ഓർമക്കണ്ണിലെ ഉപ്പായി,
അയാളെന്ന ഉപ്പ
ഓർമക്കണ്ണിലെ ഉപ്പായി, അയാളെന്ന ഉപ്പ
29 Sep 2020, 02:17 PM
താഴേത്തൊടിയിലേക്കിറങ്ങുന്ന കുത്തനെയുള്ള വഴിയിൽ നിന്നാൽ തെങ്ങോലകൾക്കിടയിലൂടെ കാണുന്ന വിമാനത്തിന്റെ ഇരമ്പൽ കേൾക്കുമ്പോൾ ആയിടയ്ക്ക് പേർഷ്യയിലേക്ക് പോയതോ വന്നതോ ആയ ആരുടെയെങ്കിലും കിസ്സ പിറകിൽ നിന്നും കേൾക്കാം. മീൻ നന്നാക്കുന്നതിനിടക്ക്, കറിക്കരിയുന്നതിനിടക്ക്, കഞ്ഞി വലിച്ചു കുടിയ്ക്കുന്നതിനിടയ്ക്ക്, തൊടിയിലെ പുല്ലു വെട്ടുന്നതിനിടക്ക്, മുറ്റമടിക്കുന്നതിനിടക്ക്, പയ്യിന് പുല്ലരിയുന്നതിനിടയ്ക്ക്, വരമ്പ് ചെത്തുന്നതിനിടയ്ക്ക് - ഒക്കെ നാട്ടിൽ നിന്നും അറബിപൊന്ന് തേടിപ്പോയി ഒരു കുടുംബം ഒന്നടങ്കം എന്തിന് അയലോക്കക്കാരെ കൂടി “രക്ഷപ്പെടുത്തിയ” ബാല്യേക്കാരുടെ മായാജാലക്കഥകൾ കേൾക്കാം.

നീണ്ടു മെലിഞ്ഞു കൊലുന്നനെ, നാട്ടു വെയിലും കൊണ്ട്, ഇരുണ്ട് വിയർത്തു കുളിച്ച് കള്ളിമുണ്ടുടുത്ത്, നാട്ടിൽ പേപ്പറിട്ട് നടന്നവനും- പാല് കൊണ്ടോയി കൊടുത്തവനും -പയ്യിന് പുല്ലരിഞ്ഞവനും-മെഷിനിൽ കുപ്പായം തയ്ച്ചവനും - പള്ളീല് ബാങ്ക് വിളിച്ചവനും - ടാക്സി ഓടിച്ചവനും -തൊടീലോ വർക്ഷോപ്പിലോ പണിയെടുത്തവനുമൊക്കെ കൗമാരം മാറുന്നതിനും മുമ്പേ ഒരിക്കൽ വിസ കിട്ടി അറബി നാട്ടിലേക്ക് പോകും.
പിന്നീട് “പോസ്റ്റ്മേൻ” സുബ്രമണ്യൻ അരികുകളിൽ നീലയും ചുവപ്പും കുഞ്ഞി ചതുരങ്ങളുള്ള തൂവെള്ള കവറുകളിൽ മിക്കപ്പോഴും അക്ഷര തെറ്റുകൾ നിറഞ്ഞ നീണ്ട കത്തുകൾ നാട് നീളെ കൊണ്ട് നടക്കും. ഇളം നീല പേപ്പറിൽ കോറിയിട്ടതിലോരു വരി നാട്ടിലെ വീട്ടിലെ എല്ലാവരെ കുറിച്ചും കാണും. അത് കേട്ട് നെടുവീർപ്പിട്ടവരും കണ്ണ് നിറച്ചവരും പൊട്ടിക്കരഞ്ഞവരും കത്തും കെട്ടി പിടിച്ചുറങ്ങിയവരുമൊക്കെ അടുത്ത കത്തും "കായും' വരാൻ കാത്തിരിക്കും. മൂന്നാലു കൊല്ലത്തിലൊരിക്കൽ നോമ്പിന് തൊട്ടു മുന്നേ അത്തറ് പൂശി "കാൽസറായി' ഉടുത്ത് അതിശയപ്പെട്ടി നിറയെ സമ്മാനപൊതികളുമായി ഒരു വരവുണ്ടായിരുന്നു.
ആ അറബിപ്പൈസ കൊണ്ടാണ് നാട്ടിൽ റേഡിയോയും ടേപ്പ്റെക്കോർഡറും മിക്സിയും ടീവീയും വി സി ആറും വന്നത്, ആ വകയിലാണ് പെൺകുട്ടികൾ "പൂപ്പതിയിൽ' ഉണക്കപുല്ലു മാറ്റി പൊന്നിൻ ജിമുക്കിയിട്ടതും , പൊരകളുടെ മേൽക്കൂരയിൽ നിന്ന് പുല്ലും വൈക്കോലും തടുക്കും മാറി ഓടും ടെറസും വന്നതും, കുഞ്ഞി ചെറുക്കൻമാര് സൈക്കിളോടിക്കാൻ തുടങ്ങിയതും, നാട് നിറയെ ജീപ്പും കാറും കടകളും വന്നതും. ആ വഴിക്കാണ് ആൺകുട്ടികളും പെൺകുട്ടികളും സ്കൂൾകാലം മുഴുമിച്ച് കോളേജിൽ പോകാൻ തുടങ്ങിയതും , കപ്പയും ചക്കക്കൂട്ടാനും കഞ്ഞിയും, മോര് കാച്ചിയതും പോത്തിറച്ചി വരട്ടും-വെറും ചോറും ഒക്കെ മാറ്റി നെയ്ച്ചോറും കോഴിക്കറിയും പിന്നെ ബിരിയാണിയിലേക്കും ഷവർമ്മയിലേക്കും ബ്രോസ്റ്റിലേക്കും ഒക്കെ വഴി മാറിയതും. അങ്ങനെയങ്ങനെ ആയിരത്തൊന്നു രാത്രികളിൽ വായിച്ച അത്ഭുതകഥകളിലെ നാടായിരുന്നു മനസ്സിലെ അറേബ്യ എന്നും.
വള്ളിപ്പാവാടയിൽ നിന്നും വെള്ളികൊലുസിൽ നിന്നും വളർന്ന് പഠിപ്പും ജോലിയുമായി. ഒടുവിൽ കല്യാണം കഴിഞ്ഞു ഞാനും ദേശാടനത്തിനു പോയി. പല നാടുകൾ കണ്ട് ഏറ്റവുമൊടുവിൽ ഈ കൊല്ലം ജനുവരിയിലാണ് അതിശയങ്ങളുടെ അറേബ്യ കണ്ടത്. രണ്ടാഴ്ചക്കായി നാട്ടിൽ നിന്നും ഒരു അറേബ്യൻ യാത്ര. വീമാനത്തിൽ നിന്ന് താഴെ വടുക്കൾ നിറഞ്ഞ വെള്ളി മണൽക്കടൽ നോക്കിയിരുന്നു. കുളിരരുവികളോ കരിനീല മലകളോ ഒന്നുമില്ലാത്ത നാട്, ആകെ പാറക്കൂട്ടങ്ങളും മണൽപ്പരപ്പുകളും മാത്രം. പച്ചപ്പു ലവലേശമില്ലാത്ത പൊടിയുയരുന്ന ഭൂപ്രകൃതിയിൽ അവിടവിടെ മേൽക്കൂരകളില്ലാത്ത ചതുരപ്പെട്ടികൾ പോലെ കെട്ടിടങ്ങൾ.

പിറ്റേ ദിവസം രാവിലെ തന്നെ പുറത്തിറങ്ങിപ്പോയ പൂച്ചക്കണ്ണൻ തിരിച്ചു വന്നത് ഒരു ഖുറൈശിയെയും അയാളുടെ പൊടി പിടിച്ച വെള്ളക്കാറുമായാണ്. “ഒരു ഭാര്യയും അഞ്ചു മക്കളുമുള്ള” തപ്പിപിടിച്ചു ഇംഗ്ലീഷ് സംസാരിക്കുന്ന തലയിൽ വട്ടിട്ട് അതിനടിയിൽ ചുവന്ന തട്ടമിട്ട ഖുറൈശി. അറേബ്യയുടെ മുക്കും മൂലയും മലകളും മരുപ്പച്ചകളും പുണ്യ പുരാതന നഗരങ്ങളും കൊണ്ട് നടന്നു കാണിച്ചു ഒടുവിലത്തെ ദിവസമാണ് കോർണിഷ് കാണിക്കാൻ കൊണ്ട് പോയത് .
ചാവ് കടലിന്റെ ഒരറ്റത്തിന് ഇപ്പുറെ ഈന്തപ്പനകൾ തലയുയർത്തി നിൽക്കുന്ന പുൽവിരിച്ച ബെഞ്ചുകളിട്ട ഒരു ആളൊഴിഞ്ഞ പാർക്ക്.
പൂച്ചകണ്ണൻ പൂച്ചക്കുട്ടികളുടെ പിന്നാലെ ഓടിപ്പോയപ്പോൾ, ഓളങ്ങളില്ലാത്ത കടൽ കാണാൻ ഞാൻ മുന്നോട്ടോടി. കറുത്ത നീണ്ട വസ്ത്രത്തിൽ ശീലമില്ലായ്മ്മയാലുള്ള തട്ടിത്തടവ് കാരണം ജീൻസിനു മീതെ സ്ഥിരമായി ധരിക്കുന്ന മുട്ട് വരെയുള്ള ഒരു വേനൽ ജാക്കറ്റ് ആണ് വേഷം. അകലെ നിന്നെ അയാളെ കണ്ടിരുന്നു , ഒറ്റത്തെങ്ങിനിടക്ക് ഇളം നീല ഷിർട്ടിട്ട് അന്തതയിലേക്ക് നോക്കി നിൽക്കുന്ന ഒരാൾ. ബെഞ്ചിൽ ഇരുന്നു വിയർപ്പാറ്റുന്ന ഏതോ ദമ്പതികൾ. ആയിടെ വന്ന പോലുള്ള ആകെ പകപ്പുള്ള ഒരു ചെറു ബാല്യക്കാരൻ. കടുംനീല നിറമുള്ള കടലിടുക്ക്. തെളിഞ്ഞ വെള്ളം. പരിചയമില്ലാത്ത മീൻകൂട്ടത്തിന്റെ സംഘ നൃത്തം. അലറുന്ന ശാന്ത സമുദ്രം കണ്ടു ശീലമുള്ള എനിക്ക് ആ വെള്ളം തൊടാൻ വെറുതെ ഒരു മോഹം.

കടലിലിറങ്ങാൻ വിടവ് നോക്കി ഒരു നീളം മുന്നോട്ടു പോയി തിരിച്ചു വന്നപ്പോഴും ഒറ്റത്തെങ്ങു പോലെ നെഞ്ചിൽ എന്തോ തറച്ച പോലെ ഒരു നിൽപ്പുണ്ട് അയാൾ . ഇടയ്ക്ക് ഒന്ന് ബാലൻസ് പോയി വീഴാൻ പോയപ്പോൾ “ന്റുമ്മാ” എന്ന് പറഞ്ഞതും “അപ്പോ തുർക്കിപെണ്ണല്ലല്ലേ “ എന്നു പതുക്കെ പറഞ്ഞു മുന്നോട്ട് വന്നു . മിണ്ടി പറഞ്ഞപ്പോൾ ഒരേ നാട്ടുകാര് .
“പത്തു മുപ്പതു കൊല്ലമായി ഒരറബി വീട്ടിലെ ഡ്രൈവറാണ് , അറബിക്കുട്ടികളെ പാർക്കിൽ കൊണ്ട് വന്നതാണ്. നാട്ടിൽ രണ്ടു പെൺമക്കളും ഒരു മകനും മൂന്നാലു പേരമക്കളും . ഇനി നാട്ടിൽ പോയാൽ തിരിച്ചു പോരില്ല എന്ന് എപ്പളും കരുതും . പെങ്ങന്മാരും അനിയന്മാരും അവരുടെ മക്കളും ന്റെ മക്കളും ഇപ്പൊ പേരമക്കളും. കല്യാണങ്ങളും പൊര വെപ്പും വീട് പണീം പിന്നെയും പിന്നെയും ഓരോരോ പ്രാരാബ്ധങ്ങള് “
ഖുറൈഷിക്ക് കൊടുക്കുന്ന ടാക്സി ചാർജ് കൂടുതലാണെന്ന് പിന്നെയും പറഞ്ഞു, കൂടെ ജോലി ചെയ്തുണ്ടാക്കുന്ന പൈസയൊക്കെ സൂക്ഷിച്ചു ചിലവാക്കണമെന്നും. കുട്ടികൾക്ക് കൊടുക്കാൻ ഒരു നാരങ്ങാമുട്ടായി കൂടി കയ്യിലില്ലല്ലോ എന്നോർത്തു അയാൾ വെറുതെ സങ്കടപ്പെട്ടു.
“വല്യ പ്രയാസങ്ങളൊന്നും ഇല്ല കുഞ്ഞോളെ.
പിന്നെ ഒറ്റക്കാണ് , വെപ്പും കുടിയും തീനും ഒക്കെ . മൊബൈൽ റേഞ്ചില്ലാത്ത ഒരിടത്താണ് അറബീടെ പൊര. ആരോടും ഒന്നും പറയാറില്ല. അപ്പൊ വെറുതെ മാനം നോക്കി സിഗരറ്റു വലിക്കും .... "
"ഇക്കുറി നോമ്പിന് പോയാൽ ഞാൻ തിരിച്ചു പോരൂല്ലാ …. "അയാൾ സ്വയം പറഞ്ഞു.

ഖുറൈശി വരാൻ സമയമായപ്പോൾ ഞങ്ങൾ യാത്ര പറഞ്ഞു. അയാളുടെ കണ്ണുകളെന്തോ നിറഞ്ഞിട്ടുണ്ടായിരുന്നു. അയാൾ പെട്ടന്ന് തിരിഞ്ഞു നടന്നു. കാറിൽ കയറി ഞാൻ വെറുതെ തിരിഞ്ഞു നോക്കി. ഒറ്റത്തെങ്ങിനടുത്ത് നീലക്കടൽ നോക്കി ഒരു പ്രതിമ പോലെ അയാൾ! ഓളങ്ങളില്ലാത്ത കടലോർക്കുമ്പോൾ, നോമ്പ് കാലം വന്നു പോയപ്പോൾ, കൊറോണക്കാലത്ത് ഒക്കെ അയാളെന്ന ഉപ്പ പിന്നെയും പിന്നെയും ഓർമ്മക്കണ്ണുകളിൽ ഉപ്പാകുന്നു.
Shaji Joseph
6 Oct 2020, 11:25 PM
നല്ല കുറിപ്പ്. അഭിനന്ദനങ്ങൾ
Nissar rasheed
6 Oct 2020, 11:21 PM
എത്ര സരളമായി നോവുള്ളതെങ്കിലും അതിനേക്കാൾ എത്രയോ സന്തോഷമുള്ള പച്ചയായ ജീവിത സത്യങ്ങൾ വരച്ചിട്ടു ... പ്രവാസം പ്രയാസമുള്ളതാണേലും വേണ്ടപ്പെട്ടവർക്ക് വേണ്ടി ആകുമ്പോൾ അതിലുള്ള ഒരു സുഖം ഉണ്ടല്ലോ.. No words 👍
Nazarudheen .a
6 Oct 2020, 09:36 PM
കൊള്ളാം ഓർമ്മകൾ .. 👍👍👏👏
Ameen Noufal
30 Sep 2020, 07:31 AM
Heart touching.. Congrats..🍁
Zubair CN
29 Sep 2020, 04:38 PM
മനോഹരം 👍👍👍
മുഹമ്മദ് റഫീഖ്
29 Sep 2020, 03:00 PM
ഹൃദ്യം,പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി, കുറഞ്ഞ വരികളിൽ
ബഷീർ മാടാല
Mar 02, 2021
14 Minutes Read
റഷീദ് അറക്കല്‍
Feb 19, 2021
40 Minutes Listening
റഷീദ് അറക്കല്‍
Jan 09, 2021
40 Minutes Watch
സജി മാര്‍ക്കോസ്
Oct 10, 2020
2 Minutes Watch
അബ്ദുള്‍ റഷീദ്
Sep 01, 2020
7 minute read
Jain
7 Oct 2020, 12:30 PM
നന്നായിരിക്കുന്നു