truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 02 February 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 02 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
kerala farmers

Farmers' Protest

Photo: Wikimedia Commons

പുതിയ കാര്‍ഷിക നിയമങ്ങള്‍
കേരളത്തിന്റെ അന്നവും
മുട്ടിക്കും

പുതിയ കാര്‍ഷിക നിയമങ്ങള്‍ കേരളത്തിന്റെ അന്നവും മുട്ടിക്കും

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഏതാനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ മാത്രമാണ് ബാധിക്കുക എന്ന പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. എന്നാല്‍, കേരളത്തെപോലെ കാര്‍ഷികോല്‍പാദന നിരക്ക് കുറഞ്ഞ, പൊതുവിതരണ സമ്പ്രദായം ശക്തമായ ഒരു സംസ്ഥാനത്തെ ഈ കോര്‍പറേറ്റ് അനുകൂല നയങ്ങള്‍ എങ്ങനെ പ്രതികൂലമായി ബാധിക്കും എന്ന് വിശലകനം ചെയ്യപ്പെടുന്നു 

12 Jan 2021, 10:14 AM

ഡോ.സ്മിത പി. കുമാര്‍ / നീതു ദാസ്

കൃഷിയുടെ സംഭാവന കാലങ്ങളായി താഴേക്കു പോയ്‌ക്കൊണ്ടിരിക്കുകയാണെങ്കിലും (1990ല്‍ 29% ആണ് ജി.ഡി.പി സംഭാവനയെങ്കില്‍ 2016 ല്‍ 17% ആയി കുറഞ്ഞു), പ്രത്യേകിച്ച് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന പ്രധാന മേഖലയായി കൃഷി നിലനില്‍ക്കുന്നുണ്ട്. ദേശീയ തൊഴില്‍ ശക്തിയുടെ 47%വും കേന്ദ്രീകരിച്ചിരിക്കുന്നത് കാര്‍ഷിക മേഖലയിലാണ് (Ministry of Labour and Employment, 2016). വര്‍ധിച്ചു വരുന്ന ഉല്‍പാദന ചെലവ്, വിപണിയുടെ അസ്ഥിരത, സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത ഇല്ലായ്മ, പെരുകുന്ന കാര്‍ഷിക കടങ്ങള്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളോട് എതിരിട്ടും, അതിനെ അതിജീവിച്ചും ആണ്  കര്‍ഷകര്‍ കാര്‍ഷിക മേഖലയില്‍ ഇന്നും പിടിച്ചുനില്‍ക്കുന്നത്. വര്‍ഷങ്ങളായി സജീവമായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന കര്‍ഷക  സമരങ്ങളെല്ലാം  ഈ വിഷയങ്ങളാണ് സര്‍ക്കാരിന് മുന്‍പില്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നതും. 

കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് പാരിസ്ഥിതികമായ കാരണങ്ങള്‍ കൂടി ഉണ്ടെങ്കിലും, കൃഷിയിടങ്ങള്‍ക്കു പുറത്ത് സര്‍ക്കാറുകളുടെ നയരൂപീകരണ പാളിച്ചകളുടെ പരിണിത ഫലങ്ങളാണ് കര്‍ഷകരെ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാക്കിയതും,  നഗരങ്ങളിലേക്കു തൊഴില്‍ അന്വേഷിച്ചുപോകേണ്ട അവസ്ഥ സംജാതമാക്കിയതും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കര്‍ഷകരെ കൃഷിയിടങ്ങളില്‍ നിന്ന് പുറത്തു ചാടിച്ച്, നഗരങ്ങളില്‍ കുറഞ്ഞ കൂലി നിരക്കില്‍ അവരെ വ്യാവസായിക തൊഴിലാളികളാക്കി മാറ്റാന്‍ ആവശ്യമായ സാമ്പത്തിക സാഹചര്യങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരുകള്‍ നയരൂപീകരണങ്ങളില്‍ ശ്രദ്ധിച്ചത്.  തൊഴില്‍  ശക്തിയുടെ നല്ലൊരു ഭാഗവും കാര്‍ഷിക മേഖലയിലുണ്ടെങ്കിലും, ജി.ഡി.പിയിലേക്കുള്ള സംഭാവനയുമായി തട്ടിച്ചുനോക്കുമ്പോള്‍ അത് പൂരകമല്ല എന്നുകാണാം. ഇത് കാര്‍ഷിക മേഖലയിലെ  ഘടനാപരമായ മാറ്റങ്ങളുടെ കുറഞ്ഞ ഗതിവേഗത്തെയും, താരതമ്യേന കുറഞ്ഞ തൊഴില്‍ ഉല്‍പാദനക്ഷമതയെയും ആണ് പ്രതിഫലിപ്പിക്കുന്നതെന്ന് നിതി ആയോഗിന്റെ പഠനം കണ്ടെത്തിയിട്ടുണ്ട്. 2020 ജനുവരിയില്‍ പുറത്തുവന്ന, സര്‍ക്കാരിന്റെ തന്നെ, സാമ്പത്തിക സര്‍വേയില്‍ തൊഴില്‍ശക്തിയെ മറ്റു തൊഴില്‍ മേഖലകളിലേക്ക് പ്രത്യേകിച്ച്,  സേവന മേഖലകളിലെ വര്‍ധിച്ചു വരുന്ന തൊഴില്‍ വിപണികളിലേക്കു പുനര്‍വിന്യസിക്കേണ്ടത് ആവശ്യമാണെന്ന കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. കര്‍ഷകരെ സംരക്ഷിക്കുന്ന നിയമ വ്യവസ്ഥകളും, കൃഷിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ സഹായങ്ങളും ‘സ്വതന്ത്യ വ്യാപാരത്തിന്' ഭംഗം വരുത്തുന്നതാണ് എന്നതുകൊണ്ടുതന്നെ അവയെല്ലാം അവസാനിപ്പിക്കാന്‍   WTO യും ലോകബാങ്കും  വികസ്വര രാജ്യങ്ങളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നുമുണ്ട്. ഈ ആവശ്യങ്ങളെയെല്ലാം പരിഗണിച്ചാണ് ‘കര്‍ഷകരുടെ പുരോഗതിക്ക്' സഹായകമാകുമെന്ന വാഗ്ദാനത്തോടെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ച്  നരേന്ദ്രമോദി സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ 2020 സെപ്റ്റംബര്‍ 14ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും 17, 20 തിയ്യതികളില്‍ ചര്‍ച്ച അനുവദി ക്കാതെ പാര്‍ലമെന്ററി സഭകളില്‍ പാസ്സാക്കിയെടുക്കുകയും ചെയ്തത്. സെപ്റ്റംബര്‍ 24ന് പ്രസിഡന്റ് ബില്ലുകളില്‍ ഒപ്പുവെക്കുകയും, അംഗീകാരം നല്‍കുകയും ചെയ്തതോടെ കാര്‍ഷിക നിയമം 2020 പ്രാബല്യത്തില്‍ വന്നു.

ലോകമാകെ കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുന്ന ഒരു കാലയളവില്‍ കൃഷിക്കാരെ സഹായിക്കാനെന്ന വ്യാജേന  പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിക്ക് പോലും വിടാതെ ഓര്‍ഡിനന്‍സിലൂടെ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക ഭേദഗതി  നിയമങ്ങള്‍  കര്‍ഷക ജനതയെ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് അടിയറ വെക്കുന്നതിന് ലക്ഷ്യം വെച്ചുള്ളതാണെന്ന് അത് സംബന്ധിച്ച വിശകലനത്തിലൂടെ ബോധ്യപ്പെടും. 

മൂന്നു നിയമ ഭേദഗതികള്‍ ഇവയാണ്:
1) ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ) ആക്ട് 2020. 
2) ഫാര്‍മേഴ്‌സ് ( എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍ )  എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ആക്ട്.
3) എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ് )ആക്ട്.

കാര്‍ഷിക മേഖലയിലെ നയരൂപീകരണങ്ങളും പരിഷ്‌കാരങ്ങളും പുതിയതല്ല. അതുപക്ഷേ അതാതു സംസ്ഥാനങ്ങളില്‍, അവിടുത്തെ കാര്‍ഷിക സാഹചര്യങ്ങളെ കൂടിക്കണക്കിലെടുത്തുകൊണ്ടുവേണം എന്നതുകൊണ്ടുതന്നെയാണ് സംസ്ഥാനങ്ങള്‍ക്ക് നിയമ നിര്‍മാണം നടത്തുവാന്‍ അധികാരമുള്ള സംസ്ഥാന പട്ടികയിലെ 14ാം ഇനം ആയി കൃഷി എന്ന വിഷയത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്നു ബില്ലും പ്രാഥമികമായി സംസ്ഥാന സര്‍ക്കാരിന്റെ നിയമ നിര്‍മാണ പരിധിയില്‍ വരുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കുവേണ്ടിയുള്ള ഇച്ഛയും, അധികാര കേന്ദ്രീകരണത്തിനുവേണ്ടിയുള്ള വഴികളും ആണ് ഈ നിയമ നിര്‍മാണത്തിന്റെ  പിന്നിലുള്ള മറ്റൊരു ലക്ഷ്യം. പുതിയ നിയമങ്ങള്‍ ഓരോ സംസ്ഥാനത്തിനകത്തും തനതായി പ്രവര്‍ത്തിക്കുന്ന കാര്‍ഷികോല്‍പാദനത്തെയും കാര്‍ഷികോത്പന്ന വിപണത്തെയും  നേരിട്ട് ബാധിക്കും  എന്നതിലപ്പുറം പൊതുവിതരണ  സംവിധാനത്തെ തകര്‍ക്കുന്നതുകൊണ്ടുകൂടിയാണ് സംസ്ഥാനങ്ങളിലെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ജനാധിപത്യ വിശ്വാസികളും ആറ് മാസങ്ങളായി പ്രതിഷേധങ്ങളുമായി സമര രംഗത്ത് തുടരുന്നത്. 

കേരളത്തെക്കുറിച്ച്​ ആശങ്കയുണ്ട്​

കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഈ നിയമങ്ങള്‍ ഉണ്ടാക്കാന്‍ പോവുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്നത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ പശ്ചാത്തല ധാരണയെ മുന്‍ നിര്‍ത്തിക്കൊണ്ടായിരിക്കണം അത്തരം വിശകലനങ്ങള്‍.
മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളത്തിന്റെ കാര്‍ഷികോല്‍പാദന നിരക്കും, രാജ്യത്തിന്റെ ജി.ഡി.പി യിലേക്കുള്ള അതിന്റെ  സംഭാവനയും (6.8%) വളരെ കുറവാണ് എന്നുകാണാം. പ്രത്യേകിച്ച്   ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പാദന കാര്യത്തില്‍ കേരളം കാലങ്ങളായി ന്യൂനോല്പാദനം  മാത്രം നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ്. ഒരു  ഉപഭോക്തൃ സംസ്ഥാനം എന്ന നിലയ്ക്ക്, കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാവുക വഴി, ഭാവിയില്‍ നേരിടാന്‍ പോവുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനം നാം ഏറ്റെടുക്കേണ്ടതുണ്ട്.

കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയെ കുറിച്ച്, കാര്‍ഷിക മേഖലയെ കുറിച്ച്, പുതിയ കാര്‍ഷിക നിയമത്തിന്റെ പശ്ചാത്തലത്തിലും അല്ലാതെയും വിശകലന വിധേയമാക്കുമ്പോള്‍ ആശങ്കപ്പെടേണ്ട നിരവധി ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് പറയേണ്ടി വരും. പൊതുവില്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച ഒട്ടും ആശാവഹമല്ല എന്നതുകൊണ്ടുതന്നെ പുതിയ കാര്‍ഷിക നിയമങ്ങള്‍ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥകള്‍ അതിനെ കൂടുതല്‍ അസ്ഥിരപ്പെടുത്തും. 2018-2019ലെ ഇക്കോണമിക് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്തോല്‍പാദന വളര്‍ച്ച ഉയര്‍ന്ന നിരക്ക് പ്രകടമാക്കിയിട്ടുണ്ട് (7.5%)  ‘A higher growth rate with the state’s Gross Domestic Product at 7.5 per cent during the period as against 7.3 per cent in 201718'.

പക്ഷെ കൃഷി അനുബന്ധ മേഖലകളില്‍  വളര്‍ച്ചാനിരക്ക് കുറയുകയാണുണ്ടായത്. 0.5 ശതമാനം കുറവാണ് മുന്‍വര്‍ഷത്തേതില്‍ നിന്ന് സംഭവിച്ചിരിക്കുന്നത് (2017-18 ല്‍ 1.7%). സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്തോല്‍പാദനത്തിലേക്കുള്ള കാര്‍ഷിക മേഖലയുടെ സംഭാവന 1960-61 ല്‍ 55%, 1980-81ല്‍ 36.8%, 2013-14ല്‍ 8.95%  എന്ന തോതില്‍ കുറഞ്ഞു കുറഞ്ഞുവരികയായിരുന്നു. ഈവിധം പ്രകടമായി തന്നെ  കാര്‍ഷിക മേഖലയുടെ  സംഭാവനകള്‍ കുറഞ്ഞു വരുന്ന പ്രവണത മാത്രം ദൃശ്യമാവുന്ന ഒരു സംസ്ഥാനത്തെ സംബന്ധിച്ച്, മറ്റ് സംസ്ഥാനങ്ങള്‍ക്കുമേല്‍  ഭക്ഷ്യ ആശ്രിതത്വം നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്തെ സംബന്ധിച്ച്  പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഏറ്റവും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്.

1. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ) നിയമം  2020: സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക വിപണികള്‍ക്കും/മണ്ഡികള്‍ക്കും (അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി APMC) പുറത്ത്  കര്‍ഷകന് ഉല്‍പന്നങ്ങള്‍ നേരിട്ട് വ്യാപാരികള്‍ക്ക് വില്‍ക്കാന്‍  സ്വാതന്ത്ര്യം നല്‍കുന്ന നിയമമാണിത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള വ്യാപാര തടസം നീക്കംചെയ്യാനും, ഇ-ട്രേഡിങ്ങ് പ്രോത്സാഹിപ്പിക്കാനും ഈ നിയമം ലക്ഷ്യമിടുന്നുണ്ട്. എ.പി.എം.സികള്‍ സംസ്ഥാനങ്ങള്‍ അവയുടെ സംസ്ഥാന  നിയമനിര്‍മാണ അധികാരങ്ങളുപയോഗിച്ചു രൂപപ്പെടുത്തിയതാണ്. കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനും, അവര്‍ക്കു ഭേദപ്പെട്ട വില തങ്ങളുടെ കാര്‍ഷികോത്പന്നങ്ങള്‍ക്കു  ലഭ്യമാക്കുന്നതിനും വേണ്ടിയാണ് എ.പി.എം.സികള്‍ വഴി മാത്രം വ്യാപാരം നടത്താനുള്ള നിയമം സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയത്.

വില്‍ക്കുന്നവനും, വാങ്ങുന്നവനും (ഉല്‍പാദകരും/ഉപഭോക്താക്കളും) തമ്മില്‍ ന്യായമായ വ്യാപാര ഇടപെടല്‍ ഉറപ്പു വരുത്താനാണ് എ.പി.എം.സികള്‍ രൂപീകരിച്ചിട്ടുള്ളത്. പുതിയ നിയമം ഇത്തരം നിയന്ത്രണങ്ങളെ മുഴുവന്‍ എടുത്തു കളയുന്നതിനാണ് ലക്ഷ്യമിടുന്നത്. ‘എ.പി.എം.സി റെഗുലേറ്ററി ലോ' ‘ചോയ്‌സ് ബേസ്ഡ് മാര്‍ക്കറ്റിങ്'നുള്ള (വിപണി തിരഞ്ഞെടുപ്പിനുള്ള സാധ്യത) കര്‍ഷകരുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു എന്നും, ബദല്‍ കാര്‍ഷിക വിപണികള്‍ രൂപീകരിക്കുന്നതിനും, വിപണികളുടെ പശ്ചാത്തല വികസനത്തിനും ഈ നിയമത്തിലെ നിയന്ത്രണങ്ങള്‍ തടസ്സം ആകുന്നു എന്ന കാരണങ്ങളാണ്  എ.പി.എം.സി ആക്ട് നവീകരിക്കുന്നതിന് സര്‍ക്കാര്‍ പറയുന്ന വാദം. ട്രേഡ് ഏരിയ എന്ന പേരില്‍ പുതിയൊരു വിപണി  സംവിധാനത്തെ പറ്റിയുള്ള നിയമ  നിര്‍മ്മാണം നടത്തുകയാണ് കേന്ദ്രം ഇപ്പോള്‍ ചെയ്തിരിക്കുന്നത് (Clause 2(m)). യഥാര്‍ത്ഥത്തില്‍ ഭരണഘടന പ്രകാരം വിപണികള്‍ എന്താണെന്നു നിര്‍വചിക്കാനും, എ.പി.എം.സികളെ ആവശ്യമെങ്കില്‍ പുനര്‍നിര്‍വചിക്കാനും, പുതിയ വിപണി വിഭാഗങ്ങളെ രൂപീകരിക്കാനും  ഉള്ള  അധികാരം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. 

ഇങ്ങനെ കമ്പോളപരിധിക്ക് പുറത്ത് വില്‍പ്പനസ്ഥലം അനുവദിക്കുന്നത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് റീട്ടെയില്‍ ശൃംഖല തുടങ്ങാന്‍ സഹായിക്കാനാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു. ഈ റീട്ടെയില്‍ ശൃംഖലകള്‍ തുടക്കസമയത്ത് കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് വന്‍വില നല്‍കുകയും മണ്ഡികളെ തകര്‍ക്കുകയും ചെയ്യും. മണ്ഡികള്‍ തകര്‍ന്നു കഴിഞ്ഞാല്‍ ഉത്പന്നസംഭരണവില ക്രമേണ കുറയ്ക്കുമെന്ന് കാര്‍ഷിക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രത്യേക വിപണി മേഖലകളിലൂടെ  (ട്രേഡ് ഏരിയ), നിശ്ചയിക്കപ്പെട്ട ചില കാര്‍ഷികോല്പന്നങ്ങള്‍ ഇ-ട്രേഡിങ്ങ് നടത്താനുള്ള സൗകര്യങ്ങള്‍ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനികള്‍ക്കും, പങ്കാളിത്ത സംരംഭകള്‍ക്കും, പാന്‍കാര്‍ഡുള്ള രജിസ്‌ട്രേഡ്  സൊസൈറ്റികള്‍ക്കും, കാര്‍ഷിക സഹകരണ സൊസൈറ്റികള്‍ക്കും ഇ-ട്രേഡിങ്ങ് പ്ലാറ്റ്ഫോം​ വേണമെങ്കില്‍ തുടങ്ങാം എന്ന്  നിഷ്‌കര്‍ഷിക്കുന്നു. ഈ നിയമത്തിലെ 3 & 4 ക്ലോസുകള്‍ പ്രകാരം, എ.പി.എം.സി മണ്ഡികള്‍ക്ക് പുറത്ത്, അന്തര്‍ സംസ്ഥാന വ്യാപാരത്തിലും, സംസ്ഥാനങ്ങള്‍ക്കകത്തുള്ള വ്യാപാരത്തിലും ഇനി കര്‍ഷകര്‍ക്ക് സ്വതന്ത്രമായി ഇടപെടാം. എ.പി.എം.സി മാര്‍ക്കറ്റുകള്‍ക്കു പുറത്തു നടക്കുന്ന വിപണനത്തിന് (ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിന്) എ.പി.എം.സി ആക്ട് പ്രകാരമുള്ള മാര്‍ക്കറ്റ് ഫീസോ, സെസ്, ലെവി ഇവയൊന്നും ബാധകമല്ല (clause 6).

ally
കർഷക സമരത്തിന്റെ ഭാഗമായി നടന്ന ട്രാക്ടർ റാലി സാപ്ലയില്‍ 

കൂടാതെ, കമ്പനികള്‍ക്ക് രാജ്യത്തെവിടെയും വിപണികള്‍ തുറക്കാന്‍ അനുവാദം നല്‍കുകയും ചെയ്യുന്നുണ്ട് പുതിയ നിയമം. ഈ നിയമത്തിലെ മറ്റൊരു പ്രധാനപ്പെട്ട ക്ലോസ് 14 ആണ്. ഇതുപ്രകാരം സംസ്ഥാന കാര്‍ഷിക വിപണികളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം ഇനി കേന്ദ്രത്തിനായിരിക്കും. കാര്‍ഷിക വിപണന വിഷയത്തില്‍ കേന്ദ്രത്തില്‍ അധികാരം കേന്ദ്രീകരിക്കാനും, സംസ്ഥാന നിയന്ത്രണാധികാരങ്ങള്‍ എടുത്തു കളഞ്ഞു വിപണി നിയമങ്ങളെ ഏകീകരിക്കാനും ആണ് കേന്ദ്രം ശ്രമിക്കുന്നത്. 
APMCകള്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളെ സംബന്ധിച്ചു ഈ നിയമം വളരെ ഏറെ പ്രയാസങ്ങള്‍ കര്‍ഷകര്‍ക്കുണ്ടാക്കും എന്നതിന് വ്യക്തമായ തെളിവാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ  സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ വന്‍ പങ്കാളിത്തം.

പ്രശ്​നങ്ങളുണ്ട്​, പരിഹരിക്കുകയാണ്​ വേണ്ടത്​

1960-70 കളിലാണ് രാജ്യത്തു നിയന്ത്രിത അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റികള്‍ (കാര്‍ഷികോത്പന്ന കമ്പോള സമിതി) വരുന്നത്. ഹരിത വിപ്ലവം നടപ്പിലാക്കപ്പെട്ട സംസ്ഥാനങ്ങളില്‍ വന്‍ തോതിലുണ്ടായ ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം കൈകാര്യം ചെയ്യുന്നതില്‍ ഈ മണ്ഡികള്‍ പ്രയോജനകരമായിരുന്നു. കര്‍ഷകരെ സംബന്ധിച്ച് ഉത്പന്നങ്ങള്‍ സംഭരിക്കപ്പെടുമെന്ന ഉറപ്പും, ഭേദപ്പെട്ട വില ലഭിക്കുമെന്ന സാഹചര്യവും നിലനിര്‍ത്തുന്നതിന് ഇത്തരം മണ്ഡി സംവിധാനത്തിന് കഴിഞ്ഞു. മണ്ഡികളുടെ നടത്തിപ്പില്‍ ധാരാളം പാകപ്പിഴകള്‍ നിലനില്‍ക്കുന്നുണ്ട്. വെറും ആറ് ശതമാനം കര്‍ഷകര്‍ ആണ് മണ്ഡികള്‍  വഴി തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുള്ളു എന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാപാരികളും , ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ഏജന്റുകളും വലിയ തോതില്‍ കര്‍ഷകരെ ചൂഷണ വിധേയമാക്കുന്നുണ്ട്. കാര്‍ഷിക വിപണിയുടെ പശ്ചാത്തല വികസനത്തില്‍ പലപ്പോഴും സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം കൂടുതല്‍ ബാധിക്കുന്നത് ​ചെറുകിട കര്‍ഷകരെയാണ്. ധാന്യങ്ങളും, പച്ചക്കറികളും മറ്റും കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നതിന്​ സര്‍ക്കാര്‍ നിശ്ചയിച്ച വിപണന കമ്മിറ്റികളുടെ കെടുകാര്യസ്ഥതയെ കുറിച്ച് ആസൂത്രണ കമ്മീഷണറെ തന്നെ പല കാലങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കാര്‍ഷിക ഉല്‍പന്ന വിപണന കേന്ദ്രങ്ങള്‍ കര്‍ഷകര്‍ക്ക് ന്യായമായ വിലയും പ്രവര്‍ത്തനങ്ങളിലെ സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി രൂപവല്‍ക്കരിക്കപ്പെട്ടവയാണെങ്കിലും, ഇത്തരം കേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്ന അധികാരികള്‍ പ്രാദേശിക ഏജന്റുകളുമായി കൂട്ട് ചേര്‍ന്ന് ചെറുകിട കര്‍ഷകരെ സ്വാതന്ത്ര്യ വ്യാപാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതായി കര്‍ഷകര്‍ പരാതിപ്പെടുന്നു. പ്രവര്‍ത്തനത്തിലെ സുതാര്യതയില്ലായ്മ, വിപണി ചാര്‍ജുകള്‍, നേരിട്ട് വിപണനത്തില്‍ ഏര്‍പ്പെടുന്നതിനുള്ള വിലക്കുകള്‍ എന്നിവയൊക്കെയും ചെറുകിട കര്‍ഷകരെ സര്‍ക്കാര്‍ നിയന്ത്രിത വിപണന കേന്ദ്രങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചു APMCകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കേണ്ടതിനു പകരം അവയെ തീര്‍ത്തും അപ്രസക്തമാക്കാനുള്ള നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ഈ നിയമത്തിലൂടെ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 

കേരളത്തിൽ എന്തുകൊണ്ട്​ എ.പി.എം.സി ആക്ട് ഇല്ല?

2003ല്‍ എ.പി.എം.സി ആക്ട് നിലവില്‍ വന്ന സമയത്തു സംസ്ഥാനങ്ങള്‍ക്കു അവരവരുടെ ആവശ്യങ്ങള്‍ക്കു അനുസരിച്ചു സംസ്ഥാനതലത്തില്‍ എ.പി.എം.സി ആക്ട് രൂപീകരിക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. കേരളം, ലക്ഷദ്വീപ്, ദാമന്‍ ദിയു, ആന്‍ഡമാന്‍ നിക്കോബാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ എ.പി.എം.സി ആക്ട് നടപ്പിലാക്കുകയോ എ.പി.എം.സികള്‍ രൂപീകരിക്കുകയോ ചെയ്തിട്ടില്ല. കേരളത്തില്‍ എ.പി.എം.സി ആക്ടിന് പകരം സംസ്ഥാനം രൂപീകരിച്ച കാര്‍ഷിക നയങ്ങള്‍ ആണ് നിലനില്‍ക്കുന്നത്. ഇതിനു പ്രധാന കാരണം വലിയ തോതിലുള്ള ഉത്പാദനം നമുക്കില്ല എന്നതും, നാണ്യവിളകള്‍ക്കാണ് കേരളത്തിന്റെ കാര്‍ഷികോൽപ്പാദനത്തില്‍ പ്രമുഖ സ്ഥാനം എന്നതുമാണ്.

ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ പ്രത്യേകിച്ചും സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തന്നെ ന്യൂനോല്‍പാദനം നടക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് വിശദീകരിച്ചുകഴിഞ്ഞു. കേരളത്തില്‍ എ.പി.എം.സികള്‍ക്ക് പകരം സര്‍ക്കാര്‍ നേരിട്ട് കാര്‍ഷികോല്‍പന്നങ്ങള്‍  സംഭരിക്കുകയും, അന്തര്‍ സംസ്ഥാന വ്യാപാരം നടത്തുകയോ, വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയോ ആണ് ചെയ്യുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെ മൊത്ത  വ്യാപാര വിപണികളും (Whole Sale Market) സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ പ്രോഡക്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ഹോര്‍ട്ടികോര്‍പ്), ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള, നാണ്യ വിളകള്‍ക്കായി വിവിധ ബോര്‍ഡുകള്‍ നാളികേര വികസന ബോര്‍ഡ്, റബര്‍ ബോര്‍ഡ് കോഫീ ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ് എന്നിവയും ഉണ്ട്. ഇത് കൂടാതെ സര്‍ക്കാര്‍ വിപണിക്ക് പുറത്തും കൃഷിക്കാര്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

Remote video URL

അരിയാണ് പ്രധാനമായും കേരളത്തിലെ ഭക്ഷണ ആവശ്യത്തിനായി ഉപയോഗിക്കപ്പെടുന്നതെങ്കിലും സംസ്ഥാനത്തിന്റെ മൊത്തം അരി ആവശ്യത്തിന്റെ 15% മാത്രമാണ് ഇവിടുത്തെ ഉത്പാദനം. കേരളത്തില്‍ നെല്ലിന്റെ സംഭരണത്തിനും സംസ്‌കരണത്തിനും വിപണനത്തിനും ആയി സപ്ലെകോയുടെ നേതൃത്വത്തില്‍ ഉള്ള സംവിധാനം നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ മുഖ്യ ധാന്യസംഭരണ ഏജന്‍സിയായി പ്രവര്‍ത്തിച്ചു വരുന്ന ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ധാന്യ സംഭരണ പ്രക്രിയ പരിഷ്‌ക്കരിച്ചു ഒരു വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതി കേന്ദ്ര ഭക്ഷ്യ പൊതു മന്ത്രാലയം 1997-98 മുതല്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍  സപ്ലൈകോ ആണ് നമ്മുടെ സംസ്ഥാനത്ത് ഈ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി ആയി പ്രവര്‍ത്തിക്കുന്നത്. സപ്ലൈകോ നെല്‍ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ല് നിശ്ചിത ഗുണമേന്മ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഏറ്റെടുത്തു സംസ്‌കരിച്ചു പൊതു വിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുകയും ചെയ്യുന്നു. പക്ഷെ ആഭ്യന്തര ഉപഭോഗത്തിനുള്ളത് ഉല്പാദിപ്പിക്കാന്‍ സാധിക്കാത്തതുകൊണ്ടുതന്നെ   സംസ്ഥാനത്തിന് പുറത്തു നിന്ന് ഒരു വര്‍ഷത്തില്‍ 25 ലക്ഷം ടണ്‍ അരിയും, 4 ലക്ഷം ടണ്‍ ഗോതമ്പും ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ട്. ഇതില്‍ FCI ആണ് വര്‍ഷത്തില്‍ 1.3 ലക്ഷം ടണ്‍ അരിയും, 1.8 ലക്ഷം ടണ്‍ ഗോതമ്പും കേരളത്തിന് നല്‍കികൊണ്ടിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ പൊതു സംഭരണ സംവിധാനങ്ങള്‍ പുതിയ കാര്‍ഷിക നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിര്‍ജ്ജീവമാകാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.

farmers
കണ്ണൂരിൽനിന്ന്‌  പുറപ്പടുന്ന  കർഷകസംഘം നേതൃത്വത്തിലുള്ള കർഷകമാർച്ച്‌ അഖിലേന്ത്യാ കിസാൻസഭ വൈസ്‌ പ്രസിഡന്റ്‌ എസ്‌ രാമചന്ദ്രൻപിള്ള ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തപ്പോള്‍

കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രിത കമ്പോളങ്ങള്‍ക്കു പുറത്തും ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ വിപണികള്‍ ഒരുക്കപ്പെടുമ്പോള്‍ പൊതു വിതരണ സംവിധാനത്തിനാവശ്യമുള്ള സംഭരണം സര്‍ക്കാരിന് കഴിയാതെ പോവും. ഇത് രാജ്യത്തെ പൊതുവിലും സംസ്ഥാനങ്ങളെ അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചും സാധാരണ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് സൃഷ്ടിക്കുക. കൂടുതല്‍ വിപണന സംവിധാനങ്ങള്‍, കൂടുതല്‍ വിപണി സ്വാതന്ത്ര്യം  എന്നൊക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമത്തെ കുറിച്ച് അവകാശ വാദങ്ങള്‍ ഉയര്‍ത്തികൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ഉദാഹരണം എടുത്താല്‍, ഇവിടെ എ.പി.എം.സി മണ്ഡികള്‍ ഇല്ലാതിരുന്നിട്ടും  വലിയ തോതില്‍ സ്വകാര്യ നിക്ഷേപം വ്യാപാര മേഖലയില്‍ സംഭവിച്ചിട്ടില്ല എന്നുകാണാം. 

സ്വതന്ത്ര വിപണികൾ അനുവദിച്ചിട്ടും...

കൂടാതെ മറ്റു  പല  സംസ്ഥാനങ്ങളും അവരുടെ എ.പി.എം.സി ആക്ടുകളില്‍ പല കാലങ്ങളിലായി ഭേദഗതികള്‍ കൊണ്ടുവന്നിട്ടുമുണ്ട്. 2018ല്‍ മഹാരാഷ്ട്ര എ.പി.എം.സി ആക്ട് 1963 ഭേദഗതി ചെയ്തു. ഫലത്തില്‍  നിയന്ത്രണമാണ് എടുത്തു കളഞ്ഞത്. സ്വതന്ത്ര വിപണികള്‍ അതുവഴി അനുവദിച്ചിട്ടും, കര്‍ഷകര്‍ വലിയ തോതില്‍ അവയെ ആശ്രയിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നില്ല. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്കുള്ള വില സമയബന്ധിതമായി  നല്കാന്‍ പലപ്പോഴും സ്വകാര്യ ക്രേതാക്കള്‍ (ബയേഴ്‌സ്) തയ്യാറാവുന്നില്ല എന്ന പ്രശ്‌നം മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കു നേരിടേണ്ടി വരുന്നുണ്ട്. നെല്ലിന്റെയും, ഗോതമ്പിന്റെയും സംഭരണത്തിന് രാജ്യത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രിത വിപണന സൗകര്യങ്ങള്‍  അപര്യാപ്തമാണ്. എ.പി.എം.സി മണ്ഡികള്‍ക്ക് പകരം ഇന്ത്യയില്‍ മതിയായ സ്വകാര്യ മാര്‍ക്കറ്റുകള്‍ തുറക്കപ്പെടും എന്നത് യാതൊരു ഉറപ്പുമില്ലാത്ത സംഗതിയാണ്. ഇനി അങ്ങിനെ സംഭവിച്ചാല്‍ തന്നെയും അതൊരിക്കലും കര്‍ഷകര്‍ക്ക് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യാനും സാധ്യതയില്ല.  

കേരളത്തിൽ കാപ്പിക്ക്​ സംഭവിച്ചത്​

കേരളത്തിലെ കാപ്പിയുടെ വ്യാപാരവുമായി ബന്ധപ്പെട്ട ഒരു ഉദാഹരണം അത് വ്യക്തമാക്കുന്നതാണ്. സ്വകാര്യ കമ്പനികള്‍ക്ക്/വ്യാപാരികള്‍ക്ക് നേരിട്ട് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാം എന്ന പുതിയ നിയമം എങ്ങനെ കര്‍ഷകരുടെ ഭാവിയെ അനിശ്ചിതത്തിലാക്കും എന്നതിന് വയനാട്ടിലെ കാപ്പി കര്‍ഷകരുടെ കാര്യം മാത്രം ഉദാഹരണമായി എടുത്താല്‍ മതി. സംസ്ഥാനത്തിന്റെ കാപ്പി ഉല്‍പാദനത്തിന്റെ എണ്‍പതു ശതമാനത്തിലധികം ഉല്‍പാദനവും വയനാട്ടിലാണ്. 1992 വരെ കാപ്പിയുടെ വില്പന പൂര്‍ണമായും കോഫീ ബോര്‍ഡിന്റെ നിയന്ത്രണത്തിലായിരുന്നു. കര്‍ഷകര്‍ ഉത്പാദിപ്പിച്ച കാപ്പി മുഴുവന്‍ ബോര്‍ഡിന് മാത്രമായി വില്‍ക്കേണ്ടി വന്നു. പക്ഷെ അന്തര്‍ദ്ദേശീയ കാപ്പി വില്‍പനയിലൂടെ നേടിയ ലാഭത്തിന്റെ വിഹിതം കര്‍ഷകര്‍ക്ക് ബോര്‍ഡ് നല്‍കിയില്ല.

കോഫീ ബോര്‍ഡിന് പൂള്‍ ചെയ്യുന്ന സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് ആവശ്യം ഉയര്‍ന്നു. 1995-96 വര്‍ഷത്തില്‍ പത്ത് ഹെക്ടറില്‍ താഴെയുള്ള കാപ്പി കര്‍ഷകരെ ഈ ബാധ്യതയില്‍ നിന്ന് ഒഴിവാക്കി. തുടര്‍ന്ന് ഇന്ത്യാ ഗവണ്‍മെന്റ് മുഴുവന്‍ കാപ്പി കര്‍ഷകര്‍ക്കും തങ്ങളുടെ ഉൽപ്പന്നം പ്രാദേശികമായോ വിദേശത്തോ വില്‍ക്കാൻ സ്വാതന്ത്ര്യം നല്‍കി. തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങളില്‍ കാപ്പി വില കുത്തനെ ഉയര്‍ന്നു. പക്ഷെ പിന്നീട് സ്വകാര്യ കക്ഷികള്‍ കാപ്പി വ്യാപാരത്തിന്റെ കുത്തക കയ്യടക്കി, അതോടെ 2002-03 വര്‍ഷത്തോടെ വിലയിടിഞ്ഞു. ഒരു കിലോ പരിപ്പിന് 23 രൂപ നിരക്കില്‍ താഴ്ന്നു. ഇതിന്റെ ഫലമായി കാപ്പി വ്യാപാരം പൊതുമേഖലയുടെ ആധിപത്യത്തില്‍ നിന്ന് സ്വകാര്യ മേഖലയുടെ കൈപ്പിടിയിലായി. അസംസ്‌കൃത കാപ്പിയുടെയും കാപ്പി പരിപ്പിന്റെയും വില കുറഞ്ഞുതന്നെ തുടരുമ്പോഴും, നെസ്‌ലെ, ബ്രൂക്ക് ബോണ്ട് തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളുടെ കാപ്പി ഉത്പന്നങ്ങള്‍ വലിയ വിലയില്‍ ഇവിടെ വിറ്റഴിക്കപ്പെടുന്നുണ്ട് എന്നുകാണാം.

കാര്‍ഷികോല്പന്നങ്ങളുടെ ഇറക്കുമതിയിലുള്ള അളവ് സംബന്ധമായ നിയന്ത്രണങ്ങള്‍ 2000 ത്തില്‍ എടുത്തു കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് ആഭ്യന്തര കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവിനെ നേരിട്ട് ബാധിച്ച ഘടകമായിരുന്നു. കുരുമുളകിന്റെയും, ചായയുടെയും കാര്യത്തില്‍ ഇതൊക്കെ തന്നെയായിരുന്നു സ്ഥിതി. 2004ല്‍ 130 ഓളം കര്‍ഷകരും കര്‍ഷക തൊഴിലാളികളുമാണ് ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതു സംഭരണ സംവിധാനങ്ങള്‍ വിപുലമാക്കുകയും, കുറ്റമറ്റതാക്കുകയും കാര്യക്ഷമതയുള്ളതാക്കുകയും ചെയ്യുക തന്നെയാണ് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടി. അതല്ലാതെ അതിനെ ഇല്ലാതാക്കിക്കൊണ്ടുള്ള ഏതു മാറ്റവും കര്‍ഷകരെ കൂടുതല്‍ ദുരിതങ്ങളില്‍ കൊണ്ടെത്തിക്കുകയേയുള്ളു. 

കേരളത്തില്‍ സര്‍ക്കാര്‍ ഏജന്‍സിയായ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ സംസ്ഥാനത്തൊട്ടാകെ 283  സ്വാശ്രയ കര്‍ഷക സമിതികള്‍ രൂപീകരിച്ചു വിപണന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ഹോർട്ടികോര്‍പ് സ്ഥാപനത്തിന്റെ സംഭരണ കേന്ദ്രങ്ങളിലൂടെ കര്‍ഷകരില്‍ നിന്നും കര്‍ഷക കൂട്ടായ്മകളില്‍ നിന്നും കാര്‍ഷിക മൊത്ത വ്യാപാര വിപണികളില്‍ നിന്നും കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുകയും ചെയ്യുന്നുണ്ട്. പഴവര്‍ഗങ്ങളില്‍ പൈനാപ്പിള്‍, മാങ്ങ എന്നിവയാണ് കൂടിയ തോതില്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രിത വിപണികള്‍ ആണ് വിപണി സുരക്ഷിതത്വം ഉറപ്പു നല്‍കുന്നതെന്നാണ്  മാങ്ങായുത്പാദന കര്‍ഷകരില്‍ പലരുടെയും പക്ഷം. 

ഇ-വ്യാപാരവുമായി ബന്ധപ്പെട്ടും കേരളത്തില്‍ ചില പരീക്ഷണങ്ങള്‍ നടന്നിട്ടുള്ളതാണ്. ഇലക്ട്രോണിക് ലേലം നടത്താനുള്ള നടപടികളിലേക്ക് കേരളത്തിലെ റബ്ബര്‍ ബോര്‍ഡ് നീങ്ങുന്നതായി ഈയടുത്തു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സമയബന്ധിതമായി വില ലഭിക്കുന്നത് ഇല്ലാതാവുമോ എന്ന കര്‍ഷകരുടെ ആശങ്കകള്‍ ഇ-പ്ലാറ്റ്‌ഫോം വ്യവസ്ഥയില്‍ നിലനില്‍ക്കുന്നുണ്ട്. 2016ല്‍  ടീ ബോര്‍ഡിന്റെ (Indian  Tea  Board) നിര്‍ദേശപ്രകാരം ടീ ഓക്ഷന്‍ കൊച്ചിയില്‍ നടപ്പിലാക്കിയിരുന്നു. പക്ഷെ ഈ സൗകര്യം സ്വകാര്യ കമ്പനികളുടെ വിലപേശലിനു കര്‍ഷകരെ വിധേയമാകുന്നു എന്നും വിലയില്‍ കാര്യമായ വര്‍ധനവ് ഇത്തരം വ്യാപാരത്തിലൂടെ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഉത്പന്നങ്ങളുടെ വില സ്വകാര്യ കമ്പനികള്‍ തീരുമാനിക്കട്ടെ എന്ന് വെയ്ക്കുന്നത് കര്‍ഷകരുടെ അവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കാനേ സഹായിക്കൂ. 

2) ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍)  എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ആക്ട്

ഈ നിയമത്തിന്റെ  ആമുഖത്തില്‍ പറയുന്നത്, ഒരു  ദേശീയ തല കാര്‍ഷിക കരാര്‍ ചട്ടക്കൂട് ഈ നിയമത്തിലൂടെ  സാധ്യമാവുമെന്നും, അതുവഴി കര്‍ഷകര്‍ക്ക് കാര്‍ഷിക ബിസിനസ് (അഗ്രി ബിസിനസ്സ്) കമ്പനികളുമായും സംഭരണ കമ്പനികളുമായും മൊത്ത വ്യാപ്യാരികളുമായും കയറ്റുമതി ചെയ്യുന്നവരുമായും കാര്‍ഷിക സേവനങ്ങള്‍ നല്‍കുന്ന വലിയ ചില്ലറ വ്യാപാരികളുമായും, ലാഭകരമായ ഉൽപ്പന്ന  വില പരസ്പര കരാറിന്റെ പുറത്തു ഉറപ്പിച്ച്, അവരുടെ ഉൽപ്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യം ഉണ്ടാകും എന്നാണ്. ചുരുക്കത്തില്‍ കരാര്‍ കൃഷിക്ക്  നിയമ സാധുത നല്‍കാനുള്ളതാണ് ഈ നിയമം. ഈ നിയമത്തിലെ ക്ലോസ്-3 പ്രകാരം കര്‍ഷകന് വ്യാപാരിയുമായി എഴുതി തയ്യാറാക്കിയ കരാര്‍ വഴി കൃഷി ചെയുകയും, ഉത്പന്നങ്ങള്‍ വില്‍ക്കുകയും ചെയ്യാം. കരാറിന്റെ കാലാവധിയെ സംബന്ധിച്ചെല്ലാം നിയമത്തില്‍ നിര്‍ദേശങ്ങള്‍ വെക്കുന്നുണ്ട്. 1 തൊട്ട് 5 വര്‍ഷങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്ന കരാര്‍ ഉണ്ടാക്കാം. വിലയെക്കുറിച്ച് കൃത്യമായി കരാറില്‍ സൂചിപ്പിച്ചിരിക്കണമെന്നും, വിലയില്‍ വന്നേക്കാവുന്ന വ്യതിയാനങ്ങള്‍, മറ്റെന്തെങ്കിലും അധിക തുകകള്‍, പ്രത്യേകിച്ച് ബോണസ്, പ്രീമിയം എന്നിവയും കരാറില്‍ സൂചിപ്പിക്കേണ്ടതുണ്ട്. കാര്‍ഷിക കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു രജിസ്‌ട്രേഷന്‍ അതോറിറ്റി സ്ഥാപിക്കുമെന്നും  പറയുന്നു. 2018ല്‍ യൂണിയന്‍ മിനിസ്ട്രി ഓഫ് അഗ്രിക്കള്‍ച്ചര്‍ കരാര്‍ കൃഷിക്ക്  വേണ്ടി ഒരു മാതൃകാ നിയമം തയ്യാറാക്കിയിരുന്നു (The State /UT Agricultural Produce Contract Farming (Promotion and Facilitation) Act, 2018). ഇതില്‍ നിന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. 2003ല്‍ NDA സര്‍ക്കാര്‍ രൂപം കൊടുത്ത മാതൃക നിയമത്തിലും (model act 2003) കരാര്‍ കൃഷിയെ സംബന്ധിച്ചു വിശദമാക്കിയിരുന്നു. APMCയുടെ നേതൃത്വത്തിലായിരിക്കണം കരാര്‍ തയ്യാറാക്കേണ്ടത് എന്നും, എ.പി.എം.സി തന്നെയാണ് ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതെന്നും അതില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു.

എ.പി.എം.സി ആക്ടില്‍ ഭേദഗതി വരുത്താനും, കോണ്‍ട്രാക്ട് ഫാര്‍മിംഗ് ഉള്‍പ്പെടുത്താനും ഉള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചു പതിനാലോളം സംസ്ഥാനങ്ങള്‍ കരാര്‍ കൃഷി നിയമങ്ങള്‍ രൂപപ്പെടുത്തി. തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ചണ്ഡീഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കരാര്‍ കൃഷി നടപ്പിലാക്കിയിട്ടുമുണ്ട്. പുതിയ കാര്‍ഷിക നിയമം എ.പി.എം.സിയുടെ ഈ അധികാരം ഇല്ലാതാക്കുന്നു. തര്‍ക്ക പരിഹാരം നടത്താന്‍ ഒരു അനുരഞ്ജന ബോര്‍ഡ്/ തര്‍ക്കപരിഹാര ബോര്‍ഡിന് ആണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തലത്തില്‍ ആണ്  പരാതികള്‍ ഒത്തുതീര്‍പ്പാക്കേണ്ടത്. ആയതുകൊണ്ടുതന്നെ ഈ വ്യവസ്ഥകള്‍ ഒരിക്കലും കര്‍ഷകര്‍ക്ക് അനുകൂലമായിരിക്കില്ലെന്നും, പരാതികള്‍ ഉണ്ടായാല്‍ വലിയ കമ്പനികളുമായി കേസിനു പോയാല്‍ അത്തരം കമ്പനികള്‍ പരിഹാര അതോററ്റിയെ സ്വാധീനിക്കാനും സാധ്യതയുണ്ട് എന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കരാര്‍ കൃഷി എന്നത്  വിത്ത് മുതല്‍ വിപണി വരെ കര്‍ഷകര്‍ കോര്‍പ്പറേറ്റുകളാല്‍ കൊള്ളയടിക്കപ്പെടാനുള്ള അവസരം ഉണ്ടാക്കുന്ന ഒന്നാണ്.

കരാർ കൃഷി, കരാർ കമ്പനിയുടെ വിത്ത്​

കരാര്‍ കൃഷിയില്‍ കരാര്‍ കമ്പനികള്‍ നല്‍കുന്ന വിത്താണ് കൃഷി ചെയ്യേണ്ടത്. കാര്‍ഷിക മേഖലയില്‍ വിത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയെയും ആ രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെയും അട്ടിമറിക്കുന്നതിന് പോലും വിത്തിന് കഴിവുണ്ട്. ലോകത്ത് വിത്തുകളുടെ കുത്തകയുള്ളത് മൊണ്‍സാന്റോ എന്ന ബഹുരാഷ്ട കമ്പനിക്കാണ്. അതേ മൊണ്‍സാന്റോയാണ് ഇന്ത്യയിലെ വിത്തുകളുടെ വിപണിയില്‍ 80% നിയന്ത്രിക്കുന്നത്. പ്രതിവര്‍ഷം 150 ബില്യന്‍ കോടിയിലധികം രൂപയുടെ വിത്തുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നത്. കോണ്‍ട്രാക്ട് ഫാമിംഗില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ആവശ്യമുള്ള ഉല്‍പ്പന്നങ്ങുടെ കൃഷിയാണ് പ്രോത്സാഹിപ്പിക്കപ്പെടുക എന്നതുകൊണ്ടുതന്നെ സ്വാഭാവികമായും കാര്‍ഷിക മേഖലയെ അതിന്റെ  പ്രാഥമിക കര്‍ത്തവ്യമായ ഭക്ഷ്യോല്‍പ്പാദനത്തില്‍ നിന്ന് വ്യതിചലിപ്പിച്ച് വിപണി സാധ്യതകള്‍ക്ക് അനുസരിച്ചുള്ള അഗ്രി ബിസ്സിനസ്സിലേക്കു പൂര്‍ണ്ണമായും മാറ്റപ്പെടാന്‍ വഴിയൊരുക്കും. ഭക്ഷ്യധാന്യ കമ്മിയിലേക്ക് രാജ്യം എളുപ്പം എത്തുകയും ചെയ്യും.

‘പ്രൈസ് അഷുറന്‍സ്' എന്ന നിയമത്തിലെ വാഗ്ദാനം എത്ര യാഥാര്‍ഥ്യമാകും എന്ന ആശങ്കകളാണ് കര്‍ഷകര്‍ പങ്കു വെയ്ക്കുന്ന മറ്റൊരു പ്രധാന വിഷയം. പുതിയ നിയമത്തില്‍ എവിടെയും കര്‍ഷകര്‍ക്ക് മിനിമം താങ്ങു വില ഉറപ്പു വരുത്തുന്ന നിര്‍ദ്ദേശങ്ങള്‍ ഇല്ല എന്ന് കാണാം. കാലാകാലങ്ങളായി കര്‍ഷകര്‍ ആവശ്യപ്പെടുന്ന ഒരു കാര്യം കൂടിയാണ് മിനിമം സഹായ വിലയ്ക്ക് നിയമ സാധുത നല്‍കുക എന്നത്. 

farmers
കര്‍ഷക സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് ആലപ്പുഴയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ നിന്ന്‌

കാര്‍ഷിക  വിപണിയുമായി ബന്ധപെട്ടു സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രധാനമായും ഇടപെടുന്നത്​ ഉൽപ്പന്നങ്ങള്‍ക്ക് താങ്ങു വില പ്രഖ്യാപിക്കുന്നതിലും, ഉല്‍പ്പന്നങ്ങള്‍ താങ്ങുവിലയ്ക്ക് സംഭരിക്കുന്നതിലും ആണ്. 23 വിളകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മിനിമം സഹായവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നെല്ല്, ഗോതമ്പ്, റബ്ബര്‍, പരുത്തി, കരിമ്പ് എന്നിവയാണ് സര്‍ക്കാര്‍ പ്രധാനമായും സംഭരിക്കുന്നത്. എ.പി.എം.സികള്‍ നിരവധി പാകപ്പിഴകള്‍ ഉള്ളതാണെങ്കിലും കര്‍ഷകര്‍ക്ക് ഈ സഹകരണ സംവിധാനങ്ങളില്‍ ഉൽപ്പന്നങ്ങള്‍ എത്തിച്ചാല്‍ മിനിമം സഹായ വില ഉറപ്പായും ലഭിക്കും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മിനിമം സഹായ വില കര്‍ഷകരുടെ അധ്വാനത്തിനുള്ള ന്യായമായ വില പലപ്പോഴും ആകാറില്ലെങ്കിലും, സ്വകാര്യ ഏജന്‍സികളുടെ ചൂഷണത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ഈ സംവിധാനങ്ങള്‍ സഹായകമാണ്. സര്‍ക്കാര്‍ ചന്തകള്‍ കേന്ദ്രീകരിച്ചുള്ള സ്വകാര്യ ട്രേഡ് കാര്‍ട്ടലുകളെ നിയന്ത്രിക്കണം എന്നും, കര്‍ഷകര്‍ക്ക് അര്‍ഹമായ മിനിമം സഹായ വില ലഭ്യമാക്കണം എന്നും കാലങ്ങളായി പല കാര്‍ഷിക വിദഗ്ധരും ആവശ്യപ്പെടുന്ന കാര്യമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ പഠന ഫലം വെച്ചുകൊണ്ട്  എ.പി.എം.സികള്‍ ഫലപ്രദമല്ല എന്നും, മിനിമം താങ്ങു വിലയിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കര്‍ഷകരുടെ എണ്ണം തുലോം കുറവാണ് എന്നും ഉയര്‍ത്തിക്കാട്ടി ഇവയില്‍ നിന്നെല്ലാം  പിന്‍വലിയാനുള്ള അവസരം കൂടി സര്‍ക്കാര്‍  സൃഷ്ടിക്കുന്നുണ്ട് എന്ന് വേണം കരുതാന്‍. 

സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട്​ എന്ന കെണി

സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആണ് കര്‍ഷകരുടെ വരുമാനത്തെ സംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് നിര്‍ദേശങ്ങള്‍ ഭൂരിഭാഗവും തങ്ങള്‍ നടപ്പാക്കി എന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. പക്ഷെ സഹായ വിലയെ സംബന്ധിച്ച സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നു കാണിച്ചു 2015ല്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു. മിനിമം സഹായ വിലയെ ഉത്പാദനച്ചെലവായി കണക്കാക്കി, അതിനോടൊപ്പം അമ്പത് ശതമാനം വര്‍ധനവ് നിശ്ചയിച്ച് ഉത്പന്നങ്ങള്‍ക്ക്  വിലയായി നല്കാനുള്ള ശുപാര്‍ശയാണ് സ്വാമിനാഥൻ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്.

ഇതനുസരിച്ച്  സി2 (സി2 = മൂലധനച്ചെലവായി കണക്കാപ്പെടുന്ന തുക + ഭൂമിക്കുള്ള പാട്ടം) വിനോടൊപ്പം 50% കൂടി ചേര്‍ക്കുമ്പോള്‍  നിലവിലുള്ള മിനിമം സഹായ വിലയില്‍ നിന്നും 200 മുതല്‍  300 രൂപയുടെ അധിക വരുമാനം മാത്രമേ കര്‍ഷകര്‍ക്ക്  ലഭിക്കുകയുള്ളൂ എന്നതാണ് യാഥാര്‍ഥ്യം . ഇതുതന്നെ ലഭിക്കുക കര്‍ഷകരുടെ  മൊത്തം ഉൽപ്പന്നവും മിനിമം സഹായവില നല്കി സര്‍ക്കാര്‍ വാങ്ങുമ്പോള്‍ മാത്രമാണ്.  അതായത്​, ഈ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പിലാക്കിയാല്‍  തന്നെയും കര്‍ഷകരുടെ  മാസവരുമാനത്തില്‍  1000 രൂപയില്‍ കൂടുതലുള്ള വര്‍ധനവൊന്നും ഉണ്ടാവാന്‍ പോകുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ പക്ഷെ MSP കണക്കാക്കുന്നതിനു ഉപയോഗിച്ച ഫോര്‍മുല A2 + FL  ആണ്. കര്‍ഷകര്‍ വിത്തിനും , കൂലിക്കും, കീടനാശിനികള്‍ക്കും, വളങ്ങള്‍ക്കും വേണ്ടി നടത്തിയ പണമിടപാടുകളാണ് A2. അതോടൊപ്പം  കുടുംബാംഗങ്ങളുടെ  കൂലിയില്ലാ അധ്വാനവും (FL) ചേര്‍ത്താണ് MSP കണക്കാക്കിയിരിക്കുന്നത്.

ഭൂമിക്കു കര്‍ഷകന്‍ മുടക്കേണ്ട വാടക, കടം വാങ്ങിയ  മൂലധനത്തിനുമേല്‍ വരുന്ന പലിശ ഇതെല്ലം പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു.    
2017ല്‍ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളില്‍  നടത്തിയ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്​ അനുസരിച്ച് കര്‍ഷകരുടെ കൃഷിയില്‍  നിന്നുള്ള വാര്‍ഷിക  വരുമാനം 20000 രൂപയാണ്. അതായത് പ്രതിമാസ വരുമാനം 1666രൂപ. കൊട്ടിഘോഷിക്കപ്പെടുന്ന സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍  ഇത് 2666 രൂപയായി വർധിക്കും! കാര്‍ഷികേതര  വരുമാനം കൂടി കൂട്ടി ചേര്‍ത്താല്‍ ഒരു ശരാശരി ഇന്ത്യന്‍  കര്‍ഷകന്റെ  പ്രതിമാസ വരുമാനം 5666 രൂപ വരുമെന്ന് കര്‍ഷക  സംഘടനകള്‍  ചൂണ്ടിക്കാട്ടുന്നു.

ദേശീയ വേതന കമ്മീഷൻ അഭിപ്രായപ്പെടുന്നത്, ഒരു ശരാശരി കുടുംബത്തിന് തങ്ങളുടെ ജീവിതം മുന്നോട്ടുനീക്കുവാന്‍  കുറഞ്ഞത് പ്രതിമാസം 21,000 രൂപയെങ്കിലും വരുമാനമുണ്ടായിരിക്കണമെന്നാണ്. കാര്‍ഷികേതര കുടുംബങ്ങളുടെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, മൂന്നിലൊന്നു വരുമാനം മാത്രമാണ് കാര്‍ഷിക കുടുംബങ്ങള്‍ക്ക് ലഭ്യമാവുന്നതെന്നും  പഠനം ചൂണ്ടി കാണിക്കുന്നു  (NITI Aayog, 2017). ഈ സാഹചര്യങ്ങളെ എല്ലാം സമഗ്രമായി പരിശോധിക്കുമ്പോള്‍ പുതിയ നിയമം പ്രൈസ് അഷുറന്‍സും എംപവര്‍മെന്റും വാഗ്ദാനം ചെയ്യുന്നത് മള്‍ട്ടി നാഷണല്‍ കുത്തകള്‍ക്കു വേണ്ടിയാണെന്ന് മനസ്സിലാവും. 

കേരളത്തിൽ ബാക്കിയുള്ള നെൽവയലുകൾ കൂടി അപ്രത്യക്ഷമാകും

കരാര്‍ കൃഷിയുടെ മോഹനവാഗ്ദാനങ്ങളിലേക്കു തെറ്റിദ്ധരിക്കപ്പെട്ട് കേരളത്തിലെ കര്‍ഷകര്‍ വേഗത്തില്‍  എത്തിച്ചേരാനുള്ള സാധ്യതകള്‍ ഉണ്ട് എന്നുതന്നെ പറയാം. കേരളത്തിലെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥ വിപണി ആവശ്യങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. കേരളത്തിന്റെ കാര്‍ഷിക സമ്പദ് മേഖലയുടെ ആദ്യഘട്ടം എന്നത് പാശ്ചാത്യരുടെ കച്ചവടമുതലാളിത്തത്തില്‍ ഊന്നിയുള്ളതായിരുന്നു. സാമ്രാജ്യത്വ വ്യാപനം ശക്തമായതോടെ വ്യവസായാധിഷ്ഠിത മുതലാളിത്തം കാര്‍ഷിക മേഖലയെ മാറ്റിമറിച്ചു. വാണിജ്യ പ്രാധാന്യമുള്ള വിളകള്‍ നമ്മുടെ ഭക്ഷ്യ വിളകളുടെ സ്ഥലം അപഹരിച്ചു കൊണ്ട് വിപുലമായി. ഉപജീവന കാര്‍ഷിക വൃത്തിയില്‍ നിന്ന് കാര്‍ഷിക മുതലാളിത്തത്തിലേക്കു  പര്യാപ്തമാവും വിധം കേരളത്തിന്റെ മണ്ണും, വിള ക്രമങ്ങളും മാറ്റി പരീക്ഷിക്കാന്‍ ഇവിടുത്തെ കര്‍ഷകര്‍ തയ്യാറായി.

പാശ്ചാത്യര്‍ മാറ്റി മറിച്ച  കേരളത്തിലെ കാര്‍ഷിക ഭൂപടം ഐക്യ കേരളം രൂപീകരണത്തിന് ശേഷം വന്ന ഭരണാധികാരികളും മാറ്റങ്ങള്‍ ഒന്നും വരുത്താതെ തുടരാനനുവദിക്കുകയാണുണ്ടായത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണങ്ങളും അതിന്റെ ചുവടു പിടിച്ചു തന്നെയാണ് നടപ്പിലാക്കിയതെന്നു കാണാം.   എണ്‍പതുകളില്‍ കേരള   സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട ഒരു വിദഗ്ധ റിപ്പോര്‍ട്ടില്‍ നെല്ലുല്‍പാദനം ലാഭകരമല്ലെന്നും വിദേശ നാണ്യം നേടിത്തരുന്ന നാണ്യ വിളകളെയാണ് നാം പ്രോത്സാഹിപ്പിക്കേ ണ്ടതെന്നും ശുപാര്‍ശ ചെയ്തിരുന്നു. ഈ നിര്‍ദേശത്തിലേക്ക് ഒരു എതിര്‍പ്പും കൂടാതെ ഭരണകൂടവും കര്‍ഷകരും ചുവടുമാറിയതിന്റെ ഫലമാണ് നമ്മുടെ ഭക്ഷ്യ ധാന്യ ഉല്‍പാദനത്തില്‍ ഭീമമായ കുറവ് സംഭവിക്കാന്‍ ഇടയാക്കിയത്. പുതിയ നിയമങ്ങളിലെ കരാര്‍ കൃഷിയും ആവിധം കര്‍ഷകരെ ആകര്‍ഷിക്കാന്‍ കെല്‍പ്പുള്ളതാണ്. കരാര്‍ കൃഷി പ്രധാനമായും വിപണിയിലെ ഡിമാന്റുകളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ഉല്‍പന്നങ്ങളെ ആശ്രയിച്ചായിരിക്കും. കേന്ദ്ര കാര്‍ഷിക നിയമങ്ങളുടെ പ്രത്യാഘാതമെന്ന നിലയില്‍ കേരളത്തില്‍ സംഭവിക്കാന്‍ ഇടയുള്ള ഒരു കാര്യം കേരളത്തിലെ അവശേഷിക്കുന്ന നെല്‍വയലുകള്‍ കൂടി അപ്രത്യക്ഷമാവാനുള്ള സാധ്യതയാണ്.  

1.0 ഹെക്ടറില്‍ കുറവുള്ള കാര്‍ഷിക ഭൂമി ലീസിനു ഏറ്റെടുത്ത് അത്തരം വിവിധ പ്ലോട്ടുകള്‍ ഒന്ന് ചേര്‍ത്ത് കൊണ്ട്  ആധുനിക ഉപകരണങ്ങളും കൃഷിരീതികളും ഉപയോഗിച്ച് കൊണ്ട് വലിയ കൃഷി ഫാം നടത്താം എന്ന സൗകര്യം ഉപയോഗപ്പെടുത്തി കൊണ്ട് കരാര്‍ കൃഷിക്കാര്‍ വലിയ തോതില്‍ ഒന്നിച്ചു കൃഷി ഭൂമി ഏറ്റെടുക്കുകയും അവര്‍ക്കു താല്പര്യമുള്ള വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകനോട് ആവശ്യപ്പെടുകയും ചെയ്യാം. നാണ്യവിളകളുടെ വിലയില്‍ അടുത്ത കാലത്തായി ഉണ്ടാവുന്ന അസ്ഥിരതയും, ദീര്‍ഘകാല കൃഷി നിമിത്തം തോട്ടങ്ങളുടെ ഉല്പാദന ക്ഷമത നഷ്ടപ്പെട്ടതും നാണ്യവിളകളില്‍ നിന്ന് കര്‍ഷകനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി നിലവില്‍ നിലനില്‍ക്കുന്നുണ്ട്. ലാഭ സാധ്യത മുന്‍നിര്‍ത്തി മാത്രം കൃഷി ചെയ്തു ശീലമുള്ള കര്‍ഷകരെ എളുപ്പം പ്രലോഭിപ്പിക്കാന്‍ കരാര്‍ കമ്പനികള്‍ക്ക് സാധിക്കുകയും ചെയ്യും.

പുതിയ കേന്ദ്ര നിയമത്തിന് കീഴില്‍ കരാര്‍ കൃഷി വ്യാപകമാക്കപ്പെടുമ്പോള്‍, ഉല്പാദന ചെലവ് കൂടുതലും ലാഭം കുറവുമായ നെല്‍കൃഷിയില്‍ നിന്നും മറ്റേതെങ്കിലും വിളകളിലേക്കു മാറാന്‍ കര്‍ഷകര്‍ തയ്യാറായാല്‍, അതിനു പിന്തുണ ലഭിക്കുന്ന വിധത്തിലാണ് കേന്ദ്ര നിയമം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര നിയമത്തിനെതിരായി കേരളത്തിലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം 2008 നിലനില്‍ക്കുമോ എന്ന വിഷയം നിയമ വിദഗ്ധര്‍ പരിശോധിക്കേണ്ടതാണ്. ഓരോ സംസ്ഥാനവും അവരുടെ സവിശേഷ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നടപ്പിലാക്കുന്ന നിയമങ്ങളെ അപ്രസക്തമാക്കുന്ന നിയമങ്ങള്‍ കേന്ദ്രം നടപ്പിലാക്കുന്നത് തന്നെ ഫെഡറല്‍ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ നിയമ നിര്‍മ്മാണം നടത്തുന്നതിന്റെ പ്രശ്‌നം  കൂടിയായി ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്. 

കരാര്‍ കൃഷി  കേരളത്തില്‍ നിലനില്‍ക്കുന്ന വിള വൈവിധ്യങ്ങളെ ഇല്ലാതാക്കാനും കാരണമാവും. കൃഷി വിളകളും, രീതികളും മാറ്റങ്ങള്‍ക്കു വിധേയമാക്കുമ്പോള്‍, നാളിതുവരെ സംരക്ഷിച്ചു  പോന്നിരുന്ന വിത്തുകളുടെ ഉടമസ്ഥാവകാശവും, നിയന്ത്രണവും   കര്‍ഷകര്‍ക്ക് നഷ്ടമാവും. ഹരിത വിപ്ലവം മൂലം  ഉണ്ടായതും  അത് തന്നെയാണ്. രണ്ടാം ഹരിത വിപ്ലവം എന്ന് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ ലഭ്യമായ നടന്‍ വിത്തുകളെയും, വിളകളെയും തുടച്ചുനീക്കും. രാജ്യത്തു നെല്‍ വിത്തുകളില്‍ മാത്രം നാല്പതിനായിരത്തോളം വൈവിധ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.

കേരളത്തില്‍ 3000 ലധികമുണ്ടായിരുന്ന നെല്‍വിത്തിനങ്ങളില്‍ നൂറോളം എണ്ണമാണ് അവശേഷിക്കുന്നത്. വിവിധ കാരണങ്ങള്‍ കൊണ്ട് ചെറു ധാന്യങ്ങള്‍, കിഴങ്ങ്​- പയറു വര്‍ഗങ്ങള്‍ എന്നിവയിലെല്ലാം വൈവിധ്യം ഇല്ലാതായിട്ടുണ്ട്. ഇവ കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയില്‍ വന്ന മാറ്റങ്ങളില്‍ നിന്ന് അത് മനസ്സിലാക്കാം. കയറ്റുമതി ലക്ഷ്യ വെച്ചും നഗരാവശ്യങ്ങളെ തൃപ്തിപ്പെടുത്താനും പുതിയ വിളകള്‍ കരാര്‍ കൃഷിയിലൂടെ, ഏക വിള തോട്ടങ്ങളായി കടന്നു വരുകയാണെങ്കില്‍ അത് കേരളത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ക്കുക മാത്രമല്ല പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വഷളാക്കുന്നതിനും കാരണമാകും. 

കർഷകരുടെ ഭൂമി കോർപറേറ്റുകളുടേതാകും

ചെറു കൃഷിയിടങ്ങളാണ് കേരളത്തില്‍ വ്യാപകം. രാജ്യത്തെ പത്താം കാര്‍ഷിക സെന്‍സസ് കണക്കുകള്‍ പ്രകാരം കേരളത്തിലെ കര്‍ഷകരാണ് ഏറ്റവും കുറഞ്ഞ (0.18 ഹെക്ടര്‍) കൃഷിഭൂമി കൈവശമുള്ളവര്‍ (average size of operational  holding). 80 ശതമാനത്തിലധികം കര്‍ഷകരും 0.15 ഹെക്ടറിനും  0.35 ഹെക്ടറിനും ഇടയില്‍ കൈവശ ഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകരാണ്.  2013ല്‍ National Sample Survey Organization (NSSO) ഒരു  Situation Assessment Survey നടത്തിയിരുന്നു. അതില്‍  ഏറ്റവും കുറഞ്ഞ (27.3%) ഗ്രാമീണ കാര്‍ഷിക കുടുംബങ്ങള്‍ (rural agriculture  households)  ഉള്ള സംസ്ഥാനം കേരളമാണ്. ഇതില്‍ മൂന്നില്‍ രണ്ടു ഭാഗം കുടുംബങ്ങളും കാര്‍ഷികേതര ജോലികളില്‍ നിന്ന് വരുമാനം ഉള്ളവരാണ് എന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. കരാര്‍ കൃഷി  കര്‍ഷകരുടെ ഭൂമി കോര്‍പറേറ്റുകള്‍ കൈക്കലാക്കുന്നതിലേക്കു വഴി വെക്കും എന്ന് മാത്രമല്ല, കൃഷി ഭൂമി ഇല്ലാത്ത കര്‍ഷക തൊഴിലാളികളുടെ തൊഴില്‍ നഷ്ടത്തിനും ഇടയാക്കും.

കര്‍ഷക തൊഴിലാളികളുടെ പ്രശ്​നങ്ങൾ

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴായി നാം എല്ലാവരും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുമുണ്ടാവും. അതോടൊപ്പം, ഗൗരകരമായി ഈ നിയമം നേരിട്ട് ബാധിക്കുന്ന  വിഭാഗമാണ് സ്വന്തമായി കൃഷി ഭൂമി ഇല്ലാത്ത കര്‍ഷക തൊഴിലാളികള്‍. കേരളത്തില്‍ നിലവില്‍ അവരുടെ എണ്ണം കുറവാണെങ്കില്‍ പോലും അത് പരിഗണനാര്‍ഹമായ വിഷയമാണ്. 
കാര്‍ഷികോത്പന്നങ്ങളുടെ സംഭരണ കാര്യത്തില്‍  സര്‍ക്കാര്‍ ഏജന്‍സിയുടെ ഇടപെടല്‍ സജീവമായിട്ടുണ്ട് എന്നതിന് പുറമെ മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട മിനിമം സഹായ വില നല്‍കുന്ന സാഹചര്യവും കേരളത്തിലുണ്ട്. നെല്ലിന്റെ സംഭരണ വിലയില്‍ കേന്ദ്രം പ്രഖ്യാപിക്കുന്ന മിനിമം സഹായ വിലയ്ക്ക് പുറമെ സ്‌റ്റേറ്റ് ഇന്‍സെന്റീവ് ബോണസ് (SIB ) സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റ് വിഹിതമായി നല്‍കി വരുന്നുണ്ട്. രാജ്യത്തു നെല്ലിന് ഉയര്‍ന്ന മിനിമം താങ്ങു വില ഉള്ള സംസ്ഥാനവും കേരളമാണ് (ക്വിന്റലിന് 2630 രൂപ). അതേസമയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില 1886 ആണ് (2021).

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ബോണസ് തുകയുടെ മെച്ചം പലപ്പോഴും കർഷകന് ലഭിക്കാതെ പോവുന്നതിന്റെ കാരണം കേരളത്തിലെ ഉയര്‍ന്ന ഉല്‍പാദന ചെലവാണ്. ഉല്‍പാദന ചിലവിന്റെ കാര്യത്തില്‍ കേരളം ഇതര സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. നെല്ലുല്‍പ്പാദനത്തില്‍  ദേശീയ ശരാശരി ക്വിന്റലിന് 1133 രൂപയാണെങ്കില്‍ കേരളത്തില്‍ ക്വിന്റലിന് 1511 രൂപയാണ് ഉല്‍പ്പാദന ചെലവ്. സംസ്ഥാന സര്‍ക്കാര്‍  ഉയര്‍ന്ന വില നല്‍കരുത് എന്ന് ആവശ്യപ്പെട്ടാല്‍ കേരളത്തിലെ നെല്‍കൃഷിയുടെ ഭാവി അവതാളത്തിലാകും. കേന്ദ്ര സര്‍ക്കാര്‍  താങ്ങുവില നല്‍കുന്നതിനുള്ള ഫണ്ട് അനുവദിച്ചില്ലെങ്കിലും പൊതു സംഭരണം തകരാറിലാകും. ഇതിനുള്ള വഴി കൂടിയാണ് പുതിയ നിയമങ്ങള്‍ എന്ന് ശാന്തകുമാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ വായിച്ചെടുക്കാവുന്നതാണ്.

സംസ്ഥാനത്തിന്റെ കാര്‍ഷിക വികസന നയം 2013ന്റെ കരട് രേഖയില്‍ ഭക്ഷ്യ ധാന്യ ഉൽപ്പാദനം വര്‍ധിപ്പിക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഒപ്പം നെല്‍ വയലുകള്‍ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനും നിര്‍ദേശമുണ്ട്. നെല്ല് കൂടാതെ കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാര്‍ പതിനാറോളം മറ്റു വിളകള്‍ക്ക് കൂടി മിനിമം സഹായ വില ഏര്‍പ്പെടുത്തുകയുണ്ടായി. കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ അവസരത്തില്‍ ,കര്‍ഷകര്‍ക്ക് മിനിമം സഹായ വില നിയമ സാധുതയോടെ ഉറപ്പു വരുത്താനുള്ള ശ്രമം നടത്തും എന്ന് സൂചിപ്പിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനം പ്രകടമായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന  സാഹചര്യ ത്തില്‍  വിളകള്‍ക്കുള്ള ഇന്‍ഷുറസ് പരിരക്ഷകള്‍ വിപുലമാക്കേണ്ടതുണ്ട്. കൂടുതല്‍ സര്‍ക്കാര്‍ സഹായങ്ങള്‍ കാര്‍ഷിക മേഖലയ്ക്ക് അനുവദിക്കുകയും, അതിനനുസരിച്ചു  ബഡ്ജറ്റ് വിഹിതത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്യേണ്ടതുണ്ട്. ഭക്ഷ്യ വിളകള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള കാര്‍ഷിക നയം സ്വീകരിച്ചാല്‍ മാത്രമേ ഭാവിയില്‍ പുതിയ നിയമം മൂലം ഉണ്ടാവാന്‍ സാധ്യതയുള്ള ഭക്ഷ്യ പ്രതിസന്ധിയെ അതിജീവിക്കാന്‍  കേരളത്തിന് സാധിക്കു. 

3) എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ് ) ആക്ട് 

സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്വകാര്യ സംഭരണം, കടത്ത്,  കയറ്റുമതി ഇറക്കുമതി, വിപണി പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാണ് ഇന്ത്യ ഗവണ്മെന്റ് അവശ്യ സാധന നിയമം 1955 രൂപീകരിക്കുന്നത്. ഇതനുസരിച്ച്​, സ്വകാര്യ സംഭരണത്തിന് പരിധി നിശ്ചയിക്കുകയും, കാര്‍ഷികോല്പന്നങ്ങള്‍ വന്‍തോതില്‍ സംഭരിക്കാനുള്ള കുത്തക അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു. അവശ്യസാധനങ്ങളുടെ വില നിയന്ത്രിച്ചു നിര്‍ത്തുന്നതിനായി 1955ല്‍ കൊണ്ട് വന്ന നിയമങ്ങളെ പുതിയ കേന്ദ്ര നിയമങ്ങള്‍ ഇല്ലാതാക്കും.

യുദ്ധം, കടുത്തക്ഷാമം എന്നീ അസാധാരണ സന്ദര്‍ഭങ്ങളില്‍ അല്ലാതെ ധാന്യങ്ങള്‍  പയറുവര്‍ഗ്ഗങ്ങള്‍  ഉരുള കിഴങ്ങു ഉള്ളി ഭക്ഷ്യ എണ്ണക്കുരുക്കള്‍ ഭക്ഷ്യ എണ്ണ എന്നിവയ്ക്ക് സംഭരണ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല എന്നാണ് പുതിയ ഭേദഗതി. ഈ ഭക്ഷ്യ ഉത്പന്നങ്ങളെ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കോര്‍പറേറ്റുകളും, വന്‍കിട ഫാമിംഗ് കമ്പനികളും ഭക്ഷ്യ വസ്തുക്കളുടെ സംഭരണം പരിധിയില്ലാത്ത ചെയ്യാം എന്ന സാഹചര്യം നിലവില്‍ വരുമ്പോള്‍, അത് വലിയ ചൂഷണങ്ങള്‍ക്ക് ഇട നല്‍കും. ഭക്ഷ്യ വസ്തുക്കളുടെ സംഭരണ തോത്, അവ എവിടെയൊക്കെയാണ് സംഭരിക്കപ്പെട്ടിട്ടുള്ളത് തുടങ്ങിയ അടിസ്ഥാന ധാരണകള്‍ ഒരു സര്‍ക്കാരിന് നഷ്ടമാകുന്നതോടെ സ്വകാര്യ കമ്പനികള്‍ക്കു വലിയ പ്രതിസന്ധികള്‍ ഈ മേഖലയില്‍ സൃഷ്ടിക്കാന്‍ സാധിക്കും.

2002ല്‍ കേന്ദ്രം ഭരിച്ചിരുന്ന വാജ്‌പേയി  സര്‍ക്കാരും 1955ലെ ആവശ്യ സാധന നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. 1955ലെ നിയമത്തില്‍ വാങ്ങലും വില്‍പ്പനയും സംഭരണവും നിരോധിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ പരിധിയില്ലാതെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും സംഭരിക്കുന്നതിനും ചരക്ക് കടത്തിനും ഉപയോഗത്തിനും ഉപഭോഗത്തിനും  വ്യവസ്ഥകളും നിയന്ത്രണങ്ങളും ബാധകമല്ലെന്നും  ആയതിലേക്ക് 1955ലെ നിയമം നിഷ്‌കര്‍ഷിക്കുന്ന പെര്‍മിറ്റോ ലൈസന്‍സോ ആവശ്യമില്ലാത്തതാ ണന്നുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്തു. അതിന്റെ ഫലം എന്നത് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകമാവുകയും, ഭക്ഷ്യ വസ്തുക്കളുടെ വിലവര്‍ദ്ധനവും ആയിരുന്നു.  ഭേദഗതി നടപ്പിലാക്കിയ വര്‍ഷം തന്നെ  47% വിലക്കയറ്റമാണ് സൃഷ്ടിക്കപ്പെട്ടത്. വിലക്കയറ്റം രൂക്ഷമായി വര്‍ധിച്ച സാഹചര്യത്തില്‍ 2007ല്‍ നിയമം പുനഃസ്ഥാപിക്കുകയായിരുന്നു. ജനദ്രോഹപരമായ ഈ നടപടികളില്‍ വാജ്‌പേയ് സര്‍ക്കാരിന് അധികാരം ഒഴിയേണ്ടതായും വന്നിട്ടുണ്ട്. 

ഇന്ത്യയുടെ  ഭക്ഷ്യ നയത്തിന്റെ ഭാഗമായാണ് FCI നിലവില്‍ വന്നത്. ഭക്ഷ്യധാന്യങ്ങളുടെ ഫലപ്രദമായ വില നിയന്ത്രണം വഴി രാജ്യത്തെ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക, പൊതുവിതരണ ശൃംഖല യുടെ ഭാഗമായി രാജ്യത്താകമാനം ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പ് വരുത്തുക, ദേശീയ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഭക്ഷ്യധാന്യ സംഭരണം സാധ്യമാക്കുക, ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന്​ വിപണിയില്‍ വില നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് FCI സ്ഥാപിക്കപ്പെട്ടത്. ദേശീയ ഭക്ഷ്യ നയത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട FCI  കര്‍ഷകരില്‍ നിന്ന്​ ഭക്ഷ്യ ധാന്യങ്ങള്‍ ശേഖരിച്ചു. അരി, ഗോതമ്പ്, ചോളം, പയറുവര്‍ഗ്ഗങ്ങള്‍, കടല,  ഭക്ഷ്യ എണ്ണ തുടങ്ങിയ വസ്തുക്കളാണ് FCI കളില്‍ സംഭരിക്കപ്പെട്ടത്.  

കര്‍ഷകര്‍ പട്ടിണിയും, ദാരിദ്ര്യവും മൂലം ഏറെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. അതിന്റെ ഭാഗമായാണ് ന്യായ വിലക്ക് വേണ്ടിയുള്ള  കര്‍ഷക പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. കര്‍ഷക പ്രതിഷേധങ്ങള്‍  കണക്കിലെടുത്തു താങ്ങുവില ഏര്‍പ്പെടുത്തുകയും പിന്നീട് കാര്‍ഷികോത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി  എ.പി.എം.സി ആക്ട്  കൊണ്ടുവരുകയും അതിന്റെ കീഴില്‍ മണ്ഡികള്‍ രൂപീകരിക്കുകയും ചെയ്തത്. മിനിമം താങ്ങു വില, പൊതുസംഭരണം, പൊതുവിതരണ സംവിധാനം എന്നിവ   ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പ്രധാന ഘടകങ്ങളാണ്. ഇവയില്ലാതാകുന്നതിലൂടെ ഉപഭോക്തൃ സംസ്ഥാനങ്ങളുടെയും, പ്രദേശങ്ങളുടെയും ഭക്ഷ്യ സുരക്ഷയ്ക്ക് അതീവ ഭീഷണി ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. 

പൊതു സംഭരണ സംവിധാനത്തില്‍, നിശ്ചിത സംഭരണ കാലയളവിനുള്ളില്‍ മിനിമം താങ്ങു വിലയില്‍ സര്‍ക്കാര്‍ ഏജന്‍സികളാണ്; പ്രധാനമായും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ,  കാര്‍ഷികോത്പന്നങ്ങള്‍ കര്‍ഷകരുടെ കയ്യില്‍ നിന്ന് വാങ്ങി സംഭരിക്കുന്നത്. FCI ശേഖരിക്കുന്നത് മൊത്തം ഉല്‍പ്പാദനത്തിന്റെ 12% മാത്രമാണ് എന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് പൊതുവിതരണത്തിനായാണ് ഈ സംഭരണം കൂടുതലായും ഉപയോഗിക്കുന്നത്. ഈ വിധം ആവശ്യ സമയത്തേക്ക് ഉപയോഗിക്കുവാനായി നടത്തുന്ന ഈ സംഭരണ  പ്രവര്‍ത്തനങ്ങളില്‍  സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെയാകുമ്പോള്‍, സ്വകാര്യ വ്യാപാരികള്‍ താരതമ്യേന ഉത്പന്നങ്ങള്‍ക്ക് വില കുറഞ്ഞിരിക്കുന്ന വിളവെടുപ്പ് കാലങ്ങളില്‍ കൂടുതലായി സംഭരണം നടത്തുന്നതിന് ഇടയാക്കും. ഈവിധം അവര്‍ ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ ഡിമാന്‍ഡ് കൂടിയിരിക്കുന്ന  സമയങ്ങളില്‍ കൂടുതല്‍ വിലയ്ക്ക്  വിപണിയിലേക്ക് എത്തിക്കുകയും ചെയ്യും.  അതുകൊണ്ടുതന്നെ ഭാവിയില്‍ പൊതു വിതരണത്തിനായി ആവശ്യമായ സ്‌റ്റോക്ക് ലഭ്യമാക്കുന്നതില്‍ ബുദ്ധിമുട്ടു നേരിടുകയും, ഭരണകൂടങ്ങള്‍ക്ക് സ്വകാര്യ വിപണികളെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. രാജ്യത്തെവിടെയും വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്  വളരെ ലളിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ്  മൂന്നാമത്തെ നിയമം തയ്യാറാക്കിയിട്ടുള്ളത്.

കമ്പനികൾക്ക്​ ഒരു നിയന്ത്രണവുമില്ല

സംഭരണ പരിധിയുടെ കാര്യത്തില്‍ കമ്പനികള്‍ക്ക് പുതിയ നിയമ പ്രകാരം നിയന്ത്രണങ്ങളും ഇല്ല. നിലവില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയതുകൊണ്ട് തന്നെ ഏതെല്ലാം സംഭരണ  ശാലകള്‍, എവിടെയെല്ലാം, എന്തെല്ലാം, എത്ര അളവില്‍ സംഭരിക്കുന്നു എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ സര്‍ക്കാരിനുണ്ട്. പക്ഷെ സ്വകാര്യ സംഭരണ കേന്ദ്രങ്ങള്‍ കൂടുതലായി നിലവില്‍ വരുമ്പോള്‍ ഈ കാര്യങ്ങളില്‍ യാതൊരു വ്യക്തതയും സര്‍ക്കാരുകള്‍ക്ക് ഉണ്ടാവില്ല. വിപണികളില്‍ പൂഴ്ത്തിവെപ്പും, കരിഞ്ചന്തയും നിയന്ത്രണ വിധേയമാക്കാനും ഭരണകൂടങ്ങള്‍ക്ക് സാധിക്കാതെ വരും. 

പൊതുവിതരണ സംവിധാനവും കേരളവും 

പുതിയ  നിയമം നടപ്പിലായി വരുന്നതോടെ വലിയ തോതില്‍ ഉല്‍പാദനം നടത്തുന്ന പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ നിയന്ത്രിത പൊതു സംഭരണ കേന്ദ്രങ്ങള്‍ അപ്രസക്തമാവാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍, അത് സ്വാഭാവികമായും ഇന്ത്യയിലെ പൊതു വിതരണ സംവിധാനം ഇല്ലാതാക്കും.

chart

മറ്റെല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്ന ഈ പ്രശ്‌നം ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് വലിയ ആഘാതങ്ങള്‍ ഏല്‍പ്പിക്കുന്നതായിരിക്കും.  ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉത്പാദനം പോലും ഇല്ല എന്നതുകൊണ്ട് തന്നെ നെല്ലുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ ആവശ്യത്തിലേക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ നല്ലൊരു ശതമാനം ജനങ്ങളും  പൊതുവിതരണ സംവിധാനങ്ങള്‍ വഴി ലഭ്യമാവുന്ന  സബ്ബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണത്തെ പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കളാണ്. മൂന്നില്‍ രണ്ടു ഭാഗം  ആളുകളും അരിക്കായി പൊതുവിതരണ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന് ആവശ്യമുള്ള മുഴുവന്‍ പയറുവര്‍ഗ്ഗങ്ങളും ഇറക്കുമതി ചെയ്യുകയാണ്. സംസ്ഥാനത്തിനുപുറത്തു നിന്ന് ഒരു വര്‍ഷത്തില്‍ 2.5 മില്യണ്‍ ടണ്‍ അരിയും, 4 ലക്ഷം ടണ്‍ ഗോതമ്പും ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ട്. ഇതില്‍ FCI ആണ് വര്‍ഷത്തില്‍  1.3 മില്യണ്‍ ടണ്‍ അരിയും, 1.8 ലക്ഷം ടണ്‍ ഗോതമ്പും കേരളത്തിന് നല്കിക്കൊണ്ടിരിക്കുന്നത്. ഈ കോവിഡ് മഹാമാരിയുടെ കാലത്ത്​ ഗ്രാമ നഗര വ്യത്യാസമില്ലാതെ റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് (പല  സംസ്ഥാനങ്ങളിലും കാര്‍ഡ് ഇല്ലാത്തവര്‍ക്കും നിശ്ചിത അളവ് സാധനങ്ങള്‍ നല്‍കിയിരുന്നു) സൗജന്യമായ ഭക്ഷ്യ ധാന്യ വിതരണം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള  സംഭരണ കേന്ദ്രങ്ങള്‍ വഴി സംഭരണം സാധ്യമായത് കൊണ്ടാണ്.  

കേരളത്തില്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ 92% റേഷന്‍ കാര്‍ഡ് ഉടമകളും പൊതു വിതരണ സംവിധാനത്തെ ആശ്രയിച്ചു എന്നൊരു പഠന റിപ്പോര്‍ട് കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Centre for Socio Economic and Environmental Studies കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ ധാന്യങ്ങളെ ആവശ്യ വസ്തുക്കളുടെ പരിധിയില്‍ നിന്ന് എടുത്തു കളഞ്ഞ് സ്വകാര്യ കുത്തകകള്‍ക്ക് നിര്‍ബാധം സംഭരണം നടത്താനുള്ള സൗകര്യങ്ങള്‍ ആണ് അവശ്യ സാധന നിയമം വഴി (Essential Commodities Act) കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഭക്ഷ്യ ധാന്യങ്ങളുടെ സംഭരണം അവശ്യ വസ്തുക്കളുടെ പരിധിയില്‍ നിന്ന് എടുത്തു മാറ്റിയത് കൊണ്ട് തന്നെ സര്‍ക്കാര്‍ സംഭരണ സംവിധാനങ്ങള്‍ അവയുടെ സംഭരണ കാര്യത്തില്‍ ഇടപെടാതിരിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും പൊതുവിതരണ ശൃംഖല തകരുമെന്നതില്‍ സംശയമില്ല.

കേരളത്തിലെ ജനങ്ങളുടെ  ജീവിത നിലവാര സൂചികകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്നതുകൊണ്ട് ഭക്ഷ്യ ഉപഭോഗത്തിന്റെ കാര്യത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. സര്‍ക്കാരുകള്‍ നടപ്പിലാക്കിയ പല ക്ഷേമ പ്രവര്‍ത്തനങ്ങളും ,പ്രതേകിച്ചു പൊതുവിതരണ സമ്പ്രദായം, ഇന്ദിരാ ആവാസ് യോജന, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി എന്നിവയൊക്കെ ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഉപഭോഗ നിരക്ക് വര്‍ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. പക്ഷെ ഉപഭോഗത്തിനനുസരിച്ചു ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സാധിക്കാതെ വന്നത് കൂടുതല്‍ കൂടുതല്‍ ഭക്ഷ്യ ആശ്രിതത്വത്തിലേക്കു  നമ്മെ തള്ളിവിടുകയും ചെയ്തു.

പൊതുവിതരണ സ​മ്പ്രദായം ഇല്ലാതായാൽ...

Universal Rationing സിസ്റ്റം മികച്ച രീതിയില്‍ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. 2016 ലെ കണക്കുകള്‍ പ്രകാരം 83.19 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്.  ടാര്‍ഗെറ്റെഡ് പബ്ലിക് ഡിസ്ട്രിബൂഷന്‍ സിസ്റ്റം നടപ്പിലാക്കുക വഴി  വിവിധ തട്ടിലായി ഈ ഉപഭോക്താക്കളെ തരം തിരിച്ചിട്ടുമുണ്ട്.  ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കാര്‍ഡ് ഉടമകള്‍ ഏതാണ്ട് 14.80 ലക്ഷവും, അന്ത്യോദയ  അന്നയോജനയ്ക്ക് കീഴില്‍ 5.85 ലക്ഷം ആളുകളും വരും.  പോഷക സുരക്ഷയുടെ കാര്യത്തില്‍ മതിയായ നിലവാരത്തില്‍ എത്താത്ത ജന വിഭാഗങ്ങള്‍  കേരളത്തിലുണ്ട്. പൊതു വിതരണ സംവിധാനത്തിനു പുറമെ  മിഡ് ഡേ മീല്‍, സംയോജിത ശിശു വികസന പരിപാടികള്‍ എന്നീ സംവിധാനങ്ങള്‍  ഈ പരിമിതികളെ മറികടക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണ്. ഇത് കൂടാതെ സപ്ലൈകോ വഴി ഏതാണ്ട് പതിമൂന്നോളം അവശ്യ സാധനങ്ങള്‍ ന്യായ വിലയ്ക്ക് അവരുടെ ഔട്ട് ലെറ്റുകള്‍ വഴി വില്‍ക്കുന്നുമുണ്ട്. ഇതെല്ലം വഴി ദാരിദ്ര്യം കുറയ്ക്കാനും, ഗ്രാമീണ ഗാര്‍ഹിക  ഉപഭോഗ നിരക്ക് വര്‍ധി

chart

പ്പിക്കാനും  സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.

പൊതു വിതരണ സംവിധാനം ഇല്ലാതാകുന്നതിലൂടെ സാധാരണ ജനങ്ങളും അരികുവല്‍ക്കരിക്കപ്പെട്ട  സാമൂഹിക വിഭാഗങ്ങളും ഭക്ഷണ ലഭ്യതയില്‍ കൂടുതല്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വരും. കമ്പനികള്‍ വിപണിയില്‍, അവരുടെ താല്പര്യാനുസരണം എത്തിക്കുന്ന  ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉള്ള പര്‍ച്ചേസിംഗ് പവര്‍ ഇല്ലാതാവുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭക്ഷണ വിഷയം നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഒന്നായി മാറും. ന്യായ വില  ഷോപ്പുകള്‍, സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ എന്നിവയെ വലിയതോതില്‍  ആശ്രയിക്കുന്ന ഭൂരിഭാഗം വരുന്ന മധ്യവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്കും  ഭാവിയില്‍ വലിയ വില കൊടുത്തു സാധനങ്ങള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം വാങ്ങിക്കേണ്ട അവസ്ഥ സംജാതമാകും. കരിഞ്ചന്തയും പൂഴ്ത്തി വെപ്പും മൂലം പട്ടിണി മരണങ്ങള്‍ രാജ്യത്തുണ്ടാകാതെ സംരക്ഷിച്ച ഒരു നിയമം ഭേദഗതി ചെയ്യുന്നതിലൂടെ Reliance, More (Aditya Birla), Walmart, Big Bazar, LuLu ഗ്രൂപ്പ് മുതലായ വന്‍കിട കമ്പനികള്‍ പൂര്‍ണമായും ഭക്ഷ്യ വിപണിയെ നിയന്ത്രിക്കുന്ന കാലം ആഗതമാവും. ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുകയും രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തുകയും ചെയ്യും. 

2021 ജനുവരിയില്‍ പുറത്തിറങ്ങിയ സാമ്പത്തിക സര്‍വേയില്‍ റേഷന്‍ കടകള്‍ വഴി സബ്‌സിഡി നിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്നത് മൂലം രാജ്യത്തിന്റെ ഭക്ഷ്യ സബ്‌സിഡി ബില്ലിലെ വര്‍ദ്ധനവ് പുനഃപരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ  യു.പി.എ ഗവണ്മെന്റ് അവസാന കാലയളവില്‍ കൊണ്ടുവന്ന ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ട് 2013 (National Food Security Act, 2013) ന്റെ പരിധിയില്‍ രാജ്യത്തെ വിവിധ സംസ്ഥാങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി അഞ്ചു ലക്ഷത്തോളം റേഷന്‍ കടകള്‍ വഴി 81 കോടി ജനങ്ങള്‍ക്കാണ് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കി കൊണ്ടിരിക്കുന്നത്.

ഭക്ഷ്യ ധാന്യങ്ങള്‍ക്കു 2013ല്‍ നിശ്ചയിച്ച വില നിലവാരം ഇതുവരെ പുതുക്കിയില്ലെന്നും, അതോടൊപ്പം റേഷന്‍ സംവിധാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കണം എന്നുമാണ് സാമ്പത്തിക സര്‍വേയില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ജനസംഖ്യയുടെ 20% ആളുകള്‍ക്കായി (ഏതാണ്ട് 26കോടി ജനങ്ങള്‍ക്ക് മാത്രം) പൊതു വിതരണ സംവിധാനം ചുരുക്കണം എന്നാണ് സര്‍വ്വേ മുന്നോട്ടു വെയ്ക്കുന്ന നിര്‍ദ്ദേശം. ഇതിനോടൊപ്പം വിശകലനം  ചെയ്യേണ്ട ഒരു റിപ്പോര്‍ട്ട് ആണ് ശാന്തകുമാര്‍ ചെയര്‍മാന്‍ ആയി  ഫുഡ് കോപ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പുനഃസംഘാടനത്തിനു രൂപം കൊടുത്ത ‘ഹൈ ലെവല്‍ കമ്മിറ്റി 2015' നരേന്ദ്ര മോദിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

ഈ റിപ്പോട്ടില്‍ നിലവിലുള്ള FCI യുടെ സംഭരണ പ്രവര്‍ത്തനം (നെല്ല്, അരി, ഗോതമ്പ്) പൂര്‍ണ്ണമായും അതാതു സംസ്ഥാനങ്ങള്‍ക്കു (ഹരിയാന, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ചണ്ഡീഗഡ്,  മധ്യപ്രദേശ്) നല്‍കണമെന്നും, സംസ്ഥാനങ്ങളുടെ ആവശ്യത്തിന് ശേഷം മിച്ചം വരുന്ന ധാന്യങ്ങള്‍ മാത്രം എഇക സംഭരിക്കുകയും ചെയ്യണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. നിലവിലുള്ള PDS കവറേജ് 67 ശതമാനത്തില്‍ നിന്ന് കുറച്ചു 40 ശതമാനമാക്കി മാറ്റണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.  End to End കംപ്യൂട്ടറൈസേഷന്‍ നടത്താത്ത, ഗുണഭോക്താക്കളുടെ വിവരങ്ങള്‍  പരിശോധിക്കാന്‍ ഉള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത സംസ്ഥാനങ്ങളെ നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ടിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണം, FCI യ്ക്ക് വേണമെങ്കില്‍ അവരുടെ  സ്‌റ്റോക്കിങ്  പ്രവര്‍ത്തനം ഔട്ട് സോഴ്‌സ് ചെയ്യാം, സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ളതോ, സ്വകാര്യ കമ്പനികളുടെ സംഭരണ ശാലകളോ ഇതിനു വേണ്ടി ഉപയോഗ പ്പെടുത്താം, എന്നിവയൊക്കെ ഈ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

കുത്തകകൾ സജ്ജരായിക്കഴിഞ്ഞു

ഹരിയാനയിലടക്കം രാജ്യത്തെ 14ഓളം കേന്ദ്രങ്ങളില്‍ Adani Agri Logistics Ltd വന്‍തോതിലുള്ള ഭക്ഷ്യ ധാന്യങ്ങളുടെ സംഭരണത്തിനായി ആധുനിക സംഭരണ സംവിധാനങ്ങളും (സിലോസ്) അവിടേക്കുള്ള സ്വകാര്യ റെയില്‍ സംവിധാനങ്ങളും നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു. 2022-ഓടു കൂടി 20 ലക്ഷം ടണ്‍ ആയി സംഭരണ ശേഷി വര്‍ധിപ്പിക്കാനാണ് അദാനി അഗ്രി ലോജിസ്റ്റിക് ലിമിറ്റഡ് ഉദ്ദേശിക്കുന്നത്. അദാനി ഗ്രൂപ്പിനു പുറമെ LT Foods, National Collateral Management Ltd, Shree Kartikeyan Industries and Total Shipping and Logistics Corporation എന്നീ കമ്പനികളുടെയും  സിലോസുകള്‍  നിര്‍മ്മാണത്തിലുണ്ട്.

ഇതുകൂടാതെ താങ്ങു വിലയ്ക്ക് മുകളില്‍ ബോണസ് പ്രഖ്യാപിച്ചു  സംഭരണം നടത്തുന്ന സംസ്ഥാനങ്ങളുടെ നടപടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും ഈ റിപ്പോട്ടില്‍ ഉണ്ട്. ഒരു ക്വിന്റല്‍ നെല്ലിന് വിവിധ സംസ്ഥാനങ്ങളിലെ  കര്‍ഷകന്റെ മൊത്ത ഉല്‍പാദന ചെലവ് അതാതു പ്രദേശങ്ങളിലെ കൂലി, ഭൂമിയുടെ നികുതി എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കേന്ദ്രം നിശ്ചയിക്കുന്ന താങ്ങു വിലയും, മൊത്ത ഉല്പാദന ചെലവും തമ്മിലുള്ള അന്തരം പരിഹരിച്ചു കര്‍ഷകന് ഭേദപ്പെട്ട വില ഉറപ്പു വരുത്തുന്നത് സംസ്ഥാനങ്ങള്‍ നല്കുന്ന ഇന്‍സെന്റീവ്  ബോണസ് ആണ്. ഒട്ടു മിക്ക സംസ്ഥാനങ്ങളും ഇത് തന്നെയാണ് ചെയ്യുന്നത് .

ത്തരം ബോണസുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്കു മാര്‍ക്കെറ്റില്‍ ഇടപെടാനുള്ള അവസരം കുറയ്ക്കും എന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. അതു​കൊണ്ടുതന്നെ ബോണസുകള്‍ നല്‍കുന്ന സംസ്ഥാനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്താനും ശാന്ത കുമാര്‍ കമ്മിറ്റി നിര്‍ദേശിക്കുന്നുണ്ട്.  ദേശീയ തലത്തിലുള്ള ഈ അഗ്രി ബിസിനസ് പ്ലേയേഴ്‌സ് മാത്രമല്ല ഇന്ത്യയുടെ കാര്‍ഷിക മേഖലയില്‍ കണ്ണും നട്ടിരിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. നോര്‍തേണ്‍ ഇന്‍ഡസ്ട്രിയല്‍ രാജ്യങ്ങളായ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ ധാന്യങ്ങളും, ഡയറി ഉത്പന്നങ്ങളും വന്‍തോതില്‍ മിച്ചം വരുന്നുണ്ട്. അവിടുത്തെ പ്രത്യേക കാലാവസ്ഥ കാരണം ട്രോപ്പിക്കല്‍, സബ് ട്രോപ്പിക്കല്‍ വിളകള്‍ കൃഷി ചെയ്യാന്‍ സാധിക്കുന്നുമില്ല.

അവരുല്പാദിപ്പിക്കുന്നവയ്ക്കു കയറ്റുമതി വിപണി കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ ആയി  വികസ്വര രാജ്യങ്ങളോട് അവരുടെ പൊതു സംഭരണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നുണ്ട് ഈ വ്യാവസായിക രാജ്യങ്ങള്‍. മേല്പറഞ്ഞ വിളകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഉള്ള ഇന്ത്യ പോലുള്ള പ്രദേശങ്ങള്‍ കരാര്‍ കൃഷിക്ക് തയ്യാറാകണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. 1990കളുടെ തുടക്കത്തില്‍ തന്നെ ഫിലിപ്പീന്‍സും, പിന്നീട് ബോട്‌സ്വാന തുടങ്ങി ഏതാണ്ട് ഒരു ഡസനോളം മൂന്നാംലോക രാജ്യങ്ങള്‍ ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടുകയും,വലിയ വില കൊടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

Organisation for Economic Cooperation and Development (OECD), Indian Council for Research on International Economic Relations (ICRIER) എന്നീ അന്താരാഷ്ട്ര ഏജന്‍സികളും കാര്‍ഷിക മേഖലയില്‍ ഇന്ത്യ നല്‍കിക്കൊണ്ടിരിക്കുന്ന സബ്‌സിഡികള്‍ എടുത്തു കളയാനും, ആഭ്യന്തര വിപണികളിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും ആവശ്യപ്പെടുന്നുണ്ട്. ‘കര്‍ഷകരുടെ  താല്പര്യം' മുന്‍ നിര്‍ത്തി നടപ്പിലാക്കിയതെന്നു പറയപ്പെടുന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരുടെ ആവശ്യങ്ങളെ പരിഗണിച്ചുകൊണ്ടായിരുന്നു എന്നത് ഇതില്‍ നിന്നും വ്യക്തമാണ്.

കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും കൈയൊഴിയാനും, കര്‍ഷകരെ കോപ്പറേറ്റുകളെ കാല്‍ച്ചുവട്ടില്‍ എത്തിച്ചു അവരുടെ കൃഷി ഭൂമിയും ഉപജീവന മാര്‍ഗങ്ങളും  അവര്‍ക്കു അന്യവല്‍ക്കരിക്കാനുള്ള പരസ്പര ബന്ധിതമായ ആസൂത്രണങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയത്തിലൂടെ നടപ്പിലാക്കുന്നത്. അതുകൊണ്ടാണ്​, ഏതു വിധേനയും ഈ നിയമങ്ങളെ എതിര്‍ക്കേണ്ടതും, ഒപ്പം കോര്‍പറേറ്റുകളെ കാര്‍ഷിക മേഖലയില്‍ നിന്നുതന്നെ ബഹിഷ്‌ക്കരിക്കേണ്ടതും അന്നം ഉണ്ടാക്കുന്നവന്റെയും, അന്നം ഉണ്ണുന്നവന്റെയും ഉത്തരവാദിത്വമായി തീരുന്നത് . 

റേഷന്‍ കടകള്‍ വഴി ലഭിക്കുന്ന അരി ഗ്രാമീണ ജനതയുടെ ഗാര്‍ഹിക ഭക്ഷണത്തില്‍ കലോറിയുടെയും പ്രൊട്ടീന്റെയും അളവ് കുറയാതെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട് (കുമാര്‍ എസ്.കെ, 1979).  റേഷന്‍ വഴി ലഭിക്കുന്ന സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ ഉപഭോഗവും  പോഷക നിലവാരവും തമ്മില്‍ ബന്ധമുണ്ടെന്നും പഠനങ്ങള്‍  സൂചിപ്പിക്കുന്നു. ആളോഹരി ഭക്ഷ്യ ധാന്യ ഉപഭോഗം കേരളത്തില്‍ വര്‍ധിച്ചത് പൊതുവിതരണ സംവിധാനത്തിലൂടെയാണ്. പൊതുവിതരണ സംവിധാനത്തി ലൂടെയുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണത്തില്‍ കഴിഞ്ഞ മൂന്നു ദശകങ്ങളിലും വര്‍ദ്ധനവ് ദൃശ്യമാണ്. 1965ല്‍ അത് 906 ടണ്‍ ആയിരുന്നെങ്കില്‍, 1990 കളിലെത്തുമ്പോള്‍ 1649 ടണ്‍ ആയി വര്‍ധിച്ചിട്ടുണ്ട്. തൊണ്ണൂറുകളിലെ ഉദാരവത്കരണ നയങ്ങളുടെയും, ബാങ്കിങ് പരിഷ്‌ക്കരണങ്ങളുടെയും ഭാഗമായി ഭക്ഷ്യ സബ്‌സിഡിയില്‍ കേന്ദ്രം കുറവ് വരുത്തി. ടാര്‍ജെറ്റ്ഡ് പബ്ലിക് ഡിസ്ട്രിബൂഷന്‍ വ്യവസ്ഥ നടപ്പിലാക്കിയതോടെ നല്ലൊരു ശതമാനം ഉപഭോക്താക്കളും  എ.പി.എൽ കാര്‍ഡ് കാറ്റഗറിയിലേക്കു മാറാന്‍ ഇടയായി. ഇത്തരം എ.പി.എൽ കുടുംബങ്ങള്‍ പിന്നീട് സ്വകാര്യ വിപണികളെ ആശ്രയിക്കാന്‍ തുടങ്ങിയത് കേരളത്തിലെ പൊതു വിതരണ സംവിധാനത്തില്‍ സാരമായ കുറവ് വരുത്തി. ദേശീയ തലത്തിലുള്ള നയവ്യതിയാനങ്ങള്‍ എപ്രകാരമാണ് പൊതുവിതരണത്തെയും അതുവഴി ഭക്ഷ്യ ലഭ്യതയെയും ബാധിക്കുക എന്നറിയാന്‍ ഈ കാലയളവിലെ ഭക്ഷ്യധാന്യ വിതരണത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. 1992ല്‍ മൊത്തം അരി ആവശ്യകതയുടെ 52% അരി പൊതുവിതരണ സംവിധാനത്തിലൂടെ നല്‍കാന്‍ സാധിച്ചിരുന്നു. അക്കാലത്തെ ആഭ്യന്തര അരി ഉൽപാദനം 28%മാത്രമായിരുന്നു. അരി ആവശ്യത്തിന്റെ 20%ത്തിന് മാത്രമേ നമുക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നുള്ളൂ.

2000 ത്തോടെ പൊതുവിതരണ സംവിധാനത്തിന്റെ പങ്ക് 17% ആയി കുറഞ്ഞു. അതോടുകൂടി ഇതര സംസ്ഥാനങ്ങളുടെ മേലുള്ള നമ്മുടെ ആശ്രിതത്വവും വര്‍ധിച്ചു. 2002ല്‍ ഏതാണ്ട് 7% അരിയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങേണ്ടി വന്നു. കൂടുതല്‍ ആളുകളെ ബി.പി.എല്ലിലേക്ക് മാറ്റാനും, എ.പി.എൽ കാര്‍ഡ് ഉള്ളവര്‍ക്കും സബ്‌സിഡി അനുവദിച്ച്​ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാനും, എ.പി.എൽ ആയി നിലനിന്നിരുന്ന ദളിത്-ആദിവാസി-മല്‍സ്യ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍ എന്നിവരെ കൂടി ബി.പി.എൽ വിഭാഗത്തിലേക്ക് മാറ്റി പരിഗണിച്ചും സര്‍ക്കാര്‍ നടപ്പിലാക്കിയ പല പദ്ധതികളും പൊതു വിതരണ സംവിധാനം കൂടുതല്‍ വിപുലമാക്കി  ഭക്ഷ്യ ലഭ്യത ഉറപ്പു വരുത്തുന്നതിന്  സഹായിച്ചു. അസംഘടിത തൊഴില്‍ മേഖലയിലെ തൊഴിലാളികളെ കൂടി പൊതു വിതരണ സംവിധാനത്തിന്റെ പരിധിയിലേക്കു കൊണ്ടുവന്നതും പൊതുവിതരണത്തിന്റെ അളവ് കൂട്ടാന്‍ സഹായകമായി.

ഇതിന്റെയെല്ലാം ഫലമായി മൊത്തം വീടുകളില്‍ 42% വീടുകളും പൊതുവിതരണ സമ്പ്രദായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാക്കി മാറ്റി. ഇതിനു പുറമെ അന്ത്യോദയ പദ്ധതിയും, അന്നപൂര്‍ണ പദ്ധതിയും നടപ്പിലാക്കി. ഇതിന്റെയൊക്കെ ഫലമായി 2010ആയപ്പോഴേക്കും  ഇതര സംസ്ഥാനങ്ങള്‍ക്കു മേലുള്ള ആശ്രിതത്വം 75%ല്‍ നിന്ന് 60% ആയി കുറയ്ക്കാന്‍ സാധിച്ചു. മാനവ വികസന സൂചികകളില്‍ കേരളം പ്രകടമാക്കുന്ന പുരോഗമനാ ത്മകമായ മുന്നേറ്റം കൊണ്ട് തന്നെ ജനങ്ങളുടെ ജീവിത നിലവാരവും, വാങ്ങല്‍ ശേഷിയും, ഉപഭോഗ നിരക്കും ഒരേപോലെ വര്‍ധിച്ചിട്ടുണ്ട് എന്ന് കാണാം. എങ്കില്‍ കൂടിയും നല്ലൊരു ശതമാനം ആളുകളും ഇപ്പോഴും പൊതുവിതരണ സംവിധാനത്തെയും, ന്യായവില ഷോപ്പുകളെയും ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഈ പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുന്ന ഏതൊരു നിയമവും ആത്യന്തികമായി ബാധിക്കുക സമൂഹത്തിലെ സാമ്പത്തിക-സാമൂഹിക ശ്രേണിയില്‍ ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കുന്ന ജനങ്ങളെയായിരിക്കും.

പബ്ലിക് പോളിസികളിലും സാമൂഹ്യ-പാരിസ്ഥിതിക-സാമ്പത്തിക വിഷയങ്ങളിലും പഠനങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ‘ട്രാന്‍സിഷന്‍ സ്റ്റഡീസ്' തയാറാക്കിയ ‘കേരളവും ഭക്ഷ്യസുരക്ഷയും: പുത്തന്‍ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഒരന്വേഷണം' എന്ന കൈപ്പുസ്തകത്തില്‍ നിന്നാണ് ഈ ലേഖനം. കേരളത്തിന്റെ ഭക്ഷ്യസുരക്ഷ, കാര്‍ഷിക പിന്നോക്കാവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങള്‍ ആഴത്തില്‍ വിശകലനം ചെയ്യുന്ന കൈപ്പുസ്തകം (ഡോ.സ്മിത പി. കുമാര്‍, നീതു ദാസ്; ജനറല്‍ എഡിറ്റര്‍: കെ. സഹദേവന്‍)  - ഇവിടെ വായിക്കാം 

 

 

 


https://webzine.truecopy.media/subscription

  • Tags
  • #Farmers' Protest
  • #Farm Bills
  • #Delhi
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Yesoda. K.

28 Nov 2021, 09:35 AM

കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു

സുബൈർ

5 Aug 2021, 12:22 PM

ലേഖനം കൊള്ളാം അഭിനന്ദനം

sudheesh

OPENER 2023

സുധീഷ് കോട്ടേമ്പ്രം

ജെ.എൻ.യു ദിനങ്ങളേ, ഒരു ‘silent farewell’

Jan 01, 2023

5 Minutes Read

Buffer Zone

buffer zone

എം. ഗോപകുമാർ

മൗലികവാദത്തിനും വസ്​തുതകൾക്കുമിടയിലെ ബഫർസോൺ വിവാദങ്ങൾ

Dec 23, 2022

14 Minutes Read

k kannan

UNMASKING

കെ. കണ്ണന്‍

പരിസ്ഥിതിയെ ചൂണ്ടി മനുഷ്യരെ ശത്രുക്കളാക്കുന്ന നിയമവും നടത്തിപ്പും

Dec 21, 2022

5 Minutes Watch

Rakesh Tikait

Interview

രാകേഷ് ടികായത്ത്

വീണ്ടും സമരത്തിനൊരുങ്ങുകയാണ് കർഷകർ : രാകേഷ് ടികായത്ത്

Dec 18, 2022

32 Minutes Watch

Goa

Economy

കെ. സഹദേവന്‍

കാര്‍മൈക്ക്ള്‍ കല്‍ക്കരി: വൈദ്യുതി ഉപഭോക്താക്കളുടെ തലയിലേക്ക് ഇടിത്തീ

Sep 15, 2022

8 Minutes Read

Delhi

Labour Issues

Delhi Lens

മാന്‍ഹോളിനുള്ളിലെ മരണഗന്ധം

Jul 10, 2022

6.2 Minutes Read

cov

Labour Issues

Delhi Lens

മനുഷ്യന് പുറത്തായവര്‍

Jul 03, 2022

7 Minutes Read

Farmers

Agriculture

Delhi Lens

ജനാധിപത്യ രാജ്യവും മുറിവേറ്റ കര്‍ഷകരും

May 01, 2022

7 Minutes Read

Next Article

പ്രസാദമധുരമായ നര്‍മ്മം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster