മാർക്സിസം നാസ്തികമാകണം, നിഷേധിയാകണം

''പൗരത്വനിയമത്തിലെ വൈരുധ്യത്തിനെ പൗരത്വത്തിനുള്ളിൽ പ്രവർത്തിക്കുന്ന ജാതിയായി, അല്ലെങ്കിൽ പൗരത്വം ജാതിയെ വിഴുങ്ങിയതായി കാണാം. ഇത്തരം വിഴുങ്ങലുകൾ സാധ്യമായതുകൊണ്ടാണ് ഹിന്ദു രാഷ്ട്രത്തിന് സ്വയം ആധുനികവൽക്കരിക്കാൻ കഴിയുന്നത്. അത് മൂലധനത്തെ പോലും പിടികൂടുന്നു, പ്രധാനമായും ഹിന്ദു മൂലധനത്തെ. ആധുനിക ഹൈന്ദവ പ്രത്യയശാസ്ത്രത്തിന്റെ ഇത്തരം വൈരുധ്യങ്ങൾ മനസിലാക്കാൻ കഴിയാത്തത് കൊണ്ട് മാർക്സിസ്റ്റുകൾ പൗരത്വസമരത്തിന്റെ ചരിത്രത്തിൽ നിന്ന് പുറംതള്ളപ്പെടുകയുണ്ടായി.''

അർജുൻ

മാഗ്നെറ്റിക് ടേപ് എന്ന മാധ്യമത്തിന്റെ പ്രത്യേകതയാണ് അതിൽ റെക്കോർഡ് ചെയ്തത് മായ്ച്ചു കളയുകയും വീണ്ടും റെക്കോർഡ് ചെയ്യാൻ കഴിയുകയും സാധിക്കുക എന്നത്. മുമ്പുണ്ടായിരുന്ന റെക്കോർഡിങ് മാധ്യമങ്ങളിൽ നിന്ന് ഇതിന് മനുഷ്യനിലേക്ക് ഒരു പടി അടുത്തേക്ക് വരാൻ കഴിഞ്ഞു - ഓർമ്മയിൽ തിരുത്തൽ, അത് തീർത്തും യാന്ത്രികം ആണെങ്കിൽ പോലും, സാധ്യമായിരിക്കുന്നു. സത്യത്തിൽ ഇത്തരം മാധ്യമങ്ങളിൽ നമ്മൾ ചെയ്യുന്നത് സമയത്തെയും ഓർമ്മയേയും ഒരു വസ്തുവിൽ ആവാഹിച്ചു സൂക്ഷിക്കുക എന്നതാണ്.

പാശ്ചാത്യ തത്വചിന്തയിൽ മാഗ്നെറ്റിക് ടേപ്പിന് സമാനമായ ഒരു കുതിപ്പ് നടക്കുന്നത് ചരിത്രപഠനവും ശാസ്ത്രവും വികസിക്കുന്നതോടെയാണ്. പുതിയ അറിവുകളെ "റെക്കോർഡ്' ചെയ്യാൻ ഈ മുന്നേറ്റങ്ങൾ അനുവദിച്ചു.

അനിയൻ ബാവ ചേട്ടൻ ബാവ എന്ന സിനിമയിൽ ഒരു രംഗത്തിൽ ഒരു ടേപ് റെക്കോർഡർ ഉണ്ട്. അതിന്റെ റെക്കോർഡിങ് പ്രവർത്തിക്കുന്നില്ല എന്നതാണ് രംഗത്തിൽ ഹാസ്യം ഉണ്ടാക്കുന്നത്. ബാവകൾക്ക് മുന്നിൽ ആദ്യം ചെകുത്താൻ കയറിയ വീടാണിതെന്നും, പിന്നീട് അടിച്ചാൽ തിരിച്ചടിക്കും എന്നും മറ്റേതോ സന്ദർഭത്തിന് വേണ്ടി പഠിച്ചതിൽ നിന്ന് പറഞ്ഞുപോകുന്നു. അസ്തിത്വത്തിന് ആധാരമായ പ്രവൃത്തിയായ റെക്കോർഡിങ് ചെയ്യാൻ കഴിയാത്ത ടേപ് റെക്കോർഡർ.

പൗരത്വനിയമത്തിലെ വൈരുധ്യത്തിനെ പൗരത്വത്തിനുള്ളിൽ പ്രവർത്തിക്കുന്ന ജാതിയായി, അല്ലെങ്കിൽ പൗരത്വം ജാതിയെ വിഴുങ്ങിയതായി കാണാം. ഇത്തരം വിഴുങ്ങലുകൾ സാധ്യമായതുകൊണ്ടാണ് ഹിന്ദു രാഷ്ട്രത്തിന് സ്വയം ആധുനികവൽക്കരിക്കാൻ കഴിയുന്നത്.

യൂറോപ്പിലെ തത്വചിന്തയിൽ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത അത്തരം ഒരു റെക്കോർഡറിനെ കേരളീയ ശുദ്ധമാർക്സിസം എന്ന് നമുക്ക് വിളിക്കാം. ചെലവുകൾ ചുരുക്കാൻ ഉപേക്ഷിക്കപ്പെട്ട ഒരു രണ്ടാംതരം റെക്കോഡർ ആണ് ഇറക്കുമതി ചെയ്തത്. അനിയൻ ബാവ ചേട്ടൻ ബാവയിലെ റെക്കോർഡറെ പോലെ, റെക്കോർഡിങ് കേടായതുകൊണ്ടാണ് ഉപേക്ഷിക്കപ്പെട്ടത്. ലോകത്തിലെ മാറ്റങ്ങളെ പഠിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ട ഈ തത്വചിന്താപദ്ധതി അവിടെയെത്തിയപ്പോൾ ലോകത്തോടുള്ള അതിന്റെ ബന്ധത്തെ തലതിരിച്ചിട്ടു. ലോകത്തിനുള്ള വിശദീകരണമായി മാർക്സിസം എന്നതിൽ നിന്ന് മാർക്സിസത്തിനൊരു ഉദാഹരണമായി ലോകം മാറി.

ഇ.എം.എസ്

കേരളത്തിലെ മുഖ്യധാരാ മാർക്സിസത്തിന് പുതിയ കാര്യങ്ങളെ ഓർമ്മയിൽ പകർത്താൻ കഴിയില്ല. അതുകൊണ്ട് കേരളത്തിലെ മാർക്സിസ്റ്റുകൾ കൊറോണ പോലെയൊരു പുതിയ പ്രതിസന്ധിയെ നേരിടുമ്പോഴും പത്തൊൻപതാം നൂറ്റാണ്ടിലെ പഴങ്കഥകൾ തന്നെ ആവർത്തിക്കുന്നു, തിരഞ്ഞെടുക്കപ്പെട്ട സംഭവങ്ങൾകൊണ്ട് പഴയ ആഖ്യാനങ്ങൾക്ക് താങ്ങ് നൽകുന്നു. മൂലധനം എന്ന ചെകുത്താൻ കയറിയ വീടിനെകുറിച്ചും അടിത്തറയിൽ അടിച്ചാൽ മേൽക്കൂരയിൽ തിരിച്ചടിക്കും എന്നും മന്ത്രിക്കുന്നു. എന്നാൽ, ഈ ടേപ് റെക്കോർഡറിനെ മനുഷ്യനിലേക്ക് അടുപ്പിക്കുന്ന ഒരു ഗുണവും കൂടിയുണ്ട് - ഉത്കണ്ഠ (anxiety). ഇത്തരം മറവികൾ ആളുകൾ ശ്രദ്ധിക്കുമോ എന്ന ഉത്കണ്ഠ കേരളീയ മാർക്സിസത്തിലുടനീളമുണ്ട്.

ഈ റെക്കോർഡറിന് ഒരു പഴയ കാസെറ്റ് ഉണ്ട്. അതിൽ മാർക്സിന്റേയും ഏംഗൽസിന്റെയും ലെനിന്റേയും കൃതികളിൽ ഏതാനും വരികൾ ആവാഹിക്കപ്പെട്ടിട്ടുണ്ട്. ഉത്കണ്ഠയെ മറികടക്കാൻ ഈ കാസെറ്റ് വീണ്ടും വീണ്ടും ആവർത്തിക്കും, തന്റെ റെക്കോർഡിങ് സംവിധാനത്തിന് തകരാറില്ലെന്ന് കാണിക്കാൻ. കഴിഞ്ഞ ഒരു മാസത്തിൽ മാർക്സിസത്തെ കുറിച്ച് എഴുതുകയോ പറയുകയോ ചെയ്ത ടി.ടി ശ്രീകുമാർ, ബി.രാജീവൻ, സുനിൽ പി. ഇളയിടം, ടി.വി സജീവ്, കെ വേണു, എം.എ ബേബി, കെ.മുരളി തുടങ്ങിയ - തീർച്ചയായും പ്രഗത്ഭരായ - ചിന്തകർക്കും ഈ ഒരു ഉടഞ്ഞ റെക്കോർഡർ ആണ് മാർക്സിസം എന്ന പേരിൽ കിട്ടിയിരിക്കുന്നത്.

Reversal എന്ന ഡയലെക്റ്റിക്കൽ പ്രവൃത്തിക്ക് മലയാളത്തിൽ എന്തെങ്കിലും വിവർത്തനം ഉണ്ടായിട്ടുണ്ടോ എന്നറിയില്ല, കാരണം കേരളീയ ശുദ്ധമാർക്സിസ്റ്റുകൾ അത്തരം ഒന്നിനെക്കുറിച്ച് സംസാരിച്ചതായി കണ്ടിട്ടില്ല. അതിനെ നമുക്ക് വിപര്യാസം എന്ന് വിളിക്കാം. തലതിരിഞ്ഞുപോവുക എന്ന അർത്ഥമാണ് അതിനുള്ളത്. പലപ്പോഴും വിപര്യാസങ്ങൾ സാമാന്യയുക്തിക്ക് നിരക്കാറില്ല.

ആധുനിക ഹൈന്ദവ പ്രത്യയശാസ്ത്രത്തിന്റെ ഇത്തരം വൈരുധ്യങ്ങൾ മനസിലാക്കാൻ കഴിയാത്തത് കൊണ്ട് മാർക്സിസ്റ്റുകൾ പൗരത്വസമരത്തിന്റെ ചരിത്രത്തിൽ നിന്ന് പുറംതള്ളപ്പെടുകയുണ്ടായി.

കേരളത്തിൽ മാർക്സിസത്തിന് തന്നെ ഒരു വിപര്യാസം സംഭവിച്ചിട്ടുണ്ട് - ലോകത്തിനുള്ള വിശദീകരണമായി മാർക്സിസം എന്നതിൽ നിന്ന് മാർക്സിസത്തിന് ഉദാഹരണമായി ലോകം എന്നതിലേക്ക്. സോവിയറ്റ് യൂണിയനിലും പിന്നീട് ചൈനയിലും മാർക്സിസത്തിന് സംഭവിച്ച വിപര്യാസങ്ങൾ പോലെയൊന്ന് ഇവിടെയും നടന്നത്. സോവിയറ്റ് പ്രത്യയശാസ്ത്രത്തിൽ റഷ്യയുടെ അവസാനപരിണാമഘട്ടമായി സോവിയറ്റ് യൂണിയൻ സ്ഥാനം പിടിക്കുകയുണ്ടായി. ചൈനയിൽ അത് പ്രാചീന പ്രത്യയശാസ്ത്രങ്ങൾക്കും ഭരണകൂടനിയന്ത്രണത്തിനും വഴിയൊരുക്കി. ഇന്ത്യയിലും അത് പ്രാചീന പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടു - പുതിയ ആസ്തികശാഖയായി മാർക്സിസം പരിണമിച്ചു. മൗലിക സത്യങ്ങളെ തിരിച്ചറിയാനുള്ള കഴിവ് അതിനുള്ളതായി നടിച്ചു.

നിഷേധത്തിന്റെ നിഷേധം പ്രവർത്തിക്കുന്നത് ഇങ്ങനെ! തലകുത്തി നിന്നിരുന്ന ഹേഗെലിനെ തിരിച്ചിട്ടപ്പോൾ ഉണ്ടായ മാർക്സിസം വീണ്ടും തിരിച്ചിടുമ്പോൾ കിട്ടുന്നത് ബൂർഷ്വാസിയായ ഹെഗലിന്റെ വിപ്ലവകരമായ തത്വചിന്തയല്ല, ശങ്കരന്റെ അദ്വൈതമാണ്.

"ട്രൂകോപ്പി തിങ്കി'ൽ സുനിൽ പി ഇളയിടം നടത്തിയ പ്രഭാഷണം നോക്കുക. കീഴാളസമരങ്ങൾ കെട്ടിപ്പടുത്ത നവോത്ഥാനത്തിന്റെ സമന്വയം, അല്ലെങ്കിൽ അതിന്റെ ഉദ്ദേശ്യം, കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേരിൽ 1937 അഞ്ച് സവർണ്ണർ - രണ്ട് നമ്പൂതിരിമാർ, രണ്ട് പിള്ളമാർ, ഒരു മറാഠി ബനിയ - കൂടി നടത്തിയ യോഗത്തിലാണെന്ന് അദ്ദേഹം ഗൗരവത്തോടെ സ്ഥാപിക്കുകയാണ്. ബ്രാഹ്മണേതര കർമങ്ങളുടെ അന്ത്യഫലം ബ്രാഹ്മണകർമം തന്നെ എന്ന് വാദിച്ച ശങ്കരന്റെ ആവർത്തനം സുനിൽ മാഷിൽ സംഭവിക്കുന്നു.

ഹെഗൽ

മാർക്സിസം ആസ്തികതയുടെ പുതിയ രൂപം ആകുമ്പോൾ വൈരുധ്യാത്മകത അതിനുള്ളിലെ അദ്വൈതമായി തീരുന്നു. ശങ്കരന്റെ പുനഃസ്ഥാപനം മാർക്സിസ്റ്റ് ആചാര്യനായ സഖാവ് ഇ.എം.എസ് തന്നെ ചെയ്തിട്ടുണ്ട്. ശങ്കരൻ ആണ് നമ്മുടെ ഹെഗൽ എന്ന് അദ്ദേഹം പറഞ്ഞത് സന്ദേശത്തിന്റെ പകുതി മാത്രമാണ് - ശങ്കരൻ ഹെഗൽ ആണെങ്കിൽ താൻ മാർക്സ് ആണ് എന്നതാണ് അതിന്റെ പൂർണ്ണരൂപം. ഇവിടെ തന്നെ ബ്രാഹ്മണ്യത്തിനുള്ളിൽ നിന്നുകൊണ്ടുള്ള മാർക്സിസം സ്ഥാപനവൽക്കരിക്കപ്പെട്ടു കഴിഞ്ഞു. ബ്രാഹ്മണ്യത്തിന്റെ പരിമിതിയാണ് കേരളീയ മാർക്സിസത്തിന്റെ പരിമിതി.

അതുകൊണ്ട് തന്നെ കേരളത്തിലെ മാർക്സിസ്റ്റുകൾ (ഇന്ത്യയിലെ മുഖ്യധാരാ മാർക്സിസവും) ഡയലെക്റ്റിക്സിനെ കാണുന്നത് മാർക്സിനെ തലതിരിച്ചു ഇട്ടുകൊണ്ടാണ്. ഹെഗേലും മാർക്‌സും അനന്തമായ (infinite) ഉണ്മയുടെ (being/presence) അസാധ്യതയിൽ നിന്ന് തുടങ്ങുമ്പോൾ കേരളത്തിലെ മാർക്സിസ്റ്റുകൾ ഉണ്മയുടെ അനിവാര്യതയിൽ നിന്നാണ് തുടങ്ങുന്നത്. അർദ്ധ-ഫ്യൂഡലിസവും അർദ്ധ-കൊളോണിയലിസവും കൂട്ടിയാൽ ഒരു "മുഴുവൻ" ഇന്ത്യൻ സമൂഹം ലഭിക്കുമെന്ന് മാവോയിസ്റ്റുകൾ പറയുന്നത് ഈ യുക്തിയിലാണ്. ഡോ: ടി വി സജീവ് കൊറോണ വൈറസിനെ മനുഷ്യൻ-പ്രകൃതി എന്ന "വൈരുധ്യാത്മക ബന്ധ'ത്തിൽ കൊണ്ടിടുന്നതും ഒരു ഉണ്മയെ സ്ഥാപിച്ചുകൊണ്ടാണ്. സഖാക്കൾ ബേബി, വേണു, മുരളി എന്നിവർ മുതലാളിത്തം എന്ന ഉണ്മയിൽ ഉത്ഭവിക്കുന്നതാണോ രോഗങ്ങൾ എന്ന ഗൗരവമായ ചർച്ചയിൽ ആണ്.

ഈ ഉണ്മയെ നിലനിർത്താൻ മാർക്സിസ്റ്റുകൾ കണ്ടെത്തിയ മാർഗമാണ് അടിത്തറ-മേൽക്കൂര സിദ്ധാന്തം. അതിലെ "അടിത്തറ'യിലാണ് ഉണ്മ. മേൽക്കൂരയെല്ലാം നുണയാണ്. മാർക്സിസ്റ്റ് പുരോഹിതന്മാർ അവരുടെ പൗരോഹിത്യത്തിന് ചേർന്ന രീതിയിൽ ഈ ഉണ്മയെ ഭാഷക്കുള്ളിൽ മറക്കുന്നു - ആർക്കും വായിച്ചെടുക്കാൻ കഴിയാത്ത രീതിയിൽ വികലമാക്കപ്പെട്ട ഒരു സമ്പദ്‌ശാസ്ത്രത്തിനുള്ളിലാണ് ഈ അടിത്തറയുടെ നിവാസം. സുനിൽ പി ഇളയിടം പറയുന്നത് ജാതി കേവലമൊരു ഫ്യൂഡൽ അവശിഷ്ടമല്ല, പക്ഷെ അത് ഭൂ ഉടമസ്ഥതാക്രമത്തിൽ നിന്ന് ഉയർന്നതാണ്. മറ്റെന്തെല്ലാം മാറ്റിയാലും, യാഥാർഥ്യം, അഥവാ അടിത്തറ, സമ്പദ്‌ശാസ്ത്രത്തിൽ തന്നെയാണ്എന്നാണ്.

ഡയലെക്റ്റിക്സിന്റെ പൊരുൾ തന്നെ ത്യജിച്ചുകൊണ്ടാണ് അടിത്തറ-മേൽക്കൂര സിദ്ധാന്തത്തെ ഇത്തരത്തിൽ വ്യാഖ്യാനിക്കുന്നത്. സ്വീകരിച്ചു ആവർത്തിക്കപ്പെട്ട വർഗ്ഗസങ്കല്പങ്ങളിൽ ഒതുങ്ങാത്ത സമ്പദ്ഘടനയെ കണ്ടില്ലെന്ന് നടിക്കുകയാണ് ഇത്തരം വാദങ്ങൾ. ഇതിനൊരു ഉദാഹരണമാണ് പൊലീസ്. ഇതിനൊരു ഉദാഹരണം മാത്രമാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപങ്ങളിലെ ജാതിബദ്ധ നിയമനങ്ങൾ. ഒരർത്ഥത്തിൽ എയ്ഡഡ് സ്ഥാപനങ്ങൾക്ക് ജാതികളുടെ പൊതുസ്വത്തിന്റെ സ്വഭാവമുണ്ട്. ജാതി-അടിസ്ഥാനത്തിൽ സ്വത്തും (ഭൂ ഇടപാടുകൾ പ്രത്യേകിച്ചും) വിവാഹവും കൈമാറ്റവും നടക്കുന്നത് ഇന്നും അസ്വാഭാവികമല്ല. ഇത്തരം ഉദാഹരണങ്ങൾ ഉണ്ടായിട്ട് പോലും ഇതിലെല്ലാം യഥാർത്ഥത്തിൽ മൂലധനയുക്തി മാത്രമാണ് പ്രവർത്തിക്കുന്നത് എന്ന വാദമാണ് കേരളത്തിൽ മാർക്സിസ്റ്റ്കൾ നിരന്തരം മുന്നോട്ട് വെക്കുന്നത്. പ്രത്യക്ഷതകൾക്ക് പുറകിൽ ഒളിഞ്ഞിരിക്കുന്ന ഏക യാഥാർഥ്യത്തെക്കുറിച്ചാണ് അവർ പറയുന്നത്.

എന്നാൽ അങ്ങനെ ഒരു ഉണ്മയില്ലെന്ന അടിസ്ഥാന മനസിലാക്കലാണ് മാർക്സിയൻ ഡയലെക്റ്റിക്സിന് തുടക്കം. പ്രത്യക്ഷതക്ക് പുറകിൽ ഉള്ളതിനെ തേടാതെ പ്രത്യക്ഷരൂപങ്ങളിൽ തന്നെയാണ് യുക്തി തേടേണ്ടത്. ഈ തിരിച്ചറിവില്ലാത്ത മാർക്സിസമാണ് സാമ്പത്തിക വിഷയങ്ങളെ മറച്ചുവെച്ചു മുന്നേറുന്ന വർഗീയതയെ കുറിച്ച് പറയുന്നത് - "വർഗീയത'ക്ക് ഒരു സമ്പദ്ഘടനയുണ്ട് എന്നതാണ് യാഥാർഥ്യം. എന്നാൽ പ്രത്യക്ഷതകളിൽ നിന്ന് വിച്ഛേദിക്കപ്പെട്ട ഒരു അമൂർത്ത സമ്പദ്ഘടനയെ സങ്കല്പിക്കുകയും അതിനെ മുതലാളിത്തമെന്ന് മുദ്രകുത്തുകയും മാത്രമാണ് മാർക്സിസ്റ്റുകൾ പലപ്പോഴും ചെയ്യുന്നത്.

സുനിൽ പി. ഇളയിടം

ആസ്തികതയുടെ പരിമിതികൾ കേരളീയ മാർക്സിസത്തിനും ഉണ്ടാകും. സമ്പദ്‌ശാസ്ത്രം അടിസ്ഥാനജ്ഞാനമായി പരിഗണിക്കുന്ന ഈ ആസ്തികതക്ക് പ്രത്യയശാസ്ത്രങ്ങളുടെ ആന്തരിക വൈരുദ്ധ്യങ്ങളെ നേരിടാൻ കഴിയുന്നില്ല.

പൗരത്വസമരം രാജ്യമൊട്ടാകെ വ്യാപിച്ചതിന് ശേഷം സുനിൽ പി. ഇളയിടം പറയുന്നത് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ നമ്മൾ ജാതി-സ്വത്വത്തിൽ നിന്ന് പൗരത്വത്തിന്റെ യുക്തിയിലേക്ക് മാറി എന്നാണ്. 1986-ലെയും 2003-ലെയും പൗരത്വ നിയമഭേദഗതികളിൽ ജാതിയുടെ നെടുംതൂണായ പൈതൃകം എങ്ങനെ വന്നുപെട്ടു എന്ന വൈരുധ്യം മറച്ചുവെച്ചുകൊണ്ടാണ് ഇത്തരം വാദങ്ങൾ വരുന്നത്. ഹിന്ദുരാഷ്ട്രത്തിൽ പൗരൻ ആവുക എന്നാൽ വർണവ്യവസ്ഥയിൽ സ്ഥാനമുണ്ടാവുക എന്നതാണ്.

ജാതിയിൽ നിന്ന് മനുഷ്യത്വത്തിലേക്ക് ഉയരാൻ മലയാളിക്ക് കഴിഞ്ഞിട്ടില്ല എന്നതിന് പ്രധാന ഉദാഹരണങ്ങൾ സിനിമകളാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് മലയാളി കയറിവരുന്നത് ആറാം തമ്പുരാനൊപ്പമാണ് - പുരുഷൻ ബ്രാഹ്മണനായി തിരിച്ചറിയപ്പെടാൻ (recognition) നടത്തുന്ന യാത്രയുടെ കഥ. ബ്രാഹ്മണനായി തിരിച്ചറിയപ്പെടുന്നതോടെ തമ്പുരാനും ആകുന്നു. ഇരുപത് വർഷം മുന്നോട്ട് വന്നാൽ അയ്യപ്പനും കോശിയും പറയുന്ന കഥ ഒരു നായർ പുരുഷനും ദളിത് സ്ത്രീക്കും ഉണ്ടായ മകൻ നായരായി തിരിച്ചറിയപ്പെടുന്ന കഥയാണ്. ഇത്തരം ബ്രാഹ്മണിക യുക്തികളെ മറികടക്കാൻ ശ്രമങ്ങൾ നടക്കുന്നു എന്നല്ലാതെ ജാതിയിൽ നിന്ന് മാറി നിൽക്കുന്ന ഒരു പൗരത്വം ആധിപത്യം നേടിയിട്ടില്ല.

പൗരത്വനിയമത്തിലെ വൈരുധ്യത്തിനെ പൗരത്വത്തിനുള്ളിൽ പ്രവർത്തിക്കുന്ന ജാതിയായി, അല്ലെങ്കിൽ പൗരത്വം ജാതിയെ വിഴുങ്ങിയതായി കാണാം. ഇത്തരം വിഴുങ്ങലുകൾ സാധ്യമായതുകൊണ്ടാണ് ഹിന്ദു രാഷ്ട്രത്തിന് സ്വയം ആധുനികവൽക്കരിക്കാൻ കഴിയുന്നത്. അത് മൂലധനത്തെ പോലും പിടികൂടുന്നു, പ്രധാനമായും ഹിന്ദു മൂലധനത്തെ.

ആധുനിക ഹൈന്ദവ പ്രത്യയശാസ്ത്രത്തിന്റെ ഇത്തരം വൈരുധ്യങ്ങൾ മനസിലാക്കാൻ കഴിയാത്തത് കൊണ്ട് മാർക്സിസ്റ്റുകൾ പൗരത്വസമരത്തിന്റെ ചരിത്രത്തിൽ നിന്ന് പുറംതള്ളപ്പെടുകയുണ്ടായി. വിലക്കയറ്റത്തിൽ നിന്നും ശ്രദ്ധതിരിക്കാനും ഐ.എം.എഫിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനും വേണ്ടി കൊണ്ടുവന്നതാണ് പൗരത്വഭേദഗതി നിയമം എന്ന വാദങ്ങൾ ഔദ്യോഗികമായി പോലും ഇടത്പക്ഷം ദേശീയതലത്തിൽ ഉന്നയിച്ചിട്ട് അധികം കാലമായില്ല. ഇപ്പോഴത്തെ സംഘപരിവാർ ഭരണത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്ന ഡിമോണിറ്റൈസേഷനെ തന്നെ സാമ്പത്തിക യുക്തിക്ക് അകത്തു നിന്നുകൊണ്ട് ജിഎസ്ടിയോട് ചേർത്ത് വെച്ച് വിശകലനം ചെയ്യാനാണ് ഇടത് പക്ഷം ശ്രമിച്ചത്. ഡിമോണിറ്റൈസേഷനുമായി ബന്ധപ്പെട്ട വാർത്തകൾ നോക്കിയിരുന്നെങ്കിൽ അതിന് സാമ്പത്തിക ശാസ്ത്രജ്ഞരുടെ ബുദ്ധിയായിരുന്നില്ല എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടില്ല, അതേച്ചൊല്ലി രഘുറാം രാജൻ രാജിവെക്കുക പോലും ചെയ്തു. യഥാർത്ഥത്തിൽ അതൊരു ബ്രാഹ്മണിക യുക്തിയായിരുന്നു - പണം കൈമാറുമ്പോൾ സംഭവിച്ച കളങ്കപ്പെടലിൽ നിന്ന് കള്ളപ്പണവും കള്ളനോട്ടുകളും ഉത്ഭവിക്കുന്നു എന്ന ധാരണയിൽ പണത്തെ തന്നെ ശുദ്ധമാക്കാനുള്ള ശ്രമമായിരുന്നു. എല്ലാ ഫെറ്റിഷിസ്റ്റുകളെയും പോലെ, നാണയത്തെ പണമായി തെറ്റിദ്ധരിക്കുകയും രാജ്യദ്രോഹികളുടെ കയ്യിൽ ഉള്ളത് മുഴുവനും കള്ളപ്പണം ആണെന്നും (തീവ്രവാദം ഇതോടെ ഇല്ലാതാകും എന്ന് അവകാശപ്പെട്ടത് ആർക്കാണ് മറക്കാൻ കഴിയുക!) മോഡിയുടെ സംഘം വിശ്വസിച്ചു.

യാഥാസ്ഥികതയുടെ ഇന്ത്യയിലെ സൈദ്ധാന്തിക രൂപമാണ് ആസ്തികത. കീഴാള ജനതക്ക് ഉപയോഗിക്കാൻ കഴിയണമെങ്കിൽ മാർക്സിസം നാസ്തികമാകണം, നിഷേധിയാകണം.

ആസ്തികതയുടെ യുക്തിക്കുള്ളിൽ നിൽക്കുന്ന മാർക്സിസം ഹിന്ദുരാഷ്ട്രത്തിന് അപകടമല്ല. അദ്വൈതിനുകൾ ആയത് കൊണ്ട് ഇരുകൂട്ടർക്കും മറ്റേയാളുടെ പ്രത്യയശാസ്ത്രത്തിന്റെ ഒരുഭാഗമെങ്കിലും സ്വീകാര്യമാണ്. അതുകൊണ്ട് ജഗ്ഗി വാസുദേവിന് കമ്മ്യൂണിസം സ്വീകാര്യമാകുന്നു, യെച്ചൂരിക്ക് സംഘപരിവാർ "കപടഹിന്ദുക്കൾ' ആകുകയും യഥാർത്ഥ ഹിന്ദുമതം സ്വീകാര്യം ആവുകയും ചെയ്യുന്നു.

ദി ക്രിറ്റിക്കിൽ ഡോ: ടി ടി ശ്രീകുമാർ എഴുതിയ ലേഖനത്തെ തുടർന്ന് അംബേദ്കറിസവും മാർക്സിസവും തമ്മിൽ നടന്ന സംവാദശ്രമങ്ങളിലും, ക്രിറ്റിക്കിൽ തന്നെ നടന്ന കോറോണയെ ആസ്പദമാക്കിയുള്ള ചർച്ചയിലും ഡോ: കുഞ്ഞാമന് പ്രൊഫ്‌. ബി രാജീവൻ എഴുതിയ മറുപടിയിലും ട്രൂകോപ്പി തിങ്കിൽ ഡോ: സുനിലിന്റെ ട്ടോക്കിലുമൊക്കെ നിറഞ്ഞുനിൽക്കുന്നത് വൈരുധ്യാത്മകതയല്ല. വൈരുധ്യങ്ങളുടെ അഭാവമാണ്. അദ്വൈത മാർക്സിസ്റ്റുകൾ പുതിയ വൈരുദ്ധ്യങ്ങളെ ഒന്ന് പോലും കണ്ടെത്താതെ വൈരുധ്യാത്മകതക്ക് അമൂർത്ത ന്യായീകരണങ്ങൾ മാത്രം നൽകുന്നതിൽ നിന്ന് വ്യക്തമാകുന്നത് അവർ ഒരു വിപ്ലവസിദ്ധാന്തം രൂപീകരിക്കുന്നതിൽ നിന്ന് എത്രമാത്രം ദൂരെയാണ് എന്നതാണ്.

ഉണ്മയുടെ സിദ്ധാന്തം പറയുന്ന ആധുനിക ശങ്കരന്മാർക്ക് മാർക്സിന്റേയും അംബേദ്കറിന്റെയും നാസ്തികതയെയും നിഷേധത്തിന്റെ തത്വചിന്തയെയും തിരിച്ചറിയാൻ കഴിയാതെ പോകുന്നത് സ്വാഭാവികം. അതുകൊണ്ട് അവർ ഇപ്പോഴും അംബേദ്കറിനെ മാർക്സിലേക്ക് ചുരുക്കിയെടുക്കാൻ ബുദ്ധിമുട്ടുന്നു. മാർക്സിസ്റ്റ് ആസ്തികതക്ക് ഗുണകരം അല്ലാതാവുക എന്നതിലും വലിയ അപകടം വരാനുണ്ട്. മാർക്സിസത്തെ പൂർണ്ണമായും ഹൈന്ദവത വിഴുങ്ങും എന്ന സാധ്യത മുന്നിൽ കാണേണ്ടതുണ്ട്. ബുദ്ധിസം കയ്യടക്കപ്പെട്ട പോലെ, അതിന്റെ ചിഹ്നങ്ങളായ കാവി, പശുസംരക്ഷ, താമര എല്ലാം ബ്രാഹ്മണ്യത്തിന്റെ ആയുധങ്ങളായി മാറിയപോലെ, മാർക്സിസത്തിന് സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഗതികേടാണ് വിപ്ലവത്തിന്റേതെന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ സിദ്ധാന്തത്തിന്റേത്. മാർക്സിസത്തിന്റെ കയ്യടക്കൽ ബംഗാളിൽ ഭംഗിയായി പുരോഗമിക്കുന്നു, ഭദ്രലോക് വർഗ്ഗത്തിലൂടെ. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് അണികൾ ഒന്നടങ്കം ഭാരതീയ ജനത പാർട്ടിയിലേക്ക് കഴിഞ്ഞ വർഷം കൂറുമാറുകയുണ്ടായി. ബി.ജെ.പി തങ്ങളുടെ ബംഗാൾ കേന്ദ്രീകരിച്ചുള്ള പ്രചാരണപരിപാടിയിൽ പരമ്പരാഗത കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങൾ വരെ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു.

ഈ വിപര്യാസത്തിന് തടയുണ്ടാകണമെങ്കിൽ ആദ്യം ചെയ്യേണ്ടത് മാർക്സിസത്തിന്റെ പേരിൽ അദ്വൈതം പറയുന്ന, മൂർത്തവിശകലനത്തിൽ ഡയലെക്റ്റിക്സിനെ ഒഴിവാക്കുകയും അതിനെ ഒരു ആധ്യാത്മികതലത്തിലേക്ക് ഉയർത്തുകയും ചെയ്യുന്ന ശങ്കരന്മാർക്ക് ബൗദ്ധികനാടുകടത്തൽ വിധിക്കുക എന്നതാണ്. ഫാഷിസ്റ്റ് വിപ്ലവം സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ മഹാഭാരതം വായിക്കുകയും, മൂലധനത്തിൽ ജാതിയുടെ വൈരുധ്യങ്ങൾ പ്രവർത്തിക്കുന്നത് കാണാതിരിക്കുകയും, ഹൈന്ദവമൂല്യങ്ങൾ നിയമത്തിൽ പ്രകടമായിക്കൊണ്ടിരിക്കുമ്പോൾ ഗാന്ധിയെ മതേതരനായി ഉയർത്തുകയും, സാമ്പത്തികമായി സംസ്ഥാനം ഒട്ടാകെ ഉത്തരേന്ത്യൻ ജനതയാൽ ചൂഷണം ചെയ്യപ്പെടുമ്പോഴും ദേശീയതാവാദികളായി നിൽക്കുകയും, ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് തന്നെ ഹൈന്ദവത വളരുന്നതിനെ കുറിച്ച് മൗനികൾ ആകുകയും, പ്രാദേശിക തലത്തിൽ നിരവധി അനീതികളും വൈരുധ്യങ്ങളും നിലനിൽക്കുമ്പോൾ പോലും കേരളത്തെ സാമാന്യവൽക്കരിക്കുകയും, ഇതുപോലെ അനേകം മറ്റ് ഒളിച്ചുകളികൾ നടത്തുകയും ഇവയെ എല്ലാം ഒരു സാങ്കൽപ്പിക മുതലാളിത്ത-അടിത്തറയുടെ പേരിൽ ന്യായീകരിക്കുക്കുകയും ചെയ്യുന്ന മാർക്സിസം രാഷ്ട്രീയമായി യാഥാസ്ഥിതികമാണ്. യാഥാസ്ഥികതയുടെ ഇന്ത്യയിലെ സൈദ്ധാന്തിക രൂപമാണ് ആസ്തികത. കീഴാള ജനതക്ക് ഉപയോഗിക്കാൻ കഴിയണമെങ്കിൽ മാർക്സിസം നാസ്തികമാകണം, നിഷേധിയാകണം.

ജാമിയ മിലിയ ഇസ്‌ലാമിയയിൽ എംഎ മാസ്സ് കമ്മ്യൂണിക്കേഷൻസ് വിദ്യാർത്ഥിയാണ് ലേഖകൻ.

Comments