ഒരു റിയലിസ്​റ്റിക്​ അപ്പൻ

ജീവിത ചോദനകളെ അമർത്തിവച്ച് ഈ ലോകം വിട്ടു പോകാൻ കഴിയാത്ത പിതൃ അധികാരി. അയാളുടെ കാമനാജീവിതത്തേയും അയാൾക്കു ചുറ്റുമുള്ള ലോകത്തേയും ആവിഷ്‌കരിച്ച് അതു മികവുറ്റ സിനിമാനുഭവമാക്കി തീർത്തിരിക്കുന്നു സംവിധായകൻ മജു.

പ്പന്റെ മരണം കാത്തിരിക്കുന്ന കുടുംബാംഗങ്ങൾ മലയാളി സാമാന്യബോധത്തിന് സമ്മതിച്ചു തരാൻ വിഷമമുള്ള ദൃശ്യമാണ്. എന്നാൽ ഈ പൊതുബോധത്തെ ഞെട്ടിച്ച് അട്ടിമറിക്കുന്നതാണ് മജു സംവിധാനം ചെയ്ത അപ്പൻ എന്ന പുതിയ ചിത്രം. ഇട്ടി എന്ന മനുഷ്യന്റെ അസാധാരണാമാം വിധം ഒടുങ്ങാത്ത ജീവിത കാമനകളെ ചിത്രീകരിക്കുകയാണ് ചിത്രം ചെയ്യുന്നത്. ഇട്ടി എന്ന അപ്പന്റെ കൊടിയ ദുർവൃത്തികളുടെ ഫലം അനുഭവിക്കുന്നത് ആത്മസംഘർഷത്തിന്റേയും ആത്മനിന്ദയുടേയും മാനസികനിലകളിൽ തളച്ചിടപ്പെട്ട അയാളുടെ കുടുംബാംഗങ്ങളാണ്. മക്കളെയോ പങ്കാളിയേയൊ സ്‌നേഹിക്കുക എന്നത് അറിഞ്ഞുകൂടാത്ത തന്നിഷ്ടക്കാരനായ പ്രജാപതിയാണ് ഇട്ടി. ജീവിത ചോദനകളെ അമർത്തിവച്ച് ഈ ലോകം വിട്ടു പോകാൻ കഴിയാത്ത പിതൃ അധികാരി. അയാളുടെ കാമനാജീവിതത്തേയും അയാൾക്കു ചുറ്റുമുള്ള ലോകത്തേയും ആവിഷ്‌കരിച്ച് അതു മികവുറ്റ സിനിമാനുഭവമാക്കി തീർത്തിരിക്കുന്നു സംവിധായകൻ മജു.

മനുഷ്യജീവിതം രേഖീയമായി ഒരിക്കലും ചരിക്കുന്നില്ല. അതു വിചിത്രമായ വഴികളിലൂടെയാണ് സഞ്ചരിക്കുക. സങ്കീർണമാണ് അതിന്റെ ഒഴുക്കുവഴികൾ. ഭാവനയെ വെല്ലുന്ന ജൈവചോദനകളാണ് അതിനെ പലപ്പോഴും നയിക്കുന്നത്. ആ ചോദനകൾ ഒരു ജീവിയുടെ അതിജീവന പിടച്ചിൽ കൂടിയാണ്. മനുഷ്യൻ എന്ന ഒരിക്കലും പിടിതരാത്ത ജന്തുവിന്റെ പിടച്ചിൽ. ഒരു ജീവിതത്തിന്റെ തനതായ അസ്തിത്വം എന്ന നിലയിൽ കൂടെയുള്ളവർക്ക് അതിനെ അനുതാപത്തോടെയേ നോക്കാനാവൂ. എന്നാൽ അതിർത്തികൾ ഭേദിച്ചുള്ള കാമനകളുടെ പകർന്നാട്ടത്തെ കുടുംബത്തിനോ സമുദായത്തിനോ സഹിക്കാനാവില്ല. സദാചാരത്തേയോ കുടുംബ ബന്ധങ്ങളേയോ പരിഗണിക്കാതെ കുതിക്കുന്ന അതിനെ പിടിച്ചുകെട്ടാൻ അവർ നിർബന്ധിതരാകുന്ന നിമിഷങ്ങളുണ്ട്. ഭ്രാന്തു പിടിപ്പിക്കുന്ന സംഘർഷാവസ്ഥയാണത്. ഈ സംഘർഷാവസ്ഥയാണ് അപ്പൻ എന്ന ചിത്രത്തിൽ സൂക്ഷ്മതലത്തിൽ അനാവരണം ചെയ്യപ്പെടുന്നത്. ആ മുഹൂർത്തങ്ങളിലെ വഴിവിട്ടുള്ള മനുഷ്യരുടെ പ്രതികരണങ്ങൾ സ്വാഭാവികമായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു. ആദർശതലത്തിൽ ജനങ്ങൾ മനസ്സിലാക്കിവച്ച ധാരണകളെ അട്ടിമറിച്ചുകൊണ്ടല്ലാതെ ഈ അവസ്ഥ റിയലിസ്റ്റിക്കായി ചിത്രീകരിക്കാനാവില്ല. അതു പ്രേക്ഷകർക്ക് ഞെട്ടലുളവാക്കുന്നുണ്ടെങ്കിൽ ഇവിടെ ആർടിസ്റ്റ് എന്ന നിലയിൽ സംവിധായകൻ വിജയിക്കുന്നു.

കുടുംബത്തെക്കുറിച്ചുള്ള അയഥാർത്ഥവും ആദാർശാത്മകവുമായ നിർമിതികളെ തച്ചുടയ്ക്കുന്നുണ്ട് സിനിമ. യാഥാർത്ഥ്യത്തെ മറച്ചും ഓരങ്ങളിലേയ്ക്ക് വകഞ്ഞുമാറ്റിയും സമുദായം ഉണ്ടാക്കിവച്ച് കൈമാറുന്ന സങ്കൽപങ്ങളെ പിഴുതെറിയുന്നു എന്ന അർത്ഥത്തിൽ അതു അത്രയും വിപ്ലവപരമാണ്. കൂടെയുള്ളവരെ ജീവച്ഛവമാക്കുന്ന, കൂടെ പെട്ടുപോയവരുടെ ജീവിതം നരകതുല്യമാക്കുന്ന പാട്രിയാർക്കൽ പ്രയോഗതലങ്ങളെ സിനിമ ദയാരഹിതമായി തുറന്നുകാട്ടുന്നുണ്ട്. ഭാര്യയായും മകളായും മരുമകളായും വീട്ടകങ്ങളിൽ കഴിയുന്ന സ്ത്രീജന്മങ്ങൾക്ക് കാണാതടറവകൾ തീർക്കുന്ന അപ്പനധികാരിയുടെ വാഴ്ച അതിന്റെ സകല സങ്കീർണതകളോടെയും ഭീകരതകളോടെയും ദൃശ്യവത്കരിക്കുന്നു എന്നതാണ് ഈ ചിത്രത്തെ സമാന പ്രമേയങ്ങളോടെ വന്ന മുൻകാല സിനിമകളിൽ (ഇരകൾ, ജോജി ) നിന്ന് വ്യത്യസ്തമാക്കുന്നത്. എന്നാൽ ബ്ലാക്ക് കോമഡി എന്ന നിലയിൽ നർമത്തെ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ചില സന്ദർഭങ്ങളിൽ അതു കൃത്രിമമാവുകയാൽ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതായി അനുഭവപ്പെടുന്നുണ്ട്.

ഇട്ടി അപ്പനാണ്. ചോദനയ്ക്കനുസരിച്ച്, സ്വന്തം ആനന്ദം ലക്ഷ്യമിട്ട് ജീവിച്ച ഒരാൾ. മൂല്യങ്ങളെ വിലവെയ്ക്കാത്ത പെൺവേട്ടക്കാരൻ. കൂടെ നിൽക്കുന്നവരെന്നോ എതിരാളിയെന്നോ നോക്കാതെ തന്റെ സ്വാർത്ഥത മാത്രം നടപ്പാക്കുന്ന അധികാര ദാഹി. ഏതു നിർണായക മുഹൂർത്തത്തിലും തന്റേ ഇനിയും അസ്തമിക്കാത്ത ആഗ്രഹജീവിത്തിനുവേണ്ടി ആരേയും ഒറ്റുന്ന ഒരാൾ. തന്നെ സ്‌നേഹിച്ചതിനു ശേഷം അടുത്തതായും തന്നെ മാത്രം സ്‌നേഹിക്കുന്ന കേവലജന്തു. ആ ജന്തുത്വം മറയില്ലാതെ പ്രകടിപ്പിക്കുന്ന ആൾ. ജീവിക്കാനുള്ള അതിയായ ചോദനയിൽ ഭാര്യയോ മകളോ മകനോ അത്തരം നേരങ്ങളിൽ അയാളുടെ ലോകത്തില്ല. ഇതൊന്നുമില്ലാതെ കോഴികൾ ജീവിക്കുന്നത് അയാൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇട്ടിയെ സംബന്ധിച്ച് ജീവി എന്നത് ജീവി മാത്രമാണ്. പട്ടിയ്ക്ക് പട്ടി എന്നല്ലാതെ വേറെ പേരിടുന്നത് എന്തിനെന്ന് അയാൾ ചോദിയ്ക്കുന്നുണ്ട്.പുറത്തിറങ്ങി തന്റെ വേട്ടജീവിതം തുടരാനാകാതെ വീട്ടിനകത്ത് കിടന്നു പോയതോടെ അപ്പനിൽ മുരൾച്ച അതിന്റെ പാരമ്യത്തിൽ എത്തുന്നു. അയാളുടെ അലറലുകൾ ഒരു മനുഷ്യേതരജീവിയുടെ സാന്നിദ്ധ്യമായാണ് ചുറ്റിലുമുള്ളവർക്ക് അനുഭവഭേദ്യമാകുന്നത്.

ഇട്ടിയെന്ന ജീവിയെ ആരായിരിക്കും ഇല്ലാതാക്കുക എന്ന ആകാംക്ഷയിൽ സിനിമ പ്രേക്ഷകരെ എത്തിക്കുന്നുണ്ട്. യഥാർത്ഥത്തിൽ മരണത്തിനായുള്ള കാത്തിരിപ്പ് ഇട്ടിയടക്കം എല്ലാവരുടേതുമായി മാറുന്നുണ്ട്. എല്ലാ പൂതിയും തീർത്തു മരിക്കാനാണ് ഇട്ടി എന്ന അപ്പൻ ആശിക്കുന്നത്. അയാൾക്കിനിയും ജീവിക്കാനുണ്ട്. അയാളിലെ ചെന്നായ ഉണരുമ്പോഴും നിസ്സഹായരായി കൂടെയുള്ളവർക്ക് നിൽക്കേണ്ടി വരുന്നു. ബന്ധങ്ങൾ നിസ്സാരമായി അറുത്തുകളയുക എളുപ്പമല്ല. ഇഴപിരിച്ചെടുക്കാൻ വിഷമമുള്ള സന്നിഗ്ദാവസ്ഥയാണത്. ആ അവസ്ഥയിലൂടെ അയാളുമായി ബന്ധപ്പെട്ടവർ എല്ലാവരും കടന്നുപോകുന്നുണ്ട്. ആൾ തീർന്നുകിട്ടാൻ ആഗ്രഹിക്കുന്നത് മക്കൾ മാത്രമല്ല. ബന്ധുക്കൾ, അയൽക്കാർ, നാട്ടുകാർ എല്ലാവരുമാണ്. ഈ ലോകം മറച്ചുവയ്ക്കലുകളിലൂടെ കെട്ടിയുണ്ടാക്കിയ ഒരു ലോകമാണ്. മനുഷ്യരുടെ പെരുമാറ്റമായാലും അവരുണ്ടാക്കുന്ന കുടുംബമായാലും ഏറിയും കുറഞ്ഞുമുള്ള നുണകളാണ് അതിന്റെ ഇഷ്ടികകൾ. ഇരകൾ വേട്ടക്കാർക്കു വേണ്ടി നടത്തേണ്ടി വരുന്ന മറകൾ തീർത്തതാണ് ഉദ്‌ഘോഷിക്കപ്പെടുന്ന കുടുംബങ്ങളുടേയും ബന്ധങ്ങളുടേയും അകത്തളങ്ങൾ.

വളരെ റിയലിസ്റ്റാക്കായാണ് ഇട്ടിക്കു ചുറ്റുമുള്ള ലോകം സിനിമയിൽ ആവിഷ്‌കൃതമാകുന്നത്. കുടുംബവും ബന്ധുക്കളും പ്രത്യക്ഷപ്പെടുന്നത്. അതു സമുദായം കാപട്യപൂർണമായി ഉള്ളിലൊതുക്കുന്ന അനേകം അടരുകളെ വെളിവാക്കുന്നു. ഭർത്താവിന്റെ അഴുക്കുകളെപ്പറ്റി പിടിപാടുള്ളവൾ തന്നെയാണ് അയാളുടെ ഭാര്യ കുട്ടിയമ്മ. പക്ഷേ, അതിന്റെ രൂക്ഷത പൂർണമായും അവർക്കു പോലും തിട്ടമില്ല. കൂടെ ജീവിച്ച കാലത്തിന്റെ ഒരിക്കലുമൊടുങ്ങാത്ത ദുരിതപ്പെയ്ത്തിനിരയെങ്കിലും ആത്യന്തികമായി അയാളെ ഉപേക്ഷിക്കാൻ അവർക്കാവില്ല. പൂമുഖ വാതിൽക്കൽ നിൽക്കുന്ന പൂന്തിങ്കളാകുന്ന ഭാര്യയായതുകൊണ്ടല്ല അത്. മനുഷ്യൻ ആയതു കൊണ്ടാണ്. പെണ്ണ് ആയതു കൊണ്ടാണ്. സഹജീവിയെ കൈവിടാതിരിക്കാനുള്ള കരുതലും അലിവും ഉള്ളതുകൊണ്ടാണ്. നിസ്സഹായമായ പിടച്ചിലിനകത്തും കാത്തുസൂക്ഷിക്കുന്ന ഒരു നീതിബോധമാണത്. പൗളി വൽസൻ ആണ് ഇട്ടിയുടെ ഭാര്യ കുട്ടിയമ്മ ആയി അഭിനയിച്ചത്. എത്രയും സ്വാഭാവികമായിട്ടുണ്ട് ആ വേഷപ്പകർച്ച.

അകപ്പെട്ടുപോയ മകനാണ് ഞ്ഞൂഞ്ഞ്. അപ്പന്റെ ദുർവൃത്തികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ആൾ. അയാൾ ഒരു കൊച്ചുകുട്ടിയുടെ അച്ഛനുമാണ്. സംത്രാസം അനുനിമിഷം അനുഭവിക്കുന്ന മകന് നില തെറ്റിപ്പോവുന്ന മുഹൂർത്തങ്ങൾ ധാരാളം. അപ്പനെ കൊല്ലാൻ പല തവണ ആഗ്രഹിച്ചുപോവുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്ന അയാൾക്ക് പക്ഷേ, മറ്റൊരാൾ അച്ഛനെ കൊല്ലാൻ ശ്രമിക്കുമ്പോൾ തടുക്കാതെ വയ്യ. പ്രേക്ഷകർ പോലും ഇട്ടി മരിക്കാൻ ആഗ്രഹിച്ചുപോവുന്ന ഒരു കാഴ്ചാ സന്ദർഭത്തിലാണ് മകൻ അപ്പനെ രക്ഷിക്കാനൊരുങ്ങുന്നത്. ജന്മബന്ധങ്ങളുടെ മുറുക്കം . അതിനെ ചെറുക്കുക എളുപ്പമല്ല. ഒരു പിതാവു കൂടിയായ മകനനുഭവിക്കുന്ന മാനസിക സംഘർഷം സണ്ണി വെയ്ൻ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. നിസ്സഹായതയും ആത്മരോഷവും ആത്മനിന്ദയും ആഴത്തിൽ അനുഭവിക്കുന്ന കഥാപാത്രമാണ് ഇട്ടിയുടെ മകൻ ഞ്ഞൂഞ്ഞ്.

ഭർത്താവിന്റെ വീട്ടിൽ എത്തിപ്പെട്ട് അയാളുടെ അപ്പന്റെ കലി ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരിൽ അയാളുടെ മകന്റെ ഭാര്യ റോസിയുമുണ്ട്. അവൾക്ക് അവിടെ നിന്നും പുറത്തു കടക്കുക എളുപ്പമല്ല. അവൾ കാര്യങ്ങൾ അറിയാവുന്നവളാണ്. ഇട്ടിയെ അറിയാം. ഞ്ഞൂഞ്ഞിനെ അറിയാം. ആ അറിവുകൾ അവളുടെ സംഘർഷവും നിസ്സഹായാവസ്ഥയും കൂട്ടുന്നു. തന്റെ ഭർത്താവ് കടുംകൈകൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അവളുടെ കടമയായി മാറുന്നു. കാരണം അവർക്കു ജീവിതം മുന്നിലുണ്ട് .അതു ഭർത്താവും മകനുമൊത്ത് അൽപ്പം സമാധാനത്തോടെ ജീവിച്ചു തീർക്കണമെങ്കിൽ ഇട്ടി ഇല്ലാതാവണം താനും. ഒരിടവേളയ്ക്കു ശേഷം അഭിനയരംഗത്തെത്തുന്ന അനന്യയാണ് റോസിയെ അവതരിപ്പിച്ചത്. പുറത്തു കാണിക്കാൻ പറ്റാത്ത മനോവ്യാപരങ്ങളുമായാണ് ഇതുപോലെ ആ വീട്ടിലെ എല്ലാവരും കഴിയുന്നത്. എത്ര മറച്ചാലും ഉയർന്നു വരുന്ന ജീവിത വാസ്തവങ്ങൾ. അപ്പനെ നന്നായി അറിയാവുന്ന വിവാഹിതയായ മകളാണ് മറ്റൊരു കഥാപാത്രം. അപ്പന്റെ സ്വത്ത് അവൾക്കെല്ലാം ആവശ്യമുണ്ട്. ബന്ധങ്ങളുടെ ഉള്ളുകള്ളികൾ നന്നായറിയാവുന്ന മകൾ കാത്തുസൂക്ഷിക്കുന്ന പുച്ഛം സ്വാഭാവികമാണ്. സന്ദർഭത്തെ ഉപയോഗപ്പെടുത്തി സ്വത്തുക്കൾ കൈക്കലാക്കാനുള്ള പ്രോയോഗികതയും അവൾ ഭർത്താവിനൊപ്പം തേടുന്നുണ്ട്.മകളായി ഗ്രേസ് ആന്റണി വേഷമിടുന്നു.

സ്ത്രീ കഥാപാത്രങ്ങൾ തമ്മിൽ പതിയെ രൂപപ്പെടുന്ന ഒരു പാരസ്പര്യമുണ്ട് സിനിമയിൽ. പരസ്പരമുള്ള മനസ്സിലാക്കലുകളും തിരിച്ചറിയലുളുമാണ് അതിനാസ്പദം. ചിത്രത്തിലെ ഹൃദ്യമായതും പ്രാധാന്യമുള്ളതുമാണ് പെണ്ണുങ്ങൾ തമ്മിൽ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സ്വാഭാവികമെന്നോണം പിറവിയെടുക്കുന്ന ഈ ബന്ധം. പരസ്പരം പോരടിക്കേണ്ടുന്നവരാണ് പരാമ്പരാഗത രീതിയനുസരിച്ച് അവർ. കുട്ടിയമ്മയും മരുമകളും തമ്മിൽ പോരിനുപകരം ഊഷ്മളമായ ബന്ധമാണ് തുടക്കം മുതൽ. ഇട്ടി എവിടെ നിന്നോ തന്റെ കാമപൂർത്തീകരണത്തിനായി കൊണ്ടുവന്ന് തന്റെ വീടിനോപ്പമുള്ള റബർ തോട്ടത്തിൽ കൂരകെട്ടി പാർപ്പിക്കപ്പെട്ടവളാണ് ഷീല (രാധിക രാധാകൃഷ്ണൻ). അവൾ ദുർനടപ്പുകാരിയും അഭിസാരികയുമാണ് സമുദായത്തിന്റെ നോക്കുപാടിൽ. ഇട്ടിയുടെ നിർബന്ധപ്രകാരം കുടുംബവീട്ടിൽ താമസം തുടങ്ങിയ ആദ്യനാളുകളിൽ ഉണ്ടായ പോര് സാവധാനം അലിഞ്ഞില്ലാതാവുകയാണ്. പലവിധം ഇരയാക്കപ്പെടുന്ന പെണ്ണുങ്ങളുടെ ഒരു കൂട്ടായ്മ അതോടെ അവിടെ രൂപപ്പെടുകയാണ്. അവസാനം എല്ലാവർക്കും വേണ്ടി , തന്നെ രക്ഷിക്കാൻ ശ്രമിക്കുന്ന മകൻ ഞ്ഞൂഞ്ഞുവിനെ ബലിയാടാക്കി കൊലയിൽ നിന്ന് തന്നെ രക്ഷിക്കാൻ യാചിക്കുന്ന വഞ്ചകനായ ഇട്ടിയെ വെട്ടിക്കൊല്ലുന്നത് ഹതഭാഗ്യയായ ഷീലയാണ്.

അലൻസിയറുടെ ഇട്ടി മികച്ച അവതരണമായിട്ടുണ്ട്. അലൻസിയറുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി ഇട്ടി അംഗീകരിക്കപ്പെടുമെന്നുറപ്പാണ്. നിരാശയും കോപവും സന്തോഷവും ദുഃഖവും എല്ലാം ക്ഷണനേരത്തിനുള്ളിൽ ആ ശരീരമാകെയും മാറി മാറി പ്രത്യക്ഷപ്പെടുത്തുന്നുണ്ട്. കിടന്നുള്ള അവസ്ഥയിൽ തന്റെ ശരീരത്തിന്റെ ഒരോ അണുവും ഉപയോഗപ്പെടുത്തിയാണ് ഇതു സാധ്യമാക്കുന്നത് എന്നു കാണാം. അതുപോലെ ഞ്ഞൂഞ്ഞ് ആയി ജീവിച്ച സണ്ണി വെയ്‌നും അംഗീകരിക്കപ്പെടേണ്ടതുണ്ട്.

2018 ൽ പുറത്തിറങ്ങിയ ഫ്രഞ്ചു വിപ്‌ളവം ആണ് മജു സംവിധാനം ചെയ്ത ആദ്യചിത്രം. മജുവും ആർ ജയകുമാറും ചേർന്നാണ് ഈ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീതം ഡോൺ വിൻസന്റ് ആണ് നിർവഹിച്ചിരിക്കുന്നത്. ക്യാമറ സതീഷ് കുറുപ്പും എഡിറ്റിംഗ് കിരൺദാസുമാണ് കൈകാര്യം ചെയ്തത്. വിനോദ് ഇല്ലംപിള്ളിയും പപ്പുവും ചേർന്നാണ് ഛായാഗ്രഹണം. ടൈനി ഹാൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ,രഞ്ജിത് മണമ്പ്രക്കാട്ട് എന്നിവരും സണ്ണി വെയ്ൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണനിർവഹണം. സോണി ലിവ് ഒ.ടി.ടി. യിൽ ചിത്രത്തിന്റെ സ്ട്രീമിംഗ് ലഭ്യമാണ്.

Comments