വാരിയംകുന്നനും വിവാദങ്ങളും; ആഷിഖ് അബുവിന് പറയാനുള്ളത്‌

മനില സി.മോഹൻ:ഒരു ചരിത്ര സിനിമ, മാസ്സ് സിനിമ ഇപ്പോൾ അനൗൺസ് ചെയ്തത് എന്തുകൊണ്ടാണ്? സിനിമയുടെ കണ്ടന്റ് എന്തു തന്നെ ആയിക്കോട്ടെ. ഇപ്പോഴത്തെ സാഹചര്യം ഒരു സിനിമാ നിർമാണത്തിന് അനുകൂലമല്ല. ഇത്തരമൊരു സിനിമ ഷൂട്ട് ചെയ്യൽ ഒരു രണ്ട് വർഷത്തേക്ക് ചിന്തിക്കാൻ പറ്റില്ല. പിന്നെ എന്താണ് പെട്ടെന്ന് ഇങ്ങനെയൊരു സിനിമ പ്രഖ്യാപിച്ചത്?

ആഷിഖ് അബു: ഞങ്ങളിപ്പോൾ ചെയ്യാനുദ്ദേശിക്കുന്ന "വാരിയംകുന്നൻ' എന്ന പ്രോജക്ട് ഞങ്ങളുടെ സുഹൃത്തായിട്ടുള്ള മറ്റൊരു സംവിധായകൻ കഴിഞ്ഞ അഞ്ചുവർഷമായിട്ട് പ്ലാൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു സബ്ജക്ടായിരുന്നു. അതിന്റെ സ്റ്റാർ കാസ്റ്റ് വേറെ ആയിരുന്നു. വേറെ തന്നെ കാര്യങ്ങളായിരുന്നു. ഒരു പ്രത്യേക ഘട്ടത്തിൽ മൂന്ന് നാല് മാസങ്ങൾക്കുമുമ്പ് ഈ പ്രോജക്ടുമായി മുഹ്സിൻ എന്നെ സമീപിച്ചു. മറ്റേ സംവിധായകൻ ഇത് ചെയ്യുന്നു എന്ന് കേട്ടപ്പോൾ തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ എക്സൈറ്റിങ് പ്രോജക്ടായിരുന്നു. എനിക്ക് കാണാൻ ആഗ്രഹമുള്ള സംഗതിയായിരുന്നു. എന്റെ അടുത്തേക്ക് വന്നപ്പോൾ ആ എക്സൈറ്റ്മെന്റോടുകൂടി തന്നെ ഇത് സ്വീകരിക്കുകയാണുണ്ടായത്. ഇതിനുശേഷം അത് പൃഥ്വിരാജ് കേട്ടു. അദ്ദേഹവും എക്സൈറ്റഡ് ആയി. മലബാർ വിപ്ലവത്തിന്റെ നൂറാം വാർഷികമാണ് 2021-ൽ. ഈ സമയത്തേക്ക് ഇതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ വരാൻ സാധ്യതയുണ്ട്, മറ്റ് സിനിമകൾ വരാൻ സാധ്യതയുണ്ട് എന്നതുകൊണ്ടുതന്നെ ഞങ്ങൾ അത് അനൗൺസ് ചെയ്യുകയായിരുന്നു. ഇത് കുറേ നാളുകളായി അനൗൺസ് ചെയ്യാൻ വേണ്ടി കാത്തുകാത്തിരിക്കുകയായിരുന്നു. ഫൈനലൈസേഷനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതെല്ലാംകൂടി ഒത്തുവന്നത് ഈ സമയത്താണ്. അതുകൊണ്ട് അനൗൺസ് ചെയ്തുവെന്നേയുള്ളൂ.

ചരിത്രം സിനിമയാക്കുമ്പോൾ അത് പുറത്തു വരുന്നതുവരെ ദുരൂഹതകൾ, വിവാദങ്ങൾ ഒക്കെ പതിവാണ്. വാരിയംകുന്നൻ പ്രഖ്യാപനം പക്ഷേ സാംസ്‌കാരിക പൊതുമണ്ഡലത്തെ വളരെയേറെ ചലനാത്മകമാക്കിയിട്ടുണ്ട്. ചരിത്രത്തിന്റെ പല തരം വായനകൾ നടക്കുകയാണ്. ബ്രിട്ടീഷുകാരുടെ വ്യാഖ്യാനങ്ങൾ, മലയാളികളെഴുതിയ ചരിത്ര വ്യാഖ്യാനങ്ങൾ, തീവ്രവലതുപക്ഷത്തിന്റെ ചരിത്രത്തിനു നിരക്കാത്ത വർഗ്ഗീയ വ്യാഖ്യാനങ്ങൾ. വാരിയൻകുന്നനെ ആഷിഖ് അബു എങ്ങനെയാണ് ഉൾക്കൊണ്ടിട്ടുള്ളത്?

പല ആസ്പെക്ടുകളുണ്ടെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം വാരിയംകുന്നൻ അദ്ദേഹത്തിന്റെ കൂട്ടരുമായി ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്ത് സ്ഥാപിച്ച രാജ്യത്ത്, നാലഞ്ച് മാസക്കാലം മലയാള രാജ്യം എന്ന രാജ്യം ഫങ്ഷൻ ചെയ്തിരുന്നല്ലോ, ആ സമയത്ത് എന്തൊക്കെ മാറ്റങ്ങളായിരുന്നു എന്നതാണ്. ആ സമയത്ത് ജാതിവ്യവസ്ഥ (caste system) എടുത്തു കളഞ്ഞുവെന്നാണ് ഞാൻ മനസിലാക്കുന്നത്. നെല്ലിന്റെ വിനിമയം, വരമ്പത്ത് കൂലി എന്നൊക്കെ പറയുന്ന സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഒരു മോഡൽ, അല്ലെങ്കിൽ അത്തരമൊരു വിഷൻ കൊണ്ടുവരാൻ ശ്രമിച്ചു, മതേതര രാജ്യമായിട്ട് കൊണ്ടുവരാൻ ശ്രമിച്ചു, ഹിന്ദു-മുസ്‌ലിം സ്പർധയെ അദ്ദേഹം അഡ്രസ് ചെയ്തു, അത് അങ്ങനെയല്ലയെന്ന് ആളുകളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചു- അപ്പോൾ എല്ലാംകൊണ്ടുതന്നെ ഒരു സെക്യുലർ സോഷ്യലിസ്റ്റ് സ്റ്റേറ്റ് കൊണ്ടുവരാൻ വേണ്ടി അദ്ദേഹം ശ്രമിച്ചു എന്നാണ് ഞാൻ മനസിലാക്കിയത്. അതുതന്നെയായിരുന്നു എന്റെ എക്സൈറ്റ്മെന്റ്. ഇത്രയും ശക്തിയുള്ള ബ്രിട്ടീഷുകാരോട് സായുധവിപ്ലവത്തിലൂടെ എതിർത്തുനിന്ന് ആറുമാസമെങ്കിൽ ആറുമാസക്കാലം തന്റെ മനസിലുണ്ടായിരുന്ന ആശയങ്ങൾ നടപ്പിൽവരുത്തിയ ഒരാളെന്ന നിലയ്ക്കാണ് എന്നെ സംബന്ധിച്ചിടത്തോളം വാരിയംകുന്നന്റെ ആകർഷണം. അതിനകത്ത് കുടിയാൻമാരെ യോജിപ്പിച്ചതാണെങ്കിലും അവരെ കൂടെ നിർത്തിയതാണെങ്കിലും അവർക്കുവേണ്ടിയുള്ള സമരങ്ങൾ നയിച്ചതാണെങ്കിലും ഇതിന് കാർഷിക വിപ്ലവം എന്നു പറയുന്ന നരേറ്റീവ് ഉണ്ടായിരുന്നു, വളരെ ശക്തമായിട്ട്. അതൊക്കെ തന്നെയാണ് എന്നെ ഈ ഫിലിമിലേക്ക് ആകർഷിച്ചത്.

ചരിത്ര സിനിമകളുടെ ഒരു അപകടം തോന്നിയിട്ടുള്ളത്, ചരിത്രത്തെ നമ്മൾ ഇന്നത്തെ രാഷ്ട്രീയമായ ടൂളുകൾ വെച്ച് വായിക്കാൻ ശ്രമിക്കും എന്നതാണ്. അന്നത്തെ ടൂളുകളോ അന്നത്തെ കാലത്തിന്റെ ഘടനയോ മനുഷ്യരുടെ സ്ഥിതിയോ സാമ്പത്തികവും സാമൂഹികവും മതപരവുമായ അവസ്ഥകളോ മാറ്റിവെച്ച് ഇന്നത്തെ കാലത്തിന്റെ ടൂളുകൾ ഉപയോഗിക്കും. അപ്പോൾ സംഭവിക്കുന്ന അപകടങ്ങളുണ്ട്. അത്തരം സൂക്ഷ്മതകൾ സ്‌ക്രിപ്റ്റിൽ പുലർത്തിയിട്ടുണ്ടോ?

അതിനുള്ള ശ്രമമാണിത്. അതിന് ഞങ്ങൾ അവലംബിക്കുന്നത് ഇവിടെയുണ്ടായിട്ടുള്ള ചരിത്ര രേഖകൾ തന്നെയാണ്. ബ്രിട്ടീഷ് നരേറ്റീവ് അല്ലാത്ത രചനകൾ വന്നിട്ടുണ്ട്. മാധവൻ നായരുടെ, കെ.എൻ പണിക്കരുടെ, കെ.ടി ജലീലിന്റെ പുസ്തകം, എ.കെ.ജിയുടെ പ്രസംഗം പുറത്തുവന്നിരുന്നു. അത്തരം ഒരുപാട് ചരിത്ര രേഖകളെ സയിന്റിഫിക്കായി അപഗ്രഥിച്ചുകൊണ്ടു മാത്രമേ കേരളം പോലൊരു സംസ്ഥാനത്ത് ഇത്ര കോൺട്രവേർഷ്യലായ ഒരു സംഭവം പറയാൻ പറ്റുകയുള്ളൂ. സാമാന്യ ബോധമുള്ള എല്ലാവർക്കും മനസിലാവുന്നതാണ്.
ചരിത്രത്തെ റൊമാന്റിസൈസ് ചെയ്ത്, ഗ്ലോറിഫൈ ചെയ്ത് പ്രസന്റ് ചെയ്യുകയെന്നു പറയുന്നത്, വയലൻസിനെ ഗ്ലോറിഫൈ ചെയ്തു പ്രസന്റ് ചെയ്യുകയെന്നു പറയുന്നത്, ഇന്നത്തെക്കാലത്ത് അത് തെറ്റായിരിക്കുമെന്നു തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അത്തരം കാൽപ്പനികവത്കരണം ഒഴിവാക്കിക്കൊണ്ട് മനുഷ്യനെന്ന നിലയിൽ വാരിയംകുന്നനെ അടുത്തറിയാനുള്ള ശ്രമമാണ് എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമ.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഒരു ഫോട്ടോ ഫ്രാൻസിൽ നിന്ന് ലഭിച്ചതിനെക്കുറിച്ച് താങ്കൾ കഴിഞ്ഞ ദിവസം സംസാരിക്കുന്നത് കേട്ടിരുന്നു. കുഞ്ഞഹമ്മദ് ഹാജി കാണാൻ എങ്ങിനെയുള്ള ആളാണ്? കണ്ടിട്ടില്ലാത്ത ആളായതുകൊണ്ട് കൗതുകം കൊണ്ട് ചോദിക്കുകയാണ്?

തീർച്ചയായിട്ടും അത് വളരെ കൗതുകകരമായ കാഴ്ചയാണ്. പക്ഷേ അതിന്റെ authenticity ഉറപ്പിക്കേണ്ടതുണ്ട്. നമുക്കത് വാരിയംകുന്നന്റെ ഫോട്ടോയെന്നു പറഞ്ഞ് ഒരു മാഗസിന്റെ അകത്തുനിന്നും കിട്ടിയതാണ്. അതിന്റെ ആധികാരികത ശാസ്ത്രീയമായി അത്രത്തോളം ഉറപ്പിച്ചശേഷമേ നമുക്കതൊരു ക്ലെയിമിലേക്ക് കൊണ്ടുവരാൻ സാധിക്കൂ. പ്രത്യേകിച്ച് ഇത്ര കോൺട്രവേഴ്സ്യലായ ഒരു ഇഷ്യൂ ആയിരിക്കെ. നമുക്ക് അതിൽ വളരെ സൂഷ്മത പുലർത്താനുണ്ട്. അത്തരം ക്ലെയിമുകളോ കാര്യങ്ങളോ ഒക്കെ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ ആയിരിക്കണം പറയേണ്ടത് എന്നുള്ള പോളിസിയും നമ്മൾ സ്വീകരിച്ചിട്ടുണ്ട്.

കുഞ്ഞഹമ്മദ് ഹാജി കാണാൻ എങ്ങനെയുള്ള ആളാണ് ? പറയാൻ പറ്റുമോ?

പൃഥ്വിരാജ് എന്നൊക്കെ പറയുമ്പോൾ നിങ്ങൾക്ക് ഊഹിക്കാമല്ലോ. പൃഥ്വിരാജിനെപ്പോലെത്തന്നെ ഇരിക്കുന്ന ആളാണെന്നല്ല. അത് നമുക്ക് കൺഫേം ചെയ്യണമെങ്കിൽ ഇതിന്റെ ശാസ്ത്രീയമായിട്ടുള്ള കാര്യങ്ങൾ ഉറപ്പിക്കണം. ഇതാണോ വാരിയംകുന്നൻ എന്നു ചോദിച്ചാൽ ഇതാണ് വാരിയംകുന്നൻ എന്ന് ശാസ്ത്രീയാടിത്തറയിൽ നമുക്ക് പറയാൻ കഴിയണം. ഈ ചിത്രത്തിന്റെ ആധികാരികത ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

തിരക്കഥാകൃത്തായ റമീസ് രാഷ്ട്രീയ നിലപാടുകളുടെ പേരിൽ തത്കാലം മാറി നിൽക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചു. ആഷിഖും അത് പറഞ്ഞു. ഒരു മാപ്പു പറച്ചിൽ കൊണ്ട് തിരുത്തപ്പെടുന്നതാണോ രാഷ്ട്രീയ നിലപാടുകൾ ?

മാപ്പുപറച്ചിൽ പുള്ളി നേരത്തെ പരസ്യമായി നടത്തിക്കഴിഞ്ഞു. അതിനുശേഷവും കുറേയധികം വിഷയങ്ങളിൽ ക്ലാരിറ്റി വരാനുണ്ട്. കുറേ സ്‌ക്രീൻഷോട്ടുകൾ പ്രചരിച്ചിട്ടുണ്ട്, അതിൽ പുള്ളിയുടെ ക്ലെയിം, കുറേയൊന്നും റമീസ് പറയാത്ത കാര്യങ്ങളാണ്, ചിലത് സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയിട്ടുള്ളതാണ്, ചിലത് വ്യാജമാണ് എന്നാണ്. ശാസ്ത്രീയമായി അതും തെളിയണമല്ലോ. അതിനുള്ളൊരു സമയവും കൂടി അതിനകത്ത് എടുക്കും. റമീസ് മാപ്പു പറഞ്ഞത് സ്ത്രീവിരുദ്ധതയുള്ള അദ്ദേഹത്തിന്റെ പോസ്റ്റിനാണ്. ബാക്കിയുള്ള കുറച്ചുകാര്യങ്ങളുണ്ട്. തീവ്രനിലപാടുള്ള ആളാണോ, ജനാധിപത്യത്തെ അംഗീകരിക്കാത്ത ആളാണോ എന്നുള്ള സംഗതികളുണ്ട്. ഇന്ന് പൊതുസമൂഹത്തിൽ വളരെ സജീവ ചർച്ചയിലുള്ള ഒരു വിഷയമായതുകൊണ്ടുതന്ന അത് പരിശോധിക്കേണ്ടതുണ്ട്. എല്ലാവർക്കും അത് ബോധ്യപ്പെടേണ്ടതുണ്ട്. ഇതിലെ സംവിധായകനും നടനും തിരക്കഥാകൃത്തും എല്ലാവരുമുണ്ടല്ലോ.
റമീസിന് വ്യക്തിപരമായി അത് തെറ്റാണെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യതയുള്ളതുകൊണ്ടുതന്നെ അദ്ദേഹം അത് ബോധ്യപ്പെടുത്തും എന്നാണ് കരുതുന്നത്. കാത്തിരിക്കാം. അദ്ദേഹം എന്താണ് പറയുന്നത് എന്നുള്ളത്.

ഇതിന്റെ മറുവശത്തുനിന്ന് സംസാരിച്ചാൽ തോന്നുന്ന മറ്റൊരു കാര്യം, രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ആളുകളെ ഒഴിവാക്കാൻ തുടങ്ങിയാൽ ഏതെങ്കിലും ക്രിയേറ്റീവ് വർക്ക് സാധ്യമാവുമോ? അത് ശരിയുമാണോ?

രാഷ്ട്രീയ വിയോജിപ്പുകളുള്ള ആളുകളെ ആരും മാറ്റിനിർത്തുന്നില്ല. ഞാനും എന്റെ എഴുത്തുകാരും തമ്മിൽ ഒരു തരത്തിലുള്ള രാഷ്ട്രീയ യോജിപ്പും ഉണ്ടാവാറില്ല. ഞാൻ പറയുന്നത് കക്ഷി രാഷ്ട്രീയം എന്നർത്ഥത്തിലാണ്. ആ അർത്ഥത്തിൽ വിവിധ ചേരിയിലുള്ള ആൾക്കാരുമായി ഞങ്ങൾ വർക്കു ചെയ്തിട്ടുണ്ട്. ഇപ്പോഴും വർക്കു ചെയ്യുന്നുണ്ട്. ഇനിയങ്ങോട്ടും വർക്കു ചെയ്യും. മുഹ്സിൻ പരാരിയോ ഹർഷദോ ഷറഫുവോ സുഹാസോ ഒന്നും എന്റെ രാഷ്ട്രീയ അഭിപ്രായങ്ങളോട് യോജിക്കുന്നവരല്ല. പക്ഷേ അവർക്കൊന്നും ഇത്തരത്തിലുള്ള ഒരു നിലപാടുള്ളതായി എനിക്കു തോന്നിയിട്ടില്ല. സ്ത്രീവിരുദ്ധമായിട്ട് പെരുമാറിയെന്നോ, അല്ലെങ്കിൽ അവർക്ക് ജനാധിപത്യത്തെ അംഗീകരിക്കാത്ത അതിതീവ്രമായ നിലപാടുണ്ട് എന്നൊന്നും എനിക്ക് ബോധ്യപ്പെടാത്തതുകൊണ്ട് അവരുടെ സംസാരത്തിലോ പ്രവൃത്തിയിലോ ഒന്നും വിദ്വേഷത്തിന്റെ രാഷ്ട്രീയം ഇതുവരെ കടന്നുവരാത്തതുകൊണ്ടും എനിക്കവരുമായി വർക്കു ചെയ്യുന്നതിൽ ഒരു പ്രശ്നവുമില്ല. അതുതന്നെയാണ് സംഭവിക്കേണ്ടത്. വിയോജിപ്പുകളും കലഹങ്ങൾക്കുമുള്ളിലാണ് സിനിമയുണ്ടാവുന്നത്. ഇതൊരു കലക്ടീവ് സംഗതിയാണല്ലോ. ഒരിക്കലും ഒരാള് വിചാരിച്ചാൽ സിനിമയാവില്ല എന്നതുകൊണ്ടുതന്നെ കലഹങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്. വിയോജിപ്പുകളുള്ള ആൾക്കാരുമായി തന്നെയാണ് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽക്കാലം വർക്കു ചെയ്തിട്ടുള്ളത്.

വൈറസ് സിനിമയുടെ രാഷ്ട്രീയത്തിന്റെ പേരിലും ആഷിഖ് ഇടതുപക്ഷത്തുനിന്നു തന്നെ വലിയ വിമർശനങ്ങൾ നേരിട്ടു, ഇപ്പോഴും നേരിട്ടു കൊണ്ടിരിക്കുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെ സിനിമയിൽ കുറച്ചു കാണിച്ചു എന്നാണ് ഒരു ആരോപണം. പിന്നൊന്ന് ആദ്യം ഐഡന്റിഫൈ ചെയ്ത രോഗി മുസ്ലീം ആയതിന്റെ പേരിലുള്ള കേന്ദ്ര ഇടപെടലാണ്. അതൊരു ജൈവായുധ ആക്രമണമാണ് എന്ന രീതിയിൽ. യഥാർത്ഥത്തിൽ അങ്ങനെയൊരു ചർച്ചയോ ആശങ്കയോ നിപ്പാ കാലത്ത് നടന്നിരുന്നോ? ഇതിപ്പോൾ ചോദിക്കാൻ കാരണം ജമാഅത്ത് രാഷ്ട്രീയം പിൻതുടരുന്ന മുഹസിൻ പെരാരിയുടെതായിരുന്നു തിരക്കഥ എന്നതുകൊണ്ടാണ്. ജമാഅത്ത് അജണ്ടയിൽ ആഷിഖ് വീണ് പോയി എന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം.

അതിലൊരു വിശദീകരണമുണ്ട്. ഈ വാരിയംകുന്നന്റെ കാര്യത്തിൽ ആ സിനിമയെ ഞങ്ങൾ എങ്ങനെയാണ് സമീപിക്കുന്നത് എന്നു പറഞ്ഞതുപോലെ തന്നെ വൈറസ് ചെയ്യുന്ന സമയത്തും ഇത് ഏതു രൂപത്തിലാണ് ജനങ്ങളിലേക്ക് എത്തേണ്ടത്, ഇത് കാലങ്ങളായി ഇവിടെ നിലനിൽക്കേണ്ട സിനിമയാണ്, ഇതിൽ ഗ്ലോറിഫിക്കേഷൻ പാടില്ല എന്ന തീരുമാനവും ഉണ്ടായിരുന്നു. ഞാൻ സത്യത്തിൽ അതിൽ വിശ്വസിക്കാത്തയാളാണ്. ഒരു വ്യക്തിയെ ഗ്ലോറിഫൈ ചെയ്യുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. കലക്ടീവ് എഫേർട്ടാണ് നടന്നത് എന്നതാണ് ഞങ്ങളുടെ അന്വേഷണത്തിലും മനസ്സിലായിട്ടുള്ളത്. ടീച്ചർ തന്നെ ആവർത്തിച്ച് പറഞ്ഞിട്ടുള്ള കാര്യം ഇത് ഞാനല്ല, എല്ലാവരുമാണ് എന്നാണ്. ഡോ. സീതു തമ്പി, അതായത്, അതിനകത്ത് പാർവ്വതി ചെയ്ത ക്യാരക്ടറിനെ എപ്പോഴും സി.ഐ.ഡിയാണ്, അവർ ഇതിനകത്ത് വർക്കു ചെയ്തുവെന്നൊക്കെയാണ്. ടീച്ചർ മുഴുവൻ സമയവും സംസാരിക്കുന്നത് മറ്റുള്ള ആൾക്കാർ എന്തു ചെയ്തുവെന്നുള്ളതാണ്. അവിടെ നേതൃത്വ പരമായ കാര്യങ്ങളെല്ലാം തന്നെ, അതിനപ്പുറവും ടീച്ചർ ചെയ്തതാണ്. ഗ്ലോറിഫിക്കേഷന് ഒരപകടം ഉള്ളത് പിന്നീടത് ബാക്ക്ഫയർ ചെയ്യുമെന്നുള്ളതാണ്.
അതുപോലെ തന്നെ ശൈലജ ടീച്ചറുടെ കഥാപാത്രം ചെയ്തത് രേവതി ചേച്ചിയാണ്. സീനിയറായിട്ടുള്ള ഒരു ആക്ടറാണ്. അതുകൊണ്ടുതന്നെ ഈ ക്യാരക്ടറിനെ സംബന്ധിച്ച് ഒരു സംവിധായകന്റെ ബ്രീഫൊന്നും രേവതി ചേച്ചിക്ക് ആവശ്യമില്ല. പുള്ളിക്കാരി ശൈലജ ടീച്ചറുടെ പ്രസംഗങ്ങളും അതുപോലുള്ള കാര്യങ്ങളെല്ലാം തന്നെ വീഡിയോയിൽ കണ്ടുകൊണ്ടിരിക്കുകയും അതിനെക്കുറിച്ച് പഠിക്കുകയുമൊക്കെ ചെയ്തിട്ടുള്ള ആളാണ്. ആക്ടേഴ്സിന് അഭിനയിച്ചു കാണിച്ചുകൊടുക്കുന്നത് തെറ്റാണെന്ന് പറയുന്ന ആളാണ് ഞാൻ. കുറച്ചുകൂടി ഡെമോക്രാറ്റിക് ആയിട്ടുള്ള സ്പെയ്സിൽ ആക്ടേഴ്സിനെ കണ്ടുകൊണ്ടാണ് ഞങ്ങളെല്ലാവരും സിനിമയുണ്ടാക്കുന്നത്. ഇത്തരത്തിലുള്ള ഒരു ഡിസ്‌കഷനിൽ എന്നോടു ടീച്ചറുടെ രൂപത്തിൽ അതുപോലെ തന്നെ പിടിക്കണോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത്, അത് ചേച്ചിയുടെ സ്വാതന്ത്ര്യത്തിനു വിടുകയാണ് എന്നാണ്. എങ്ങനെയാണ് നിങ്ങൾ ഇതിനെ interpret ചെയ്യാനുദ്ദേശിക്കുന്നത്, ഈ ക്യാരക്ടറാണ് സ്റ്റേറ്റിനെ പ്രതിനിധീകരിക്കുന്നത് - സിനിമയായതുകൊണ്ട് സ്ഥലപരിമിതിയുണ്ട്, സ്റ്റേറ്റിനെ പ്രതിനിധീകരിക്കുന്ന ഒരുപാട് ആളുകളെ കൊണ്ടുവരാൻ പറ്റില്ല- അപ്പോൾ സ്റ്റേറ്റിന്റെ പ്രതിനിധിയായിട്ടും സ്റ്റേറ്റിനെ പ്രതിനിധീകരിക്കുന്ന ഐഡിയോളജിയുടെ പ്രതിനിധിയായിട്ടുമാണ് ഈ ക്യാരക്ടറിനെ നമ്മൾ ഈ സിനിമയിൽ കണ്ടത്.
തിരിച്ച് രേവതിച്ചേച്ചി പറഞ്ഞ ഒരു കാര്യം ഞങ്ങൾക്ക് വളരെ ഇന്ററസ്റ്റിങ്ങായിട്ട് തോന്നി. "എനിക്കു വളരെ warm ആയിട്ടാണ് തോന്നിയത്. ഞാൻ worried ആണ്. കാരണം നാട്ടിലിങ്ങനെ ഒരു അജ്ഞാത വൈറസ് വ്യാപിക്കുമ്പോൾ ഇതിന്റെ ഗൗരവം ആദ്യം മനസിലാക്കിയിട്ട് സത്യത്തിൽ ഞാൻ worried ആണ്. ഉത്തരവാദിത്തമുള്ള ഒരു പൊസിഷനിൽ നിന്നിട്ട് എനിക്ക് ആകുലതയായിരുന്നു. അങ്ങനെയാണ് എനിക്കു തോന്നുന്നത്. ഞാൻ അങ്ങനെ ചെയ്താൽ പോരേ.' അല്ലാതെ സ്റ്റേറ്റിന്റെ പവർ ഉപയോഗിക്കുകയെന്ന സിനിമയിൽ സ്ഥിരം ഉപയോഗിക്കുന്ന വിഷ്വൽ ഞങ്ങൾ ഉപയോഗിച്ചിട്ടില്ല. സ്റ്റേറ്റ് വണ്ടി വന്നു നിൽക്കുന്നതോ അല്ലെങ്കിൽ അതിനെ ഗ്ലോറിഫൈ ചെയ്തുകൊണ്ടുള്ള ട്രീറ്റ്മെന്റോ ഒന്നും ഉണ്ടായിട്ടില്ല. സ്റ്റേറ്റിന്റെ പവർ എന്നുളള നിലയ്ക്കല്ല ഞങ്ങൾ അതിനെ കണ്ടത്. ആർദ്രമായിട്ടുള്ള worried ആയിട്ടുള്ള കൺസേൺഡ് ആയിട്ടുള്ള ഒന്നാണ് കണ്ടിട്ടുള്ളത്.
നിപാ സർവ്വൈവേഴ്സായിട്ടുള്ള രണ്ടുപേരുണ്ടായിരുന്നു. അവർക്ക് രോഗം ഭേദമായശേഷം പി.പി.ഇ കിറ്റ് ഇടാതെ ടീച്ചർ അവരെ കാണാൻ പോകുന്നുണ്ട്. അവർ അത്രയും വാം ആയിട്ടുള്ള സ്ത്രീയായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അത്ര സ്നേഹം അവർക്കുണ്ടായിരുന്നു. വളരെ ഇമോഷണലായിട്ടുള്ള ഒരു കാര്യമായിരുന്നു അവിടെ നടന്നിട്ടുള്ളത് എന്നതാണ് നമുക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളത്. അത് ചെയ്തതൊരു മിനിസ്റ്ററാണ്. ഇത് ഷൂട്ട് ചെയ്ത സമയത്ത് ഉത്തരേന്ത്യക്കാരായ ഫോക്കസ്സ് പുള്ളേഴ്സ് ഒക്കെ ഞങ്ങളോട് ചോദിക്കുകയാണ്, സത്യത്തിൽ ഇങ്ങനെ നടന്നോ? നടന്നതാണെന്നു പറയുമ്പോൾ അവർക്ക് അവിശ്വസനീയമാണ് ഒരു മന്ത്രി ഇങ്ങനെ ചെയ്തുവെന്ന് പറയുന്നത്. കേരളത്തിന് പുറത്തുനിന്നും ഈ സിനിമ നോക്കിക്കാണുന്നവരെ ഈ സിനിമ എങ്ങനെ എഫക്ട് ചെയ്തുവെന്നുള്ളത് ഞങ്ങൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോഴേ മനസിലായി.
മലയാളം ശരിക്കു വഴങ്ങാത്ത രീതിയാണ് രേവതി ചേച്ചിക്കുള്ളത്. അതുകൊണ്ടാണത് ഭാഗ്യലക്ഷ്മി ചേച്ചി ഡബ്ബ് ചെയ്യേണ്ടി വന്നത്. ഡബ്ബിങ്ങിന്റെ കാര്യത്തിൽ കുറച്ചു നാടകീയത കടന്നുവന്നുവെന്നുള്ളത് സത്യം തന്നെയാണ്. ആ വിമർശനം പൂർണ അർത്ഥത്തിൽ ഞാൻ ഉൾക്കൊണ്ടിട്ടുണ്ട്.

ജമാഅത്ത് രാഷ്ട്രീയത്തിന് മറുപടി പറയുകയാണെങ്കിൽ?

മുഹ്സിൻ ആണെങ്കിലും സക്കരിയ ആണെങ്കിലും ഇവർ എസ്.ഐ.ഒക്കാരാണെന്നുള്ളത് ഒളിച്ചുവെച്ചിട്ടുള്ള കാര്യമല്ല. പരസ്യമായി ഇവിടെ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനകളിൽ, എസ്.ഐ.ഒയിലൊക്കെ പ്രവർത്തിച്ചു വന്നിട്ടുള്ളവരാണ് ഇവർ. സത്യത്തിൽ മുഹ്സിൻ പെരാരിയുടെ ആദ്യത്തെ സിനിമ സുഡാനി ഫ്രം നൈജീരിയ അല്ല. കെ.എൽ10 എന്നു പറയുന്ന ലാൽജോസ് പ്രൊഡ്യൂസ് ചെയ്യുകയും ഉണ്ണി മുകുന്ദൻ നായകനായി അഭിനയിക്കുകയും വിഷ്ണു നമ്പൂതിരിയെന്നു പറയുന്ന പരസ്യമായി ബി.ജെ.പി നിലപാടുള്ള ആളുകളൊക്കെ വർക്കു ചെയ്ത സിനിമയിലാണ് ആദ്യം സംവിധായകനായിട്ട് മുഹ്സിൻ വരുന്നത്. മുഹ്സിൻ കൊച്ചിയിലുള്ള സ്പെയ്സിലേക്ക് ഇൻഫിൽട്രേറ്റ് ചെയ്തു കയറിയെന്നൊക്കെ പറയുന്നത് സത്യസന്ധമായിട്ടുള്ള കാര്യമല്ല. മുഹ്സിൻ അയാളുടെ കഴിവുകൊണ്ട് എഴുത്തുകൊണ്ടൊക്കെ അയാൾക്ക് അർഹതപ്പെട്ട സ്ഥാനങ്ങളിലേക്ക് എത്തുന്ന കലാകാരനാണ്. രാഷ്ട്രീയ നിലപാടുകളിൽ അദ്ദേഹത്തോട് തീരെ യോജിപ്പില്ലാത്ത കാര്യങ്ങളുണ്ട്. ഉറപ്പായിട്ടും ഉണ്ട്. ഞങ്ങൾ രണ്ടുപേരും വിയോജിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ആ വിയോജിപ്പിന്റെയും കലഹത്തിന്റെയും ഇടയിലാണ് സിനിമ നടക്കുന്നത്.

സിനിമയെന്നു പറയുന്ന മീഡിയത്തെ മാറ്റിനിർത്തേണ്ടതില്ല. അത് നമ്മുടെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള മീഡിയമായിട്ട് കാണണം. അത് നമ്മൾ ബോധപൂർവ്വം ചെയ്യണം എന്നു പറയുന്ന രീതിയിലുള്ള സ്‌ക്രീൻഷോട്ട് റമീസിന്റേതായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള രാഷ്ട്രീയ ജാഗ്രത എപ്പോഴും ഉണ്ടാവേണ്ടത് ഇടതുപക്ഷത്തിനല്ലേ? ജമാഅത്തെ ഇസ് ലാമിയുടെ സാംസ്‌കാരിക മുഖമായി അറിയപ്പെടുന്ന എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും വന്നുനിൽക്കുന്ന നിരവധി സംഭവങ്ങളുണ്ട്. സിനിമയും അത്തരം വേദിയാകുമോയെന്ന ടെൻഷൻ കൊണ്ടായിരിക്കാം ഒരുപക്ഷേ ഇടതുപക്ഷം ആരോപണം ഉന്നയിക്കുന്നത്. അങ്ങനെ തോന്നിയിട്ടുണ്ടോ?

അത് എനിക്കുതോന്നിയിട്ടുണ്ട്. ആ ഒരു ഭയത്തിന്റെ പേരിലാണ് ഇങ്ങനെയുള്ള അറിയിപ്പുണ്ടാവുന്നത്. പക്ഷേ എനിക്കുതോന്നുന്നത് അതിനെയൊക്കെ അതിജീവിക്കാനുള്ള ശക്തി ഇവിടുത്തെ ഇടതുപക്ഷത്തിനുണ്ട് എന്നുള്ളതാണ്. അതിനേക്കാൾ ഐഡിയോളജിക്കൽ ബാക്കപ്പുള്ള, ഇന്റലക്ച്വൽ ആയി പിടിച്ചുനിൽക്കാൻ കഴിയുന്ന ഒരുപാട് ആൾക്കാർ ഇവിടെ കേരളത്തിലുണ്ട്. പിന്നെ എന്തെങ്കിലും ഒളിച്ചു കടത്താനാവില്ലല്ലോ. കേരളം പോലുള്ള പൊളിറ്റിക്കലി പോളറൈസ്ഡ് ആയി നിൽക്കുന്ന സമൂഹത്തിൽ എത്രനാൾ വ്യാജ ഇമേജുണ്ടാക്കി പിടിച്ചുനിൽക്കാൻ പറ്റും. അല്ലെങ്കിൽ ഞങ്ങളെ എത്രകാലം ഈ സോകോൾഡ് ജമാഅത്ത ഇസ്‌ലാമിക്കാര് തെറ്റിദ്ധരിപ്പിക്കും എന്നാണ്.
മറ്റൊന്ന്, പൊതുസമ്മതനായ ഒരാളെ ഇതിന്റെയൊക്കെ മുന്നിൽ നിർത്തണമെന്നുള്ള അവരുടെയൊരു തന്ത്രമുണ്ട്. അത് സത്യമാണ്. മീഡിയ വൺ ചാനലിൽ നോക്കിയാൽ അത് കാണാൻ പറ്റും. ഒരു പൊതുസമ്മതിയുണ്ടാക്കാൻ വേണ്ടി അവർ ശ്രമിക്കുന്നുണ്ട്. ആ ശ്രമങ്ങളെയൊന്നും ഞാൻ കണ്ടില്ലയെന്നു നടിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇവർ പറയുന്ന സിനിമയിൽ എന്തെങ്കിലുമുണ്ടോയെന്നുള്ളത് മാത്രമേ എനിക്കു നോക്കാൻ പറ്റുകയുള്ളൂ. എന്നെ സംബന്ധിച്ച് സിനിമയിൽ എത്തുന്ന സമയത്തുതന്നെ എന്റെ രാഷ്ട്രീയ നിലപാട് എന്താണെന്ന് ഞാൻ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്റെ സ്റ്റാന്റ് വളരെ ക്ലിയറാണ്. അതിൽ ഒരു സംശയവും വേണ്ട കാര്യമില്ല.
അതല്ലയെന്നുണ്ടെങ്കിൽ ഈ മുഹ്സിൻ പരാരിയെന്നു പറയുന്നയാൾ അത് ഭയങ്കര ബുദ്ധിയുള്ളയാളായിരിക്കണം. ഞങ്ങൾ കുറേയാളുകളെ അയാൾ തെറ്റിദ്ധരിപ്പിക്കണം.

ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സിനിമ റിലീസ് ചെയ്യുന്നത് ഒരു ഇൻഡസ്ട്രി എന്ന നിലയിൽ മലയാള സിനിമയ്ക്ക് ഗുണം ചെയ്യുമോ?

ഒ.ടി.ടി ഈയടുത്തകാലത്ത് പുതിയ പ്ലാറ്റ്ഫോമായി രംഗപ്രവേശനം ചെയ്ത സംഗതിയാണ്. വീട്ടിലിരുന്ന് സിനിമകാണാം, ഫോണിൽ സിനിമ കാണാം. അതൊരു ഡിസ്ട്രിബ്യൂഷൻ നെറ്റുവർക്കുമാണ്. നമ്മുടെ കണ്ടന്റിനെ ഡിസ്ട്ര്ബ്യൂട്ട് ചെയ്യാനുള്ള ടെലിവിഷൻ പോലെ, തിയേറ്റർ പോലെയുള്ള ഒരു നെറ്റുവർക്കാണ്.
സെൻസർഷിപ്പ് പോലുള്ള നിയന്ത്രണങ്ങൾ ഇല്ലാതെ തന്നെ സിനിമ പുറത്തിറക്കാവുന്ന വേദിയായിട്ടാണ് ഞാൻ അതിനെ കാണുന്നത്. അതുകൂടാതെ നമ്മുടെ സിനിമകൾ മേടിക്കാനുള്ള താൽപര്യം ഇവർ കാണിക്കുന്നതു കൊണ്ടുതന്നെ ഇൻഡസ്ട്രിയുടെ വളർച്ചയ്ക്ക് ഈ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ഗുണമായി വരും.
പക്ഷേ തിയേറ്ററുകൾ തിരിച്ചുവരില്ലയെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഒ.ടി.ടി ശക്തിപ്പെടുമായിരിക്കും. ഈ കോവിഡ് കാലത്ത് ലോക്ക്ഡൗണിന് തൊട്ടുമുമ്പുള്ള ഒരു കാലഘട്ടം പരിശോധിച്ചു കഴിഞ്ഞാൽ തിയേറ്ററുകളെല്ലാം തന്നെ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. തിയ്യേറ്ററുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയായിരുന്നു, കളക്ഷൻ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. അത് ബോക്സ്ഓഫീസ് നോക്കിയാൽ അറിയാൻ പറ്റുമല്ലോ. സിനിമാ തിയ്യേറ്ററുകൾ ഓഡിറ്റോറിയങ്ങളായി മാറ്റിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ നമ്മൾ വന്നതാണ്. അത് വീണ്ടും തിരിച്ച് ഫ്‌ളറിഷ് ചെയ്യാൻ പോകുന്ന സമയത്താണ് ലോക്ഡൗൺ വന്നത്. ഇതൊരു മെഡിക്കൽ ക്രൈസിസ് ആണ്. ഇതിനൊരു സൊല്യൂഷനുണ്ടാവുന്നതോടുകൂടി ആൾക്കാരുടെ ഉള്ളിൽ നിന്നും ഈ ഭയമൊക്കെ പോകും. ഈ മെഡിക്കൽ സൊല്യൂഷനുശേഷം പൂർവ്വാധികം ശക്തിയോടെ ഇത് തിരിച്ചുവരുമെന്നു തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം ഇത്ര ചെറിയ പൈസയ്ക്ക് ഇങ്ങനെയൊരു അനുഭവം വേറൊരു സ്ഥലത്തും കിട്ടില്ല, സിനിമയല്ലാതെ. സാധാരണക്കാരന്റെ ഏറ്റവും എക്കോണമിക് എന്റർടൈൻമെന്റാണ് സിനിമയെന്നു പറയുന്നത്. മറ്റെല്ലാത്തിനും വലിയ പൈസ കൊടുക്കണ്ടേ.

ആഷിഖ് ഇപ്പോൾ രണ്ട് സിനിമ അനൗൺസ് ചെയ്തു. പ്രൊഡ്യൂസ് ചെയ്യുന്ന ഒന്നും സംവിധാനം ചെയ്യുന്ന ഒന്നും. പുതിയ സിനിമകൾ തുടങ്ങേണ്ട എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞിരിക്കുന്നത്. ലിജോ ജോസ് പല്ലിശ്ശേരി പരസ്യമായി അതിനെതിരെ രംഗത്ത് വന്നു. സിനിമ ആരുടെതാണ്? സിനിമയെ എന്ത് ചെയ്യണമെന്നത് ആരുടെ തീരുമാനമാണ് ആവേണ്ടത്?

വളരെ കൺഫ്യൂസിങ് ആയിട്ടുള്ള ഏരിയയിലാണ് സത്യം പറഞ്ഞാൽ നമ്മുടെ ഇൻസ്ട്രി കിടക്കുന്നത്. സ്വതന്ത്ര സിനിമക്കാർക്കുപോലും സ്വതന്ത്രമായിട്ട് പ്രവർത്തിക്കാൻ പറ്റില്ല. കാരണം പഴയകാലത്തിന്റെ ഒരുപാട് പ്രശ്നങ്ങൾ ഇപ്പോഴും നമ്മുടെ ഈ സിസ്റ്റത്തിലുണ്ട്. ഞങ്ങളൊക്കെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മെമ്പേഴ്സാണ്. തീരാനുള്ള സിനിമകൾ കഴിയട്ടെ, അതിനുശേഷം പുതിയ സിനിമകൾ തുടങ്ങാമെന്നു പറയുമ്പോൾ, തീരാനുള്ള സിനിമകൾക്ക് എത്ര സമയമെടുക്കും, അതിന്റെ പ്രതിസന്ധികൾ വേറെ പലതുമായിരിക്കും. ചിലപ്പോൾ കോവിഡ് കാരണം ആയിരക്കില്ല നീണ്ടുപോയിരിക്കുക, സാമ്പത്തിക പ്രതിസന്ധികൊണ്ട് നിന്നുപോയ എത്രയോ സിനിമകളുണ്ട്. അതുപോലെ തന്നെ ഔട്ട്ഡോർ ഷൂട്ടിങ് പെർമിഷനില്ലാത്തതുകൊണ്ട് ചില സിനിമകൾ നിന്നുപോയിട്ടുണ്ട്. അപ്പോൾ വിവിധ കാരണങ്ങളാൽ പല സിനിമകളും നിന്നുപോയിട്ടുണ്ട്. മൂന്നാല് മാസം കടന്നുപോയി. ഇൻഡസ്ട്രി ഇപ്പോഴും ഓൺ ആയിട്ടില്ല. ഇപ്പോഴും ഇവർ പറയുന്നത് ഇത് തീർക്കട്ടെയെന്നാണ്. ഇത് തീർക്കണ്ട എന്നാരും പറഞ്ഞിട്ടില്ല. പുതിയ ആൾക്കാർക്ക് വർക്ക് ചെയ്യാൻ പറ്റില്ല, വർക്ക് ചെയ്യണ്ട എന്നു പറയുമ്പോൾ അവർ എന്തു ചെയ്യും. ഈ തൊഴിലാളികൾ എന്തു ചെയ്യും. അത് ഒട്ടും ലോജിക്കില്ലാത്ത കാര്യമായിട്ടാണ് എനിക്ക് വ്യക്തിപരമായിട്ട് തോന്നുന്നത്. ഞാനത് കാര്യമായിട്ട് എടുക്കുന്നില്ല.

ഇൻഡസ്ട്രി വർക്ക് ചെയ്യാതിരുന്ന ഈ മൂന്നാലുമാസം തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി എന്നവകാശപ്പെട്ട് നിലകൊള്ളുന്ന സംഘടന അവർക്കുവേണ്ടിയെന്തു ചെയ്തു എന്ന ചോദ്യം വരും. ഇതുകൊണ്ട് മാത്രം ജീവിക്കുന്ന വലിയ വിഭാഗത്തെ ഇത്രയും കാലം ഇവരെങ്ങനെയാണ് അഡ്രസ് ചെയ്തിട്ടുള്ളത്?

സിനിമ ഇൻസ്ട്രിയെ നമുക്ക് രണ്ട് വിഭാഗമായി തിരിക്കാം. ഒന്ന്, തൊഴിലാളികൾ. മറ്റൊന്ന് മുതലാളികൾ. ട്രേഡ് യൂണിയൻ നിയമപ്രകാരം രജിസ്റ്റർ ചെയ്തുകൊണ്ട് പ്രവർത്തിക്കുന്ന സംഘടനകളുണ്ട്. സംഘടനയിലുള്ള ആൾക്കാരൊക്കെ, ഞാൻ മനസിലാക്കിയെടുത്തോളം, ഫെഫ്കയുമൊക്കെ സഹായിക്കുന്നുണ്ട്. അവരെക്കൊണ്ട് പരമാവധി പറ്റുന്ന രീതിയിൽ. ഫെഫ്കയൊക്കെ തൊഴിലാളികളുടെ സംഘടനയാണ്. അവർക്ക് വളരെ ചെറിയ സാമ്പത്തിക സ്ഥിതിയേ ഉള്ളൂ. എങ്കിലും അവർ അവരെക്കൊണ്ട് പറ്റുന്ന രീതിയിലുള്ള സഹായം തൊഴിലാളികൾക്ക് ചെയ്യുന്നുണ്ട്. ഇപ്പുറത്തുള്ളത് പ്രൊഡ്യൂസേഴ്സിന്റെ സംഘമാണ്. തൊഴിലാളികൾ സംഘടിക്കുന്നതുപോലെ എന്തിനാണ് മുതലാളിമാരുടെ സംഘടനയെന്ന് തോന്നിയിട്ടുണ്ട്. അതിന്റെ ലോജിക്കിൽ എനിക്ക് പിടുത്തമില്ലായ്മയുണ്ട്. എല്ലാവരും ഇന്റിവിജ്വലിയാണ് സിനിമ ചെയ്യുന്നത്. വ്യക്തിപരമായിട്ടുള്ള റിസ്‌കുകളാണ് അവർ എടുക്കുന്നത്. അത് എങ്ങനെയാണ് സംഘടനയുടെ ചട്ടക്കൂടിലേക്ക് എത്തിയിരിക്കുന്നത്? എങ്ങനെയാണ് പ്രൊഡ്യൂസേഴ്സിന്റെ സംഘടനയ്ക്ക് ഇത്ര നിയന്ത്രണം കിട്ടുക? അതിന്റെയൊക്കെ ജനാധിപത്യം നമ്മൾ ഒന്ന് ആലോചിക്കേണ്ടിവരും. ഇതിനൊരു പാരലൽ സിസ്റ്റമില്ല. ഇതൊരു മോണോപ്പൊളിയാണ്. ഇതിലൂടെ മാത്രമേ സിനിമകൾ പുറത്തുവരാൻ പറ്റൂവെന്നുള്ള അവസ്ഥയാണ്. ഇത്തരം കാര്യങ്ങളൊക്കെ മാറണം. ഇതിനകത്തൊരു മൊണോപ്പൊളി, അല്ലെങ്കിൽ അഥോറിറ്റേറിയൻ, അല്ലെങ്കിൽ ഒട്ടും ഡെമോക്രാറ്റിക്കല്ലാത്ത സ്ഥലമാണത്. ഗവൺമെന്റിനിതിനൊരു സംവിധാനമുണ്ടാക്കണമെന്ന് വർഷങ്ങളായി ആളുകൾ ആവശ്യപ്പെടുന്നതാണ്. സ്വതന്ത്ര സിനിമക്കാരായ ആൾക്കാരുണ്ട്. ഇവരോട് വിയോജിപ്പുള്ള ആൾക്കാരുണ്ട്. അവരെല്ലാം തന്നെ ഈ മോണോപ്പൊളിയുള്ള വഴിയിലൂടെ തന്നെയാണ് പോകാൻ നിർബന്ധിതരാവുന്നത്. ഇതിന് സമാന്തരമായിട്ട് സംവിധാനമുണ്ടാക്കണമെങ്കിൽ അതിന് സർക്കാർ തന്നെ വിചാരിക്കണം. എനിക്കു തോന്നുന്നത് അതിന്റെയൊക്കെ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നാണ്. അതോടുകൂടി ഈ പ്രശ്നങ്ങൾക്ക് സമാധാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Comments