കർഷക വിരുദ്ധ നിയമങ്ങൾ: വർഗ വിവേചനം തീൻമേശയിലേക്ക്

ഇന്ത്യയിലും ‘ജനപ്രിയ'മായ ഭക്ഷണ വിപ്ലവത്തിന് നിലം പാകപ്പെട്ടിരിക്കുകയാണ് പുതിയ മൂന്നു കർഷക ബില്ലുകളിലൂടെ. മക് ഡണൾസും വാൾ മാർട്ടും ഒക്കെ നൽകുന്ന നവീനമായ ഒരു ഭക്ഷ്യ സുരക്ഷയിൽ ഇന്ത്യ ആറാടാൻ പോവുകയാണിനി. അപ്പോൾ റേഷൻകടയിൽപോയി അരി വാങ്ങേണ്ട ആവശ്യം തന്നെ അസ്തമിച്ചു പോകും. കാരണം ആ അരി ചോറാക്കി വിളമ്പാനുള്ള ചെലവിനേക്കാൾ കുറഞ്ഞ വിലക്ക് ഹാംബർഗറും ഫ്രഞ്ച് ഫ്രൈയും, വേണമെങ്കിൽ നോർത്ത് ഇന്ത്യൻ - സൗത്ത് ഇന്ത്യൻ - കേരളാ വിഭവങ്ങളും നൽകാൻ വൻകമ്പനികൾ മുന്നിട്ടു വന്നിട്ടുണ്ടാകും- കർഷക പ്രക്ഷോഭത്തിനിടയാക്കിയ മൂന്ന് നിയമങ്ങൾ എങ്ങനെയാണ് നമ്മുടെ തീൻമേശകളെ മാറ്റിത്തീർക്കാൻ പോകുനനത് എന്ന അന്വേഷണം

റിലയൻസും അദാനി ഗ്രൂപ്പും വാൾമാർട്ടും പെപ്‌സികോയും എല്ലാം രാജ്യത്തെ എഫ്.സി.ഐ. ഗോഡൗണും റെയിൽവേയും സ്വന്തമാക്കി അതോടൊപ്പം ഭക്ഷ്യസംഭരണവും വിതരണവും ഏറ്റെടുക്കുമ്പോൾ ഭക്ഷ്യവസ്തുക്കൾക്ക് വില നിശ്ചയിക്കുന്നതും ഈ കോർപ്പറേറ്റുകൾ ആയി മാറി, പെട്രോളും ഡീസലും പോലെ അവശ്യ ഭക്ഷ്യവസ്തുക്കൾക്കു പോലും വലിയ വിലക്കയറ്റം സംഭവിക്കും എന്ന ആശങ്ക പലരും പങ്കുവെച്ചതായി കാണുന്നു. ഇത് മുഴുവനായും ശരിയല്ല.

കോർപറേറ്റുകൾ ഭരിക്കുന്ന ഭക്ഷ്യ സമ്പദ്ഘടനയെ പറ്റി ഭാഗികമായി മാത്രം മനസ്സിലാക്കുന്നതുകൊണ്ടാണ് അവരുടെ ആധിപത്യത്തിൽ വരുമ്പോൾ ഭക്ഷ്യവിഭവങ്ങൾക്ക് വിലക്കയറ്റമുണ്ടാകും എന്നു പറയുന്നത്. അരനൂറ്റാണ്ടായി, കൃഷിക്കളം മുതൽ തീൻമേശ വരെ വൻ കമ്പനികളുടെ നിയന്ത്രണത്തിലായ അമേരിക്കയിലെ അവസ്ഥ പരിശോധിച്ചാൽ കോർപറേറ്റുകൾ എങ്ങനെയാണ് ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാം.

ലോകത്തിലെ ഏറ്റവും വലിയ റസ്റ്റോറന്റ് ശൃംഖലയായ മക് ഡണൾഡ്‌സ് കമ്പനിയുടെ ചരിത്രകാരൻ ജോൺ എഫ്. ലവ്, മക് ഡണൾഡ്‌സ് ഭക്ഷണം അമേരിക്കൻ സമൂഹത്തിൽ ഉണ്ടാക്കിയ വിപ്ലവത്തെ പറ്റി ഇങ്ങനെ എഴുതുന്നുണ്ട്: ‘തൊഴിലാളിവർഗ കുടുംബങ്ങൾക്ക് അവരുടെ മക്കളെ റസ്റ്റോറന്റ് ഭക്ഷണം കഴിപ്പിക്കാൻ ഒടുവിൽ സാധ്യമാക്കി' യതാണ് മക് ഡണൾഡ്സിന്റെ സംഭാവന. അതായത് ഏതു സാധാരണക്കാരനും കഴിക്കാൻ പാകത്തിൽ ഏറ്റവും വില കുറച്ചാണ് മക് ഡൊണൾഡ്‌സ് അവരുടെ ഹാംബർഗറും ഫ്രഞ്ച് ഫ്രൈയുമൊക്കെ വിൽക്കുന്നത്.

1950-കളിൽ മക് ഡണഡ്സിന്റെ ലോസ് എയ്ഞ്ചൽസിലെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റിൽ, അവരുടെ പേരുകേട്ട ഹാംബർഗേഴ്‌സ് 15 സെന്റിന് വാങ്ങാൻ ക്യൂ നിൽക്കുന്ന ആളുകളുടെ ചിത്രം, എറിക് ഷ്‌ളോസ്സർ തന്റെ ഫാസ്റ്റ് ഫുഡ് നേഷൻ എന്ന വിഖ്യാത കൃതിയിൽ കാട്ടിത്തരുന്നുമുണ്ട്. (കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം കൊണ്ട് 160 ലേറെ കടകൾ മക് ഡണാൾഡ് ഇന്ത്യയിലും തുറന്നിരിക്കുന്നു. ഇപ്പോൾ അവയെല്ലാം നല്ല ലാഭത്തിലുമാണ്. ലുലു മാളിലെത്തുന്നവരുടെ ചടങ്ങുകളിലൊന്ന് അവിടെയുള്ള റൊണൾഡ് മക് ഡണാൾഡ് കോമാളി പ്രതിമ‌ക്കൊപ്പം ഫോട്ടോ എടുക്കലാണ്).

അതുകൊണ്ട് ഇന്ത്യയിലും ‘ജനപ്രിയ'മായ ഭക്ഷണ വിപ്ലവത്തിന് നിലം പാകപ്പെട്ടിരിക്കുകയാണ് പുതിയ മൂന്നു കർഷക ബില്ലുകളിലൂടെ. മക് ഡണൾസും വാൾ മാർട്ടും ഒക്കെ നൽകുന്ന നവീനമായ ഒരു ഭക്ഷ്യ സുരക്ഷയിൽ ഇന്ത്യ ആറാടാൻ പോവുകയാണിനി. അപ്പോൾ നീല, റോസ്, വെള്ളനിറങ്ങളിലുള്ള റേഷൻകാർഡുമായി പൊതുവിതരണകേന്ദ്രത്തിൽ പോയി വിരലടയാളം കൊടുത്ത് അരി വാങ്ങേണ്ട ആവശ്യം തന്നെ അസ്തമിച്ചു പോകും. കാരണം ആ അരി ചോറാക്കി, അതിനൊപ്പം കറിയുമുണ്ടാക്കി മക്കൾക്കു വിളമ്പാനുള്ള ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പ്രിയങ്കരമായ ഹാംബർഗറും ഫ്രഞ്ച് ഫ്രൈയും, വേണമെങ്കിൽ നോർത്ത് ഇന്ത്യൻ - സൗത്ത് ഇന്ത്യൻ - കേരളാ വിഭവങ്ങളും നൽകാൻ വൻകമ്പനികൾ മുന്നിട്ടു വന്നിട്ടുണ്ടാകും.

അരി, ഗോതമ്പ്, പയറ്, പരിപ്പ്, എണ്ണ, സവാള, ഉരുളക്കിഴങ്ങ് എന്നിങ്ങനെ ഇന്ത്യക്കാരുടെ അവശ്യ ഭക്ഷ്യവസ്തുക്കൾ കർഷകരിൽ നിന്ന് വാങ്ങി അതിലാഭത്തിൽ എല്ലാവർക്കും എത്തിക്കുക എന്ന വ്യാപാരത്തേക്കാൾ ഇവയെല്ലാം മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി - ഉടൻ കഴിക്കാൻ പറ്റുന്ന ഭക്ഷണ സാധനങ്ങളാക്കി- പതിന്മടങ്ങ് ലാഭം കൊയ്യുന്ന ഫാസ്റ്റ് ഫുഡ് ശൃംഖലകളാണ് കോർപറേറ്റുകളുടെ പരമ ലക്ഷ്യം. അത് സാധ്യമാക്കുന്നതിന് രാജ്യത്ത് നിലനിൽക്കുന്ന തടസ്സങ്ങളിൽ മുഖ്യമായവ പുതിയ മൂന്നു കാർഷിക നിയമങ്ങൾ കൊണ്ട് അവർ മറികടന്നിരിക്കുന്നു.

അതായത് ഏറ്റവും വില കുറച്ച്, അമേരിക്കയിലും മെക്‌സികോയിലുമെന്ന പോലെ 135 കോടി ഇന്ത്യക്കാർക്ക് മക് ഡണാൾഡ്സിനെ പോലുള്ള ആഗോള കമ്പനികൾക്ക് ഫാസ്റ്റ് ഫുഡ് വിതരണം ചെയ്യാൻ കഴിയണമെങ്കിൽ നിലവിലുള്ള കാർഷിക ഭൂവുടമാ രീതിയും ഉൽപാദനശൈലിയും ഉൽപന്ന സംഭരണ വിതരണ വിൽപ്പനകളും പാടെ അട്ടിമറിക്കപ്പെടേണ്ടിയിരിക്കുന്നു. അതിൽ ഒന്നാമതായി, ഒരേ വിള മാത്രം വൻതോതിൽ ഉൽപ്പാദനം നടത്താൻ പാകത്തിൽ, ഇപ്പോഴത്തെ നാലും അഞ്ചും ഏക്കർ മാത്രം വരുന്ന ചെറു കൃഷിയിടങ്ങൾ ഇല്ലാതാക്കി, 100 കണക്കിന് ഏക്കർ ഉടസ്ഥതയുള്ള വമ്പൻ ഫാമുകൾ ഉണ്ടാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ ടൺകണക്കിന് വിഭവങ്ങൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് എളുപ്പത്തിൽ കൃഷിയിടങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കാനും സംഭരിക്കാനും കഴിയൂ,

രണ്ടാമതായി, ടൺകണക്കിന് സംഭരിക്കുന്ന വിഭവങ്ങൾ ഭക്ഷണമായി ആളുകളിൽ എത്തുന്നതുവരെ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള കോൾഡ് സ്റ്റോറേജ് സാങ്കേതികവിദ്യകൾ പ്രവർത്തിപ്പിക്കുന്നതിന് 2008 ൽ തന്നെ വിദേശക്കമ്പനികൾക്ക് അനുമതി നൽകി, അതിന് നികുതി ഒഴിവാക്കി കൊടുത്തിട്ടുമുണ്ട് കേന്ദ്ര സർക്കാർ. മൂന്നാമതായി ഭക്ഷ്യ സംസ്‌കരണ രംഗത്ത് കഴിഞ്ഞയിടെ 100% വിദേശ നിക്ഷേപം അനുവദിക്കുകയുണ്ടായി. നാലാമതായി, സംസ്‌കരിച്ച വിഭവങ്ങൾ ഇന്ത്യയിലും പുറത്തും താമസം വിനാ എത്തിക്കുന്നതിനു വേണ്ടി ചരക്കു പാതകളും തുറമുഖങ്ങളും മറ്റും ദ്രുതഗതിയിൽ നിർമ്മിക്കുന്നതിലും ഭരണകൂടത്തിന് അതീവ താല്പര്യമുണ്ട്.

അഞ്ചാമതായി, ഫുഡ് സപ്ലൈ ചെയിന്റെ ചെറുകിട വില്പനവരെയുള്ള ഓരോ ഘട്ടത്തിലും വേണ്ട തൊഴിലാളികളെ ആവശ്യാനുസരണം കിട്ടുന്നതിനും , കമ്പനികൾക്ക് സകല തൊഴിൽ നിയമങ്ങളും ബാധകമാകാത്ത വിധത്തിൽ സേവന വേതന വ്യവസ്ഥകൾ തിരുത്തിയെഴുതി ക്കുന്നതിനും , രാജ്യത്ത് നിലവിലിരുന്ന തൊഴിൽ നിയമങ്ങൾ പരിഷ്‌കരിക്കുന്നതിലൂടെ കഴിഞ്ഞിട്ടുമുണ്ട്. (അമേരിക്കയിൽ ഏറ്റവും കൂടുതൽ തൊഴിലുകൾ ലഭ്യമാക്കുന്നതും ഏറ്റവും കുറഞ്ഞ വേതനം കിട്ടുന്നതുമായ ഒരു മേഖല മക്ഡണൾഡ്‌സിന്റെ റസ്റ്റോറന്റ് ശൃംഖലകൾ ആണ് . ഇതിനേക്കാൾ താഴ്ന്ന വരുമാനവും അധികജോലി സമയവും ഉള്ളത് കുടിയേറ്റക്കാർ മാത്രം പണിയെടുക്കുന്ന അവിടുത്തെ വൻകിട ഫാമുകളിൽ മാത്രമാണ് ) .

കാർഷിക ജൈവവൈവിധ്യത്തെ തൂത്തെറിഞ്ഞും മണ്ണിന്റെ ഫലഭൂയിഷ്ഠതയും കൃഷിക്കാരുടെയും കൃഷിപ്പണിക്കാരുടെയും അധ്വാനശക്തിയും ചൂഷണം ചെയ്തും ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാരിക്കൂട്ടുന്ന ഏക വിളകൾ; കമ്പനികൾക്ക് ആവശ്യമുള്ള ഏതാനും വിളകൾ മാത്രം അത്യുൽപാദനം നടത്തുന്നതിനായി നൽകുന്ന ഭീമൻ സർക്കാർ സബ്‌സിഡി; ഓരോ യൂണിറ്റു ഭക്ഷണത്തിനുമുള്ള ഉൽപാദനച്ചെലവ് പരമാവധി താഴ്ത്തി എടുക്കാനായി കൂറ്റൻ ഫാക്ടറിയിൽ അത്യാധുനിക ടെക്‌നോളജി സംവിധാനങ്ങളിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന ലക്ഷക്കണക്കിന് ഭക്ഷണസാധനങ്ങൾ; ഇവ കാലങ്ങളോളം കേടാവാതെ സൂക്ഷിക്കുന്നതിനുള്ള രാസപ്രിസർവേറ്റീവുകളും ശീതീകരണികളും; ഓരോ പ്രായക്കാരുടെയും അഭിരുചി അറിഞ്ഞ് ഉപഭോക്താക്കളെ സൃഷ്ടിക്കുന്ന മാന്ത്രിക പരസ്യങ്ങളും ഓഫറുകളും; ഭക്ഷണ നിർമാണ - വില്പനശാലകളിൽ പണിയെടുക്കുന്നവർക്കുള്ള ഏറ്റവും കുറഞ്ഞ കൂലി, ഈ വിധത്തിൽ ഉൽപാദനം മുതൽ ഉപഭോഗം വരെ ചൂഷണത്തിന്റെ ബഹുവിധ തന്ത്രങ്ങൾ പ്രയോഗിച്ചിട്ടാണ് കോർപ്പറേറ്റ് ഭക്ഷണം ‘ചീപ് ഫുഡ് 'ആയി ആർക്കും പ്രാപ്യമാക്കുന്നത്.

പണ്ട് മാഞ്ചസ്റ്ററിലെ യന്ത്രനിർമിത വസ്ത്രങ്ങൾ ഇന്ത്യൻ കൈത്തറി മേഖലയെ കുത്തുപാള എടുപ്പിച്ചതു പോലെ ആഗോള ഭക്ഷണ കമ്പനികൾ വെച്ചു വിളമ്പുന്നു ചീപ് ഫുഡ് ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ മുഖ്യാഹാരമായി മാറി കാർഷിക ആവാസ ഘടനയെ തന്നെ ശിഥിലമാക്കുതാണ്. ദരിദ്ര സമൂഹത്തിന് അല്പവസ്ത്രം കൊണ്ടും കഴിഞ്ഞു കൂടാമെങ്കിൽ, ആർക്കും ഒരു നേരമെങ്കിലും ഭക്ഷണം കൂടാതെ ജീവിക്കാൻ പറ്റില്ല എന്ന ജീവസത്യമാണ് ഈ രംഗത്തേക്ക് കഴിഞ്ഞ 50 വർഷം കൊണ്ട് തമ്പടിക്കാനും ലോകത്തെ ഏറ്റവും മുന്തിയ മൂലധന നിക്ഷേപ കേന്ദ്രമാക്കി ഭക്ഷ്യ സമ്പദ്ഘടനയെ മാറ്റിത്തീർക്കാനും കോർപ്പറേറ്റുകളെ പ്രേരിപ്പിക്കുന്നത്. ജനപ്രിയ സിനിമ -പ്രസിദ്ധീകരണങ്ങൾ പോലെ കമ്പനി നിർമിത ജനപ്രിയ ഭക്ഷണവും സാധാരണ മനുഷ്യരെ അവരുടെ ജീവിത വിരസതകളിൽ നിന്ന് നിരുപമമായ രുചിഭേദങ്ങൾ നൽകി മോചിപ്പിക്കാൻ പോവുകയാണ്.

കോർപറേറ്റ് ഭക്ഷണാധിനിവേശം പൂർത്തീകരിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ സാധാരണക്കാരന് വാങ്ങാൻ പറ്റാത്ത വിധത്തിൽ വില കൂടിയതാണ് അഥവാ, പണം കൊടുക്കാൻ തയ്യാറായാൽ തന്നെ അവ അടുത്തെങ്ങും കിട്ടാൻ അവർക്ക് എളുപ്പവുമല്ല. ( 2013 ഡിസം 5 ലെ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ ഇതേപ്പറ്റി ഹാർവാർഡ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് 22 സമ്പന്ന രാജ്യങ്ങളിൽ നടത്തിയ ഒരു പഠനമുണ്ട്. ഇതനുസരിച്ച് ജങ്ക് ഫുഡിനു പകരം, നാലാൾ കുടുംബം സാധാരണ ഭക്ഷ്യവിഭവങ്ങൾ വാങ്ങുകയാണെങ്കിൽ ഏറ്റവും കുറഞ്ഞത് അവർക്ക് 2200 ഡോളർ ഒരുവർഷം കൂടുതൽ വേണം.)

പോഷകസമ്പന്നമായ ഭക്ഷ്യവസ്തുക്കൾ സമൂഹത്തിൽ സമ്പന്നർക്കു മാത്രമേ വാങ്ങാൻ കഴിയുകയുള്ളൂ. അവർ താമസിക്കുന്ന എലീറ്റ് മേഖലകളിൽ മാത്രമേ അവ സുലഭമായി ലഭ്യമാവൂ. എന്നാൽ ബഹുഭൂരിപക്ഷത്തിനും കോർപറേറ്റ് നിർമ്മിത ചവറു ഭക്ഷണം റെഡിമെയ്ഡ് ആയി കുറഞ്ഞ വിലയ്ക്ക് സുലഭമായതുകൊണ്ട് പ്രത്യക്ഷത്തിൽ പ്രക്ഷോഭങ്ങളോ പരാതികളോ ഇല്ലാതെ കോർപറേറ്റ് ഭക്ഷ്യ സമ്പദ്ഘടനയും അതിനെ താങ്ങി നിർത്തുന്ന ഭരണകൂട നയങ്ങളും, നേരിട്ട് വെല്ലുവിളികൾ ഇല്ലാതെ സുഗമമായി മുന്നേറുന്നുണ്ട്. (2016ലെ സാമ്പത്തിക മാന്ദ്യകാലത്ത് അമേരിക്കയിൽ പഴം ,പച്ചക്കറി ,ധാന്യങ്ങൾ എന്നിവക്ക് 40% കണ്ട് വിലക്കയറ്റം ഉണ്ടായപ്പോൾ ഫാസ്റ്റ് ഫുഡ്ഡിന് 30% കണ്ട് വില കുറയുകയാണുണ്ടായത്).

എന്നാൽ ഈ ഭക്ഷണ സാമ്രാജ്യത്വത്തിന്റെ ചവറു ഭക്ഷണം സമൂഹത്തിന്റെ ആന്തരിക തലങ്ങളിൽ നിരവധി വിഭജനങ്ങളും ആഘാതങ്ങളും സൃഷ്ടിക്കുന്നുണ്ട്. ദരിദ്രർ, തൊഴിലാളികൾ, ന്യൂനപക്ഷങ്ങൾ, കുട്ടികൾ, സ്ത്രീകൾ എന്നിവരെയെല്ലാം അത് നിത്യരോഗികളാക്കി സാമൂഹ്യവും സാമ്പത്തികവുമായ വെല്ലുവിളികൾ ഉയർത്തുന്നു. അതുകൊണ്ടുതന്നെ വ്യവസായവൽകൃത രാഷ്ട്രങ്ങളിൽ, എന്തിന് അമേരിക്കയിൽ പോലും കമ്പനി നിർമിത ചീപ് ഫുഡിനെതിരെ അവബോധവും പ്രതിഷേധവും ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ മേച്ചിൽപുറങ്ങൾ വെട്ടിപ്പിടിക്കാനായി ഭക്ഷണ കോർപറേറ്റുകൾ ഇന്ത്യയിൽ പിടിമുറുക്കുന്നത്.

അതുകൊണ്ട് അരിക്കും ഗോതമ്പിനും മറ്റും വില കൂടും എന്നതിനേക്കാൾ, സാമാന്യജനത്തിന്റെ അതിവികലമാകാത്ത ഭക്ഷണസംസ്‌കാരം തിരിച്ചുപിടിക്കുക പ്രയാസകരമായ വിധം അട്ടിമറിക്കപ്പെട്ട് അവർ ‘ചീപ് ഫുഡി’ന്റെ അടിമത്തം സ്വയംവരിക്കും എന്നു തന്നെയുമല്ല, സമ്പന്നവർഗം മാത്രം പോഷകസമൃദ്ധമായ ഭക്ഷ്യവിഭവങ്ങൾ വാങ്ങി കഴിക്കുകയും ചെയ്യുന്ന ഭക്ഷണത്തിന്റെ പുത്തൻ വർഗ വിഭജനത്തിലേക്കാണ് കാർഷികമേഖലയിലെ കോർപ്പറേറ്റ് പരിഷ്‌കാരങ്ങൾ എത്തിക്കുന്നത്. Cheap food is an illusion, there is no such thing as cheap food. The real cost of the food is paid somewhere. And if it is not paid at the cash register, it is charged to the environment, or the public purse in the form of subsidies എന്ന് എന്ന മൈക്കിൾ പോളൻ പറഞ്ഞ വാക്യമാണ് നാം ജനങ്ങളെ ഇപ്പോൾ അറിയിക്കേണ്ടത്.

ഏറ്റവും വില കുറഞ്ഞതും രുചികരവുമായ ഭക്ഷണം ലോകത്ത് ദരിദ്ര സമൂഹങ്ങൾക്കും പ്രാപ്യമാകാൻ സ്വകാര്യ കമ്പനികൾ ഭക്ഷ്യമേഖലയിൽ മൂലധന നിക്ഷേപം നടത്തിയാലേ സാധിക്കൂ എന്ന് ലോകരാഷ്ടങ്ങളെ ഉപദേശിക്കുന്നത് മറ്റാരുമല്ല സാക്ഷാൽ ലോക ഭക്ഷ്യ കാർഷിക സംഘടന തന്നെയാണ്. ഇത്തരം ആഗോള സാരോപദേശ സമ്മർദ്ദങ്ങൾ ചെവിക്കൊണ്ടിട്ടാണ് കേന്ദ്ര ഗവൺമെന്റ് കമ്പനികളെ ഇന്ത്യയൊട്ടാകെ കൂടിയിരുത്തി നമുക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മൂന്നു പുതിയ കാർഷിക നിയമങ്ങൾ, കർഷകരോടാ സംസ്ഥാനങ്ങളോടോ പോലും ചർച്ച ചെയ്യാതെ, ആദ്യം ഓർഡിനൻസായും പിന്നീട് സഭകളിലും വെച്ച് പ്രാബല്യത്തിലാക്കിയെടുത്തത്.


Also Read:

Comments