ദൽഹി കലാപം:
മനുഷ്യാവകാശ പ്രതിരോധകരെ
വേട്ടയാടുകതന്നെയാണ്
ദൽഹി കലാപം: മനുഷ്യാവകാശ പ്രതിരോധകരെ വേട്ടയാടുകതന്നെയാണ്
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റുകൊണ്ടും കേസുകള്‍ കെട്ടിച്ചമച്ചും മനുഷ്യാവകാശപ്രവര്‍ത്തകരുടെ കൂട്ടായ ഇടപെടലുകളെ തകര്‍ക്കാനുള്ള നീക്കം തുടരുകയാണ് ഭരണകൂടം. ഗുജറാത്ത് വംശഹത്യയിലും സിഖ് വിരുദ്ധ കലാപത്തിലും ആക്രമിക്കപ്പെട്ടവരുടെ നീതിക്കായി പ്രവര്‍ത്തിച്ച ഇത്തരം ഇടപെടലുകള്‍ അതുകൊണ്ടുതന്നെ, ദല്‍ഹി കലാപത്തിന്റെ കാര്യത്തില്‍ നിര്‍വീര്യമാക്കപ്പെടുന്നതായി ലേഖകന്‍. ദല്‍ഹി കലാപക്കേസില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, യോഗേന്ദ്ര യാദവ് തുടങ്ങിയവരെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തി വേട്ടയാടുന്ന ഡല്‍ഹി പൊലീസ് നീക്കത്തിന്റെ പാശ്ചാത്തലത്തില്‍ പ്രസക്തമായ ഒരു വിശകലനം
23 Jul 2020, 03:20 PM
പലപ്പോഴും വ്യവസ്ഥിതിയ്ക്ക് പുറത്തും അകത്തും നില്‍ക്കുന്ന വ്യക്തികളെ നീതിയെന്ന ലക്ഷ്യം ഒരുമിപ്പിക്കാറുണ്ട്. പൊതുവായ ഒരുകൂട്ടം തത്വങ്ങളും, പങ്കു വെയ്ക്കപ്പെടുന്ന മൂല്യങ്ങളും, നന്മയിലുള്ള ഉറച്ചുവിശ്വാസവും അങ്ങേയറ്റം വ്യത്യസ്തരായ വ്യക്തികളെ, നീതിതേടിപ്പോകുന്നവരുടെ അനൗപചാരിക കൂട്ടായ്മയെന്നപോലെ ഒരുമിച്ചുനിര്‍ത്താറുണ്ട്.
മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും എന്‍.ജി.ഒകളും മാധ്യമപ്രവര്‍ത്തകരും പൊലീസും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരും അടങ്ങിയ ഇത്തരം കൂട്ടായ്മകളാണ് ഗുജറാത്ത് വംശഹത്യയിലും 1984 സിഖ് വിരുദ്ധ കലാപങ്ങളിലും ഇരകളായവരുടെ നീതിയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചത്.
ഡൽഹി കലാപം എങ്ങനെ വ്യത്യസ്തമായി?
വ്യവസ്ഥിതിയുടെ അലംഭാവത്തിനും നിഷ്‌ക്രിയത്വത്തിനും ഭരണകൂടത്തിന്റെ പങ്കാളിത്തത്തിനുമെതിരെ അവര്‍ നിര്‍ബന്ധബുദ്ധിയോടെ അക്ഷീണമായി മുന്നോട്ടുനീങ്ങി. ഇവരുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഗുജറാത്ത് വംശഹത്യയുമായും 1984ലെ കലാപവുമായും ബന്ധപ്പെട്ട ചില കേസുകളികളില്‍, ഭാഗികമായെങ്കിലും നീതി ലഭിച്ചത്. അത്തരം കൂട്ടായ്മകളൊന്നും രൂപപ്പെടാത്തതുകൊണ്ടും, അത്തരം ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള ഐക്യങ്ങള്‍ അനുവദിക്കപ്പെടാത്തതുകൊണ്ടും, അടുത്തിടെ നടന്ന ദല്‍ഹി കലാപത്തിന്റെ കാര്യം മേല്‍പ്പറഞ്ഞ സംഭവങ്ങളില്‍ നിന്നും വ്യത്യസ്തമാണ്.

ദല്‍ഹി കലാപവുമായ ബന്ധപ്പെട്ട് അടുത്തിടെ, ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളില്‍പ്പെട്ട ചിലര്‍ക്കെതിരെ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ കലാപത്തിന് പ്രേരിപ്പിക്കുംവിധം സ്പര്‍ദ്ധവളര്‍ത്തുന്ന പ്രസംഗങ്ങള്‍ നടത്തിയ രാഷ്ട്രീയക്കാര്‍ക്കെതിരെ ഒരു കേസും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
ഇവര്‍ക്കെതിരെ നടപടയെടുക്കണമെന്നാവശ്യപ്പെട്ട് നീതിന്യായ വ്യവസ്ഥയില്‍ നിന്നോ പൊതുസമൂഹത്തിൽ നിന്നോ യാതൊരു സമ്മര്‍ദ്ദവുമുണ്ടായിട്ടില്ല. പൊലീസ് അന്വേഷണങ്ങള്‍ക്ക് കോടതി മേല്‍നോട്ടം വഹിക്കുന്ന തരത്തിലുള്ള ഇടപെടലോ അന്വേഷണ റിപ്പോര്‍ട്ടുകളുടെ രൂപത്തിലുള്ള ജേണലിസ്റ്റിക് ഇടപെടലോ ഉണ്ടായിട്ടില്ല.
മുന്‍ സംഭവങ്ങളില്‍ നടപടികളുണ്ടാവാന്‍ സമ്മര്‍ദ്ദശക്തിയായി പ്രവര്‍ത്തിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം നിശബ്ദരാക്കപ്പെട്ടു. പ്രകടമായും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന ഭരണകൂടം, ചിലരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. ജീവിതം മുഴുവന്‍ പൊതുനന്മയ്ക്കായി സമര്‍പ്പിച്ച, സാമൂഹ്യ ഐക്യത്തിനുവേണ്ടി എക്കാലത്തും നിലകൊണ്ടയാളായ ഹര്‍ഷ് മന്ദെറിനെതിരെ ദല്‍ഹി പൊലീസ് ഉന്നയിച്ച ആരോപണം വിദ്വേഷ പ്രസംഗം നടത്തിയെന്നതാണ്. ഈ ആരോപണം ഉന്നയിച്ച് അദ്ദേഹത്തിനെതിരെ ദല്‍ഹി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. മന്ദെറിനെതിരെ ഇതുവരെ അത്തരം ആരോപണങ്ങളൊന്നും ഉയര്‍ന്നില്ല എന്നിരിക്കെയാണ് അദ്ദേഹത്തെ- ഭരണകക്ഷിയിലെ ചില അംഗങ്ങളെയല്ല- ‘വിദ്വേഷ പ്രാസംഗികനാക്കി' യത്. സത്യത്തിനും നീതിയ്ക്കും മേലുള്ള ആക്രമണം ഇപ്പോള്‍ പൂര്‍ത്തിയായി എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
വര്‍ഗീയ സംഘര്‍ഷങ്ങളുടെ നീണ്ട, നാണംകെട്ട ചരിത്രമുണ്ട് ഇന്ത്യയ്ക്ക്. പടരുന്ന വിദ്വേഷത്തിനും ഇല്ലാതായിപ്പോകുന്ന നീതിബോധത്തിനും എതിരെയുള്ള ധാര്‍മ്മിക വെല്ലുവിളികള്‍ അടിച്ചമര്‍ത്തപ്പെട്ടുവെന്നതാണ് ദല്‍ഹി കലാപത്തിനുശേഷം കാണാന്‍ കഴിഞ്ഞത്.
അന്ന് സംഭവിച്ചത്
ഒരു അണ്ടര്‍കവര്‍ റിപ്പോര്‍ട്ടറെന്ന നിലയില്‍ 2002 ലെ ഗുജറാത്ത് കലാപങ്ങളുടെ ഗുഢാലോചനക്കാരുടെയും കലാപകാരികളുടെയും കൂട്ടത്തില്‍ ആറുമാസക്കാലം ചിലവഴിച്ച് അവര്‍ സ്വന്തം കുറ്റകൃത്യങ്ങളെക്കുറിച്ച് അഭിമാനംകൊളളുന്നത് ഞാന്‍ രഹസ്യമായി രേഖപ്പെടുത്തിയിരുന്നു. പിന്നീട് നാല് കേസുകളുടെ വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായി മൊഴിനല്‍കുകയും ചെയ്തിരുന്നു. ആരോപണവിധേയവരില്‍ പലരേയും കുറ്റക്കാരായി വിധിക്കുന്നതില്‍ എന്റെ സാക്ഷ്യം കാരണമായിട്ടുണ്ട്.
ഈ നടപടിക്രമങ്ങള്‍ക്കിടെ, പ്രതീക്ഷിച്ചതും അല്ലാത്തതുമായ കോണുകളില്‍ നിന്ന് എനിക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്വാഭാവികമായും കൂടെയുണ്ടായിരുന്നു. കൂടാതെ കുറ്റകൃത്യത്തില്‍
പങ്കാളിത്തമുള്ള പൊലീസ് സംവിധാനത്തിനുള്ളില്‍ നിന്നുതന്നെ ചില പൊലീസ് ഓഫീസര്‍മാരുടെ രൂപത്തിലും നിര്‍ണായക സഹായം ലഭിച്ചിട്ടുണ്ട്. ഒപ്പം പ്രതിഭാഗം അഭിഭാഷകരുടെ സമ്മര്‍ദ്ദത്തില്‍ നിന്നും എന്നെ സംരക്ഷിച്ച വിചാരണക്കോടതി ജഡ്ജി, അന്വേഷണ റിപ്പോര്‍ട്ടില്‍ എന്റെ ജേണലിസ്റ്റിക് പ്രവര്‍ത്തനത്തെ അംഗീകരിച്ച സുപ്രീം കോടതി രജിസ്ട്രാര്‍, സത്യത്തിന്റെ ശക്തിയില്‍ വിശ്വസിക്കുന്ന മാധ്യമപ്രവര്‍ത്തകരായ നിരവധി സഹപ്രവര്‍ത്തകർ..
2002ലെ ഗുജറാത്ത് വംശഹത്യ ഇരകള്‍ക്കുവേണ്ടി സ്വാഭാവികമായി ഐക്യപ്പെട്ട ‘നീതി തേടുന്നവരുടെ' കൂട്ടായ്മയുടെ ഭാഗമായിരുന്നു ഞാന്‍. മിഹിര്‍ ദേശായി, ടീസ്റ്റ സെതല്‍വാദ്, ഷബ്‌നം ഹശ്മി, അപര്‍ണ സെന്‍, സുഹൈല്‍ തിര്‍മിസി, മുകുള്‍ സിന്‍ഹ, സോംനാഥ് വാട്‌സ, രജനീഷ് റായ്, സതീഷ് വര്‍മ്മ, കുല്‍ദിപ് ശര്‍മ്മ, കാമിനി ജെയ്‌സ്‌വാള്‍ എന്നിവര്‍ ദീര്‍ഘകാലം പോരാടിയവരില്‍ ചിലരാണ്.

ഒരുതരത്തിലും അത് സുഗമമായ അല്ലെങ്കില്‍ ഐഡിയല്‍ എന്നു പറയാവുന്ന സഖ്യമായിരുന്നില്ല. അതില്‍ നിന്ന് ഒരുപാട് അകലെയായിരുന്നു താനും. അഭിപ്രായ വ്യത്യാസങ്ങള്‍, കോഡിനേഷന്റെ അഭാവം, വ്യക്തിത്വങ്ങള്‍ തമ്മിലുള്ള കലഹം ഈഗോ, അംഗീകാരവും പ്രശസ്തിയും നേടിയെടുക്കാന്‍ അല്ലെങ്കില്‍ ഹ്രസ്വകാല നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള മത്സരം എന്നിവകൊണ്ട് പിളര്‍ക്കപ്പെട്ട ഒന്നായിരുന്നു. എന്നിരിക്കിലും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.
ഗുജറാത്ത് വാർത്തകൾക്കുശേഷം നടന്നത്
മാധ്യമങ്ങളുടെ ഒന്നാം പേജില്‍ നിന്ന് ഗുജറാത്ത് കലാപങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പിന്‍വാങ്ങാന്‍ തുടങ്ങിയതിനുശേഷമുള്ള മാസങ്ങളില്‍ സംഭവിച്ചത് ഇതാണ്: മൊഴികള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ആരോപണ വിധേയര്‍ ഇരകളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കൂറുമാറാനും ഒത്തുതീര്‍പ്പിലെത്താനും ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഇരകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ചിലര്‍ക്ക് പണം വാഗ്ദാനം ചെയ്തു, വീടു നിര്‍മ്മിച്ചു നല്‍കാം അല്ലെങ്കില്‍ പുതിയ ബിസിനസ് തുടങ്ങാം എന്നൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ചു, അടിച്ചോടിക്കപ്പെട്ട ഇടങ്ങളിലേക്ക് തിരിച്ചെത്തിച്ച് ആ അവിടെ ജീവിക്കാന്‍ നിങ്ങളെ അനുവദിക്കാമെന്നും ചില ഘട്ടത്തില്‍ വാഗ്ദാനം നല്‍കിയിരുന്നു.
പൊലീസ് ഒന്നിനുപിറകേ ഒന്നായി കേസുകളില്‍ തെളിവുകള്‍ ദുര്‍ബലമാക്കാന്‍ തുടങ്ങി. ഒന്നുകില്‍ കേസ് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടു നല്‍കിക്കൊണ്ട് അല്ലെങ്കില്‍ സാക്ഷിമൊഴി രേഖപ്പെടുത്താതെ, അല്ലെങ്കില്‍ കുറ്റകൃത്യം രേഖപ്പെടുത്താതെ. പൊലീസ് അന്വേഷണം അയഞ്ഞതോടെ കോടതി നടപടികളും വൈകി. ആരോപണ വിധേയരില്‍ പലര്‍ക്കും ജാമ്യം ലഭിച്ചു.
എന്നാല്‍ കുറച്ച് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ചേര്‍ന്ന്, നിര്‍ണായകമായ തെളിവുകള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും സാക്ഷിമൊഴികള്‍ സത്യവാങ്മൂലങ്ങളില്‍ ചേര്‍ക്കപ്പെട്ടെന്നും വസ്തുതകള്‍ രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും ഉറപ്പുവരുത്തി.

കലാപത്തെ അതിജീവിച്ചവര്‍ക്ക് നിയമപരമായുള്ള സഹായവും മറ്റ് സഹായങ്ങളും അവര്‍ നല്‍കി. അവര്‍ക്കുവേണ്ടി കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചു, അന്വേഷണം ശരിയായ വഴിയിലല്ല നീങ്ങുന്നതെന്ന് തോന്നിയപ്പോഴെല്ലാം മേല്‍ക്കോടതികളെ സമീപിച്ചു, ദൃക്‌സാക്ഷികള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തി, ഭീഷണികളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും അവരെ സംരക്ഷിച്ചു, ഇരകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരുടെ പ്രതിഫലം നല്‍കി, ആരോപണ വിധേയരെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ ഭരണകൂടം കാണിക്കുന്ന താല്‍പര്യമില്ലായ്മയും അശ്രദ്ധയും ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി ഇടപെടലുകള്‍ നടത്തി.
എല്ലാ വെളിച്ചവും അണഞ്ഞതുപോലെ
പൊതുസമൂഹത്തിന്റെ പ്രേരണയാല്‍ ചില അവസരങ്ങളില്‍ മേല്‍ക്കോടതികള്‍ ഇടപെട്ടു, അന്വേഷണം അവസാനിപ്പിച്ച കേസുകള്‍ വീണ്ടും ആരംഭിച്ചു, കേസുകള്‍ ഗുജറാത്തിനു പുറത്തേക്ക് മാറ്റി, പ്രത്യേക അന്വേഷണ സംഘം രൂപീകൃതമായി, അന്വേഷണ പുരോഗതി കൃത്യമായി വിലയിരുത്തി, ഇരകള്‍ക്ക് ദുരിതാശ്വാസം നല്‍കുന്നതില്‍ വീഴ്ച കാണിച്ച ഭരണകൂടത്തെ കുറ്റപ്പെടുത്തി, ഭരണനേതൃത്വത്തിലിരിക്കുന്നവരുടെ ഇടപെടലിനെക്കുറിച്ച് വിമര്‍ശനാത്മകമായ പരാമര്‍ശങ്ങള്‍ നടത്തി.
ടെലിവിഷന്‍ പ്രവര്‍ത്തകരെല്ലാം പാക്ക് ചെയ്ത് തിരിച്ച്പോയിട്ടും, വായില്‍തോന്നിയതെല്ലാം പ്രസംഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തകര്‍ സ്ഥലം വിട്ടിട്ടും അവിടെ പത്തുവര്‍ഷത്തോളം തുടര്‍ന്നത് ഈ എന്‍.ജി.ഒകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും കൂട്ടായ്മയാണ്. അവരുടെ നിരന്തരമായ ശ്രമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ആരോപണ വിധേയരെല്ലാം തന്നെ പുഷ്പംപോലെ പുറത്തിറങ്ങിയേനെ.
പക്ഷേ അതിന് വലിയ വിലകൊടുക്കേണ്ടി വന്നു. സ്ഥാപിത താല്‍പര്യക്കാരുടെ അപവാദപ്രചരണങ്ങള്‍ക്കും സമ്മര്‍ദ്ദത്തിനും പുറമേ പല മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയും കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അവര്‍ക്കെതിരെ അഴിമതിക്കേസുകള്‍ ചുമത്തി, വിദേശ ഏജന്‍സികളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ക്കൊപ്പം അവരുടെ ഫണ്ടിങ്ങിന്റെ ഉറവിടവും ചോദ്യം ചെയ്യപ്പെട്ടു. ഇതുകൊണ്ടൊന്നും നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ തളര്‍ത്താനായില്ല.
പക്ഷെ ഇന്ന്, എല്ലാ വെളിച്ചവും അണഞ്ഞതുപോലെയാണ് തോന്നുന്നത്. സത്യത്തിന്റെയും നീതിയുടെയും ആശാകിരണം കെടുത്തിക്കളഞ്ഞിരിക്കുന്നു.
പരിഭാഷ: ജിൻസി ബാലകൃഷ്ണൻ
ആഷിഷ് ഖേതൻ: കോർപറേറ്റ് അഭിഭാഷകൻ, അഡിമിനിസ്ട്രേറ്റർ, പബ്ലിക് പോളിസി എക്സ്പെർട്ട്. ഗുജറാത്ത് വംശഹത്യയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ തെഹല്‍കയ്ക്കുവേണ്ടി അണ്ടര്‍കവര്‍ റിപ്പോര്‍ട്ടിങ്ങിലൂടെ പുറത്തുകൊണ്ടുവന്നു.
ദൽഹി സർക്കാറിന്റെ ഡയലോഗ് ആൻറ് ഡവലപ്മെൻറ് കമീഷൻ ചെയർപേഴ്സണായിരുന്നു.
എൻ.ഇ. സുധീർ
23 Jul 2020, 07:22 PM
ഈ അവസ്ഥയെ ഒർമ്മപ്പെടുത്താൻ പോലും ഇന്ത്യയിൽ ഇപ്പോൾ ആളില്ലാതായി. എത്ര പെട്ടന്നാണ് നമ്മളിങ്ങനെയായി മാറിയത് ? നമ്മുടെ ജനാധിപത്യം തിരഞ്ഞെടുപ്പ് എന്ന പ്രക്രിയയായി ചുരുങ്ങുകയാണ്. കൊറോണ ഇന്ത്യയിലെ ജനാധിപത്യത്തെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ആഷിഷ് ഖേതന് നന്ദി. ഇത്രയെങ്കിലും എഴുതിയല്ലോ.
ഡോ. സ്മിത പി. കുമാര്‍
Jan 25, 2021
8 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
കെ.എം. സീതി
Jan 01, 2021
10 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
unknown
27 Jul 2020, 09:53 PM
നമ്മളിനി എന്ത് ചെയ്യും