ലൈംഗികാക്രമണക്കേസിലെ ഇങ്ങനെയൊരു വിധി ഞെട്ടിപ്പിക്കുന്നത്​- എസ്​.പി. ഹരിശങ്കർ

ഫ്രാ​ങ്കോ മുളയ്​ക്കലിനെതിരായ കേസ്​, വിചാരണവേളയിലെ കൂറുമാറ്റം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ്​ മുന്നോട്ടുപോയത്​. എന്നിട്ടും ഇങ്ങനെയൊരു വിധിയുണ്ടാതയതെങ്ങനെ?. പ്രതിഭാഗം കൊണ്ടുവന്ന സാക്ഷികൾക്കാർക്കും തന്നെ വിശ്വാസ്യയോഗ്യമായി ഒന്നും പറയാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രോസിക്യൂഷൻ സാക്ഷികളെല്ലാം വളരെ കൃത്യമായി മൊഴി പറയുകയും ചെയ്തു. ഒരു കാരണവശാലും അംഗീരിക്കാൻ പറ്റാത്ത വിധിയാണ്. പോലീസ് തീർച്ചയായും വിധിയ്‌ക്കെതിരെ അപ്പീൽ പോകും- കേസിലെ ​അന്വേഷണ ഉദ്യോഗസ്​ഥനായ എസ്​.പി എസ്​. ഹരിശങ്കർ പറയുന്നു.

ഫ്രാ​ങ്കോ മുളയ്​ക്കലിനെതിരായ ലൈംഗികപീഡനക്കേസിലെ വിധിയെ ഞെട്ടലോടെയാണ്​ നോക്കിക്കാണുന്നത്​. വളരെ അസാധാരണമായ വിധിയായിരിക്കും ഇത്. ഒരുപക്ഷേ ഇന്ത്യയിൽ തന്നെ വേറിട്ടുനിൽക്കുന്ന ഒന്ന്​. കാരണം, പൊതുവെ ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഉയർന്ന കോടതികളുടെയെല്ലാം മാർഗനിർദേശങ്ങൾ എപ്പോഴും ഒരു റേപ്പ് വിക്റ്റിമിന്റെ മാനസികാവസ്ഥയെ ഉൾക്കൊണ്ടുള്ളതാണ്. ഇരയുടെ സ്ഥിരതയുള്ള മൊഴി മാത്രം മതി കുറ്റം സ്ഥാപിക്കാനെന്നത് സുപ്രീംകോടതി പറഞ്ഞിട്ടുള്ള സാഹചര്യത്തിലും കൂടിയാണ് വളരെ ഞെട്ടലോടെ ഈ വിധിയെ നോക്കിക്കാണുന്നത്.

കൃത്യമായ സാക്ഷിമൊഴികൾ; എന്നിട്ടും...

വിചാരണവേളയിലെ കൂറുമാറ്റം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളൊന്നുമില്ലാതെ നല്ല രീതിയിൽ മുന്നോട്ടുപോയ കേസിൽ ഇങ്ങനെയൊരു വിധിയുണ്ടാതയതെങ്ങനെ എന്ന് വിധിപ്പകർപ്പ് കിട്ടിയശേഷം മാത്രമേ കൃത്യമായി പറയാൻ സാധിക്കൂ. പ്രതിഭാഗം കൊണ്ടുവന്ന സാക്ഷികൾക്കാർക്കും തന്നെ വിശ്വാസ്യയോഗ്യമായി ഒന്നും പറയാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രോസിക്യൂഷൻ സാക്ഷികളെല്ലാം വളരെ കൃത്യമായി മൊഴി പറയുകയും ചെയ്തു.

റേപ്പ് എന്നുപറയുന്നത് പ്രത്യേകതരം കുറ്റകൃത്യമാണ്. അവിടെ പ്രതി നിയമത്തിനുമുന്നിൽ കുറ്റക്കാരനാകുന്നതിനോടൊപ്പം തന്നെ ഇരയാകുന്നയാളും സമൂഹത്തിൽ ഒറ്റപ്പെടുകയാണ്. അവരും ഒരു പ്രതിക്ക് തുല്യമായ മാനസികാവസ്ഥയിലേയ്ക്ക് പോവുകയാണ്. സമൂഹം ഒറ്റപ്പെടുത്തുന്നു. അവരുടെ മൊറാലിറ്റിയെ ബാധിക്കുന്ന വിഷയമാണ്. ഇതെല്ലാം ഒരു കന്യാസ്ത്രീയെ സംബന്ധിച്ച്​ അവരുടെ നിലനിൽപ്പിനെക്കൂടി ബാധിക്കുന്ന വിഷയമാണ്. ഇത്രയും അനുകൂല കാരണങ്ങളാണ് ഈ കാലതാമസത്തിനുള്ളത്. അതെല്ലാം ബോധ്യപ്പെടുത്താനാകുംവിധമുള്ള തെളിവുകൾ വന്നിട്ടുണ്ട്. കൊറോബ്രേറ്റീവ് തെളിവുകൾ ഒരുപാട് വന്നിട്ടുണ്ട്. ഒരുപാട് സാക്ഷികൾ കൃത്യമായി മൊഴി നൽകിയിട്ടുണ്ട്.

ഈ കേസിൽ എല്ലാ സാക്ഷികളും സാധാരണക്കാരാണെന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത്. പലരും ഈ സംവിധാനത്തിനകത്ത് തന്നെയുള്ളവരാണ്. ഒരു കന്യാസ്ത്രീ മൊഴി പറയാനായി കോടതിയിൽ വരുന്ന സമയത്ത് അവരുടെ അമ്മ, മൊഴി പറഞ്ഞ് പുറത്തിറങ്ങിയാൽ ഞാൻ ആത്മഹത്യ ചെയ്യുമെന്ന് വരെ പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായപ്പോൾ അവരെ സ്വതന്ത്രമായി മൊഴി പറയാൻ അനുവദിക്കണമെന്ന രീതിയിൽ പ്രോസിക്യൂഷൻ ഇടപെട്ട് അവരെ അനുനയിപ്പിക്കുന്ന സാഹചര്യങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഇത്തരം സാധാരണക്കാരായ ആളുകൾ വളരെ ധൈര്യപൂർവം മുന്നോട്ടുവന്ന്, സ്വാധീനിക്കപ്പെടാതെ കൃത്യമായിട്ട് പറഞ്ഞ ഒരു കേസ് കൂടിയാണിത്.
മൂന്ന് മെഡിക്കൽ തെളിവുകൾ, ഒരു കന്യാസ്ത്രീയെ സംബന്ധിച്ചിടത്തോളം Evidence for vaginal penetration എന്നുപറയുന്നത് ഒരു അസാധാരണ സംഭവമാണ്. അത് വളരെ കൃത്യമായി വന്നിട്ടുണ്ട്. ഇത്തരം ഒരുപാട് തെളിവുകൾ നിലനിൽക്കുന്ന ഒരു കേസിൽ, സുപ്രീംകോടതിയും ഹൈക്കോടതിയും തന്നെ ഒരു റേപ്പ് കേസിലെ വിലയിരുത്തുമ്പോൾ എന്തൊക്കെ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് വ്യക്തമായിട്ടുള്ള വിധിന്യായങ്ങൾ നിലനിൽക്കുകയും കൂടി ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വിധിയെ നമ്മൾ നോക്കിക്കാണേണ്ടത്.

അഞ്ച് കന്യാസ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് ക്രമീകരണം ഒരുക്കും. വിധി വരുന്ന പശ്ചാത്തലത്തിൽ അവിടെ സുരക്ഷാക്രമീകരണങ്ങൾ നേരത്തെ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്.

സമ്മർദങ്ങൾക്കും കള്ളക്കേസിനുമൊടുവിൽ പരാതി

പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ നിലനിൽപ്പ് എന്നുപറയുന്നതുതന്നെ പീഡിപ്പിക്കുന്ന ആളെ ആശ്രയിച്ചുനിൽക്കുന്നതാണ്. അവർ നാളെ ജീവിക്കണോ മരിക്കണോ എന്നുപോലും തീരുമാനിക്കാൻ കഴിവുള്ള ഒരാളാണ് ഇവിടെ പ്രതിയായി വരുന്നത്. അങ്ങനെയൊരു സാഹചര്യത്തിൽ ഒരു സ്ത്രീ അപ്പോൾ തന്നെ പ്രതികരിക്കണം എന്നുപറയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. സ്വാഭാവികമായും അവർ പ്രതികരണത്തിലേയ്ക്ക് പോയാൽ അവരുടെ ജീവൻ അപായപ്പെടാം, അവരുടെ നിലനിൽപ്പ് അനിശ്ചിതത്വത്തിലാകാം. അവരുടെ സഹോദരി ഇതേ സഭയിൽ കന്യാസ്ത്രീയാണ്. അവരെ അപായപ്പെടുത്താം. അവരുടെ കുടുംബത്തെ മൊത്തത്തിൽ ഒറ്റപ്പെടുത്തുന്ന സംവിധാനങ്ങളിലേയ്ക്ക് പോകാം.

ഇതെല്ലാം ആലോചിച്ചുകൊണ്ട് വളരെ മാനസിക സമ്മർദത്തിൽ ഇത് പുറത്തുപോലും പറയാൻ കഴിയാത്തരീതിയിൽ കുറേക്കാലം അനുഭവിച്ചു. സഹ കന്യാസ്ത്രീമാരോട് പറയുന്നില്ല. കൗൺസിലർമാരോട് പറയുന്നു. അതിനുശേഷം പലതരത്തിലുള്ള കുമ്പസാരങ്ങളിൽ ഏർപ്പെടുന്നു. ധ്യാനങ്ങളിൽ പങ്കെടുക്കുന്നു. അങ്ങനെ ഒരു ധ്യാനവേളയിൽ ഒരു വൈദികൻ കൊടുത്ത മാനസികമായ കരുത്തിന്റെ അടിസ്ഥാനത്തിൽ സഹ കന്യാസ്ത്രീമാരോട് പറയുന്നു. അവർ ആദ്യമായി ഒരു പ്രതിഷേധസ്വരം ഉയർത്തുന്നു. അതിനുശേഷം ഇവരിത് മറ്റാൾക്കാരോട് പറഞ്ഞേക്കും എന്ന സംശയത്തിൽ ഇവർക്കെതിരെ പലതരത്തിലുള്ള അച്ചടക്ക നടപടികളെടുക്കുന്നു. സ്ഥലംമാറ്റുന്നു.

ഒടുവിൽ അവർക്കെതിരെ കള്ളക്കേസ് കൊടുക്കുന്നു. ഈ സാഹചര്യങ്ങൾക്കെല്ലാം ഒടുവിലാണ് അവർ 2018-ൽ പോലീസിൽ പരാതിയുമായി വരുന്നത്. ഈ കാലയളവിലെല്ലാം തന്നെ അവർ ഈ വിഷയം പല ആളുകളോടും പറഞ്ഞിട്ടുണ്ട്. അവരുടെ സിസ്റ്റത്തിനകത്തുതന്നെ ഇത് പരിഹരിക്കുന്നതിനുവേണ്ടിയുള്ള പലതരത്തിലുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇങ്ങനെ തുടർച്ചയായി നടപടികൾ അവരുടെ ഭാഗത്തുനിന്ന് വന്നുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ ഒരു തുടർച്ചയാണ്. അതിനുശേഷമാണ് 2108-ൽ അവർ പരാതിയുമായി വരുന്നത്.

ആജീവനാന്തം നിശ്ശബ്​രായിരിക്കണോ?

ഈ കേസിന് ഒരു സാമൂഹികമാനം കൂടിയുണ്ട്. കാരണം, ഇത് ഒരു കന്യാസ്ത്രീ അവർക്ക് കിട്ടിയ ഒരു കച്ചിത്തുരുമ്പിൽ പിടിച്ചുകയറി ഇവിടം വരെ പോരാടിയ ഒരു കേസാണ്. ഞങ്ങൾക്ക് കഴിയാവുന്ന കാര്യങ്ങൾ അതിനുവേണ്ടി ചെയ്തിട്ടുണ്ട്. അതുപോലെ നിരവധിയാളുകൾ ഈ സാഹചര്യങ്ങളിൽ ഉണ്ടാകുമെന്നുകൂടി നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഒരു കന്യാസ്ത്രീയ്ക്ക് ഒരവസരം കിട്ടി, അതൊരു കച്ചിത്തുരുമ്പാക്കി അവർ മുന്നോട്ടുവന്നു.

ഫ്രോങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ നിന്ന്‌

ഇതുപോലെ നൂറുകണക്കിനാളുകൾ നിശബ്ദരായി വേറെയുണ്ടാില്ലേയെന്നാണ് നമ്മൾ നോക്കേണ്ടത്. ഈയൊരു സിസ്റ്റത്തിൽ മാത്രമല്ല, ഇതുപോലെയുള്ള മറ്റു പല സംവിധാനങ്ങളുണ്ട്. അനാഥാലയങ്ങളിലുണ്ടാകാം. അവിടെ സംരക്ഷിക്കുന്ന ആളുതന്നെ അക്രമിയാകുന്ന സാചര്യം ഉണ്ടായേക്കാം. ചിൽഡ്രൻസ് ഹോമിലുണ്ടാകാം, മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടാകാം, വൃദ്ധസദനങ്ങളിലുണ്ടാകാം. അതുപോലെയുള്ള പല സംവിധാനങ്ങളിലും ചൂഷണം നടക്കുന്നുണ്ടാകാം. അവിടെയെല്ലാം അവരുടെ ജീവനും നിലനിൽപ്പും ഭീഷണിയിലായതുകൊണ്ട് ഇത് പുറത്ത് പറയണോ വേണ്ടയോ എന്ന് സംശയിച്ചുനിൽക്കുന്ന നൂറുകണക്കിനാളുകൾ നമ്മുടെ ചുറ്റുംതന്നെയുണ്ടാകും. അങ്ങനെയുള്ള ആളുകൾക്ക് ഈ വിധി എന്ത് സന്ദേശമാണ് കൊടുക്കുന്നതെന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു. ഇത്തരം ആളുകൾ ആജീവനാന്തം നിശബ്ദരായിരിക്കണമെന്നാണ് ഈ വിധിയിലൂടെ പറയുന്നതെങ്കിൽ അത് സമൂഹത്തിനുതന്നെ കൊടുക്കുന്ന ഒരു തെറ്റായ സന്ദേശമായിരിക്കും. ഒരു കാരണവശാലം അംഗീരിക്കാൻ പറ്റാത്ത വിധിയാണ്. പോലീസ് തീർച്ചയായും വിധിയ്‌ക്കെതിരെ അപ്പീൽ പോകും. വിധിപ്പകർപ്പ് കിട്ടിയാലുടൻ തന്നെ അന്വേഷണ സംഘം പ്രോസിക്യൂട്ടറുമായി ചർച്ചചെയ്ത് അപ്പീൽ പോകുന്നത് തീരുമാനിക്കും. സംസ്ഥാന പോലീസ് മേധാവിയും അപ്പീൽ പോകണമെന്ന നിർദേശം തന്നെയാണ് നൽകിയത്.

വിക്ടിം പ്രൊട്ടക്ഷൻ സ്‌കീം ആദ്യമായി ഉപയോഗിക്കപ്പെട്ട കേസ്

2018-ൽ സുപ്രീംകോടതി ഒരു വിധിയിലൂടെ കൊണ്ടുവന്ന വിക്ടിം പ്രൊട്ടക്ഷൻ സ്‌കീം കേരളത്തിൽ ആദ്യമായി ഉപയോഗിക്കപ്പെട്ട കേസ് കൂടിയാണിത്. ഇതിലെ ഒരു സാക്ഷിയെ മൊഴി പറയാതിരിക്കാനായി ഹൈദരാബാദിൽ കൊണ്ടുപോയി താമസിപ്പിച്ച സാഹചര്യം ഉണ്ടായിരുന്നു. അവരുടെ വീട്ടുകാരം മിസ്സിങ് കേസ് കൊടുത്ത് അവരെ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

വിക്ടിം പ്രൊട്ടക്ഷൻ സ്‌കീമിന്റെ കംപീറ്റന്റ് അതോറിറ്റിയായ കോട്ടയം ജില്ലാ ജഡ്ജിയുടെ മുന്നിൽ അവർ അപേക്ഷ കൊടുക്കുകയും അവർക്ക് വിറ്റ്‌നസ് പ്രൊട്ടക്ഷൻ കൊടുക്കാൻ ജില്ലാ ജഡ്ജി ഉത്തരവിടുകയും ചെയ്തു. ജില്ലാ ജഡ്ജിയും എസ്.പി.യും പ്രോസിക്യൂട്ടറും അടങ്ങുന്നതാണ് കംപീറ്റന്റ് അതോറിറ്റി. 2018-ലെ സുപ്രീം കോടതി വിധിയിലെ വിക്ടിം പ്രൊട്ടക്ഷൻ സ്‌കീം അനുസരിച്ച് ഇരകൾക്ക് തീർച്ചയായും സംരക്ഷണം ലഭിക്കാൻ അവകാശമുണ്ട്.
ഹയർ കോടതികളുടെ നിലനിൽക്കുന്ന വിധികളുടെ വെലിച്ചത്തിൽ മാത്രമെ കോടതിവിധിയെ വിലയിരുത്താനാകൂ. ഒരു എഫ്.ഐ.ആറിൽ വരുന്ന കാലതാമസം, റേപ്പ് കേസിൽ ഏതൊക്കെ രീതിയിൽ കണക്കാക്കപ്പെടണം, വൈരുദ്ധ്യങ്ങൾ എങ്ങനെ പരിഗണിക്കണം എന്നതിനെയൊക്കെ കുറിച്ച് ഒരുപാട് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ആ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ഇതുവരെയുള്ള പ്രോസിക്യൂഷനെ വിലയിരുത്തിയതും വിധിയിലേക്കെത്തുമെന്ന് ധരിച്ചതും. പക്ഷെ അതിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള ഒരു വിധിയാണ് വന്നിരിക്കുന്നത്.

ഇത്തരം കേസുകളിൽ ഇന്ത്യയിലെ പൊതുരീതിയ്ക്കനുസരിച്ചുള്ളതല്ല ഇപ്പോൾ വന്ന വിധി. ഈ അപഭ്രംശം എങ്ങനെ സംഭവിച്ചുവെന്നുള്ളത് ജഡ്ജ്‌മെന്റ് പഠിച്ചാലേ അറിയാനാവൂ. ഈ കേസിൽ അപ്പീലിന് വലിയ സാധ്യതയുണ്ടെന്ന് തന്നെയാണ് പ്രതീക്ഷ. റേപ്പ് കേസുകളിലെ ഇരകൾ, റേപ്പ് നടക്കുമ്പേൾ നിലവിളിച്ചില്ല, ഇറങ്ങിയോടിയില്ല, ശബ്ദിച്ചില്ല തുടങ്ങിയ കാരണങ്ങൾ കൊണ്ട് പ്രതി കുറ്റവിമുക്തനാകുന്ന സാഹചര്യം പണ്ടുണ്ടായിരുന്നു. നിർഭയ കേസ് വന്നതിനുശേഷം ഐ.പി.സി. 375 ഭേദഗതി ചെയ്തതിൽ, പ്രതിരോധിച്ചില്ല എന്നത് സമ്മതത്തിന്റെ തെളിവല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമ്മതം (consent) എന്നത് വാക്കുകൊണ്ടോ അല്ലാതെയോ അസന്ധിഗ്ദമായി നൽകുന്നതായിരിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. നിയമസംവിധാനത്തിൽ ഇരകൾക്ക് അത്രയും സംരക്ഷണമുള്ള സാഹചര്യമാണുള്ളത്.

കേസിൽ സാഹചര്യങ്ങൾക്കും വലിയ പ്രധാന്യമുണ്ട്. ഈ കേസിൽ വിശ്വാസി (fiduciary) സംവിധാനത്തിൽ നിൽക്കുന്ന ഒരു സ്ത്രീ, സംരക്ഷകന്റെ സ്ഥാനത്തുനിൽക്കുന്ന അക്രമിക്കെതിരെ പരാതിയുമായി മുന്നോട്ടുവരുമ്പോൾ അവർ അനുഭവിക്കുന്ന മാനസികാവസ്ഥ, അവരുടെ സാമൂഹിക സാഹചര്യം, അവർ നേരിടുന്ന സമ്മർദം എന്നിവയെല്ലാം പ്രധാനമാണ്, ഒരു കന്യാസ്ത്രീയെ സംബന്ധിച്ചിടത്തോളം അവരുടെ കന്യാവൃത്തി എന്നുപറയുന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അത് നഷ്ടപ്പെട്ടു എന്നാണ് അവർ പരാതി പറയുന്നത്. അപ്പോൾ സ്വാഭാവികമായും അവർക്കുണ്ടാകുന്ന മാനസികാവസ്ഥ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതെല്ലാം ഉൾക്കൊണ്ടുകൊണ്ടുള്ള വിധിയാണ് പ്രതീക്ഷിച്ചത്. ഈ കാര്യങ്ങളെയൊക്കെ കോടതി വേറെ രീതിയിൽ വ്യാഖ്യാനിച്ചിട്ടുണ്ടാകണം എന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ട് ജഡ്ജ്‌മെന്റ് കിട്ടിയശേഷം എന്ത് നിയമവ്യഖ്യാനമാണുള്ളതെന്ന് നോക്കിയതിനുശേഷം കൂടുതൽ കാര്യങ്ങൾ പറയാനാകും.

Comments