അനുപമ ചോദിക്കുന്നു; അൺ വെഡ് ആയവർ പ്രസവിച്ചാൽ എന്താ കുഴപ്പം?

അൺവെഡ് ആയിട്ടുള്ളവർ അഡോപ്റ്റ് ചെയ്യുന്നുണ്ടല്ലോ. അതിനൊരു ഉദാഹരണമല്ലേ ഈ ശോഭനയൊക്കെ. അതിനൊരു കുഴപ്പവുമില്ലല്ലോ. അൺവെഡ് ആണെന്നിരിക്കെ സ്ത്രീകൾ അഡോപ്റ്റ് ചെയ്ത് വളർത്തുന്നതിനെ പൊതുവിൽ പ്രശ്നവത്കരിച്ചു കാണാറില്ല. അതിനേക്കാളും സവിശേഷതയുള്ളതല്ലേ അൺവെഡ് ആണ്, അച്ഛനില്ല, അവള് അവളുടെ സ്വന്തം കുഞ്ഞിനെ പ്രസവിച്ച് വളർത്താൻ തീരുമാനിച്ചു എന്നുപറയുന്നത്. അതിലേക്ക് നമ്മുടെ നാട് ഇതുവരെ എത്തിയിട്ടില്ല.

മനില സി.​ മോഹൻ: ഒരമ്മ കുഞ്ഞിനുവേണ്ടി നടത്തുന്ന അന്വേഷണങ്ങളും സമരവും നമ്മൾ കുറേ നാളായി കാണുന്നുണ്ട്. ഒടുവിൽ, അനുപമയ്ക്ക് കുഞ്ഞിനെ കൈയിൽ കിട്ടിയിരിക്കുകയാണ്. അതിനിടയ്ക്കുള്ള ഒരു ടെലിവിഷൻ ചർച്ചയിൽ അനുപമ പറഞ്ഞ ഒരു വാചകം ഓർക്കുന്നു. അത് ഇതാണ്, ‘ഞാൻ എന്റെ കുഞ്ഞിനെക്കുറിച്ചാണ് സംസാരിക്കുന്നത്. കുഞ്ഞിന്റെ അച്ഛനാരാണെന്നത് മാറ്റിവെക്കുക. അത് നിങ്ങൾ മൈൻഡ് ചെയ്യണ്ട. അതിനെക്കുറിച്ച് സംസാരിക്കേണ്ട ആശ്യമില്ല. ഞാൻ അന്വേഷിക്കുന്നത് എന്റെ കുഞ്ഞിനെയാണ്' എന്ന്. അത് യഥാർഥത്തിൽ കേരളത്തിന്റെ വൃത്തികെട്ട കപട സദാചാരബോധത്തിന്റെ നേർക്ക് നടത്തിയ ഒരു രാഷ്ട്രീയ പ്രസ്താവനയായി വായിക്കാം. പുതിയ കാലത്ത് അത്ര ധൈര്യത്തോടെ, വിവാഹത്തിന് പുറത്തുള്ള ഒരു ബന്ധത്തിലുണ്ടായ കുഞ്ഞിന്റെ അവകാശത്തിനായി, അച്ഛാനാരാണെന്ന് നിങ്ങളന്വേഷിക്കണ്ട, ഞാൻ പറയുന്നത് എന്റെ കുഞ്ഞിനെക്കുറിച്ചാണെന്ന് പറയുന്ന വളരെ ധീരവും രാഷ്ട്രീയവുമായിട്ടുള്ള ഒരു വാചകം. എന്തുകൊണ്ടാണ് അത് അങ്ങനെത്തന്നെ പറയണമെന്ന് തീരുമാനിച്ചത്. അത് സ്വാഭാവികമായി വന്ന സംഗതിയാണെങ്കിലും ഉള്ളിൽ ആ രാഷ്ട്രീയമില്ലാതെ അങ്ങനെ പ്രസൻറ്​ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. നമ്മൾ അറിഞ്ഞും കണ്ടും കേട്ടുമൊക്കെ വളർന്ന കുടുംബവ്യവസ്ഥക്കുപുറത്താണ് മനുഷ്യബന്ധങ്ങളുടെ സങ്കീർണതയെന്നും മറ്റു കാര്യങ്ങളൊക്കെ മാറ്റിവെക്കൂ, ഞാനീ പറഞ്ഞതിന് ഉത്തരം പറയൂ എന്നുമുള്ള നിലപാട്​ വളരെ പ്രധാനമായി തോന്നി. നമ്മുടെ ശരീരത്തിനുമേലുള്ള നിർണയാവകാശം നമ്മുടെ സ്വന്തമാണ് എന്നു പറയുന്ന അവകാശബോധം അല്ലെങ്കിൽ രാഷ്ട്രീയബോധ്യമാണല്ലോ അങ്ങനെ പറയിപ്പിച്ചിട്ടുണ്ടാവുക. ആ ഒരു സ്റ്റേറ്റ്മെന്റിലേക്ക് വന്ന ഒരു രാഷ്ട്രീയബോധ്യം എന്തായിരുന്നു?

അനുപമ എസ്​. ചന്ദ്രൻ: നമ്മുടെ നാട്ടിൽ പെൺകുട്ടികൾ അങ്ങനെയായിരിക്കണം, ഇങ്ങനെയായിരിക്കണം, കുലസ്ത്രീകളായിരിക്കണം, വീട്ടിനകത്ത് പെരുമാറേണ്ടത് അത്തരത്തിലായിരിക്കണം, തുടങ്ങി ഒരുപാട് കണ്ടീഷൻസിന്റെ നിര തന്നെയുണ്ട്. റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടികളായാൽ പോലും പ്രസവിക്കാൻ പാടില്ല, അല്ലെങ്കിൽ പ്രസവിച്ചാൽ ആ കുഞ്ഞിനെ ഉറപ്പായും ഉപേക്ഷിച്ചിരിക്കണം എന്ന ആറ്റിറ്റ്യൂഡ്​ എല്ലാവരുടെ മനസിലുമുണ്ട്. അതെന്തിനാണ്? അച്ഛൻ എന്ന് പറയുന്നത് എപ്പോഴും ഒരു സെക്കന്ററി തിങ്ങ് ആണ്. അമ്മ- കുഞ്ഞ് എന്നുപറയുന്ന റിലേഷനിൽ, വേണമോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കാനുള്ള എക്‌സ്ട്രീമായിട്ടുള്ള അവകാശം അമ്മയ്ക്ക് മാത്രമാണ്.

സ്വന്തം കുഞ്ഞിനെ അബോർട്ട് ചെയ്യണോ അതോ പ്രസവിക്കണോ എന്ന് തീരുമാനിക്കാൻ ആ കുഞ്ഞിന്റെ അച്ഛനോ ആ പെൺകുട്ടിയുടെ അച്ഛനോ അമ്മയ്‌ക്കോ അല്ലെങ്കിൽ നാട്ടുകാർക്കോ ആർക്കും അവകാശമില്ല. ഇത് ഭയങ്കര സദാചാര ബോധമാണ്. ഈ നവോത്ഥാനം പ്രസംഗിക്കുന്നവർക്ക് അത് വീടിന് വെളിയിലിറങ്ങുമ്പോൾ മാത്രം ധരിക്കാനുള്ളതാണ്, വീടിനകത്ത് കയറുമ്പോൾ അഴിച്ച് വെക്കും. അതാണ് അവരുടെ നവോത്ഥാനം. അല്ലാതെ കേരളത്തിൽ ഇപ്പോൾ പ്രസംഗിക്കുന്ന പോലെ ഭയങ്കരമായ ഒരു സ്ത്രീ- ശിശു കവചം- അങ്ങനെയൊരു സംഭവമേയില്ല. യാഥാസ്ഥിതിക മനോഭാവം അതുപോലെ പിന്തുടരുന്ന ഒരു സ്ഥലമാണിന്നും കേരളം. അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഞാൻ വിശ്വസിക്കുന്നത് ഇങ്ങനെയാണ്, അമ്മയ്ക്കാണ് എപ്പോഴും കുഞ്ഞുമായുള്ള റിലേഷനിൽ എക്‌സ്ട്രീമായ അധികാരം. അച്ഛൻ എന്നത് എപ്പോഴും സെക്കന്ററിയാണ്. അൺ വെഡ് ആയവർ പ്രസവിച്ചാൽ എന്താ കുഴപ്പം? അൺവെഡ് ആയിട്ടുള്ളവർ അഡോപ്റ്റ് ചെയ്യുന്നുണ്ടല്ലോ. അതിനൊരു ഉദാഹരണമല്ലേ ഈ ശോഭനയൊക്കെ. അതിനൊരു കുഴപ്പവുമില്ലല്ലോ. അൺവെഡ് ആണെന്നിരിക്കെ സ്ത്രീകൾ അഡോപ്റ്റ് ചെയ്ത് വളർത്തുന്നതിനെ പൊതുവിൽ പ്രശ്നവത്കരിച്ചു കാണാറില്ല. അതിനേക്കാളും സവിശേഷതയുള്ളതല്ലേ അൺവെഡ് ആണ്, അച്ഛനില്ല, അവള് അവളുടെ സ്വന്തം കുഞ്ഞിനെ പ്രസവിച്ച് വളർത്താൻ തീരുമാനിച്ചു എന്നുപറയുന്നത്. അതിലേക്ക് നമ്മുടെ നാട് ഇതുവരെ എത്തിയിട്ടില്ല.

സോഷ്യൽ മീഡിയയിലും അല്ലാത്തിടത്തും ഇടതുപക്ഷം എന്നവകാശപ്പെടുന്ന ആളുകളുടെ റിയാക്ഷനിൽ, ഇടതുപക്ഷത്തിന് ഉണ്ടാകണം എന്ന് വിചാരിക്കുന്ന ചില ക്വാളിറ്റീസ് കാണുന്നില്ല. കൃത്യമായും പാർട്രിയാർക്കൽ മനോഭാവത്തോടെ നേതാക്കൾ, അണികൾ, സൈബർ സഖാക്കൾ ഒക്കെ അനുപമയോട് അബ്യൂസീവായി പെരുമാറിയിട്ടുണ്ട്, അനുപമക്കൊപ്പം നിൽക്കുന്നവർക്കും എതിരെ നടക്കുന്നുണ്ട്​. അതിന് മുന്നിട്ടു നിൽക്കുന്നത് ഈ ആൺബോധമുള്ള, അല്ലെങ്കിൽ പർട്രിയാർക്കൽ ബോധമുള്ള ഇടതുപക്ഷക്കാരാണ്. ഇത്തരത്തിലുള്ള പുതിയ രാഷ്​ട്രീയം അല്ലെങ്കിൽ പുതിയ അവകാശബോധം ഉയർന്നുവരുന്ന സമയത്ത് കൂടെ നിൽക്കുമെന്ന് കരുതിയ ലെഫ്​റ്റിന്​- അനുപമ ലെഫ്റ്റിന്റെ ഭാഗമായതുകൊണ്ട് കൂടി ചോദിക്കുകയാണ്- ഇത്തരം അവകാശബോധത്തെ, സ്ത്രീസ്വാതന്ത്ര്യത്തെ ഒക്കെ കാണുന്ന രീതിയിൽ തെറ്റ്​ സംഭവിക്കുന്നുണ്ടോ? ഒരു ഭാഗത്ത് സർക്കാർ സ്ത്രീകൾക്കുവേണ്ടി പ്രഖ്യാപനങ്ങൾ നടത്തുന്നു, ജെൻഡർ സെൻസിറ്റീവായി സമൂഹം മാറുന്നതിനുള്ള ചുവടുവെപ്പുകൾ നടത്തുന്നു, പക്ഷെ പാർട്ടിയിൽ ഇപ്പോഴും അതിഭീകരമായ പാട്രിയാർക്കൽ മനോഭാവം തന്നെയാണുള്ളതെന്നാണല്ലോ ഇവരുടെയൊക്കെ പെരുമാറ്റം കൊണ്ട് മനസ്സിലാകുന്നത്. ഇടതുപക്ഷത്തിലുള്ള വിശ്വാസം അനുപമയ്ക്ക് ഇപ്പോഴുമുണ്ടോ?

പാർട്ടിയിൽ ഞാൻ വിശ്വസിക്കുന്നുണ്ടോ എന്നതിലുപരി പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടാനുള്ള സാഹചര്യങ്ങൾ തുടരെത്തുടരെ ഉണ്ടാവുന്നെന്ന കാര്യം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. നവോത്ഥാനം ഒക്കെ പറച്ചിലിൽ മാത്രം ഒതുങ്ങി പോകുന്ന ഒരവസ്ഥ പാർട്ടിയിലിന്നുണ്ട്. ശബരിമല വിഷയത്തിൽ സ്ത്രീകൾക്ക് എല്ലാ അവകാശങ്ങളുമുണ്ട്, നവോത്ഥാനം വേണം, ജെൻഡർ ഇക്വാലിറ്റി വേണം എന്നുപറഞ്ഞ പാർട്ടിക്ക് എന്റെ വിഷയത്തിൽ അതേ നിലപാടാണോ? ഒരു പി.ബി. അംഗവും കേന്ദ്ര കമ്മിറ്റി അംഗവും എനിക്കുവേണ്ടി പാർട്ടിയിൽ സമ്മർദം ചെലുത്തിയിട്ടും പാർട്ടി സെക്രട്ടറിയേറ്റ് അത് ചർച്ച ചെയ്യാൻ തയ്യാറായിട്ടില്ല. അതിന്റെ കാരണമെന്ന് ഞാൻ വിശ്വസിക്കുന്നത് അംഗങ്ങൾ ഇരുവരും സ്ത്രീകളായതു കൊണ്ടാണെന്നാണ്.

അനുപമ എസ്​. ചന്ദ്രൻ

ഞാൻ ഉന്നയിക്കുന്ന വിഷയങ്ങൾ പാർട്ടിക്ക് മനസിലാവാത്തതുകൊണ്ടല്ല, മനസ്സിലായിട്ടും അംഗീകരിക്കാൻ പറ്റാത്തതാണ്. തെറ്റുകൾ മറച്ചു പിടിക്കാനാണ് അവരിപ്പോഴും നോക്കുന്നത്. തെറ്റുകളെ രണ്ടു തരത്തിൽ കൈകാര്യം ചെയ്യാം. ഒന്ന്​, അതിനെ മറച്ചു വെക്കാം. രണ്ട്, ആ തെറ്റ്​ചെയ്തയാൾക്കെതിരെ മാതൃകാപരമായ നിലപാടെടുക്കാം. എന്നാൽ ഇവിടെ പാർട്ടി മാതൃകാപരമായ ഒരു നിലപാടടെക്കുന്നതിന് പകരം പരാതിക്കാരിയെ, പരാതിക്കാരനെ പ്രതിയാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇടതുപക്ഷ ആശയത്തിൽ വിശ്വാസമുള്ളതു കൊണ്ടാണ് ഒരുപാടുപേർ എസ്.എഫ്.ഐയിലേക്കും, ഡി.വൈ.എഫ്.ഐയിലേക്കും പാർട്ടിയിലേക്കും വരുന്നത്. പാർട്ടി അംഗത്വമുള്ളവരെ ചിന്താശേഷി ഇല്ലാതെ വളർത്തുകയാണിപ്പോൾ. സൈബർ പോരാളികൾ അവർക്കു കിട്ടുന്ന ക്യാപ്‌സൂളുകൾ അതേപടി വിഴുങ്ങുകയാണ്. സ്വന്തം ചിന്താശേഷി പോലും അടിയറവച്ച് രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങേണ്ട അവസ്ഥയാണ്. ഞാനെന്തു ചെയ്താലും പാർട്ടി സംരക്ഷിക്കും എന്ന മനോഭാവമാണ് രണ്ടു രൂപയുടെ അംഗത്വം സ്വീകരിച്ച് എസ്.എഫ്.ഐയിലും മറ്റും ചേരുന്നവരുടേത്. നവോത്ഥാനമൊക്കെ പാർട്ടിക്ക് പുറത്തേയുള്ള, അകത്തേക്ക് ഇനിയുമത് എത്തിയിട്ടില്ല.

Comments