ആതിരയും ഉമേഷും വീണ്ടും; വിവാഹദിവസം

പൊലീസിലെ അമിതാധികാരപ്രയോഗത്തിനും മോറൽ പൊലീസിങ്ങിനും വിധേയരായ കോഴിക്കോട് സ്വദേശിനിയായ ഗായികയും മ്യൂസിക് കമ്പോസറുമായ ആതിര കെ. കൃഷ്ണന്റെയും സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിന്റെയും ജീവിതത്തിലെ ഒരു പ്രധാന ദിവസമായിരുന്നു ഇന്ന്; ഇരുവരും വിവാഹതരായി. മാത്രമല്ല, ഉമേഷിന്റെ സസ്‌പെൻഷൻ ഇന്നലെ പിൻവലിക്കുകയും ചെയ്തു.

31 വയസ്സുള്ള ആതിരയുടെ അമ്മ നൽകിയ പരാതിയിലാണ് കോഴിക്കോട് സിറ്റി കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫീസർ യു. ഉമേഷ് എന്ന ഉമേഷ് വള്ളിക്കുന്നിനെ 2020 സപ്തംബർ 18ന് കമീഷണർ എ.വി. ജോർജ് സസ്പെന്റ് ചെയ്തത്. ആതിരക്ക് വാടകക്ക് ഫ്‌ളാറ്റ് എടുത്തുകൊടുത്തുവെന്നും ഫ്‌ളാറ്റിൽ ഉമേഷ് നിത്യസന്ദർശനം നടത്തുന്നത് പൊലീസ് സേനക്ക് കളങ്കവുമാണെന്ന വിചിത്ര ആരോപണം ഉന്നയിച്ചായിരുന്നു സസ്‌പെൻഷൻ. മൊഴിയെടുക്കാൻ ആതിരയുടെ ഫ്ളാറ്റിലെത്തിയ പൊലീസ് അവരെ അപമാനിക്കുംവിധം പരാമർശങ്ങൾ നടത്തുകയും ചെയ്തു. പൊലീസിന്റെ മോറൽ പൊലീസിങ്ങിനെതിരെ ഇരുവരും പരാതിയുമായി മുന്നോട്ടുപോയി. ഇവർക്ക് പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്തു. ഒടുവിൽ അന്വേഷണം നടത്താനും സസ്‌പെൻഷൻ പിൻവലിക്കാനും അധികൃതർ നിർബന്ധിതരായി.

വിവാഹം രജിസ്റ്റർ ചെയ്തശേഷം, കഴിഞ്ഞുപോയ പ്രതിസന്ധികളെക്കുറിച്ചും പുതിയ ജീവിതത്തെക്കുറിച്ചും ‘തിങ്കി'നോട് സംസാരിക്കുകയാണ് ആതിരയും ഉമേഷും.

Comments