വോ?'' എന്ന് ഞാന്‍ ചോദിച്ചിരുന്നു. അതേ കഥയുടെ താളത്തില്‍ ഭായ് പറഞ്ഞു: ""എന്റെ ഹൃദയം പ്രണയത്തിന്റെ ലായനിയില്‍ മുക്കിവച്ചിരിക്കുകയാണ്.'' ആ ഹൃദയം പ്രണയത്തോട് ലയിച്ചുചേര്‍ന്നിരിക്കുന്നു. ഹൃദയസ്തംഭനമായിരുന്നു.
""ഇത്താക്കേ, നിങ്ങളെന്തിനാണ് ഇപ്പോഴും എന്റെ ഹൃദയത്തിലേക്ക് വന്ന് സ്പന്ദിക്കുന്നത്?''
കേള്‍ക്കൂ...
ധനുമാസം മഴയുടെ കാലമല്ല.
നനുനനുക്കെ മഞ്ഞുപൊഴിയേണ്ട കാലം.
എന്നിട്ടും ഇന്നലെ പതിവെല്ലാം തെറ്റിച്ച് ഒരു മഴ വന്നെത്തി.
പൊടിപിടിച്ച് മുഷിഞ്ഞ പച്ചപ്പിനെയൊക്കെ കഴുകിത്തിളക്കിക്കൊണ്ട്, വൈകി കണ്ണുതുറന്ന മാമ്പൂവുകളെ കുടഞ്ഞുവീഴിച്ചുകൊണ്ട്, പതിവില്ലാത്ത ഒരു മഴ.
മഴ ബാക്കിവച്ചുപോയ തണുപ്പു വന്നു തൊടുമ്പോള്‍ മനസ് മറ്റൊരു മഴയില്‍ കുളിച്ചുകുതിരുന്നു.
എന്റെ കുട്ടിക്കാവ് എന്ന മഴ.
കൗമാരക്കാലം മുതല്‍ നെഞ്ചില്‍ തകര്‍ത്തു പെയ്തു നിറഞ്ഞൊഴുകുന്ന പ്രണയമഴ.
""ഇത്താക്കേ..'' അവളുടെ വിളി.
""എന്താ കുട്ടിക്കാവേ?''
ശ്രീകൃഷ്ണ കോളേജിലെ പൂമരങ്ങള്‍ ഞങ്ങള്‍ക്കായി എന്ന് കരുതി വെക്കുമായിരുന്ന കുളിര്‍മഴ നനഞ്ഞ്... എത്രയോ കാലം മുമ്പാണ് ഞങ്ങള്‍ അങ്ങനെ ഇരുന്നിരുന്നത്? പൂമരങ്ങളും തളിര്‍ വീണ പടിക്കെട്ടും കുസൃതിവാക്കുകളുമായി അടുത്തിരിക്കുന്ന കുട്ടിക്കാവും എന്റെ മനസിലേ അനുഭവം മാത്രമായി ചേക്കേറിയിട്ട് നാളുകള്‍ ഏറെ കഴിഞ്ഞിട്ടുണ്ടാവണം. എന്റെ കുട്ടിക്കാവ് എന്നും ഇന്നും എന്റെയുള്ളില്‍ മഴയുണ്ട്. എല്ലാ മഴകളും അവളെ ഓര്‍ക്കാനുള്ളതാണ്.
മഹാരാഷ്ട്രയിലെ ഖൊപ്പോലി താഴ്വരയില്‍ പിറവികൊണ്ട നസീം മുഹമ്മദാണ്ഞാന്. ഖൊപ്പോലിയില്‍ നിന്ന് എടപ്പാളിലേക്ക്, ഉപ്പാന്റെ നാട്ടിലേക്ക് പത്തു പന്ത്രണ്ടുവയസില്‍ പറിച്ചുനട്ടവന്‍. എടപ്പാള്‍ ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് കഴിഞ്ഞെത്തിയത് പൊന്നാനി എം. ഇ. എസ്. കോളേജിലെ പ്രീഡിഗ്രി ക്ലാസില്‍. അക്കാലത്താണ് ഖൊപ്പോലിയിലെ എന്റെ ലത്തീഫ് ഭായി നാട്ടിലേക്കൊരു സന്ദര്‍ശനം നടത്തിയത്. ചരസ്സിന്റെ മണമായിരുന്നു ലത്തീഫ് ഭായിയുടെ സംസാരത്തിന്. ആ ലഹരി പഠിച്ചെടുക്കാന്‍ എനിക്ക് മുകുന്ദന്റെ അപ്പുവും അരവിന്ദനും ദാസനുമായിരുന്നു മാതൃകയായി നിന്നത്. ആ സമയത്താണ് ബാപ്പ പ്രിയദര്‍ശിനി ബസിന്റെ മരണപ്പാച്ചിലില്‍ പിടഞ്ഞുമരിക്കുന്നത്.
പിന്നെ മാന്‍ഡ്രക്സ്, വെസ്പരക്സ്, കാംപോസ്, പാല്‍ഡോന, മെറ്റാസിഡിന്‍... ഏകാന്തതയില്‍ എന്റെ രക്തകണങ്ങളില്‍ അലിഞ്ഞുചേര്‍ന്നത് ആ ലഹരികളായിരുന്നു. അതിനിടയില്‍ പ്രീ ഡിഗ്രി പാസായി. ഫറോക്ക് കോളേജില്‍ ബി.എയ്ക്ക് ചേര്‍ന്നു. അപ്പോഴേക്കും മനസ് ലഹരിക്ക് പിന്നാലെ യാത്രയായി. കോഴിക്കോട് അങ്ങാടിയിലൂടെ നടന്നും ക്വീന്‍സ് ഹോട്ടലിലെ ഗാനസന്ധ്യകളില്‍ രാവുറങ്ങിയും കഴിച്ചുകൂട്ടി. പഠിപ്പ് നിന്നു. നിയോഗമായിരിക്കണം, അല്ലാതെന്ത്?
സുഹൃത്ത് നരേന്ദ്രന്‍ വന്നു പറഞ്ഞു, നീ പഠിക്കണം. ഡിഗ്രി കംപ്ലീറ്റ് ചെയ്യണം.
ശ്രീകൃഷ്ണ കോളേജിലേക്ക് പുറപ്പെട്ടു. എടപ്പാളില്‍ നിന്ന് സ്വപ്ന ബസില്‍ കയറി കുന്നംകുളം വഴി ചൂണ്ടല്‍ വരെ. ഗുരുവായൂര്‍ ഭാഗത്തേക്കുള്ള മറ്റൊരു ബസില്‍ കയറി കൂനംമൂച്ചിയില്‍. അല്‍പ്പം ദൂരം നടന്നാല്‍ ശ്രീകൃഷ്ണ കോളേജിന്റെ പതിനെട്ടാംപടി. അവള്‍ എന്നെ കാത്തിരിക്കുകയായിരുന്നു, ശ്രീകൃഷ്ണ കോളേജ് അല്ല എന്റെ കുട്ടിക്കാവ്.
വിശ്വകുമാരി ടീച്ചറുടെ സാമ്പത്തിക സൂക്തങ്ങള്‍ക്ക് കാതുനല്‍കാതെ മുളങ്കാടുകള്‍ തേടി ഞാനിറങ്ങി. ഉള്ളിനെ തണുപ്പിച്ചുനിര്‍ത്താന്‍, തലയില്‍ പെരുമഴ കൊട്ടിക്കാന്‍ മാന്‍ഡ്രക്സ് മജീഷ്യന്‍ പൊതിക്കടലാസുകള്‍ക്കിടയില്‍ കാത്തിരിപ്പുണ്ട്. ബോയ്സ് ഹോസ്റ്റലിനു സമീപത്തെ ഭീമാകാരമായ വാട്ടര്‍ടാങ്കിന്റെ ഉച്ചസ്ഥായിയിലേക്ക് വലിഞ്ഞുകയറി. ജലസംഭരണിയുടെ കോണ്‍ക്രീറ്റ് പാകിയ വിതാനത്തില്‍ കയറി നിന്ന് മേഘങ്ങളെ സ്പര്‍ശിക്കാം. കൈക്കുമ്പിളിലെടുത്ത് കീശയില്‍ നിക്ഷേപിക്കാം. ആകാശം തൊട്ടുണര്‍ത്താം. കാല്‍പ്പാദത്തിലൂന്നി ആകാശം തൊട്ട് മുട്ടിവിളിച്ചപ്പോള്‍ താഴെ നിന്നൊരു വിളി.
""താഴെയിറങ്ങെടാ''
ലഹരി മൂത്ത കണ്ണുകള്‍ പാതിതുറന്ന് താഴേക്ക് നോക്കി. ഒരു പെണ്ണ്. പച്ചദാവണിത്തുമ്പ് ഇടംകൈയാല്‍ ഉയര്‍ത്തി മുകളിലോട്ട് നോക്കി, ഇടതൂര്‍ന്ന മുടിയിഴകളില്‍ മുല്ലപ്പൂ വിരിയിച്ച പെണ്ണ്.
ഞാന്‍ പടവുകളിറങ്ങി പാതിയിറക്കത്തില്‍,
""എന്തേയ്?'' പേടിപ്പിക്കുന്ന ക്രോധവും ലഹരിയുടെ കുഴച്ചിലുമുണ്ടായിരുന്നു എന്റെ സ്വരത്തില്‍.
""നീ എന്തിനാ ആ പെണ്ണിനെ നോവിച്ചത്?'' പതറാത്ത കണ്ണുകളുമായി അവള്‍. എന്റെ കണ്ണില്‍ നിന്ന് ക്രോധം മാഞ്ഞു. ബോധതലത്തില്‍ നിന്ന് ലഹരി മാഞ്ഞു.
""ആരെയാണ് ഞാന്‍ നോവിച്ചത്?'' ആരെയും നോവിക്കാന്‍ എന്നെ അനുവദിക്കില്ലെന്ന അധികാരഭാവത്തില്‍, ഈ വിജനതയില്‍ വന്നുപെടാവുന്ന അപകടമൊന്നും ചിന്തിക്കുക പോലും ചെയ്യാതെ അത്രയേറെ അടുപ്പത്തില്‍ ഈ കണ്ണുകള്‍ എന്നെ ചോദ്യം ചെയ്യുന്നതെന്തിനാണ്.
പതുക്കെ ഓര്‍മ വന്നു. കുന്നംകുളത്തുനിന്നു കയറുന്ന ഒരു ക്ലാസ്മേറ്റിന്റെ കാര്യമാണ് ഇവള്‍ ചോദിക്കുന്നത്. കുന്നംകുളത്തുകാരിയെ നോവിച്ചൊന്നുമില്ല ഞാന്‍. എന്തോ കുസൃതി. ആ ധൈര്യത്തില്‍ പറഞ്ഞു.
""ഒരു രസത്തിന്.''
""ഇനി വേണ്ടാട്ടോ.''
പിന്നെ, ഇവള്‍ പറയുന്നതുകേട്ട് നിര്‍ത്താന്‍ ഞാനാര്? എങ്കിലും അവളുടെ മുഖത്തുനോക്കി എതിര്‍ത്തു പറയാന്‍ തോന്നിയില്ല.
""ഇത്താക്ക് അങ്ങനെ ചെയ്യണത് ഇനിക്ക് ഇഷ്ടല്ലാ അത്രതന്നെ.''
അവളുടെ ഉള്ളിലെ ആന്തല്‍ എനിക്ക് കേള്‍ക്കാമായിരുന്നു. ഞാനുറപ്പു കൊടുത്തു. ""ഇനി ഇണ്ടാവില്ലാട്ടോ''
പാദസരങ്ങള്‍ കിലുക്കി അവള്‍ ഓടിമറഞ്ഞു.
ശ്രീകൃഷ്ണ കോളേജിലെ പ്രണയപുഷ്പങ്ങള്‍ക്ക് നൈര്‍മല്യമുള്ള വാക്കുകള്‍ എഴുതിക്കൊടുക്കുന്ന എനിക്കിതാ ഒരു പൂങ്കാവനം തന്നിരിക്കുന്നു.
എന്റെ കുട്ടിക്കാവ്.
മൈതാനിയിലെ മഴയില്‍ മരങ്ങളോടൊപ്പം ഞാനും പെയ്തുനില്‍ക്കുമ്പോള്‍ വരാന്തയില്‍ അവള്‍ നില്‍പ്പുണ്ടാവും, കൊതിയോടെ. അവള്‍ എന്റെ കൂടെ മഴനനയുകയായിരിക്കും. മഴയില്ലാത്തപ്പോള്‍ ഞങ്ങള്‍ പാറക്കൂട്ടങ്ങളുടെ മൗനനൊമ്പരങ്ങള്‍ക്കിടയില്‍ പുല്‍മൈതാനിയുടെ തണുപ്പിലിരുന്ന് മഴ പെയ്യിച്ചു. മഴ തോര്‍ന്നിട്ടും തോരാത്ത രണ്ടു മരങ്ങളായി.
ശ്രീകൃഷ്ണ കോളേജിലെ ദിനങ്ങളില്‍ ക്ലാസുകള്‍ക്കപ്പുറം ഞങ്ങള്‍ പ്രണയിച്ചുപൂത്തുനിന്നു. മറ്റം പള്ളിയുടെ മൊട്ടക്കുന്നുകളായിരുന്നു ഞങ്ങളുടെ പ്രണയവീട്. ആ പടികളില്‍ എന്റെ കുട്ടിക്കാവിരിക്കും. അവളുടെ മടിയില്‍ തല ചായ്ച്ച് ഞാനും.
""കുട്ടിക്കാവേ, എനിക്ക് ഒരു പാട്ടുപാടിത്താ''
""ഇത്താക്കേ, ആരെങ്കിലും വരും, കാണും. വേണ്ട''
""ഇല്ല ബുദ്ദൂസേ, നീ പാട്.''
അപ്പോള്‍ അവള്‍ ചെവിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത് പാടിത്തുടങ്ങും.
പ്രണയം തുളുമ്പുന്ന സ്വരത്തില്‍ ജന്മങ്ങളില്‍ നിന്നും ജന്മങ്ങളിലേക്ക് പടരുന്ന സ്നേഹത്തളിരുകള്‍ എന്റെ നെഞ്ചകത്തേക്ക് പാറിവീഴും. വരികളില്‍ നൊമ്പരത്തിന്റെ മഞ്ഞുകണങ്ങള്‍ വീഴുമ്പോള്‍ കുട്ടിക്കാവിന്റെ സ്വരം പതറും. നീണ്ട കണ്‍പീലികള്‍ നനച്ച് കണ്ണീര്‍ ഉറപൊട്ടിയൊഴുകും. കരയല്ലേ എന്ന് പറയും പോലെ വിരല്‍തുമ്പുകള്‍ കൊണ്ട് കണ്‍പീലികളില്‍ ഉമ്മവച്ച് ഞാന്‍ മടക്കയാത്രക്കൊരുങ്ങും. വിരല്‍തുമ്പുകള്‍ ചേര്‍ത്തുപിടിച്ച് കുട്ടിക്കാവ് പറയും.
""നീ നീ എന്റെ ജീവനാണ്.... ജീവിതം തന്നെയാണ്.''
കോളേജില്‍ ഋതുഭേദങ്ങള്‍ മാഞ്ഞപ്പോഴും ഞങ്ങളില്‍ വസന്തം വിടാതെ നിന്നു. കോളേജ് ഡേയ്ക്ക് കുട്ടിക്കാവിന്റെ ഇത്താക്ക് ടാബ്ളോ അവതരിപ്പിച്ചു. കുരിശിലേറിയ ക്രിസ്തുവായിട്ടായിരുന്നു ഇത്താക്ക്. കറുപ്പിലും വെളുപ്പിലും പകര്‍ന്നു കിട്ടിയ ടാബ്ളോ ഫോട്ടോ കോളേജ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടു. അതുമായി നിധി പോലെ കുട്ടിക്കാവ് വീട്ടിലേക്കോടി.
""ഇനി, ആഗ്രഹിക്കുമ്പോഴെല്ലാം ഈ ഫോട്ടോ കാണാല്ലോ.''
വിരസവേളകളിലും ഉറക്കത്തിലേക്കുള്ള വഴികളിലും ഫോട്ടോയ്ക്കു മുന്നില്‍ കുട്ടിക്കാവ് തപസിരുന്നു. മനസിലെ ഇത്താക്കിന്റെ മുഖം കാണുമ്പോള്‍ അവള്‍ ഓരോ തവണയും എഴുതി,
എന്റെ ഇത്താക്ക്, എന്റെ പ്രിയപ്പെട്ട ഇത്താക്ക്, എന്റെ ജീവനായ ഇത്താക്ക്''
സ്വപ്നങ്ങള്‍ക്കിടയില്‍ അവള്‍ ഉണര്‍ന്നത് അമ്മയുടെ വിളി കേട്ടായിരുന്നു.
""ആരാടീ ഇത്താക്ക്?''
അവള്‍ പറഞ്ഞു, ""അതെന്റെ ജീവനാണ്''
ഇന്നോടെ നിര്‍ത്തിക്കോളണം നിന്റെ പഠിപ്പ്.
അമ്മയുടെ ശാസനയുണ്ടായെങ്കിലും പിന്നെയും കുട്ടിക്കാവ് കോളേജിലെത്തി. ഈ കാര്യങ്ങള്‍ പറഞ്ഞു.
""ഞാന്‍ നിന്റെ കൂടെയുണ്ടാവും.''
ദിവസങ്ങള്‍ കഴിഞ്ഞു. കുട്ടിക്കാവ് കോളേജിലേക്ക് വന്നില്ല.
പാതവക്കിലെ പൂമരങ്ങള്‍ക്ക് തീപ്പനി പിടിച്ച നാളുകള്‍. എന്റെ നെഞ്ചിലായിരുന്നു കനലുകള്‍ ആളിയത്. കുട്ടിക്കാവില്ലാത്ത നിമിഷങ്ങള്‍. കുട്ടിക്കാവിന്റെ ചിരി കാണാത്ത പ്രഭാതങ്ങള്‍. ""നോവിക്കരുത് ആരെയും'' എന്നു പറഞ്ഞുതന്ന അവള്‍ എന്റെ നോവു കാണുന്നില്ലേ എന്ന് ഭ്രാന്തുപിടിച്ചതു പോലെ സ്വയം ചോദിച്ചു. ""കരയല്ലേ കുട്ടിക്കാവേ'' എന്ന് അവളെ ഓര്‍ത്ത് വിങ്ങി. കാത്തിരുന്ന് തകര്‍ന്ന് ഒടുവില്‍ അവളെ തെരഞ്ഞുപോകുകതന്നെ ചെയ്തു.
ചെറിയൊരു ഗ്രാമം. അപരിചിതരുടെ നടുവിലൂടെ അവള്‍ പറയുന്ന കഥകളിലൂടെ മാത്രം കണ്ടറിഞ്ഞ വഴികളിലൂടെ... ഒന്നേ മനസിലുള്ളൂ. ഒന്നു കാണണം. ആരു തടഞ്ഞാലും പിടിച്ചിറക്കി കൂടെ കൂട്ടണം.
പാതകള്‍ക്കൊടുവില്‍ പതിഞ്ഞിരിക്കുന്ന ഇല്ലത്തിനു മുന്നില്‍ പഴയൊരു ചങ്ങാതി...
""ആ കുട്ടീടെ പെണ്‍കൊടയാണ്. നീ വെറുതെ അലമ്പുണ്ടാക്കരുത്.''
പെണ്‍കൊടയോ, എന്റെ കുട്ടിക്കാവിന്റെയോ ഞാനറിയാതെയോ എനിക്കല്ലാതെ ആര്‍ക്കാണ് അവളെ കൊടുക്കുക.
""അതിന് ആകേള്ളത് അമ്മയാണ്. അവര് ചത്തുകളയൂന്ന് പറഞ്ഞിരിക്കയാണ്'' ചങ്ങാതി പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.
ഒന്നുറക്കെ വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്ത് എന്റെ കുട്ടിക്കാവ്. എന്റെ ജീവന്‍. എന്റെ ജീവിതം. പക്ഷേ, അവളുടെ മെലിഞ്ഞുനീണ്ട വിരലുകള്‍ എന്റെ വായ്പൊത്തിപിടിച്ചതുപോലെ...
""അരുത് ഇത്താക്കേ. അവരെ നോവിക്കാനെനിക്കാവില്ല.''
എന്റെ കൈയില്‍ പിടിച്ച് പടിയിറങ്ങിപ്പോകുന്ന കുട്ടിക്കാവിനെ ഞാന്‍ മനസിലോര്‍ത്തു. ഒരു ജന്മം മുഴുവന്‍ അവള്‍ മാപ്പുനല്‍കില്ല ആ ഇറങ്ങിപ്പോരലിന്. ""ന്റെ മോള്'' എന്നു പറഞ്ഞ് പ്രാണന്‍ കളയുന്ന ഒരു അമ്മയുടെ നെഞ്ചില്‍ നിന്ന് ഞാനെങ്ങനെ എന്റെ കുട്ടിക്കാവിനെ പറിച്ചെടുക്കും?
നെഞ്ച് ഉരുകിത്തീരുന്നു. ഇരുട്ടില്‍ കണ്ണീരുപ്പ് തെളിഞ്ഞുകൊണ്ടേയിരുന്നു. ഉള്ളിലെ തുലാസില്‍, ഞാനും എന്റെ കുട്ടിക്കാവും ചേര്‍ന്നിരിക്കുന്ന തട്ടിലെ തീരാസങ്കടത്തിലും താഴേക്ക് ഒരമ്മയുടെ ജന്മസാഫല്യം തച്ചുടക്കപ്പെടുന്നതിലെ കൊടും വ്യഥക്ക് കനംകൂടി.
വേണ്ട, നമുക്ക് ആരെയും നോവിക്കേണ്ട കുട്ടിക്കാവേ. കൊതിയോടെ തെരഞ്ഞുപിടിച്ച വഴികളിലൂടെ ഞാന്‍ തിരികെനടന്നു.
നെഞ്ചില്‍ ഒരു പിളര്‍പ്പുമായി ഞാന്‍ ഒരു യാത്രയ്ക്ക് തയ്യാറായി.
എന്റെ ബാല്യത്തിലേക്ക്, ബോംബെയിലേക്ക്, ഖൊപ്പോലിയിലേക്ക്. കൈയില്‍ 150 രൂപയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കുമ്പളയിലെത്തിയപ്പോള്‍ രാത്രിയായി. മുറിവേറ്റ ഹൃദയവുമായി കുമ്പളയില്‍ റോഡില്‍ കാത്തിരുന്നു. ലോറിയില്‍ മംഗലാപുരത്തേക്ക്. അവിടെ നിന്ന് ബോംബെയിലേക്ക്.
നൊമ്പരങ്ങളുമായി എത്തിയ എനിക്ക് ഖൊപ്പോലിയില്‍ കുട്ടിക്കാലം തിരിച്ചുപിടിക്കാനായില്ല, മനസു മുഴുവന്‍ കുട്ടിക്കാവായിരുന്നു. ഉള്ളില്‍ തേങ്ങലുകള്‍ അടങ്ങുന്നില്ല.
മൂന്നു മാസം കഴിഞ്ഞ് നാട്ടിലേക്കുള്ള തിരിച്ചുവരവിലും മനസ് നീറുകയായിരുന്നു; കുട്ടിക്കാവ് എവിടെയായിരിക്കും? എന്നെ മറന്നുകാണുമോ? നാട്ടിലെത്തിയപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു; അവനെ കണ്ടപ്പോള്‍തന്നെ അവള്‍ മുഖം താഴ്ത്തിപ്പിടിച്ചു. അങ്ങനെയെങ്കില്‍ ഇത്താക്കിനെ കണ്ടാലോ?
നാട്ടിലെ പല പരിചിത വഴികളിലും ഞാന്‍ അവളെ തേടി. ഒരിക്കല്‍ കണ്ടു, ബസില്‍വച്ച്. ഒന്നും മിണ്ടിയില്ല, മിണ്ടാന്‍ പറ്റിയില്ല.
ബോംബെയിലും നാട്ടിലുമായി എന്റെ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടി. കുട്ടിക്കാവ് ഭര്‍ത്താവിനോടൊപ്പം ഗള്‍ഫിലേക്ക് പോയി. ചേട്ടന്റെ സഹായത്താല്‍ ഗള്‍ഫിലേക്ക് ഒരു ചാന്‍സ് വന്നു. കഴുത്തില്‍ നിന്നിറങ്ങി അസ്ഥികള്‍ ഉരുകുന്ന വിയര്‍പ്പുതുള്ളികളുടെ മൂല്യം പതിനേഴ് ദിര്‍ഹം. നാട്ടിലേക്കു തിരിക്കണമെന്ന മോഹമുണ്ടെങ്കിലും ചേട്ടനെ പിണക്കേണ്ടെന്നു കരുതി പിടിച്ചുനിന്നു. ഏകാന്തതകളില്‍ തീര്‍ത്തും ഏകനായിപ്പോകുന്നുവെന്ന തോന്നലില്‍, കൈവിരലുകളില്‍ ബ്ളേഡ് കോര്‍ത്തിട്ട് കൈത്തണ്ടയില്‍ ആഞ്ഞാഞ്ഞുവലിച്ചു. ചോര പൊടിഞ്ഞു. പക്ഷെ, മരണവും എന്നെ കൈവിട്ടിരുന്നു. ജീവിച്ചിരിക്കാനാണ് വിധി.
പ്രവാസ ജീവിതത്തിന്റെ ആറാം വാര്‍ഷികം. അന്നായിരുന്നു ഒരു ഫോണ്‍കോള്‍ എന്നെ തേടിയെത്തിയത്.
""ഇത്താക്കല്ലേ?''
ആ ഒരറ്റ ചോദ്യത്തില്‍ നിന്ന് ഞാന്‍ ശ്രീകൃഷ്ണ കോളേജ് കണ്ടു. അവിടെ മരത്തിനു താഴെ നില്‍ക്കുന്ന കുട്ടിക്കാവിനെ കണ്ടു. ഒരു ആന്തലോടെ ഞാന്‍ ചോദിച്ചു;
""ആരാ?''
""എനിക്ക് ഇത്താക്കിനെ കാണണം.''
""വേണ്ട, കുട്ടിക്കാവിനെ എനിക്ക് കാണേണ്ട..!''
""കണ്ടില്ലെങ്കില്‍ ഞാന്‍ ഇനിയും വിളിച്ചുകൊണ്ടിരിക്കും.''
""വേണ്ട കുട്ടിക്കാവേ, ഇനി കാണേണ്ട, കണ്ടാല്‍ ഞാന്‍ തളര്‍ന്നുപോകും.''
കുട്ടിക്കാവ് ഭര്‍ത്താവിനൊപ്പം അവിടെയുണ്ട്. കണ്ടിരുന്നെങ്കില്‍ എന്ന് എന്റെ മനസും ആയിരംവട്ടം പറഞ്ഞതാണ്. എന്നിട്ടും അറിയാതെ പറഞ്ഞുപോയതാണ് വേണ്ടാന്ന്. കുട്ടിക്കാവ് എല്ലാ ദിവസവും വിളിച്ചുകൊണ്ടിരുന്നു. മാസങ്ങള്‍ക്കുശേഷം ഞാന്‍ പറഞ്ഞു;
""നാളെ നമുക്ക് കാണാം.''
കുട്ടിക്കാവിന്റെ ഫ്ളാറ്റിനു സമീപത്തുതന്നെയായിരുന്നു കൂടിക്കാഴ്ച.
ഞാന്‍ കാത്തുനിന്നു. മുന്നില്‍ കുട്ടിക്കാവ്, മെലിഞ്ഞുണങ്ങി ഒരു പെണ്ണ്. നിന്റെ നീണ്ട മുടിയും വട്ടമുഖവും എല്ലാം എവിടെ കുട്ടിക്കാവേ? ഞാന്‍ ചോദിച്ചില്ല. കുട്ടിക്കാവ് പറഞ്ഞുമില്ല. പത്തു മിനിട്ട് നീണ്ട മൗനം. ""ഞാന്‍ പോകട്ടേ? ഡ്യൂട്ടിക്ക് സമയമായി.'' തിരിച്ചുനടത്തത്തിനിടയില്‍ ഞാന്‍ പറഞ്ഞു. മറുപടിയില്ല. ഞാന്‍ നടന്നു. തിരിഞ്ഞുനോക്കിയില്ല, അതിനു ശേഷിയില്ല. കലങ്ങിയ കണ്ണുകളാല്‍ നോക്കിയാല്‍ പിന്നിലെ കാഴ്ചകള്‍ കാണാന്‍ പറ്റില്ല.
പിറ്റേദിവസം കുട്ടിക്കാവിന്റെ ഫോണ്‍. ഇന്നലെ പിരിഞ്ഞസമയത്ത് തലകറങ്ങി വീണു. ആശുപത്രിയിലായിരുന്നു.
ആത്മനിന്ദയായിരുന്നു എനിക്ക്. ഞാന്‍ കാരണം ഒരു പെണ്ണ്...! അവള്‍ക്കുള്ള മരുന്നും ഞാന്‍ തന്നെ നല്‍കണം. ഞാന്‍ പഴയ ഇത്താക്കായി മാറാന്‍ തീരുമാനിച്ചു. പിന്നെയും കണ്ടു. പണ്ട് അവകാശഭാവം നിറഞ്ഞുനിന്ന കണ്ണുകളില്‍ പരാതിയുടെ നിഴല്‍പോലുമില്ലാതെ എപ്പോഴോ അവള്‍ ചോദിച്ചു
""ഇത്താക്ക് കല്യാണം കഴിച്ചോ?''
""ഉവ്വല്ലോ'' ഞാന്‍ അവള്‍ക്കേറെ ഇഷ്ടമുള്ള കുസൃതിച്ചിരിയോടെ പറഞ്ഞു. താഴ്ന്നു മൂടിയ കണ്‍പീലികള്‍ ഒന്നു പിടഞ്ഞോ?
""എന്നായിരുന്നു?''
""വര്‍ഷം കുറേയായി എന്റെ കുട്ടിക്കാവേ'' ഞാന്‍ ചിരിച്ചുകൊണ്ടേയിരുന്നു.
സംശയം തിരയടിക്കുന്ന കണ്ണുകള്‍ വിടര്‍ന്നു. കണ്‍പീലികളില്‍ പഴയ നീര്‍ത്തുള്ളികള്‍.
""മക്കള്‍?''
""രണ്ടുപേര്‍!''
""ഫോട്ടോ ഉണ്ടോ കൈയില്?''
""ഫോട്ടോ ഇല്ല, ഭാര്യേ കാണിച്ചുതരാം.''
""എവ്ടേ?'' അവള്‍ അവിശ്വാസത്തോടെ ചുറ്റുംനോക്കി.
""അവ്ടൊന്നും നോക്കണ്ട. ദാ ഇവ്ടെ ന്റെ കണ്ണില് നോക്ക്. കാണുന്നുണ്ടോ? ശ്രീകൃഷ്ണ കോളേജ്. മുടിയില്‍ മുല്ലപ്പൂ ചൂടിയ ഒരു മെലിഞ്ഞ പെണ്‍കുട്ടി...''
എന്റെ നെഞ്ചിലെ മഴ അവളില്‍ നിന്നു മറയ്ക്കാന്‍ ഞാന്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു. നിശബ്ദതയില്‍ ഒഴുകിപ്പോയ ഒരുപാടു നിമിഷങ്ങള്‍.... പിന്നെ അവള്‍ പറഞ്ഞു. ""രണ്ടു മക്കളാണ് എനിക്ക്''.
""അറിയാം'' ഞാന്‍ പറഞ്ഞു. ''അവരാണ് എന്റെയും മക്കള്‍''
മാസങ്ങള്‍ക്കുശേഷം കുട്ടിക്കാവ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു. പിന്നെ ബന്ധമില്ലാതെയായി. അപ്പോഴും എന്റെ മനസില്‍ കുട്ടിക്കാവും മക്കളും എന്റേതെന്ന മട്ടില്‍ കാത്തുനിന്നിരുന്നു.
വിരസമായ മണലാരണ്യത്തില്‍ നിന്ന് നാട്ടിലേക്കുള്ള വഴി തുറന്നുകിട്ടിയപ്പോള്‍ ഒറ്റത്തടിയും കുട്ടിക്കാവും മക്കളും നിറഞ്ഞുനില്‍ക്കുന്ന മനസുമായി ഞാന്‍ നാട്ടിലേക്ക് തിരിച്ചു. തീര്‍ത്തും ബന്ധങ്ങളില്ലാത്ത നാലുവര്‍ഷം കൂടി കടന്നുപോയി. അവള്‍ പറയുമായിരുന്നത് ഞാനോര്‍ക്കുന്നു: ""ഇത്താക്ക് നല്‍കിയ സ്നേഹത്തിന്റെ പകുതിയെങ്കിലും അയാള്‍ എനിക്ക് നല്‍കിയിരുന്നുവെങ്കില്‍, ഞാന്‍ ഇത്താക്കിനെ മറന്നേനെ.''
അതുകേള്‍ക്കുമ്പോള്‍ വേദനയല്ല എനിക്കു തോന്നുമായിരുന്നത്. കുട്ടിക്കാവിനോടു പോലും പങ്കിടാത്ത ഒരു വിജയോന്മാദമായിരുന്നു. എന്റെയുള്ളിലെ രഹസ്യമായിരുന്നു അത്. എന്റെ കുട്ടിക്കാവിന് ഞാന്‍ കൊടുക്കുന്നിടത്തോളം സ്നേഹം. അതീഭൂമിയില്‍ വേറാര്‍ക്കും കൊടുക്കാന്‍ കഴിയില്ല എന്ന വിശ്വാസത്തിന്റെ വിജയമായിരുന്നു അത്. മറക്കാന്‍ കഴിയുന്നില്ലല്ലൊ എന്ന നൊമ്പരത്തില്‍ പിടയുന്ന അവളോട് എനിക്കു വേണമെങ്കില്‍ പറഞ്ഞുകൊടുക്കാമായിരുന്നു.
""അയാള്‍ നിന്നെ സ്നേഹിക്കാഞ്ഞിട്ടായിരിക്കില്ല കുട്ടിക്കാവേ. അതു തിരിച്ചറിയാന്‍ നിനക്കു കഴിയാത്തതാണ്. എന്താണെന്നല്ലേ, നിന്റെ സ്നേഹമാകെ, നിന്റെ മനസാകെ, പണ്ടേ ഞാന്‍ എന്റെ ഉള്ളിലേക്ക് അടര്‍ത്തിയെടുത്തില്ലേ. കുട്ടിക്കാവിന് ഈ ജന്മം ഇത്താക്കിനെയല്ലേ പ്രണയിക്കാന്‍ കഴിയൂ. ആ പ്രണയമല്ലേ തിരിച്ചറിയാന്‍ കഴിയൂ.''
ഒരിക്കലും ഞാനതു പറഞ്ഞുകൊടുത്തില്ല. അത് എന്റെ രഹസ്യം. കല്യാണപന്തലുയര്‍ന്ന വീട്ടില്‍ നിന്നു തിരിച്ചുനടക്കുമ്പോള്‍ ജീവിതത്തില്‍ പൂര്‍ണമായി തോറ്റുകൊടുക്കുകയാണെന്നറിഞ്ഞിട്ടും എന്നെ ജീവിപ്പിച്ചു നിര്‍ത്തിയ ലഹരി നിറഞ്ഞ രഹസ്യം. ഇപ്പോഴും ഏകാന്തമായ ജീവിതത്തിനിടയില്‍ ആ ലഹരിയല്ലേ എന്നെ ജീവിപ്പിക്കുന്നത്, നീ എന്റേതു മാത്രമായിരുന്നു എന്ന ലഹരി.
കുട്ടിക്കാവിന്റെ സ്വന്തം ഇത്താക്ക്.
കെ. സജിമോൻ
Feb 08, 2022
8 minutes read
അഖില്‍ സത്യന്‍
Oct 15, 2021
5 Minutes Read
അമൃത് ജി. കുമാര്‍
Aug 27, 2021
7 Minutes Read
Noushad
10 Jan 2022, 06:56 AM
ഇത്താക്കോ...... ഉള്ളു,പൊള്ളിക്കുന്ന. നോവും നിറഞ്ഞകണ്ണുമായി, വായാനാന്ത്യം, ഈ... ഞാനും...❣️