എന്റെ സ്വാതന്ത്ര്യം
മറ്റൊരാളുടെ പോക്കറ്റില്‍ അല്ല
എന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ പോക്കറ്റില്‍ അല്ല
"സൗന്ദര്യത്തിന്റേയും പ്രണയത്തിന്റേയും മാതൃത്വത്തിന്റേയും പ്രതിനിധാന വാര്‍പ്പുമാതൃകകളില്‍ ബന്ധിക്കപ്പെടേണ്ടവളല്ല സ്ത്രീ' - എന്ന ഈ സമൂഹത്തോടുള്ള പെണ്ണിന്റെ തര്‍ക്കം കൂടിയാണ് എന്നെ സംബന്ധിച്ചിടത്തോളം എന്റെ ചിത്രങ്ങള്‍. " - ജീവിതത്തില്‍നിന്ന് ഒരു വര്‍ഷം കൂടി അടര്‍ന്നുപോകുമ്പോള്‍, അത് ജീവിതത്തില്‍ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങള്‍ വീണ്ടെടുക്കപ്പെടുകയാണിവിടെ. അഞ്ജു പുന്നത്ത് എഴുതുന്നു.
1 Jan 2023, 10:02 AM
I wanted to be an artist,
ജൂഡി ചിക്കാഗോ എന്ന ഫെമിനിസ്റ്റ് ആര്‍ട്ടിസ്റ്റിനെ കുറിച്ച് വായിക്കുകയും അവരുടെ സൃഷ്ടികളിലൂടെ അവരുടെ ചിന്തകളെ അറിയാന്‍ ശ്രമിക്കുകയും ചെയ്ത ഒരു വര്‍ഷമായിരുന്നു 2022. ജൂഡി ചിക്കാഗോയുടെ വുമണ്ഹൗസ് (1972) അവരുടെ വിദ്യാര്‍ഥികളുമായി ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തെ സ്ത്രീകളുടെ അനുഭവങ്ങളുടെ പ്രതിനിധാനമാക്കി മാറ്റി. എന്നെ ഒരുപാട് സ്വാധീനിച്ച ഒരു വര്‍ക്കാണത്.. ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ എങ്ങനെ എന്നെ രൂപപ്പെടുത്തി എടുക്കണം എന്ന എന്റെ ചിന്തകളെ ജൂഡിയ്ക്ക് സ്വാധീനിക്കാന്‍ സാധിച്ചിട്ടുണ്ട്.
Once I knew that I wanted to be an artist, I made myself into one. I did not understand that wanting doesn't always lead to action. Many of the women had been raised without the sense that they could mold and shape their own lives, and so, wanting to be an artist (but without the ability to realize their wants) was, for some of them, only an idle fantasy, like wanting to go to the moon.' - JUDY CHICAGO
ജീവിക്കാനുള്ള മരുന്ന്
ചില ബുദ്ധിമുട്ടുകളിലൂടെ ജീവിതം പ്രയാസപ്പെട്ടു നീങ്ങുന്ന ഒരു ഘട്ടത്തിലാണ് ഞാന്‍ മുടങ്ങാതെ എല്ലാ ദിവസവും ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങിയത്. പതുക്കെ, ഒരു ചിത്രമെങ്കിലും കോറിയിടാതെ കിടന്നാല്‍ ഉറക്കം വരാതെ ആയി. അഭേദ്യമായ ഒരു ബന്ധം ഞാനും വരകളും തമ്മില്‍ ഞാനറിയാതെ തന്നെ രൂപപ്പെടുകയായിരുന്നു. ചിത്രകലയില്‍ എന്തെങ്കിലും ശിക്ഷണമോ മുന്പരിചയമോ ഇല്ലാതിരുന്ന എനിക്ക് ഞാന്‍ വരയ്ക്കുന്ന ചിത്രങ്ങളെ എന്റെ തീര്‍ത്തും വ്യക്തിപരമായ ആവിഷ്കാരങ്ങള്‍ എന്നതിലപ്പുറം ഏതെങ്കിലും വിധത്തില്‍ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ സാധിച്ചിരുന്നില്ല. വരച്ചു കൊണ്ടേയിരിക്കുക എന്നല്ലാതെ മറ്റെന്തെങ്കിലും എന്റെ പരിഗണനയില്‍ ഉണ്ടായിരുന്നേയില്ല.
ആ കാലത്തു Scribbling ചെയ്തു തുടങ്ങിയത് ആ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുമ്പോള്‍ എന്നെ അലട്ടികൊണ്ടിരിക്കുന്ന ചിന്തകളില്‍ നിന്നും വഴിമാറിപ്പോകാന്‍ കഴിഞ്ഞിരുന്നു എന്നതു കൊണ്ട് മാത്രം ആയിരുന്നു. അങ്ങനൊരു ശൈലി ചിത്ര രചനയില്‍ ഉണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അതുപോലെ തന്നെ പിന്നീട് എന്റെ ചിത്രങ്ങളില്‍ zentangles വരാന്‍ തുടങ്ങി. പ്രശസ്ത ചിത്രകാരിയും visual poet ഉം ആയ ഡോണ മയൂര ഒരിക്കല്‍ ഫെയ്സ്ബുക്കില്‍ ഞാന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ zentangles എന്ന കമന്റ് ഇട്ടപ്പോള്‍ ആണ് അങ്ങനൊരു ശൈലി ഉണ്ടെന്ന് ഞാന്‍ വീണ്ടും തിരിച്ചറിയുന്നത്. ചിത്രം വരക്കുക എന്നത് എന്റെ ജീവന് നിലനില്‍ക്കാനുള്ള ഒരു മരുന്ന് എന്ന പോലെ ആയിരുന്നു അന്നൊക്കെ.
2015 ല്‍ തുടങ്ങിയ ചിത്രരചന ഇന്നും ഞാന്‍ അതെ ആവേശത്തോടെ തുടരുന്നുണ്ട്. ഇന്ന് ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നു. എന്നെ നിലനിര്‍ത്താന്‍ വേണ്ടി വരച്ചു തുടങ്ങിയെങ്കിലും എനിക്ക് ഇന്ന് ചിത്ര രചന വെറും ജീവന് നിലനിര്‍ത്താനുള്ള മരുന്ന് മാത്രമല്ല, ജീവിതത്തിനു കൂടുതല്‍ കരുത്തും ദിശാബോധവും പകരാനുള്ള ഒരു ശ്രമം കൂടിയാണ്. സ്ത്രീ എന്ന നിലയ്ക്ക് സ്വയം കണ്ടെത്താനുള്ള അന്വേഷണങ്ങളാണ്. അതുകൊണ്ടാകാം എന്റെ ചിത്രങ്ങളില്‍ ഭൂരിപക്ഷവും സ്ത്രീയുടെ ചിന്തകളുടെ വര്‍ണ്ണനകളായി മാറുന്നത്. പല ആര്‍ട്ടിസ്റ്റുകളും എന്നോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് എപ്പോളും സ്ത്രീകളുടെ ഇമേജസ്/ചിന്തകള്‍ എന്റെ വരകളില്‍ വരുന്നത് എന്ന്. അത് ആവര്‍ത്തനം ആയി തോന്നുന്നില്ലേ എന്നും ആരായുകയുണ്ടായി.
"സൗന്ദര്യത്തിന്റേയും പ്രണയത്തിന്റേയും മാതൃത്വത്തിന്റേയും പ്രതിനിധാന വാര്‍പ്പുമാതൃകകളില്‍ ബന്ധിക്കപ്പെടേണ്ടവളല്ല സ്ത്രീ' - എന്ന ഈ സമൂഹത്തോടുള്ള പെണ്ണിന്റെ തര്‍ക്കം കൂടിയാണ് എന്നെ സംബന്ധിച്ചിടത്തോളം എന്റെ ചിത്രങ്ങള്‍. ചരിത്രം നോക്കിയാലും വര്‍ത്തമാനം നോക്കിയാലും സ്ത്രീ ചിത്രകാരികളിലെല്ലാം ഈ ഒരു പ്രതിഷേധത്തിന്റെ അംശം കാണാന്‍ സാധിക്കും. ആ കൂട്ടത്തില്‍ എന്നെക്കൊണ്ട് സാധിക്കുന്നതു പോലെ ഞാനും പങ്കു ചേരാന്‍ ശ്രമിച്ചിട്ടുണ്ട്. അബോധപൂര്‍വ്വമായ ഒരു ആനന്ദത്തില്‍ നിന്നും ബോധപൂര്‍വ്വമായ ഒരു കലാ പ്രവര്‍ത്തനമായി ചിത്രകല എന്നില്‍ പരിണമിക്കുന്നത് ഇങ്ങനെയാണ്.
അതുകൊണ്ടു തന്നെ വളരെ വൈയക്തികമായ ചിന്തകള്‍ പോലും എന്റെ വരകളില്‍, പലപ്പോളും ഞാന്‍ അറിയാതെയും, പുറത്തു വന്നിട്ടുണ്ട്. കവിതയിലൂടെ, കഥകളിലൂടെ ജനങ്ങളുടെ മനസിനെ തൊട്ടറിയാന്‍ സാധിക്കുന്ന എഴുത്തുകാരെ പോലെ തന്നെ എന്റെ വരകളിലൂടെ ഓരോ മനുഷ്യന്റെയും സ്വകാര്യ ഭാവനകളെയും ആശകളെയും വേദനകളെയും വരച്ചിടാന്‍ സാധിക്കണം എന്നു വ്യാമോഹിക്കാറുണ്ട്.
ചിത്രരചനയും സ്വാതന്ത്ര്യവും
""I am my own muse. The subject I know best. The subject I want to better.''- Frida Kahlo
ഫ്രിദയുടെ ഈ വാക്കുകള്‍ ഓര്‍ക്കാത്ത ദിവസങ്ങള്‍ കുറവാണ്. ഫ്രിദ പറഞ്ഞത് പോലെ എന്നെക്കാള്‍ കൂടുതല്‍ എന്നെ അറിയുന്ന വേറൊരു വ്യക്തി ഈ ഭൂമിയില്‍ ഇല്ലെന്നിരിക്കെ എന്നെ പ്രചോദിപ്പിക്കാന്‍ എന്നെക്കാള്‍ മറ്റൊരാള്‍ക്കു സാധിക്കുകയില്ലല്ലൊ.. ജീവിതത്തില്‍ നേരിട്ട ഒറ്റപെടുത്തലുകള്‍, പരിഹാസങ്ങള്‍, ആക്ഷേപങ്ങള്‍, വെല്ലുവിളികള്‍ സന്തോഷങ്ങള്‍, സൗഹൃദങ്ങള്‍, പ്രണയം... തുടങ്ങിയെല്ലാം എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. എന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ പോക്കറ്റില്‍ അല്ല എന്ന ചിന്ത എപ്പോളും നിലനിര്‍ത്തിയിരുന്നു. ഞാന്‍ വരയ്ക്കുന്നതും ജീവിക്കുന്നതും ആരെയും തൃപ്തിപെടുത്താനല്ല മറിച്ച് എന്നെ തൃപ്തിപ്പെടുത്താനാണ് എന്ന ബോധ്യം എന്നും ഉണ്ടായിരുന്നു. തുടക്കകാലം മുതല്‍ നഗ്നമായ ശരീരം വരച്ചാല്‍ ആളുകള്‍ എന്ത് പറയും എന്ന ഭയം എനിക്ക് ഇല്ലായിരുന്നു.
സ്ത്രീയുടെ ഒരു വെല്ലുവിളി അവള് എന്നും എല്ലായിടത്തും സ്ത്രീ മാത്രമായിപ്പോവുന്നു എന്നതാണ്. പുരുഷനു മുഴുവനായും ഒരു ആര്‍ട്ടിസ്റ്റ് മാത്രം ആവാന്‍ സാധിക്കും. പക്ഷേ സ്ത്രീയെ ആ നിലയ്ക്ക് സമൂഹം ഒരിക്കലും അംഗീകരിക്കാറില്ല. അവള് ഒരു ആര്‍ടിസ്റ്റ് ആണെങ്കിലും അതിലുപരി അവളൊരു സ്ത്രീയാണ്. കുടുംബം ഇല്ലേ മക്കള്‍ ഇല്ലേ ഇങ്ങനൊക്കെ വരച്ചു മാധ്യമങ്ങളില്‍ ഇടാമോ, മക്കള്‍ കാണില്ലേ, തുടങ്ങിയ നോട്ടങ്ങളുടെ നടുവിലാണ് അവള് എന്നും. പ്രണയമോ രതിയോ വിഷയമായി വരുന്ന ചിത്രം വരച്ചിട്ടാല്‍ സ്ത്രീയായതിനാല്‍ തനിയ്ക്ക് ഇവിടെ എങ്ങനെ സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കും എന്നു മെസ്സേജ് അയച്ച ഒരു ആര്‍ട്ടിസ്റ്റിനെ എനിക്കറിയാം.
സ്ത്രീക്ക് ഈ സമൂഹത്തില്‍ പൂര്‍ണമായി ഒരു കലാകാരി ആവാന്‍ സ്വാതന്ത്ര്യം കിട്ടുന്നുണ്ടോ? സമൂഹം അവളെ കെട്ടിയിട്ടിരിക്കുന്ന ഒരുപാട് ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ധൈര്യം കാണിച്ചാല്‍ മാത്രമേ അങ്ങനൊരു സ്വാതന്ത്ര്യത്തിലേയ്ക്ക് അവള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുകയുള്ളു. പ്രമുഖ ആര്‍ട്ടിസ്റ്റ് സാറ ഹുസൈന്റെ "What the Body Says' എന്ന പെയിന്റിംഗ് സീരീസിനോട് അതിയായ ഇഷ്ടവും ആര്ടിസ്റ്റിനോട് അതിരില്ലാത്ത ബഹുമാനം തോന്നുന്നത് അതുകൊണ്ടാണ്.
സംഘടിച്ചു ശക്തരാവുക
ചിത്രകലയിലൂടെ സമൂഹത്തില്‍ ഇടപെടാന്‍ സാധിക്കുമ്പോളാണ് യഥാര്‍ത്ഥത്തില്‍ ആത്മസംതൃപ്തി നേടാന്‍ കഴിയുക എന്ന ചിന്ത വന്നപ്പോള്‍ ആണ് സംഘടിച്ച് ശക്തരാവുക എന്ന ആശയം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന Varamukhi Women Art Commune-ല്‍ ഞാന്‍ 2020 ല്‍ അംഗമാവുന്നത്. ഈ കൂട്ടായ്മ തരുന്ന കരുത്തും ആവേശവും ഒന്ന് വേറെ തന്നെയാണ്. നൂറു കലാപ്രതിഭകള്‍ ചേര്‍ന്ന് മഹാത്മാഗാന്ധിയുടെ നൂറു ചിത്രങ്ങള്‍ 200 മീറ്റര്‍ മുഴുനീളന്‍ ക്യാന്‍വാസില്‍ വരച്ച ചരിത്രത്തിന്റെ ഭാഗമായത് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടിക്കൊണ്ടാണ്. വരമുഖിയോടൊപ്പം ആ നൂറില്‍ ഒരാളായി മാറാന്‍ എനിക്കും സാധിച്ചു. കേരള ഗാന്ധി കെ. കേളപ്പന് കൊയപ്പള്ളി തറവാട്ടിലെ ചുവരുകളില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ചരിത്ര നിമിഷങ്ങള്‍ പകര്‍ത്തിയതും വരമുഖിയാണെന്നത് അഭിമാനമാണ്. ഇതു പോലെ ഒരുപാട് ചെറുതും വലുതുമായ കൂട്ടായ കലാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ കാലം കൊണ്ട് ഞങ്ങള്‍ക്ക് സാധിച്ചത് സംഘടിച്ചതിന്റെ ഫലമായി ലഭിച്ച ആത്മവിശ്വാസം കൊണ്ടാണ്. ഒറ്റയ്ക്കല്ല എന്ന തോന്നല്‍ നല്കുന്ന കരുത്തു നമ്മള് പ്രതീക്ഷിക്കുന്നതിലുമൊക്കെ വലുതാണ്.
2022
ഒരു പേപ്പറും പേനയും എടുത്ത് ഒരു പത്തു മിനിറ്റ് പോരെ ഒരു ഇല്ലുസ്ട്രേഷന്‍ ചെയ്തു തരാന്‍ എന്ന ലാഘവത്വത്തോടെ ചിത്രകലയെ സമീപിക്കുന്ന ഒരുപാടു പേരുണ്ട്. പലപ്പോഴും ലഭിക്കുന്ന പണത്തിലും ഈ നിലപാട് പ്രതിഫലിക്കും. സത്യത്തില്‍ പ്രശസ്തിയും സാമൂഹികമായി വലിയ അംഗീകാരങ്ങളും അവയുടെ ആനുകൂല്യങ്ങളും അധികാരങ്ങളും ഇല്ലാത്ത ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന പ്രതിസന്ധിയാണിത്. പതുക്കെ എന്റെ കലയ്ക്ക് ചെറുതെങ്കിലും ഒരു വില കല്പിക്കാനുള്ള ആത്മവിശ്വാസം ഞാന്‍ ആര്‍ജ്ജിച്ചു എന്നതാണ് 2022-ല്‍ സംഭവിച്ച ഒരു കാര്യം. എങ്കിലും സൗഹൃദം മുന്‍നിര്‍ത്തി ഇപ്പോളും ഞാന്‍ എന്റെ വരകള്‍ പല ഓണ്‍ലൈന്‍ മാസികകള്‍ക്കും കാശു വാങ്ങാതെ കൊടുക്കാറുണ്ട്. എല്ലാത്തിനുമുപരി ഈയൊരു യാത്ര തുടരുക എന്നതാണ് ലക്ഷ്യം. ഒരുപാടു സുഹൃത്തുക്കള്‍ ആ യാത്രയില്‍ കൂടെ നിന്നിട്ടുണ്ട്. പ്രോല്‍സാഹിപ്പിക്കുകയും കരുത്തു പകരുകയും ചെയ്തിട്ടുണ്ട്. അവരോടൊക്കെ വാക്കുകളില്‍ ഒതുക്കാന്‍ ആകാത്ത നന്ദിയുണ്ട്. അവസാന ശ്വാസം വരെ ഈ വഴിയില്‍ മുന്നോട്ടു പോകാന്‍ സാധിക്കണമെന്ന അദമ്യമായ ആഗ്രഹത്തോടെയാണ് പുതുവര്‍ഷത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുന്നത്. എല്ലാവര്ക്കും സുന്ദരമായ പുതുവര്‍ഷം ആശംസിക്കുന്നു.
ഫ്രീലാൻസ് ഇല്ലസ്ട്രേറ്റർ, ചിത്രകാരി. കേരള ലളിതകലാ അക്കാദമിയുടെ എക്സിബിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.
അനുഷ ആൻഡ്രൂസ്
Jan 08, 2023
10 Minutes Read
സച്ചു ഐഷ
Jan 05, 2023
4 Minutes Read
മഞ്ചി ചാരുത
Jan 04, 2023
3 Minutes Read
ആദം ഹാരി
Jan 04, 2023
2 Minutes Read
ഡോ.ജ്യോതിമോള്‍ പി.
Jan 03, 2023
3 Minutes Read