ധീരമായ നാണമില്ലായ്മയിലേക്ക്
മലയാളി സ്ത്രീ എത്തിയതിന്റെ
ചരിത്രം
ധീരമായ നാണമില്ലായ്മയിലേക്ക് മലയാളി സ്ത്രീ എത്തിയതിന്റെ ചരിത്രം
ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങള്‍ അതിശക്തമായി വേരുപടര്‍ത്തിയിരിക്കുന്ന അസാധാരണ സാംസ്‌കാരിക മണ്ഡലമാണ് കേരളം. ഈ മൂന്ന് മതങ്ങള്‍ക്കൊപ്പം നാലാമതായി മിഷണറി വിദ്യാഭ്യാസവും ചേര്‍ന്നാണ് ആധുനിക കേരളീയ സ്ത്രീത്വത്തെപറ്റിയുള്ള സാമൂഹ്യബോധം നിര്‍മ്മിച്ചിരിക്കുന്നത്. പൊതുജീവിതത്തിലെ സ്ത്രീ സാന്നിധ്യത്തില്‍ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളേക്കാള്‍ കേരളം വളരെയേറെ മുന്നിലാണെങ്കിലും അതനുസരിച്ചുള്ള സമത്വവും സ്വാതന്ത്ര്യവും കുടുംബത്തിലും സമൂഹത്തിലും കേരളീയ വനിതകള്‍ക്ക് സാധ്യമാകാത്തത് ഈ നാല് സാംസ്‌കാരിക നിര്‍മ്മിതികള്‍ ഒറ്റയ്ക്കും കൂടിച്ചേര്‍ന്നും കേരളീയസമൂഹത്തെ രൂപപ്പെടുത്തിയതിന്റെ ഫലമായിട്ടാണ്. ആധുനിക ഭരണകൂട അധികാരവുമായി ഈ നാല് പ്രത്യയശാസ്ത്രങ്ങളും എങ്ങനെയാണ് കെട്ടുപിണഞ്ഞുകിടക്കുന്നതെന്നും അധികാരത്തിന്റെ അധീശത്വത്തിനുള്ള സാമൂഹികമായ സമ്മതം(Hegemony) നേടിക്കൊടുക്കുന്നതില്‍ പ്രത്യേകിച്ച്, സ്ത്രീസമൂഹത്തോട് ജനാധിപത്യ വിരുദ്ധമായസമീപനം സൃഷ്ടിക്കുന്നതില്‍ ഇവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷിക്കുകയാണ് ഈ ലേഖനത്തില്‍.
8 Oct 2020, 02:21 PM
അധിനിവേശ ഭരണകൂടവും മതവും
19-ാoനൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ബ്രിട്ടീഷ് ഭരണകൂടം ആരംഭിച്ച സെന്‍സസ് വഴിയാണ് ഇന്ത്യയില്‍ ഇന്നുകാണുന്ന തരത്തിലുള്ള ഹിന്ദുമതരൂപീകരണം ഔദ്യോഗികമായി ആരംഭിക്കുന്നത്. (R.B. Bhagat. Census enumeration, religious identity and communal polarization in India) സെമിറ്റിക്മതങ്ങളായ ഇസ്ലാമതം, ക്രിസ്തുമതം എന്നിവയില്‍ ഉള്‍പ്പെടാത്ത അനേകം ഗോത്രങ്ങളെ ബ്രാഹ്മണമതത്തിലേക്ക് ഉള്‍പ്പെടുത്തിക്കൊണ്ട് സെമിറ്റിക് മതശൈലിയിലുള്ള ഹിന്ദുമതനിര്‍മ്മിതിക്ക് ബ്രിട്ടീഷ് ഇന്ത്യയിലെ ജാതിമത സെന്‍സസ് അടിത്തറയിട്ടു. അതിനുമുന്‍പ് യൂറോപ്യന്‍ കൊളോണിയല്‍ ബുദ്ധിജീവികളും ഇന്ത്യയിലെ സംസ്‌കൃത സാക്ഷര ബ്രാഹ്മണരും തമ്മില്‍ ദശകങ്ങളായി നടന്ന കൊടുക്കല്‍ വാങ്ങല്‍ വഴി ഏകരൂപത്തിലുള്ള ക്രിസ്തുമത ശൈലിയില്‍ ഹിന്ദുമതനിർമിതിക്കുവേണ്ട ചേരുവകള്‍ (ഭഗവത്ഗീത, വേദങ്ങള്‍ എന്നിവ)കണ്ടെത്തിയിരുന്നു (Pankaj Mishra.How the British invented Hinduism).

1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യന്‍ജനതയുടെ ബ്രിട്ടീഷ് ഭരണവിരുദ്ധ ഐക്യത്തെ ശിഥിലമാക്കുന്നതിനുവേണ്ടിയാണ് പ്രധാനമായും ഇന്ത്യന്‍ സെന്‍സസ് ആരംഭിച്ചത്. 1865ല്‍ ബംഗാള്‍ പ്രവിശ്യയില്‍ ഭാഗികമായി ആരംഭിക്കുകയും 1872, 1882കളിലായി രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ സെന്‍സസ് മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ ജനതയെ പലതട്ടുകളിലായി തിരിച്ച് ഗ്രേഡിങ് നടത്തുകയും അതുവഴി പരസ്പരം കലരാത്തവരും, ഭരണകൂടത്തെ പ്രീണിപ്പിക്കുന്നതില്‍ മത്സരിക്കുന്നവരും, തമ്മില്‍ ശത്രുതയുള്ളവരുമായ ജാതിമതവിഭാഗങ്ങളെ രൂപപ്പെടുത്തിയെടുത്തു. അങ്ങനെ തങ്ങളെ ഭരിക്കുന്നതിനുള്ള അകമഴിഞ്ഞ സമ്മതവും കോളനിവാഴ്ചയുടെ ഇംഗിതങ്ങളോട് താദാത്മ്യപ്പെടാനുള്ള മനോഘടനയും ഇന്ത്യന്‍ സമൂഹത്തില്‍ രൂഢമൂലമാക്കുന്ന അതിശക്തമായ ഒരു സോഫ്റ്റ്പവര്‍ ആയി ഇന്ത്യയിലെ ജാതി മതസെന്‍സസുകള്‍.
ജാതി മതങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരെ കാറ്റഗറി തിരിക്കുന്നതു വഴി സാമൂഹികവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെയും വേര്‍പെടലുകളെയും ഒരിക്കലും പൂരിപ്പിക്കാനാകാത്ത അഗാധഗര്‍ത്തങ്ങളാക്കിമാറ്റാമെന്ന്, അമേരിക്കന്‍ കോളനികളില്‍ നടത്തിയ വംശീയവാദ (Racism) രൂപീകരണത്തില്‍ നിന്ന് ബ്രിട്ടീഷ് അധിനിവേശം നല്ലവണ്ണം തിരിച്ചറിഞ്ഞിരുന്നു. ആഫ്രിക്കയില്‍ നിന്നും പിടിച്ചുകൊണ്ടുവന്ന കറുത്തവരും യൂറോപ്പില്‍നിന്നും കരാര്‍വ്യവസ്ഥയില്‍ (Indentured servitude) അമേരിക്കയിലെ തോട്ടങ്ങളിലേക്ക് പണിക്ക് കൊണ്ടുവന്ന ദരിദ്രരായ വെളുത്ത ജോലിക്കാരും അടിസ്ഥാനപരമായി ഒരൊറ്റവര്‍ഗ്ഗമായതിനാല്‍ തമ്മില്‍ ഇടകലരുകയും വിവാഹത്തില്‍ ഏര്‍പ്പെടുകയും സാഹോദര്യത്തോടെ വര്‍ത്തിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല കോളനിത്തോട്ടങ്ങളിലെ യജമാനന്മാരുടെ അനീതിയും അക്രമവും അവര്‍ ഒറ്റക്കെട്ടായി ചെറുക്കുകയും ചെയ്തു. കോളനി ഭരണവ്യവസ്ഥയോടുള്ള ഈ വെല്ലുവിളിയെ അമര്‍ച്ചചെയ്യുന്നതിനു പറ്റിയ പ്രത്യയശാസ്ത്രം എന്നനിലയിലാണ് വംശീയവാദം രൂപപ്പെടുത്തുന്നത്. ജന്മം കൊണ്ടുതന്നെ വെളുത്തവര്‍ ശ്രേഷ്ഠരും കറുത്തവര്‍ അധമരും ആണെന്നും അതിനാല്‍ വെളുത്തവരുടെ ഉടമത്തവും കറുത്തവരുടെ അടിമത്തവും തികച്ചും പ്രകൃതിപരമാണെന്നും സ്ഥാപിച്ചെടുക്കാന്‍ വംശീയവാദത്തിനു കഴിഞ്ഞു. അതോടെ പീഡനം അനുഭവിക്കുന്ന എല്ലാ വെളുത്ത പണിക്കാരും അവരുടെ ദൈന്യതകളും അതിന്റെ കാരണങ്ങളും മറന്നു, ഒരു സവിശേഷവര്‍ഗ്ഗമെന്ന നിലയില്‍ വെളുത്ത യജമാനരോട് താദാത്മ്യം പ്രാപിച്ച് സ്വയം ഉന്നതരെന്ന് ധരിക്കുകയും കറുത്തവരെയെല്ലാം തങ്ങളുടെ അടിമകളായി പുതിയ കണ്ണുകൊണ്ട് നോക്കുകയും ചെയ്തു.
വംശീയവാദത്തിനു സമാനമായ കരുത്തുള്ള ഒരു പ്രത്യയശാസ്ത്രം എന്ന നിലയില്‍ ഇന്ത്യയിലാകട്ടെ മതത്തെയും ജാതിയെയുമാണ് ബ്രിട്ടീഷ് ഭരണകൂടം ഉപയോഗിച്ചത്. മാത്രമല്ല സെന്‍സസ് നടപടിക്രമങ്ങളില്‍ വംശീയവാദത്തിന്റെ ആധാരശിലയായ ശാരീരിക വൈജാത്യങ്ങളെ ഇന്ത്യന്‍ സെന്‍സസിന് ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വലിയ തലയും നീണ്ടമൂക്കും ഉന്നതകുലത്തിന്റെയും ബുദ്ധിപരമായ ജന്മസിദ്ധ മേല്‍ക്കോയ്മയുടെയും ശാസ്ത്രീയചിഹ്നങ്ങള്‍ എന്ന നിലയ്ക്കാണ് ഇവിടെയും അവതരിപ്പിക്കപ്പെട്ടത്. നരവംശശാസ്ത്രത്തിന്റെ ഉത്ഭവം പോലും വംശീയ സിദ്ധാന്ത താല്‍പര്യങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. അതായത് ബ്രാഹ്മണമതത്തിലെ ജന്മാധിഷ്ഠിത വിവേചനങ്ങള്‍ക്കകത്തേക്ക് യൂറോപ്യന്‍ വംശീയവാദസിദ്ധാന്തങ്ങളും തരം പോലെ കൂട്ടിക്കലര്‍ത്തിയതാണ് ആധുനികഇന്ത്യയിലെ ജാതിമതസങ്കല്പങ്ങള്‍."പട്ടരില്‍ പൊട്ടനില്ല, ഉണ്ടെങ്കില്‍ അവന്‍ ദിവാന്‍പേഷ്‌കാര്‍'എന്നൊക്കെയുള്ള പുതുചൊല്ലുകള്‍ വംശീയവാദത്തിന്റെ കൂടി സംഭാവനയാണ്. അതായത് ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നു പോന്ന വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും എല്ലാം കടുത്ത ആജന്മ വൈരുധ്യങ്ങളായി മൂര്‍ച്ഛിപ്പിക്കുന്നതിന് ഇന്ത്യന്‍ സെന്‍സസ് ഭരണപരമായും രേഖാപരമായും ഉറച്ച പിന്‍ബലം നല്‍കി.
ബ്രിട്ടീഷ്ഭരണകൂടം ഇന്ത്യയിലെ അതിന്റെ പ്രജകളുടെ അസ്തിത്വം നിര്‍ണയിച്ചത് ആധുനിക വ്യക്തി എന്ന നിലയ്ക്കല്ല, പകരം മതം, ജാതി എന്ന സാമൂഹ്യ ഗണത്തിലെ അംഗം എന്ന നിലയിലാണ്. അതോടെ വ്യക്തിക്കുമേല്‍ ജാതിമതമേല്‍ക്കോയ്മ ഭരണകൂടപരമായിതന്നെ സ്ഥാപിക്കപ്പെടുന്നു. ഇന്ത്യക്കാരന്‍ ആദ്യം മതവും ജാതിയുമായിരിക്കുകയും പിന്നീട് മാത്രം വ്യക്തിയായിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ആരെക്കണ്ടാലും ആദ്യംതന്നെ അയാളുടെ മതം, ജാതി അറിയുന്നതിലൂടെ മാത്രമേ അയാളുടെ വ്യക്തിത്വം നിര്‍ണ്ണയിക്കാനും അയാളുമായി ഏതുതരം ബന്ധമാണ് വേണ്ടതെന്ന് തീരുമാനിക്കാനും നമുക്കു പറ്റൂ.

ആധുനിക സമൂഹത്തില്‍ ഭരണകൂടം എങ്ങനെയാണോ നമ്മുടെ അസ്തിത്വത്തെ നിയമപരമായി നിര്‍ണ്ണയിക്കുന്നത് അതനുസരിച്ചായിരിക്കും നമ്മള്‍ നമ്മളെതന്നെ നോക്കിക്കാണുന്നത്. മാത്രമല്ല നമ്മുടെ ലോകവീക്ഷണത്തെ രൂപപ്പെടുത്തുന്നതിലും നിയന്ത്രിക്കുന്നതിലും ഭരണകൂടം നമുക്ക് നല്‍കുന്ന ഈ പുതിയ അസ്തിത്വം നിരന്തരം ഇടപെടുന്നുണ്ട്.
1801 മുതല്‍ ബ്രിട്ടന്‍ അവരുടെ രാജ്യത്ത് തുടങ്ങിയ സെന്‍സസുകളില്‍ മതത്തെ ആധാരമാക്കിയുള്ള പൗരത്വനിര്‍ണയം ആ സമൂഹത്തില്‍ നടത്തിയിരുന്നില്ല. അതുകൊണ്ട് മതത്തിന്റെ പ്രഥമഭാരമില്ലാതെ തന്നെ ഓരോപൗരനും ഭരണകൂടവുമായി സംവദിക്കാന്‍ സാഹചര്യമുണ്ടായി; തന്നെയും പുറംലോകത്തെയും മതാധിഷ്ഠിതമല്ലാതെ നോക്കിക്കാണാനും അവസരമുണ്ടായി. ഇതിനു കടകവിരുദ്ധമായ പൗരത്വനിര്‍മ്മിതിയാണ് ഇന്ത്യാമഹാരാജ്യം എന്ന ബ്രിട്ടീഷ്കോളനിയില്‍ നിര്‍വ്വഹിക്കപ്പെട്ടത്. ജാതിമത പാരമ്പര്യത്തിന്റെ പൂര്‍വ്വഭാരങ്ങളെ മുഴുവന്‍ ചുമലില്‍ ഏറ്റുന്നതിനും അത് ഭരണപരമായി തന്നെ ലിഖിതരൂപത്തില്‍ നിര്‍വ്വചിച്ച് വര്‍ത്തമാനത്തിലും അത്യന്തം ദൃഢപ്പെടുത്തി അഴിച്ചു മാറ്റാനാവാത്ത ജന്മഭാരമായി മാറുന്നതിനും പൗരസമൂഹത്തിനു മേല്‍ ഇന്ത്യന്‍ സെന്‍സസ് വഴിയൊരുക്കി.
ആധുനിക ഭരണകൂടം എന്ന സ്ഥാപനവും സംഘടിതമതം എന്ന പരമ്പരാഗത സ്ഥാപനവും തമ്മിലുള്ള ഇടപാടിലെ വിനിമയവസ്തു എന്ന നിലയില്‍ മാത്രമാണ് സെന്‍സസ് വഴി രൂപപ്പെട്ട ആധുനിക ഇന്ത്യന്‍ സമൂഹത്തില്‍ വ്യക്തിയുടെ സ്ഥാനം. അതായത് മതത്തോട് ഒട്ടിനില്‍ക്കുമ്പോള്‍ മാത്രമാണ് ഒരാള്‍ക്ക് ഭരണകൂടവുമായി ബന്ധംസ്ഥാപിക്കാന്‍ കഴിയുന്നത്. ഭരണകൂടം അയാളെ "നീഒരുമതജീവിമാത്ര'മാണെന്ന് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ മതം അഴിച്ചുമാറ്റാനാവാത്ത ഒരു അവയവമാണ് ഇന്ത്യക്കാരന്. ഒപ്പം, ജാതിമതാധിഷ്ഠിതമായ ഒരു കുടുംബഘടന ഭരണകൂടവുമായി സംഘടിതമതം വഴി അധികാരബന്ധത്തില്‍ ഏര്‍പ്പെടുകയും ഭരണകൂടവും സംഘടിതമതവും തമ്മിലുള്ള രാഷ്ട്രീയവേഴ്ച മതാധിഷ്ഠിത കുടുംബഘടനയെ നിത്യേനയെന്നോണം അരക്കിട്ടുറപ്പിക്കുകയുംചെയ്യുന്നു. അതായത് ഭരണകൂടതാല്‍പര്യങ്ങളെ ശക്തിപ്പെടുത്തുന്ന ഏറ്റവും പ്രാകൃതമായ ഒരു വേദിയായി ഇന്ത്യന്‍ സമൂഹത്തില്‍ കുടുംബം സ്ഥാപിക്കപ്പെടുന്നു. ജാതിമതാധിഷ്ഠിത ലോകവീക്ഷണമുള്ള പൗരസമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്വം ഇന്ത്യന്‍ സമൂഹത്തില്‍ കുടുംബം അതുകൊണ്ടുതന്നെ അതിവിദഗ്ധമായി നിര്‍വഹിച്ചു പോരുന്നുണ്ട്.
വ്യക്തിതാല്പര്യങ്ങളുടെ പ്രതിനിധി എന്നനിലയില്‍ മതത്തിന് സവിശേഷമായ ഒരു പൊതുവ്യക്തിത്വം ഭരണകൂടം കല്‍പ്പിച്ചുകൊടുത്ത് ഇരുസ്ഥാപനങ്ങളും പരസ്പരം ബലപ്പെടുത്തുന്നതുപോലെ, ഇന്ത്യയില്‍ ആധുനിക ഭരണകൂടത്താല്‍ പ്രബലമാക്കപ്പെട്ട സംഘടിതമതം കുടുംബമെന്ന സ്ഥാപനം വഴിയാണ് വ്യക്തിയെ കൈകാര്യം ചെയ്യുന്നത്. കുടുംബവും മതവും തമ്മിലുള്ള ഇടപാടുകള്‍ക്കകത്തെ നാണയങ്ങളാണ് വ്യക്തികള്‍. അങ്ങനെ ഭരണകൂടത്താല്‍ മതം മാധ്യമമായി കുടുംബഘടനയും പ്രബലമാക്കപ്പെടുന്നു. ഇപ്രകാരം കുടുംബം, മതം, ഭരണകൂടം ഈ മൂന്ന് സ്ഥാപനങ്ങളുടെ അധികാര വലയത്തിനകത്താണ് ഇന്ത്യന്‍ വ്യക്തിയുടെ ദുര്‍ബലസ്ഥാനം. അതായത് കുടുംബത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച് മതത്തെ ഉപാധിയാക്കി അദൃശ്യരൂപിയായി ഭരണകൂടം പൗരസമൂഹത്തില്‍ സര്‍വ്വത്രവിരാജിക്കുന്നു.
ഹിന്ദുമത നിര്‍മ്മാണം
ഇസ്ലാം ക്രിസ്ത്യന്‍ മതങ്ങളുടെ സമാനഘടനയില്‍ ബ്രാഹ്മണമതത്തെ പുന:ക്രമീകരിച്ചുകൊണ്ടാണ് ഇന്ത്യന്‍ സെന്‍സസ് സംഘടിത ഹിന്ദുമതത്തിന് ജന്മംനല്‍കിയത്. ബ്രാഹ്മണമതത്തിന് പുറത്ത് നിന്നിരുന്നതും ബ്രാഹ്മണമതം തങ്ങളുടെ ഭാഗം എന്ന് ഒരിക്കലും അംഗീകരിക്കാത്തതുമായ ഇന്നത്തെ ഒ.ബി.സി., എസ്.സി., എസ്.ടി. വിഭാഗത്തില്‍പ്പെട്ട ചാതുര്‍വര്‍ണ്യേതരമായ അനേകം ബഹുസംസ്‌കാര സ്വതന്ത്ര ഗോത്രങ്ങളെ ഹിന്ദുമതം എന്ന പുതിയ ഭൂമികയിലേക്ക് ഇന്ത്യന്‍ സെന്‍സസ് കൊണ്ടുവന്ന് അവരെയെല്ലാം ഭരണകൂടത്തിന് കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള വിഭവങ്ങളാക്കിമാറ്റി.

അപ്പോള്‍ ബ്രാഹ്മണമതത്തിലെ ചാരിത്ര്യ പാതിവ്രത്യ പുരാണകഥകള്‍ ഇന്നത്തെ ഹിന്ദുമതത്തിലെ 65ശതമാനത്തോളം വരുന്ന ഒബിസി ആദിയായ വിഭാഗങ്ങളിലേക്കും കടന്നുവന്നു. ഈ വിഭാഗങ്ങള്‍ക്ക് ആധുനിക വിദ്യാഭ്യാസത്തോടെ സിദ്ധിച്ച സാക്ഷരത ബ്രാഹ്മണ പുരാണാശയങ്ങള്‍ കൂടുതലായി സ്വാംശീകരിക്കാന്‍ അവസരമൊരുക്കി. ക്ഷേത്രപ്രവേശനം പോലുള്ള സാമൂഹ്യമാറ്റങ്ങള്‍ വഴി ഹിന്ദുവല്‍ക്കരണത്തിലൂടെ പുരുഷ കേന്ദ്രീകൃതമായ ബ്രാഹ്മണമത സ്ത്രീസങ്കല്പം, സെമിറ്റിക്മതങ്ങളുടെ അതേശൈലിയില്‍ ഇന്ത്യയിലെ എല്ലാ സമൂഹങ്ങളിലേക്കും എത്തി. അവരിലും, ""രാമരാമേതി'' ജപിച്ച ഭര്‍ത്താവിന്റെ കാല്‍പാദങ്ങള്‍ പിന്തുടരുന്ന സ്ത്രീരത്‌നം ഉത്തമകുടുംബിനിയായി അവരോധിക്കപ്പെട്ടു. ഒരു സുപ്രഭാതത്തില്‍ ബ്രാഹ്മണമതത്തിലേക്ക് പ്രവേശനം കിട്ടിയ ഒ.ബി.സി. ആദിയായ സ്വതന്ത്ര ജാതി ഗോത്രങ്ങള്‍ ബ്രാഹ്മണമത യജമാന ആശയസംഹിതകളുമായി താദാത്മ്യംപ്രാപിക്കുകയും തങ്ങള്‍ ലോകത്തെ ഏറ്റവും മുന്തിയ മതം എന്ന അഭിമാനത്തിലേക്ക് ചേക്കേറി സ്വന്തം അധമത്വത്തെ തൊലിപ്പുറമേ ചികിത്സിച്ച് ഭേദപ്പെടുത്തുകയും ചെയ്തു. വംശീയവാദം ദരിദ്രരായ വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് എങ്ങനെയാണോ കപടമായ ഒരു സാക്ഷാത്കാരം അവരുടെ വെളുത്ത യജമാനന്മാരുമായി സാത്മ്യപ്പെട്ടുകൊണ്ട് സാധ്യമാക്കിയത്, തത്തുല്യമായ ഒരു വികാരമാണ് ബ്രാഹ്മണമതത്തിന്റെ ഭാഗമായപ്പോള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ചാതുര്‍വര്‍ണ്യേതര സമൂഹങ്ങള്‍ക്കും കൈവന്നത്.
ഇപ്രകാരം ഇന്ത്യന്‍ സെന്‍സസ്ഓടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഹൈന്ദവ നിര്‍മ്മാണം ആധുനിക ഇന്ത്യാചരിത്രത്തിലെ ഒരു തുടര്‍പ്രക്രിയയാണ്. അതിന്റെ ആശയസംഹിതകളിലേക്ക് ഉള്‍പ്പെടാതെപോയ എല്ലാ വിദൂരഗോത്രങ്ങളെയും അതിപ്പോഴും അതിന്റെ പ്രത്യയശാസ്ത്രമണ്ഡലത്തിലേക്ക് സ്വാംശീകരിച്ചുകൊണ്ടിരിക്കുന്നു. ഇതോടൊപ്പം, മുന്നേ തന്നെ ഇതിന്റെ ഭാഗമായി ചേര്‍ന്ന കുടുംബങ്ങളില്‍ ബ്രാഹ്മണ പുരുഷാധിപത്യമൂല്യങ്ങള്‍ വിക്ഷേപിച്ച് ശക്തിപ്പെടുത്തുന്നു.
ഇന്ത്യയിലെ കോളനി ഭരണകൂടം വ്യക്തികളേക്കാള്‍ മതത്തിന് സവിശേഷാധികാരം നല്‍കി, മതത്തെ ഭരണകൂടത്തിനു വേണ്ടി വ്യക്തികളെ മെരുക്കുന്ന ഉപകരണമാക്കി പരുവപ്പെടുത്തുന്നതു പോലെ, മതം കുടുംബത്തില്‍ പുരുഷന് സവിശേഷമായ അധികാരബലം നല്‍കി സ്ത്രീസമൂഹത്തെഭരണകൂട-മത ഇച്ഛകള്‍ക്ക് വിധേയയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ ബഹുവിധ സ്ത്രീപുരുഷ ബന്ധങ്ങളില്‍പ്പെട്ട വിവിധങ്ങളായ ഗോത്രങ്ങളെ ബ്രാഹ്മണമത പുരുഷാധികാര ഘടനയിലേക്ക് തെളിച്ചുകൊണ്ടുവരുന്നത് വഴി പുരുഷമേല്‍ക്കോയ്മയുടെ സംഹിംതകള്‍ എല്ലാജനവിഭാഗങ്ങളിലും എത്തിക്കാന്‍സാധിച്ചു.
ബ്രാഹ്മണമതവും ഇസ്ലാം ക്രിസ്ത്യന്‍ മതങ്ങളെപ്പോലെ രാഷ്ട്രീയാധികാരവുമായി നേരിട്ട് ബന്ധപ്പെട്ട് പാരമ്പര്യമുള്ള സംഘടിതമതം ആയതിനാല്‍ അതനുസരിച്ച് ഈ മതങ്ങളിലെല്ലാം കുടുംബത്തില്‍ പുരുഷാധിപത്യം അതിശക്തമായിട്ടാണ് നിലകൊള്ളുന്നത്. എന്നാല്‍ ഇന്ത്യയിലെ വിവിധ ജാതികളായി തിരിഞ്ഞ ഗോത്രസമൂഹങ്ങളിലാകട്ടെ പുരുഷാധിപത്യപ്രവണതകള്‍ ഇതേമാതിരിശക്തമല്ല. ഇസ്ലാം ക്രിസ്ത്യന്‍ മതങ്ങള്‍ പോലും അവയുടെ പ്രഭവശക്തി കേന്ദ്രങ്ങളില്‍നിന്ന് വിട്ട്, അധികാരവുമായി അകന്ന അന്യദേശങ്ങളില്‍ എത്തുമ്പോള്‍, അവയില്‍ പുരുഷാധിപത്യ പ്രവണതകള്‍ വളരെ ദുര്‍ബലമായിട്ടാണ് കാണുന്നത്. പ്രാദേശികമായ നാട്ടുമതങ്ങളുടെ അയഞ്ഞ ഘടനയെ ഈ സെമിറ്റിക് മതങ്ങളും ഉള്‍ക്കൊള്ളുകയാണ് ചെയ്യുന്നത്. കേരളത്തില്‍ ബ്രാഹ്മണേതരമായ മിക്ക ജാതികളിലും സ്ത്രീകള്‍ കുറേക്കൂടി സ്വയംനിര്‍ണയാവകാശവും സ്വാതന്ത്ര്യവും തന്റേടവും അനുഭവിച്ചുപോന്നിട്ടുണ്ട്.

മധ്യകാലഘട്ടത്തിലെ മലയാളകാവ്യങ്ങളില്‍ അക്കാലത്തെ ചന്തകള വര്‍ണിക്കുമ്പോള്‍ അവിടെ മറ്റുള്ളവര്‍ക്കൊപ്പം സാധനങ്ങള്‍ വില്‍ക്കുന്ന പുലയ സ്ത്രീകളെ കാണിച്ചുതരുന്നുണ്ട്. പുരുഷന്മാര്‍ക്കൊപ്പം പാടത്തും പറമ്പിലും പണിയെടുക്കുന്ന സ്ത്രീവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജാതിഗോത്രങ്ങളില്‍ സ്ത്രീകള്‍ കുറേക്കൂടി സ്വാതന്ത്ര്യവും തന്‍പോരിമയും പുലര്‍ത്തുന്നവരായിരുന്നു. ഇതേപോലെതന്നെ ഇതരമതങ്ങളിലും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളതും പുരുഷാധികാര കാര്‍ക്കശ്യങ്ങള്‍ ദുര്‍ബലമായതുമായ സാമൂഹ്യഘടനയില്‍ നിന്നാണ് ഉമ്മാച്ചുപോലുള്ള നോവലുകള്‍ സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ മതാധിഷ്ഠിതമായ വ്യക്തിത്വം ഭരണകൂടത്താല്‍ നിര്‍ണയിക്കപ്പെടുന്ന ആധുനിക ബ്രിട്ടീഷ്ഇന്ത്യന്‍ ഭരണവ്യവസ്ഥ വന്നതു മുതല്‍ ചിതറിക്കിടന്നിരുന്ന എല്ലാ വിഭാഗങ്ങളിലേക്കും ഏകതാനമായ പുരുഷാധിപത്യ കുടുംബ ഘടന കടന്നെത്തുകയും അധികാര പ്രയോഗം നടത്തുകയും ചെയ്തു.
മിഷനറി(സദാചാര)വിദ്യാഭ്യാസം
കേരളത്തില്‍ ഭരണകൂടാധികാരവുമായി ചേര്‍ന്ന് ശക്തിപ്രാപിച്ച മൂന്ന് സംഘടിത മതങ്ങളുടെ ആണധികാര പ്രത്യയശാസ്ത്രങ്ങള്‍ക്കൊപ്പം മിഷണറി വിദ്യാഭ്യാസത്തിന്റെ സദാചാരസങ്കല്‍പങ്ങളും മതേതരമായി പ്രവര്‍ത്തിക്കുന്നുണ്ട്. മിഷണറി സദാചാരം വിദ്യാലയങ്ങളിലൂടെ മതനിരപേക്ഷമായി പ്രവേശിച്ചതിനാല്‍ അതിലെ സ്ത്രീവിരുദ്ധതയുടെ തനിനിറം തിരിച്ചറിയുക അത്ര എളുപ്പമല്ല. നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന ആണ്‍പെണ്‍ ബന്ധങ്ങളിലെ സ്വച്ഛന്ദതയോട് കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുന്നതാണ് മിഷനറി സാഹിത്യവും രചനകളും. കോളനികളിലെ മനുഷ്യരുടെ ശരീരകാമനകളില്‍ പാപബോധം കുത്തിനിറച്ച് ലൈംഗികചോദനകളെ നിഷ്‌കരുണം അടിച്ചമര്‍ത്തുന്നതിനും അതുവഴി സമ്പൂര്‍ണ്ണമായ ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീ ശരീരത്തിനുമേല്‍ പ്രയോഗിക്കുന്നതിനും മിഷണറി സദാചാരം നല്ല പങ്കുവഹിച്ചുപോരുന്നു. മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ ഈ പ്രൊട്ടസ്റ്റന്റ് സദാചാരത്തില്‍ നിന്ന് വിശ്വാസിക്കും അവിശ്വാസിക്കും രക്ഷപ്പെടാനാവില്ല. കേരളത്തില്‍ മതമൂല്യങ്ങളെ പ്രത്യക്ഷത്തില്‍ തള്ളിപ്പറയുന്നവര്‍ പോലും സ്ത്രീശരീരത്തോട് വെച്ചുപുലര്‍ത്തുന്നത് മുതലാളിത്തത്തിന്റെ സാംസ്‌കാരിക പ്രത്യയശാസ്ത്രമായ മിഷനറിസദാചാരബോധമാണ് (മുതലാളിത്തം തന്നെ പ്രൊട്ടസ്റ്റന്റ് സാംസ്‌കാരിക മുന്നേറ്റമാണെന്ന മാക്‌സ് വെബറുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്). അത് വ്യക്തിലൈംഗികതയുടെ സ്വകാര്യതലത്തെ പാടേ നിരസിക്കുകയും കപടസദാചാരം അനുസരിക്കാന്‍ എല്ലാവരെയും നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അതോടെ ശരീരത്തില്‍ നിന്ന് ഒരിക്കലും മോചനം ലഭിക്കാത്ത സംഘര്‍ഷ പൂരിതമായ മനോഘടനയുള്ള മനുഷ്യരെകൊണ്ട് സമൂഹത്തെ കുത്തിനിറയ്ക്കുന്നു.
കുരുന്നിലേ തന്നെ പള്ളിക്കൂടത്തിലെ ബെഞ്ചുകളില്‍ ആണ്‍പെണ്‍ തരം തിരിവ് വരുത്തിയും, പിന്നീട് മുതിരുമ്പോള്‍ ഗേള്‍സ്, ബോയ്‌സ് കലാലയങ്ങളില്‍ അവരെ കുരുക്കിയിട്ടും പരസ്പരം നിഗൂഢത വളര്‍ത്തി സ്ത്രീപുരുഷ ശരീരങ്ങളെ വിരുദ്ധ ചേരിയില്‍ അണിനിരത്തി ശരീരവേട്ട ജീവിതവ്രതമാക്കുന്ന ആണ്‍കുട്ടികളെയും ശരീരം മാത്രമായിപോകുന്ന പെണ്‍കുട്ടികളെയും മിഷണറിസദാചാരം പ്രച്ഛന്നമായി വാര്‍ത്തെടുക്കുന്നുണ്ട്. അധികാരാസക്തമായ മതം കുടുംബത്തില്‍ ആണ്‍കോയ്മ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്ന മതേതരജീവികള്‍ പോലും മിഷനറി സദാചാരത്തിന്റെ സൈ്വര്യവിഹാര കേന്ദ്രമായ ആധുനിക വിദ്യാലയങ്ങള്‍ പാകുന്ന ലിംഗവിവേചനത്തിന്റെ വിഷവിത്തുകളെ തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് നമ്മുടെ മതേതര പാര്‍ട്ടികള്‍ പോലും ലിംഗം, ലൈംഗികത എന്നീ വിഷയങ്ങളിലെല്ലാം മതപാരമ്പര്യത്തില്‍ നിന്ന് വേറിട്ടുനില്‍ക്കാത്തത്.
മിഷണറിസദാചാരം, പുരുഷശരീരത്തില്‍ നിന്ന് വിരുദ്ധമായി സ്ത്രീശരീരത്തെ അത്യപകടകരവും സദാ പൊതിഞ്ഞു സൂക്ഷിക്കേണ്ടതുമാണെന്ന് നമ്മെ പഠിപ്പിച്ചതിന്റെ ദൃഷ്ടാന്തം കൂടിയാണ് ''മാറുമറയ്ക്കല്‍സമരം.'' ആണ്‍പെണ്‍ ശരീരങ്ങളെ വേറിട്ടുകാണാത്ത ഒരു നാട്ടുസംസ്‌കാരത്തിലേക്കാണ് സ്ത്രീകള്‍ക്ക് മേല്‍വസ്ത്രങ്ങളുമായി പുതിയ സദാചാരം പിടിമുറുക്കുന്നത്. കോളനിനാടുകളിലെ ജനങ്ങളുടെ പ്രാദേശിക വസ്ത്രവൈവിധ്യത്തിനുമേല്‍ നടത്തിയ മിഷണറി പ്രവര്‍ത്തനങ്ങള്‍ ഒരുവശത്ത് പുരുഷമേല്‍ക്കോയ്മയുടെ വിക്ടോറിയന്‍ സദാചാരം പഠിപ്പിച്ചെങ്കില്‍ അതോടൊപ്പം വസ്ത്രവ്യാപാരത്തിന് പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയ യൂറോപ്യന്‍ തുണിമില്‍ ഉടമകള്‍ക്ക് വിപണി ഒരുക്കിക്കൊടുക്കുകയും ചെയ്തു. വിവാഹം, ലൈംഗികത, സ്ത്രീവസ്ത്രധാരണം എന്നിവയിലെല്ലാം പുരോഗമനപരമെന്നു പുറമേ തോന്നുന്നതെങ്കിലും കോളനിവല്‍കൃതസമൂഹത്തില്‍ മുതലാളിത്ത ഇച്ഛകളുടെ പ്രവര്‍ത്തനം സുഗമമാക്കുക എന്നതാണ് മിഷണറി സദാചാരത്തിന്റെ സാംസ്‌ക്കാരിക ദൗത്യം.

അതായത് പെണ്‍ അധ്വാനത്തെ വീട്ടില്‍ മാത്രമല്ല, ആധുനിക തൊഴിലിടങ്ങളിലേക്കും (മിക്കവാറും പുരുഷനേക്കാള്‍ തീരെ കുറഞ്ഞ കൂലിക്ക്), ലഭ്യമാക്കുന്നതിന് അനുഗുണമായ പരിഷ്‌ക്കാരങ്ങളാണ് മിഷണറി സദാചാരത്തിലൂടെ സ്റ്റേറ്റ്തല നിയമമായി രൂപപ്പെടുന്നത്.
സ്ത്രീശരീരത്തിനുമേല്‍ മിഷണറി സദാചാരത്തിന്റെ കൈയേറ്റം നമ്മുടെ അര്‍ധനഗ്‌നരായ അമ്മദൈവങ്ങള്‍ക്ക് പോലും മാറുമറയ്ക്കുന്ന ചേലകള്‍ നല്‍കി അവരെ ആണ്‍ദൈവ ശരീരങ്ങളില്‍ നിന്ന് വേറിട്ട് നല്ല നാണക്കാരികളും അടക്കവും ഒതുക്കവും ഉള്ളവരാക്കി മാറ്റിക്കളഞ്ഞു. ആധുനികത്വത്തിന്റെ ഈ മിഷണറി ശരീരബോധത്തെ ബ്രാഹ്മണ്യ ഹിന്ദുത്വവും ഒരേപോലെ പങ്കിടുന്നതു കൊണ്ടാണ് നാട്ടുമത ശരീരവിശുദ്ധിയിലേക്ക് തിരികെപോയ എം.എഫ്.ഹുസൈന്റെ നഗ്‌നദേവീചിത്രത്തെ ബ്രാഹ്മണ്യ സദാചാരം അതിക്രൂരമായി പിച്ചിച്ചീന്തിയത്.

ഇങ്ങനെ ഭരണകൂടത്തിന്റെ മുന്‍കൈയില്‍ വ്യക്തിക്കും കുടുംബത്തിനും മേല്‍ അധീശത്വം പുലര്‍ത്തുന്ന മൂന്ന് സംഘടിതമതങ്ങളും മതേതര മുഖം വെച്ച മിഷണറിവിദ്യാഭ്യാസവും അതിസമ്മര്‍ദ്ദമേഖലകളായി, വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും നിത്യസാന്നിധ്യമായി നിലകൊള്ളുന്നതിനാല്‍ സ്ത്രീയുടെ വ്യക്തിത്വത്തിന് കേരളീയ ജീവിതം ഒരിക്കലും സാക്ഷാത്കാരം അനുവദിക്കുന്നില്ല. ഭരണകൂട താല്‍പര്യങ്ങളുടെ സജീവ പങ്കാളിയാകാന്‍ ഇവര്‍ പരസ്പരം മത്സരിക്കുന്നതിനൊത്ത് അവരുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് ഓരോമതവും കുടുംബത്തില്‍ കര്‍ക്കശമായ പുരുഷാധികാര പ്രയോഗത്തിലൂടെ മതഘടനയ്ക്ക് വിള്ളല്‍ ഉണ്ടാക്കാതെ നോക്കുന്നു. അതിനാല്‍ ആണുംപെണ്ണും എവിടെ ഒരുമിച്ചു നില്‍ക്കുന്നോ അപ്പോഴെല്ലാം നമ്മുടെ സമൂഹമനസ്സ് അവര്‍ക്കുമേല്‍ വട്ടമിട്ടുപറക്കുകയും പലതവണ സംശയത്തോടെ നോക്കുകയും ചെയ്യും.
പെണ്ണൊഴുക്കിന്റെ അണക്കെട്ടുകള്‍
കേരളീയ സമൂഹത്തില്‍ ഇന്ത്യയിലെ മറ്റ് സംഘടിത മതങ്ങളേക്കാള്‍ അധിക ജോലി ചെയ്യേണ്ട ഉത്തരവാദിത്വം കൂടി മതങ്ങള്‍ക്കുണ്ട്. കാരണം കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസം, തൊഴില്‍ എന്നിവയില്‍ ബഹുദൂരം മുന്നേറി റോഡിലും വാഹനത്തിലും വ്യാപാരത്തിലും ഓഫീസിലും എല്ലാം നിത്യസാന്നിധ്യമായി അരങ്ങുനിറഞ്ഞു നില്‍ക്കുകയാണ്. പഠിപ്പും ജോലിയുമുള്ള പെണ്ണുങ്ങള്‍ക്കാണ് വിവാഹമാര്‍ക്കറ്റില്‍ നല്ലഡിമാന്റ്. പകല്‍ മുഴുവനും പുറംലോകത്ത് കഴിയുന്ന സ്ത്രീകളെ പുരുഷാധികാര ഘടനയില്‍ വീണ്ടും പിടിച്ചുനിര്‍ത്തുക എന്നുള്ളത് ചില്ലറക്കാര്യമല്ല. ഓരോ മതത്തിനകത്തും അനേകം ഉപവിഭാഗങ്ങളായി പിരിഞ്ഞുകൊണ്ടുള്ള സ്ത്രീകേന്ദ്രീകൃത മതപ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഒന്നാമത്തേത്. ഓരോ ഉപവിഭാഗങ്ങളും അവരവരുടെ സാമ്പത്തികശേഷി അനുസരിച്ച് സ്ത്രീമാസികകള്‍, വനിതാ സംഘടനകള്‍ എന്നിവ ഉണ്ടാക്കിയെടുക്കുന്നത്, തൊഴില്‍ കമ്പോളത്തില്‍ സജീവ സാന്നിധ്യമായി സാമ്പത്തികസ്വാതന്ത്ര്യം അനുഭവിക്കുന്ന മലയാളിവനിതയെ പുരുഷാധികാരത്തില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തുന്നതിനുവേണ്ടിയാണ്.
ആരാധനാലയങ്ങളിലെ മിക്ക പരിപാടികളുടെയും സംഘാടകരും ഉപഭോക്താക്കളും കേരളത്തില്‍ സ്ത്രീകള്‍ ആണിന്ന്.
അണുകുടുംബവല്‍ക്കരണം, മധ്യവര്‍ഗവല്‍ക്കരണം എന്നിവവരുത്തുന്ന ഏകാന്തത, സംഘര്‍ഷം, ആത്മപരിശോധന ഇവകളെ മറികടക്കാന്‍ സ്ത്രീകള്‍ തേടുന്ന വിനോദ വിശ്രമങ്ങളെ മതാധിഷ്ഠിത പരിപാടികളില്‍ പിടിച്ചുവെച്ചുകൊണ്ട് വിദ്യ, ജോലി എന്നിവയിലൂടെ അവള്‍ക്ക് ലഭ്യമാകേണ്ട സ്വാശ്രയത്വവും സ്വാതന്ത്ര്യവും അടിച്ചമര്‍ത്തി അവളെ പുരുഷാധികാരത്തിന്റെ ഉത്തമ കുടുംബിനിയായി കേരളം വാര്‍ത്തെടുക്കുന്നുണ്ട്. അകംജോലിക്കൊപ്പം പുറംജോലിയെന്നത്, അറുപിന്തിരിപ്പന്‍ സ്ത്രീമര്‍ദ്ദക മതവിഭാഗങ്ങള്‍ക്കുപോലും മാതൃകാനാരിക്കുള്ള പൊന്‍തൂവലാണ് ഇപ്പോള്‍. പുറംലോകത്ത് അവള്‍ സ്വേച്ഛാചാരിയാകാതിരിക്കണമെങ്കില്‍ മറ്റുസമയങ്ങളിലെല്ലാം, മതാധികാരം നിഷ്‌ക്കര്‍ഷിക്കുന്ന സ്ത്രീവ്യവഹാരങ്ങള്‍ അവള്‍ക്കു നല്കി അവളുടെ ഉള്ളില്‍ സദാപുരുഷാധികാര പ്രയോഗത്തിനുള്ള സമ്മതിപത്രം അവള്‍ സ്വയം പതിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെയാണ്, വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസത്തിലും പുറംതൊഴിലിലും സ്ത്രീമുന്നേറ്റമുണ്ടായിട്ടും വിവാഹം, വസ്ത്രം, രാഷ്ട്രീയം എന്നിങ്ങനെയുള്ള തലങ്ങളിലൊക്കെ കേരളീയനാരി പുരുഷാധികാരത്തിന്റെ ഭയഭക്തിക്കനുസരിച്ച് ചുവടുവെയ്ക്കുന്നത്.
ഈവിധം ഒരുനൂറ്റാണ്ടിലേറെയായി മതപരവും കോളനിഅധീശത്വ ഭരണകൂടപരവുമായ പുരുഷാധിപത്യപ്രവണതകള്‍ ശക്തമായി നിലനില്‍ക്കുന്ന ഒരു സാംസ്‌കാരിക ഭൂപ്രദേശമാണ് കേരളം. അതിനാല്‍ ഇതില്‍ വസിക്കുന്ന എല്ലാ ആണ്‍സമൂഹവും ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധത്തിന് കെല്പുകെട്ടവരാണ്. സ്ത്രീ അവനെ സംബന്ധിച്ച് ആത്മാവില്ലാത്തവളാണ്.

സ്വതന്ത്രവ്യക്തിത്വത്തിനും ആത്മസാക്ഷാത്കാരത്തിനുമായുള്ള അവളുടെ കുതറലുകള്‍ എല്ലാംതന്നെ കാമഭ്രാന്ത് ആയിട്ടേ അയാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയൂ. കാരണം അവനെ സംബന്ധിച്ച് അവള്‍ വെറും ശരീരം മാത്രമാണ്. അതുകൊണ്ട് മറ്റെല്ലാരംഗങ്ങളിലും പുരോഗമനപരമായ മനോഭാവം വെച്ച്പുലര്‍ത്തുന്നവര്‍ പോലും സ്ത്രീയുടെ സമത്വവും സ്വാതന്ത്ര്യവും വരുമ്പോള്‍ ഒന്നാന്തരം പാരമ്പര്യവാദിയായി ആക്രോശിക്കുന്നതു കാണാം. സ്ത്രീക്ക് ആത്മാവും വ്യക്തിത്വവും ഉണ്ടെന്ന് കുടുംബത്തില്‍ നിന്നും വിദ്യാഭ്യാസത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഏറ്റവും നിന്ദ്യമായി ലൈംഗികവാക്കുകള്‍ ഉപയോഗിച്ച് അവളെ പൊതുസ്ഥലങ്ങളില്‍ പരസ്യമായി ആക്ഷേപിച്ച് അടിച്ചൊതുക്കുക എന്നത് ഉത്തമപുരുഷന്റെ കര്‍ത്തവ്യമായി അയാള്‍ കരുതുന്നു.

എന്നാല്‍ ഇന്ന് പുരുഷനില്‍നിന്ന് സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയതുകൊണ്ടും പുരുഷാധിപത്യത്തിന്റെ ചരിത്രപരമായ അനീതിയെപറ്റി തിരിച്ചറിവ് നേടിയത് കൊണ്ടും മെച്ചപ്പെട്ട സ്ത്രീ-പുരുഷ ബന്ധങ്ങളെ അറിയാനും അനുഭവിക്കാനും അവസരം കൈവന്നതുകൊണ്ടും, കേരളത്തില്‍ എല്ലാ അടിച്ചമര്‍ത്തലുകളെയും അതിലംഘിക്കുന്ന ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന് സ്ത്രീസമൂഹം തയ്യാറായികഴിഞ്ഞിട്ടുണ്ട്.
അതിന്റെ ഒന്നാമത്തെ തെളിവാണ് മൂന്ന് സംഘടിതമതങ്ങളും മിഷനറിവിദ്യാഭ്യാസവും ചേര്‍ന്ന് പൂര്‍വ്വാധികം ശക്തിയോടെ കാത്തുസൂക്ഷിച്ചു പോരുന്ന ആണധികാരത്തിന്റെ ഏറ്റവും വികലമാതൃകക്ക് അയാളുടെ ലാവണത്തില്‍ ചെന്ന് ആ മുഖത്ത് കരിഓയിലും കരണത്തടിയും ചാര്‍ത്താന്‍ ഇടയാക്കിയ സംഭവം.
മാത്രമല്ല സ്ത്രീകളുടെ എഴുത്തിനും പറച്ചിലിനും ഇന്നു കാണുന്ന ധീരമായ നാണമില്ലായ്മ മലയാളി പുരുഷന്റെ അവസാനത്തെ അഹന്തയുടെ തലയും തെറിപ്പിക്കുന്നതാണ്. ഉദാഹരണമായി ഈ കവിത കാണുക:
ഒറ്റ ഉറയാല്‍ പൊതിഞ്ഞവള്‍
പ്രവീണകെ
മഞ്ഞക്കുപ്പായക്കാരിയായ
ഞാനായിരുന്നു
അവനെന്നും പരിചയം
കുപ്പായത്തിനുള്ളില്‍
തെളിഞ്ഞ ബോഡീസാണ്
അവനും കൂട്ടര്‍ക്കും
മുഖത്തേക്കാള്‍ കൂടുതല്‍
തെളിഞ്ഞതെന്ന്
ഞാനന്ന് അത്ര ഊഹിച്ചില്ല.
പക്ഷേ
എളേമടെ മക്കള്‍
ചിഞ്ചുവും മഷിയും
അതിനപ്പുറം ഊഹിച്ചിരുന്നു.
അവര്‍ക്ക് എന്നേക്കാള്‍
മൂന്ന് വയസ്സ് മൂപ്പുണ്ട്.
അവരെപ്പോഴും പെറ്റിക്കോട്ടും
ഡ്രസ്സും മാച്ചാക്കി.
പെറ്റിക്കോട്ടെനിക്ക്
ചൊറിച്ചിലാണ്, ശല്യമാണത്.
പവര്‍ കട്ടായനേരം
മച്ചില്‍ നിന്ന്
താഴോട്ടോടുമ്പഴാണ്
കോണിക്കൂട്ടില്‍ വെച്ച്
അവനെന്റെ സൈസ്
ആദ്യമായി
അളന്നറിഞ്ഞത്.
ഒളിച്ചു കളികളിക്കാന്‍
മഷിയും ചിഞ്ചുവും
കൂടാഞ്ഞതു മുതല്‍
എന്റെ പെറ്റിക്കോട്ടില്ലായ്മക്കഥ
ആജീവനാന്തം
എന്റെപിന്നാലെ വന്നിട്ടുണ്ട്
ശേഷം
ഞാന്‍ബോഡീസ്
വിരോധിയായി
എനിക്കേ അറിയൂ,
ഷേപ് അസ്സലാവുന്നത്
തൂങ്ങിയാടുമ്പോഴാണ്.
പിടിക്കണ്ടോര്‍ ക്കെളുപ്പവും
പിടികിട്ടുമ്പോള്‍ സുഖവും
അത് തന്നെ.
ശേഷം അവനും കൂട്ടരും
എന്നെ വിട്ടു.
ഞാന്ന മുലകള്‍ക്ക്
ആളില്ലാതായി
പിന്നീട്
ഞാനെന്റേത് മാത്രമാക്കി
അവയെ നന്നായി
പോറ്റിയെടുത്തു.
അല്ലെങ്കിലും പുറത്ത്
സ്വാതന്ത്ര്യങ്ങളെക്കുറിച്ച്
വായിട്ടലക്കുന്ന എനിക്ക്
ഉള്ളിലെന്തിനാണ് ഈ
കെട്ടിപ്പൂട്ട്.
ഉറുമ്പരിക്കാതിരിക്കാന്‍
കടന്നെല്‍കുത്തേല്‍ക്കാതിരിക്കാന്‍
വെയില് കൊണ്ട് മഴകൊണ്ട്
പനിക്കാതിരിക്കാന്‍
ഒറ്റ ഉറ തന്നെ ധാരാളം.
Nusaiba Bai
11 Oct 2020, 08:56 AM
Good Article
Mohanan. N K
10 Oct 2020, 11:51 AM
ഈ വായന തികച്ചും വൈജ്ഞാനികം ! Positive Reading. Thanks a lot.
neritam.com
9 Oct 2020, 03:20 PM
നല്ല ലേഖനം. നന്ദി. കോളനി ഭരണവ്യവസ്ഥയോടുള്ള വെല്ലുവിളിയെ അമര്‍ച്ചചെയ്യുന്നതിനായിട്ടല്ല വംശീയവാദം തുടങ്ങുന്നത്. അത് മറ്റൊരു മനുഷ്യനെ അടിമപ്പെടുത്താനുള്ള ന്യായീകരണത്തിന്റെ പ്രത്യയശാസ്ത്രമായിട്ടാണ്. 15ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് രാജാവിന് വേണ്ടി Gomes de Zurara ആണ് അത് തുടങ്ങിയത്.
ജെ. ദേവിക
Feb 22, 2021
39 Minutes Listening
കെ.ആര്‍ മീര
Feb 15, 2021
50 Minutes Listening
സുനില്‍ പി. ഇളയിടം
Feb 05, 2021
4 Minutes Watch
കെ.കെ. സുരേന്ദ്രൻ
Feb 04, 2021
40 Minutes Watch
Truecopy Webzine
Jan 25, 2021
4 Minutes Read
രാധിക പദ്മാവതി
Jan 22, 2021
5 minute read
കല്‍പന കരുണാകരന്‍
Jan 09, 2021
5 Minutes Read
രജിതമോൾ കെ.കെ.
6 Jan 2021, 02:12 PM
ശ്രീ.അശോക കുമാർ വി , വായനാപരം ,ചിന്തകളോട് താദാത്മ്യമുണ്ടാക്കിയ ലേഖനം .വിവര സമ്പുഷ്ടം. ചിന്തോദ്ദീപകം. ബൗദ്ധികം. ഒരു സംശയം: പട്ടികജാതി വിഭാഗത്തിന് ഹിന്ദുവെന്ന് രേഖപ്പെടുത്താതെ ജാതി മാത്രം രേഖപ്പെടുത്തിയാൽ സാമുദായിക സംവരണം ലഭിക്കാതിരിക്കുമോ ? ഹിന്ദു വൽക്കരണം അത്തരമൊരു വിലങ്ങ് തീർത്തിട്ടുണ്ടോ ?ഹിന്ദുവെന്നെഴുതിയാലും ബ്രാഹ്മണിക്കൽ ജീവിതം അനുഷ്ഠിക്കാതിരിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഹിന്ദുവെന്ന് എഴുതാതിരിക്കുമ്പോൾ ഭരണഘടന തരുന്ന അവകാശം നിഷേധിക്കപ്പെടുമോ ? വെള്ളക്കാരനായ പാവപ്പെട്ടവൻ ഭ്രമിച്ചു പോയതുപോലെ ഇന്ത്യയിലെ ചാതുർവർണ്യത്തിനു പുറത്തുള്ളവരും ഹിന്ദുവായി സ്ഥാനക്കയറ്റം കിട്ടിയെന്ന ഭ്രമത്തിൽ നിന്നു പുറത്തു വരണം.. നല്ല ലേഖനം.