ടി.ടി. ശ്രീകുമാർ എന്തിനാണ് കുമാരനാശാനെ ന്യായീകരിക്കുന്നത്‌

ട്രൂ കോപ്പി തിങ്കിൽ 'വാരിയം കുന്നനും ആശാന്റെ ദുരവസ്ഥയും ' എന്ന പേരിൽ ടി.ടി.ശ്രീകുമാർ എഴുതിയ ലേഖനത്തിന് മറുപടി പറയുകയാണ് ബി. ഉണ്ണികൃഷ്ണൻ. കുമാരനാശാനെ 'ന്യായീകരിക്കാൻ ' ദുരവസ്ഥയുടെ ആമുഖത്തിലെ വാചകങ്ങൾ ഉദ്ധരിച്ച് ടി.ടി.ശ്രീകുമാർ നടത്തുന്ന ശ്രമങ്ങൾ നിലനിൽക്കുന്നതല്ലെന്ന് ദുരവസ്ഥയും ആമുഖവും മുൻനിർത്തിത്തന്നെ വാദിക്കുന്നു.

"വാരിയംകുന്നനും ആശാന്റെ ദുരവസ്ഥയും' എന്ന ഡോ. ടി.ടി ശ്രീകുമാറിന്റെ ലേഖനമാണ്, ഈ കുറിപ്പിനാധാരം. "വാരിയംകുന്നൻ' എന്ന പേരിൽ ആഷിഖ് അബു ഒരു സിനിമാ പ്രഖ്യാപനം നടത്തിയപ്പോൾ മുതൽ, 1921-ലെ മലബാർ വിപ്ലവം (ചിലർക്കത് കലാപം, മറ്റുചിലർക്ക് ലഹള, അതും മാപ്പിള ലഹള) വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. പലപ്പോഴായി ആവർത്തിക്കപ്പെട്ട ചോദ്യങ്ങൾ പിന്നേയും ഉന്നയിക്കപ്പെടുകയാണ്; മുമ്പ് കേട്ട തീർപ്പുകൾ പിന്നേയും പ്രഖ്യാപിക്കപ്പെടുകയാണ്. ഈ ചർച്ചകളിൽ, 1921 ലേത് തികഞ്ഞ വർഗ്ഗീയ കലാപമായിരുന്നുവെന്നും "മതഭ്രാന്ത'രായ മുസ്ലിം കലാപകാരികളാൽ നൂറുകണക്കിന് ഹിന്ദുക്കൾ കൊന്നൊടുക്കപ്പെട്ടുവെന്നും, ഹിന്ദു സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും, അമ്പലങ്ങളും കോവിലകങ്ങളും നശിപ്പിക്കപ്പെട്ടുവെന്നും ആയിരങ്ങൾ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കപ്പെട്ടുവെന്നും ഉച്ചസ്ഥരം സ്ഥാപിക്കാൻ ഹിന്ദുത്വവാദികൾ നടത്തുന്ന ശ്രമങ്ങളിൽ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെടുന്നത് "ദുരവസ്ഥ'യിലെ വരികളാണ്. "ദുരവസ്ഥ' യെ ഈ വിധം കയ്യാളി സ്വന്തമാക്കുന്ന (appropriate) തിനെ പ്രതിരോധിക്കാനാണ് ടി.ടി ശ്രീകുമാർ ശ്രമിക്കുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ, ഹിന്ദുത്വവത്ക്കരണത്തിൽ നിന്ന് കുമാരനാശാൻ എന്ന നമ്മുടെ എക്കാലത്തേയും ഏറ്റവും വലിയ കവിയെ രക്ഷിച്ചെടുക്കുന്ന 'ശരിയായ വായന'യാണ് തന്റേതെന്ന ഉത്തമബോധ്യത്തിലാണ് ശ്രീകുമാർ ഈ ലേഖനം എഴുതിയിരിക്കുന്നത്. ആ ഉത്തമബോധ്യമാണ്, "... കവിതയുടെ ആത്യന്തികമായ ഒരു സത്യമുണ്ട്. ദുരവസ്ഥയിൽ അന്ന് തന്റെ കേട്ടറിവുകൾ വച്ച് ആശാൻ കലാപകാരികളുടെ കൊടും ക്രൂരതകൾ വർണ്ണിക്കുമ്പോൾ പോലും അതിനിടയിൽ മിന്നൽ പോലെ ആ സത്യം തിരിനീട്ടുന്നുണ്ട്' എന്ന അദ്ദേഹത്തിന്റെ വരികളിൽ പ്രതിഫലിക്കുന്നത്.

ദുരവസ്ഥ

കവിതയിൽ ഉള്ളടങ്ങിയിട്ടുള്ള, ഒളിഞ്ഞിരിക്കുന്ന "ആത്യന്തികമായ സത്യം' എന്നതുപോലെ ആശയവാദപരമായ ഒരു വങ്കത്തം വേറെയില്ല. അർത്ഥങ്ങൾ വായനയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നവയാണ്. ഒരു സത്യവും കാവ്യപാഠത്തിനുള്ളിൽ നിഷ്‌കളങ്കമായി, സ്വതന്ത്ര്യമായി നിലകൊള്ളുന്നുമില്ല. അങ്ങനെങ്കിൽ ദുരവസ്ഥയെ എങ്ങനെയാണ് നമ്മൾ ഇപ്പോൾ വായിക്കേണ്ടത്? ഈ കാവ്യത്തിന്റെ വായനയെ പരമ്പരാഗതമായി നിയന്ത്രിക്കുന്നത് ഒരു "ഒന്നുകിൽ ഇത്, അല്ലെങ്കിൽ അത്' (either/or) എന്ന യുക്തിയാണ്. ഒന്നുകിൽ അത് അത്യന്തം പുരോഗമന സ്വഭാവമുളള കവിത (ഇ.എം.എസ് മുതൽ ടി.ടി ശ്രീകുമാർ വരെ). അല്ലെങ്കിൽ അത് പാടേ മുസ്ലിം വിരുദ്ധമായ ഹിന്ദുത്വപാഠം. ഈ യുക്തിയെ നമുക്ക്, "അതുമല്ല, ഇതുമല്ല' (neither/nor) എന്നൊരു യുക്തിയാൽ, അതോ അയുക്തിയാൽ, അപനിർമ്മിക്കാൻ സാധിക്കുമോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അത്തരമൊരു ചിന്ത കോളോണിയൽ ആധുനികത പരുവപ്പെടുത്തിയെടുത്ത കർതൃത്വ -പൗരത്വ നിർമ്മിതിയുടെ, മുസ്ലിം പ്രതിനിധാനങ്ങളുടെ ചരിത്രത്തെ തന്നെയാവും അഭിസംബോധന ചെയ്യുക.

"Can a Muslim be an Indian?' എന്ന തന്റെ പ്രശസ്തമായ ലേഖനത്തിൽ ഗ്യാനെന്ദ്ര പാണ്ഡെ എഴുതുന്നു: It is this process of constructing the " pure citizen' by supressing (or assimilating) other decriptions of the self, and the marking out of some others as not "true' in this way because their other selves are still described seperately....'
ഈ വരികൾ "ദുരവസ്ഥ'യോട് ചേർത്ത് വായിക്കുക. കാവ്യപാഠം എത്ര നിശിതമായാണ് "മുസ്ലിം' എന്ന അപരത്തെ നിർമ്മിച്ചെടുക്കുന്നതെന്ന് ബോധ്യമാവും.

രണ്ട്
തൊണ്ണൂറുകളുടെ ആദ്യമാണ് "ദുരവസ്ഥ'യെ കുറിച്ച് ഞാനൊരു പഠനമെഴുതുന്നത്. മലയാള വിമർശത്തിന്റെ പരിസരം പലവിധം ഉണർവുകളാൽ സജീവമായിരുന്നു, അന്ന്. അതേ സമയത്തു തന്നെയാണ്, എന്റെ അധ്യാപകനും ഏറ്റവും അടുത്ത സുഹൃത്തുമായിരുന്ന വി.സി ഹാരിസും ദുരവസ്ഥയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്. ഇതേ സമയത്ത് തന്നെയാണ് എം.ടി അൻസാരിയുടെ "ഹിഗ്വിറ്റ' പഠനവും എഴുതപ്പെടുന്നത്. അന്ന് "ദുരവസ്ഥ'യെക്കുറിച്ച് ഹാരിസും ഞാനുമൊക്കെ സംസാരിക്കുമ്പോൾ, ഏറ്റവും കൂടുതൽ എതിർപ്പ് നേരിടേണ്ടിവന്നത് മുഖ്യധാരാ ഇടതുപക്ഷത്തുനിന്നായിരുന്നു.

ടി.ടി. ശ്രീകുമാർ

പുരോഗമന സാഹിത്യത്തിന്റെ മുന്നോടിയെന്ന് ഇ.എം.എസ് വിലയിരുത്തിയ ഈ കാവ്യത്തിന്റെ മറുവായന അവർക്ക് ദഹിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, "ദുരവസ്ഥ'യുടെ "പുരോഗമന സ്വഭാവത്തെ' ഉത്ഘോഷിക്കേണ്ടവർക്കൊക്കെ - ഏറ്റവും ഒടുവിലായി ടി.ടി ശ്രീകുമാറിനു വരെ- കവിതയിലെ മുസ്ലിം പ്രതിനിധാനം, അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. അതെക്കുറിച്ച് സംസാരിക്കുമ്പോൾ, അവരുടെ വാക്കുകൾക്ക് ക്ഷമാപണ സ്വഭാവമുണ്ടാവുന്നു. ആശാനെ "രക്ഷിച്ചെടുക്കാനുള്ള' ഒരു വ്യഗ്രത അവരറിയാതെ അവരുടെ വാക്കുകളിൽ കടന്നുകൂടുന്നു:
1 "ആശാൻ ജീവിച്ചിരുന്ന കാലത്ത്... ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന അക്രമവാർത്തകളൊന്നും വായിക്കേണ്ടി വന്നിട്ടില്ല. ആകെ അദ്ദേഹത്തെ മഥിച്ചത്, അക്കാലത്ത് മാപ്പിള ലഹള എന്ന പേരിലറിയപ്പെട്ട മലബാറിൽ നടന്ന ഒരു സംഭവമായിരുന്നു. അത് അദ്ദേഹത്തിന് വർത്തമാനകാല വാർത്തയായിരുന്നു. വർത്തമാനകാല സംഭവം പിന്നെ ചരിത്ര സംഭവമാകുന്നതും ചരിത്ര രേഖകൾ എത്രയോ കാലം കഴിഞ്ഞ് ചുരുളഴിഞ്ഞു വരുന്നതും അപ്പോൾ അതുവരെ ചരിത്രമായെണ്ണിയത് പിന്നീട് കിംവദന്തിയായും കള്ളമായും മുദ്രകുത്തി തള്ളപ്പെടുന്നതും ഒന്നും ആശാന് ചിന്തിക്കേണ്ടി വന്നിട്ടില്ല.' (നിത്യചൈതന്യയതി)
ഈ ക്ഷമാപണസ്വരം കുറേക്കൂടി കർക്കശമാവുന്നുണ്ട്, പിന്നീട്: "മുമ്പൊരിക്കൽ ഈഴവ പക്ഷപാതം ആശാന്റെ മനസ്സിൽ വന്നപ്പോൾ അത് അദ്ദേഹത്തിന്റെ കവിതയിൽ പ്രകടമായതുപോലെയുള്ള ഒരു അസഹിഷ്ണുത കലാപകാരികളായ മുഹമ്മദീയരുടെ നേർക്കുണ്ടായത് ഇവിടെ ശ്ലാഘനീയമല്ല. എന്നുമാത്രമല്ല, ആശാന്റെ കൃതികളിൽനിന്ന് അടുത്ത് ഉദ്ധരിക്കാൻ പോവുന്ന ഇരടിയും അതുപോലെ ചിലതും എടുത്തുമാറ്റേണ്ടതാണെന്നാണ് എനിക്കു പ്രസാധകരോട് പറയാനുള്ളത്...."ഹൈന്ദവചോരയൊഴുക്കുന്ന ക്രൂരമുഹമ്മദർ' എന്ന പ്രസ്താവം ഒരു കവിയുടെയും തൂലികയിൽ നിന്ന് വന്നുകൂടാത്തതാണ്.' (നിത്യചൈതന്യയതി)
ഇനി ടി.ടി ശ്രീകുമാറിലേക്ക് വന്നാൽ, ഒന്നല്ല രണ്ടു സ്ഥലത്ത് അദ്ദേഹം ആശാന്റെ 'Source' നെകുറിച്ച് സംസാരിക്കുന്നുണ്ട്.
1 "ദുരവസ്ഥയിൽ അന്ന് തന്റെ കേട്ടറിവുകൾവെച്ച് ആശാൻ കലാപകാരികളുടെ കൊടുംക്രൂരതകൾ വർണിക്കുമ്പോൾ....'
2 "ആശാൻ തന്റെ സ്വന്തമായ ശൈലിയിൽ, എന്നാൽ തനിക്കു പകർന്നുകിട്ടിയ വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ് ഇതിന്റെ രചനക്ക് മുതിരുന്നത് എന്ന് ആമുഖത്തിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്.'
എന്നാൽ ആശാന്റെ മുഖവുര എത്രയാവർത്തിവായിച്ചിട്ടും ശ്രീകുമാർ പറയുന്ന പോലെ, "തനിക്ക് പകർന്നു കിട്ടിയ വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ്' ഈ കാവ്യരചന നടത്തിയതെന്ന മട്ടിലുള്ള ഒരു പ്രസ്താവനയും ആശാൻ നടത്തിയതായി എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ആശാൻ എഴുതുന്നു: "ഈ മഹാവിപത്തിന്റെയും ഇതുപഠിപ്പിച്ച പാഠങ്ങളിൽ ചിലതിന്റെയും ഓർമ്മയെ സമുദായത്തിന്റെ പുന:സംഘടനയ്ക്ക് പ്രേരകമാകത്തക്കവണ്ണം നിലനിർത്തണമെന്നുള്ളതാണ് 'ദുരവസ്ഥ'യെന്ന പേരിൽ അടിയിൽ കാണുന്ന പാട്ടിന്റെ വിനീതമായ ഉദ്ദേശം.'

മലബാർ കലാപത്തിനിടെ ബ്രിട്ടീഷ് പിടിയിലായ പോരാളികൾ

അപ്പോൾ, തനിക്ക് എങ്ങനെയൊക്കെയോ കിട്ടിയ കേട്ടറിവുകളെ ആധാരമാക്കി ഒരു കാവ്യം രചിക്കുകയല്ല ആശാൻ ചെയ്തത്. മറിച്ച് ഈ കലാപത്തിന്റെയും അതു പകർന്നുതന്ന പാഠങ്ങളുടെയും ഓർമ്മയെ സ്ഥിരമായി നിലനിർത്തുവാനാണ് അദ്ദേഹം ഈ കാവ്യം രൂപപ്പെടുത്തിയത്. ഇവിടെയുള്ളത് ഉത്തമബോധ്യവും നിശ്ചയദാർഢ്യവുമാണ്. ഇത് ഏകപക്ഷീയമായി ആശാനെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നവർക്ക് വലിയൊരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് എന്നതാണ് വസ്തുത.

മൂന്ന്
"ദുരവസ്ഥ'യെന്ന അനേകം അടരുകളുളള കാവ്യപാഠത്തെ രാഷ്ട്രീയമായി അഴിച്ചെടുക്കാൻ കഴിയുന്ന ചില വായനാ സാധ്യതകളെക്കുറിച്ച് ചിന്തിച്ചു നോക്കാം. കാവ്യത്തിന്റെ മുഖവുരയിൽ ആശാൻ ലാവണ്യശാസ്ത്രപരമായി ചില സംഗതികൾ പറഞ്ഞുവെയ്ക്കുന്നുണ്ട്. അദ്ദേഹം ഒരു തെറ്റ് ഏറ്റുപറയുംപോലെ പ്രസ്താവിക്കുന്നുണ്ട്, "ദുരവസ്ഥ എന്റെ മറ്റു കൃതികളെ അപേക്ഷിച്ച് വിലക്ഷണരീതിയിലുള്ള ഒരു കാവ്യമാണ്' എന്താണിതിനു കാരണം? ആശാൻ വിശദീകരിക്കുന്നു:

"ഭൂതകാലവും പരോക്ഷതയുമാണ് കവിതാചരിത്രനിർമാണത്തിനു പറ്റിയതായി പണ്ടുപണ്ടേ അറിയപ്പെടുന്നതും സ്പൃഹണീയവുമായ ഭിത്തികൾ. രേഖയുടെയും വർണ്ണത്തിന്റെയും പല ന്യൂനതകളേയും അവ മറച്ചുകളയും. ഗുണങ്ങളെ ഉജ്ജ്വലമാക്കുകയും ചെയ്യും. ആ സൗകര്യങ്ങളെയൊക്കെ വെടിഞ്ഞുള്ള ഒരു സംരഭമാണിത്.'

സമീപകാല ഓർമ്മയിൽ കത്തിനിൽക്കുന്ന പ്രത്യക്ഷസ്വഭാവമുള്ള സംഭവങ്ങളെ ആവിഷ്‌കരിക്കുന്നതിനാലാണ് ഈ കാവ്യം വിലക്ഷണമായി തീരുന്നതെന്നാണ് ആശാന്റെ മതം. "വർത്തമാനകാലത്തും, വായനക്കാരുടെ മുമ്പിലും നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയെന്നു മാത്രമല്ല, അവയെ കഴിയുന്നത്ര തന്മയത്വത്തോടു കൂടി വർണ്ണിപ്പാൻ ആശിച്ചുകൊണ്ടും' നടത്തുന്ന കാവ്യ രചനയ്ക്ക് സാരസ്യം വരുത്താൻ കഴിയില്ല. ഇവിടെ ആശാൻ കൃത്യമായി പറയുന്നത് വൃത്തമാനകാല സംഭവങ്ങള, യാഥാർത്യത്തെ ഏറ്റവും തൻമയത്വത്തോടെ താൻ അവതരിപ്പിക്കുന്നു എന്നാണ്.
ഇത് യഥാതഥവാദത്തി (Realism) ലേക്കുള്ള ഒരു ചുവടുമാറ്റം കൂടിയാണ്. തന്റെ പ്രതിനിധാനങ്ങളുടെ ആധികാരികതയെ കുറിച്ച് ആശാന് സംശയമില്ല. പക്ഷേ, അവയുടെ യഥാതഥ സ്വഭാവം കാവ്യഗുണം കുറക്കുമെന്ന ഭയവും ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.

ഇനി കാവ്യത്തിൽ, ചാത്തന്റെ കുടിലിനെ വർണ്ണിക്കുന്നത് എങ്ങനെയെന്ന് കാണുക:
വൃത്തവും കോണും ചതുരവുമല്ലതി-
ലെത്തിനോക്കീട്ടില്ല ശില്പിതന്ത്രം
വണ്ണം കുറഞ്ഞൊരു രണ്ടുചാൺ പൊക്കത്തിൽ
മണ്ണു ചുവരുണ്ടകത്തു ചുറ്റും.
കോണും മുഴകളും തീർത്തിട്ടില്ലായതിൽ-
ക്കാണുന്നു കൈവിരൽപ്പാടുപോലും.
"ദുരവസ്ഥ' എന്ന കാവ്യം എപ്രകാരം വിലക്ഷണമാണോ, അപ്രകാരം വിലക്ഷണമാണ് "ശില്പതന്ത്രം' എത്തി നോക്കാത്ത ചാത്തന്റെ കുടിലും. ഭൂതകാലവും പരോക്ഷതയും കുറവുകളെ നിഗൂഹനം ചെയ്യുന്ന ഭിത്തികളാണെന്നാണ് മുഖവുരയിൽ ആശാൻ പറയുന്നത്. അതായത്, കവിയുടെ അധ്വാനം- എഴുത്തിനെ അങ്ങനെ വേണമല്ലോ വിളിക്കാൻ- നിഗൂഢവത്കരിക്കപ്പെടുകയും, അത് നൈസർഗികതയുടെ ചാരുതയായി പ്രകാശിക്കപ്പെടുകയും വേണം. ചാത്തന്റെ കുടിലിലെ ചുവരുകളിൽ അധ്വാനത്തിന്റെ കൈവിരൽ പാടുകൾ, അതിന്റെ തന്നെ നിർമ്മിതിയുടെ കൈമുദ്രകൾ, തെളിഞ്ഞു കാണപ്പെടുന്നു. ആശാൻ പിൻപറ്റിയ ലാവണ്യശാസ്ത്രത്തിന്റെ വർഗസ്വഭാവം കണക്കിലെടുത്താൽ, ലക്ഷണമൊത്ത കാവ്യത്തിന്റെ വാസ്തുശാസ്ത്രപരമായ രൂപകമായി സാവിത്രിയുടെ "വമ്പിച്ച മന' കണക്കാക്കുന്നതിൽ തെറ്റില്ല. അങ്ങനെയെങ്കിൽ തികച്ചും ബ്രാഹ്മണിക് ആയ ഒരു ലാവണ്യശാസ്ത്രത്തിൽ നിന്ന് ആശാൻ കവിത വിമോചിക്കപ്പെടുന്നതിന്റെ ഒരു analogy ആയി ചാത്തന്റെ കുടിലിലേക്കുള്ള സാവിത്രിയുടെ അഭയം തേടലിനെ വായിക്കാവുന്നതാണ്. കവിയുടെ തന്നെ പ്രത്യയശാസ്ത്രബോധ്യങ്ങളെ, കവിത അട്ടിമറിക്കുന്ന സുപ്രധാന മുഹൂർത്തം കൂടിയാണ്, ഇത്.

മലബാർ കലാപത്തിനിടെ ബ്രിട്ടീഷ് പിടിയിലായ പോരാളികൾ

അങ്ങനെ കാണുമ്പോൾ, "ദുരവസ്ഥയുടെ ചില ഭാഗങ്ങളിൽ മതപരമായ ആരോപണങ്ങൾ കാണാമെങ്കിലും അത് അന്ന് നടന്ന സംഭവങ്ങളോട് ചരിത്രാകലം പാലിക്കാൻ കഴിയാതെ എഴുതിയത് കൊണ്ടാണ് എന്ന് അദ്ദേഹത്തിന്റെ തന്നെ മുഖവുരയിൽ സാക്ഷ്യമുണ്ട്.' എന്ന ശ്രീകുമാറിന്റെ വാദം നിലനിൽക്കില്ല. ഒരർത്ഥത്തിൽ, ഇത് ഞാൻ ഈ കുറിപ്പിന്റെ തുടക്കത്തിൽ ഉദ്ധരിച്ച നിത്യചൈതന്യയതിയുടെ നിരീക്ഷണത്തിന്റെ ആവർത്തനവുമാണ്.

"ഭൂതകാലത്തെയും' പരോക്ഷതയേയും ബോധപൂർവ്വം ആശാൻ കൈയ്യൊഴിയുന്നത്, യഥാതഥ പ്രതിനിധാനത്തിനു- "തന്മയത്വത്തോടെ'യുള്ള വർണ്ണനയ്ക്കു - വേണ്ടിയാണെന്ന് ആശാൻ പറയുന്നതോർക്കുക. "ദുരവസ്ഥ' വിലക്ഷണകൃതിയാണെന്ന് അദ്ദേഹം പറയാൻ കാരണം... അതിൽ അദ്ദേഹത്തിന് ചരിത്രപരമായ അകലത്തിൽ നിന്നു കൂടുതൽ വസ്തുനിഷ്ഠമായി ഒരു സംഭവത്തോട് പ്രതികരിക്കാനുളള സാവകാശം കിട്ടാത്തതിനാൽ സംഭവിച്ച വിലക്ഷണതയാണെ'ന്ന ശ്രീകുമാറിന്റെ വാദം, അദ്ദേഹത്തിന്റെ ആഗ്രഹചിന്ത പാഠത്തിലേക്ക് ആരോപിക്കപ്പെടുന്നതിനാൽ രൂപപ്പെടുന്നതാണ്. മറിച്ച്, പരമ്പരാഗത കാവ്യശാസ്ത്രത്തിന്റെ അനുശാസനകളെ പാടെ തള്ളി, യഥാതഥവാദത്തെ ആശാൻ സ്വീകരിക്കുന്നത് വ്യക്തമായ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളോടെയാണ്. അത് കൊളോണിയൽ ആധുനികത രൂപപ്പെടുത്തിയ സാമുദായിക പരിഷ്‌കരണങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും നിർമ്മിക്കപ്പെടുന്ന (നവ) ഹൈന്ദവതയുടെ ഏകകർതൃത്വം എന്ന സങ്കല്പനത്തെ ഊട്ടി ഉറപ്പിക്കുന്നുമുണ്ട്.
ജാതിഭേദങ്ങളെ തച്ചുതകർത്ത് ബ്രാഹ്മണ മേധാവിത്വത്തിൽ നിന്ന്, ആചാരവ്യവസ്ഥകളിൽ നിന്ന് ഹിന്ദുമതത്തെ മോചിപ്പിച്ചുകൊണ്ട് അതിനെ ഒരു ഏകസ്വത്വമായി നിർമ്മിച്ചെടുക്കുക എന്ന പദ്ധതിക്ക്, എല്ലാ അർത്ഥത്തിലും കൊളോണിയൽ ആധുനികതയുടെ patronage ഉണ്ട്. (ഇംഗ്ലീഷ്) വിദ്യാഭ്യാസം കൊണ്ട് പ്രാകൃതരായ കൊളോണിയൽ ജനതയെ പരിഷ്‌കരിക്കുക എന്ന സാമ്രാജ്യത്വ അജണ്ടയും, ചാത്തനെ സംസ്‌കൃതചിത്തനാക്കാൻ വിശദമായ പദ്ധതി തയ്യാറാക്കുന്ന സാവിത്രിയും പ്രത്യയശാസ്ത്ര ഇരട്ടകളാണ്:
പിന്നെയവന്നഹോ വിദ്യയില്ലെന്നുള്ള-
തൊന്നാണതോർക്കുകിൽ സാരമില്ല
എന്നല്ലതൊട്ടു പരിഹരിക്കാമെനി-
ക്കെന്നാൽ കഴിയും പ്രകാരമെല്ലാം
................................................
സംസ്‌കൃതമല്ലെങ്കിലും സദ്ഗുണമാർന്ന-
മസ്തിഷ്‌കവെള്ളിത്തളികയിന്മേൽ
ശിക്ഷയാൽ സ്നേഹാക്തമായെഴും വർത്തിയി
ലക്ഷരപ്പൊൻ ദീപം ഞാൻ കൊളുത്തും
ഏറുമവന്റെ ഗുണഗണം, വിദ്യയാൽ
മാറിപ്പോം ബാഹ്യമലിനതകൾ
വേലയിൽ സാമർത്ഥ്യവും വർദ്ധിക്കും സമ്പത്തും
ചാലേയവനുണ്ടാം മാന്യതയും
ഉൽപത്തിനീചന്നുമക്ഷര യോഗത്താൽ
ക്ഷിപ്രം മഹിമ തടവീടുന്നു
വിദ്യപകർന്ന്, "നീചനാ'യ ചാത്തനെ സമ്പന്നനും മാന്യനുമാക്കുന്ന ഈ കോളോണിയൽ edification project നീച ജാതിയിൽ പെട്ട മറ്റുള്ളവരേയും ഉൾപ്പെടുത്തുന്ന ഒന്നായി വികസിക്കുന്നുണ്ട്:
അങ്ങനെ ഉദ്യമിച്ചീവർഗ്ഗം മെല്ലെ
പൊങ്ങുമാറാക്കും പലവിധവും
ഇത്രമത്തിങ്കിൽ സഹായിക്കാം ഞങ്ങളെ
വിശ്രുതരായ പല യോഗ്യർതാനും
പിന്നെയധികാര കേന്ദ്രങ്ങൾ മൂലമായ്
മന്നവൻ ഞങ്ങളെയാംഗലേശൻ
ഉത്സാഹിപ്പിച്ചെന്നുമാം പതിതപ്രജാ
വത്സലൻ ഭാരതസാർവ്വഭൗമൻ
തീർച്ചയായും, ഹിന്ദുമതത്തിനുള്ളിൽ നടന്ന വിപ്ലവകരമായ നവീകരണങ്ങൾ നമ്മുടെ ആധുനികതയേയും മതനിരപേക്ഷതയേയും നിർമ്മിച്ചെടുത്ത പ്രധാന ചാലകശക്തികളിൽ ഒന്നാണ്. എന്നാൽ, അതോടൊപ്പം അവ നിർമ്മിച്ച (ഇന്ത്യൻ) മുസ്ലിം എന്ന "അപര'വും അതിന്റെ ചരിത്രവും അപ്രകാരം നിർമ്മിക്കപ്പെട്ട മതനിരപേക്ഷതയെ ഉള്ളിൽ നിന്ന് ഛിദ്രപ്പെടുത്തുന്നുമുണ്ട്. നിർണ്ണായക സന്ദർഭങ്ങൾ ഹിന്ദുത്വ ശക്തികൾക്ക് ആയാസരഹിതമായി ഹിന്ദുമതത്തിനുള്ളിൽ നടന്ന നവീകരണങ്ങളെ കയ്യേറാൻ കഴിയുന്നത്, ഏക ഹിന്ദു എന്ന ഒരു ബൃഹത് കർതൃത്വത്തിന്റെ നിർമ്മാണം അവരുടെ പ്രത്യയശാസ്ത്രവുമായതുകൊണ്ട് മാത്രമല്ല, അതോടൊപ്പം "മുസ്ലിം' (ക്രൂരമുഹമ്മദീയർ) എന്ന അപരം നിർമ്മിക്കപ്പെടുകയും തുടർ പ്രതിനിധാനങ്ങളിലൂടെ ശക്തമാക്കപ്പെടുകയും ചെയ്യുന്നതിനാലും കൂടിയാണ്.

ഈ വിഷയത്തിൽ ദീർഘമായി ഉപന്യസിക്കേണ്ടതുണ്ട്. സ്ഥലപരിമിതിമൂലം ചുരുക്കുന്നു. കുമാരനാശാൻ നമ്മുടെ ഏറ്റവും വലിയ കവിയാവുന്നത് ഈ പ്രത്യയശാസ്ത്ര സംഘർഷകളെ മുഴുവനും ആന്തരികവത്കരിച്ചുകൊണ്ട്, ഏറ്റവും ഗംഭീരവും ഗഹനവുമായ കാവ്യലോകം തീർക്കുന്നതുകൊണ്ടും തൻറെ എഴുത്തിന്റെ ആവർത്തിച്ചുള്ള വായനകളിലൂടെ തന്നെ വർത്തമാനത്തോട് ബന്ധിപ്പിക്കുവാൻ നമ്മെ നിരന്തരം നിർബന്ധിക്കുന്നതുകൊണ്ടുമാണ്.

Comments