ഫ്രാങ്കോയുടെ അഭിഭാഷകൻ എന്റെ പേര്​ പറയുന്നത്​ അത്ര നിഷ്​കളങ്കമായല്ല: അഭിലാഷ്​ മോഹൻ

ഫ്രാങ്കോക്കെതിരായ ലൈംഗിക പീഡനക്കേസിൽ, സാക്ഷിയായ സിസ്റ്റർ അനുപമയുമായി, റിപ്പോർട്ടർ ടി.വിക്കുവേണ്ടി അഭിലാഷ് മോഹൻ നടത്തിയ അഭിമുഖം കോടതിയിൽ ഹാജരാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കോടതി അഭിലാഷ് മോഹനിൽനിന്ന് അഭിമുഖത്തെക്കുറിച്ച് വിവരം ശേഖരിക്കുകയും ചെയ്തിരുന്നു. കേസിലെ വിധിക്കുശേഷം പ്രതിഭാഗം അഭിഭാഷകൻ തന്റെ പേര് പരാമർശിച്ച്, കേസ് ജയിച്ചത് ഒരു മാധ്യമപ്രവർത്തകന്റെ അഭിമുഖം കാരണമാണ് എന്നു പറയുന്നത് ഒരുതരം നരേറ്റീവ് ബിൽഡിങ്ങാണെന്ന് അഭിലാഷ് മോഹൻ എഴുതുന്നു

ഫ്രാങ്കോ കേസിൽ വിധിയ്ക്കുശേഷം പ്രതിഭാഗം വക്കീൽ എന്റെ പേര് പരാമർശിക്കുന്നതു കണ്ടപ്പോൾ അത്​ അത്ര നിഷ്‌കളങ്കമായി തോന്നിയില്ല, അതിൽ എന്തെങ്കിലും ഉദ്ദേശ്യം കാണുമെന്നുതന്നെയാണ് കരുതുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് വലിയ പൊതുചർച്ചയാക്കി ഉയർത്തിക്കൊണ്ടുവരുന്നതിൽ മാധ്യമങ്ങൾ, പ്രത്യേകിച്ച് ടെലിവിഷൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അപ്പോൾ അതേ മാധ്യമങ്ങളുടെ അല്ലെങ്കിൽ മാധ്യമപ്രവർത്തകന്റെ അഭിമുഖം കാരണമാണ് ഞങ്ങൾ ഈ കേസ് ജയിച്ചത് എന്നുപറയുന്നത് ഒരുതരം നരേറ്റീവ് ബിൽഡിങ്ങാണ്. അതാണ് വിധിയ്ക്കുശേഷം എന്റെ പേര് പരാമർശിച്ചതിലൂടെ പ്രതിഭാഗം അഭിഭാഷകൻ ഉദ്ദേശിച്ചതെന്നാണ് എനിയ്ക്കുതോന്നുന്നത്.

ഞാൻ റിപ്പോർട്ടർ ടി.വി.യിലായിരുന്നപ്പോൾ ചെയ്ത ആ അഭിമുഖത്തിന് ഫ്രാങ്കോ കേസിന്റെ മെറിറ്റുമായി നേരിട്ട് ഒരു ബന്ധമില്ല. കാരണം ഇരയുമായിട്ടോ അതിന്റെ സാഹചര്യങ്ങളുമായോ ബന്ധപ്പെട്ട ഇന്റർവ്യൂ അല്ല ഇത്. അനുപമ എന്ന, ഈ കേസിലെ ഒരു സാക്ഷിയായ ഒരാളുടെ ഇന്റർവ്യൂ കേസിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി വന്നു എന്ന് പ്രതിഭാഗം അഭിഭാഷകൻ പറയുന്നത് നിഷ്‌കളങ്കമായി എടുക്കാൻ സാധിക്കില്ല.

ഈ കേസിൽ, ഇന്റർവ്യൂ സത്യസന്ധമാണോ അല്ലയോ എന്ന ചോദ്യമാണ് ഞാൻ പ്രധാനമായും നേരിടേണ്ടിവന്നത്. അതുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും കോടതി ചോദിച്ചു. ഞാൻ ഉത്തരവും പറഞ്ഞു. പ്രോസിക്യൂട്ടറുടെ അവസാന ചോദ്യം, അനുപമയോട് നിങ്ങൾ ഇത്രയും നേരം സംസാരിച്ചതിൽ നിന്ന് ഈ കേസിൽ അനുപമ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന തോന്നൽ നിങ്ങൾക്കുണ്ടോ എന്നായിരുന്നു. ഞാൻ ഉണ്ടെന്ന് മറുപടി നൽകി. അപ്പോൾ പ്രതിഭാഗം അഭിഭാഷകൻ അതിനെ എതിർത്തു. ഒരാളുടെ തോന്നൽ കേസിൽ ഏതെങ്കിലും തരത്തിൽ പ്രാധാന്യം അർഹിക്കുന്നതല്ലെന്ന് കോടതിയും അഭിപ്രായം പറഞ്ഞു. ഇത് കഴിഞ്ഞിട്ട് പ്രോസിക്യൂട്ടറോ പ്രതിഭാഗമോ പിന്നെ സംസാരിച്ചിട്ടില്ല.

പക്ഷെ, സിസ്​റ്ററിനുവേണ്ടി കേസ് നടത്തുന്നവരിൽ പ്രധാനിയായ ഷൈജു ആന്റണി അന്ന് വൈകുന്നേരം എന്നെ വിളിച്ചു. അദ്ദേഹം പ്രോസിക്യൂട്ടറോട് സംസാരിച്ചശേഷമാണ് വിളിച്ചത്. അദ്ദേഹമെന്നോട് നന്ദി പറഞ്ഞു. ഞങ്ങൾക്ക് ആശങ്കകളുണ്ടായിരുന്നു, പക്ഷെ നിങ്ങൾ വളരെ കൃത്യമായി തന്നെയാണ് കോടതിയിൽ ആ കാര്യം പറഞ്ഞതെന്നാണ് പ്രോസിക്യൂട്ടർ പറഞ്ഞത്. അതായത് ഞാൻ കൊടുത്ത മൊഴിയിൽ പ്രോസിക്യൂഷൻ തൃപ്തരാണെന്ന്. ഞാൻ അങ്ങോട്ട് ചോദിച്ചതല്ല, അവർ ഇങ്ങോട്ട് വിളിച്ചുപറഞ്ഞാതാണിത്.

ഇന്റർവ്യൂ നടക്കുന്നത് 2018 സെപ്റ്റംബറിലാണ്. ആ സമയത്ത് സിസ്റ്റർമാർ എറണാകുളത്ത് വഞ്ചി സ്‌ക്വയറിൽ സമരത്തിലാണ്. അവരുടെ ആവശ്യം ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റാണ്. ഈ കേസിൽ നീതി ലഭിക്കുകയാണ്. ആ സമരത്തിന്റെ പശ്ചാത്തലത്തിലാണ് വലിയതോതിലുള്ള സമ്മർദം കേസിൽ ഉണ്ടാവുന്നത്.

സമരത്തിനിടയ്ക്കാണ് ഞാൻ ഇന്റർവ്യൂ എടുക്കുന്നത്. സിസ്റ്റർമാരുടെ സമരത്തിന്റെ ഭാഗമായിട്ടുള്ള സഭാ സുതാര്യതാ സമിതിയുടെ പ്രവർത്തകരോട് സംസാരിച്ചിട്ടാണ് ഞാൻ അനുപമയെ ഇന്റർവ്യൂ ചെയ്തത്. ആ ഇന്റർവ്യൂവിന്റെ ഉദ്ദേശ്യം, അവർക്ക് പറയാനുള്ളത് പരമാവധി ജനങ്ങളെ അറിയിക്കുക എന്നതായിരുന്നു. ഇന്റർവ്യൂവിന്റെ ടൈറ്റിൽ തന്നെ ‘ഞങ്ങളുടെ മദറിനെ ഫ്രാങ്കോ ക്രൂരമായി പീഡിപ്പിച്ചു' എന്നായിരുന്നു. പ്രേക്ഷകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തിനുപുറത്ത് അങ്ങനെ ഒരു ഇന്റർവ്യൂ എടുത്തതും അത് സംപ്രേക്ഷണം ചെയ്തതുമെല്ലാം ഈ സിസ്റ്റർമാരുടെ ശബ്ദം കേൾപ്പിക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. മദർ അവരോട് പറഞ്ഞ കാര്യങ്ങൾ അനുപമ വളരെ വിശദമായി അവതരിപ്പിക്കുന്നുണ്ട്. പ്രതിഭാഗമാണ് ആ ഇന്റർവ്യൂ കോടതിയിൽ പരാമർശിക്കുകയും ഇന്റർവ്യൂവിന്റെ ക്ലിപ് കോടതിയിൽ ഹാജരാക്കുകയും ചെയ്ത്. അതിന്റെ അടിസ്ഥാനത്തിലാണ് എന്നെ വിളിപ്പിച്ചത്.

കഴിഞ്ഞ മാസമാണ് എന്നെ കോടതി വിളിപ്പിച്ചത്. കോടതി ആവർത്തിച്ച് ചോദിച്ച ചോദ്യം, അഭിമുഖത്തിൽ എന്തെങ്കിലും തരത്തിലുള്ള കൃത്രിമം കാണിച്ചിട്ടുണ്ടോ, എന്തെങ്കിലും കൂട്ടിച്ചേർത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ്. ഇല്ല എന്നാണ് ഞാൻ ഉത്തരം നൽകിയത്. മൊഴിപ്പകർപ്പ് എനിയ്ക്ക് വായിക്കാൻ തന്നിരുന്നു. ഞാൻ ഒപ്പിട്ട് നൽകി. ഇനി മൊഴിപ്പകർപ്പ് കിട്ടുമെങ്കിൽ അത് പ്രസിദ്ധീകരിക്കുന്നതിൽ എനിയ്ക്ക് പ്രശ്‌നമില്ല. റിപ്പോർട്ടർ ടി.വി. ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പിന്തുടരുകയും വാർത്ത നൽകുകയും ചെയ്തിരുന്നു.

സിസ്റ്ററിനൊപ്പവും നീതിക്കൊപ്പവുമാണ് ഞങ്ങൾ നിന്നത്. ഈ ഇന്റർവ്യൂ മാത്രമല്ല, കേസുമായി ബന്ധപ്പെട്ട ചർച്ചകളും വാർത്തകളും തുടർച്ചയായി നൽകിയിരുന്നു. അതൊക്കെ ഇപ്പോഴും പൊതുജനങ്ങൾക്ക് കാണാവുന്നതാണ്. ഇന്റർവ്യൂവിനെക്കുറിച്ചുള്ള എന്റെ വിസ്താരത്തിനുശേഷം സംസാരിക്കുമ്പോഴും പ്രോസിക്യൂഷൻ പൂർണ ആത്മവിശ്വാസത്തിലായിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഈ കേസിൽ ഇങ്ങനെയൊരു വിധി വന്നത് എന്നതിനെക്കുറിച്ചും എനിയ്ക്ക് പറയാനാകില്ല.

Comments