കൊന്ത, കബറ് , സുറുമ എജ്ജാതി ഭാഷകളാണ്...

സംസ്‌കാരത്തിന്റെ ഏകവിളത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കാൻ ആഗോളതലത്തിൽ തന്നെ ആധിപത്യശക്തികളുടെ ശ്രമം നടക്കുകയാണ്. കോളനിഭരണത്തിൽ തുടങ്ങി വെച്ച സാമ്പത്തികമായ ആഗോളീകരണ പ്രകിയയുടെ പ്രതിഫലനവും തുടർച്ചയുമാണ് യഥാർത്ഥത്തിൽ ജൈവ-സാംസ്‌കാരിക-ഭാഷാ വൈവിധ്യങ്ങളുടെയും ഭാഷയ്ക്കുള്ളിലെ പദവൈവിധ്യത്തിന്റെയും അപക്ഷയമെന്ന് വാദിക്കുകയാണ് ലേഖകൻ

ചോദ്യം ഒന്ന്: ഏതു നാട്ടിലാണ് ഏറ്റവും കൂടുതൽ ഭാഷകൾ?
ചോദ്യം രണ്ട്: ഏതു നാട്ടിലാണ് ഏറ്റവും കൂടുതൽ സംസ്‌കാരങ്ങൾ?
ചോദ്യം മൂന്ന്: ഏതു നാട്ടിലാണ് ഏറ്റവും കൂടുതൽ ജീവജാതികൾ?
മൂന്നിനും കൂടി ഒരൊറ്റ ഉത്തരം: പാപ്പുവ ന്യൂ ഗിനിയ.
ഭൂപടത്തിൽ ആസ്‌ട്രേലിയയുടെ മുകളിൽ കാണുന്ന ദ്വീപിലാണ് ഈ രാജ്യം. പലതരം ഭാഷകൾ, സംസ്‌കാരങ്ങൾ, ജീവജാലങ്ങൾ എന്നിവ ഏറ്റവും കൂടുതൽ കാണുന്ന ഈ അത്ഭുതദ്വീപിലേക്ക് ഭാഷാഗവേഷകരും സംസ്‌കാരങ്ങളെ പഠിക്കുന്നവരും ജീവശാസ്ത്രജ്ഞരും ഒരേപോലെ, അറിവിന്റെ തീർത്ഥാടകരായി എത്തുന്നു. അവർ മൂന്നു കൂട്ടരും ഒത്തുചേരുന്ന ഭൂമിയാണ് പാപ്പുവ ന്യൂ ഗിനിയ. മാത്രമല്ല ഭാഷാശാസ്ത്രവും നരവംശശാസ്ത്രവും ജീവശാസ്ത്രവും തോളോടുതോൾ ചേർന്ന് ആശയങ്ങൾ കൈമാറി അറിവിന്റെ അതിർത്തികളെ ഇവിടെ എടുത്തു മാറ്റുന്നു.

എന്തുകൊണ്ടാണ് പല ഭാഷകളും പല സംസ്‌കാരമുള്ള മനുഷ്യരും പലവിധ ജീവികളും ഒരേപോലെ ഒന്നിച്ച് ഒരു സ്ഥലത്ത് ഏറ്റവും കൂടുതൽ കാണുന്നത്?
എവിടെ ജീവജാതികൾ കൂടുതലുണ്ടോ അവിടെ അതേപോലെ പല ജാതി മനുഷ്യരുണ്ടാകും. എവിടെ പല സംസ്‌കാരങ്ങളുള്ള മനുഷ്യരുണ്ടോ അവിടെ അത്രതന്നെ ഭാഷകളും കാണുന്നു. സസ്യങ്ങളും ജന്തുക്കളും കൂടുതലുണ്ടാകുമ്പോൾ ഓരോ ജനവിഭാഗങ്ങൾക്ക് അവയെ ഉപജീവിച്ച് മറ്റു മനുഷ്യരെ അധികം ആശ്രയിക്കാതെ ജീവിക്കാമല്ലോ. അപ്പോൾ അവരുടേതായ പ്രത്യേക സംസ്‌കാരം രൂപം കൊള്ളുന്നു എന്നു പറയാം. അതോടൊപ്പം ഭാഷയും രൂപം കൊള്ളുന്നു. അതായത്, ജൈവവൈവിധ്യമാണ് മറ്റെല്ലാ വൈവിധ്യങ്ങൾക്കും ജീവവായു നൽകുന്നത്.
80 ലക്ഷത്തിലധികം ജനങ്ങളുള്ള പാപ്പുവ ന്യൂഗിനിയയിൽ 851 ഭാഷകളുണ്ട്. ഇതേപോലെ ജൈവവൈവിധ്യമുള്ള, തെക്കേ അമേരിക്കയിലെ മെക്‌സികോയിലെ അക്‌സാക്ക സംസ്ഥാനത്ത് (പോർച്ചുഗലിനെക്കാൾ ചെറുതാണ് ഈ സ്ഥലം) യൂറോപ്പിൽ ആകെയുള്ളതിനേക്കാൾ കൂടുതൽ ഭാഷകളുണ്ട്.

പപ്പുവാന്യൂഗിനിയയിലെ ഒരു ഗോത്രാഘോഷം / Photo: Pixabay.com

ഭൂമധ്യരേഖയോട് ചേർന്നു കിടക്കുന്ന രാജ്യങ്ങളിലാണ്, നല്ല മഴയും നല്ല വെയിലും കിട്ടുന്ന സ്ഥലങ്ങളിലാണ് സസ്യജന്തുവൈവിധ്യം ഏറ്റവും കൂടുതൽ. ഭൂമധ്യരേഖയിൽനിന്ന് അകലുന്തോറും, തണുപ്പ് കൂടി വരുന്തോറും ജൈവവൈവിധ്യവും കുറയും. അതനുസരിച്ച് സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യവും കുറയുന്നു. യൂറോപ്പ് അത്ര വലുതായിരുന്നിട്ടും അവിടത്തേക്കാൾ ഭാഷകൾ മേൽപ്പറഞ്ഞ കൊച്ചുസ്ഥലങ്ങളിൽ കാണുന്നത് ഇക്കാരണത്താലാണ്.
ചുറ്റുപാടുകളെ ആശ്രയിച്ച്, പാപ്പുവ ന്യൂഗിനിയയിലെ പല ഗോത്രങ്ങൾ സ്വയം പര്യാപ്തരായി കഴിയുന്നതു പോലെ, (87 % ജനങ്ങളും നാട്ടുവാസികളാണ് ഇവിടെ) വിഭവങ്ങൾക്ക് വൈവിധ്യം കുറഞ്ഞ നാടുകളിലെ ജനങ്ങൾക്ക് ജീവിതം സാധിക്കാത്തതുകൊണ്ടാകാം യൂറോപ്പ് പാപ്പുവ ന്യൂഗിനിയയും, മാത്രമല്ല വൻകരകളൊയൊക്കെയും ആക്രമിച്ച് കോളനികളാക്കി വീതം വെച്ചെടുത്തത്. അധിനിവേശത്തിന്റെ പുറംലോകം വളരെ വൈകിയാണ് പാപ്പുവ ന്യൂഗിനിയ ദ്വീപ് കണ്ടെത്തിയത് (1884ലാണ് ജർമനി ഇവിടെ ആധിപത്യം സ്ഥാപിക്കുന്നത്). അതുകൊണ്ടാണ് ഇപ്പോഴും മറ്റു സ്ഥലങ്ങളേക്കാൾ കൂടുതൽ ജൈവ- സംസ്‌കാര - ഭാഷാ വൈവിധ്യം അധികം പോറലേൽക്കാതെ നിലനിന്നത്. ഇവ മൂന്നും തമ്മിലുള്ള പൊക്കിൾക്കൊടി കെട്ടുപാടും ഓരോന്നും നിലനിർത്തേണ്ടതിന്റെ അത്യാവശ്യവും, എങ്ങനെയാണിവ സംരക്ഷിക്കാൻ സാധിക്കുക എന്നും, ലോകത്തിനെയാകെ ബോധ്യപ്പെടുത്താൻ, അതുകൊണ്ടുതന്നെ, ഭാഗ്യത്തിന് ഗവേഷകർക്ക്, തെളിവ് സഹിതം അവസരം കിട്ടുകയും ചെയ്തു.

എന്തിനാണ് പല ഭാഷകൾ?

വനനശീകരണം, കാലാവസ്ഥാമാറ്റം മുതലായ പരിസ്ഥിതി തകർച്ചകൾ മനുഷ്യരെ ഏതെല്ലാം വിധത്തിൽ ബാധിക്കുന്നുവെന്ന് ഇന്ന് ആരോടും പറയേണ്ടതില്ല. ആവാസവ്യവസ്ഥ നഷ്ടപ്പെടുന്ന ജീവികൾ പുറത്തുവന്ന് അണുസംക്രമണം വഴി മനുഷ്യരിലേക്ക് മാരകരോഗങ്ങൾ പടർത്തുന്നതിന്റെ അത്യപായങ്ങളിലേക്കുവരെ ലോകം എത്തിയിരിക്കുന്നു. ഇത്തരം രോഗങ്ങളെ തടയാനും മാറ്റാനും ഔഷധക്കൂട്ടുകൾ ഒളിഞ്ഞിരിക്കുന്ന ജൈവവൈവിധ്യം തന്നെയാണ് ശരണം. നമ്മുടെ ഭക്ഷണത്തിലെ വൈവിധ്യം നിലനിർത്തിയാലേ ആരോഗ്യം സാധ്യമാകൂ എന്നും ബോധ്യമായിട്ടുണ്ട്. എന്നാൽ സാംസ്‌കാരിക വൈവിധ്യത്തിന്റെ പ്രസക്തിയെന്താണ്? എന്തിനാണ് പലതരം സംസ്‌ക്കാരങ്ങൾ? മനുഷ്യർക്കെല്ലാം ഒറ്റ സംസ്‌ക്കാരം പോരേ? എന്തിനാണ് പല ഭാഷകൾ? ഒറ്റ ഭാഷയാണ് ലോകത്തെങ്കിൽ ലോകം ഇതിനേക്കാൾ കെട്ടുറപ്പുള്ളതാകില്ലേ?
സംസ്‌കാരങ്ങളെയും ഭാഷകളെയും ഒന്നാംതരം, രണ്ടാംതരം, മൂന്നാംതരം, തിരിവ്, വെയ്സ്റ്റ് എന്നിങ്ങനെ പട്ടികപ്പെടുത്തുമ്പോഴാണ് ഒന്നാന്തരക്കാർ മാത്രം മതി ലോകമാകെ എന്നു തോന്നുന്നത്. ഇങ്ങനെ മനുഷ്യ സംസ്‌കാരങ്ങളെ ഗ്രേഡിംഗ് നടത്തുന്നതിന്റെ അശാസ്ത്രീയത അതിമനോഹരമായും തികച്ചും ശാസ്ത്രീയമായും ‘ദുരവസ്ഥ' എന്ന കാവ്യത്തിൽ കുമാരനാശാൻ എഴുതിയത് നോക്കുക,
‘ഉദ്യാനപാലകരേ ഭവാന്മാരുണർ -
ന്നുദ്യമിപ്പിൻ പുഷ്പകാലമായി.
ഉച്ചാവചങ്ങളാമോമൽ സുമങ്ങളാൽ
മെച്ചമേറീടുമീയാരാമത്തിൽ
ദേവൻ വനമാലിക്കാനന്ദമേകാത്ത
പൂവൊന്നുമില്ലെന്നതോർത്തുകൊൾവിൻ .
എല്ലാ സുമവുമവന്റെ യിച്ഛയ്‌ക്കൊത്തു
മെല്ലെ വളർന്നു തൻ പൂർണ്ണതയിൽ
ചെല്ലാനുഴറുകയാണഗ്ഗതിയാരും
തല്ലി നിർത്താതെ സൂക്ഷിച്ചുകൊൾവിൻ
...........................................................................
എല്ലാം വിടർന്നു പരിമളം തൂവട്ടേ -
യെല്ലാം ചിതറട്ടേ വർണ്ണശോഭ.
.........................................................
തമ്മിൽ കലർന്നാൽ ഗുണമേറും പൂക്കളെ
സമ്മേളിപ്പിപ്പിൻ സരസമായി.'

ലോകം സൂര്യകാന്തിപ്പാടം പോലെ എവിടെയും മഞ്ഞയും പച്ചയും മാത്രമാണെങ്കിൽ എത്ര വിരൂപവും വിരസവുമായിരുന്നേനെ. നിലനിൽപ്പിന്റെ വേരുപടലങ്ങൾ വെള്ളവും ലവണങ്ങളും വലിച്ചെടുക്കുന്നത് എണ്ണമറ്റ പലമയിൽ നിന്നല്ലേ? പിന്നെന്തുകൊണ്ടാണ് ഉദ്യാനപാലകർ എന്ന് ആശാൻ വിളിക്കുന്ന സമൂഹനേതാക്കൾ, ചില സംസ്‌കാരങ്ങൾ അത്യുത്തമമാണെന്നും പറഞ്ഞ് അതുമാത്രം ലോകമെങ്ങും മതി, ബാക്കിയൊക്കെ പിഴുതു നശിപ്പിക്കണം എന്നും വാശി പിടിക്കുന്നത്? തോട്ടക്കാരന് സൗകര്യം ഏകവിളത്തോട്ടങ്ങളാണ്. ഒറ്റ സമയത്ത് വിതച്ചും ഒരേ പോലെ വളം ചെയ്തും ഒറ്റയടിക്ക് വിളവെടുത്തും അയാൾക്ക് പണി എളുപ്പവും ലാഭമുള്ളതുമാക്കാം.

കുമാരനാശാൻ

മനുഷ്യരെ മാർക്കറ്റിലേക്കുള്ള ചരക്കുകളെ പോലെ കാണുമ്പോൾ അവരിലെ വൈവിധ്യങ്ങൾ മേന്മകളായിട്ടല്ല, മെനക്കേടുകളായിട്ടാണ് തോന്നുക. തന്നെയുമല്ല ഈ പലമകൾ അയാൾക്കൊരു പൊല്ലാപ്പായതിനാൽ, അവയെ തമ്മിൽ തല്ലുന്ന വൈരുധ്യങ്ങളായി തോന്നും; ഒന്ന് മറ്റൊന്നിന്റെ വളർച്ചക്ക് തടസ്സമായി തോന്നും. ഇതേപ്പറ്റി ആശാൻ തന്നെ പറഞ്ഞത് ‘നെല്ലിൻ ചുവട്ടിൽ മുളയ്ക്കും കാട്ടുപുല്ലല്ല സാധു പുലയൻ' എന്നാണല്ലോ! നെല്ലു പോലെ, മനുഷ്യരെ പറക്കണക്കിന് കൂമ്പാരം കൂട്ടാനും പത്തായത്തിലിടാനുമുള്ള ധനമായി കാണുമ്പോൾ, പുലയനും പറയനുമൊക്കെ വെറുതേ വളം വലിച്ചെടുത്തു വിളവ് കുറയ്ക്കുന്ന കളകളായ് പിഴുതുമാറ്റപ്പെടുന്നു എന്നാണ് ആശാൻ പറഞ്ഞത്.
നേരേമറിച്ച്, മനുഷ്യസമൂഹത്തിലെ പലജാതി സംസ്‌കാരങ്ങളെ ഒരു പൂന്തോട്ടമായിട്ടാണ് കാണേണ്ടത്. അത് എണ്ണയെടുക്കാനോ ചൂടാനോ ചാർത്താനോ വേണ്ടി വളർത്തുന്ന പൂക്കൃഷിത്തോട്ടമല്ല. അവിടെ നിന്ന് ഒരു പൂവിതൾ പോലും പൊട്ടിക്കാൻ അനുവാദമില്ല. ഓരോന്നും അതിന്റെ ഇച്ഛയ്‌ക്കൊത്ത് മെല്ലെ വളർന്ന് അതാതിന്റെ പൂർണ്ണതയിലേക്കു ചെന്ന് ഒന്നിനൊന്നു മെച്ചമായ് വളർന്ന് വിടർന്നു പരിമളം വീശട്ടെ; എല്ലാം വർണ്ണശോഭ ചിതറട്ടെ, ഈ ആനന്ദം മാത്രമാണ് സൃഷ്ടിയുടെ പ്രതിഫലം.

ജീവന്റെ തികവുറ്റ പരിപാലനത്തിന് ജൈവവൈവിധ്യം എത്ര പ്രസക്തമാണോ അതുപോലെയാണ് മനുഷ്യലോകത്ത് സംസ്‌കാരങ്ങളുടെ സ്ഥാനവും. ജാതി, മതം, ദേശം, ഭാഷ, വംശം, ലിംഗം, തൊഴിൽ എന്നിവ വഴിയൊക്കെ രൂപപ്പെടുന്ന സാംസ്‌കാരിക വൈവിധ്യങ്ങളെ ഓരോ പൂക്കളായി കാണാൻ കഴിഞ്ഞാലേ ലോകം, ആശാൻ പറഞ്ഞതു പോലെ, നന്ദനോദ്യാനമായി മാറൂ. ആഗോള മനുഷ്യാവകാശത്തിന് എതിരു നിൽക്കാത്ത സാംസ്‌ക്കാരിക വൈവിധ്യങ്ങൾ മനുഷ്യരാശിയുടെ സമ്പന്നമായ പൈതൃകമാണെന്നും അവയെല്ലാം നിലനിന്നാലേ പലമാതിരി അറിവും അനുഭവങ്ങളും കാഴ്ചകളും തമ്മിൽ ചേർന്ന് എല്ലാവരുടെയും ലോകം ‘ഇമ്മിണി ബല്യ ഒന്നായി' മാറൂ എന്നും ഇപ്പോൾ ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ യുനെസ്‌ക്കോ തന്നെ ലോകസമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.

പാപ്പുവ ന്യൂ ഗിനിയയിലെ പോലെ, ഇന്ത്യയിൽ അരുണാചൽ പ്രദേശും സാംസ്‌കാരിക വൈവിധ്യം കൊണ്ട് ശ്രദ്ധേയമാണ്. 26 ഗോത്രവിഭാഗങ്ങളും അഞ്ചുതരം ആവാസവ്യവസ്ഥകളും അരുണാചലിൽ ഉണ്ട്. ആദിവാസി ശാസ്ത്രങ്ങളെപ്പറ്റി അവിടെ നടത്തിയ ഒരു ശിൽപശാലയുടെ വിവരണം 'കറന്റ് സയൻസ്' മാസിക കൊടുത്തിരുന്നു. നിരക്ഷരമെങ്കിലും ഗോത്ര സംസ്‌കാരങ്ങളുടെ കാർഷിക-ഔഷധവിജ്ഞാനം അതിശയിപ്പിക്കുന്നതും പ്രകൃതിസൗഹൃദമായ ഭാവി കരുപ്പിടിപ്പിക്കാൻ ലോകത്തിനാകെ ഉതകുന്നതുമാണെന്ന് അതിൽ പറയുന്നു. എത്‌നോ ബയോളജിസ്റ്റായ ടി. രവി ശങ്കർ ഓർമ്മിപ്പിക്കുന്നു; ‘സാംസ്‌കാരിക പലമകളെയും അതോടൊപ്പമുള്ള പ്രകൃതിജ്ഞാനത്തെയും തഴഞ്ഞാൽ നമ്മുടെയൊക്കെ നിലനിൽപിന്റെ അടിക്കല്ലായ ജൈവവൈവിധ്യരക്ഷയും സാധ്യമല്ല തന്നെ.'

സംസ്‌കാരത്തിന്റെ കറൻസി

മനുഷ്യർ സാംസ്‌കാരികമായ മൂലധനം സൃഷ്ടിക്കുന്നതും സമാഹരിക്കുന്നതും കാത്തുവെയ്ക്കുന്നതും പകർന്നു കൊടുക്കുന്നതും ഭാഷയിലൂടെയായതിനാൽ ജൈവവൈവിധ്യവും സംസ്‌കാരവും ക്ഷയിക്കാതിരിക്കണമെങ്കിൽ ഭാഷകളും ഊർജ്ജസ്വലതയോടെ നിൽക്കേണ്ടതുണ്ട്. ഒരൊറ്റ സംസ്‌ക്കാരം മതി മനുഷ്യകുലത്തിനാകെ എന്നു കരുതുന്നതുപോല, ലോക മാധ്യമ മുതലാളിയായ റുപെർട്ട് മർഡോക് ഒരു റേഡിയോ പ്രസംഗത്തിൽ പറയുകയുണ്ടായി, ലോകത്താകെ ഒരൊറ്റ ഭാഷയേ പാടുള്ളുവെന്ന്.

റുപെർട്ട് മർഡോക്

ഒന്നോ വിരലിലെണ്ണാവുന്നതോ ഭാഷകൾ മാത്രമുള്ളതായി ലോകം മാറുമ്പോൾ വരുന്ന അപകടവും അബദ്ധവും അങ്കലാപ്പും നഷ്ടവും എത്രത്തോളമെന്ന് ഭാഷാവൈവിധ്യ സംരക്ഷണ ശാസ്ത്രജ്ഞനായ ഡേവിഡ് ക്രിസ്റ്റൽ പറയുന്നുണ്ട്: ‘മനുഷ്യ നിലനിൽപിനും പ്രകൃതിയുടെ രക്ഷക്കും ഭാഷയാണ് കാവൽ. ചൊല്ലുകൾ, ശൈലികൾ, മിത്തുകൾ, കഥകൾ, നാട്ടുപാട്ടുകൾ എന്നീ പണിയായുധങ്ങളുടെ രൂപത്തിലാണ് ഓരോ സംസ്‌ക്കാരവും അതിന്റെ അനുഭവ ബോധ്യങ്ങളെ തല്ലിപ്പഴുപ്പിച്ച് പാകമാക്കി വെച്ചിരിക്കുന്നത്.'
ആർ.ഇ. ജോഹന്നാസ് എന്ന സമുദ്ര ജീവശാസ്ത്രജ്ഞൻ, പലൗ - അൻ വിഭാഗത്തിൽപ്പെട്ട ഒരു മുക്കുവന്റെ മത്സ്യവിജ്ഞാനത്തെപ്പറ്റി പറയുന്നത്, ആധുനിക ശാസ്ത്രത്തിന് അറിയാതിരുന്ന മുന്നൂറുതരം മീനുകളെ പറ്റി ആ മുക്കുവൻ അറിവു നൽകിയെന്നാണ്. ധ്രുവപ്രദേശങ്ങളിലെ കാലാവസ്ഥാമാറ്റത്തെപ്പറ്റി ഇപ്പോഴും ശാസ്ത്രസമൂഹം പഠിക്കുന്നത് ധ്രുവമനുഷ്യരായ ഇന്യൂട്ടു(Inuit) കളിൽ നിന്നാണ്. അതുകൊണ്ട് ഒരു ഭാഷയെന്നത് അതിജീവനത്തിന്റെ പുതിയൊരു വാതിലത്രേ.
ഭാഷയാൽ കണ്ണിചേർക്കപ്പെട്ട ആവാസവ്യവസ്ഥയാണ് സംസ്‌കാരം എന്നു പറയാം. അതുകൊണ്ട് സാംസ്‌ക്കാരികമായ വിജ്ഞാനവിനോദങ്ങൾ നിലനിർത്തണമെങ്കിൽ ഭാഷകൾ സംരക്ഷിക്കപ്പെടുകയും പരിപോഷിപ്പിക്കുകയും വേണം. കൊളംബസ് അമേരിക്കയിൽ എത്തിയ കാലത്ത് (1492) അവിടെ 300 ഭാഷകൾ ഉണ്ടായിരുന്നത്, ഇന്ന് 175 ആയി കുറത്തിരിക്കുന്നു. 1970 ൽ തായ്‌ലന്റ്, ജലവൈദ്യുതപദ്ധതിക്കായി ക്വായ് നദിക്കു സമീപമുള്ള ഉഗോങ് ഗോ നാട്ടുകാരെ കുടിയൊഴിപ്പിച്ച് പല സ്ഥലങ്ങളിലായി മാറ്റിയപ്പോൾ അവരുടെ ഭാഷ തന്നെ ചിതറിത്തെറിച്ചു. ഇപ്പോൾ ലോകത്തുള്ള 6000 ത്തോളം ഭാഷകളിൽ പലതും മരണശയ്യയിലാണ്. രണ്ടാഴ്ചയിലൊരിക്കൽ ഒരു ഭാഷ വീതം വംശനാശത്തിലാകുന്നുവെന്ന് ഗവേഷകർ പറയുന്നു. എന്നാൽ 19-ാം നൂറ്റാണ്ടോടെ ആരും സംസാരിക്കാനില്ലാതെ മരിച്ചുകിടന്ന ഹീബ്രൂ ഭാഷയെ പുതുജീവൻ നല്കി 50 ലക്ഷം ജനങ്ങൾ സംസാരിക്കുന്നതാക്കി മാറ്റിയെന്നതു കൂടാതെ ഹീബ്രു ഇസ്രായേലിന്റെ ഔദ്യോഗിക ഭാഷയാവുകയും ചെയ്തു. അതേ പോലെ ഇംഗ്ലീഷ് കടന്നുകയറ്റത്താൽ സ്വന്തം ഭാഷ കൈമോശം വരുന്നു എന്ന വേവലാതി വന്നപ്പോൾ ഫ്രഞ്ചുകാർ അവരുടെ നാട്ടിലെ റേഡിയോ പാട്ടുകളിൽ 40% ഫ്രഞ്ച് ഭാഷയിൽ ഉള്ളതാകണമെന്നും നിയമം കൊണ്ടുവന്നു.

വാക്കുകളുടെ വംശനാശം

നിലനിൽക്കുന്നുണ്ടെങ്കിലും, സ്വന്തം ഭാഷ മെലിയുന്നതിനെപ്പറ്റിയുള്ള ആശങ്ക ഫ്രാൻസിൽ ഉള്ളതു പോലെ, മലയാളത്തെപ്പറ്റിയും നമുക്കുണ്ട്. ഈ സങ്കടത്തിൽ നിന്നാണ് ‘ദല്ലാൾ' എന്ന കവിത ആറ്റൂർ രവിവർമ്മയിൽ പിറന്നത്. അതിൽ ഭാഷയിലെ പല പല നിഘണ്ടുക്കളിൽ നിന്ന് വാക്കുകൾ എടുത്തു മാറ്റി പോക്കറ്റിൽ കൊള്ളാവുന്ന ഒരു ചെറിയ നിഘണ്ടു ഉണ്ടാക്കുന്നയാളാണ് ദല്ലാൾ.
‘ഓരോ കീശയിലും കൊള്ളേണം
ഓരോ മേശയിലും വേണം
ഈ പുതിയ നിഘണ്ടു.
.........................................
ഉണ്ടായ നിഘണ്ടുക്കളിൽ നിന്നും
ഓരോ നാളും മുപ്പതു വാക്കുകൾ
വീതമെടുത്തുകളഞ്ഞീടുകയാ -
ണെന്നും ചെയ്യേണ്ടതു ഞാൻ'
വേണ്ടാത്ത വാക്കുകളെല്ലാം നിഘണ്ടുകളിൽ നിന്നും ദല്ലാൾ എടുത്തു മാറ്റുന്നു. ‘കാക്ക' യുള്ളതിനാൽ ‘കുയിൽ' എടുത്തു മാറ്റി. ‘കൊക്ക് ' എടുത്തിട്ട്, ‘കുളക്കോഴി'യെ കളഞ്ഞു. കല്യാണക്കുറി, പണി, കിന്നാരം എന്നിങ്ങനെയുള്ള നാടൻ വാക്കുകൾക്കെല്ലാം, പകരം ഇംഗ്ലീഷ് വാക്കുകളുള്ളതിനാൽ ഒഴിവാക്കി.
പേരറിയാത്ത മരങ്ങൾ വെട്ടിക്കളയുന്ന പോലെ അർത്ഥമറിയാത്തതോ ഉപയോഗമില്ലാത്തതോ ആയ വാക്കുകൾ എല്ലാം വേണ്ടെന്നു വെച്ചു.
‘വെട്ടിക്കളയാം പേരു തിരിച്ചറിയാത്ത മരങ്ങൾ
ഒട്ടുമരങ്ങൾ നിർത്തണമെങ്കിൽ
ഒട്ടുമരങ്ങൾ മതി'
പ്രയോജനമുണ്ടെന്നു കരുതുന്ന കുറച്ചു മരങ്ങൾ, അതും ഒട്ടിച്ചെടുത്തുണ്ടാക്കിയ പോലെ, റബ്ബറോ എണ്ണപ്പനയോ മാവോ പൈനാപ്പിളോ മാത്രമായ തോട്ടങ്ങൾ പോലെ, ഏതാനും വാക്കുകൾ മതിയല്ലോ ഭാഷയിലും. എന്തിനാണ് എങ്ങും കൊള്ളാത്ത തടിച്ച ശബ്ദതാരാവലികൾ? സാധനങ്ങൾ വാങ്ങാനും വിൽക്കാനും അത്യാവശ്യം വാക്കുകൾ മതിയായതിനാൽ ബാക്കിയെല്ലാം ചുമക്കേണ്ടതില്ല. അങ്ങനെ ദല്ലാൾ,
‘ഊരും പേരും നാരും
നീക്കി, മെലിഞ്ഞൊരു ചന്ത -
പ്പെണ്ണായ നിഘണ്ടു'
ഉണ്ടാക്കുന്നു. ഇത് ചന്തയിൽ വിൽക്കാൻ വേണ്ട, ചന്തം മാത്രമുള്ളതും തനിമയും ബലവും ഇല്ലാത്തതുമായ ടി.വി.യിലെ അവതാരകരുടെ ആഗോള മലയാളമാകാം. നാട്ടിലെ സസ്യ വൈവിധ്യവും അതിനിടയിൽ നട്ട ചേന, ചേമ്പ്,കൂർക്ക, കാച്ചിൽ, മാവ് ,തെങ്ങ്, പീച്ചിൽ എന്നീ ഭക്ഷ്യവൈവിധ്യവും വെട്ടിക്കളഞ്ഞ് എല്ലായിടവും റബ്ബർ മരങ്ങൾ കൊണ്ടു നിറച്ചത് മറ്റൊന്നിനും വേണ്ടിയല്ല, അതിന് ചന്തയിൽ നല്ല വിലയുള്ളതിനാലായിരുന്നു. ഇങ്ങനെ ഭക്ഷ്യവൈവിധ്യം വെട്ടിമാറ്റുമ്പോൾ അതോടൊപ്പം സംസ്‌കാരവും ഭാഷയും മാത്രമല്ല ഭാഷയ്ക്കുള്ളിലെ പദങ്ങളും വംശക്ഷയത്തിലെത്തുന്നു.
ജൈവവൈവിധ്യം, സാംസ്‌ക്കാരിക വൈവിധ്യം, ഭാഷാ വൈവിധ്യം ഇവ മൂന്നും കടന്ന് ഒരു ഭാഷയ്ക്കുള്ളിലെ പദ വൈവിധ്യത്തിലേക്കാണ് ആറ്റൂർ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. പണ്ഡിതന്മാർ ഭാഷകളുടെ നഷ്ടത്തിൽ ആശങ്കപ്പെട്ടെങ്കിൽ ഭാഷയ്ക്കകത്തെ വാക്കുകളുടെ വംശനാശത്തിലേക്കു കൂടി കടക്കുകയാണ് ‘ദല്ലാൾ.' കാരണം മലയാളഭാഷയെ ഒരു ആവാസ വ്യവസ്ഥയായി കണ്ടാൽ അതിൽ താരാവലികൾ പോലെ മിന്നുന്ന എണ്ണമറ്റ വാക്കുകൾ ഓരോ ജീവജാതികളെപ്പോലെയാണ്. അണുക്കളെപ്പോലെ കുഞ്ഞു വാക്കുകൾ, ആനകളെപ്പോലെ വലിയ വാക്കുകൾ എന്നിങ്ങനെ ഭാഷയിലെ ജീവജാതികൾ തന്നെയാണ് അവ. ഒരു ജാതി (Species) യിൽ അനേകം ഇനങ്ങൾ (Genitic diversity) പോലെയാണ് ഒരു വാക്കിന്റെ പര്യായങ്ങൾ. ആകാശം ,വാനം ,വ്യോമം , ഗഗനം , വിഹായസ് എന്നത് ചിറ്റേനി, കുറുവ, ചേറ്റാടി, നവര എന്നിങ്ങനെ നെല്ലിലെ ജനിതക വെവിധ്യത്തെയാണ് സാദൃശ്യപ്പെടുത്തുക.
പപ്പായയും കശൂമാവും ശീമച്ചക്കയും കപ്പയും വിദൂര ഭൂഖണ്ഡങ്ങളിൽ നിന്നു വന്നതു പോലെ കസാല, കൈലേസ്, കൊന്ത, കബറ് , സുറുമ എന്നിങ്ങനെ വാക്കുകളും അന്യലോകങ്ങളിൽ നിന്ന് ഇവിടെയെത്തി മലയാള ഭാഷയുടെ ആവാസ വ്യവസ്ഥയിൽ വീണ് വേരോടി നമ്മുടേതായി തീരുന്നു.
‘വാരിധിതന്നിൽ തിരമാലകളെന്ന പോലെ
ഭാരതീ പദാവലി തോന്നേണം കാലേ കാലേ '
എന്നു പ്രാർത്ഥിച്ച കവി വാക്കുകളുടെ വൈവിധ്യത്തിന്റെ ഉപാസകനാണ്. ‘കുഞ്ചന്റെ തുള്ളലിൽ മണി കൊട്ടിയ കവിതേ ' എന്ന് ചങ്ങമ്പുഴ പ്രകീർത്തിച്ചതും, തുള്ളൽക്കാവ്യങ്ങളിൽ മറ്റെങ്ങുമില്ലാത്ത വിധം നിറഞ്ഞു തുളുമ്പിയ പദ വൈവിധ്യത്തെയല്ലേ? പദസംരക്ഷണവും പദ വിപുലീകരണവും മറ്റാരേക്കാളും കവിധർമ്മമായതു കാരണമാകും, ഇത്ര കാലം വെട്ടിക്കളയാതെ കാത്ത വാക്കുകൾക്ക് വംശനാശം വന്നപ്പോൾ അതിൽ വിലപിച്ച് ആറ്റൂർ രവിവർമ്മ കവിതയെഴുതിയത്. വാക്കുകളുടെ കൂടെ കിടക്കുന്നവനായതു കൊണ്ട് ഭാഷക്ക് പനിക്കുന്നത് ആദ്യമറിയുക കവി തന്നെയാണല്ലോ. എന്നാൽ താനുൾക്കൊള്ളുന്ന കവികുലത്തിന്റെ നിസ്സഹായതയിൽ നിന്നോ അതോ മലയാളി എന്ന നിലയിൽ ഭാഷയെ മാർക്കറ്റിൽ പറ്റിയതാക്കി ചുരുക്കുന്നതിൽ പങ്കാളിയായതു കൊണ്ടോ കവി സ്വയം പരിഹസിച്ച് തന്നെയും ഒപ്പം തന്റെ സമൂഹത്തെയും , ‘ദല്ലാൾ 'എന്ന ഒറ്റവാക്കിൽ കുത്തിവേദനിപ്പിക്കുകയാണ്. കാരണം ഭാഷയെ രക്ഷിക്കാൻ നാം പെറ്റമ്മയെന്ന കണക്കെ, വള്ളത്തോൾ വിശേഷിപ്പിച്ചതു പോലെ, അവളെ നമ്മുടെ വിദ്യാലയങ്ങളിൽ ദേവതയായി തന്നെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ശ്രീകോവിലും ഉത്സവവും കേമമാണെങ്കിലും, വെള്ളം ചേർത്ത് വിളമ്പുന്ന മലയാള ബോധന പരിഷ്‌ക്കരണങ്ങളാൽ, ദേശവാസികൾക്കു ദേവീപ്രസാദത്തിന്റെ ഐശ്വര്യം അപ്രാപ്യമായിരിക്കുകയാണ്. ദിവസവും വേണ്ട കലോറി ഊർജ്ജം കിട്ടാൻ അന്നജം മാത്രം കഴിച്ചാൽ മതിയാകും; നല്ല തടിച്ചിരിക്കുകയും ചെയ്യും. എന്നാൽ അതുകൊണ്ട് ആരോഗ്യമാകുന്നില്ലല്ലോ. അതിനു പോഷകങ്ങൾ എല്ലാം കിട്ടുന്ന വിധം ആഹാരത്തിൽ മറ്റുപലതും ചേരേണ്ടതുണ്ട്. ഭാഷാ സാമർഥ്യത്തിലെ മുന്തിയ ഘടകം പദസമ്പത്ത് ആയതിനാൽ കേവലമായ സാക്ഷരതയിൽ തീരേണ്ടതല്ല മാതൃഭാഷാ പരിജ്ഞാനം. ദല്ലാൾ കാലത്ത് വിദ്യാലയങ്ങളാകട്ടെ നിലനിൽപിനുള്ള മലയാളത്തെ മാത്രം നൽകി എല്ലാവരെയും പ്രത്യക്ഷത്തിൽ സ്ഥൂല ശരീരികളും എന്നാൽ ഉള്ളാലെ പദദാരിദ്ര്യമുള്ള പട്ടിണിക്കാരുമാക്കുന്നു.

ദല്ലാൾ എന്ന പേരിന്റെ അർത്ഥതലങ്ങൾ കുറേ പുറകോട്ട്, കുമാരനാശാൻ ‘ഉദ്യാനപാലകരേ' എന്നു വിളിച്ച അന്നത്തെ സാമുഹ്യനേതാക്കളെ വരെ ഉൾക്കൊള്ളുന്നുണ്ട്. അവർ ഒരു വശത്ത് ജാതിവ്യവസ്ഥയുടെ വക്താക്കളായിരുന്നെങ്കിൽ മറുവശത്ത് അന്നത്തെ കോളനി ഭരണത്തിന്റെ ദല്ലാൾ സംഘവുമായിരുന്നു. ആ സഖ്യം ഇന്നും തുടരുന്നുമുണ്ട്. ഇമ്മാനുവൽ വാലസ്‌റ്റൈനും മറ്റും നിരീക്ഷിച്ച, യൂറോപ്പിനെ കേന്ദ്രമാക്കിയ ആഗോള സമ്പദ് വ്യവസ്ഥയുടെ ആകർഷണവലയത്തിൽ പ്പെട്ട കോളനികളാകുന്ന ഉപഗ്രഹ രാജ്യങ്ങളിൽ നിലവിലിരുന്ന അധികാരശ്രേണികളെ ബലപ്പെടുത്തുന്നവരാണ് ഈ തദ്ദേശീയ ദല്ലാൾമാർ. കോളനിഭരണത്താൽ തുടങ്ങി വെച്ച സാമ്പത്തികമായ ആഗോളീകരണ പ്രകിയയുടെ പ്രതിഫലനവും തുടർച്ചയുമാണ് യഥാർത്ഥത്തിൽ ജൈവ-സാംസ്‌കാരിക-ഭാഷാ വൈവിധ്യങ്ങളുടെയും ഭാഷയ്ക്കുള്ളിലെ പദവൈവിധ്യത്തിന്റെയും അപക്ഷയം . ലോക മനുഷ്യരെ സാമ്പത്തികമാത്ര ജീവികളായി പരിവർത്തിപ്പിക്കുന്നതാണ് ഈ ആഗോള കൊടുങ്കാറ്റ്. അപ്പോൾ നിലനിൽപിന്റെ ആധാരശൃംഖലകളായ വൈവിധ്യത്തിന്റെ ആവാസ വ്യവസ്ഥകളെല്ലാം കിളിക്കൂടുകളെന്ന പോലെ നിലംപൊത്തുന്നു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഭൂമധ്യരേഖാ പ്രദേശങ്ങളിലെ (ആമസോൺ, ഇന്തോനേഷ്യ, മലേഷ്യ, പശ്ചിമഘട്ടം എന്നീ വനമേഖലകൾ) സസ്യജന്തുവൈവിധ്യമില്ലാതാക്കി അവിടെ ഏതാനും വിളകൾ മാത്രം വളർത്തുമ്പോൾ ജീവജാതികളുടെ വംശനാശത്തോടൊപ്പം ലോകത്ത് വിവിധ സംസ്‌കാരങ്ങളുടെ ശൈഥില്യവും സംഭവിക്കുന്നു. രാജ്യങ്ങൾക്കുള്ളിലും മൊത്തത്തിലും ചില സംസ്‌കാരങ്ങൾ മാത്രം മേധാവിത്വം പുലർത്തുകയും മറ്റുള്ളവയെയെല്ലാം കളകൾ പോലെ പറിച്ചു കളയുകയും ചെയ്യുന്നു. കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതും പരസ്പരം തിരിച്ചറിയാൻ കഴിയാത്തതുമായ ബ്രോയ്‌ലർ കോഴികളെ പ്പോലെ ഏകരൂപികളാക്കി നമ്മൾ മാറ്റപ്പെടുന്നു. ഉദ്യാനപാലകർ ജനതയെ വാണിജ്യവിളകൾ പോലെ ഉപയോഗച്ചരക്കുകളാക്കി തീർക്കുന്നു. അതോടെ നമ്മുടെ ഭാഷയും അവശ്യ വാക്കുകൾ മാത്രമുള്ളതായി തീരുന്നു. കാരണം കമ്പിയഴികളിൽ തിങ്ങിക്കൂടി സദാ കൊത്തിപ്പെറുക്കാൻ മാത്രമായി ജന്മമെടുത്തവർക്ക് അന്യോന്യഭാഷണമോ അടുക്കള മുറ്റങ്ങളിലെ സൽക്കാരങ്ങളോ പുറം തീറ്റതേടലോ ആവശ്യമില്ലല്ലോ. സാംസ്‌കാരിക സവിശേഷതകൾ എന്തെന്നറിയാത്ത ജനതക്ക് കൂട്ടിൽ തിങ്ങുന്ന വെളുത്ത കോഴികളെ പോലെ ഭയമല്ലാതെ മറ്റൊരു ഭാവം കണ്ണിലോ കൊക്കിലോ ഉടലിലോ ഇല്ലതന്നെ. ഏകവിളകളായ നമ്മളെ എത്രയെളുപ്പത്തിലാണ് ഫാമിന്റെ നാഥന് കൈകാര്യം ചെയ്യാൻ കഴിയുന്നത്!

Comments