ആസാദി കി സുബഹ്

എത്രയോ സന്ദേശങ്ങൾ റെഡ് ഫോർട്ടിൽനിന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യ കേട്ടു, ഇപ്പോഴും കേൾക്കാൻ കാതുകൂർപ്പിക്കുന്നു. ഭരണഘടന വിഭാവനം ചെയ്ത ക്ഷേമരാഷ്ട്രാധിഷ്ഠിത സ്വപ്നം സഫലമാകാൻ. മതേതരത്വവും തുല്യതയും നീതിയും പ്രാവർത്തികമാക്കാൻ.ഒരു രാജ്യത്തിന്റെ സമ്പത്തായ യുവത ഈ ദേശം ഞങ്ങൾക്ക് യോജിച്ചതാണെന്ന്​ പറഞ്ഞുകേൾക്കാൻ.

മുനയുടെ തീരത്തോടുചേർന്ന് ലാൽ കില.
ചുവപ്പ് സാൻഡ് സ്റ്റോണിന്റെ പ്രൗഢിയിലും പരപ്പിലും അഷ്ടഭുജാകാരത്തിൽ ചെങ്കോട്ട. രണ്ടര കിലോമീറ്റർ ചുറ്റളവിന്റെ വ്യാപ്തിയിലേക്ക് ഞങ്ങൾ നടന്നുകയറിയത് ഡൽഹി ഗേറ്റ് വഴിയാണ്, ഞാനും മിസിസി മൽഹോത്ര എന്നറിയപ്പെടുന്ന സലോനിയും. തൊട്ടുമുന്നിൽ ചാന്ദ്‌നി ചൗക് മാർക്കറ്റ്. മറ്റാരെയും കാൾ മിസിസ്​ മൽഹോത്രയാണ് ഈ സന്ദർശനത്തിന് എന്നെ കൂട്ടിക്കൊണ്ടുപോവേണ്ടത്, കാരണം അവർ ഒരു പട്ടാളക്കാരന്റെ ഭാര്യയാണ്. അമർ കോളനിയിലെ വീട്ടിൽനിന്നിറങ്ങുമ്പോൾ അവർ ജീവിതം മുഴുവനോടെ പറഞ്ഞു തന്നു, കലർപ്പില്ലാതെ.

1971 ലെ ഇന്ത്യ- പാക്ക് യുദ്ധത്തിലെ ഷെല്ലാക്രമണത്തിലാണ് പരിക്കേറ്റ്​അവരുടെ ഭർത്താവ് മേജർ വിപിൻ മൽഹോത്ര വീൽചെയറിലായത്.
തലക്കുള്ളിലേക്ക് തറഞ്ഞുകയറിയ നേരിയ ചീളുകൾ ക്രമേണ ട്യൂമറിലേക്ക് രൂപാന്തരപ്പെടുകയും അദ്ദേഹം മരിക്കുകയും ചെയ്തു.

ചെങ്കോട്ടക്കുള്ളിലൂടെ മുന്നോട്ട് വഴികാണിച്ച്​ സലോനി നടന്നു.
സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ അടയാളപ്പെടുത്തിയ ചുവരുകളും കടന്ന്, മ്യൂസിയത്തിനുള്ളിലെ തണുപ്പിലേക്കും ബോധപൂർവം ക്രമീകരിച്ച നിഴൽവെട്ടത്തിലേക്കും ഞങ്ങൾ ചെന്നെത്തി .

ആസാദി കി സുബഹ് -THE DAWN OF FREEDOM

കൂടുതൽ അടുത്തുചെന്ന് ഞാനത് വായിച്ചു.
1947 ആഗസ്റ്റ് 15 ന് സർദാർ വല്ലഭായ് പട്ടേൽ ലോകത്തിനുനൽകിയ സന്ദേശം: ‘‘ഈ മണിക്കൂറുകളുടെ ആനന്ദത്തിൽ നമ്മൾ ഉണർവോടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ മഹത്തായ ഉത്തരവാദിത്തങ്ങളും കടമകളും മറന്നു പോകരുത്. നമ്മുടെ പ്രഥമമായ കടമ ജാഗ്രതയോടെ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തെ ആഭ്യന്തരവും ബാഹ്യവുമായി വന്നേക്കാവുന്ന പ്രതിലോമശക്തികളിൽനിന്ന് സംരക്ഷിക്കുക എന്നതാണ്. കാരുണ്യത്താൽ നമുക്കത് നൽകപ്പെട്ടിരിക്കുന്നു. നമ്മുടെ ആശകൾക്കും അഭിലാഷങ്ങൾക്കുമനുസരിച്ച്​ ഇന്ത്യയെന്ന രാജ്യത്തിന്റെ ഊടും പാവും നമുക്ക് നെയ്‌തെടുക്കാം. മാതൃരാജ്യത്തോടുള്ള കടമ നിർവഹിക്കുന്നതിൽ നമ്മുടെ ചുവട് പിഴക്കുന്നുവെങ്കിൽ വിരലുകൾ ചൂണ്ടേണ്ടത് നമ്മുടെ നേർക്ക് തന്നെയാണ്. തീർച്ചയായും നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും മുന്നോട്ടുള്ള പാതയിലുണ്ട്. പക്ഷെ, നമ്മുടെ ഇച്ഛാശക്തിയിൽ, കഠിനാധ്വാനത്തിൽ, നാം അവയൊക്കെയും തരണം ചെയ്യേണ്ടതുണ്ട്.’’

വായിച്ചുകഴിഞ്ഞപ്പോൾ ചുവരിൽ വിടർത്തി വച്ച ഇന്ത്യയെന്ന വലിയ ഗ്രന്ഥത്തെ കണ്ടു. ഇടത്തുവശത്തെ പേജിൽ 1947 ലെ സ്വാതന്ത്ര്യപ്പുലരിയിൽ പത്രങ്ങൾ ആഘോഷിച്ച സ്വാതന്ത്ര്യദിന വാർത്തകളുടെ കട്ടിങ്ങുകൾ.

ഇടനാഴിയിലൂടെ മുന്നോട്ടുനീങ്ങുമ്പോൾ സഹനസമരകഥകൾ ആലേഖനം ചെയ്ത ചുവരുകൾ കണ്ടു.അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ച്​ സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഒരു രാജ്യം നടന്നടുക്കും മുമ്പ് അരങ്ങേറിയ പിന്നാമ്പുറ കഥകൾ.

THEY LAID THEIR LIVES FOR THE FREEDOM OF THE MOTHER LAND.

സലോനി വിശദീകരിച്ചു; TREASON TREASON എന്നട്ടഹസിച്ച്​ദേശസ്‌നേഹികളെ ബ്രിട്ടീഷുകാർ തൂക്കിലേറ്റുന്നു. വഞ്ചന, കൊടുംവഞ്ചന എന്ന ഗദ്ഗദത്തോടെ അവർ കൊല്ലപ്പെടുന്നു.

മ്യൂസിയത്തിലെ സന്ദർശകരുടെ നിര ചില സ്ഥലങ്ങളിൽ മുന്നോട്ടു നീങ്ങാതെ കട്ടകെട്ടി നിൽക്കും, തീർച്ചയായും ഏതെങ്കിലും ദൃശ്യമോ ഓർമപ്പെടുത്തലുകളോ അവരുടെ കാലുകളെ അല്പനേരത്തേക്ക് അവിടെ തളച്ചിടുമെന്നതുകൊണ്ടുതന്നെ.

വർഷങ്ങൾ പിന്നിലേക്ക് ഒരു ചിത്രം കൂട്ടിക്കൊണ്ടുപോയി.
വർഷം 1933.
ആൻഡമാനിൽ സെല്ലുലാർ ജയിലിൽ അരങ്ങേറിയ നിരാഹാര സമരം. മറുമരുന്നുപോലെ ബ്രിട്ടീഷ് ഡോക്ടർമാർ ഒരു കാര്യം ചെയ്തു. ബലം പ്രയോഗിച്ചു മൂക്കുമുട്ടെ ആഹാരം കഴിപ്പിച്ച്​ അവരുടെ അരച്ചാൺ വയറിന്റെ ദഹനവ്യവസ്ഥ തകരാറിലാക്കി. അങ്ങനെ അവശതയിലേക്കും മരണത്തിലേക്കുമുള്ള ക്രിയ എളുപ്പവഴിയിൽ അവർ ചെയ്തുവച്ചു.

മെഡിക്കൽ ഡയറിയിൽ ആ ഭിഷഗ്വരന്മാർ ഇങ്ങനെ കുറിച്ചു; മഹാവീർസിംഗ്, മരിച്ചത് ഹൃദ്രോഗം മൂലം, മോഹിത് മിശ്രയുടെയും മോഹൻ കിഷോറിന്റെയും മരണകാരണം -ന്യൂമോണിയ.

ഇളം വെളിച്ചത്തിൽ മ്യൂസിയത്തിനുള്ളിൽ വസ്ത്രം പോലെ തോന്നിക്കുന്ന ഒന്ന്. അത് ഹാങ്ങറിൽ തൂങ്ങിയാടി നിൽക്കുന്നു. അതിപ്പോൾ മഹത്വത്തിന്റെ വസ്ത്രമാണ്.

സലോനി പറഞ്ഞു, പരുപരുത്ത ആ ചാക്കുവസ്ത്രം എന്തുപകാരമാണ് ഒരു മനുഷ്യജീവിക്ക് നൽകുക?
ആൻഡമാനിലെ അത്യുഷ്ണം നിറഞ്ഞതും ഈർപ്പമുള്ളതുമായ അന്തരീക്ഷത്തിൽ ഈ ചാക്കുവസ്ത്രങ്ങളാണ് ദേശത്തിനുവേണ്ടി ജയ് വിളിക്കുന്ന ശരീരങ്ങൾക്ക് നല്ലത് എന്നവർ തലപുകഞ്ഞാലോചിച്ച്​ കണ്ടെത്തിയിരുന്നു.
എപ്പോഴൊക്കെ ആ ധീരസേനാനികളുടെ ശരീരത്തുനിന്ന് അവർ അത് ഉരിഞ്ഞു മാറ്റിയോ, അപ്പോഴെല്ലാം മാംസവും രക്തവും വെണ്ണീറും ആ പരുപരുപ്പിലേക്ക് അവർ പകർന്നു പകരം നല്കി. തീയിൽ കുരുത്തതുപോലെ വർദ്ധിതവീര്യത്തോടെ അവർ സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടി.
തങ്ങളുടെ ശരീരത്തുവീഴുന്ന ദണ്ഡങ്ങളൊന്നും ആത്മാവിനെ തളർത്തില്ലായെന്ന് ആ ദേശസ്‌നേഹികൾ ആവർത്തിച്ചുകൊണ്ടേയിരുന്നു.

അന്നത്തെ കൂച്ചു വിലങ്ങുകൾ കണ്ടുനിൽക്കുമ്പോൾ
കൈകളിൽ വിലങ്ങുവീണൊരു പ്രതീതി. കടലാസും മഷിയും ഉപയോഗിക്കുന്നവർ കൂടുതൽ അപകടകാരികളാണെന്ന് ബോധ്യമുണ്ടായിരുന്നു ജയിൽ അധികൃതർക്ക്. അത് നിഷേധിക്കപ്പെട്ടപ്പോൾ
ജയിൽഭിത്തിമേൽ അവർ സ്വാതന്ത്ര്യത്തിന്റെ ഗീതികൾ കരിയും കല്ലും വച്ച് കോറിയിട്ടു. ശേഷം തങ്ങൾ എഴുതിയത് വേഗം മനഃപാഠമാക്കി മായ്ച്ചുകളഞ്ഞു.

ഒരു പുലരിയെത്തും മുൻപുള്ള ഇരുണ്ട ദിനങ്ങളുടെ വർത്തമാനങ്ങൾ, കാഴ്ചകൾ, ശേഷിപ്പുകൾ.

ഞങ്ങൾക്കുപിന്നിൽ മുഗൾ സാമ്രാജ്യത്വത്തിന്റെയും ബ്രിട്ടീഷ് ആധിപത്യത്തിന്റെയും സ്വതന്ത്ര ഇന്ത്യയുടേയും പ്രതീകമായി ചുവന്ന കോട്ട. ലാൽ കില 75ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ.

എത്രയോ സന്ദേശങ്ങൾ റെഡ് ഫോർട്ടിൽനിന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യ കേട്ടു, ഇപ്പോഴും കേൾക്കാൻ കാതുകൂർപ്പിക്കുന്നു. ഭരണഘടന വിഭാവനം ചെയ്ത ക്ഷേമരാഷ്ട്രാധിഷ്ഠിത സ്വപ്നം സഫലമാകാൻ. മതേതരത്വവും തുല്യതയും നീതിയും പ്രാവർത്തികമാക്കാൻ.ഒരു രാജ്യത്തിന്റെ സമ്പത്തായ യുവത ഈ ദേശം ഞങ്ങൾക്ക് യോജിച്ചതാണെന്ന്​ പറഞ്ഞുകേൾക്കാൻ. അംബേദ്കർ പറഞ്ഞതുപോലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിൽനിന്ന്, അവരുടെ ഉറച്ച ചുവടുകളിൽനിന്ന് രാജ്യത്തിന്റെ പുരോഗതി നിശ്ചയിക്കാൻ.

ലാഹോർ ഗേറ്റ് വഴി ഞങ്ങൾ റെഡ് ഫോർട്ടിന് പുറത്തേക്കിറങ്ങി. നാഷണൽ വാർ മെമ്മോറിയലിൽ പ്രതിരോധ മന്ത്രാലയം സജ്ജീകരിച്ചിരിക്കുന്ന ഡിജിറ്റൽ സ്‌ക്രീനിൽ TOUCH TO PAY HOMAGE എന്നെഴുതിയിരിക്കുന്നിടത്ത് സലോനിയോടൊത്ത് ഞാൻ നിന്നു. വീരമൃത്യു വരിച്ച സൈനികർക്കും ദേശസ്‌നേഹികൾക്കും ആദരമർപ്പിച്ച്​ വിരലമർത്തുമ്പോൾ മൂന്ന് ഓപ്ഷൻസ് തെളിഞ്ഞു വന്നു.
പൂമാല, റീത്ത്, പുഷ്പം.
റീത്ത് പ്രസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ആദരം പൂർത്തിയായി എന്ന അറിയിപ്പ് ലഭിച്ചപ്പോൾ ബാക്കടിച്ച്​ എക്‌സിറ്റായി അമർ കോളനിയിലേക്ക് മടങ്ങി. പേരുപോലെ തന്നെ രാജ്യത്തിന് ജീവത്യാഗം ചെയ്തവർക്ക് പതിച്ചു കൊടുത്ത ഇടം.

നാഷനൽ വാർ മ്യൂസിയം

തിരിച്ചുപോകവേ ഏത് വിഷയമാണ് ഞാൻ ഐച്ഛികമായി പഠിച്ചതെന്ന് സലോനി ചോദിച്ചു.
ഞാൻ പറഞ്ഞു, രാഷ്ട്രമീമാംസ.
പുസ്തകങ്ങളിൽ പഠിച്ചുവച്ച സിദ്ധാന്തങ്ങൾക്കപ്പുറം അതിന്റെ തുടിപ്പ്
മാറിയ കാലത്തിലും ലോകത്തിലും ജീവിതത്തിന്റെ വീഥികളിൽ നിന്നും ഞാൻ പഠിക്കുന്നു. വ്യക്തിയുടെ വലിയ പതിപ്പായ രാഷ്ട്രശരീരത്തിലെ പോറലുകളെയും മുറിവുകളെയും ഉത്കണ്ഠയോടെ കാണുകയും ചെയ്യുന്നു.

Comments