തൊഴിലാളികൾ, കല, സിദ്ധാന്തം, ഡബ്ല്യു.സി.സി.; ബി.ഉണ്ണികൃഷ്ണൻ നിലപാട് വ്യക്തമാക്കുന്നു

കോവിഡ് കാലത്ത്, മറ്റെല്ലാ തൊഴിൽ മേഖലയുമെന്ന പോലെ സിനിമാരംഗവും വലിയ പ്രതിസന്ധിയിലാണ്. സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് തൊഴിലാളി സംഘടനയായ ഫെഫ്കയുടെ നേതാവ് ബി. ഉണ്ണിക്കൃഷ്ണൻ. സിനിമാ നിർമാണത്തിന്റെയും റിലീസിന്റെയും ഭാവി, ഡബ്ല്യു സി.സി. വിഷയത്തിലെ നിലപാട്, കലയിലെ അരാജകത്വം, സിനിമാ വ്യവസായത്തിലെ മൂലധനത്തിന്റെ വിശുദ്ധി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ദീർഘമായി സംസാരിക്കുന്നു.

മനില സി. മോഹൻ : കൊറോണ കാരണം എല്ലാം ലോക്ക്ഡൗണിലാണല്ലോ. തിയേറ്ററുകളൊക്കെ ഓൺ ആയി സിനിമ ഇൻഡസ്ട്രി പഴയതുപോലെയാവാനായി എത്രസമയം പിടിക്കുമെന്നാണ് തോന്നുന്നത്?

ബി. ഉണ്ണികൃഷ്ണൻ: നമ്മുടെ മുമ്പിൽ നിശ്ചയമായിട്ടുള്ള ടൈം ഫ്രെയിം ഇല്ല എന്നുള്ളതാണ് സത്യം. കാരണം ഏറ്റവുമവസാനം തുറക്കപ്പെടാൻ പോകുന്ന രണ്ടോ മൂന്നോ കാര്യങ്ങളിലൊന്നാണ് സിനിമ തിയേറ്ററുകളെന്നത്. അത് എന്ത് മാനദണ്ഡങ്ങൾ പാലിച്ചുവേണം തുറക്കാൻ എന്നതു സംബന്ധിച്ച് ഒരു കോമൺ ഡയറക്ഷൻ കൊടുക്കാൻ, കേന്ദ്രസർക്കാർ ഇതുവരെ കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടില്ല. അതിന്റെ ചർച്ചകളുടെ ഭാഗമായി കേന്ദ്രസർക്കാർ ഏകാംഗ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. റിട്ടയർ ചെയ്ത ഐ.എ.എസ് ഓഫീസർ സി.വി ആനന്ദബോസാണ് കമ്മീഷൻ. അസംഘടിത തൊഴിലാളികളുടെ പ്രശ്നം, മത്സ്യമേഖലയിൽ കോവിഡാനന്തരം എന്തെല്ലാമാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന്​ ഉണ്ടാവേണ്ടത് എന്നീ വിഷയങ്ങൾക്കൊപ്പം മൂന്നാമത്തെ വിഷയമായി അദ്ദേഹത്തിന് കൊടുത്തിരിക്കുന്നത് സിനിമ വ്യവസായമാണ്. രണ്ട് ദിവസം മുമ്പ് അദ്ദേഹം സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ പ്രസിഡന്റും സെക്രട്ടറിയുമുൾപ്പെടെ, മലയാള സിനിമയിലെ ചേംബർ ഭാരവാഹികൾ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ഡിസ്ട്രിബ്യൂട്ടേഴ്സ്, എക്സിബിറ്റേഴ്സ്, തൊഴിലാളികളെ പ്രതിനിധീകരിച്ച് ഞാൻ, എന്നിവരൊക്കെയായി രണ്ട് മണിക്കൂർ വീഡിയോ കോൺഫറൻസിങ് നടത്തുകയുണ്ടായി. അതിനകത്ത് അദ്ദേഹം എന്തൊക്കെയാണ് വിഷമതകൾ, എപ്പോൾ തുറക്കാൻ പറ്റും എന്നീ കാര്യങ്ങൾ നോട്ട്ഡൗൺ ചെയ്ത് കേന്ദ്രസർക്കാറിനെ അറിയിക്കുമെന്നാണ് ഞാൻ മനസിലാക്കുന്നത്.

അദ്ദേഹത്തിനിത് സമർപ്പിക്കാൻ ഒന്നരമാസത്തെ സമയമുണ്ട്. അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് എനിക്ക് മനസിലായത് അതാണ്. അപ്പോൾ എന്തായാലും രണ്ടുമാസത്തേക്ക് ഈ മാനദണ്ഡങ്ങൾ ഉണ്ടാവാൻ പോവുന്നില്ല. അല്ലെങ്കിൽ അതിനുള്ള വിവേചനാധികാരം സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കൊടുക്കണം. ഏതെങ്കിലും പ്രത്യേക സംസ്ഥാനത്ത് അത്രയും രൂക്ഷമല്ല സ്ഥിതി, നിങ്ങൾ വേണമെങ്കിൽ തിയറ്ററുകൾ തുറന്നുകൊള്ളൂ എന്ന നയം സ്വീകരിക്കുകയാണെങ്കിൽ മാത്രമേ ഇതിനകത്തുനിന്നും ഒരു വ്യത്യാസം വരികയുള്ളൂ. പക്ഷേ അതുകൊണ്ട് ചലച്ചിത്ര മേഖലകൾക്കോ തിയേറ്റർ വ്യവസായത്തിനോ യാതൊരു ഗുണവുമില്ല.

ഞാൻ വിശദമായി പറയാം. തിയറ്ററുകൾ തുറന്ന സ്ഥലങ്ങളെടുത്തു നോക്കൂ. ചൈന, യു.എ.ഇ, ജപ്പാൻ, കൊറിയ, ഡെൻമാർക്ക് ഒക്കെ തിയേറ്റർ തുറന്ന സ്ഥലങ്ങളാണ്. സ്വീഡൻ തിയറ്റർ തുറന്ന സ്ഥലമാണ്. ഇവിടെ സംഭവിച്ചതെന്താണെന്നുവെച്ചാൽ ജപ്പാനിൽ മാത്രമാണ് നല്ല നിലയിൽ പ്രവർത്തിച്ചത്. പുതിയ കണക്കുപ്രകാരം തിയറ്റർ തുറന്നശേഷം, പഴയ അവരുടെ ശരാശരിക്ക് ഏകദേശം അടുത്തോ ചിലദിവസം അതിനുമുകളിലോ ഒക്യുപ്പെൻസി ജപ്പാനുണ്ടാക്കാൻ കഴിഞ്ഞു. അതെന്താണെന്നുവെച്ചാൽ ജാപ്പനീസ് സിനിമയ്ക്ക് പുതിയ കണ്ടന്റുകൾ കൊടുക്കാൻ പറ്റിയെന്നുള്ളതാണ്. ബാക്കിയൊരിടത്തും പറ്റിയില്ല. ബാക്കിയുള്ള സ്ഥലങ്ങളിൽ കണ്ടന്റ് പ്രൊഡക്ഷൻ പൂർണമായി നിന്നുപോയി. യു.എ.ഇയിലും ചൈനയിലും ഡെൻമാർക്കിലും സ്വീഡനിലുമെല്ലാം മുമ്പു കാണിച്ച ചിത്രങ്ങൾ തന്നെയാണ് അവർ കൊണ്ടുവന്നത്. അതിനാൽ ആർക്കും വലിയ താൽപര്യമുണ്ടായില്ല.

ഇത് ഇതിനേക്കാൾ രൂക്ഷമായി ഇന്ത്യയിൽ അനുഭവപ്പെടും. കാരണം മാർച്ച് പകുതി മുതൽ കണ്ടന്റ് പ്രൊഡക്ഷൻ സീറോയാണ്. നമുക്ക് ഇപ്പോൾ തുറക്കുകയാണെങ്കിൽ കണ്ടന്റിന്റെ അക്യൂട്ട് ഷോട്ടേജ് ഉണ്ടാവും. അതുകൊണ്ടാണ് ഞങ്ങളെപ്പോലുള്ളവർ പറയുന്നത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇൻഡോറും, പയ്യെപ്പയ്യെ കൺട്രോൾഡ് എൻവയൺമെന്റിൽ ഔട്ട്ഡോറും ഷൂട്ടിങ് തുടങ്ങിവെക്കണം. പോസ്റ്റ് പ്രൊഡക്ഷനുകൾ നല്ല രീതിയിൽ ഇപ്പോൾ നടക്കുന്നുണ്ട്. രണ്ടുമാസം കഴിഞ്ഞ് തിയറ്റർ തുറക്കാൻ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ നമ്മൾ അതിനു തയ്യാറായിരിക്കണം. ഇപ്പോൾ ഓണത്തിന് തിയറ്റർ തുറക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഓണത്തിനുള്ള കണ്ടന്റ് മാത്രം പോര, അതിനുശേഷമുള്ള ഫോളോഅപ്പ് കണ്ടന്റുകൾ കൂടിവേണം. അതുകൊണ്ടാണ് പറയുന്നത് തിയറ്റർ തുറക്കുന്നതിന് ഒന്നുരണ്ടുമാസം മുമ്പ് ഷൂട്ടിങ് ആക്ടിവിറ്റി നമ്മൾക്ക് തുടങ്ങാൻ കഴിയണം. ഇന്നത്തെ സാഹചര്യത്തിൽ അത് വളരെ ബുദ്ധിമുട്ടുപിടിച്ച കാര്യമാണ്. ഇപ്പോൾ മറ്റേതൊരു വർക്ക് സ്പെയ്സിലും എങ്ങനെയാണോ നമ്മൾ റഗുലേറ്റ് ചെയ്യുന്നത്, അതുപോലെ റഗുലേറ്റ് ചെയ്യാൻ നമുക്ക് കഴിയണം.

അതുകൊണ്ടാണ് ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയൻ 36 നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. വളരെ മെറ്റിക്കുലസ് ആയിട്ടാണ് അത് ചെയ്തിരിക്കുന്നത്, ഒരു സ്‌ക്രിപ്റ്റ് കൈകാര്യം ചെയ്യുന്നതിൽ വരെ. സാധാരണ രീതിയിൽ ഒരു സ്‌ക്രിപ്റ്റിന് രണ്ടോ മൂന്നോ കോപ്പിയാണുണ്ടാവുക. ഇപ്പോൾ പറയുന്നത്, സ്‌ക്രിപ്റ്റിന്റെ പ്രിന്റൗട്ട് കോപ്പി ചുരുങ്ങിയത് പത്തെണ്ണമെങ്കിലുമുണ്ടാവണം എന്നാണ്. കൈമാറി ഉപയോഗിക്കരുത് എന്ന ഉദ്ദേശ്യത്തോടെ. അത്രയും മെറ്റിക്കുലസ് ആയി നിർദേശങ്ങൾ വെച്ചിട്ടുണ്ട്. ഇത് പാലിച്ചുകൊണ്ട് നമ്മൾ ഷൂട്ടിങ് മുന്നോട്ടുകൊണ്ടുപോകുകയാണെങ്കിൽ, അത്രയും ക്രമബദ്ധമായിട്ട് ഇത് പ്ലാൻചെയ്താൽ മാത്രമേ ഇൻഡസ്ട്രിയ്ക്ക് സർവൈവ് ചെയ്ത് വരാൻ പറ്റുകയുള്ളൂ.

സി.വി ആനന്ദബോസിന് കൊടുത്ത നിർദേശങ്ങളിൽ നമ്മൾ പറഞ്ഞ കാര്യങ്ങൾ എന്തൊക്കെയായിരുന്നു?

അതിൽ പ്രധാന കാര്യം തിയറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ടതാണ്. അത് നമ്മൾ അല്പം സൂക്ഷിച്ച് സംസാരിക്കേണ്ട സംഗതിയാണ്. കാരണം, മൾട്ടിപ്ലക്സ് തിയറ്റർ ചെയിനുകളുടെ ഒരു അസോസിയേഷൻ ഇപ്പോൾ ഇന്ത്യയിലുണ്ട്. അതിൽ വരുന്നത് പി.വി.ആർ, ഐനോക്സ്, കാർണിവെൽ തുടങ്ങിയ തിയറ്റർ ചെയിനുകളാണ്. ഇതെല്ലാം വമ്പന്മാരാണ്, കരുത്തന്മാരാണ്. കഴിഞ്ഞ മൂന്നോ നാലോ വർഷമായി ഇന്ത്യൻ സ്റ്റോക്ക്മാർക്കറ്റിൽ കൺസിസ്റ്റന്റായിട്ട് പെർഫോം ചെയ്യുന്ന സ്റ്റോക്ക് പി.വി.ആറിന്റേതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ ആളുകളും പറയുന്നത്, ഇനി നിങ്ങൾ ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ പി.വി.ആർ സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യണം എന്നാണ്. കാരണം, അത്രയും ലോങ്ടേമാണ് അവരുടെ ഗെയിം പ്ലാൻ. മാത്രമല്ല, ഇന്ത്യൻ മൾട്ടിപ്ലക്സുകളുടെ ടോട്ടൽ റവന്യൂവിൽ ഇപ്പോൾ തന്നെ പി.വി.ആറിന്റെ ഷെയർ 30 ശതമാനത്തിൽ കൂടുതലാണ്. ബാക്കിയെല്ലാവർക്കും 70 ശതമാനമേയുള്ളൂ. അത്രയും കരുത്തന്മാർ നിൽക്കുന്ന അസോസിയേഷൻ സർക്കാറിന് കൊടുത്തിരിക്കുന്ന ഒരു നിർദേശം, ഗൈഡ്ലൈൻ ലെറ്റർ we are ready to open our screen, we are ready to operate on 20% occupancy എന്നാണ്. സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കാൻ പറ്റും, ഷോയ്ക്കിടയിൽ സാനിറ്റൈസേഷന്റെ ചില മാനദണ്ഡങ്ങൾ അവർ പറയുന്നുണ്ട്, അതൊരു വിശദമായ നോട്ടാണ്.

മീറ്റിങ്ങിൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ഒരിക്കലും ഇത് സ്വീകരിക്കപ്പെടരുത് എന്നാണ്. ഈ മൾട്ടിപ്ലക്സ് കൃത്യമായ ലോങ്ടേം ബിസിനസ് പ്ലാനാണ്. അവർക്ക് വൻതോതിൽ ക്യാഷ് റിസർവ് ഉണ്ട്. 25% വെച്ച് ഓപ്പറേറ്റ് ചെയ്യുമ്പോൾ അവർക്ക് ഓപ്പറേഷണൽ ലോസ് വരുമെന്നുള്ളതിൽ ഒരു സംശയവുമില്ല. ആ ലോസ് അബ്സോർബ് ചെയ്യാൻ അവർക്ക് കേയ്പബിലിറ്റിയുണ്ട്. അവരുടെ ലക്ഷ്യമെന്താണ്? ഇതൊരു കോമൺ മാന്റേറ്റായി മാറിക്കഴിഞ്ഞാൽ, ഇന്ത്യയിൽ സിംഗിൾ സ്‌ക്രീൻ അടച്ചുപൂട്ടേണ്ടിവരും. കാരണം, ഇന്ത്യയിലെ ഒരു ആവറേജ് സിംഗിൾ സ്‌ക്രീനിന്റെ ബ്രേയ്ക്ക് ഈവൺ ഫിഗർ എന്നുപറയുന്നത്, 38- 42% വരെ ഒക്യുപ്പെൻസിയാണ്. അതായത്, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഹൗസ് ഫുള്ളിനോടടുത്ത് ഒക്യുപ്പെൻസി ഉറപ്പാക്കിക്കൊണ്ടുമാത്രമേ നമുക്ക് 38% തൊട്ട് 42% ഒക്യുപ്പെൻസി കീപ്പ് ചെയ്യാൻ പറ്റൂ. 25%ത്തിൽ കൂടുതൽ പാടില്ലായെന്നൊരു മാനദണ്ഡം വരികയാണെങ്കിൽ ഈ തിയറ്ററുകളെല്ലാം ഭയങ്കര ലോസിലേക്കു പോകും. ഈ 25%ത്തിന്റെ ടാക്സേഷൻ കുറച്ചിട്ടുള്ള 50% മാത്രമേ നിർമാതാവിന് കിട്ടൂ. അതായത്, അയാളുടെ നേരത്തെയുള്ള തിയറ്റർ റവന്യൂവിന്റെ ഏതാണ്ട് നാലിലൊന്നിൽ താഴെവരും പുതിയ റവന്യൂ. ഇൻഡസ്ട്രിയാകെ പ്രതിസന്ധിയിലാവും. അപ്പോൾ പി.വി.ആറിനെപ്പോലൊരു ചെയിനിന് ഇതിനെ ടേക്ക് ഓവർ ചെയ്യാൻ പറ്റും.

നമ്മുടെ പരമ്പരാഗത പരിപാടിയിൽ ഒരു തിയേറ്റർ ഉള്ളവൻ മുതലാളിയാണല്ലോ. പക്ഷേ സത്യത്തിൽ ഇതിനകത്ത് സംഭവിക്കുന്നതെന്താണെന്നുവെച്ചാൽ, പ്രത്യേകിച്ച് കേരളത്തിലെ സ്ഥിതി പറയുകയാണെങ്കിൽ, തിയറ്റർ സംഘടനയ്ക്കുള്ളിൽ നിന്നും ഞാനതിന്റെ കണക്കെടുത്തു. ഇതിനകത്ത് 74%ത്തിൽ കൂടുതൽ ആളുകൾ ഇ.എം.ഐ അടക്കുന്നവരാണ്, തിയറ്റർ നവീകരിച്ചിട്ട്. അവർക്ക് മൊറട്ടോറിയം കൊണ്ട് യാതൊരു നേട്ടവുമുണ്ടായിട്ടില്ല. ഈ പിരീഡിൽ അവർ അടച്ചുകൊണ്ടിരിക്കുന്നില്ലെങ്കിലും അതിന്റെ പിഴപ്പലിശയുൾപ്പെടെ അവർ അടക്കണമല്ലോ. ഫലത്തിൽ സാമ്പത്തികമായി പ്രയോജനമില്ല. ഇത് അടയ്ക്കാൻ പറ്റാതെ വരുമ്പോൾ ഇവർ എന്തു ചെയ്യും? ഒരു മൾട്ടിപ്ലക്സ് തിയറ്റർ ഉടമ അവരോട് പറയും, ഞങ്ങൾ നിങ്ങളുടെ തിയറ്റർ ലീസിന് നടത്താമെന്ന്. ഞങ്ങൾക്ക് ഇരുവർഷത്തേക്ക്, അല്ലെങ്കിൽ ഇരുപത്തിയഞ്ച് വർഷത്തേക്ക് ലീസിന് തന്നേക്കൂവെന്ന് പറയുമ്പോൾ ഇവർ ഇതിനെ കയ്യൊഴിയുകയും ഇതൊരു വലിയ മൊണോപ്പൊളിയിലേക്ക് മാറുകയും ചെയ്യും. അതിന്റെ ഭാഗമായിട്ടാണ് ഇവർ 25% ഒക്യുപെൻസിയിൽ നടത്താമെന്ന് പറഞ്ഞത്. അല്ലാതെ സാമൂഹ്യപ്രതിബദ്ധത കൊണ്ടല്ലെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. റിലയൻസും, വോൾമാർട്ടും വരുമ്പോൾ ചെറുകിട വ്യാപാരികൾക്ക് സംഭവിക്കുന്ന ദുരന്തമുണ്ടല്ലോ അതാണ് ഇവിടെ സംഭവിക്കാനിരിക്കുന്നത്.

കേരളത്തിലോട്ട് വരികയാണെങ്കിൽ ഗണേഷ്‌കുമാർ സിനിമാ മന്ത്രിയായിരിക്കുമ്പോൾ, അദ്ദേഹം തിയേറ്ററുകൾക്ക് ഒരു റേറ്റിങ് സിസ്റ്റം കൊണ്ടുവന്നു. പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നൊക്കെ. എന്നിട്ട് അദ്ദേഹം അന്ന് പറഞ്ഞിരുന്നു, ആളുകൾക്ക് കയറാൻ പോലും പറ്റാത്ത തിയേറ്ററുകളാണ് കേരളത്തിലേത്. അതൊന്ന് നവീകരിക്കുക. നവീകരിക്കുമ്പോൾ ഈ റേറ്റിങ്ങിനെ അടിസ്ഥാനപ്പെടുത്തി, നിങ്ങൾക്ക് ടാക്സ് ഹോളിഡേ തുടങ്ങി മറ്റ് കാര്യങ്ങളെല്ലാം വാഗ്ദാനം ചെയ്തിരുന്നു. അതിന് ഒരുപരിധിവരെ ഞാൻ ഗണേഷ്‌കുമാറിനെ അഭിനന്ദിക്കുന്നു. സർക്കാർ തിയേറ്ററുകളെ അദ്ദേഹം ആ രീതിയിൽ നന്നായി കൺവേർട്ട് ചെയ്തിട്ടുണ്ട്. കൈരളി, ശ്രീയൊക്കെയാണെങ്കിലും നല്ല രീതിയിൽ വിഷ്വലും സൗണ്ടിങ്ങുമൊക്കെ വന്നത് ഗണേഷന്റെ കാലത്താണ്. ഗണേശൻ ഇങ്ങനെയൊരു നിർദേശം വെച്ചപ്പോൾ കേരളത്തിലെ പരമ്പരാഗത സ്‌ക്രീനുകൾ മുഴുവൻ നവീകരിച്ചു. അങ്ങനെ ആദ്യമായി നവീകരിച്ച തിയറ്റർ കോട്ടയം ആനന്ദാണ്. അന്നവർക്ക് പ്ലാറ്റിനം റേറ്റിങ് കിട്ടി. അതുപോലെ അഞ്ചൽ. അഞ്ചൽ എന്നു പറയുന്നത് വലിയ തിരക്കു പിടിച്ച സ്ഥലമൊന്നുമല്ല. അഞ്ചലിലെ ഒരു തിയറ്ററിന് നല്ല റേറ്റിങ് കിട്ടി. വർഷ എന്ന തിയറ്ററിന്. നവീകരിച്ച തിയറ്ററാണത്. അങ്ങനെ നവീകരിച്ച അനവധി തിയറ്ററുകൾ കേരളത്തിലുണ്ടായി. ഈ നവീകരണത്തിന്റെ മുഴുവൻ ഭാരവും തിയറ്റർ ഉടമ അടച്ചു കൊണ്ടിരിക്കുകയാണ്. സൗത്ത് ഇന്ത്യയിലെ വളരെ ഇന്ററസ്റ്റിങ്ങായിട്ടുള്ള ഒരു കണക്കുണ്ട്. കേരളത്തിലെ 30%ത്തിൽ കൂടുതൽ തിയേറ്ററുകൾ 4k പ്രൊജക്ഷനാണ്. ബാക്കിയുള്ളതിൽ 15% ഒഴിച്ച് ബാക്കിയെല്ലാം 2k ആണ്. 15% മാത്രമാണ് mpegൽ കളിക്കുന്നത്.

പക്ഷേ തമിഴ്നാട്ടിലേക്ക് പോകുകയാണെങ്കിൽ വെറും 12%മാണ് 4k. തെലുങ്കിലേക്ക് പോകുകയാണെങ്കിലും സ്ഥിതി ഇങ്ങനെയാണ്. പക്ഷേ അവിടെ തിയേറ്ററുകളുടെ എണ്ണം കൂടുതലാണ്. എന്നാലും തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ ശതമാനക്കണക്കിൽ നോക്കുകയാണെങ്കിൽ 12, 10 ശതമാനമൊക്കെയാണ് 4k.

ഇവിടെ അത്രയും ഗംഭീരമായിട്ട് ആളുകൾ എഫേർട്ടെടുത്ത് നവീകരിക്കുകയാണ്. ഇവിടുള്ള പ്രേക്ഷകർക്ക് വളരെ ഉന്നതമായ ദൃശ്യാനുഭവവുമായി പരിചയമുള്ളതുകൊണ്ട് അവർ ഇപ്പോൾ നല്ല രീതിയിൽ സിനിമ കാണാൻ പറ്റുന്ന സ്ഥലങ്ങളിൽ മാത്രമേ പോകൂവെന്നുള്ളതുകൊണ്ട്​ ഇവിടെ മുഴുവൻ ഇത് നവീകരിക്കുകയും 4kയിലേക്കും 2kയിലേക്കും അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ഡോൾബി അറ്റ്മോസ് തന്നെ കേരളത്തിൽ വളരെ പെട്ടെന്നാണ് നൂറോടടുത്ത് സ്‌ക്രീനായത്. അപ്പോൾ ഈ മുതൽ മുടക്ക് അവർക്ക് തിരിച്ചുകിട്ടണമെങ്കിൽ ഞാൻ നേരത്തെ പറഞ്ഞ 42% ഒക്യുപെൻസിയിലേ നടക്കൂ. ഞങ്ങൾ വെച്ച നിർദേശം,സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമെന്നത് നിയമമാക്കുമ്പോൾ 50% ഒക്യുപെൻസി തിയേറ്ററുകളിൽ വേണം. അങ്ങനെയൊരു സാഹചര്യത്തിൽ തിയേറ്റർ തുറന്നിട്ടേ കാര്യമുള്ളൂ.

അതോടൊപ്പം ഞങ്ങൾ ആവശ്യപ്പെട്ട മറ്റൊരു കാര്യം, ജി.എസ്.ടി നൂറുരൂപവരെ 12%വും നൂറിൽ കൂടിക്കഴിഞ്ഞാൽ 18%വുമാണ്. ഇതിനെ സ്റ്റാന്റേഡൈസ് ചെയ്യണം. നൂറുവരെയുള്ളതിനെ ജി.എസ്.ടിയിൽ നിന്നും ഒഴിവാക്കുക. നൂറിനു മുകളിൽ 12%. ഇരുനൂറിനു മുകളിൽ 18% എന്നിങ്ങനെ ഇതിനെയൊന്ന് റീ സ്ട്രക്ചർ ചെയ്യണം. അപ്പോൾ, 50% ഒക്യുപ്പെൻസിയിൽ പഴയ റേറ്റിൽ നിലനിർത്തിയാൽ ടാക്സിന്റെ കിഴിവ് തിയേറ്റർ ഉടമയ്ക്കും പ്രൊഡ്യൂസർക്കും കിട്ടും. 50% ഒക്യുപെൻസിയിലേക്ക് ലിമിറ്റ് ചെയ്യുമ്പോൾ തന്നെ പ്രൊഡ്യൂസർക്കും തിയേറ്റർ ഉടമയ്ക്കും നഷ്ടമാണ്. അതിനെ ഒരുപരിധിവരെ കോമ്പൻസേറ്റ് ചെയ്യാൻ സാധിക്കും. കേരളത്തെ സംബന്ധിച്ച്​ ജി.എസ്.ടി 28ഉം 18ഉം ആയിരുന്നപ്പോൾ ഇവിടെ എന്റർടൈൻമെന്റ് ടാക്സ് ഇല്ലായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക നികുതിയില്ലായിരുന്നു. ഇത് 18ഉം 12ഉം ആയപ്പോൾ 10% എന്റർടൈൻമെന്റ് ടാക്സ് ഏർപ്പെടുത്തി. പ്രതിഷേധം വന്നപ്പോൾ രണ്ട് ശതമാനം മാത്രമാണ് കുറച്ചത്. എന്റർടൈൻമെന്റ് ടാക്സ് എടുത്തുകളയണം. തുറക്കുന്നതുമുതൽ ഒരു വർഷത്തേക്കെങ്കിലും ഒരു ടാക്സ് ഹോളിഡേ, സർക്കാറിന് അത് പറ്റില്ലയെങ്കിൽ കുറച്ചുകൂടി പിരീഡ് കുറച്ച് എന്റർടൈൻമെന്റ് ടാക്സിനെ സംബന്ധിച്ച് ഒരു ഹോളിഡേ പ്രഖ്യാപിക്കണം. നല്ല രീതിയിൽ ഗവൺമെന്റ് സബ്സിഡൈസ് ചെയ്തില്ലെങ്കിൽ ഈ ഇന്റസ്ട്രിയ്ക്ക് മുമ്പോട്ടുപോകാൻ പറ്റില്ല. ഇതെല്ലാം കേരള സർക്കാറിനു മുമ്പാകെ ഞങ്ങൾ കൊടുത്തിട്ടുളള നിർദേശമാണ്. ഇപ്പോൾ ശ്രീ ആനന്ദബോസിനു മുമ്പാകെയും ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

സിനിമാ ഇൻഡസ്ട്രിയിലെ എക്സിബിറ്റേഴ്സ് എന്ന രീതിയിലുള്ള പ്രവർത്തനമാണിതെല്ലാം. ഇനി തൊഴിലാളികളിലേക്ക് വരികയാണെങ്കിൽ, മലയാള സിനിമയിൽ തന്നെ, ഫെഫ്കയ്ക്കു കീഴിൽ വേറെ യൂണിയനുകളൊക്കെയുണ്ടല്ലോ. 19 തൊഴിലാളി സംഘടനകൾ. ഇതിലൊക്കെ വർക്കു ചെയ്യുന്ന കുറേയാളുകളുണ്ട്. അവരുടെ എണ്ണമൊക്കെ സംബന്ധിച്ച ഡാറ്റയുണ്ടോ കയ്യിൽ?

ഏഴായിരത്തി ഇരുന്നൂറ് ദിവസവേതനക്കാരുണ്ട്. മൂവായിരത്തി എണ്ണൂറോളം സ്‌കിൽഡ് വർക്കേഴ്സ്, അതായത് റമ്യൂണറേഷൻ വാങ്ങി വർക്ക് ചെയ്യുന്നവരുണ്ട്. മെയിൻ ടെക്നീഷ്യൻസ്. ഡി.ഒ.പിസ്, എഡിറ്റേഴ്സ്, കോസ്റ്റ്യൂം ഡിസൈനേഴ്സ് എന്നിവരെപ്പോലെ. ഡെയ്​ലി വെയ്ജസ് എന്നു പറയുമ്പോൾ ഡ്രൈവർമാർ, ഭക്ഷണമുണ്ടാക്കുന്നവർ; അവിടെയൊക്കെ സ്ത്രീകളുണ്ട്. 450 ഓളം ഡ്രൈവർമാരുണ്ട്. ലൈറ്റ്മെൻ, യൂണിറ്റ് ബോയ്, 2000ത്തിൽ കൂടുതൽ ആളുണ്ട്. പ്രൊഡക്ഷൻ അസിസ്റ്റന്റുമാരുണ്ട്. നമുക്ക് ചായയും കാപ്പിയും തരുന്ന സ്പോട്ട് ബോയ്സ്. ഇവരൊക്കെയാണ് ബാറ്റ വാങ്ങിക്കുന്നത്. പിന്നെ ഡെയ്​ലി വെയ്ജസിൽ വരുന്ന ഡാൻസേഴ്സിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്. മെയ്ക്കപ്പിലും കോസ്റ്റ്യൂമിലും വർക്കു ചെയ്യുന്ന അസിസ്റ്റന്റ്സ് ഉണ്ട്. ടെയ്ലേഴ്സ്, ടച്ച്അപ്പ് ബോയ്സ് ഇവരെല്ലാം ഡെയ്​ലി വേജസിൽ വരുന്നവരാണ്.

ആർട്ടിൽ വർക്കു ചെയ്യുന്ന അസിസ്റ്റന്റ്സുണ്ട്, അസോസിയേറ്റ്സ് ഉണ്ട്. ഇവരെല്ലാം ഡെയ്​ലി വേജസിൽ ബാറ്റ മാർജിനിൽ വരുന്നവരാണ്. കൂടാതെ മെയിൻ ടെക്നീഷ്യൻസ് എന്നു പറയുന്ന, സംവിധായകർ, എഡിറ്റർ, ക്യാമറാപേഴ്സൺ, ആർട്ട് ഡയറക്ടർ, കോസ്റ്റ്യൂം ഡിസൈനർ തൊട്ട് മെയിൻ ഡബ്ബിങ് ആർട്ടിസ്റ്റ് വരെ ഉള്ളവർ. പിന്നെ സിങ്ങേഴ്സ് ആന്റ് മ്യൂസീഷ്യൻസ്. ഇതെല്ലാം കൂടുന്ന 19 വിഭാഗങ്ങളാണ്. അതിനകത്ത് ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന വിഭാഗം തീർച്ചയായും ദിവസവേതനക്കാരാണ്.

മലയാളത്തെ സംബന്ധിച്ച് ഞങ്ങളുടെ കണക്കുപ്രകാരം ദിവസബത്തക്കാരിൽ 80%ത്തിൽ കൂടുതൽ ആളുകൾ ഏതാണ്ട് എല്ലാദിവസവും ജോലി ചെയ്യുന്നവരാണ്. സിനിമ സജീവമാണെങ്കിൽ 80%ത്തോളം പേർക്ക് ഏതാണ്ട് എല്ലാദിവസവും ജോലി കിട്ടും. സ്പോട്ട് ബോയ്സിന് 100%, അവർക്ക് എല്ലാദിവസവും തൊഴിലുള്ളതാണ്. സത്യത്തിൽ അവിടെ ആളെകിട്ടാനില്ല. മാർച്ച് പകുതി മുതൽ ഇതുവരെ ഒരുരൂപപോലും അവരുടെ വീടുകളിൽ വന്നിട്ടില്ല. ഒരു തൊഴിലാളി സംഘടനയെ സംബന്ധിച്ച് അത് ഗുരുതരമായ സാഹചര്യമാണ്. ഗവൺമെന്റിൽ ഞങ്ങൾ പലതവണ സംസാരിച്ചപ്പോൾ അവസാനം സർക്കാർ ക്ഷേമനിധി വഴി ആയിരം രൂപവീതം രണ്ടുമാസം സഹായം കൊടുത്തു. കഴിഞ്ഞമാസവും ഈമാസവുമായിട്ട്. ഇനിയില്ല. ഞങ്ങൾ ഈ യൂണിയനുകളുമായി ബന്ധപ്പെട്ട് ഏറ്റവും ആവശ്യമുള്ള ആളുകളുടെ അപേക്ഷ വിളിച്ചു. ഫെഫ്കയുടെ എല്ലാ യൂണിയനിലും നോട്ടിഫൈ ചെയ്തു. ഏറ്റവും അത്യാവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കാൻ. ഏതാണ്ട് മൂവായിരത്തി നാനൂറ്റി ശിഷ്ടം പേരാണ് അപേക്ഷ നൽകിയത്. ഈയൊരു കാലത്തിൽ, എനിക്ക് എന്തെങ്കിലും ധനസഹായം യൂണിയൻ തരാതെ മുന്നോട്ടുപോകാൻ പറ്റില്ല, എന്റെ കയ്യിൽ നീക്കിയിരിപ്പില്ല എന്ന് ഒരു അഫിഡവിറ്റ് നൽകി മുന്നോട്ടുവരാൻ പറഞ്ഞപ്പോൾ, ഞാനീ പറഞ്ഞതുപോലെ മൂവായിരത്തി നാനൂറ്റി ശിഷ്ടം പേരാണ് വന്നത്. അയ്യായിരം രൂപ വെച്ച് ഇവർക്ക് കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഒരു കോടി എഴുപത് ലക്ഷം രൂപയോളം വേണ്ടിവരും. തൊഴിലാളി സംഘടനയുടെ ഫണ്ട് തൊടാതെ, സംഘടനയ്ക്കുള്ളിൽ സാമ്പത്തികമായി സംഭാവന നൽകാൻ കെൽപ്പുള്ള അംഗങ്ങളുടെ ഇടയിൽ ഒരു ഡ്രൈവ് മുമ്പോട്ടുവെച്ചപ്പോൾ ഞങ്ങൾക്ക് കുറച്ചു പൈസ ശേഖരിക്കാൻ പറ്റി. ഞങ്ങൾ ആവശ്യപ്പെടാതെ തന്നെ മോഹൻലാൽ, മഞ്ജുവാര്യർ, ഐശ്വര്യ ലക്ഷ്മി, അലൻസിയർ, സന്തോഷ് കീഴാറ്റൂർ അങ്ങനെയുള്ള അഞ്ചോ ആറോ നടി/നടമാർ ഇതിനകത്തേക്ക് കുറച്ച് സംഭാവന നൽകി.

അതിനുശേഷം ഞാൻ സി.എസ്.ആർ ഫണ്ടിനെക്കുറിച്ച് അന്വേഷിച്ചു. കല്ല്യാൺ ജ്വല്ലേഴ്സുമായി ബന്ധപ്പെട്ടു. അവരുടെ ബ്രാൻഡ് അംബാസിഡർ അമിതാഭ് ബച്ചനാണ്. നമ്മൾ ഡിസ്‌കസ് ചെയ്യാത്ത ഒരു കാര്യം കേരളത്തിലുള്ള തൊഴിലാളി ഫെഡറേഷൻ പോലെ ആറ് ഫെഡറേഷനാണ് ഇന്ത്യയിലുള്ളത്. സിനിമാ രംഗത്ത് ഏറ്റവുമവസാനം ട്രേഡ് യൂണിയൻ വന്നത് കേരളത്തിലാണ്. വലിയ ഐറണിയാണത്. തമിഴ്നാട്ടിലാണ് ഏറ്റവുമാദ്യം വന്നത്. പിന്നെ തെലുങ്ക്, കർണാടക. മുംബൈയാണ് ഏറ്റവും വലിയ ഫെഡറേഷൻ. ഒന്നരലക്ഷത്തോളം അംഗങ്ങളുള്ളത്. പിന്നെ ബംഗാളും ഒറീസയും. ഈ ആറ് ഫെഡറേഷനും കൂടിച്ചേർന്ന ഒരു കോൺഫഡറേഷനുണ്ട്. ഓൾ ഇന്ത്യ ഫിലിം എംപ്ലോയീസ് കോൺഫെഡറേഷൻ. ഐഫെക്. അഞ്ചുവർഷമായിട്ട് ഞാനതിന്റെയും ജനറൽ സെക്രട്ടറിയാണ്. ഞാൻ അമിതാഭ് ബച്ചനുമായി ബന്ധപ്പെട്ട് ഈ ആറ് ഫെഡറേഷനും വേണ്ടി ഒരു ഫണ്ടിങ് ഡ്രൈവ് നടത്താൻ പറ്റുമോയെന്ന് ചോദിച്ചു. അതിന്റെ ഫലമായി അദ്ദേഹം ഇനീഷ്യേറ്റീവ് എടുത്ത് എല്ലാവരും വീടുകളിൽ ഇരുന്ന് ഒരു സിനിമ തയ്യാറാക്കി. അമിതാഭ് ബച്ചനോടൊത്ത് തമിഴിൽ നിന്ന് രജനീകാന്ത്, തെലുങ്കിൽ നിന്ന് ചിരഞ്ജീവി, മലയാളത്തിൽ നിന്ന് മോഹൻലാൽ, മമ്മൂട്ടി, പിന്നെ പ്രിയങ്ക ചോപ്ര, അഭിഷേക് ബച്ചൻ എല്ലാവരും ഇതിനകത്ത് പാർട്ടിസിപ്പേറ്റ് ചെയ്തു. അവരവരുടെ വീടുകളിലിരുന്ന് അത് ഷൂട്ട് ചെയ്ത്, ബ്രില്ല്യന്റായി എഡിറ്റ് ചെയ്ത് ഒരു വീഡിയോ ആക്കിയതാണ്. അതുപയോഗിച്ച് സോണി ടി.വിയും കല്ല്യാണും ഒരുക്കിയ കാമ്പെയ്നിൽ ഞങ്ങൾ ഒരു ഫോർമുല കൊണ്ടുവന്നു. കേരളമൊഴിച്ചുള്ള എല്ലാ ഫെഡറേഷനുകളിലും 1500 രൂപയുടെ കൂപ്പൺ നമ്മൾ വിതരണം ചെയ്യും. അങ്ങനെ ഏതാണ്ട് 80,000 കൂപ്പൺ വിതരണം ചെയ്തു. അതുതന്നെ പത്തുകോടി രൂപയോട് അടുപ്പിച്ച് ആയിട്ടുണ്ട്. കേരളത്തിൽ അയ്യായിരം രൂപയെന്നുള്ള എന്റെ നിർദേശം അവർ അംഗീകരിച്ചു. പക്ഷേ അവർ ഒരു കോടി രൂപയേ നൽകൂ. ഒരുകോടിക്ക് മുകളിലുള്ളത് ഫെഫ്ക നോക്കിക്കൊള്ളണമെന്ന് പറഞ്ഞു. അങ്ങനെ ഒരുകോടി രൂപ ഞങ്ങൾക്ക് ആ ഫണ്ട് കിട്ടി. ബാക്കിയുള്ളത് ഞങ്ങൾ പിരിച്ചുണ്ടാക്കി. അങ്ങനെ ഞങ്ങൾ മൂവായിരത്തി അഞ്ഞൂറിൽപ്പരം ആളുകൾക്ക് അയ്യായിരം രൂപ കൊടുത്തു കഴിഞ്ഞു.

ഈ അയ്യായിരം രൂപയും സർക്കാർ രണ്ടുതവണയായി നൽകിയ രണ്ടായിരം രൂപയും മാത്രമാണ് അവർക്ക് കിട്ടിയത്. ഇപ്പോൾ നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്തെ അവസ്ഥയെന്താണെന്നുവെച്ചാൽ ഈ 3500 എന്നുള്ള ആവശ്യക്കാർ നേരെ ഇരട്ടിയായി മാറി. കാര്യം ഇനിയവർക്ക് മുമ്പോട്ടുപോകാൻ പറ്റില്ല. പ്രത്യേകിച്ച് മഴ തുടങ്ങുകയാണ്. സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ തുടങ്ങി. മറ്റു ചെലവുകളെല്ലാം വന്ന് ഇവർക്കിനി മുന്നോട്ടുപോകാൻ പറ്റില്ലെന്ന അവസ്ഥയാണ്.

ഞങ്ങൾക്കിനി റിസോഴ്സസ് ഇല്ലയെന്നതാണ് പ്രതിസന്ധി. ഇപ്പോൾ ആലോചിച്ചുകൊണ്ടിരിക്കുന്നത് അത്യാവശ്യ മരുന്ന് വേണ്ടവരുടെ കയ്യിൽ നിന്ന്​ ലിസ്റ്റ് വാങ്ങിക്കുക. ഒരുമാസത്തേക്ക്​ മരുന്ന് വേണ്ടവർക്ക് എത്തിച്ചുകൊടുക്കുക. ഒരുമാസത്തേക്കു വേണ്ടുന്ന പ്രൊവിഷ്യൻസും മറ്റെല്ലാം അടങ്ങുന്ന സപ്ലൈകോയുടെ കിറ്റ് വാങ്ങിച്ച് വീടുകളിൽ എത്തിക്കാനുള്ള പരിപാടിയിലേക്കാണ് ഞങ്ങൾ നീങ്ങുന്നത്. അതിന്റെ റിസോഴ്സസ് ഞങ്ങളെ സംബന്ധിച്ച്​ വലിയൊരു തടസമാണ്. ഈയൊരാഴ്ചയ്ക്കുള്ളിൽ എന്തെങ്കിലുമൊരു വഴി കണ്ടെത്തും. തൊഴിലാളികളുടെ അവസ്ഥ വളരെ കഷ്ടത്തിലാണ്. മെയിൻ ടെക്നീഷ്യൻസും വർക്കില്ലാതെയിരിക്കുകയാണ്.

മെയിൻ ടെക്നീഷ്യൻസ് എന്നു പറയുമ്പോൾ ഒരു കാര്യം മനസിലാക്കേണ്ടത്, കേരളത്തിൽ ഒരുപാട് സ്റ്റുഡിയോകളുണ്ട്. റെക്കോർഡിങ്- മിക്​സിങ്​സ്റ്റുഡിയോകളുണ്ട്, അനുബന്ധ സ്ഥാപനങ്ങളുണ്ട്. അവിടെയൊക്കെ ചെറുപ്പക്കാരും അല്ലാത്തവരുമായി ഒരുപാട് പേർ ജോലി ചെയ്യുന്നു. അവർക്കൊന്നും ജോലിയില്ല.

ഇവരൊക്കെ പേഴ്സണലി വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ടോ?

തീർച്ചയായും. കാരണം ഞാൻ 2008 മുതൽ ഈ പ്രസ്ഥാനത്തിന്റെ കൂടെയുണ്ട്. എനിക്ക് ധൈര്യപൂർവ്വം നിങ്ങളോട് പറയാൻ പറ്റും, മലയാള സിനിമയിൽ ഞാനീപ്പറഞ്ഞ ആളുകളിൽ 90% ആളുകളെയും പേരെടുത്ത് എനിക്ക് അറിയാൻ പറ്റും എന്നുള്ളത് വലിയ ഭാഗ്യമായിട്ട് ഞാൻ കരുതുന്നു. അവർക്ക് ഏതു സമയത്തും എന്നെ വിളിക്കാം. വിളിക്കാറുമുണ്ട്.

എത്രത്തോളം സിനിമകൾ പൂർത്തിയാക്കാൻ പറ്റാതെയുണ്ട്?

60- 70 സിനിമകൾ വിവിധ ഘട്ടങ്ങളിൽ പൂർത്തിയാകാതെ കിടക്കുന്നുണ്ട് എന്നതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണക്ക്. അതിനകത്ത് പൂർത്തിയായ പത്തോളം സിനിമകളുമുണ്ട്. 20ഓളം സിനിമകൾ പത്ത് ശതമാനം വർക്ക് ബാക്കിയായി നിൽക്കുന്നുണ്ട്.

സൂഫിയും സുജാതയും മലയാളത്തിൽ ആദ്യത്തെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സിനിമ. അങ്ങനെ ഒ.ടി.ടിയെ മാത്രം ഡിപ്പന്റ് ചെയ്തുകൊണ്ട് മലയാളം പോലെ ഒരു ചെറിയ ഇൻഡസ്ട്രിക്ക് സർവൈവ് ചെയ്യാൻ പറ്റുമോ?

ഒരിക്കലും പറ്റില്ല. നമ്മൾ ഇതുവരെ ഡിസ്‌കസ് ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു മെത്തഡോളജി വെച്ച് നമുക്കിത് ഡിസ്‌കസ് ചെയ്തു നോക്കാം. സൂഫിയും സുജാതയും ആമസോണിനെ സംബന്ധിച്ച്​ പ്രൈസ് ക്യാച്ചാണ്. ജയസൂര്യയെയും അതിഥി റോയിയേയും സിദ്ദിഖിനേയും പോലെ അറിയപ്പെടുന്ന ആക്ടേഴ്സിന്റെ റിലീസ് ആവാത്തൊരു സിനിമ അവർ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന് പറയുന്നത് അവരെ സംബന്ധിച്ച്​ ക്യാച്ചാണ്. അതവർ ഒരു സബ്സ്‌ക്രിപ്ഷൻ ഡ്രൈവിനുവേണ്ടിയാണ് യൂസ് ചെയ്യുന്നത്. അതുകൊണ്ടാണ് അവർ മലയാള മനോരമ പത്രത്തിന്റെ ഫ്രണ്ട് പേജിൽ നാൽപ്പതോ അമ്പതോ ലക്ഷം രൂപ മുടക്കി പരസ്യം കൊടുത്തത്. നിങ്ങളിപ്പോൾ ഏത് ചാനൽ തുറന്നുകഴിഞ്ഞാലും അതിന്റെ പരസ്യങ്ങൾ വരുന്നുണ്ട്. വളരെ അഗ്രസീവായ ഒരു സബ്സ്‌ക്രിപ്ഷൻ ഡ്രൈവ് അവർ നടത്തുന്നുണ്ട്. ആ സബ്സ്‌ക്രിപ്ഷൻ ഡ്രൈവിന് ചെലവുണ്ടാവില്ലേ, മിനിമം ഒന്നൊന്നര കോടിയുടെ ചെലവുണ്ടാകുമെന്ന് ഞാൻ കരുതുന്നു. ആ ഡ്രൈവിന്റെ കൂടെ ഈ സിനിമയ്ക്ക് അവർ പേ ചെയ്തിട്ടുള്ള പൈസയുമുണ്ട്. ഇത് ഒരിക്കലും ഈ സബ്സ്‌ക്രിപ്ഷൻ നിരക്കിൽ നിന്ന് അവർക്ക് കിട്ടാൻ പോകുന്നില്ല. അത്രയേ ഉള്ളൂ അതിന്റെ ബെയ്സ് എന്നു പറയുന്നത്. ഒരു പ്ലാറ്റ്ഫോമാക്കിക്കൊണ്ട് ടേയ്ക്ക് ഓഫ് ചെയ്ത് അടുത്ത പടങ്ങളിലേക്ക് പോയി അവരുടെ ഡ്രൈവ് കയറ്റുകയെന്നതാണല്ലോ അവരുടെ ലക്ഷ്യം.

ഞാൻ മനസിലാക്കുന്നത് ഹിന്ദിയിലിപ്പോൾ ഹോട്ട്സ്റ്റാർ വളരെ അഗ്രസീവായി കുറേ പടങ്ങൾ എടുത്തിട്ടുണ്ട്. അത് അവർ ക്യാഷ് റിസർവ് വെച്ച് എടുക്കുന്നതാണ്. അവരുടെ സാന്നിധ്യം ഉറപ്പിക്കാൻ. അതായത്, ആമസോണും നെറ്റ്ഫ്ളിക്സും വലിയ രീതിയിൽ മാർക്കറ്റ് പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ഞങ്ങളും ഇവിടെയുണ്ട് എന്ന് പറയാനായി ലാഭനഷ്ടങ്ങൾ നോക്കാതെ ഏത് മൾട്ടിനാഷണൽ ചെയിനും ചെയ്യുന്നതുപോലെ ഒരു വൻ അഗ്രസീവ് പർച്ചേസ് അവര് നടത്തി. മലയാളത്തിൽ സൂഫിയും സുജാതയും, തമിഴിൽ ജ്യോതികയുടെ സിനിമ, തെലുങ്കിലെ സിനിമ. ഇതുവെച്ച് ഇവർക്ക് റീജ്യണൽ മാർക്കറ്റിലേക്ക് ഒരിക്കലും പെനിട്രേറ്റ് ചെയ്യാൻ കഴിയില്ല. ഇപ്പോൾ മമ്മൂട്ടിയുടേയോ മോഹൻലാലിന്റെയോ പോലെയുള്ളവരുടെ സിനിമ അവർക്ക് അഫോർഡ് ചെയ്യാൻ കഴിയില്ല. ഈവൺ ഫഹദിന്റെ മാലിക്കുപോലെ ഇരുപത്തിയഞ്ച് കോടി രൂപ മുടക്കുന്ന സിനിമ ഒരിക്കലും മുപ്പത് കോടി നൽകി അവർക്ക് എടുക്കാൻ കഴിയില്ല. അതുകൊണ്ട് ഒ.ടി.ടി പ്ലാറ്റ്ഫോമിലേക്ക് സിനിമ റിലീസുകൾ ഷിഫ്റ്റ് ചെയ്യുമെന്ന് പറയുന്നത് പ്രായോഗികമായ കാര്യമല്ല. പക്ഷേ ഡിജിറ്റൽ കണ്ടെന്റുകൾ ഇവിടെയുണ്ടാവും. അവരുടെ ഒറിജിനൽസ് ഇവിടെയുണ്ടാവും. ഇത് തിയേറ്ററുകളിലേക്കല്ല, ഞങ്ങളുടെ കണ്ടന്റാണ് എന്ന് ഡിക്ലയർ ചെയ്യപ്പെടുന്ന കണ്ടന്റ് ഇവിടെയുണ്ടാവും. ഹിന്ദിയിൽ അങ്ങനെ ഇഷ്ടംപോലെ കണ്ടന്റ് ഉണ്ടാവുന്നുണ്ട്. തെലുങ്കിലും തമിഴിലുമുണ്ടാവുന്നുണ്ട്. അതുപോലെ തന്നെ മലയാളത്തിന് മാറിനിൽക്കാൻ കഴിയില്ല.

മുമ്പ് ടെലിവിഷൻ സീരിയലുകളുണ്ടായപ്പോൾ ഒരു വ്യാജ ചർച്ച നടന്നല്ലോ, സിനിമയ്ക്ക് ഇത് പ്രശ്നമാണ് എന്ന തരത്തിൽ. അതുപോലെ ഇത് തുടർന്നുകൊണ്ടേയിരിക്കും. കണ്ടന്റ് ഉണ്ടായിക്കൊണ്ടിരിക്കും. ഈ കണ്ടന്റ് ജനറേഷനെ ഒരു തൊഴിലാളി പ്രസ്ഥാനത്തിൽ നിൽക്കുന്ന ആളെന്ന നിലയിൽ സ്വാഗതം ചെയ്യും. അതായത് കൂടുതൽ തൊഴിലവസരങ്ങൾ എന്ന നിലയിൽ. അതുകൊണ്ട് കണ്ടന്റ് ഏത് ഫോമിൽ വന്നാലും ഞാനതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ അത് സിനിമയ്ക്കൊരു ഭീഷണിയാവില്ല. സിനിമ തിയേറ്ററുകളിൽ തന്നെ നിലനിൽക്കും. അതിന് എനിക്ക് എന്റേതായ ചില ന്യായങ്ങൾ കൂടിയുണ്ട്.

ലോക്ക്ഡൗൺ കാലത്ത് വിഷ്വൽ മീഡിയയോട് മനുഷ്യന്മാർക്കുള്ള അപ്രോച്ച് വലിയ തോതിൽ മാറിയിട്ടുണ്ട്. കാരണം എല്ലാവരും ഫോണിനകത്തേക്ക് വരുന്നു. അങ്ങനെ ലോകം മുഴുവനുമുള്ള സിനിമ നെറ്റ്ഫ്ളിക്സിൽ കൂടിയായാലും ആമസോണിൽ കൂടിയായാലും എല്ലാതരം പ്രേക്ഷകരിലേക്കും എത്തുന്നുണ്ട്. മുമ്പ് ചെറിയ കമ്മ്യൂണിറ്റിക്കകത്ത് മാത്രമേ ലോകസിനിമകൾ വന്നിരുന്നുള്ളൂ. അപ്പോൾ ഇനി തിയേറ്റർ തുറന്നുകഴിയുമ്പോൾ നമ്മുടെ മലയാള സിനിമയ്ക്ക് ക്വാളിറ്റി വൈസിലും അപ്രോച്ചിലുമൊക്കെ വലിയ കോമ്പിറ്റീഷൻ നേരിടേണ്ടി വരില്ലേ?
രണ്ടുരീതിയിൽ ഞാനതിന്റെ ഉത്തരം പറയാം. അതായത്, കോമ്പിറ്റീഷൻ എല്ലാകാലത്തും അവിടെയുണ്ട്. പക്ഷേ ഇപ്പോൾ അത് അഗ്രസീവ് ആയി എന്നേയുള്ളൂ. ആത്മകഥാംശം പറയാം എന്നുള്ളത് ഒരു ചളി ഏർപ്പാടാണ്, എന്നാലും ഞാൻ ഓർക്കുന്ന ഒരു സംഗതിയുണ്ട്. നമ്മൾ പണ്ട് 8 mm പടങ്ങൾ കാണാനായി ഒരുപാട് ദൂരം പോയിട്ടുണ്ട്. വൈൽഡ് ചൈൽഡ് എന്ന പടം ഞാനന്ന് കോട്ടയത്ത് പഠിക്കുമ്പോൾ ആർപ്പൂക്കരവരെ സൈക്കിളിൽ പോയിട്ടാണ് കണ്ടത്. 8mm പടമാണത്. 8mm പടങ്ങൾ ഫിലിം സൊസൈറ്റികൾ അന്ന് പ്രൊജക്ട് ചെയ്യും. അവിടുന്ന് മാറി നമുക്ക് ഇന്ന് ഏത് ക്ലാസിക്കുകൾ വേണമെങ്കിലും എളുപ്പം ലഭിക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോം വരുന്നതിനു മുമ്പും ടൊറന്റിൽ കൂടിയും അല്ലാതെയുള്ള സോഴ്സിൽ കൂടിയും നമ്മുടെ ചെറുപ്പക്കാർക്ക് കിട്ടും.

മലയാള സിനിമയിൽ കഴിഞ്ഞ ഒരു പത്ത് വർഷത്തിനുള്ളിൽ വന്നിട്ടുള്ള മാറ്റങ്ങൾക്കെല്ലാം പിന്നിൽ കൊറിയൻ സിനിമകൾ, ജാപ്പനീസ് സിനിമകളുടെയൊക്കെ സ്വാധീനം ഗംഭീരമായിട്ടുണ്ട്.

നമ്മുടെ മോഡേണിസത്തെ, അവാങ്ഗാർഡ് മൂവ്മെന്റിനെ യൂറോപ്യൻ നവ റിവൈവലിസം സ്വാധീനിച്ചതുപോലെ അല്ലെങ്കിൽ ബർഗ് മാൻ സ്വാധീനിച്ചപോലെ, ഇവിടെ വരുന്ന ജപ്പാൻ, കൊറിയൻ സിനിമകൾ നമ്മുടെ ചെറുപ്പക്കാർ കണ്ടതിന്റെ ഫലമായി അവരുടെ എഡിറ്റ് പാറ്റേൺ മാറുന്നു, അവരുടെ ലെൻസിങ് മാറുന്നു, മൂവ്മെന്റിനെക്കുറിച്ചുള്ള അവരുടെ സങ്കല്പം മാറുന്നു. ക്യാരക്ടർ ബിഹേവിയറിനെക്കുറിച്ച്, ബോഡിയെക്കുറിച്ചുള്ള അവരുടെ സങ്കല്പങ്ങളിൽ മലയാള സിനിമയിൽ വന്നിട്ടുള്ള മാറ്റങ്ങളിലെല്ലാം ഈ നവഭാവുകത്വം ഉണ്ട്. അതൊരു തെറ്റുമല്ല. അങ്ങനെയാണ് എക്കാലത്തുമുണ്ടായിട്ടുള്ളത്. ഈ കൊടുക്കൽ വാങ്ങലുകളിൽക്കൂടി. ഇപ്പോൾ എല്ലാവരും വീട്ടിൽ അടച്ചിരുന്നപ്പോൾ, ഒരു വിഭാഗത്തിൽ നിന്നും മാറി ഈ കാഴ്ച മറ്റുള്ളവരിലേക്ക് കൂടി തുറന്നിട്ടുണ്ട് ഭയങ്കരമായിട്ട്.

അതായത് മധ്യവയസ് കഴിഞ്ഞവർ കൂടെ ഇപ്പോൾ ഇത്തരം കാഴ്ചകളിലേക്ക് കടന്നുപോയിട്ടുണ്ട്. മകനോ മകളോ അനിയത്തിയോ ആരെങ്കിലും കാണുമ്പോൾ ചുമ്മാ രസത്തിനുവേണ്ടി കണ്ടുതുടങ്ങിയ ആളുകൾ വരെ അതിലേക്ക് ഹുക്ക്ഡ് ആയിട്ടുണ്ട്. അവരുടെ സെൻസിബിലിറ്റിയിൽ മാറ്റമുണ്ടായിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്നു പറയാൻ നമുക്ക് കഴിയില്ല. നെറ്റ്ഫ്ളിക്സ്, ആമസോൺ അല്ലെങ്കിൽ അതുപോലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ കിട്ടുന്ന സീരീസും സിനിമകളും ഒക്കെ കാണുന്നതിൽ വേറൊരു വശമുള്ളതെന്നു പറഞ്ഞാൽ ഇത് കൂടുതൽ കൂടുതൽ വീടിനുള്ളിലെ അനുഭവമായി മാറുന്നു. നിങ്ങൾ വീടിനുള്ളിലാണ്. നിങ്ങൾ ഏകാകിയായിട്ടോ അല്ലെങ്കിൽ കുടുംബാംഗങ്ങളുമായിട്ടോ ഒക്കെ ഇരുന്ന് ഇത് കാണുന്നു. ഇടയ്ക്ക് വേണമെങ്കിൽ നിങ്ങൾക്കിത് പോസ് ചെയ്യാം. വേറെന്തെങ്കിലും ചെയ്യാൻ പോകാം. തിരിച്ചുവന്ന് വീണ്ടും തുടങ്ങാം. മൂന്നുംനാലും തവണയായി ഒരുസിനിമ കാണുന്ന ഒരുപാട് സ്ത്രീ സുഹൃത്തുക്കൾ എനിക്കുണ്ട്. ഇതുതന്നെയായിരിക്കും പുരുഷന്റെ കാര്യത്തിലും. മുറിഞ്ഞു, മുറിഞ്ഞുള്ള അനുഭവം. രണ്ടാമതായി സിനിമയെന്നു പറഞ്ഞിട്ടുള്ള വിപ്ലവകരമായ മീഡിയം, ഗാർഹിക അന്തരീക്ഷത്തിലേക്ക് പരിമിതപ്പെടുന്നതിന്റെ സംഗതി. ഇതിനകത്ത് ഞാൻ കാണുന്നതെന്താണെന്നുവെച്ചാൽ മാസ് സിനിമ എന്ന സങ്കല്പത്തിന്റെ, ജനപ്രിയ സിനിമ സങ്കല്പത്തിന്റെ കൂടെ നിൽക്കുന്നയാളാണ് ഞാൻ. അതിനകത്ത് ഒരു സംശയവും വേണ്ട. ആളുകൾ ഇരമ്പിക്കേറിവരുന്ന സിനിമകൾ. പിന്നെയും തിയേറ്ററുകളിൽ സജീവമാകുമെന്ന് പറയുന്നതിനപ്പുറത്തേക്കുള്ള ഒരു രാഷ്ട്രീയത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്.

സിനിമയെന്ന് പറയുന്ന ഒരു മാധ്യമം എന്തുകൊണ്ടാണ് ഇത്രയേറെ പവർഫുളായത്? ലെനിൻ പറയുന്നത് ഇപ്പോൾ എല്ലാവരും പറയുന്നുണ്ട്, നൂറ്റാണ്ടിന്റെ മാധ്യമം എന്ന്. അത് വിട്ടേക്ക്. അത് കഴിഞ്ഞിട്ട് മറ്റനേകം ആളുകൾ പറയാൻ കാരണം it creates a community എന്നതാണ്. It constructs a community. ഒരു സമൂഹത്തെ നിർമ്മിക്കുകയാണ് അത് ചെയ്യുന്നത്. കാരണം പരസ്പരം അറിയാത്ത പല ക്ലാസുകളിൽപെട്ട, ജെൻഡറിൽപ്പെട്ട, നിറങ്ങളിൽ ഉള്ള വൈരുദ്ധ്യങ്ങളിൽ അധിഷ്ഠിതമായിട്ടുള്ള ആളുകൾ വന്ന് ഇരുട്ടിൽ ഒരു കമ്മ്യൂണിറ്റിയായി രൂപപ്പെടുകയാണ്. അങ്ങനെ കുറേയാളുകളെ ഇരുട്ടിലേക്ക് കൊണ്ടുവന്ന് ഒരു കമ്മ്യൂണിറ്റിയാക്കിയിട്ട് അവരോട് പൊതുവായി സംവദിക്കാനുള്ള ഒരു പൊട്ടൻഷ്യലാണ് സിനിമയെ ഏറ്റവും വലിയ രാഷ്ട്രീയ ഉപകരണമാക്കിമാറ്റുന്നത്. അതാണ് സിനിമയുടെ രാഷ്ട്രീയം. ഈ കമ്മ്യൂണിറ്റിയിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട് നിങ്ങൾ ഏകാകിയായ ഒരു കാഴ്ചയിലേക്ക് പോകുന്നത്, ഐ വിൽ ആർഗ്യു, ഇതാണ് എന്നും നമ്മുടെ ലെയ്റ്റ് ക്യാപിറ്റലിസം നമ്മളോട് ആവശ്യപ്പെടുന്നത്.

തിരിച്ചൊരു ആർഗ്യുമെന്റ് പറയട്ടെ, അതായത്, നമ്മൾ തിയേറ്ററിൽ ആസ്വദിച്ചിരുന്ന സിനിമ, നേരത്തെ ഒരു നിരൂപകൻ ഒറ്റയ്ക്ക് നിരൂപിക്കുന്നു. അല്ലെങ്കിൽ ഒരു ചെറിയ കൂട്ടം ആ സിനിമയെക്കുറിച്ച് ചർച്ച ചെയ്യുന്നു. അതിനെക്കുറിച്ച് ആസ്വാദനക്കുറിപ്പുകൾ വരുന്നു. ഇവിടെ നേരെ തിരിച്ചു സംഭവിക്കുന്നില്ലേ. ഒറ്റയ്ക്കിരുന്നാണ് നമ്മൾ സിനിമ കാണുന്നത്. പക്ഷേ അതിനെക്കുറിച്ച് കൂട്ടായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയല്ലേ. ഇപ്പോൾ സൂഫിയും സുജാതയും. അത് റിലീസ് ആയ അതേ സമയത്ത് ഒരു വലിയ ജനക്കൂട്ടം അതിനെക്കുറിച്ച് എഴുതി നിറയ്ക്കുകയല്ലേ. അവിടെ ക്ലാസില്ല, ജൻഡറില്ല. സിനിമാ ആസ്വാദനത്തിന്റേതായ വേറൊരു ജനാധിപത്യം രൂപപ്പെടുന്നില്ലേ അവിടെ?

അത് നേരത്തെയുണ്ടല്ലോ. തിയേറ്ററിനകത്ത് എല്ലാവരുടേയും കൂടെയിരുന്ന് സിനിമ കണ്ടിട്ട് ഒറ്റയ്ക്ക് തന്നെയല്ലേ നിരൂപണം എഴുതുക. തിയേറ്ററിന് അകത്തുനിന്നു തന്നെ അവരുടെ ഫേസ്ബുക്കിലേക്ക് ലോഗിൻ ചെയ്യുകയും ആ സിനിമയെക്കുറിച്ച് നിരൂപണം ടൈപ്പ് ചെയ്യുകയും പോസ്റ്റു ചെയ്യുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ ഇടയിലേക്കല്ലേ സിനിമ വരുന്നത്. നിരൂപണത്തിന്റെ ജനാധിപത്യവത്കരണമാണത്. നിങ്ങൾ പറയുന്നത് ആസ്വാദനത്തിന്റെയും വിമർശനത്തിന്റെയും ജനാധിപത്യവത്കരണമാണ്. പണ്ട് മാതൃഭൂമിയിലേക്ക് ഒരു ലേഖനം അയച്ചിട്ട് നമ്മൾ എല്ലാദിവസവും പോസ്റ്റ് ഓഫീസിലേക്ക് പോയി നോക്കുമല്ലോ ഇത് തിരിച്ചുവന്നോ എന്ന്. അങ്ങനെ എത്രയോ അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ചിലപ്പോൾ മൂന്നാഴ്ചയ്ത്തേക്ക്, നാലാഴ്ചത്തേക്ക് വിവരം കിട്ടില്ല. ഫോൺ ചെയ്താൽ കിട്ടില്ല. പക്ഷേ സാധനം പാക്കറ്റ് ഇങ്ങ് വരും.

ആ എഡിറ്റോറിയൽ tyrannyയിൽ നിന്ന് നമ്മൾ മോചിപ്പിക്കപ്പെട്ടു. അത്തരത്തിലുള്ള എലീറ്റിസത്തിൽ നിന്നും നമ്മൾ മോചിപ്പിക്കപ്പെട്ടു. ലിറ്റിൽ മാഗസിനുകൾ ഇവിടെ ഉണ്ടാവുന്നത് തന്നെ ഇത്തരത്തിലുള്ള ഒരു tyrannyയിൽ ആണല്ലോ. ഞാൻ സർവ്വതന്ത്ര സ്വതന്ത്രനാണെന്ന് പറഞ്ഞ എഴുത്തുകാരനോട് ഞാൻ ചോദിച്ചത് നിങ്ങൾ നിങ്ങളുടെ പബ്ലിഷറിൽ നിന്ന് സ്വാതന്ത്ര്യം വാങ്ങുമോയെന്നാണ്.

ഇപ്പോൾ ഇവിടെ ചില ഫിലിംമേക്കേഴ്സ് പറയുന്നുണ്ട്, ഞാൻ ഒരു രാജ്യത്തെപ്പോലെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു എന്ന്. ആരിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്. എന്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്. നിങ്ങളുടെ ക്യാപിറ്റലിൽ നിന്നും നിങ്ങൾ സ്വതന്ത്രമാണോ? എന്നുള്ളതാണല്ലോ ഏറ്റവും വലിയ ചോദ്യം. അതവിടെ നിൽക്കട്ടെ.

നമുക്ക് തീർച്ചയായിട്ടും വിമർശനത്തിന്റേതായിട്ടുള്ള ജനാധിപത്യവൽക്കരണം നടന്നിട്ടുണ്ട്. ആസ്വാദനത്തിന്റേതായ ജനാധിപത്യവത്കരണവും വലിയ ബഹുസ്വരതയും രൂപപ്പെട്ടിട്ടുണ്ട്. അതിനകത്തും ഒരുപാട് പേർക്ക് പരാതികളുണ്ട്. ആർക്കും ഇത് വളരെ ഈസിയായിട്ട് ചെയ്യാവുന്ന സംഗതിയാണെന്നു വരുമ്പോൾ എളുപ്പപ്പണിയിലേക്ക് ആളുകൾ പോകുമല്ലോ. പ്രജുഡിസുകൾ മാത്രം വരും. പക്ഷേ അതൊന്നും വലിയ പ്രശ്നമല്ല. പ്രജുഡിസുകൾ വരുമായിരിക്കാം. നിരന്തരമായിട്ട് ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. ഈ ജനാധിപത്യവത്കരണത്തിന്റെ ഭാഗമായിട്ടാണ്, പൊളിറ്റിക്കൽ കറക്ട്നസിനെക്കുറിച്ച് ഇപ്പോൾ എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതിനെ വേറൊരു രീതിയിൽ ഡിബേറ്റ് ചെയ്യാൻ ഞാൻ തയ്യാറാണ്. ഞാനങ്ങനെ ഡിബേറ്റ് ചെയ്യുന്ന ആളുമാണ്. കഴിഞ്ഞദിവസം ഞാൻ ഐ.സി.യുവിന്റെ ഒരു ട്രോള് കണ്ടു. പണ്ടാണെങ്കിൽ ലാലേട്ടൻ വരുന്നു സ്ലോമോഷൻ വരുന്നു, അടി, കയ്യടി. ഇപ്പോഴാണെങ്കിൽ പൊളിറ്റിക്കൽ കറക്ട്നസ് ജൻഡർ. അങ്ങനെയൊന്ന് ഞാൻ കണ്ടു. പക്ഷേ അത് ഭയങ്കര സത്യമാണ്. നമ്മളുടെ ആസ്വാദനത്തിലേക്ക് അത് വന്നിട്ടുണ്ട്. നമ്മളെ അത് മോഡിഫൈ ചെയ്തിട്ടുണ്ട്. കിങ്ങിലെ ഒരു ഡയലോഗോ അല്ലെങ്കിൽ ആറാം തമ്പുരാനിലെ ഒരു ഡയലോഗോ ഇന്ന് വന്നാൽ ഒരുപക്ഷേ അന്നത്തെപ്പോലെ അത് സ്വീകരിക്കപ്പെടുമോ എന്ന കാര്യത്തിൽ നമുക്ക് സംശയമുണ്ട്. മനില പറഞ്ഞ അത്തരം മാറ്റങ്ങൾ ആമസോണിന്റെ കോൺട്രിബ്യൂഷനല്ല, അത് ഡൊമസ്റ്റിക്കേറ്റഡായതിന്റെ കോൺട്രിബ്യൂഷനല്ല മറിച്ച് സംവേദനത്തിന്റെ തലത്തിൽ, അതായത് വേറൊരു കമ്മ്യൂണിറ്റി രൂപപ്പെട്ടു.

ഫിലിം ഫെസ്റ്റിവെലിൽ പണ്ട് നമ്മൾ പോകുന്നതെന്തിനാണ്. ആ കൈരളിയുടെ പടികളിൽ ഇരിക്കാനാണ്. അവിടെവെച്ചിട്ടാണല്ലോ നമ്മൾ പല അന്തർദേശീയ പ്രശ്നങ്ങളും തീർത്തോണ്ടിരുന്നത്. ഇപ്പോൾ ഞാനൊരു സംഗതി കണ്ടു കഴിഞ്ഞാൽ എന്റെ ഫെയ്സ്ബുക്കിലോ ട്വിറ്ററിലോ ബ്ലോഗിലോ എഴുതിയിടുമ്പോൾ അതിന്റെ താഴെവരുന്ന കമന്റുകൾ. അതായത് അത്തരത്തിലുള്ള സംവേദനത്തിന്റേതായ വലിയ ജനാധിപത്യവൽക്കരണം ഇവിടെ നടന്നിട്ടുണ്ട്. വിമർശനത്തിന്റെ. വിമർശന രംഗത്ത് കുറച്ചുകാലം പ്രവർത്തിച്ചയാളെന്ന നിലയ്ക്ക് ഐ വുഡ് വെൽക്കം ദാറ്റ്. 96 ലോ 98 ലോ ആണെന്ന് തോന്നുന്നു, കൃത്യമായി ഞാനോർക്കുന്നില്ല, ആ വർഷത്തെ കവിതകളെ മുഴുവൻ മാതൃഭൂമിക്കുവേണ്ടി വിലയിരുത്തിയത് ഞാനാണ്. ബാലചന്ദ്രനേയും സച്ചിദാനന്ദനേയുമൊക്കെ ഞാൻ വിമർശിച്ചുവെന്ന് പറഞ്ഞ് അന്ന് വലിയ ചർച്ചകൾ തുടർന്നുണ്ടായി. ബാലചന്ദ്രനും സച്ചിദാനന്ദനും തന്നെയാണ് അന്ന് എഡിറ്റോറിയൽ പേജിൽ എനിക്ക് കത്തെഴുതിയത്. അതിനു ഞാൻ മറുപടി കൊടുത്തു. ഇന്നായിരുന്നെങ്കിൽ അതിലേക്ക് എത്രപേര് വന്നേനെ. എത്ര വോയിസസ് വന്നേനെ.

പോസ്റ്റ് മോഡേൺ എഴുത്തുകാരൻ, നിരൂപകൻ, സൈദ്ധാന്തികൻ എന്നുള്ള രീതിയിൽ ബി.ഉണ്ണികൃഷ്ണനെ അറിയുന്ന ആളുകളുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ്, ചലച്ചിത്രകാരൻ, ഫെഫ്ക ഭാരവാഹി എന്നൊക്കെ പറയുന്ന ബി. ഉണ്ണികൃഷ്ണന്റെ സ്വത്വത്തെ അറിയുന്ന ആളുകൾ. സംഘടനാ നേതാവായ ഉണ്ണികൃഷ്ണനും എഴുത്തുകാരനായ ഉണ്ണികൃഷ്ണനും തമ്മിൽ നിങ്ങളുടെ ഉള്ളിൽ ആശയപരമായ സംഘർഷങ്ങൾ നടക്കാറുണ്ടോ?

കിടിലൻ സംഘർഷങ്ങൾ നടക്കുമല്ലോ. പക്ഷേ നമ്മൾ ഈ മാർക്‌സിനേയും ലെക്കാനെയും ദെറിദയെയുമൊക്കെ വായിച്ചതുകൊണ്ട് ആ സംഘർഷം എഞ്ചോയ് ചെയ്യുന്നുണ്ട്. നമുക്കതിന്റെ സിദ്ധാന്തം അറിയാവുന്നതുകൊണ്ട് പ്രശ്‌നമില്ല. ഐ എന്നുപറയുന്ന വാക്കിനെയാണ് ഏറ്റവുമധികം സംശയിക്കേണ്ടത് എന്നു പറഞ്ഞ ചിന്തകരാണ് ഇവരെല്ലാവരും. എന്നെ സംബന്ധിച്ചിടത്തോളം ചോദ്യം സിമ്പിളാണ്, അല്ല, വളരെ കോംപ്ലക്‌സാണ്. ഐ ലിവ് മൈ കോൺട്രഡിക്ഷൻ.

ഇത്രയും സീരിയസായിട്ട് എഴുതിയിട്ടുള്ള ആൾ മാടമ്പി പോലുള്ള സിനിമകളെടുക്കുമ്പോൾ അതെങ്ങനെ സാധിക്കുന്നുവെന്ന സംശയം സ്വാഭാവികമാണ്. അതിന് നിങ്ങളെന്താണ് മറുപടി പറയുക?

അത് എങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ചാൽ, ഞാൻ എന്നെപ്പറ്റി തന്നെ സംസാരിക്കണമല്ലോ. അതൊരു തല്ലിപ്പൊളി ഏർപ്പാടാണെന്ന് എനിക്കുതന്നെ തോന്നുന്നുണ്ട്. ജലമർമ്മരം എന്നു പറയുന്ന സ്‌ക്രിപ്റ്റിൽ നിന്ന് എനിക്ക് വളരെ നിസാരമായിട്ട് മാടമ്പിയിലേക്ക് വരാൻ പറ്റുന്നുണ്ട്, അല്ലെങ്കിൽ അതുപോലുള്ള സിനിമയിലേക്ക് വരാൻ പറ്റുന്നുണ്ട് എന്നുള്ളത്, I always think it as a consciously applied art. ജനപ്രിയ സിനിമയുടെ എഴുത്ത് എന്നു പറയുന്നത് നമ്മൾ നോക്കി പടംവരക്കുന്നത് പോലെയാണ്. ഒരു അപ്ലൈഡ് ആർട്ടാണത്. ജനപ്രിയ സിനിമയുടെ സംഗീതവും അങ്ങനെ തന്നെയാണല്ലോ. ഒരു രാഗത്തെ അടിസ്ഥാനമാക്കി നിങ്ങളൊരു പാട്ടുണ്ടാക്കുമ്പോൾ പോലും നിങ്ങൾ ആ രാഗത്തിനോടൊന്നും സ്റ്റിക്ക് ചെയ്യുന്നില്ല. അതെന്തുകൊണ്ടാണെന്നു പറഞ്ഞാൽ, ജൊനാതൻ കള്ളർ പറഞ്ഞതുപോലെ ഈ ലോകത്ത് നിങ്ങൾ ഏറ്റവും ജനുവിൻ ആവേണ്ടതും ഏറ്റവും തീവ്രമായി നിങ്ങളെ തന്നെ പ്രകാശിപ്പിക്കേണ്ടതും I Love you എന്ന് വേറൊരാളോട് പറയുന്ന നിമിഷത്തിലാണ്. അൺഫോർച്യുനേറ്റ്‌ലി ഇറ്റ് ഈസ് ഓൾവെയ്‌സ് ഓൾറെഡി എ ക്വട്ടേഷൻ, എ ക്വാട്ട്. ഒരുപാട് ആളുകൾ എത്രയോ സാഹചര്യങ്ങളിൽ എത്രയോ ചളമായി പറഞ്ഞ ഒരു സാധനം, മൂന്ന് വാക്കുകളെ നിങ്ങൾ ക്വാട്ട് ചെയ്യുമ്പോഴാണ് നിങ്ങൾ ഏറ്റവും ജനുവിനാവുക. ആ മൊമന്റിലെങ്കിലും.

അതുപോലെ, മാടമ്പി എന്നു പറയുമ്പോൾ എനിക്കതിന് മുൻ മാതൃകകളുണ്ട്. എന്നെപ്പോലെ സാമാന്യ ബുദ്ധിയുള്ളയാൾക്ക് ആ മുൻമാതൃകകൾ നോക്കി വളരെ ഈസിയായിട്ട് ഇത് കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. അതിൽക്കൂടുതൽ ഒരു സ്‌കില്ലും ഞാനതിൽ അവകാശപ്പെടുന്നില്ല. അപ്പോൾ എല്ലാവരും ചോദിക്കും, ജലമർമ്മരം പോലെ പൊളിറ്റിക്കലായിട്ടുള്ള സിനിമ എന്താണ് നിങ്ങൾ എടുക്കാത്തത് എന്ന്. അങ്ങനെയുളള സിനിമ എനിക്ക് ചെയ്യണമെന്നുണ്ട്. അത് ചെയ്യുമ്പോൾ തീർച്ചയായിട്ടും എന്റെ റിസോഴ്‌സസ് ഉപയോഗിച്ച് അത് ചെയ്യണമെന്നാണ് ഞാൻ കരുതുന്നത്.

അപ്പോൾ മാർക്കറ്റാണ് നിങ്ങളെ തടയുന്നത്. അല്ലെങ്കിൽ മാർക്കറ്റാണ് നിങ്ങളെ മറ്റുതരത്തിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നത് എന്ന് പറഞ്ഞാൻ? അങ്ങനെയാണോ?

കൺസിസ്റ്റന്റായിട്ട് എനിക്ക് പലതിലേക്കും മൂലധനം എന്നു പറയുന്നതിനെ പമ്പ് ചെയ്യേണ്ടിവരും. അതായത്, ഞാൻ സിനിമ ചെയ്ത് സിനിമാ ഇൻഡസ്ട്രിയിൽ നിലനിന്ന് ഇത്രയും വർഷം കഴിയുമ്പോഴേക്കും അനുബന്ധമായിട്ട് എന്റെ ചുറ്റും കുറേ കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. കുറേയാളുകളുടെ ജോലി, ഇങ്ങനെയുള്ളത് വരുന്നുണ്ട്. ഞാൻ ബ്രെയ്ക്ക് എടുക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, എല്ലാറ്റിനും ഒരു ക്യാഷ് സപ്ലെ ഉണ്ടാക്കിക്കൊണ്ടിരിക്കേണ്ട ഒരവസ്ഥയിലാണ് ഞാൻ നിൽക്കുന്നത്. ഇവിടെയുള്ള സോ കോൾഡ് ഇൻഡിപ്പെന്റന്റ് ഫിലിം മേക്കേഴ്‌സിന്റെ ഇല്യൂഷൻ എനിക്ക് ഇല്ല. നിങ്ങൾ ബാക്കിയുള്ള എന്തെങ്കിലും വ്യവസായം ചെയ്‌തോളൂ, കള്ളകച്ചവടം ചെയ്യുകയോ, കമ്പ്യൂട്ടർ എക്‌സ്‌പോർട്ട് ചെയ്യുകയോ റിയൽ എസ്‌റ്റേറ്റ് ചെയ്യുകയോ ചെയ്‌തോളൂ. അതിൽ നിന്ന് കുറച്ചു നീക്കിയിരിപ്പ് എനിക്കു താ ഞാൻ സ്വാതന്ത്ര സിനിമാ സംവിധായകനായിക്കൊള്ളാം എന്നു പറയുന്ന പരിപാടിയിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇവിടുത്തെ എല്ലാ സ്വതന്ത്ര സിനിമാ സംവിധായകർക്കുവേണ്ടിയും പണം മുടക്കിയിട്ടുള്ളത് ആരൊക്കെയാണെന്നത് സംബന്ധിച്ച് കൃത്യമായ ഡാറ്റ ബേസ് ഉള്ള ആളാണ് ഞാൻ.

അവർക്കുവേണ്ടി പണം മുടക്കിയ നിർമ്മാതാക്കൾ ആരാണ്, അവർ എങ്ങനെയാണ് പണം കണ്ടെത്തിയിട്ടുള്ളത് എനിക്കറിയാം. അപ്പോൾ വേറെയാരെങ്കിലും നിങ്ങൾ വിമർശിക്കുന്ന കാര്യങ്ങളിലൂടെ ഉണ്ടാക്കുന്ന കാപ്പിറ്റൽ എടുത്തിട്ട് ഈ സിനിമ ഞാൻ ചെയ്‌തോളാം എന്നു പറയുന്നതിൽ ഒരു തെറ്റുമില്ല. വിശുദ്ധ കാപ്പിറ്റൽ എന്നു പറയുന്ന സംഗതിയില്ല. പക്ഷേ ആ ക്രിയ ഞാൻ ചെയ്‌തോളാം എന്നാണ് ഞാൻ പറയുന്നത്. മറ്റൊരാളെ അയാളുടെ കാപ്പിറ്റലിനെ ആശ്രയിച്ചുകൊണ്ട്, കാരണം അയാൾക്കത് പൂർണമായി നഷ്ടപ്പെടാൻ ഇടയുണ്ട് എന്നതുകൊണ്ട് അത്തരം കാപ്പിറ്റൽ ഞാൻ കണ്ടെത്തുന്നതുവരെ, അതിനുവേണ്ടി ഞാൻ നിൽക്കുന്നുവെന്നേയുള്ളൂ.

വി.സി ഹാരിസ് മരിച്ച സമയത്ത് താങ്കൾ ഹാരിസ് മാഷെക്കുറിച്ചെഴുതിയ കുറിപ്പ് വായിച്ചിട്ടുണ്ടായിരുന്നു. അതിനകത്ത് വി.സി ഹാരിസ് ഒരു പാഠമാണ് എന്നെഴുതിയിട്ടുണ്ട്. ഷൈൻ നിഗത്തിന്റെ ഇഷ്യൂ വെച്ച്, അത് രണ്ടും തമ്മിൽ കംപയർ ചെയ്യാമോ എന്ന് ചോദിച്ചാൽ കംപയർ ചെയ്യാൻ പറ്റുന്ന ഇഷ്യൂ ആയിരിക്കില്ല. എങ്കിൽ പോലും ഷെയ്ൻ നിഗം മുടിമുറിച്ച സംഭവം തോന്ന്യാസമാണ് എന്നായിരുന്നു നിങ്ങളുടെ പ്രതികരണം. പൊളിറ്റിക്കൽ അനാർക്കിയുടെ ഉന്മാദാവസ്ഥകളെയൊക്കെ പരിചയിച്ച് വായിച്ചും നേരിട്ട് അനുഭവിച്ചുമൊക്കെ പരിചയമുള്ള ഒരാൾക്ക് ഒരു നടന്റെ അത്തരത്തിലുള്ള പ്രവൃത്തിയെ എന്തുകൊണ്ടാണ് ഉൾക്കൊള്ളാൻ കഴിയാതെ പോയത്?

രണ്ട് പാരഡൈംമുകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ജോൺ എബ്രഹാം അയാളുടെ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ആരടാ ഇത് ചെയ്തത് എന്ന് ചോദിച്ച് ഷൗട്ട് ചെയ്തതുപോലെ ജോണിന്റെ മിത്തുകളിൽ നടന്നതും നടക്കാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട്. ഷെയിൻ നിഗം എന്നു പറയുന്നത് ചില ഫിനാൻഷ്യൽ കമ്മിറ്റ്‌മെന്റിൽ വർക്കു ചെയ്യുന്ന പ്രഫഷണൽ ആക്ടർ ആണ്. അതിനകത്ത് ഒരു നടൻ ഒരു സിനിമയിലേക്ക് കമ്മിറ്റഡ് ആകുമ്പോൾ അയാൾ ഏറ്റവും എസൻഷ്യലായിട്ട് പാലിക്കേണ്ട സംഗതി അയാളുടെ ഫിസിക്കലായിട്ടുള്ള കണ്ടിന്യൂയിറ്റിയാണ്. അത് നിങ്ങൾ ഈ മീഡിയത്തിനോടുകൂടി കാണിക്കുന്ന പ്രതിബദ്ധതയുടെ ഭാഗമാണ്. ആ ജോലി അത് ആവശ്യപ്പെടുന്നുണ്ട്. സംവിധായകൻ അത് ആവശ്യപ്പെടുന്നുണ്ട്. കല ആവശ്യപ്പെടുന്നുണ്ട്. ഉദാഹരണം പറയുകയാണെങ്കിൽ ആടുജീവിതത്തിനുവേണ്ടി പൃഥ്വിരാജ് വല്ലാതെ മെലിഞ്ഞു. ജോർദാനിൽ നിന്ന് തിരിച്ചുവന്നിട്ടും അയാൾ പഴയ ഫോമിലേക്ക് വരുന്നില്ല. അയാൾ വളരെ എഫേർട്ട് എടുത്ത് അങ്ങനെ തന്നെ കീപ്പ് ചെയ്യുകയാണ്. ആ സംവിധായകൻ ഈ ഷെഡ്യൂൾ ഇപ്പോൾ ഇല്ല എന്നു പറയുന്നതുവരെ ആ ബോഡി അങ്ങനെ കീപ്പ് ചെയ്യുകയെന്നുള്ളത് അയാളുടെ പ്രഫഷണൽ കമ്മിറ്റ്‌മെന്റാണ്. അയാൾ അതിനെ ഡ്രാസ്റ്റിക്കായി മാറ്റിയിട്ട് ഇത് എന്റെ അനാർക്കിയാണ് എന്നു പറഞ്ഞുകഴിഞ്ഞാൽ ഞാൻ സമ്മതിച്ചുതരില്ല. അതാണ് ഞാൻ നേരത്തെ നിങ്ങളോട് പറഞ്ഞത്, അത്തരം കാര്യങ്ങൾ നന്നായിട്ട് എനിക്ക് അറിയാവുന്നതുകൊണ്ടാണത്.

അതേസമയം, ആ ആക്ടറോടുള്ള എന്റെ ഇടപെടൽ വളരെ ജനാധിപത്യപരവും അയാളെ അഭിനയത്തിലേക്ക് തിരികെ കൊണ്ടുവരാൻ എന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ഞാൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ പോവുന്നില്ല.

ഞാനെഴുതിയ ഹാരിസ് എന്ന് പറയുന്നത്, ഒരു യൂണിവേഴ്‌സിറ്റി അധ്യാപകൻ എന്നുള്ള പെഡഗോജിയുടെ സ്റ്റീരിയോടൈപ്പിനെയാണ് അയാൾ ബ്രേക്ക് ചെയ്തത്. അയാൾക്ക് പോകാവുന്ന എല്ലാ എക്സ്റ്റന്റുകളിലും പോയി, എല്ലാ സ്ഫിയറുകളിലും പോയി അയാൾ ഇടപെടലുകൾ നടത്തിയത്, അതിന്റെ ചില മുൻ മാതൃകകളെപ്പോലും അതിശയിപ്പിച്ചു കൊണ്ടാണ് അയാളത് ചെയ്തത്. ഹാരിസിനോട് എനിക്ക് വിയോജിപ്പുകളുള്ള ഏരിയകളുണ്ട്. എന്നോട് ഹാരിസ് കാണിച്ച കമ്മിറ്റ്‌മെന്റും സൂക്ഷ്മതയും പിന്നീടുള്ള, അവസാനം വന്ന ബാച്ച് വിദ്യാർത്ഥികളോട് ഹാരിസ് കാണിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. പക്ഷേ ഹാരിസ് എന്ന് പറയുന്ന ആള് പെഡഗോജിയുടെ ഒരു സ്റ്റീരിയോടൈപ്പിനെ ബ്രേയ്ക്ക് ചെയ്തു. അത് എത്ര പേർക്ക് മനസ്സിലായിട്ടുണ്ട് എന്ന് എനിക്കറിയില്ല. പക്ഷേ. എന്നെ സംബന്ധിച്ചിടത്തോളം എന്റെയും ഹാരിസിന്റെയും അതി ഗാഢമായ സൗഹൃദത്തിൽ എന്നെ വല്ലാതെ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അവനവനെ ചിതറിക്കുന്ന ഒരു പ്രക്രിയ ഹാരിസ് ചെയ്തിട്ടുണ്ട്. അതെന്നെ വല്ലാതെ സ്വാധീനീച്ചിട്ടുണ്ട്. അത്തരം ആളുകളുടെ കൂടെ രാവും പകലും കഴിഞ്ഞ ഒരാളെന്ന നിലയിൽ എനിക്ക് അത് തിരിച്ചറിയാൻ പറ്റും എന്നാണ് വിചാരിക്കുന്നത്. വയലേഷൻ ഓഫ് പ്രൊഫഷനെ അനാർക്കി എന്ന് പറഞ്ഞ് ഐഡിയലൈസ് ചെയ്യേണ്ട ഒരു കാര്യവുമില്ല. അതയാൾ ഉൾക്കൊണ്ടിട്ടുണ്ട് എന്നതാണ് എന്റെ വിശ്വാസം. ഒരു ഗ്രേറ്റ് ആക്റ്റർ എന്ന് പറയുന്നത് അത്തരം പാക്കേജുകളുടെ കൂടി ഭാഗമാണ്.

സിനിമാ മേഖലയിൽ ഒരു ഹൈറാർക്കി നിലനിൽക്കുന്നുണ്ട് വിവേചനം നിലനിൽക്കുന്നുണ്ട് എന്ന് നടൻ നീരജ് മാധവ് ഹിന്ദി സിനിമാ നടൻ സുശാന്ത് സിംഗിന്റെ ആത്മഹത്യയെത്തുടർന്നെഴുതിയ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു. ഈ ആരോപണം ഫെഫ്ക ചർച്ച ചെയ്യുമെന്ന് താങ്കൾ അന്ന് പറഞ്ഞു. ഫെഫ്ക ആരോപണം ചർച്ച ചെയ്‌തോ?

നമ്മൾ കൊടുത്ത കത്തിന്റെ ഉള്ളടക്കം പോലും അറിയാതെയാണ് മാധ്യമങ്ങൾ ഈ ചർച്ച നടത്തിയത്. ഞാൻ കൊടുത്ത കത്ത് ആരും കണ്ടിട്ടില്ല. കത്തിന്റെ ഉള്ളടക്കം അറിയാതെ മാതൃഭൂമി പോലൊരു ചാനൽ ഭീകരമായി ചർച്ച നടത്തുകയും വേണുവിനെപ്പോലൊരു വാർത്താ അവതാരകൻ അതിൽ വിധി പറയുകയും ഒക്കെ ചെയ്യുകയാണ്. ഞാൻ അതിനെക്കുറിച്ചൊന്നും ബോതേഡ് അല്ല. ഫസ്റ്റ് ഓഫ് ഓൾ ഐ വാസ് നോട്ട് റൈറ്റിംഗ് റ്റു ഹിം. അയാൾക്കൊരു നോട്ടീസ് കൊടുക്കാൻ എനിക്ക് പറ്റില്ല. അയാൾ വേറൊരു സംഘടനയിലെ അംഗമാണ്. ഞാൻ എങ്ങനെയാണ് അയാൾക്ക് നോട്ടീസ് കൊടുക്കുന്നത്. ഞാൻ അമ്മ എന്ന സംഘടനയോട് ആവശ്യപ്പെട്ടത്, നീരജിനെപ്പോലെ ഒരാൾ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞിരിക്കുന്നു. ഇതിനെ ഗൗരവമായിട്ടെടുക്കണം. അയാൾ വിരൽ ചൂണ്ടിയിരിക്കുന്നത്, പ്രൊഡക്ഷൻ കൺട്രോളർമാർക്ക് നേരെയാണ്. ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു യൂണിയനാണത്. അവിടെ ഒരു ഇടപെടൽ സാധ്യമാവണമെങ്കിൽ ഇതിന്റെ കുറേക്കൂടെ സൂക്ഷ്മമായ ഡീറ്റേൽസ് വേണം. ഇത് നിങ്ങൾ അയാളിൽ നിന്ന് തേടി അമ്മ എന്ന സംഘടന ഞങ്ങളെ അറിയിക്കുകയാണെങ്കിൽ ഒരു കാര്യം ഞങ്ങൾക്ക് ഉറപ്പു നൽകാൻ പറ്റും, നീരജ് മാധവന് തൊഴിൽപരമായ എല്ലാ സുരക്ഷയും ഉണ്ടായിരിക്കും. ഇതിന്റെ പേരിൽ ആരും അയാളെ ഉപദ്രവിക്കാനോ സിനിമകളിൽ നിന്ന് മാറ്റാനോ പോവുന്നില്ല, എന്ന് വളരെ കൃത്യമായി ആ എഴുത്തിനകത്ത് എഴുതിയിട്ടുണ്ട്.

പിന്നെ വളരെയധികം ചർച്ച ചെയ്യപ്പെട്ടത് ഒരു വാചകത്തിലെ സ്ത്രീവിരുദ്ധതയാണ്. കാരണം അത് ഞങ്ങൾക്ക് വലിയ അത്ഭുതമായി തോന്നി. അയാളിട്ട ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത്, ഞാൻ സിനിമയിൽ തുടങ്ങിയപ്പോൾ നായികയുടെ ഹെയർ ഡ്രസ്റ്റിന് കിട്ടുന്നതിന്റെ പകുതി സാലറിയാണ് എനിക്ക് കിട്ടിയിരുന്നത് എന്നാണ്. അത് കള്ളവുമാണ്. അങ്ങനെ പകുതി സാലറി കൂട്ടുകയാണെങ്കിൽ ഏതാണ്ട് 600 രൂപയേ വരികയുള്ളൂ. അതല്ലല്ലോ അയാൾക്ക് കിട്ടിയിരുന്നത്. നിങ്ങളൊരു ഉദാഹരണം പറയാൻ എന്തിനാണ് നായികയേയും അവരുടെ ഹെയർ ഡ്രസ്സറിനേയും - രണ്ടും സ്ത്രീകളാണ് - പരാമർശിക്കുന്നത്? മാത്രമല്ല അതിൽ ഡിഗ്‌നിറ്റി ഓഫ് ലേബറിന്റേയും ക്വസ്റ്റ്യൻ വരുന്നു. നിരന്തരമായി ഇത്തരം ഉദാഹരണങ്ങളിലൂടെയാണ് ഒരു ഡിസ്‌കോഴ്‌സ് മുന്നോട്ടു പോവുന്നത്. അത് ഒരു സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നതാണ്. അതിലെ മെയിൻ കാര്യം ആ വിഷയം എന്താണ് എന്നുള്ളതായിരുന്നു. അതാണ് നമ്മൾ കൊടുത്ത കത്ത്.

നീരജ്, അവർക്ക് തിരിച്ച് കൊടുത്തത്, നമ്മൾക്ക് വന്ന കത്ത് എന്താണെന്നു വെച്ചാൽ, എനിക്ക് ആരുടെ നേരെയും വിരൽ ചൂണ്ടാനില്ല, ഒരാളെക്കുറിച്ചും സംസാരിക്കാനില്ല. പക്ഷേ ഞാൻ തുടങ്ങിയ കാലത്ത് എനിക്കുണ്ടായ ചില അനുഭവങ്ങളുടെ ഉത്തമ ബോധ്യത്തിലാണ് ഞാനാ കുറിപ്പിട്ടത്. അതെന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ എനിക്കാരെയും ചൂണ്ടിക്കാണിക്കാനില്ല. അതായത് അതുകൊണ്ട് ഒരു ആക്ഷൻ ഉണ്ടാവാൻ അയാൾക്ക് താത്പര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

സാധാരണ ഗതിയിൽ ഇതിവിടെ തീരേണ്ടതാണ്. പക്ഷേ നമ്മൾ എന്താണ് ചെയ്തത്? നമ്മൾ പ്രൊഡക്ഷൻ കൺട്രോളേഴ്‌സിനും ഡയറക്ടേഴ്‌സിനും എഴുത്തുകാരുടെ യൂണിയനും കത്ത് കൊടുത്തു. കാരണം ഇപ്പോഴും അദ്ദേഹം വിരൽ ചൂണ്ടാൻ മടിക്കുന്നത്, ഈ ഹൈറാർക്കി കൊണ്ടാവാം. ഈ അധികാര വ്യവസ്ഥ കൊണ്ടാവാം. പക്ഷേ അദ്ദേഹം പറയുന്നു അദ്ദേഹത്തിന് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ്. നമ്മൾ ആത്മപരിശോധന നടത്തണം. അങ്ങനെ ലോബീയിംഗ് ഉണ്ടോ?
വളരെ നിസ്സാരമായി പറയുന്നത് ഞാൻ കണ്ടിട്ടുള്ളതാണ്, ഫെഫ്ക എന്ന് പറയുന്നത് ഒരു മാഫിയയാണ്. എല്ലാ പൊതു ഡിസ്‌കഷനിലും കണ്ടിട്ടുള്ളതാണത്. ഫെഫ്ക മാഫിയയാണ്, ഞാൻ മാഫിയ നേതാവാണ് എന്നാണ് പറയുന്നത്. ഫെഫ്ക ഈസ് എ ട്രേഡ് യൂണിയൻ. 2008 ൽ ഫെഫ്ക രൂപീകരിക്കപ്പെടുമ്പോൾ ഉള്ള അവസ്ഥ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ എന്ന് എനിക്കറിഞ്ഞൂടാ. ആറ് മണിക്ക് ലൊക്കേഷനിൽ വരുന്ന തൊഴിലാളികൾ, ലൈറ്റ്‌സ്‌മെൻ, ഡ്രൈവേഴ്‌സ്, നേരത്തെ ഞാൻ ചൂണ്ടിക്കാണിച്ച ദിവസബത്തക്കാർ, സപ്പോസ് അന്ന് രാത്രിയിലേക്ക് ഷൂട്ടിംഗ് പോയി, മുഴുവൻ രാത്രിയും ഷൂട്ട് ചെയ്യുന്നു എന്ന് വെയ്ക്കുക, ഇരുപത്തിനാല് മണിക്കൂർ അവർ ജോലി ചെയ്യുമ്പോൾ അവർക്ക് ഒറ്റ കോൾഷീറ്റാണ് കൊടുത്തോണ്ടിരുന്നത്. അത് വെറും 400 രൂപയാണ് എന്ന് നിങ്ങൾ ആലോചിച്ച് നോക്കണം. അവർക്ക് രാത്രി ബത്ത എന്ന് പറയുന്ന സംഗതി ഇല്ല. 2009 ലാണ് രാത്രി ബത്ത മലയാള സിനിമയിൽ ഉണ്ടാവുന്നത്. ഡബിൾ എന്ന് പറയുന്ന മമ്മൂട്ടിയുടെ സിനിമ, രാത്രിയിൽ ഫെഫ്ക ഷൂട്ടിംഗ് നിർത്തിവെച്ചു. രാത്രി ബത്ത പേ ചെയ്യാതെ ഷൂട്ട് ചെയ്യില്ല എന്ന് പറഞ്ഞു. അന്നാണ് രാത്രി ബത്ത ഉണ്ടാവുന്നത്. ഒൻപതരയ്ക്ക് ശേഷം നാല് മണിക്കൂറിന് ഹാഫ് കോൾഷീറ്റ് എന്ന വ്യവസ്ഥ മലയാള സിനിമയിൽ ഉണ്ടാവുന്നത് 2009 ലാണ് എന്ന് പറയുമ്പോൾ എത്രമാത്രം പ്രിമിറ്റീവ് ആയിട്ടുള്ള ഒരു ഫ്യൂഡൽ സെറ്റപ്പായിരുന്നു നമ്മുടേത് എന്ന് ആലോചിച്ച് നോക്കൂ.

അത്തരം ഇടപെടലുകളിലൂടെ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റ വാങ്ങുന്നവർ കേരളത്തിലാണ്. മുഴുവൻ ആളുകൾക്കും ആരോഗ്യ പരിരക്ഷ, ഇൻഷുറൻസ് ഉണ്ട്. മുഴുവൻ ആളുകൾക്കും മരണാനന്തരം സഹായമുണ്ട്. 60 കഴിഞ്ഞ മുഴുവനാളുകൾക്കും പെൻഷനുണ്ട്. ഇതൊന്നും സർക്കാരല്ല. സ്വന്തം റിസോഴ്‌സസിൽ ഈ യൂണിയൻ ഏർപ്പെടുത്തിയ കാര്യങ്ങളാണ്. അത് 10-12 വർഷം കൊണ്ട് ചെയ്ത് കൊണ്ടുവരാൻ ഒരു ട്രേഡ് യൂണിയൻ നടത്തുന്ന കൂട്ടായ ശ്രമമുണ്ട്. നിശ്ശബ്ദമായ ശ്രമമാണ്. ഡോക്യുമെന്റ് ചെയ്യപ്പെടാത്ത ശ്രമമാണ്. ആളുകൾ അറിയാത്ത ശ്രമമാണ്. ഞാൻ ഉറച്ച് വിശ്വസിക്കുന്നു, ഇപ്പോൾ സിനിമയിൽ പുതിയതായുണ്ടാവുന്ന ഈ ചലനങ്ങളിൽ ഫെഫ്കയ്ക്ക് വലിയ പങ്കുണ്ട്. കാരണം ഹൈറാർക്കി എന്നു പറയുന്ന സാധനം സിനിമയിൽ വിപ്ലവകരമായി അട്ടിമറിച്ചതിൽ വലിയ പങ്കുണ്ട് ഫെഫ്കയ്ക്ക്. ഫെഫ്കയുടെ തൊഴിലാളി സംഗമം എറണാകുളത്ത് നടന്നപ്പോൾ, മുഴുവൻ ആളുകളും സ്റ്റേജിൽ നിന്ന് പ്രസംഗിച്ചപ്പോൾ കാണികളുടെ കൂട്ടത്തിലായിരുന്നു ശ്രീ മോഹൻലാലും ശ്രീ മമ്മൂട്ടിയും. സ്റ്റേജിലല്ല അവരിരുന്നത്. അങ്ങനെ ഒരു സംഘടനയേ ഇവിടെ യോഗം നടത്തിയിട്ടുള്ളൂ. അത് ഫെഫ്കയാണ്. കഴിഞ്ഞ വർഷം മാത്രം അറുപത്തി ഏഴോളം പുതിയ സംവിധായകരാണ് ഫെഫ്ക യൂണിയന്റെ ഭാഗമായത്. പുതിയ ശബ്ദങ്ങൾ മുഴുവൻ ഈ കൂട്ടായ്മയുടെ ഭാഗമാവുകയാണ്. അത് എന്തുകൊണ്ടാണ്?

ഈ ലോക് ഡൗൺ കാലത്ത് ഖാലിദ് റഹ്മാൻ ഒരു സിനിമ ചെയ്തു കൊണ്ടിരിക്കുകയാണ്. അയാൾക്ക് തുണയായി നിൽക്കുന്ന സംഘടന ഫെഫ്കയല്ലേ? ആഷിഖിന്റെ ഇഷ്യൂ വന്നപ്പോൾ ഇടപെട്ടിരിക്കുന്നത്, എല്ലാവർക്കും സിനിമയെടുക്കാനുള്ള അവകാശമുണ്ട് എന്ന് പറഞ്ഞ സംഘടനയും ഫെഫ്കയല്ലേ? സിനിമാരംഗത്തെ വേറെ ഏത് സംഘടനയാണ് വോയ്‌സ് ചെയ്തത് ഒരഭിപ്രായം? അതിന്റെ ഭാഗമായി, ഇങ്ങനെയൊരു പയ്യൻ ഒരു ആശങ്ക പറയുമ്പോൾ, കയ്യും കെട്ടി നോക്കിയിരിക്കാൻ പറ്റില്ല. ആത്മവിമർശനം നടത്തണം. അങ്ങനെ ലോബീയിംഗ് ഉണ്ടെങ്കിൽ അതിനെ നമ്മൾ കണ്ടെത്തണം എന്ന് പറഞ്ഞ് ആ ഇഷ്യൂ ലൈവായി നിർത്തിയിരിക്കുകയാണ്. അല്ലാതെ അത് പോയിട്ടില്ല. അതിന്റെ റിപ്പോർട്ട് അടുത്തയാഴ്ച ഈ യൂണിയനുകൾ എനിക്ക് തരും എന്നാണ് പറഞ്ഞിരിക്കുന്നത്. റിപ്പോർട്ട് വന്ന് കഴിഞ്ഞ് അതിനകത്ത് എന്തെങ്കിലും ഇടപെടൽ നടത്തണമെങ്കിൽ നടത്തും.

ഇത് സി.പി.എമ്മോ അങ്ങനെയെന്തെങ്കിലും പാർടിയല്ലാത്തതു കൊണ്ട് ഇതിനകത്തു നടക്കുന്ന കാര്യങ്ങൾ കമ്യൂണിക്കേറ്റഡ് ആവുന്നില്ല എന്ന ഒരു സംഗതിയുണ്ട്. ഞങ്ങളുടെ തന്നെ പ്രവർത്തകർക്കിടയിൽ ആശങ്കയുണ്ട്. എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ആളുകൾ അറിയുന്നില്ല. ഞാനിത്രയും ഓപ്പൺ ആയി ഒരു മാധ്യമത്തോട് സംസാരിച്ചിട്ടില്ലായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ വളരെ കുറച്ചേ സംസാരിച്ചിട്ടുള്ളൂ. നിങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ ഒരു സ്വഭാവം കൂടി വെച്ച് ഞാൻ സംസാരിച്ചു എന്നേയുള്ളൂ.

അടുത്ത കാലത്ത് രൂപം കൊണ്ട സംഘടനയാണ് WCC. ഒരു സംഘടനാ നേതാവ് എന്ന നിലയിൽ, സ്ത്രീകളുടെ നേതൃത്വത്തിൽ രൂപം കൊണ്ടിട്ടുള്ള, അത് രൂപം കൊള്ളാനുള്ള സാഹചര്യങ്ങളെല്ലാം വെച്ചു കൊണ്ട് WCC യോട് നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള വിമർശനങ്ങൾ നിലനിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്താണ്?

I was the first one to welcome WCC. നിങ്ങൾക്ക് ഓർമയുണ്ടോ എന്ന് എനിക്കറിയില്ല. രൂപീകരിക്കപ്പെട്ട ദിവസം WCC യെ സ്വാഗതം ചെയ്ത് മുഴുവൻ മാധ്യമങ്ങളോടും സംസാരിച്ച സിനിമാ സംഘടനകളിൽ ആദ്യത്തേത് ഫെഫ്കയായിരുന്നു. ആദ്യമായി സംസാരിക്കുകയും അവർക്ക് കത്ത് കൊടുക്കുകയും ചെയ്തത് ഫെഫ്കയാണ്. അന്ന് മുതൽ അവരുമായി വളരെ ചുരുക്കം ഡിബേറ്റുകളിലേ എനിക്ക് ഫേസ് ടു ഫേസ് നേരിടേണ്ടി വന്നിട്ടുള്ളൂ. ഒരു വൺ ടു വൺ ഡിബേറ്റ് അവരുമായി ഉണ്ടായിട്ടില്ല. അവർ പല തവണ നമ്മളോട് മീറ്റിംഗ് ആവശ്യപ്പെട്ടു. നമ്മളത് തയ്യാറാണെന്ന് പറഞ്ഞെങ്കിലും പിന്നീട് അവരത് ഫോളോ അപ് ചെയ്തിട്ടില്ല. പിന്നീട് കാണുന്നത് ചില വേദികളിൽ അവർ കറുപ്പണിഞ്ഞു കൊണ്ട് നമ്മളെയൊക്കെ വിമർശിക്കുന്നതാണ്. ഒരു ഡയലോഗിനുള്ള സ്‌പേസ് ഉണ്ടായിട്ടില്ല. പക്ഷേ ആ തുടക്കം മുതൽ ഇപ്പോൾ വരെ ഞാൻ സൂക്ഷിക്കുന്ന ഒരു വിമർശനമുണ്ട്. അതിനകത്ത് ഒരു വർഗ്ഗ സ്വഭാവത്തിന്റെ പ്രശ്‌നമുണ്ട്. കൃത്യമായ എലീറ്റിസിസമുണ്ട്. കാരണം ഒരു ജന്റർ മൂവ്‌മെന്റ് എന്ന നിലയിൽ അനിവാര്യമായ ഒന്നാണ്. മലയാള സിനിമയെ വിപ്ലവകരമായി കറക്റ്റ് ചെയ്യാനുള്ള ഒരു ഫോഴ്‌സാണ് WCC, സ്ത്രീകളുടെ ഒരു ഉണർവ് എന്ന് പറയുന്നത്. അത് എല്ലാ അർത്ഥത്തിലും ശക്തമായിത്തന്നെ തുടരേണ്ടതാണ്. പക്ഷേ, കാരവനകത്തിരിക്കുന്ന ഒരു നടി, പ്രിവിലേജ്ഡ് ആയിട്ടുള്ള ഒരു ഡിറക്ടർ, പ്രിവിലേജ്ഡ് ആയിട്ടുള്ള ഒരു എഡിറ്റർ, അധികാരസ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീ, അവരുടെ പ്രശ്‌നം എന്ന് പറയുന്നത് entirely different from a mess worker's problem. അത് എത്രത്തോളം WCC അഡ്രസ് ചെയ്യുന്നുണ്ട് എന്നതിനെക്കുറിച്ച്, അവരുടെ ഇത്രയും നാളത്തെ പ്രവർത്തനത്തിൽ നിന്ന് എനിക്ക് വ്യക്തത വന്നിട്ടില്ല.

പുനലൂർ അടുത്തുള്ള ഒരു ഗ്രാമത്തിലുള്ള, 27 വർഷമായി ഭക്ഷണമുണ്ടാക്കുന്ന ഒരു സ്ത്രീ, കോവിഡ് കാലത്ത് അവർക്ക് ക്വാറന്റൈനിൽ പോകേണ്ടിവന്നു, അതിനു ശേഷം അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എല്ലാ ദിവസവും അറിയുന്ന ഒരാളാണ് ഞാൻ. ഒരു ട്രേഡ് യൂണിയനിസ്റ്റ് എന്ന നിലയിൽ. അവരോട് എല്ലാ ദിവസവും സംസാരിക്കുകയും സംഘടനയ്ക്ക് ഏതൊക്കെ വിധത്തിൽ അവർക്ക് സഹായകമായ നിലപാട് എടുക്കാമോ എന്ന് പരിശോധിച്ച് പ്രഅത് നടപ്പിലാക്കുന്ന ഒരു സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. ഇത്തരത്തിൽ ഒരു ഡാൻസറിനോ ഹെയർസ്‌റ്റൈലിസ്റ്റിനോ മെസ് വർക്കറിനോ WCC യുടെ നേതൃത്വവുമായി കമ്യൂണിക്കേഷനുണ്ടോ? ഉണ്ടായിരിക്കാം, എനിക്കറിയില്ല. പക്ഷേ അവരുടെ ഇത്രയും നാളത്തെ പ്രവർത്തനത്തിൽ അത്തരമൊരു സംഗതി നടന്നതായി എനിക്കറിയില്ല.

ഇത് വളരെ ക്ലാസിക്കലായിട്ടുള്ള ഒരു കോൺഫ്‌ളിക്റ്റാണ്. ജന്റർ മൂവ്‌മെന്റ് വരുമ്പോൾ ക്ലാസ് എലമെന്റ് ഒന്ന് പുറകിലോട്ട് പോവും എന്നത്, പരമ്പരാഗതമായി മാർക്‌സിസ്റ്റുകൾ ഫെമിനിസ്റ്റുകൾക്കെതിരെ ഉന്നയിക്കുന്ന ഒരു പ്രശ്‌നവും ഫെമിനിസ്റ്റുകളിൽത്തന്നെ കറുത്തവർ വെളുത്തവർക്കെതിരെ ഉന്നയിക്കുന്ന പ്രശ്‌നവും ആണ്. ഒരു തൊഴിലിടം എന്ന നിലയിൽ നിങ്ങൾ സ്ത്രീ പ്രശ്‌നങ്ങളെ സ്റ്റാന്റേർഡൈസ് ചെയ്യുക എന്ന് പറയുന്ന സംഗതിയിൽ നിന്ന് മാറേണ്ടതുണ്ട്. അതിനെ കുറച്ചു കൂടി ഡെമോക്രാറ്റിക് ആയി കാണുകയും വേണം. ഇവിടെ എന്തുകൊണ്ടാണ് നടിയ്ക്കും നടനും ഒരു പോലെ വേതനം ഇല്ലാത്തത്? അത് വേണം. അത്തരം ചർച്ചകൾ WCC യുമായി ബന്ധപ്പെട്ട് ഞാൻ കണ്ടു. നിങ്ങൾ ആരെയാണ് അഡ്രസ്സ് ചെയ്യുന്നത്? നിങ്ങൾ അഡ്രസ്സ് ചെയ്യുന്നത് ഹൈലി ഇന്റൻസീവായ മൂലധനത്താൽ മുന്നോട്ട് നയിക്കപ്പെടുന്ന മാർക്കറ്റിനെയാണ് അഡ്രസ്സ് ചെയ്യുന്നത്. WCC യുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനികളുണ്ടല്ലോ, അവർ എന്തുകൊണ്ട് പേ ചെയ്യുന്നില്ല? അത്തരത്തിലുള്ള സെൽഫ് റിഫ്‌ലക്‌സിവിറ്റി, you are reflexing upon yourself, ആ സംഘടയ്ക്ക് വരണം എന്നാണ് എനിക്ക് തോന്നുന്നത്. അതാണെന്റെ വിമർശനം. പക്ഷേ ഈ വിമർശനത്തേക്കാളേറെ ആ സ്‌പേസിനോടുള്ള എന്റെ ആദരവിന് തന്നെയാണ് മുൻതൂക്കം.

ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ട വിവാദം ഇപ്പോൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം സംവിധായികയും മാധ്യമപ്രവർത്തകയുമായ വിധു വിൻസെന്റ് സംഘടനയുമായി രാഷ്ട്രീയമായ വിയോജിപ്പുകൾ രേഖപ്പെടുത്തിക്കൊണ്ട് രാജിവെക്കുകയാണെന്ന് പരസ്യമായി ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവമുണ്ടായി . അതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിൽ മുഴുവൻ പരാമർശിക്കപ്പെട്ട ഒരുപേര് താങ്കളുടേതാണ്. അതിന്റെ കാരണം വിധുവിന്റെ സ്റ്റാന്റ്അപ്പ് എന്നു പറയുന്ന സിനിമ പ്രൊഡ്യൂസ് ചെയ്തത് ബി. ഉണ്ണിക്കൃഷ്ണൻ ആണ് എന്നതാണ്. ഇങ്ങനെ ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ നിങ്ങൾക്കുനേരെ വരുമ്പോൾ എന്ത് മറുപടിയാണ് പറയാനുള്ളത്?

ഡബ്ല്യു.സി.സിയിൽ നടക്കുന്നത് അതിനകത്തുള്ള ഡയലോഗാണ്. വളരെ ഡമോക്രാറ്റിക് ആയിട്ടുള്ള ഡയലോഗാണ് അവിടെ നടക്കുന്നത്. അതിൽ പേര് പരാമർശിക്കപ്പെട്ടുവെന്നതുകൊണ്ട് മാത്രം ആ ഡയലോഗിന്റെ ഭാഗമാകാൻ എനിക്ക് താൽപര്യമില്ല. ഞാൻ ആ ഒരു കൂട്ടായ്മയിൽ നടക്കുന്ന ഡമോക്രാറ്റിക് ഡയലോഗിനെ നിങ്ങളെപ്പോലെ തന്നെ പുറത്തുനിന്നു കേൾക്കുകയും വീക്ഷിക്കുകയും ചെയ്യുന്ന ആളാണ്. ഏതെങ്കിലും ഒരു ജംഗ്റ്ററിൽ എനിക്കതിനകത്ത് ഒരു സ്പെയ്സ് കിട്ടുമെങ്കിൽ മാത്രം ഞാൻ അഭിപ്രായം പറയുന്നതിലേ പ്രസക്തിയുള്ളൂ. അല്ലെങ്കിൽ അതിൽ അത്തരത്തിലുള്ള ഒരു മെയിൽ ഇന്റർവെൻഷൻ ഇപ്പോൾ നടത്തുന്നത് പൊളിറ്റിക്കലി ഒട്ടും കറക്ടായിരിക്കില്ല.

Comments