ഫേസ്ബുക്ക്
രാഷ്ട്രീയത്തിലെ
ഒളിയമ്പുകള്‍
ഫേസ്ബുക്ക് രാഷ്ട്രീയത്തിലെ ഒളിയമ്പുകള്‍
ബി.ജെ.പിയെ പിണക്കിയാലുണ്ടായേക്കാവുന്ന പ്രത്യാഘാതം ഭയന്ന് ഫേസ്ബുക്ക് സംഘപരിവാര്‍ നയങ്ങളെ ശിരസ്സാവഹിക്കുകയാണെന്ന് കാണിച്ച് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഫേസ്ബുക്ക് രാഷ്ട്രീയത്തെക്കുറിച്ചുള്ള ആശങ്കകളില്‍ കനല്‍ കോരിയിടുന്നതാണ്.സമ്പൂര്‍ണ നിഷ്പക്ഷ മനോഭാവത്തില്‍ നിന്ന് ഭരണപക്ഷ മനോഭാവത്തിലേക്ക് നടന്നടുക്കുന്ന ഫേസ്ബുക്കിനെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടെത്താനാവുക- സൈബര്‍ സാമ്രാജ്യങ്ങളുടെ ഇടപെടല്‍ ജനാധിപത്യത്തിന് എത്രത്തോളം ഭീഷണിയാവുന്നുണ്ടെന്ന് വിശദീകരിക്കുകയാണ് ലേഖകന്‍
31 Oct 2020, 03:36 PM
സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട സൈബര്‍ ലോകമാണ് ഫേസ്ബുക്ക്. ലോകത്താകെയും 2.6 ബില്യണിലധികം പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ഫേസ്ബുക്കിന്. അതില്‍ തന്നെ ഇതര രാഷ്ട്രങ്ങളെ അപേക്ഷിച്ച്, ഏറ്റവും ഉയര്‍ന്ന തോതില്‍ ഉപഭോക്താക്കൾ ഇന്ത്യയിലാണ്.
ഇന്ത്യയില്‍ ഫേസ്ബുക്കിന് ഒരു മുഖ്യധാര ജനകീയ മാധ്യമത്തിന്റെ പരിവേഷമാണുള്ളത്. അതിനാല്‍ തന്നെ ഫേസ്ബുക്കിലൂടെയുള്ള വാര്‍ത്താ വിനിമയ സാധ്യതക്ക് ഇന്ത്യയില്‍ വലിയ പ്രാധാന്യമുണ്ട്. ഉപഭോക്താക്കളുടെ ഇടപെടലുകള്‍ക്ക് കൃത്യമായ അതിര്‍വരമ്പ് നിശ്ചയിക്കുകയും അത് ലംഘിക്കുന്നവരെ നിഷ്‌ക്കരുണം നീക്കുകയും അടക്കമുള്ള നടപടിയാണ് ഏതൊരു സമൂഹമാധ്യമവും എന്ന പോലെ ഫേസ്ബുക്കും പിന്തുടരുന്നത്.
സമൂഹ നന്മക്ക് നിരക്കാത്ത വാദങ്ങള്‍ ഉയര്‍ത്തുന്നവരെ ബഹിഷ്‌കരിക്കുന്നതില്‍ ഫേസ്ബുക്കിന് നിര്‍ബന്ധ ബുദ്ധിയുള്ളതായി കഴിഞ്ഞ കാല അനുഭവങ്ങളില്‍ നിന്ന് വായിച്ചെടുക്കാം. എന്നാല്‍ സമ്പൂര്‍ണ നിഷ്പക്ഷ മനോഭാവത്തില്‍ നിന്ന് ഭരണപക്ഷ മനോഭാവത്തിലേക്ക് നടന്നടുക്കുന്ന ഫേസ്ബുക്കിനെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടെത്താനാവുക.
സമീപകാലത്ത്, സംഘപരിവാര്‍ ദുര്‍വൃത്തികളോട് കണ്ണടച്ച് മൗന പിന്തുണ നല്‍കിയെന്ന വസ്തുതയാണ് ഫേസ്ബുക്കിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇന്ത്യയില്‍ ഫേസ്ബുക്ക് നേടിയെടുത്ത പ്രതിഛായയും ജനസമ്മതിയും വിശ്വാസ്യതയും തകരാനിടയാക്കിയ ഒരു കാരണമിതാണ്.
സമൂഹ സുസ്ഥിതിയുടെ അടിസ്ഥാന ശിലകളില്‍ പ്രധാനപ്പെട്ടതാണ് മാധ്യമങ്ങളുടെ വിശേഷിച്ചും സമൂഹ മാധ്യമങ്ങളുടെ സ്വാധീനം. ഏതൊരു വാര്‍ത്തയെയും (വ്യാജമാകട്ടെ/ നിര്‍വ്യാജമാകട്ടെ) അതിവേഗം സാമൂഹികവല്‍ക്കരിക്കാന്‍ ഇത്തരം ആഗോള നെറ്റ് വര്‍ക്ക് ശൃംഖലകള്‍ക്ക് എളുപ്പം സാധിക്കും. സമൂഹത്തിന്റെ ചിന്താധാരയെ ഏകീകരിക്കുവാനും സര്‍വ്വതല വൈജ്ഞാനിക വിഭവ ശേഖരണത്തിനും ചിലപ്പോള്‍ ഒരു രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലത്തെ വരെ സ്വാധീനിക്കുവാനും സൈബര്‍ സാമ്രാജ്യങ്ങള്‍ക്ക് ശേഷിയുണ്ട്.
ഫേസ്ബുക്ക് കമ്പനി തന്നെ സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യതകളെ രാഷ്ടീയ അട്ടിമറിക്ക് ദുരുപയോഗം ചെയ്ത സംഭവങ്ങള്‍ അമേരിക്കയിലും ബ്രെക്‌സിറ്റിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ വിദ്വേഷ രാഷ്ട്രീയത്തോളുള്ള ഫേസ്ബുക്കിന്റെ മൃദുസമീപനം നേരത്തെ ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ടങ്കിലും അന്നതിന് വേണ്ടത്ര പൊതു ശ്രദ്ധ ആകര്‍ഷിക്കാനായില്ല.
ബി.ജെ.പിയെ പിണക്കിയാല്‍ കമ്പനിക്കുണ്ടായേക്കാവുന്ന പ്രത്യാഘാതം ഭയന്ന് ഫേസ്ബുക്ക് സംഘപരിവാര്‍ നയങ്ങളെ ശിരസ്സാവഹിക്കുകയാണെന്ന് കാണിച്ച് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഫേസ്ബുക്ക് രാഷ്ട്രീയത്തെക്കുറിച്ചുള്ള ആശങ്കകളില്‍ കനല്‍ കോരിയിടുന്നത്. ഇന്ത്യയില്‍ ബി.ജെപിക്ക് അനുകൂലമായ പൊതുബോധം സൃഷ്ടിക്കുന്നതിന് പലപ്പോഴായി ഫേസ്ബുക്ക് വേദിയായെന്നാണ് ഫേസ്ബുക്കിന്റെ തന്നെ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതിനിടയില്‍ ഫേസ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്യുന്ന ചിത്രം മാധ്യമങ്ങളില്‍ വൈറലായതോടെ ആരോപണങ്ങള്‍ക്ക് അല്‍പം കൂടി വ്യക്തത ലഭിച്ചു.
ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളെ സമര്‍ത്ഥമായി വരുതിയിലാക്കിയ സംഘപരിവാറിന് ഫേസ്ബുക്കിനെയും വിലക്കെടുക്കാന്‍ കഴിഞ്ഞങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. പക്ഷേ, ബി.ജെ.പി നേതാക്കളുടെ വിഷലിപ്ത പ്രസ്താവനകള്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അംഗീകാരം കൂടി കിട്ടുമ്പോള്‍ നിഷ്പ്രഭമായി പോകുന്ന ജനാധിപത്യത്തിന്റെ തകര്‍ച്ച നാം തിരിച്ചറിയേണ്ടതുണ്ട്.
ഫേസ്ബുക്കില്‍ മുസ്ലിം വിരുദ്ധത ശര്‍ദ്ദിക്കുന്ന ബി.ജെ.പി നേതാക്കളില്‍ പ്രമുഖരായ ആനന്ദ് കുമാര്‍ ഹെഡ്ജി, തെലങ്കാനയിലെ ഏക ബി.ജെ.പി എം.പിയായ ടി.രാജ സിംഗ്, കപില്‍ മിശ്ര തുടങ്ങിയവര്‍ക്കെതിരെ ഫേസ്ബുക്ക് അച്ചടക്ക ലംഘനത്തിനുള്ള നടപടികള്‍ കൈക്കൊള്ളുവാനോ പോസ്റ്റ് നീക്കം ചെയ്ത് അക്കൗണ്ട് സസ്‌പെന്റ് ചെയ്യാനോ മുതിരുന്നില്ലെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നു.
വിദ്വേഷ ഭാഷണങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കും ഔദ്യോഗികമായി ഇടം നിഷേധിക്കുന്ന ഫേസ്ബുക്ക് ബി.ജെ.പി നേതാക്കളുടെ പ്രകോപന പ്രസ്താവനകള്‍ക്കെതിരെയും വ്യാജ വാര്‍ത്തകള്‍ക്ക് നേരെയും നിശബ്ദമാവുകയാണ് പതിവ്. അഭയാര്‍ത്ഥികളായ റോഹിംഗ്യന്‍ മുസ്ലിംകളെ വെടിവെച്ചു കൊല്ലണമെന്ന് ഫേസ്ബുക്കില്‍ പ്രഖ്യാപിച്ചത് ടി.രാജാസിംഗ് ആയിരുന്നു. മുസ്ലിം പള്ളികള്‍ തകര്‍ക്കുമെന്നും ബീഫ് കഴിക്കുന്നവരെ കൂട്ടത്തോടെ കൊന്നൊടുക്കുമെന്നും രാജാസിംഗ് ഭീഷണി മുഴക്കിയിരുന്നു. ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ഫേസ്ബുക്കിന്റെ ബ്ലാക്ക് ലിസ്റ്റില്‍

ഉള്‍പ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങള്‍ കമ്പനി ഉദ്യോഗസ്ഥര്‍ നിരന്തരം ഉന്നയിച്ചപ്പോഴെല്ലാം ഇന്ത്യന്‍ ഫേസ്ബുക്ക് പബ്ലിക് പോളിസി എക്‌സിക്യുട്ടീവായ അന്‍ഖി.ദാസ് അതിനെ നിശിതമായി വിലക്കിയത്രെ.! ഫേസ്ബുക്ക് ലൈവില്‍ വന്ന് "മുസ്ലിംകളെ അക്രമിക്കൂ..' എന്ന് ആക്രോശിച്ച കപില്‍ മിശ്രയെ നമ്മള്‍ മറന്നിട്ടില്ല. അനേകം നിരപരാധികള്‍ കൊല്ലപ്പെട്ട വലിയൊരു വര്‍ഗ്ഗീയ കലാപത്തിലേക്കായിരുന്നു ആ വാക്കുകള്‍ കൊണ്ടെത്തിച്ചത്.
ഫേസ്ബുക്കില്‍ തുടരുന്നതിന് നിയമപ്രകാരം അയോഗ്യനാവേണ്ട കപില്‍ മിശ്രക്കെതിരെ എന്തുകൊണ്ടാണ് ഒരു സസ്‌പെന്‍ഡ് വാണിംഗ് പോലും നല്‍കാന്‍ കമ്പനി തയ്യാറാകാത്തത്. രാജ്യത്തെ ശിഥിലമാക്കുന്നതിന് കപട രാജ്യസ്‌നേഹം പേറി നടക്കുന്ന മുസ്ലിംകള് മനപ്പൂര്‍വം കോവിഡ് പടര്‍ത്താന്‍ ശ്രമിക്കുകയാണന്ന നുണ പ്രചാരണം ഫേസ്ബുക്കില്‍ ഒഴുക്കി വിട്ടത് ബി.ജെ.പി പാര്‍ലമെന്റ് അംഗമായ ആനന്ദ് കുമാര്‍ ഹെഗ്ജിയാണ്. ഇന്നും ദുഷ്പ്രചാരണം കൊണ്ട് ഫേസ്ബുക്കില്‍ നിറഞ്ഞു നില്‍ക്കുന്ന സാന്നിധ്യമാണ് ഹെഡ്ജി എന്നത് അമ്പരപ്പുളവാക്കുന്ന സത്യമാണ്.
സമൂഹത്തിന്റെ ശരിയായ വഴിയിലൂടെയുള്ള സൗഹാര്‍ദ്ദപരവും മാനസികപരവുമായ വികാസം ലക്ഷ്യമിടുന്ന, നിഷ്പക്ഷ സ്വഭാവം പുലര്‍ത്തേണ്ട ഒരു സമൂഹമാധ്യമം ഫാസിസത്തിന്റെ അപ്രീതി ഭയന്ന് ഇന്ത്യയില്‍ മത-സാമൂഹിക സ്പര്‍ധ വളര്‍ത്താന്‍ കൂട്ടുനില്‍ക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. അതിന്റെ മുറിപ്പാടുകള്‍ സമൂഹത്തിലുണ്ടാക്കാവുന്ന പ്രതിഫലനങ്ങള്‍ എത്രത്തോളമായിരിക്കും.?
വികസ്വര രാജ്യങ്ങളില്‍ രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കുന്നതിനുള്ള ഫേസ്ബുക്കിന്റെ അകമഴിഞ്ഞ പങ്കാളിത്തം ചൂണ്ടിക്കാണിച്ച കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തിനു ശേഷം കമ്പനിക്ക് നേരെ ഉയര്‍ന്നു വരുന്ന വലിയ ചോദ്യമാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്റെ നിസ്സംഗത കേവലം ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസ്താവനകളില്‍ മാത്രമൊതുങ്ങന്നതല്ല.
വര്‍ഗ്ഗീയ ലഹളകളിലേക്ക് പ്രേരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍ മെനയുവാനും പ്രചരിപ്പിക്കുവാനും സംഘപരിവാറിന്റെ ആയിരക്കണക്കിന് പേജുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഫേസ്ബുക്കിന്റെ നിയമാവലികള്‍ ബാധകമല്ല. ഡല്‍ഹി കലാപം സംഘടിതമായി ആസൂത്രണം ചെയ്യപ്പെട്ടത് ഫേസ്ബുക്കിന്റെ സഹോദര മാധ്യമമായ വാട്‌സ് ആപ്പിലൂടെയായിരുന്നു.
വിദ്വേഷ പ്രചാരണം ദൂരവ്യാപകമാക്കുവാന്‍ ബി.ജെ.പി യുടെ ആസ്ഥാനമായ ദീന്‍ ദയാലുവില്‍ ഒരു മുഴുനില കെട്ടിടമാണ് ഐ.ടി സെല്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നത്. സാങ്കേതിക സംവിധാനങ്ങളെ ദുരുപയോഗിച്ച് കൊണ്ടുള്ള സംഘത്തിന്റെ നീക്കങ്ങളെ സാങ്കേതിക വിദഗ്ധരും മാസ് കമ്യൂണിക്കേഷന്‍ ഗവേഷകരും സൂചിപ്പിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
ബി.ജെ.പി വിജയം കൈവരിച്ച കഴിഞ്ഞ രണ്ട് പൊതു തെരഞ്ഞെടുപ്പിലും ഫേസ്ബുക്കും അതിന്റെ സഹോദര മാധ്യമമായ വാട്‌സ്ആപ്പും നടത്തിയ അട്ടിമറികളെ വിശകലനം ചെയ്യുന്ന "The real face of Facebook in India' എന്ന പുസ്തകം ഉയര്‍ത്തിപ്പിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയന്‍ രാജ്യസഭയില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പ്രമേയം വലിയ വാര്‍ത്തയായിരുന്നു. ഒരു സമൂഹമാധ്യമം വ്യവസ്ഥാപിതമായ ഒരു പ്രത്യയശാസ്ത്രത്തെ എങ്ങനെ ജനകീയമാക്കുന്നു എന്നാണ് പുസ്തകം കണ്ടെത്താന്‍ ശ്രമിച്ചത്. മാധ്യമ പ്രവര്‍ത്തകരായ സിറില്‍ സാമും പരന്‍ ജോയ് ഗുഹാ താക്കൂര്‍ത്തയും സംയുക്തമായി രചന നിര്‍വ്വഹിച്ച പുസ്തകം ഇന്ത്യയിലെ ത്രീവ്ര വലതു പക്ഷത്തിന്റെ പ്രചാരകാരായി മാറുന്ന ഫേസ്ബുക്കിന്റെ യഥാര്‍ത്ഥ മുഖത്തെയാണ് അനാവരണം ചെയ്തത്.
മുതിര്‍ന്ന ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ പലപ്പോഴും ട്രെന്റിംഗ് പട്ടികയില്‍ ഇടം പിടിക്കാറില്ല. അത്തരം വാര്‍ത്തകളെ മനപ്പൂര്‍വം ഊതിക്കെടുത്തുകയും ബദല്‍ പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഫേസ്ബുക്ക് അധീനതയിലുള്ള മാധ്യമങ്ങളില്‍ സംഭവിക്കാറുള്ളത്. റാഫേല്‍ യുദ്ധവിമാനക്കരാറിലെ അഴിമതി, അമിഷ് ഷായുടെ മകനെ ചൊല്ലിയുള്ള ആരോപണങ്ങള്‍, പൗരത്വ സമരങ്ങള്‍ക്ക് ആഹ്വാനം നല്‍കിയവരെ അനിധികൃതമായി തുറുങ്കിലടക്കല്‍ തുടങ്ങിയവ ഇത്തരത്തില്‍ ഫേസ്ബുക്കില്‍ നിറം കെട്ടുപോകുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കുള്‍ക്കുദാഹരണമാണ്.
നവമാധ്യമങ്ങള്‍ വരക്കുന്ന രാഷ്ട്രീയ രേഖ
അന്താരാഷ്ട്ര ടെക് ഭീമന്മാര്‍ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെ നിര്‍ണ്ണയിക്കുന്നതെങ്ങനെ എന്ന ഗഹനമായ പഠനത്തിന് ആധാരമായത് ജനാധിപത്യ നേതാക്കളെ പിന്‍തള്ളി ഡൊണാള്‍ഡ് ട്രംപ് യാദൃശ്ചിക വിജയം കൈവരിച്ച യു.എസ് പൊതു തെരഞ്ഞെടുപ്പിലെ അസാധ്യതയെ ചൊല്ലിയുള്ള എഡ്വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകളാണ്.

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമാണ് സ്‌നോഡന്‍.
വാഷിംഗ്ടണ്‍ പോസ്റ്റ്, ദി ഗാര്‍ഡിയന്‍ എന്നീ പത്രങ്ങളിലൂടെയായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് കേംബ്രിഡ്ജ് അനലറ്റിക്ക എന്ന ടെക് കമ്പനി ട്രംപിനെ ബഹു ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിക്കുന്നതിന് എപ്രകാരം വഴിയൊരുക്കി എന്ന് സ്‌നോഡന്‍ സമര്‍ത്ഥിച്ചത്. പരാജയ സാധ്യതകള്‍ ഏറെയുണ്ടായിരുന്ന, മാനവിക, രാഷ്ട്രീയ തത്വങ്ങളോട് ഒരിക്കലും നീതി പുലര്‍ത്താത്ത ട്രംപിന്റെ വിജയം ആഗോള ജനതക്ക് ഇന്നും ഉള്‍കൊള്ളാവുന്നതല്ല. ഇവിടെയാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലറ്റിക എന്ന ബിഗ് ഡാറ്റ വിശകലന കമ്പനിയുടെ ഇടപെടല്‍ തിരിച്ചറിയേണ്ടത്.
തെരഞ്ഞെടുപ്പിലെ ട്രംപിന്റെ പ്രധാന പ്രതിയോഗിയായിരുന്ന ഹിലരി ക്ലിന്റനെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങളുള്ള വാര്‍ത്തകളും അദ്ദേഹത്തിനെതിരെ ജനങ്ങള്‍ ഏറ്റെടുക്കാവുന്ന തരത്തിലുള്ള ആരോപണങ്ങളും സൃഷ്ടിച്ച് കമ്പനി മൈക്രോ ടാര്‍ഗറ്റ് മെസേജിംഗ് വഴി ബിഗ് ഡാറ്റയില്‍ നിന്നും ലഭിച്ച ഉപഭോക്തക്കളിലേക്ക് നിരന്തരം എത്തിച്ചു കൊണ്ടിരുന്നു. വ്യാജസന്ദേശങ്ങളില്‍ വിശ്വസിച്ചവരുടെ വോട്ടുകള്‍ ഹിലരിക്ക് നഷ്ടമായി. ഹിലരി പോലുമറിയാതെ വോട്ടര്‍മാരുടെ മനസ്സില്‍ ഹിലരി നേടിയെടുത്ത പ്രതിഛായ തകര്‍ന്നടിഞ്ഞു.
ഹിലരിക്ക് നഷ്ടമായ വോട്ടുകള്‍ ട്രംപിന്റെ പെട്ടിയില്‍ വീണില്ലെങ്കിലും പ്രതിയോഗികള്‍ക്ക് കിട്ടിയേക്കാവുന്ന പിന്തുണയുടെ പരമാവധി ട്രംപിനുള്ളതിനേക്കാള്‍ താഴെ വരുത്തുന്നതില്‍ കമ്പനി വിജയിച്ചിരുന്നു.
ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം ഫേസ്ബുക്കില്‍ നിന്നും കടമെടുത്ത അഞ്ച് കോടി വ്യക്തിവിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നത്രേ കേംബ്രിഡ്ജ് അനലറ്റിക തെരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചത്.!
ഫേസ്ബുക്കില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് യു.എസ് കോണ്‍ഗ്രസ് മാര്‍ക് സുക്കര്‍ബര്‍ഗിനെ വിളിച്ചു വരുത്തി. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ നേരിട്ട സുക്കര്‍ബര്‍ഗ് നന്നായി വിയര്‍ത്തു.
ഗൂഗിളും ഫേസ്ബുക്കും ഇതര മാധ്യമസൈറ്റുകളും നമ്മള്‍ പങ്കുവെക്കുന്ന സ്വകാര്യ വിവരങ്ങളെ വിവിധ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്ത് അതിന്റെ ഗുണഭോക്താക്കളായി മാറുന്നു.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സസൂക്ഷ്മം അവലോകനം ചെയ്തും നിരന്തരം പിന്തുടര്‍ന്നു കൊണ്ടും എതിര്‍കക്ഷികളുടെ വോട്ടര്‍മാരെ തിരിച്ചറിയലാണ് ഇത്തരം കരാര്‍ കമ്പനികളുടെ പ്രാഥമിക ദൗത്യം. പിന്നീട് അവരെ മാത്രം കേന്ദ്രീകരിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കും. ഏതെങ്കിലുമൊരു മാധ്യമ വെബ് സൈറ്റിലൂടെയോ ബഹുരാഷ്ട്ര സാമൂഹിക മാധ്യമങ്ങളിലൂടെയോ അല്ല, വാട്‌സ് ആപ്പ്, ടെലിഗ്രാം തുടങ്ങിയ സ്വകാര്യ സന്ദേശ നെറ്റ് വര്‍ക്കുകളിലൂടെയായിരിക്കും ഇത്തരം വാര്‍ത്തകള്‍ ഓടി നടക്കുക. ഒരു സമൂഹത്തിന്റെ മനോഘടനയെ ഒന്നടങ്കം മാറ്റിപ്പണിത് വിജയം സുനിശ്ചിതമാക്കലാണ് ലക്ഷ്യം. കേം ബ്രിഡ്ജ് അനലറ്റിക്ക വിവിധ രാഷ്ട്രങ്ങളില്‍ ഇത്തരം അട്ടിമറി നടത്തിയതായി നേരത്തേ ആരോപണമുണ്ട്.
2011 മുതല്‍ ഇന്ത്യയിലെ ഫേസ്ബുക്ക്-ബി.ജെ.പി കൂട്ടുകെട്ട് ശക്തമാണ്. അന്ന് അതിലെ അപകടം തിരിച്ചറിയുവാനോ സോഷ്യല്‍ മീഡിയ പ്രചാരണം പ്രതിരോധിക്കുവാനോ പ്രതിപക്ഷത്തിനായില്ല. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് ഫേസ്ബുക്ക് ഹിന്ദുത്വയുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മുന്നോട്ട് വന്നത്.
2014 ലെ പൊതു തെരഞ്ഞെടുപ്പിലും പ്രാദേശിക, സംസ്ഥാന തെരഞ്ഞടുപ്പുകളിലും ബി.ജെ.പി യുടെ ആധിപത്യം ഉറപ്പിക്കുക ഫേസ്ബുക്കിന്റെ പ്രഖ്യാപിത നയമായിരുന്നു. കോര്‍പ്പറേറ്റ് ശക്തികളും പരമോന്നത നീതിപീഠത്തിലിരുന്ന് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സേവിച്ച ന്യായാധിപന്മാരും ചേര്‍ന്ന് ബി.ജെ.പിക്ക് മുന്നിലുണ്ടായിരുന്ന നിയമപരവും സാന്നത്തികപരവുമായ മാര്‍ഗ്ഗതടസ്സങ്ങള്‍ നീക്കിക്കൊടുക്കുകയായിരുന്നല്ലോ.
ഇന്ന് ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പരസ്യദാതാക്കളില്‍ ബി.ജെ.പിക്ക് മുന്‍ നിര സ്ഥാനമാണുള്ളത്. ഫേസ്ബുക്കില്‍ പരസ്യ വിളംബരം ചെയ്യുന്നതിനുമാത്രം 4.01 കോടി വരെ ബി.ജെ.പി ചിലവഴിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നരേന്ദ്രമോദിയുടെ ഓഫീസില്‍ നിന്നും ബി.ജെ.പി അനുകൂല കോര്‍പ്പറേറ്റുകളില്‍ നിന്നും ഫേസ്ബുക്കിന് സമാനമായ തോതില്‍ പരസ്യ വിക്ഷേപണത്തിന് പണമെത്തുന്നു. കോണ്‍ഗ്രസിനു പോലും എത്തിപ്പിടിക്കാനാവാത്ത നേട്ടങ്ങള്‍ ബി.ജെ.പി ക്ക് അനായാസം സാധിക്കുന്നു.
ബി.ജെ.പി യുടെ രണ്ടാം വിജത്തെ EVM അട്ടിമറി എന്ന് മാത്രം വ്യാഖ്യാനിക്കുന്നത് തീര്‍ത്തും അയുക്തിയാണ്.
ഭരണഘടന സംരക്ഷിക്കുവാന്‍ സന്നദ്ധത കാണിക്കാത്ത നീതിന്യായ സംവിധാനത്തോട് ജനങ്ങള്‍ എത്ര തവണ അവിശ്വാസം പ്രകടിപ്പിച്ചാലാണ് ജനാധിപത്യം മടങ്ങിവരിക.. അതിനവര്‍ അനുവദിക്കുമോ.
ഷാജഹാന്‍ മാടമ്പാട്ട്
Jan 08, 2021
20 Minutes Watch
കെ.എം. സീതി
Jan 01, 2021
10 Minutes Read
Think
Nov 16, 2020
9 Minutes Read
കെ.എം. സീതി
Nov 09, 2020
9 Minutes Read
എ.കെ. രമേശ്
Nov 08, 2020
10 Minutes Read