പ്രണയധൂർത്തന്റെ വേദനാലഹരി

സാക്ഷരത കൊണ്ടും സാഹിത്യം കൊണ്ടും ജനകീയത കൈവന്ന മലയാളസമൂഹത്തിൽ സാഹിത്യകാരന്റെ ആദിരൂപം കൂടി കൊത്തിയുണ്ടാക്കുന്നുണ്ട് 'മനസ്വിനി'. അത്​ ഭർത്താവിൽനിന്ന് പല കുപ്പായങ്ങളും ഊരിവാങ്ങിയണിഞ്ഞ സൃഷ്ടികർത്താവാണ്. അതായത്, പുതിയ വ്യവസ്ഥയിലെ ഭർത്താവ് മാത്രമല്ല, കവിമാതൃക കൂടിയാണ് 'മനസ്വിനി'യിലെ നൃപൻ. ഭർത്തൃത്വം, വ്യക്തിത്വം, കവിത്വം ഇതുമൂന്നും തമ്മിൽ അഴിച്ചെടുക്കാൻ ആർക്കും സാധിക്കില്ല- ക്ഷയരോഗബാധിതനായി മരണം പ്രതീക്ഷിച്ചുകഴിയവേ, 1947ൽ ചങ്ങമ്പുഴ എഴുതിയ 'മനസ്വിനി'യെക്കുറിച്ച് പഠനം

പ്രണയത്തിന്റെ ജനാധിപത്യം

നാധിപത്യകേരളത്തിൽ എല്ലാവർക്കും പ്രണയസ്വപ്നം കാണാനുള്ള ഭാഷ സൃഷ്ടിക്കുക എന്നതായിരുന്നു ചങ്ങമ്പുഴക്കവിതയുടെ ചരിത്രദൗത്യം. അദ്ദേഹം ജീവിച്ച കൊച്ചി രാജ്യമാണ് ആധുനിക ഇന്ത്യയിൽ ആദ്യമായി ജനാധിപത്യ മന്ത്രിസഭയെയും അതിന്റെ ഭാഗമായി ആദ്യത്തെ ഗ്രാമീണ വികസന മന്ത്രി (അമ്പാട്ട്​ ശിവരാമമേനോൻ) യെയും തെരഞ്ഞെടുത്തത്. 1925-1945 കാലത്ത് കൊച്ചിയിൽ നടന്ന ജനകീയാധികാര പ്രകിയകൾക്കിടയിലാണ്, 1911 ൽ ജനിച്ചുവളർന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന സാധാരണക്കാരൻ തന്റെ ഒട്ടുമിക്ക പ്രണയഗീതങ്ങളും പൂമാലകൾ കണക്കെ മലയാളികളെ അണിയിച്ചത്. ഇലക്ഷൻ സമയത്ത് സ്ഥാനാർത്ഥിക്കു ചാർത്തുന്ന ഹാരം പോലെ ആ കവനങ്ങൾ, പട്ടിണികൊണ്ട് പട്ടാളത്തിൽ ചേരാൻ പോയവരെയും കൊച്ചി പോർട്ടിലെ ചുമട്ടുകാരെയും സ്വതന്ത്ര പ്രണയരാജ്യത്തെ രാജകുമാരന്മാരാക്കി പുളകം കൊള്ളിച്ചു.

പ്രണയ (Romantic Love) ത്തെപ്പറ്റി നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളിലെ കണ്ടെത്തലുകൾ പറയുന്നത് ആധുനികത്വം (Modernity) മുതലാളിത്തം, ജനാധിപത്യം എന്നിവയുമായി ഈ വികാരം വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. പരിണാമ മനഃശ്ശാസ്ത്ര (Evolutionary psychology) പ്രകാരം മനുഷ്യവർഗത്തിന്റെ നിലനിൽപിനുവേണ്ടി പ്രകൃതി തന്നെ സ്ത്രീപുരുഷന്മാരിൽ ഇണക്കിച്ചേർത്ത വികാരമാണ് പ്രണയം. എന്നാൽ സാമൂഹ്യശാസ്ത്ര ഗവേഷണങ്ങൾ കാണിക്കുന്നത് പ്രണയം ഒരു സാർവജനീന വികാരമെന്ന നിലയിൽ മിക്ക മനുഷ്യസംസ്‌കാരങ്ങളിലും തീരെ പ്രകടമല്ല എന്നാണ്. ഈ വിഷയത്തിൽ ഗവേഷണം നടത്തിയ വിക്ടർ ഡി. മൻകും കൂട്ടരും (Victor de Munck: Romantic Love and Family Organisation: A Case for Romantic Love as a Bio social Universal) പറയുന്നത്, പ്രണയം ഹോമോസാപ്പിയനിലെ സാർവത്രിക വികാരമാണെങ്കിലും അത് പ്രകടമാകുന്നത് അനുകൂലമായ സാമൂഹ്യ സാഹചര്യങ്ങളിൽ മാത്രമാണ്. കൂട്ടുകുടുംബ സംവിധാനങ്ങളിൽ പ്രണയം ദമനം ചെയ്യപ്പെടുന്നതായി കാണാമെങ്കിൽ വ്യക്തിസ്വാതന്ത്ര്യവും അണുകുടുംബഘടനയും രൂപം പ്രാപിക്കുന്ന ആധുനിക സാമൂഹ്യക്രമത്തിലാണ് ഈ വികാരം സമ്പൂർണമായി പൂത്തുലയുന്നത്. പ്രണയത്തിന്റെ ഈ ജനകീയവൽക്കരണം സാധ്യമാക്കുന്നത് സാമൂഹ്യക്രമത്തിലും കുടുംബ കെട്ടുപാടുകളിലും വന്നുചേരുന്ന പുതുക്കിപ്പണിയലുകളിലൂടെയാണ്. ഭരിക്കുന്നവരെ തെരഞ്ഞെടുക്കാൻ വ്യക്തികൾക്ക് അവസരമൊരുക്കുന്ന ജനാധിപത്യക്രമം എല്ലാവരെയും പ്രണയമെന്ന വികാരമനുഭവിക്കാൻ പ്രാപ്തിയുള്ള സ്വതന്ത്ര വ്യക്തികളാക്കി മാറ്റുന്നുമുണ്ട്. മാത്രമല്ല പ്രണയസുഖം അനുഭവിക്കുന്ന വ്യക്തിത്വം ജനാധിപത്യ ഘടനയുടെ മുന്നുപാധിയുമാകുന്നു.

കേരളത്തിൽ ആധുനിക നഗരവൽക്കരണത്തിന്റെയും വ്യവസായവൽക്കരണത്തിന്റെയും ജനാധിപത്യവൽക്കരണത്തിന്റെയും കേന്ദ്രമായിരുന്നു ചങ്ങമ്പുഴ പ്രജയായിരുന്ന കൊച്ചി രാജ്യം. കേരളത്തിലെ ആധുനിക വ്യക്തിത്വരൂപീകരണത്തിന്റെ ഈ പരിവർത്തന ഭൂമിയാണ് ചങ്ങമ്പുഴക്കവിതയെന്ന പ്രണയാനുഭൂതി ഓരോ മലയാളിയിലേക്കും കടത്തിവിട്ട് അവരെയൊക്കെ ആധുനിക പ്രേമാർദ്ര വ്യക്തികളാക്കി പുതുക്കിയെടുത്തത്. പരിണാമപരമായി മലയാളിയിൽ നിക്ഷേപിക്കപ്പെട്ട പ്രണയവികാരത്തെ ആദ്യമായി അനുഭവിക്കാനും അനുഭവിപ്പിക്കാനും അതിൽ ഓരോ വ്യക്തിയെയും അത്ഭുതപ്പെടുത്താനുമുള്ള സ്വയം നിയോഗമായിരുന്നു ചങ്ങമ്പുഴയുടേത്. കവിതയെഴുതി മാത്രമല്ല പ്രണയത്തിനായി സ്വയം ജീവിച്ചു സമർപ്പിച്ചു കൊണ്ട് ചങ്ങമ്പുഴ 37-ാം വയസ്സിൽ രക്തസാക്ഷിയാവുകയും ചെയ്തു.
‘‘മഞ്ഞത്തെച്ചി പൂങ്കുല പോലെ''/ ‘‘കതിരുതിരുകിലുമദൃശ്യ ശരീരികൾ''/ ‘‘കലയുടെ കമ്പികൾ മീട്ടും മട്ടിൽ കളകളമൊഴുകീ കാടുകളിൽ''/ ‘‘മഞ്ഞല മാഞ്ഞിളവെയിലൊളിയിൽ ദലമർമ്മര മൊഴുകീ മരനിരയിൽ'' എന്നിങ്ങനെ, മലയാളി കേൾക്കാൻ കൊതിച്ച നാട്ടുമലയാളം സൃഷ്ടിച്ച് എല്ലാവരെയും പ്രണയപരവശരാക്കി മാറ്റി ചങ്ങമ്പുഴ. ഈ നാട്ടുവികാര പ്രപഞ്ചമാണ് പിന്നീട് മലയാളികളുടെ പ്രണയവും വിരഹവുമായി, ചങ്ങമ്പുഴയുടെ തുടർച്ചയായ സിനിമാഗാനങ്ങളിലേക്ക് പൂക്കാലമായി പെയ്തത്. ചങ്ങമ്പുഴ ഭാഷയില്ലെങ്കിൽ ചലച്ചിത്രഗാനങ്ങളും മലയാളത്തിൽ ഇല്ല.

‘മധുചന്ദ്രികയുടെ ചായത്തളികയിൽ
മഴവിൽ പൂമ്പൊടി ചാലിച്ചൂ
മനസ്വിനീ നിൻ മായാരൂപം
മനസ്സിൽ ഞാൻ വരച്ചു' എന്ന് വയലാർ 1969ൽ എഴുതുന്നതിനുവേണ്ടി ചങ്ങമ്പുഴ 1947 ൽ ‘മനസ്വിനി'യിൽ എഴുതി:
‘മലരൊളി തിരളും മധുചന്ദ്രികയിൽ
മഴവിൽക്കൊടിയുടെ മുനമുക്കി,
എഴുതാനുഴറി കല്പന ദിവ്യമൊ-
രഴകിനെ എന്നെ മറന്നു ഞാൻ!'

നമ്മൾ മണിപ്രവാള മലയാളിയിൽ നിന്ന് ആധുനികമലയാളിയാകുമ്പോൾ നമ്മുടെ പ്രണയഭാവത്തിന്റെ ജനാധിപത്യ ഭാഷയാകുന്നു ചങ്ങമ്പുഴക്കവിത. ആ കവിതയിൽ കാവ്യവിഷയത്തേക്കാൾ വർണ്ണനകൾ കുടമാറ്റം നടത്തുന്നത് ഭാഷയുടെ തരളത കൊണ്ട് എല്ലാവർക്കും യുവത്വം നൽകാനാണ്. ജന്മിത്തം വാർധക്യമെങ്കിൽ ജനാധിപത്യത്തെ യുവത്വമെന്നു വിളിക്കാം. എല്ലാവരും ഒരേപോലെ അവരവരുടെ സ്വപ്നലോകം നിർമ്മിക്കുകയാണ് ജനാധിപത്യത്തിൽ. അതിൽ വേണ്ട ഭാഷാക്കോപ്പുകളുടെ പണിക്കാരനായിരുന്നു ചങ്ങമ്പുഴ.

വായനയിലെ വ്യക്തി

കാൽപനിക പ്രസ്ഥാനത്തിലാണ് കഥാപാത്രവും കാഥികനും ഒന്നാകുന്ന രാസവിദ്യ വന്നുചേരുന്നത്. ആശാൻ എന്ന കവി സംസാരിച്ചത് തന്റെ കഥാപാത്രങ്ങളിലൂടെയാണെങ്കിൽ ചങ്ങമ്പുഴയിൽ താൻ തന്നെയാണ് കഥപ്രാത്രം. ‘വേദന, വേദന ലഹരിപിടിക്കും വേദന'യെന്നത് എഴുത്തുകാരന്റെ മാത്രം വേദനയാണ്. വായനക്കാരനു മുന്നിലെത്തി ഞാൻ തന്നെ കഥയും കഥാപാത്രവും എന്നു പറയുന്ന കവിത ആരംഭിക്കുന്നത് ചങ്ങമ്പുഴയിലാണ്.
ചങ്ങമ്പുഴ സ്വയം വെളിപ്പെടുത്തുമ്പോൾ വായനക്കാരൻ ഒരു വ്യക്തിയായിട്ടാണ് അത് കാണുന്നത്. സർക്കസ് പോലെ എല്ലാവരും കൂടി ആസ്വദിക്കുന്ന കലയല്ല ചങ്ങമ്പുഴക്കവിത. വ്യക്തിയും വ്യക്തിയും തമ്മിലാണ് വിനിമയം. മിക്കയിടത്തും നമ്മുടെ സമൂഹമനുഷ്യനാണ് ആശാൻ കവിതയുമായി സംവദിക്കുന്നത്, നാം എന്ന സ്വകാര്യവ്യക്തിയല്ല. ചങ്ങമ്പുഴ സ്വകാര്യവ്യക്തിയുടെ കവിയാണ്, പൊതുവ്യക്തിയുടെയല്ല. ഓരോരുത്തർക്കും വേണ്ടി അവരവരുടെ സ്വപ്നലോകം നിർമ്മിച്ചു നൽകിയ കവിതയാണത്.
‘കപട ലോകത്തിലാത്മാർത്ഥമായൊരു
ഹൃദയമുണ്ടായതാണെൻ പരാജയം'
എന്നത് ചങ്ങമ്പുഴ എന്ന വ്യക്തി മാത്രമല്ല, ഓരോ നമ്മളും അവരവരുടെ പരാജയമായി എണ്ണുന്നതാണല്ലോ.
കവി തന്നെ കഥാപാത്രമാകുമ്പോൾ അത് യഥാർത്ഥ ജീവത്തിലെ യഥാർത്ഥ ഹൃദയങ്ങളുടേതായി മാറുന്നു. ലീലയും നളിനിയും കൽപിത കഥപാത്രങ്ങളാണെങ്കിൽ ‘പാടുന്ന പിശാച്' ഇടപ്പള്ളിയിൽ ജീവിച്ച് കവിതയെഴുതി 1948 ജൂൺ 17 ന്, 37ാം വയസിൽ മരിച്ച ഒരു മനുഷ്യനാണ്.

വികാരം മാത്രമാണ് നിയമം

കാൽപനിക കവി ഒരു ചാഞ്ചാട്ടക്കാരനാണ്. അയാൾ ബാഹ്യസൗന്ദര്യത്തിൽ അടിപണിയും, ഒപ്പം ആന്തരിക സൗന്ദര്യമാണ് കേമമെന്നു പറയും. കൽപനകളുടെ ലോകത്ത് പുല്ലാങ്കുഴൽ ഊതുമ്പോൾ തന്നെ കറുത്തു വടുകെട്ടിയ വികൃതരൂപത്തെ പറ്റി പറയും. അസുന്ദരമായ വർത്തമാനത്തിൽ നിന്ന് സുന്ദരസുരഭിലമായ ഭൂതകാലത്തിലേക്ക് ഊളിയിടും. അയാൾക്കുമേൽ യാതൊരു നിയന്ത്രണവും അയാൾക്കെന്നല്ല ആർക്കുമില്ല. വികാരങ്ങളുടെ കാറ്റിനൊത്ത് നീങ്ങുന്ന പങ്കായമില്ലാത്ത യാനമാണയാൾ. കാസ്പർ ഡേവിഡ് ഫ്രെഡറിക് കാൽപനിക കവിതയെ പറ്റി പറയുന്നു; ‘കലാകാരന്റെ വികാരം മാത്രമാണ് അവിടുത്തെ നിയമം.'

സമൂഹത്തിന്റെ സകല നിയന്ത്രണങ്ങളേയും തന്നിഷ്ടം കൊണ്ട് പുല്ലുവില കൽപിക്കുന്ന നായകനത്രെ കാൽപനികത. വിലക്കുകളുടെ സകലലോകങ്ങളെയും കൂസാത്ത ഈ മനസ്സ് സ്വച്ഛചാരിയായ ആധുനിക ഉപഭോക്താവാണ്. അയാളുടെ പദബിംബങ്ങൾ പലതും മൂക്കറ്റം തീറ്റ കുടികളെ അനുസ്മരിപ്പിക്കും. മുന്തിരിച്ചാറു പോലെയാണ് ജീവിതം, ആ കവിതയിൽ.
‘Consuming the Romantic Utopia: Love and the Cultural Contradictions of Capitalism' എന്ന തന്റെ കൃതിയിൽ ഇവ ഇലോസ് (Eva Illouz ) മുതലാളിത്ത ഉപഭോഗപരതയും പ്രണയവും തമ്മിലുള്ള രഹസ്യവേഴ്ച മറനീക്കി കാണിച്ചുതരുന്നുണ്ട്. ‘For the victorious, then, the love was contained within morality; it was a means to the ends of self knowledge and spiritual edification. As the 20th century approached, however, romantic things underwent an important transformation: love began to be represented not only as a value in itself but as an important motive in the pursuit of happiness, now defined increasingly individualistic and private terms.'

മാർക്കറ്റിലെ ഉപഭോഗവസ്തുക്കൾ പരമാവധി സ്വന്തമാക്കുക എന്ന മാർഗ്ഗത്തിലൂടെ മാത്രമേ ഇണകൾക്കിടയിൽ പ്രണയാനുഭൂതി നിലനിർത്താൻ കഴിയൂ എന്ന രീതിയിലേക്ക് ആധുനിക സമൂഹം മാറ്റപ്പെടുകയാണിവിടെ. 1930 കളിലെ അമേരിക്കൻ ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലും പ്രണയം സാഫല്യമടയുന്നത് ദമ്പതികൾ മാർക്കറ്റിലെത്തി നല്ല കൺസ്യൂമറായി പരസ്പരം സന്തോഷിപ്പിക്കുമ്പോഴാണ്. പുതുവസ്ത്രങ്ങളിഞ്ഞ് ചമഞ്ഞെത്തുന്ന നായികയെ പ്രതീക്ഷിക്കുന്ന നായകനും ഉല്ലാസയാത്രയും സുന്ദരസമ്മാനങ്ങളും നീട്ടുന്ന നായകനെ കാത്തിരിക്കുന്ന നായികയുമാണ് ഇവിടെ പ്രണയ മാതൃകകൾ.
19-ാം നൂറ്റാണ്ടിൽ മതാത്മകതയുമായി ചേർന്നുനിന്നിരുന്ന ത്യാഗസുരഭിലമായ ആദർശപ്രണയം 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മതേതരമായി മാറുന്നത് ഇവ ഇലോസ് പറയുമ്പോൾ, പ്രണയശിഖയിൽ വേവുന്ന ആശാന്റെ നളിനി-ലീലമാരുടെ വിരതിയുടെ വിശ്വപ്രണയമോതുന്ന ദിവാകരയോഗിയിൽനിന്ന്​ ​​ഐ
ഹിക ഭോഗതൽപരനായ ചങ്ങമ്പുഴയിലെ കാമുകനിലേക്ക്​ നാം എത്തിച്ചേരുന്നു. അടങ്ങാത്ത ജീവിതകാമനകളോടെ ആധുനിക വ്യക്തിത്വമാർജ്ജിക്കുന്ന നായികമാരായ നളിനിയുടെയും ലീലയുടെയും പ്രണയാർത്തിയുടെ സഫലീകരണമാണ് ചങ്ങമ്പുഴക്കവിത.

1920കളോടെ പുഷ്ഠിപ്പെട്ട വ്യവസായവൽകൃത മുതലാളിത്തവും അതുവഴി വന്ന വൻതോതിലുള്ള ഉപഭോഗവസ്തുക്കളുടെ ഉൽപാദനവും പ്രണയാനുഭൂതിയെന്നത്​ മാർക്കറ്റിലെത്തുന്ന ഉപഭോഗ സാമഗ്രികളുടെ സ്വന്തമാക്കലാക്കി, അതിരില്ലാത്ത ജീവിതാസക്തിയാക്കി മാറ്റിയപ്പോൾ, കേരളത്തിലാകട്ടെ കൊച്ചി കേന്ദ്രമാക്കിയാണ്​ ഈ ഉപഭോഗ ധാരാളിത്തം സ്ഥാപിതമാകുന്നത്. യൗവനാരംഭത്തോടെ കണ്ണാടിക്കുമുന്നിൽ പലതവണ മുഖംമിനുക്കുന്ന ചങ്ങമ്പുഴയെ അദ്ദേഹത്തിന്റെ സഹോദരൻ അനുസ്മരിക്കുന്നുണ്ട്. സാഹിത്യ- സാംസ്‌ക്കാരിക സദസ്സുകളിൽ അഴകിയ രാവണനായി അണിഞ്ഞൊരുങ്ങി ആരുടെയും ശ്രദ്ധാകേന്ദ്രമായ ഈ കവിയെ പറ്റി പിൽക്കാലത്ത് പലകൂട്ടുകാരും ധാരാളം പറഞ്ഞിട്ടുമുണ്ട്.

ഭോഗവിലക്കുകളുടെയും വിഭവദാരിദ്യത്തിന്റെയും പഴയകാലത്തുനിന്ന് പുതിയ കാലത്തേക്ക് തന്നിഷ്ടക്കാരനായ ആധുനിക ഉപഭോക്താവ്​ രൂപം കൊള്ളുന്ന കാലമാണ് കവിയുടേത്. യൗവനാന്ത്യത്തിലെ ആസന്നമരണത്തിന്റെ മുൻദിനങ്ങളിൽ കവി, തന്നെ വിലയിരുത്തിക്കൊണ്ട് ‘ഞാൻ ജീവിതം ധൂർത്തടിച്ചു' എന്ന്​ ആത്മവിചാരണ നടത്തിയതിന്റെ ദൃക്‌സാക്ഷ്യം ഡോ.എസ്.കെ.വസന്തൻ പറയുന്നുണ്ട്. ചങ്ങമ്പുഴ ആധുനിക ഉപഭോഗങ്ങളിൽ നിമഗ്‌നനായി സ്വയം നഷ്ടപ്പെടുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ചരിത്രരേഖയല്ലേ?തന്റെ താന്തോന്നിത്തങ്ങളുടെ പശ്ചാത്തപം കൂടി ചേർത്ത് കാൽപനികതയുടെ ജീവിതവൃത്തം അദ്ദേഹം പൂർത്തിയാക്കിവെച്ചു. ‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം' എന്ന ആചാര്യ ഉദ്‌ബോധനം ആധുനിക മാർക്കറ്റ് ജീവിക്കുള്ള താക്കീതാണ്. എന്നാൽ, ചരിത്രത്തിന് കേരളത്തിൽ ഇത്തരം ഭോഗികളെ സൃഷ്ടിക്കാതെ രക്ഷയില്ല. അതിന്റെ ആദ്യപ്രവാചകനാണ് ചങ്ങമ്പുഴ. ആ കവിത തന്നെ ക്ഷണപ്രഭാചഞ്ചലമാണല്ലോ. ഉപഭോഗത്തിന്റെ തനിമ തന്നെ വർത്തമാനത്തിൽ രമിക്കുക എന്നതത്രേ.

ഈ പുത്തൻ ഉപഭോഗ വ്യക്തിത്വത്തെ ദാമ്പത്യത്തിലേക്ക് ഭർത്താവായി കൂടിയിരുത്തുന്നതാണ് ‘മനസ്വിനി'. അത് കുറ്റബോധം തോന്നിയാൽ വീട്ടിൽ നിന്നിറങ്ങി അതു മറക്കാൻ വീണ്ടും ലഹരിയിൽ വീഴും; ഉപഭോഗ ലഹരിയിൽ. എന്നിട്ട് വീണ്ടും ഭവനത്തിലെത്തി ത്യാഗദേവതയെ സ്തുതിക്കും. അയാൾ അറിയുന്നു, എന്നാൽ ആകാനാവില്ല. അയാളുടെ ദൗർബല്യം ഉപഭോഗതൃഷ്ണയാണ്. പുംലിംഗമായതുകൊണ്ടുമാത്രം രക്ഷപ്പെട്ടുപോകുന്നു.
കവിക്ക് ഭാര്യ മനസ്വിനിയായി മാറുന്നത് അവൾ ‘പ്രതിഷേധസ്വരമറിയാതെഴുമാ പ്രതിമ ഗുണാർദ്ര'യായതിനാലാണ്. ഏതനീതിയെയും പ്രതിഷേധം തരിമ്പുമില്ലാതെ ഒരു പ്രതിമയെന്നവണ്ണം സഹിക്കാനുള്ള അവളുടെ കഴിവിന് കഥാനായകൻ കൊടുക്കുന്ന ബഹുമതിയാണ് ‘മനസ്വിനി’.

ഒരുവശത്ത് നായിക വ്യക്തിത്വം ഒരു വിരാട് രൂപമായി ആകാശം നിറയുമ്പോൾ അത് സാധ്യമാകുന്നത്​ നായിക തന്റെ വ്യക്തിത്വത്തെ ഒരു പ്രതിമയിലേക്കു സന്നിവേശിപ്പിച്ച്​ നിഷ്‌കാസിതമാക്കുന്നതുകൊണ്ടത്രേ. ഒന്നിന്റെ അഭാവത്തിൽ മറ്റേത്​ ഭാവമാകുന്നു. സ്ത്രീക്ക് ദാമ്പത്യത്തിൽ പട്ടും വളയും കിട്ടുന്നത്​ ഭർത്താവിന്റെ വ്യക്തിത്വം കാത്തുരക്ഷിക്കാൻ സ്വയം നഷ്ടപ്പെടുത്തുമ്പോഴാണ്. ഈ ഭാര്യ, ദമ്പത്യ കവനങ്ങളിലെ ആർക്കിടൈപ്പ് ആണല്ലോ. ഇത്തരം അവതാര രൂപങ്ങളെ കാലാനുസൃതമായി ഒന്നുകൂടി മിനുക്കുന്നു എന്നതാണ്​ ‘മനസ്വിനി’യിലെ കവികർമ്മം. ആത്മപരിശോധനയുടെ കാല്പനിക മേമ്പോടിയാണ് ഇവിടെ കാവ്യഭംഗി. ആദ്യത്തെ ലക്ഷണമൊത്ത ദാമ്പത്യ കവിതയാണ്​ ‘മനസ്വിനി’ എങ്കിൽ അതിൽ തന്നെ പുരുഷൻ സ്വന്തംപദവി ‘പുതുലോകത്തെ പുതുനൃപൻ' എന്ന നിലയിൽ ഉറപ്പിച്ചിട്ടുണ്ട്.
മരുമക്കത്തായം, കൂട്ടുകുടുംബം എന്നിവയിൽ നിന്ന് ആധുനിക ദാമ്പത്യത്തിന്റെ പുതുലോകത്തേക്കുവന്നാലും പുരുഷൻ ആ ലോകത്തെ പുതിയ ഭരണാധികാരിതന്നെ. ഭാര്യയായ പ്രജയ്ക്ക്​ ഈ പുതുരാജ്യത്തും വേണ്ടത്​ ത്യാഗം കൊണ്ടും ഭവനം സേവനബന്ധുരമാക്കാനുള്ള കഴിവാണ്; പ്രതിമഗുണാർദ്ര മനസ്സാണ്. അവൻ ഒന്നുതൊട്ടാൽ അലിഞ്ഞില്ലാതാകുന്ന ശിലയാണവൾ.
കവിയും കഥാപാത്രവും ഭർത്താവും ഒന്നാകുന്ന ‘പുതുലോകത്തെ പുതുനൃപൻ' ഭൂമിമലയാളത്തിൽ ഇതിനുമുമ്പിലാത്ത ഒരു മികസിംഗ് & എഡിറ്റിംഗ് ആണ്. ഒന്നിൽനിന്ന് മറ്റൊന്നിനെ അടർത്താൻ പറ്റില്ല. ഒന്ന് മറ്റേതിലേക്കുകൂടി അള്ളിപ്പിടിച്ചാണിരിപ്പ്. പുല്ലാങ്കുഴൽ കേട്ടാൽ വൃന്ദാവനജീവികൾ ചുറ്റം നന്ദിച്ചുനിൽക്കുന്നതുപോലെ, കവി നൽകുന്ന അനുഭൂതിയിൽ സമൂഹവും ആമഗ്‌നരാകുന്നു. അസാധാരണനായ ഈ പ്രതിഭയുടെ എല്ലാ തന്നിഷ്ടങ്ങളെയും അയാളുടെ മഹത്വത്തിന്റെ കിരീടത്തിലെ പൊൻതൂവലായി പ്രജാസമൂഹം കാണാൻ പരിശീലിക്കേണ്ടതുണ്ട്. ഈ അമര്യാദരാമനെ, കവിയാണ് എന്ന ഒറ്റക്കാരണത്താൽ പുല്ലാങ്കുഴലൂത്തിൽ വീണുകിടക്കുന്ന ആസ്വാദകലോകം, ദിവസം മുഴുവൻ ജേതാവിനെയെന്നപോലെ തോളിൽ ചുമക്കും. ഇങ്ങനെ സാക്ഷരതകൊണ്ടും സാഹിത്യം കൊണ്ടും ജനകീയത കൈവന്ന മലയാളസമൂഹത്തിൽ സാഹിത്യകാരന്റെ ആദിരൂപം കൂടി കൊത്തിയുണ്ടാക്കുന്നുണ്ട് ‘മനസ്വിനി’. അത്​ ഭർത്താവിൽനിന്ന് പല കുപ്പായങ്ങളും ഊരിവാങ്ങിയണിഞ്ഞ സൃഷ്ടികർത്താവാണ്. അതായത് പുതിയ വ്യവസ്ഥയിലെ ഭർത്താവ് മാത്രമല്ല, കവിമാതൃക കൂടിയാണ്​ ‘മനസ്വിനി’യിലെ നൃപൻ. ഭർത്തൃത്വം- വ്യക്തിത്വം- കവിത്വം- ഇതു മൂന്നും തമ്മിൽ അഴിച്ചെടുക്കാൻ ആർക്കും സാധിക്കില്ല.

പുസ്തക പ്രസാധനം അഥവാ സാംസ്‌കാരിക വ്യാപാരം

കുടുംബത്തിലെ അധികാരവ്യവസ്ഥക്കു തത്തുല്യമായ ഒരു വ്യവസ്ഥ കലാ-സാഹിത്യലോകത്തും ആധുനിക സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അവിടെ സൃഷ്ടികർത്താവ് പുരുഷനും വായനക്കാർ സ്ത്രീയുമാണ്. കലാകാരനെപ്പറ്റി അയാളുടെ സവിശേഷപ്രതിഭയെയും വ്യക്തിത്വത്തെയും പറ്റി കൊത്തിയുണ്ടാക്കിയ പരികല്പനകൾ വായനക്കാരെ ഭരിക്കുന്ന അധികാരവ്യവസ്ഥയാണ്. അതൊരു മേൽക്കോയ്മതന്നെ. വായനാസമൂഹത്തിൽനിന്ന് ചില സവിശേഷാധികാരങ്ങൾ അയാൾ നേടിയെടുക്കുന്നു.

ഉപഭോഗ വസ്തുക്കകളുടെ അന്തമറ്റ പ്രവാഹത്താൽ സമൂഹം കണ്ണഞ്ചിനിന്നുപോയ 20ാംനൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് തിയോഡർ അഡോണയും മാക്‌സ് ഹോകിമറും ചേർന്ന് സംസ്‌കാര വ്യവസായത്തെപ്പറ്റിയുള്ള തിരിച്ചറിവുകൾ അവതരിപ്പിക്കുന്നത്. ഭീമമായി ഉൽപാദനം നടക്കുന്ന വ്യാവസായിക വസ്തുക്കൾ എന്നപോലെ അച്ചടിസാഹിത്യവും ചലച്ചിത്രവും പുതിയ വ്യവസായങ്ങളായി മാറി ജനസമൂഹത്തെയാകെ അവയുടെ ഉപഭോക്താക്കളാക്കി പരുവപ്പെടുത്തുന്ന പുതിയ ചരിത്രഘട്ടത്തിൽ വായനക്കാരനുമേൽ അധികാരമായി മാറുന്ന സൃഷ്ടികർത്താവ് (Author) എന്ന മിത്ത്​ ഊട്ടിയുറപ്പിക്കപ്പെട്ടു.
പുസ്തകം എന്നത് കച്ചവടമൂല്യമുള്ള ഒരു ചരക്കായി മാറുമ്പോഴാണ് എഴുത്തുകാരന്റെ അധികാരവ്യവസ്ഥ രൂപപ്പെടുന്നത്. കേരളത്തിൽ ചങ്ങമ്പുഴയോടെയാണ് താരമൂല്യമുള്ള ജനപ്രിയനായ ഈ എഴുത്തുകാരന്റെ ജനനം. സ്വന്തം വ്യക്തിത്വവും കവിത്വവും മാത്രമാണ് ചങ്ങമ്പുഴയുടെ മൂലധനം. അതുവെച്ചുവേണം സാഹിത്യകാരനെന്നനിലയിൽ വായനാസമൂഹത്തെ ലഭ്യമാക്കേണ്ടത്.

സ്വന്തം പുസ്തകം സ്വയം വിറ്റുനടന്ന് അതിലൂടെ ഉപജീവനത്തിലേക്ക്​ വന്ന കവിയാണ് ചങ്ങമ്പുഴ. പുസ്തകപ്രസാധനം എല്ലാഅർത്ഥത്തിലും ജനകീയമാകുന്ന കാലമാണത്. ജനാധിപത്യ രൂപീകരണം വഴി അരവരുടെ ഉള്ളിൽ കെട്ടിക്കിടക്കുന്നതും അതേവരെ അക്ഷരലോകത്തേക്ക്​ വന്നുചേരാത്തതുമായ ‘മധുരസ്വപ്‌നശതാവലി തീർത്തൊരു മായാലോക’മാണ്ചങ്ങമ്പുഴ ആവിഷ്‌ക്കരിച്ചത്. എന്റെ (നിങ്ങളുടെയും)വികാരങ്ങളല്ലാതെ മറ്റൊന്നും വില്പനക്കില്ല എന്നുപറഞ്ഞകവിയാണ് ചങ്ങമ്പുഴ.

പുസ്തക പ്രസാധനം അഥവാ സാംസ്‌കാരിക വ്യവസായം എന്ന തികച്ചും പുതിയ ഒരു വിപണിലോകത്തിന്റെ വളർച്ചയുടെ നാഴികക്കല്ലാണ് ആ കവിതകൾ.
‘‘ആരുവാങ്ങുമിന്നാരുവാങ്ങുമീ
യാരാമത്തിന്റെ രോമാഞ്ചം
അപ്രമേയവിലാസലോലയാം
സുപ്രഭാതത്തിൻ സുസ്മിതം''
എന്ന് പാടിക്കൊണ്ടാണ്​ ഈ കവി സാഹിത്യച്ചന്തയിലേക്കുവരുന്നത്.
‘‘പൂക്കാരാ പൂക്കാരാ പൂക്കുമ്പിളിൽനിന്നൊരു പൂതരുമോ''
എന്ന പെൺകുട്ടിയുടെ ചോദ്യമല്ല അത്. കാവ്യോൽപാദകൻ കൈയിൽ പ്രിന്റ് ചെയ്ത കവിതാപുസ്തകവുമായി വലിയയൊരു നാട്ടുകമ്പോളത്തിലേക്ക്​ വന്നുനിന്ന്​, തനി നാടൻമട്ടിൽ യാതൊരു സങ്കോചവുമില്ലാതെ, ഉറക്കെ ആളുകളോട്, ആ ബഹളത്തിനിടയിൽക്കൂടി വിളിക്കുകയാണ്, ഞാനിതാ ഒരു പുതിയ പൂമാല കൊണ്ടുവന്നിരിക്കുന്നു. വാക്കുകൾകൊണ്ട്​ കോർത്ത കാവ്യനർത്തകിയാണിത്. ഇതിന്റെ ഗുണം മറ്റൊന്നുമല്ല, രോമാഞ്ചം തന്നെ. വേറൊന്നും നൽകാനില്ല. ഈ രോമാഞ്ചം പുതിയ ലോകത്തിന്റെ, മാറിയ കാലത്തിന്റെ സുസ്മിതമാണ്.

അന്നത്തെ എല്ലാ മലയാളിക്കും, അവർ ഓരോരുത്തരും ഓരോ വ്യക്തിയെന്ന നിലയ്ക്ക് അനുഭവിച്ചതോ അനുഭവിക്കാൻ പോകുന്നതോ ആയ രോമാഞ്ചത്തിന്റെ കാവ്യഭാഷയാണ് ചങ്ങമ്പുഴക്കവിത. ഇവിടെ ‘കാവ്യവ്യാപാരം' കൊഴുപ്പിക്കണമെങ്കിൽ രോമാഞ്ചം കൊടുക്കുന്ന ഉൽപന്നം കൊണ്ടുമാത്രം മതിയാകില്ല. ഉൽപാദകന്റെ സവിശേഷ വ്യക്തിത്വവും പൂമാലക്കച്ചവടത്തിന്​ മാറ്റുകൂട്ടണം. അതാണ് പുതിയ മാർക്കറ്റിന്റെ പ്രത്യേകത. ഏതുൽപന്നം എന്നതിനേക്കാൾ ഏതു ബ്രാന്റ് എന്നതാണ് കാര്യം. ചങ്ങമ്പുഴക്ക് ​ബ്രാന്റ് ചെയ്യാൻ മറ്റൊന്നുമില്ല, താൻ തന്നെയാണത്. പാടുന്ന പിശാചാണ് ബ്രാന്റ്. അത് ‘അ​പ്രമേയ വിലാസലോലമാ'യ വ്യക്തിത്വത്തിന്റെ മാർക്കറ്റിംഗ്​ ആണ്. കവിത ചങ്ങമ്പുഴ എന്ന മനുഷ്യൻ തന്നെയാണ്. അച്ചടക്കമുള്ള ഒരു വ്യവസ്ഥയിലെ തന്നിഷ്ടക്കാരനുകിട്ടുന്ന താരാരാധനയാണിത്. അച്ചടക്കമില്ലാത്തവന്റെ കവിതകൾ എന്നാണ് ചങ്ങമ്പുഴയുടെ ക്യാപ്ഷൻ.

ഈവിധം മലയാള കലാ-സാഹിത്യ ലോകത്ത് സ്രഷ്ടാവിലെ വ്യക്തിയുടെ അരാജക മാതൃകക്കുകൂടി അടിത്തറയിട്ട കവിയാണ് ചങ്ങമ്പുഴ.അങ്ങനെ മഞ്ജിമ വിടരുന്ന കാവ്യഭാഷ മാത്രമല്ല, കവിയിലെ വ്യക്തിയുടെ ധൂർത്തരൂപവും വരുംതലമുറകൾക്ക് പിന്തുടരാൻ ചങ്ങമ്പുഴ ദിശ കാട്ടി. എന്നിലെ എല്ലാ വ്യക്തിവൈപരീത്യങ്ങളും ഞാൻ കലാകാരനായതിനാൽ എനിക്കുള്ള പൂമാലകളായ് നിങ്ങൾ കണക്കാക്കൂ എന്നാണ്​ ഈ കലാപാരമ്പര്യം വായനക്കാരോട് നിർബ്ബന്ധിക്കുന്നത്. കൃതി മാത്രമായി വേർതിരിച്ചെടുക്കാൻ ബ്രാന്റുകളുടെ ചന്തയിൽപ്പെട്ട ഉപഭോക്താക്കൾക്ക് കഴിവില്ലാത്തതിനാൽ കലാകാരന്റെ വ്യക്തിപരമായ ഈ വഴിപിരിച്ചിലുകൾ അയാളുടെ ഉല്പന്നത്തിന്റെ ട്രേഡ്മാർക്ക് ആയി കൃതിയിലേക്കു സന്നിവേശിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ താരം കഥയെയും കഥപാത്രത്തെയും വിഴുങ്ങുന്ന വിപര്യയത്തിന്​ തിരശ്ശീല ഉയരുന്നു. സിനിമയിലും രാഷ്ട്രീയത്തിലുമെന്നപോലെ ആധുനിക പുസ്തക പ്രസാധനവും താരങ്ങളെക്കൊണ്ടാണ്​ വളർന്നുപൊങ്ങുന്നത്.

അച്ചടി സാഹിത്യവ്യവസായത്തിന്റെ ആവശ്യാർത്ഥം രൂപീകരിക്കപ്പെട്ട രചയിതാവ്/സ്രഷ്ടാവ് എന്ന മിത്ത് കൃതിയെയും, അതിന്റെ പാഠങ്ങളെ സൃഷ്ടിക്കുന്ന വായനക്കാരനെയും അക്ഷരങ്ങൾക്കകത്തെ കാൽപനികതയിൽ ബന്ദിയാക്കുന്നുണ്ട്. അത്​ വായനയെ വ്യവസ്ഥയുടെ സുരക്ഷിതത്വത്തിൽ അഭിരമിക്കാൻ നമ്മെ ശീലിപ്പിക്കുന്നു. സാംസ്‌ക്കാരിക വ്യവസായത്തിന്റെ ഈ മിത്തിനെതിരെയാണ് 1968ൽ റൊളാങ്ബാർത്ത് ‘ഗ്രന്ഥകാരന്റെ മരണം' (The Death of the Author) പ്രഖ്യാപിച്ചത്.

Comments