അനിവാര്യമായ കിരീടം മെസ്സി നേടുക തന്നെ ചെയ്​തു

ന്തുകൊണ്ടാണ് അർജന്റീനക്കും ലയണൽ മെസ്സിക്കും കോപ്പ അമേരിക്ക കിരീടം അനിവാര്യമായിരുന്നത്? മെസ്സിയുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരൻ മെസ്സി തന്നെയാണ്. അതുകൊണ്ടുതന്നെ സ്വന്തം രാജ്യത്തിനുവേണ്ടി ഒരു കിരീടം നേടുക എന്നത് അദ്ദേഹത്തിന്റെ കളിജീവിതത്തിന്റെ അനിവാര്യതയായിരുന്നു. ഇത് അദ്ദേഹത്തിന് ഒരേസമയം ദുർവിധിയും വിധിയുമായി.

കോപ്പ അമേരിക്ക ഫൈനൽ അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വലിയ സമ്മർദം കൂടിയായിരുന്നു. അതേസമയം, മറുവശത്ത് ബ്രസീലിന്റെ നെയ്മറിന് ഒരു കിരീടഭാരമില്ലാതെ കളിക്കാൻ കഴിഞ്ഞു. ഫൈനലിൽ മെസ്സി തന്ത്രപരമായി പിൻവലിഞ്ഞ് കളിച്ചത് അദ്ദേഹത്തിന് ഗുണപരമായി, ഒരർഥത്തിൽ. അസിസ്റ്റ് ചെയ്യുന്നതിലാണ് അദ്ദേഹം ജാഗ്രത കാട്ടിയത്. അതേസമയം, മുന്നേറ്റ നിരക്കാരൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന് കിട്ടിയ ചാൻസ് ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നത് യാഥാർഥ്യമാണ്. മെസ്സി അത് പാഴാക്കി. അദ്ദേഹം ആ ഗോൾ നേടിയിരുന്നുവെങ്കിൽ ആ യശസ്സ് കൂടിയേനേ. മുമ്പിൽ വന്ന തുറന്ന അവസരം ഗോളാക്കാൻ കഴിയാതെ പോയി. അതേസമയം, എയ്ഞ്ചൽ ഡി മരിയയെ മുന്നിൽനിർത്തി കളിപ്പിച്ചത് ടീമിന് ഗുണകരമാകുകയും ചെയ്തു.

ബ്രസീൽ ടീമിന് കളിച്ചുവളരാൻ ഇനിയും സമയമുണ്ട്. മെസ്സിയുടെ വിജയം അർജന്റീനക്ക് അടുത്ത ലോകകപ്പിൽ വലിയ സാധ്യതകൾ തുറന്നിടുകയാണ്- പ്രമുഖ സ്‌പോർട്‌സ് ലേഖകനും മാധ്യമപ്രവർത്തകനുമായ എം.പി. സുരേന്ദ്രൻ ഇന്ന് രാവിലെ നടന്ന കോപ്പ അമേരിക്ക ഫൈനലിലെ അർജന്റീനയുടെ കിരീടനേട്ടം വിലയിരുത്തുന്നു.


Comments