ഒരു കൂട്ടം മനുഷ്യരല്ല ഇന്ന് റോഹിംഗ്യകൾ

നഗരമാലിന്യം നിറഞ്ഞ് ഇരുട്ടുകട്ടപിടിച്ചൊഴുകുന്ന യമുനയുടെ കരയിൽ ശ്വാസം മുട്ടി ജീവിക്കുകയാണ് റോഹിംഗ്യകൾ. കേന്ദ്ര ഭരണകൂടത്തിന്റെ പൗരത്വ നിയമം, ജീവിച്ചിരിക്കാമെന്ന ഇവരുടെ അവശേഷിച്ച പ്രതീക്ഷ കൂടിയാണ് ഇല്ലാതാക്കിയത്. ഡൽഹിയിലെ റോഹിംഗ്യൻ അഭയാർഥി ക്യാമ്പുകളിലെ അനുഭവങ്ങളിലൂടെ...

Delhi Lens

ചെറുതും വലുതുമായ ആറ് റോഹിംഗ്യൻ ക്യാമ്പുകളുണ്ട് ഡൽഹിയിൽ. അതിൽ 200ഓളം പേർ ഫരീദാബാദ് ബുഡേന ഗാവിലെ ക്യാമ്പിലാണ്. കടുത്ത ശൈത്യം പിന്നിട്ട് ഡൽഹി ഉണർന്നുകൊണ്ടിരിക്കുന്ന ഒരു പ്രഭാതത്തിൽ അവിടേക്ക് തിരിച്ചു. ടാക്സി മുന്നോട്ട് പോകുംതോറും ബഹുനില കെട്ടിടങ്ങളും ആഢംബര വാഹനങ്ങളും ഇല്ലാതായിക്കൊണ്ടിരുന്നു. നഗരത്തിന്റെ കെട്ടുകാഴ്ചകളല്ല ഡൽഹിയുടെ ഉൾക്കാഴ്ചകൾ എന്ന് മുന്നിലെ വഴികൾ ഓർമ്മിപ്പിച്ചു. നഗരം തിരക്കൊഴിഞ്ഞ് വിജനമായിരിക്കുന്നു. നാലുവരി പാത ചുരുങ്ങി വഴിപോലും ഇല്ലാത്തിടത്ത് എത്തിയപ്പോൾ വണ്ടി നിന്നു.

പുറത്തിറങ്ങിയപ്പോൾ അസഹ്യമായ ദുർഗന്ധം തുളച്ചുകയറി. കുറച്ചകലെ മാലിന്യം കൂട്ടിയിട്ടതിന് സമാനമായി റോഹിംഗ്യൻ ക്യാമ്പ്. സമീപം, നഗരമനുഷ്യന്റെ മാലിന്യവും പേറി, ഇരുട്ടിനേക്കാൾ കറുത്ത് കട്ടപിടിച്ചൊഴുകുന്നു, യമുന. പുഴയോടും ക്യാമ്പിനോടും ചേർന്ന് മാലിന്യം മലപോലെ ഉയർന്നു നിൽക്കുന്നു. പുല്ലുപോലും മുളക്കാത്ത ഇവിടെയാണ് നൂറുകണക്കിന് മനുഷ്യർ ശ്വാസംമുട്ടി ജീവിക്കുന്നത്.

പഴകിയ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുണ്ടാക്കിയ ടെന്റുകൾ. സ്ത്രീകളും കുട്ടികളുമായി നൂറോളം പേരുണ്ട്. പ്രാഥമിക ആവശ്യങ്ങൾക്കുപോലും സൗകര്യമില്ല. മുമ്പ് ചില സംഘടനകളുടെ സഹായത്തോടെ ഉണ്ടാക്കിയ ടെന്റുകൾ അക്രമികൾ കത്തിച്ചു. മാലിന്യത്തിൽ നിന്ന് കിട്ടിയ പ്ലാസ്റ്റിക് ഷീറ്റുകൾ ചേർത്തുവച്ചും ചില മനുഷ്യരുടെ സഹായത്തോടെയുമാണ് ഇപ്പോൾ കാണുന്ന ടെന്റുകൾ കെട്ടിപ്പൊക്കിയത്.
ഒടുങ്ങാത്ത ലൈംഗികാക്രമണങ്ങൾ

ഇസാക്ക് എന്ന് സ്വയം പരിചയപ്പെടുത്തി ഒരു ചെറുപ്പക്കാരൻ വന്നു. പുറത്തുനിന്ന് ഒരു മനുഷ്യനും അങ്ങോട്ട് വരാത്തതുകൊണ്ടുകൂടിയാകണം, ഞങ്ങളെ കണ്ടപ്പോൾ ഇസാക്കിന്റെ മുഖത്ത് ചെറിയൊരു സന്തോഷം. മാധ്യമ പ്രവർത്തകരാണെന്ന് ക്യാമറ കണ്ട് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്.

"ഞാൻ കാണിച്ചു തരാം ഇവിടുത്തെ ജീവിതം' എന്നുപറഞ്ഞ് മുമ്പിൽ നടന്നു.

ഓരോ കാഴ്ചയും വാക്കുകൾക്കതീതമായിരുന്നു. ഞങ്ങളെ കണ്ടതും മധ്യവയസ്‌ക്കയായ ഒരു സ്ത്രീ പ്ലാസ്റ്റിക് മറയിലേക്ക് വലിഞ്ഞു, ആ മുഖത്ത് ഭയമാണോ ആശങ്കയാണോ എന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നു.

ഇസാക്ക് പറഞ്ഞു, അവർക്ക് ചെറിയ മാനസിക പ്രശ്നമുണ്ട്. ആദ്യമൊക്കെ ആളുകളെ ഉപദ്രവിക്കുമായിരുന്നു. കൂടുതൽ ചോദിച്ചപ്പോൾ, നെഞ്ചുപൊള്ളിക്കുന്ന ഒരു ജീവിതത്തിലേക്കുള്ള യാത്രകൂടിയായി അത്. മ്യാൻമറിലെ പട്ടാളക്കാർ ലൈംഗികാക്രമണത്തിന് ഇരയാക്കിയ ആയിരങ്ങളിൽ ഒരാളാണ് അവർ. തടയാൻ വന്ന ഭർത്താവിനെയും മകനെയും കൺമുന്നിലിട്ട് വെടിവെച്ചുകൊന്നു. അവരെ കൊന്നശേഷവും ലൈംഗികാക്രമണം അവസാനിപ്പിച്ചില്ല. ഇതിൽ കൂടുതൽ എന്തുവേണം, ഒരു മനുഷ്യന്റെ ചേതന മരവിച്ചുപോകാൻ എന്ന് ചോദിക്കുമ്പോൾ ഇസാക്കിന്റെ കണ്ണുനിറഞ്ഞിരുന്നു.

ജീവിതങ്ങളെ മുറിച്ചുമാറ്റുന്ന രാജ്യാതിർത്തികൾ പിന്നിട്ട് ജീവൻ മാത്രം നെഞ്ചോടുചേർത്ത് ഇന്ത്യയിലേക്ക് വരുമ്പോൾ ഇവർക്ക് പ്രതീക്ഷ വറ്റിയിരുന്നില്ല, മഹാത്മാഗാന്ധിയുടെ മണ്ണിലേക്കാണ് പോകുന്നതെന്ന ആശ്വാസമായിരുന്നു കൈമുതൽ. ആ അവസാന പ്രതീക്ഷയുടെ മേലാണ് കേന്ദ്ര ഭരണകൂടം ദേശീയ പൗരത്വ രജിസ്റ്റർ എന്ന ബോംബിട്ടത്. തിരിച്ച് മ്യാന്മറിലേക്ക് പോവുക എന്നാൽ മരണം തന്നെയാണ്. പുഴുവിനെപ്പോലെയെങ്കിലും ഇവിടുത്തെ ചളിക്കുണ്ടിൽ കിടക്കുന്നത് ആ മരണഭയം കൊണ്ടാണ്, ഒരിക്കലെങ്കിലും ഈ ഭൂമിയിൽ മനുഷ്യരെ പോലെ ജീവിക്കാൻ കഴിയും എന്ന പ്രതീക്ഷകൊണ്ടാണ്.

ബുദ്ധസന്യാസിമാരുടെ കൊലപാതകങ്ങൾ

ചാലിട്ടൊഴുകുന്ന മാലിന്യത്തിനുമുകളിൽ മരപലക പാകിയാണ് റഹ്മത്തിന്റെ ടെന്റ് ഉണ്ടാക്കിയിരിക്കുന്നത്. മധ്യവയസ്‌ക്കയായ അവർ ഞങ്ങൾക്ക് കയറാനായി പ്ലാസ്റ്റിക് മറ ചുരുട്ടി അരികിലേക്ക് വച്ചു. മരത്തടികൾ കൂട്ടിക്കെട്ടി ഉണ്ടാക്കിയ കട്ടിലിന് കരിങ്കല്ലാണ് കാലുകൾ. ഏതോ ആഭരണക്കടയുടെ പരസ്യത്തിന്റെ പഴകിയ ഫ്ളക്സ് മടക്കിവെച്ചതാണ് കിടക്ക, ആകെയുള്ള ഫർണിച്ചർ.

പഴയ തുണികളും മറ്റും ചാക്കിലും കവറിലുമായി മുളംകൊമ്പിൽ തൂക്കിയിട്ടിട്ടുണ്ട്. മാലിന്യത്തിൽ നിന്ന് കിട്ടിയ രണ്ടു പ്ലേറ്റും, ഒരു സ്റ്റീൽ ചെമ്പുമാണ് പാത്രങ്ങൾ.

മറ്റെല്ലാവരെയും പോലെ റഹ്മത്തും ജീവിക്കുന്നത് മാലിന്യം തരംതിരിച്ചു കൊടുത്താണ്. പ്ലാസ്റ്റിക്കും ഇരുമ്പും വേറെവേറെയാക്കണം. 20 രൂപയാണ് കൂലി. ഉത്തർപ്രദേശിലെ ഏതോ മുതലാളി ലോറിയുമായെത്തി സാധനങ്ങൾ കൊണ്ടുപോകും. രണ്ടുമക്കളും റഹ്മത്തും ജീവിക്കുന്നത് വല്ലപ്പോഴും കിട്ടുന്ന 20 രൂപ കൊണ്ടാണ്.

ഭർത്താവിനെ ബുദ്ധസന്യാസിമാർ തീവെച്ചുകൊന്നതാണ്. അയൽവാസിയായ ഗോനിയുടെ സഹായത്തോടെയാണ് രക്ഷപെട്ട് ഇവിടെയെത്തിയത്. രണ്ട് പിഞ്ചു കുട്ടികളേയും കൊണ്ട് ബോട്ടിലും മറ്റുമായി രക്ഷപ്പെട്ടുവന്നത് പറയുമ്പോൾ അവരുടെ മുഖത്ത് ഭീതി കനത്തു നിന്നു. വ്രണം വന്ന് പഴുത്ത കാലുമായി ഒരു വയോധികൻ വേച്ചുവേച്ച് വന്നു. ഇദ്ദേഹമാണ് തങ്ങളെ രക്ഷപ്പെടുത്തിയ ഗോനി ഭയ്യ എന്ന് റഹ്മത്ത് പരിചയപ്പെടുത്തി.

ഗോനിയുടെ രണ്ടു മക്കളെയും പട്ടാളം കൊന്നു, അനുവാദമില്ലാതെ പുഴയിൽ നിന്ന് മീൻ പിടിച്ച കുറ്റത്തിന്. പരാതിയുമായി അദ്ദേഹം പട്ടാളത്തിന് മുന്നിൽ ചെന്നെങ്കിലും ക്രൂരമർദ്ദനമായിരുന്നു. അബോധാവസ്ഥയിലായ ഗോനിയെ മരിച്ചെന്നുകരുതി ഓവുചാലിൽ തള്ളി. പശുവിന് പുല്ലുപറിക്കാനെത്തിയ സ്ത്രീകളാണ് ശ്വാസം കിട്ടാതെ പിടയുന്ന ഗോനിയെ കണ്ടത്. പട്ടാളത്തിന്റെ കണ്ണിൽപെടാതെ അവർ ഗോനിയെ പരിചരിച്ചു. മാസങ്ങളെടുത്തു എഴുന്നേൽക്കാൻ. എന്നിട്ടും മുറിവുകൾ ഉണങ്ങിയിട്ടില്ലായിരുന്നു. എങ്കിലും പട്ടാളത്തിന്റെ കണ്ണിൽ പെടാതെ ഒരുവിധം വീട്ടിലെത്തി. അപ്പോഴാണ് അറിയുന്നത്, സ്വന്തമെന്നു പറയാൻ അവശേഷിച്ച ഭാര്യയെ പട്ടാളം പിടിച്ചുകൊണ്ടുപോയിരുന്നു. ഏറെ നാൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കൺമുന്നിൽനിന്ന് കാണാതായ ആയിരക്കണക്കിന് സ്ത്രീകളിൽ അവരും ഒരാളായി- ഭാവഭേദമില്ലാതെ അദ്ദേഹം പറഞ്ഞുനിർത്തി, പിന്നെ തിരിഞ്ഞുനടന്നു.
രാജ്യമില്ലാത്ത ജനത

പോർച്ചുഗീസ്, മുഗളന്മാർ, അറബികൾ എന്നിവരുടെ പാരമ്പര്യവും വിശ്വാസങ്ങളും ഒരു സഹസ്രാബ്ദത്തിലധികമായി പിന്തുടർന്നവരാണ് റോഹിംഗ്യകൾ. എന്നാൽ, മ്യാൻമർ ഭരണകൂടം ഇവരെ ബംഗാളിൽ നിന്നുവന്ന കുടിയേറ്റക്കാരായാണ് കാണുന്നത്. അതിനാൽ വിവാഹം കഴിക്കാനും, ഗർഭം ധരിക്കാൻ പോലും ഭരണകൂടത്തിന്റെ അനുമതിവേണം. അല്ലാത്തപക്ഷം അത് വലിയ കുറ്റമാകും. പിഴയും നീണ്ട തടവും ലഭിക്കാവുന്ന കുറ്റം.

രണ്ടു ലക്ഷം രൂപയാണ് വിവാഹം കഴിക്കാൻ റോഹിംഗ്യകൾ മ്യാൻമർ സർക്കാരിലേക്ക് കെട്ടിവെക്കേണ്ടത്. ജനനത്തിനും മരണത്തിനും സമാനമായ തുക വേറെയുമുണ്ട്. ലോക മാധ്യമങ്ങൾ ഇന്ന് അവരെ വിശേഷിപ്പിക്കുന്നത് "രാജ്യമില്ലാത്ത ജനത' എന്നാണ്. "വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനസമൂഹം' എന്നാണ് 2013 ഐക്യരാഷ്ട്ര സഭ റോഹിംഗ്യകളെ വിശേഷിപ്പിച്ചത്. അത് അക്ഷരംപ്രതി ശരിയാണെന്ന് മാലിന്യ കൂമ്പാരത്തിനുള്ളിലെ ആ ജനത അടിവരയിടുന്നു.

കൂട്ടക്കുരുതിയുടെ സിംഹാസനങ്ങൾ

ഭരണകൂട പിന്തുണയില്ലാതെ ഒരു രാജ്യത്തും ഒരു കാലത്തും കലാപങ്ങൾ നടന്നിട്ടില്ല. മ്യാൻമറിലെ നരവേട്ടക്കുപുറകിൽ കാലങ്ങൾക്കുമുമ്പേ തയ്യാറാക്കിവെച്ച അജണ്ടയുണ്ട്. ചിതറിത്തെറിച്ച ഓരോ മനുഷ്യന്റെ ചോരയിലും അധികാരത്തിന്റെ കൈയ്യൊപ്പ് വ്യക്തമായി കാണാം. 1948ൽ മ്യാൻമർ പൂർണസ്വാതന്ത്ര്യം നേടിയെങ്കിലും 1962മുതൽ പട്ടാള ഭരണത്തിനുകീഴിലായിരുന്നു. ചെറിയൊരു വിഭാഗം ബുദ്ധമത പുരോഹിതരും, സമ്പന്നരും മാത്രമായിരുന്നു പട്ടാളത്തിന്റെ പ്രിയപ്പെട്ടവർ. ഭൂരിപക്ഷം ജനങ്ങളുടെയും സൈ്വരജീവിതം അടിമുടി അട്ടിമറിച്ചിരുന്നു. ചോദ്യങ്ങൾക്കുള്ള ഉത്തരം വെടിയുണ്ട ആയതിനാൽ പതിയെ എതിർസ്വരങ്ങളില്ലാതായി.

പ്രതീക്ഷയറ്റ് മനുഷ്യർ ജീവിക്കുന്ന കാലത്താണ് ഓങ് സാൻ സൂചി അനീതിക്കുനേരെ വിരൽ ചൂണ്ടുന്നത്. ഗാന്ധിസത്തിന്റെ പിൻഗാമിയെന്ന് അവകാശപ്പെട്ട് അവർ അഹിംസ സമരങ്ങൾക്ക് നേതൃത്വം നൽകി. ആദ്യം അത്തരം സമരങ്ങളെ തമാശയായി കണ്ട സൈന്യം, ക്രമേണ സൂചിക്കുണ്ടായ ജനപിന്തുണയിൽ വിറളി പൂണ്ടു. ദുർബലമെന്ന് തോന്നിക്കുന്ന ശരീരം കൊണ്ട് അവർ പട്ടാളത്തിന്റെ അനീതികൾക്കുനേരെ ജനസാഗരമായി ഇരമ്പിവന്നു.

1989ൽ പട്ടാളം സൂചിയെ അറസ്റ്റ് ചെയ്തെങ്കിലും വിട്ടയക്കേണ്ടിവന്നു. എന്നാൽ, പിന്നീട് അവർ 15 വർഷം ഇരുമ്പഴിക്കുള്ളിൽ തളക്കപ്പെട്ടു. തടവറയിലെ സൂചി തീയായി പടരുകയായിരുന്നു, ജനം തെരുവിൽ ജാഗ്രതയോടെ ഉണർന്നുനിന്നു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന് ഭരണകൂടം നിർബന്ധിതമായി.

1990ൽ നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ ലീഗ് ഫോർ ഡെമോക്രസിക്ക് വൻ വിജയമുണ്ടായി. എന്നാൽ, ജുന്റ ഭരണകൂടം അധികാരം വിട്ടുകൊടുത്തില്ല. ഏതുനിമിഷവും ഭരണകൂടവും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടാകാമെന്ന അവസ്ഥവന്നു. കലാപ സന്നദ്ധരായ ജനങ്ങളെ അവർ പിന്തിരിപ്പിച്ചു. വൈകാതെ, നമ്മുടെ പുലരി വരുമെന്ന് മനുഷ്യരെ പറഞ്ഞ് സമാധാനിപ്പിച്ചു. 1991ൽ അവർക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. തുടർന്ന് നടത്തിയ ജനാധിപത്യ പ്രക്ഷോഭങ്ങൾക്കൊപ്പം ലോകം ഒറ്റകെട്ടായി നിന്നു. 2010ഓടെ പട്ടാളം ആ ദൃഢനിശ്ചയത്തിനുമുന്നിൽ കീഴടങ്ങി. പട്ടാളമണ്ണിൽ ജനാധിപത്യത്തിന്റെ കൊടിക്കൂറ ഉയർന്നു.

എന്നാൽ, പെട്ടെന്ന് കാര്യങ്ങൾ അട്ടിമറിക്കപ്പെട്ടു. അധികാരത്തിന്റെ മത്തുപിടിച്ച സൂചി പട്ടാളവേട്ടയെ ന്യായീകരിച്ചു. റോഹിംഗ്യകൾ രാജ്യവിരുദ്ധരാണെന്ന പട്ടാളത്തിന്റെ കണ്ടെത്തലിന് അവർ കൈയ്യൊപ്പുചാർത്തി, അങ്ങനെ കൂട്ടക്കുരുതിയിൽ സൂചിയുടെ കൈപ്പടയും തെളിഞ്ഞുവന്നു. വൈകാതെ, അവർക്കുള്ളിലെ അധികാര മോഹിയെ ലോകം തിരിച്ചറിഞ്ഞു.

മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ആംനസ്റ്റി ഇന്റർനാഷണൽ കൊടുത്ത ബഹുമതി റദ്ദാക്കി. "ഒരു ജനതയുടെ പ്രത്യാശയായി ഇനി നിങ്ങളെ കാണാൻ കഴിയില്ല' എന്ന് ആംനസ്റ്റി സെക്രട്ടറി ജനറൽ കുമി നൈഡോ സൂചിക്ക് അയച്ച കത്തിൽ പറഞ്ഞു.

മനുഷ്യത്വവിരുദ്ധമായ പട്ടാള നടപടികൾ തീവ്രവാദത്തിനെതിരായ പ്രവർത്തനമാണെന്ന് വീണ്ടും അവർ പറഞ്ഞുകൊണ്ടിരുന്നു. അവരുടെ നടപടികൾ ഓരോന്നും ലോകം മുഴുവൻ ഭീതിയോടെയാണ് കണ്ടത്. ലോക രാജ്യങ്ങൾ നിസ്സഹകരണം കൊണ്ട് മ്യാൻമറിനെ ഒറ്റപ്പെടുത്തി.

മനുഷ്യാവകാശ പ്രവർത്തകരെ ആ മണ്ണിൽ പിന്നീടവർ കാലുകുത്തിച്ചില്ല. മാധ്യമങ്ങൾ രാജ്യവിരുദ്ധരായി. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ റകൈനിൽ നൂറുകണക്കിന് മനുഷ്യരെ കൊന്നുകുഴിച്ചിട്ട വാർത്ത നൽകിയ റോയിറ്റേഴ്‌സിലെ മാധ്യമ പ്രവർത്തകരെ കാണാതായി. പ്രതിഷേധങ്ങൾക്കൊടുവിലാണ് അവരെ പട്ടാളം തടവിലാക്കിയതാണ് എന്ന വിവരം വെളിപ്പെടുത്തിയത്. 14 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയത്. ചോരയുണങ്ങാത്ത മണ്ണിൽ സമാധാന നൊബേൽ സൂചിക്കരികിൽ മാറാലപിടിച്ച് കിടക്കുന്നുണ്ട്.

മ്യാൻമർ പട്ടാളവും ബുദ്ധമത വിശ്വാസികളും ചേർന്ന് ചുട്ടുകൊന്നത് 25,000ത്തിലധികം മനുഷ്യരെയാണ്. യഥാർത്ഥ മരണസംഖ്യ ഇതിന്റെ നാലിരട്ടിയാണ്. കുഞ്ഞുങ്ങളെ മുതൽ പ്രായമായവരെയും സ്ത്രീകളെയും കാഷായവേഷം ധരിച്ചവർ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കി. കാട്ടുതീ പോലെ ഇരമ്പിവന്ന കാഷായക്കൂട്ടങ്ങളെ സ്വപ്നം കണ്ട് പേടിച്ചലറുന്ന കുഞ്ഞുങ്ങളുണ്ട് അഭയാർത്ഥി ക്യാമ്പുകളിൽ.

കലാപങ്ങളിൽ ആയിരങ്ങളെയാണ് കാണാതായത്. അതിസാഹസികമായി ബോട്ടുകളിലും ചെറുവള്ളങ്ങളിലും ജീവിതം കൊണ്ട് പാഞ്ഞ പലരെയും ബംഗാൾ കടലും കൊണ്ടുപോയി. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് പത്തു ലക്ഷത്തോളം ആളുകൾ പലായനം ചെയ്തിട്ടുണ്ട്. പലായനത്തിനിടെ വെള്ളവും ഭക്ഷണവും കിട്ടാതെ ഉൾക്കടലിൽ ഒറ്റപ്പെട്ടുപോയ ബോട്ടിലെ നെഞ്ചുപിളർക്കുന്ന ബി.ബി.സി ദൃശ്യങ്ങൾ മറക്കാനാകില്ല.

ഇന്ത്യൻ പതാക നെഞ്ചോടുചേർത്ത്...

പല രാജ്യങ്ങളുടെ കരകളിലേക്കാണ് ആ മനുഷ്യർ തുഴഞ്ഞുകയറിയത്. ഏറ്റവും കൂടുതൽ റോഹിംഗ്യകളെ സ്വീകരിച്ച രാജ്യം ബംഗ്ലാദേശാണ്, ഔദ്യോഗിക കണക്കനുസരിച്ച് പതിനായിരക്കണക്കിന് പേർ ബംഗ്ലാദേശിലുണ്ട്. അനൗദ്യോഗിക കണക്കനുസരിച്ച് 30000 ത്തോളം പേർ ഇന്ത്യയിലും എത്തിയിട്ടുണ്ട്. ഡൽഹി, കൊൽക്കത്ത, കാശ്മീർ, തെലങ്കാന എന്നിവിടങ്ങളിലാണ് ഇവർ കഴിയുന്നത്.

ജീവൻ മാത്രം സ്വപ്നം കണ്ട് എത്തിയ ഈ മനുഷ്യരെ ആട്ടിയോടിക്കാനുള്ള വ്യഗ്രതയിലാണ് ഭരണകൂടം. അഞ്ചുപേരെ ഇതിനിടെ ഇന്ത്യ മ്യാൻമറിലേക്ക് തിരിച്ചയച്ചു. അവർക്ക് എന്ത് സംഭവിച്ചിട്ടുണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.പിന്നീടും തിരിച്ചയക്കാനുള്ള നടപടിക്ക് ഭരണകൂടം കോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതി ശക്തമായ ഭാഷയിൽ വിമർശിക്കുകയാണ് ചെയ്തത്.

ജീവിതത്തിനും മരണത്തിനും ഇടയിൽ അവരുടെ പ്രതീക്ഷ കോടതിയിലും നന്മ വറ്റാത്ത മനുഷ്യരിലുമാണ്. തിരിച്ചുപോകുക എന്നാൽ അവർക്ക് മരണമാണ്. നിറം മങ്ങിയ ഇന്ത്യൻ പതാക നെഞ്ചോടുചേർത്ത് സലീം വിങ്ങിപ്പൊട്ടി, ക്യാമ്പിൽ നിന്ന് തിരിച്ചുനടക്കുമ്പോൾ നിസ്സഹായമായ നിലവിളികൾ നെഞ്ചിൽ ബാക്കിയായി...

Comments