ബ്രിട്ടീഷ് രാജില്‍നിന്ന്
മോദി രാജിലേക്ക്...
കര്‍ഷക സമരം ചമ്പാരന്റെ തുടര്‍ച്ചയാണ്
ബ്രിട്ടീഷ് രാജില്‍നിന്ന് മോദി രാജിലേക്ക്... കര്‍ഷക സമരം ചമ്പാരന്റെ തുടര്‍ച്ചയാണ്
ഇന്ത്യയാകെ പടരുന്ന കര്‍ഷക സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വിശകലനം ചെയ്ത് ട്രൂ കോപ്പി വെബ്‌സീനില്‍ ബി. രാജീവന്‍ എഴുതിയ ‘ചമ്പാരനില്‍ നിന്ന് കൊളുത്തുന്ന പുതിയ കര്‍ഷക സമരജ്വാല’ എന്ന ലേഖനത്തില്‍നിന്നുള്ള ഭാഗങ്ങളാണിത്.
30 Nov 2020, 05:29 PM
ബി.ജെ.പി ഗവണ്മെന്റിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നുവരുന്ന കര്‍ഷകരുടെ പ്രക്ഷോഭം പല കാരണങ്ങളാല്‍ ഗാന്ധി നയിച്ച കര്‍ഷക സമരങ്ങളെ ഓര്‍മിപ്പിക്കുന്ന ഒന്നാണ്. സ്വന്തം ഭൂമിയില്‍ എന്തു കൃഷി ചെയ്യണം, എങ്ങനെ കൃഷി ചെയ്യണം, സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് എന്ത് വില കിട്ടണം തുടങ്ങിയ കര്‍ഷകരുടെ മൗലികമായ അവകാശങ്ങളെ നിഷ്‌ക്കരുണം എടുത്തുകളഞ്ഞ് ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ കര്‍ഷകരെ അര്‍ദ്ധ പട്ടിണിക്കാരും അടിമകളുമാക്കി മാറ്റിയതിനെതിരെ ആയിരുന്നു ഗാന്ധി ചമ്പാരനില്‍ നിന്ന് തന്റെ സമരത്തിന് തുടക്കം കുറിച്ചത്. ഈ തുടക്കം യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയില്‍ നിന്ന് നാടിനെ വീണ്ടെടുക്കുന്നതിനുള്ള ഇന്ത്യന്‍ കര്‍ഷകരുടെ പുതിയ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ തുടക്കം കൂടിയായിരുന്നു.
ഇന്നിപ്പോള്‍ നരേന്ദ്ര മോദി ഗവണ്‍മെന്റ് ഏകപക്ഷീയമായി പാസാക്കിയെടുത്ത കാര്‍ഷിക നിയമങ്ങള്‍ ചെറുകിട കര്‍ഷക സമൂഹത്തെ ആഗോള കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് പൂര്‍ണമായും അടിമപ്പെടുത്തുന്നതിനുള്ള അധികാര പത്രങ്ങളാണ് എന്നുതന്നെ പറയേണ്ടിവരും. കാരണം, ഈ നിയമങ്ങള്‍ നടപ്പാകുന്നതോടെ ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്തെന്ന പോലെ കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയിലും കൃഷിയിലും ഉല്‍പന്നങ്ങള്‍ക്കും മേലുള്ള അവശേഷിക്കുന്ന അവകാശങ്ങള്‍ കൂടി ക്രമേണ എടുത്തു കളയപ്പെടുകയാവും ഫലത്തില്‍ സംഭവിക്കുക.
സ്വതന്ത്ര വിപണി, കരാര്‍ കൃഷി
കൊളോണിയല്‍ സാമ്രാജ്യവാഴ്ച കാലത്ത്, എന്ത് കൃഷി ചെയ്യണമെന്നും എന്ത് വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കണമെന്നുമുള്ള കര്‍ഷകന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള പൂര്‍ണമായ നിയന്ത്രണമാണ് അവരുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തിയതെങ്കില്‍ ആഗോള മൂലധന സാമ്രാജ്യത്തിന്റെ കാലത്ത് കര്‍ഷകരെ കെണിയിലാക്കുന്നത് ദരിദ്ര കര്‍ഷകര്‍ക്ക് അപ്രാപ്യമായ സ്വതന്ത്ര വിപണിയുടേയും കരാര്‍ കൃഷിയുടേയും നടപ്പാക്കലാണെന്നുമാത്രം. അന്തിമ പരിശോധനയില്‍, നിയന്ത്രിത കമ്പോളത്തിന്റെയും നിയന്ത്രിത കൃഷിയുടെയും ഇടുക്കുതൊഴുത്തിനുള്ളില്‍ ബന്ധിക്കപ്പെട്ട ചമ്പാരനിലെ കര്‍ഷകര്‍ക്ക് ബ്രിട്ടീഷ് മുതലാളിമാര്‍ പറഞ്ഞത് മാത്രം കൃഷിയിറക്കി അവര്‍ പറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടി വന്നെങ്കില്‍ നരേന്ദ്രമോദി നടപ്പാക്കുന്ന, കര്‍ഷകര്‍ക്കപ്രാപ്യമായ സ്വതന്ത്ര കമ്പോളത്തില്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍ വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുന്നു- രണ്ട് സന്ദര്‍ഭങ്ങളിലും ഇന്ത്യന്‍ കര്‍ഷകര്‍ അനുഭവിക്കേണ്ടി വരുന്ന പാരതന്ത്ര്യവും ചൂഷണവും അന്തഃസ്സത്തയില്‍ ഒന്നുതന്നെയാണ്. അതിനാല്‍, പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ തുടങ്ങിയ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം നിര്‍ണായകമാണ്.
കര്‍ഷകര്‍ പുതിയ രാഷ്ട്രീയ ശക്തിയാകുന്നു
ഇന്ന് ആഗോള മുതലാളിത്ത മൂലധനത്തിന്റെ പുതിയ കെണികളില്‍ നിന്നുള്ള മോചനത്തിനായി സമരം ചെയ്യുന്ന ഇന്ത്യയിലെ കര്‍ഷകര്‍ ദേശീയ മുതലാളിത്ത ദേശ രാഷ്ട്രത്തിലെ ‘ജനത'യെന്ന സ്വത്വത്തില്‍ നിന്ന് പുറത്തുവരുന്ന ജനസഞ്ചയമാണ്. അതിനാല്‍ ദേശീയതയുടെ ബാധ്യതകളില്‍ നിന്ന് പുറത്തുകടക്കുന്ന ഈ കര്‍ഷക സമൂഹം രാഷ്ട്രീയമായ അതിന്റെ പഴയ പരിമിതികളില്‍ നിന്ന് പുറത്തേക്കു വരുന്ന ഒരു പുതിയ രാഷ്ട്രീയ ശക്തിയാണ് ഇന്ന്. സ്വാതന്ത്ര്യസമര കാലത്തെന്ന പോലെ ദേശീയ മുതലാളി വര്‍ഗത്തിന്റെ ഒരു രാഷ്ട്രീയ ചട്ടക്കൂട് അതിനാവശ്യമില്ല. ലിബറല്‍ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടില്‍ നിന്ന് പുറത്തുവരുന്ന ഒരു പുതിയ രാഷ്ട്രീയ ശക്തിയെന്ന നിലയില്‍ ആഗോള മൂലധന ശക്തികള്‍ക്കും അതിന്റെ സാമന്ത ഭരണകൂടങ്ങള്‍ക്കും എതിരെ സമരം ചെയ്യുന്ന കര്‍ഷക ജനസഞ്ചയം ഒരു ബദല്‍ ആഗോള രാഷ്ട്രീയ പ്രതിഭാസമാണ്. അതുകൊണ്ടു തന്നെ ഈ കര്‍ഷക സമൂഹം അതിന്റെ പഴയ വര്‍ഗപരമായ പിന്നാക്കാവസ്ഥയേയും ഏകാന്തതയേയും മറികടന്നുപോകുന്നു.
അതുകൊണ്ടുതന്നെ, ആഗോള കോര്‍പ്പറേറ്റ് ശക്തികളുടെ കാര്യസ്ഥനെന്ന നിലയില്‍ നരേന്ദ്രമോദി നടപ്പാക്കാന്‍ പോകുന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന സമരം ഒരൊറ്റപ്പെട്ട സമരമല്ല. ജനങ്ങളുടെ ചെറുത്തുനില്‍ക്കുന്ന ജീവിത സ്വാധികാരത്തിന്റെ അഥവാ യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ വിജയത്തിന് വേണ്ടിയുള്ള സമരമാണ്; ഗാന്ധി സ്വപ്നം കണ്ട ‘പൂര്‍ണ സ്വരാജി'നുവേണ്ടിയുള്ള സമരത്തിന്റെ തുടര്‍ച്ചയാണ്.
ലേഖനം പൂര്‍ണമായി ട്രൂ കോപ്പി വെബ്‌സീനില്‍ വായിക്കാം
Download Truecopy Webzine
കെ. സഹദേവന്‍
Jan 13, 2021
7 Minutes Read
ഡോ.സ്മിത പി. കുമാര്‍ / നീതു ദാസ്
Jan 12, 2021
35 Minutes Read
പി.ടി. ജോൺ
Jan 11, 2021
9 Minutes Watch
Truecopy Webzine
Jan 10, 2021
1 Minute Read
കെ. സഹദേവന്‍
Jan 06, 2021
4 Minutes Read
Truecopy Webzine
Jan 04, 2021
1 Minute Read
Truecopy Webzine
Jan 04, 2021
1 Minute Read
Truecopy Webzine
Jan 03, 2021
1 Minute Read