2022;
നരബലി മുതല്‍ തല്ലുമാല വരെ,
മന്‍സിയ മുതല്‍ മെസ്സിവരെ
2022; നരബലി മുതല്‍ തല്ലുമാല വരെ, മന്‍സിയ മുതല്‍ മെസ്സിവരെ
"സാമൂഹിക ഇടം ഏറ്റവും വെറുത്തു പോയ ഒരു സമയം 'നരബലി'ക്കാലമായിരുന്നു. ഇറച്ചിയും ചോരയും സ്വയം നക്കിനുണഞ്ഞും മറ്റുള്ളവരെ രുചിപ്പിച്ചും ദിവസങ്ങളോളം തുടർന്ന വാർത്തകളിൽ നിന്ന് ഓടിയൊളിച്ചു എന്നു പറയണം. 'പ്രണയപ്പക' കൊല വാർത്തകളുടെ അവതരണത്തിലും സ്വീകരണത്തിലും ആറാടുന്നതിൽ ഹരം കൊള്ളുന്ന മനുഷ്യരിൽ നിന്നും പരമാവധി മാറി നില്ക്കാൻ ശ്രമിച്ചു." - ഒരു വര്‍ഷം കൂടി അടര്‍ന്നുപോകുമ്പോള്‍, അത് ജീവിതത്തില്‍ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങള്‍ വീണ്ടെടുക്കപ്പെടുകയാണിവിടെ. - അനു പാപ്പച്ചൻ എഴുതുന്നു.
31 Dec 2022, 03:09 PM
നാല്പതു വയസു പൂർത്തിയാക്കിയ വർഷമാണ് 2022. "ദാ വന്നു, ദേ പോയി' എന്ന് ഒരു വർഷം. നീണ്ട കോവിഡ് കാലത്തിന്റെ അടച്ചിരിപ്പ് കഴിഞ്ഞ് അത്രമേൽ എല്ലാരും കർമ്മനിരതരായി ഓടിപ്പാഞ്ഞ കാലമായതിനാലാകാം. പുതുവകഭേദം ഒമിക്രോൺ യാതൊരു ഉളുപ്പുമില്ലാതെ കയറി വന്ന് ഒരാഴ്ച പാർത്താണ് 2022 തുടങ്ങിയത്. ശ്വാസം/ശബ്ദം പ്രശ്നങ്ങളും കിതപ്പും ക്ഷീണവും ഇപ്പോഴും തുടരുന്നെങ്കിലും "ചത്തില്ലല്ലോ' എന്ന് സമാധാനിച്ചു. തൊട്ടു മുന്നേ കഴിഞ്ഞു പോയ കാലം അങ്ങനെയായിരുന്നല്ലോ.
ഏറ്റവും സംഘർഷത്തോടെ എന്നാൽ ഇത് ചെയ്തേ പറ്റൂ എന്ന് വാക്കുകൊണ്ടും എഴുത്തുകൊണ്ടും പ്രതിരോധിക്കാൻ ശ്രമിച്ചത് സംഘപരിവാറിന്റെ
മനുഷ്യ വിരുദ്ധമായ രാഷ്ട്രീയത്തോടാണ്. ബിരിയാണി കഴിച്ചാൽ കുട്ടിയുണ്ടാവില്ല, മസ്ജിദിലെ പൈപ്പ് പണ്ട് ശിവലിംഗമായിരുന്നു എന്നു തുങ്ങി ദാ, ദീപികയുടെ ഷഡിവരെയും ഈ വർഷവും വിദ്വേഷ പ്രചാരണത്തിന് ഒരു കുറവുമുണ്ടായില്ല. ടീസ്തയുടെയും ആർബി ശ്രീകുമാറിന്റെയും ജേർണലിസ്റ്റ് മുഹമ്മദ് സുബൈറിന്റെയും അടക്കം അറസ്റ്റും ജെ.എൻ.യു അക്രമവും അങ്ങേയറ്റം അസഹിഷ്ണുതയെ വെളിപ്പെടുത്തിക്കൊണ്ടേയിരുന്നു. ഏറെ വൈകിയെങ്കിലും സിദ്ദിഖ് കാപ്പന് ജാമ്യം കിട്ടിയെന്നതാണ് ഒരാശ്വാസം.

ഇവിടുത്തെ സാമൂഹിക ഇടം ഏറ്റവും വെറുത്തു പോയ ഒരു സമയം "നരബലി'ക്കാലമായിരുന്നു. ഇറച്ചിയും ചോരയും സ്വയം നക്കിനുണഞ്ഞും മറ്റുള്ളവരെ രുചിപ്പിച്ചും ദിവസങ്ങളോളം തുടർന്ന വാർത്തകളിൽ നിന്ന് ഓടിയൊളിച്ചു എന്നു പറയണം. "പ്രണയപ്പക' കൊല വാർത്തകളുടെ അവതരണത്തിലും സ്വീകരണത്തിലും ആറാടുന്നതിൽ ഹരം കൊള്ളുന്ന മനുഷ്യരിൽ നിന്നും പരമാവധി മാറി നില്ക്കാൻ ശ്രമിച്ചു. ചില പുസ്തകങ്ങളും സീരിസുകളുമായിരുന്നു വാർത്താകാംക്ഷയെ മറികടന്നത്.
ഹരീഷിന്റെ ആഗസ്റ്റ് 17, പ്രശാന്തിന്റെ പൊനം, അശോകൻ ചെരുവിലിന്റെ
കാട്ടൂർക്കടവ് എന്നിവ വായനമുറിയാതെ കൊണ്ടുപോയ നോവലുകളാണ്. ജിസ ജോസിന്റെ കഥകളിലെ കഥയും കഥ പറച്ചിലും ഇഷ്ടം. ശ്രീകുമാർ കരിയാടിന്റെ "കവിതയിലേക്കുള്ള വണ്ടി'യിൽ കയറി പുതുവർഷം തുടങ്ങിയതു കൊണ്ടാണോയെന്നറിയില്ല, അത്രയധികം കവിതകൾ സമാഹാരമായും അല്ലാതെയും വായിച്ച വർഷമാണ്. കാതലും കാമ്പും തിരിച്ചറിയാൻ നല്ലതായിരുന്നു ഈ മാരത്തൺ.
2022 ൽ കുറിപ്പിടാതെ പോയ, എപ്പോഴെങ്കിലും രണ്ടു വരി എഴുതണമെന്ന് ആഗ്രഹിക്കുന്ന രണ്ട് പുസ്തകങ്ങൾ, ഒന്ന് സി.എസ്. വെങ്കിടേശ്വരന്റെ
പ്രപഞ്ചം പ്രതിഫലിക്കുന്ന ജലകണം - സത്യജിത് റായിയെ കുറിച്ചുള്ളത്, രണ്ട് രാജീവ് രാമചന്ദ്രന്റെ - ചെളി പുരളാത്ത പന്ത് - ഇരു പുസ്തകങ്ങളുടെയും ഉള്ളടക്കം അത്രമേൽ വ്യക്തിപരമായി പ്രിയപ്പെട്ടതായതു കൊണ്ടു മാത്രമല്ല, അത്രമേൽ വിഷയങ്ങളിൽ അധ്വാനിച്ചതു കൊണ്ടുമാണ്.

ലെജൻഡുകളായ ഗൊദാർദും ലതാ മങ്കേഷ്കറും വിട പറഞ്ഞ വർഷമായിരുന്നു. സിനിമകൾ വീണ്ടും കണ്ടു. പാട്ടുകൾ വീണ്ടും കേട്ടു. ആ സിനിമയും സംഗീതവും Endless Era എന്ന് ഓർമ്മിപ്പിച്ച് ഹൃദയത്തിൽ തുടരും. മലയാളത്തിനുമുണ്ടായി നഷ്ടങ്ങൾ. സേതുമാധവൻ സാറും കെ.പി.എ.സി ലളിതയും പ്രതാപ് പോത്തനും ചൊവ്വലൂർ കൃഷ്ണൻകുട്ടിയും അടക്കം നഷ്ടങ്ങൾ. കോട്ടയം പ്രദീപും കൊച്ചു പ്രേമനും ഇപ്പോഴും ചിരിച്ചു നില്ക്കും പോലെ. ടി.പി. രാജിവന്റെ കവിത വീണ്ടുമെടുത്തു വായിച്ചു. എന്തൊരു മനുഷ്യൻ, എന്നു കരഞ്ഞു.
മെസി ലോകകപ്പിൽ മുത്തിയതു കണ്ടതാണ് ഈ വർഷത്തെ വലിയ സന്തോഷങ്ങളിൽ ഒന്ന്. ഓർമ്മ വയ്ക്കും പ്രായത്തിൽ കാര്യകാരണ യുക്തിയാലോചനാ പ്രയോജനങ്ങൾ ഇല്ലാതെ ചില ഇഷ്ടങ്ങൾ അറിയാതെ രൂപപ്പെടുമല്ലോ. നീലയിലും വെള്ളയിലും അർജന്റീന എഴുതിയ കവിതയിൽ ഡിസംബർ കുളിർമയോടെ നിന്നു.. ഇരുപത്തൊന്നാമത് ഗ്രാൻസ്ലാം കിരിടം നേടിയ നദാലിന്റെ കരുത്തിന്റെയും മനോനിലയുടെയും കളിയുണ്ടല്ലോ, രണ്ടു സെറ്റ് കൈവിട്ട ശേഷവും തിരിച്ചു വന്ന ആ മനോഹരമായ കളി... മറക്കില്ല.
ഇന്ത്യക്ക് ദീപാവലി സമ്മാനമായി പാക്കിസ്ഥാനെതിരെയുള്ള തകർപ്പൻ ജയം കൺനിറച്ചു തന്ന വിരാട് കോഹ്‍ലി ആകാശത്തേക്കു നോക്കിയ ആനന്ദ നിമിഷങ്ങൾ അവിസ്മരണീയം.. വിരമിച്ചെങ്കിലും ക്രിക്കറ്റർ മിതാലി ഒരു മുത്തുമണി. ഷെയ്ൻ വോൺ ഈ വർഷത്തിലെ ഒരു കണ്ണീർ തുള്ളി. ഒടുവിലെ ദിവസങ്ങളിലിതാ പെലെ എന്ന ഇതിഹാസവും നമ്മോട് വിടപറഞ്ഞു..

രണ്ട് IFFK ക്ക് സാക്ഷ്യം വഹിച്ച വർഷമാണ്. തിയറ്ററിലും ഒടിടിയിലുമായി വളരെ സെലക്ടീവായി സിനിമ കണ്ട വർഷമാണ്. മമ്മൂട്ടിയുടെ അഭിനയ മുഹൂർത്തങ്ങൾ ചിലത് ആകാംക്ഷയോടെ കണ്ടു. പക്ഷേ അതിലും അഭ്ഭുതത്തോടെ രാജേഷ് മാധവൻ, സൗബിൻ, ലുക്ക്മാൻ, ഷെയിൻ നിഗം അടക്കം ചില നടന്മാരുടെ രൂപപ്പെടൽ കണ്ടു. നിഷിദ്ധോയിലെ കനി കുസൃതിയെയും ഭൂതകാലത്തിലെ രേവതിയെയും ഇഷ്ടപ്പെട്ടു. മലയാളമല്ലെങ്കിലും "ഗാർഗി'യിലെ സായ്പല്ലവിയുടെ കഥാപാത്രം ഹൃദയത്തിൽ നിറഞ്ഞു നില്ക്കുന്നു. ഒട്ടേറെ പേർ മികച്ച അഭിപ്രായം പറഞ്ഞ കൃഷ്ണേന്ദു കലേഷിന്റെ "പ്രാപ്പെട' എന്ന സിനിമ കാണാനാവാത്തതിൽ സങ്കടമുണ്ട്. എല്ലാവരും ഗംഭീരമെന്നു പ്രശംസിച്ച ചില സിനിമകൾ വല്ലാതെ ഇഷ്ടപ്പെട്ടതുമില്ല. ആണിനെ വെല്ലുന്ന / തോല്പിക്കുന്ന/ പ്രതിരോധിക്കുന്ന പെണ്ണിന് കയ്യടി കൊടുക്കാമെന്ന ഒരു കാലം സിനിമയിലെങ്കിലും വന്നിട്ടുണ്ട്.
"തല്ലുമാല'യിലെ "കണ്ണിൽ പെട്ടോളെ' എന്ന പാട്ട് എപ്പോൾ കേട്ടാലും ബലേ ഭേഷ്. കേരളം ഏറ്റവും തുള്ളിക്കളിച്ചത് ചാക്കോച്ചന്റെ "ദേവദൂതർ പാടി 'യുടെ നൃത്തത്തിനൊപ്പമാകും. റീലുകളിൽ "ചാമ്പിക്കോ'യും തൊട്ടടുത്ത് തന്നെ കാണും. അഭിനയം കൊണ്ടു മാത്രമല്ല, ജീവിതം കൊണ്ടും മനസു കീഴടക്കിയ ഒരാൾ ഇന്ദ്രൻസാണ്.

വരയിൽ, വിഷ്ണു റാമിന്റെ പ്രണയത്തിന്റെ ആവിഷ്കാരങ്ങൾ, കെ.പി. മുരളീധരന്റെ
പൂക്കൾ പോലെയുള്ള പെൺകുട്ടികൾ, ഗോപീകൃഷ്ണൻ ജിപ്സയുടെ വൈകിയോടുന്ന പെൺകുട്ടിക്ക് ചെയ്ത കവർചിത്രം, സുധി അന്ന നിറങ്ങളാൽ നിഗൂഢമാക്കിയ ചിത്രങ്ങൾ എന്നിവ പെട്ടെന്ന് ഓർമ്മ വരുന്നു.. ഫോട്ടോഗ്രഫറും പെയിൻററുമായ ഹരിഹരൻ എസിന്റെ ബാർബിക്യു റിപ്പബ്ലിക്ക് എന്ന ഫോട്ടോ എക്സിബിഷൻ ഒരു സ്ത്രീയെന്ന നിലയിൽ ശരീരം കൊണ്ടും മനസുകൊണ്ടും ആവാഹിച്ചു. കുട്ടികളിൽ അനുജാതിന്റെയും ഹൃദയിന്റെയും വരകൾ ആകാംക്ഷയോടെ ശ്രദ്ധിച്ചിട്ടുണ്ട്. കലാചരിത്രകാരൻ വിജയകുമാർ മേനോന്റെ
നഷ്ടവും ഈ വർഷമായിരുന്നു.
ദേശ -കാല- മത-ഉത്സവങ്ങളോടൊപ്പം സാഹിത്യ-ചലച്ചിത്ര -കലാ-ക്യാമ്പസ് ഫെസ്റ്റുകളും സജീവമായി ആഘോഷിച്ച വർഷമാണ്. ആദ്യം സൂചിപ്പിച്ച പോലെ കോവിഡിനു ശേഷമുള്ള കൂടിച്ചേരലിന്റെ ഉണർവും ആനന്ദവും പങ്കുചേർന്നിടത്തെല്ലാം അനുഭവവേദ്യമായിരുന്നു.

മതത്തിന്റെ പേരിൽ മാത്രം നൃത്തം ചെയ്യാൻ അവസരം നിഷേധിക്കപ്പെട്ട നർത്തകി മൻസിയക്ക് പിന്തുണയുമായി നാട്ടിൽ വേദികളുണ്ടായതും
അവരെ കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തതും സന്തോഷവർത്തമാനമായിരുന്നു. ഒപ്പം ഗായിക പുഷ്പവതി കേരള സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർപേഴ്സണായി ചുമതലയേറ്റതും. എന്നാൽ മറ്റൊരു കലാപഠനയിടത്തിൽ, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കുട്ടികൾ ജാതി- മനുഷ്യ വിരുദ്ധതക്കെതിരെ ഇപ്പോഴും നീതിക്കായി പോരടിക്കുന്നു എന്നത് വേദനയാണ്. അവർക്കും സന്തോഷമുള്ള പുതുവർഷം പിറക്കേണ്ടതുണ്ട്.

ടൂറിസ്റ്റു ബസുകൾ വെള്ളയടിച്ചതെന്തിനാണ്?
ബഫർ സോൺ കേരളത്തിലെ കാട്ടിൽ ആവശ്യമുണ്ടോ?
25 വയസിൽ മാത്രം വരുമെന്ന് ആരോഗ്യ സർവകലാശാല അറിയിച്ച ആ പക്വതയെന്തായിരിക്കും?
ഇങ്ങനെ ചില്ലറ സംശയങ്ങളുണ്ടായെങ്കിലും 2022 തരക്കേടില്ല.
"മനുഷ്യൻ എത്ര മനോഹരമായ പദം' എന്ന ഗോർക്കിയൻ ചിന്തയോടൊപ്പം,
സ്വാഗതം, 2023.
വി.അബ്ദുള്‍ ലത്തീഫ്
Mar 19, 2023
6 Minutes Read
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
ദീപന്‍ ശിവരാമന്‍
Mar 10, 2023
17 Minutes Watch
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read