കവി അൻവർ അലി എഴുതിയ ചാവുനടപ്പാട്ട് - മ്യൂസിക് വീഡിയോ കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. ചാവുനടപ്പാട്ട് എഴുതാനുണ്ടായ സാഹര്യത്തെക്കുറിച്ച് പറയുകയാണ് അൻവർ അലി. ഇന്ത്യൻ പാതകളിലൂടെ തലങ്ങും വിലങ്ങും നടന്ന, നടന്ന് വീണും ചതഞ്ഞരഞ്ഞും മരിച്ച തൊഴിലാളികൾക്ക് വേണ്ടിയുള്ള പാട്ട്.
19 Jun 2020, 07:45 PM
എഴുന്നള്ളത്തു വരമ്പിലൂടെ
തിരിഞ്ഞു നോക്കാതെ പോക നല്ലൂ
വഴിയില്‍ മണപ്പിച്ചു നില്‍ക്കട്ടെ
തന്നെ കടിച്ചു പൊളിച്ച നായ,
കെട്ടു പോകട്ടെ ചിറവെള്ളം,
കുരുപ്പു പൊങ്ങട്ടെ കാലികളില്‍
ആരേ കൂകി വിളിക്കുന്നു
എങ്ങോ പോകുന്ന തീവണ്ടി
പാളത്തിലല്ലെങ്കിലാ തീവണ്ടി
മൂലയില്‍ എന്റെ തല ചായ്ക്കാം
(രാമായണം - ആറ്റൂര്‍ രവിവര്‍മ്മ)
എന്റെ സ്‌കൂള്‍ക്കാലത്ത് നെയ്യാറ്റിന്‍കരയ്ക്കപ്പുറത്തു നിന്നു വരുന്ന കുട്ടികള്‍ "പാണ്ടിപ്പയലുക'ളായിരുന്നു. "പോടാ പാണ്ടീ'വിളി തെറിവിളിക്കു പകരവും. അക്കാലത്തെ തിരുവനന്തപുരത്ത് കൃഷിക്കും ചുമടെടുപ്പിനും വാര്‍ക്കപ്പണിക്കുമൊക്കെ നാട്ടുകാരായ കൂലിവേലക്കാര്‍ ഉണ്ടായിരുന്നെങ്കിലും ചില പട്ടണമരാമത്തുകള്‍ക്കും റോഡ് - റെയില്‍പ്പണികള്‍ക്കുമായി തമിഴകഗ്രാമങ്ങളില്‍ നിന്ന് ദരിദ്രരായ "പാണ്ടി'കള്‍ വന്നെത്തിയിരുന്നു. 70കളാണ് കാലം. ഏതൊരു മദ്ധ്യവര്‍ഗ്ഗ മലയാളിക്കുട്ടിയെയും പോലെ ഞാനും പോക്കണം കെട്ട വരത്തരോട് ഉള്ളില്‍ പുച്ഛം നട്ടുനനച്ചു. തന്റെ പുതുമണാളത്തിയുമൊത്ത് തലേന്നു കണ്ട "അവള്‍ വിശ്വസ്തയായിരുന്നു' സിനിമയിലെ ത്യാഗോജ്വലമുഹൂര്‍ത്തങ്ങള്‍ അയവെട്ടി ഞങ്ങടെ പേര്‍ഷ്യാക്കാരന്‍ മാമ നിറകണ്ണോടെ വിമാനം കയറുന്നതും സമാനമായ പോക്കണക്കേടിലേക്കാണെന്ന് അന്നെനിക്ക് അറിയുമായിരുന്നില്ല. 80 കളിലും 90 കളിലും 2000ത്തിലുമെല്ലാം ആ അജ്ഞത തുടര്‍ന്നു; വളര്‍ന്നു ചീര്‍ത്തു.
ഗള്‍ഫിലേക്കു തൊഴില്‍ തേടിപ്പോയ "ഞങ്ങടാളുക'ളും കേരളത്തിലേക്ക് തൊഴിലാളാന്‍ വന്ന ഇതര സംസ്ഥാനക്കാരും ഒരേ തൂവല്‍പ്പക്ഷികളാണെന്ന ലളിതസത്യം തിരിയാത്ത ആ വിവരക്കേടിന്റെ പേരാണ് മദ്ധ്യവര്‍ഗ്ഗം; സ്വതന്ത്ര ഇന്ത്യ എന്ന സംവിധാനത്തിനു കീഴിലെ ഒട്ടുമിക്കസൗകര്യങ്ങളുടെയും ഗുണഭോക്താക്കളായി ക്രമത്തില്‍ പരുവപ്പെട്ട വര്‍ഗ്ഗം.
മധ്യവര്‍ഗ്ഗത്വം ഒരാളില്‍ വിവരക്കേടു മാത്രമായിട്ടല്ല പ്രവര്‍ത്തിക്കുക. അതു തുറന്നിടുന്ന അവസരങ്ങള്‍ തിരിച്ചറിവിനു കൂടിയുള്ളതാണ് അതിലൂടെ ആര്‍ജ്ജിക്കുന്ന അറിവ്, സ്വാതന്ത്ര്യം, അധികാരം എന്നിവയുടെ ദുരുപയോഗത്തോളം തന്നെ സാധ്യത സദുപയോഗങ്ങള്‍ക്കുണ്ട്. സ്വാര്‍ത്ഥചിന്തയുടെ വലതുപക്ഷ റിപ്പബ്ലിക്കില്‍ മാന്യപൗരജീവിതം നയിക്കുമ്പോള്‍ തന്നെ, അത് ആരുടെ ചെലവില്‍ എന്ന ആദര്‍ശചിന്തയും അതേ വടിവില്‍ അവരില്‍ "അമാന്യ'മായി നീറിപ്പുകഞ്ഞെന്നു വരാം.
ഗള്‍ഫിലേക്കു തൊഴില്‍ തേടിപ്പോയ "ഞങ്ങടാളുക'ളും കേരളത്തിലേക്ക് തൊഴിലാളാന്‍ വന്ന ഇതര സംസ്ഥാനക്കാരും ഒരേ തൂവല്‍പ്പക്ഷികളാണെന്ന ലളിതസത്യം തിരിയാത്ത ആ വിവരക്കേടിന്റെ പേരാണ് മദ്ധ്യവര്‍ഗ്ഗം
മദ്ധ്യവര്‍ഗ്ഗത്വത്തിനുള്ളില്‍ തന്നെ വിധ്വംസകത്വവും മുട്ടയിട്ടു പെരുകാം എന്നര്‍ത്ഥം. അതുകൊണ്ടാവാം, ദരിദ്ര സമ്പന്ന ഭേദമെന്യേ, പാശ്ചാത്യ പൗരസ്ത്യ ഭേദമെന്യേ, ആധുനിക "സുസ്ഥിര' ദേശരാഷ്ട്രങ്ങള്‍ അരക്ഷിതവും അസ്വസ്ഥവുമായ കൊലനിലങ്ങള്‍ കൂടിയായി പരിണമിക്കുന്നത്. വൈരുദ്ധ്യങ്ങളുടെ കൂടായ ഈ മദ്ധ്യവര്‍ഗ്ഗത്വത്തിന്റെ ചെലവിലാണ് ഭരണകൂടം - അത് ജനാധിപത്യമാവട്ടെ സ്വേഛാധിപത്യമാവട്ടെ - രാഷ്ട്രം എന്ന ഏര്‍പ്പാട് വലിയൊരവോളം കൊണ്ടുനടത്തുക. കീഴടരുകളോടുള്ള സ്ഥിരപുച്ഛവും സഹാനുഭൂതിയും ഒന്നിച്ചു പൂട്ടിയൊരു രഥമാണത്. പിന്നോട്ടോ മുന്നോട്ടോ രേഖീയമായി ചലിക്കാത്ത, പക്ഷേ, അരേഖീയാധികാരവീഥിയിലൂടെ സര്‍വ്വഭക്ഷകമായി കുതികുതിക്കുന്ന വിചിത്രരഥം.
ഇന്ത്യന്‍ റെയില്‍വേ നമ്മുടെ ദേശീയതയുടെ പ്രൗഢബിംബമാണെന്ന് പാഠപുസ്തകങ്ങളിലെ പിയാര്‍ മൊഡ്യൂളുകള്‍ എത്ര പഠിപ്പിച്ചാലും തീവണ്ടിയില്‍ ഇന്ത്യയ്ക്ക് നെടുകെയും കുറുകെയും യാത്രചെയ്യാന്‍ തുടങ്ങിയാല്‍ വെളിവുള്ള തലച്ചോറുകളിലേക്ക് ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇരച്ചുകയറും. മദ്ധ്യവര്‍ഗ്ഗത്തിനും കാര്‍ഷിക ഗ്രാമങ്ങള്‍ക്കും പുറത്ത് ചേരികളുടെയും നാടോടികളുടെയും
ഒരു സമാന്തരലോകമുണ്ട്. അവിടെ ഇടത്തരക്കാരുടെ ജീവിതമാനകങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ശരീരഭാഷയ്ക്കും നിരക്കാത്ത ഒരു ജനജീവിതമുണ്ട്. ദേശീയതയുടെ ഞരമ്പുപടലമായ റെയില്‍പ്പാളങ്ങള്‍ക്കോരത്ത്, റെയലാപ്പീസുകളോടു ചേര്‍ന്ന്, വികസനവിഷത്തിന്റെ മാലിന്യക്കൂനകളും അലഞ്ഞുപൊറുതിക്കാരുടെ തമ്പുകളും കീഴാളരുടെ ചേരികളും ഇടതിങ്ങിയ ഒരിന്ത്യയുണ്ട്; നെഹ്‌റുവിയന്‍ മാതൃകകളുടെ കാലം തൊട്ടേ ഉണ്ട്.
പുതുനൂറ്റാണ്ടോടെ ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ഗെറ്റോകള്‍ പരമ്പരാഗത ദളിത്-മുസ്ലീം കോളനികള്‍ മാത്രമല്ലാതായി. നവലിബറലിസത്തിന്റെ പൈഡ് പൈപ്പര്‍മാര്‍ ഗ്രാമങ്ങളെ വളഞ്ഞുപിടിച്ച് നഗരത്തിലെ താല്‍ക്കാലിക ഷെഡ്ഡുകളിലോ കങ്കാണിസത്രങ്ങളിലോ പാര്‍പ്പിച്ചു.
വിറകുവെട്ടികളുടെയും വെള്ളങ്കോരികളുടെയും പുതിയൊരു സമാന്തര ഇന്ത്യയും 80കളൊടുവു മുതല്‍ സ്ഥൂലവികസന പദ്ധതികളുടെ പുറമ്പോക്കില്‍ അനുക്ഷണം വികസിച്ചു. ഗ്രാമങ്ങള്‍ പട്ടണങ്ങളിലേക്കൊഴുകിത്തുടങ്ങി. നവലിബറലിസത്തിന്റെ നിയാമകങ്ങള്‍ ഇന്ത്യന്‍ കാര്‍ഷികഗ്രാമങ്ങളെയും ഇടത്തരം പട്ടണങ്ങളെയും മാത്രമല്ല ആദിവാസി മലയോരങ്ങളെയും കാടുകളെയും പുഴകളെയും ഖനിജങ്ങളെയുമെല്ലാം ആഗോള കോര്‍പ്പറേറ്റ് കമ്പോളത്തില്‍ വഴിവാണിഭത്തിനു വച്ച കാലമാണത്. 90 കളില്‍ തൊഴില്‍തേടിപ്പട ക്രമാതീതമായി പെരുകിത്തുടങ്ങി. പുതിയ ചേരികളായി. ചേരികള്‍ പുതിയതുമായി. അലഞ്ഞു പൊറുതിക്കാരെന്നാല്‍ പണ്ട് ഞങ്ങള്‍ റെയിലോരത്തമ്പുകളില്‍ കണ്ട ഒട്ടരും പാണ്ടികളും മാത്രമല്ലെന്നു വന്നു. പുതുനൂറ്റാണ്ടോടെ ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ഗെറ്റോകള്‍ പരമ്പരാഗത ദളിത്-മുസ്ലീം കോളനികള്‍ മാത്രമല്ലാതായി. നവലിബറലിസത്തിന്റെ പൈഡ് പൈപ്പര്‍മാര്‍ ഗ്രാമങ്ങളെ വളഞ്ഞുപിടിച്ച് നഗരത്തിലെ താല്‍ക്കാലിക ഷെഡ്ഡുകളിലോ കങ്കാണിസത്രങ്ങളിലോ പാര്‍പ്പിച്ചു. ഞങ്ങളുടെ പുസ്തകങ്ങളിലും കവിതകളിലും ഇടമില്ലാതിരുന്നവര്‍, ഞങ്ങള്‍ക്ക് അന്നവും പാലും മുട്ടയും എത്തിച്ചവര്‍, ഞങ്ങളുടെ കാറോടിച്ചിരുന്നവര്‍, ഞങ്ങളുടെ നായ്ക്കളെയും പൂന്തോട്ടങ്ങളെയും പരിപാലിച്ചിരുന്നവര്‍.... ( ഗ്വാട്ടിമാലന്‍ കവി ഓട്ടോ റെനെ കാസ്റ്റിലോയുടെ "അരാഷ്ട്രീയ ബുദ്ധിജീവികള്‍' എന്ന കവിത ഓര്‍ത്തുകൊണ്ട്)
കലുഷമായ ഒരുത്തരകാലാഖ്യാനത്തിന്റെ കൂറ്റനെടുപ്പുകള്‍ക്കുമേല്‍ അവര്‍ എല്ലുമുറിയെ പണിതുകൊണ്ടിരിക്കെ ഞങ്ങള്‍ രാഷ്ട്രം പൂട്ടി സീലുവയ്ക്കുന്നു. ഗാാന്ധിയും ഗോഡ്‌സേയും ഒരേ ത്യാഗത്തിന്റെ ഇരുതലമൂര്‍ച്ചയാവുന്ന നരകാഖ്യാനം പ്രചരിപ്പിക്കപെടുന്നു. മുസ്ലീമിന്റെ ഇന്ത്യ റദ്ദാക്കപ്പെടുന്നു. കശ്മീരിയത്ത് റദ്ദാക്കപ്പെടുന്നു. മഹാമാരി കോള്‍കൊണ്ടതോടെ ദരിദ്രസമാന്തരജനത അപ്പാടെ രായ്ക്കുരാമാനം റദ്ദാക്കപ്പെടുന്നു.
ചൊറയില്‍ നിന്നുണ്ടായതാണ് ചാവുനടപ്പാട്ട്; നമ്മുടെ ദേശരാഷ്ട്രം സ്യഷ്ടിച്ച മദ്ധ്യവര്‍ഗ്ഗ പൗരസമൂഹത്തിന്റെ പുച്ഛസഹതാപച്ചൊറയില്‍ നിന്ന്. സ്വാതന്ത്യാനന്തരകാലത്തെ ആധുനികതയുടെയും അഭ്യസ്തവിദ്യയുടെയും സംസ്‌കാരസമ്പന്നതയുടെയും സര്‍വ്വോപരി ആണത്തത്തിന്റെയും വക്താവാണ് അതെഴുതിയത്. അവനാണ് പാത്രം മുട്ടിച്ചും ടോര്‍ച്ചു മിന്നിച്ചും അരോഗമദ്ധ്യവര്‍ഗ്ഗ റിപ്പബ്ലിക്കിനായി ആഭിചാരം നടത്തുന്നത്. അവന്റെ പേരിലാണ് ഭാരതമാതാവ് അഭിമാനം കൊള്ളുന്നത്. ടി.വി ചാനലുകള്‍ അര്‍മ്മാദിക്കുന്നത്. അതാ, ഭസ്മാസുരമായി വളര്‍ന്ന് സര്‍സംഘചാലകനും നവഭാരതശില്‍പ്പിയുമൊക്കെയായി പരിണമിച്ചുകൊണ്ടിരിക്കുന്നതും അവന്‍ തന്നെ. "അവന്‍ ഞാനല്ലോ' എന്ന് കവി.
India lives in its villages എന്ന് മുക്കാല്‍ നൂറ്റാണ്ടിലേറെ മുമ്പ് മഹാത്മജി പ്രഖ്യാപിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ തലങ്ങും വിലങ്ങും ഓടിയ തീവണ്ടികളില്‍ ഗ്രാമങ്ങള്‍ മഹാനഗരങ്ങളിലേക്ക് ഒഴുകിപ്പരന്നു. രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ പങ്കെടുക്കാനും ഇടയ്ക്ക് വീടുകളിലേക്കു മടങ്ങാനും ഇന്ത്യന്‍ ഗ്രാമീണര്‍ക്ക് തിട്ടമുള്ള ഏക വഴി തീവണ്ടിപ്പാതയായിരുന്നു. സ്വാതന്ത്യാനന്തര കാലത്തിന്റെ അശുഭം ആഴത്തില്‍ വായിച്ച കവി ആറ്റൂര്‍ രവിവര്‍മ്മ "എങ്ങോ പോകുന്ന തീവണ്ടി'യുടെ "പാളത്തിലല്ലെങ്കിലാ തീവണ്ടിമൂലയില്‍ എന്റെ തല ചായ്ക്കാം'
എന്നാണ് വരുങ്കാലത്തിന്റെ പേടിക്കിനാവിനെ എഴുതിയതെങ്കിലും, അറം നേരേ തിരിച്ചാണ് പറ്റിയത്. രാജ്യത്തിനൊപ്പം യാത്രാശകടങ്ങളും നിലച്ചു. വണ്ടിയില്ലെങ്കിലെന്ത്? പാത നാട്ടിലേക്ക് നീണ്ടു കിടപ്പുണ്ട്. പാതയിലൂടെ നടന്നു.

പാളത്തില്‍ തന്നെ തലവച്ചു കിടന്നു. ജീവനുള്ള മര്‍ത്ത്യമാംസത്തിനു മേലേ മുദ്രവച്ച പുതിയകാലവാഗണുകള്‍പാഞ്ഞുകയറി. ഗാന്ധിവാക്യത്തെ ക്രൂരമായൊരു ഐറണിയാല്‍ പൂരിപ്പിച്ചു കൊണ്ട് 2020 മേയ് 9 ന് ആര്‍. പ്രസാദ് എക്കണോമിക് ടൈംസിലെ തന്റെ കാര്‍ട്ടൂണ്‍ പേജില്‍ അവരുടെ ചോരക്കറ വരച്ചുവച്ചതിങ്ങനെ:
India lives in its villages,
works in its cities
and dies somewhere in between
ആ പ്രസാദ്കാര്‍ട്ടൂണിന്റെ തുടരെഴുത്താണ് ചാവുനടപ്പാട്ട്. അതിന് ഓഡിയോ വിഷ്വല്‍ കൊണ്ട് ജീവനൂതിക്കൊടുത്തത്, ജോണും ഡോണും പ്രേമും, പിന്നെ, ഞങ്ങളുടെ കളക്ടിവിലെ കുറേ ചെറുപ്പക്കാരും. ലോകത്തിലെങ്ങുമുള്ള നന്ദികെട്ട മദ്ധ്യവര്‍ഗ്ഗവും ഭരണകൂടവും കാണാനാണ് ഞങ്ങള്‍ അത് അപ് ലോഡ് ചെയ്തിതിട്ടുള്ളത്. കാണൂ, പ്ലീസ്.
കവി, ഗാനരചയിതാവ്
വി.കെ. ബാബു
Jan 28, 2023
8 minutes read
ഇ.എ. സലീം
Jan 12, 2023
9 Minutes Watch
ടി.ഡി രാമകൃഷ്ണന്‍
Jan 07, 2023
27 Minutes Watch
എം. ജയരാജ്
Jan 06, 2023
12 Minutes Read